അംശി നാരായണപ്പിള്ള

കേരളത്തിലെ അറിയപ്പെടുന്ന കവിയും പത്ര പ്രവർത്തകനും

കേരളത്തിലെ അറിയപ്പെടുന്ന കവിയും പത്ര പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു അംശി നാരായണ പിള്ള (1896 - 9 ഡിസംബർ 1981).സ്വാതന്ത്ര്യ സമരകാലത്ത് കേരള ജനത ആവേശപൂർവ്വം പാടിനടന്ന ദേശഭക്തിഗാനമായ ''വരിക വരിക സഹജരേ,സഹന സമര സമയമായി, കരളുറച്ചു കൈകൾ കോർത്ത്‌, കാൽ നടയ്ക്കു പോക നാം ." എഴുതിയത് അംശി നാരായണ പിള്ളയാണ്. കോഴിക്കോട് വടകരയിൽ നിന്നും പയ്യന്നൂർ വരെ കോൺഗ്രസ്‌ നടത്തിയ ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് വേണ്ടിയാണ് അംശി ഈ ഗാനം രചിച്ചത്.

അംശി നാരായണപ്പിള്ള
ജനനം1896
മരണം1981 ഡിസംബർ 9
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്വരിക വരിക സഹജരേ എന്നു തുടങ്ങുന്ന ഗാനം രചിച്ചയാൾ, സ്വാതന്ത്ര്യ സമര സേനാനി

തുടക്കം

ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ (അന്ന് തിരുവിതാംകൂറിൽ) തേങ്ങാപട്ടണത്തിന് സമീപത്തെ അംശിയിൽ 1896-ൽ ജനിച്ച നാരായണപിള്ള തിരുവിതാംകൂർ പോലീസ് വകുപ്പിലെ ക്ലാർക്ക് ജോലി ഉപേക്ഷിച്ചാണ് സ്വാതന്ത്ര്യ സമരത്തിലേക്ക് കുതിച്ചത്.

പത്രപ്രവർത്തനം

ഏ.കെ.പിള്ളയുടെ സ്വരാജ് വാരികയിൽ സഹപത്രാധിപരായിരുന്ന അദ്ദേഹം ഗാന്ധിയൻ ആദർശം പ്രചരിപ്പിക്കാനായി തിരുവനന്തപുരത്തുനിന്നും 1924-ൽ 'മഹാത്മാ' എന്ന വാർത്താവാരിക തുടങ്ങി. മലയാളത്തിലെ ആദ്യത്തെ കാലണ പത്രമായിരുന്നു ഈ വാരികയ്ക്ക് ഗാന്ധിജിയുടെ ആശയാനുഗ്രഹങ്ങൾ ഉണ്ടായിരുന്നു. പി. കേശവദേവുമായി ചേർന്ന് പിന്നീട് തൃശ്ശൂരിൽനിന്നും 'മഹാത്മാ' ദിനപത്രമായി പ്രസിദ്ധീകരിച്ചിരുന്നു. മഹാത്മ ,ഗുരുവായൂർ സത്യാഗ്രഹത്തിന് ശക്തമായ പിന്തുണ നൽകി.അംശിയുടെ ആദ്യ കാല കവിതകൾ മഹാത്മയിലാണ് പ്രസിദ്ധീകരിച്ചത്. സ്വാതന്ത്ര്യവാഞ്ഛ തുടിക്കുന്ന, വരികളായിരുന്നു അംശിയുടെ രചനാ ശൈലിയുടെ പ്രത്യേകത. കേളപ്പജിയുടെ നേതൃത്വത്തിൽ യൂത്ത്‌ലീഗ് എന്ന ആദ്യകാല സോഷ്യലിസ്റ്റ് സംഘടന അംശിയുടെ വിപ്ലവഗാനത്തോടെയായിരുന്നു ആരംഭിച്ചത്. 1930-ൽ കോഴിക്കോട്ട് നടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കാൻ പൊന്നറ ശ്രീധർ, എൻ.സി. ശേഖർ, അംശി നാരായണപിള്ള എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട 25 അംഗ ജാഥ 'വരിക വരിക സഹജരേ' വഴിനീളെ പാടി. മൂന്ന് സർക്കാരും ആ ഗാനം നിരോധിച്ചു. 'പടയാളിയുടെ പാട്ടുകൾ' എന്ന കൃതിയിൽ ഈ ഗാനമുണ്ട്. നിരോധന ലംഘനത്തിന്റെ പേരിൽ അംശിക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ ആറര മാസം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനും വിപ്ലവഗാനരചനയ്ക്കും തൃശ്ശൂർ മജിസ്‌ട്രേട്ട് കോടതി അംശിയെ വിചാരണ ചെയ്തിട്ടുണ്ട്.

നിരോധിച്ച കവിതകൾ

മഹാത്മാഗാന്ധിയെ ശ്രീരാമനായും ഭാരതത്തെ സീതയായും ബ്രിട്ടീഷുകാരനെ രാവണനായും ചിത്രീകരിക്കുന്ന ഗാന്ധിരാമായണം, രണ്ടാം ഭാരതയുദ്ധം, ഭഗത്‌സിങ്, ജാലിയൻവാലാബാഗ് എന്നീ കവിതകൾ മദ്രാസ് സർക്കാർ നിരോധിച്ചു.

സ്വകാര്യ ജീവിതം

44-ആം വയസ്സിലാണ് തിരുവനന്തപുരം കരമന സ്വദേശിയായ തങ്കമ്മയെ അംശി നാരായണപിള്ള വിവാഹം കഴിച്ചത്. 1941-ൽ പാഠപുസ്തകത്തിന് തെരഞ്ഞെടുത്ത ഒരു ഗ്രന്ഥത്തിന് ലഭിച്ച 1000 രൂപ കൊണ്ട് അദ്ദേഹം അംശിയിൽ ഒരു സ്‌കൂൾ ആരംഭിച്ചു. 85-ആം വയസ്സിൽ മരിക്കുന്നതുവരെ അദ്ദേഹം അംശി സ്‌കൂളിന്റെ മാനേജരായിരുന്നു. 1981 ഡിസംബർ ഒൻപതിനാണ് അംശി അന്തരിച്ചത്‌. പിന്നീട് ഹൈസ്‌കൂളായി ഉയർന്ന സ്‌കൂളിൽ ഇന്ന് മലയാളം മീഡിയത്തിൽ പഠനമില്ല.

സ്വാതന്ത്ര്യാനന്തര രാഷ്ട്രീയത്തിൽ അംശി നാരായണപിള്ളയെന്ന മുൻകാല ഭടൻ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന് അർഹമായ അംഗീകാരം കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയില്ല. വിയ്യൂർ ജയിലിൽ തടവുകാരനായിരുന്ന രേഖകൾ കാട്ടി പെൻഷന് അപേക്ഷ നൽകിയെങ്കിലും കേന്ദ്ര സർക്കാർ അത് നിരസിച്ചു. കന്യാകുമാരി ജില്ലയിലായതിനാൽ കേരളവും കേരളത്തിലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനാൽ തമിഴ്‌നാടും അപേക്ഷ തള്ളിക്കളഞ്ഞു. 'പടയാളിയുടെ പാട്ടുകൾ' ഉൾപ്പെടെ ചില കൃതികളും 'മഹാത്മാ' വാരികയുടെ കോപ്പികളും അംശിയിലെ തറവാട്ടിൽ സൂക്ഷിക്കുന്നുണ്ട്. കൃതികൾക്ക് മറുപതിപ്പ് പിന്നീട് ഉണ്ടായിട്ടില്ല.

അവലംബം

മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ