വെർജീനിയ ടെക് കൂട്ടക്കൊല


അമേരിക്കയിലെ വെർജീനിയ സംസ്ഥാനത്ത് വെർജീനിയ ടെക് എന്നറിയപ്പെടുന്ന വെർജീനിയ പോളിടെൿനിക് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ 2007 ഏപ്രിൽ 16ന് അരങ്ങേറിയ വെടിവയ്പാണ് വെർജീനിയ ടെക് കൂട്ടക്കൊല എന്നറിയപ്പെടുന്നത്. ഇതേ സർവകലാശാലയിലെ ഇംഗ്ലീഷ് വിദ്യാർത്ഥിയായ സൂങ് ഹീ ചോ നടത്തിയ വെടിവയ്പിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 32 പേർ കൊല്ലപ്പെട്ടു[6]. കൂട്ടക്കൊലയ്ക്കുശേഷം ചോയും സ്വയം വെടിവച്ചു മരിച്ചു. അമേരിക്കയുടെ ചരിത്രത്തിൽ ഒരു സാധാരണക്കാരൻ നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. ഇരുപതിലേറെപ്പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

വെർജീനിയ ടെക് കൂട്ടക്കൊല
വെർജീനിയ ടെക് കൂട്ടക്കൊല
വെടിവയ്പിൽ മരിച്ചവർക്കായുള്ള താൽക്കാലിക സ്മാരകത്തിൽ ജോർജ് ബുഷ് ഒപ്പുവയ്ക്കുന്നു.
സ്ഥലംബ്ലാക്സ്ബർഗ്, വെർജീ‍നിയ യു.എസ്.എ.
സംഭവസ്ഥലംവെർജീനിയ ടെക്
തീയതി2007, ഏപ്രിൽ 16, തിങ്കൾ
7:15 എ.എ. & 9:00 എ.എം–9:30 എ.എം. (ഈസ്റ്റേൺ ഡേലൈറ്റ് റ്റൈം)
ആക്രമണ സ്വഭാവംസ്കൂൾ വെടിവയ്പ്, കൂട്ടക്കൊല, ആത്മഹത്യ
മരണസംഖ്യ33 (കൊലപാതകിയുൾപ്പടെ)[1]
പരിക്കേറ്റവർ17[2][3]
ഉത്തരവാദി(കൾ)സൂങ് ഹീ ചോ[4]
ലക്ഷ്യംപക, മാനസികാസ്വസ്ഥത[5]

ഏപ്രിൽ 16 പ്രാദേശിക സമയം രാവിലെ 7:15നും 9:45നും ഇടയിൽ വെർജീനിയ ടെക് സർവകലാശാലാ വളപ്പിലെ രണ്ടു കെട്ടിടങ്ങളിലായാണ് വെടിവയ്പ് അരങ്ങേറിയത്. ഇരുകെട്ടിടങ്ങളിലും ചോ തന്നെയാണു വെടിവയ്പു നടത്തിയതെന്നു അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ദക്ഷിണ കൊറിയയിൽ നിന്നും അമേരിക്കയിലേക്കു കുടിയേറിയ സൂങ് ഹീ ചോ വെർജീനിയ ടെക് സർവകലാശാലയിൽ നാലാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിയായിരുന്നു[7]. രണ്ടാമത്തെ വെടിവയ്പു നടന്ന നോറിസ് ഹാളിൽ വച്ച് ഇയാൾ സ്വയം വെടിവച്ചുമരിച്ചുവെന്നാണ് അന്വേഷണോദ്യോഗസ്ഥരുടെ നിഗമനം.

ആദ്യവെടിവയ്പ്

895 ആൺ-പെൺ വിദ്യാർത്ഥികൾ താമസിക്കുന്ന വെസ്റ്റ് ആംബ്ലർ ജോൺസൺ ഹോൾ എന്ന ശയനാലയത്തിലാണ് ആദ്യവെടിവയ്പു നടന്നത്. പ്രാദേശിക സമയം 7:15നു നടന്ന വെടിവയ്പിൽ എമിലി ജെ. ഹിൽ‌ഷർ എന്ന പെൺകുട്ടിയും റെയാൻ സി. ക്ലാർക്ക് എന്ന യുവാവും കൊല്ലപ്പെട്ടു[8]. കൊല്ലപ്പെട്ട എമിലിയുടെ കാമുകനാണു വെടിവയ്പു നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ തുടക്കത്തിൽ കരുതിയത്. ഇയാളെ പിടികൂടിയതോടെ സംഭവം അവസാനിച്ചുവെന്നും പൊലീസ് നിഗമനത്തിലെത്തി. ഇതിനാൽ സർവകലാശാലയിൽ നിന്നും വിദ്യാർത്ഥികളെ ഒഴിപ്പിച്ചില്ല. എന്നാൽ ഈ സമയത്തിനുള്ളിൽ യഥാർത്ഥത്തിൽ വെടിവയ്പു നടത്തിയ ചോ ശയനാലയത്തിനു പുറത്തു കടന്നിരുന്നു.

രണ്ടാമത്തെ വെടിവെപ്പ്

ആദ്യവെടിവയ്പു നടന്ന് രണ്ടുമണിക്കൂറിനു ശേഷമാണ് 800 മീറ്റർ അകലെ ബിരുദ ബിരുദാനന്തര ക്ലാസ് മുറികളും ഹോസ്റ്റലുകളും ഉൾപ്പെടുന്ന നോറിസ് ഹാൾ എന്ന കെട്ടിടത്തിൽ വെടിവെപ്പ് അരങ്ങേറിയത്. നോറിസ് ഹാൾ ചങ്ങലകൊണ്ടു ബന്ധിച്ച ശേഷമാണ് ചോ വെടിവയ്പു നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നാലു ക്ലാസ് മുറികളിലും ഗോവണിപ്പടികളിലുമായാണ് വെടിവെപ്പ് നടന്നതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു[9]. ചോ അടക്കം 31 പേരാണ് ഇതിൽ മരിച്ചത്.

കൊലപാതകി

കൂട്ടക്കൊലയുടെ പിറ്റേന്നാണ് കൊലപാതകിയെപ്പറ്റിയുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടത്. സ്ഥിരതാമസത്തിനുള്ള ഗ്രീൻ‌കാർഡ് സ്വന്തമാക്കി ദക്ഷിണകൊറിയയിൽ നിന്നും അമേരിക്കയിലെത്തിയ സൂങ് ഹീ ചോ എന്ന 23കാരനാണ് രണ്ടുവെടിവയ്പുകളും നടത്തിയെന്ന് പൊലീസ് ഏപ്രിൽ 17നു വ്യക്തമാക്കി[10]. വെർജീനിയ സംസ്ഥാനത്തെ ഫെയർഫാക്സ് കൌണ്ടിയിലാണ് ചോയുടെ കുടുംബം താമസിക്കുന്നത്[11].

ആദ്യ വെടിവയ്പ് നടന്ന ആബ്ലർ ഹാളിനു പടിഞ്ഞാറ് ഹാപർ ഹാൾ എന്ന ശയനാലയത്തിലായിരുന്നു ചോയുടെ താമസം. വെർജീനിയയിലെ ചാന്റിലിയിലുള്ള വെസ്റ്റ്ഫീൽഡ് ഹൈസ്ക്കൂളിൽ നിന്നാണ് ഇയാൾ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്. ചോയുടെ തോക്കിനിരകളായ എറിൻ പീറ്റേഴ്സൺ, റീമാ ഷമാഹാ എന്നിവരും ഇതേ സ്കൂളിൽ പഠിച്ചവരാണ്. എന്നാൽ ഇവരുമായി ചോയ്ക്ക് മുൻ‌പരിചയമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല[12]. സഹപാഠികൾക്കും ചോയുടെ ഒപ്പം താമസിച്ചിരുന്നവർക്കും ഇയാളെപ്പറ്റി അധികമൊന്നും അറിയുമായിരുന്നില്ല. “ചോദ്യചിഹ്നം” എന്നാണ് പലപ്പോഴും ചോ സ്വയം വിശേഷിപ്പിച്ചിരുന്നത്. വെടിവയ്പു നടത്തിയത് ചോയാണെന്നു പ്രഖ്യാപിച്ച പത്രസമ്മേളനത്തിൽ സർവകലാശാലാ വക്താവ് ഇയാളെ തികച്ചും “അജ്ഞാതനായ ഏകാകി”യെന്നാണു വിശേഷിപ്പിച്ചത്. ആരുമായും ബന്ധമില്ലാത്തതിനാൽ ഇയളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമെല്ലെന്നും സർവകലാശാലാ അധികൃതർ പറഞ്ഞു[13]. എന്നാൽ ഇതു ശരിയെല്ലെന്ന് പിന്നീട് നടത്തിയ വെളിപ്പെടുത്തലുകൾ തെളിയിച്ചു. പെൺ‌കുട്ടികളെ ശല്യം ചെയ്തതിന് സർവകലാശാലാ അധികൃതർ 2005 നവം‌ബറിൽ ചോയെ പൊലീസിൽ ഹാജരാക്കിയിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തലുണ്ടായി[14]. പഠനത്തിന്റെ ഭാഗമായി ചോ നടത്തിയ രചനകൾ അപകടരമാണെന്ന കാര്യം ഒരു അദ്ധ്യാപിക മേലധികാരികളുടെയും പൊലീസിന്റെയും ശ്രദ്ധയിൽപെടുത്തിയിരുന്നതായും വെളിപ്പെടുത്തൽ വന്നു.

പെൺ‌കുട്ടികളെ ശല്യം ചെയ്യുന്നതിന്റെ പേരിൽ പൊലീസിലെത്തിക്കപ്പെട്ട ചോയെ പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിൽ പരിശോധനക്കയിച്ചിരുന്നതായും വ്യക്തമായി. ചോയുടെ മാനസികനില അയാൾക്കും മറ്റുള്ളവർക്കും അപകടം വരുത്തും വിധം തകാരാറിലാണെന്ന് 2005ൽ നടത്തിയ പരിശോധനകളിൽ വ്യക്തമായിരുന്നു. എന്നാൽ 2005 ഡിസംബറിനുശേഷം ഇയാളെപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് സർവകലാശാലാ പൊലീസ് വ്യക്തമാക്കി[14].

തുടക്കത്തിൽ ആദ്യത്തെ വെടിവയ്പ് ചോ തന്നെയാണു നടത്തിയെന്നതിൽ വ്യക്തതയില്ലായിരുന്നു. ആയുധപരിശോധനയിൽ ഇരുസ്ഥലത്തും ഒരേ തോക്ക് ഉപയോഗിച്ചിട്ടുണ്ടെന്നു കണ്ടെത്തിയതുമാത്രമായിരുന്നു ചോ തന്നെയാണ് രണ്ടു വെടിവയ്പുകളും നടത്തിയതെന്നതിന് ഏക തെളിവ്. രണ്ടു സംഭവങ്ങൾക്കുമിടയിലുള്ള രണ്ടു മണിക്കൂർ വ്യത്യാസവും വെടിവയ്പിൽ മറ്റാരെങ്കിലും പങ്കാളികളായേക്കുമോ എന്ന സംശയത്തിനു കാരണമായി.

കൊലപാത ലക്ഷ്യങ്ങളെപ്പറ്റിയുള്ള അനുമാനങ്ങൾ

കൂട്ടക്കൊലപാതകത്തിനു പിന്നിലുള്ള ലക്ഷ്യമെന്തായിരുന്നു എന്നതിൽ വ്യക്തതയില്ല. ആദ്യവെടിവയ്പിൽ കൊല്ലപ്പെട്ട എമിലി ഹിൽ‌ഷർ ചോയുടെ മുൻ കാമുകിയായിരുന്നെന്നും ഇവർ തമ്മിലുള്ള തർക്കമാണ് വെടിവയ്പിലേക്കു നയിച്ചതെന്നും തുടക്കത്തിൽ അഭ്യൂഹങ്ങൾ പരന്നു. എന്നാൽ പ്രസ്തുത പെൺകുട്ടിക്ക് ചോയുമായി പരിചയമൊന്നുമില്ലായിരുന്നുവെന്ന് സഹപാഠികൾ പറയുന്നു. ചോയുടെ താമസസ്ഥലം പരിശോധിച്ച പൊലീസിന് ഏതാനും കുറിപ്പുകൾ ലഭിച്ചു. തന്റെ ജീവിതം നരകതുല്യമാണെന്നും ആത്മഹത്യയ്ക്കുള്ള പദ്ധതികളുണ്ടെന്നും വ്യക്തമാക്കുന്നതായിരുന്നു പ്രസ്തുത കുറിപ്പുകൾ. സർവകലാശാലയിലെ സമ്പന്ന വിദ്യാർത്ഥികൾക്കെതിരെ ചോയുടെ കുറിപ്പുകളിൽ നിരന്തര പരാമർശമുണ്ടായിരുന്നു. മറ്റൊരിടത്ത് നിങ്ങളാണ് എന്നെക്കൊണ്ടിതു ചെയ്യിച്ചതെന്നും ചോ രേഖപ്പെടുത്തിയിരുന്നു[15].

വാർത്താ ചാനലിനുള്ള സന്ദേശം

ചോയുടെ പേരിൽ എൻ.ബി.സി. വാർത്താ ചാനലിന്റെ ന്യൂയോർക്ക് കേന്ദ്രത്തിൽ ഏപ്രിൽ 17നു ലഭിച്ച തപാൽ കവർ കൊലപാതക ലക്ഷ്യങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമാക്കി[16]. മടക്കത്തപാൽ വിലാസത്തിൽ പക്ഷേ ചോയുടെ പേരിനുപകരം എ. ഇസ്മായിൽ എക്സ് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ചോയുടെ കൈത്തണ്ടയിൽ ഇസ്മായി ആക്സ് എന്നു പച്ച കുത്തിയിരുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. സ്വയം പകർത്തിയ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും നീണ്ട കുറിപ്പുകളും അടങ്ങുന്നതായിരുന്നു പ്രസ്തുത സന്ദേശം. ആദ്യ വെടിവയ്പിനു ശേഷമുള്ള രണ്ടു മണിക്കൂർ ഇടവേളക്കിടയിൽ വെർജിനീയ ടെക്കിനു സമീപമുള്ള തപാൽ കേന്ദ്രത്തിൽ നിന്നാണ് ചോ സന്ദേശം അയച്ചതെന്നു വ്യക്തമായി. ഇതോടെ രണ്ടു വെടിവയ്പിനുമിടയിലുള്ള രണ്ടു മണിക്കൂർ ഇടവേളയെക്കുറിച്ച് അന്വേഷണോദ്യോഗസ്ഥരുടെ സന്ദേഹങ്ങളും ഏറെക്കുറെ പരിഹരിക്കപ്പെട്ടു.

ചോയുടെ താമസസ്ഥലത്തു നിന്നും ലഭിച്ച കുറിപ്പുകളിലേതിനു സമാനമായ സന്ദേശങ്ങളായിരുന്നു എൻ.ബി.സി.ക്കു ലഭിച്ച പായ്ക്കറ്റിന്റെ ഉള്ളടക്കവും. സമ്പന്ന വിദ്യാർത്ഥികൾ തന്നെ ഇതു ചെയ്യിക്കാൻ നിർബന്ധിതനാക്കിയെന്ന സന്ദേശമാണ് സ്വയം റിക്കോർഡു ചെയ്ത വീഡിയോ ദൃശ്യങ്ങളിലൂടെ ചോ നൽകുന്നത്. ഇതിൽ ഏതാനും വീഡിയോ ദൃശ്യങ്ങൾ എൻ.ബി.സി. ഏപ്രിൽ 18നു പുറത്തുവിട്ടു. ചോയുടെ സന്ദേശം അത്യന്തം ഭീകരമായതിനാൽ പൂർണമായും പുറത്തുവിടാനാവില്ല എന്ന നിലപാടിലാണ് എൻ.ബി.സി. എത്തിച്ചേർന്നത്. അമേരിക്കയിലെ തന്നെ കൊളമ്പിയൻ ഹൈസ്ക്കൂളിൽ വെടിവയ്പു നടത്തിയ രണ്ടു പേരെക്കുറിച്ചും ചോ പരാമർശിക്കുന്നുണ്ട്. കൊളിമ്പിയൻ സ്കൂളിലെ കൊലപാതകികളെയും തന്നെയും രക്തസാക്ഷികൾ എന്നാണ് ചോ വിശേഷിപ്പിക്കുന്നത്. “എന്റെ മക്കൾക്കും സഹോദരീ സഹോദരന്മാർക്കും വേണ്ടി ഇതു ചെയ്യുന്നുവെന്നും സ്വയം ക്യാമറയോടു സംസാരിക്കുന്ന ചോ പറയുന്നുണ്ട്. ചോ അയച്ച സന്ദേശം എൻ.ബി.സി. അധികൃതർ എഫ്.ബി.ഐ.ക്കു കൈമാറിയിട്ടുണ്ട്.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്