രാജീവ് ഗാന്ധി വധം

മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി തമിഴ്‌നാട്ടില്‍ വച്ച് കൊലചെയ്യപ്പെട്ട സംഭവം

ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21 വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽ.ടി.ടി.ഇ അംഗമായ തനു എന്നും തേന്മൊഴി രാജരത്നം എന്നും അറിയപ്പെടുന്ന കലൈവാണി രാജരത്നം[1] ആത്മഹത്യാ ബോംബർ ആയി ശ്രീപെരുമ്പത്തൂരിൽ വെച്ചു കൊലപ്പെടുത്തി.[2] പതിനാലു പേർ ഈ ആക്രമണത്തിൽ കൊല്ലപ്പട്ടു. തമിഴീഴ വിടുതലൈപ്പുലികൾ എന്ന സംഘടനയായിരുന്നു രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനു പിന്നിൽ ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ എത്തിയ ഇന്ത്യൻ സമാധാനസേന അവിടെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു അവർ രാജീവിനെ കൊല്ലാൻ തീരുമാനിച്ചത് എന്നായിരുന്നു രാജീവ് ഗാന്ധി വധത്തെക്കുറിച്ചന്വേഷിച്ച് രണ്ടു കമ്മീഷനുകളും കണ്ടെത്തിയത്.

രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിൽ സ്ഥാപിച്ചിരിക്കുന്ന മൊസൈക്ക് കല്ലിൽ തീർത്ത ചിത്രം

കൊലപാതകം

വിശാഖപട്ടണത്തിലെ തിരഞ്ഞെടുപ്പ് പ്രചാരത്തിനു ശേഷം 1991 മേയ് 21-ന് ശ്രീപെരുമ്പത്തൂരിലായിരുന്നു അടുത്ത ജാഥ. മദ്രാസിൽ (ചെന്നൈ) എത്തിയ അദ്ദേഹം വാഹനമാർഗ്ഗം ശ്രീപെരുമ്പത്തൂരിലേക്കു പുറപ്പെട്ടു. മധുരവായലും പൂന്തമല്ലിയും ഉൾപ്പടെ നിരവധി പ്രചാരണ വേദികളിൽ നിർത്തുകയും പ്രസംഗിക്കുകയും ചെയ്തശേഷമാണ് അദ്ദേഹം ശ്രീപെരുമ്പത്തൂരിലെത്തുന്നത്. വേദിക്കകലെ അദ്ദേഹം കാറിൽ നിന്നിറങ്ങുകയും, വേദിക്കരികിലേക്കു നടന്നു പോകാൻ തീരുമാനിക്കുകയും ചെയ്തു. ജനങ്ങൾ നൽകിയ പൂച്ചെണ്ടുകളും, പൂമാലകളും സ്വീകരിച്ചായിരുന്നു അദ്ദേഹം വേദിക്കരികിലേക്കു നടന്നത്. 22:21 മണി ആയപ്പോൾ തനു എന്നും തേന്മൊഴി രാജരത്നം എന്നും അറിയപ്പെടുന്ന കലൈവാണി രാജരത്നം[3] അദ്ദേഹത്തിനെ സമീപിച്ച് അനുഗ്രഹം തേടാനെന്ന വ്യാജേന കാലിൽ തൊടാൻ കുനിയുകയും തന്റെ അരയിൽ സ്ഥാപിച്ചിരുന്ന ബോബ് പൊട്ടിക്കുകയും ചെയ്തു. ഗാന്ധിയോടൊപ്പം മറ്റു പതിനാലു പേർ കൂടി തുടർന്നുണ്ടായ വൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.[4]

കൊല്ലപ്പെട്ടവർ

രാജീവ് ഗാന്ധി - ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി.
ധർമൻ - പോലീസ് കോൺസ്റ്റബിൾ.
സംതാനി ബീഗം - മഹിള കോൺഗ്രസ് പ്രവർത്തക.
രാജ്ഗുരു - പോലീസ് ഇൻസ്‌പെക്ടർ.
ചന്ദ്ര - പോലീസ് കോൺസ്റ്റബിൾ.
എഡ്വേർഡ് ജോസഫ് - പോലീസ് ഇൻസ്‌പെക്ടർ.
കെ. എസ്. മുഹമ്മദ് ഇഖ്‌ബാൽ - Superintendent ഓഫ് പോലീസ് (എസ്. പി.).
ലത കണ്ണൻ - മഹിള കോൺഗ്രസ്സ് പ്രവർത്തക.
കോകിലവാണി - ലത കണ്ണന്റെ മകൾ. സ്‌കൂൾ വിദ്യാർത്ഥിനി.
മുനിസ്വാമി - തമിഴ്‌നാട് ലെജിസ്ലേറ്റീവ് കൗൺസിലിലെ മുൻ അംഗം.[5][6]
സരോജ ദേവി - കോളജ് വിദ്യാർത്ഥിനി.[7][8]
പ്രദീപ് കുമാർ ഗുപ്ത - രാജീവ് ഗാന്ധിയുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫിസർ.

സുരക്ഷാ വീഴ്ച

താൻ വീണ്ടും അധികാരത്തിലെത്തിയാൽ ശ്രീലങ്കയിൽ സമാധാനം പുനസ്ഥാപിക്കാൻ വീണ്ടും സമാധാന സംരക്ഷണ സേനയെ അയക്കുമെന്ന് 1990 ഓഗസ്റ്റ് 21 ന് സൺഡേ മാസികക്കു നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പ്രസ്താവിച്ചിരുന്നു. ഇതുകൊണ്ടാണ്, രാജീവ് ഗാന്ധിയെ വധിക്കാൻ തമിഴീഴ വിടുതലൈപ്പുലികൾ തീരുമാനിച്ചതെന്ന് കേസിന്റെ വിചാരണവേളയിൽ സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി. ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധിക്കായി ഏർപ്പെടുത്തിയ സുരക്ഷാനടപടികൾ തികച്ചും തൃപ്തികരമായിരുന്നുവെന്നും, എന്നാൽ പ്രാദേശിക കോൺഗ്രസ്സ് നേതാക്കളുടെ ചില ഇടപെടലുകൾ സുരക്ഷാ വീഴ്ചകൾ ഉണ്ടാക്കി എന്നും ഇതേക്കുറിച്ചന്വേഷിച്ച ജസ്റ്റീസ്. ജെ.എസ് വർമ്മ കമ്മീഷൻ കണ്ടെത്തി. തമിഴ്നാടു സന്ദർശനത്തിനിടെ രാജീവിന്റെ ജീവനു ഭീഷണിയുണ്ടായേക്കാമെന്ന് അദ്ദേഹത്തിനു നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നു. തമിഴ്നാടു ഗവർണറായിരുന്ന ഭീഷ്മ നാരായൺ സിങ്, രാജീവ് ഗാന്ധിയുടെ ജീവനു നേരേയുള്ള ഭീഷണിയെക്കുറിച്ച് അദ്ദേഹത്തെ മുൻകൂട്ടി അറിയിച്ചിരുന്നു.[9]

അന്വേഷണം

പിന്നീട് അധികാരത്തിലെത്തിയ ചന്ദ്രശേഖർ സർക്കാർ അന്വേഷണം സി.ബി.ഐ ക്കു വിടുകയുണ്ടായി. ഡി.ആർ. കാർത്തികേയന്റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്. കൊലപാതകത്തിന്റെ ആസൂത്രണവും നടത്തിപ്പും എൽ.ടി.ടി.ഇ ആണെന്നു അന്വേഷണ സംഘം കണ്ടെത്തി.[10] സുപ്രീം കോടതി ഈ കണ്ടെത്തൽ സ്ഥിരീകരിക്കുകയും ചെയ്തു.[11]

രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ദ്രാവിഡ മുന്നേറ്റ കഴകം എന്ന സംഘടന പുലികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തുവെന്ന് ഇതിനെക്കുറിച്ചന്വേഷിച്ച് മിലാപ് ചന്ദ് ജെയിന്റെ ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. സുബ്രഹ്മണ്യൻ സ്വാമിയുടെ വിദേശ ബന്ധങ്ങളെക്കുറിച്ചന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശചെയ്തിരിക്കുന്നു. 1991 മേയ് 21 ന് മുൻകൂട്ടി തയ്യാറാക്കിയ ഒരു പരിപാടി ഡൽഹിയിലുണ്ടായിരുന്നിട്ടും, അതു റദ്ദാക്കി സുബ്രഹ്മണ്യൻ സ്വാമി തന്റെ സഹപ്രവർത്തകരെ ആരേയും അറിയിക്കാതെ മദ്രാസിൽ തങ്ങിയത് സംശയാസ്പദമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചിരുന്നു.[12]

ശിക്ഷ

ടാഡാ നിയമപ്രകാരമ 26 പേർ കുറ്റക്കാരെന്നു കണ്ടെത്തുകയും പ്രത്യേക കോടതി എല്ലാവർക്കും വധശിക്ഷ വിധിക്കുകയും ചെയ്തു.[13][14] രാജ്യത്തെ നിയമവിദഗ്ദരെ ഞെട്ടിച്ച ഒരു വിധിയായിരുന്നു ഇത്. കുറ്റാരോപിതർക്ക് സ്വതന്ത്ര വിചാരണ ലഭ്യമായില്ലെന്നു കാണിച്ച് മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി. ടാഡാ നിയമത്തിനുള്ളിൽ വരുന്ന കുറ്റകൃത്യങ്ങളുടെ ശിക്ഷാവിധിയിൽ പ്രതികൾക്ക് സുപ്രീം കോടതിയിൽ മാത്രമേ അപ്പീൽ നൽകാൻ അനുവാദമുള്ളു.[15] കുറ്റവാളികൾ പോലീസുദ്യോഗസ്ഥരുടെ മുന്നിൽ നടത്തിയ കുറ്റസമ്മതം ആയിരുന്നു ഈ വിധിയിൽ കോടതി പ്രധാനമായും ആശ്രയിച്ചത്. തങ്ങളെക്കൊണ്ട് ബലാാൽക്കാരമായി മൊഴിയിൽ ഒപ്പു ചാർത്തിക്കുകയായിരുന്നുവെന്ന് പ്രതികൾ പിന്നീട് കോടതിയിൽ ബോധിപ്പിച്ചിരുന്നു.[16]

എന്നാൽ 1999 മേയ് 11-ന് ഇന്ത്യൻ സുപ്രീം കോടതി നാലു പേർക്കു മാത്രമായി വധശിക്ഷ ശരി വയ്ചു, മറ്റുള്ളവർക്ക് വിവിധ കാലയളവിലുള്ള ജയിൽ വാസവും വിധിച്ചു[17]

സൂത്രധാരർ

2006 വരെ എൽ.ടി.ടി വധത്തിന്റെ ഉത്തരവദിത്ത്വം ഏറ്റെടുത്തില്ല. 2006-ൽ എൽ.ടി.ടി സമാധാന മധ്യസ്ഥൻ ആന്റണി ബാലസിൻഗ്ഗം രാജിവ് ഗാന്ധി വധത്തിൽ ഖേദിക്കുന്നതായി സ്വകാര്യ ഇന്ത്യൻ ടെലിവിഷൻ ചാനലിനുള്ള അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.[18] ഇരുപതു വർഷങ്ങൾക്കു ശേഷം 2010 ഡിസംബർ 13-ന് മുൻ എൽ.ടി.ടി പ്രവർത്തകനും ഇപ്പോളത്തെ ശ്രീലങ്കൻ മന്ത്രിയുമായ കേണൽ കരുണ എന്നറിയപ്പെടുന്ന വിനായകമൂർത്തി മുരളീധരൻ കുറ്റസമ്മതം നടത്തുകയുണ്ടായി.

വിവാദങ്ങൾ

  • മുൻ ഇന്റലിജൻസ് മേധാവിയും, ബംഗാൾ ഗവർണറുമായിരുന്ന എം.കെ.നാരായണന് രാജീവ് ഗാന്ധിയുടെ കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, അദ്ദേഹം തെളിവുകൾ മൂടിവെക്കാൻ ശ്രമിച്ചുവെന്നും, ആദ്യം കേസന്വേഷിച്ച സി.ബി.ഐ സംഘത്തലവൻ കെ. രാഗോത്തമൻ തന്റെ പുസ്തകമായ കോൺസ്പിറസി ടു കിൽ രാജീവ് ഗാന്ധി, ഫ്രം സി.ബി.ഐ ഫയൽസ് എന്ന പുസ്തകത്തിൽ പരാമർശിച്ചിരുന്നു.[19][20] സി.ബി.ഐ പ്രത്യേകാന്വേഷണ സംഘം മേധാവി ഡി.ആർ.കാർത്തികേയൻ ഈ കേസ് തള്ളിക്കളയുകയായിരുന്നു.
  • ചന്ദ്രസ്വാമിക്ക് രാജീവ് ഗാന്ധി വധത്തിൽ പങ്കുണ്ടെന്നും, കൊലപാതകികൾക്ക് സ്വാമി സാമ്പത്തികമായി സഹായങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ടെന്നും ജയിൻ കമ്മീഷൻ കണ്ടെത്തിയിരുന്നു.[21]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=രാജീവ്_ഗാന്ധി_വധം&oldid=3982188" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്