ഇലിയഡ്

പുരാതന ഗ്രീക്ക് മഹാകവി ഹോമർ രചിച്ച ഇതിഹാസ കാവ്യം ആണ് ഇലിയഡ് (പുരാതന ഗ്രീക്ക് ഭാഷ:Ἰλιάς, Iliás,). ഇലിയഡ് എന്ന പദത്തിന്റെ അർത്ഥം ഇലിയത്തിന്റെ ഗാഥ എന്നാണ്. ഇലിയം എന്നത് ട്രോയ് നഗരത്തിന്റെ മറ്റൊരു പേരാണ്.[1]. ട്രോജൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മെനഞ്ഞിരിക്കുന്ന ഈ ഇതിഹാസം ട്രോയ് നഗരത്തിന്റെ ഉപരോധത്തിനെക്കുറിച്ചും പോരാട്ടങ്ങളെ കുറിച്ചും അഗമെ‌മ്‌നൺ രാജാവും യുദ്ധവീരൻ അക്കില്ലിസും തമ്മിലുണ്ടായ തർക്കത്തിനെ കുറിച്ചും പ്രതിപാദിക്കുന്നു. ബി സി എട്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്നു കരുതുന്ന ഇലിയഡ്, ഹോമറുടെ തന്നെ ഒഡീസിയോടൊപ്പം പാശ്ചാത്യസാഹിത്യത്തിലെ ഏറ്റവും പഴക്കം ചെന്ന രചനകളിൽ പെടുന്നു. ഏകദേശം 15,700 വരികൾ ഇലിയഡിൽ ഉണ്ട്. യഥാർത്ഥ രചയിതാവ് ആരെന്നതിനെക്കുറിച്ച് തർക്കം നിലനിൽക്കുന്നുണ്ട്.

ഇലിയഡ്, പുസ്തകം VIII, വരികൾ 245–53, ഗ്രീക്ക് കൈയെഴുത്തു പ്രതി, ഏഡി ആറാം നൂറ്റാണ്ട്
ഇലിയഡിൽ പരാമർശിക്കപ്പെടുന്ന സ്ഥലങ്ങളും അവിടന്നുള്ള വ്യക്തികളും

പ്രധാന കഥാപാത്രങ്ങൾ

ഗ്രീക്കു പക്ഷം

  • അഗമെ‌മ്‌നൺ - മൈസിനിയിലെ രാജാവ്.
  • അക്കില്ലിസ് - മിർമിഡൻ ജനതയുടെ നേതാവും യുദ്ധവീരനും
  • അജാക്സ് - ടെലമോൺ രാജാവിന്റെ പുത്രൻ, അക്കില്ലിസ് കഴിഞ്ഞാൽ ഗ്രീസിലെ ഏറ്റവും മികച്ച പോരാളി.
  • മെനിലോസ് - അഗമെമ്നണിന്റെ സഹോദരൻ
  • ഒഡീസ്സസ് - ഇഥാക ദ്വീപരാഷ്ട്രത്തിന്റെ രാജാവ്. യുദ്ധതന്ത്രജ്ഞൻ
  • ഡയോമിഡസ് - ആർഗോസിലെ രാജാവ്
  • പട്രോക്ലിസ്- അക്കിലിസ്ന്റെ ആത്മസുഹൃത്ത്
  • നെസ്റ്റർ- അനുഭവം കൊണ്ടും പ്രായം കൊണ്ടും വന്ദ്യനായ ഉപദേഷ്ടാവ്
  • കൽചാസ്- പ്രവാചകൻ

ട്രോജൻ പക്ഷം

  • പാരീസ് - ട്രോയ് രാജകുമാരൻ
  • ഹെക്ടർ - ട്രോയ് രാജകുമാരൻ
  • ഡൈഫോബസ് - ട്രോയ് രാജകുമാരൻ
  • സർപിഡൺ-ലൈസിയയിലെ രാജാവ്
  • ഗ്ലൗകസ് - സർപിഡണിന്റെ ബന്ധു
  • ഏനീയസ് അഫ്രോഡൈറ്റിയുടെ പുത്രൻ
  • പോളിഡാമസ്- സൈനികനും ഉപദേഷ്ടാവും
  • പ്രിയാം - ട്രോയ് രാജാവ്

സ്ത്രീ കഥാപാത്രങ്ങൾ

  • ഹെലൻ - മെനിലോസിന്റെ ഭാര്യ
  • ഹെകൂബ - ട്രോയിലെ രാജ്ഞി, പ്രിയാമിന്റെ പത്നി
  • കസ്സാൻഡ്ര - ട്രോയിലെ രാജകുമാരി, പാരിസിന്റെ സഹോദരി
  • ആൻഡ്രോമകി - ഹെക്ടറുടെ ഭാര്യ
  • പോളിച്ചീനാ -ട്രോയ് രാജകുമാരി, പാരിസിന്റെ സഹോദരി
  • ബ്രിസൈസ്- അക്കിലിസ് യുദ്ധത്തിൽ നേടിയെടുത്ത ട്രോജൻ യുവതി
  • ക്രൈസീസ്- ആഗമെമ്നൺ കൈവശമാക്കിയ ട്രോജൻ യുവതി.അപ്പോളോ ദേവാലയത്തിലെ പൂജാരിയുടെ മകൾ..

ദൈവങ്ങൾ

ഒട്ടേറെ ഗ്രീക്ക് ദൈവങ്ങൾ ഇലിയഡിൽ കഥാപാത്രങ്ങളാണ്. അവർക്കൊക്കെ അവരുടേതായ ഇഷ്ടാനിഷ്ടങ്ങളും ഉണ്ട്.

ട്രോജൻ അനുഭാവികൾ

ഗ്രീക്ക് അനുഭാവികൾ

പ്രമേയങ്ങൾ

നോസ്റ്റോസ്

പുരാതന ഗ്രീക്കിൽ നോസ്റ്റോസ് എന്നാൽ ഗൃഹാതുരത്വം എന്നാണർഥം. നോസ്റ്റോസ് എന്ന ആശയം ഇലിയഡിൽ പലയിടത്തും കടന്നു വരുന്നുണ്ട്. പത്തുവർഷം വിദേശമണ്ണി്ൽ നടത്തേണ്ടി വന്ന യുദ്ധത്തിനുശേഷമുള്ള മടക്കയാത്രയിൽ വീടണയാനുള്ള വെമ്പൽ സ്വാഭാവകമാണ്. എന്തു വില കൊടുത്തും ട്രോജൻ യുദ്ധം ജയിക്കണം എന്നുള്ള അഗമെംനോണിന്റെ വാശിക്കു പിറകിൽ വീടണയാനുള്ള വെമ്പൽ ഒരു കാരണമായി എന്ന് ഇലിയഡിൽ പറയുന്നു.

ക്ലിയോസ്

ഇലിയഡിന്റെ ആദ്യത്തെ ഏഴുവരികൾ

കീർത്തി, യശ്ശസ് എന്നൊക്കെ അർത്ഥം വരുന്ന ഗ്രീക്ക് വാക്കാണ് ക്ലിയോസ്.[2] യുദ്ധവീര്യത്തിൽ കൈവരുന്ന കീർത്തി എന്ന ആശയം ഇലിയഡിൽ പ്രധാന പ്രമേയമാണ്. മിക്ക ഗ്രീക്ക് രാജാക്കന്മാരും വിജയികളായി തിരിച്ചു പോകുന്ന നോസ്റ്റോസിൽ കീർത്തി അഥവാ ക്ലിയോസ് കൈവരിക്കുന്നു. പക്ഷേ അക്കില്ലിസിന് ഒന്നുകിൽ നോസ്റ്റോസ് അല്ലെങ്കിൽ ക്ലിയോസ് ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കേണ്ടി വരുന്നു.[3] പുസ്തകം IXൽ (IX.410–16), തന്നോട് യുദ്ധത്തിലേക്ക് തിരിച്ചു വരാൻ യാചിക്കുന്ന ഒഡീസിയൂസിനോടും മറ്റും തന്റെ ഈ അവസ്ഥയെക്കുറിച്ച് അക്കില്ലിസ് പറയുന്നുണ്ട്.[4]

ഇങ്ങനെയാണ് ആ കാവ്യഭാഗം:

   μήτηρ γάρ τέ μέ φησι θεὰ Θέτις ἀργυρόπεζα (410)   διχθαδίας κῆρας φερέμεν θανάτοιο τέλος δέ.   εἰ μέν κ’ αὖθι μένων Τρώων πόλιν ἀμφιμάχωμαι,   ὤλετο μέν μοι νόστος, ἀτὰρ κλέος ἄφθιτον ἔσται   εἰ δέ κεν οἴκαδ’ ἵκωμι φίλην ἐς πατρίδα γαῖαν,   ὤλετό μοι κλέος ἐσθλόν, ἐπὶ δηρὸν δέ μοι αἰὼν (415)   ἔσσεται, οὐδέ κέ μ’ ὦκα τέλος θανάτοιο κιχείη.

റിച്ച്മണ്ട് ലാറ്റിമോർ പരിഭാഷപ്പെടുത്തിയതിനെ അടിസ്ഥാനപ്പെടുത്തി:

   എന്റെ അമ്മ, സ്വർണ്ണപ്പാദങ്ങളുള്ള ദേവത തെറ്റിസ് എന്നോടു പറഞ്ഞു,   എന്റെ മരണദിവസത്തിലേക്ക് എനിക്ക് രണ്ട് പാതകളുണ്ടെന്ന്.   ഒന്നുകിൽ എനിക്ക് ഇവിടെ നിന്ന് ട്രോജൻ സൈന്യത്തോട് യുദ്ധം ചെയ്യാം.   എനിക്ക് തിരിച്ചുപോക്കുണ്ടാകില്ല, പക്ഷേ എന്റെ കീർത്തി ലോകാവസാനം വരെ നിലനിൽക്കും.   അല്ലെങ്കിൽ എനിക്ക് എന്റെ പൂർവികരുടെ പ്രിയപ്പെട്ട നാട്ടിലേക്ക് തിരിച്ച് പോകാം.   കീർത്തി എനിക്കുണ്ടാകില്ല പക്ഷേ ദീർഘായുസ്സ് എന്നെ കാത്തിരിക്കുന്നു,   മരണം എന്നെ തേടി പെട്ടെന്ന് വരുകയുമില്ല.

രോഷം

അക്കില്ലിസിന്റെ രോഷം (1819), by മൈക്കൽ ഡ്രോളിങ്ങ്.

ഇലിയഡിന്റെ പരമപ്രധാന പ്രമേയം അക്കില്ലിസിന്റെ രോഷം (The Wrath of Achilles) ആണെന്ന് പറയാം. അക്കില്ലിസിന്റെ സ്വകാര്യമായ രോഷവും മുറിവേറ്റ പടയാളിയുടെ അഭിമാനവുമാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഗ്രീക്കുകാർക്ക് ലഭിക്കുന്ന തിരിച്ചടിയും, പെട്രൊക്ലീസിന്റെയും ഹെക്ടറുടെയും വധവും ട്രോയുടെ വീഴ്ചയും എല്ലാം അക്കില്ലിസിന്റെ ഇടപെടലുകളെ ആശ്രയിച്ചിരിക്കുന്നു. ആ വിധത്തിൽ നോക്കുമ്പോൾ ഇലിയഡിലെ കഥാനായകൻ അക്കില്ലിസ് ആണെന്നു കാണാം.
അക്കില്ലിസിന്റെ രോഷം ആദ്യമായി വെളിപ്പെടുന്നത് അക്കില്ലിസ് വിളിച്ചുകൂട്ടുന്ന ഗ്രീക്ക് രാജാക്കന്മാരുടെ യോഗത്തിലാണ്. യോഗത്തിൽ വെച്ച് അഗമെ‌മ്‌നൺ ട്രോയിലെ അപ്പോളോയുടെ പുരോഹിതനായ ക്രിസസിനെ അപമാനിക്കുകയും അദ്ദേഹത്തിന്റെ തടവിലാക്കപ്പെട്ട മകളെ വിട്ടയക്കാൻ വിസമതിക്കുകയും ചെയ്യുന്നു.[5] ദുഖിതനായ ക്രിസിസ് അപ്പോളോ ദേവനെ പ്രാർഥിക്കുകയും അപ്പോളോ ഗ്രീക്ക് സൈന്യത്തിനു മേൽ ഒമ്പതു ദിവസം ശരമാരി പെയ്യിക്കുകയും ചെയ്തു. ഈ സംഭവം മൂലം യോഗത്തിൽ വച്ച് അക്കില്ലിസ് അഗമെമ്നണിനെ മനുഷ്യരിൽ വച്ച് ഏറ്റവും അത്യാഗ്രഹി എന്നു വിളിച്ചു.[6] ഇതുമൂലം കോപാകുലനായ അഗമെംനോൺ അക്കില്ലിസിന്റെ വിജയസമ്മാനമായി നിശ്ചയിച്ചിരുന്ന ബ്രിസിസിനെ സ്വന്തമാക്കുകയും അക്കില്ലിസിനെ അപമാനിക്കുകയും ചെയ്തു. ഇതിനു ശേഷം ഒരിക്കലും അഗമെ‌മ്‌നണിൻറെ ആജ്ഞകൾ അനുസരിക്കില്ലെന്ന ശപഥം അക്കില്ലിസ് ചെയ്തു. യുദ്ധത്തിൽ നിന്ന് അക്കില്ലിസ് പിന്മാറി. അഥീന ദേവി ഇടപെട്ട് അക്കില്ലിസിന്റെ രോഷം തണുപ്പിച്ചു.
ദുഖിതനായ അക്കില്ലിസ് തന്റെ അമ്മയായ തെറ്റിസിനെ കാര്യങ്ങൾ അറിയിച്ചു. തെറ്റിസ് ദേവദേവനായ സ്യൂസിനെ ശരണം പ്രാപിച്ചു. സ്യൂസ് തെറ്റിസിന്റെ അപേക്ഷയനുസരിച്ച് അക്കില്ലിസിന്റെ പ്രശ്നത്തിന് പരിഹാരമാകും വരെ യുദ്ധതതിന്റെ ഗതി ട്രോജൻ സൈന്യത്തിന് അനുകൂലമാക്കി മാറ്റി. ഈ സമയത്ത് ഹെക്ടർ ഗ്രീക്ക് സൈന്യത്തെ കടൽത്തീരം വരെ ആട്ടിപ്പായിച്ചു കഴിഞ്ഞിരുന്നു.(പുസ്തകം XII)യുദ്ധം തോൽക്കാൻ പോവുകയാണെന്നും ഗ്രീസിലേക്ക് പരാജിതനായി തിരിച്ചു പോകേണ്ടി വരുമെന്നും അഗമെംനോൺ ഉറപ്പിച്ചു.(പുസ്തകം XIV)

വീണ്ടും അക്കില്ലിസിന്റെ രോഷം കഥയുടെ ഗതിമാറ്റുന്നു. അക്കില്ലിസിന്റെ ഏറ്റവും പ്രിയപ്പെട്ട സ്നേഹിതൻ പെട്രോക്ലീസിനെ ഹെക്ടർ വധിച്ചതായിരുന്നു അക്കില്ലിസിനെ വീണ്ടും പോരാട്ടത്തിനിറക്കിയ സംഭവം. സ്നേഹിതന്റെ വിയോഗത്തിൽ വിലപിക്കുന്ന അക്കില്ലിസിനെ സമാധാനിപ്പിക്കാൻ എത്തുന്ന തെറ്റിസിനോട് അക്കില്ലിസ് ഇങ്ങനെ പറയുന്നു:

   ഇവിടെ വച്ച് രാജാവ് അഗമെംനോൺ എന്നെ അപമാനിച്ചു,   ഞാൻ ആ സംഭവം മറന്നു കഴിഞ്ഞു.   എന്റെ ഉള്ളിലെ രോഷം എന്റെ എല്ലാ ദുഖങ്ങളേയും അടിച്ചമർത്തിക്കഴിഞ്ഞു,   ഇപ്പോൾ ഞാൻ പോകുകയാണ്, എന്റെ പ്രിയ സ്നേഹിതന്റെ കൊലയാളിയെ തിരഞ്ഞ്,   ഹെക്ടറെ വധിച്ചതിനു ശേഷം എന്റെ മരണം സ്യൂസ് ദേവൻ എപ്പോൾ വിധിച്ചാലും,   ഞാനത് സന്തോഷത്തോടെ സ്വീകരിക്കുന്നതായിരിക്കും.

സ്വന്തം ജീവനായിരിക്കും പെട്രോക്ലീസിനു വേണ്ടി പ്രതികാരം ചെയ്താൽ നൽകേണ്ടിവരുന്ന വില എന്നറിഞ്ഞു കൊണ്ടു തന്നെ അക്കില്ലിസ് യുദ്ധത്തിനു പോകുന്നു. കോപാക്രാന്തനായ അക്കില്ലിസ് ട്രോജൻ സൈന്യത്തിൽ വൻ നാശം വിതക്കുന്നു. ഹെക്ടറെ മൂന്നു വട്ടം ട്രോജൻ നഗരത്തിനു ചുറ്റും പിൻ തുടർന്ന ശേഷം അക്കില്ലിസ് വധിക്കുകയും, ഹെക്ടറുടെ മൃതശരീരത്തിന്റെ കാലുകൾ കൂട്ടിക്കെട്ടി തന്റെ രഥത്തിൽഉറപ്പിച്ച്, പാളയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു വരികയും ചെയ്തു. ശവം പട്ടികൾക്കിട്ടു കൊടുക്കുമെന്ന് അക്കിലസ് പ്രഖ്യാപിച്ചു.
ഒളിമ്പസ്സ് പർവ്വതത്തിൽ സ്യൂസ് അസ്വസ്ഥനായി. മരിച്ചവരോടുളള ഈ അപമാനം അക്ഷന്തവ്യമായിരുന്നു. ഹീരയും അഥീനയും പൊസൈഡോണുമൊഴികെ മറ്റെല്ലാ ദേവന്മാരും സ്യൂസിന്റെ ഭാഗത്തായിരുന്നു. സ്യൂസിന്റെ നിർദ്ദേശപ്രകാരം പുത്രന്റെ ജഡം വീണ്ടു കിട്ടാനായി, ഒരു വണ്ടി നിറയെ വിലപിടിച്ച കാഴ്ചദ്രവ്യങ്ങളുമായി, പ്രിയാം അക്കിലസ്സിനെ സമീപിച്ചു. വൃദ്ധനായ ഒരു പിതാവിന്റെ ദയനീയ ദശ കണ്ട് അക്കിലസ് പശ്ചാത്താപഗ്രസ്ഥനായി. ചതഞ്ഞരഞ്ഞ് വിരൂപമാക്കപ്പെട്ട ജഡത്തെ കഴിയുന്നത്ര വെടിപ്പാക്കി, കുളിപ്പിച്ച് മൃദു വസ്ത്രങ്ങളാൽ മൂടാനായി അനുചരരോടു കല്പിച്ചു. ദുഃഖാചരണവും ശവസംസ്കാരവും മറ്റു അന്ത്യ കർമ്മങ്ങളും കഴിയുന്നതു വരെ യുദ്ധം നിർത്തിവെക്കുമെന്ന് അക്കിലസ്സ് വാഗ്ദാനം ചെയ്തു. ദുഃഖാചരണം ഒമ്പതു ദിവസം നീണ്ടു നിന്നു. എരിഞ്ഞമർന്ന ചിതയിൽ വീഞ്ഞു വീഴ്ത്തിയശേഷം അസ്ഥികളെല്ലാം സ്വർണ്ണ ക്കലശത്തിൽ ശേഖരിക്കപ്പെട്ടു. ആ കലശം പിന്നീട് ഭൂമിക്കടിയിൽ കുഴിച്ചിടപ്പെട്ടു.

ഇലിയഡ് ഇവിടെ അവസാനിക്കുന്നു.

കാവ്യഘടന

ഭാഷ, ദൈർഘ്യം, വൃത്തം

അത്യന്തം ആലങ്കാരികമായ ഭാഷയിലാണ് ഇലിയഡ് എഴുതപ്പെട്ടിട്ടുള്ളത്. ആറു പാദങ്ങളുള്ള ഡക്റ്റിലിക് ഹെക്സാമീറ്റർ എന്ന മാത്രാവൃത്തത്തിൽ [7]മൂലകൃതിയിൽ 12110 വരികൾ ഉണ്ട്[8]. ഇംഗ്ലീഷു പരിഭാഷകളിൽ വരികളുടെ എണ്ണം പതിനാറായിരത്തോളമുണ്ട്[8].

കാലയളവ്,ഖണ്ഡങ്ങൾ

ട്രോജൻ യുദ്ധം തുടങ്ങി പത്താമത്തെ വർഷത്തിലാണ് കഥ നടക്കുന്നത്. വെറും ആറാഴ്ചകളിലെ സംഭവവികാസങ്ങളാണ് ഇതിവൃത്തം. യുദ്ധത്തിന് ഇടയായ കാര്യകാരണങ്ങൾ പലയിടത്തുമായി പ്രത്യക്ഷമായും പരോക്ഷമായും പരാമർശിക്കപ്പെടുന്നു.

ഇരുപത്തിനാലു ഖണ്ഡങ്ങളായി അഥവാ പർവങ്ങളായി പകുക്കപ്പെട്ടിട്ടുള്ള കാവ്യത്തിന് ആവർത്തനസ്വഭാവമുണ്ട്.

കാവ്യപരിചയം

പർവം 1

കാവ്യദേവതയെ വന്ദിച്ച ശേഷം അക്കിലിസും അഗമെമ്നണും തമ്മിലുള്ള വൈരത്തിന്റേയും അക്കിലിസിന്റെ രോഷത്തിന്റേയും,കഥയാണ് ഇതിവൃത്തമെന്നു കവി സൂചിപ്പിക്കുന്നു. കഴിഞ്ഞ പത്തു ദിവസങ്ങളായി അപ്പോളോദേവന്റെ കോപത്തിനിരയായി ഗ്രീക്കു സൈന്യം വലയുകയാണ്. ദൈവകോപത്തേയും ടോജൻസൈന്യത്തേയും ഒരേസമയത്ത് ചെറുത്തുനില്ക്കാൻ ആവതില്ലെന്ന ഗ്രീക്കു ഭടന്മാരുടെ പരാതിക്ക് അറുതി വരുത്താൻ ഗ്രീക്കു സൈനികത്തലവന്മാർ നിർബന്ധിതരായിരിക്കുന്നു. അപ്പോളോയുടെ കോപത്തിനു വ്യക്തമായ കാരണമുണ്ടായിരുന്നു. ഗ്രീക്കു സൈനികർ യുദ്ധമുതലായി രണ്ടു ട്രോജൻ യുവതികളെ തടവിലാക്കിയിരുന്നു- ക്രൈസീസും ബ്രിസൈസും. ക്രൈസീസ് ആഗമെമ്നണും ബ്രിസൈസ് അക്കിലസിനും പാരിതോഷികമായി ലഭിച്ചു. അപ്പോളോ ക്ഷേത്രത്തിലെ പുരോഹിതനായിരുന്ന ക്രൈസസിന്റെ പുത്രിയായിരുന്നു ക്രൈസീസ്. പുത്രിയെ വിട്ടുകിട്ടാനായി ക്രൈസസ് അളവറ്റ മോചനദ്രവ്യവുമായി അഗമെമ്നണെ കാണാനെത്തി. എന്നാൽ ക്രൈസീസിനെ വിട്ടുകൊടുക്കാൻ അഗമെംനൺ തയ്യാറായില്ലെന്നു മാത്രമല്ല, പുരോഹിതനോട് നിന്ദ്യമായി പെരുമാറുകയും ചെയ്തു. തന്റെ പുരോഹിതനെ അപമാനിച്ചതിൽ ക്രുദ്ധനായ അപ്പോളോ ഗ്രീക്കു സൈന്യത്തിനുമേൽ മഹാമാരി അഴിച്ചു വിട്ടിരിക്കയാണെന്നും ക്രൈസീസിനെ തിരിച്ചേൽപ്പിക്കാത്തിടത്തോളം കാലം ദൈവകോപം തുടരുമെന്നും ഗ്രീക്കു ഗുരു കൽചാസ് വെളിപ്പെടുത്തുന്നു[9]. ക്രൈസിസിനെ തിരിച്ചയക്കണമെന്ന് അക്കിലിസ് വാദിക്കുന്നു. ഇതിന്റെ പേരിൽ അഗമെമ്നണും അക്കിലിസും തമ്മിൽ ഇടയുന്നു. ക്രൈസിസിനെ തിരിച്ചയക്കേണ്ടി വന്നാൽ ബ്രിസൈസിനെ താൻ കൈയടക്കുമെന്ന് അഗമെമ്നൺ പ്രഖ്യാപിക്കുന്നു. ഇരു ഗ്രീക്കുയോദ്ധാക്കളും തമ്മിലുള്ള വൈരം മൂർച്ഛിക്കുന്നു. ബ്രിസൈസ് നഷ്ടപ്പെട്ടാൽ താൻ യുദ്ധത്തിൽ നിന്നു പിന്മാറി, സ്വദേശത്തേക്കു തിരിച്ചുപോകുമെന്ന് അക്കിലിസ് ഭീഷണി മുഴക്കുന്നു. ക്രൈസീസ് തിരിച്ചല്പിക്കപ്പെടുന്നതോടെ അപ്പോളോ ദേവൻ ശാന്തനാവുന്നു, മഹാമാരി അവസാനിക്കുന്നു. പക്ഷെ ആഗമെമ്നൺ ബലം പ്രയോഗിച്ച് ബ്രിസൈസിനെ കൈക്കലാക്കുന്നു[10]. നിരാശയും അപമാനവും മൂലം വ്യഥിതനായ അക്കിലിസിന്റെ സങ്കടത്തിന് പരിഹാരം കാണാൻ മാതാവ് തെറ്റിസ് സ്യൂസ് ദേവനെ സമീപിക്കുന്നു. ആഗമെമ്നണെ ഒരു പാഠം പഠിപ്പിക്കാമെന്ന് സ്യൂസ് സമ്മതിക്കുന്നു[11]. ഇതേച്ചൊല്ലി ദേവലോകത്ത് അത്താഴസമയത്ത് സ്യൂസും ഹീരയും വാക്ത്തർക്കത്തിലേർപ്പെടുന്നു.[12]

പർവം 2

സ്വപ്നത്തിലൂടെ ആഗമെമ്നണ് സ്യൂസിന്റെ ആദേശം ലഭിക്കുന്നു- ട്രോയ് നഗരത്തെ ആക്രമിച്ചു കീഴടക്കാൻ ഏറ്റവും പറ്റിയ സന്ദർഭമാണിതെന്ന്.[13]. പടത്തലവന്മാർ സമ്മതം മൂളിയെങ്കിലും സാധാരണ പടിയാളികൾ എങ്ങനെ പ്രതികരിക്കുമെന്നറിയാനായി യുദ്ധം നിർത്തലാക്കി തിരിച്ചുപോയാക്കാമെന്നായി ആഗമെമ്നൺ.[14] ഗ്രീക്കുസൈന്യത്തെ പ്രകോപിപ്പിക്കുകയായിരുന്നു ആഗമെമ്നണിന്റെ ഉദ്ദേശ്യം. എന്നാൽ ഈ അടവ് പിഴച്ചു. തെർസിറ്റിസ് മുന്നോട്ടു വന്ന് തിരിച്ചുപോക്കുതന്നേയാണ് നല്ലതെന്ന് സമർഥിച്ചു. ട്രോജൻസൈന്യത്തെ തോല്പിച്ചു തുന്നംപാടിക്കുമെന്ന ആഗമെമ്നണ്ന്റെ വീരവാദങ്ങൾ വെറും പൊള്ളയാണെന്നും ഗ്രീക്കു സൈന്യത്തിന് വിജയസാധ്യത തീരെയില്ലെന്നും തെർസ്റ്റിസ് വാദിച്ചു[15].മാത്രമല്ല ആവശ്യത്തിനു പെണ്ണും പണവും നേടിയെടുത്തതുകൊണ്ടാണ് ആഗമെമ്നണ് തിരിച്ചു പോകാൻ ധൃതി എന്നും തെർസ്റ്റിസ് ആരോപിക്കുന്നുണ്ട്. സൈന്യത്തിൽ ഭൂരിപക്ഷം തെർസ്റ്റിസിനോടു യോജിച്ച് തിരിച്ചു പോകാൻ സന്നദ്ധരായി. ഇത്തരുണത്തിൽ ദേവകൾ ഇടപെട്ടു. അഥീനയുടെ പ്രേരണ മൂലം ഒഡീസ്സസ് തെർസിറ്റ്സിനെ ഭർത്സിക്കുകയും വധിക്കുകയും ചെയ്തു.[16] തുടർന്നും യുദ്ധം ചെയ്യണമെന്നും ട്രോയ്നഗരത്തെ ചുട്ടു ചാമ്പലാക്കാതെ, ഗ്രീക്കു സൈന്യം പിന്തിരിയരുതെന്നും ഒഡീസ്സസ് ആഗമെമ്നണേയും ഗ്രീക്കു സൈന്യത്തേയും പ്രോത്സാഹിപ്പിച്ചു[17]. ഗ്രീക്കു സൈന്യം ബാലിശമായി പെരുമാറരുതെന്നും വിജയശ്രീലാളിതരായി തിരിച്ചു പോകും വരെ യുദ്ധം ചെയ്യണമെന്നും മടക്കയാത്രയിൽ ഓരോ ഗ്രീക്കു യോദ്ധാവിന്റേയും കൂടെ ഒരു ട്രോജൻ ഭാര്യയും ഉണ്ടായിരിക്കണമെന്നും അനുഭവസമ്പന്നനായ പടത്തലവൻ നെസ്റ്റർ ഉത്തേജിപ്പിച്ചു[18]. സൈന്യ വിഭാഗങ്ങളെ വേണ്ടപോലെ നീരീക്ഷിച്ച് വിന്യസിക്കേണ്ടതുണ്ടെന്ന് നെസ്റ്റർ അഭിപ്രായപ്പെട്ടു. ഗ്രീക്കു സൈന്യവിഭാഗങ്ങളുടേയും അവയുടെ തലവന്മാരുടേയും വിവരണങ്ങൾ ഹോമർ ഇവിടെ നല്കുന്നു.[19]ട്രോജൻ പട്ടാളക്കാമ്പിലേക്ക് സ്യൂസിന്റെ ദൂത ഐറിസ് സന്ദേശവുമായെത്തി.ഗ്രീക്കു പടയുടെ യുദ്ധസന്നാഹങ്ങൾ ദേവദൂത ഹെക്റ്റെ ധരിപ്പിച്ചു. [20] ട്രോജൻ സൈന്യവും തയ്യാറെടുപ്പുകൾ തുടങ്ങി [21]

പർവം 3

യുദ്ധക്കളത്തിൽ മെനിലോസിനെ കണ്ട് പാരിസ് വിരണ്ടുപോവുകയും അണികൾക്കിടയിൽ ഒളിക്കാൻ ശ്രമിക്കയും ചെയ്തു.[22]. ഇതു കണ്ട ഹെക്റ്റർ പാരിസിനെ കണക്കിനു ശകാരിച്ചു [23]. തന്റെ ചെയ്തികൾക്കായി ഗ്രീസും ട്രോയും യുദ്ധം ചെയ്യേണ്ടതില്ലെന്നും, താനും മെനിലോസും തമ്മിൽ ദ്വന്ദ്വയുദ്ധത്തിലേർപ്പെടാമെന്നും വിജയിക്ക് ഹെലനും അവളുടെ സമ്പത്തും അവകാശപ്പെടാമെന്നും പാരിസ് പറയുന്നു[24]. പാരിസിന്റെ ഈ പ്രസ്താവം ഹെക്റ്റർ സേനാനായകർക്കു മുമ്പാകെ അവതരിപ്പിക്കുന്നു. ഇരു പക്ഷക്കാരും ഇത് അംഗീകരിക്കുന്നു.[25]. പത്തുവർഷം നീണ്ടു നിന്ന യുദ്ധം അവസാനിക്കുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെന്ന് ഇരു സേനകളും സമാശ്വസിക്കുന്നു.[26]ഹെലൻ പാരിസിന്റെ കുടുംബത്തോടൊപ്പം നഗരമതിലിനപ്പുറത്തു നിന്ന് ഇരു സേനകളേയും വീക്ഷിക്കുന്നു. ഈയവസരത്തിൽ ഗ്രീക്കുസൈന്യത്തിലെ ഓരോ യോദ്ധാവിനേയും ചുണ്ടിക്കാട്ടി, അവരുടെ വിവരങ്ങൾ പ്രിയാം ഹെലനോട് ആരായുന്നു.[27]. സ്യൂസിനുള്ള ബലിയർപ്പിച്ച് ആഗമെമ്നണും പ്രിയാമും ദ്വന്ദ്വയുദ്ധത്തിന്റെ നിബന്ധനകൾ പാലിക്കുമെന്നും ലംഘനം ഘോരമായ യുദ്ധത്തിൽ കലാശിക്കുമെന്നും ശപഥമെടുക്കുന്നു [28]. ഹെക്റ്ററും ഒഡീസ്സസും ചേർന്ന് ദ്വന്ദ്വയുദ്ധത്തിനു പറ്റിയ സ്ഥലം കണ്ടെത്തി, നിയമങ്ങൾ ഉറപ്പു വരുത്തുന്നു, ആദ്യ നീക്കം ആരുടേത് എന്നത് നറുക്കിട്ടു തീരുമാനിക്കുന്നു. [29]. നറുക്കു വീണത് പാരിസിന്. പാരിസ് തന്റെ ഭാരിച്ച കുന്തമെറിഞ്ഞു, പക്ഷെ, കുന്തമുന ഒടിഞ്ഞതല്ലാതെ മെനിലോസിനെ മുറിവേല്പിക്കാനായില്ല. വാളും കുന്തവുമെടുത്ത് ഇരുവരും പൊരുതി. ഒടുവിൽ മെനിലോസ് പാരിസിനെ കുതിരപ്പുറത്തു നിന്ന് താഴെ വീഴ്ത്തി, ശിരോകവചത്തിൽ മുറുകെ പിടിച്ച് ഗ്രീക്കു സൈന്യം ഇരുന്നിരുന്ന ഭാഗത്തേക്കു വലിച്ചിഴച്ചു. മെനിലോസ് ജയിക്കുമെന്നത് ഉറപ്പായി. ആ നിമിഷം പ്രണയദേവത അഫ്രൊഡൈറ്റി ഇടപെട്ടു. ശിരോകവചം താടിക്കു കീഴെ ഉറപ്പിച്ചിരുന്നു തുകൽപ്പട്ട മുറിഞ്ഞുപോയി, മെനിലോസിന്റെ കൈയിൽ ശിരോകവചം മാത്രം ശേഷിച്ചു.[30]. കുന്തവുമായി മെനിലോസ് മുന്നോട്ടാഞ്ഞെങ്കിലും പാരിസിനെ പൊക്കിയെടുത്ത് അഫ്രൊഡൈറ്റി ഹെലന്റെ കിടപ്പുമുറിയിൽ എത്തിച്ചു.[31]. പാരിസിന് മെനിലോസിനെ നേർക്കുനേരെ നിന്ന് ജയിക്കാനാവില്ലെന്ന് ഹെലനും[32] അതല്ല ഇനിയൊരവസരം കിട്ടിയാൽ ജയം തന്റേതായിരിക്കുമെന്ന് പാരിസും[33] വാദിക്കുന്നു.പാരിസ് പടക്കളത്തിൽ നിന്ന് ഓടിയൊളിച്ചതിനാൽ വിജയം മെനിലോസിന്റേതാണെന്നും കരാറനുസരിച്ച് ഹെലനും അവളുടെ സമ്പത്തും മെനിലോസിന് അവകാശപ്പെട്ടതാണെന്നും ആഗമെമ്നൺ പ്രഖ്യാപിക്കുന്നു.[34]

പർവം 4

ദേവലോകത്ത് സ്യൂസിന്റെ അധ്യക്ഷതയിൽ യോഗം കൂടി[35]. ദ്വന്ദ്വയുദ്ധത്തിന്റെ കരാറനുസരിച്ച് മെനിലോസ് ഹെലനെയും കൊണ്ട് തിരിച്ചു പോവും, ട്രോജൻജനത സമാധാനപരമായി ഇതംഗീകരിക്കയും ചെയ്യും. എന്നാൽ ഇതനുവദിക്കരുതെന്ന് ദേവഗണങ്ങൾ നിശ്ചയിച്ചു.[36]. അഥീന ട്രോജൻ സൈനികൻ പന്ഡോറസിനെ പ്രലോഭിപ്പിച്ചു- പന്ഡോറാസ് മെനിലോസിനെ ഒളിയമ്പെയ്തുകൊന്നാൽ പാരിസ് അത്യന്തം സന്തുഷ്ടനാകുമെന്നും സമ്പത്തും സ്ഥാനമാനങ്ങളും പാരിതോഷികമായി ലഭിക്കുമെന്നും ഒക്കെയുള്ള തോന്നലുകൾ അവനിലുണർത്തി.[37]. പക്ഷെ പന്ഡോറസിന് മെനിലോസിനെ കൊല്ലാനായില്ല, പരിക്കേല്പിക്കാനേ ആയുള്ളു. [38]. കരാറു ലംഘനം നടന്നതോടെ യുദ്ധം പുനരാരംഭിക്കാൻ ഇരു പക്ഷക്കാരും ഒരുങ്ങി. ആഗമെമ്നൺ പടത്തലവന്മാരേയും പടയാളികളേയും ഉത്തേജിപ്പിക്കാൻ ശ്രമിച്ചു [39]. ആർത്തിരമ്പുന്ന കടൽ പോലെ ഗ്രീക്കു സൈന്യം ഒറ്റക്കെട്ടായി മുന്നോട്ടു കുതിച്ചു. [40]. ഗ്രീക്കു സൈന്യത്തോളം സുഘടിതമായിരുന്നില്ല ട്രോജൻ സൈന്യം[41]. അജയ്യനായ ഗ്രീക്കു യോദ്ധാവ് അക്കിലിസിന്റെ അസാന്നിധ്യം തങ്ങൾക്ക് അനുകൂലമായി ഭവിക്കുമെന്ന് ട്രോജൻ സൈന്യം കണക്കുകൂട്ടി. ഇരു പക്ഷക്കാരും തമ്മിൽ ഘോരയുദ്ധം നടന്നു, ഇരു പക്ഷത്തും കനത്ത ആൾനാശം സംഭവിച്ചു[42]

പർവം 5

ഗ്രീക്കു പക്ഷത്തിൽപ്പെട്ട ഡയോമിഡസ് അഥീനയുടെ രക്ഷാവലയത്തിൽ യുദ്ധക്കളത്തിലിറങ്ങുന്നു. ഡയോമിഡെസിന്റെ വീരപരാക്രമങ്ങൾ ട്രോജൻ പടയെ അത്ഭുതപ്പെടുത്തുന്നു.[43]. ട്രോജൻ പടയാളി പൻഡോറാസുമായുള്ള ഏറ്റുമുട്ടലിൽ തുടക്കത്തിൽ ഡയോമിഡസിന് പരിക്കേൽക്കുന്നുവെങ്കിലും, പിന്നീട് അയാൾ പൻഡോറാസിനെ വധിക്കുന്നു. മറ്റൊരു ട്രോജൻ പടയാളി ഏനിയസിനെ മാരകമായി പരിക്കേല്പിക്കുകയും ചെയ്യുന്നു. തക്കസമയത്ത് അഫ്രോഡൈറ്റി ഇടപെട്ടിവല്ലായിരുന്നെങ്കിൽ ഏനിയാസ് മരിച്ചു വീണേനെ.[44]. അഫ്രോഡൈറ്റിയേയും ഡയോമിഡെസ് മുറിവേല്പിക്കുന്നു കൂടാതെ യുദ്ധക്കളം അഫ്രോഡൈറ്റിക്കു യോജിച്ച ഇടമല്ലെന്ന് പരിഹസിക്കുകയും ചെയ്യുന്നു.[45]. പിന്നീട് ഹെക്റ്ററുടെ സഹായത്തിനായി അറീസും , ഏനിയാസിന്റെ സഹായത്തിനായി അപ്പോളോയും യുദ്ധക്കളത്തിലിറങ്ങുന്നു. ഏനിയാസിനെ അപായപ്പെടുത്താൻ ഡയോമിഡെസ് കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും ഓരോ തവണയും അപ്പോളോ ഏനിയാസിന്റെ രക്ഷക്കെത്തുന്നു.[46]. ഇതിനു പകരമെന്നമട്ടിൽ അഥീനയും ഹീരയും ഗ്രീക്കു പക്ഷത്തിറങ്ങുന്നു. യുദ്ധം ഗ്രീക്കു- ട്രോജൻ പടകൾ തമ്മിൽ എന്ന സിഥിതിയിൽ നിന്ന് ദേവന്മാർ തമ്മിൽ എന്ന നിലയിലേക്കു മാറിയതായി അഫ്രോഡൈറ്റി സങ്കടമുണർത്തിക്കുന്നു,[47]. ദേവന്മാരെ ബുദ്ധിമുട്ടിക്കാൻ മനുഷ്യർ സമർഥരാണെന്നും, മനുഷ്യരെച്ചൊല്ലി ദേവന്മാർക്കിടയിൽ അന്തശ്ചിദ്രം ഉണ്ടായ കഥകൾ ഏറെേയാണെന്നും ഡയോൺ പ്രസ്താവിക്കുന്നു [48]. യുദ്ധം കൊടുമ്പിരി കൊണ്ടതോടെ മെനിലോസും ഹെക്റ്ററും അജാക്സുമൊക്കെ പടക്കളത്തിലിറങ്ങുന്നു. അഥീനയുടെ സഹായത്തോടെ ഡയോമിഡെസ് അറീസിനെ പരിക്കേല്പിക്കുന്നു.[49]. പരാതിയുമായി സ്യൂസിനെ സമീപിച്ച അറീസിനേയും മനുഷ്യർക്കിടയിൽ കലഹം വിതക്കുന്ന എല്ലാ ദേവന്മാരേയും സ്യൂസ് കഠിനമായി ശകാരിക്കുന്നു[50]

പർവം 6

ദേവദേവികൾ തത്കാലത്തേക്ക് യുദ്ധഭൂമിയിൽ നിന്നു വിട്ടു നിന്നെങ്കിലും, മനുഷ്യർ യുദ്ധം തുടർന്നു[51]. ഡയോമിഡെസ്, അജാക്സ്,ഒഡീസ്സസ്, മെനിലോസ്, ആഗമെംനൺ എന്നിവരൊക്കെ രംഗത്തിറങ്ങി. [52] . ഇവരെയൊക്കെ ചെറുത്തു നില്ക്കാൻ അഥീനയുടെ കടാക്ഷം അത്യാവശ്യമാണെന്നു കണ്ട് ഹെക്റ്റർ അല്പനേരത്തേക്ക് യുദ്ധവിരാമം പ്രഖ്യാപിക്കുന്നു[53]. ഈ വേളയിൽ ഡയോമിഡെസ് ട്രോജൻ പടയാളി ഗ്ലൗകസുമായി കണ്ടുമുട്ടുകയും തങ്ങളുടെ പൂർവികർ സുഹൃത്തുക്കളായിരുന്നെന്ന് കണ്ടെത്തുകയും സൗഹൃദസൂചകമായി പരസ്പരം പടച്ചട്ടകൾ കൈമാറുകയും ചെയ്യുന്നു. [54].

കൊട്ടാരത്തിൽ തിരിച്ചെത്തിയ ഹെക്റ്റർ അമ്മയോട്, മറ്റു സ്ത്രീകളെയെല്ലാം സംഘടിപ്പിച്ച് അഥീനയുടെ ദേവാലയത്തിൽ ചെന്ന് ദേവിയെ പ്രസാദിപ്പിക്കുവാൻ പൂജയും വഴിപാടുകളും നടത്താൻ ആവശ്യപ്പെടുന്നു. എന്നാൽ അഥീന പൂജ സ്വീകരിക്കാൻ വിസമ്മതിക്കുന്നു[55] യുദ്ധരംഗത്തു നിന്ന് ഒഴിഞ്ഞുമാറി നില്ക്കുന്ന പാരിസിനെത്തേടി ഹെക്റ്റർ അന്തഃപുരത്തിലെത്തുന്നു. അവിടെ ഹെലനോടൊപ്പം സമയം ചെലവഴിക്കുന്ന പാകിസിനെ, പുരുഷസഹജമായ വീറും വാശിയുമില്ലാത്തവനെന്ന് കഠിനമായി അധിക്ഷേപിക്കുന്നു[56]. പാരിസിന്റെ നിഷ്ക്രിയതയിൽ ഹെലനും ഏറെ വിഷണ്ണയാവുന്നു[57]

യുദ്ധരംഗത്തേക്ക് തിരച്ചുപോകുംവഴി ഹെക്റ്റർ സ്വന്തം പത്നി അന്ഡ്രോമാകിയേയും കൈക്കുഞ്ഞായ പുത്രൻ അസ്റ്റ്യാനക്സിനേയും കണ്ടുമുട്ടുന്നു. മറ്റാരോ ചെയ്ത അപരാധത്തിന് സ്വയം ബലിയാകരുതെന്നും യുദ്ധത്തിൽ നിന്ന് പിന്മാറണമെന്നും പത്നി കേണപേക്ഷിക്കുന്നു[58]. പക്ഷെ രാജ്യത്തിനും രാജാവിനും വേണ്ടി താനീ യുദ്ധത്തിൽ പങ്കെടുത്തേ തീരുവെന്ന് ഹെക്റ്റർ മറുപടി നല്കുന്നു. മാത്രമല്ല ട്രോയ് നഗരം തകർന്നടിയുന്നതും ഹെകൂബയും അന്ഡ്രോമകിയും ഗ്രീക്കുകാരുടെ ദാസ്യവൃത്തി ചെയ്യുന്നതും തനിക്കു കാണാനാകുന്നുണ്ടെന്ന് കൂടി ഹെക്റ്റർ പ്രവചിക്കുന്നു.[59].കുഞ്ഞിനെ താലോലിച്ചശേഷം ഹെക്റ്റർ യാത്രയാവുന്നു. ഹെക്റററെ ഇനി ജീവനോടെ കാണാനാകില്ലെന്ന ദുശ്ചിന്തയോടെ അന്ഡ്രോമാകി കൊട്ടാരത്തിലേക്കു മടങ്ങുന്നു.

ഹെക്റ്റർ കൊട്ടാരവളപ്പിൽനിന്ന് പുറത്തെത്തുമ്പോഴേക്കും പാരിസും ഹെക്റ്ററോടൊപ്പം ചേരുന്നു[60]. വീരനെങ്കിലും യുദ്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറി നില്ക്കുന്ന പാരിസിനെ ട്രോജൻയോദ്ധാക്കൾ പരിഹസിക്കയും പുച്ഛിക്കയും ചെയ്യുന്നുണ്ടെന്നും എന്നാൽ താമസിയാതെ ഗ്രീക്കുകാരരുടെ മേൽ വിജയം സ്ഥാപിക്കാനാവുമെന്നും ഹെക്റ്റർ പറയുന്നു [61]

പർവം 7

ഹെക്റ്ററും പാരിസും തിരിച്ചെത്തിയതോടെ യുദ്ധം പുനരാരംഭിക്കുന്നു. ട്രോജൻപടയെ ജയിപ്പിക്കാനായി അപ്പോളോയും ഗ്രീക്കുകാരുടെ രക്ഷക്കായി അഥീനയും ഉത്സുകരാണെങ്കിലും അന്നത്തെ യുദ്ധം ഏതുവിധേനയും അവസാനിപ്പിക്കാൻ ഇരുവരും തയ്യാറാവുന്നു.[62]. ഇതിന്റെ ഫലമായി ഹെക്റ്റർ ദ്വന്ദ്വയുദ്ധത്തിനായി മികച്ച ഗ്രീക്കു സൈനികനെ വെല്ലുവിളിക്കുന്നു.[63]. മെനിലോസ് മത്സരത്തിന് തയ്യാറായെങ്കിലും [64] ഹെക്റ്ററുടെ അസാമാന്യ ശക്തിക്കുമുന്നിൽ മെനിലോസിന് പിടിച്ചു നില്ക്കാനാവില്ലെന്നറിയാവുന്ന അഗമെംനൺ അയാളെ തടയുന്നു.[65]. നെസ്റ്ററുടെ പ്രകോപനം മൂലം അഗമെമ്നണടക്കം പലരും മുന്നോട്ടു വരുന്നു [66]. ഇക്കൂട്ടത്തിൽ നിന്ന് നറുക്കെടുപ്പിലൂടെ അജാക്സ് തിരഞ്ഞെടുക്കപ്പെടുന്നു.[67]. ഇരുവരും തമ്മിൽ പൊരിഞ്ഞ സംഘട്ടനം നടന്നു. [68]. ഇത് ഇരുവർക്കും അപായകരമായേ ഭവിക്കൂ എന്നറിഞ്ഞ സ്യൂസിന്റെ ആദേശപ്രകാരം ഇരുവശത്തേയും വയോവൃദ്ധർ ഇടപെട്ട് ഇരുട്ടു വീഴാൻ തുടങ്ങിയതു കണക്കിലെടുത്ത് മത്സരം നിർത്തിവെപ്പിക്കുന്നു.[69]. മത്സരാർഥികൾ പര്സപരം സമ്മാനങ്ങൾ കൈമാറി പിരിയുന്നു.[70].

തമ്പിൽ തിരിച്ചെത്തിയ ഗ്രീക്കു സൈന്യത്തലവന്മാരുമായി നെസ്റ്റർ കൂടിയാലോചന നടത്തുന്നു. മരിച്ചു വീണ ഗ്രീക്കു പടയാളികളുടെ അന്ത്യോപചാരം നടത്താനായി യുദ്ധവിരാമം ആവശ്യപ്പെടണമെന്നും ആ സമയം മുതലെടുത്ത് ഗ്രീക്കു താവളത്തിനു ചുറ്റും സുരക്ഷാവേലി കെട്ടേണ്ടതുണ്ടെന്നും ഉപദേശിക്കുന്നു[71]. ട്രോജൻ പട്ടാളക്കാമ്പിലും കൊണ്ടുപിടിച്ച ആലോചനകൾ നടക്കുന്നു. മരിച്ചവരുടെ അന്ത്യക്രിയകൾ ചെയ്യാൻ അവർക്കും സമയം വേണം. ഇത്തരുണത്തിൽ ഹെലനെ ഗ്രീക്കുകാർക്ക് തിരിച്ചു നല്കി, യുദ്ധം അവസാനിപ്പിക്കുകയാണ് എന്തു കൊണ്ടും നല്ലതെന്ന വയോവൃദ്ധൻ ആന്റ്നോറിന്റെ അഭിപ്രായത്തെ [72] പാരിസ് ശക്തിയായി നിരാകരിക്കുന്നു. ഹെലനു പകരമായി അനേകമിരട്ടി യുദ്ധമുതൽ നല്കാമെന്നായിരുന്നു പാരിസിന്റെ വാദം[73]. പ്രിയാമും ഈ വാദത്തെ ശരിവെച്ചു.[74] പക്ഷെ പിറ്റേന്ന് പ്രസ്താവം പരിഗണനക്കു വെച്ചപ്പോൾ അത് ഗ്രീക്കു പക്ഷത്തിന് സ്വീകാര്യമായിരുന്നില്ല.[75]. യുദ്ധത്തിൽ മരിച്ചു വീണ പടയാളികളുടെ ശവദാഹക്രിയകൾ നടത്താനായി തത്കാലം യുദ്ധനിരാമം തുടർന്നു. [76]

ഗ്രീക്കു പക്ഷം തങ്ങളുടെ താവളത്തിനു ചുറ്റും മതില്കെട്ട് ഉയർത്തി, അതിനുചുറ്റും ആഴവും വീതിയുമുള്ള കിടങ്ങും നിർമിച്ചു. [77]. ഈ പ്രവൃത്തി വീക്ഷിച്ചുകൊണ്ടിരുന്ന സ്യൂസും മറ്റു ദേവന്മാരും ഇത് തങ്ങൾക്കുള്ള വെല്ലുവിളിയായി വ്യാഖ്യാനിച്ചു[78] . ഈ മതില്ക്കെട്ട് താമസിയാതെ തകർത്തു തരിപ്പണമാക്കുമെന്ന് പൊസൈഡോണും സ്യൂസും തീരുമാനിച്ചു. [79]. ഒരു വലിയ കാര്യം സാധിച്ചെടുത്ത സംതൃപ്തിയോടെ ഗ്രീക്കു പക്ഷം ആ രാത്രി ആഘോഷപൂർവം കൊണ്ടാടി.[80].

പർവം 8

ദേവസദസ്സിൽ സ്യൂസ് എല്ലാ ദേവന്മാർക്കും താക്കീതു നല്കുന്നു. ആരും ഗ്രീക്ക-ട്രോജൻ യുദ്ധത്തിൽ ഇടങ്കോലിടരുത്. അഥവാ അങ്ങനെ സംഭവിച്ചാൽ കടുത്ത ശിക്ഷയാവും ഫലം.[81]. അനന്തരം സ്യൂസ് ട്രോയിയിലെ ഐഡ പർവതനിരകളിലേക്ക് യാത്രയായി. അവിടിരുന്ന് താഴെ ട്രോയ് നഗരത്തേയും കടൽതീരത്ത് തമ്പടിച്ചിരുന്ന ഗ്രീക്കു പടയേയും അവരുടെ കപ്പലുകളേയും വീക്ഷിച്ചു. [82].ഇരു കൂട്ടരും യുദ്ധത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. നേരം മധ്യാഹ്നത്തോടടുത്തപ്പോൾ സ്യൂസ് തന്റെ തുലാസ് പുറത്തെടുത്തു. അന്നത്തെ യുദ്ധത്തിൽ ഗ്രീക്കുക്കാരുടെ വിധി ഭൂമിയോളം താഴ്ന്നും ട്രോജൻ സൈന്യത്തിന്റേത് സ്വർഗലോകത്തോളം ഉയർന്നും നില്ക്കുന്നതായി സ്യൂസ് കണ്ടു.[83]. ഘോരയുദ്ധം നടന്നു. ഗ്രീക്കുസൈന്യത്തിന് തുടരെത്തുടരെ പരാജയം സംഭവിച്ചു. ഗ്രീക്കു കപ്പലുകൾ കത്തിച്ച് അവരെ നിശ്ശേഷം പരാജയപ്പടുത്തിയേ താനടങ്ങൂ എന്ന് ഹെക്റ്റർ പ്രഖ്യാപിച്ചു. [84]. ഗത്യന്തരമില്ലാതെ ഗ്രീക്കു സൈന്യം തങ്ങളുടെ കാമ്പിനുള്ളിലേക്ക് പിന്മാറുന്നു[85] . ഗ്രീക്കു സൈന്യത്തിന്റെ പരിതാപകരമായ നില ഹീരയേയും അഥീനയേയും അസ്വസ്ഥരാക്കുന്നു. ഇരുവരും യുദ്ധത്തിൽ ഇടപെടാൻ തയ്യാറാകുന്നത് ഐഡ ശിഖരത്തിലിരിക്കുന്ന സ്യൂസ് അറിയുന്നു. അവരെ കർശനമായി തടയുന്നു.[86] ഹെക്റ്ററുടെ പട ഗ്രീക്കു കാമ്പിനു ചുറ്റും തീക്കുണ്ഡങ്ങൾ തീർത്ത് നേരം വെളുക്കാനായി കാത്തിരുന്നു{{[87].

പർവം 9

ഗ്രീക്കു പടനായകന്മാർ കൂടിയാലോചന നടത്തുന്നു. തുടക്കത്തിൽ ഗ്രീക്കുകാരുടെ പക്ഷംപിടിച്ച സ്യൂസ് പൊടുന്നനെ ഗ്രീക്കുവിരോധിയായി മാറിയാതിനാൽ ഇനി ഗ്രീക്കു വിജയം പ്രതീക്ഷിക്കേണ്ടെന്നും സ്വദേശത്തേക്കു തിരിച്ചുപോവുകയാവും നല്ലതെന്നും ആഗമെംനൺ പ്രസ്താവിക്കുന്നു [88] ആഗമെംമ്നണിന്റെ അഭിപ്രായത്തെ ആദ്യം ഡയോമിഡെസും[89] പിന്നീട് നെസ്റ്ററും[90] ശക്തമായി എതിർക്കുന്നു. അക്കിലിസിനെ പിണക്കിയതാണ് അഗമെമ്നൺ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും ഉടനടിയായി അതിനു പരിഹാരം കാണണമെന്നും നെസ്റ്റർ ഉപദേശിക്കുന്നു[91]. ബ്രിസൈസിനെ മാത്രമല്ല അവളോടൊപ്പം അനേക മടങ്ങ് പൊന്നും പണവും അക്കിലിസിനു കാഴ്ച വെക്കാൻ താൻ തയ്യാറാണെന്നും അതിനുമുപരി തന്റെ മൂന്നു പെൺമക്കളിൽ ആരെ വേണമെങ്കിലും അക്കിലിസിനു അവകാശപ്പെടാമെന്നും സ്ത്രീധനമായി വേറേയും സമ്പത്തുക്കൾ നല്കാമെന്നും അഗമെമ്നൺ പ്രസ്താവിക്കുന്നു[92] അക്കിലിസിനെ പ്രീണിപ്പിക്കാനായി ഒഡീസ്സസും അജാക്സും ഫിനിക്സും ചെല്ലുന്നു[93]. അക്കിലിസ് സന്ദർശകരെ യഥാവിഥി സത്കരിച്ചിരുത്തി.[94]. പക്ഷെ അവരുടെ അനുനയങ്ങൾക്ക് അക്കിലിസ് വഴങ്ങുന്നില്ല. അപഹരിക്കപ്പെട്ട ഹെലനെ വീണ്ടെടുക്കാനായി യുദ്ധത്തിനിറങ്ങിയ അഗമെമ്നൺ , അക്കിലിസിന്റെ കൂട്ടുകാരിയെ അപഹരിക്കുന്നതിലെ നീതികേട് അക്കിലിസ് ചൂണ്ടിക്കാട്ടുന്നു.അഗമെമ്നണുമായി യാതൊരു വിധ കൂട്ടുകെട്ടിനും താൻ തയ്യാറല്ലെന്നും പിറ്റേന്ന് പുലർന്നാൽ താൻ മടക്കയാത്ര ആരംഭിക്കുമെന്നും തനിക്ക് പാരിതോഷികങ്ങളൊന്നും ആവശ്യമില്ലെന്നും തനിക്കൊത്ത ഭാര്യയെ തന്റെ പിതാവ് കണ്ടു പിടിച്ചോളുമെന്നും അക്കിലിസ് കൂട്ടിച്ചേർക്കുന്നു[95]. ഫിനിക്സ് പലേ ഉദാഹരണങ്ങളും നല്കി അക്കിലിസിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നു, പക്ഷെ ഫലിക്കുന്നില്ല. രാത്രി തന്നോടൊപ്പം ചെലവഴിക്കാൻ അക്കിലിസ് ഫിനിക്സിനോട് അഭ്യർഥിക്കുന്നു. ഫിനിക്സ് സമ്മതം മൂളുന്നു.

ആഗമെമ്നണിന്റെ കൂടാരത്തിൽ തിരിച്ചെത്തി ഒഡീസ്സസും അജാക്സും വിവരങ്ങളെല്ലാം പറയുന്നു.[96]. അഹങ്കാരിയായ അക്കിലിസിനെ ഇനിയും പ്രീണിപ്പിക്കേണ്ട ആവശ്യമില്ലെന്നും അക്കിലസ്സില്ലാതെ തന്നെ യുദ്ധം തുടരാമെന്നും കുപിതനായ ഡയോമിഡെസ് വാദിക്കുന്നു[97]. എല്ലാവരും ഇതംഗീകരിക്കുന്നു.[98]

പർവം 10

അന്നു രാത്രി ഉറക്കം വരാതെ അഗമെമ്നണും മെനിലോസും ഭാവി പരിപാടികളെക്കുറിച്ചോർത്തു വിഷമിക്കുന്നു.[99] [100] ഇരുവരും ചേർന്ന് നെസ്റ്റർ, ഒഡീസ്സസ്, ഡയോമിഡേസ്, അജാക്സ് എന്നിവരെയൊക്കെ വിളിച്ചുണർത്തി സഭ കൂടുന്നു[101] ട്രോജൻ സൈന്യത്തിന്റെ നീക്കങ്ങളെപ്പറ്റി അറിയാനായി അവിടേക്ക് ചാരന്മാരെ അയക്കേണ്ടതുണ്ടെന്ന് സഭ തീരുമാനിക്കുന്നു[102]. ഡയോമിഡെസും ഒഡീസ്സസും ട്രോജൻ താവളത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നു[103]. അവർക്കു ഹീര ശുഭശകുനം നല്കുന്നു.[104]

ട്രോജൻ കാമ്പിൽ ഹെക്റ്ററും ഗ്രീക്കു കാമ്പിലേക്ക് ചാരനെ അയക്കേണ്ട ആവശ്യമുണ്ടെന്ന് പ്രസ്താവിക്കുന്നു. ഡോളൺ ഇതിനു നിയുക്തനാകുന്നു.[105]. ഗ്രീക്കു താവളത്തിലെത്തിയ ഡോളണെ ഒഡീസ്സസും ഡയോമിഡെസും ചേർന്ന് പിടികൂടുന്നു[106]. നിവൃത്തിയില്ലാതെ ഡോളൺ തനിക്കറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തുന്നു[107]. ത്രേസ്യൻ രാജാവ് റീസസിന്റെ മെച്ചപ്പെട്ട കുതിരകളെപ്പറ്റിയുള്ള വിവരങ്ങളും നല്കുന്നു. ഡോളണെ കൊലപ്പെടുത്തിയശേഷം[108] ഡയോമിഡസും ഒഡീസ്സസും ട്രോജൻ കാമ്പിലെത്തി റീസസ്സിന്റെ കൂടാരത്തിൽ പ്രവേശിച്ച് പടയാളികളേയും റീസസ്സിനേയും കൊലചെയ്ത് കുതിരകളെ അഴിച്ചു കൊണ്ടു പോകുന്നു[109]. ഗ്രീക്കു താവളത്തിൽ ആഹ്ലാദ പ്രകടനങ്ങൾ[110]

പർവം 11

വർധിച്ച ഉത്സാഹത്തോടെ ഗ്രീക്കു പട യുദ്ധത്തിനു തയ്യാറായി[111]. മറുഭാഗത്ത് ഹെക്റ്ററുടെ നേതൃത്വത്തിൽ ട്രോജൻ പടയും സന്നദ്ധരായി നിന്നു.[112].ആഗമെമ്നണിന്റെ നേതൃത്വത്തിൽ കാട്ടുതീ കത്തിപ്പടരുംപോലെ ഗ്രീക്കു പട മുന്നോട്ടു കുതിച്ചു[113]. ട്രോജൻ സൈന്യത്തിന് കടുത്ത സമ്മർദ്ദം അനുഭവപ്പെട്ടു. ഐഡശിഖരത്തിലിരുന്ന് യുദ്ധത്തിന്റെ നില വീക്ഷിച്ചുകൊണ്ടിരുന്ന സ്യൂസ് ഹെക്റ്റർക്ക് സന്ദേശമയക്കുന്നു- ആഗമെമ്നൺ പരിക്കേറ്റവശനായി സ്വന്തം കൂടാരത്തിലേക്കു പോകുംവരെ ക്ഷമിക്കുക. അതിനുശേഷം ഗ്രീക്കു പടയെ കടന്നാക്രമിക്കുക[114]. പോരാട്ടത്തിനിടയിൽ ആഗമെമ്നണ് പരിക്കേൽക്കുന്നു, എന്നിട്ടും രക്തസ്രാവം വകവെക്കാതെ കുറെ നേരം കൂടി യുദ്ധം തുടരുന്നു. ഒടുവിൽ ക്ഷീണിതനായി തേരിലേറി കൂടാരത്തിലേക്കു പോകുന്നു[115]. അതോടെ ഹെക്റ്റർ ട്രോജൻ ആക്രമണം ആരംഭിക്കുന്നു[116]. തുടർന്നുണ്ടായ ഘോരയുദ്ധത്തിൽ ഡയോമിഡെസിനും ഒഡീസ്സസിനും നെസ്റ്റർക്കും അജാക്സിനുമൊമൊക്കെ പരിക്കേൽക്കുന്നു. [117]. തന്റെ കപ്പലിന്റെ മുകൾത്തട്ടിലിരുന്ന് അക്കിലിസ്, ആത്മസുഹൃത്ത് പട്രോക്ലീസിനോടൊപ്പം ഗ്രീക്കുസൈന്യത്തിന്റെ പരിതാപകരമായ നില വീക്ഷിക്കുന്നു. വിവരങ്ങളറിഞ്ഞു വരാൻ പട്രോക്ലീസിനെ നെസ്റ്ററുടെ കൂടാരത്തിലേക്ക് അയക്കുന്നു.[118]. യുദ്ധത്തിൽ പങ്കടുക്കില്ലെന്നു വാശിപിടിച്ചിരിക്കുന്ന അക്കിലിസിനെപ്പറ്റി പത്രോക്ലീസിനോട് നെസ്റ്ററും മറ്റു ഗ്രീക്കു യോദ്ധാക്കളും പരാതി പറയുന്നു.[119]

പർവം 12

യുദ്ധക്കളത്തിൽ പോരു തുടർന്നുകൊണ്ടേ പോകുന്നു. ഗ്രീക്കുപട പ്രതിരോധാർഥം കുഴിച്ച വീതിയുള്ള കിടങ്ങു മറികടന്ന് അപ്പുറത്തുള്ള മതിലുവരെയെത്തി, അതും ഭേദിച്ച് അകത്തുകടക്കാൻ ട്രോജൻ പട യത്നിക്കുന്നു. കുതിരകൾക്കു ചാടിക്കടക്കാനാകാത്ത വിധം വീതിയും നീന്തിക്കടക്കാനാവാത്തവിധം കുത്തനേയുമായിരുന്നു കിടങ്ങിന്റെ ഘടന [120]. അതിനാൽ തേരും കുതിരയും ഉപേക്ഷിച്ച് കാലാൾപ്പട അഞ്ചു വിഭാഗങ്ങളായി ഇടുങ്ങിയ വരമ്പുകളിലൂടെ മതില്ക്കെട്ടിനടുത്തെത്തി[121].പൊടുന്നനെ കണ്ട ദുശ്ശകുനത്തിന്റെ പേരിൽ പിന്നീട് പോളിഡമസ് ഇനിയും മനുന്നോട്ടു പോവരുതെന്ന് വിലക്കുന്നുണ്ടെങ്കിലും [122] ഹെക്റ്റർ അതു ചെവിക്കൊള്ളുന്നില്ല[123]. സർപിഡോൺ മതില്ക്കെട്ടിൽ വിടവുണ്ടാക്കുന്നു [124] .ഇതിനിടയിൽ ഭീമാകാരമായ കല്ലുയർത്തി കോട്ടവാതിലിന്റെ വിജാഗിരിയും കൊളുത്തുകളും ഭേദിച്ച് ഹെക്റ്റർ ഗ്രീക്കു താവളത്തിലേക്ക് പ്രവേശിക്കുന്നു[125].

പർവം 13

പ്രതിരോധങ്ങളെ മറികടന്ന് ഗ്രീക്കു താവളത്തിലെത്താൻ ഹെക്റ്ററേയും ട്രോജൻ പടയേയും സഹായിച്ച ശേഷംെ സ്യൂസ് പിൻവാങ്ങി[126]. ഇനി മനുഷ്യർ തമ്മിൽ പൊരുതട്ടേയെന്നും ദേവന്മാർ ഇടപെടുരുതെന്നും ആയിരുന്നു സ്യൂസിന്റെ നിർദ്ദേശം[127]. ഹെക്റ്ററുടെ നേതൃത്വത്തിൽ വിനാശം വിതച്ചുകൊണ്ട് ട്രോജൻ സൈന്യം മുന്നേറി[128]. ഗ്രീക്കു സൈന്യത്തിന്റെ പരിതാപകരമായ നിലകണ്ട് അലിവു തോന്നിയ പൊസൈഡൺ പല രൂപങ്ങളിലും ഭാവങ്ങളിലും ഗ്രീക്കു പടയാളികൾക്ക് വിര്യമൂട്ടി[129]. ആത്മാർഥമായി യുദ്ധം ചെയ്യാത്ത ഒരു ഗ്രീക്കുയോദ്ധാവിനും സ്വദേശത്തേക്ക് മടങ്ങിച്ചെല്ലാനാവില്ലെന്ന് പൊസൈഡോൺ സന്ദേശമോതി[130]. ഇരുവശത്തും അനേകം യോദ്ധാക്കൾ മരിച്ചു വീണു. കസാൻഡ്രയുടെ പ്രതിശ്രുതവരൻ ഒർത്രയോണെസ് അവരിലൊരാൾ ആയിരുന്നു[131]. ഒടുവിൽ ഹെക്റ്ററും അജാക്സും ഏറ്റുമുട്ടുന്നു[132].

പർവം 14

ഹെക്റ്ററുടെ പോർവിളി പരിക്കേറ്റു പിൻവാങ്ങേണ്ടിവന്ന നെസ്റ്റർ, ആഗമെംനൺ,ഒഡീസ്സസ്, ഡയോമിഡെസ് എന്നീ ഗ്രീക്കു പടനായകന്മാരെ അത്യന്തം അസ്വസ്ഥരാക്കുന്നു[133]. കിടങ്ങും കന്മതിലും ഭേദ്യമാണെന്നു വന്ന നിലക്ക് എത്രയും വേഗം ശേഷിച്ച സൈനികരെ പിൻവലിച്ച് കപ്പലിലേറി രക്ഷപ്പെടുകയാവും ബുദ്ധിയെന്ന് ആഗമെംനൺ പ്രസ്താവിക്കുന്നു[134] അതിനോട് ഒഡീസ്സസ് യോജിക്കുന്നില്ല[135]. ഗ്രീക്കു സൈന്യത്തിന്റെ ദൈന്യതയും ഐഡ ശിഖരത്തിലിരിക്കുന്ന സ്യൂസിന്റെ നിസ്സംഗതയും ഒളിമ്പസ് പർവതമുകളിലിരുന്ന് ഹീര വീക്ഷിക്കുന്നു[136]. ഗ്രീക്കു സൈന്യത്തെ ഏതു വിധേനയെങ്കിലും സഹായിക്കാനായി അതിവിദഗ്ദമായി കെണിയൊരുക്കുന്നു. സർവാലങ്കാരഭൂഷിതയായി, അഫ്രോഡൈറ്റിയിൽ നിന്ന് വശീകരണ മന്ത്രതന്ത്രയന്ത്രങ്ങൾ സ്വായത്തമാക്കി, ഹീര ഐഡ ശിഖരത്തിലെത്തുന്നു[137]. വഴിക്ക് നിദ്രാദേവനോട് സ്യൂസിനെ തക്ക സമയത്ത് സുഷുപ്തിയിലാഴ്ത്താനും ആവശ്യപ്പെടുന്നുണ്ട്. തന്നെ കണ്ടതും പ്രണയപരവശനായ സ്യൂസിനെ ഹീര ഉറക്കറയിലേക്ക് നയിക്കുകയും പ്രേമലീലകൾക്കുശേഷം സുഷുപ്തിയിലാഴ്ത്തുകയും ചെയ്യുന്നു. സ്യൂസ് ഉണരും മുമ്പ് ഗ്രീക്കുസൈന്യത്തിന് സഹായമെത്തിക്കേണമെന്ന് പൊസൈഡോണിന് സന്ദശമയക്കുന്നു[138]. പൊസൈഡൺ സഹായത്തിനെത്തിയതോടെ ഗ്രീക്കു പട പുത്തുണർവോടെ പടവെട്ടുന്നു[139]. അജാക്സ് ഹെക്റ്ററെ മാരകമായി മുറിവേല്പിക്കുന്നു[140]. ധരാശായിയായ ഹെക്റ്ററെ അജാക്സ് വലിച്ചിഴക്കും മുമ്പ് ട്രോജൻ യോദ്ധാക്കൾ ഹെക്റ്ററെ രക്ഷിക്കുന്നു. ഹെക്റ്റർ പോയതോടെ ഗ്രീക്കു പടയുടെ ആവേശം വർധിക്കുന്നു. അജാക്സിന്റെ നേതൃത്വത്തിൽ അവർ ട്രോജൻ പടയെ കന്മതിലിനും കിടങ്ങിനുമപ്പുറത്തേക്ക് തുരത്തിയോടിക്കുന്നു[141].

പർവം 15

ഉണർന്നെണീറ്റ സ്യൂസ് കണ്ടത് ട്രോജൻ പട പരാജിതരായി നഗരത്തിലേക്ക് തിരിഞ്ഞോടുന്നതാണ്[142]. ഇതിനു കാരണക്കാരി ഹീരയാണെന്നു പറഞ്ഞ് കുറ്റപ്പെടുത്തുന്നു[143]. ഹീര നിരപരാധിത്വം നടിക്കുന്നു[144]. വരാനിരിക്കുന്ന സംഭവങ്ങളുടെ രത്നച്ചുരുക്കം സ്യൂസ് ഹീരയെ ധരിപ്പിക്കുന്നു. ഉടനടി യുദ്ധരംഗത്തു നിന്ന് പിൻവാങ്ങാൻ താൻ പൊസൈഡണിന് നിർദ്ദേശം നല്കുമെന്നും ട്രോജൻ പടയെ ചെറുത്തു നില്ക്കാനാവാതെ വന്നാൽ മാത്രമേ, ഗത്യന്തരമില്ലാതെ ആഗമെംനൺ അക്കിലിസിനോട് ക്ഷമാപണം നടത്തുകയുള്ളുവെന്നും അതാണ് താൻ അക്കിലിസ്ന്റെ അമ്മ തെറ്റിസിനു നല്കിയ വാഗ്ദാനമെന്നും സ്യൂസ് പറയുന്നു [145]. ഹീര ഒളിമ്പസ് പർവതത്തിലേക്കു മടങ്ങുന്നു. ദേവഗണങ്ങൾക്കിടയിൽ യുദ്ധം ചർച്ചാവിഷയമാകുന്നു[146]. പൊസൈഡൺ അർദ്ധമനസ്സോടെ ഗ്രീക്കു പക്ഷത്തുനിന്ന് പിൻവാങ്ങുന്നു[147]. സ്യൂസിന്റെ നിർദ്ദേശപ്രകാരം അപ്പോളോ ഹെക്റ്ററെ സുഖപ്പെടുത്തുന്നു[148]. നവോന്മേഷത്തോടെ യുദ്ധക്കളത്തിലിറങ്ങിയ ഹെക്റ്ററെ തടുക്കാൻ അജാക്സ് കിണഞ്ഞു പരിശ്രമിക്കുന്നു[149]. യുദ്ധം മൂർച്ഛിക്കുന്നു. ട്രോജൻപടക്ക് മുൻതൂക്കം. മരിച്ചു വീണ ഗ്രീക്ക സൈനികരുടെ വിലയേറിയ പടച്ചട്ടകൾ അഴിച്ചുെടുക്കാൻ നില്ക്കാതെ ഗ്രീക്കുപടയെ കപ്പലുകളിലേക്ക് തുരത്തിയോടിക്കാൻ ഹെക്റ്റർ ആഹ്വാനം നല്കുന്നു[150]. ട്രോജൻപടയെ ചെറുത്തുനില്ക്കാൻ ഗ്രീക്കു സൈന്യം ആവതും ശ്രമിക്കുന്നു. ദൂരെമാറിയിരുന്ന് മുറിവേറ്റവരെ പരിചരിക്കയായിരുന്ന പട്രോക്ലിസ് ഇതെല്ലാം കണ്ട് അസ്വസ്ഥനാകുന്നു[151]. കപ്പലുകൾക്ക് തീവെക്കാനുള്ള ട്രോജൻപടയുടെ ശ്രമത്തെ വിഫലമാക്കാൻ അജാക്സ് ശ്രമിക്കുന്നു.[152]

പർവം 16

ഗ്രീക്കു പക്ഷത്തിനു നേരിടേണ്ടി വന്ന തുടർച്ചയായ പരാജയത്തിൽ മനംനൊന്ത് തന്നെ സമീപിച്ച പട്രോക്ലീസിനോട് അക്കിലിസ് സഹതാപം പ്രകടിപ്പിക്കുന്നു[153]. അക്കിലിസിന്റെ കഠിനഹൃദയത്തെ പട്രോക്ലീസും പഴിക്കുന്നു. അക്കിലിസിന്റെ അനുവാദമുണ്ടെങ്കിൽ അയാളുടെ പടച്ചട്ടയണിഞ്ഞ് താൻ മൈർമിഡോൺ സാന്യത്തെ നയിക്കാൻ തയ്യാറാണെന്ന് പട്രോക്ലിസ് പ്രഖ്യാപിക്കുന്നു[154]. തന്നോട് നികൃഷ്ടജീവിയെന്നനിലയിൽ പെരുമാറിയ അഗമെമ്നണോട് തനിക്കു തീർത്താൽ തീരാത്ത പകയുണ്ടെന്നും എങ്കിലും പട്രോക്ലീസിന് യുദ്ധത്തിൽ പങ്കു ചേരാനായി മൈർമിഡൺ സൈന്യത്തെ നയിക്കാനുള്ള അനുമതിയോടൊപ്പം സ്വന്തം പടച്ചട്ടയും, രഥവും നല്കുന്നു[155]. ട്രോജൻപടയെ ഗ്രീക്കുകപ്പലുകളുടെ ചുറ്റുവട്ടത്തുനിന്ന് തുരത്തിയോടിച്ചശേഷം തിരിച്ചെത്തണമെന്നും ഒരു കാരണവശാലും ട്രോയ് നഗരോന്മുഖമായി പോകരുതെന്നും അക്കിലിസ് പട്രോക്ലിസിനെ പ്രത്യേകം നിർദ്ദേശം നല്കുന്നു[156]. അക്കിലിസിന്റെ പടച്ചട്ടയണിഞ്ഞ് മൈർമിഡോൺ സൈന്യവിഭാഗത്തെ നയിച്ചുകൊണ്ട് പട്രോക്ലിസ് യുദ്ധഭൂമിയിൽ പ്രത്യക്ഷപ്പെടുന്നു[157]. നിമിഷനേരത്തേക്ക് ഇത് അക്കിലിസ് തന്നെയെന്നു കരുതിയ ട്രോജൻപട, വിരണ്ടുപോയി,തീപ്പന്തങ്ങളുപേക്ഷിച്ച് പിൻവാങ്ങുന്നു. പട്രോക്ലിസിന്റെ ആക്രമണം തടുക്കാനാവാതെ അവർ നഗരോന്മുഖമായി ഓടുന്നു[158]. അവരെ പിന്തുടർന്ന പട്രോക്ലിസിനെ സർപിഡോൺ പ്രതിരോധിക്കുന്നു[159]. ഏറ്റുമുട്ടലിൽ സർപ്പിഡോൺ കൊല്ലപ്പെടുന്നു[160]. വിജയോന്മാദത്തിൽ, ട്രോജൻപടയെ തുരത്തിക്കൊണ്ട് അക്കിലിസിന്റെ നിർദ്ദേശം പാടേ വിസ്മരിച്ച് പട്രോക്ലിസ് ട്രോയ് നഗരപരിധിയിലെത്തുന്നു[161]. നഗരമതിൽ മറികടന്ന് അകത്തേക്കു പ്രവേശിക്കാനുള്ള ഉദ്യമത്തിൽ അറീസ് ദേവന്റെ അദൃശ്യഹസ്തങ്ങൾ പട്രോക്ലിസിനെ പ്രഹരമേല്പിച്ച് ബോധരഹിതനും നിരായുധനുമാക്കുന്നു[162]. യൂറോഫോർബസ് മുതുകത്തും[163], ഹെക്റ്റർ അരപ്പട്ടക്കു താഴേയും കുന്തമുന കുത്തിയിറക്കുന്നു[164]. അന്ത്യശ്വാസം വലിക്കുന്നതിനിടയിൽ അറീസ് ദേവൻ തന്നെ നിരായുധനാക്കിയതുകൊണ്ടാണ് ഹെക്റ്റർക്ക് തന്നെ കൊല്ലാൻ കഴിഞ്ഞതെന്നും അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഹെക്റ്ററെ പോലെ ഇരുപതുപേരെ ഒന്നിച്ചു നേരിടാനുള്ള ശക്തി തനിക്കുണ്ടെന്നും താമസിയാതെ അക്കിലിസ് ഹെക്റ്ററെ വധിക്കുമെന്നും പട്രോക്ലിസ് പറയുന്നു[165]. അതിനു മറുപടിയായി ഒരുവേള അക്കിലിസിന്റെ മരണം തന്റെ കൈകൊണ്ടായിരിക്കുമെന്ന് ഹെക്റ്ററും വീമ്പിളക്കുന്നു. [166]

പർവം 17

പട്രോക്ലിസ് നിലം പതിക്കുന്നത് കണ്ട മെനിലോസ് ഉടൻ മുന്നോട്ടു കുതിച്ചു[167]. തന്നെ തടഞ്ഞ യൂറോഫോർബസിനെ വധിച്ചു[168]. അതോടെ ട്രോജൻപട മെനിലോസിനെ വളഞ്ഞു. ഒറ്റക്ക് മുന്നേറുന്നതു ബുദ്ധിയല്ലെന്നു കണ്ട്, അജാക്സിനേയും കൂട്ടി തിരിച്ചെത്താനായി മെനിലോസ് പിന്മാറി [169]. പട്രോക്ലിസിന്റെ ജഡശരീരം ട്രോയ് നഗരത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകണമെന്ന് ഗ്ലൗകസ് അഭിപ്രായപ്പെടുന്നു[170]. ഹെക്റ്റർ മുന്നോട്ടു വന്ന്, പട്രോക്ലിസിന്റെ ശരീരത്തിൽനിന്ന് അക്കിലിസിന്റെ വിശേഷപ്പെട്ട മാർച്ചട്ടയും ശിരോകവചവും ആയുധങ്ങളും അഴിച്ചെടുത്ത് സ്വയം അണിയുന്നു[171]. ഈ കാഴ്ച വീക്ഷിച്ചുകൊണ്ടിരുന്ന സ്യൂസിന്റെ സ്വഗതോക്തി- അന്നത്തെ യുദ്ധത്തിനുശേഷം ഈ പടച്ചട്ട അഴിച്ചുമാറ്റി പത്നി ആന്ഡ്രോമാഷിയുടെ കൈകളിൽ ഏല്പിക്കാനുള്ള സുയോഗം ഹെക്റ്റർക്കുണ്ടാവില്ല[172]. അജാക്സിന്റേയും മെനിലോസിന്റേയും നേതൃത്വത്തിൽ ഗ്രീക്കു പടയും ഹെക്റ്ററുടെ നേതൃത്വത്തിൽ ട്രോജൻ പടയും പട്രോക്ലിസിന്റെ ജഡശരീരത്തിനായി വാശിയോടെ പൊരുതുന്നു[173]. അതു തന്നെയിരുന്നു സ്യൂസിന്റെ ഇച്ഛ.[174]. പട്രോക്ലിസിന്റെ മരണവിവരം അക്കിലിസിനെ അറിയിക്കാനായി മെനിലോസ് നെസ്റ്ററുടെ പുത്രൻ അന്റിലോക്കസിനെ നിയോഗിക്കുന്നു. [175]. ജഡം കൈവശപ്പെടുത്തുന്നതിൽ ഗ്രീക്കു പക്ഷം വിജയിച്ചുെങ്കിലും ചേർന്ന് ശരീരം ചുമന്നു കൊണ്ടുപോകാനുള്ള മെനിലോസിന്റേയും അജാക്സിന്റേയും ശ്രമവും അവരെ പിന്തുടർന്നു തടുത്തു നിർത്താനുള്ള ട്രോജൻപടയുടെ ശ്രമവും തുടർന്നു. [176].

പർവം 18

ആർത്തലച്ചുകൊണ്ട് അന്റിലോക്കസ് അക്കിലിസിന്റെ ശിബിരത്തിലെത്തി, പട്രോക്ലിസിന്റെ മരണവൃത്താന്തം അറിയിച്ചു. [177]. അക്കിലിസിന്റെ വിലാപം സമുദ്രത്തിന്റെ അഗാധതയിൽ തട്ടി പ്രതിധ്വനിച്ചു, തെറ്റിസ്നിറെ ചെവികളിലും വീണു.[178], തെറ്റിസ് മകന്റെ സമീപത്തെത്തി സാന്ത്വനിപ്പിച്ചു[179]. തന്റെ ആത്മസുഹൃത്തിന്റെ മരണത്തിനു കാരണക്കാരനായ ഹെക്റ്റർ സ്വന്തം ജീവൻ ഇതിനു വിലയായി നല്കേണ്ടിവരുമെന്ന് അക്കിലിസ് പ്രഖ്യാപിക്കുന്നു[180]. ഹെക്റ്റർ മരിച്ചു വീണാൽ പിന്നെ അധികകാലം അക്കിലിസിന് ജീവനോടെ ഇരിക്കാനാവില്ലെന്ന് തെറ്റിസ് മകനെ ഓർമിപ്പിക്കുന്നു[181]. അതുസാരമില്ലെന്നും യുദ്ധക്കളത്തിലിറങ്ങുന്നതിൽ നിന്ന് അമ്മ തന്നെ തടയാൻ ശ്രമിക്കരുതെന്നും അക്കിലിസ് മറുപടി നല്കുന്നു[182]. അക്കിലിസിന്റെ പടച്ചട്ടയും മറ്റുപടക്കേപ്പുകളും പട്രോക്ലിസിന്റെ ശരീരത്തിൽനിന്ന് ഹെക്റ്റർ പറിച്ചെടുത്തതുകാരണം തത്കാലം അക്കിലിസ് നിരായുധനാണെന്നും പുലരും വരെ കാത്തിരിക്കണമെന്നും അതിനകം താൻ പുത്തൻപുതു പടക്കോപ്പുകളുമായി എത്താമെന്നും മകനോടു അഭ്യർഥിച്ച് തെറ്റിസ് ദേവലോകത്തേക്കു പോകുന്നു. [183]. സ്യൂസിന്റെ സന്ദേശവാഹകൻ അക്കിലിസിനെ സമീപിക്കുന്നു. പട്രോക്ലിസിന്റെ ജഡം ഏതു വിധേനയും കൈവശപ്പെടുത്തി, തലയറുത്ത് കുന്തമുനയിൽ കോർക്കാനും ശേഷിച്ച ഉടൽ നായ്ക്കൾക്ക് തീറ്റയായി ഇട്ടുകൊടുക്കാനുമാണ് ഹെക്റ്ററുടെ പദ്ധതിയെന്നും അങ്ങനെ സംഭവിക്കാതിരിക്കാൻ അക്കിലിസ് ഉടൻ പടക്കളത്തിലെത്തണമെന്നുമായിരുന്നു സ്യൂസിന്റെ സന്ദേശം[184]. നിരായുധനായ തനിക്ക് പടക്കളത്തിലിറങ്ങാനാവില്ലെന്ന അക്കിലിസിനോട്, യുദ്ധം ചെയ്യേണ്ടതില്ലെന്നും സ്വന്തം സാന്നിധ്യം പ്രകടമാക്കിയാൽ മാത്രം മതിയെന്നും സന്ദേശവാഹകൻ പറയുന്നു. അഥീനയുടെ അകമ്പടിയോടെ അക്കിലിസ് ഗ്രീക്ക് താവളത്തിന്റെ മതിൽക്കെട്ടിനരികെ നിന്നുകൊണ്ട് മൂന്നു തവണ അട്ടഹാസം മുഴക്കുന്നു[185]. ഇതുകേട്ട് ട്രോജൻ അണികളിൽ സംഭ്രമം പടർന്നു പിടിക്കുന്നു. സന്ദർഭം മുതലെടുത്ത് ഗ്രീക്കു സേന പട്രോക്ലീസിന്റെ ജഡവുമായി സ്വന്തം താവളത്തിലെത്തുന്നു[186].

സൂര്യൻ അസ്തമിച്ചതോടെ അന്നത്തെ യുദ്ധം അവസാനിക്കുന്നു. അക്കിലിസ് പുനഃപ്രവേശം ചെയ്തസ്ഥിതിക്ക് യുദ്ധമൈതാനത്ത് തമ്പടിച്ച് കാവലിരിക്കുന്നത് ബുദ്ധിയല്ലെന്നും നഗരമതിലിനകത്താവും കൂടുതൽ സുരക്ഷയെന്നുമുള്ള പോളിഡമസിന്റെ അഭിപ്രായത്തോട് ഹെക്റ്റർ വിയോജിക്കുന്നു[187]. അന്നു രാത്രി മുഴുവനും ഗ്രീക്കു പക്ഷം പട്രോക്ലിസിന്റെ ജഡത്തിനു ചുറ്റുമിരുന്ന് ദുഃഖാചരണം നടത്തുന്നു. ജഡം ചൂടുവെള്ളത്തിൽ കഴുകിവൃത്തിയാക്കി, മുറിവുകളിൽ തൈലം തേച്ചുമിനുക്കി, അതിമസൃണമായ വിരിപ്പിൽ കിടത്തി. അക്കിലിസ് പഴയകഥകൾ പറഞ്ഞ് വിലപിച്ചു കൊണ്ടേയിരുന്നു[188]. തെറ്റിസിന്റെ അഭ്യർഥനയനുസരിച്ച് ഹെഫേസ്റ്റിസ്, മറ്റു പണികൾ മാറ്റിവെച്ച് അതിവിശിഷ്ടമായ ശിരോകവചവും മാർച്ചട്ടയും പരിചയുമൊക്കെ പണിതുണ്ടാക്കി. നേരം പുലർന്നതും അവയുമായി തെറ്റിസ് അക്കിലിസിന്റെ സമീപം എത്തി[189].

പർവം 19

തെറ്റിസ് പുതിയ പടക്കോപ്പുകൾ അക്കിലിസിനു നല്കുന്നു ( ലൂവ്ര് മ്യൂസിയം)

തെറ്റിസ് അക്കിലിസിനായി കൊണ്ടുവന്ന യുദ്ധസാമഗ്രികൾ കണ്ട് ഗ്രീക്കു ഭടന്മാർ വിസ്മയം പൂണ്ടു. അത്രമാത്രം മാസ്മരികവും അഭൗമവും ആയിരുന്നു അവ[190]. ഗ്രീക്കു പടനായകന്മാർ യോഗം ചേർന്നു. കാമിനിയെച്ചൊല്ലി കലഹിച്ചത് തെറ്റായിപ്പോയെന്നും ആ പഴങ്കഥകളൊക്കെ മറന്ന് ഗ്രീക്കു സൈന്യത്തെ നയിക്കാൻ താൻ തയ്യാറാണെന്നും അക്കിലിസ് പ്രഖ്യാപിച്ചു [191]. തങ്ങളിരുവരും കലഹിക്കേണമെന്നത് ദൈവഹിതമായിരുന്നെന്ന് ആഗമെമ്നൺ പ്രതികരിക്കുന്നു[192].യുദ്ധത്തിനു തിരക്കുകൂട്ടുന്ന അക്കിലിസിനോട് ആദ്യം സൈനികർ വയറു നിറയെ ആഹാരം കഴിക്കട്ടെയെന്നും, വിശന്ന വയറുമായി അവർക്ക് യുദ്ധം ചെയ്യാനാവില്ലെന്നും ഒഡീസ്സസ് പറയുന്നു[193]. എന്നാൽ തന്റെ ഉറ്റസുഹൃത്തിന്റെ ശവദാഹം വീരോചിതമായ രീതിയിൽ നടക്കും വരെ താൻ ജലപാനം നടത്തുകയില്ലെന്ന് ശഠിക്കുന്ന അക്കിലിസിനോട് മരിച്ചവർക്കു വേണ്ടി നിരാഹാരമിരിക്കുന്നത് ബുദ്ധിശൂന്യതയാണെന്നും, അങ്ങനെയെങ്കിൽ ഗ്രീക്കുഭടന്മാർ നിത്യവും മരിച്ചു വീഴുന്നതുകാരണം ജീവിച്ചിരിക്കുന്ന സൈനികർ നിത്യേന പട്ടിണി കിടക്കേണ്ടി വരുമെന്നും ഒഡീസ്സസ് ബുദ്ധിയുപദേശിക്കുന്നു[194]. ബ്രിസൈസിനെ താൻ സ്പർശിച്ചിട്ടുപോലുമില്ലെന്ന് ആണയിട്ട്, അവളോടൊപ്പം ഒട്ടനേകം വിലയേറിയ സമ്മാനങ്ങൾ അഗമെമ്നൺ അക്കിലിസിനു കാഴ്ച വെക്കുന്നു[195]. എല്ലാം വിധിയും ദൈവഹിതവുമെന്ന് അക്കിലിസും സമാശ്വസിക്കുന്നു[196]. തന്റെ ശിബിരത്തിൽ തിരിച്ചെത്തി അക്കിലിസ് യുദ്ധത്തിനായി തയ്യാറെടുക്കുന്നു. കാലുകളിൽ ലോഹഉറകൾ, അരക്കുമുകളിൽ ലോഹ മാർച്ചട്ട, ശിരസ്സിൽ തുവലുവെച്ച ശിരോകവചം, മുഖമറ, തോളിൽ തൂക്കിയിട്ട വാൾ, ഒരു കൈയിൽ അഞ്ച് അടരുകളുള്ള പരിച, മറ്റൊന്നിൽ പൈതൃകമായി ലഭിച്ച ഭാരിച്ച കുന്തം. സർവായുധധാരിയായ അക്കിലിസ് ഉദിച്ചുയർന്ന സൂര്യനെപ്പോലെ തേജോമയനായി ജ്വലിച്ചു നിന്നു.[197]. സാന്തസ്,ബലിയസ് എന്ന രണ്ടു കുതിരകളെ പൂട്ടിയ തന്റെ ശകടത്തിൽ അക്കിലിസ് കയറി. പട്രോക്ലിസിനെ ജീവനോടെ തിരിച്ചു കൊണ്ടു വരാനാകാത്തതിന് കുതിരകളെ ശകാരിച്ചു[198]. പട്രോക്ലിസ് കൊല്ലപ്പെട്ടതും അയാളുടെ പടക്കോപ്പുകൾ ഹെക്റ്റർ കവർന്നെടുത്തും തങ്ങളുടെ കൃത്യവിലോപം കൊണ്ടല്ലെന്നും അതൊക്കെ ദൈവനിശ്ചിതമായിരുന്നെന്നും, അക്കിലിസിന്റെ മരണവും ആസന്നമായിരിക്കുന്നെന്നും സംസാരശേഷിയുണ്ടായിരുന്ന സാന്തസ് പ്രതിവചിച്ചു[199]. തന്റെ മരണത്തെപ്പറ്റി പറഞ്ഞത് അക്കിലിസിന് തീരെ രസിച്ചില്ല[200].

പർവം 20

ദേവലോകത്ത് സഭ കൂടി[201]. താൻ തെറ്റിസിനു കൊടുത്ത വാഗ്ദാനം നിറവേറിയെന്നും ഇനിയുള്ള യുദ്ധത്തിൽ ദേവകൾക്ക സ്വന്തം ഇച്ഛാനുസാരം ഏതുപക്ഷത്തെ വേണമെങ്കിലും സഹായിക്കാമെന്നും എന്നാൽ അക്കിലിസിന്റെ മരണത്തിനുശേഷമേ ട്രോയ് നഗരം തകർന്നു തരിപ്പണമാകൂ എന്നാണു വിധിയെന്നും സ്യൂസ് പ്രസ്താവിക്കുന്നു[202]. ദേവഗണം സ്വന്തം പക്ഷങ്ങളെ സഹായിക്കാനായി ഭൂതലത്തിൽ യുദ്ധക്കളത്തിലിറങ്ങുന്നു[203]. യുദ്ധം മുറുകുന്നു. ട്രോയ് നഗരത്തിലൂടെ ഒഴുകിയിരുന്ന സ്കമാന്ഡർ നദിപോലും തന്നാലാവും വിധം ട്രോജൻ സൈന്യത്തെ സഹായിക്കാനെത്തി[204]. ട്രോയ് നഗരം കത്തിച്ചാമ്പലായാലും ഒരൊറ്റട്രോജനേയും ജീവനോടിരിക്കാൻ തങ്ങളനുവദിക്കയില്ലെന്ന തങ്ങളുടെ ശപഥം ഹീരയും അഥീനയും ആവർത്തിക്കുന്നു[205]. പ്രിയാമിന്റെ ഏറ്റവും ഇളയപുത്രൻ പോളിഡോറസിനെ അക്കിലിസ് വധിക്കുന്നു[206]. അക്കിലിസും ഹെക്റ്ററുമായുള്ള സംഘട്ടനത്തിന് ഇതു വഴിതെളിക്കുമ്പോൾ അഥീന അക്കിലിസിന്റേയും അപ്പോളോ ഹെക്റ്ററുടേയും സഹായത്തിനെത്തുന്നു[207]. വിജയം ആരുടേയും പിടിയിലൊതുങ്ങുന്നില്ല. ഇരുവശത്തും അനേകം പടയാളികൾ മരിച്ചു വീഴുന്നു, എന്നിട്ടും അക്കിലിസിന്റെ രോഷം ശമിക്കുന്നില്ല. പടയാളികളുടെ രക്തം വീണ് ഭൂമി ചുവന്നു, അക്കിലിസിന്റെ രഥചക്രങ്ങളും, ഇരിപ്പിടവും മാത്രമല്ല കൈകളും ചോരപുരണ്ടു ചുവന്നുപോയി[208].

പർവം 21

അക്കിലിസിന്റെ നേതൃത്വത്തിൽ ഗ്രീക്കു സൈന്യം മുന്നേറിക്കൊണ്ടേയിരുന്നു. മുന്നിൽക്കണ്ടവരെയൊക്കെ അക്കിലിസ് വെട്ടി വീഴ്ത്തി. പ്രിയാമിന്റെ മറ്റൊരു പുത്രൻ ലയ്ക്കണും വധിക്കപ്പെട്ടു[209]. അക്കിലിസിനെതിരായി സാന്തസ് എന്ന് ദേവന്മാരും സമാന്ഡർ എന്ന് മനുഷ്യരും വിളിച്ചിരുന്ന ട്രോയിലെ നദി പോലും പ്രക്ഷുബ്ധയായി. തിരമാലകൾ ഉയർത്തിവീശി അക്കിലിസിനെ കുടുക്കി ചുഴിയിൽ പെടുത്താനുള്ള ശ്രമം നടത്തി[210]. അഥീനയും പൊസൈഡോണും ഹെഫേസ്റ്റസും ചേർന്ന് നദിയെ അടക്കി നിർത്തി[211].അക്കിലിസിന്റെ കൊലവെറി നേരിടാനാവാതെ സംഭ്രാന്തരായ ട്രോജൻ പട നഗരോന്മുഖമായി ഓടി. നഗരമതിലിലെ കാവൽപ്പുരയിലിരുന്ന് ഇതു കണ്ട പ്രിയാം നഗരവാതിലുകൾ മലർക്കെ തുറന്ന് ട്രോജൻ പട്ടാളക്കാരെ എത്രയും പെട്ടെന്ന് അകത്തു കടത്താൻ ഉത്തരവിട്ടു. [212]. അജിനോർ എന്ന ട്രോജൻ യോദ്ധാവിന്റെ മായാരുപത്തിൽ അപ്പോളോ തത്കാലം അക്കിലിസിന്റെ ശ്രദ്ധ തിരിച്ചു വിട്ടു[213]. സന്ദർഭം മുതലെടുത്ത് ട്രോജൻ പടയാളികൾ സ്വന്തം കോട്ടക്കകത്ത് സുരക്ഷിതരായി തിരിച്ചെത്തി[214]

പർവം 22

പക്ഷെ ദുർവിധി ഹെക്റ്ററെ അകത്തേക്കു കടക്കാൻ അനുവദിച്ചില്ല, അഥവാ അയാൾ അകത്തു കടക്കാൻ കൂട്ടാക്കിയില്ല[215]. ട്രോജൻ പടയുടെ തലവനായ താൻ അവസാനം വരെ പൊരുതുമെന്ന ഉറച്ച തീരുമാനവുമായി ഹെക്റ്റർ ട്രോയ് നഗരത്തിന്റെ മഹാകവാടത്തിനു മുന്നിൽ നിലയുറപ്പിച്ചു. പ്രിയാമും ഹെകൂബയും എത്രതന്നെ നിർബന്ധിച്ചിട്ടും[216] ഹെക്റ്റർ കൂട്ടാക്കിയില്ല[217]. അക്കിലിസും ഹെക്റ്ററും ഏറ്റുമുട്ടി. മൂന്നു തവണ അവർ ഒരുത്തരെയൊരുത്തർ നഗരമതിലിനു ചുറ്റുമായി, പൊതുവഴിയിലൂടെ തുരത്തി[218].ദേവലോകത്ത് സ്യൂസ് വിധിയുടെ സ്വർണതുലാത്തട്ടുകളുയർത്തി. ഹെക്റ്ററുടെ തട്ട് പാതാളത്തോളം താണുപോയി. [219]. ഹെക്റ്ററുടെ സഹോദരൻ ഡയഫോബസിന്റെ രൂപത്തിൽ അഥീനയെത്തി, ഹെക്റ്റർക്ക് അക്കിലിസിനെ നേരിടാൻ പ്രചോദനം നല്കി[220]. വിജയി ആരായാലും അയാൾ പരാജിതന്റെ ശവം അയാളുടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കണമെന്ന കരാർ ഹെക്റ്റർ മുന്നോട്ടു വെക്കുന്നു.

വിജയോന്മത്തനായ അക്കിലിസ് ഹെക്റ്ററുടെ ജഡം തേരിനു പിന്നിൽ കൊളുത്തിയിട്ട് വലിച്ചിഴക്കുന്നു ഫ്രാന്സ് മാഷ് വരച്ച ചിത്രത്തിന്റെ ഫോട്ടോകോപ്പി

പക്ഷേ, ചെന്നായ്ക്കളും ആട്ടിൻകുട്ടികളും തമ്മിൽ യാതൊരു വിധ കരാറും സാധ്യമല്ലെന്നായിരുന്നു ഹെക്റ്ററുടെ പ്രതികരണം[221]. ഇരുവരും തമ്മിൽ പോരാട്ടം തുടങ്ങുന്നു. പട്രോക്ലിസിന്റെ ജഡത്തിൽ നിന്ന് ഊരിയെടുത്ത പടച്ചട്ടയാണ് ഹെക്റ്റർ ധരിച്ചിരുന്നത്. അതിൽ തൊണ്ടക്കുഴിക്കു സമീപം ഒരു വിടവുള്ള കാര്യം അക്കിലിസിനറിയാമായിരുന്നു. അതിലൂടെ കുന്തമുനയിറക്കി അക്കിലിസ് ഹെക്റ്ററെ വധിക്കുന്നു. തന്റെ ജഡം അച്ഛനമ്മമാരെ ഏല്പിക്കണമെന്ന് ഹെക്റ്റർ വീണ്ടും അഭ്യർഥിക്കുന്നു[222]. അതു നടക്കില്ലെന്നും ശരീരം നായ്ക്കൾക്ക് തീറ്റയായി ഇട്ടുകൊടുക്കുമെന്നും അക്കിലിസ് പ്രതിവചിക്കുന്നു[223].

നഗ്ന ജഡത്തിന്റെ പാദങ്ങളിൽ തുളയിട്ട് അത് തന്റെ രഥത്തിനു പുറകിൽ അക്കി്ലിസ് കൊളുത്തിയിടുന്നു, എന്നിട്ട് അതും വലിച്ചുകൊണ്ട് നഗരത്തിനു ചുറ്റും പ്രദക്ഷിണം വെയ്ക്കുന്നു[224]. ഹെക്റ്ററുടെ മാതാപിതാക്കളും ട്രോജൻ നഗരവാസികളൊക്കേയും ഈ ഹൃദയഭേദകമായ കാഴ്ച കാണുന്നു[225].

പർവം 23

പട്രോക്ലിസിനെ ജഡം വീരോചിതമായ രീതിയിൽ ദഹിപ്പിക്കാനുള്ള ചടങ്ങുകൾക്കും[226] ശവദാഹത്തോടനുബന്ധിച്ചുള്ള വിഭവസമൃദ്ധമായ വിരുന്നിനുമുള്ള[227] ഒരുക്കങ്ങൾ ഗ്രീക്കു കാമ്പിൽ ആരംഭിക്കുന്നു. ഓക്കുമരത്തടികൾ കൊണ്ടുള്ള ചിതയിൽ പട്രോക്ലിസിന്റെ ജഡത്തോടൊപ്പം യുദ്ധത്തടവുകാരായി പിടിച്ചെടുത്ത പന്ത്രണ്ട് ട്രോജൻയോദ്ധോക്കൾ ജീവനോടെ ദഹിപ്പിക്കപ്പെടുന്നു[228]. പിറ്റേന്ന് എരിഞ്ഞടങ്ങിയ ചിതയിൽ വീഞ്ഞുവീഴ്ത്തി പത്രോക്ലിസിന്റെ അസ്ഥികൾ ശേഖരിച്ച് സ്വർണകലശത്തിൽ നിക്ഷേപിക്കപ്പെടുന്നു[229]. പട്രോക്ലിസിന്റെ ബഹുമാനാർഥം നടത്തപ്പെട്ട കായികമത്സരങ്ങൾക്ക് അക്കിലിസ് അധ്യക്ഷത വഹിക്കുകയും സ്വന്തം ഭണ്ഡാരത്തിൽ നിന്ന് ഒട്ടനവധി സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു [230]

പർവം 24

പട്രോക്ലിസിന്റെ ചിത കെട്ടടങ്ങിയെങ്കിലും അക്കിലിസിന്റെ രോഷം ശമിച്ചിരുന്നില്ല. ശവമാടത്തിനു ചുറ്റുമായി പലതവണ ഹെക്റ്ററുടെ ജഡം രഥത്തിൽ കൊളുത്തിയിട്ട് വലിച്ചിഴച്ചു[231]. ശവശരീരത്തോടുള്ള ഈ നിന്ദ ഹീരയേയും അഥീനയേയും ഒഴിച്ച് മറ്റു ദേവന്മാരെ അസ്വസ്ഥരാക്കി [232]. സ്യൂസ് തെറ്റിസു വഴി അക്കിലിസിന് നിർദ്ദേശം നല്കുന്നു- കഴിഞ്ഞ ഒമ്പതു ദീിവസങ്ങളായി നടക്കുന്ന ദുഃഖാചരണവും ഹെക്റ്ററുടെ നിർജീവശരീരത്തോടു ചെയ്യുന്ന ക്രൂരതയും അവസാനിപ്പിക്കണമെന്നും മോചനദ്രവ്യം സ്വീകരിച്ച് ജഡം പ്രിയാമിന് നല്കണമെന്നും {sfn|Iliad|p=Book XXIV Lines 141-161}}. അക്കിലിസ് സമ്മതിക്കുന്നു[233]. വിലപിടിച്ച കാഴ്ചവസ്തുക്കളുമായി ഭയാശങ്കകളില്ലാതെ അക്കിലിസിനെ ചെന്നു കണ്ട് ഹെക്റ്ററുടെ ജഡം വീണ്ടെടുക്കാൻ പ്രിയാമിനും സ്യൂസ് സന്ദേശമയക്കുന്നു[234]. അളവില്ലാത്ത ദ്രവ്യവുമായി പ്രിയാം പുറപ്പെടുന്നു [235]. വഴികാട്ടിയായി ഒപ്പം നീങ്ങുന്ന ഹെർമിസ് ദേവൻ കാവൽക്കാരെ മയക്കിക്കിടത്തി, പ്രിയാമിനെ അക്കിലിസിന്റെ ശിബിരത്തിലെത്തിക്കുന്നു[236].. മകന്റെ ഘാതകനോട് യാചിക്കാനായി ശത്രുസങ്കേതത്തിലേക്ക് നിരായുധനായി എത്തിയ വൃദ്ധനെക്കണ്ട് അക്കിലിസ് അസ്വസ്ഥനാകുന്നു[237]. ഹെക്റ്ററുടെ ജഡം കഴുകി വൃത്തിയാക്കി, പട്ടിൽപൊതിഞ്ഞ് തിരിച്ചേല്പിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുന്നു[238].ശത്രുത മറന്ന് ആഹാരം പങ്കിടാൻ അപേക്ഷിക്കുന്നു[239].. തന്റെ ശിബിരത്തിൽ പ്രിയാം വന്ന വിവരവും മോചനദ്രവ്യം നല്കിയ വിവരവും അഗമെമ്നൺ അറിയാതിരിക്കാനുള്ള മുൻകരുതലുകൾ അക്കിലിസ് എടുക്കുന്നു[240].. പ്രിയാമിന്റെ ഇച്ഛക്കനുസാരം ഒമ്പതു ദിവസത്തെ ദുഃഖാചരണവും പത്താം ദിവസത്തെ സദ്യയും പതിനൊന്നാം ദിവസത്തെ സ്മാരകനിർമ്മാണവും കഴിഞ്ഞ് പന്ത്രണ്ടാം ദിവസമേ യുദ്ധം പുനരാരംഭിക്കു എന്ന് അക്കിലിസ് ഉറപ്പു നല്കുന്നു[241].

ഹെക്റ്ററുടെ ശവശരീരവുമായി പ്രിയാമിന്റെ രഥം നഗരവാതിൽ കടന്ന് അകത്തേക്കു പ്രവേശിക്കുന്നത് കണ്ട കസാൻഡ്ര വീട്ടുകാരേയും നഗരവാസികളേയും വിളിച്ചുണർത്തി. [242]. അന്ഡ്രോമാഷിക്കും ഹെക്കൂബക്കുമൊപ്പം ഹെലനും വിലാപത്തിൽ പങ്കുകൊണ്ടു[243].. ഒമ്പതു ദിവസം നീണ്ടു നിന്ന ദുഃഖാചരണത്തിനുശേഷം പക്കാം ദിവസം ശവദാഹം നടന്നു, പിറ്റേന്ന് വീഞ്ഞു വീഴ്തി കനൽ അണച്ചശേഷം സഹോദരരും സുഹൃത്തുക്കളും ചേർന്ന് അസ്ഥികൾ സ്വർണകലശത്തിൽ ശേഖരിച്ചു. കലശം ഭൂമിക്കടിയിൽ നിക്ഷേപിച്ച് അതിനുമുകളിലായി പാറക്കല്ലുകൾ പാകി കുഴിമാടം പടുത്തുയർത്തി[244]..

ശേഷം കഥ

ഹെക്റ്ററുടെ മരണത്തോടെ ഇലിയഡ് അവസാനിക്കുന്നു. അക്കിലിസിന്റെ മരണത്തേയോ ട്രോയുടെ പതനത്തേയോ പറ്റി ഹോമർ വിവരിക്കുന്നില്ല. ഇലിയഡിന്റെ രണ്ടാം ഭാഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒഡീസ്സി പിന്നേയുംപത്തു വർഷങ്ങൾക്കു ശേഷമുളള കഥയാണ്. കഥാനായകൻ ഒഡീസ്സസും, പ്രമേയം ഒഡീസ്സസിന്റെ സാഹസികയാത്രകളുമാണ്. ഹെലൻ മെനിലോസിന്റെ പത്നിയായി കുടുംബജീവിതം നടത്തുന്നതായി വിവരണമുണ്ട്[245]. തന്റെ സാഹസികയാത്രകൾക്കിടയിൽ പരലോകവാതിൽക്കലെത്തിയ ഒഡീസ്സസ് അവിടെവെച്ച് ആഗമെമമ്നൺ, അജാക്സ്, അക്കിലിസ്, കസാൻഡ്ര എന്നീ പ്രേതാത്മക്കളെ കണ്ടതായി ഹോമർ വിവരിക്കുന്നു.[246]. ബി.സി അഞ്ചാം നൂറ്റാണ്ടിൽ ഗ്രീക്കുനാടകരംഗം സജീവമായ കാലഘട്ടത്തിൽ നാടകകൃത്തുക്കൾ സ്വന്തം ഭാവനാവിലാസമനുസരിച്ച് കഥകൾ മെനഞ്ഞെടുത്തു. ആഗമെമ്നണിന്റെ ഭാഗധേയങ്ങൾ എസ്കിലസ് തന്റെ ആഗമെംനൺ എന്ന നാടകത്തിൽ സങ്കല്പിച്ചെടുക്കുന്നു. അകിലിസിനെ കേന്ദ്രകഥാപാത്രമാക്കി എസ്കിലസ് എഴുതിയ മൂന്നു നാടകങ്ങൾ ഏതാണ്ട് മുഴുവനായും നഷ്ടമായിരിക്കുന്നു. അജാക്സിന്റെ ആത്മഹത്യയാണ് സോഫോക്ലിസിന്റെ അജാക്സ് എന്ന ദുരന്തനാടകത്തിലെ പ്രമേയം. ട്രോജൻകുതിരയേയും ട്രോയ് നഗരത്തിന്റെ പതനത്തേയും പറ്റി വിശദമായി വിവരിക്കപ്പെടുന്നത് വേർജിലിന്റെ അനിയഡിലാണ്. ട്രോയ്നഗരത്തിന്റെ പതനത്തിനുശേഷം ട്രോജൻ രാജവനിതകൾക്ക് എന്തു സംഭവിച്ചിരിക്കുമെന്ന് ട്രോജൻ വനിതകൾ, ഹെകൂബ, ആൻഡ്രോമാഷെ എന്നീ ദുരന്തനാടകങ്ങളിൽ യൂറിപ്പിഡിസ് വിഭാവനം ചെയ്യുന്നു.

അവലംബം


ഗ്രന്ഥസൂചിക

"https:https://www.search.com.vn/wiki/index.php?lang=ml&q=ഇലിയഡ്&oldid=3779468" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്