ക്ഷേത്രപ്രവേശന വിളംബരം

തിരുവതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചു

തിരുവതാംകൂറിലെ അവർണ്ണ, ദളിത് , ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്നറിയപ്പെടുന്നത്. തിരുവിതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു നാഴികക്കല്ലായി 1936 നവംബർ 12നു പുറത്തിറങ്ങിയ ഈ വിളംബരം വിശേഷിക്കപ്പെടുന്നു[1]. 1829-ൽ സതി നിരോധിച്ചശേഷം സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ നിലവിൽ‌വന്ന ഏറ്റവും വലിയ സാമൂഹിക പരിഷ്കാരമായും ക്ഷേത്രപ്രവേശന വിളംബരം ഗണിക്കപ്പെടുന്നുണ്ട്.

ക്ഷേത്രപ്രവേശന വിളംബരം

പശ്ചാത്തലം

ഹിന്ദുമതത്തിൽ നിലനിന്നിരുന്ന സാമൂഹിക ദുരാചാരങ്ങളിൽ ഒന്നായിരുന്നു അയിത്തം. ജാതീയമായി താഴേക്കിടയിലുള്ളവർക്ക് പൊതുസ്ഥലങ്ങളിലും മറ്റും പ്രവേശനം നിഷേധിച്ചിരുന്നതും ഈ അയിത്താചരണത്തിന്റെ ഭാഗമായാണ്. മത ആചാരത്തിന്റെ ഭാഗമായി കണ്ടിരുന്നതിനാൽ അവർണ്ണരിൽ നിന്നും കാര്യമായ പ്രതിഷേധമുയർന്നിരുന്നില്ല. എന്നാൽ സതി നിരോധനത്തിനുശേഷം ഇന്ത്യയിലെമ്പാടും ജാതീയമായ വിവേചനങ്ങൾക്കെതിരെ നിശ്ശബ്ദ പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങി.

കീഴ്ജാതിക്കാരുടെ അവശതകൾക്കു പരിഹാരം കാണാനുള്ള ശ്രമം തിരുവതാംകൂറിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽതന്നെ തുടങ്ങിയിരുന്നു. ഇന്നത്തെ കന്യാകുമാരി ജില്ലയിൽ വൈകുണ്ഠസ്വാമി തുടക്കം കുറിച്ച സമത്വസമാജം ഈ ലക്ഷ്യം വച്ചുള്ളതായിരുന്നു. പിന്നീടു തിരുവതാംകൂറിന്റെ മണ്ണിൽ ഒട്ടേറെ നവോത്ഥാന നായകർ കടന്നുവന്നു. ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, ഡോ. പല്പു, മഹാകവി എൻ. കുമാരനാശാൻ, സി.വി. കുഞ്ഞുരാമൻ, ടി.കെ. മാധവൻ, അയ്യൻ‌കാളി തുടങ്ങിയവർ തങ്ങളുടെ പ്രബോധനങ്ങളിലൂടെ ജാതിചിന്തയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കി. ഇവയ്ക്കുപുറമേ അയ്യൻ‌കാളിയെയും ടി.കെ. മാധവനെയും പോലുള്ളവർ നിയമസഭയിലും അവർണ്ണർക്കുവേണ്ടി ശബ്ദമുയർത്തി.

വൈക്കം സത്യാഗ്രഹം

ക്ഷേത്രപ്രവേശന വിളംബരത്തിനു വഴിതെളിച്ച മറ്റൊരു സംഭവമായിരുന്നു 1924ലെ വൈക്കം സത്യാഗ്രഹം. ക്ഷേത്രങ്ങളിലേക്കുള്ള പൊതുവഴിയിൽ അവർണ്ണർക്കു സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചുകിട്ടാനായിരുന്നു ഈ സമരം. അമ്പലപ്പുഴയിലും തിരുവാർപ്പിലും സമാനമായ സമരങ്ങൾ അരങ്ങേറി. മഹാത്മാ ഗാന്ധിയുടെ സാന്നിധ്യംകൊണ്ട് വൈക്കം സത്യാഗ്രഹം ദേശീയ ശ്രദ്ധനേടുകയും ചെയ്തു. സമരത്തിന്റെ ഫലമായി വൈക്കം ക്ഷേത്രത്തിലേക്കുള്ള പൊതുവഴി അവർണ്ണർക്കു തുറന്നുകൊടുത്തു. തിരുവതാംകൂറിലെ ജനങ്ങൾക്കിടയിൽ ക്ഷേത്രപ്രവേശനത്തിനനുകൂലമായ മനോഭാവം സൃഷ്ടിക്കുന്നതിൽ വൈക്കം സത്യാഗ്രഹം വഹിച്ച പങ്കു നിസാരമല്ല.

സർ സി.പിയുടെ പങ്ക്

ക്ഷേത്രപ്രവേശനത്തിനായുള്ള ചെറുസമരങ്ങൾ അവിടവിടെ അരങ്ങേറിയെങ്കിലും വിളംബരം പുറത്തിറങ്ങാൻ പ്രബലമായൊരു കാരണം ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ മഹാരാജാവിൽ ചെലുത്തിയ പ്രേരണയാണ് എന്ന് ചിലർ വിശ്വസിക്കുന്നു. 1932-ൽ സി പി മുൻകൈ എടുത്ത് അധഃകൃതജനങ്ങളുടെ ക്ഷേത്രപ്രവേശനത്തെപ്പറ്റി പഠിക്കാൻ ഉള്ളൂർ എസ്. പരമേശ്വരയ്യർ, മഹാദേവ അയ്യർ, നമ്പി നീലകണ്ഠ ശർമ്മ തുടങ്ങിയവരെ ഉൾപ്പെടുത്തി ഒരു കമ്മറ്റി ഉണ്ടാക്കുകയുണ്ടായി. ജാതിഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം നൽകേണ്ടതില്ല എന്നായിരുന്നു ആ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. [2] കൊച്ചി രാജ്യത്തെ ദിവാനായിരുന്ന ഷൺ‌മുഖം ചെട്ടി നടപ്പാക്കിയ ദ്വിഭരണ സമ്പ്രദായത്തിന്റെ കീർത്തിയിൽ നിന്നും പൊതുജനശ്രദ്ധ തിരുവതാംകൂറിലേക്കു തിരിക്കുന്നതിനാണ് സി.പി. ഇത്തരമൊരു നിലപാടെടുത്തതെന്ന് ഒരു വിഭാഗം ചരിത്രകാരന്മാർ വാദിക്കുന്നു. എന്നാൽ ക്ഷേത്രപ്രവേശനത്തിന്റെ കാര്യത്തിൽ സർ സി.പിയുടേതു പുരോഗമന മനസായിരുന്നുവെന്ന് ആധുനിക ചരിത്രകാരന്മാരിലധികവും സമർത്ഥിക്കുന്നുണ്ട്.

ക്ഷേത്രപ്രവേശന സമിതി

1932-ൽ ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപോർട്ട് സമർപ്പിക്കുന്നതിന് അന്നത്തെ ദിവാനായ വി.എസ്. സുബ്രഹ്മണ്യയ്യർ അധ്യക്ഷനായുള്ള എട്ടംഗ സമിതിയെ മഹാരാജാവു നിയോഗിച്ചിരുന്നു. സമിതി രണ്ടുവർഷത്തിനുശേഷം സമർപ്പിച്ച റിപ്പോർട്ടിൽ പക്ഷേ ക്ഷേത്രപ്രവേശനത്തിനനുകൂലമായ പരാമർശങ്ങൾ ഉണ്ടായിരുന്നില്ല. അവർണ്ണരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കാതിരിക്കാൻ സവർണ്ണർക്ക് പരമ്പരാഗതമായുള്ള അവകാശത്തെ പിന്തുണയ്ക്കുന്ന കോടതിയുത്തരവുകളായിരുന്നു സമിതി പ്രധാനമായും ആശ്രയിച്ചത്. ക്ഷേത്രപ്രവേശനം എന്ന കാതലായ വിഷയം മാറ്റിവച്ച് തീണ്ടൽ അവസാനിപ്പിക്കാനുള്ള ചില നടപടികൾ സമിതി ശുപാർശചെയ്തു. സർക്കാർ ഖജനാവിൽ നിന്നു പണം ചെലവഴിച്ചു നിർമ്മിച്ച റോഡുകളും പൊതുകുളങ്ങളും എല്ലാവിഭാഗം ജനങ്ങൾക്കുമായി തുറന്നുകൊടുക്കണമെന്നായിരുന്നു സമിതിയുടെ ശുപാർശ. ഇതു 1936 മേയ് മാസത്തിൽ നടപ്പിലാക്കി.

മതപരിവർത്തന ഭീഷണി

ജാതീയമായ ഉച്ചനീചത്വങ്ങളിൽ മനം‌മടുത്ത അവർണ്ണ ഹിന്ദുക്കൾ വ്യാപകമായി മതപരിവർത്തനത്തിനു തയ്യാറായതാണ് ക്ഷേത്രപ്രവേശനത്തിനനുകൂലമായ തീരുമാനമെടുക്കാനുണ്ടായ മറ്റൊരു കാരണം എന്ന ഒരു വാദവും ഉണ്ട്. ഹിന്ദുമതം ഉപേക്ഷിച്ചുപോരാൻ ദളിതരോട് അക്കാലത്ത് അംബേദ്കർ ആഹ്വാനം ചെയ്തിരുന്നു. അവർണ്ണർക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നൽകി ക്രൈസ്തവ മിഷണറിമാരും മതപരിവർത്തനത്തെ പ്രോത്സാഹിപ്പിച്ചു. ഹിന്ദുമതത്തിൽ നിന്നും വൻ‌തോതിലുള്ള കൊഴിഞ്ഞുപോക്ക് മുന്നിൽക്കണ്ട ഹൈന്ദവനേതാക്കൾ അവർണ്ണരോടുള്ള അവഗണന അവസാനിപ്പിക്കാൻ പ്രേരണ ചെലുത്തിയെന്നു ഒരു വിഭാഗം ചരിത്രകാരന്മാർ വാദിക്കുന്നു.

സവർണ്ണരുടെ പിന്തുണ

തമ്പ്രാക്കളുടെ ക്ഷേത്രപ്രവേശന വിളംബരാശംസ

തിരുവതാംകൂറിലെ ജാതിവിരുദ്ധ സമരങ്ങൾക്ക് മിക്കപ്പോഴും പുരോഗമന ചിന്താഗതിക്കാരായ സവർണ്ണ ഹിന്ദുക്കളിൽനിന്നും പിന്തുണകിട്ടിയിരുന്നു. ടി.കെ. മാധവൻ അയിത്തത്തിനെതിരായ സമരത്തിൽ മന്നത്ത്‌ പത്മനാഭൻ, ചങ്ങനാശേരി പരമേശ്വരൻ പിള്ള തുടങ്ങിയ സവർണ്ണ നേതാക്കളുടെ പിന്തുണയും ഉറപ്പാക്കിയിരുന്നു. ശ്രീനാരായണഗുരുവിന്റെ അനുയായികൾ രൂപവത്കരിച്ച എസ്.എൻ.ഡി.പി. യോഗവും അയ്യൻ‌കാളി സ്ഥാപിച്ച സാധുജന പരിപാലന സംഘവുമായിരുന്നു തിരുവതാംകൂറിൽ അയിത്തോച്ചാടനത്തിനുവേണ്ടി മുറവിളികൂട്ടിയ സംഘടനകൾ. ഇവരുടെ നിലപാടുകൾക്ക് നമ്പൂതിരിമാരുടെ യോഗക്ഷേമസഭ, നായർ സർവീസ് സൊസൈറ്റി എന്നീ സവർണ്ണ ഹൈന്ദവ സംഘടനകളും പിന്തുണ നൽകിയതു ഗുണപരമായിത്തീർന്നു.

അതിനെ അനുകൂലിച്ച് നിലപാടെടുത്തവരിൽ അക്കാലത്തെ ആഴ്വാഞ്ചേരി തമ്പ്രാക്കളായിരുന്ന ശങ്കരൻ തമ്പ്രാക്കളും ഉണ്ടായിരുന്നു. തമ്പ്രാക്കൾ വിളംബരത്തിന് അനുകൂലമായ അഭിപ്രായം എടുത്തത് മറ്റു യാഥാസ്ഥിതികരായ എതിരാളികളുടെ തടസ്സവാദങ്ങളെ ലഘൂകരിക്കാൻ സഹായകമായിരുന്നു.[3][4]

വിളംബരം

വി.എസ്. സുബ്രഹ്മണ്യ അയ്യർ കമ്മിറ്റിയുടെ റിപ്പോർട്ട് ക്ഷേത്രപ്രവേശനത്തിനെ വളരെ ശക്തമായി എതിർക്കുന്നതായിരുന്നു. എന്നാൽ ശ്രീ ചിത്തിര തിരുനാൾ ഈ റിപ്പോർട്ട് അവഗണിച്ച് ക്ഷേത്രപ്രവേശനവുമായി മുന്നോട്ടുപോയി. "മഹാരാജാവിന്റെ ഉറച്ച തീരുമാനം ഒന്ന് കൊണ്ട് മാത്രമാണ് 1930കളിൽ തന്നെ തിരുവിതാംകുറിൽ ക്ഷേത്രപ്രവേശനം സാധ്യമായെതെന്നും അല്ലാതെ പലരും പറയുന്നത് പോലെ പ്രക്ഷോഭങ്ങളുടെ ഫലമായിട്ടല്ല എന്നത് മഹാരാജാവിന്റെ ദൃഢവിശ്വാസത്തിന്റെ മഹത്ത്വം കുറിക്കുന്നു" എന്ന് അന്നത്തെ ദീവാൻ സർ സിപി രാമസ്വാമി അയ്യർ തന്നെ 1936 ൽ പറയുകയുണ്ടായി. യാഥാസ്ഥികരിൽ നിന്ന് ഉണ്ടാകാമായിരുന്ന എതിർപ്പിനെ നേരിടാൻ ഉള്ള ചുമതല സർ സിപിക്കായിരുന്നു; അദ്ദേഹം ഇതിനുവേണ്ടി എല്ലാവിധ മുൻകരുതലുകളും എടിത്തിരുന്നു എന്ന് ചരിത്രകാരന്മാർ ചുണ്ടികാട്ടുന്നു. 'ശോധ്ഗംഗ' എന്ന വെബ്സൈറ്റ് ഉദാഹരണ സഹിതം സമർഥിക്കുന്നതു, ക്ഷേത്രപ്രവേശന വിളംബരത്തോട് ശ്രീ ചിത്തിര തിരുനാളിന് പുർണ്ണ യോജിപ്പായിരിന്നു എന്നാണ്.[5] 1992 ൽ അന്നത്തെ ഉപരാഷ്ട്രപതി കെ. ആർ. നാരായണൻ തന്റെ പ്രസ്നാഗത്തിൽ ശ്രീ ചിത്തിര തിരുനാളിന് ക്ഷേത്ര പ്രവേശനം നടത്തുന്നതിനോട് അനുകൂല നിലപാടായിരിന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അശോകശാസനത്തിലെ ഭാഷയെയും ശൈലിയെയും അനുസ്മരിപ്പിക്കുന്നതായിരുന്നു വിളംബരത്തിന്റെ ഉള്ളടക്കം. [6]

1936 നവംബർ 12നു പുറത്തിറങ്ങിയ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പൂർണ്ണരൂപം


ക്ഷേത്രപ്രവേശന വിളംബരം

മറ്റു വിളംബരങ്ങൾ

  • കണ്ടോത്ത് ആക്രമണം 1930 -ൽ കണ്ണൂരിലെ ക്ഷേത്രത്തിന്റെ മുൻപിൽ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് എ. കെ ഗോപാലന്റെ നേതൃത്വത്തിൽ നടന്ന സമരം 1930-ൽ തന്നെ വിജയം കണ്ടു.
  • കൊച്ചിയിൽ 1947 ഡിസംബർ 20നാണ് ഇത്തരം ഒരു ഉത്തരവ് വന്നത്.
  • മദിരാശി സർക്കാർ മലബാറിലെ പൊതുക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം അനുവദിച്ചുള്ള ഉത്തരവ് 1947 ജൂൺ 12 പുറപ്പെടുവിച്ചു.

അവലംബങ്ങൾ

സ്രോതസ്സുകൾ

  • സർ സി.പി. തിരുവതാംകൂർ ചരിത്രത്തിൽ - എ. ശ്രീധരമേനോൻ, കറന്റ് ബുക്സ്
  • കേരള ചരിത്രം - ഡോ. രാജൻ ഗുരുക്കൾ
  • ക്ഷേത്രപ്രവേശന വിളംബരം - മലയാള മനോരമ ലേഖനം, നവംബർ 8, 2002
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്