മാർക്ക് ആന്റണി

മാർക്കസ് അന്റോണിയസ്, (Marcus Antonius) (83BC January 14– 30BC August 1) ഒരു റോമൻ സൈനിക മേധാവിയും, രാഷ്ട്രീയ നേതാവുമായിരുന്നു. മാർക്ക് ആന്റണി എന്ന പേരിലാണ് ഇദ്ദേഹം ഇംഗ്ലീഷ് സംസാരിക്കുന്ന നാടുകളിൽ അറിയപ്പെടുന്നത്. മാർക്കസ് അന്റോണിയസ് ജൂലിയസ് സീസറിന്റെ ഒരു പ്രധാന രാഷ്ട്രീയ അനുയായിയും സുഹൃത്തുമായിരുന്നു. സീസർ കൊല്ലപ്പെട്ടതിനു ശേഷം ഇദ്ദേഹം ഒക്റ്റാവിയനും, മാർക്കസ് ലെപിഡസുമായി ചേർന്ന് റോമിലെ രണ്ടാം ത്രിമൂർത്തി (triumvirate) എന്നറിയപ്പെടുന്ന ഭരണകൂടം സ്ഥാപിച്ചു. ഏതാണ്ട് ഏകാധിപത്യ സ്വഭാവമുള്ള ഈ ത്രിമൂർത്തി ഭരണകൂടം രണ്ട് അഞ്ച് വർഷ കാലാവധികളിൽ (43 ബി സി മുതൽ 33 ബി സി വരെ) റോമൻ റിപ്പബ്ലിക് ഭരിച്ചു. മാർക്കസ് അന്റോണിയസും ഒൿറ്റാവിയനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം ഈ ത്രിമൂർത്തി (triumvirate) ഭരണകക്ഷി പിളർന്ന് ഒരു ആഭ്യന്തര യുദ്ധത്തിൽ കലാശിച്ചു. ഈ യുദ്ധത്തിൽ ഒൿറ്റാവിയൻ മാർക്ക് ആന്റണിയെ പരാജയപ്പെടുത്തുകയും, അതിനു ശേഷം ആന്റണിയും കാമുകി ക്ലിയോപാട്രയും ആത്മഹത്യ ചെയ്യുകയുമുണ്ടായി. ഇതിനു ശേഷം ഒൿറ്റാവിയൻ അഗസ്റ്റസ് എന്ന പേരിൽ ആദ്യത്തെ റോമൻ ചക്രവർത്തിയായി അവരോധിക്കപ്പെട്ടു. ആന്റണിയുടെ രാഷ്ട്രീയ ജീവിതവും, അന്ത്യവും റോമിന്റെ ഒരു അർദ്ധ ജനാധിപത്യ റിപബ്ലിക്കിൽ നിന്ന് ചക്രവർത്തി ഭരണത്തിൻ കീഴിലുള്ള സാമ്രാജ്യത്തിലേക്കുള്ള പരിവർത്തനത്തിലെ ഒരു പ്രധാന അധ്യായമാണ്.[2]

മാർക്കസ് അന്റോണിയസ്
M·ANTONIVS·M·F·M·N[1]
ജനനംജനുവരി 14, 83 BC
റോമാ നഗരം, റോമൻ റിപ്പബ്ലിക്
മരണംആഗസ്റ്റ് 1, 30 BC (53 വയസ്സ്)
അലക്സാൻഡ്രിയ, ഈജിപ്റ്റ്
ദേശീയത റോമൻ റിപ്പബ്ലിക്

ജീവിത രേഖ

ആരംഭ കാലം

പ്രാചീന റോമിലെ ഒരു പ്രബലമായ പ്രഭുകുടുംബമായ അന്റോണിയ കുടുംബത്തിൽ 83 ബി സി യിൽ ജനിച്ചു. പിതാവ് മാർക്കസ് അന്റോണിയസ് ക്രെറ്റിക്കസ് റോമിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു. അതേ പേരുള്ള പിതാവിന്റെ പിതാവ് മാർക്കസ് അന്റോണിയസ് (പ്രസംഗകൻ) ഒരു പ്രമുഖ രാഷ്ട്രീയ നേതാവും, അറിയപ്പെടുന്ന പ്രസംഗകനുമായിരുന്നു. ആന്റണിയുടെ പിതാവ് റോമൻ റിപ്പബ്ലിക്കിൽ പ്രേറ്റർ (Praetor) പദവി വഹിക്കുന്ന ഒട്ടും കഴിവില്ലാത്ത ഒരുദ്യോഗസ്ഥനായിരുന്നു. സിസറോയുടെ അഭിപ്രായത്തിൽ പദവി ദുരുപയോഗപ്പെടുത്താനുള്ള മിടുക്ക് പോലുമില്ലാത്തത് കൊണ്ടാണ് മാർക്കസ് അന്റോണിയസ് ക്രെറ്റിക്കസ് ആ പദവിയിൽ നിയമിക്കപ്പെട്ടത്[3] ആന്റണിയുടെ മാതാവ് ജൂലിയ റോമിലെ കോൺസൾ (consul) സ്ഥാനം വഹിച്ചിരുന്ന ലുസിയസ് സീസറിന്റെ മകളായിരുന്നു. യൗവനത്തിൽ മാർക്ക് ആന്റണി ഒരു അലസനും സുഖലോലുപനുമായിരുന്നു. അദ്ദേഹം ഒരു കടുത്ത ചൂതുകളിക്കാരനായത്കൊണ്ട് അത്യാവശ്യം കടബാദ്ധ്യതകളുമുണ്ടായിരുന്നു.

ആന്റണിയ്ക്ക് 25 വയസ്സുള്ളപ്പോൾ (58 ബി സി) അദ്ദേഹം തത്ത്വശാസ്ത്രവും, തർക്കശാസ്ത്രവും പരിശീലിക്കാൻ ഏതൻസിൽ പോയി താമസിച്ചു. അവിടെ ചെന്ന് ഒരു വർഷംകഴിഞ്ഞപ്പോൾ സിറിയയുടെ പ്രോകോൺസൽ (governor) ഓലസ് ഗബിനിയസ്, ജുഡിയയുടെ രാജാവായ അരിസ്റ്റോബുലസ് രണ്ടാമനെതിരെ റോമൻ റിപ്പബ്ലിൿ നടത്തിയ യുദ്ധത്തിൽ പങ്കുചേരാൻ ആന്റണിയെ ക്ഷണിച്ചു. ഈ യുദ്ധത്തിൽ ചില പ്രധാന വിജയങ്ങൾ നേടി ആന്റണി ഒരു സൈനിക നേതാവായി പേരെടുത്തു.

സീസറിന്റെ അനുയായി

54 ബി സി യിൽ ആന്റണി ജൂലിയസ് സീസറിന്റെ അധീനതയിലുള്ള സേനയിൽ ഒരു സൈനിക ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. ഗോളിലെ (gaul) ഗോത്രങ്ങൾക്കെതിരെയുള്ള ഗാല്ലിക് യുദ്ധങ്ങളിൽ ആന്റണി തന്റെ കഴിവ് വീണ്ടും തെളിയിച്ചു. സീസറിന്റെ ബന്ധു കൂടിയായിരുന്ന ആന്റണി അതോടെ സീസറിന്റെ വിശ്വസ്തനും സുഹൃത്തുമായി. സീസറിന്റെ സ്വാധീനം കാരണം ആന്റണി പടി പടിയായി ഉയർന്ന് 50 ബി സി യിൽ പ്ലീബിയൻ ട്രൈബൂണലായി നിയമിക്കപ്പെട്ടു. സീസർ 50 ബി സി യിൽ തന്റെ പ്രോകോൺസൽ പദവിയുടെ കാലാവധി തീരാറാവുന്ന സമയത്ത് റോമിലെ കോൺസൽ പദവിയ്ക്കുള്ള തിർഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള ഉദ്ദേശം പ്രഖ്യാപിച്ചു. ഇതിനെ റോമൻ സെനറ്റിലെ പോംപിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ശക്തിയായി എതിർത്തു. പ്രോകോൺസൽ പദവി രാജി വയ്ച്ച് സൈന്യത്തിന്റെ മേധാവി സ്ഥാനം കൈമാറിയിട്ട് തിരഞ്ഞെടുപ്പിൽ പങ്കെടുത്താൽ മതി എന്ന് അവർ ശഠിച്ചു. പ്രോകോൺസൽ പദവിയിലിരിക്കുമ്പോൾ സീസറിനെതിരെ പദവിയുടെ ഇമ്മ്യൂണിറ്റി (immunity from prosecution) കാരണം നിയമ നടപടികൾ എടുക്കാൻ പറ്റില്ലായിരുന്നു. വിരമിച്ച ശേഷം തനിക്കെതിരെ അഴിമതിയ്ക്ക് അന്വേഷണവും നിയമ നടപടികളുമുണ്ടാവുമെന്ന് സീസറിനറിയാമായിരുന്നു. ഇത് തന്നെ ഒതുക്കാനുള്ള ഒരു ശ്രമമാണെന്ന് മനസ്സിലാക്കിയ സീസർ ആദ്യം പ്ലീബിയൻ ട്രൈബൂണലായ ആന്റണിയുടെ വീറ്റോ ഉപയോഗിച്ച് സീസറിനെ പ്രോകോൺസൾ സ്ഥാനത്ത് നിന്ന് മാറ്റുന്ന സെനറ്റിന്റെ ഉത്തരവ് തടയാൻ ശ്രമിച്ചു. ആന്റണിയുടെ സെനറ്റിൽ വീറ്റോ ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ ആന്റണിയെയും, മറ്റൊരു സീസർ സപ്പോർട്ടറെയും പോംപി ബലമായി (നിയമ വിരുദ്ധമായി) സെനറ്റിൽ നിന്ന് പുറത്താക്കി. ഇതോടെ സെനറ്റിന്റെ ഉത്തരവ് ധിക്കരിച്ച് സീസർ തന്റെ സേനയുമായി റൂബിക്കൺ നദി കടന്നു തലസ്ഥാന നഗരിയായ റോമിൽ പ്രവേശിച്ചു. ഇതോടെ 49 ബി സിയിലെ ആഭ്യന്തര യുദ്ധം തുടങ്ങി. പോംപിയും സെനറ്റിലെ ഭൂരിപക്ഷ അംഗങ്ങളും റോം നഗരം വിട്ട് പാലായനം ചെയ്തു. ഇവരെ തുരത്തിക്കോണ്ട് സീസറും പുറകെ പോയി. [4][5][6]

ഇറ്റലിയുടെ ഭരണം

പോംപിയുമായി യുദ്ധം ചെയ്യാൻ പോയ പുറകെ പോയ വേളയിൽ റോമൻ റിപ്പബ്ലിക്കിന്റെ കേന്ദ്ര പ്രവിശ്യയായ ഇറ്റലിയുടെ ഭരണം സീസർ ആന്റണിയെയാണ് ഏൽപ്പിച്ചിരുന്നത്. ഗ്രീസിലെ ഫർസാലസ് എന്ന സ്ഥലത്ത് വച്ച് സീസർ പോംപിയുടെ സേനകളെ അസന്നിഗ്ദമായി തോൽപ്പിച്ചു. പോംപി ഈജിപ്റ്റിലേക്ക് ഓടി രക്ഷപ്പെട്ടു. സീസർ പുറകെ പോയെങ്കിലും ഇതിനിടെ പോംപി വധിക്കപ്പെട്ടു. വിജയശ്രീ ലാളിതനായി റോമിലേയ്ക്ക് മടങ്ങിയ സീസറെ സെനറ്റ് ഡിക്റ്റേറ്ററായി (latin : magistratus extraordinarius) അവരോധിച്ചു. റോമൻ റിപ്പബ്ലിക്കിൽ സർവ അധികാരങ്ങളുമുള്ള ഒരു പദവിയാണ് ഡിക്റ്റേറ്റർ. ആന്റണിയെ സീസർ തന്റെ പ്രധാന സഹായിയായി മാസ്റ്റർ ഒഫ് ഹോർസസ് (latin : Magister Equitum) എന്ന പദവിയിൽ നിയമിച്ചു. റിപ്പബ്ലിക്കിൽ ഡിക്റ്റേറ്റർ കഴിഞ്ഞാൽ രണ്ടാം സ്ഥാനമുള്ള പദവിയാണിത്. അങ്ങനെ എവിടെയെങ്കിലും യുദ്ധം നയിക്കാൻ സീസർ റോം വിട്ട് പോവുമ്പോൾ ഇറ്റലിയുടെ ഭരണം ഏറ്റെടുത്തിരുന്നത് ആന്റണിയായിരുന്നു. ഒരു മികച്ച സൈനിക നേതാവായിരുന്ന ആന്റണി പക്ഷെ രാജ്യഭരണത്തിൽ അത്രയും മിടുക്കില്ലായിരുന്നു. ആന്റണിക്ക് പറ്റിയ ഒരു പിഴവ് കാരണം റോമിൽ ഒരു കലാപമുണ്ടായി നൂറോളം പൗരന്മാർ മരണമടഞ്ഞു. ഇത് കാരണം സീസർ ആന്റണിയെ സർവ തസ്തികകളിൽ നിന്നും നീക്കം ചെയ്തു. ഇവർ രണ്ട് വർഷത്തോളം പരസ്പരം കണ്ടില്ല. പക്ഷെ ഈ അകൽച്ച അധിക കാലം നീണ്ടില്ല, 44 ബി സി യിൽ സീസർ കോൺസലായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ രണ്ടാമനായി വീണ്ടും ആന്റണിയെ നിയമിച്ചു.

ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്ന ഉരസലുകൾക്കിടയിലും ആന്റണി സീസറിനോടുള്ള കൂറ് എന്നും നില നിർത്തി. സീസറിന്റെ അതിരുകവിഞ്ഞ രാഷ്ട്രീയ മേൽക്കോയ്മ റോമിലെ ഒപ്റ്റിമേറ്റ് കക്ഷിയിൽ പെട്ട ചിലരെ പരിഭ്രാന്തരാക്കി. സെനറ്റ് പിരിച്ച് വിട്ട് സീസർ രാജാവായി സ്വയം പ്രഖ്യാപിക്കുമെന്ന് അവർ ഭയന്നു. ബ്രൂട്ടസ്, കാസ്സിയസ്, കാസ്കാ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം സീസറിനെ വധിക്കാനുള്ള ഗൂഢാലോചന തുടങ്ങി. ഈ ഗൂഢാലോചനക്കാരുടെ കൂട്ടത്തിലെ ട്രെബോണിയസ് എന്നോരാൾ ഇടയ്ക്ക് ആന്റണിയുടെ അഭിപ്രായമാരായാൻവേണ്ടി ഒരു തന്ത്രപരമായ സമീപനം നടത്തിയിരുന്നു. കാര്യം മനസ്സിലായ ആന്റണി ട്രെബോണിയസിന് യാതൊരു പ്രോൽസാഹനവും നൽകിയില്ല, പക്ഷെ ഈ സംഭാഷണത്തിന്റെ കാര്യം സീസറെ അറിയിച്ചതുമില്ല. 44 ബി സി മാർച്ച് പതിനഞ്ചാം തീയതി ഈ ഗൂഢാലോചനസംഘം സെനറ്റിന്റെ പോർട്ടിക്കോയിലിട്ട് സീസറെ കുത്തി കൊന്നു. [7]

സീസറിന്റെ വധത്തിന് ശേഷം ഗൂഢാലോചനക്കാർ സീസറിന്റെ അനുയായികളെയെല്ലാം വധിക്കുമെന്ന് ഭയന്ന് ആന്റണി കുറച്ച് കാലം ഒളിവിൽ പോയി. ഭയപ്പെട്ട പോലെ ഒന്നും സംഭവിക്കാത്ത്പ്പോൾ ആന്റണി റോമിലേക്ക് മടങ്ങി. റോമിലെ സാധാരണക്കാരായ പ്ലീബിയൻ ജനതയുടെ ഇടയിൽ സീസറിന് നല്ല ജനസമ്മതിയുണ്ടായിരുന്നു, ഒരു പറ്റം ആഡ്യ റോമന്മാർ (patricians) സീസറിനെ വധിച്ചു എന്നറിഞ്ഞ് അവർ അതീവ ക്ഷുഭിതരായി. സീസറിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ജനക്കൂട്ടം അക്രമാസക്തമായി നിയന്ത്രണം വിട്ട് ബ്രൂട്ടസിന്റെയും, കാസ്സിയസിന്റെയും ഗൃഹങ്ങളാക്രമിച്ചു. ബ്രൂട്ടസും മറ്റ് ഗൂഢാലോചനക്കാരും റോം വിട്ട് പാലായനം ചെയ്തു ബ്രൂട്ടസിന്റെ നിയന്ത്രണത്തിലുള്ള സിസാല്പീൻ ഗോൾ (Cisalpine Gaul) പ്രവിശ്യയിൽ അഭയം തേടി. ആന്റണിയും മറ്റ് സീസർ അനുയായികളും ജനവികാരം സീസറെ വധിച്ചവർക്കെതിരെ തിരിക്കാൻ പരമാവധി ശ്രമിച്ചു. സ്ഥിതിഗതികൾ കൂടുതൽ കൂടുതൽ വഷളായി അവസാനം ഒരു ആഭ്യന്തര കലഹത്തിൽ കലാശിച്ചു.[8]

ത്രിമൂർത്തി സഖ്യം

സീസറിന്റെ വില്പത്രപ്രകാരം അനന്തരാവകാശിയായത് സീസറിന്റെ പെങ്ങളുടെ മകളുടെ മകനായ ഒക്റ്റാവിയനായിരുന്നു. ഇത് ആന്റണിക്ക് തെല്ല് ഇച്ഛാഭംഗമുണ്ടാക്കിയിരുന്നു, എന്നാലും, ആന്റണി ഒൿറ്റാവിയനും, ലെപിഡസുമായി സഖ്യം ചേരാൻ തീരുമാനിച്ചു. ഇവർ മൂവരും കൂടി ഒരു ത്രിമൂർത്തി സഖ്യമുണ്ടാക്കി സെനറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തു. സ്ഥാനമൊഴിയാനുള്ള സെനറ്റിന്റെ ആജ്ഞ ധിക്കരിച്ച് ബ്രൂട്ടസും കാസ്സിയസും ഒരു സേന സമാഹരിച്ച് റോമിനെതിരെ വന്നു. ത്രിമൂർത്തി സഖ്യം റോമൻ സേനയുമായി വിമതരെ നേരിടാൻ പുറപ്പെട്ടു. രണ്ട് സേനകളും കിഴക്കൻ മാസിഡോണിയയിലെ ഫിലിപ്പിയിൽ വച്ച് ഏറ്റ്മുട്ടി. ഫിലിപ്പിയിൽ വച്ച് സേനകൾ തമ്മിൽ രണ്ട് സംഘട്ടനങ്ങൾ നടന്നു. ആദ്യത്തെ സംഘട്ടനത്തിൽ (first battle of Philippi) ഒക്റ്റാവിയന്റെ സേന ബ്രൂട്ടസിനെ നേരിട്ടു, ആന്റണി കാസ്സിയസിന്റെ സേനയെ നേരിട്ടു. ഈ സംഘട്ടനത്തിൽ ആന്റണി കാസ്സിയസിനെ തോല്പിച്ചു, ബ്രൂട്ടസ് ഒക്റ്റാവിയന്റെ സേനയെ തുരത്തി. കാസ്സിയസ് ബ്രൂട്ടസിന്റെ സേനയും തോറ്റു എന്നൊരു തെറ്റായ വാർത്ത കേട്ടു നിരാശിതനായി ആത്മഹത്യ ചെയ്തു. രണ്ടാമത്തെ ഫിലിപ്പി സംഘട്ടനത്തിൽ (second battle of Philippi) ത്രിമൂർത്തി സഖ്യത്തിന്റെ സേന ബ്രൂട്ടസിന്റെ സേനയുടെ മേൽ നിർണ്ണായക വിജയം നേടി. പരാജയം മുന്നിൽ കണ്ട് ബ്രൂട്ടസ് ആത്മഹത്യ ചെയ്തു. [9][10] ഇതിന് ശേഷം ത്രിമൂർത്തി സഖ്യം റോമൻ റിപ്പബ്ലിക്കിനു മേലുള്ള അവരുടെ അധികാരം ഉറപ്പിച്ചു. റോം നഗരവും, റോമൻ ഇറ്റലിയുടെയും ഭരണം ഒക്റ്റാവിയൻ ഏറ്റെടുത്തു. പടിഞ്ഞാറൻ പ്രവിശ്യകൾ ലെപിഡസിന്റെ ഭരണത്തിലും, കിഴക്കൻ പ്രവിശ്യകൾ ആന്റണിയുടെ കീഴിലുമായി. ത്രിമൂർത്തി സഖ്യത്തിന്റെ എതിരാളികൾക്കെതിരെ കർശന നടപടികളുണ്ടായി അനേകം പേരെ വധ ശിക്ഷയ്ക്ക് വിധിക്കയും അവരുടെ വസ്തുവകകൾ കണ്ടുകെട്ടുകയും ചെയ്തു.

ആന്റണിയും ക്ലിയോപാട്രയും

സീസറിന്റെ പഴയ കാമുകിയായ ക്ലിയോപാട്രയെ ആന്റണി ഇപ്പോഴത്തെ തുർക്കിയിലുള്ള റ്റാർസസ് എന്ന പട്ടണത്തിലേക്ക് വിളിച്ച് വരുത്തി. അവിടെ വച്ച് അവർ തമ്മിൽ സഖ്യത്തിലായി. ക്ലിയോപാട്ര ആന്റണിയുടെ കാമുകിയായി. ക്ലിയോപാട്ര അലക്സാൻഡ്രിയയിലോട്ട് മടങ്ങിയപ്പോൾ ആന്റണിയും കൂടെപ്പോയി. 41 ബി സി യിലെ ശിശിരകാലം ആന്റണി ക്ലിയോപാട്രയോടൊപ്പം ഈജിപ്റ്റിൽ ചിലവഴിച്ചു. 40 ബി സി യിൽ ഒക്റ്റാവിയനും ആന്റണിയുടെ ഭാര്യ ഫുൾവിയായും തമ്മിലുള്ള ചില രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ആന്റണിക്ക് റോമിലേക്ക് മടങ്ങേണ്ടി വന്നു. ഇതിനിടെ ഫുൾവിയായെ ഒക്റ്റാവിയൻ ഗ്രീസിലെ സിക്യോണിലേക്ക് (Sicyon) നാടുകടത്താൻ ആജ്ഞാപിച്ചിരുന്നു. അങ്ങോട്ടുള്ള യാത്രാ മധ്യെ ഫുൾവിയ മരണമടഞ്ഞു. റോമിലെത്തിയ ആന്റണി ഒക്റ്റാവിയനുമായി സന്ധി ചെയ്തു, 40 ബി. സി. യിൽ ഒക്റ്റാവിയന്റെ സഹോദരി ഒക്റ്റാവിയയെ കല്യാണം കഴിച്ചു. 42 ബി സി യിൽ നടന്ന ഫിലിപ്പിയിലെ ആഭ്യന്തര യുദ്ധത്തിൽ ബ്രൂട്ടസിനെയും കാസ്സിയസിനെയും പിന്തുണച്ച പാർത്തിയൻ സാമ്രാജ്യം പക്കോറസ് ഒന്നാമന്റെ കീഴിൽ 40 ബി സി യിൽ റോമൻ പ്രവിശ്യയായ സിറിയയും പിന്നീട് ഏഷ്യാമൈനർ മുഴുവനും പിടിച്ചടക്കി, ജുഡിയയുടെ രാജാവായി ആന്റിഗോണസിനെ സ്ഥാപിച്ചു. പക്കോറസിനെ നേരിടാൻ ആന്റണി തന്റെ സേനാ നായകനായ പുബ്ലിയസ് വെന്റിഡിയസിനെ അയച്ചു. വെന്റിഡിയസ് പാർത്തിയൻ സേനയെ ഏഷ്യാ മൈനറിൽ നിന്ന് തുരത്തി. യുദ്ധത്തിൽ പക്കോറസ് കൊല്ലപ്പെട്ടു. ഈ ആക്രമണത്തിനു പ്രതികാരമെന്നോണം ആന്റണി പാർത്തിയൻ സാമ്രാജ്യം ആക്രമിക്കാൻ പദ്ധതിയിട്ടു. ഇതിന് ഒക്റ്റാവിയൻ വാഗ്ദാനം ചെയ്ത സേന പല പ്രശ്നങ്ങൾ കാരണം ഇറ്റലിയിൽ തന്നെ നിന്നു പോയി. ഒടുവിൽ തന്റെ പാർത്തിയൻ പദ്ധതിയിൽ ഒക്റ്റാവിയന്റെ പിന്തുണയിൽ സംശയം തോന്നിത്തുടങ്ങിയ ആന്റണി അലക്സാൻഡ്രിയയിൽ ചെന്ന് ക്ലിയോപാട്രയുടെ സഹായം തേടി. സേന സംഘടിപ്പിക്കാനുള്ള പണം ക്ലിയോപാട്ര നൽകി. ഒരു ലക്ഷം വരുന്ന സേനയുമായി ആന്റണി ജെറുസലേം പിടിച്ചടക്കി ഹെറോദിനെ ജുഡിയയിലെ രാജാവാക്കി. പിന്നീട് ആന്റണി പാർത്തിയയെ ആക്രമിച്ചു. ഈ ആക്രമണം വൻ പരാജയമായിരുന്നു, സേനയുടെ കാൽ ഭാഗവും നഷ്ടപ്പെട്ട് ആന്റണിക്ക് പാർത്തിയയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു.

ഇതിനിടെ റോമിൽ ത്രിമൂർത്തി ഭരണകൂടം ഇല്ലാതായി. ഒക്റ്റാവിയൻ ലെപിഡസിനെ രാജി വയ്പ്പിച്ചു ഏതാണ്ട് ഏകാധിപതിയായി ഭരിച്ചു തുടങ്ങി. ഒക്റ്റാവിയൻ ബ്രൂട്ടസിന്റെയും , കാസ്സിയസിന്റെയും ശക്തി കേന്ദ്രങ്ങളായിരുന്ന കുലീന റോമാക്കാരെ (patricians) പ്രീണിപ്പിച്ചു തന്റെ വശത്താക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. അലക്സാൻഡ്രിയയിൽ കഴിയുന്ന ആന്റണിയെ ഒക്റ്റാവിയൻ പരസ്യമായി വിമർശിക്കാനും തുടങ്ങി. ഭാര്യയെ റോമിൽ ഉപേക്ഷിച്ചു ക്ലിയോപാട്രയോടൊപ്പം കഴിയുന്നു. റോമൻ രീതികൾ ഉപേക്ഷിച്ച് ഒരു ഈജിപ്ഷ്യനെപ്പോലെ ജീവിക്കുന്നു എന്നൊക്കെയായിരുന്നു ഈ ആരോപണങ്ങൾ. പലതവണ ആരോപണങ്ങൾക്ക് മറുപടി പറയാൻ ആന്റണിയെ റോമിലേക്ക് വിളിപ്പിച്ചു, പക്ഷെ ആന്റണി പോയില്ല. വീണ്ടും ഈജിപ്ഷ്യൻ പണവുമായി സേന സമാഹരിച്ച് ആന്റനി അർമേനിയ ആക്രമിച്ചു. ഈ ആക്രമണം വിജയിച്ചു, അതിനു ശേഷം അലക്സാൻഡ്രിയയിൽ നടന്ന വിജയാഘോഷ ചടങ്ങിൽ വച്ച് ആന്റണി ഒക്റ്റാവിയനുമായുള്ള സഖ്യം അവസാനിച്ചു എന്ന് പ്രഖ്യാപിച്ചു. ആന്റണിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ അദ്ദേഹം മക്കൾക്കായി വീതിച്ചു കൊടുക്കുന്ന പ്രഖ്യാപനവും നടത്തി. ഇതിന്റെ കൂട്ടത്തിൽ ക്ലിയോപാട്രയിൽ സീസറിന് ജനിച്ച കൈസാരിയൊണെ (Caesarion) സീസറിന്റെ അനന്തരാവകാശിയും ക്ലിയോപാട്രക്കോപ്പം ഈജിപ്റ്റിന്റെ രാജാവായും പ്രഖ്യാപിച്ചു. ഇത് ഒക്റ്റാവിയന് ഒട്ടും സ്വീകാര്യമായിരുന്നില്ല, സീസറിന്റെ അനന്തരാവകാശി എന്നതായിരുന്നു ഒക്റ്റാവിയന്റെ സർവ അധികാരങ്ങളുടെയും സ്രോതസ്സ്, ആന്റണിയുടെ ഈ പ്രഖ്യാപനം ഒരു വലിയ ഭീഷണിയായി ഒക്റ്റാവിയൻ കണ്ടു.

33 ബി സി യിൽ ത്രിമൂർത്തി ഭരണകൂടത്തിന്റെ രണ്ടാമത്തെ അഞ്ച് വർഷ കാലാവധി അവസാനിച്ചു. സെനറ്റ് പിന്നീടത് പുതുക്കിയില്ല. രണ്ട് വശത്തു നിന്നും ആരോപണങ്ങൾ ഒഴുകി. അലക്സാൻഡ്രിയയിൽ നിന്ന് ആന്റണി ഒക്റ്റാവിയന്റെ പെങ്ങൾ ഒക്റ്റാവിയയിൽ നിന്നുള്ള വിവാഹമോചനം അറിയിച്ചു. ഒക്റ്റാവിയൻ നിയമവിരുദ്ധമായി അധികാരം കൈയടക്കിയെന്നും ആ ഭരണത്തിന് യാതൊരു നിയമ സാധുതയും ഇല്ലെന്ന് ആന്റണി പ്രഖ്യാപിച്ചു. മറുപടിയായി ഒക്റ്റാവിയൻ ആന്റണിയുടെ മേൽ രാജ്യദ്രോഹ കുറ്റം ചുമത്തി. പ്രവിശ്യകളുടെ ഭരണം നിയമവിരുദ്ധമായി കൈയടക്കി വയ്ക്കുക, സെനറ്റിന്റെ അനുവാദമില്ലാതെ അന്യ രാജ്യങ്ങളെ ആക്രമിക്കുക എന്നിവയായിരുന്നു ആന്റണിയുടെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ. 32 ബി സി യിൽ സെനറ്റ് ആന്റണിയെ സർവ അധികാരങ്ങളിൽ നിന്നും നീക്കി ഈജിപ്റ്റിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. 31 ബി സി യിൽ റോമും ഈജിപ്റ്റും തമ്മിലുള്ള യുദ്ധം തുടങ്ങി. യുദ്ധം നയിച്ചത് ഒക്റ്റാവിയന്റെ പ്രധാന സേനാനായകൻ മാർക്കസ് അഗ്രിപ്പയായിരുന്നു. യുദ്ധത്തിൽ ഒക്റ്റാവിയന്റെ സേന നിർണായകമായ വിജയങ്ങൾ നേടി ഈജിപ്റ്റിൽ പ്രവേശിച്ചു. അന്ത്യം മുന്നിൽ കണ്ട ആന്റണി ആത്മഹത്യ ചെയ്തു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ക്ലിയോപാട്രയും ആത്മഹത്യ ചെയ്തു. കൈസാരിയൊണെയും (Caesarion), ആന്റണിയുടെ മൂത്ത മകൻ ( മൂന്നാൻ ഭാര്യ ഫുൾവിയയുടെ മകൻ) മാർക്കസ് അന്റോണിയസ് ആന്റില്ലസിനെയും ഒക്റ്റാവിയൻ വധ ശിക്ഷയ്ക്ക് വിധിച്ചു. ആന്റണിയുടെ മറ്റുള്ള മക്കളെ (ക്ലിയോപാട്രയിൽ ജനിച്ച മക്കൾ ഉൾപ്പെടെ) ഒക്റ്റാവിയൻ വെറുതെ വിട്ടു. വിജയശ്രീ ലാളിതരായി റോമിലേക്ക് മടങ്ങിയ ഒക്റ്റാവിയനെയും, മാർക്കസ് അഗ്രിപ്പയെയും സെനറ്റ് കോൺസൾ പദവിയിലോട്ടുയർത്തി. [11]

ചരിത്ര പ്രസക്തി

ആന്റണിയുടെ മരണത്തോടെ ഒക്റ്റാവിയൻ റോമിന്റെ അനിഷേധ്യ നേതാവായി. 27 ബി സി യിൽ ഒക്റ്റാവിയൻ റോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി. മനഃപൂർവമല്ലെങ്കിലും ആന്റണിയുടെ പ്രവ്ർത്തികൾ റോമൻ റിപ്പബ്ലിക്കിന്റെ അന്ത്യത്തിന് ഒരു കാരണമായി. പക്ഷെ ഒക്റ്റാവിയയിൽ ആന്റണിക്ക് ജനിച്ച മക്കൾ വഴി അദ്ദേഹം പിന്നീട് വന്ന റോമൻ ചക്രവർത്തിമാരായ കലിഗുള, നീറോ എന്നിവരുടെ പിതാമഹനായി.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മാർക്ക്_ആന്റണി&oldid=3929979" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്