പ്രാചീന ശിലായുഗം

ചരിത്രാതീതകാലത്തിൽ മനുഷ്യരാൽ നിർമ്മിക്കപ്പെട്ട കല്ലുകൊണ്ടുള്ള ഉപകരണങ്ങളുടെ ആവിർഭാവവും വികാസവും കൊണ്ടു വേർതിരിക്കാവുന്ന കാലഘട്ടത്തെ പ്രാചീനശിലായുഗം അല്ലെങ്കിൽ പാലിയോലിത്തിക് കാലഘട്ടം എന്നു വിളിക്കുന്നു.[1] പ്രാചീനശിലായുഗം ഏകദേശം 33 ലക്ഷം വർഷം മുതൽ (കല്ലുകൊണ്ടുള്ള ഉപകരണങ്ങളുടെ ഉപയോഗത്തിന്റെ അറിയപ്പെടുന്ന ആദ്യ ഉപയോഗം) 11650 വർഷം വരെ (പ്ലീസ്റ്റോസീൻ കാലഘട്ടത്തിന്റെ അവസാനം) എന്നു കണക്കാക്കപ്പെടുന്നു. [2]

പ്രാചീനശിലായുഗത്തിലെ ഗുഹാചിത്രം, അൾട്ടാമിറാ ഗുഹകൾ, വടക്കൻ സ്പെയിൻ

യൂറോപ്പിൽ പാലിയോലിത്തിക് കാലഘട്ടത്തിനുശേഷം മെസോലിത്തിക് കാലഘട്ടം ആവിർഭവിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു. എന്നാൽ ഈ കാലഘട്ടങ്ങൾക്കിടയിലുള്ള പരിവർത്തനത്തിന്റെ നിർവചനം ഭൂപ്രദേശങ്ങളനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. പാലിയോലിത്തിക് കാലഘട്ടത്തിൽ വ്യത്യസ്ത മനുഷ്യവർഗ്ഗങ്ങൾ ചെറിയ കൂട്ടങ്ങളായി മീൻ പിടിച്ചും മൃഗങ്ങളെ വേട്ടയാടിയും കായ്‌കനികൾ ശേഖരിച്ചും ജീവിച്ചിരുന്നു.[3] കല്ലുകൊണ്ടുള്ള ഉപകരണങ്ങളാണ് പ്രാചീനശിലായുഗത്തിന്റെ സവിശേഷത. എന്നിരുന്നാലും മനുഷ്യർ ആ സമയത്ത് മരങ്ങളും എല്ലുകളും കൊണ്ടുള്ള ഉപകരണങ്ങളും ഉപയോഗിച്ചിരുന്നു. ജൈവികവസ്തുക്കളായ തുകൽ, നാരുകൾ എന്നിവ കൊണ്ടുള്ള ഉപകരണങ്ങളും മനുഷ്യർ ഉപയോഗിച്ചിരുന്നുവെങ്കിലും സ്വഭാവിക ജീർണ്ണനത്തിന്റെ അളവു കൂടുതലായതുകൊണ്ട് അവ പിൽക്കാലത്തേക്ക് അധികം അവശേഷിച്ചില്ല.

ഏകദേശം 50000 വർഷങ്ങൾക്ക് മുൻപ് മനുഷ്യൻ നിർമ്മിച്ച കരകൗശലവസ്തുക്കളുടെ വൈവിധ്യത്തിൽ സാരമായ വർധനവ് കാണാൻ കഴിയും. ആഫ്രിക്കയിൽ മനുഷ്യരാൽ നിർമ്മിക്കപ്പെട്ട എല്ലുകൊണ്ടുള്ള വസ്തുക്കളും കലാസൃഷ്ടികളും പുരാവസ്തുരേഖകളിൽ പ്രത്യക്ഷപ്പെടുന്നത് ഇക്കാലത്താണ്. ഇക്കാലത്ത് തന്നെ സൗത്ത് ആഫ്രിക്കയിലെ ബ്ലോംബോസ് ഗുഹകളിൽനിന്ന് മനുഷ്യരുടെ മീൻപിടുത്തത്തിന്റെ ആദ്യതെളിവുകളും ലഭിച്ചിട്ടുണ്ട്. പുരാവസ്തുഗവേഷകർ ഈ കാലഘട്ടത്തിലെ കരകൗശലവസ്തുക്കളെ അമ്പിന്റെ മുനകൾ, ചാട്ടുളിയുടെ മുനകൾ, കൊത്തിവക്കാനുള്ള ഉപകരണങ്ങൾ, കത്തിയുടെ വായ്ത്തലകൾ, തുളക്കാനുള്ള ഉപകരണങ്ങൾ എന്നിങ്ങനെ വിവിധതരങ്ങളായി തിരിച്ചിരിക്കുന്നു.

ലളിതമായ ശിലായുധങ്ങൾ ഉപയോഗിച്ച ഹോമോ ജനുസ്സിലെ ആദ്യകാല അംഗങ്ങളിൽ നിന്ന് (ഹോമോ ഹാബിലസ് തുടങ്ങിയവ) അപ്പർ പാലിയോലിത്തിക്ക് കാലഘട്ടത്തോടുകൂടി മനുഷ്യരാശി ക്രമേണ ശരീരഘടനാപരമായും പെരുമാറ്റരീതിയിലും ആധുനികരായ മനുഷ്യരിലേക്ക് പരിണമിച്ചു.[4]ഹിമയുഗങ്ങളുടെ ക്രമമായ ആവർത്തനങ്ങൾ മൂലം പാലിയോലിത്തിക്കിലെ കാലാവസ്ഥ ചൂടുള്ളതും തണുത്തതുമായ കാലഘട്ടങ്ങൾക്കിടയിലൂടെ മാറി മാറി കടന്നുപോയ്ക്കൊണ്ടിരുന്നു. പുരാവസ്തുക്കളും ജനിതകവസ്തുതകളും സൂചിപ്പിക്കുന്നത് പാലിയോലിത്തിക് കാലഘട്ടത്തിലെ മനുഷ്യർ വിരളമായ മരങ്ങളുള്ള പ്രദേശങ്ങളിൽ താമസിക്കുകയും ഇടതൂർന്ന വനപ്രദേശങ്ങൾ ഒഴിവാക്കുകയും ചെയ്തു അതിജീവനം നേടിയെന്നാണ്. അവർ ഉയർന്ന പ്രാഥമിക ഉൽപാദനക്ഷമതയുള്ള പ്രദേശങ്ങളിലൂടെ പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.[5]

ഏകദേശം 50000 വർഷത്തിനോ 40000 വർഷത്തിനോമുമ്പ് മനുഷ്യർ ഓസ്ട്രേലിയയിൽ കാലുകുത്തി. 40000 വർഷത്തിനുമുമ്പെങ്കിലും യൂറോപ്പിലെ വടക്കൻ പ്രദേശങ്ങളിലും 30000 വർഷങ്ങൾക്കെങ്കിലും മുമ്പ് ജപ്പാനിലും 27000 വർഷങ്ങൾക്കു മുമ്പെങ്കിലും സൈബീരിയയിലും മനുഷ്യരെത്തി. [6]അപ്പർ പാലിയോലിത്തിക്കിന്റെ അവസാനത്തോടുകൂടി മനുഷ്യർ ബെരിംഗ പ്രദേശം കടന്നു അമേരിക്കൻ ഭൂഖണ്ഡങ്ങൾ മുഴുവൻ വ്യാപിക്കുകയും ചെയ്തു.[7]

ഈ പ്രാചീന ശിലായുഗത്തെ വീണ്ടും രണ്ടായി തിരിക്കാം പൂർവ്വകാലഘട്ടമെന്നും ഉത്തരകാലഘട്ടമെന്നും. പ്രാചീനശിലായുഗത്തിന്റെ മുക്കാലും പൂർവ്വകാലഘട്ടമായിരുന്നു. ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മനുഷ്യജീവിയെ ആഫ്രിക്കയിലെ മഹാറിഫ്റ്റ്‌ താഴ്‌വരയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്‌. ഇതിന്‌ സിൻജന്ത്രോപ്പസ്‌ (Zinganthropus) എന്നാണ്‌ പേര്‌. നീണ്ടു നിവർന്നു നടക്കുകയും പ്രാകൃതമായ ആയുധങ്ങൾ ഉപയോഗിക്കുകയും ചെയ്തിരുന്നതിനാൽ ഇവയെ മനുഷ്യ വംശത്തിന്റെ ഏറ്റവും പൂർവ്വികരെന്ന് കരുതുന്നു. പൂർവ്വഘട്ടത്തിൽ ജീവിച്ചിരുന്ന പ്രാചീന മനുഷ്യന്റെ മറ്റൊരു ഉദാഹരണം ജാവാ ദ്വീപുകളിൽ നിന്ന് കണ്ടെടുക്കപ്പെട്ട 'ജാവാ മനുഷ്യൻ' ആണ്‌.

ജാവാമനുഷ്യനു ശേഷം ആവിർഭവിച്ച വർഗ്ഗമാണ്‌ 'പെക്കിങ്ങ്‌ മനുഷ്യൻ' ചൈനയിലെ പെക്കിങ്ങ്‌ എന്ന സ്ഥലത്തു നിന്നും കിട്ടിയ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനാലാണ്‌ ഈ പേർ.

ജർമ്മനിയിലെ നിയാന്തർ താഴ്‌വരയിൽ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങളിൽ നിന്നാണ്‌ നിയാന്തർത്താൽ മനുഷ്യനെപ്പറ്റി വിവരം ലഭിക്കുന്നത്‌. ഇവരാണ്‌ ഇന്ന് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന വർഗ്ഗം. അവർ ഒരുലക്ഷത്തി ഇരുപതിനായിരം വർഷങ്ങൾക്കു മുൻപു വരെ (അവസാന ഹിമനദീയ കാലത്തിനും മുമ്പ്) ജീവിച്ചിരുന്നെന്ന് കരുതുന്നു. ആയുധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഗുഹകളിൽ താമസിച്ചിരുന്ന ചെറു സംഘങ്ങളായായിരുന്നു ഇവരുടെ ജീവിതം. മരിച്ചവരെ സംസ്കരിക്കുമ്പോൾ ശവശരീരത്തിന്റെ കൂടെ ആയുധങ്ങളും മറ്റു സാമഗ്രികളും അടക്കം ചെയ്തിരുന്നു. എന്നാൽ കാലക്രമത്തിൽ നിയാണ്ടർത്താൽ മനുഷ്യൻ ഭൂമുഖത്തുനിന്ന് നിശ്ശേഷം അപ്രത്യക്ഷമാകുകയായിരുന്നു. ഇതിന്‌ ശത്രുക്കളുടെ ആക്രമണം, ഉപജീവനത്തിന്റെ ബുദ്ധിമുട്ട്‌, മറ്റു വർഗ്ഗങ്ങളുമായി ലയിച്ചു ചേർന്നത്‌ എന്നീ കാരണങ്ങളാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. പാലസ്തീനിലെ മൗണ്ട്‌ കാർമ്മൽ എന്ന സ്ഥലത്തു നിന്നും നിയാണ്ടർത്താൽ മനുഷ്യനു സമാനമായ മനുഷ്യജീവികളുടെ അവശിഷ്ടം കണ്ടെടുത്തിട്ടുണ്ട്‌.

അടുത്ത മനുഷ്യ വർഗ്ഗം ആറിഗ്നേഷ്യൻ (Aurignacian) എന്നറിയപ്പെടുന്ന നരവംശമാണ്‌. ഫ്രാൻസിലെ ഗാരോൺ നദിയുടെ ഉത്ഭവസ്ഥാനമായ ആറിഗ്നാക്‌ (Aurignac) എന്ന ഗുഹയുമായി ബന്ധപ്പെടുത്തിയാണ്‌ ഈ പേർ നൽകപ്പെട്ടത്‌. ഏകദേശം 70,000 വർഷങ്ങൾക്ക്‌ മുൻപാണ്‌ ഇവർ പ്രത്യക്ഷപ്പെട്ടത്‌ എന്ന് കരുതുന്നു. ഇവരുടെ പിൻഗാമികളെ വെയിൽസ്‌, അയർലൻഡ്‌, ഫ്രാൻസ്‌, സ്പെയിൻ, പോർട്ടുഗൽ, അൾജീറിയ എന്നിവിടങ്ങളിൽ ഇപ്പോഴും കാണാം. ഈ വർഗ്ഗത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഭാഗമാണ്‌ ക്രോമാഗ്നൺ വർഗ്ഗം. ഇവരുടെ അവശിഷ്ടങ്ങൾ ഫ്രാൻസിലെ ക്രോമാഗ്നൺ എന്ന ഗുഹയിൽ നിന്ന് കണ്ടെടുക്കപ്പെട്ടു. ഇവർ നിയാണ്ടർത്താൽ വംശത്തേക്കാൾ സാംസ്കാരികമായി പുരോഗതി പ്രാപിച്ചവരായിരുന്നു. ആറടിയോളം പൊക്കം വലിയ താടി, നീണ്ട കൈ കാലുകൾ വലിയ നെറ്റിത്തടം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌.

ക്രോമാഗ്നണ്മാരുടെ സമകാലികരായി ഗ്രിമാൾഡി എന്ന മറ്റൊരു വർഗ്ഗം ഇറ്റലിയുടെ സമുദ്രതീരത്തെ ഗ്രിമാൾഡി എന്ന ഗുഹയിൽ ന്നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്‌. മുഖം വീതി കൂടിയതും തല ചെറുതുമാണ്‌ ഇവർക്ക്‌. നിയാണ്ടർത്താൽ വംശത്തെ അപേക്ഷിച്ച്‌ ഈ വർഗ്ഗക്കാർ കൂടുതൽ പരിഷ്കൃതരും കലാവാസനയുള്ളവരുമായിരുന്നു. മൃഗങ്ങളുടെ കൊമ്പു കൊണ്ടും അസ്ഥികൊണ്ടും സൂചികൾ വരെ ഉണ്ടാക്കാൻ അവർക്ക്‌ അറിയാമായിരുന്നു.

കാലാവസ്ഥ

പാലിയോലിത്തിക് കാലഘട്ടത്തിൽ നിന്നുള്ള നിയാന്തർത്താൽ മനുഷ്യന്റെ തലയോട്ടി, ഏകദേശം 430000 വർഷങ്ങൾക്കു മുമ്പ്

26 ലക്ഷം വർഷം മുതൽ 12000 വർഷം വരെ നിലനിന്നിരുന്ന ഭൗമസമയസൂചികാഘട്ടമായ പ്ലീസ്റ്റോസീൻ യുഗത്തിന്റെ ഏകദേശം അതേ സമയത്തായിരുന്നു പാലിയോലിത്തിക് കാലഘട്ടം. [8]പ്ലീസ്റ്റോസീൻ കാലഘട്ടത്തിന്റെ മുമ്പുള്ള കാലഘട്ടമായ പ്ലിയോസീൻ കാലഘട്ടത്തിൽ സൗത്ത് അമേരിക്കൻ വൻകര നോർത്ത് അമേരിക്കൻ വൻകരയോടു പനാമ കരയിടുക്കിന്റെ രൂപീകരണം വഴി കൂടിച്ചേരുകയും അത് സൗത്ത് അമേരിക്കയിലെ മാർസൂപിയൽ ജീവജാലത്തിനു ഏകദേശം പൂർണ്ണമായ അന്ത്യം വരുത്തുകയും ചെയ്തു. പനാമ കരയിടുക്കിന്റെ ഉൽഭവം മൂലം ചൂടേറിയ ഭൂമധ്യരേഖാ സമുദ്രജലപ്രവാഹങ്ങൾ തടസ്സപ്പെടുകയും തണുത്ത ആർട്ടിക്, അന്റാർട്ടിക് സമുദ്രജലം കരയിടുക്കിന്റെ ആവിർഭാവം വഴി ഒറ്റപ്പെട്ടുപോയ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഊഷ്മാവ് കുറക്കുകയും ചെയ്തു. ഈ പരിവർത്തനങ്ങൾ ലോകകാലാവസ്ഥയിൽ വൻമാറ്റങ്ങൾക്കു വഴിയൊരുക്കി.

മദ്ധ്യ അമേരിക്കയുടെ ഭൂരിഭാഗവും രൂപപ്പെട്ടത് പ്ലിയോസീൻ കാലഘട്ടത്തിലാണ്. ഇത് തെക്കേ അമേരിക്കയിലേയും വടക്കേ അമേരിക്കയിലേയും ജീവജാലങ്ങൾക്ക് സ്വന്തം ആവാസവ്യവസ്ഥ വിട്ട് പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ അവസരമൊരുക്കി.[9] ആഫ്രിക്കയുടെ ഏഷ്യൻ ഭൂഖണ്ഡവുമായുള്ള കൂട്ടിയിടി മെഡിറ്റെറേനിയൻ സമുദ്രത്തിന്റെ ഉൽഭവത്തിനു വഴിയൊരുക്കി. പ്ലീസ്റ്റോസീൻ കാലഘട്ടത്തോടുകൂടി ഭൂഖണ്ഡങ്ങളെല്ലാം ഇന്നു കാണുന്ന സ്ഥിതിയിലെത്തി.[10]

പ്ലിയോസീൻ കാലഘട്ടത്തിൽ കാലാവസ്ഥ ഇന്നത്തേതിനു സമാനമായി വരണ്ടതും തണുത്തതും ഋതുക്കൾക്കനുസരിച്ച് മാറുന്നതുമായിരുന്നു. ആ കാലഘട്ടത്തിൽ അന്റാർട്ടിക്കയിൽ ഐസ് ഷീറ്റുകൾ വ്യാപിക്കാൻ തുടങ്ങി. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെയും വടക്കൻ പസഫിക് സമുദ്രത്തിലെയും അടിത്തട്ടുകളിലെ ഓക്സിജൻ ഐസോടോപ്പ് അനുപാതങ്ങളിലും ഹിമപാതമ മൂലം വലിച്ചു നീക്കപ്പെടുന്ന പാറകളിലും കാണപ്പെടുന്ന പെട്ടെന്നുള്ള മാറ്റം ഏകദേശം 30 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ആർട്ടിക് ഐസ്ഷീറ്റ് രൂപപ്പെട്ടതിന്റെ തെളിവുകളാണ്. [11]പ്ലിയോസീൻ കാലഘട്ടത്തിലുണ്ടായ ആഗോള തണുപ്പിക്കൽ പുൽമേടുകളുടെയും സാവേനകളുടെയും വ്യാപനത്തിനും കാടുകൾ അപ്രത്യക്ഷമാകുന്നതിനും കാരണമായിരിക്കാമെന്ന് കരുതപ്പെടുന്നു. [9]ചാക്രികമായ ഹിമാനി ചലനങ്ങളുടെ കാലമായിരുന്നു പ്ലീസ്റ്റോസീൻ യുഗം. ഈ കാലഘട്ടത്തിൽ ചില പ്രദേശങ്ങളിൽ 40° അക്ഷാംശം വരെ ഹിമാനികളാൽ മൂടപ്പെട്ടിരുന്നു.

ഹിമാനിചലനങ്ങളുടെ ഫലങ്ങൾ ആഗോളമായി അനുഭവപ്പെട്ടു. പ്ലീസ്റ്റോസീനിലും അതിനു മുമ്പുള്ള പ്ലിയോസീനിലും ഉടനീളം അന്റാർട്ടിക്ക മഞ്ഞിനാൽ മൂടപ്പെട്ടിരുന്നു. പാറ്റഗോണിയൻ മഞ്ഞുപാളികളാൽ ആന്തിസ് മൂടപ്പെട്ടു. ന്യുസിലണ്ടിലും ടാസ്മേനിയയിലും ഹിമാനികളുണ്ടായിരുന്നു. ഇന്നു ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഹിമാനികളുള്ള മൗണ്ട് കെനിയയും കിളിമഞ്ചാരോ കൊടുമുടിയും അക്കാലത്ത് വലിയ ഹിമാനികളാൽ മൂടപ്പെട്ടിരുന്നു.[10]

പ്ലീസ്റ്റോസീൻ യുഗത്തിന്റെ അവസാനത്തിലെ ഹിമയുഗത്തിന്റെ അന്ത്യമാണ് പാലിയോലിത്തിക്കിന്റെ അവസാനമായി കണക്കാക്കുന്നത്. ഈ കാലഘട്ടത്തിൽ ഭൂമിയുടെ കാലാവസ്ഥ കൂടുതൽ ചൂടായി. കാലാവസ്ഥയിലുണ്ടായ ഈ മാറ്റം പ്ലീസ്റ്റോസീൻ മെഗാഫോണയുടെ വംശനാശത്തിന് കാരണമായിരുന്നുവെന്ന് കണക്കാക്കുന്നു. എന്നാൽ പ്ലീസ്റ്റോസീൻ ജന്തുജാലത്തിന്റെ വംശനാശത്തിനു കാരണം (ഭാഗികമായെങ്കിലും) രോഗങ്ങളും മനുഷ്യരുടെ അമിതമായ വേട്ടയാടലുമാകാം എന്നും കരുതപ്പെടുന്നു. [12][13]

മനുഷ്യജീവിതം

പാലിയോലിത്തികിലെ മനുഷ്യസംസ്കാരത്തെയും ജീവിതരീതിയെയും കുറിച്ചുള്ള അറിവുകൾ പുരാവസ്തുശാസ്ത്രത്തിൽ നിന്നും ആധുനിക വേട്ടയാടൽ സംസ്കാരങ്ങളായുമായുള്ള എത്‌നോഗ്രാഫിക് താരതമ്യങ്ങളിൽ നിന്നുമാണ്. [14]ഒരു സാധാരണ പാലിയോലിത്തിക് സമൂഹത്തിന്റെ സമ്പദ്‌വ്യവസ്ഥ വേട്ടയാടൽ സമ്പദ്‌വ്യവസ്ഥയായിരുന്നു. [15]മനുഷ്യർ കാട്ടുമൃഗങ്ങളെ മാംസത്തിനായി വേട്ടയാടുകയും ഭക്ഷണം, വിറക് എന്നിവ ശേഖരിക്കുകയും ചെയ്തു.[15]

കാലഘട്ടത്തിൽ മനുഷ്യജനസാന്ദ്രത ഒരു ചതുരശ്ര മൈലിന് ഒരാൾ മാത്രമായിരുന്നു. [3]ഇതിനു കാരണങ്ങൾ ശരീരത്തിലെ കുറഞ്ഞ അളവിലെ കൊഴുപ്പ്, ശിശുഹത്യ, നിരന്തരം തീവ്രമായ വ്യായാമത്തിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾ, കുഞ്ഞുങ്ങളുടെ മുലകുടി നിർത്താനുള്ള താമസം, നാടോടി ജീവിതശൈലി എന്നിവയായിരുന്നു. [16][3]നിയോലിത്തിക്ക് കാർഷിക സമൂഹങ്ങളിലിൽനിന്നും ആധുനിക വ്യാവസായിക സമൂഹങ്ങളിൽനിന്നും വ്യത്യസ്തമായി എന്നാൽ സമകാലിക ഹണ്ടർ-ഗാതറർ സമൂഹങ്ങളെപ്പോലെ, പാലിയോലിത്തിക് മനുഷ്യരും ധാരാളം ഒഴിവുസമയം ആസ്വദിച്ചു. [14]പാലിയോലിത്തിക്കിന്റെ അവസാനത്തിൽ മനുഷ്യർ ഗുഹാചിത്രങ്ങൾ, ശിലയിലുള്ള കലാരൂപങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ആരംഭിച്ചു. അവർ ശവസംസ്കാരങ്ങളും അനുഷ്ഠാനങ്ങളും പോലുള്ള മതപരമായ പെരുമാറ്റത്തിൽ ഏർപ്പെടാൻ തുടങ്ങുകയും ചെയ്തു.[17]

പാലിയോലിത്തിക്കിന്റെ തുടക്കത്തിൽ, ഹോമിനിനുകൾ കാണപ്പെട്ടിരുന്നത് ഗ്രേറ്റ് റിഫ്റ്റ് വാലിയുടെ കിഴക്ക് കിഴക്കൻ ആഫ്രിക്കയിലായിരുന്നു. ഒരു ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള ഹോമിനിൻ ഫോസിലുകൾ ഈ പ്രദേശത്ത്, പ്രത്യേകിച്ച് കെനിയ, ടാൻസാനിയ, എത്യോപ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഏകദേശം രണ്ടു ലക്ഷം വർഷങ്ങൾക്കു മുമ്പ് ഹോമിനിൻ സംഘങ്ങൾ ആഫ്രിക്ക വിട്ട് തെക്കൻ യൂറോപ്പിലും ഏഷ്യയിലും സ്ഥിരതാമസമാക്കി. 170000 വർഷങ്ങൾക്കു മുമ്പ് തെക്കൻ കാക്കസിലും 166000 വർഷങ്ങൾക്കു മുമ്പ് വടക്കൻ ചൈനയിലും ഹോമിനിൻ കൂട്ടങ്ങളെത്തി. ലോവർ പാലിയോലിത്തിക്കിന്റെ അവസാനത്തോടെ, ഹോമിനിൻ കുടുംബത്തിലെ അംഗങ്ങൾ ഇപ്പോഴത്തെ ചൈന, പടിഞ്ഞാറൻ ഇന്തോനേഷ്യ, യൂറോപ്പിൽ മദ്ധ്യധരണ്യാഴിക്കു ചുറ്റിലും, ഇംഗ്ലണ്ട്, ഫ്രാൻസ്, തെക്കൻ ജർമ്മനി, ബൾഗേറിയ എന്നിവിടങ്ങളിലും താമസിക്കാനാരംഭിച്ചു. തീയുടെ നിയന്ത്രണത്തിന്റെ അഭാവമാണ് അവരുടെ കൂടുതൽ വടക്കോട്ടുള്ള വികാസത്തെ പരിമിതപ്പെടുത്തിയിരിക്കാമെന്നു കരുതപ്പെടുന്നു. യൂറോപ്പിലെ ഹോമിനിനുകളുടെ ഗുഹകളിലുള്ള വാസസ്ഥലങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത് ഏകദേശം 400,000 മുതൽ 300,000 കൊല്ലങ്ങൾക്കു മുമ്പ് തീയുടെ യൂറോപ്പിൽ തീയുടെ ഉപയോഗം പ്രചാരത്തില്ലാലിയിരുന്നുവെന്നാണ്.[18]

ഈ കാലഘട്ടത്തിൽ കിഴക്കൻ ഏഷ്യയിൽനിന്നുള്ള ഫോസിലുകൾ ഹോമോ ഇറക്റ്റസിന്റെതാണെന്നാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. യൂറോപ്പിലെ ലോവർ പാലിയോലിത്തിക്ക് സ്ഥലങ്ങളിൽനിന്നു വളരെ കുറിച്ച് ഫോസിലുകളെ ലഭ്യമുള്ളൂ. എന്നിരുന്നാലും ഈ സ്ഥലങ്ങളിൽ താമസിച്ചിരുന്ന ഹോമിനിനുകളും ഹോമോ എറെക്ടസ് ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ കാലയളവിൽ അമേരിക്കയിൽനിന്നോ, ഓസ്ട്രേലിയയിൽനിന്നോ,ഓഷ്യാനിയയിൽ മറ്റെവിടങ്ങളിൽനിന്നോ ഹോമിനിനുകളുടെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

ഈ ആദ്യകാലകോളനിവാസികളുടെ ചരിത്രവും ആധുനിക മനുഷ്യരുമായുള്ള അവരുടെ ബന്ധങ്ങളും ഇപ്പോഴും പഠനങ്ങൾക്ക് വിധേയമാണ്. നിലവിലെ പുരാവസ്തു, ജനിതക മാതൃകകൾ അനുസരിച്ച്, യുറേഷ്യ ആദ്യ ജനവാസത്തിന് ശേഷം ഏകദേശം ഇരുപത് ലക്ഷം വർഷങ്ങൾക്കും പതിനഞ്ച് ലക്ഷവർഷങ്ങൾക്കും മുമ്പ് കുറഞ്ഞത് രണ്ട് ശ്രദ്ധേയമായ ഹോമിനിനുകളുടെ കുടിയേറ്റങ്ങളുണ്ടായിരുന്നു. ഏകദേശം അഞ്ച് ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഹോമോ ഹൈഡൽബെർജെൻസിസ് എന്ന് വിളിക്കപ്പെടുന്ന ആദ്യകാല മനുഷ്യരുടെ ഒരു സംഘം ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്ക് വന്നു. ഇവരാണ് ഹോമോ നിയാണ്ടർത്തലെൻസിസായി (നിയാണ്ടർത്തലുകൾ) പരിണമിച്ചത്.

ഹോമോ ഇറക്റ്റസിനും ഹോമോ നിയാണ്ടർത്തലെൻസിനും പാലിയോലിത്തിക്കിന്റെ അവസാനത്തോടെ വംശനാശം സംഭവിച്ചു. ആധുനിക ഹോമോ സാപ്പിയൻസ് ഏകദേശം രണ്ട് ലക്ഷം വർഷങ്ങൾക്കു മുമ്പ് കിഴക്കൻ ആഫ്രിക്കയിൽ ഉയർന്നുവന്നു. ഏകദേശം 50,000 വർഷങ്ങൾക്കു മുമ്പ് അവർ ആഫ്രിക്ക വിട്ടു ഭൂമിയിലുടനീളം വ്യാപിച്ചു. ചില സ്ഥലങ്ങളിൽ ഒന്നിലധികം ഹോമിനിഡ് ഗ്രൂപ്പുകൾ കുറച്ചുകാലം സഹവസിച്ചിരുന്നു. ഏകദേശം 30000 വർഷങ്ങൾക്കു മുമ്പു കൂടി യുറേഷ്യയുടെ ഭാഗങ്ങളിൽ ഹോമോ നിയാണ്ടർത്തലെൻസിസ് വസിച്ചിരുന്നു. അവർ ഹോമോ സാപ്പിയൻസുമായി ഇന്റർബ്രീഡിംഗിൽ ഏർപ്പെട്ടിരുന്നു.

പാലിയോലിത്തിക്ക് കാലഘട്ടത്തിൽ, ഭൂമധ്യരേഖാ പ്രദേശത്തിന് പുറത്ത് മനുഷ്യ ജനസംഖ്യ കുറവായിരുന്നു. 16000 വർഷം മുമ്പ് മുതൽ 11000 വർഷം മുമ്പ് വരെയുള്ള കാലയളവിൽ യൂറോപ്പിലെ മുഴുവൻ ജനസംഖ്യയും ഏകദേശം 30,000 മാത്രമായിരുന്നു. 40000 വർഷം മുമ്പ് മുതൽ 16000 വർഷം മുമ്പ് വരെയുള്ള കാലയളവിൽ ഇത് 4,000-6,000 വരെ മാത്രമായിരുന്നു.[19]

സാങ്കേതികവിദ്യ

ഉപകരണങ്ങൾ

ലോവർ പാലിയോലിത്തിക് കാലഘട്ടത്തിലെ കല്ലു കൊണ്ടുള്ള ഉപകരണം

പാലിയോലിത്തിക്ക് കാലഘട്ടത്തിൽ മനുഷ്യർ കല്ല്, മരം, അസ്ഥി എന്നിവ കൊണ്ടുള്ള ഉപകരണങ്ങൾ നിർമ്മിച്ചിരുന്നു. [15] പാലിയോലിത്തിക്ക് കാലഘട്ടത്തിലെ ആദ്യകാല ഹോമിനിനുകളായ ഓസ്ട്രലോപിത്തക്കസ് ആയിരുന്നു ആദ്യമായി ശിലോപകരണങ്ങൾ നിർമ്മിച്ചത്. എത്യോപ്യയിലെ ഗോണയിൽ നടത്തിയ ഉത്ഖനനങ്ങളിൽ മനുഷ്യനിർമ്മിതമായ ആയിരക്കണക്കിനു പുരാവസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. റേഡിയോ ഐസോടോപ്പിക് ഡേറ്റിംഗ്, മാഗ്നെറ്റോസ്ട്രാറ്റിഗ്രാഫി എന്നിവയിലൂടെ, ഈ ഉത്ഖനനസ്ഥലങ്ങൾ 26 ലക്ഷം വർഷങ്ങൾക്ക് മുമ്പുള്ളതാണെന്ന് തെളിഞ്ഞിട്ടുണ്ട്. തെളിവുകൾ കാണിക്കുന്നത് ആദ്യകാലത്തെ ഹോമിനുകൾ അവരുടെ ഉപയോഗത്തിനായി മനഃപൂർവ്വം നല്ല അടരുകളുള്ള കല്ലുകൾ തിരഞ്ഞെടുത്തുവെന്നും മുറിക്കുന്നതിനുള്ള മൂർച്ചയുള്ള അറ്റങ്ങളുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്നതിനായി അനുയോജ്യമായ വലിപ്പമുള്ള കല്ലുകൾ തിരഞ്ഞെടുത്തുവെന്നുമാണ്.[20]

പാലിയോലിത്തികിലെ ആദ്യകാല കല്ലുപകരണങ്ങളുടെ കേന്ദ്രമായ ഓൾഡോവന്റെ ആരംഭം ഏകദേശം 26 ലക്ഷം വർഷങ്ങൾക്ക് മുമ്പാണ്. [21]ഇവിടെ കത്തികൾ, മുനയൻ തുടങ്ങിയ ഉപകരണങ്ങൾ നിർമ്മിച്ചു. ഏകദേശം 250,000 വർഷങ്ങൾക്ക് മുമ്പ് കൂടുതൽ സങ്കീർണ്ണമായ ഉപകരണങ്ങളോടു കൂടിയ അച്ച്യൂലിയൻ കേന്ദ്രം ഇതിനെ പൂർണ്ണമായും മാറ്റിസ്ഥാപിച്ചു.[22]

ലോവർ പാലിയോലിത്തിക്ക് മനുഷ്യർ കൈക്കോടാലികൾ ഉൾപ്പെടെ വിവിധതരം ശില കൊണ്ടുള്ള ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. എന്നാൽ കൈക്കോടാലികളുടെ ഉപയോഗത്തെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നു. മുറിക്കുന്നതിനോ, കുഴിക്കുന്നതിനോ, ശിലാപാളികൾ അടർത്തിയെടുക്കുന്നതിനോ, കെണിയിൽ ഉപയോഗിക്കുന്നതിനോ,ആചാരപരമായ പ്രാധാന്യമുള്ളതോ ആയിരുന്നു കൈക്കോടാലികൾ എന്ന പല വ്യാഖാനങ്ങൾ നിലവിലുണ്ട്. മൃഗങ്ങളുടെ തൊലിയുരിക്കുന്നതിനും അവയെ കശാപ്പുചെയ്യുന്നതിനും ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. കൂടാതെ ഭക്ഷ്യയോഗ്യമായ വേരുകൾ കുഴിച്ചെടുക്കുന്നതിന് മൂർച്ചയുള്ള വിറകുകൾ ഉപയോഗിച്ചിരുന്നു. 50 ലക്ഷം വർഷങ്ങൾക്കു മുമ്പു തന്നെ ആദ്യകാലമനുഷ്യർ ചെറിയമൃഗങ്ങളെ വേട്ടയാടാൻ മരം കൊണ്ടുള്ള കുന്തങ്ങളുപയോഗിച്ചിരുന്നു.[23] ലോവർ പാലിയോലിത്തിക് കാലഘട്ടത്തിലെ മനുഷ്യർ മരം കൊണ്ടുള്ള ഷെൽട്ടറുകൾ നിർമ്മിച്ചിരുന്നു.

തീയുടെ ഉപയോഗം

ഫ്രാൻസിലെ ഫോണ്ട്-ഡി-ഗൗമിലെ മഗ്ദലേനിയൻ ചിത്രകാരന്മാർ, ചാൾസ് ആർ. നൈറ്റിന്റെ ഭാവനയിൽ (1920)

ലോവർ പാലിയോലിത്തിക്കിൽ ജീവിച്ചിരുന്ന ഹോമിനിനുകളായ ഹോമോ ഇറക്റ്റസും ഹോമോ എർഗാസ്റ്ററും ഏകദേശം 300,000 മുതൽ 1.5 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് തീ ഉപയോഗിച്ചിരുന്നു. ഒരുപക്ഷേ അതിനു മുമ്പുതന്നെ ആദ്യകാല ലോവർ പാലിയോലിത്തിക്കിലെ ഹോമിനിനുകളായ ഹോമോ ഹാബിലിസ് അല്ലെങ്കിൽ പരാന്ത്രോപസ് തീ ഉപയോഗിച്ചിരിക്കാമെന്ന് കരുതപ്പെടുന്നു.[3] എന്നിരുന്നാലും മദ്ധ്യ പാലിയോലിത്തിക്ക് സമൂഹങ്ങളോടു കൂടിയാണ് തീയുടെ ഉപയോഗം സാധാരണമായത്.[2] തീയുടെ ഉപയോഗം മനുഷ്യരുടെ ഇടയിലെ മരണനിരക്ക് കുറയ്ക്കുകയും വേട്ടമൃഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്തു.[24] ആദ്യകാല ഹോമിനിനുകൾ ലോവർ പാലിയോലിത്തിക്കിലോ (ഏകദേശം 19 ലക്ഷം വർഷങ്ങൾക്ക് മുമ്പ്) മിഡിൽ പാലിയോലിത്തിക്കിലോ (ഏകദേശം 250,000 വർഷങ്ങൾക്ക് മുമ്പ്) ഭക്ഷണം പാകം ചെയ്യാൻ തുടങ്ങിയിരിക്കാമെന്നു കരുതുന്നു.[25] ശീതീകരിച്ച മാംസം ചൂടാക്കാനാണ് ഹോമിനിനുകൾ ഭക്ഷണം പാകം ചെയ്യാൻ തുടങ്ങിയെതന്നു ശാസ്ത്രജ്ഞന്മാർ അനുമാനിക്കുന്നു. ഇത് തണുത്ത പ്രദേശങ്ങളിൽ അവരുടെ നിലനിൽപ്പിനു സഹായകമായിരിന്നു.[25] പാചകത്തിനു തെളിവായി തലയോട്ടിയിലേയും ശരീരത്തിലേയും രൂപാന്തര മാറ്റങ്ങളെ പുരാവസ്തു ഗവേഷകർ ഉദ്ധരിക്കുന്നു. മോളാറിന്റെയും താടിയെല്ലിന്റെയും വലിപ്പം കുറയുക, പല്ലിന്റെ ഇനാമലിന്റെ കനം കുറയുക, കുടലിന്റെ വലിപ്പം കുറയുക എന്നിവ ഈ രൂപമാറ്റങ്ങളിൽ ഉൾപ്പെടുന്നു.[26] പ്ലീസ്റ്റോസീൻ യുഗത്തിന്റെ ഭൂരിഭാഗവും, നമ്മുടെ പൂർവ്വികർ പ്രധാനമായും ഭക്ഷണം വറുത്തു കഴിക്കുകയായിരുന്നു.[27] അപ്പർ പാലിയോലിത്തിക്കായതോടെ ഭക്ഷണം തിളപ്പിക്കാൻ തുടങ്ങുകയും അത് സസ്യഭക്ഷണങ്ങളെ കൂടുതൽ ദഹിപ്പിക്കുകയും വിഷാംശം കുറയ്ക്കുകയും അവയുടെ പോഷക മൂല്യം പരമാവധി വർദ്ധിപ്പിക്കുകയും ചെയ്തു.[28] താപമാറ്റം വരുത്തിയ പാറകൾ (ചൂടാക്കിയ കല്ലുകൾ) പുരാവസ്തു രേഖകളിൽ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. വലിയ കല്ലുകൾ ചൂടാക്കി ആ ചൂടുകല്ലുകൾ കൊണ്ട് വെള്ളം ചൂടാക്കി പാചകം ചെയ്യുന്ന വിദ്യ സാധാരണമായിരുന്നു. [29][30]

ചങ്ങാടം

ലോവർ പാലിയോലിത്തിക്ക് കാലഘട്ടത്തിൽ ഹോമോ ഇറക്റ്റസ് വലിയ ജലാശയങ്ങളിലൂടെ സഞ്ചരിക്കാൻ ചങ്ങാടങ്ങൾ (840,000 – 800,000 വർഷങ്ങൾക്കുമുമ്പ്) കണ്ടുപിടിച്ചിരിക്കാമെന്ന് കരുതപ്പെടുന്നു. ഇത് ഒരു കൂട്ടം ഹോമോ ഇറക്റ്റസിനെ ഫ്ലോറസ് ദ്വീപിലെത്താനും ഹോമോ ഫ്ലോറെസിയെൻസിസ് പരിണമിക്കാനും അനുവദിച്ചിരിക്കാമെന്നു കണക്കാക്കപ്പെടുന്നു. എന്നാൽത്തന്നെയും ഈ സിദ്ധാന്തം എല്ലാ നരവംശശാസ്ത്രജ്ഞന്മാരും അംഗീകരിച്ചിട്ടില്ല.[31][32] ഹോമോ ഇറക്റ്റസ് പോലുള്ള ലോവർ പാലിയോലിത്തിക്ക് ഹോമിനിനുകൾ മുമ്പ് വിശ്വസിച്ചിരുന്നതിലും കൂടുതൽ പുരോഗമിച്ചിരിന്നുവെന്നുംഭാഷയുടെ ആദ്യകാല രൂപം പോലും സംസാരിച്ചിരിക്കാമെന്നും ലോവർ പാലിയോലിത്തിക്ക് കാലഘട്ടത്തിലെ ചങ്ങാടങ്ങളുടെ ഉപയോഗം സൂചിപ്പിക്കുന്നു.[31] മെഡിറ്ററേനിയൻ കടലിന് ചുറ്റുമായി സ്ഥിതി ചെയ്യുന്ന കോ ഡി സാ മുൾട്ട (300,000 വർഷങ്ങൾക്കു മുമ്പ്) പോലെ നിയാണ്ടർത്താളുകളും മനുഷ്യരും താമസിച്ചിരുന്ന സ്ഥലങ്ങളിൽനിന്നുള്ള അനുബന്ധ തെളിവുകൾ, മധ്യ, അപ്പർ പാലിയോലിത്തിക്ക് കാലത്തെ മനുഷ്യർ വലിയ ജലാശയങ്ങളിൽ (മെഡിറ്ററേനിയൻ സമുദ്രം) സഞ്ചരിക്കാൻ ചങ്ങാടങ്ങൾ ഉപയോഗിച്ചിരുന്നതായി സൂചിപ്പിക്കുന്നു.[31][33]

ഉപകരണങ്ങളുടെ വിപുലീകരണം

ഏകദേശം 200,000 വർഷങ്ങൾക്കു മുമ്പ് മിഡിൽ പാലിയോലിത്തിക്കിലെ ശിലോപകാരനിർമ്മാണം മുൻ അച്ച്യൂലിയൻ രീതികളേക്കാൾ കൂടുതൽ വിപുലമായ ഒരു ഉപകരണനിർമ്മാണരീതിയിലേക്ക് മാറി. ഇത് പ്രിപ്പേർഡ് കോർ ടെക്നിക് എന്നറിയപ്പെടുന്നു.[4]. ഈ സാങ്കേതികവിദ്യ കൂടുതൽ നിയന്ത്രിതവും പൊരുത്തവുമുള്ള ശിലാപാളികൾ സൃഷ്ടിക്കാൻ സഹായിച്ച് ഉപകരണനിർമ്മാണത്തിലെ കാര്യക്ഷമത വർദ്ധിപ്പിച്ചു.[4] ഈ രീതി മധ്യപാലിയോലിത്തിക്ക് കാലഘട്ടത്തിലെ മനുഷ്യരെ കൽമുനയുള്ള കുന്തങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചു. മൂർച്ചയുള്ളതും കൂർത്തതുമായ കല്ല് അടരുകൾ മരത്തടികളിൽ ഘടിപ്പിച്ചുകൊണ്ടുള്ളവ ആദ്യകാലസംയോജിത ഉപകരണങ്ങളായിരുന്നു. ഉപകരണനിർമ്മാണരീതികൾ മെച്ചപ്പെടുത്തുന്നതിനു പുറമേ പുതിയ സാങ്കേതികവിദ്യ വൈവിധ്യമാർന്ന ഭക്ഷണ സ്രോതസ്സുകളിടെ ഉപയോഗത്തിലേക്കും നയിച്ചു. ഏകദേശം 70,000-65,000 വർഷങ്ങൾക്കുമുമ്പ് മനുഷ്യർ മൈക്രോലിത്തുകൾ അല്ലെങ്കിൽ ചെറിയ ശിലാപാളികൾ കണ്ടുപിടിച്ചു, അവ വില്ലുകളുടെയും അറ്റ്ലാറ്റുകളുടെയും (കുന്തം എറിയുന്ന ഉപകരണം) കണ്ടുപിടിക്കുന്നതിന് അത്യന്താപേക്ഷിതമായിരുന്നു.[24]

മിഡിൽ പാലിയോലിത്തിക്കിന്റെ അവസാനകാലത്തോയെ ഹോമിനിനുകൾ ചാട്ടുളികൾ കണ്ടുപിടിക്കുകയും ആദ്യമായി ഉപയോഗിക്കുകയും ചെയ്തു. ഈ കണ്ടുപിടുത്തം മത്സ്യത്തെ മനുഷ്യന്റെ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കി മാറ്റി. ഇത് പട്ടിണിക്കെതിരെ സംരക്ഷണവും കൂടുതൽ സമൃദ്ധമായ ഭക്ഷണത്തിന്റെ സാദ്ധ്യതകളും നൽകി.[33][34] നിയാണ്ടർത്തലുകളെപ്പോലുള്ള പാലിയോലിത്തിക്ക് ജനവിഭാഗങ്ങൾ അവരുടെ സാങ്കേതികതയും വികസിതസാമൂഹികഘടനയുടെയും ഫലമായി പാലിയോലിത്തിക്കിലെ ആധുനികമനുഷ്യരെപ്പോലെത്തന്നെ വലിയ മൃഗങ്ങളെ വേട്ടയാടിയതായി കരുതപ്പെടുന്നു.[35]

മറ്റു കണ്ടുപിടിത്തങ്ങൾ

അപ്പർ പാലിയോലിത്തിക്ക് കാലഘട്ടത്തിലെ മറ്റു കണ്ടുപിടിത്തങ്ങളാണ്, വല, [24][36]അമ്പും വില്ലും, [3]കുന്തങ്ങളെറിയാനുപയോഗിക്കുന്ന ഉപകരണം എന്നിവ. സെറാമിക് കലയുടെ ഏറ്റവും പഴയ ഉദാഹരണമാണ്, ഡോൾനി വെസ്റ്റോണിസിലെ വീനസ് (ഏകദേശം 29,000 –  25,000 വർഷങ്ങൾക്കു മുമ്പ്). [3]സോളമൻ ദ്വീപുകളിലെ ബുക്കു ദ്വീപിലെ കിലു ഗുഹ (ബി.സി.ഇ 30,000) മനുഷ്യനു ആ കാലഘട്ടത്തിൽത്തന്നെ 60 കിലോമീറ്ററോളം സമുദ്രത്തിലൂടെ സഞ്ചരിക്കാൻ സാധിച്ചിരുന്നതിന്റെ തെളിവാണ്.[37]

30000 വർഷങ്ങൾക്കും 14000 വർഷങ്ങൾക്കുമിടയിൽ വേട്ടക്കുള്ള സഹായത്തിനായി മനുഷ്യർ നായയെ ഇണക്കി വളർത്താൻ തുടങ്ങി.[38] റോബർട്ട് കെ. വെയ്ൻ ശേഖരിച്ച നായ്ക്കളുടെ ഡിഎൻഎയിൽ നിന്നുള്ള തെളിവുകളനുസരിച്ച് ഏകദേശം 100,000 വർഷങ്ങൾക്കു മുമ്പോ അല്ലെങ്കിൽ അതിനു മുമ്പും മധ്യ പാലിയോലിത്തിക്കിന്റെ അവസാനത്തിലോ നായ്ക്കളെ ആദ്യമായി ഇണക്കിയെടുത്തിരിക്കാമെന്നാണ്.[39]

ഔറിഗ്നേഷ്യൻ എന്നറിയപ്പെടുന്ന ആദ്യകാല അപ്പർ പാലിയോലിത്തിക് സംസ്കാരത്തിൽ കലണ്ടറുകൾ ഉപയോഗിച്ചിരുന്നെന്ന് (ഏകദേശം 30,000 വർഷങ്ങൾക്കു മുമ്പ്) ഫ്രാൻസിലെ ഡോർഡോഗ്നെ മേഖലയിൽ നിന്നുള്ള പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നു. ചന്ദ്രന്റെ ഘട്ടങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു ചാന്ദ്ര കലണ്ടറായിരുന്നു ഇത്. നിയോലിത്തിക്ക് കാലഘട്ടം വരെ സൗര കലണ്ടറുകൾ കണ്ടുപിടുച്ചിരുന്നില്ല.[40]


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പ്രാചീന_ശിലായുഗം&oldid=4012114" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്