ശ്രീനാരായണഗുരു

കേരളത്തിലെ സാമൂഹിക പരിഷ്കർത്താവും, നവോത്ഥാനനായകനും

ഇന്ത്യയിലെ കേരളത്തിൽ നിന്നുള്ള തത്വചിന്തകനും ഹൈന്ദവ സന്യാസിയും കേരള നവോത്ഥാന ചരിത്രത്തിലെ ഒരു സാമൂഹ്യ പരിഷ്കർത്താവും ആയിരുന്നു ശ്രീനാരായണഗുരു (1856-1928). ഒരു ജാതി ഒരു മതം ഒരു ദൈവം എല്ലാം ഒരു മനുഷ്യൻ മാത്രം അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം എന്നുള്ളതും ആയിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിക്കുന്നതിൽ പങ്കു വഹിച്ചു.[1] ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഒരു സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു.വിവേകം താനേ വരില്ല, യത്നിക്കാൻ ധാരാളം വായിക്കണം എന്ന് പഠിപ്പിച്ചു ഗുരു. മടിയൻമാരായാൽ നീതിക്കു നിരകാത്തതു ചെയ്യും എന്ന് ഓർക്കുന്നു.

താഴ്ന്ന ജാതിയിൽപ്പെട്ടവർക്കുൾപ്പെടെ ദൈവാരാധന നടത്തുവാനായി, ശ്രീനാരായണഗുരു കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലുമായി ഏതാണ്ട് നാൽപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു.[2]രണ്ടുതവണ ശ്രീലങ്ക സന്ദർശിക്കുകയും അവിടെ ക്ഷേത്ര പ്രതിഷ്ഠ നടത്തുകയും ചെയ്തു. തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായ് ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു.[3] മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം. 1916-ൽ ജാതിയില്ലാ വിളംബരത്തിലൂടെ താൻ ഒരു ജാതിയുടെയും മതത്തിന്റെയും വക്താവായ ആളല്ലെന്നും താൻ ജാതിയും മതവും ഓഭക്ഷവും സംവത്സരങ്ങൾ കഴിഞ്ഞുവെന്നും ഗുരു വ്യക്തമാക്കി.

പശ്ചാത്തലം

ഏകദേശം ഏട്ടാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളത്തിലെ സമൂഹത്തെ സവർണർ, അവർണർ എന്നീ രണ്ടു വിഭാഗങ്ങളായി മാറ്റി നിർത്തിയിരുന്നു. ബ്രാഹ്മണർ, ക്ഷത്രിയർ, അന്തരാളർ, ജാതിമാത്രർ, അമ്പലവാസികൾ, സങ്കരവർണ്ണക്കാർ, ശൂദ്രർ (പാരമ്പര്യകുലത്തൊഴിൽ ഉള്ള എല്ലാ നായർ വിഭാഗവും) എന്നിവർ സവർണ്ണരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ബാക്കി ഹിന്ദു ജനവിഭാഗത്തെ അവർണരായും ഗണിച്ചിരുന്നു. ഇവരിൽ കുലത്തൊഴിൽ ചെയ്തിരുന്ന ചില വിഭാഗങ്ങളെ (കണിയാർ, കമ്മാളർ അഥവാ വിശ്വകർമജൻ തുടങ്ങിയവ) രണ്ടു ഗണങ്ങൾക്കും അത്യന്താപേക്ഷിതമായും കണ്ടിരുന്നു.

മനുഷ്യരെ എല്ലാവരേയും ഒരേ പോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അക്കാലത്ത്. ഇതിനു പ്രധാനകാരണം ജാതീയമായ ഉച്ചനീചത്വങ്ങളും അതിനോടുബന്ധപ്പെട്ട തീണ്ടൽ, തൊടീൽ മുതലായ അനാചാരങ്ങളും ആയിരുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ ബ്രാഹ്മണർ ക്ഷത്രിയരടക്കമുള്ള നായർ, അമ്പലവാസി, ശൂദ്രനായർ, വെള്ളാളർ തുടങ്ങിയവർ സവർണ്ണർ എന്നും കമ്മാളർ ,ഗണകർ തുടങ്ങി ചിലവർ രണ്ടിലും ചേരാത്തതായും ഈഴവർ അതിനു താഴെ നായാടി വരെയുള്ളവർ അവർണ്ണരെന്നും തരം തിരിച്ചിരുന്നു. ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇവർക്ക് നിഷിദ്ധമായിരുന്നു. അഞ്ചുരൂപ മാസശമ്പളം വാങ്ങുന്ന ഒരൊറ്റ ഈഴവനും അക്കാലത്ത് സർക്കാർ ജോലിയിൽ ഉണ്ടായിരുന്നില്ല. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച അവർണ്ണ ജാതിക്കാർ (ഡോ പല്പുവും മറ്റും) ഈ ശാഠ്യത്തിന്റെ ഇരകളായിത്തീർ‌ന്നു. (ഡോ. പൽപ്പു ഈഴവനായതുകൊണ്ട് മാത്രം അദ്ദേഹത്തിന് ട്രാവൻകൂർ മെഡിക്കൽ കോളേജിൽ അഡ്മിഷൻ നിഷേധിച്ചു. അദ്ദേഹം മദ്രാസിൽ മെഡിസിന് പഠിക്കുകയും ശേഷം ക്യാംബ്രിഡ്‌ജ് യൂണിവേഴ്സിറ്റി ലണ്ടനിൽ ഉപരിപഠനം നടത്തുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ ഡോക്ടർക്ക് പക്ഷെ തിരുവിതാംകൂർ മഹാരാജ്യത്ത് പ്രാക്ടീസ് ചെയ്യാൻ ജാതീയത അനുവദിച്ചില്ല. അദ്ദേഹം ബ്രിട്ടീഷ് മൈസൂരിലാണ് പ്രാക്ടീസ് ചെയ്തത്) ബ്രാഹ്മണർ ജന്മികളായിത്തീരുകയും കർഷകരായ അവർണ്ണ ജാതിക്കാർക്ക് ഭൂമി പാട്ടത്തിനു നൽകി വിളവ് കൊള്ളയടിക്കുകയും അടിമ വേല ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. അവർണ്ണരെ അടിമകളാക്കി വക്കുന്ന തരം ജന്മി-കുടിയാൻ വ്യവസ്ഥകൾ അക്കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നു. ഇതൊന്നും പോരാതെ സാമൂഹ്യമായ മർദ്ദനങ്ങളെ അതിക്രമിക്കും വിധമായിരുന്നു അവർണ്ണ ജാതിക്കാരുടെ മേൽ നടത്തിയിരുന്ന സാമ്പത്തിക ചൂഷണങ്ങൾ. അടിക്കടിയുള്ള യുദ്ധങ്ങൾ കൊണ്ട് ഖജനാവ് ശോഷിച്ചപ്പോൾ പതിനാറിനും നാല്പതിനും ഇടക്കു പ്രായമുള്ള അവർണ്ണരിൽ നിന്നും തലയെണ്ണി നികുതി ചുമത്തി. ഇതിനു തലവരി എന്നാണ് പറഞ്ഞിരുന്നത്. കൂടാതെ വീടുമേയുക, മീൻപിടിക്കുക, എണ്ണയാട്ടുക, കള്ളുചെത്തുക തുടങ്ങിയ എല്ലാ തൊഴിലുകൾക്കും നികുതി ഏർപ്പെടുത്തിയിരുന്നു. അവർണ്ണർക്ക് ഏർപ്പെടുത്തിയിരുന്ന ശിക്ഷകൾ അതിക്രൂരമായിരുന്നു. ചെറിയ കുറ്റങ്ങൾക്കുപോലും അവയവങ്ങൾ മുറിച്ചു കളഞ്ഞിരുന്നു. ചിത്രവധം അക്കാലത്ത് നടപ്പിലിരുന്ന ഏറ്റവും ക്രൂരമായ ശിക്ഷാവിധിയായിരുന്നു. പൃഷ്ഠത്തിൽ നിന്നും കമ്പിയടിച്ചുകയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്നതിനാണ് ചിത്രവധം എന്നു പറഞ്ഞിരുന്നത്. രണ്ടും മൂന്നും ദിവസം അവർ അങ്ങനെ കിടന്നു അന്ത്യശ്വാസം വലിക്കും.

ജനനം, ബാല്യം

തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമപ്രദേശമായ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ കൊല്ലവർഷം 1032 ചിങ്ങം 5നാണ് ശ്രീനാരായണഗുരു ജനിച്ചത്. [4] ക്രിസ്തുവർഷം 1856 ഓഗസ്റ്റ് മാസം 20ന്[5], ചതയം നക്ഷത്രത്തിൽ. വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത്. അദ്ദേഹത്തിന്റെ പിതാവ്, കൊച്ചുവിളയിൽ മാടൻ സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്.

മൂന്നു സഹോദരിമാരുണ്ടായിരുന്നു ഗുരുദേവന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം നായന്മാർക്കും ഈഴവന്മാർക്കും അവകാശപ്പെട്ടതായിരുന്നു.

നാണുവിന്റെ പതിനഞ്ചാമത്തെ വയസ്സിൽ അമ്മ മരിച്ചു , തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. ചെറുപ്പത്തിലേ കാർഷികവൃത്തിയിൽ നാണു തൽപ്പരനായിരുന്നു.

ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്‌ പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌‌വ്യാപാരിയുടെ സഹായത്താൽ തമിഴിലെ പ്രാചീന കൃതികളായ തൊൽകാപ്പിയം, മണിമേഖല, തിരുക്കുറൾ, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി.

വിദ്യാഭ്യാസം

മണയ്ക്കൽ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു നാണുവിനെ എഴുത്തിനിരുത്തിയത്. ഗുരുമുഖത്തു നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവൻ കൃഷ്ണൻവൈദ്യന്റേയും ശിക്ഷണത്തിൽ വീട്ടിലിരുന്നും അറിവു നേടുന്നുണ്ടായിരുന്നു. എട്ടു വീട്ടിൽ മൂത്ത പിള്ളയിൽ നിന്ന് നാണു സിദ്ധരൂപം, ബാലപ്രബോധനം, അമരകോശം എന്നീ പുസ്തകങ്ങളിലും അറിവ് നേടി. കൂടാതെ തമിഴ്, സംസ്കൃതം, മലയാളം എന്നീ ഭാഷകളിലും പാണ്ഡിത്യം നേടി. പിതാവായ മാടനാശാനിൽ നിന്നും അമ്മാവനായ കൃഷ്ണൻ വൈദ്യനിൽ നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ബാലപ്രബോധനം, സിദ്ധരൂപം, അമരകോശം തുടങ്ങി പാരമ്പര്യരൂപത്തിലുള്ള പഠനം നാണു സ്വായത്തമാക്കി. മാടനാശാനും അമ്മാവൻ കൃഷ്ണൻ വൈദ്യനും കൂടി ഉപരിപഠനത്തിനായി നാണുവിനെ കായംകുളത്തുള്ള രാമൻപിള്ള ആശാന്റെ അടുക്കൽ കൊണ്ടുചെന്നാക്കി. ഈഴവവിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നതിനാൽ അദ്ദേഹത്തിനടുത്ത് സവർണ്ണവിദ്യാർത്ഥികൾ ധാരാളമായി ഉണ്ടായിരുന്നില്ല. അലങ്കാരം, തർക്കം, വേദാന്തം, വ്യാകരണം തുടങ്ങിയ ശാസ്ത്രവിഷയങ്ങളിലേക്ക് അധ്യയനം നീണ്ടപ്പോഴും മറ്റുള്ളവരെ പ്രസ്തുത ശാസ്ത്രഭാഗങ്ങൾ ആശാൻ പഠിപ്പിച്ചിരുന്നത് ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുള്ള നാണുവിനു ആ ഭാഗങ്ങളൊക്കെ എളുപ്പത്തിൽ പഠിച്ചു തീർക്കാൻ കഴിഞ്ഞു.

22 വയസ്സായപ്പോൾ (1878) നാണുവിനെ തുടർന്നു പഠിക്കുവനായി കായംകുളത്തുള്ള പണ്ഡിതനായ കുമ്മമ്പള്ളിൽ രാമൻപിള്ള ആശാന്റെ അടുത്തേക്ക് അയച്ചു. വെളുത്തേരിൽ കേശവൻ വൈദ്യൻ, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ, ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ നസറത്ത്, മങ്ങാട്ട് വരമ്പെൽ ഔസെഫ്, തയ്യിൽ കൊച്ചുനാണുപിള്ള എന്നിവർ അന്നത്തെ സഹപാഠികളായിരുന്നു. കായംകുളത്തുള്ള പ്രസിദ്ധമായ വാരണപ്പള്ളിൽ എന്ന വീട്ടിലായിരുന്നു നാണു താമസിച്ചിരുന്നത്. സംസ്കൃതഭാഷ, പദ്യസാഹിത്യം, നാടകം,സാഹിത്യവിമർശനം, തർക്കശാസ്ത്രം എന്നീ വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്. രണ്ടു വർഷങ്ങൾ കൊണ്ടു തന്നെ അദ്ദേഹം വിദ്യകൾ എല്ലാം സ്വായത്തമാക്കി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. ഗ്രാമത്തിൽ തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയിൽ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആരംഭിച്ചു. അദ്ധ്യാപകവൃത്തി അദ്ദേഹത്തിനു നാണുവാശാൻ എന്ന പേരു നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടർന്നു, സമീപപ്രദേശങ്ങളിൽ അദ്ദേഹം കാൽനടയായി യാത്രചെയ്തു് പ്രസംഗിച്ചും തൻറെ കവിതകൾ ചൊല്ലിയും ജനങ്ങളിൽ തത്വചിന്തയും, സമഭാവനയും വളർത്താനും ശ്രമിച്ചു.

വിവാഹം

സഹോദരിമാരുടെ നിർബന്ധപ്രകാരം പിതാവിന്റെ ഭാഗിനേയിയുമായി വിവാഹം കഴിക്കേണ്ടി വന്നു. സഹോദരിമാർപോയി നാണുവിനു വേണ്ടി പുടവയും കെട്ടുതാലിയും കൊടുത്ത് വധുവിനെയും കൂട്ടി വീട്ടിലെത്തി . ഭാര്യാഭർത്തൃബന്ധം അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല, ഇക്കാരണത്താൽ ആ ബന്ധം താമസിയാതെ ഒഴിഞ്ഞു പോകുകയായിരുന്നു.

സന്ന്യാസം

1885-ൽ പിതാവ് മരിച്ചതിനു ശേഷം ഗ്രാമങ്ങളിൽ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി. കടൽത്തീരത്തും മലകളിലും പോയിരുന്നു ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയിൽ അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി കൃഷ്ണൻ വൈദ്യരുടെ വീട്ടിൽ വച്ചു് കുഞ്ഞൻപിള്ളയുമായി പരിചയപ്പെട്ടു. ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികൾ. കുഞ്ഞൻപിള്ള നാണുവിനെ തൈക്കാട് അയ്യാവു് എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗി തൈക്കാട് അയ്യാവിന്റെ കീഴിൽ നാണുവാശാൻ ഹഠയോഗം മുതലായ വിദ്യകൾ അഭ്യസിച്ചു. പിന്നീട് അദ്ദേഹം ദേശാടനം തുടങ്ങി. മങ്ങാട്ട് വരമ്പെൽ ഔസെഫും ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ നസറത്തും സഹപാഠികളായതിനാൽ അവരെയും ഗുരു ഹഠയോഗം അഭ്യസിപ്പിച്ചിരുന്നു. അഷ്ടമുടി കായലിന്റെ തീരപ്രദേശമായ കണ്ടച്ചിറയിലും മുട്ടത്തുമൂലയിലുമായിരുന്നു രണ്ടു പഠന കളരികൾ.

അരുവിപ്പുറം പ്രതിഷ്ഠ

അരുവിപ്പുറം ക്ഷേത്രം

സത്യാന്വേഷണത്തോടുള്ള തൃഷ്ണയിൽ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരുദേവൻ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാൽ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകൾ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യൻമാർക്കും വൈകാതെ ബോധ്യമായി. 1888 മാർച്ച് മാസത്തിൽ ശിവരാത്രിനാളിൽ ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ഒരു ശിവപ്രതിഷ്ഠ നടത്തി.[6][7] അരുവിപ്പുറത്ത് നെയ്യാറിനുതീരത്തെ ഗുഹയിൽ ഏറെനേരത്തെ ധ്യാനത്തിനുശേഷമാണ് അദ്ദേഹം പ്രതിഷ്ഠ നടത്തിയത്. നെയ്യാറിൽ ശങ്കരൻകുഴിയിൽനിന്ന് മുങ്ങിയെടുത്ത വലിയ കല്ലാണ് അദ്ദേഹം ശിവപ്രതിഷ്ഠയ്ക്കായി ഉപയോഗിച്ചത്. [8] താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവൻ നടത്തിയത്.[9]ഈ പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്.[10] പൌരോഹിത്യത്തെ ചട്ടമ്പിസ്വാമി സൈദ്ധാന്തികമായി നേരിട്ടപ്പോൾ അതിന് പ്രായോഗികഭാഷ്യം ചമയ്ക്കുകയായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരു. ബ്രാഹ്മണനല്ലാത്ത ഒരാൾ ദൈവപ്രതിഷ്ഠ നടത്തുന്നത് ആദ്യമായിരുന്നു. പൌരോഹിത്യത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുകയാണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ചെയ്തത്. കല്ലിലോ ലോഹങ്ങളിലോ മറ്റാരെങ്കിലും നിർമിച്ച സുന്ദരശിൽപ്പങ്ങളായിരുന്നു ബ്രാഹ്മണപുരോഹിതർ അന്നുവരെ പ്രതിഷ്ഠിച്ചത്. അതിനുപകരം പ്രകൃതിതന്നെ മിനുക്കിയെടുത്ത കല്ല് പുഴയിൽനിന്ന് മുങ്ങിയെടുത്ത് പ്രതിഷ്ഠിക്കുകവഴി ആരാധനാസങ്കൽപ്പങ്ങളെ അദ്ദേഹം പൊളിച്ചെഴുതി. ശിൽപ്പിയോ പൂജാരിയോ ആവശ്യമില്ലെന്നും ആർക്കും പ്രതിഷ്ഠനടത്താം, ആരാധിക്കാം എന്ന് അദ്ദേഹം ഇതിലൂടെ പ്രഖ്യാപിച്ചു.[11]

ജാതിനിർണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.

ശിവഗിരി

1904ൽ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു. ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വർക്കലയിൽ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു, തൃശ്ശൂർ, കണ്ണൂർ, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം, എന്നിവിടങ്ങളിൽ അമ്പലങ്ങൾ നിർമ്മിച്ചു. 1912-ൽ ശിവഗിരിയിൽ ഒരു ശാരദാദേവിക്ഷേത്രവും നിർമ്മിച്ചു.

1913-ൽ ആലുവയിൽ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു. അദ്വൈത ആശ്രമം എന്നായിരുന്നു അതിന്റെ പേര്. “ഓം സാഹോദര്യം സർവത്ര” എന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരുന്നു അദ്വൈത ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംരംഭമാണ് ഈ ആശ്രമം. ദൈവത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

1918 - 1923 കാലഘട്ടങ്ങളിൽ അദ്ദേഹം ശ്രീലങ്ക സന്ദർശിക്കുകയുണ്ടായി. വിവിധ മതവിശ്വാസങ്ങളെപ്പറ്റി പഠിക്കാൻ ഒരു ബ്രഹ്മവിദ്യാലയം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവിന് അനേകം അനുയായികളും ശിഷ്യന്മാരും ഉണ്ടായിരുന്നു. അവരിൽ ശ്രദ്ധേയനായ ആളാണ് നടരാജഗുരു. ഇദ്ദേഹമാണ് 1923 - ൽ നാരായണഗുരുവിന്റെ അനുഗ്രഹത്തോടെ നീലഗിരിയിലെ നാരായണ ഗുരുകുലം സ്ഥാപിച്ചത്.

ഗുരു ദർശനങ്ങൾ

ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ്‌ ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതിലക്ഷണം, ജാതിനിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു. എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ്‌ ഗുരു അനുശാസിച്ചത്. തന്റെ മതദർശനത്തെ "ഏകമതം" എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തിൽ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. [13] അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ്‌ പരമപ്രധാനം. ഈശ്വരന്‌ അവിടെ താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാർത്ഥമാണ്‌ ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാൽ തന്നെ അത് മിഥ്യയുമാണ്‌. എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ്‌ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രയങ്ങളും. എന്നാൽ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ്‌ വിവക്ഷിച്ചത്.

സാഹിത്യസംഭാവനകൾ

ശ്രീനാരായണഗുരുവിനെ ഒരു മതപരിഷ്കർത്താവ്, സമുദായോദ്ധാരകൻ, എന്നീ നിലകളിലാണ് കൂടുതൽ പേരും അറിയുന്നത്. ഒരു കവി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്. ദർശനമാല തുടങ്ങി സംസ്കൃതത്തിലും, ആത്മോപദേശശതകം തുടങ്ങി മലയാളത്തിലുമായി അനേകം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

സ്മാരകങ്ങൾ

  • ആദ്യമായി ഭാരതീയ തപാൽ മുദ്രണത്തിൽ പ്രത്യക്ഷപ്പെട്ട കേരളീയൻ ശ്രീനാരായണഗുരുവാണ്‌.[14][15]
  • രൂപാ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വ്യക്തിയും അദ്ദേഹമാണ്‌.[16]

പ്രധാന സംഭവങ്ങൾ

ക്ഷേത്രപ്രതിഷ്ഠകൾ

ശ്രീനാരായണഗുരു മഹാസമാധിമന്ദിരം, ശിവഗിരി

1921ജനുവരി 21|| വൈക്കം ചെമ്മനത്തുകര ശ്രീ നാരായണേശ്വരപുരംസുബ്രഹ്മണ്യ ക്ഷേത്രം (വേൽ പ്രതിഷ്ഠ )

എസ്.എൻ.ഡി.പി

അരുവിപ്പുറം ക്ഷേത്രത്തെ കേന്ദ്രീകരിച്ച് അവിടത്തെ ഭക്തജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മുൻപേ നടന്നുവന്നിരുന്ന വാവൂട്ടുയോഗം 1899-ൽ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരിൽ പിന്നീട് പുനഃസംഘടിപ്പിക്കപ്പെട്ടു. ഇത് പിന്നീട് 1903 ജനുവരി 7-ന് നാരായണഗുരു പ്രസിഡണ്ടും കുമാരനാശാൻ ജനറൽ സെക്രട്ടറിയുമായി രൂപംകൊണ്ട ശ്രീനാരായണ ധർമപരിപാലന (എസ് എൻ ഡി പി) യോഗമായി മാറി. ഈ സംഘടനയെ മാതൃകാപരമായ ഒരു ജാതിമതാതീത സംഘടനയായി വളർത്തിക്കൊണ്ടുവരികയും സമൂഹത്തെ സർവതോമുഖമായ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ആദ്യത്തെ ഏതാനും വർഷങ്ങളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയി. എന്നാൽ യോഗം നേതാക്കളിൽ പലരും അവസരോചിതമായി ഉയർന്നുചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാത്തതുമൂലം യോഗവും ഗുരുവും തമ്മിലുള്ള ബന്ധത്തിൽ ക്രമേണ വിടവ് അനുഭവപ്പെട്ടു. തന്റെ ദർശനത്തിന്റെ കാതലായ ഏകജാതിസന്ദേശം താൻ കെട്ടിപ്പടുത്ത സംഘത്തെപ്പോലും ബോധ്യപ്പെടുത്താനാവാത്തതിൽ അദ്ദേഹം ദുഃഖിതനായി. ഒടുവിൽ, 1916 മേയ് 22-ന് നാരായണഗുരു എസ് എൻ ഡി പി യോഗവുമായി തനിക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി കാണിച്ചുകൊണ്ട് ഡോക്ടർ പൽ‌പ്പുവിന് അദ്ദേഹം ഇപ്രകാരം കത്തെഴുതി:

ടാഗോറിന്റെ സന്ദർശനം

ശിവഗിരിയിൽ ഗുരുദേവന്റെ വിശ്രമ സ്ഥലമാ

യ വൈദിക മഠത്തിൽ 1922 നവംബർ 15 ന് വൈകിട്ട് 4 മണിക്കാണ് രവീന്ദ്രനാഥ ടാഗോർ എത്തിയത്.[18] അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച വിശ്വഭാരതി സർവകലാശാലയുടെ ധനശേഖരണാർത്ഥം നടത്തിയ ഭാരത പര്യടനത്തിന്റെ ഭാഗമായിട്ടായിരുന്നു കേരള സന്ദർശനം.[18] തിരുവിതാംകൂർ മഹാരാജാവിന്റെ ക്ഷണപ്രകാരം തിരുവനന്തപുരത്തെത്തിയ ടാഗോറിനെ ശിവഗിരിലേക്ക് ക്ഷണിക്കുന്നത് ഡോ. പല്പു ആയിരുന്നു.[18][19] ടാഗോറിനെ കണ്ട ഗുരു സംഭാഷണം സംസ്‌കൃതത്തിലാകാമെന്ന് ടാഗോറിനോട് പറഞ്ഞപ്പോൾ തനിക്ക് ബംഗാളി കലർന്ന സംസ്‌കൃതമേ അറിയൂവെന്ന് പറഞ്ഞതോടെ ദ്വിഭാഷിയായി കുമാരനാശാൻ വന്നു. ഗുരുവിന്റെ കാഴ്ചപ്പാടുകൾ ടാഗോർ ചോദിച്ചറിഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം ടാഗോർ സന്ദർശന ഡയറിയിൽ 'ശ്രീനാരായണ ഗുരുവിനേക്കാൾ മികച്ചതോ ഗുരുവിനു തുല്യനോ ആയ ഒരു മഹാത്മാവിനെയും ഞാനിതുവരെ കണ്ടിട്ടില്ല. ചക്രവാളസീമയ്ക്ക് അപ്പുറത്തേക്കു നീണ്ടിരിക്കുന്ന ആ യോഗനയനങ്ങളും ഈശ്വരചൈതന്യം നിറഞ്ഞ് സ്വയം പ്രകാശമാനമായ ദ്യുതിയാൽ പ്രശോഭിക്കുന്ന തിരുമുഖവും ഞാനൊരു കാലത്തും മറക്കുകയില്ല' എന്ന് കുറിച്ചു.[19] 'ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു. ആ ചൈതന്യമൂർത്തി ഇന്ത്യയുടെ തെക്കേ അറ്റത്തു വിജയിച്ചരുളുന്ന ശ്രീനാരായണ ഗുരുവല്ലാതെ മറ്റാരുമല്ല' എന്നായിരുന്നു സി.എഫ്.ആൻഡ്രൂസ് കുറിച്ചത്.[19]

മഹാത്മാ ഗാന്ധിയുടെ സന്ദർശനം

1925 മാർച്ച് 12നു മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും ശിവഗിരിയിൽ ഗാന്ധി ആശ്രമം എന്നു പിന്നീട് അറിയപ്പെട്ട, എ.കെ.ഗോവിന്ദദാസിന്റെ കെട്ടിടത്തിൽ വെച്ച് സംഭാഷണം നടത്തി.[20] എൻ.കുമാരനായിരുന്നു പരിഭാഷകൻ. വൈക്കം സത്യഗ്രഹം, അക്രമരാഹിത്യം, മതം, പിന്നാക്കക്കാരുടെ ഉന്നമനത്തിനുള്ള മാർഗം തുടങ്ങിയവയെപ്പറ്റിയുള്ള ചർച്ചയിൽ ഗാന്ധിജി വർണവ്യവസ്ഥയെ അനുകൂലിച്ചപ്പോൾ ഗുരു, ജാതി വ്യവസ്ഥ ഇല്ലാതാക്കണമെന്ന് വാദിച്ചു.

ഗാന്ധിജിക്കു വേണ്ടി പ്രാർഥന

1924 സെപ്റ്റംബർ 27ന് വൈക്കം സത്യഗ്രഹസ്ഥലം സന്ദർശിച്ച ശ്രീനാരായണഗുരു 28 ന് മഹാത്മാഗാന്ധിയുടെ ദീർഘായുസ്സിനു വേണ്ടി പ്രാർഥിച്ചിരുന്നു.[20] ആൾക്കൂട്ടത്തിനിടയിൽ പരസ്യമായി ഗുരു പ്രാർഥിച്ചത് അപൂർവമാണെന്ന് ജീവചരിത്രകാരൻ കോട്ടുകോയിക്കൽ വേലായുധൻ എഴുതുന്നു.[20]

മരണം

ശിവഗിരിയിൽ വച്ചാണ് ശ്രീനാരായണഗുരു സമാധിയായത്[21]. അജീർണ്ണവും പ്രോസ്റ്റേറ്റ് വീക്കവുമായിരുന്നു ദേഹവിയോഗകാരണം. തന്നെ ചികിത്സിക്കാനെത്തിയ അന്നത്തെ കാലത്തെ മഹാവൈദ്യന്മാരോടും ശിഷ്യന്മാരോടും ഗുരു മുൻകൂട്ടി തന്റെ സമാധി അടുത്തു എന്നും ആശ്രമം നന്നായി നോക്കി നടത്തണം എന്നും നന്മയുള്ളവരായി എല്ലാവരും ജീവിക്കണം എന്നും അദ്ദേഹം എല്ലാവരോടും പറഞ്ഞിരുന്നു.[അവലംബം ആവശ്യമാണ്] 1928 ജനുവരി 18 ന് കോട്ടയത്തു വെച്ച് കൂടിയ എസ്.എൻ.ഡി.പി യോഗത്തിന്റെ വിശേഷാൽ പൊതുയോഗമായിരുന്നു ശ്രീനാരായണഗുരു പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ്.

1927-ൽ അഷ്ടമുടിക്കായലിന്റെ തീരത്തുള്ള മങ്ങാട്ടുകോടിയിലും കണ്ടച്ചിറയിലും പഴവിള ചട്ടമ്പിയാശാനുമായി ചേർന്ന് പ്രകൃതി ചികിത്സ നടത്തിയിരുന്നു. ദീർഘകാലമായി വാർദ്ധക്യ സഹജമായ രോഗ ബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹത്തെ പല മഹാവൈദ്യന്മാരും ചികിൽസിച്ചെങ്കിലും രോഗം പൂർണ്ണമായി ഭേദമാക്കാനായില്ല. 1928 സെപ്റ്റംബർ 20-നാണ് (മലയാളവർഷം 1104 കന്നി 5) അദ്ദേഹം ഭക്തരുടെ മുന്നിൽ ധ്യാനത്തോടെ അന്തരിച്ചത്. അദ്ദേഹത്തിന്റെ 72-ആം ജന്മദിനം കഴിഞ്ഞ് അപ്പോൾ മൂന്നാഴ്ച പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഭൗതികശരീരം ശിവഗിരി മഠവളപ്പിൽ സമാധിയിരുത്തി. ഇന്ന് അവിടെ അദ്ദേഹത്തിന്റെ പ്രതിമയോടുകൂടിയ മണ്ഡപമുണ്ട്. നിരവധി ആളുകൾ അവിടെ ദർശനത്തിനെത്തുന്നു.

ഗുരുവിനെ പറ്റി പ്രമുഖർ

അവലംബം

പുറം കണ്ണികൾ

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ശ്രീനാരായണഗുരു എന്ന താളിലുണ്ട്.
"https:https://www.search.com.vn/wiki/index.php?lang=ml&q=ശ്രീനാരായണഗുരു&oldid=4022040" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംആടുജീവിതംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾപൗരത്വ ഭേദഗതി ആക്റ്റ്, 2019റമദാൻപ്രത്യേകം:അന്വേഷണംഖുർആൻഖലീഫ ഉമർആടുജീവിതം (ചലച്ചിത്രം)തങ്കമണി സംഭവംഭ്രമയുഗംമലയാളം അക്ഷരമാലതറാവീഹ്തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകുമാരനാശാൻലൈംഗികബന്ധംസി.കെ. പത്മനാഭൻമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.അബൂബക്കർ സിദ്ദീഖ്‌ഇസ്ലാമിലെ പ്രവാചകന്മാർമുഹമ്മദ്ഇസ്‌ലാംഇന്ത്യയുടെ ഭരണഘടനഅങ്കോർ വാട്ട്കഥകളി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾമഞ്ഞുമ്മൽ ബോയ്സ്കുഞ്ചൻ നമ്പ്യാർബദ്ർ യുദ്ധംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകേരളംമഹാത്മാ ഗാന്ധിഎല്ലീസ് പെറിവ്രതം (ഇസ്‌ലാമികം)പൂരിപന്ന്യൻ രവീന്ദ്രൻ