Jump to content

ബാബേൽ ഗോപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പീറ്റർ ബ്രുഗേൽ 1563-ൽ വരച്ച ബാബേൽ ഗോപുരത്തിൻറെ ചിത്രം.

ബൈബിളിലെ ഉൽപ്പത്തി പുസ്തകത്തിൽ സൂചിപ്പിച്ചിട്ടുള്ള ഒരു ഗോപുരമാണ് ബാബേൽ ഗോപുരം (/ˈbæbəl/ or /ˈbbəl/; ഹീബ്രു: מִגְדַּל בָּבֶל‎, Migddal Bāḇēl).

ഭൂമിയിൽ വിവിധ ഭാഷകളുണ്ടായതിനെക്കുറിച്ചു വിശദീകരിക്കുന്ന പതിനൊന്നാം അദ്ധ്യായത്തിലാണ് 'ബാബേൽ' എന്ന പട്ടണത്തെയും അതിന്റെ ഗോപുരത്തെയും കുറിച്ചു പറഞ്ഞിരിക്കുന്നത്. [1][2][3][4]

പ്രളയത്തിനു ശേഷം ലോകം മുഴുവനുള്ള ആളുകൾ സംസാരിച്ചിരുന്നത് ഒരേ ഭാഷയായിരുന്നു. അവരെല്ലാം ചേർന്ന് ശിനാർ ദേശത്ത് ഒരു നഗരവും ആകാശം വരെയെത്തുന്ന ഒരു ഗോപുരവും നിർമ്മിക്കുവാൻ തീരുമാനിച്ചു. മനുഷ്യരുടെ ഈ പ്രവൃത്തിയെ വലിയൊരു ധിക്കാരമായാണ് ദൈവം വിലയിരുത്തിയത്. ഈ ധിക്കാരത്തിനു ശിക്ഷയായി മനുഷ്യർക്കിടയിൽ വിവിധ ഭാഷകൾ സൃഷ്ടിക്കുകയാണു ദൈവം ചെയ്തത്. അങ്ങനെ മനുഷ്യർക്കു പരസ്പരം ആശയവിനിമയം നടത്താൻ കഴിയാതെ വരികയും നഗരത്തിന്റെ നിർമ്മാണം നിലയ്ക്കുകയും ചെയ്തു.

സർവ്വഭൂമിയിലെയും ഭാഷ ദൈവം അവിടെവച്ച് കലക്കിക്കളഞ്ഞതിനാൽ ആ സ്ഥലത്തിനു 'ബാബേൽ' എന്ന പേരു ലഭിച്ചു. ഗോപുരത്തെ ബാബേൽ ഗോപുരമെന്നും വിളിക്കുന്നു.(ഉൽപ്പത്തിപ്പുസ്തകം 11:9)[5]

ബൈബിളിലെ കഥ

വിവിധ ഭാഷകൾ സൃഷ്ടിക്കപ്പെട്ടപ്പോഴുണ്ടായ ആശയക്കുഴപ്പത്തിന്റെ ചിത്രീകരണം. ഗുസ്താവ് ദൊറെ 1865-ൽ വരച്ച ചിത്രം.

ബാബേൽ ഗോപുരത്തിൻറെ കഥ ആരംഭിക്കുന്നത് ഉൽപ്പത്തി പുസ്തകത്തിലെ പതിനൊന്നാം അദ്ധ്യായത്തിലാണ്.

പ്രളയത്തിനു ശേഷം ലോകം മുഴുവൻ വ്യാപിച്ചത് നോഹയുടെ വംശത്തിൽപ്പെട്ടവരായിരുന്നു. അക്കാലത്ത് ആളുകൾ സംസാരിച്ചത് ഒരേയൊരു ഭാഷയായിരുന്നു.

ജനങ്ങൾ കിഴക്കുനിന്നും നീങ്ങി ശിനാർ (ഹീബ്രു: שנער‎) രാജ്യത്തെത്തുകയും അവിടെ ഒരു സമതലത്തിൽ താമസിക്കുവാനും തുടങ്ങി. ഇഷ്ടികയും പശമണ്ണും ഉപയോഗിച്ച് അവർ വീടുകൾ നിർമ്മിച്ചു. ഭൂമിയിൽ പലയിടത്തായി കഴിയാതെ എല്ലാവരും ഒരു സ്ഥലത്തു ഒരുമിച്ചു കഴിയണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. അതിനായി ഒരു നഗരവും, ആകാശം വരെയെത്തുന്ന വിധത്തിൽ ഒരു ഗോപുരവും നിർമ്മിക്കുവാൻ അവർ തീരുമാനിച്ചു. അതിലൂടെ തങ്ങൾക്കു പ്രശസ്തിയുണ്ടാകുമെന്ന് ജനങ്ങൾ വിശ്വസിച്ചു.

അങ്ങനെ നഗരത്തിന്റെയും ഗോപുരത്തിൻറെയും നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. പുതിയ നഗരവും ഗോപുരവും കാണുവാനായി ദൈവം അവിടെയെത്തി. മനുഷ്യരെല്ലാവരും ഐക്യത്തോടെ ജോലികൾ ചെയ്യുന്നത് ദൈവം കണ്ടു.

ആളുകളെല്ലാം സംസാരിച്ചിരുന്നത് ഒരേയൊരു ഭാഷയായിരുന്നു എന്നതാണ് അവരുടെ ഐക്യത്തിന്റെ രഹസ്യമെന്ന് ദൈവം മനസ്സിലാക്കി. ഈ അവസ്ഥ തുടരുകയാണെങ്കിൽ ആഗ്രഹിക്കുന്നതെന്തും ചെയ്യുവാൻ മനുഷ്യർക്കു സാധിക്കുമെന്നു തിരിച്ചറിഞ്ഞ ദൈവം അവരുടെ ഭാഷയെ കലക്കിക്കളഞ്ഞു. അതോടെ മനുഷ്യർ തമ്മിൽ വ്യത്യസ്ത ഭാഷകൾ സംസാരിക്കുവാൻ തുടങ്ങി. ഒരാൾ പറയുന്നത് മറ്റൊരാൾക്കു മനസ്സിലാക്കുവാൻ കഴിയാതെ വന്നു. പരസ്പ്പരമുള്ള ആശയവിനിമയം അസാദ്ധ്യമായി. അങ്ങനെ നഗരത്തിന്റെ പണി പൂർത്തിയാക്കുവാൻ കഴിയാതെ അവർക്ക് വിവിധ ദേശങ്ങളിലേക്കു മടങ്ങേണ്ടി വന്നു. ലോകത്തിൽ വിവിധതരം ഭാഷകളുണ്ടായത് ഇങ്ങനെയാണെന്നാണ് ബൈബിൾ പറയുന്നത്.[5]

ഒരു ഭാഷയെ കലക്കിക്കൊണ്ട് ദൈവം വിവിധ ഭാഷകൾ സൃഷ്ടിച്ച ആ സ്ഥലത്തെ 'ബാബേൽ' എന്നു വിളിക്കുന്നു. നഗരത്തോടു ചേർന്ന് നിർമ്മിക്കുവാൻ ഉദ്ദേശിച്ചിരുന്ന ഗോപുരത്തെ 'ബാബേൽ ഗോപുരം' എന്നും പറയുന്നു.[5]

ബൈബിൾ പ്രകാരം നിമ്രോദ് എന്ന രാജാവിന്റെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു 'ബാബേൽ' നഗരം.(ഉൽപ്പത്തി 10:10) [6]

ബൈബിൾ ഭാഗം

ബാബേൽ നഗരത്തെയും ഗോപുരത്തെയും കുറിച്ചു പറയുന്ന ഉൽപ്പത്തി പുസ്തകത്തിലെ പതിനൊന്നാം അദ്ധ്യായം (1-9 വാക്യങ്ങൾ)

(1) ഭൂമിയിൽ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.

(2) എന്നാൽ അവർ കിഴക്കോട്ടു യാത്ര ചെയ്തു, ശിനാർദേശത്തു ഒരു സമഭൂമി കണ്ടു അവിടെ കുടിയിരുന്നു.

(3) അവർ തമ്മിൽ: വരുവിൻ, നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവർ ഇഷ്ടക കല്ലായും പശമണ്ണു കുമ്മായമായും ഉപയോഗിച്ചു.

(4) വരുവിൻ, നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിപ്പാൻഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവർ പറഞ്ഞു.

(5) മനുഷ്യർ പണിത പട്ടണവും ഗോപുരവും കാണേണ്ടതിന്നു യഹോവ ഇറങ്ങിവന്നു.

(6) അപ്പോൾ യഹോവ: ഇതാ, ജനം ഒന്ന്, അവർക്കെല്ലാവർക്കും ഭാഷയും ഒന്ന്; ഇതും അവർ ചെയ്തു തുടങ്ങുന്നു; അവർ ചെയ്‍വാൻ നിരൂപിക്കുന്നതൊന്നും അവർക്കു അസാദ്ധ്യമാകയില്ല.

(7) വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻഅവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.

(8) അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവർ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു.

(9) സർവ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാൽ അതിന്നു ബാബേൽ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തിൽ എങ്ങും ചിന്നിച്ചുകളഞ്ഞു.

-ഉൽപ്പത്തിപ്പുസ്തകം 11:1-9 [5]

പേരിനു പിന്നിൽ

'ബാബേൽ ഗോപുരം' എന്ന വാക്ക് ബൈബിളിൽ ഉപയോഗിച്ചിട്ടില്ല. 'പട്ടണവും ഗോപുരവും' എന്നാണു പറഞ്ഞിരിക്കുന്നത്.(ഉൽപ്പത്തിപ്പുസ്തകം 11:4). അതിനുശേഷം നഗരത്തിനു 'ബാബേൽ' എന്ന പേരു ലഭിച്ചതിനെപ്പറ്റി പറയുന്നു. (ഉൽപ്പത്തിപ്പുസ്തകം 11:9). അതിനാൽ നഗരത്തോടു ചേർന്ന് നിർമ്മിക്കുവാൻ ഉദ്ദേശിച്ചിരുന്ന ഗോപുരത്തിനു 'ബാബേൽ ഗോപുരം' എന്ന പേരു ലഭിക്കുകയായിരുന്നു.

ഹീബ്രു ഭാഷയിൽ 'കലക്കുക', 'കുഴപ്പിക്കുക' എന്നൊക്കെയാണ് ബാബേൽ എന്ന വാക്കിന്റെ അർത്ഥം.[5]

അക്കാദിയൻ ഭാഷയിൽ ബാബേൽ എന്ന വാക്കിന്റെയർത്ഥം ദൈവത്തിൻറെ വാതിൽ എന്നാണ്.(ബാബ് (വാതിൽ) + ഇലു (ദൈവം) ). [7]

ഗോപുരത്തെപ്പറ്റി

ബാബിലോണിലെ തൂങ്ങുന്ന പൂന്തോട്ടം (19-ആം നൂറ്റാണ്ട്).
പശ്ചാത്തലമായുള്ളത് ബാബേൽ ഗോപുരമാണ്.'

ബൈബിളിൽ ബാബേൽ നഗരത്തെപ്പറ്റിയാണ് കൂടുതലായും പറഞ്ഞിരിക്കുന്നത്. നഗരത്തോടു ചേർന്ന് ആകാശം വരെയെത്തുന്ന വിധത്തിലുള്ള ഗോപുരമായിരുന്നു ജനങ്ങൾ നിർമ്മിക്കുവാൻ ഉദ്ദേശിച്ചിരുന്നതെന്നു വ്യക്തമായി പറയുന്നുണ്ട്.

വിവിധ ഭാഷകളുണ്ടായതിനു ശേഷം നഗര നിർമ്മാണം പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല എന്നും പറയുന്നു. എന്നാൽ ഗോപുരത്തിനു പിന്നീട് എന്തുസംഭവിച്ചുവെന്ന് ബൈബിളിൽ ഒരിടത്തും പറയുന്നില്ല.

പദപ്രയോഗം

ബാബേൽ ഗോപുരം പോലെ എന്ന ശൈലി മിക്ക ഭാഷകളിലും പല അർത്ഥങ്ങളിൽ ഉപയോഗിക്കാറുണ്ട്.

  • നല്ല ഉയരമുള്ള നിർമ്മിതികളെ സൂചിപ്പിക്കുവാൻ. height.[8]
  • പതിയെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ.
  • ഒരിക്കലും നടക്കാത്ത മഹത്തായ പദ്ധതികൾ.

അവലംബം

പുറംകണ്ണികൾ

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ സത്യവേദപുസ്തകം/ഉല്പത്തി എന്ന താളിലുണ്ട്.
"https://www.search.com.vn/wiki/?lang=ml&title=ബാബേൽ_ഗോപുരം&oldid=2284620" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ