ഹുബാൾ

ഇസ്ലാമിന് മുൻപുള്ള അറേബ്യയിൽ, പ്രത്യേകിച്ച് മക്കയിലെ ക‌അബയിൽ ആരാധിച്ചിരുന്ന ഒരു ചന്ദ്ര ദേവനായിരുന്നു ഹുബാൾ (അറബി: هبل).[1] ഒരു മനുഷ്യരൂപമായിരുന്നു ഈ വിഗ്രഹത്തിനുണ്ടായിരുന്നത്. ചോദ്യങ്ങൾക്ക് ദൈവികമായി ഉത്തരം സൂചിപ്പിക്കാനുള്ള ശേഷി ഈ ദൈവത്തിനുണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. വിഗ്രഹത്തിന് മുന്നിൽ അമ്പെറിഞ്ഞാണ് ചോദ്യങ്ങൾ ചോദിച്ചിരുന്നത്. ഏത് ദിശയിലാണ് അമ്പുകൾ വീഴുന്നത് എന്നത് ഹുബാളിനോട് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം സൂചിപ്പിക്കുമായിരുന്നു. എങ്ങനെയാണ് ഹുബാൾ വിശ്വാസം ആരംഭിച്ചതെന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയില്ല. വടക്കൻ അറേബ്യയിലെ (ആധുനിക സിറിയയും ഇറാക്കും ഉൾപ്പെട്ട പ്രദേശം) നബാതിയയിലെ ലിഖിതങ്ങളിൽ ഈ പേര് പ്രത്യക്ഷപ്പെടുന്നുണ്ട്. എന്തൊക്കെ ശക്തികളാണ് ഹുബാളിനുണ്ടായിരുന്നതായി വിശ്വസിച്ചിരുന്നതെന്നും വ്യക്തിത്ത്വം സംബന്ധിച്ച വിശ്വാസങ്ങളും അവ്യക്തമാണ്.

ഹുബാളിന്റെ വിഗ്രഹത്തിനോട് പ്രാർത്ഥിക്കാനുള്ള അവകാശം നിയന്ത്രിച്ചിരുന്നത് കുറേഷ് ഗോത്രമാണ്. സി.ഇ. 624-ൽ ബദർ യുദ്ധത്തിൽ ഹുബാളിന്റെ വിശ്വാസികൾ ഇസ്ലാം പ്രവാചകൻ മുഹമ്മദുമായി യുദ്ധം ചെയ്തിരുന്നു. മുഹമ്മദ് സി.ഇ. 630 -ൽ മക്കയിൽ പ്രവേശിച്ചശേഷം ക‌അബയിൽ നിന്ന് മറ്റ് ദൈവങ്ങളുടെ വിഗ്രഹങ്ങൾക്കൊപ്പം ഹുബാളിന്റെ വിഗ്രഹവും നീക്കം ചെയ്തു.

മക്കയിലെ ഹുബാൾ

മക്കയിലെ പ്രധാന ദൈവങ്ങളിലൊന്നായിരുന്നു ഹുബാൾ. ക‌അബയിൽ ഹുബാളിന്റെ രൂപം ആരാധിക്കപ്പെട്ടിരുന്നു. കാരെൻ ആംസ്ട്രോങ്ങിന്റെ അഭിപ്രായത്തിൽ ക‌അബ ഹുബാളിന്റെ ക്ഷേത്രമായിരുന്നു. 360 വിഗ്രഹങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള വിഗ്രഹമായി കണക്കാക്കിയിരുന്നതു ഹുബാളിനെയായിരുന്നു. 360 വിഗ്രഹങ്ങൾ ഒരു വർഷത്തിൽ എത്ര ദിവസമുണ്ട് എന്നതായിരുന്നു ഒരു പക്ഷേ സൂചിപ്പിച്ചിരുന്നത്. [2]

ഹിഷാം ഇബ്ൻ അൽ കൽബിയുടെ വിഗ്രഹങ്ങളുടെ കിത്താബിൽ മനുഷ്യരൂപമുള്ള ഒരു വിഗ്രഹമായിരുന്നു ഇതെന്നും ഇതിന്റെ വലത് കൈ പൊട്ടിപ്പോയിരുന്നു എന്നും അതിനു പകരം ഒരു സ്വർണ്ണക്കൈയ്യാണ് ഉണ്ടായിരുന്നതെന്നും സൂചിപ്പിക്കുന്നു.[3] ഇബ്ൻ അൽ കൽബി പറയുന്നത് ചുവന്ന അഗേറ്റ് കൊണ്ടാണ് ഈ ശിൽപ്പം നിർമ്മിക്കപ്പെട്ടിരുന്നത് എന്നാണ്. അൽ അസ്രക്വി "കോർണേലിയൻ പവിഴം" കൊണ്ടാണ് ഇത് നിർമ്മിക്കപ്പെട്ടിരുന്നത് എന്ന് രേഖപ്പെടുത്തിയിരുന്നു. നേർച്ചയായി നൂറ് ഒട്ടകങ്ങളെയാണ് നൽകിയിരുന്നത് എന്നും ഏഴ് അമ്പുകൾ വിഗ്രഹത്തിന്റെ മുന്നിൽ വച്ചിരുന്നു എന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മരണം, കന്യകാത്ത്വം, വിവാഹം എന്നിവ സംബന്ധിച്ച ചോദ്യങ്ങൾക്ക് ദൈവികമായ ഉത്തരം ലഭിക്കുവാൻ ഈ അമ്പുകൾ ഉപയോഗിച്ചിരുന്നു.[3]

മുഹമ്മദിന്റെ മുത്തച്ഛനായിരുന്ന അബ്ദുൾ മുത്തല്ലിബ് തന്റെ പത്ത് മക്കളിൽ ഒരാളെ ബലികൊടുക്കാം എന്ന് നേർച്ച നേർന്നിരുന്നതായി ഒരു കഥ ഇബ്ൻ അൽ കൽബി പറയുന്നുണ്ട്. ഏത് കുട്ടിയെയാണ് ബലി കൊടുക്കേണ്ടത് എന്നറിയാൻ അദ്ദേഹം അമ്പുകളുപയോഗിച്ച് ശ്രമിച്ചു. അബ്ദുള്ളയെ (ഭാവിയിൽ ഇദ്ദേഹമാണ് മുഹമ്മദിന്റെ അച്ഛനായത്) ബലി കൊടുക്കണം എന്നാണ് അമ്പുകൾ സൂചിപ്പിച്ചത്. അബ്ദുള്ളയ്ക്ക് പകരം 100 ഒട്ടകങ്ങളെ ബലി കൊടുത്തതോടെ അദ്ദേഹം രക്ഷപെട്ടു. തബാരി രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് അബ്ദുൾ മുത്തലിബ് പിന്നീട് മുഹമ്മദിനെയും ഈ വിഗ്രഹത്തിന് മുന്നിൽ കൊണ്ടുവന്നിരുന്നു.[4]

ഐതിഹ്യത്തിലെ സ്ഥാനം

ഹുബാളിനെ സംബന്ധിച്ച തെളിവുകളുടെ അഭാവം അറേബ്യൻ ഐതിഹ്യങ്ങളിൽ ഇദ്ദേഹത്തിന്റെ സ്ഥാനം മനസ്സിലാക്കുന്നതിൽ തടസ്സമാകുന്നുണ്ട്. ജൂലിയസ് വെൽഹൗസൺ ഹുബാൾ അല്ലതിന്റെ മകനും വാദിന്റെ സഹോദരനുമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.[5] ഹ്യൂഗോ വിങ്ക്ളർ ഹുബാൾ ഒരു ചന്ദ്രദേവനാണെന്ന് അഭിപ്രായപ്പെട്ടു.[6]

മിർസിയ എലിയാഡെ, ചാൾസ് ജെ. ആഡംസ് എന്നിവർ ഇദ്ദേഹം ഒരു യുദ്ധദേവനായിരുന്നു എന്നും മഴയുടെ ദൈവമായിരുന്നു എന്നും അഭിപ്രായപ്പെടുന്നു.[7] ജോൺ എഫ്. ഹീലി തന്റെ ദ റിലീജിയൺ ഓഫ് ദ നബാത്തിയൻസ് (2001) എന്ന ഗ്രന്ഥത്തിൽ ഈ ദൈവം നബാത്തിയക്കാർക്കിടയിലാണ് രൂപപ്പെട്ടത് എന്ന് അംഗീകരിക്കുന്നു.[8]

ആധുനിക സംസ്കാരത്തിൽ

ഇസ്ലാമിക വാദികൾ വിഗ്രഹാരാധനയുടെ ഒരു സിമ്പലായി ഹുബാൾ എന്ന വാക്കുപയോഗിക്കാറുണ്ട്. 2001-ൽ ഒസാമ ബിൻ ലാദൻ അമേരിക്ക ആധുനിക ഹുബാൾ ആണെന്ന് പറയുകയുണ്ടായി.[9][10]

അമേരിക്കയിലെ ഇവാഞ്ജലിസ്റ്റുകൾ ഇസ്ലാം യഥാർത്ഥ ഏകദൈവ വിശ്വാസമല്ല, മറിച്ച് ഹുബാൾ ആരാധനയുടെ മറ്റൊരു രൂപമാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ ആരാധന ഹുബാൾ ആരാധനയിൽ നിന്ന് ഉരുത്തിരിഞ്ഞുണ്ടായതാണെന്നും അല്ലാഹു ഒരു ചന്ദ്രദേവനാണെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.[11] ഈ വാദഗതികൾ ഇസ്ലാമിക പണ്ഡിതരും സെക്യുലാർ പണ്ഡിതരും തള്ളിക്കളഞ്ഞിട്ടുണ്ട്.[12][13][14]

ഇതും കാണുക

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹുബാൾ&oldid=4082325" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ