കാഴ്ച വൈകല്യം

കണ്ണട വെച്ചതിനു ശേഷം ബാക്കിനിൽക്കുന്നതോ, കണ്ണടയും കോണ്ടാക്റ്റ് ലെൻസും പോലുള്ള സാധാരണ മാർഗ്ഗങ്ങളിലൂടെ പരിഹരിക്കാനാകാത്തതോ ആയ കാഴ്ച നഷ്ടങ്ങളാണ് കാഴ്ച വൈകല്യം എന്ന് അറിയപ്പെടുന്നത്.[2] ഗ്ലാസുകളോ കോൺടാക്റ്റ് ലെൻസുകളോ വാങ്ങാനുള്ള സൌകര്യങ്ങളോ സാമ്പത്തിക സ്ഥിതിയോ ഇല്ലാത്തതിനാൽ കുറഞ്ഞ കാഴ്ചയിൽ തുടരുന്നവരുമുണ്ട്.[1] കണ്ണടയും മറ്റും ഉപയോഗിച്ചുള്ള മികച്ച തിരുത്തൽ രീതികൾക്കുശേഷവും, 6/12 അല്ലെങ്കിൽ 20/40 എന്നതിനേക്കാൾ മോശമായ കാഴ്ച ശക്തി എന്നതാണ് കാഴ്ച വൈകല്യത്തിൻ്റെ സാധാരണ നിർവചനം. 3/60 യിലും താഴെയുള്ള കാഴ്ച നഷ്ടങ്ങൾക്ക് അന്ധത എന്ന പദം ഉപയോഗിക്കുന്നു.[6] കാഴ്ച വൈകല്യം ഉള്ളവർക്ക് ഡ്രൈവിംഗ്, വായന, സാമൂഹിക ഇടപെടൽ, നടത്തം എന്നിവ പോലുള്ള സാധാരണ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രയാസമുണ്ടാകും.

കാഴ്ച വൈകല്യം
മറ്റ് പേരുകൾvision impairment, vision loss
A white cane, the international symbol of blindness
സ്പെഷ്യാലിറ്റി നേത്ര വിജ്ഞാനം
ലക്ഷണങ്ങൾDecreased ability to see[1][2]
സങ്കീർണതNon-24-hour sleep–wake disorder[3]
കാരണങ്ങൾഅപവർത്തന ദോഷം, തിമിരം, ഗ്ലോക്കോമ[4]
ഡയഗ്നോസ്റ്റിക് രീതി നേത്ര പരിശോധന[2]
TreatmentVision rehabilitation, changes in the environment, assistive devices (eyeglasses, white cane)[2]
ആവൃത്തി940 million / 13% (2015)[5]

റിഫ്രാക്റ്റീവ് പിശകുകൾ (43%), തിമിരം (33%), ഗ്ലോക്കോമ (2%) എന്നിവയാണ് ആഗോളതലത്തിൽ കാഴ്ച വൈകല്യത്തിന്റെ ഏറ്റവും സാധാരണമായ കാരണങ്ങൾ.[4] റിഫ്രാക്റ്റീവ് പിശകുകളിൽ ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, വെള്ളെഴുത്ത്, അസ്റ്റിഗ്മാറ്റിസം എന്നിവ ഉൾപ്പെടുന്നു. അന്ധതയുടെ ഏറ്റവും സാധാരണ കാരണം തിമിരമാണ്. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, ഡയബറ്റിക് റെറ്റിനോപ്പതി, കോർണിയൽ അതാര്യത, കുട്ടിക്കാലത്തെ അന്ധത, പലതരത്തിതിലുള്ള അണുബാധകൾ എന്നിവ കാഴ്ച നഷ്ടത്തിന് കാരണമാകാം.[7] മസ്തിഷ്കാഘാതം, അകാല ജനനം, അല്ലെങ്കിൽ തലച്ചോറിൽ ഉണ്ടാകുന്ന മറ്റ് പ്രശ്നങ്ങൾ എന്നിവ മൂലവും കാഴ്ചവൈകല്യമുണ്ടാകാം. ഈ കേസുകളെ കോർട്ടിക്കൽ വിഷ്വൽ ഇംപെയർമെന്റ് എന്ന് വിളിക്കുന്നു.[8] കുട്ടികളിലെ കാഴ്ച പ്രശ്നങ്ങൾക്കായുള്ള സ്ക്രീനിംഗ്, കാഴ്ച പ്രശ്നങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം അവരുടെ വിദ്യാഭ്യാസ നേട്ടവും മെച്ചപ്പെടുത്താം.[9] കാഴ്ചപ്രശ്നങ്ങൾ കണ്ടെത്തുന്നതിന് രോഗലക്ഷണങ്ങളില്ലാതെ മുതിർന്നവരെ എല്ലാവരെയും സ്‌ക്രീനിംഗ് ചെയ്യുന്നത് അനിശ്ചിതത്വത്തിലാണ്.[10] നേത്ര പരിശോധനയിലൂടെയാണ് കാഴ്ച വൈകല്യം സാധാരണയായി തിരിച്ചറിയുന്നത്.[2]

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കണക്കാക്കുന്നത് 80% കാഴ്ച വൈകല്യവും തടയാൻ കഴിയുന്നതോ ചികിത്സയിലൂടെ ഭേദമാക്കാനാവുന്നതോ ആണ് എന്നാണ്.[4] തിമിരം, അണുബാധകൾ, ഓൺകോസെർസിയാസിസ്, ട്രക്കോമ, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, ശരിയാക്കാത്ത റിഫ്രാക്റ്റീവ് പിശകുകൾ, കുട്ടിക്കാലത്തെ അന്ധതയുടെ ചില കേസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.[11] കാഴ്ച വൈകല്യമുള്ള നിരവധി ആളുകൾക്ക് കാഴ്ച പുനരധിവാസം, അവരുടെ പരിസ്ഥിതിയിലെ മാറ്റങ്ങൾ, സഹായ ഉപകരണങ്ങൾ എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കുന്നു.[2]

2015 ലെ കണക്കനുസരിച്ച് 940 ദശലക്ഷം ആളുകൾ ഒരു പരിധിവരെ കാഴ്ച നഷ്ടപ്പെട്ടവരാണ്.[5] ഇതിൽ 246 ദശലക്ഷം പേർക്ക് കാഴ്ചശക്തി കുറവാണ്, 39 ദശലക്ഷം പേർ അന്ധരാണ്. കാഴ്ചക്കുറവുള്ള ഭൂരിപക്ഷം ആളുകളും വികസ്വര രാജ്യങ്ങളിലുള്ളവരും 50 വയസ്സിനു മുകളിൽ പ്രായമുള്ളവരുമാണ്.[4] 1990 കൾക്കുശേഷം കാഴ്ചവൈകല്യത്തിന്റെ നിരക്ക് കുറഞ്ഞുവരുന്നുണ്ട്. കാഴ്ച വൈകല്യങ്ങൾ മൂലം, ചികിത്സാച്ചെലവിൻ്റെ കാര്യത്തിലൂടെ നേരിട്ടും, ജോലി ചെയ്യാനുള്ള കഴിവ് കുറയുന്നത് കാരണം പരോക്ഷമായും ഗണ്യമായ സാമ്പത്തിക ചിലവുകളുണ്ട്.[12]

വർഗ്ഗീകരണം

കാഴ്ച ശക്തി പരിശോധനയ്ക്കായി സാധാരണ ഉപയോഗിക്കുന്ന ഒരു സ്നെല്ലെൻ ചാർട്ട്.

കണ്ണടകളോ കോൺടാക്റ്റ് ലെൻസുകളോ ഉപയോഗിച്ചുള്ള പരമാവധി തിരുത്തലുകൾക്ക് ശേഷവും കാഴ്ച ശക്തി കുറഞ്ഞിരിക്കുന്ന അവസ്ഥ ആണ് കാഴ്ച വൈകല്യമായി വിശേഷിപ്പിക്കുന്നത്. ലോകാരോഗ്യസംഘടനയും ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസും കാഴ്ച വൈകല്യമായി നിർവ്വചിച്ചിരിക്കുന്നത്, സാധ്യമായ ഏറ്റവും മികച്ച തിരുത്തലിനു ശേഷവും, മെച്ചപ്പെട്ട കണ്ണിൽ 6/18-ൽ താഴെയും 3/60-ന് മുകളിലുള്ളതുമായ വിഷ്വൽ അക്വിറ്റിയായാണ്. ഇരുപതു ഡിഗ്രിയിൽ താഴെയായി ദൃശ്യമണ്ഡലം കുറയുകയാണെങ്കിൽ അതും കാഴ്ച കുറവായി തന്നെ കണക്കാക്കുന്നു. സാധ്യമായ ഏറ്റവും മികച്ച തിരുത്തലിന് ശേഷവും മെച്ചപ്പെട്ട കണ്ണിൽ 3/60 യിലും താഴെ കാഴ്ച, അല്ലെങ്കിൽ 10 ഡിഗ്രിയിലും താഴെ ദൃശ്യമണ്ഡലം ആണെങ്കിൽ അതിനെ 'അന്ധത' എന്നും വിളിക്കുന്നു. 6/9 ലും കുറഞ്ഞതും എന്നാൽ 6/18 ഓ അതിലും മെച്ചപ്പെട്ടതോ കാഴ്ചവൈകല്യങ്ങൾ വളരെ ചെറിയ അളവിലുള്ള കാഴ്ച വൈകല്യങ്ങളാണ്.[13]

ആരോഗ്യപരമായ ഫലങ്ങൾ

കാഴ്ച വൈകല്യങ്ങൾ‌ പല രൂപത്തിലാകാം, മാത്രമല്ല അവ വ്യത്യസ്ത അളവിലുമാകാം. വിഷ്വൽ അക്വിറ്റിയുടെ അളവ് മാത്രം ഒരു വ്യക്തിക്ക് ഉണ്ടാകാവുന്ന കാഴ്ച പ്രശ്നങ്ങളുടെ നല്ല പ്രവചനമല്ല. താരതമ്യേന നല്ല അക്വിറ്റി ഉള്ള ഒരാൾക്ക് (ഉദാ. 6/12) ദൈനംദിന പ്രവർത്തനത്തിൽ ബുദ്ധിമുട്ടുണ്ടാകും, അതേസമയം മോശം അക്വിറ്റി ഉള്ള ഒരാൾ (ഉദാ. 6/60) അവരുടെ വിഷ്വൽ ഡിമാൻഡുകൾ മികച്ചതല്ലെങ്കിൽ അവർക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയില്ല.

അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ കണക്കാക്കുന്നത് ഒരു കണ്ണിന്റെ നഷ്ടം കാഴ്ചയുടെ 25% വൈകല്യത്തിനും, ആകെ നോക്കിയാൽ വ്യക്തിയുടെ 24% വൈകല്യത്തിനും തുല്യമാണ് എന്നാണ്; [14] [15] രണ്ട് കണ്ണുകളിലും കാഴ്ചശക്തി നഷ്ടപ്പെടുന്നത് 100% കാഴ്ച വൈകല്യവും, ആകെ പരിഗണിച്ചാൽ വ്യക്തിയുടെ 85% വൈകല്യവുമാണെന്ന് കണക്കാക്കപ്പെടുന്നു.

ഈ വിഭാഗത്തിൽ‌പ്പെടുന്ന ചില ആളുകൾ‌ക്ക് ഇതര രീതികളെ ആശ്രയിക്കാതെ ദൈനംദിന ജോലികൾ പൂർത്തിയാക്കുന്നതിന് അവരുടെ ശേഷിക്കുന്ന കാഴ്ച ഉപയോഗിക്കാൻ‌ കഴിയും. ഒപ്റ്റിക്കൽ അല്ലെങ്കിൽ ഒപ്റ്റിക്കൽ അല്ലാത്ത മാർഗ്ഗങ്ങളിലൂടെ രോഗിയുടെ കാഴ്ചയുടെ പ്രവർത്തന നില പരമാവധി വർദ്ധിപ്പിക്കുക എന്നതാണ് ലോ വിഷൻ സ്പെഷ്യലിസ്റ്റിന്റെ (ഒപ്‌റ്റോമെട്രിസ്റ്റ് അല്ലെങ്കിൽ നേത്രരോഗവിദഗ്ദ്ധൻ) പങ്ക്. പ്രാഥമികമായി, ദൂരദർശനത്തിനായി ദൂരദർശിനി സംവിധാനങ്ങളുടെ രൂപത്തിലുള്ള മാഗ്നിഫിക്കേഷനും സമീപ ജോലികൾക്കായി ഒപ്റ്റിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക് മാഗ്നിഫിക്കേഷനും ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.

കാഴ്ച ശക്തി ഗണ്യമായി കുറഞ്ഞ ആളുകൾക്ക്, ഇത്തരം വ്യക്തികൾക്കുള്ള സാങ്കേതിക സഹായങ്ങൾ നൽകുന്നതിൽ പരിശീലനം ലഭിച്ച വ്യക്തികൾ നടത്തുന്ന പരിശീലനത്തിൽ നിന്ന് പ്രയോജനം നേടാം. കാഴ്ച പുനരധിവാസ പ്രൊഫഷണലുകൾക്ക് അവശേഷിക്കുന്ന കാഴ്ച പരമാവധി വർദ്ധിപ്പിക്കുന്നതിന് ലൈറ്റിംഗിനെക്കുറിച്ചും മറ്റും ഉപദേശങ്ങൾ നൽകാൻ കഴിയും. ഈ പ്രൊഫഷണലുകൾക്ക് നോൺ-വിഷ്വൽ എയ്ഡുകളുടെ ഉപയോഗങ്ങളെ കുറിച്ചും നിർദ്ദേശം നൽകാൻ കഴിയും.

പുനരധിവാസ ഉപകരണങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുന്ന വ്യക്തികൾ, ഒറ്റയ്ക്ക് താമസിക്കുകയും സ്വന്തം കാര്യങ്ങൾ സ്വയമേയും, തൊഴിലും ഒക്കെ ചെയ്തു വരുന്നതിനാൽ അവരിൽ വിഷാദരോഗവും, ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും ഒക്കെ കുറവാണ്.

കാഴ്ച വഷളാകുകയും ഒടുവിൽ അന്ധതയിലേക്ക് എത്തുകയും ചെയ്യുന്നവർക്ക് താരതമ്യേന ആത്മഹത്യാ സാദ്ധ്യത കൂടുതലാണ്, അതിനാൽ സഹായ സേവനങ്ങൾ ആവശ്യമായി വന്നേക്കാം. കാഴ്ചശക്തി പൂർണ്ണമായി നഷ്ടപ്പെടാതിരിക്കുകയും എന്നാൽ മെച്ചപ്പെടുത്തുവാൻ കാഴിയാത്തതുമായവരിൽ മാനസിക ക്ലേശങ്ങൾ ഏറ്റവും ഉയർന്നതായി റിപ്പോർട്ടുചെയ്യുന്നു. അതിനാൽ, മനശാസ്ത്രപരമായ രീതികൾ വിജയകരമാക്കുന്നതിന് നേരത്തെയുള്ള ഇടപെടൽ അനിവാര്യമാണ്. [16]

കാരണം

2010 ലെ കണക്കനുസരിച്ച് ആഗോളതലത്തിൽ കാഴ്ച വൈകല്യത്തിന്റെ ഏറ്റവും സാധാരണമായ കാരണങ്ങൾ ഇവയാണ്:

  1. റിഫ്രാക്റ്റീവ് പിശക് (42%)
  2. തിമിരം (33%)
  3. ഗ്ലോക്കോമ (2%)
  4. പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ (1%)
  5. കോർണിയൽ അതാര്യത (1%)
  6. ഡയബറ്റിക് റെറ്റിനോപ്പതി (1%)
  7. കുട്ടിക്കാലത്തെ അന്ധത
  8. ട്രക്കോമ (1%)
  9. നിർണ്ണയിക്കാത്തവ (18%)[7]

2010 ലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള അന്ധതയുടെ ഏറ്റവും സാധാരണമായ കാരണങ്ങൾ ഇവയാണ്:

  1. തിമിരം (51%)
  2. ഗ്ലോക്കോമ (8%)
  3. പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ (5%)
  4. കോർണിയൽ അതാര്യത (4%)
  5. കുട്ടിക്കാലത്തെ അന്ധത (4%)
  6. റിഫ്രാക്റ്റീവ് പിശകുകൾ (3%)
  7. ട്രാക്കോമ (3%)
  8. പ്രമേഹ റെറ്റിനോപ്പതി (1%)
  9. നിർണ്ണയിക്കാത്തവ (21%)[7]

കാഴ്ചശക്തിയില്ലാത്ത 90% ആളുകളും വികസ്വര രാജ്യങ്ങളിൽ താമസിക്കുന്നവരാണ്.[4] പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയാണ് വികസിത രാജ്യങ്ങളിൽ അന്ധതയുടെ പ്രധാന കാരണങ്ങൾ.[17]

അന്ധതയുടെ കാരണങ്ങൾ വികസ്വര-വികസിത രാജ്യങ്ങൾക്കിടയിലും, ഓരോ രാജ്യങ്ങൾക്കിടയിലും എല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു. ഇംഗ്ലണ്ടിലും വെയിൽസിലും പുതുതായി അന്ധരായ, തൊഴിൽ ചെയ്യുന്ന പ്രായമുള്ളവരിൽ (working-age adults) 2010 ലെ കണക്കനുസരിച്ച് അന്ധതയുടെ ഏറ്റവും സാധാരണമായ കാരണങ്ങൾ ഇവയാണ്:[18]

  1. പാരമ്പര്യമായ റെറ്റിന ഡിസോർഡേഴ്സ് (20.2%)
  2. പ്രമേഹ റെറ്റിനോപ്പതി (14.4%)
  3. ഒപ്റ്റിക് അട്രോഫി (14.1%)
  4. ഗ്ലോക്കോമ (5.9%)
  5. ജന്മനായുള്ള തകരാറുകൾ (5.1%)
  6. വിഷ്വൽ കോർട്ടെക്സിന്റെ തകരാറുകൾ (4.1%)
  7. സെറിബ്രോവാസ്കുലർ രോഗം (3.2%)
  8. മാക്കുലയുടെയും പോസ്റ്റീരിയർ പോളിൻ്റെയും അപചയം (3.0%)
  9. ഹ്രസ്വദൃഷ്ടി (2.8%)
  10. കോർണിയ ഡിസോർഡേഴ്സ് (2.6%)
  11. തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും മാരകമായ നിയോപ്ലാസങ്ങൾ (1.5%)
  12. റെറ്റിന ഡിറ്റാച്ച്മെന്റ് (1.4%)

തിമിരം

കണ്ണിനുള്ളിലെ ലെൻസിന്റെ അതാര്യത മൂലം ഉണ്ടാകുന്ന രോഗമാണ് തിമിരം. ഇത് കുട്ടികളിലും മുതിർന്നവരിലും കാണം. കുട്ടികളിലെ തിമിരം ഗർഭാശയ അണുബാധകൾ, ഉപാപചയ വൈകല്യങ്ങൾ, ജനിതകമായി പകരുന്ന സിൻഡ്രോം എന്നിവ മൂലമാണ് ഉണ്ടാകുന്നത്.[19] ലോകത്താകമാനമുള്ള അന്ധതയുടെ പ്രധാന കാരണം തിമിരം ആണ്, ഇത് 40 വയസ്സിനു ശേഷം ഓരോ പത്ത് വർഷത്തിലും വ്യാപിക്കുന്നു.[20] കുട്ടികളേക്കാൾ മുതിർന്നവരിൽ ആണ് തിമിരം കൂടുതലായി കണ്ടുവരുന്നത്. പ്രായമാകുമ്പോൾ ആളുകൾക്ക് തിമിരം വരാനുള്ള സാധ്യത കൂടുതലാണ്. എന്നിരുന്നാലും, തിമിരം കുട്ടികൾക്ക് കൂടുതൽ സാമ്പത്തികവും വൈകാരികവുമായ ആഘാതം ഉണ്ടാക്കുന്നു, കാരണം അവർ വിലകൂടിയ രോഗനിർണയം, ദീർഘകാല പുനരധിവാസം, കാഴ്ച സഹായം എന്നിവയ്ക്ക് വിധേയരാകണം.[21] കൂടാതെ, സൗദി ജേണൽ ഫോർ ഹെൽത്ത് സയൻസസിന്റെ അഭിപ്രായത്തിൽ, ചിലപ്പോൾ ശിശുക്കളിലെ തിമിര ശസ്ത്രക്രിയയ്ക്കുശേഷവും, മാറ്റാനാവാത്ത ആംബ്ലിയോപിയ കാഴ്ച സാധാരണ നിലയിലേക്ക് എത്തുന്നത് തടഞ്ഞു നിർത്തുന്നു.[22] ചികിത്സയിൽ വലിയ പുരോഗതി ഉണ്ടായിട്ടും, സാമ്പത്തികമായി, വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും തിമിരം ഒരു ആഗോള പ്രശ്നമായി ഇന്നും തുടരുന്നു.[23] തിമിരം വികസിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം പുകവലി ഉപേക്ഷിക്കുക, സൂര്യപ്രകാശം (അതായത് യുവി-ബി രശ്മികൾ) കണ്ണിൽ കൂടുതലായി പതിക്കുന്നത് ഒഴിവാക്കുക എന്നിവയാണ്.

ഗ്ലോക്കോമ

കണ്ണിനുള്ളിലെ വർദ്ധിച്ച മർദ്ദം അല്ലെങ്കിൽ ഇൻട്രാഒക്യുലർ മർദ്ദം (ഐഒപി) മൂലം കുട്ടികളെയും മുതിർന്നവരെയും ബാധിക്കുന്ന ഒരു രോഗമാണ് ഗ്ലോക്കോമ.[24] ഗ്ലോക്കോമ വിഷ്വൽ ഫീൽഡ് നഷ്ടപ്പെടുന്നതിനും ഒപ്റ്റിക് നാഡിയുടെ നാശത്തിനും കാരണമാകുന്നു.[25] ഗ്ലോക്കോമയുടെ കാര്യത്തിൽ തുടക്കത്തിലേയുള്ള രോഗനിർണയവും ചികിത്സയും കാഴ്ച നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. കുട്ടികളിലെ ഗ്ലോക്കോമ മുതിർന്നവരുടെ ഗ്ലോക്കോമയിൽ നിന്ന് കാരണത്തിലും ചികിൽസയിലും വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു.[26] പീഡിയാട്രിക് ഗ്ലോക്കോമയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് തിമിര ശസ്ത്രക്രിയ, ഇത് ശിശുക്കളിൽ ഏകദേശം 12.2 ശതമാനവും 10 വയസുള്ള കുട്ടികളിൽ 58.7 ശതമാനവുമാണ്.

അണുബാധ

ഓങ്കോസെർസിയാസിസിന്റെ ഭാരം: ആഫ്രിക്കയിലെ അന്ധരായ മുതിർന്നവരെ നയിക്കുന്ന കുട്ടികൾ

ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട അവസ്ഥകളായ കൺജനിറ്റൽ റുബെല്ല സിൻഡ്രോം, പ്രീമെച്യുർ റെറ്റിനോപ്പതി എന്നിവ കുട്ടിക്കാലത്തെ അന്ധതയ്ക്ക് കാരണമാകുന്നു. കുഷ്ഠരോഗവും ഓങ്കോസെർസിയാസിസും വികസ്വര രാജ്യങ്ങളിൽ ഏകദേശം 1 ദശലക്ഷം വ്യക്തികളെ അന്ധരാക്കുന്നു.

ട്രക്കോമയിൽ നിന്ന് അന്ധരായ വ്യക്തികളുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിനിടെ 6 ദശലക്ഷത്തിൽ നിന്ന് 1.3 ദശലക്ഷമായി കുറഞ്ഞു, ഇത് ഇപ്പോൾ ലോകമെമ്പാടുമുള്ള അന്ധതയുടെ കാരണങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

സെൻട്രൽ കോർണിയൽ അൾസറേഷൻ ലോകമെമ്പാടുമുള്ള മോണോക്യുലർ അന്ധതയുടെ ഒരു പ്രധാന കാരണമാണ്. തൽഫലമായി, എല്ലാ കാരണങ്ങളിൽ നിന്നുമുള്ള കോർണിയ വടു ഇപ്പോൾ ആഗോള അന്ധതയുടെ നാലാമത്തെ വലിയ കാരണമാണ്.[27]

പരിക്കുകൾ

ഒന്നാം ലോക മഹായുദ്ധത്തിൽ അന്ധരായ ഫ്രഞ്ച് പട്ടാളക്കാർ കൊട്ട ഉണ്ടാക്കാൻ പഠിക്കുന്നു.

30 വയസ്സിനു താഴെയുള്ളവരിൽ മിക്കപ്പോഴും ഉണ്ടാകുന്ന നേത്ര പരിക്കുകൾ, അമേരിക്കൻ ഐക്യനാടുകളിൽ മോണോക്യുലർ അന്ധതയുടെ (ഒരു കണ്ണിലെ കാഴ്ച നഷ്ടപ്പെടൽ) ഒരു പ്രധാന കാരണമാണ്. പരിക്കുകളും തിമിരവും പോലെയുള്ളവ കണ്ണിനെ തന്നെ ബാധിക്കുമ്പോൾ ഒപ്റ്റിക് നാഡി ഹൈപ്പോപ്ലാസിയ പോലുള്ള അസാധാരണതകൾ നാഡി ബണ്ടിലിനെ ബാധിക്കുന്നു, ഇത് കാഴ്ചയുടെ തീവ്രത കുറയുന്നതിന് കാരണമാകും.

കോർട്ടിക്കൽ അന്ധതയിൽ തലച്ചോറിന്റെ ഓസിപിറ്റൽ ലോബിന് പരിക്കേറ്റതിന്റെ ഫലമായി ഒപ്റ്റിക് നാഡിയിൽ നിന്നുള്ള സിഗ്നലുകൾ ശരിയായി സ്വീകരിക്കുന്നതിനോ വ്യാഖ്യാനിക്കുന്നതിനോ തലച്ചോറിനെ തടയുന്നു. കോർട്ടിക്കൽ അന്ധതയുടെ ലക്ഷണങ്ങൾ വ്യക്തികളിൽ വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു, ക്ഷീണം അല്ലെങ്കിൽ സമ്മർദ്ദം ഉണ്ടാകുന്ന കാലഘട്ടങ്ങളിൽ ഇത് കൂടുതൽ കഠിനമായിരിക്കും.

മറ്റുള്ളവ

  • ആംബ്ലിയോപ്പിയ: കാഴ്ചശക്തി അല്ലെങ്കിൽ കാഴ്ച വൈകല്യത്തിന്റെ ഒരു വിഭാഗമാണ് ആംബ്ലിയോപ്പിയ. ഇത് ഒക്യുലാർ രോഗങ്ങളുമായി ബന്ധമില്ലാത്ത ഘടകങ്ങളാൽ സംഭവിക്കുന്നു.[28] റിഫ്രാക്റ്റീവ് പിശകുകൾ നേരത്തേ തന്നെ കണ്ടെത്തി ചികിൽസിക്കാതിരുന്നാൽ ആംബ്ലിയോപ്പിയ ഉണ്ടാകും. കുട്ടിയുടെ അകാല ജനനം, മീസിൽസ്, കൺജനിറ്റൽ ന്യൂബെല്ല സിൻഡ്രോം, വിറ്റാമിൻ എ യുടെ കുറവ് അല്ലെങ്കിൽ മെനിഞ്ചൈറ്റിസ് എന്നിവ കാരണം കുട്ടിയുടെ വിഷ്വൽ സിസ്റ്റങ്ങൾ സാധാരണയായി പക്വത പ്രാപിക്കാത്ത അവസ്ഥകളും ആംബ്ലിയോപിയ ഉണ്ടാക്കും.[29] കുട്ടിക്കാലത്ത് ചികിത്സ ലഭിച്ചാൽ ആംബ്ലിയോപ്പിയ മൂലം നഷ്ടപ്പെട്ട കാഴ്ച തിരിച്ചു കിട്ടുന്നതാണ്. പ്രായപൂർത്തിയായതിന് ശേഷമാണെങ്കിൽ ആംബ്ലിയോപിയ മൂലമുള്ള കാഴ്ച നഷ്ടം ചികിത്സിച്ച് മാറ്റാൻ കഴിയില്ല. കുട്ടികളുടെ ഒരു കണ്ണിലെ മാത്രം കാഴ്ച നഷ്ടപ്പെടാനുള്ള ലോകത്തിലെ പ്രധാന കാരണം ആംബ്ലിയോപിയയാണ്.
  • കോർണിയൽ അതാര്യത
  • ഡീജനറേറ്റീവ് മയോപിയ
  • ഡയബറ്റിക് റെറ്റിനോപ്പതി: പ്രമേഹത്തിന്റെ മൈക്രോവാസ്കുലർ സങ്കീർണതകളിലൊന്നാണ്, ഇത് പൂർണ്ണമായ അന്ധത, കാഴ്ചക്കുറവ്, വിഷ്വൽ ഫീൾഡ് നഷ്ടങ്ങൾ എന്നിവ ഉണ്ടാക്കും.[30] [31] വാസ്തവത്തിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിനനുസരിച്ച്, പ്രമേഹവുമായി ബന്ധപ്പെട്ട മറ്റ് മൈക്രോവാസ്കുലർ സങ്കീർണതകൾ വികസിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾക്ക് പ്രമേഹ റെറ്റിനോപ്പതി ഉണ്ടാകാനുള്ള സാധ്യതയുണ്ട് (ഉദാ. ക്രോണിക് ഹൈപ്പർ ഗ്ലൈസീമിയ, ഡയബറ്റിക് ന്യൂറോപ്പതി, ഡയബറ്റിക് നെഫ്രോപതി).
  • റെറ്റിനൈറ്റിസ് പിഗ്മെന്റോസ
  • പ്രീമെച്യർ റെറ്റിനോപ്പതി: ലോകമെമ്പാടുമുള്ള ശിശുക്കളിൽ അന്ധതയുടെ ഏറ്റവും സാധാരണ കാരണം ഇതാണ്. അതിന്റെ ഏറ്റവും കഠിനമായ രൂപത്തിൽ, ഇത് റെറ്റിന ഡിറ്റാച്ച്മെന്റിന് കാരണമാകുന്നു. ഇത് കാഴ്ച നഷ്ടപ്പെടുന്നതിന് ഇടയാക്കും. പ്രധാനമായും ലേസർ അല്ലെങ്കിൽ അവാസ്റ്റിൻ തെറാപ്പി വഴി ഇത് ചികിൽസിക്കാം.
  • സ്റ്റാർഗാർഡ് രോഗം
  • യുവിയൈറ്റിസ്: അണുബാധ, സിസ്റ്റമിക് രോഗങ്ങൾ, ഓർഗൻ സ്പെസിഫിക് ഓട്ടോ ഇമ്മ്യൂൺ പ്രോസസ്, കാൻസർ അല്ലെങ്കിൽ ആഘാതം എന്നിവ മൂലമുണ്ടാകുന്ന 30 ഇൻട്രാഒക്യുലർ കോശജ്വലന രോഗങ്ങളുടെ[32] ഒരു കൂട്ടമാണ് യുവിയൈറ്റിസ്.[33] യുവിയൈറ്റിസ് എന്നത് സങ്കീർണ്ണമായ ഒക്കുലാർ രോഗങ്ങളെയാണ് സൂചിപ്പിക്കുന്നത്, ഇത് ചികിത്സിക്കാതെ ഉപേക്ഷിക്കുകയോ അനുചിതമായി രോഗനിർണയം നടത്തുകയോ ചെയ്താൽ അന്ധതയ്ക്ക് കാരണമാകും. യുവിയൈറ്റിസ് കൃത്യമായി നിർണ്ണയിക്കുന്നതിനുള്ള നിലവിലെ വെല്ലുവിളി, ഒരു പ്രത്യേക ഒക്കുലാർ വീക്കത്തിന്റെ കാരണം അജ്ഞാതമോ മൾട്ടി-ലേയറുകളോ ആണ് എന്നതാണ്. തന്മൂലം, വികസിത രാജ്യങ്ങളിലെ 3-10% യുവിയൈറ്റിസ് ബാധിതരും വികസ്വര രാജ്യങ്ങളിൽ 25% രോഗികളും തെറ്റായ രോഗനിർണയത്തിൽ നിന്നും, ആൻറിബയോട്ടിക്കുകൾ അല്ലെങ്കിൽ സ്റ്റിറോയിഡ് മരുന്നുകൾ എന്നിവയുടെ ഫലപ്രദമല്ലാത്ത കുറിപ്പടി എന്നിവയിൽ നിന്നും അന്ധരായിത്തീരുന്നു. ഇതിനുപുറമെ, ഗ്രാനുലോമാറ്റസ് (അല്ലെങ്കിൽ ട്യൂമറസ്) അല്ലെങ്കിൽ നോൺ ഗ്രാനുലോമാറ്റസ് അതുപോലെ ആന്റീരിയർ, ഇന്റർമീഡിയറ്റ്, പോസ്റ്റീരിയർ അല്ലെങ്കിൽ പാൻ യുവിയൈറ്റിസ് എന്നിങ്ങനെ പലരീതിയിൽ വിഭജിച്ചിരിക്കുന്ന നേത്രരോഗങ്ങളുടെ വിവിധ വിഭാഗമാണ് യുവിയൈറ്റിസ്.
  • വിറ്റാമിൻ എ യുടെ കുറവ് മൂലം ഉണ്ടാകുന്ന സീറോഫ്താൽമിയ ഓരോ വർഷവും 5 ദശലക്ഷം കുട്ടികളെ ബാധിക്കുന്നുവെന്ന് കണക്കാക്കപ്പെടുന്നു.

രോഗനിർണയം

കാഴ്ച വൈകല്യ നിർണ്ണയത്തിന് കാഴ്ച പരിചരണത്തിൽ വിദഗ്ദ്ധനായ ഒരാൾ പരിശോധന നടത്തേണ്ടത് പ്രധാനമാണ്. പ്രശ്നത്തിന് മെഡിക്കൽ അല്ലെങ്കിൽ ശസ്ത്രക്രിയാ തിരുത്തലുകൾ നിർണ്ണയിക്കലും, ഗ്ലാസുകളുടെയും ഒപ്റ്റിക്കൽ എയ്ഡുകളുടെയും ഉപയോഗവും എല്ലാം ശ്രദ്ധാപൂർവ്വമുള്ള അടിസ്ഥാന റിഫ്രാക്ഷൻ പരിശോധയ്ക്ക് ശേഷം മാത്രമാണ് വേണ്ടത്. വിഷ്വൽ സിസ്റ്റത്തിന്റെ പ്രവർത്തനം ഫലപ്രദമായി വിലയിരുത്താൻ ഒരു ഡോക്ടർക്ക് മാത്രമേ യോഗ്യതയുള്ളൂ. [34]

പ്രതിരോധം

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 80% കാഴ്ച നഷ്ടവും തടയാനോ ചികിത്സയിലൂടെ ഭേദമാക്കാനോ കഴിയുന്നവയാണ്. [4] തിമിരം, ഓങ്കോസെർസിയാസിസ്, ട്രാക്കോമ, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, ശരിയാക്കാത്ത റിഫ്രാക്റ്റീവ് പിശകുകൾ, കുട്ടിക്കാലത്തെ അന്ധതയുടെ ചില കേസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. [11] യുണൈറ്റഡ് സ്റ്റേറ്റ്സിലെ അന്ധതയുടെ പകുതി തടയാൻ കഴിയുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കണക്കാക്കുന്നു. [2]

മാനേജ്മെന്റ്

അന്ധനായ ഒരു സിനിമാ നിരൂപകനായ ടോമി എഡിസൺ തന്റെ കാഴ്ചക്കാർക്ക് ഒരു അന്ധന് എങ്ങനെ ഒറ്റയ്ക്ക് പാചകം ചെയ്യാമെന്ന് കാണിക്കുന്നു.

മൊബിലിറ്റി

മടക്കിയ നീളമുള്ള ചൂരൽ
ബ്രസീലിയയിൽ ഒരു അന്ധനെ ഒരു ഗൈഡ് നായ സഹായിക്കുന്നു
ഉത്തരാഖണ്ഡിലെ മന ഗ്രാമത്തിന് സമീപം അന്ധയായ പെൺകുട്ടി വാഹനത്തിന്റെ ആകൃതി തൊട്ടു മനസ്സിലാക്കുന്നു
കാഴ്ചയില്ലാത്ത ഒരു പെൺകുട്ടി പാറകയറ്റം നടത്തുന്നു

ഗുരുതരമായ കാഴ്ച വൈകല്യമുള്ള നിരവധി ആളുകൾക്ക് വിശാലമായ ഉപകരണങ്ങളും സാങ്കേതികതകളും ഉപയോഗിച്ച് സ്വതന്ത്രമായി യാത്ര ചെയ്യാൻ കഴിയും. കാഴ്ച വൈകല്യമുള്ള ആളുകളെ വീട്ടിലും സമൂഹത്തിലും എങ്ങനെ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും സ്വതന്ത്രമായും യാത്ര ചെയ്യാമെന്ന് പഠിപ്പിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണ് ഓറിയന്റേഷൻ, മൊബിലിറ്റി സ്പെഷ്യലിസ്റ്റുകൾ . ഒരാളുടെ വീട്ടിൽ നിന്ന് ഒരു കൺവീനിയൻസ് സ്റ്റോറിലേക്കുള്ള റൂട്ട് പോലുള്ള നിർദ്ദിഷ്ട റൂട്ടുകളിൽ യാത്ര ചെയ്യാൻ അന്ധരെ സഹായിക്കാനും ഈ പ്രൊഫഷണലുകൾക്ക് കഴിയും. ഒരു പരിസ്ഥിതിയോ റൂട്ടോ പരിചയപ്പെടുന്നത് അന്ധനായ ഒരാൾക്ക് വിജയകരമായി നാവിഗേറ്റ് ചെയ്യുന്നത് വളരെ എളുപ്പമാക്കുന്നു.

അന്ധതയുടെ അന്താരാഷ്ട്ര ചിഹ്നമായ അറ്റത്ത് ചുവന്ന നിറമുള്ള വെളുത്ത വടി പോലുള്ള ഉപകരണങ്ങൾ സഞ്ചരിക്കുന്നതിന് ഉപയോഗിക്കാം. ടച്ച് സെൻസേഷന്റെ പരിധി വിപുലീകരിക്കുന്നതിന് ഒരു നീണ്ട ചൂരൽ ഉപയോഗിക്കുന്ന രീതിയാണ് ഇത്. ഉദ്ദേശിച്ച യാത്രാ പാതയിലൂടെ, കുറഞ്ഞ സ്വീപ്പിംഗ് ചലനത്തിലൂടെ തടസ്സങ്ങൾ കണ്ടെത്തുന്നു. വടിഉപയോഗിച്ചുള്ള സഞ്ചാരം ഉപയോക്താവിനെയും കൂടാതെ / അല്ലെങ്കിൽ സാഹചര്യത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടാം.

ചലനാത്മകതയെ സഹായിക്കുന്നതിന് ഒരു ചെറിയ വിഭാഗം ആളുകൾ ഗൈഡ് നായ്ക്കളെ ഉപയോഗിക്കുന്നു. ഈ നായ്ക്കൾക്ക് വിവിധ തടസ്സങ്ങൾക്കിടയിലൂടെ സഞ്ചരിക്കാനും ഒരു പടി മുകളിലേക്കോ താഴേക്കോ പോകേണ്ട ആവശ്യമുള്ളപ്പോൾ സൂചിപ്പിക്കാനും പരിശീലനം നൽകുന്നു. എന്നിരുന്നാലും, സങ്കീർണ്ണമായ ദിശകൾ മനസ്സിലാക്കാൻ നായ്ക്കളുടെ കഴിവില്ലായ്മയാണ് ഗൈഡ് നായ്ക്കളുടെ സഹായത്തെ പരിമിതപ്പെടുത്തുന്നത്.

മൊബിലിറ്റി സഹായമായി ജിപിഎസ് ഉപകരണങ്ങളും ഉപയോഗിക്കാം. അത്തരം സോഫ്റ്റ്‌വെയറുകൾ അന്ധരെ ഓറിയന്റേഷനും നാവിഗേഷനും സഹായിക്കും, പക്ഷേ ഇത് പരമ്പരാഗത മൊബിലിറ്റി ഉപകരണങ്ങളായ വെളുത്ത ചൂരൽ, ഗൈഡ് നായ്ക്കൾ എന്നിവയ്ക്ക് പകരമാവില്ല.

ചില അന്ധരായ ആളുകൾ വായ ക്ലിക്കുകൾ സൃഷ്ടിച്ച് നിശബ്‌ദ വസ്‌തുക്കളെ പ്രതിധ്വനിപ്പിച്ച് അവിടുന്നു മടങ്ങിവരുന്ന പ്രതിധ്വനികൾ ശ്രദ്ധിക്കുന്നതിൽ നിപുണരാണ്. എക്കോലോക്കേഷൻ വിദഗ്ധർ സാധാരണയായി തലച്ചോറിന്റെ "വിഷ്വൽ" ഭാഗത്തെ എക്കോകൾ പ്രോസസ്സ് ചെയ്യുന്നതിന് ഉപയോഗിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് [35] [36]

അന്ധരായ ആളുകൾക്ക് പൊതു സ്ഥലങ്ങൾ കൂടുതൽ ആക്സസ് ചെയ്യുന്നതിന് സർക്കാർ നടപടികൾ ചിലപ്പോൾ എടുക്കാറുണ്ട്. പല നഗരങ്ങളിലും അന്ധർക്ക് പൊതുഗതാഗതം സൌജന്യമായി ലഭ്യമാണ്. കാഴ്ച വൈകല്യമുള്ള കാൽനടയാത്രക്കാർക്ക് തെരുവുകൾ കടക്കുന്നത് എളുപ്പവും സുരക്ഷിതവുമാക്കാൻ ടാക്റ്റൈൽ പേവിംഗും, കേൾക്കാവുന്ന ട്രാഫിക് സിഗ്നലുകളും സഹായിക്കും.

വായനയും മാഗ്‌നിഫിക്കേഷനും

ബ്രെയ്‌ലി വാച്ച്

പൂർണ്ണമായും അന്ധരല്ലാത്തവരും എന്നാൽ കാഴ്ചശക്തി കുറഞ്ഞവരുമായ മിക്ക ആളുകൾക്കും മാഗ്‌നിഫിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിച്ച് വലുതാക്കി പ്രിന്റ് വായിക്കുന്നു. വലിയ പ്രിൻറുകൾ, അത്തരം ഉപകരണങ്ങൾ ഇല്ലാതെ അവർക്ക് വായന എളുപ്പമാക്കുന്നു. വൈവിധ്യമാർന്ന മാഗ്‌നിഫൈയിംഗ് ഗ്ലാസുകൾ, ചിലത് ഹാൻഡ്‌ഹെൽഡ്, ചിലത് ഡെസ്‌ക്‌ടോപ്പുകളിൽ എന്നിവ അവർക്ക് വായന എളുപ്പമാക്കുന്നു.

മറ്റുള്ളവർ ബ്രെയ്‌ലി (അല്ലെങ്കിൽ അപൂർവ്വമായി ഉപയോഗിക്കുന്ന മൂൺ ടൈപ്പ് ) ഉപയോഗിച്ച് വായിക്കുന്നു, അല്ലെങ്കിൽ സംസാരിക്കുന്ന പുസ്തകങ്ങളെയും വായനക്കാരെയും വായനാ യന്ത്രങ്ങളെയും ആശ്രയിക്കുന്നു, അവ അച്ചടിച്ച വാചകം സംഭാഷണത്തിലേക്കോ ബ്രെയ്‌ലിയിലേക്കോ പരിവർത്തനം ചെയ്യുന്നു. സ്‌കാനറുകൾ, പുതുക്കാവുന്ന ബ്രെയ്‌ലി ഡിസ്‌പ്ലേകൾ എന്നിവ പോലുള്ള പ്രത്യേക ഹാർഡ്‌വെയറുകളുള്ള കമ്പ്യൂട്ടറുകളും അന്ധർക്ക് വേണ്ടി പ്രത്യേകമായി എഴുതിയ സോഫ്റ്റ്‌വെയറുകളായ ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ ആപ്ലിക്കേഷനുകളും സ്‌ക്രീൻ റീഡറുകളും അവർ ഉപയോഗിക്കുന്നു .

ക്ലോസ്ഡ്-സർക്യൂട്ട് ടെലിവിഷനുകൾ അധിഷ്ടിത നൂതന ഉപകരണങ്ങൾ, വാചക ഇനങ്ങൾ വലുതാക്കുകയും തെളിച്ചമുള്ളതാക്കുകയും ചെയ്യുന്നവയാണ്.

ലോകമെമ്പാടുമുള്ള നൂറിലധികം റേഡിയോ വായനാ സേവനങ്ങൾ, റേഡിയോയിലൂടെ ആനുകാലികങ്ങളിൽ നിന്നുള്ള വായനകൾ കാഴ്ച വൈകല്യമുള്ളവർക്ക് വേണ്ടി നൽകുന്നു. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഓഡിയോ ഇൻഫർമേഷൻ സർവീസസ് ഈ എല്ലാ ഓർഗനൈസേഷനുകളിലേക്കും ലിങ്കുകൾ നൽകുന്നു.

കമ്പ്യൂട്ടറുകളും മൊബൈൽ സാങ്കേതികവിദ്യയും

സ്‌ക്രീൻ റീഡറുകൾ, സ്‌ക്രീൻ മാഗ്നിഫയറുകൾ, പുതുക്കാവുന്ന ബ്രെയ്‌ലി ഡിസ്‌പ്ലേകൾ എന്നിവ പോലുള്ള ആക്‌സസ്സ് സാങ്കേതികവിദ്യ അന്ധരെ മുഖ്യധാരാ കമ്പ്യൂട്ടർ അപ്ലിക്കേഷനുകളും മൊബൈൽ ഫോണുകളും ഉപയോഗിക്കാൻ പ്രാപ്‌തമാക്കുന്നു. അന്ധർ ഉൾപ്പെടെ സാധ്യതയുള്ള എല്ലാ ഉപയോക്താക്കൾക്കും വിവരസാങ്കേതികവിദ്യയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള സമഗ്രമായ ശ്രമങ്ങൾക്കൊപ്പം സഹായ സാങ്കേതികവിദ്യയുടെ ലഭ്യത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മൈക്രോസോഫ്റ്റ് വിൻഡോസിന്റെ പിന്നീടുള്ള പതിപ്പുകളിൽ കാഴ്ച വൈകല്യം ഉള്ളവർക്കുള്ള പ്രവേശനക്ഷമത വിസാർഡ് & മാഗ്നിഫയർ, ലളിതമായ സ്ക്രീൻ റീഡർ മൈക്രോസോഫ്റ്റ് നറേറ്റർ എന്നിവ ഉൾപ്പെടുന്നു. അന്ധർക്കുവേണ്ടിയുള്ള ലിനക്സ് വിതരണങ്ങളിൽ ( തത്സമയ സിഡികളായി ) വിനക്സ്, അഡ്രിയാൻ നോപ്പിക്സ് എന്നിവ ഉൾപ്പെടുന്നു, രണ്ടാമത്തേത് കാഴ്ച വൈകല്യമുള്ള അഡ്രിയാൻ നോപ്പർ വികസിപ്പിച്ചെടുത്തു. മാകോസും ഐഒഎസും വോയ്‌സ് ഓവർ എന്ന ബിൽറ്റ്-ഇൻ സ്‌ക്രീൻ റീഡറുമായി വരുന്നു, അതേപോലെ ഗൂഗിൾ ടോക്ക്ബാക്ക് മിക്ക ആൺഡ്രോയിഡ് ഉപകരണങ്ങളിലും അന്തർനിർമ്മിതമാണ്.

വെബ് പ്രവേശനക്ഷമതയിലേക്കുള്ള മുന്നേറ്റം അഡാപ്റ്റീവ് ടെക്നോളജിയിലേക്ക് കൂടുതൽ വിപുലമായ വെബ്‌സൈറ്റുകൾ തുറക്കുന്നു, ഇത് കാഴ്ച വൈകല്യമുള്ള സർഫറുകൾക്കും ഉപയോഗപ്രദമായ രീതിയിൽ വെബിനെ മാറ്റുന്നു.

പരീക്ഷണാത്മക സമീപനങ്ങൾ ഒരു ക്യാമറയിൽ നിന്ന് അനിയന്ത്രിതമായ തത്സമയ കാഴ്ച നൽകുവാൻ തുടങ്ങി.

മറ്റ് സഹായങ്ങളും സാങ്കേതികതകളും

പ്രമാണം:Banknote feature.JPG
കനേഡിയൻ നോട്ടിലെ തൊട്ടുനോക്കി തിരിച്ചറിയുന്ന സവിശേഷത

അന്ധരായ ആളുകൾക്ക് സംസാരിക്കുന്ന തരത്തിലുള്ള തെർമോമീറ്ററുകൾ, വാച്ചുകൾ, ക്ലോക്കുകൾ, സ്കെയിലുകൾ, കാൽക്കുലേറ്ററുകൾ, കോമ്പസ് എന്നിവ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കാം. അതുപോലെ കാഴ്ച വൈകല്യമുള്ളവർക്ക് ഇത്തരം ഉപകരണങ്ങൾ ഉപയോഗപ്രദമാക്കുന്നതിന്, വാച്ചുകൾ, ഓവനുകൾ, തെർമോസ്റ്റാറ്റുകൾ പോലുള്ള ഉപകരണങ്ങളിൽ ഡയലുകൾ വലുതാക്കുകയോ അടയാളപ്പെടുത്തുകയോ ചെയ്യാം. ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കാൻ അന്ധർ ഉപയോഗിക്കുന്ന മറ്റ് സാങ്കേതിക വിദ്യകളിൽ ഇവ ഉൾപ്പെടുന്നു:

  • സ്‌പർശനത്തിലൂടെ മൂല്യം നിർണ്ണയിക്കാൻ കഴിയുന്ന തരത്തിൽ നാണയങ്ങളുടെയും നോട്ടുകളുടെയും അഡാപ്റ്റേഷനുകൾ. ഉദാഹരണത്തിന്:
    • യൂറോ, പൗണ്ട് സ്റ്റെർലിംഗ്, ഇന്ത്യൻ രൂപ തുടങ്ങിയ ചില കറൻസികളിൽ ഒരു നോട്ടിന്റെ വലുപ്പം അതിന്റെ മൂല്യത്തിനനുസരിച്ച് വർദ്ധിക്കുന്നു.
    • യു‌എസ് നാണയങ്ങളിൽ‌, പെന്നികളും ഡൈമുകളും, നിക്കലുകളും ക്വാർട്ടേഴ്സുകളും സമാന വലുപ്പത്തിലാണ്. വലിയ വിഭാഗങ്ങൾക്ക് (ഡൈമുകളും ക്വാർട്ടേഴ്സും) വശങ്ങളിൽ വരമ്പുകളുണ്ട് (ചരിത്രപരമായി നാണയങ്ങളിൽ നിന്ന് വിലയേറിയ ലോഹങ്ങളുടെ "ഷേവിംഗ്" തടയാൻ ഉപയോഗിക്കുന്നു), അവ ഇപ്പോൾ തിരിച്ചറിയാൻ ഉപയോഗിക്കാം.
    • ചില കറൻസി നോട്ടുകൾക്ക് വിഭാഗത്തെ സൂചിപ്പിക്കുന്നതിന് സ്പർശിക്കുന്ന സവിശേഷതയുണ്ട്. ഉദാഹരണത്തിന്, കനേഡിയൻ കറൻസി ടാക്റ്റൈൽ സവിശേഷത, ഇൻഡ്യൻ നോട്ടുകളിലെ തൊട്ടുനോക്കിയാൽ തിരിച്ചറിയാവുന്ന ചിഹ്നങ്ങൾ എന്നിവ, പക്ഷേ ഇവയൊന്നും സാധാരണ ബ്രെയ്‌ലി അല്ല. [37]
  • വസ്ത്രങ്ങളും മറ്റ് വ്യക്തിഗത ഇനങ്ങളും ലേബൽ ചെയ്യുകയും ടാഗുചെയ്യുകയും ചെയ്യുന്നു
  • ഒരു ഡിന്നർ പ്ലേറ്റിൽ വ്യത്യസ്ത സ്ഥാനങ്ങളിൽ വ്യത്യസ്ത തരം ഭക്ഷണം സ്ഥാപിക്കുന്നു
  • വീട്ടുപകരണങ്ങളുടെ നിയന്ത്രണങ്ങൾ അടയാളപ്പെടുത്തുന്നു

മിക്ക ആളുകളും, ദീർഘ നാളായി കാഴ്ചയില്ലാത്തവരായിക്കഴിഞ്ഞാൽ, വ്യക്തിഗതവും പ്രൊഫഷണലുമായ മാനേജ്മെന്റിന്റെ എല്ലാ മേഖലകളിലും അവരുടേതായ അഡാപ്റ്റീവ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു.

അന്ധർക്ക്, ബ്രെയ്‌ലി, ഓഡിയോ-ബുക്കുകൾ, ടെക്സ്റ്റ്-ടു-സ്പീച്ച് കമ്പ്യൂട്ടർ പ്രോഗ്രാമുകൾ, മെഷീനുകൾ, ഇ-ബുക്ക് റീഡറുകൾ എന്നിവയിൽ പുസ്തകങ്ങളുണ്ട് . കാഴ്ചശക്തി കുറഞ്ഞ ആളുകൾക്ക് ഈ ഉപകരണങ്ങളും വലിയ പ്രിന്റ് വായനാ സാമഗ്രികളും വലിയ ഫോണ്ട് വലുപ്പങ്ങൾ നൽകുന്ന ഇ-ബുക്ക് റീഡറുകളും ഉപയോഗിക്കാൻ കഴിയും.

കാഴ്ചയില്ലാത്ത വ്യക്തിയെ സഹായിക്കുന്ന പ്രധാന ഉപകരണങ്ങളാണ് കമ്പ്യൂട്ടറുകൾ. അവ സ്റ്റാൻഡേർഡ് അല്ലെങ്കിൽ നിർദ്ദിഷ്ട പ്രോഗ്രാമുകൾ ഉപയോഗിച്ച്, സ്‌ക്രീൻ മാഗ്‌നിഫിക്കേഷൻ, വാചകം ശബ്‌ദത്തിലേക്കോ ടച്ചിലേക്കോ (ബ്രെയ്‌ലി ലൈൻ) പരിവർത്തനം ചെയ്യാൻ അവ അനുവദിക്കുന്നു, ഇവ എല്ലാ തലത്തിലുള്ള വിഷ്വൽ ഹാൻഡിക്യാപ്പിനും ഉപയോഗപ്രദമാണ്. ഒ‌സി‌ആർ സ്കാനറുകൾ‌ക്ക് ടെക്സ്റ്റ്-ടു-സ്പീച്ച് സോഫ്റ്റ്വെയറുമായി ചേർന്ന് കമ്പ്യൂട്ടർ വഴി പുസ്തകങ്ങളുടെയും പ്രമാണങ്ങളുടെയും ഉള്ളടക്കം ഉറക്കെ വായിക്കാൻ കഴിയും. കാഴ്ച വൈകല്യമുള്ള ഉപയോക്താക്കൾക്കായി കടലാസിനെ ഇലക്ട്രോണിക് രീതിയിൽ വലുതാക്കുകയും അതിന്റെ ദൃശ്യതീവ്രതയും നിറവും മാറ്റുകയും ചെയ്യുന്ന ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷനുകളുംഉണ്ട്. കൂടുതൽ വിവരങ്ങൾക്ക്, സഹായ സാങ്കേതികവിദ്യ പരിശോധിക്കുക.

കാഴ്ചക്കുറവുള്ള മുതിർന്നവരിൽ, ഒരു രീതിയിലുള്ള വായനാ സഹായം മറ്റൊന്നിനേക്കാൾ നല്ലതാണെന്ന് പറയുന്ന തരത്തിൽ തെളിവുകളില്ല. നിരവധി പഠനങ്ങളിൽ, ഹാൻഡ് ഹെൽഡ് അല്ലെങ്കിൽ പോർട്ടബിൾ ഒപ്റ്റിക്കൽ എയ്ഡുകളേക്കാൾ വേഗത്തിൽ വായിക്കാൻ സ്റ്റാൻഡ്-മൌണ്ട് ഉപകരണങ്ങൾ അനുവദിച്ചു. [38] കുറഞ്ഞ കാഴ്ചയുള്ള ആളുകൾക്ക് ഇലക്ട്രോണിക് എയ്ഡുകൾ വേഗത്തിൽ വായിക്കാൻ അനുവദിക്കുമെങ്കിലും, പോർട്ടബിലിറ്റി, ഉപയോഗ സ ase കര്യം, താങ്ങാനാവുന്ന വില എന്നിവ ആളുകൾക്ക് പരിഗണിക്കണം.

എപ്പിഡെമോളജി

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2012 ൽ ലോകത്ത് 285 ദശലക്ഷം ആളുകൾ കാഴ്ചശക്തി കുറഞ്ഞവരാണ്, അതിൽ 246 ദശലക്ഷം പേർക്ക് കാഴ്ച വൈകല്യം ഉണ്ട്, 39 ദശലക്ഷം പേർ അന്ധരാണ്. [4]

അന്ധരായവരിൽ 90% വികസ്വര രാജ്യങ്ങളിൽ ജീവിക്കുന്നു. [39] ലോകമെമ്പാടും ഓരോ അന്ധനും അനുസരിച്ച് ശരാശരി 3.4 പേർ കാഴ്ചശക്തി കുറഞ്ഞവരുണ്ട്, രാജ്യവും പ്രാദേശിക വ്യത്യാസവും അനുസരിച്ച് ഇത് 2.4 മുതൽ 5.5 വരെ വരാം.

പ്രായം അനുസരിച്ച്: കാഴ്ച വൈകല്യങ്ങൾ പ്രായപരിധിയിലുടനീളം തുല്യമായി വിതരണം ചെയ്യപ്പെടുന്നില്ല. അന്ധരായവരിൽ 82% ത്തിൽ കൂടുതൽ 50 വയസും അതിൽ കൂടുതലും പ്രായമുള്ളവരാണ്.

ഭൂമിശാസ്ത്രമനുസരിച്ച്: കാഴ്ചവൈകല്യങ്ങൾ ലോകമെമ്പാടും ഒരേപോലെ വിതരണം ചെയ്യുന്നില്ല. ലോകത്തെ 90% ത്തിലധികം കാഴ്ചയില്ലാത്തവരും വികസ്വര രാജ്യങ്ങളിലാണ് താമസിക്കുന്നത്.

പരാമർശങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കാഴ്ച_വൈകല്യം&oldid=3822344" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്