രക്താതിമർദ്ദം

രക്തസമ്മർദ്ദം സാധാരണനില വിട്ട് ഉയരുന്നതിനെയാണ് അമിതരക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം എന്നു പറയുന്നത്. (ഫ്രഞ്ച്, ജർമ്മൻ, ഇംഗ്ലീഷ്:Hypertension) HT, HTN, HPN എന്നീ ചുരുക്കെഴുത്തുകളും കുറിക്കുന്ന ജീവിതശൈലിയുമായി ബന്ധപ്പെട്ട ഈ രോഗാവസ്ഥയെയാണ്. സാധാരണ സംസാരത്തിൽ ബ്ലഡ് പ്രഷർ അഥവാ ബിപി എന്നതുകൊണ്ടും ഇതാണ്‌ അർഥമാക്കുന്നത്. രക്തസമ്മർദ്ദം 140/90 എന്ന പരിധിയിൽ കൂടുന്നതിനെയാണ് രക്താതിമർദ്ദം എന്ന് വൈദ്യശാസ്ത്രപരമായി നിർവചിച്ചിരിക്കുന്നത്.

രക്താതിമർദ്ദം
സ്പെഷ്യാലിറ്റിFamily medicine, hypertensiology Edit this on Wikidata

രക്താതിമർദ്ദത്തെ പ്രാഥമിക രക്താതിമർദ്ദം എന്നും ദ്വിതീയ രക്താതിമർദ്ദം എന്നും രണ്ടായി തിരിച്ചിരിക്കുന്നു. പ്രത്യേകകാരണമൊന്നും കൂടാതെ പ്രായമാകുന്നതിന്റെ ഭാഗമായി രക്തസമ്മർദ്ദം ക്രമേണ ഉയർന്ന് രക്താതിമർദ്ദം ഉണ്ടാകുന്നതിനെയാണ് പ്രാഥമിക രക്താതിമർദ്ദം അഥവാ അനിവാര്യമായ രക്താതിമർദ്ദം (Essential hypertension) എന്നു പറയുന്നത്[1][2]. മറ്റേതെങ്കിലും രോഗത്തിന്റെ ഭാഗമായി രക്താതിമർദ്ദം ഉണ്ടാകുന്നതിനെ ദ്വിതീയ രക്താതിമർദ്ദം എന്നു പറയുന്നു.[3]

തരം തിരിക്കൽ

ഇടതു വെൻട്രിക്കിളിലെ രക്തസമ്മർദ മാറ്റങ്ങൾ
വിഭാഗംസിസ്റ്റോളിക് പ്രഷർഡയസ്റ്റോളിക് പ്രഷർ
mmHgkPammHgkPa
സാധാരണം90–11912–15.960–798.0–10.5
പ്രീ-രക്താതിമർദ്ദം120–13916.0–18.580–8910.7–11.9
സ്റ്റേജ് 1140–15918.7–21.290–9912.0–13.2
സ്റ്റേജ് 2≥160≥21.3≥100≥13.3
ഒറ്റപ്പെട്ട രക്താതിമർദ്ദം≥140≥18.7<90<12.0
Source: American Heart Association (2003).[4]

രക്തസമ്മർദ്ദം സിസ്റ്റോളിക് എന്നും ഡയാസ്റ്റോളിക് എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. ഹൃദയം മിടിക്കുമ്പോൾ രക്തക്കുഴലുകളിൽ ഉണ്ടാവുന്ന രക്തസമ്മർദ്ദമാണ് സിസ്റ്റോളിക് രക്തസമ്മർദ്ദം. ഹൃദയമിടിപ്പുകൾക്കിടയിലുള്ള രക്തസമ്മർദ്ദമാണ് ഡയാസ്റ്റോളിക് രക്തസമ്മർദ്ദം.അതേ പ്രായത്തിലുള്ള ആരോഗ്യവാനായ മനുഷ്യന് ഉണ്ടാവേണ്ട രക്തസമ്മർദ്ദത്തിലും അധികമായാൽ അതിനെ പ്രീ-രക്താതിമർദ്ദം എന്നോ രക്താതിമർദ്ദം എന്നോ പറയുന്നു.രക്താതിമർദ്ദത്തെ രക്താതിമർദ്ദം സ്റ്റേജ് I, രക്താതിമർദ്ദം സ്റ്റേജ് II, ഒറ്റപ്പെട്ട രക്താതിമർദ്ദം എന്നിങ്ങനെ മൂന്നായി വീണ്ടും തരം തിരിച്ചിരിക്കുന്നു. [5]ഒറ്റപ്പെട്ട സിസ്റ്റോളിക് രക്താതിമർദ്ദം എന്നത് കൂടിയ സിസ്റ്റോളിക് രക്താതിമർദ്ദത്തെയും സാധാരണ ഡയാസ്റ്റോളിക് രക്താതിമർദ്ദത്തെയും സൂചിപ്പിക്കുന്നു.രണ്ടോ അതിലധികമോ രക്തസമ്മർദ്ദ പരിശോധനകൾക്ക് ശേഷം മാത്രമേ രോഗിക്ക് രക്താതിമർദ്ദമുണ്ട് എന്ന് സ്ഥിരീകരിക്കാനാവൂ. 50 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 140 മി.മി മെർക്കുറിയിൽ കൂടുതൽ സിസ്റ്റൊളിക് പ്രഷറോ, 90 മി.മി മെർക്കുറിയിൽ കൂടുതൽ ഡയാസ്റ്റോളിക് പ്രഷറോ ഉണ്ടെങ്കിൽ അതു രക്താതിമർദ്ദമായി കണക്കാക്കുന്നു.130/80 മി. മി മെർക്കുറിയിൽ കൂടുതൽ രക്തസമ്മർദ്ദമുള്ളവരിൽ പ്രമേഹമോ, വൃക്കയ്ക്ക് തകരാറോ ഉണ്ടെങ്കിൽ അവർക്ക് തുടർ ചികിത്സ ആവശ്യമായി വരുന്നു.[4]തുടർച്ചയായി മരുന്നു കഴിച്ച ശേഷവും രക്താതിമർദ്ദം തുടരുന്നെങ്കിൽ അതിനെ പ്രതിരോധക രക്താതിമർദ്ദം എന്നു പറയുന്നു.[4]

വ്യായാമം ചെയ്യുമ്പോൾ മാത്രം ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാവുകയാണെങ്കിൽ അതിനെ എക്സസൈസ് രക്താതിമർദ്ദം എന്നു വിളിക്കുന്നു. [6][7][8]വ്യായാമത്തിനിടയിൽ 200 മുതൽ 300 വരെ മി.മി മെർക്കുറി രക്തസമ്മർദ്ദം സാധാരണയാണ്. എക്സസൈസ് രക്താതിമർദ്ദം സൂചിപ്പിക്കുന്നത് പിൽക്കാലത്ത് രക്താതിമർദ്ദം ഉണ്ടാവാനുള്ള സാധ്യത ഏറെയാണെന്നാണ്.[9] [8][9]

കാരണങ്ങൾ

പ്രാഥമിക രക്താതിമർദ്ദം

ഏറ്റവും സാധാരണമായി കണ്ടുവരുന്നത് പ്രാഥമിക രക്താതിമർദ്ദമാണ്. 90-95%ത്തോളം രക്താതിമർദ്ദ രോഗികൾക്കും പ്രാഥമിക രക്താതിമർദ്ദമാണ് ഉള്ളത്. കൃത്യമായ കാരണം പറയാനാവില്ലെങ്കിലും അലസമായ ജീവിതം, വ്യായാമക്കുറവ്, പുകവലി, പിരിമുറുക്കം, പൊണ്ണത്തടി (ബോഡി മാസ് ഇൻഡെക്സ് 25ലും കൂടുതലുള്ളവരിലാണ് രക്താതിമർദ്ദം കൂടുതലായും കണ്ടുവരുന്നത്), പൊട്ടാസ്യത്തിന്റെ കുറവ്, വിറ്റാമിൻ ഡിയുടെ അഭാവം, അമിതമായ മാനസിക സമ്മർദ്ദം, പഴങ്ങളും പച്ചക്കറികളും കൃത്യമായ അളവിൽ കഴിക്കാതിരിക്കുക എന്നിവ മൂലം രക്താതിമർദ്ദം ഉണ്ടാവാം.[10]

പ്രായക്കൂടുതൽ, ജീനുകളുടെ വ്യതിയാനം, പാരമ്പര്യം എന്നിവയും 'റിസ്ക് ഘടകങ്ങളായി' കണക്കാക്കപ്പെടുന്നു.[11] വൃക്കകൾ ഉല്പാദിപ്പിക്കുന്ന റെന്നിൻ എന്ന രാസാഗ്നിയുടെ ആധിക്യം ഓട്ടോണോമിക് നാഡീവ്യവസ്ഥാപ്രവർത്തനത്തിന്റെ ആധിക്യം എന്നിവയും രക്താതിമർദ്ദമുണ്ടാവാനുള്ള കാരണങ്ങളാണ്. 'സിൻഡ്രോം എക്സ്' എന്ന ഇൻസുലിൻ പ്രതിരോധക സിൻഡ്രോം ഉള്ളവരിൽ രക്താതിമർദ്ദം ഉണ്ടാവാനുള്ള സാധ്യത അധികമാണ്.[12]

ദ്വിതീയ രക്താതിമർദ്ദം

ദ്വിതീയ രക്താതിമർദ്ദം ഉണ്ടാവുന്നത് കണ്ടുപിടിക്കപ്പെട്ട കാരണങ്ങൾ കൊണ്ടാണ്. ഉയർന്ന രക്താതിമർദ്ദത്തിന്റെ കാരണം കണ്ടുപിടിച്ച് അനുകൂലമായ ചികിത്സ നടത്തിയാൽ ഒരു പരിധിവരെ ദ്വിതീയ രക്താതിമർദ്ദം നിയന്ത്രിക്കാവുന്നതേ ഉള്ളൂ. രക്തത്തിലെ പ്ളാസ്മയുടെ അളവിലെ വ്യതിയാനം, ഹോർമോണുകളുടെ അളവിലെ വ്യതിയാനം, ഹൃദയത്തിന്റെ പ്രവർത്തനത്തിലെ മാറ്റം എന്നിവ മൂലം ദ്വിതീയ രക്താതിമർദ്ദം ഉണ്ടാവാം.കോർട്ടിസോൾ എന്ന ഹോർമോണിന്റെ അമിതസ്രാവമുണ്ടാക്കുന്ന കുഷിങ് സിൻഡ്രോം ബാധിച്ച വ്യക്തികളിൽ രക്താതിമർദ്ദം സഹജമാണ്. [13]കൂടാതെ, ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം, ഫേയോക്രോമൊസൈറ്റോമ[14] പോലുള്ള അഡ്രീനൽ ഗ്രന്ഥി ട്യൂമറുകൾ എന്നിവ ഉണ്ടായാൽ രക്താതിമർദ്ദം ഉണ്ടാവാൻ സാധ്യത കൂടുതലാണ്. വൃക്ക തകരാറുകൾ മൂലവും, പൊണ്ണത്തടി മൂലവും, ഗർഭിണിയായിരിക്കുന്ന അവസ്ഥയിലും, അയോർട്ടയുടെ വണ്ണക്കുറവുമൂലവും, ചില നിയമവിരുദ്ധ മരുന്നുകളുടെ ഉപയോഗം മൂലവും ദ്വിതീയ രക്താതിമർദ്ദം ഉണ്ടാകുന്നു.[15]:499

രോഗലക്ഷണശാസ്ത്രം

പ്രാഥമിക രക്താതിമർദ്ദമുണ്ടാക്കിയേക്കാവുന്ന കാരണങ്ങൾ ശാസ്ത്രലോകത്തിന് ഇന്നും പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ദ്വിതീയ രക്താതിമർദ്ദത്തിനുള്ള കാരണങ്ങൾ ഏറെക്കുറെ അറിവായിട്ടുണ്ട്. രക്താതിമർദ്ദം ഉണ്ടാവുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം ത്വരിതഗതിയിലാകുകയും പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവ് കൂടുകയും ചെയ്യുന്നു. രക്താതിമർദ്ദം ചികിത്സ കൂടാതെ നിലനിൽക്കുന്ന വേളയിൽ രക്തത്തിന്റെ അളവ് സാധാരണ ഗതിയിലാവുകയും രക്തക്കുഴലുകളിലെ പ്രതിരോധകത സംയമനത്തിലെത്തുകയും ചെയുന്നു. ഇത് വിശദീകരിക്കാൻ മൂന്ന് വിശദീകരണങ്ങളാണുള്ളത് :

ഇക്കാരണം കൊണ്ട് നാട്രിയൂററ്റിക് ഫാക്ടറുകൾ (ഏട്രിയൽ നാട്രിയൂററ്റിക് ഫാക്ടർ പോലുള്ളവ) കൂടിയ അളവിൽ ഉല്പാദിപ്പിക്കപ്പെടുന്നു. ഇവ രക്തക്കുഴലുകളുടെ പ്രതിരോധകത വർദ്ധിപ്പിക്കുന്നു. തൽഫലം രക്തസമ്മർദ്ദം കൂടുകയും, രക്താതിമർദ്ദം ഉണ്ടാവുകയും ചെയ്യുന്നു.

  • റെനിൻ-ആഞ്ചിയോടെൻസിൻ സിസ്റ്റം രക്തക്കുഴലുകൾ ചുരുങ്ങുന്നതിനും സോഡിയം, വെള്ളം എന്നിവ പുറന്തള്ളപ്പെടാതിരിക്കുന്നതിനും ഉള്ള സാധ്യത കൂട്ടുന്നു. ഇങ്ങനെ രക്തത്തിന്റെ അളവ് കൂടുകയും തൽഫലം രക്താതിമർദ്ദം ഉണ്ടാവുകയും ചെയ്യുന്നു.
  • സിമ്പതറ്റിക് നാഡീവ്യൂഹം അമിതമായി പ്രവർത്തിക്കുന്നതുമൂലം പിരിമുറുക്കത്തോട് അമിതമായ റിയാക്ഷൻ കാണിക്കുകയും തൽഫലം രക്തസമ്മർദ്ദം കൂടുകയും ചെയ്യുന്നു.

രക്താതിമർദ്ദത്തിന് ഒരു പരിധി വരെ ജനിതക വ്യതിയാനങ്ങളും പാരമ്പര്യവും കാരണമാകാം. രക്താതിമർദ്ദത്തിന് കാരണമായേക്കാവുന്ന ജീനുകൾ കണ്ടെത്തപ്പെട്ടിട്ടുണ്ട്. പ്രാഥമിക രക്താതിമർദ്ദവും രക്തക്കുഴലുകളിലെ അകം പാളിയുടെ നാശവും തമ്മിലുള്ള ബന്ധമാണ് ആധുനിക ശാസ്ത്രത്തിന്റെ പുതിയ പാഠ്യവിഷയം.

രോഗലക്ഷണങ്ങൾ

ചെറിയതോതിലുള്ള രക്താതിമർദ്ദത്തിന് രോഗലക്ഷണങ്ങളുണ്ടാവുകയില്ല.

ത്വരിത രക്താതിമർദ്ദം

ത്വരിത രക്താതിമർദ്ദത്തിന്റെ രോഗലക്ഷണങ്ങൾ തലവേദന, ഉറക്കച്ചടവ്, കാഴ്ചയ്ക്ക് തകരാറ്, ഓക്കാനം. ഛർദ്ദിയുടെ ലക്ഷണങ്ങൾ എന്നിവയാണ്. ഈ രോഗലക്ഷണങ്ങളെ കൂട്ടായി രക്താതിമർദ്ദ എൻസഫാലോപതി എന്നു വിളിക്കുന്നു. ചെറിയ രക്തധമനികളിലെ തടസ്സം മൂലമാണ് രോഗി മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങാറ്. രക്തസമ്മർദ്ദം കുറയുന്നതിനനുസരിച്ച് ഈ ലക്ഷണങ്ങൾ ഇല്ലാതാവുകയാണ് പതിവ്.

കുട്ടികളിൽ

നവജാതശിശുക്കളിലും കുട്ടികളിലും രക്താതിമർദ്ദത്തോടനുബന്ധിച്ച് അപസ്മാരം, ഊർജ്ജമില്ലായ്മ, അസ്വസ്ഥത, ശ്വാസതടസ്സം എന്നിവ ഉണ്ടാകാം. ഈ രോഗലക്ഷണങ്ങളെ കൂട്ടായി രക്താതിമർദ്ദ എൻസഫാലോപതി എന്നു പറയുന്നു. ചെറിയ കുട്ടികളിൽ തലവേദന, തളർച്ച, മൂക്കിൽ നിന്നും രക്തം വരൽ, പേശീതളർച്ച എന്നിവ ഉണ്ടാകാം. കുട്ടികളിൽ രക്താതിമർദ്ദം വളരെ വിരളമായി മാത്രമേ കാണപ്പെടാറുള്ളൂ. ഇതേപ്പറ്റി അധികം പഠനങ്ങളൊന്നും നടന്നിട്ടില്ല എന്നതുകൊണ്ട് വ്യക്തമായ രോഗലക്ഷണങ്ങൾ ലഭ്യമല്ല.

ദ്വിതീയ രക്താതിമർദ്ദം

ഹോർമോൺ വ്യതിയാനം മൂലവും രക്താതിമർദ്ദം ഉണ്ടാകാം. രക്താതിമർദ്ദത്തോടൊപ്പം പൊണ്ണത്തടി, കഴുത്തിന് പിറകിൽ കൊഴുപ്പ് അടിഞ്ഞ് കൂടുക, വയറ്റിൽ നീല നിറത്തിലുള്ള പാടുകൾ കാണുക, പ്രമേഹസാധ്യത എന്നിവ വിരൽ ചൂണ്ടുന്നത് കുഷിങ്ങ് സിൻഡ്രോം എന്ന അവസ്ഥയിലേക്കാണ്. ഹൈപ്പർതൈറോയിഡിസം മൂലവും രക്താതിമർദ്ദം ഉണ്ടാകാം. ഹൈപ്പർതൈറോയിഡ് രക്താതിമർദ്ദത്തോടൊപ്പം തൂക്കം കുറയൽ, വിറയ്ക്കൽ, ഹൃദയനിരക്കിൽ വ്യതിയാനം, കൈപ്പത്തി ചുവക്കൽ, കൂടിയ വിയർപ്പ് എന്നിവ ഉണ്ടാകാം. വളർച്ച ഹോർമോൺ ഉല്പാദനം കൂടിയാൽ രക്താതിമർദ്ദത്തോടൊപ്പം മുഖത്തിന്റെ ആകൃതിയിൽ മാറ്റം വരൽ, താടിയെല്ല് മുന്നോട്ട് തള്ളിനിൽക്കൽ, മുഖത്ത് അതിയായ രോമവളർച്ച, നാക്ക് വലുതാവൽ, തൊലി കറുക്കൽ, അതിയായ വിയർപ്പ് എന്നിവയും ഉണ്ടാകാം. അമിതമായ രക്തസമ്മർദം ഉദ്ധാരണശേഷിക്കുറവ്, താൽപര്യക്കുറവ് തുടങ്ങിയ ലൈംഗിക പ്രശ്നങ്ങൾക്കും കാരണമാകാം.

പ്രസവം

ഗർഭിണികളായ സ്ത്രീകളിൽ ഉണ്ടാവുന്ന രക്താതിമർദ്ദത്തെ പ്രീ-എക്ലാമ്പ്സിയ എന്നു പറയുന്നു. പ്രീ-എക്ലാമ്പ്സിയ എന്നത് അപകടകരമായ എക്ലാമ്പ്സിയ എന്ന അവസ്ഥയിലേക്ക് നയിക്കപ്പെട്ടേക്കാം. മൂത്രത്തിൽ മാംസ്യം പോകൽ, ശരീരം മുഴുവൻ തടിപ്പ്, അപസ്മാരലക്ഷണങ്ങൾ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഓക്കാനം, ഛർദ്ദി, തലവേദന, കാഴ്ച മങ്ങൽ എന്നിവയും ഉണ്ടാകാം[16].ഇതോടൊപ്പം രക്തക്കുഴലുകളുടെ പ്രതിരോധകതയും ഗർഭിണികളിൽ കുറയുന്നു. ഇതിനെ മറികടക്കാനായി ശരീരം ഹൃദയനിരക്കും രക്തത്തിന്റെ അളവും കൂട്ടുന്നു. ഇങ്ങനെ കൂടിയ അളവിൽ ഉണ്ടാകുന്ന രക്തം ഗർഭപാത്രത്തിലേക്ക് തിരിച്ചുവിടുന്നു. ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഇത് അത്യന്താപേക്ഷിതമാണ്.[17]

അനുബന്ധരോഗങ്ങൾ

ലോകത്ത് ഇന്ന്‌ പ്രധാന മരണകാരണങ്ങളിലൊന്ന് രക്താതിമർദ്ദമാണ്. രക്താതിമർദ്ദം മൂലം ശുദ്ധരക്തധമനികളുടെ ഇലാസ്തികത നഷ്ടപ്പെടുന്നു. ഇത് മൂലം ഹൃദയസംബന്ധിയായ അസുഖങ്ങൾ, പക്ഷാഘാതം, വൃക്കരോഗം എന്നിവ ഉണ്ടാവാനുള്ള സാധ്യത കൂടുന്നു.രക്താതിമർദ്ദം മൂലം ഉണ്ടാവുന്ന ഹൃദയസംബന്ധിയായ അസുഖങ്ങൾ ഹൃദയസ്തംഭനം, ഇടത് വെൻട്രിക്കിളിന്റെ അമിതവളർച്ച എന്നിവയാണ്. രക്താതിമർദ്ദ റെറ്റിനോപതി, രക്താതിമർദ്ദ ന്യൂറോപതി എന്നിവ രക്താതിമർദ്ദം ഉള്ളവരിൽ കാണപ്പെടുന്ന സാധാരണ രോഗങ്ങളാണ്. രക്തസമ്മർദ്ദം വളരെ അധികമായാൽ രക്താതിമർദ്ദ എൻസെഫാലോപതി ഉണ്ടായേക്കാം. മാത്രമല്ല ഇത് ലൈംഗിക പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ലിംഗ ഭാഗത്തേക്കുള്ള രക്തക്കുഴലുകളെ ബാധിക്കുന്നതിനാൽ ആ ഭാഗത്തേക്കുള്ള രക്തയോട്ടം കുറയുകയും പുരുഷന്മാരിൽ ഇത് ഉദ്ധാരണക്കുറവ് ഉണ്ടാകാൻ കാരണമാകുകയും ചെയ്യും. യോനിഭാഗത്തേക്കുള്ള രക്തക്കുഴലുകളെ ബാധിക്കുന്നതിനാൽ സ്ത്രീകളിൽ ഉത്തേജനക്കുറവ്, യോനിവരൾച്ച, താല്പര്യക്കുറവ്, രതിമൂർച്ഛയില്ലായ്മ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.

പരിശോധന

സ്ഥിരമായി രക്തസമ്മർദ്ദം ഉയർന്നു തന്നെ നിൽക്കുകയാണെങ്കിൽ രക്താതിമർദ്ദമുള്ളതായി സ്ഥിരീകരിക്കാവുന്നതാണ്. ഇതിനായി മൂന്ന് രക്തസമ്മർദ്ദ നിരക്കെങ്കിലും ഒരാഴ്ചത്തെ ഇടവേളയിൽ എടുത്തിരിക്കണം. രോഗിയോട് രക്താതിമർദ്ദത്തിന്റെ അനുബന്ധ ശാരീരിക, മാനസിക മാറ്റങ്ങൾ അടുത്തിടയായി ഉണ്ടോ എന്ന് ചോദിച്ചറിയണം. രക്താതിമർദ്ദം വളരെ അധികമാണെങ്കിൽ ചില അവയവങ്ങൾക്ക് ഭാഗികമായോ മുഴുവനായോ നാശം സംഭവിച്ചിരിക്കാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ ചികിത്സ എത്രയും പെട്ടെന്നു തന്നെ തുടങ്ങേണ്ടത് അത്യാവശ്യമാണ്.രക്താതിമർദ്ദം ഉണ്ടെന്ന് കണ്ടെത്തിയാൽ അതിനനുകൂലമായ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണ് അടുത്ത പടി. ദ്വിതീയ രക്താതിമർദ്ദം കൂടുതലായും കാണുന്നത് പ്രീ-ടീനേജ് ഘട്ടത്തിലുള്ള കുട്ടികളിലാണ്. ഇവരിൽ പലർക്കും വൃക്കസംബന്ധമായ അസുഖങ്ങളും സാധാരണയായി കാണപ്പെടാറുണ്ട്. പ്രാഥമിക രക്താതിമർദ്ദം പാരമ്പര്യമായി ഉണ്ടാകാനുള്ള സാധ്യത വളരേ കൂടുതലാണ്.[18]പൊണ്ണത്തടിമൂലവും പ്രാഥമിക രക്താതിമർദ്ദം ഉണ്ടാവുന്നു. രക്താതിമർദ്ദം മൂലം ഹൃദയം, കണ്ണുകൾ, വൃക്കകൾ എന്നിവയ്ക്ക് എന്തെങ്കിലും തകരാറുകൾ സംഭവിവ്ച്ചിട്ടുണ്ടോ എന്നറിയുവാനായി ലബോറട്ടറി പരിശോധനകൾ നടത്താവുന്നതാണ്. രക്താതിമർദ്ദ രോഗികൾക്ക് പ്രമേഹത്തിനും ഉയർന്ന കൊളസ്ട്രോളിനും ഉള്ള സാധ്യത ഉള്ളതുകൊണ്ട് അതിനുള്ള പരിശോധനകളും നടത്തിയിരിക്കണം.സാധാരണഗതിയിൽ രക്താതിമർദ്ദ രോഗികൾക്ക് നിർദ്ദേശിക്കപ്പെടുന്ന പരിശോധനകൾ ചുവടെ കൊടുക്കുന്നു.

SystemTests
വൃക്കമൈക്രോസ്കോപ്പിക് യൂറിനാലിസിസ്,പ്രോട്ടീനൂറിയ, ക്രിയാറ്റിനിൻ, സെറം നൈട്രൊജൻ
എൻഡോക്രൈൻരക്തത്തിലെ സോഡിയം, പൊട്ടാസ്യം, തൈറോയിഡ് ഹോർമോൺ
മെറ്റബോളിക്ഗ്ലൂക്കോസ് പരിശോധന, കൊളസ്റ്റ്റോൾ പരിശോധന
മറ്റുള്ളവഹെമറ്റോകൃട്ട്, ഈ.സീ.ജി, റേഡിയോഗ്രാഫ്
Sources: Harrison's principles of internal medicine[19] others[20][21][22][23][24][25]

രക്താതിമർദ്ദത്തിന്റെ കാരണം വൃക്കത്തകരാറാണോ എന്നറിയാൻ ക്രിയാറ്റിനിൻ ടെസ്റ്റാണ് സാധാരണഗതിയിൽ നടത്താറുള്ളത്. വൃക്കയുടെ തകരാറ് രക്താതിമർദ്ദത്തിനുള്ള കാരണമോ അതിന്റെ ഫലമോ ആകാം. കൂടാതെ രക്താതിമർദ്ദത്തിനു മരുന്നു കഴിക്കാൻ തുടങ്ങിയശേഷം മരുന്ന് വൃക്കകളുടെ പ്രവർത്തനത്തിനെ ഹാനികരമായ രീതിയിൽ ബാധിക്കുന്നുണ്ടോ എന്നറിയാനും ക്രിയാട്ടിനിൻ ടെസ്റ്റ് ഉപയോഗപ്രദമാണ്. കൂടാതെ മൂത്രസാമ്പിളുകളിൽ മാംസ്യത്തിന്റെ അളവ് പരിശോധിക്കുന്നത് വൃക്കയുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് കാര്യക്ഷമമായ പരിശോധനയാണ്.പ്രമേഹ സാധ്യത അറിയുന്നതിന് ഗ്ളൂക്കോസ് ടോളറൻസ് ടെസ്റ്റും നടത്തുകയാവാം. ഹൃദയത്തിന് തകരാറ് സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ ഈ.സി.ജി (ഇലക്ട്രോകാർഡിയോഗ്രാം) എടുത്തുനോക്കുകയാണ് ഏറ്റവും നല്ല മാർഗ്ഗം. പൂർവ്വകാലത്ത് ഹൃദയസ്തംഭനം വന്നിട്ടുണ്ടോ എന്നും, ഹൃദയത്തിന്റെ ഇടത്തേ വെൻട്രിക്കിൾ വലുതായിട്ടുണ്ടോ എന്നും ഇതിലൂടെ അറിയാൻ സാധിക്കും. ഹൃദയപേശികൾക്ക് തകരാറ് സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ മാറിടത്തിന്റെ എക്സ്-റേ പരിശോധനയാണ് നടത്തുക.

നിയന്ത്രണം

രക്താതിമർദ്ദം എത്രമാത്രം നിയന്ത്രിക്കാമെന്നത് ഇപ്പോഴുള്ള രക്തസമ്മർദ്ദം, സോഡിയം/പൊട്ടാസ്യം നില, പരിസ്ഥിതി മലിനീകരണം, പാർശ്വാവയവങ്ങളിലെ മാറ്റങ്ങൾ (റെറ്റിന, കിഡ്നി, ഹൃദയം) എന്നിവയെ ആശ്രയിച്ചിരിക്കുന്നു. പ്രീ രക്താതിമർദ്ദം രക്താതിമർദ്ദമായി പരിണമിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ദിവസങ്ങളോളം പല സമയങ്ങളിലായി രക്തസമ്മർദ്ദം അളന്ന് നോക്കിയാൽ മാത്രമേ രക്താതിമർദ്ദം ഉണ്ടോ എന്നത് സ്ഥിരീകരിക്കാൻ പറ്റുകയുള്ളൂ. രക്താതിമർദ്ദം സ്ഥിരീകരിച്ച ശേഷം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ആവശ്യമായ ജീവിതസാഹചര്യ മാറ്റങ്ങൾ വരുത്തണം. അതിനു ശേഷമേ മരുന്നുകൾ നൽകിത്തുടങ്ങേണ്ടതുള്ളൂ.ബ്രിട്ടീഷ് രക്താതിമർദ്ദ സൊസൈറ്റി പുറത്തുവിട്ട പഠനങ്ങൾ പ്രകാരം പ്രീ-രക്താതിമർദ്ദം ഇപ്രകാരം നിയന്ത്രിക്കാം-

  • ശരീരഭാരം കുറയ്ക്കൽ, സ്ഥിരമായ ഏറോബിക് വ്യായാമം. (ഉദാ- നടത്തം, ഓട്ടം, നൃത്തം). സ്ഥിരമായ വ്യായാമത്തിലൂടെ അവയവങ്ങളിലേക്കുള്ള രക്തയോട്ടം സുഗമമാകുന്നു. കൂടാതെ ഹൃദയത്തിന്റെ ജോലിഭാരം കുറയ്ക്കുകയും ചെയ്യുന്നു.[26]
  • ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുക.
  • ഭക്ഷണത്തിൽ സോഡിയം (ഉപ്പ്) കുറച്ചുമാത്രം ഉപയോഗിക്കുക : 33% ആളുകളിലും ഈ നിയന്ത്രണം ഫലം കാണുന്നു. പല രോഗികളും കറിയുപ്പ് മുഴുവനായും ഉപേക്ഷിക്കുന്നു.[27][28]
  • DASH (dietary approaches to stop hypertension) ഭക്ഷണക്രമം രക്താതിമർദ്ദം കുറയ്ക്കാൻ വളരെ സഹായകമാണ്. ഈ ഭക്ഷണക്രമത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും കൊഴുപ്പു കുറഞ്ഞ പാലുൽപ്പന്നങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ ഭക്ഷണക്രമം രക്താതിമർദ്ദം തടയാൻ വളരേ സഹായകമാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഭക്ഷണത്തിൽ സോഡിയം കുറയ്ക്കുന്നതിനോടൊപ്പം പൊട്ടാസ്യം കൂട്ടുകയും ചെയ്താൽ രക്താതിമർദ്ദം കൂടുതൽ വേഗത്തിൽ നിയന്ത്രിക്കാനാവും.[29]
  • മദ്യപാനം പുകവലി എന്നിവ നിർത്തുന്നതിലൂടെ രക്തസമ്മർദ്ദം സാധാരണനിലയിലേക്ക് കൊണ്ടുവരാനാകും. ഇതിനുള്ള കൃത്യമായ കാരണങ്ങൾ അറിയില്ലെങ്കിലും, നിക്കോടിനോ മദ്യമോ കഴിച്ച ഉടനെ രക്തസമ്മർദ്ദം ഉയരുന്നതായി കാണുന്നു. പുകവലി നിർത്തുന്നതിലൂടെ പക്ഷാഘാതം, ഹൃദയസ്തംഭനം എന്നിവകൂടി ഉണ്ടാവാനുള്ള സാധ്യത കുറയുന്നു. മദ്യപാനം രണ്ട് ഗ്ളാസിൽ കുറയ്ക്കുന്നതിലൂടെ രക്തസമ്മർദ്ദം 2 മുതൽ 4 വരെ മി.മീ മെർക്കുറി താഴ്ത്താൻ സാധിക്കും.
  • മാനസിക സംഘർഷം, പിരിമുറുക്കം എന്നിവ ധ്യാനം, യോഗ എന്നിവയിലൂടെ നിയന്ത്രിക്കാൻ ഒരു പരിധി വരെ സാധിക്കും. നിത്യേന എട്ട് മണിക്കൂർ സുഖകരമായ ഉറക്കം, സന്തോഷകരമായ ലൈംഗികജീവിതം എന്നിവ അമിതമായ സ്ട്രെസ് കുറയ്ക്കാൻ സഹായകരമാണ്. [30]ശബ്ദമലിനീകരണം, ഉയർന്ന വെളിച്ചം എന്നിവ ഒഴിവാക്കണം. ജേക്കബ്സൺ പ്രോഗ്രസ്സിവെ മസിൽ റിലാക്സേഷൻ ടെക്നിക് ഉപകാരപ്രദമാണ്.[31][32] [33][34][35]

ചികിത്സ

ജീവിതരീതികളിൽ മാറ്റം വരുത്തുന്നതിലൂടെ

ജീവിതരീതികളിൽ മാറ്റം വരുത്തുന്നതിലൂടെ ഉയർന്ന രക്തസമ്മർദ്ദം ഒരു പരിധിവരെ തടയാൻ കഴിയും. ഭക്ഷണരീതിയിലുള്ള മാറ്റം, ശരീരവ്യായാമം, വണ്ണം കുറയ്ക്കൽ എന്നിവ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഉപകാരപ്രദമാണ്.[36] ഉയർന്ന രക്തസമ്മർദ്ദം തടയാൻ മരുന്നുകൾ ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ ജീവിതരീതിയിലുള്ള മാറ്റങ്ങളും അത്യന്താപേക്ഷിതമാണ്. ഉയർന്ന രക്തസമ്മർദ്ദത്തിന് മരുന്നുകൾ നിർദ്ദേശിക്കുമ്പോൾ ഹൃദയത്തിന്റെയും ധമനികളുടെയും ആരോഗ്യസ്ഥിതിയും, ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുക്കണം.[37] ജോലിസ്ഥലത്തെയും വീട്ടിലെയും അമിത സമ്മർദ്ദം കുറയ്ക്കുന്നത് ചികിത്സയ്ക്ക് വളരെ അധികം സഹായകമാണ്. അതിനാൽ യോഗ, ധ്യാനം എന്നിവ ചികിത്സയായി നിർദ്ദേശിക്കപ്പെടുന്നു. എന്നാൽ അമിത സമ്മർദ്ദമുള്ള ജോലി എങ്ങനെ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു എന്നതിനെപ്പറ്റി ആധികാരിക പഠനങ്ങളൊന്നും ലഭ്യമല്ല. സോഡിയം കുറഞ്ഞ ഭക്ഷണം കഴിക്കുന്നതാണ് അഭികാമ്യം. 2008-ൽ പ്രസിദ്ധീകരിക്കപ്പെട്ട പഠനത്തിൽ ദീർഘകാലമായി (4 ആഴ്ച) സോഡിയം കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിലൂടെ ഉയർന്ന രക്തസമ്മർദ്ദമുള്ളവരുടെ രക്തസമ്മർദ്ദം കുറഞ്ഞു വരുന്നതായി കണ്ടു. അമേരിക്കൻ ഐക്യനാടുകളിലെ 'ദേശീയ ഹൃദയ, ശ്വാസകോശ, രക്ത ഇൻസ്റ്റിട്യൂട്ട് അമിത രക്തസമ്മർദ്ദം കുറ്യ്ക്കുന്നതിനായി DASH (Dietary Approaches to Stop Hypertension) ഭക്ഷണക്രമം നിർദ്ദേശിക്കുന്നു. ഈ ഭക്ഷണക്രമത്തിന്റെ പ്രത്യേകത കുറഞ്ഞ സോഡിയമുള്ള ഭക്ഷണക്രമമാണ്. നട്ട്സ്, പൂരക ധാന്യങ്ങൾ, മീൻ, കോഴി, പഴങ്ങൾ, പച്ചക്കറികൾ എന്നീ ഭക്ഷണപദാർഥങ്ങളാണ് നിർദ്ദേശിക്കപ്പെടുന്നത്. ചുവന്ന ഇറച്ചി, പലഹാരങ്ങൾ, പഞ്ചസാര എന്നിവ കുറയ്ക്കാനും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. പൊട്ടാസ്യം, കാൽസ്യം, മാംസ്യങ്ങൾ എന്നിവ ധാരാളമുള്ള ഭക്ഷണമാണ് പൊതുവെ അഭികാമ്യം.[38][39][40]

മരുന്നുകൾ

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളെ ആന്റി-ഹൈപ്പർടെൻസീവ് ഡ്രഗ് എന്നു വിളിക്കുന്നു. ഇവ കോശത്തിലെ സ്വീകാരികളുമായി പ്രതിപ്രവർത്തിക്കുകയോ, അവയുടെ ഘടനയിൽ മാറ്റം വരുത്തുകയോ ചെയ്യുന്നു. എന്നാൽ ഡൈയൂററ്റിക്കുകൾ ഇത്തരത്തിലല്ല പ്രവർത്തിക്കുന്നത്. അവ രക്തത്തിലെ ജലത്തിന്റെ അംശം കുറയ്ക്കുന്നത് വഴിയാണ് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത്. രക്തസമ്മർദ്ദം 5 മിമി കുറച്ചാൽ പക്ഷാഘാതം വരാനുള്ള സാധ്യത 34% വരെ കുറയുന്നു. ഇസ്ക്കീമിക്ക് ഹൃദയരോഗം വരാനുള്ള സാധ്യത 21% വരെയും കുറയുന്നു. മറവി, ഹൃദയസ്തംഭനം, മറ്റ് ഹൃദയസംബന്ധിയായ രോഗങ്ങൾ എന്നിവ വരാനുള്ള സാധ്യതയും കുറയുന്നു.[41][42] ഉയർന്ന രക്തസമ്മർദ്ദമുള്ളവരിലെ രക്തസമ്മർദ്ദം 140/90-ൽ താഴെ വരുത്തലാണ് ചികിത്സയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.[43][44]എന്നാൽ വൃക്കയ്ക്ക് തകരാറുള്ളവരിലും, പ്രമേഹമുള്ളവരിലും രക്തസമ്മർദ്ദം 120/80 ന് താഴെയാകുന്നതാണ് നല്ലത്. [45]മൂത്രത്തിൽ മാംസ്യങ്ങൾ പോകുന്ന അവസ്ഥയുള്ളവരും, അവയവനാശം സംഭവിച്ചവരിലും രക്തസമ്മർദ്ദം താഴ്ന്നിരിക്കൽ വളരെ നിർബന്ധമാണ്.പലതരം മരുന്നുകൾ ഒരേസമയം കഴിക്കാനാണ് സാധാരണ അമിത രക്തസമ്മർദ്ദമുള്ള വ്യക്തിയോട് ആവശ്യപ്പെടാറ്. അവയിൽ ചിലവ താഴെ പറഞ്ഞിരിക്കുന്നു :

  • ഏസ് ഇൻഹിബിറ്ററുകൾ (ഉ.ദാ. കപ്രൊപ്രിൽ)
  • ആൽഫാ ബ്ളോക്കറുകൾ (ഉ.ദാ. പ്രാസോസിൻ)
  • ആഞ്ചിയോടെൻസിൻ II സ്വീകാരികാ ആന്റഗോണിസ്റ്റുകൾ (ഉ.ദാ. ലോസർട്ടാൻ)
  • ബീറ്റാ ബ്ളോക്കറുകൾ (ഉ.ദാ. പ്രൊപ്രാനൊലോൾ)
  • കാൽസ്യം ചാനൽ ബ്ളോക്കറുകൾ (ഉ.ദാ. വെറാപമിൽ)
  • ഡൈയൂററ്റിക്കുകൾ (ഉ.ദാ. ഹൈഡ്രോക്ളോറൊതയാസൈഡ്)
  • ഡയരക്ട് റെനിൻ ഇൻഹിബിറ്ററുകൾ (ഉ.ദാ. ആലിസ്കൈറാൻ)

രണ്ടോ അതിലധികമോ മരുന്നുകൾ ഒരുമിച്ച് കൊടുക്കുന്നത് കൂടുതൽ ഫലം ചെയ്യും. ഉദാഹരണത്തിന് :

  • ACE ഇൻഹിബിറ്ററും കാൽസ്യം സ്വീകാരികാ ബ്ളോക്കറും. പെറിൻഡ്രോപ്പിലും അമ്ലോഡിപ്പിൻ മിശ്രിതമാണ് സാധാരണ നൽകാറ്. പ്രമേഹം, മെറ്റബോളിക് സിൻഡ്രോം എന്നിവയുള്ളവരിലും ഈ മരുന്ന് ഫലപ്രദമാണ്.[46]
  • ഡൈയൂററ്റിക്കിനൊപ്പം ARB നൽകുന്നു.

ACE ഇൻഹിബിറ്ററിനൊപ്പം ആഞ്ചിയോടെൻസിൻ II സ്വീകാരികാ ആന്റഗോണിസ്റ്റും, ഡൈയൂററ്റിക്കും, NSAIDയും നൽകാതിരിക്കുക. ഇത് വൃക്കയുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമായേക്കാം. ഈ മരുന്ന് മിശ്രിതത്തെ 'ട്രിപ്പിൾ വാമി'എന്ന് വിളിക്കുന്നു.[36]

പ്രായം ചെന്നവരിൽ

80 വയസ്സിൽ താഴെയുള്ളവരിൽ മരുന്നു കഴിക്കുന്നത് രക്താതിമർദ്ദം മൂലമുള്ള മരണനിരക്ക് കുറയ്ക്കുവാൻ സഹായിക്കുന്നു. എന്നാൽ 80 വയസിനു മുകളിലുള്ളവരിൽ മരുന്ന് കാര്യമായ ഫലം ചെയ്യുന്നില്ല.[47]

പ്രതിരോധം

പ്രതിരോധക രക്താതിമർദ്ദമുള്ളവരെ ചികിത്സിക്കേണ്ട രീതിയെപ്പറ്റി ബ്രിട്ടണിലും അമേരിക്കൻ ഐക്യനാടുകളിലുമുള്ള ഗവേഷകർ പഠനങ്ങൾ നടത്തിയിട്ടുണ്ട്.

കണക്കുകൾ

രണ്ടായിരാമാണ്ടിൽ നടത്തിയ സർവ്വേകൾ പ്രകാരം ഏതാണ്ട് ഒരു ബില്ല്യൺ ജനങ്ങളിൽ (~26% ) രക്താതിമർദ്ദം കണ്ടുവരുന്നു. രക്താതിമർദ്ദം വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും ഒരുപോലെ കാണപ്പെടുന്നു.[48] വികസിത രാജ്യങ്ങളിൽ 333 മില്ല്യൺ രക്താതിമർദ്ദ രോഗികളും, അവികസിത രാജ്യങ്ങളിൽ 639 മില്ല്യൺ രോഗികളും ഉണ്ടെന്നാണ് കണക്ക്. എന്നാൽ, ഈ കണക്കുകളിൽ പ്രാദേശിക വ്യതിയാനങ്ങളുണ്ട്. ഇന്ത്യയിൽ ഇത് പുരുഷന്മാരിൽ 3.4%, സ്ത്രീകളിൽ 6.8% എന്നിങ്ങനെയാണ്. എന്നാൽ പോളണ്ടിൽ ഇത് പുരുഷന്മാരിൽ 68.9% വും, സ്ത്രീകളിൽ 72.5% വുമാണ്.[49]1995-ലെ കണക്ക് പ്രകാരം അമേരിക്കൻ ഐക്യനാടുകളിൽ 43 മില്ല്യൺ ജനങ്ങൾ രക്താതിമർദ്ദമുള്ളവരോ രക്താതിമർദ്ദതിന് മരുന്നു കഴിക്കുന്നവരോ ആണ്.[50] ഇത് ആകെ ജനതയുടെ 24 ശതമാനത്തോളം വരും. 2004-ൽ ഇത് 29% ആയി വർദ്ധിച്ചു. രക്താതിമർദ്ദം വെളുത്തവരെ അപേക്ഷിച്ച് കറുത്ത വർഗ്ഗക്കാരിൽ കൂടുതലായി കണ്ടുവരുന്നു. തെക്ക്കിഴക്കൻ അമേരിക്കയിലെ ജനതയിലാണ് രക്താതിമർദ്ദം കൂടുതലായും കണ്ടുവരുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് രക്താതിമർദ്ദം കൂടുതലായി കാണപ്പെടുന്നത്.[51]90-95% ശതമാനം വരെ രക്താതിമർദ്ദ രോഗികൾക്കുള്ളത് പ്രാഥമിക രക്താതിമർദ്ദമാണ്. ദ്വിതീയ രക്താതിമർദ്ദത്തിനുള്ള പ്രധാന കാരണം പ്രാഥമിക ആൾഡൊസ്റ്റീറൊണിസമാണ്.[21] എക്സസൈസ് രക്താതിമർദ്ദം 1-10% വരെ രോഗികളിൽ കാണപ്പെടുന്നു.

കുട്ടികളിൽ

കുട്ടികളിലെ രക്താതിമർദ്ദം പൂർവ്വകാലത്ത് കേട്ടുകേഴ്വിയില്ലായിരുന്നെങ്കിലും അടുത്തകാലത്ത് കൂടുതലായി കണ്ടുവരുന്നുണ്ട്.[52] ടീനേജ് കാലഘട്ടത്തിനു മുൻപേ ഉണ്ടാകുന്ന രക്താതിമർദ്ദം ഹോർമോൺ തകരാറുകളോ, വൃക്കയ്ക്കുണ്ടാകുന്ന തകരാറുകളോ മൂലമാവാം. ടീനേജ് കാലഘട്ടത്തിലുണ്ടാവുന്ന രക്താതിമർദ്ദം പൊതുവെ പ്രാഥമിക രക്താതിമർദ്ദമാണ് (85-95%).[53]

അവബോധം

സാമ്പത്തികം

അമേരിക്കൻ ഐക്യനാടുകളിലെ ദേശീയ ഹൃദയ, ശ്വാസകോശ, രക്ത ഇൻസ്റ്റിറ്റ്യൂട്ട് 2002-ൽ നടത്തിയ പഠനങ്ങൾ പ്രകാരം 47.2 ബില്ല്യൺ ഡോളറാണ് രക്താതിമർദ്ദ ചികിത്സയ്ക് വേണ്ടി അമേരിക്കക്കാർ ചെലവാക്കിയ ആകെ തുക.[54]രക്താതിമർദ്ദമാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ രോഗികൾ വരുന്നതിനുള്ള ഏറ്റവും സാധാരണമായ രക്തചംക്രമണവ്യൂഹരോഗം.50 മില്ല്യണോളം വരുന്ന അമേരിക്കൻ രക്താതിമർദ്ദ രോഗികളിൽ 34% പേരിൽ മാത്രമേ രക്തസമ്മർദ്ദം 140/90 മി.മി ക്കു താഴെ[55]നിയന്ത്രണാതീതമാക്കപ്പെട്ടിട്ടുള്ളൂ[56][57]. അതായത്, രക്താതിമർദ്ദമുള്ള അമേരിക്കക്കാരിൽ മൂന്നിൽ രണ്ട് പേർക്കും ഹൃദയസ്തംഭനം പോലുള്ള രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്. രക്താതിമർദ്ദ ചികിത്സയ്ക്കു വേണ്ടി ജീവിതചര്യകളിൽ കാതലായ മാറ്റം നടത്തണം എന്നതുകൊണ്ട് പല രോഗികൾക്കും രക്താതിമർദ്ദം നിയന്ത്രണത്തിലാക്കാൻ കഴിയാതെ വരുന്നു.[58]എന്നിരുന്നാലും കൃത്യമായ വ്യായാമം, ഭക്ഷണശൈലിയിലുള്ള ശ്രദ്ധ എന്നിവകൊണ്ട് രക്താതിമർദ്ദം നിയന്ത്രണത്തിലാക്കിയാൽ ഹൃദയരോഗങ്ങൾ വരാനുള്ള സാധ്യത കുറയുകയും, ചികിത്സയ്ക്കുള്ള ചെലവ് കുറയ്ക്കാനും സാധിക്കും.[59][60]

പ്രചാരണം

ലോകാരോഗ്യ സംഘടന രക്താതിമർദ്ദത്തെ മരണത്തിലേക്ക് നയിക്കാവുന്ന രക്തചംക്രമണ വ്യവസ്ഥയിലെ ഏറ്റവും വലിയ തകരാറായി ചൂണ്ടിക്കാട്ടിയിരിക്കുന്നു. ലോക രക്താതിമർദ്ദ സംഘടന (വേൾഡ് ഹൈപ്പർടെൻഷൻ ലീഗ്) നൽകുന്ന കണക്കുകൾ പ്രകാരം 50% രക്താതിമർദ്ദ രോഗികൾക്കും അവരുടെ രോഗാവസ്ഥ അറിയില്ല[61]. ഈ പ്രശ്നം പരിഹരിക്കുന്നതിനായി WHL 2005-ൽ ലോക രക്താതിമർദ്ദ ബോധവൽക്കരണ യജ്ഞം നടത്തുകയുണ്ടായി. മെയ് 17 ആം തിയ്യതി ലോക രക്താതിമർദ്ദ ദിനമായി ആചരിക്കുന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളായി പല സംഘടനകളും രാജ്യങ്ങളും ലോക രക്താതിമർദ്ദ ദിനം ആചരിക്കുന്നതിനായി മുന്നോട്ടു വന്നിട്ടുണ്ട്. ഗ്രാമങ്ങളും, തൊഴിൽ സ്ഥാപനങ്ങളും, സ്വകാര്യ സ്ഥാപനങ്ങളും ഈ പ്രവർത്തനത്തിൽ ഭാഗവാക്കായിട്ടുണ്ട്. പത്രങ്ങളിലൂടെയും, ടെലിവിഷൻ വഴിയും, ഇന്റർനെറ്റിലൂടെയും ഏതാണ്ട് 250 മില്ല്യൺ ജനങ്ങളിൽ രക്താതിമർദ്ദത്തെക്കുറിച്ചുള്ള അവബോധം വളർത്താൻ സാധ്യമായിട്ടുണ്ട്. വർഷാവർഷം ഈ കണക്കിൽ ക്രമാതീതമായ വർധന രേഖപ്പെടുത്തപ്പെട്ടതിനാൽ രക്താതിമർദ്ദത്തിനെതിരെയുള്ള ബോധവൽക്കരണം 1.5 ബില്ല്യൺ ജനങ്ങളിലേക്കെത്തിച്ചേരുമെന്ന് ഈ സംഘടന കണക്കു കൂട്ടുന്നു.[62]

ലോക രക്താതിമർദ്ദദിനം

മെയ് 17 ന് ലോക രക്തസമ്മർദ്ദദിന (വേൾഡ് ഹൈപ്പർ‌ടെൻഷൻ ദിനം )മായി ആചരിക്കുന്നു. രക്തസമ്മർദ്ദത്തെക്കുറിച്ചുള്ള അവബോധമുണർത്തുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 85 ദേശീയ ഹൈപ്പർടെൻഷൻ സൊസൈറ്റികളുടെയും ലീഗുകളുടെയും സംഘടനയായ വേൾഡ് ഹൈപ്പർ‌ടെൻഷൻ ലീഗാണ് (WHL) ഈ ദിനം ആരംഭിച്ചത്.[63]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=രക്താതിമർദ്ദം&oldid=3988826" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ