ദ സറ്റാനിക് ബൈബിൾ

സാത്താനിസത്തെക്കുറിച്ച് ആന്റൺ ലെവി രചിച്ച ഉപന്യാസങ്ങളുടെയും നിരൂപണങ്ങളുടെയും സമാഹാരമെന്ന നിലയിൽ 1969-ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് ദ സറ്റാനിക് ബൈബിൾ (ഇംഗ്ലീഷ്: The Satanic Bible) ഇത് സാത്താനിക് ബൈബിൾ, സാത്താൻ ബൈബിൾ എന്നീ പേരുകളിലും അറിയപ്പെടുന്നു. ലെവിയൻ സാത്താനിസം എന്ന സമ്പ്രദായത്തിനു ജനപ്രീതി ലഭിക്കുവാൻ സഹായകമായ ഈ ഗ്രന്ഥത്തെ പ്രസ്തുത സമ്പ്രദായത്തിന്റെ അടിസ്ഥാന ഗ്രന്ഥമായി കണക്കാക്കിവരുന്നു.[1] സമകാലിക സാത്താനിസത്തിന്റെ വളർച്ചയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകമായി ഇതിനെ വിലയിരുത്താറുണ്ട്.[2] ക്രിസ്തുമതസ്ഥർ ബൈബിളിനെ ഒരു വിശുദ്ധ ഗ്രന്ഥമായി വിലയിരുത്തുമ്പോൾ ലെവിയൻ സാത്താനിക വിശ്വാസികൾ സറ്റാനിക് ബൈബിളിനെ ഒരു ആധികാരിക ഗ്രന്ഥമായി കണക്കാക്കുന്നു.[1][3] സ്വന്തം ശക്തിയെയും കഴിവുകളെയും സ്തുതിക്കുക എന്നതാണ് ലെവിയൻ സാത്താനിസത്തിന്റെ അടിസ്ഥാന തത്ത്വം. ദൈവം എന്നത് ഓരോരുത്തരുടെയും വ്യക്തിത്വത്തിന്റെ തന്നെ ആവിഷ്കാരമാണെന്നും അതിനു ബാഹ്യമായ നിലനിൽപ്പില്ലെന്നുമാണ് ലെവിയൻ സാത്താനികർ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ അവർ നിരീശ്വരവാദികളാണ്.[4][5][6]. അവർ ദൈവത്തെയോ സാത്താനെയോ ആരാധിക്കുന്നില്ല. മതങ്ങൾ അനുശാസിക്കുന്ന ജീവിതരീതിയിൽ നിന്നുള്ള സ്വാതന്ത്ര്യത്തെയാണ് അവർ 'സാത്താൻ' എന്നുവിളിക്കുന്നത്. സറ്റാനിക് ബൈബിളിന്റെ മുപ്പതു പതിപ്പുകളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. പുസ്തകത്തിന്റെ പത്തുലക്ഷത്തിലേറെ കോപ്പികൾ ഇതുവരെ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.[7][8]

ദ് സാത്താനിക് ബൈബിൾ
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്ആന്റൺ ലെവി
ഭാഷഇംഗ്ലീഷ്
പരമ്പരയുണൈറ്റഡ് സ്റ്റേറ്റ്സ്
വിഷയങ്ങൾസാത്താനിസം, മാന്ത്രികം
പ്രസാധകർഏവൺ ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1969
മാധ്യമംഅച്ചടി
ഏടുകൾ272
ISBN978-0-380-01539-9
ശേഷമുള്ള പുസ്തകംദ സാത്താനിക് വിച്ച്

ദ സറ്റാനിക് ബൈബിൾ പ്രധാനമായും ദ ബുക്ക് ഓഫ് സാത്താൻ, ദ ബുക്ക് ഓഫ് ലൂസിഫർ, ദ ബുക്ക് ഓഫ് ബെലിയൽ, ദ ബുക്ക് ഓഫ് ലെവിയാതൻ എന്നിങ്ങനെ നാലു പുസ്തകങ്ങളുടെ സമാഹാരമാണ്. ബൈബിളിലെ പത്തു കൽപ്പനകളെയും സുവർണ്ണ നിയമത്തെയും വെല്ലുവിളിക്കുന്ന ദ ബുക്ക് ഓഫ് സാത്താൻ എന്ന പുസ്തകം എപ്പിക്യൂറിയനിസത്തെ (ജീവിതം സുഖിക്കുവാനുള്ളതാണ് എന്ന സിദ്ധാന്തം) പ്രോത്സാഹിപ്പിക്കുന്നു.[9] ദ സറ്റാനിക് ബൈബിളിലെ തത്ത്വചിന്തയെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണ് ദ ബുക്ക് ഓഫ് ലൂസിഫർ. സ്നേഹം, വെറുപ്പ്, ലൈംഗികത, അനിയന്ത്രണം എന്നിവയെക്കുറിച്ചു പറയുന്ന പന്ത്രണ്ട് അധ്യാങ്ങൾ ഇതിലുണ്ട്. ഈ ഗ്രന്ഥത്തിലൂടെ, മതത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന കിംവദന്തികൾ ദൂരീകരിക്കുവാൻ ഗ്രന്ഥകാരൻ ശ്രമിക്കുന്നുണ്ട്. ദ ബുക്ക് ഓഫ് ബെലിയൽ എന്ന മൂന്നാമത്തെ പുസ്തകത്തിൽ ആചാരാനുഷ്ഠാനങ്ങളെയും മന്ത്രവാദത്തെയും കുറിച്ച് പറയുന്നു. ആചാരക്രമങ്ങൾ അനുഷ്ഠിക്കുന്നതിനായി മനസ്സിനെ സജ്ജമാക്കുന്നതെങ്ങനെ എന്നും ഇതിൽ വിശദമാക്കുന്നു. അനുകമ്പ, ലൈംഗികത, സംഹാരം എന്നിവ നടത്തുന്നതിനുള്ള നിർദ്ദേശങ്ങളും ഈ പുസ്തകത്തിലുണ്ട്.[10] അവസാനത്തെ പുസ്തകമായ ദ ബുക്ക് ഓഫ് ലെവിയാതനിൽ കരുണ, കാമാസക്തി, സാത്താൻ, സംഹാരം എന്നിവയെ സ്തുതിക്കുന്നു.[11] ജോൺ ഡീയുടെ എനോക്യൻ മാന്ത്രികവിദ്യയും ഇതിൽ പറയുന്നുണ്ട്.[12]

ദ സറ്റാനിക് ബൈബിൾ എന്ന പുസ്തകത്തിനു മിശ്രപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൂർച്ചയുള്ളതും സ്വാധീനശക്തിയുള്ളതുമായ പുസ്തകമായി ഇതിനെ പലരും വിലയിരുത്തുന്നു.[13] [14] പല പുസ്തകങ്ങളുടെയും ഉള്ളടക്കം മോഷ്ടിച്ചാണ് ആന്റൺ ലെവി ഈ പുസ്തകം രചിച്ചതെന്ന ആരോപണം ശക്തമാണ്.[15] ലെവിയുടെ ആശയങ്ങൾ പലതും മറ്റുള്ളവരിൽ നിന്നു കടമെടുത്തവയാണെന്നും പറയപ്പെടുന്നു.[16][17] സാത്താനിക് ബൈബിളിന്റെ ഉള്ളടക്കം വളരെ അപകടമേറിയതാണെന്നും കൗമാരപ്രായക്കാരെ ദോഷകരമായി സ്വാധീനിക്കുമെന്നുമുള്ള വിലയിരുത്തലുകളും ശക്തമാണ്.[18] വിദ്യാലയങ്ങളിലും ഗ്രന്ഥശാലകളിലും ജയിലുകളിലും ഈ പുസ്തകം നിരോധിക്കുവാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്.[19][20][21][22]

ചരിത്രം

ദ സറ്റാനിക് ബൈബിളിന്റെ ഉത്ഭവത്തെക്കുറിച്ച് പല കഥകളുണ്ട്. ചർച്ച് ഓഫ് സാത്താനെക്കുറിച്ചും അവിടുത്തെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുമുള്ള പ്രബന്ധത്തെ ആസ്പദമാക്കിയാണ് ആന്റൺ ലെവി ഈ ഗ്രന്ഥം രചിച്ചതെന്നും നിരവധി ആളുകൾ അദ്ദേഹത്തെ സ്വാധനിച്ചിരുന്നതായും പീറ്റർ എച്ച്. ഗിൽമോർ അഭിപ്രായപ്പെടുന്നു.[23] ഏവൺ പബ്ലിഷേഴ്സിലെ പീറ്റർ മേയർ നിർദ്ദേശിച്ചതിനെത്തുടർന്നാണ് ലെവി ഈ ഗ്രന്ഥം രചിച്ചതെന്ന് അദ്ദേഹത്തിന്റെ മകൾ സീന ഷ്രെക്ക് പറയുന്നു.[17] 1968-ൽ പുറത്തിറങ്ങിയ റോസ്മേരി ബേബി എന്ന ഭയാനക ചലച്ചിത്രത്തിനു ലഭിച്ച സ്വീകാര്യതയെത്തുടർന്നാണ് സാത്താനിസത്തെക്കുറിച്ച് ഒരു ഗ്രന്ഥം എഴുതാൻ മേയർ ലെവിയോട് ആവശ്യപ്പെട്ടത്.[24] സാത്താനിസത്തെക്കുറിച്ച് മുമ്പ് നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുള്ള ലെവി അവയെല്ലാം സമാഹരിച്ച് ഒരു പുസ്തകമാക്കുകയായിരുന്നു.[25][17] മറ്റു ഗ്രന്ഥകാരന്മാർ എഴുതിയ പുസ്തകങ്ങളും ലെവി അവലംബമാക്കിയിട്ടുണ്ട്[15][23][26][27][28][29]

പ്രസിദ്ധീകരണ ചരിത്രം

1969-ൽ ഏവൺ പബ്ലിക്കേഷൻസാണ് ദ സറ്റാനിക് ബൈബിൾ പുറത്തിറക്കിയത്. പുസ്തകത്തിന്റെ 30 പതിപ്പുകൾ ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ട്.[7][30][31][32] പുസ്തകത്തിന്റെ ഉള്ളടക്കത്തിനു മാറ്റം സംഭവിച്ചിട്ടില്ലെങ്കിലും ആമുഖം പലതവണ മാറ്റിയെഴുതപ്പെട്ടിട്ടുണ്ട്.[33][34] ഏതാണ്ട് പത്തുലക്ഷത്തിലധികം കോപ്പികൾ ഇതുവരെ വിറ്റഴിക്കപ്പെട്ടിട്ടിണ്ട്.[33] ഡാനിഷ്, സ്വീഡിഷ്, ജർമ്മൻ, സ്പാനിഷ്, ഫിന്നിഷ്, തുർക്കിഷ് ഭാഷകളിലുള്ള പരിഭാഷകളും പുറത്തിറങ്ങിയിട്ടുണ്ട്.[35]

സാത്താന്റെ കൽപ്പനകൾ

സറ്റാനിക് ബൈബിളിന്റെ ആമുഖത്തിൽ ദൈവം, നന്മ, തിന്മ, മനുഷ്യസ്വഭാവം എന്നിവ ചർച്ച ചെയ്യുന്നു. ഇതിൽ സാത്താന്റെ ഒമ്പതു പ്രസ്താവനകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ ഒമ്പതു സാത്താനിക വാക്യങ്ങളാണ് ലെവിയൻ സാത്താനിസത്തിന്റെ അടിസ്ഥാന ആശയങ്ങൾ. ഇവയെ ആസ്പദമാക്കി ആന്റൺ ലെവി 1987-ൽ നയൻ സറ്റാനിക് സിൻസ് എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.[25][17][36]

സ്വീകരണം

ദ സറ്റാനിക് ബൈബിളിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തിയിട്ടിണ്ട്. ഈ പുസ്തകത്തിലെ ഉള്ളടക്കം കുറ്റകൃത്യങ്ങൾക്കു പ്രേരണ നൽകുന്നുവെന്നതാണ് പ്രധാന വിമർശനം. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി കൊലപാതകങ്ങളും അക്രമങ്ങളും ലൈംഗികാതിക്രമങ്ങളും നടത്തുന്നതിന് ഈ പുസ്തകം കാരണമായിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.[37][38][39] മാനസിക ദൗർബല്യമുള്ളവരെ വളരെ വേഗം സ്വാധീനിക്കുവാൻ ഈ പുസ്തകത്തിനു കഴിയും.[18] കൗമാര പ്രായത്തിലുള്ളവർക്കു മോശം സന്ദേശമാണ് പുസ്തകം നൽകുന്നതെന്ന വിമർശനവും ശ്രദ്ധേയമാണ്.[40][41] ലോകത്തിന്റെ പലഭാഗത്തും പുസ്തകം നിരോധിക്കുവാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. [19][20] ജയിലുകളിൽ സാത്താനിക ബൈബിൾ നിരോധിക്കുന്നതിനെ കോടതികളിൽ പലതവണ ചോദ്യം ചെയ്തിട്ടുണ്ട്.[21][42][43] സറ്റാനിക് ബൈബിളിനെതിരെയുള്ള നിരോധനങ്ങൾ അപൂർവ്വമായി മാത്രമേ സംഭവിച്ചിട്ടുള്ളൂ.[22] 1973 മുതൽ 1993 വരെ ദക്ഷിണാഫ്രിക്കയിൽ ഈ പുസ്തകം നിരോധിക്കപ്പെട്ടിട്ടുണ്ട്.[44]

കുറിപ്പുകൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ദ_സറ്റാനിക്_ബൈബിൾ&oldid=3999334" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ