ഡയബറ്റിക് റെറ്റിനോപ്പതി

കണ്ണിലെ റെറ്റിനയെ ബാധിക്കുന്ന ഒരു അസുഖം

പ്രമേഹം മൂലം കണ്ണിലെ റെറ്റിനയ്ക്ക് കേടുപാടുകൾ സംഭവിച്ച് ക്രമേണ സ്ഥായിയായ കാഴ്ച വൈകല്യങ്ങളിലേക്ക് നയിക്കുന്ന ഒരു മെഡിക്കൽ അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി. വികസിത രാജ്യങ്ങളിലെ അന്ധതയുടെ കാരണങ്ങളിൽ ഇത് ഒരു പ്രധാന അസുഖമാണ്.[1]

ഡയബറ്റിക് റെറ്റിനോപ്പതി
ഡയബറ്റിക് ററ്റിനോപതി ചികിൽസയുടെ ഭാഗമായി സ്കാറ്റർ ലേസർ സർജറി ചെയ്ത റെറ്റിനയുടെ ഫണ്ടസ് ചിത്രം
ഉച്ചാരണം
  • ˌrɛtnˈɑpəθi
സ്പെഷ്യാലിറ്റിനേത്രവിജ്ഞാനം
ലക്ഷണങ്ങൾതുടക്കത്തിൽ ലക്ഷണങ്ങളൊന്നും ഉണ്ടാകണമെന്നില്ല; പിന്നീട് മങ്ങിയ കാഴ്ച, അന്ധത
സങ്കീർണതഅന്ധത
കാരണങ്ങൾദീർഘകാലമായി പ്രമേഹം നിയന്ത്രണത്തിൽ അല്ലാതെയിരിക്കുക
പ്രതിരോധംപ്രമേഹ നിയന്ത്രണം
Treatmentലേസർ, കോർട്ടികോസ്റ്റീറോയിഡ്/ആന്റി-വിഇജിഎഫ് ഏജന്റ് ഇൻജക്ഷൻ, വിട്രെക്ടമി

10 വർഷമോ അതിൽ കൂടുതലോ പ്രമേഹമുള്ളവരിൽ 80 ശതമാനം വരെ ആളുകളെ ഡയബെറ്റിക് റെറ്റിനോപ്പതി ബാധിക്കുന്നു. ശരിയായ ചികിത്സയും കണ്ണുകളുടെ നിരീക്ഷണവും വഴി കുറഞ്ഞത് 90% പുതിയ കേസുകളും കുറയ്ക്കാൻ കഴിയും.[2] ഒരു വ്യക്തിക്ക് എത്രത്തോളം പ്രമേഹം ഉണ്ടോ അത്രത്തോളം ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.[3] അമേരിക്കൻ ഐക്യനാടുകളിൽ ഓരോ വർഷവും അന്ധരാകുന്നവരിൽ 12% നും അന്ധതയുടെ കാരണം ഡയബറ്റിക് റെറ്റിനോപ്പതിയാണ്. 2006-07 കാലയളവിൽ ഒഴിവാക്കാനാവുന്ന അന്ധതയുടെ കാരണങ്ങൾ കണ്ടുപിടിക്കുന്നതിന് വേണ്ടി ഇന്ത്യയിൽ നടത്തിയ സർവ്വേയിൽ, ഇന്ത്യയിലെ ആകെ അന്ധതയുടെ 0.1% ഡയബറ്റിക് ററ്റിനോപ്പതി മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.[4]

അടയാളങ്ങളും ലക്ഷണങ്ങളും

സാധാരണ കാഴ്ച
ഡയബറ്റിക് റെറ്റിനോപ്പതി കാഴ്ച.
ഡയബറ്റിക് റെറ്റിനോപ്പതി ഫ്ലൂറസെൻ ആൻജിയോഗ്രാഫി ചിത്രം

ഡയബെറ്റിക് റെറ്റിനോപ്പതിക്ക് തുടക്കത്തിൽ പലപ്പോഴും തിരിച്ചറിയാനുള്ള അടയാളങ്ങൾ ഒന്നും തന്നെ ഉണ്ടാകണമെന്നില്ല. ദ്രുതഗതിയിൽ കാഴ്ച നഷ്ടപ്പെടാൻ കാരണമാകുന്ന മാക്കുലാർ എഡിമയിൽ പോലും കുറച്ച് സമയത്തേക്ക് മുന്നറിയിപ്പ് അടയാളങ്ങൾ ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും, പൊതുവേ, മാക്യുലർ എഡിമയുള്ള ഒരാൾക്ക് കാഴ്ച മങ്ങാൻ സാധ്യതയുണ്ട്. ഇത് മൂലം വായിക്കുകയോ വാഹനം ഓടിക്കുകയോ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ചില സന്ദർഭങ്ങളിൽ, പകൽ സമയത്ത് കാഴ്ച മെച്ചപ്പെടുകയോ മോശമാവുകയോ ചെയ്യും.

നോൺ-പ്രൊലിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതി (എൻ‌പി‌ഡി‌ആർ) എന്ന് വിളിക്കുന്ന ആദ്യ ഘട്ടത്തിൽ രോഗലക്ഷണങ്ങളൊന്നും കാണാറില്ല. ചിലപ്പോൾ പൂർണ്ണമായ കാഴ്ച ശക്തി (6/6) ഉണ്ടായിരിക്കുകയും ചെയ്യും. എൻ‌പി‌ഡി‌ആർ കണ്ടെത്താനുള്ള മാർ‌ഗ്ഗം ഒഫ്താൽമോസ്കോപ്പി അല്ലെങ്കിൽ ഫണ്ടസ് ഫോട്ടോഗ്രാഫി ആണ്. ഫണ്ടസ് ഫോട്ടോഗ്രഫിയിൽ മൈക്രോഅനൂറിസം (ധമനിയുടെ ചുമരുകളിൽ രക്തം നിറച്ച മൈക്രോസ്കോപ്പിക് കാഴ്ച) കാണാനാകും. കാഴ്ച കുറയുകയാണെങ്കിൽ, ഫ്ലൂറസെൻ ആൻജിയോഗ്രാഫിക്ക് റെറ്റിന രക്തക്കുഴലുകളിലെ ഇടുങ്ങിയ അവസ്ഥയോ തടസ്സങ്ങളോ (രക്തയോട്ടത്തിന്റെ അഭാവം അല്ലെങ്കിൽ റെറ്റിന ഇസ്കെമിയ) വ്യക്തമായി കാണിക്കാൻ കഴിയും .

മാക്യുലാർ എഡീമയിൽ, രക്തക്കുഴലുകളിൽ നിന്നും രക്തം മാക്യുലാർ മേഖലയിലേക്ക് ഒഴുകുന്നു. നോൺ-പ്രൊലിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതി (എൻ‌പി‌ഡി‌ആർ) യുടെ ഏത് സ്റ്റേജിലും ഇത് സംഭവിക്കാം. കാഴ്ച മങ്ങുന്നതും, ഇരുണ്ടതോ വികൃതമായതോ ആയ കാഴ്ചകളോ ആണ് ഇതിന്റെ ലക്ഷണങ്ങൾ. പ്രമേഹ രോഗികളിൽ പത്ത് ശതമാനം പേർക്ക് മാക്യുലർ എഡിമയുമായി ബന്ധപ്പെട്ട കാഴ്ച നഷ്ടപ്പെടൽ ഉണ്ടാവാം. ഒപ്റ്റിക്കൽ കോഹെറൻസ് ടോമോഗ്രാഫിക്ക് മാക്യുലർ എഡിമയിൽ നിന്നുള്ള ദ്രാവകം അടിഞ്ഞുകൂടി റെറ്റിന കട്ടിയാകുന്ന മേഖലകൾ കാണിക്കാൻ കഴിയും.[5]

രണ്ടാമത്തെ ഘട്ടമായ പ്രൊലിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതിയുടെ (പിഡിആർ) ഭാഗമായി കണ്ണിന്റെ പുറകിൽ അസാധാരണമായ പുതിയ രക്തക്കുഴലുകൾ (നിയോവാസ്കുലറൈസേഷൻ) രൂപം കൊള്ളുന്നു; ഈ പുതിയ രക്തക്കുഴലുകൾ ദുർബലമായത് കാരണം ഇവ പൊട്ടി രക്തസ്രാവവും (വിട്രിയസ് ഹെമറേജ്) അതുമൂലം കാഴ്ച മങ്ങുകയും ചെയ്യും. ഈ രക്തസ്രാവം ആദ്യമായി സംഭവിക്കുമ്പോൾ, അത് വളരെ കഠിനമായിരിക്കില്ല. മിക്ക കേസുകളിലും, ഇത് കുറച്ച് രക്ത തുള്ളികൾ പോലെയോ അല്ലെങ്കിൽ ഒരു വ്യക്തിയുടെ ദൃശ്യമണ്ഡലത്തിൽ പൊങ്ങിക്കിടക്കുന്ന പാടുകൾ പോലെയോ ആണ് തോന്നാറുള്ളത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം ഈ പാടുകൾ പലപ്പോഴും ഇല്ലാതാകും.

ഈ പാടുകൾ ഏതാനും ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾക്കുള്ളിൽ വീണ്ടും വന്ന് രക്തം കൂടുതൽ ചോർന്നൊലിക്കുന്നു. ഇത് കാഴ്ചയ്ക്ക് മങ്ങലുണ്ടാക്കും. അങ്ങേയറ്റത്തെ അവസ്ഥയിൽ, ഒരു വ്യക്തിക്ക് ആ കണ്ണിലെ കാഴ്ച ഇരുട്ടിൽ നിന്ന് വെളിച്ചം കാണാൻ പറ്റുന്ന രീതിയിൽ മാത്രമേ ഉണ്ടാവൂ. കണ്ണിന്റെ ഉള്ളിൽ നിന്ന് രക്തം പൂർണ്ണമായും പോകാൻ കുറച്ച് ദിവസങ്ങൾ മുതൽ മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾ വരെ എടുത്തേക്കാം, ചില സന്ദർഭങ്ങളിൽ രക്തം ഒരിക്കലും പോകണമെന്നുമില്ല. ഇത്തരത്തിലുള്ള വലിയ രക്തസ്രാവങ്ങൾ ഒന്നിലധികം തവണ സംഭവിക്കാറുണ്ട്. പലപ്പോഴും ഉറക്കത്തിൽ പോലും ഇത് സംഭവിക്കാം.

ഫണ്ടസ്കോപ്പിക് പരിശോധനയിൽ, കോട്ടൺ വൂൾ സ്പോട്ടുകൾ, തീജ്വാല പോലെയുള്ള രക്തസ്രാവം (ക്ലോസ്ട്രിഡിയം നോവിയുടെ ആൽഫ-ടോക്സിൻ മൂലവും സമാനമായ അവസ്ഥ സംഭവിക്കുന്നു), ഡോട്ട്-ബ്ലോട്ട് ഹെമറേജുകൾ എന്നിവ കാണാം.

അപകടസാധ്യത ഘടകങ്ങൾ

ടൈപ്പ് I, ടൈപ്പ് II വ്യത്യാസമില്ലാതെ പ്രമേഹമുള്ള എല്ലാ ആളുകൾക്കും അപകടസാധ്യതയുണ്ട്. ഒരു വ്യക്തിക്ക് പ്രമേഹം നിയന്ത്രണത്തിലല്ലാതെ എത്ര നാളായോ അതിനനുസരിച്ച് ഡയബെറ്റിക് ററ്റിനോപ്പതി ഉണ്ടാകാനുള്ള സാധ്യതയും കൂടും. പ്രമേഹ രോഗബാധിതരായ അമേരിക്കക്കാരിൽ 40 മുതൽ 45 ശതമാനം വരെ ആളുകളിൽ റെറ്റിനോപ്പതിയുടെ ചില ഘട്ടങ്ങളുണ്ട്.[6] 20 വർഷത്തെ പ്രമേഹത്തിനുശേഷം, ടൈപ്പ് I പ്രമേഹമുള്ള മിക്കവാറും എല്ലാ രോഗികൾക്കും, ടൈപ്പ് II പ്രമേഹമുള്ള 60% രോഗികൾക്കും ഒരു പരിധിവരെ റെറ്റിനോപ്പതി ഉണ്ട്; ഗവേഷണത്തിന്റെ ഉപയോഗത്തെ പരിമിതപ്പെടുത്തിക്കൊണ്ട് നാല് വർഷം മുമ്പുള്ള ഡാറ്റ ഉപയോഗിച്ച് 2002 ൽ ആണ് ഈ സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിച്ചത്. ആധുനിക ഫാസ്റ്റ്-ആക്ടിംഗ് ഇൻസുലിൻ, ഹോം ഗ്ലൂക്കോസ് പരിശോധന എന്നിവയ്ക്ക് മുമ്പ് 1970 കളുടെ അവസാനത്തിൽ തന്നെ ഈ രോഗികൾ പ്രമേഹ രോഗബാധിതരായിരുന്നു എന്ന് വേണം കരുതാൻ.

പ്രമേഹ റെറ്റിനോപ്പതിയുടെ കൂടിയതും കുറഞ്ഞതുമായ സാധ്യതകൾ, ആളുകൾക്കിടയിലെ ഗ്ലൈസെമിക് പരിധിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പഠനങ്ങളുണ്ട്.[7] [8]

ഗർഭിണികളായ സ്ത്രീകൾക്ക് പ്രമേഹ റെറ്റിനോപ്പതി ഒരു പ്രശ്നമാകാം.[9] പ്രമേഹം ഉള്ള എല്ലാ ഗർഭിണികൾക്കും ഓരോ മൂന്നു മാസം കൂടുമ്പോഴും നേത്ര പരിശോധന വേണമെന്ന് എൻഐഎച്ച് ശുപാർശ ചെയ്യുന്നു.

അധിക ക്രോമസോം 21 മെറ്റീരിയലുകളുള്ള ഡൌൺ സിൻഡ്രോം ഉള്ള ആളുകൾക്ക് ഒരിക്കലും ഡയബെറ്റിക് റെറ്റിനോപ്പതി ഉണ്ടാവുന്നില്ല. കൊളാജൻ XVIII ൽ നിന്ന് ഉരുത്തിരിഞ്ഞ ആൻജിയോജനിക് പ്രോട്ടീനായ എൻ‌ഡോസ്റ്റാറ്റിൻ[10] ഉയർന്ന അളവിലുള്ളതാണ് ഈ പരിരക്ഷയ്ക്ക് കാരണം. കൊളാജൻ XVIII ജീൻ ക്രോമസോം 21 ലാണ് സ്ഥിതി ചെയ്യുന്നത്.


രോഗകാരി

ഡയബറ്റിക് റെറ്റിനോപ്പതിയുടെ ചിത്രീകരണം

റെറ്റിനയിലെ ചെറിയ രക്തക്കുഴലുകൾക്കും ന്യൂറോണുകൾക്കും കേടുപാടുകൾ സംഭവിക്കുന്നതിൻറെ ഫലമാണ് ഡയബെറ്റിക് റെറ്റിനോപ്പതി. ഡയബെറ്റിക് റെറ്റിനോപ്പതിയിലേക്ക് നയിക്കുന്ന ആദ്യ മാറ്റങ്ങളിൽ റെറ്റിന രക്തപ്രവാഹം കുറയുന്നതുമായി ബന്ധപ്പെട്ട റെറ്റിന ധമനികളുടെ സങ്കോചം ഉൾപ്പെടുന്നു. ആന്തരിക റെറ്റിനയിലെ ന്യൂറോണുകളുടെ അപര്യാപ്തത, പിന്നീടുള്ള ഘട്ടങ്ങളിൽ ബാഹ്യ റെറ്റിനയുടെ പ്രവർത്തനത്തിലെ മാറ്റങ്ങൾ, വിഷ്വൽ ഫംഗ്ഷനിലെ സൂക്ഷ്മമായ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. രക്തത്തിലെ പല വസ്തുക്കളിൽ നിന്നും (വിഷവസ്തുക്കളും രോഗപ്രതിരോധ കോശങ്ങളും ഉൾപ്പെടെ) റെറ്റിനയെ സംരക്ഷിക്കുന്ന ബ്ലഡ്-റെറ്റിന ബാരിയറിന്റെ അപര്യാപ്തത, ഇത് റെറ്റിന ന്യൂറോപൈലിലേക്ക് രക്ത ഘടകങ്ങൾ ചോർന്നൊലിക്കുന്നതിലേക്ക് നയിക്കുന്നു.[11] പിന്നീട്, റെറ്റിന രക്തക്കുഴലുകളുടെ ബേസ്മെന്റ് മെംബ്രൺ കട്ടിയാകുകയും കാപ്പിലറികൾ നശിക്കുകയും കോശങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു, പ്രത്യേകിച്ച് പെരിസൈറ്റുകളും വാസ്കുലർ മിനുസമാർന്ന പേശി കോശങ്ങളും . ഇത് രക്തയോട്ടം നഷ്ടപ്പെട്ട് പ്രോഗ്രെസ്സിവ് ഇസ്കെമിയയിലേക്ക് നയിക്കുന്നു. കാപ്പിലറി മതിലുകളിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന ബലൂൺ പോലുള്ള ഘടനകളായി കാണപ്പെടുന്ന മൈക്രോസ്കോപ്പിക് അന്യൂറിസം കോശജ്വലന കോശങ്ങളെ റിക്രൂട്ട് ചെയ്യുന്നു; ഇത് റെറ്റിനയിലെ ന്യൂറോണുകളുടെയും ഗ്ലിയൽ കോശങ്ങളുടെയും അപര്യാപ്തതയ്ക്കും അപചയത്തിനും കാരണമാകും.[12]

രക്തത്തിലെ ഗ്ലൂക്കോസ് സ്ഥിരമായി സജീവമാക്കുന്ന പ്രോട്ടീൻ കൈനാസ് സി, മൈറ്റോജെൻ-ആക്റ്റിവേറ്റഡ് പ്രോട്ടീൻ കൈനാസ് (എം‌എ‌പി‌കെ) എന്നിവ കാരണമാണ് പെരിസൈറ്റ് മരണം സംഭവിക്കുന്നതെന്ന് ഒരു പരീക്ഷണ പഠനം സൂചിപ്പിക്കുന്നു, ഇത് ഒരു കൂട്ടം ഇന്റർമീഡിയറ്റുകൾ വഴി, പ്ലേറ്റ്‌ലെറ്റ്-ഡൈവേഡ് ഗ്രോത്ത് ഫാക്ടർ റിസപ്റ്ററുകളിലൂടെ, സെല്ലുലാർ അതിജീവനം സിഗ്നലിംഗ്, വ്യാപനം, വളർച്ച എന്നിവയെ പിന്തുണയ്ക്കുന്ന സിഗ്നലിംഗിനെ തടയുന്നു. ഈ സിഗ്നലിംഗ് പിൻവലിക്കൽ ഈ പരീക്ഷണാത്മക മോഡലിലെ സെല്ലുകളുടെ മരണത്തിലേക്ക് (അപ്പോപ്റ്റോസിസ്) നയിക്കുന്നു.[13]

കൂടാതെ, പ്രമേഹരോഗികളിൽ അമിതമായ സോർബിറ്റോൾ റെറ്റിന ടിഷ്യുവിൽ നിക്ഷേപിക്കപ്പെടുന്നു, ഇത് ഡയബെറ്റിക് റെറ്റിനോപ്പതി ഉണ്ടാക്കുന്നതിൽ ഒരു പങ്കു വഹിക്കുതായും പഠനങ്ങളുണ്ട്.[14]

രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ണിലുള്ളതുപോലെയുള്ള ചെറിയ രക്തക്കുഴലുകളെയാണ് ആദ്യം ബാധിക്കുന്നത്. ഗ്ലൂക്കോസിന്റെ കൂടിയ അളവ് റെറ്റിനയിലെ ചെറിയ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. പ്രാരംഭ ഘട്ടത്തിൽ, നോൺ‌പ്രോലിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതി (എൻ‌പി‌ഡി‌ആർ) എന്ന് വിളിക്കപ്പെടുന്ന തുടക്കത്തിലെ ററ്റിനോപ്പതി മിക്ക ആളുകളും ശ്രദ്ദിക്കണമെന്നില്ല. കാഴ്ച പഴയപടിയാക്കാവുന്നതും കേന്ദ്ര കാഴ്ചയെ ബാധിക്കാത്തതുമായ തുടക്കത്തിലെ ഉള്ള ററ്റിനോപ്പതി സിംപ്ലക്സ് റെറ്റിനോപ്പതി അല്ലെങ്കിൽ പശ്ചാത്തല റെറ്റിനോപ്പതി എന്നും അറിയപ്പെടുന്നു.[15]

ചില ആളുകളി മാക്കുലാർ എഡിമ എന്ന അവസ്ഥ ഉണ്ടാകുന്നു. കേടായ രക്തക്കുഴലുകളിൽ നിന്ന് ദ്രാവകവും ലിപിഡുകളും നല്ല വെളിച്ചത്തിലെ കൃത്യതയാർന്ന കാഴ്ചയ്ക്ക് സഹായിക്കുന്ന റെറ്റിനയിലെ ഭാഗമായ മാക്യുലയിലേക്ക് ഒഴുകുമ്പോൾ ഇത് സംഭവിക്കുന്നു. ദ്രാവകം മൂലം മാക്യുല വീർക്കുകയും കാഴ്ച മങ്ങുകയും ചെയ്യുന്നു.

പ്രോലിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതി

രോഗം പുരോഗമിക്കുമ്പോൾ, കഠിനമായ നോൺ‌പ്രോലിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതിയിൽ നിന്നും രക്തക്കുഴലുകൾ വ്യാപിക്കുന്ന/വളരുന്ന ഒരു നൂതന അല്ലെങ്കിൽ പ്രൊലിഫറേറ്റീവ് ഡയബെറ്റിക് ററ്റിനോപ്പതി (പി‌ഡി‌ആർ) ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. റെറ്റിനയിലെ ഓക്സിജന്റെ അഭാവം റെറ്റിനയിലും കണ്ണിന്റെ ഉള്ളിൽ നിറയുന്ന വ്യക്തമായ ജെൽ പോലുള്ള വിട്രിയസ് ഹ്യൂമറിലും ദുർബലമായ പുതിയ രക്തക്കുഴലുകൾ വളരുന്നതിനു കാരണമാകുന്നു. സമയബന്ധിതമായ ചികിത്സ നൽകിയില്ലെങ്കിൽ ഈ പുതിയ രക്തക്കുഴലുകളിൽ നിന്നും രക്തസ്രാവമുണ്ടായി കാഴ്ച മങ്ങുന്നതിനും റെറ്റിന നശിക്കുന്നതിനും കാരണമാകും. ഫൈബ്രോവാസ്കുലർ വ്യാപനം ട്രാക്ഷണൽ റെറ്റിന ഡിറ്റാച്ച്മെന്റിനും കാരണമാകും. അതേപോലെ പുതിയ രക്തക്കുഴലുകൾ കണ്ണിന്റെ മുൻ‌ അറയുടെ കോണിലേക്ക് വളരുകയും നിയോവാസ്കുലർ ഗ്ലോക്കോമയ്ക്ക് കാരണമാവുകയും ചെയ്യും.

നോൺപ്രോലിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതി കോട്ടൺ വൂൾ പാടുകൾ, അല്ലെങ്കിൽ മൈക്രോവാസ്കുലർ തകരാറുകൾ അല്ലെങ്കിൽ ഉപരിതല റെറ്റിന രക്തസ്രാവം എന്നിവയായി കാണപ്പെടുന്നു. അതേപോലെ അഡ്വാൻസ്ഡ് പ്രൊലിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതി (പിഡിആർ) വളരെക്കാലം രോഗലക്ഷണങ്ങളൊന്നുമില്ലാതെയും തുടരാം, അതിനാൽ പ്രമേഹമുള്ളവർ പതിവ് പരിശോധനകളിലൂടെ ററ്റിന സൂക്ഷ്മമായി നിരീക്ഷിക്കണം.

രോഗനിർണയം

താഴെ പറയുന്ന നേത്ര പരിശോധനകളിലൂടെ ഡയബെറ്റിക് ററ്റിനോപ്പതി കണ്ടെത്താവുന്നതാണ്:

  • കാഴ്ച ശക്തി: ഒരു വ്യക്തി വിവിധ ദൂരങ്ങളിൽ എത്ര നന്നായി കാണുന്നുവെന്ന് അളക്കാൻ ഒരു കാഴ്ച പരിശോധന ചാർട്ട് ഉപയോഗിക്കുന്നു.
  • പ്യൂപ്പിൾ ഡൈലേഷൻ : പ്യൂപ്പിൽ വികസിപ്പിക്കുന്നതിനായി തുള്ളിമരുന്നുകളിട്ടതിനു ശേഷം നടത്തുന്ന ഡയറക്റ്റ് ഒഫ്താൽമോസ്കോപ്പി പരിശോധന ററ്റിനയുടെ വ്യക്തമായ കാഴ്ചയും ഡയബറ്റിക് ററ്റിനോപ്പതി നിർണ്ണയവും സാധ്യമാക്കുന്നു. ഈ പരിശോധനയ്ക്ക് ശേഷം, മരുന്നിൻറെ പ്രവർത്തനം മൂലം അടുത്തുള്ള കാഴ്ച മണിക്കൂറുകളോളം മങ്ങിയതായി തുടരും.
  • ഒഫ്താൽമോസ്കോപ്പി അല്ലെങ്കിൽ ഫണ്ടസ് ഫോട്ടോഗ്രാഫി : പ്യൂപ്പിൽ ഡൈലേഷന് ശേഷം നേത്ര സംരക്ഷണ വിദഗ്ധരുടെ നേതൃത്വത്തിൽ ഇത് നടത്തുന്നു. ഒഫ്താൽമോസ്കോപ്പിയിൽ (1) ഒരു സ്ലിറ്റ് ലാമ്പ് ബയോമിക്രോസ്കോപ്പിലൂടെ പ്രത്യേക മാഗ്നിഫൈയിംഗ് ലെൻസിലൂടെ നോക്കുന്നു, അത് റെറ്റിനയുടെ വ്യക്തമായ കാഴ്ച നൽകുന്നു, അല്ലെങ്കിൽ (2) ഹെഡ്സെറ്റ് ധരിച്ച് പരോക്ഷ ഒഫ്താൽമോസ്കോപ്പി ഉപയോഗിച്ച്, ഒരു പ്രത്യേക മാഗ്‌നിഫൈയിംഗ് ഗ്ലാസിലൂടെ നോക്കുകയും റെറ്റിനയുടെ വിശാലമായ കാഴ്ച നേടുകയും ചെയ്യുന്നു. പ്രധാനപ്പെട്ടതും ചികിത്സിക്കേണ്ടതുമായ ഡയബറ്റിക് റെറ്റിനോപ്പതിക് സാധാരണയുള്ള കയ്യിൽ പിടിച്ചുള്ള ഒഫ്താൽമോസ്കോപ്പിയേക്കാൾ നല്ലത് ഈ രീതികളാണ്. ഫണ്ടസ് ഫോട്ടോഗ്രഫിയിൽ സാധാരണയായി ഫണ്ടസിന്റെ എല്ലാ ഭാഗവും ഫോട്ടോ എടുക്കുകയാണ് ചെയ്യുന്നത്. ഇതിന് ഭാവി റഫറൻസിനായി ഫോട്ടോ ഡോക്യുമെന്റേഷന്റെ ഗുണവുമുണ്ട്, അതുപോലെ തന്നെ ഫണ്ടസ് ഫോട്ടോ മറ്റൊരു സ്ഥലത്തും സമയത്തും വിദഗ്ധ പരിശോധനയ്ക്കായി ഉപയോഗിക്കാൻ പറ്റുന്നു.
  • ഫണ്ടസ് ഫ്ലൂറസെൻ ആൻജിയോഗ്രാഫി (എഫ്എഫ്‌എ) : ഫ്ലൂറസിൻ ഡൈ കുത്തിവെച്ച്, ററ്റിനയില്യും കൊറോയിഡിലേയും രക്ത ചംക്രമണത്തിലെ പ്രശ്നങ്ങളും ചോർച്ചയും കണ്ടെത്തുന്നതിനുള്ള ഒരു ഇമേജിംഗ് സാങ്കേതികതയാണിത്.
  • പ്രമേഹ രോഗികളിൽ ചെറിയ റെറ്റിന ധമനികളുടെയും സിരകളുടെയും ഓട്ടോറെഗുലേഷന്റെ അസാധാരണതകൾ റെറ്റിനൽ രക്തക്കുഴൽ വിശകലനം കണ്ടെത്തുന്നു.[16] റെറ്റിന റെസ്പോൺസിബിലിറ്റിയുടെ അത്തരം ഒരു തകരാറ് പ്രമേഹത്തിലെ വാസ്കുലർ അപര്യാപ്തതയുടെ ആദ്യകാല അടയാളങ്ങളിലൊന്നായി കാണപ്പെടുന്നു, ഇത് ഹൃദയാഘാത സാധ്യതയെ സൂചിപ്പിക്കുന്നു. [17]
  • ഒപ്റ്റിക്കൽ കോഹെറൻസ് ടോമോഗ്രാഫി (ഒസിടി) : ഇത് അൾട്രാസൗണ്ടിനോട് സാമ്യമുള്ള ഒപ്റ്റിക്കൽ ഇമേജിംഗ് രീതിയാണ്. ഇത് റെറ്റിനയുടെ ക്രോസ്-സെക്ഷണൽ ഇമേജുകൾ നിർമ്മിക്കുന്നു, ഇത് റെറ്റിനയുടെ കനം അളക്കാനും അതിന്റെ പ്രധാന പാളികൾ നിരീക്ഷിക്കാനും വീക്കം കണ്ടെത്താനും സഹായിക്കുന്നു.

നേത്ര സംരക്ഷണ വിദഗ്ദ്ധർ രോഗത്തിന്റെ, ആദ്യകാല ലക്ഷണങ്ങൾക്കായി ഇനിപ്പറയുന്നവ ശ്രദ്ദിക്കും:

  1. രക്തക്കുഴലുകളിലെ ചോർച്ച.
  2. റെറ്റിന വീക്കം, മാക്യുലർ എഡിമ.
  3. റെറ്റിനയിലെ ഇളം കൊഴുപ്പ് നിക്ഷേപം (എക്സുഡേറ്റുകൾ), രക്തക്കുഴലുകൾ ചോർന്നതിന്റെ ലക്ഷണങ്ങൾ.
  4. കേടായ നാഡി ടിഷ്യു (ന്യൂറോപ്പതി), കൂടാതെ
  5. രക്തക്കുഴലുകളിലെ മറ്റ് മാറ്റങ്ങൾ.

മാക്കുലാർ എഡിമ സംശയിക്കുന്നുവെങ്കിൽ, എഫ്എഫ്‌എയും ചിലപ്പോൾ ഒസിടിയും നടത്തേണ്ടതായി വരും.

ഡയബെറ്റിക് റെറ്റിനോപ്പതി ശരീരത്തിലെ മൈക്രോ സർക്കുലേഷനെ ബാധിക്കുന്നു. അടുത്തിടെ നടത്തിയ ഒരു പഠനം[18] കൺജങ്റ്റൈവൽ മൈക്രോവാസ്കുലർ ഹെമോഡൈനാമിക്സിന്റെ വിലയിരുത്തൽ, അതായത് രക്തക്കുഴലുകളുടെ വ്യാസം, ചുവന്ന രക്താണുക്കളുടെ വേഗത, വാൾ ഷിയർ സമ്മർദ്ദം എന്നിവ പ്രമേഹ റെറ്റിനോപ്പതിയുടെ രോഗനിർണയത്തിനും സ്ക്രീനിംഗിനും സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പ്രമേഹ റെറ്റിനോപ്പതിയുടെ വിവിധ ഘട്ടങ്ങൾ വേഗത്തിൽ നിരീക്ഷിക്കുന്നതിനും രോഗനിർണയം നടത്തുന്നതിനും കൺജങ്റ്റൈവൽ മൈക്രോവെസ്സലുകളുടെ രീതി നിരീക്ഷിക്കുന്നത് ഉപയോഗപ്രദമാണെന്ന് കാണിച്ചു. [19]

2018 ഏപ്രിലിൽ ഐഡിഎക്സ്-ഡിആർ എന്ന സമാനമായ ഉപകരണത്തിന് എഫ്ഡിഎ (FDA) അംഗീകാരം നൽകി. പ്രമേഹ റെറ്റിനോപ്പതിയുടെ ലക്ഷണങ്ങൾക്കായി റെറ്റിനയുടെ ചിത്രങ്ങൾ സ്വയം വിശകലനം ചെയ്യുന്ന ഒരു ആർട്ടിഫിഷ്യ ഇൻറലിജൻസ് ഡയഗ്നോസ്റ്റിക് സിസ്റ്റമാണ് IDx-DR Archived 2019-04-18 at the Wayback Machine.. ഒരു സ്വയം നിർണ്ണയാധികാരമുള്ള, ആർട്ടിഫിഷൽ ഇൻറലിജൻസ് അധിഷ്ഠിത സംവിധാനമെന്ന നിലയിൽ, ഐഡിഎക്സ്-ഡിആർ സവിശേഷമാണ്. അത് ഒരു ക്ലിനിക്കിന്റെ ആവശ്യമില്ലാതെ ഒരു വിലയിരുത്തൽ നടത്തുകയും ഇമേജോ ഫലങ്ങളോ വ്യാഖ്യാനിക്കുകയും ചെയ്യുന്നു, ഇത് സാധാരണയായി കണ്ണ് പരിചരണത്തിൽ ഏർപ്പെടാത്ത ആരോഗ്യ പരിരക്ഷാ ദാതാക്കൾക്ക് പോലും ഉപയോഗയോഗ്യമാക്കുന്നു. .

റെറ്റിനോപ്പതിയുടെ അടയാളങ്ങൾക്കായി കണ്ണിന്റെ ഫോട്ടോകൾ സ്കാൻ ചെയ്യുന്ന ഒരു ക്ലൗഡ് അൽഗോരിതം ഗൂഗിൾ പരീക്ഷിക്കുന്നുണ്ട്, എന്നാൽ ഈ അൽ‌ഗോരിതത്തിന് ഇപ്പോഴും എഫ്ഡി‌എ അംഗീകാരം കിട്ടിയിട്ടില്ല.

ഒരു ഡി‌ആർ‌എസ്‌എസ് ഉപയോക്തൃ മാനുവൽ അനുസരിച്ച്, തിമിരം, മോശം ഡൈലേഷൻ, പ്റ്റോസിസ്, ബാഹ്യ ഒക്കുലാർ അവസ്ഥകൾ എന്നിവ കാരണം ഗുണനിലവാരമില്ലാത്ത ചിത്രങ്ങൾ ലഭിക്കാമെന്നാണ്. പൊടി, അഴുക്ക് എന്നിവപോലെയുള്ള പ്രശ്നങ്ങൾ മൂലവും ചിത്രത്തിന് പ്രശ്നങ്ങൾ ഉണ്ടാകാം.[20]

സ്ക്രീനിംഗ്

പ്രമേഹമുള്ളവർക്കുള്ള സാധാരണ പരിശോധനകളുടെ ഭാഗമായി തന്നെ നടത്തുന്ന ഒന്നാണ് പ്രമേഹ റെറ്റിനോപ്പതി പരിശോധന. [21] പ്രമേഹമുള്ളവരിൽ സാധാരണ സ്ക്രീനിംഗിന് ശേഷം പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെങ്കിൽത്തന്നെയും ഓരോ രണ്ട് വർഷത്തിലും വീണ്ടും സ്ക്രീനിംഗ് ശുപാർശ ചെയ്യുന്നു.[22] യുകെയിൽ, എല്ലാ വർഷവും റെറ്റിനോപ്പതി സ്ക്രീനിങ്ങ് ശുപാർശ ചെയ്യുന്നുണ്ട്. [23] ഡയബെറ്റിക് റെറ്റിനോപ്പതി സ്ക്രീനിങ്ങ് പ്രോഗ്രാമുകളിൽ ടെലി-ഒഫ്താൽമോളജിയും ഉപയോഗിക്കുന്നുണ്ട്.[24] യു‌എസിൽ‌, ഡയബെറ്റിക് റെറ്റിനോപ്പതിയുടെ നിലവിലെ മാർ‌ഗ്ഗനിർ‌ദ്ദേശപ്രകാരം പ്രമേഹമുള്ള എല്ലാ രോഗികൾ‌ക്കും എല്ലാ വർഷവും ഡൈലൈറ്റഡ് നേത്ര പരിശോധന ശുപാർശ ചെയ്യുന്നു. പല രാജ്യങ്ങളിലും ഇങ്ങനെ ശുപാർശ ചെയ്യപ്പെടുന്ന സ്ക്രീനിംഗിന് തടസ്സങ്ങളുണ്ട്. ഡയബെറ്റിക് റെറ്റിനോപ്പതി, സ്‌ക്രീനിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ, എന്നിവയെക്കുറിച്ചുള്ള അവബോധമില്ലായ്മ, രോഗനിർണയത്തെയും ചികിത്സയെയും സഹായിക്കുന്ന നേത്രപരിശോധന നടത്താനുള്ള സൌകര്യങ്ങളിലെ കുറവ് എന്നിവയാണ് സ്‌ക്രീനിംഗിനെ തടസ്സപ്പെടുത്തുന്ന ഘടകങ്ങൾ.

റയബെറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ്, രോഗം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകളെ പിന്തുണയ്ക്കുന്നതിന് തെളിവുകളുണ്ട്.[25] ഇവ പ്രത്യേകമായി പ്രമേഹ റെറ്റിനോപ്പതി സ്ക്രീനിംഗ് ലക്ഷ്യമിടാം, അല്ലെങ്കിൽ പ്രമേഹ പരിചരണം മെച്ചപ്പെടുത്തുന്നതിനുള്ള പൊതു തന്ത്രങ്ങളാകാം.

മാനേജ്മെന്റ്

പ്രമേഹ റെറ്റിനോപ്പതിക്ക് മൂന്ന് പ്രധാന ചികിത്സകളുണ്ട്. ലേസർ സർജറി, കോർട്ടികോസ്റ്റീറോയിഡുകൾ അല്ലെങ്കിൽ ആന്റി-വിഇജിഎഫ് ഏജന്റുകൾ കണ്ണിലേക്ക് കുത്തിവയ്ക്കുക, വിട്രെക്ടമി എന്നിവയാണ് അത്. ഈ രോഗത്തിൽ നിന്നുള്ള കാഴ്ച നഷ്ടം കുറയ്ക്കുന്നതിന് ഈ ചികിൽസകൾ വളരെ ഫലപ്രദമാണ്.[26] വാസ്തവത്തിൽ, അഡ്വാൻസ്ഡ് റെറ്റിനോപ്പതി ഉള്ളവർക്ക് പോലും റെറ്റിനയ്ക്ക് സാരമായ കേടുപാടുകൾ സംഭവിക്കുന്നതിനുമുമ്പ് ചികിത്സ ലഭിച്ചാൽ കാഴ്ച നിലനിർത്താൻ 95 ശതമാനം സാധ്യതയുണ്ട്. [27]

കാഴ്ചശക്തി വീണ്ടും കുറയുന്നത് ഇല്ലാതാക്കുന്നതുവഴി ഈ ചികിത്സകൾ വളരെ വിജയകരമാണെങ്കിലും അവ ററ്റിനോപ്പതി മൂലം നഷ്ടപ്പെട്ട കാഴ്ച തിരിച്ചു കുട്ടുന്നതിന് സഹായിക്കുന്നില്ല. റെറ്റിന ടിഷ്യു നഷ്ടപ്പെടുന്നതിനാൽ ലേസർ ചികിത്സയിൽ ജാഗ്രത പാലിക്കണം. ട്രയാംസിനോലോൺ അല്ലെങ്കിൽ ആന്റി-വിഇജിഎഫ് മരുന്നുകൾ കുത്തിവയ്ക്കുന്നത് പലപ്പോഴും കൂടുതൽ വിവേകപൂർണ്ണമാണ്. ചില രോഗികളിൽ ഇത് കാഴ്ചയുടെ ഗണ്യമായ വർദ്ധനവിന് കാരണമാകുന്നു, പ്രത്യേകിച്ചും മാക്കുലയുടെ എഡിമ ഉണ്ടെങ്കിൽ.[26]

ലോകത്തിന്റെ ചില ഭാഗങ്ങളിൽ സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും, ഡയബെറ്റിക് റെറ്റിനോപ്പതി ഉള്ളവർക്ക് ഹെർബൽ മെഡിസിൻ (ഉദാഹരണത്തിന്, റസ്കസ് എക്സ്ട്രാക്റ്റ്, റാഡിക്സ് നോട്ടോജിൻസെംഗ് എക്സ്ട്രാക്റ്റ്) പ്രയോജനകരമാണോ എന്ന് ഇനിയും വ്യക്തമല്ല.[28]

ഡയബെറ്റിക് റെറ്റിനോപ്പതി ചികിൽസയിൽ പ്രഥാനമായ ഒന്നാണ് പുകയില ഉപയോഗം ഒഴിവാക്കുക എന്നത്. രക്താതിമർദ്ദം നിയന്തിക്കുക എന്നതും അത്യാവശമാണ്.[29]

ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (ഒ‌എസ്‌എ), ഡയബെറ്റിക് മൂലമുള്ള നേത്ര രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രമേഹത്തിൻറെ അപകടങ്ങൾ കുറയ്ക്കുന്നതിന് ഒ‌എസ്‌എയ്ക്കുള്ള ചികിത്സയും സഹായിക്കും.

പ്രമേഹ റെറ്റിനോപ്പതി തടയുന്നതിനും, കാഴ്ചയെ ബാധിക്കുന്നത് കുറച്ച് പ്രശ്നങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം അത് ജാഗ്രതയോടെ നിരീക്ഷിക്കുകയും ഒപ്റ്റിമൽ ഗ്ലൈസെമിക് നിയന്ത്രണം നേടുകയും ചെയ്യുക എന്നതാണ്.[30]

2008 മുതൽ (ഉദാ. കൈനാസ് ഇൻഹിബിറ്ററുകൾ, ആന്റി-വിഇജിഎഫ്) മരുന്നുകൾ പോലെയുള്ള മറ്റ് ചികിത്സകൾ ലഭ്യമാണ്.[31]

ലേസർ ഫോട്ടോകോയാഗുലേഷൻ

പ്രമേഹ റെറ്റിനോപ്പതിയുടെ ചികിത്സയ്ക്കായി രണ്ട് സാഹചര്യങ്ങളിൽ ലേസർ ഫോട്ടോകോയാഗുലേഷൻ ഉപയോഗിക്കാം. പിൻ‌ ധ്രുവത്തിൽ ഒരു മോഡിഫൈഡ് ഗ്രിഡ് സൃഷ്ടിച്ചുകൊണ്ട് മാക്കുലാർ എഡിമയെ ചികിത്സിക്കാൻ ഇത് ഉപയോഗിക്കാം[32] കൂടാതെ നിയോവാസ്കുലറൈസേഷൻ നിയന്ത്രിക്കുന്നതിന് പാൻറെറ്റിനൽ കോയാഗുലേഷനും ഇത് ഉപയോഗിക്കാം. പ്രൊലിഫറേറ്റീവ് റെറ്റിനോപ്പതിയുടെ പ്രാരംഭ ഘട്ടത്തിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. വ്യത്യസ്ത തരം ലേസറുകളുണ്ടെങ്കിലും അവയുടെ പ്രയോജനങ്ങളെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചുമുള്ള തെളിവുകൾ പരിമിതമാണ്. [33]

മോഡിഫൈഡ് ഗ്രിഡ്

മാക്കുലയ്‌ക്ക് ചുറ്റുമുള്ള ഒരു 'സി' ആകൃതിയിലുള്ള പ്രദേശത്ത് കുറഞ്ഞ തീവ്രതയോടെ ചെറിയ പൊള്ളലേൽപ്പിച്ചാണ് ചികിത്സിക്കുന്നത്. മാക്യുലർ എഡിമ മായ്‌ക്കാൻ ഇത് സഹായിക്കുന്നു.

പാൻറെറ്റിനൽ

പ്രൊലിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതി (പിഡിആർ) ചികിത്സിക്കാൻ പാൻറെറ്റിനൽ ഫോട്ടോകോയാഗുലേഷൻ അഥവാ പിആർപി (സ്‌കാറ്റർ ലേസർ ചികിത്സ എന്നും വിളിക്കുന്നു) ഉപയോഗിക്കുന്നു. റെറ്റിനയുടെ ഓക്സിജന്റെ ആവശ്യം കുറയ്ക്കുമെന്ന പ്രതീക്ഷയോടെ റെറ്റിനയിൽ 1,600 - 2,000 പൊള്ളലുകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം, അതിനാൽ ഇസ്കെമിയ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒന്നിലധികം സിറ്റിങ്ങുകളിലാണ് ഇത് ചെയ്യുന്നത്.

കൂടിയ ഡയബെറ്റിക് റെറ്റിനോപ്പതിയുടെ ചികിത്സയിൽ, റെറ്റിനയിൽ രൂപം കൊള്ളുന്ന അസാധാരണമായ രക്തക്കുഴലുകൾ നശിപ്പിക്കാൻ ലേസർ ഉപയോഗിച്ചുള്ള പൊള്ളൽ ഉപയോഗിക്കുന്നു. കണ്ണുകൾക്ക് കടുത്ത കാഴ്ച നഷ്ടത്തിനുള്ള സാധ്യത 50% കുറയ്ക്കുന്നതായി ഇത് തെളിയിക്കുന്നു.

ലേസർ ഉപയോഗിക്കുന്നതിനുമുമ്പ്, നേത്രരോഗവിദഗ്ദ്ധൻ പ്യൂപ്പിൾ വികസിപ്പിക്കുകയും കണ്ണിനെ മരവിപ്പിക്കാൻ അനസ്തെറ്റിക് തുള്ളികൾ പ്രയോഗിക്കുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ, അസ്വസ്ഥതകൾ കുറയ്ക്കുന്നതിന് കണ്ണിന് പിന്നിലുള്ള ഭാഗത്തെ മരവിപ്പിച്ചേക്കാം. രോഗി ലേസർ മെഷീന് അഭിമുഖമായി ഇരിക്കുന്നു. നിശ്ചിത പവറിലുള്ള കോൺവെക്സ് ലെൻ ഉപയോഗിച്ചാണ് ലേസർ കണ്ണിലേക്ക് അടിക്കുന്നത്. നേത്ര രോഗ വിദഗ്ദൻ സിംഗിൾ സ്പോട്ട് ലേസർ അല്ലെങ്കിൽ സ്ക്വയറുകൾ, വളയങ്ങൾ, കമാനങ്ങൾ എന്നിങ്ങനെയുള്ള ദ്വിമാന പാറ്റേണുകൾക്കായി ഒരു പാറ്റേൺ സ്കാൻ ലേസർ അല്ലെങ്കിൽ തത്സമയം റെറ്റിന കണ്ണ് ചലനങ്ങൾ ട്രാക്കുചെയ്യുന്നതിലൂടെ പ്രവർത്തിക്കുന്ന ഒരു നാവിഗേറ്റഡ് ലേസർ എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാം.[34] [35] നടപടിക്രമത്തിനിടയിൽ, രോഗി പ്രകാശത്തിന്റെ മിന്നലുകൾ കാണും. ഈ ഫ്ലാഷുകൾ പലപ്പോഴും രോഗിക്ക് അസുഖകരമായി തോന്നിയേക്കാം. ലേസർ ചികിത്സയ്ക്ക് ശേഷം, പ്യൂപ്പിൾ വികസിച്ചിരിക്കുന്നതുകാരണം കുറച്ച് മണിക്കൂർ വാഹനമോടിക്കരുതെന്ന് രോഗികൾക്ക് നിർദ്ദേശം നൽകണം. കാഴ്ച മിക്കവാറും ദിവസം മുഴുവൻ മങ്ങിയതായി തുടരും. കണ്ണിൽ തന്നെ വളരെയധികം വേദന ഉണ്ടാകാറിങ്കിലും ഐസ്ക്രീം തലവേദന പോലുള്ള വേദന മണിക്കൂറുകൾ തുടരാം.

ഈ ശസ്ത്രക്രിയയ്ക്കുശേഷം രോഗികൾക്ക് അവരുടെ പെരിഫറൽ കാഴ്ചയിൽ കുറവുകളുണ്ടാകാം, എന്നിരുന്നാലും പെരിഫറൽ കാഴ്ചയിലെ കുറവുകൾ സാധാരണ രോഗിയുടെ ശ്രദ്ധയിൽപ്പെടാറില്ല. അതേസമയം ഈ പ്രക്രിയ രോഗിയുടെ കേന്ദ്ര കാഴ്ച സംരക്ഷിക്കുകയും ചെയ്യുന്നു. ലേസർ ശസ്ത്രക്രിയ വർണ്ണദർശനവും രാത്രി കാഴ്ചയും ചെറുതായി കുറയ്ക്കും.

പ്രൊലിഫറേറ്റീവ് റെറ്റിനോപ്പതി ഉള്ള ഒരു വ്യക്തിക്ക് എല്ലായ്പ്പോഴും പുതിയ രക്തസ്രാവത്തിനും അതുപോലെ ഗ്ലോക്കോമയ്ക്കും സാധ്യതയുണ്ട്. കാഴ്ച സംരക്ഷിക്കുന്നതിന് ഒന്നിലധികം ചികിത്സകൾ ആവശ്യമായി വരുമെന്നാണ് ഇതിനർത്ഥം.

മരുന്നുകൾ

ഇൻട്രാവിട്രിയൽ ട്രയാംസിനോലോൺ അസെറ്റോണൈഡ്

ട്രയാംസിനോലോൺ നീണ്ടു നിൽക്കുന്ന ഫലങ്ങൾ നൽകുന്ന ഒരു സ്റ്റീറോയിഡാണ്. വിട്രിയസ് അറയിൽ കുത്തിവയ്ക്കുമ്പോൾ, ഇത് പ്രമേഹ മാക്യുലോപ്പതി മൂലമുണ്ടാകുന്ന മാക്കുലാർ എഡിമ (മാക്കുലയിലെ റെറ്റിനയുടെ കട്ടിയാക്കൽ) കുറയ്ക്കുകയും കാഴ്ചശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ട്രയാംസിനോലോണിന്റെ പ്രഭാവം അധികകാലം നീണ്ടുനിൽക്കുന്ന ഒന്നല്ല, ഫലങ്ങൾ മൂന്നുമാസം വരെ നീണ്ടുനിൽക്കും, അതിനുശേഷവും പ്രയോജനകരമായ ഫലം നിലനിർത്തുന്നതിന് ആവർത്തിച്ചുള്ള കുത്തിവയ്പ്പുകൾ ആവശ്യമാണ്. ഇതിനകം തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ കണ്ണുകളിൽ ഇൻട്രാവിട്രിയൽ ട്രയാംസിനോലോണിന്റെ ഉപയോഗം മികച്ച ഫലങ്ങൾ കാണിച്ചിട്ടുണ്ട്. തിമിരം, സ്റ്റിറോയിഡ്-ഇൻഡ്യൂസ്ഡ് ഗ്ലോക്കോമ, എൻഡോഫ്താൾമിറ്റിസ് എന്നിവ ട്രയാംസിനോലോണിന്റെ ഇൻട്രാവിട്രിയൽ കുത്തിവയ്പ്പിന്റെ സങ്കീർണതകളാണ്. മാക്യുലർ ലേസർ ഗ്രിഡ് ഫോട്ടോകോയാഗുലേഷൻ അല്ലെങ്കിൽ ഷാം കുത്തിവയ്പ്പുകൾ ഉപയോഗിച്ച് ചികിത്സിച്ച കണ്ണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ട്രയാംസിനോലോൺ കുത്തിവച്ച് ചികിൽസിച്ച കണ്ണുകൾക്ക് മികച്ച കാഴ്ചശക്തിയുണ്ടെന്ന് ഒരു വ്യവസ്ഥാപിത അവലോകനത്തിൽ തെളിവുകൾ കണ്ടെത്തി.[36]

ഇൻട്രാവിട്രിയൽ ആന്റി-വിഇജിഎഫ്

ബെവാസിസുമാബ് പോലുള്ള ആന്റി-വിഇജിഎഫ് മരുന്നുകളുടെ ഒന്നിലധികം ഡോസ് ഇൻട്രാവിട്രിയൽ കുത്തിവയ്പ്പുകളിൽ നിന്ന് നല്ല ഫലങ്ങൾ ഉണ്ട്. [37] 2017 ലെ ചിട്ടയായ അവലോകന അപ്‌ഡേറ്റിൽ ഒരു വർഷത്തിനുശേഷമുള്ള കാഴ്ചയുടെ അവലീകനത്തിൽ, ബെവാസിസുമാബിനും റാണിബിസുമാബിനും മുകളിലാണ് അഫ്‌ലിബെർസെപ്ററ്റ് എന്ന് കണ്ടെത്തിയിട്ടുണ്ട്.[38] പരിഷ്കരിച്ച ഗ്രിഡ് ലേസർ ഫോട്ടോകോയാഗുലേഷൻ, ഒന്നിലധികം വി.ഇ.ജി.എഫ് മരുന്നുകളുടെ ഒന്നിലധികം കുത്തിവയ്പ്പുകൾ എന്നിവയാണ് പ്രമേഹ മാക്യുലർ എഡിമയ്ക്ക് ഇപ്പോൾ ശുപാർശ ചെയ്യുന്ന ചികിത്സ.

തുള്ളി മരുന്നുകൾ

മാക്യുലർ എഡിമ ചികിത്സയിൽ ടോപ്പികൽ നോൺ-സ്റ്റിറോയിഡൽ ആന്റി - ഇൻഫ്ലമേറ്ററി ഏജന്റുകൾ പോലെയുള്ള തുള്ളിമരുന്നുകൾക്ക് അത്ര പ്രാഥാന്യം ഇല്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്.[39]

ശസ്ത്രക്രിയ

ലേസർ ശസ്ത്രക്രിയയ്ക്കുപകരം, കാഴ്ച പുനസ്ഥാപിക്കാൻ ചില ആളുകൾക്ക് ഒരു വിട്രെക്ടമി പോലെയുള്ള ശസ്ത്രക്രിയകൾ ആവശ്യമായി വന്നേക്കാം. വിട്രിയസിൽ ധാരാളം രക്തം ഉള്ളപ്പോൾ വിട്രെക്ടമി ആവശ്യമായി വരം. ഈ ശസ്ത്രക്രിയയിൽ മേഘാവൃതമായ വിട്രിയസ് നീക്കംചെയ്ത് പകരം സലൈൻ ലായനി നിറയ്ക്കുന്നു.

ഒരു വലിയ രക്തസ്രാവത്തിന് തൊട്ടുപിന്നാലെ വിട്രെക്ടമി നടത്തിയ ആളുകൾക്ക്, ഓപ്പറേഷനു വേണ്ടി കൂടുതൽ കാത്തിരുന്ന ഒരാളേക്കാൾ കാഴ്ചശക്തി സംരക്ഷിക്കാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. കണ്ണിലേക്ക് ഉള്ള രക്തസ്രാവത്തിൽ നിന്ന് അന്ധത വരാനുള്ള സാധ്യത കൂടുതലായ ഇൻസുലിൻ-ആശ്രിത പ്രമേഹമുള്ളവരിൽ വിട്രെക്ടമി ആദ്യമേ പരിഗണിക്കുന്നത് പ്രത്യേകിച്ച് ഫലപ്രദമാണ്.

ലോക്കൽ അനസ്തേഷ്യയിലാണ് വിട്രെക്ടമി ചെയ്യുന്നത്. ഡോക്ടർ സ്ക്ലെറയിൽ ഒരു ചെറിയ മുറിവുണ്ടാക്കുന്നു, അതിനുശേഷം ഒരു ചെറിയ ഉപകരണം കണ്ണിൽ വെച്ച് വിട്രിയസ് നീക്കം ചെയ്യുകയും സലൈൻ കണ്ണിലേക്ക് ചേർക്കുകയും ചെയ്യുന്നു.

വിട്രെക്ടമി കഴിഞ്ഞാലുടൻ രോഗികൾക്ക് വീട്തിലേക്ക് മടങ്ങാൻ കഴിയും, അല്ലെങ്കിൽ ചിലപ്പോൾ രാത്രിയിൽ ആശുപത്രിയിൽ തുടരാൻ ആവശ്യപ്പെടാം. ഓപ്പറേഷനുശേഷം, കണ്ണ് ചുവപ്പും സെൻ‌സിറ്റീവും ആയിരിക്കും, കൂടാതെ രോഗികൾക്ക് സാധാരണയായി കണ്ണ് സംരക്ഷിക്കുന്നതിന് കുറച്ച് ദിവസങ്ങളോ ആഴ്ചയോ ഐപാച്ച് ധരിക്കേണ്ടതായും വരാം. അണുബാധയിൽ നിന്ന് രക്ഷനേടാൻ തുള്ളി മരുന്നുകളും നിർദ്ദേശിക്കപ്പെടുന്നു. വിട്രെക്ടമിക്ക് മുമ്പോ ശേഷമോ നൽകിയ ആന്റി-വിഇജിഎഫ് മരുന്നുകൾ പിൻ‌ വിട്രിയസ് അറയിലെ രക്തസ്രാവത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് സൂചിപ്പിക്കുന്ന തെളിവുകളുണ്ട്.[40] ചികിത്സയുടെ മറ്റ് രീതികളുമായും വിട്രെക്ടമി സംയോജിപ്പിക്കപ്പെടുന്നുണ്ട്.

ഗവേഷണം

പ്രകാശ ചികിത്സ

ഒരു വ്യക്തി ഉറങ്ങുമ്പോൾ കൺപോളകളിലൂടെ പച്ച വെളിച്ചം നൽകുന്ന മാസ്ക് അടങ്ങിയ ഒരു മെഡിക്കൽ ഉപകരണം 2016 മുതൽ വികസിപ്പിക്കുന്നുണ്ട്.[41] [42] മാസ്കിൽ നിന്നുള്ള പ്രകാശം റെറ്റിനയിലെ റോഡ് കോശങ്ങളെ ഇരുട്ടിനോടുള്ള അഡാപ്റ്റേഷനിൽ നിന്ന് തടയുന്നു, ഇത് അവയുടെ ഓക്സിജന്റെ ആവശ്യകതയിൽ കുറവുണ്ടാക്കുമെന്ന് കരുതപ്പെടുന്നു, അതിലൂടെ പുതിയ രക്തക്കുഴലുകളുടെ രൂപവത്കരണത്തെ കുറയ്ക്കുകയും ഡയബെറ്റിക് റെറ്റിനോപ്പതിയെ തടയുകയും ചെയ്യുന്നു. 2016 മുതൽ ഇതിൽ ഒരു വലിയ ക്ലിനിക്കൽ ട്രയൽ നടക്കുന്നുണ്ട്. 2018 ലെ കണക്കനുസരിച്ച്, ക്ലിനിക്കൽ ട്രയലിൽ നിന്നുള്ള ഫലങ്ങൾ പ്രമേഹ റെറ്റിനോപ്പതി രോഗികളിൽ മാസ്ക് ഉപയോഗിക്കുന്നതിലൂടെ ദീർഘകാല ചികിത്സാ ഗുണം കാണിക്കുന്നില്ല. [1]

സി-പെപ്റ്റൈഡ്

സി-പെപ്റ്റൈഡ് വാസ്കുലർ ഡീജനറേഷന് കാരണമായ പ്രമേഹ സങ്കീർണതകൾക്കുള്ള ചികിത്സയിൽ നല്ല ഫലങ്ങൾ കാണിച്ചിട്ടുണ്ട്.[43] ക്രിയേറ്റീവ് പെപ്റ്റൈഡ്സ്, [44] എലി ലില്ലി, [45], സെബിക്സ് [46] എന്നിവയ്‌ക്കെല്ലാം സി-പെപ്റ്റൈഡ് ഉൽ‌പ്പന്നത്തിനായി മരുന്ന് ഗവേഷണ പരിപാടികൾ ഉണ്ടായിരുന്നു. സെബിക്‌സിനുണ്ടായിരുന്ന പ്രോഗ്രാം ട്രയൽ 2014 ഡിസംബറിൽ സി-പെപ്റ്റൈഡും പ്ലാസിബോയും തമ്മിൽ യാതൊരു വ്യത്യാസവും കാണിക്കാതെ വന്നതിനാൽ പ്രോഗ്രാം അവസാനിപ്പിച്ച് ബിസിനസിൽ നിന്ന് പുറത്തുപോയി.

സ്റ്റെം സെൽ തെറാപ്പി

സ്റ്റെം സെൽ തെറാപിയിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നുവരുന്നുണ്ട്. ബ്രസീൽ, ഇറാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ മെഡിക്കൽ സെന്ററുകൾ സ്റ്റെം സെൽ തെറാപ്പിയുമായി ബന്ധപ്പെട്ട പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. അസ്ഥിമജ്ജയിൽ നിന്ന് ഉരുത്തിരിഞ്ഞ രോഗികളുടെ സ്വന്തം സ്റ്റെം സെല്ലുകൾ ററ്റിന ഡീജനറേഷൻ സംഭവിച്ച പ്രദേശങ്ങളിലേക്ക് കുത്തിവയ്ക്കുന്നത് വഴി വാസ്കുലർ സിസ്റ്റത്തെ പുനരുജ്ജീവിപ്പിക്കുന്നത് നിലവിലെ പരീക്ഷണങ്ങളിൽ ഉൾപ്പെടുന്നു. [47]

രക്തസമ്മർദ്ദ നിയന്ത്രണം

കോക്രൈൻ എന്ന സംഘടന പ്രമേഹരോഗികളിൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനോ കുറയ്ക്കാനോ ശ്രമിക്കുന്ന ഇടപെടലുകൾക്ക് പ്രമേഹ റെറ്റിനോപ്പതിയിൽ എന്തെങ്കിലും ഫലമുണ്ടോയെന്ന് നിർണ്ണയിക്കാൻ 15 ക്രമരഹിതമായ നിയന്ത്രിത പരീക്ഷണങ്ങൾ നടത്തി.[48] രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനോ കുറയ്ക്കുന്നതിനോ ഉള്ള ഇടപെടലുകൾ പ്രമേഹരോഗികളിൽ 4-5 വർഷം വരെ ഡയബെറ്റിക് റെറ്റിനോപ്പതിയെ തടഞ്ഞുവെന്ന് ഫലങ്ങൾ കാണിക്കുമ്പോൾ, ഡയബെറ്റിക് റെറ്റിനോപ്പതിയുടെ പുരോഗതി, കാഴ്ച സംരക്ഷിക്കൽ, പ്രതികൂല സംഭവങ്ങൾ, ഗുണനിലവാരം എന്നിവയിൽ ഈ ഇടപെടലുകൾക്ക് ഫലമുണ്ടായി എന്നതിന് തെളിവുകളൊന്നുമില്ല.

ഫണ്ടോസ്കോപ്പിക് ഇമേജ് വിശകലനങ്ങൾ

പ്രീ-പ്രോസസ്സിംഗ് ടെക്നിക്കുകളുടെ ശതമാനത്തിലെ വിതരണം (2011–2014 ) [49]

ഫണ്ടോസ്കോപ്പി ഉപയോഗിച്ച് എടുത്ത റെറ്റിന ചിത്രങ്ങളിലെ അസാധാരണതകൾ തിരിച്ചറിഞ്ഞാണ് ഡയബെറ്റിക് റെറ്റിനോപ്പതി നിർണ്ണയിക്കുന്നത്. കളർ ഫണ്ടസ് ഫോട്ടോഗ്രഫി പ്രധാനമായും രോഗം കൈകാര്യം ചെയ്യാനാണ് ഉപയോഗിക്കുന്നത്. ചികിത്സാ പദ്ധതിയുടെ വികസനത്തിന് സഹായിക്കുന്ന റെറ്റിനോപ്പതിയുടെ വ്യാപ്തി വിലയിരുത്താൻ ഫ്ലൂറസെൻ ആൻജിയോഗ്രാഫി ഉപയോഗിക്കുന്നു. എഡിമയുടെ തീവ്രതയും ചികിത്സാ പ്രതികരണവും നിർണ്ണയിക്കാൻ ഒപ്റ്റിക്കൽ കോഹെറൻസ് ടോമോഗ്രഫി (ഒസിടി) ഉപയോഗിക്കുന്നു.

പ്രമേഹ റെറ്റിനോപ്പതി നിർണ്ണയിക്കുന്നതിനുള്ള പ്രധാന ഉറവിടം ഫണ്ടോസ്കോപ്പിക് ഇമേജുകളായതിനാൽ, ആ ചിത്രങ്ങൾ വിശകലനം ചെയ്ത് അസാധാരണതകൾ കണ്ടെത്താനുള്ള കഴിവ് വർഷങ്ങളുടെ അനുഭവം അനുസരിച്ച് വ്യത്യാസപ്പെടുന്നതിനാൽ ഒരോരുത്തരുടെയും നിഗമനങ്ങൽ വ്യത്യാസപ്പെട്ടുവെന്നും വരാം.[50] ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രക്രിയ ഓട്ടോമേറ്റ് ചെയ്യുന്നതിനായി കമ്പ്യൂട്ടർ-എയ്ഡഡ് ഡയഗ്നോസിസ് സമീപനങ്ങൾ വികസിപ്പിക്കുന്നത് ശാസ്ത്രജ്ഞർ പരിശോധിച്ചു, അതിൽ രക്തക്കുഴലുകളെക്കുറിച്ചും ബാക്കി ഫണ്ടോസ്കോപ്പിക് ഇമേജിൽ നിന്ന് അസാധാരണമായ പാറ്റേണുകളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു.[49]

ഇതും കാണുക

പരാമർശങ്ങൾ

  ഈ ലേഖനം   പൊതു ഡൊമെയ്‌നിലെ ഒരു പ്രസിദ്ധീകരണത്തിൽ നിന്നുള്ള വാചകം സംയോജിപ്പിക്കുന്നു:   "Facts About Diabetic Retinopathy". National Eye Institute, National Institutes of Health (NEI/NIH). June 2012. Archived from the original on 12 May 2014. Retrieved 13 June 2002.

കൂടുതൽ വായനയ്ക്ക്

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്