Jump to content

ദാരിയസ് ഒന്നാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാനായ ദാരിയസ്
പേർഷ്യയിലെ ഷെഹൻഷാ
പേർഷ്യയിലെ ദാരിയസ് I
ഭരണകാലംക്രി.മു. സെപ്റ്റംബർ 522- ഒക്ടോബർ 486
പഴയ പേർഷ്യൻ𐎭𐎠𐎼𐎹𐎺𐎢𐏁
മുൻ‌ഗാമിസ്യൂഡോ-സ്മെരിദുകൾ
പിൻ‌ഗാമിക്സെർസെസ് I
രാജകൊട്ടാരംഅക്കീമെനിഡ്
രാജവംശംഅക്കീമെനിഡ് രാജവംശം
പിതാവ്ഹൈസ്റ്റാസ്പെസ്
മതവിശ്വാസംസൊറാസ്ട്രിയനിസം

ദാരിയസ് ഒന്നാമൻ‍, അഥവാ മഹാനായ ദാരിയസ് (Old Persian: 𐎭𐎠𐎼𐎹𐎺𐎢𐏁 (ദാരയവാഹസ്)[1] > ആധുനിക പേർഷ്യൻداریوش بزرگ IPA: [dɒrjuʃ]) (ക്രി.മു 549  – ക്രി.മു. ഒക്ടോബർ 486), പേർഷ്യയിലെ ഒരു സൗരാഷ്ട്രീയൻ പേർഷ്യൻ ഷെഹൻഷാ (ചക്രവർത്തി) ആയിരുന്നു. അദ്ദേഹം മൂന്നാമത്തെ അക്കീമെനിയൻ രാജാവായി ക്രി.മു. സെപ്റ്റംബർ 522 മുതൽ ക്രി.മു. ഒക്ടോബർ 486 വരെ ഭരിച്ചു, പലരും അദ്ദേഹത്തെ "അക്കീമെനിഡ് രാജാക്കന്മാരിൽ ഏറ്റവും മഹാൻ" എന്ന് വിശേഷിപ്പിക്കുന്നു.[2]

(അദ്ദേഹത്തിന്റെ വാക്കുകൾ പ്രകാരം) സാമ്രാജ്യത്തെ ഒരുമിപ്പിച്ച് നിറുത്തുന്നതിന് മാത്രമല്ല, മഹാനായ സൈറസ് സ്ഥാപിച്ച സാമ്രാജ്യത്തെ എല്ലാ ദിക്കുകളിലേക്കും വ്യാപിപ്പിക്കുന്നതിനും ദാരിയസിന് കഴിഞ്ഞു. - കിഴക്ക് സിന്ധു നദീതടത്തിലേയ്ക്കും, വടക്ക് ശക ഗോത്രങ്ങൾക്കെതിരായും, പടിഞ്ഞാറ് ത്രേസിലേയ്ക്കും മാസിഡോണിലേയ്ക്കും സാമ്രാജ്യം വ്യാപിച്ചു. മുപ്പത്തിയഞ്ച് വർഷം നീണ്ടുനിന്ന തന്റെ ഭരണകാലത്ത് അദ്ദേഹം തന്റെ അക്കീമെനിയൻ പൂർവ്വികർ തുടങ്ങിയത് ദാരിയസ് പൂർത്തീകരിച്ചു. ദാരിയസിനു കീഴിലും ദാരിയസിന്റെ തലമുറയ്ക്കു കീഴിലും അക്കീമെനിഡ് ഇറാൻ ലോകത്തിലെ ഏറ്റവും വലിയ ശക്തികളിലൊന്നായി. സാമ്രാജ്യത്തിന്റെ വിജയകരമായ വ്യാപിപ്പിക്കൽ മാത്രമായിരുന്നില്ല ദാരിയസിന്റെ പ്രധാന സംഭാവന. തന്റെ സാമ്രാജ്യത്തിന്റെ ഭരണം അദ്ദേഹം കേന്ദ്രീകരിച്ചു. സാംസ്കാരിക കലാ പ്രവർത്തനങ്ങളെ ദാരിയസ് പ്രോൽസാഹിപ്പിച്ചു. ദാരിയസിന്റെ സുർസയിലെയും പെർസെപ്പോളിസിലെയും നിർമ്മാണ പ്രവർത്തനങ്ങൾ ഇതിന് ഉദാഹരണമാണ്.[2]

അധികാരത്തിലേക്ക്

ദാരിയസിന്റെ കല്പനപ്രകാരം രേഖപ്പെടുത്തപ്പെട്ട ബെഹിസ്തുൻ ലിഖിതം. പടിഞ്ഞാറൻ ഇറാനിലെ കെർമൻഷാ പട്ടണത്തിനടുത്തുള്ള ബെഹിസ്തുൻ കൊടുമുടിയിലാണിത് രേഖപ്പെടുത്തിയിട്ടുള്ളത്

പാർത്തിയയിലെ സത്രപ്പായ ഹിസ്റ്റാസ്പസിന്റെ (Hystaspes) പുത്രനായിരുന്നു ദാരിയസ്.[3]

കാംബൈസസ് രണ്ടാമനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ അദ്ദേഹത്തിന്റെ സഹോദരൻ ബർദിയയെ മെഡിയയിൽ വച്ച് വധിച്ചാണ് ബി.സി.ഇ. 522 സെപ്റ്റംബർ 29-ന്, ദാരിയസ്, ഹഖാമനി സാമ്രാജ്യത്തിന്റെ ചക്രവർത്തിയാകുന്നത്.

കാംബൈസസിനെതിരെ ബർദിയ കലാപത്തിനു പുറപ്പെട്ടപ്പോൾ കൂട്ടായി മെഡിയൻ നേതാക്കളേയും വടക്ക് സിഥിയൻ ഭൂരിപക്ഷപ്രദേശങ്ങളിലെ മറ്റു സത്രപരേയും കൂട്ടുപിടിച്ചിരുന്നു. ഇങ്ങനെ സാമ്രാജ്യത്തിന്റെ വടക്ക് സിഥിയൻ ഭൂരിപക്ഷപ്രദേശങ്ങളും തെക്കുള്ള പേർഷ്യൻ പ്രദേശങ്ങളും തമ്മിലുള്ള ഒരു ചേരിപ്പോര് ഉടലെടുത്തു. ബർദിയയുടെ സിഥിയൻ/മെഡിയൻ ബന്ധം, പേർഷ്യൻ നേതാക്കളെയെല്ലാം അദ്ദേഹത്തിനെതിരെ തിരിച്ചിരുന്നു. ബർദിയ യഥാർത്ഥത്തിൽ കാംബൈസസിന്റെ സഹോദരനല്ലെന്നും ആൾമാറാട്ടക്കാരനായ ഗൗതമ എന്ന സിഥിയൻ പുരോഹിതനാണ് എന്ന ആരോപണം ഉയർന്നിരുന്നു. കംബൈസസിന്റെ മരണശേഷം ബർദിയ അധികാരത്തിലേറിയതോടെ തെക്കുള്ള പേർഷ്യൻ നേതാക്കൾ അയാൾക്കെതിരെ കലാപമാരംഭിച്ചു. മൂന്നു മാസമേ ബർദിയക്ക് ചക്രവർത്തിയായി തുടരാനായുള്ളൂ. മെഡിയയിൽ അഭയം പ്രാപിച്ച ബർദിയയെ ദാരിയസ് വധിച്ചു.

അധികാരത്തിലേറുമ്പോൾ വെറും 25 വയസ് മാത്രം പ്രായമുണ്ടായിരുന്ന ദാരിയസിനെ പല പേർഷ്യൻ നേതാക്കളും അംഗീകരിക്കാൻ വിസമ്മതിച്ചെങ്കിലും, വളരെ പെട്ടെന്ന് തന്നെ കലാപങ്ങളെല്ലാം അടിച്ചമർത്തി സാമ്രാജ്യമൊട്ടാകെ ദാരിയസ് അധികാരം സ്ഥാപിച്ചു. ബർദിയക്കായി പല കലാപങ്ങളും അടിച്ചമർത്തിയ ബാക്ട്രിയയിലെ ദാദർദിശും വിവാനയുമടക്കമുള്ള നേതാക്കൾക്കു വരെ ബർദിയയുടെ മരണശേഷം ദാരിയസിനെ അംഗീകരിക്കേണ്ടി വന്നു. ദാരിയസിനു കീഴിൽ ഇവർ യഥാക്രമം ബാക്ട്രിയയിലേയും അറാകോസിയയിലേയും സത്രപരായി.

എന്നാൽ അധികാരപ്രാപ്തിയെക്കുറിച്ച് ദാരിയസിന്റെ ഭാഷ്യം വ്യത്യസ്തമാണ്. താൻ അധികാരമേറ്റ് അധികകാലം കഴിയും മുൻപേ ദാരിയസ് ഇത് ബെഹിസ്തുൻ ലിഖിതത്തിൽ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ഇതിലൂടെ ദാരിയസ് തന്റെ ചെയ്തികളെ മുഴുവൻ ന്യായീകരിക്കുന്നു. അധികാരലബ്ദിയെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തെക്കുറിച്ചുമുള്ള തന്റെ ഭാഷ്യം ബെഹിസ്തുൻ ലിഖിതത്തിൽ ദാരിയസ് വിശദീകരിക്കുന്നുണ്ട്. ബർദിയ ഒരു ആൾമാറാട്ടക്കാരനായിരുന്നെന്നും, യഥാർത്ഥ ബർദിയയെ വർഷങ്ങൾക്കു മുൻപ് കാംബൈസസ് വധിച്ചുവെന്നും ദാരിയസ് പറയുന്നു. ഈ ആൾമാറാട്ടക്കാരൻ ഗൗമത എന്ന ഒരു മെഡിയൻ പുരോഹിതനായിരുന്നു എന്നും ദാരിയസ് തുടർന്നു പറയുന്നു.

തന്റെ രാജപദവിക്ക് ഇളക്കം തട്ടാതിരിക്കുന്നതിന് ബർദിയക്കെതിരെ തുടങ്ങിയ പേർഷ്യൻ കലാപങ്ങളെ തനിക്കെതിരെ എന്നു വരുത്തുന്ന രീതിയിൽ തിയതികളിലടക്കം തിരിമറികൾ നടത്തിയാണ് ദാരിയസ് ബെഹിസ്തുൻ ലിഖിതം തയ്യാറാക്കിയിരിക്കുന്നതെന്ന് കരുതപ്പെടുന്നു.[4]

നക്ഷ് ഇ റോസ്തമിലേയും ബെഹിസ്തൂനിലേയും സൂസയിലേയും ലിഖിതങ്ങളിൽ, സൊറോസ്ട്രിയൻ ദൈവമായ അഹൂറ മസ്ദയുടെ പ്രതിനിധിയായാണ് ദാരിയസ് പരാമർശിക്കപ്പെടുന്നത്.[5] അധികാരം ഉറപ്പിച്ചുനിർത്തുന്നതിന് സൊറോസ്ട്രിയൻ മതത്തെ ദാരിയസ് വിദഗ്ദ്ധമായി ഉപയോഗിച്ചിരുന്നു എന്നതിന് ഉത്തമദൃഷ്ടാന്തമാണിത്.

നേട്ടങ്ങൾ

മുൻ‌കാലത്തെപ്പോലെ മെഡിയക്കാരുടെ അടിമകളായി വീണ്ടും മാറാതിരിക്കാൻ ദാരിയസിന്റെ അധികാരലബ്ദി പേർഷ്യക്കാർക്ക് സഹായകരമായെന്നാണ് ഹെറോഡോട്ടസ് അഭിപ്രായപ്പെടുന്നത്.പേർഷ്യക്കാരേയും സിഥിയരേയും ഒരു പോലെ വിശ്വാസത്തിലേടുക്കാൻ സാധിച്ചതാണ് ദാരിയസിന്റെ പ്രധാന നേട്ടം. പേർഷ്യക്കാരോടുള്ള തന്നെ മമതയെ ഉറപ്പിക്കാനെന്ന രീതിയിൽ പേർസിസിൽ, പേർസെപോളിസ് എന്ന ഒരു തലസ്ഥാനം അദ്ദേഹം സ്ഥാപിച്ചു. അതേ സമയം സിഥിയൻ ഭൂരിപക്ഷപ്രദേശമായ മെഡിയയിൽ നിന്നുള്ള നേതാക്കളെ പ്രധാനപ്പെട്ട അധികാരസ്ഥാനങ്ങളിൽ അവരോധിച്ച് മെഡിയക്കാരേയും അനുനയിപ്പിച്ചു. ഇതിനു പുറമേ മെഡിയയിലെ എക്ബത്താന, സാമ്രാജ്യത്തിലെ ഒരു തലസ്ഥാനമായി തുടരുകയും ചെയ്തു. ബി.സി.ഇ. 480-ൽ ഗ്രീക്കുകാരോടെതിരിട്ട പേർഷ്യൻ സേനയിലെ കപ്പലുകളിൽ പേർഷ്യക്കാരും മെഡിയക്കാരായ സിഥിയരും സൈനികരായി ഉണ്ടായിരുന്നു എന്ന് ഹെറോഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്നും, വടക്കും തെക്കുമായി വിഘടിച്ചു നിന്ന സാമ്രാജ്യത്തെ ഏകീകരിക്കാൻ ദാരിയസിന്റെ നേതൃത്വത്തിന് സാധിച്ചു എന്നു കരുതാം. അതുകൊണ്ടുതന്നെ പേർഷ്യൻ സാമ്രാജ്യത്തിന്റെ സ്ഥാപകപിതാവായും ദാരിയസ് വിലയിരുത്തപ്പെടുന്നു[4].

ഹഖാമനി സാമ്രാജ്യം ശരിയായ അടിസ്ഥാനത്തിൽ സംഘടിപ്പിച്ചത് ദാരിയൂസ് ആണ്. ബാബിലോണിയയും, ഈജിപ്തും അദ്ദേഹം തന്റെ നേരിട്ടുള്ള ഭരണത്തിൻകീഴിലാക്കി. സാമ്രാജ്യത്തിന്റെ ശേഷിച്ച ഭാഗങ്ങൾ 20 പ്രവിശ്യകളായി വിഭജിച്ചു. പ്രവിശ്യകൾ 'സത്രപി' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രവിശ്യകളിൽ സത്രപ്പ് (ക്ഷത്രപൻ) എന്നറിയപ്പെടുന്ന രാജപ്രതിനിധികൾ ഭരണം നടത്തി. ചക്രവർത്തിയുടെ നിയന്ത്രണത്തിന് വിധേയരായിരുന്നു ഇവർ. ആഭ്യന്തര കാര്യങ്ങളിൽ പ്രവിശ്യകൾക്ക് സ്വാതന്ത്യ്രമുണ്ടായിരുന്നു. കപ്പം കൃത്യമായി കൊടുക്കുകയും പൊതുസൈന്യത്തിലേക്കു നിശ്ചിത സേനകളെ നൽകുകയും ചെയ്യുന്നവർക്കു മാത്രമേ ഈ ആനുകൂല്യം നൽകപ്പെട്ടിരുന്നുള്ളു. കരം ചിലപ്പോൾ സാധനങ്ങളായിട്ടാണ് നൽകിയിരുന്നത്. എന്നാൽ ലിഡിയ മാത്രം പണമായിട്ടുതന്നെ കപ്പം കൊടുത്തു. ഏതാണ്ട് ബി.സി. 600-ാ മാണ്ട് മുതൽ തന്നെ അവിടെ നാണയത്തിന്റെ ഉപയോഗം സർവസാധാരണമായിരുന്നു

മതങ്ങളോടും ഇതരസംസ്കാരങ്ങളൊടുമുള്ള സമീപനം

താൻ പിടിച്ചടക്കിയ പ്രദേശങ്ങളിൽ സൈറസിന്റെ പാത പിന്തുടർന്ന് ദാരിയസ് പേർഷ്യൻ ഇതര മതങ്ങളോട് സഹിഷ്ണുത കാണിക്കുകയും അവയ്ക്ക് പ്രോൽസാഹനം നൽകുകയും ചെയ്തു, ഇതിന് ഉത്തമ ഉദാഹരണമാണ് ഈജിപ്തിലെ അമുൻ-റെയിൽ നിർമ്മിച്ച കൂറ്റൻ ക്ഷേത്രം.[6] കാംബിസെസ് രണ്ടാമൻ തുടങ്ങിയ ജോലി പൂർത്തീകരിച്ച് ദാരിയസ് ഈജിപ്തിന് ഒരു നിയമസംഹിത പുറപ്പെടുവിച്ചു, ഈജിപ്തുകാർക്ക് നിയമദാതാവായി.[7]

നിയമ പരിഷ്കരണങ്ങളുടെയും നിയമ വ്യവസ്ഥിതിയുടെ വികാസത്തിന്റെയും ഫലങ്ങൾ അദ്ദേഹത്തിന്റെ സാമ്രാജ്യമൊട്ടാകെ അനുഭവിച്ചു. പഴയ പേർഷ്യൻ പദമായ ദാത (നിയമം, രാജാവിന്റെ നിയമം) എന്നത് ദാരിയസിന്റെ സാമ്രാജ്യത്തിലെ മിക്ക ജനങ്ങളും രേഖകളിൽ ഉപയോഗിക്കാൻ തുടങ്ങി.[7]

ദാരിയസിന്റെ ഭരണകാലത്ത് കലാപങ്ങളും ലഹളകളുമുണ്ടായി: രണ്ടുതവണ ബാബിലോണിയയും മൂന്നുതവണ സൂസിയാനയും കലാപമുയർത്തി. അയോണിയൻ കലാപത്തെ തുടർന്ന് ഗ്രീക്കിനെതിരായി പല പേർഷ്യൻ സൈനിക നീക്കങ്ങളുമുണ്ടായി, ഇതിൽ ക്രി.മു. 490-ൽ മാരത്തോണിൽ വെച്ച് ഗ്രീക്കുകാർ പേർഷ്യരെ പരാജയപ്പെടുത്തിയതും ഉൾപ്പെടും.[8]

മഹാനായ ദാരിയസ്സിന്റെ ശവകുടീരം, പേർസിസിലെ നക്ഷ്-ഇ-രുസ്തം എന്ന സ്ഥലത്ത്

പെർസെപ്പോളിസ്, സുർസ, ഈജിപ്ത്, തുടങ്ങിയ പ്രദേശങ്ങളിൽ അദ്ദേഹം ആരംഭിച്ച വമ്പിച്ച നിർമ്മാണ പ്രവർത്തനങ്ങൾ ദാരിയസ് അക്ഷീണനായ രാജാവായിരുന്നു എന്നതിന് തെളിവാണ്. തന്റെ ഭരണത്തിന്റെ അന്ത്യത്തോടടുത്ത്, അയോണിയൻ ലഹളയെ പിന്തുണച്ചതിന് ഗ്രീക്കുകാരെ ശിക്ഷിക്കണമെന്ന് ദാരിയസ് തീരുമാനിച്ചു. പക്ഷേ ഈജിപ്തിൽ തുടർന്നുണ്ടായ ഒരു ലഹളയെ (ഈജിപ്തിന്റെ ഒരു പേർഷ്യൻ സത്രപൻ ആണ് ഈ ലഹള ആരംഭിച്ചത് എന്ന് കരുതുന്നു) ആദ്യം അമർച്ച ചെയ്യേണ്ടതുണ്ടായിരുന്നു. ദാരിയസിന്റെ ആരോഗ്യം ക്ഷയിച്ചു വന്നതിനാൽ അദ്ദേഹത്തിന് നേരിട്ട് ഗ്രീക്കുകാർക്കെതിരായി യുദ്ധം നയിക്കാൻ സാധ്യമല്ലായിരുന്നു.[9] പേർഷ്യൻ നിയമം അനുസരിച്ച്, ഗ്രീക്കുകാർക്ക് എതിരായി നടത്താൻ ഉദ്ദേശിച്ചതുപോലെയുള്ള പ്രധാന ആക്രമണങ്ങൾക്കു മുൻപ് അക്കീമെനിയൻ രാജാക്കന്മാർ തങ്ങളുടെ പിൻഗാമിയെ തിരഞ്ഞെടുക്കണമായിരുന്നു. ഗ്രീക്കിലേയ്ക്ക് യാത്രചെയ്യാൻ തീരുമാനിച്ചതിനു പിന്നാലെ നക്ഷ്-ഇ റൊസ്തം എന്ന സ്ഥലത്ത് ദാരിയസ് തന്റെ ശവകുടീരം പണികഴിപ്പിച്ചു. അറ്റോസ്സ എന്ന രാജ്ഞിയിലുള്ള തന്റെ മൂത്ത മകനായ ക്സെർസെസ് ഒന്നാമനെ കിരീടാവകാശിയായി വാഴിച്ചു. പക്ഷേ അദ്ദേഹം പേർസിസ് വിട്ടില്ല, ക്രി.മു. 486-ൽ ദാരിയസ് അവിടെ മരിച്ചു.[9]

കുറിപ്പുകൾ

അവലംബം

"https://ml.wikipedia.org/w/index.php?title=ദാരിയസ്_ഒന്നാമൻ&oldid=4022872" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: Main PageSpecial:SearchWikipedia:Featured picturesYasukeHarrison ButkerRobert FicoBridgertonCleopatraDeaths in 2024Joyce VincentXXXTentacionHank AdamsIt Ends with UsYouTubeNew Caledonia2024 Indian general electionHeeramandiDarren DutchyshenSlovakiaKingdom of the Planet of the ApesAttempted assassination of Robert FicoLawrence WongBaby ReindeerXXX: Return of Xander CageThelma HoustonFuriosa: A Mad Max SagaMegalopolis (film)Richard GaddKepler's SupernovaWicked (musical)Sunil ChhetriXXX (2002 film)Ashley MadisonAnya Taylor-JoyPlanet of the ApesNava MauYoung SheldonPortal:Current eventsX-Men '97