അനുഭവവാദം

ജ്ഞാനസമ്പാദനത്തിന് നിദാനം ഇന്ദ്രിയാനുഭവമാണ് എന്ന സിദ്ധാന്തമാണ് അനുഭവവാദം. ഏതൊരു ആശയത്തിന്റെയും പ്രസ്താവനയുടെയും വാസ്തവികത നിർണയിക്കുന്നതിനുള്ള അന്ത്യപരീക്ഷണം മനുഷ്യന്റെ അനുഭവം തന്നെയാണെന്ന സിദ്ധാന്തം അനുഭവവാദത്തിന്റെ മറ്റൊരു രൂപമാണ്.

സിദ്ധാന്തം

അനുഭവത്തിന്റെ മൂശയിലിട്ടു പരിശോധിച്ചാൽ മാത്രമേ മനുഷ്യന്റെ ആശയങ്ങളും പ്രസ്താവനകളും എത്രമാത്രം ശരിയാണെന്ന് നിർണയിക്കാൻ സാധിക്കൂ എന്നവകാശപ്പെടുന്ന ഈ സിദ്ധാന്തത്തിന്റെ പ്രഖ്യാതവക്താക്കൾ ബ്രിട്ടിഷുകാരായ ബേക്കൺ, ബെർക്കിലി, ഡേവിഡ് ഹ്യൂം എന്നിവരും അമേരിക്കക്കാരനായ വില്യം ജയിംസുമാണ്. ഇവരുടെ അഭിപ്രായത്തിൽ അനുഭവഗോചരമല്ലാത്തതൊന്നും വാസ്തവമല്ല; തത്ത്വദർശനം, അതിഭൌതികവാദം എന്നിവയെല്ലാം ചിന്താഭാസങ്ങളാണ്.

അനുഭവവാദത്തെ നാലായി തിരിച്ചിരിക്കുന്നു.

ആപേക്ഷികവാദം

(relative)

ഇന്ദ്രിയാനുഭവത്തിൽ അധിഷ്ഠിതമല്ലാത്ത യാതൊരറിവും അറിവ് എന്ന പേരിന് അർഹമല്ല. ബോധേന്ദ്രിയത്തോടു ബന്ധപ്പെടാതെ ജ്ഞാനം സമ്പാദിക്കുവാൻ മനസ്സ് അഥവാ ബുദ്ധി അശക്തമാണ് എന്നെല്ലാം ആപേക്ഷികതാവാദികൾ സമർഥിക്കുന്നു.[1]

അതിഭൌതികവാദം

(metaphysical)

അതിഭൌതികവാദികൾ, മേല്പറഞ്ഞ ആശയങ്ങളോടു മിക്കവാറും യോജിക്കുന്നു. ഇന്ദ്രിയാധിഷ്ഠിതമെങ്കിലും ഇന്ദ്രിയാതിശായിയായ സാമാന്യാശയ (universals) സാധുത ഇവർ അംഗീകരിക്കുന്നു. എങ്കിലും പരിമിതവും കാലബദ്ധവുമായ പദാർഥങ്ങളെ (അനുഭവഗോചരവിഷയങ്ങളെ) ക്കുറിച്ചു മാത്രമേ സംശയരഹിതമായ വിജ്ഞാനം ആർജിക്കുവാൻ മനുഷ്യബുദ്ധിക്കു കഴിവുള്ളു എന്ന് ഇക്കൂട്ടർ വാദിക്കുന്നു. ഹ്യൂമിന്റെ സന്ദേഹവാദവും കാന്റിന്റെ ആശയവാദവും ഇവർക്കു അംഗീകാരയോഗ്യമായിരുന്നില്ല. ഇന്ദ്രിയങ്ങളെ അതിക്രമിച്ച് അപരിമേയവും കാലാതീതവുമായ വിഷയങ്ങളിലേക്ക് ഉയരാനുള്ള മനുഷ്യമനസ്സിന്റെ ശക്തിയെ ഇവർ പാടേ നിഷേധിക്കുന്നുമില്ല.[2]

ശാസ്ത്രീയാനുഭവവാദം

(scientific)

സംശയരഹിതമായ അറിവ് പ്രദാനം ചെയ്യുവാൻ ഭൌതിക ശാസ്ത്രങ്ങൾക്കു മാത്രമേ കഴിയൂ എന്നു വിശ്വസിക്കുന്നവരാണ് ശാസ്ത്രീയാനുഭവവാദികൾ. വിവിധ ശാസ്ത്രതത്ത്വങ്ങളെ തമ്മിൽ സമന്വയിപ്പിച്ചു ചില പൊതുതത്ത്വങ്ങൾ രൂപവത്കരിക്കാനാണ് ഇവരുടെ ശ്രമം.[3]

യുക്ത്യാത്മകവാദം

(logical)

യുക്ത്യാത്മക അനുഭവവാദികൾ, യുക്തിയുക്തമായ ചിന്തയിൽ അധിഷ്ഠിതവും, അനുഭവവാദത്തെയും യുക്തിവാദത്തെയും തമ്മിൽ അനുരഞ്ജിപ്പിക്കുന്നതും ആയ ഒരു ചിന്താപദ്ധതി ആവിഷ്കരിച്ചു.[4] ഇതിന് സഹായകമായ ഒരു വാഗർഥശാസ്ത്ര(semantics)വും[5] മനോവൃത്തിശാസ്ത്ര (theories of meaning and knowledge)വും[6] കരുപ്പിടിപ്പിക്കാൻ വിയന്നാവലയം (Vienna Circle) എന്നറിയപ്പെടുന്ന സംഘത്തിന്റെ നേതാക്കൾ യത്നിച്ചു.[7]

വളർച്ച

ജോൺ ലോക്ക്

ഏഥൻസിലെ എപ്പിക്കൂറസ് (ബി.സി. 341-270), സിഷ്യത്തിലെ (ഗ്രീസ്) സെനോ (ബി.സി. 336-264) എന്നിവരാണ് അനുഭവവാദത്തിന്റെ ആദ്യകാലപ്രയോക്താക്കൾ. ഇവർക്കു ശേഷം ബ്രിട്ടണിലെ റോജർ ബേക്കൺ (1214-94) എന്ന പ്രതിഭാശാലി അനുഭവവാദത്തിനു മതപരമായ ഒരു ഛായ നൽകി. സ്വന്തം അനുഭവത്തിലൂടെയല്ലാതെ ഒരു വസ്തുവിനെയും ശരിയായി അറിയുക സാധ്യമല്ല. ഭൌതികവിഷയങ്ങളെക്കുറിച്ച് ഭൌതികാനുഭൂതിയും അതിഭൌതികവിഷയങ്ങളെക്കുറിച്ച് അതിഭൌതികാനുഭൂതി (mystic experience) യും ലഭ്യമാണ് എന്നെല്ലാം റോജർ ബേക്കൺ അഭിപ്രായപ്പെട്ടു. ഇദ്ദേഹത്തിനു മൂന്നു ശതാബ്ദങ്ങൾക്കുശേഷം ജീവിച്ചിരുന്ന മറ്റൊരു ബ്രിട്ടിഷുകാരനായ ഫ്രാൻസിസ് ബേക്കൺ (1561-1626) അനുഭവവാദത്തിനു പ്രചാരം നല്കി. ശുഷ്കവും വിരസവുമായ യുക്തിവാദത്തിന്റെയും സ്കൊളാസ്റ്റിക്കു തത്ത്വചിന്ത (അരിസ്റ്റോട്ടലിന്റെ തത്ത്വചിന്ത തോമസ് അക്വീനാസ് പുനരാവിഷ്കരിച്ചത്) യുടെയും നേർക്കു വെറുപ്പും അവജ്ഞയും തോന്നിയ ഫ്രാൻസിസ് ബേക്കൺ, പരീക്ഷണനിരീക്ഷണങ്ങളെ മുൻനിർത്തിയുള്ളതും ശാസ്ത്രീയ വീക്ഷണമുള്ളതുമായ ഒരു വിദ്യാഭ്യാസപദ്ധതി നടപ്പിലാക്കണമെന്നു നിർദ്ദേശിച്ചു. യഥാർഥമായ അറിവിന്റെ ഉറവിടം ഇന്ദ്രിയാനുഭവമാണെന്ന് ഇദ്ദേഹം തറപ്പിച്ചു പറഞ്ഞു.

ജോൺ ലോക്ക് (1561-1626)

പ്രധാന ലേഖനം: ജോൺ ലോക്ക്

മനുഷ്യന്റെ മനോവ്യാപാരങ്ങളുടെ അപഗ്രഥനത്തിൽനിന്ന് വിജ്ഞാനത്തെക്കുറിച്ചുള്ള തന്റെ സിദ്ധാന്തം സ്ഥാപിക്കാൻ മറ്റൊരു ബ്രിട്ടിഷുകാരനായ ജോൺ ലോക്ക് പരിശ്രമിച്ചു. സ്വതഃസിദ്ധമായി, നൈസർഗികമായി, സംശയ രഹിതമായി ഓരോ മനുഷ്യനും അറിയാൻ കഴിയുന്നത് സ്വന്തം അസ്തിത്വവും ദൈവത്തിന്റെ അസ്തിത്വവും മാത്രമാണെന്ന് ലോക്ക് വാദിച്ചു. മനുഷ്യന് അറിയാൻ കഴിയുന്നത് ആശയങ്ങൾ (ideas) മാത്രമാണെന്നും ഈ ആന്തരികാശയങ്ങൾക്ക് അനുഗുണമായി മനുഷ്യമനസ്സിന് വെളിയിലായി യഥാർഥത്തിൽ എന്തെങ്കിലും പദാർഥം സ്ഥിതിചെയ്യുന്നുണ്ടോ എന്ന് ഉറപ്പിച്ചു പറയുക സാധ്യമല്ലെന്നും ലോക്ക് ശഠിച്ചു. ഇങ്ങനെ ബാഹ്യപദാർഥങ്ങളുടെ അസ്തിത്വത്തിൽ സംശയം പ്രകടിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് ആശയവാദത്തിന് ലോക്ക് അടിസ്ഥാനമിട്ടു. ലോക്കിന്റെ അനന്തരഗാമികൾ ആ അടിസ്ഥാനത്തിൽ പല സിദ്ധാന്തങ്ങളും പടുത്തുയർത്തി.

ജോർജ് ബെർക്കിലി (1685-1753)

പ്രധാന ലേഖനം: ജോർജ്ജ് ബെർക്ക്‌ലി
ജോർജ് ബെർക്കിലി
ഡേവിഡ് ഹ്യൂം

ലോക്കിന്റെ സിദ്ധാന്തത്തിൽ ദൂരവ്യാപകഫലങ്ങളുള്ളവയെ ബർക്കിലി നിരീക്ഷണ വിധേയമാക്കി പദാർഥങ്ങളെ യഥാതഥം ഗ്രഹിക്കുന്നതിന് മനുഷ്യമനസ്സ് അശക്തമാണെന്നു മാത്രമല്ല, മാനസികാശയങ്ങൾക്കു പുറമേ യാതൊരു പദാർഥവും യഥാർഥത്തിൽ സ്ഥിതിചെയ്യുന്നില്ല എന്നതാണ് പരമാർഥം എന്ന് ബെർക്കിലി സിദ്ധാന്തിച്ചു. മനുഷ്യമനസ്സിന് വെളിയിൽ പദാർഥങ്ങൾ യഥാർഥത്തിൽ സ്ഥിതിചെയ്യുന്നില്ലെങ്കിൽ പിന്നെ എങ്ങനെയാണ് മനസ്സിൽ ബാഹ്യപദാർഥങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ രൂപംകൊള്ളുന്നത്? ഈ ചോദ്യത്തിന് ബെർക്കിലിയുടെ മറുപടി ലളിതവും ഋജുവുമാണ്: നമ്മുടെ മനസ്സിലെ ആശയങ്ങൾക്ക് അനുഗുണമായ പദാർഥങ്ങൾ മനസ്സിന് വെളിയിൽ സൃഷ്ടിക്കുന്നതിനുപകരം ഈ ആശയങ്ങളെ തന്നെ ദൈവം നമ്മുടെ മനസ്സിൽ നേരിട്ടു സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അതിനാൽ മാനസികാശയങ്ങൾക്ക് അനുരൂപമായ ബാഹ്യപദാർഥങ്ങൾ ഒന്നും ഇല്ല. ഇങ്ങനെ ബെർക്കിലി അസ്സൽ ആശയവാദത്തിൽ വന്നെത്തി.

ഡേവിഡ് ഹ്യൂം (1711-76)

പ്രധാന ലേഖനം: ഡേവിഡ് ഹ്യൂം

ലോക്കിനെയും ബെർക്കിലിയെയും അനുഗമിച്ച ഹ്യൂം തികഞ്ഞ ഒരു ആശയവാദിയായിത്തീർന്നു. പദാർഥങ്ങളുടെ സാരാംശത്തെ അഥവാ അന്തസ്സത്തയെ ഗ്രഹിക്കാൻ മനുഷ്യമനസ്സ് അശക്തമാകയാൽ ആശയങ്ങൾ (Ideas) ഉണ്ടെന്നു പറയുകയല്ലാതെ ആ ആശയങ്ങൾക്ക് ആധാരമായി ബാഹ്യപദാർഥങ്ങൾ ഉണ്ടെന്നു പറയുക വയ്യാ എന്ന് ഹ്യൂം വാദിച്ചു. ഒന്നിനു പിറകെ മറ്റൊന്നായി വരുന്ന ഒരു ആശയപരമ്പര മാത്രമാണ് നമ്മുടെ മനസ്സ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹ്യൂമിന്റെ ഈ ചിന്താഗതി അദ്ദേഹത്തെ ഒരു സമൂലസന്ദേഹവാദത്തിൽ (radical scepticism) എത്തിച്ചു.[8]

വില്യം ജെയിംസ് (1842-1910)

പ്രധാന ലേഖനം: വില്യം ജെയിംസ്
വില്യം ജെയിംസ്

അമേരിക്കക്കാരനായ ജെയിംസ് അനുഭവവാദത്തിന് അമേരിക്കയിൽ പ്രചാരം നൽകി. പ്രയോജനവാദത്തിന്റെ(pragmatism) പിതാവ് എന്ന അഭിധാനത്തിനും ജെയിംസ് അർഹനായി. ഏതൊരു സിദ്ധാന്തത്തിന്റെയും വാസ്തവികതയും മൂല്യവും നിർണയിക്കുന്നതിന് പ്രായോഗികമണ്ഡലത്തിൽ പ്രസ്തുത സിദ്ധാന്തം ചെലുത്തുന്ന സ്വാധീനം കണക്കിലെടുക്കണമെന്ന് ജെയിംസ് വാദിച്ചു. ഒരു പ്രസ്താവനയെ അർഥവത്തും വിലയുള്ളതും വാസ്തവവും ആക്കിത്തീർക്കുന്നത് അത് ഉത്പാദിപ്പിക്കുന്ന പ്രായോഗികഫലങ്ങളാണ്. അതിനാൽ പ്രവർത്തനമണ്ഡലവുമായി അഥവാ പ്രായോഗികജീവിതവുമായി ബന്ധമില്ലാത്ത പ്രസ്താവനകളും സിദ്ധാന്തങ്ങളും തത്ത്വചിന്തകളുമൊക്കെ നിരർഥവും അബദ്ധജടിലവുമായി പരിഗണിക്കേണ്ടതാണെന്നും ജെയിംസ് സമർഥിച്ചു. ഇങ്ങനെ ജ്ഞാനവും ജ്ഞാനവിഷയമായ പദാർഥങ്ങളുമൊക്കെ ജെയിംസിന്റെ ദൃഷ്ടിയിൽ ക്രിയാത്മകജീവിതത്തിലെ അനുഭൂതിപ്രവാഹത്തിന്റെ ഭാഗങ്ങൾ മാത്രമാണ്.

മനുഷ്യജ്ഞാനത്തെ മുഴുവൻ ഇന്ദ്രിയമണ്ഡലത്തിൽ ഒതുക്കി നിർത്താനുള്ള ശ്രമത്തിൽ അനുഭവവാദികൾ പരാജയപ്പെട്ടു. ഇന്ദ്രിയഗോചരമോ അനുഭവവേദ്യമോ അല്ലാത്തതെല്ലാം പല അനുഭവവാദികളും നിഷേധിക്കയാൽ തെറ്റായ അനവധി നിഗമനങ്ങളിലും അവർ എത്തിച്ചേർന്നു. ഇന്ദ്രിയങ്ങളുടെ സഹായത്തോടെ ശരിയായ വിജ്ഞാനം സമ്പാദിക്കാനുള്ള മനുഷ്യമനസ്സിന്റെ (അഥവാ ബുദ്ധിശക്തിയുടെ) കഴിവിനെ നിരാകരിക്കയാൽ ബ്രിട്ടിഷ് അനുഭവവാദികൾ സന്ദേഹവാദത്തിലും ആശയവാദത്തിലും ചെന്നകപ്പെട്ടു. അസ്തിത്വചിന്തയുടെ ആഗമനത്തോടുകൂടി നിഷ്കൃഷ്ടമായ അനുഭവവാദത്തിന് ആധുനികചിന്തകരുടെയിടയിൽ വലിയ മതിപ്പില്ലാതായി.

അവലംബം

പുറംകണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുഭവവാദം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https:https://www.search.com.vn/wiki/index.php?lang=ml&q=അനുഭവവാദം&oldid=3800979" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്