തങ്ങൾകുഞ്ഞ് മുസ്‌ലിയാർ

കേരളത്തിൽ വിദ്യാഭ്യാസം, പത്രപ്രവർത്തനം, സംസ്കാരം എന്നീ മേഖലകളിൽ വിലമതിക്കാനാവാത്ത സം‌ഭാവനകൾ നൽകിയ പ്രശസ്തനായ ഒരു വ്യവസായിയും, സാമൂഹ്യ പ്രവർത്തകനുമായിരുന്നു തങ്ങൾ കുഞ്ഞു മുസ്‌ലിയാർ[1].

തങ്ങൾ കുഞ്ഞു മുസ്‌ലിയാർ

ജീവിതരേഖ

കിളികൊല്ലൂർ കന്നിമേൽ മുസ്‌ലിയാർ കുടുംബത്തിലെ അഹമ്മദ്കുഞ്ഞ് മുസ്‌ലിയാരാണ് അദ്ദേഹത്തിന്റെ പിതാവ്. സാധാരണ സ്കൂൾ വിദ്യാഭ്യാസം മാത്രമേ തങ്ങൾ കുഞ്ഞിന് ബാല്യത്തിൽ ലഭിച്ചുള്ളൂ. 18-ആമത്തെ വയസ്സിൽ ജോലി തേടി സിലോണിൽ പോയി. അവിടെ രത്നഖനന തൊഴിലിലേർപ്പെട്ടു കുറച്ചുകാലം കഴിഞ്ഞുകൂടി. അതിനുശേഷം മലയയിലേക്കു പോയി. കുറേക്കാലത്തെ പ്രയത്നഫലമായ സമ്പാദ്യവുമായി നാട്ടിലെത്തുകയും 1935-ൽ കശുവണ്ടി വ്യവസായത്തിന് ആരംഭമിടുകയും ചെയ്തു. കേരളത്തിൽ കശുവണ്ടി വ്യവസായം തുടങ്ങിവരുന്ന കാലമായിരുന്നു അത്. കിളികൊല്ലൂരിൽ ആദ്യമായി ഒരു കശുവണ്ടി ഫാക്ടറി സ്ഥാപിച്ച് അനേകം തൊഴിലാളികൾക്ക് ഒരുമിച്ചിരുന്നു പണി ചെയ്യുവാനുള്ള സൗകര്യമൊരുക്കി. ഈ മേഖല വികസിപ്പിച്ച് വൻ വ്യവസായ മണ്ഡലമാക്കി മാറ്റി. ഈ വ്യവസായത്തിൽ അന്ന് മുസ്‌ലിയാർ മുന്നിട്ടു നിന്നു[2]; അതോടുകൂടി 'കശുവണ്ടി രാജാവ്' എന്ന പേരിൽ ഇദ്ദേഹം പരക്കെ അറിയപ്പെട്ടു. തന്റെ തൊഴിലാളികൾക്ക് മിനിമം വേതനം, ബോണസ് എന്നിവ നടപ്പിലാക്കി.

സ്വഭാവശുദ്ധി, ഈശ്വരവിശ്വാസം, പ്രായോഗിക പരിജ്ഞാനം എന്നിവയിൽ ഇദ്ദേഹം കിടയറ്റ വ്യക്തിത്വം പുലർത്തിപ്പോന്നു. ഈ സവിശേഷതയാണ് വ്യവസായരംഗത്തും സാമൂഹിക, സാംസ്കാരികരംഗങ്ങളിലും മുസ്‌ലിയാരുടെ അസൂയാവഹമായ വിജയത്തിന് അടിസ്ഥാനമായിത്തീർന്നത്. 1944-ൽ മുസ്‌ലിയാർ പത്രപ്രവർത്തനത്തിന് തുടക്കമിട്ടു. പ്രഭാതം എന്ന പേരിൽ ആദ്യം ആഴ്ചപ്പതിപ്പായി പ്രസിദ്ധീകരണമാരംഭിച്ചു. പിന്നീടതിനെ ദിനപത്രമാക്കി മാറ്റി. വ്യവസായരംഗത്തു നിന്ന് ലഭിച്ച ആദായം കൊണ്ട് വിദ്യാഭ്യാസരംഗത്തും സാമൂഹിക സേവനരംഗത്തും ഉദാരമായ ക്ഷേമപ്രവർത്തനങ്ങൾ ഇദ്ദേഹം നടത്തി. കേരളത്തിൽ സ്വകാര്യ മേഖലയിലുള്ള ആദ്യത്തെ എൻജിനീയറിങ് കോളജ് സ്ഥാപിച്ചത് ഇദ്ദേഹമാണ്. 1958-ൽ തങ്ങൾ കുഞ്ഞു മുസ്‌ലിയാർ എൻജിനീയറിങ് കോളജും തുടർന്ന് ടി.കെ.എം. ആർട്ട്സ് ആൻഡ് സയൻസ് കോളജും (1965) കിളികൊല്ലൂരിൽ സ്ഥാപിച്ചു. 1964-ൽ എം.ഇ.എസ്. പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും മുസ്‌ലിയാരായിരുന്നു. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പുരോഗതി ലക്ഷ്യമാക്കിയാണ് ഇതിനു പ്രാരംഭമിട്ടത്. സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിക്കുവേണ്ടി രൂപീകരിക്കപ്പെട്ട തിരുവിതാംകൂർ മുസ്‌ലിം മജ്‌ലിസ്, മുസ്‌ലിം മിഷൻ തുടങ്ങിയ സംഘടനകളുടെ അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ഉറച്ച മതവിശ്വാസിയും ആധ്യാത്മിക കാര്യത്തിൽ ഉത്സുകനുമായിരുന്ന ഇദ്ദേഹം രചിച്ച ഗ്രന്ഥമാണ്, പ്രായോഗികാദ്വൈതം പ്രകൃതി നിയമം (1946)[3]. ഈ ഗ്രന്ഥത്തിന്റെ ആംഗല പരിഭാഷ Man and the World (1949) എന്ന പേരിൽ അമേരിക്കയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തങ്ങൾ കുഞ്ഞു മുസ്‌ലിയാർ പല യന്ത്രങ്ങളും തന്റെ ശാസ്ത്രീയമായ ചിന്താഗതിയും ധിഷണാശക്തിയും പ്രയോഗിച്ച് രൂപപ്പെടുത്തുകയും വ്യവസായ പ്രവർത്തനങ്ങളുടെ പുരോഗതിക്ക് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.1966 ഫെബ്രുവരി 20-ന് നിര്യാതനായി.

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തങ്ങൾ കുഞ്ഞു മുസ്‌ലിയാർ (1897 - 1966) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ