2016-ലെ ഇന്ത്യയിലെ നാണയമൂല്യമില്ലാതാക്കൽ

(500 ഉം 1000 ഉം ഇന്ത്യൻ രൂപാ നോട്ടുകളുടെ നാണയമൂല്യം ഇല്ലാതാക്കൽ, 2016 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2016 നവംബർ 8 ചൊവ്വാഴ്ച അർധരാത്രി മുതൽ ഇന്ത്യയിൽ  500, 1000 രൂപയുടെ നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കി. വൻതോതിൽ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിയ്ക്കും ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടി [2] പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭായോഗത്തിനു ശേഷം രാത്രി 8.15 ന് രാജ്യത്തെ ടെലിവിഷൻ വഴി അഭിസംബോധന ചെയ്താണ് ഈ കാര്യം പ്രഖ്യാപിച്ചത്.[3][4] 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതോടെ രാജ്യത്ത് 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകൾ നവംബർ 10 മുതൽ വിതരണത്തിനെത്തുമെന്നും അദ്ദേഹം അറിയിച്ചു.  നിലവിൽ പ്രചാരത്തിലിരിക്കുന്ന ₹100, ₹50, ₹20, ₹10, ₹5 നോട്ടുകൾ പിൻവലിക്കില്ലെന്നും രാഷ്ട്രത്തോട് ചെയ്ത അഭിസംബോധനയിൽ പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തു തീവ്രവാദപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന കള്ളനോട്ടിന്റേയും, കള്ളപ്പണത്തിന്റേയും ഉപയോഗം ഇതോടെ ഇല്ലാതാവുമെന്നും, അഴിമതി കുറയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി[5][6].

2016-ലെ ഇന്ത്യയിലെ നാണയമൂല്യമില്ലാതാക്കൽ
കൊൽക്കട്ടയിലെ സാൾട്ട് ലേക്ക് സിറ്റിയിലെ ഒരു ബാങ്കിനു മുന്നിൽ ആളുകൾ വരിയായി നിൽക്കുന്നു
ദിവസം8 നവംബർ 2016
സമയം20:15 IST (14:45 UTC)
സ്ഥലം ഇന്ത്യ
അത്യാഹിതങ്ങൾ
33 മരണം (18 November 2016 ലെ കണക്കു പ്രകാരം)[1]
നവംബർ 8 ന് ഹൗറയിലെ എ.ടി.എം. നു മുന്നിൽ നൂറു രൂപ നോട്ടിനായി ക്യൂ നിൽക്കുന്നവർ.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം, തൊട്ടടുത്ത ആഴ്ചകളിൽ സാമ്പത്തികമേഖലയിൽ കനത്ത ഇടിവ് അനുഭവപ്പെട്ടു.[7] ആവശ്യത്തിനുള്ള നോട്ടുകൾ ലഭ്യമല്ലാതായി. തങ്ങളുടെ കൈയ്യിലുള്ള നോട്ടുകൾ മാറിയെടുക്കാൻ വേണ്ടി, ആളുകൾക്ക് മണിക്കൂറുകളോളം വരികളിൽ നിൽക്കേണ്ടതായി വന്നു.[8]

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ, 2018 ൽ പുറത്തു വിട്ട കണക്കു പ്രകാരം, മൂല്യം ഇല്ലാതാക്കിയ നോട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി പറയുന്നു. ₹15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളാണു മൂല്യമില്ലാതാക്കിയത്, ഇതിൽ ₹15.30 ലക്ഷം കോടി രൂപയും തിരിച്ചെത്തി. ₹10,720 കോടി രൂപമാത്രമാണു, ബാങ്കുകളിൽ തിരിച്ചെത്താതിരുന്നത്.[9] രാജ്യത്തു നിലവിലുണ്ടായിരുന്നു എന്നു പറയപ്പെടുന്ന കള്ളപ്പണം തിരിച്ചുപിടിക്കാനാണു നാണയമൂല്യമില്ലാതാക്കൽ എന്ന സർക്കാരിന്റെ ലക്ഷ്യം ഇതോടെ ഇല്ലാതായി.[10] പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിറ്റേന്നു ഉച്ചക്കുശേഷം, രാജ്യത്തെ ഓഹരികമ്പോളത്തിൽ 6 ശതമാനത്തോളം ഇടിവു രേഖപ്പെടുത്തി.[11] രാജ്യത്തെ വ്യാവസായിക ഉത്പാദനവും, മൊത്ത ആഭ്യന്തര ഉത്പാദനവും ഇടിഞ്ഞു.[12]

പ്രധാനമന്ത്രിയുടെ നടപടി തുടക്കത്തിൽ സ്വീകരിക്കപ്പെട്ടുവെങ്കിലും, അതിന്റെ നടത്തിപ്പിൽ വന്ന പാളിച്ചകൾ കൊണ്ട് പിന്നീട് പിന്തുണച്ചവർ തന്നെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പാർലമെന്റിന്റെ ഇരു സഭകളിലും, സംഘർഷസമാനമായ സംഭവങ്ങളായിരുന്നു.[13][14][15]

പശ്ചാത്തലം

സമാനരീതിയിലുള്ള കറൻസി റദ്ദാക്കൽ മുൻ സർക്കാരുകളും സ്വീകരിച്ചിരുന്നു. 1978 ജനുവരി 16ന് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള കൂട്ടുമുന്നണി സർക്കാർ 1000, 5000, 10000 രൂപയുടെ നോട്ടുകൾ കള്ളപ്പണവും, കള്ളനോട്ടും തടയുക എന്ന ലക്ഷ്യത്തോടെ പിൻവലിക്കുകയുണ്ടായി.[16][17] 2012 ൽ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനമുണ്ടായെങ്കിലും, കേന്ദ്ര നികുതി ബോർഡിന്റെ ശുപാർശയെത്തുടർന്ന് അത് നടപ്പാക്കാതെ പോവുകയായിരുന്നു. കള്ളപ്പണം, നോട്ടുകളായി സൂക്ഷിക്കുന്നതിനു പകരം, ബിനാമി പേരിലും, ഭൂസ്വത്തായും, സ്വർണ്ണമായും ആയിരിക്കാം കള്ളപ്പണക്കാർ സൂക്ഷിച്ചിരിക്കുന്നത് എന്നായിരുന്നു നികുതി ബോർഡിന്റെ കണ്ടെത്തൽ, അതുകൊണ്ട് നോട്ടുകൾ പിൻവലിക്കൽ ഫലപ്രദമായിരിക്കില്ല എന്നു അവർ അഭിപ്രായപ്പെട്ടു.[18][19]റിസർവ്വ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ മാർച്ച് 2016ൽ പ്രചാരത്തിലിരുന്ന കറൻസിയുടെ മൂല്യത്തിന്റെ 86.4 ശതമാനവും 500, 1000 നോട്ടുകൾ ആയിട്ടാണ്.[20] ധനമന്ത്രി അരുൺ ജയ്റ്റ്ലി 2014ൽ ലോക്സഭയിൽ നൽകിയ ഉത്തരം പ്രകാരം,ഇന്ത്യയിൽ പിടിക്കപ്പെട്ടിട്ടുള്ള കള്ളനോട്ടുകളുടെ മൂല്യം, മൊത്തത്തിൽ പ്രചാരത്തിലിരിക്കുന്ന പണത്തിന്റെ .004 ശതമാനത്തിൽ കൂടുതൽ വരില്ല.[21]2010ലെ വേൾഡ് ബാങ്ക് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ നിഴൽ സമ്പദ് വ്യവസ്ഥ ജി.ഡി പി യുടെ 22.4 ശതമാനത്തോളം വരും.[22]

നാണയമൂല്യമില്ലാതാക്കൽ പ്രക്രിയ

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

നവംബർ എട്ടാം തീയതി രാത്രി എട്ടു പതിനഞ്ചിന് മുൻകൂട്ടി തീരുമാനിക്കാതെയുള്ള ഒരു ടെലിവിഷൻ സംപ്രേഷണത്തിലൂടേയാണ് പ്രധാനമന്ത്രി മോദി ഈ തീരുമാനം ജനങ്ങളെ അറിയിച്ചത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രചാരത്തിലിരിക്കുന്ന അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകൾ അന്നേ ദിവസം അ‍‍ർദ്ധരാത്രി മുതൽ അസാധുവാകും എന്നതായിരുന്നു ഈ സംപ്രേഷണത്തിന്റെ ഉള്ളടക്കം. പ്രധാനമന്ത്രിയുടെ ടെലിവിഷൻ പരിപാടി കഴിഞ്ഞ ഉടനേ തന്നെ, ഭാരതീയ റിസർവ്വ് ബാങ്ക് ഗവർണറും, സാമ്പത്തികകാര്യ സെക്രട്ടറിയും കൂടെ നടത്തിയ പത്രസമ്മേളനത്തിൽ നോട്ടുകൾ പിൻവലിക്കാനുണ്ടായ കാരണങ്ങളും, തുടർനടപടികളും വിശദീകരിക്കുകയുണ്ടായി. 2011 നും 2016നും ഇടയിലുള്ള കാലഘട്ടത്തിൽ അഞ്ഞൂറിന്റേയും, ആയിരത്തിന്റേയും നോട്ടുകൾ ഒഴിച്ചുള്ളവയുടെ പ്രചാരം 40ശതമാനം കണ്ടു വർദ്ധിച്ചപ്പോൾ, ഇക്കാലയളവിൽ അഞ്ഞൂറിന്റെ നോട്ടിന്റെ വർദ്ധനവ് 76 ശതമാനവും, ആയിരത്തിന്റെ നോട്ടിന്റേത് 109 ശതമാനവും ആണെന്ന് ഇവർ പ്രസ്താവിക്കുകയുണ്ടായി. കള്ളപ്പണത്തിന്റേയും, കള്ളനോട്ടിന്റേയും വർദ്ധനവാണ് ഈ കാണിക്കുന്നതെന്നും, ഇത്തരത്തിൽ സ്വരുക്കൂട്ടിയ പണം രാജ്യത്ത് തീവ്രവാദപ്രവർത്തനത്തിനും, കള്ളക്കടത്തിനും, സമാന്തര സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനും അതു വഴി രാജ്യപുരോഗതിക്കുതന്നെ തടസ്സം നിക്കാനുമാണുതകുക എന്നും ഈ പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കി.[23]

നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനമെടുത്തത് ആറുമാസങ്ങൾക്കു മുമ്പാണെന്നും, നോട്ടുകൾ പിൻവലിക്കുന്നതു വഴി സമ്പദ് വ്യവസ്ഥയിലുണ്ടാകാൻ സാധ്യതയുള്ള കുഴപ്പങ്ങൾ ഒഴിവാക്കാൻ പുതിയ പരമ്പരയിലുള്ള അഞ്ഞൂറിന്റേയും, രണ്ടായിരത്തിന്റേയും നോട്ടുകൾ അച്ചടി തുടങ്ങികഴിഞ്ഞുവെന്നും, പത്രസമ്മേളനത്തിൽ ഉർജിത് പട്ടേൽവ്യക്തമാക്കി. എന്നാൽ ആറുമാസം മുമ്പ് അച്ചടി തുടങ്ങിയ പുതിയ പരമ്പരയിലുള്ള നോട്ടുകളിൽ ഒരു മാസം മുമ്പു മാത്രം അധികാരമേറ്റെടുത്ത ഉർജിത് പട്ടേലിന്റെ കയ്യൊപ്പ് വന്നത് ഏറെ കുഴപ്പത്തിനും, ചർച്ചക്കും വഴിവെച്ചു. വ്യക്തമായ പദ്ധതിയില്ലാതെ, തിടുക്കപ്പെട്ടെടുത്ത ഒരു തീരുമാനമായിരുന്നു ഇതെന്ന് ഇതിലൂടെ തെളിഞ്ഞെന്ന് പ്രതിപക്ഷമുൾപ്പടെയുള്ള പാർട്ടികൾ ആരോപിച്ചു[24][25].

500/ 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ തീരുമാനം ജനങ്ങളുടെ ചെലവാക്കാനുള്ള ശീലത്തിൽ പ്രതിഫലിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രതികരിച്ചു. വെളിപ്പെടുത്താത്ത വലിയ തുക കൈയിൽ സൂക്ഷിച്ചിരിക്കുന്നവർ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പുതുതായി പുറത്തിറക്കിയ 2000 രൂപയുടെ കറൻസിയിൽ സിഗ്നൽ പ്രതിഫലിപ്പിക്കുന്ന ചിപ്പുകളില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു[26].

വാണിജ്യരംഗത്തെ പ്രമുഖർ സർക്കാരിന്റെ നടപടിയെ പിന്തുണച്ചുകൊണ്ടു രംഗത്തെത്തി. ഭാരതീയ സ്റ്റേറ്റ് ബാങ്ക് അധ്യക്ഷ അരുന്ധതി ഭട്ടാചാര്യ, ഐ.സി.ഐ.സി.ഐ അധ്യക്ഷ ചന്ദാ കൊച്ഛാർ, എ.ച്ച്.ഡി.എഫ്.സി ചെയർമാൻ ദീപക് പരേഖ്, എന്നിവർ സർക്കാരിന്റെ ഈ നീക്കം കള്ളപ്പണത്തെ തടയാൻ ഉപകരിക്കുമെന്ന് അഭിപ്രായപ്പെട്ടു[27]. നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള സർക്കാരിന്റെ നടപടി, ഇലക്ട്രോണിക് വ്യാപാരം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും വാണിജ്യ പ്രമുഖർ അഭിപ്രായപ്പെട്ടു.[28]ഇൻഫോസിസ് ചെയർമാൻ നാരായണമൂർത്തി സർക്കാരിന്റെ നടപടിയെ പ്രശംസിച്ചു.[29]

പഴയ നോട്ടുകൾ മാറ്റി വാങ്ങാനുള്ള നടപടി ക്രമങ്ങൾ

പ്രധാനമന്ത്രിയുടെ അറിയിപ്പിനെത്തുടർന്ന് റിസർവ്വ് ബാങ്ക് ഗവർണ്ണറായ ഉർജിത് പട്ടേൽ പഴയ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ മാറ്റിവാങ്ങാനുള്ള നടപടിക്രമങ്ങൾ വിശദീകരിച്ച് പത്രക്കുറിപ്പിറക്കി. [30]മറ്റ് പ്രധാന അറിയിപ്പുകൾ ഇവയായിരുന്നു :

  1. ബാങ്കുകൾക്ക് പുറമെ പോസ്‌റ്റോഫീസുകളിലും ഡിസംബർ 30 വരെ പഴയ നോട്ടുകൾ മാറ്റിയെടുക്കാം. ആഴ്ചയിൽ 20,000 രൂപ മാത്രമാവും മാറ്റിയെടുക്കാനാവുക.
  2. ആദ്യത്തെ ഏതാനും ദിവസങ്ങളിൽ എ.ടി.എമ്മിൽനിന്ന് പരമാവധി പിൻവലിക്കാവുന്ന തുക 2,000 രൂപയാണ്. അതിനുശേഷം 4,000 രൂപയായി ഉയർത്തും. എന്നാൽ നവംബർ പതിനാലു മുതൽ പുതിയ നോട്ടുകൾ ലഭ്യമാകുന്ന തരത്തിൽ എ.ടി.എമ്മുകൾ പരിഷ്കരിച്ചശേഷം, പ്രതിദിനം പിൻവലിക്കാവുന്ന തുക 2500 രൂപയായിരിക്കും.[31]
  3. ബാങ്കുകൾ പൊതുജനങ്ങൾക്കായി പ്രവർത്തിക്കില്ല. എ.ടി.എമ്മുകളും ഉണ്ടാവില്ല.
  4. 500, 1000 രൂപ നോട്ടുകൾ നൽകി ബാങ്കുകളിൽനിന്നും പോസ്റ്റാഫീസുകളിൽനിന്നും 100-ന്റെയും മറ്റും ചെറിയ നോട്ടുകൾ പകരം വാങ്ങാം. അതിന് പാൻ കാർഡ്, ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങിയ അംഗീകൃത തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമൊന്നും ഹാജരാക്കണം. നവംബർ 10 മുതൽ 24 വരെ മാമാത്രമേ ഇത്തരത്തിൽ പകരം പണം വാങ്ങാൻ സാധിക്കൂ. ഒരുദിവസം പരമാവധി 4000 രൂപയുടെ പരിധിയും ഉണ്ടാവും. ഇത് പിന്നീട് ഒറ്റത്തവണ മാത്രമെ പിൻവലിക്കാനാവൂ എന്ന് റിസർവ് ബാങ്ക് വിശദീകരിച്ചു.

പെട്രോൾ, വാതക സ്റ്റേഷനുകൾ, സർക്കാർ ആഫീസുകൾ, റെയിൽവേ, വിമാന ബുക്കിങ് കൗണ്ടറുകൾ, റേഷൻ കടകൾ മുതലായവയെ റിസർവ്വ് ബാങ്ക് മുകളിൽ പറഞ്ഞവയിൽ നിന്നും നവംബർ 24 വരെ ഒഴിവാക്കിയിരുന്നു. ഇവിടങ്ങളിലെല്ലാം പഴയ ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകൾ സ്വീകരിക്കുമെന്നും റിസർവ്വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.[32] വിദേശ വിനോദസഞ്ചാരികൾക്കും, വിദേശത്തേക്കു പോകുന്ന ഇന്ത്യക്കാർക്കും അയ്യായിരം രൂപക്കു തുല്യമായ തുക കൈമാറ്റം ചെയ്യാമെന്നും റിസർവ്വ് ബാങ്കു നിർദ്ദേശിച്ചിട്ടുണ്ട്.[33][34]

നവംബർ പതിനേഴിന് റിസർവ്വ് ബാങ്ക് പുറത്തിറക്കിയ സർക്കുലർ പ്രകാരം, വിവാഹ ആവശ്യങ്ങൾക്കു വേണ്ടി, ഒരു കുടുംബത്തിന് 250,000 രൂപ വരെ പിൻവലിക്കാം എന്നറിയിച്ചിട്ടുണ്ട്. എന്നാൽ കെ.വൈ.സി ചട്ടങ്ങൾ പാലിക്കുന്ന ഇടപാടുകാർക്ക് മാത്രമേ ഇതു ബാധകമാവൂ. കർഷകർക്ക് തങ്ങളുടെ അക്കൗണ്ടിൽ നിന്നും, പ്രതിവാരം 25000 രൂപയും പിൻവലിക്കാവുന്നതാണ്.[35]

നിയമം

നിരോധിച്ച നോട്ടുകളുടെ ബാധ്യത അവസാനിപ്പിച്ചുകൊണ്ടുള്ള സർക്കാരിന്റെ ഓർ‍ഡിനസ് 2016 ഡിസംബർ എട്ടിനു നിലവിൽ വന്നു. 2016 നവംബർ എട്ടിനുശേഷം ഇത്തരം നോട്ടുകൾ കൈവശം വെക്കുന്നത് നിയമവിരുദ്ധമായി തീർന്നു. [36] നാണയമൂല്യമില്ലാതാക്കൽ പ്രക്രിയ നടക്കുമ്പോൾ വിദേശത്തായിരുന്ന ആളുകളുടെ കൈവശമുള്ള നിരോധിച്ച നോട്ടുകൾ കൈമാറാൻ കുറച്ചു കൂടി സാവകാശം സർക്കാർ അനുവദിച്ചു. 2017 മാർച്ച് ഒന്നാം തീയതി നിലവിലിരുന്ന ഓർഡിനൻസ് നിയമമായി തീർന്നു. [37]

മഷി പുരട്ടൽ

ഒന്നിലധികം തവണ ആളുകൾ 500, 1000 രൂപ നോട്ടുകൾ നൽകി ബാങ്കുകളിൽനിന്നും പണം മാറാൻ തുടങ്ങിയപ്പോൾ നോട്ടുകൾ മാറ്റി വാങ്ങുന്നവരുടെ കൈയിൽ മഷി അടയാളമിടാനുള്ള സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച് റിസർവ്വ് ബാങ്ക് പുതിയ നിർദ്ദേശങ്ങൾ നൽകി.

  • ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ പഴയ നോട്ട് മാറാനെത്തുന്നവരുടെ വലത് കൈയുടെ ചൂണ്ടുവിരലിൽ മായാത്ത മഷികൊണ്ട് അടയാളം ഇടണം.
  • അടയാളമിടുന്നതിനുള്ള മഷി റിസർവ്വ് ബാങ്കിന്റെ മേൽനോട്ടത്തിൽ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ ഐബിഎ മുഖേന എത്തിച്ചു.
  • അടയാളമിടുന്ന നടപടി തുടക്കത്തിൽ മെട്രോ നഗരങ്ങളിലും തുടർന്ന് മറ്റു പ്രദേശങ്ങളിലേയ്ക്കും വ്യാപിപ്പിക്കും.[38]
  • പല സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് ചൂണ്ടിക്കാട്ടി, വിരലിൽ മഷിപുരട്ടാനുള്ള തീരുമാനത്തെ എതിർത്ത് കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കത്തയച്ചു.[39]

ലക്ഷ്യവും, പരിണിതഫലങ്ങളും

രാജ്യത്തു നിലവിലിരിക്കുന്ന കള്ളപ്പണത്തിനു കടിഞ്ഞാണിടുക എന്നതായിരുന്നു നാണയമൂല്ല്യമില്ലാതാക്കലിന്റെ സുപ്രധാനമായ ലക്ഷ്യമെന്നു സർക്കാർ പറഞ്ഞിരുന്നു. നികുതി വെട്ടിപ്പിലൂടെ നേടിയ പണം, അഴിമതിയിലൂടെ സമ്പാദിച്ച പണം, മനുഷ്യക്കടത്ത്, തീവ്രവാദം എന്നിവയിലൂടെ കൈവശം വന്നു ചേർന്ന പണം ഇതിനേയാണു കള്ളപ്പണം എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. നികുതി നൽകുന്നവരുടെ എണ്ണത്തിലുള്ള വർദ്ധന കൂടി ഈ നടപടിയിലൂടെ സർക്കാർ ഉദ്ദേശിച്ചിരുന്നു. ഡിജിറ്റലായി ഉള്ള പണമിടപാട് പ്രോത്സാഹിപ്പിക്കു, അതുവഴി മാവോയിസ്റ്റുകൾ, നക്സലൈറ്റുകൾ ഇവരിൽ ചെന്നു ചേരുന്ന പണത്തിന്റെ ഉറവിടം തടയുക ഇതെല്ലാം നോട്ടു നിരോധനത്തിന്റെ പ്രത്യക്ഷമല്ലാത്ത ലക്ഷ്യങ്ങളായിരുന്നു.

കേരളത്തിൽ

കൊല്ലത്തെ ഒരു ബാങ്കിൽ 500 ഉം 1000 ഉം നോട്ടുകൾ മാറാനായി തിരക്കു കൂട്ടുന്നവർ 11 നവംബർ 2016

ജനങ്ങളോട് സംസ്ഥാനസർക്കാർ പരിഭ്രാന്തരാകുന്നതിൽ കാര്യമില്ലെന്നും ആരുടെയും പണം നഷ്ടപ്പെടുന്ന സാഹചര്യം ഇല്ലന്നും വ്യക്തമാക്കി. സംസ്ഥാനസർക്കാർ പ്രശ്നം ലഘൂകരിക്കാൻ ചുവടെ പറയുന്ന നടപടികൾ സ്വീകരിക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.[40]

  • ട്രഷറിയിലുള്ള 500, 1000 രൂപ നോട്ടുകളുടെ സ്റ്റേറ്റ്മെന്റ് തയ്യാറാക്കാൻ സംസ്ഥാന ട്രഷറി ഡയറക്ടർക്ക് നിർദ്ദേശം നൽകി.
  • 2016 നവംബർ 8 നുമുമ്പ് കളക്ട് ചെയ്ത പണം നവംബർ 10 നുമുമ്പ് ട്രഷറിയിൽ ഒടുക്കണം. ഇതിന് ആവശ്യമായ സംവിധാനങ്ങൾ എല്ലാ ട്രഷറിയിലും ഒരുക്കിയിട്ടുണ്ട്.
  • വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ ലോട്ടറി നറുക്കെടുപ്പുകൾ അടുത്ത ആഴ്ചയിലേക്കു മാറ്റിവച്ചു. പുതിയ ടിക്കറ്റുകൾ ഏജന്റുമാർക്ക് വാങ്ങുന്നതിനുള്ള പ്രയാസങ്ങൾ എങ്ങനെ മറികടക്കാമെന്നു പരിശോധിച്ചുവരികയാണ്.
  • കെ.എസ്.എഫ്.ഇ. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ചിട്ടിലേലങ്ങൾ മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു.
  • സർക്കാർസ്ഥാപനങ്ങളൊന്നും 500, 1000 രൂപയുടെ പഴയ നോട്ടുകൾ സ്വീകരിക്കുന്നതല്ല.

നോട്ടുകൾ പിൻവലിച്ച നടപടി കച്ചവടമേഖലയിൽ കനത്ത നഷ്ടമുണ്ടാക്കിയതായി പത്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കോഴിക്കോട് 80 ശതമാനത്തോളവും തൃശ്ശൂരിൽ 75 ശതമാനത്തിലേറെയും വ്യാപാരം മുടങ്ങി. [41] നിറയ്ക്കാൻ ആവശ്യത്തിന് പണം ലഭിക്കാത്തതിനെത്തുടർന്ന് സംസ്ഥാനത്തെ ഭൂരിപക്ഷം എ.ടി.എമ്മുകളും പ്രവർത്തിച്ചില്ല. ഏഴായിരത്തോളം എ.ടി.എമ്മുകളിൽ 1500-ൽ ത്താഴെ എ.ടി.എമ്മുകളിൽ മാത്രമാണ് പണമെത്തിയത്. [42]

ഹർത്താൽ

നോട്ട് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നവംബർ 28 ന് ഹർത്താൽ നടത്തി. കോൺഗ്രസ് നേതൃത്ത്വത്തിൽ ജൻ ആക്രോശ് ദിവസ് എന്ന നിലയിൽ പ്രതിഷേധദിനമായി ആചരിച്ചു.[43]

സത്യഗ്രഹവും പ്രത്യേക നിയമസഭാ സമ്മേളനവും

കേരളത്തിലെ സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് നവംബർ 18 ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും തിരുവനന്തപുരം റിസർവ് ബാങ്കിനുമുന്നിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ സത്യഗ്രഹം സംഘടിപ്പിച്ചു. സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം നവംബർ 22 ന് വിളിച്ചുചേർത്തു.[44]കേരളത്തിൽ സാമ്പത്തിക അരാജകത്വവും അസ്വസ്ഥതയും സൃഷ്ടിക്കുന്ന നടപടിയിൽനിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി. കേരളത്തിൽനിന്നുള്ള സർവകക്ഷി സംഘത്തിന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി ചോദിച്ചെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയില്ല. ധന മന്ത്രിയെ കാണാൻ നിർദ്ദേശിച്ചു. പക്ഷേ ഇത്തരത്തിൽ ഒരു പ്രമേയം ഒരു സംസ്ഥാന നിയമസഭയ്ക്ക് പാസാക്കാനുള്ള അധികാരമില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. കറൻസി കേന്ദ്ര വിഷയമാണെന്നും ഈ വിഷയത്തിൽ സംസ്ഥാന നിയമസഭയ്ക്ക് പ്രമേയം പാസാക്കാനുള്ള അധികാരമില്ലെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടിരുന്നു. [45]

മനുഷ്യച്ചങ്ങല

500, 1000 രൂപ നോട്ടുകൾ നിരോധിച്ചതിനെതിരെ എൽ.ഡി.എഫ്. നേതൃത്വത്തിൽ തിരുവനന്തപുരം രാജ്ഭവനിൽനിന്ന് തുടങ്ങി വടക്ക് കാസർകോട് വരെ ഡിസംബർ 29 ന് എൽഡിഎഫ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു.

എൽ.ഡി.എഫ് നേതൃത്വത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച മനുഷ്യ ചങ്ങല

വിവാദങ്ങൾ, വിമർശനങ്ങൾ

തീരുമാനം ചോർന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ

ഏപ്രിൽ ഒന്ന് 2016നു ഗുജറാത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു പ്രാദേശിക പത്രമായ അകിലയിൽ നോട്ടു നിരോധനത്തെക്കുറിച്ച് വാർത്ത വന്നിരുന്നു. ആയിരത്തിന്റേയും, അഞ്ഞൂറിന്റേയും നോട്ടുകൾ നിരോധിക്കുമെന്നും, പകരം രണ്ടായിരത്തിന്റെ നോട്ടുകൾ പ്രചാരത്തിൽ വരുമെന്നുമായിരുന്നു വാർത്ത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനത്തു നിന്നും വന്ന ഈ വാർത്ത ഏറെ വിവാദങ്ങൾക്കു വഴി വെച്ചിരുന്നു. എന്നാൽ വി‍ഡ്ഢിദിനവുമായി ബന്ധപ്പെട്ടു കൊടുത്ത ഒരു തമാശ വാർത്ത മാത്രമായിരുന്നു അതെന്ന് പത്രത്തിന്റെ ഔദ്യോഗിക വിദശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.[46]

ദൈനിക് ജാഗരൺ എന്ന ഹിന്ദി പത്രത്തിൽ, സമാന രീതിയിലുള്ള ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു 13 ദിവസം മുമ്പ്, ഒക്ടോബർ 27 ആം തീയതി ആയിരുന്നു ഇത്. ഇതിൽ പുതിയ രണ്ടായിരം രൂപയുടെ നോട്ട് വരുന്ന കാര്യവും അത് ഇറങ്ങുന്നതിനോടൊപ്പം നിലവിലുള്ള 500, 1000 നോട്ടുകൾ പിൻവലിക്കുന്ന കാര്യവും പറയുന്നു. [47]

ഒരു ബിസിനിസ്സുകാരനുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചപ്പോഴായിരുന്നു ഇത്. ആയിരത്തിന്റേയും, അഞ്ഞൂറിന്റേയും നോട്ടുകൾ അസാധുവാക്കപ്പെടുമെന്ന് തനിക്ക് സർക്കാരിൽ നിന്നും മുന്നേ അറിവു കിട്ടിയിട്ടുണ്ടെന്നും, അതുകൊണ്ട് കയ്യിലുള്ള പണം സുരക്ഷിതമാക്കാൻ തനിക്കു ധാരാളം സമയം കിട്ടിയെന്നുമായിരുന്നു വാർത്ത.[48][49]

ഭാരതീയ സ്റ്റേറ്റു ബാങ്കിന്റെ ചെയർമാൻ, നോട്ടുകൾ അസാധുവാക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് 2016 ഏപ്രിൽ മാസത്തിൽ സൂചന നൽകിയിരുന്നു.[50]

പശ്ചിമബംഗാളിലെ ഭാരതീയ ജനതാ പാർട്ടി ഘടകത്തിനു നോട്ടു അസാധുവാക്കുന്നതിനേക്കുറിച്ചു നേരത്തേ തന്നേ അറിയാമായിരുന്നുവെന്നു, അതുകൊണ്ട് അവർ ഒരു വലിയ തുക സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പ് ബാങ്കു നിക്ഷേപം നടത്തിയെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം ആരോപിക്കുന്നു.[51][52] നോട്ടുകൾ അസാധുവാക്കുന്ന വിവരം ചിലർക്ക് നേരത്തേ തന്നേ ചോർന്നു കിട്ടിയിരുന്നുവെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു.[53] 2016 ജൂലൈക്കും, സെപ്തംബറിനും ഇടയിലുണ്ടായ നിക്ഷേപങ്ങളുടെ അസാധാരാണമായ വർദ്ധനവ് ഇതാണു സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.[54]

അംബാനിമാർക്കും, അദാനിക്കും നോട്ടുകൾ അസാധുവാക്കുന്നതിനേക്കുറിച്ച് നേരത്തേ തന്നെ അറിയാമായിരുന്നു എന്ന് രാജസ്ഥാനിൽ നിന്നുമുള്ള ഭാരതീയ ജനതാ പാർട്ടി എം.എൽ.എ ഭവാനി സിങ് രാജവത് പ്രസ്താവിച്ചത് ഭാരതീയ ജനതാ പാർട്ടിയെ പ്രതിരോധത്തിലാക്കി. തന്റെ പ്രസ്താവന തികച്ചും അനൗദ്യോഗികമായിരുന്നുവെന്നു, തന്റെ പ്രസ്താവന ഔദ്യോഗികമായി നിഷേധിക്കുന്നുവെന്നും പറഞ്ഞ് ഭവാനി സിങ് വിവാദത്തിൽ നിന്നും പിൻവാങ്ങി.[55][56]

പ്രതിപക്ഷം

പ്രഖ്യാപനത്തിനെതിരെ വിവിധ പ്രതിപക്ഷ പാർട്ടികളും രംഗത്തു വന്നിട്ടുണ്ട്. നോട്ട്‌ അസാധുവാക്കിയ നടപടി ആസൂത്രിത കൊള്ളയും നിയമാനുസൃതമാക്കപ്പെട്ട കവർച്ചയുമാണെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്‌ അഭിപ്രായപ്പെട്ടു[57]. നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ അനുകൂലിക്കുന്നവർ മണ്ടൻമാരാണെന്ന് മാർക്കണ്ഡേയ കട്ജു പറഞ്ഞു. കേന്ദ്ര സർക്കാർ നടപടി കള്ളപ്പണം പുറത്തെത്തിക്കുന്ന കാര്യത്തിൽ ചെറിയൊരു അളവു മാത്രമേ ലക്ഷ്യം കാണുവെന്ന് കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു[58]. ജനങ്ങൾ കടുത്ത സാമ്പത്തീക പ്രതിസന്ധി വരുത്തിയേക്കാവുന്ന തലതിരിഞ്ഞ തീരുമാനമാണിതെന്നും തിരുത്തണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടു. [59]വിദേശത്തു നിന്നും കള്ളപ്പണം തിരികെ എത്തിക്കാമെന്ന പ്രഖ്യാപനത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള മോഡി സർക്കാരിന്റെ നാടകമാണിതെന്നാണ് മമത ട്വിറ്ററിൽ എഴുതിയത്. നോട്ടു പിൻവലിക്കലിൽ പ്രതിഷേധിച്ച് മമത ബാനർജിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി.നോട്ടുകൾ അസാധുവാക്കിയ സർക്കാരിന്റെ നടപടിയെ തികച്ചും അവിവേകവും, ജനവിരുദ്ധവും എന്നാണ് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനും, ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ മുൻ പ്രൊഫസ്സറുമായിരുന്ന പ്രഭാത് പട്നായിക് വിശേഷിപ്പിച്ചത്.[60]

ബി.ജെ.പി

2014 ൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിലെത്തുന്നതിനു മുമ്പ്, നോട്ടുകൾ അസാധുവാക്കുന്നതിനെ എതിർത്തിരുന്നു. ബാങ്കിങ്, ഇന്റർനെറ്റ് സേവനങ്ങൾ എന്തെന്നുപോലും അറിയാത്ത സാധാരണക്കാരെയാണ് ഇത്തരം നടപടികൾ ബാധിക്കുക എന്ന് ഭാരതീയ ജനതാ പാർട്ടി വക്താവ് മീനാക്ഷി ലേഖി അഭിപ്രായപ്പെട്ടിരുന്നു.[61][62]

പ്രത്യാഘാതങ്ങൾ

എ.ടി.എമ്മുകൾ പ്രവർത്തനം തുടങ്ങി അധികസമയം കഴിയുന്നതിനു മുമ്പ് തന്നെ കാലിയായി. രാജ്യത്തെ പകുതിയോളം എ.ടി.എമ്മുകളും പ്രവർത്തനരഹിതമായി തീർന്നു. ഡൽഹിയിൽ ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. ജനങ്ങൾ ബാങ്കുകൾ ആക്രമിച്ചു.[63][64][65][66][67][68][69]

മരണങ്ങൾ

നോട്ടുകൾ മാറ്റിക്കിട്ടാൻ മണിക്കൂറുകളോളം ക്യൂവിൽ നിന്നുകൊണ്ട് നിരവധി പേർ മരിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്[70][71][72][73][74][75]. ആശുപത്രികൾ മൂല്യം നഷ്ടപ്പെട്ട നോട്ടുകൾ നിരസിച്ചതിനെത്തുടർന്ന് വൈദ്യസഹായം ലഭിക്കാതെയും മരണങ്ങളുണ്ടായി[76][77][78]. 2016 ഡിസംബർ അവസാനം വരെ നോട്ടുനിരോധനം മൂലം നൂറിലധികം പേർ മരിച്ചുവെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നുണ്ട്[79][80][81] എന്നാൽ നടപടിയുമായി ബന്ധപ്പെട്ട മരണങ്ങളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് 2017 മാർച്ചിൽ സർക്കാർ വ്യക്തമാക്കി[82]. നോട്ടുനിരോധനത്തെ തുടർന്ന് നാല് പേർ മരണപ്പെട്ടതായി 2018 ഡിസംബറിൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി പാർലമെന്റിൽ പ്രസ്താവിച്ചു[83].

വിമർശനത്തിനുള്ള പ്രതികരണം

സ്വാഭാവികമായി നടന്ന പല മരണങ്ങളും നോട്ട് നിരോധനത്തിന്റെ പേരിൽ ചേർക്കപ്പെടുകയായിരുന്നു എന്നും, തുടർന്ന് വന്ന തെരെഞ്ഞെടുപ്പുകളിൽ തങ്ങളുടെ സീറ്റ് നില മെച്ചപ്പെട്ടത് ജനങ്ങളുടെ അംഗീകാരമാണെന്നും ബി.ജെ.പി വാദിക്കുന്നു[84] [85].

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ