കൊറിയയുടെ വിഭജനം

സോവിയറ്റ് യൂണിയനും അമേരിക്കയും കൊറിയയെ വിഭജിച്ച് രണ്ടു രാജ്യങ്ങളാക്കി

1945-ൽ രണ്ടാം ലോകമഹായുദ്ധാനന്തരം ജപ്പാന്റെ കൈവശമുണ്ടായിരുന്ന കൊറിയൻ ഉപദ്വീപിനെ വിഭജിച്ച് അമേരിക്കയും സോവിയറ്റ് യൂണിയനും വീതിച്ചെടുത്തതിനെയാണ് കൊറിയയുടെ വിഭജനം എന്നു വിശേഷിപ്പിക്കുന്നത്. കൊറിയയുടെ ഉത്തര ഭാഗം സോവിയറ്റ് യൂണിയനും ദക്ഷിണ ഭാഗം അമേരിക്കയും സ്വന്തമാക്കി. ഉത്തര - ദക്ഷിണ കൊറിയകളെ തമ്മിൽ വേർതിരിച്ചുകൊണ്ട് 38-ആം സമാന്തരം എന്ന അതിർത്തിയും നിർണ്ണയിച്ചു.

കൊറിയൻ ഉപദ്വീപിനെ 38-ആം സമാന്തര രേഖ കൊണ്ടു വിഭജിച്ചപ്പോൾ

1948-ൽ ഐക്യരാഷ്ട്ര സംഘടനയുടെ മേൽനോട്ടത്തിൽ അമേരിക്കൻ നിയന്ത്രണത്തിലുള്ള ദക്ഷിണ കൊറിയയിൽ തെരഞ്ഞെടുപ്പ് നടത്തുകയും റിപ്പബ്ലിക് ഓഫ് കൊറിയ രൂപീകരിക്കുകയും ചെയ്തു. തുടർന്ന് സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലുള്ള കൊറിയൻ ഭാഗം ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ എന്നും അറിയപ്പെടാൻ തുടങ്ങി. ഇരു രാജ്യങ്ങളും തമ്മിൽ കൊറിയൻ ഉപദ്വീപിന്റെ പൂർണ്ണാവകാശത്തെച്ചൊല്ലി തർക്കം തുടർന്നു. ഇത് 1950-53 കാലഘട്ടത്തിലെ കൊറിയൻ യുദ്ധത്തിലേക്കു നയിച്ചു. യുദ്ധത്തിൽ അമേരിക്കയും സോവിയറ്റ് യൂണിയനും തുല്യത പാലിച്ചതോടെ കൊറിയയെ ഏകീകരിക്കുവാൻ കഴിയാതെ വരികയും അതിർത്തി തർക്കം കൂടുതൽ രൂക്ഷമാകുകയും ചെയ്തു. കൊറിയൻ യുദ്ധവിരാമ ഉടമ്പടി പ്രകാരം സൈനികരഹിത മേഖല [Demilitarised Zone](DMZ) അതിർത്തി കൊണ്ട് ഉത്തര കൊറിയയെയും ദക്ഷിണ കൊറിയയെയും വേർതിരിച്ചു. ഇപ്പോഴും ഈ സ്ഥിതി തുടരുന്നു. 250 കിലോമീറ്റർ നീളവും 4 കി.മീ. വീതിയുമുള്ള ഡീമിലിട്ടറൈസ്ഡ് സോൺ എന്ന അതിർത്തി പ്രദേശത്തെ അനൗദ്യോഗികമായി 38-ആം സമാന്തരം എന്നും വിളിക്കാറുണ്ട്.

ചരിത്രം

ജാപ്പനീസ് ഭരണം

1904-05 കാലഘട്ടത്തിൽ നടന്ന റഷ്യ - ജപ്പാൻ യുദ്ധത്തെത്തുടർന്ന് 1910-ൽ ജപ്പാൻ കൊറിയ പിടിച്ചെടുത്തു. കൊറിയയിലെ അവസാന രാജാവായിരുന്ന ഗോജോങ്ങിനെ അധികാരത്തിൽ നിന്നും പുറത്താക്കി. പിന്നീടുള്ള ദശകങ്ങളിൽ കൊറിയയിൽ രൂപംകൊണ്ട നാഷണലിസ്റ്റ്, റാഡിക്കൽ ഗ്രൂപ്പുകൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയെങ്കിലും വിജയം നേടിയിരുന്നില്ല.[1][2][3] 35 വർഷത്തോളം കാലം കൊറിയ ജപ്പാന്റെ നിയന്ത്രണത്തിൽ കഴിഞ്ഞു.

രണ്ടാം ലോകമഹായുദ്ധം

1943 നവംബറിൽ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ്, ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ചൈനീസ് നേതാവ് ചിയാങ് കെയ് ഷെക് എന്നിവരുടെ നേതൃത്വത്തിൽ കെയ്റോ സമ്മേളനം നടന്നു. ജപ്പാൻ ബലമായി പിടിച്ചെടുത്ത പ്രദേശങ്ങളെ മോചിപ്പിക്കണമെന്ന് ഇവർ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. അങ്ങനെയാണ് കൊറിയൻ വിഷയം ലോകശ്രദ്ധ നേടുന്നത്.[4][5] കൊറിയയിൽ ഒരു മേൽനോട്ട (Trusteeship) സമിതി രൂപീകരിക്കണമെന്ന് ഈ സമ്മേളനത്തിൽ വച്ച് റൂസ്വെൽറ്റ് അഭിപ്രായപ്പെട്ടിരുന്നു. 1943 നവംബറിലെ ടെഹ്റാൻ സമ്മേളനത്തിലും 1945 ഫെബ്രുവരിയിലെ യാൾട്ട സമ്മേളനത്തിലും അദ്ദേഹം ഇക്കാര്യം വീണ്ടും അവതരിപ്പിച്ചു.[6][7]

പ്രമാണം:Soviet invasion of Manchuria (1945).gif
1945-ലെ സോവിയറ്റ് യൂണിയന്റെ മുന്നേറ്റം

1945 ഓഗസ്റ്റ് 6-ന് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബ് പ്രയോഗിച്ച് രണ്ടു ദിവസം കഴിഞ്ഞ് ജപ്പാനെതിരെ സോവിയറ്റ് യൂണിയൻ യുദ്ധം പ്രഖ്യാപിച്ചു.[8] ജപ്പാന്റെ നിസ്സഹായാവസ്ഥ മുതലാക്കിക്കൊണ്ട് സോവിയറ്റ് യൂണിയനും അമേരിക്കയും കൊറിയ ഉൾപ്പെടെയുള്ള ജാപ്പനീസ് പ്രദേശങ്ങൾ പിടിച്ചെടുത്തു. കൊറിയയിൽ അമേരിക്ക സ്വന്തമാക്കിയ പ്രദേശങ്ങളുടെ അതിർത്തി നിർണ്ണയിക്കുവാൻ 1945 ഓഗസ്റ്റ് 10-ന് ഡീൻ റസ്ക്, ചാൾസ് ബോൺസ്റ്റീലിൻ എന്നീ അമേരിക്കൻ ഉദ്യോഗസ്ഥരെ നിയമിച്ചു.[9][10] അവരുടെ നിർദ്ദേശ പ്രകാരം 38-ആം സമാന്തര രേഖയ്ക്ക് തെക്കുള്ള കൊറിയൻ ഭാഗം അമേരിക്കയും വടക്കുള്ള ഭാഗം സോവിയറ്റ് യൂണിയനും സ്വന്തമാക്കി. അതോടെ 1.6 കോടി കൊറിയക്കാർ അമേരിക്കൻ മേഖലയിലും 90 ലക്ഷം കൊറിയക്കാർ സോവിയറ്റ് യൂണിയൻ മേഖലയിലുമായി.[11] 1945 ഓഗസ്റ്റ് 17-ന് ജപ്പാൻ രണ്ടാം ലോകമഹായുദ്ധത്തിലെ പരാജയം അംഗീകരിച്ചതോടെ കൊറിയയുടെ വിഭജനം ഔദ്യോഗികമായി നിലവിൽ വന്നു.[12]

യുദ്ധ ശേഷം

സഖ്യകക്ഷികളുടെ ട്രസ്റ്റീഷിപ് കൗൺസിലിനെതിരെ ദക്ഷിണ കൊറിയക്കാരുടെ പ്രതിഷേധം

1945 ഡിസംബറിലെ മോസ്കോ സമ്മേളനത്തിൽ വച്ച് അമേരിക്ക, സോവിയറ്റ് യൂണിയൻ, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ അഞ്ചു വർഷത്തേക്ക് കൊറിയയിൽ ഭരണം നടത്തുവാൻ ഒരു മേൽനോട്ട സമിതിയെ (Trusteeship council) നിയോഗിക്കുവാൻ തീരുമാനിച്ചു. മിക്ക കൊറിയക്കാരും സ്വാതന്ത്ര്യം ആഗ്രഹിച്ചിരുന്നുവെങ്കിലും കൊറിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി ട്രസ്റ്റീഷിപ് ഭരണത്തെയാണ് പിന്തുണച്ചത്.[13][14] ഏകീകൃത കൊറിയ എന്ന ലക്ഷ്യവുമായി 1946 - 1947 കാലഘട്ടത്തിൽ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടു. ജനങ്ങളുടെ ശക്തമായ എതിർപ്പ്, അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം എന്നിവ കൊറിയൻ വിഭജനത്തെ ശക്തിപ്പെടുത്തി.[15] ഉത്തര-ദക്ഷിണ കൊറിയകൾക്കിടയിൽ വ്യാപകമായ കുടിയേറ്റം നടന്നു.[16] 1946 മേയ് മാസത്തോടു കൂടി 38-ആം സമാന്തര രേഖ അനുവാദമില്ലാതെ കടക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.[17]

പ്യോങ്ഗ്യാങ് പിടിച്ചെടുത്ത സോവിയറ്റ് യൂണിയന്റെ സൈന്യം. 1945 ഒക്ടോബർ 14-ലെ ദൃശ്യം

ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ

1946-ലെ യു.എസ്. - സോവിയറ്റ് സംയുക്ത കമ്മീഷനെ പിന്തുണയ്ക്കുന്ന ദക്ഷിണ കൊറിയൻ പ്രകടനം

കൊറിയയിൽ നിന്ന് അമേരിക്കയും സോവിയറ്റ് യൂണിയനും പിൻമാറണമെന്നും അവിടെ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഐക്യരാഷ്ട്രസഭ (UNO) ആവശ്യപ്പെട്ടു. ഇതിനായി ഐക്യരാഷ്ട്രയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് നേഷൻസ് ടെംപററി കമ്മീഷൻ ഓൺ കൊറിയ (UNTCOK) രൂപീകരിച്ചുകൊണ്ടുള്ള പ്രമേയം 1947 നവംബർ 14-ന് പാസാക്കി. കൊറിയയിലുള്ള യു.എൻ. ഇടപെടലിനെ സോവിയറ്റ് യൂണിയൻ എതിർത്തിരുന്നു. അക്കാലത്ത് ഐക്യരാഷ്ട്രയിൽ അമേരിക്കയ്ക്ക് കൂടുതൽ അധികാരങ്ങളുണ്ടായിരുന്നുവെന്നതാണ് സോവിയറ്റ് യൂണിയന്റെ എതിർപ്പിനു കാരണം.[18]1948 മേയ് 10-ന് അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ദക്ഷിണ കൊറിയയിൽ പൊതുതെരഞ്ഞെടുപ്പ് നടന്നു.[19][20] സിങ്മാൻ റീ പ്രസിഡന്റായി റിപ്പബ്ലിക് ഓഫ് കൊറിയ നിലവിൽ വന്നു. അതേവർഷം സെപ്റ്റംബർ 9-ന് സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലുള്ള ഉത്തര കൊറിയയെ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയയായി പ്രഖ്യാപിച്ചു. കിം ഇൽ സുങ് ആയിരുന്നു ഇവിടുത്തെ ആദ്യ പ്രധാനമന്ത്രി. 1948 ഡിസംബർ 12-ന് UNTCOKയുടെ റിപ്പോർട്ട് പ്രകാരം കൊറിയയിലെ ഒരേയൊരു നിയമപരമായ ഭരണകൂടം അമേരിക്കൻ നിയന്ത്രണത്തിലുള്ള റിപ്പബ്ലിക് ഓഫ് കൊറിയ ആയിരിക്കുമെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു.[21] ഇത് സോവിയറ്റ് യൂണിയനെ ചൊടിപ്പിച്ചു. തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷം മൂർച്ഛിച്ചു.

1948 മേയ് 10-ലെ ദക്ഷിണ കൊറിയൻ തെരഞ്ഞെടുപ്പ്

കൊറിയൻ യുദ്ധം

1950-ൽ ഉത്തര കൊറിയ 38-ആം സമാന്തര രേഖ മറികടന്ന് ദക്ഷിണ കൊറിയയെ കീഴടക്കിയതോടെ കൊറിയൻ യുദ്ധം ആരംഭിച്ചു. അമേരിക്കൻ നിയന്ത്രണത്തിലുള്ള ദക്ഷിണ കൊറിയയെ പിന്തുണച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയും യുദ്ധത്തിൽ പങ്കുചേർന്നു. ദക്ഷിണ കൊറിയയും ഐക്യരാഷ്ട്രസഭയുടെ സേനയും ശക്തമായി തിരിച്ചടിച്ചതോടെ ഉത്തര കൊറിയയ്ക്കു പിൻമാറേണ്ടി വന്നു. സോവിയറ്റ് യൂണിയനോടൊപ്പം ചൈന കൂടി ചേർന്നതോടെ ഉത്തര കൊറിയ ശക്തമായി മുന്നേറി. ഇങ്ങനെ ഇരു കൊറിയകളും തമ്മിലുള്ള പോരാട്ടം തുടർന്നുകൊണ്ടിരുന്നു.[22][23] 1953-ൽ കൊറിയൻ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ഉടമ്പടി നിലവിൽ വന്നു. ഇതനുസരിച്ച് ഇരു കൊറിയകൾക്കുമിടയിൽ 38-ആം സമാന്തര രേഖയോടു ചേർന്ന് 4 കിലോമീറ്റർ വീതിയിൽ ഒരു ബഫർ സോൺ (സൈനികരഹിത മേഖല [Demilitarised Zone](DMZ)) രൂപീകരിക്കുവാൻ തീരുമാനമായി.

ജനീവാ സമ്മേളനം

1954-ൽ നടന്ന ജനീവാ സമ്മേളനത്തിൽ ഏകീകൃത കൊറിയ രൂപീകരിക്കണമെന്ന ആവശ്യം പല രാജ്യങ്ങളും മുന്നോട്ടുവച്ചുവെങ്കിലും ഫലമുണ്ടായില്ല. കൊറിയൻ യുദ്ധവിരാമ ഉടമ്പടി പാലിക്കപ്പെടുന്നുണ്ടോയെന്നു നിരീക്ഷിക്കുവാൻ ന്യൂട്രൽ നേഷൻസ് സൂപ്പർവൈസറി കമ്മീഷൻ (NNSC) രൂപീകരിച്ചു. 1953 മുതൽ തന്നെ സ്വിസ്, സ്വീഡിഷ് രാജ്യങ്ങളിലെ സേനയാണ് NNSCയിലെ അംഗങ്ങൾ.[24][25] ഇവർ ഇരു കൊറിയകൾക്കുമിടയിലുള്ള സൈനികരഹിത മേഖല [Demilitarised Zone](DMZ) നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

ഉടമ്പടിക്കു ശേഷം

കൊറിയൻ ഡീമിലിട്ടറൈസ്ഡ് സോൺ

കൊറിയൻ യുദ്ധ ശേഷം ഉത്തര കൊറിയയ്ക്കും ദക്ഷിണ കൊറിയയ്ക്കും ഇടയിൽ സൈനികരഹിത മേഖല [Demilitarised Zone](DMZ) എന്ന അതിർത്തി പ്രദേശം നിലവിൽ വന്നുവെങ്കിലും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സംഘർഷം തുടർന്നുകൊണ്ടിരിക്കുന്നു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കൊറിയയുടെ_വിഭജനം&oldid=3839432" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്