ചിത്തിര തിരുനാൾ ബാലരാമവർമ്മ

തിരുവിതാംകൂർ ചേരവംശത്തിലെ അമ്പതിനാലാമത്തെ മഹാരാജാവ്
ബാലരാമവർമ്മ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ബാലരാമവർമ്മ (വിവക്ഷകൾ) എന്ന താൾ കാണുക.ബാലരാമവർമ്മ (വിവക്ഷകൾ)

ശ്രീ പത്മനാഭദാസ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ (നവംബർ 7, 1912 – ജൂലൈ 19, 1991) തിരുവിതാംകൂർ ചേരവംശത്തിലെ അമ്പത്തിനാലാമത്തെ[3] രാജാവും തിരുവിതാംകൂറിന്റെ അവസാനത്തെ ഭരണാധികാരിയുമായിരുന്ന ഇദ്ദേഹമാണ് 1949 വരെ തിരുവിതാംകൂറിനെ ഭരിച്ചത്. തിരുവിതാംകൂറിന്റെ ഇളയ മഹാറാണി സേതു പാർവ്വതി ബായിയുടേയും ശ്രീ പൂരം നാൾ രവിവർമ്മ കൊച്ചു കോയി തമ്പുരാന്റെയും മൂത്ത മകനായി ജനിച്ചു. മഹാറാണി കാർത്തിക തിരുനാൾ ലക്ഷ്മിഭായി,ശ്രീ പത്മനാഭദാസ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ എന്നിവർ ഇദ്ദേഹത്തിന്റെ സഹോദരങ്ങളായിരുന്നു. തിരുവിതാംകൂർ മഹാരാജാക്കന്മാർ ശ്രീ പത്മനാഭദാസന്മാരാണ്, കുലദൈവമായ ശ്രീപത്മനാഭനു വേണ്ടി രാജ്യഭാരം നടത്തുന്നു എന്നാണ് സങ്കല്പം. കവടിയാർ കൊട്ടാരമായിരുന്നു ശ്രീ ചിത്തിര തിരുനാളിന്റെ ഔദ്യോഗിക വസതി. മേജർ ജനറൽ ഹിസ്‌ ഹൈനെസ്സ് ശ്രീ പത്മനാഭദാസ വഞ്ചിപാല സർ ബാലരാമവർമ്മ കുലശേഖര കിരീടപതി മന്നേ സുൽത്താൻ മഹാരാജ രാജരാജ ബഹദൂർ ഷം ഷേർ ജംഗ്, തിരുവിതാകൂർ മഹാരാജ GCSI, GCIE എന്നായിരുന്നു അദ്ദേഹത്തിന്റെ പുർണ്ണനാമം. [4]

ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ
തിരുവിതാംകൂർ മഹാരാജാവ് & തിരു-കൊച്ചി രാജപ്രമുഖൻ

ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ
ഭരണകാലം1924 - 1991 (1971-1991 റ്റൈറ്റുലാർ)
കിരീടധാരണംആഗസ്ത് 7, 1924
മുൻഗാമിമൂലം തിരുനാൾ രാമവർമ്മ
രാജപ്രതിനിധിസേതു ലക്ഷ്മി ബായി തമ്പുരാട്ടി (1924-1931)
പിൻഗാമിഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ
ജീവിതപങ്കാളിഇല്ല
മക്കൾ
ഇല്ല
പേര്
ശ്രീ പത്മനാഭദാസ ശ്രീചിത്തിര വഞ്ചിപാല ബാലരാമവർമ്മ കുലശേഖരപെരുമാൾ
കുലശേഖര വംശംവേണാട് സ്വരൂപം
പിതാവ്കിളിമാനൂർ കോവിലകത്ത് ശ്രീ പൂരം നാൾ രവിവർമ്മ കൊച്ചു കോയി തമ്പുരാൻ
മാതാവ്അമ്മ മഹാറാണി ആറ്റിങ്ങൽ ഇളയ റാണി മൂലം തിരുനാൾ സേതു പാർവ്വതി ബായി
തൊഴിൽതിരുവിതാംകൂർ മഹാരാജാവ്, പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പരമ്പരാഗത രക്ഷാധികാരി, തിരു-കൊച്ചി രാജ്പ്രമുഖ്, അസ്പിൻവാൾ കമ്പനിയുടെ ഉടമസ്ഥൻ
മതംഹിന്ദു
തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ731-
അജ്ഞാത നാമ-802
ഉദയ മാർത്താണ്ഡ വർമ്മ802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ1375-1382
കേരള വർമ്മ1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ1382-1444
വേണാട് മൂത്തരാജ1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട്1458-1471
ആദിത്യ വർമ്മ1471-1478
ഇരവി വർമ്മ1478-1503
ശ്രീ മാർത്താണ്ഡവർമ്മ1503-1504
ശ്രീ വീര ഇരവിവർമ്മ1504-1528
മാർത്താണ്ഡവർമ്മ ഒന്ന്1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട്1537-1560
കേരള വർമ്മ1560-1563
ആദിത്യ വർമ്മ1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന്1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ1594-1604
ശ്രീ വീര വർമ്മ1604-1606
ഇരവി വർമ്മ1606-1619
ഉണ്ണി കേരള വർമ്മ1619-1625
ഇരവി വർമ്മ1625-1631
ഉണ്ണി കേരള വർമ്മ1631-1661
ആദിത്യ വർമ്മ1661-1677
ഉമയമ്മ റാണി1677-1684
രവി വർമ്മ1684-1718
ഉണ്ണി കേരള വർമ്മ1719-1724
രാമ വർമ്മ1724-1729
അനിഴം തിരുനാൾ1729-1758
കാർത്തിക തിരുനാൾ1758-1798
അവിട്ടം തിരുനാൾ1798-1810
ഗൌരി ലക്ഷ്മി ബായി1810-1815
ഗൌരി പാർവ്വതി ബായി1815-1829
സ്വാതി തിരുനാൾ1829-1846
ഉത്രം തിരുനാൾ1846-1860
ആയില്യം തിരുനാൾ1860-1880
വിശാഖം തിരുനാൾ1880-1885
ശ്രീമൂലം തിരുനാൾ1885-1924
സേതു ലക്ഷ്മി ബായി1924-1931
ശ്രീചിത്തിര തിരുനാൾ1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം1721-1795
തിരുവനന്തപുരം1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
കോയിക്കൽ കൊട്ടാരം
edit

1924 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ നിര്യാണത്തിനു ശേഷം തിരുവിതാംകൂറിന്റെ മഹാരാജാവായി 12 വയസ്സു മാത്രമുണ്ടായിരുന്ന ശ്രീ ചിത്തിര തിരുനാൾ അവരോധിക്കപ്പെട്ടു. പ്രായക്കുറവു കാരണം ശ്രീ ചിത്തിര തിരുനാളിന് 18 വയസ്സ് തികയുന്നതു വരെ അമ്മയുടെ ജ്യേഷ്ഠസഹോദരി സേതുലക്ഷ്മിബായി രാജപ്രതിനിധി(റീജെന്റ്) ആയി രാജ്യം ഭരിച്ചു. 1931 നവംബർ 6നു സ്വന്തം നിലയിൽ തിരുവിതാംകൂരിന്റെ ഭരണം ആരംഭിച്ചു, അതോടെ റീജെൻസി അവസാനിച്ചു. ഇദ്ദേഹം ബ്രിട്ടീഷ്‌ ഇന്ത്യൻ ആർമിയിൽ ഓണററി മേജർ ജനറലും തിരുവിതാംകൂർ സൈന്യത്തിന്റെ സർവ്വസൈന്യാധിപനും കേണൽ-ഇൻ-ചീഫും ആയിരുന്നു. സ്വാതന്ത്ര്യാനന്തരം തിരുവിതാകൂർ സൈന്യത്തെ ഇന്ത്യൻ കരസെനയിൽ (മദ്രാസ് റെജിമെന്റിൽ) ലയിപ്പിച്ചതൊടെ ശ്രീ ചിത്തിര തിരുനാളിന് ഇന്ത്യൻ കരസേന ഓണററി കേണൽ പദവി നൽകി ആദരിച്ചു. ഇന്ന് മദ്രാസ് റെജിമെന്റിന്റെ ഒൻപതും പതിനാറും ബറ്റാലിയനുകൾ എന്നറിയപ്പെടുന്നത് മുമ്പത്തെ തിരുവിതാംകൂരിന്റെ ഒന്നും രണ്ടും ബറ്റാലിയനുകൾ ആണ്.[5]

ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തിരുവിതാംകൂറിൽ ബ്രിട്ടീഷ് അധീശാധികാരം (Suzerainty) ഇല്ലാതായി, അതു കൊണ്ട് ശ്രീ ചിത്തിര തിരുനാൾ സ്വന്തം രാജ്യത്തെ സ്വതന്ത്രമാക്കി നിർത്തുവാൻ തീരുമാനിച്ചു. ഇത് ഇന്ത്യൻ യൂണിയനു സ്വീകാര്യമല്ലാതിരുന്നതിനാൽ 1947 ൽ വി.പി. മേനോന്റെ നേതൃത്വതിൽ ഇന്ത്യൻ യൂണിയനും ശ്രീ ചിത്തിര തിരുനാളും തമ്മിൽ ചർച്ച തുടങ്ങുകയും അതിന്റെ ഫലമായി 1949 ൽ തിരുവിതാംകൂറിനെ ഇന്ത്യൻ യൂനിയനിൽ ലയിപ്പിക്കാൻ ശ്രീ ചിത്തിര തിരുനാൾ തീരുമാനിക്കുകയും ചെയ്തു. അതിനു ശേഷം തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖനായി 7 വർഷം അദ്ദേഹം സേവനം അനുഷ്ടിച്ചു. 1956 ൽ കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ശ്രീ ചിത്തിര തിരുനാൾ രാജപ്രമുഖന്റെ സ്ഥാനത്ത് നിന്ന് വിരമിക്കുകയും പകരം കേരള ഗവർണർ രാജപ്രമുഖന്റെ പദവിയിൽ വരുകയും ചെയ്തു.[6] 1971 ൽ ഇന്ത്യൻ സർക്കാർ പ്രിവിപേഴ്സ് നിർത്തലാക്കുകയും അതോടെ ശ്രീ ചിത്തിര തിരുനാളിനു ഭരണാധികാരി എന്ന നിലയിൽ ഉള്ള അധികാരങ്ങൾ നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ അദ്ദേഹം ഒപ്പ് വച്ച ഉടമ്പടികൾക്കോ സ്ഥാനപ്പേരിനോ മാറ്റം വന്നില്ല. അങ്ങനെ ശ്രീ ചിത്തിര തിരുനാൾ തിരുവിതാംകൂരിന്റെ ടൈറ്റുലാർ മഹാരാജാവായി അറിയപ്പെട്ടു. [7]

ചരിത്രപ്രാധാന്യമുള്ള സാമൂഹിക പരിഷ്കാരങ്ങളും സാമ്പത്തിക പുരോഗതിയും ഊർജ്ജസ്വലമായ ഭരണപ്രക്രിയയും അദ്ദേഹതിന്റെ ഭരണത്തിന്റെ സവിശേഷതയായിരുന്നു. തിരുവിതാംകൂർ വ്യവസായവൽകരണത്തിന്റെ പിതാവ് എന്ന ഖ്യാതിയും ഇദ്ദേഹത്തിനു ലഭിച്ചു.[8] തിരുവിതാംകൂർ സർവ്വകലാശാല (ഇപ്പോഴത്തെ കേരള സർവ്വകലാശാല) സ്ഥാപിച്ചതും ക്ഷേത്രപ്രവേശന വിളംബരം നടത്തിയതും ഇദ്ദേഹമാണ്. ശ്രീ ചിത്തിര തിരുനാളിന്റെ ഭരണകാലത്ത് രാജ്യത്തെ ഖജനാവിന്റെ 40 ശതമാനവും വിദ്യാഭ്യാസത്തിനു വേണ്ടി ആണ് ചെലവഴിച്ചിരുന്നതെന്ന് സംയുക്ത എന്ന ഇംഗ്ലീഷ് ആനുകാലിക പ്രസിദ്ധീകരണം സാക്ഷ്യപ്പെടുത്തുന്നു.[9] ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതി ഡോ. കെ. ആർ. നാരായണന്റെ ഉപരി വിദ്യാഭ്യാസ ചെലവ് വഹിചതും ശ്രീ ചിത്തിര തിരുനാൾ ആയിരുന്നു. [10] [11] [12] എന്നാൽ 1946 ലെ പുന്നപ്ര വയലാർ പ്രക്ഷോഭത്തെ തുടർന്ന് നടന്ന വെടിവൈപ്പും, 1947 ലെ സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനവും, സർ സി.പി. രാമസ്വാമി അയ്യർക്ക് ദീവാൻ എന്ന നിലയിൽ അമിത സ്വാതന്ത്ര്യം നൽകി എന്നതുമാണ് അദ്ദേഹത്തിന്റെ ഭരണത്തിന്റെ പ്രധാന ന്യൂനതകളായി ചരിത്രകാരന്മാർ ചുണ്ടികാണിക്കുന്നത്. [13][14]

ആദ്യ കാലം

1924-ൽ 12-കാരനായ ശ്രീ ചിത്തിര തിരുനാൾ തിരുവിതാംകൂർ മഹാരാജാവായതിനു ശേഷം

മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിലെ തിരുവാതിര നാൾ കൊച്ചുകുഞ്ഞി തമ്പുരാട്ടിയുടെ മകളാണ് മൂലം തിരുനാൾ സേതു പാർവ്വതിഭായി.ചിത്രമെഴുത്തുതമ്പുരാൻ രാജ രവിവർമ്മയുടെ മകളുടെ മകളാണ് സേതു പാർവതി ബായി തമ്പുരാട്ടി.ശ്രീമൂലം തിരുനാളിനു ശേഷം തിരുവിതാംകൂർ രാജവംശത്തിൽ അനന്തരാവകാശികളില്ലാതിരുന്നതിനാൽ മാവേലിക്കരയിലെ ഉത്സവമഠം കൊട്ടാരത്തിൽ നിന്നും സേതു ലക്ഷ്മിഭായിയെയും സേതു പാർവ്വതിഭായിയെയും ദത്തെടുത്തു. കിളിമാനൂർ കോവിലകത്തെ സംസ്കൃത പണ്ഡിതനായിരുന്ന പൂരം നാൾ രവിവർമ്മ കോയിത്തമ്പുരാനാണ് മൂലം തിരുനാൾ സേതു പാർവ്വതിഭായിയെ വിവാഹം കഴിച്ചത്. സേതു പാർവ്വതിഭായി - രവിവർമ്മ കോയിതമ്പുരാൻ ദമ്പതിമാരുടെ മൂത്ത മകനായി ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ 1912 നവംബർ 7-നു ജനിച്ചു. അദ്ദേഹം ജനിച്ചത്‌ ഒരു ദീപാവലി നാളിൽ ആയിരുന്നു. ജനിച്ച അപ്പോൾ തന്നെ അമ്മാവൻ ശ്രീ മൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ അടുത്ത അനന്തരാവകാശിയായി അദ്ദേഹത്തെ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ അപ്പോഴത്തെ പൂർണ്ണ നാമം ശ്രീ പദ്മനാഭദാസ മഹാരാജ്കുമാർ ശ്രീ ബാലരാമവർമ്മ തിരുവിതാംകൂർ ഇളയരാജ എന്നായിരിന്നു. അദ്ദേഹത്തിന് 1916 ൽ ഒരു സഹോദരിയും(കാർത്തിക തിരുനാൾ ലക്ഷ്മിഭായി) 1922 ൽ ഒരു സഹോദരനും(ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ) ജനിച്ചു. മൂത്ത റാണി സേതു ലക്ഷ്മി ഭായിക്ക് മക്കൾ (രണ്ടു പെണ്മക്കൾ) ഉണ്ടായത് വളരെ വൈകി 1923 ൽ ആയിരുന്നു. അത് കൊണ്ട് തന്നെ രാജസ്ഥാനം എല്ലാം സേതു പാർവ്വതിയുടെ മക്കൾ ആയ ശ്രീ ചിത്തിരതിരുനാൾ, കാർത്തിക തിരുനാൾ ലക്ഷ്മിഭായി, ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ എന്നിവർക്കാണ് ലഭിച്ചത്. ഇത് തിരുവിതാംകൂർ രാജകുടുംബത്തിന്റെ രണ്ടു വിഭാഗങ്ങളും തമ്മിൽ അകലാൻ ഉള്ള ഒരു കാരണമായിരുന്നു. [15]

വിദ്യാഭ്യാസം

ആറാമത്തെ വയസ്സിൽ ശ്രീ മൂലം തിരുനാൾ മഹാരാജാവ് തിരഞ്ഞെടുത്ത ട്യുടർമാരുടെ കീഴിൽ വിദ്യാരംഭം കുറിച്ചു. മലയാളം, സംസ്കൃതം, തമിഴ്‌, ഇംഗ്ലിഷ്, ചരിത്രം, കല, സാഹിത്യം, സംസ്കാരം, ഗണിത ശാസ്ത്രം മറ്റു ശാസ്ത്രവിഭാഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പഠനം ആരംഭിച്ചു. ശ്രീ ചിത്തിര തിരുനാളിനെ മലയാളവും സംസ്കൃതവും പഠിപ്പിച്ചത് അന്നത്തെ ബഹുഭാഷാ പണ്ഡിതനായിരുന്ന ആറ്റുർ കൃഷ്ണൻ പിഷാരടി ആയിരുന്നു. അദ്ദേഹത്തിന്റെ ഇംഗ്ലിഷ് പഠനം രാമൻ നംബീശന്റെയും ബ്രിട്ടീഷ്‌ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഡോവേൽ എന്നിവരുടെ കീഴിൽ ആയിരുന്നു. അദ്ദേഹത്തിന് 12 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ മഹാരാജാവായിരുന്ന ശ്രീ മൂലം തിരുനാൾ അന്തരിച്ചു. ഇതേ തുടർന്ന് കിരിടവകാശി ആയിരുന്ന ശ്രീ ചിത്തിര തിരുനാളിനെ തിരുവിതാംകൂർ മഹാരാജാവായി അവരോധിച്ചു. പ്രായകുറവ് കാരണം അമ്മയുടെ ജ്യേഷ്ഠത്തി സേതു ലക്ഷ്മിഭായി അദ്ദേഹത്തിനു വേണ്ടി ഒരു 'റീജന്റായി' രാജ്യം ഭരിച്ചു. ശ്രീ ചിത്തിര തിരുനാൾ, തന്റെ പതിനാറാമത്തെ വയസ്സിൽ ബംഗളുരുവിൽ രണ്ടു വർഷത്തെ ഭരണതന്ത്ര(State Craft)പഠനവും അട്മിനിസ്ട്രീടിവ് ട്രെയിനിങ്ങും പഠിക്കുന്നതിനായി പോയി. മൈസൂർ മഹാരാജാവായിരുന്ന കൃഷ്ണരാജ വോഡയാർ നാലാമന്റെ കീഴിൽ പതിനഞ്ചു മാസത്തെ പ്രായോഗിക ഭരണം അഭ്യസിക്കുകയും ചെയ്തു. പതിനെട്ടാമത്തെ വയസ്സിൽ തന്റെ പഠനം പുർത്തിയാക്കിയ ശ്രീ ചിത്തിര തിരുനാൾ തിരുവിതാംകുറിലേക്ക് മടങ്ങിയെത്തി. [16]

തിരുവിതാംകൂർ മഹാരാജാവ്

ശ്രീ ചിത്തിര തിരുനാളിന് പതിനെട്ടു വയസ്സ് തികഞ്ഞതിനു ശേഷവും അദ്ദേഹത്തെ ഭരണം ഏറ്റെടുക്കാൻ ബ്രിട്ടീഷ്‌ ഇന്ത്യ സർക്കാർ അനുവദിച്ചില്ല. അന്ന് തിരുവിതാംകൂറിൽ അദ്ദേഹത്തിനു ഭരണം ലഭിക്കാതിരിക്കാൻ ചില കിംവദന്തികൾ പരത്തുകയുണ്ടായി. അദ്ദേഹത്തിന് മാനസിക രോഗമുണ്ടെന്നും ഭരണം നടത്താനുള്ള കഴിവ് ഇല്ല എന്നുമൊക്കെ കിംവദന്തികൾ പടർന്നു. അതു കൊണ്ട് തന്നെ റീജെൻസി ഒരു വർഷം കുടി നിട്ടാൻ തിരുമാനിച്ചു. തന്റെ ഭാര്യയുടെ ഭരണം നീട്ടി കൊണ്ട് പോകാൻ വേണ്ടി റീജെന്റ്റ് റാണി സേതു ലക്ഷ്മിഭായിയുടെ ഭർത്താവ് രാമവർമ്മ വലിയകോയിത്തമ്പുരാനാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചത് എന്ന് വിശ്വസിക്കപെടുന്നു. അന്നത്തെ തിരുവിതാംകൂറിൽ, പ്രത്യേകിച്ച് സേതു ലക്ഷ്മിഭായി 'റീജെന്റ്' ആയി ഭരിക്കുന്ന കാലത്തെ, ഒരു കുപ്രസിദ്ധനായ വ്യക്തിത്വമായി അറിയപ്പെട്ടിരുന്ന ആളായിരുന്നു റീജെന്റ് മഹാറാണിയുടെ ഭർത്താവ് രാമവർമ്മ വലിയകോയി തമ്പുരാൻ. ഇദ്ദേഹം തന്റെ ഭാര്യയുടെ ഭരണകാലത്ത് ഭരണകാര്യങ്ങളിൽ അനധികൃതമായി കൈകടത്തലുകൾ നടത്തുകയും അതിനാൽ ജനങ്ങളുടെ രോഷത്തിനു പാത്രമാവുകയും ചെയ്തിരുന്നു. [17] [18] തിരുവിതാംകുറിന്റെ "ദിവാനെ" തിരുമാനിക്കുക പോലുള്ള പല സുപ്രധാന തിരുമാനങ്ങളും ഇദ്ദേഹത്തിന്റെ ഇഷ്ട്ടത്തിനാണ് ചെയ്തതെന്ന് ചൂണ്ടി കാണിക്കപെടുന്നു.[19] രാമവർമ്മ വലിയകോയി തമ്പുരാനെ മാധ്യമങ്ങളുടെ കുറ്റപെടുത്തലുകളിൽ നിന്നും രക്ഷിക്കാനായിട്ടാണ് 1926 ലെ കുപ്രസിദ്ധാമായ ട്രാവൻകൂർ പ്രസ്സ് റെഗുലേഷൻ എന്ന നിയമം രിജെന്റ്റ് മഹാറാണി നടപ്പിലാക്കിയത് എന്നും ചരിത്രകാരന്മാർ വിലയിരിത്തുന്നു. [20] ഇതെല്ലം തന്നെ സേതു ലക്ഷ്മിഭായിയുടെയും സഹോദരി സേതു പാർവ്വതിഭായിയുടെയും കുടുംബങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കാൻ കാരണമായി. [21] തന്റെ മകൻ ശ്രീ ചിത്തിര തിരുനാളിന് ഭരണം നഷ്ടപ്പെടും എന്ന് മനസ്സിലാക്കിയ സേതു പാർവ്വതിഭായി കുടുംബ സുഹൃത്തായിരുന്ന സർ സി.പി.യോട് സഹായം അഭ്യർഥിച്ചു. സർ സി. പി. അന്നത്തെ ഇന്ത്യ വൈസ്രോയ് വെല്ലിംഗ്ടൻ പ്രഭുവുമായി സംസാരിക്കുകയും സത്യം മനസ്സിലാക്കിക്കുവാൻ ശ്രമിക്കുകയും ചെയ്തു. അതിന്റെ ഫലമായി വെല്ലിംഗ്ടൻ പ്രഭു ശ്രീ ചിത്തിര തിരുനാളുമായി ഒരു കൂടികാഴ്ച്ച നടത്തി. ശ്രീ ചിത്തിര തിരുനാളിന്റെ കഴിവിലും സ്വഭാവത്തിലും വെല്ലിംഗ്ടൻ പ്രഭുവിന് വിശ്വാസം വരുകയും അദ്ദേഹത്തിന് ഭരണം ഏല്ക്കുന്നതിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ നീക്കുകയും ചെയ്തു. മഹാരാജാവ് വളരെ ചെറുപ്പമായിരുന്നതിനാലും അദ്ദേഹത്തെ കുറിച്ച് ഒരുപാട് കിംവദന്തികൾ പരന്നതിനാലും, വെല്ലിംഗ്ടൻ പ്രഭു സർ സി പിയോട് ശ്രീ ചിത്തിര തിരുനാളിന്റെ ഉപദേശകൻ ആയി ചുമതല ഏൽക്കാൻ പറഞ്ഞു. അങ്ങനെ 1931 നവംബർ ആറിനു റീജെൻസി അവസാനിക്കുകയും ശ്രീ ചിത്തിര തിരുനാൾ തിരുവിതാംകുറിന്റെ ഭരണ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. അതോടൊപ്പം തന്നെ സർ സി പി തിരുവിതാംകുർ രാഷ്ട്രീയത്തിലെക്ക് ആദ്യ ചുവടുവയ്പ്പ് നടത്തി. തിരുവിതാംകൂർ മഹാരാജക്കന്മാർ സാധാരണയായി നടത്തി വരുന്ന ചടങ്ങുകൾ ആണ് ഹിരണ്യഗർഭവും തുലാപുരുഷദാനവും. ശ്രീ ചിത്തിര തിരുനാളിന്റെ അമ്മാവനായിരുന്ന ശ്രീ മൂലം തിരുനാൾ മഹാരാജാവ് വരെയുള്ള എല്ലാ മഹാരാജാക്കന്മാരും ഈ ചടങ്ങുകൾ നടത്തിയിരുന്നു. എന്നാൽ തനിക്കുവേണ്ടി ഇത്രയും തുക ചെലവാക്കാൻ തിരുവിതാംകൂർ സർക്കാരിനോട് അവശ്യപ്പെടില്ല എന്ന ശ്രീ ചിത്തിര തിരുനാൾ തിരുമാനിക്കുകയായിരുന്നു എന്ന് മാതൃഭൂമി പത്രം സാക്ഷ്യപ്പെടുത്തുന്നു.[22] ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ പുർന്ന അധികാരങ്ങളും ഏറ്റ ശേഷം അദ്ദേഹത്തിന്റെ മുഴുവൻ നാമം ഹിസ്‌ ഹൈനെസ്സ് ശ്രീ പദ്മനാഭദാസ വഞ്ചിപാല സർ ബാലരാമവർമ്മ കുലശേഖര കിരീടപതി മന്നേ സുൽത്താൻ മഹാരാജ രാജരാജ ബഹദൂർ ഷം ഷേർ ജംഗ്, തിരുവിതാകൂർ മഹാരാജ എന്നായിരുന്നു. സർ സി.പി. രാമസ്വാമി അയ്യർ 1931-36 ഉപദേശകൻ ആയും 1936-48 വരെ ശ്രീ ചിത്തിര തിരുനാളിന്റെ പ്രധാന മന്ത്രി (ദീവാൻ) ആയും പ്രവർത്തിച്ചു. തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവും തിരു-കൊച്ചിയിലെ ആദ്യത്തെയും അവസാനത്തെയും രാജപ്രമുഖനും ആയിരുന്നു ശ്രീ ചിത്തിര തിരുനാൾ. മഹാരാജാവിന് 18 വയസായപ്പോൾ സ്വയം അധികാരം ഏറ്റെടുത്തു. 1936ൽ ക്ഷേത്രപ്രവേശന വിളംബരം നടത്തി, 1937ൽ തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ചു. പുരോഗമനപരവും വിപ്ലവാത്മകവുമായ പല ഭരണ പരിഷ്കാരങ്ങളും ശ്രീ ചിത്തിര തിരുനാൾ നടപ്പിൽ വരുത്തി. എന്നാൽ 1946ലെ പുന്നപ്ര-വയലാർ സമരത്തെ തുടർന്ന് നടന്ന വെടിവയ്പ്പും 1947ലെ സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനവും അദേഹത്തിന്റെ ഭരണത്തിന്റെ പ്രധാന ന്യൂനതകളായി കണക്കാക്കപെടുന്നു. [23] [24]

ദ്വിമണ്ഡല നിയമനിർമ്മാണ സഭ

1932 ശ്രീ ചിത്തിര തിരുനാൾ സുപ്രധാനമായ ചില ഭരണ പരിഷ്കാരങ്ങൾ നടപ്പിലാക്കി. അതിന്റെ ഫലമായി സ്വന്തം അധികാരങ്ങൾ കുറയ്ക്കുകയും ചെയ്തു. മുൻപുണ്ടായിരുന്ന ശ്രീമൂലം സ്റ്റേറ്റ് അസംബ്ലി, ശ്രീ മൂലം പ്രജാസഭ, ശ്രീ ചിത്രാ സ്റ്റേറ്റ് അസംബ്ലി എന്നിങ്ങനെ ഇരുതലങ്ങളുള്ള നിയമസഭയാക്കി വികസിപ്പിച്ചു. ട്രാവൻകൂർ ലെജിസ്ലെറ്റിവ് കൌൺസിൽ റദ്ദാക്കുകയും ശ്രീ മൂലം പ്രജാസഭ (അധോസഭ)പുനസംഘടിപപിക്കുകയും ചെയ്തു. അതോടൊപ്പം ശ്രീ ചിത്ര സ്റ്റേറ്റ് കൌൺസിൽ (ഉപരിസഭ) സംഘടിപ്പിക്കുകയും ചെയ്തു. പുതിയ സഭയിലെ 55% പേർ തിരെഞ്ഞെടുക്കപ്പെട്ടവർ ആയിരിക്കണം, അതിൽ മൂന്നിൽ രണ്ടു പേർ ഉദ്യോഗസ്ഥർ ആയിരിക്കണമെന്നും നിബന്ധന കൊണ്ട് വന്നു. ശ്രീ ചിത്ര കൌൺസിലിൽ നിന്നും ആകെ 37 പേർ ആയിരുന്നു ഉണ്ടായിരുന്നത്. സഭയുടെ ആകെ അംഗ സംഘ്യ 72 ആയിരുന്നു. രണ്ടു ഹൌസ്കളുടെയും അധ്യക്ഷൻ തിരുവിതാംകൂർ പ്രധാനമന്ത്രി (ദീവാൻ) ആയിരുന്നു. 1933 ൽ പ്രവർത്തനം ആരംഭിച്ച സഭ 1947 വരെ നിലവിൽ നിന്നിരുന്നു. എന്നാൽ പുതിയ സഭയിൽ തങ്ങളുടെ പ്രാതിനിധ്യം കുറയും എന്ന് ഭയന്ന് ഈഴവരും ക്രിസ്ത്യാനികളും മുസ്ലിംകളും നിവർത്തന പ്രക്ഷോഭം ആരംഭിച്ചു. സമരത്തിന്റെ ഫലമായി തിരുവിതാംകൂർ സർക്കാർ ഇവരുടെ ആവശ്യങ്ങൾ അംഗികരിക്കുകയും സഭയിൽ ഇവർക്കായി പ്രത്യേകം സംവരണം ഏർപ്പെടുത്തുകയും ചെയ്തു. [25]

പ്രധാന നിയമനിർമ്മാണങ്ങൾ

1932 ൽ പാസ്സാക്കിയ രണ്ടു പ്രധാന നിയമങ്ങൾ ആയിരുന്നു ട്രാവൻകൂർ ക്ഷത്രിയ റെഗുലേഷനും ട്രാവൻകൂർ മുസ്ലിം സക്സെഷൻ രേഗുലേഷനും. അതെ വർഷം തന്നെ പാസ്സാക്കിയ മറ്റൊരു പ്രധാന നിയമമായിരുന്നു ട്രാവൻകൂർ ജെന്മി-കുടിയാൻ റെഗുലേഷൻ. ഈ നിയമമനുസരിച്ച് കുടിയാന് പാട്ടത്തിനു എടുത്ത സ്ഥലത്ത് ജെന്മിക്ക് ഇടപെടാൻ ഉള്ള അവകാശം ഇല്ലാതാക്കുകയും അതോടൊപ്പം തന്നെ കുടിയാന് പാട്ടസ്ഥലം സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കുവാനും അധികാരം നൽകി. ജെന്മികളാൽ അടിയാന്മാരുടെ ചൂഷണം തടയുവാനായി ജന്മികരം പിരിക്കുന്നത് സർക്കാർ ഏറ്റെടുത്തു ജെന്മികൾക്ക് കൈമാറാനും തിരുമാനിച്ചു. ഭൂപരിഷ്കരണാം പോലുള്ള നിയമങ്ങൾ വരുന്നതിനും വർഷങ്ങൾക്കു മുമ്പ് വന്ന ഈ നിയമം കുടിയാന്മാർക്ക് മുമ്പെങ്ങും ഇല്ലാതിരുന്ന സ്വാതന്ത്ര്യം അനുവദിക്കുന്നതുനും ചൂഷണം തടയുന്നതിനും സഹായകമായി എന്ന് ചരിത്രകാരന്മാർ വിലയിരിത്തുന്നു. ശ്രീ ചിത്തിര തിരുനാൾ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പല നിയമങ്ങളും നടപ്പിലാക്കി. ട്രാവൻകൂർ ഹിന്ദു വിഡോ റീമാരിയെജ് റെഗുലേഷൻ, ട്രാവൻകൂർ ചൈൽഡ് മാരിയെജ് റെസ്ട്രിന്റ് ആക്ട്‌, ട്രാവൻകൂർ സപ്രെഷൻ ഓഫ് ഇമ്മോറൽ ട്രാഫിക്കിംഗ് ആക്ട്‌, ട്രാവൻകൂർ മറ്റേണിറ്റി ബെനെഫിറ്റ് ആക്ട്‌ എന്നിവ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനു സഹായകമായതായി കണക്കാക്കുന്നു. തിരുവിതാംകുറിൽ മരുമക്കത്തായമായിരുന്നതിനാൽ സ്ത്രീകൾക്ക് പൊതുവെ സമുഹത്തിൽ നല്ല സ്ഥാനം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. എന്നാൽ തമിഴ് ബ്രാഹ്മണർ, പോറ്റിമാർ, നമ്പൂതിരിമാർ എന്നിവരുടെ സ്ത്രികൾ വളരെ അധികം ബുദ്ധിമുട്ടുകൾ സഹിക്കെണ്ടാതായി വന്നു. പോറ്റിമാർ ശൈശവ വിവാഹത്തെയും തമിഴ് ബ്രാഹ്മണർ നമ്പൂതിരിമാർ തുദങ്ങിയ വിഭാഗങ്ങൾ വിധവ വിവാഹത്തെയും എതിർത്തിരുന്നു. എന്നാൽ ഈ നിയമ നിർമ്മാണഗലൊടെ ഈ പ്രശ്നങ്ങൾ മറികിടക്കാനായി എന്ന് വിശ്വസിക്കപെടുന്നു. അതുപോലെ മറ്റെണിറ്റി ബെനെഫിറ്റ് ആക്ട്‌ നടപ്പിലാക്കിയ വഴി ജോലി ചെയ്തിരുന്ന സ്ത്രീകൾക്ക് പ്രസവ ശേഷം ആനുകുല്യങ്ങൾ ലഭിക്കാനും വഴിവച്ചു. ഈ ആക്ടുകൾ ശ്രീ ചിത്തിര തിരുനാളിന്റെ ദൂരദർശിത്വത്തിന്റെ ഉദാഹരണാമായി ഗവേഷകർ ചുണ്ടി കാണിക്കുന്നു. [26]

വിദ്യാഭ്യാസ നവികരണം

ശ്രീ ചിത്തിര തിരുനാളിന്റെ ഭരണകാലത്ത് രാജ്യത്തെ ഖജനാവിന്റെ 40% വിദ്യാഭ്യാസത്തിനു വേണ്ടി ആണ് ചെലവഴിച്ചിരുന്നതെന്ന് "സംയുക്ത" എന്ന ഇംഗ്ലീഷ് ആനുകാലിക പ്രസിദ്ധീകരണം സാക്ഷ്യപ്പെടുത്തുന്നു.[27] തിരുവിതാംകൂർ ജനത ഉപരി പഠനത്തിനായി മദ്രാസ് സർവ്വകലാശാലയിൽ ആണ് പോകാറുണ്ടായിരുന്നത്, തിരുവിതാംകുറിനു സ്വന്തമായി ഒരു സർവ്വകലാശാല എന്നത് ജനങളുടെ ഒരു ചിരകാല സ്വപ്നം ആയിരുന്നു. 1919ൽ ശ്രീ മൂലം തിരുനാൾ രാമവർമ്മയും 1924 ൽ രിജെന്റ്റ് മഹാറാണി സേതു ലക്ഷ്മി ഭായിയും തിരുവിതാംകുറിനു സ്വന്തമായി ഒരു സർവ്വകലാശാല സ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കുവാൻ സമതികളെ നിയോഗിച്ചിരുന്നു. എന്നാൽ അതെ കുറിച്ച് കാര്യമായ തിരുമാനങ്ങൾ ഒന്നും തന്നെ കൈകൊണ്ടിരുന്നില്ല. 1937 ൽ മുമ്പത്തെ രണ്ടു സമതികളുടെയും വിലയിരുത്തലുകളെ കണക്കിലെടുക്കുകയും സർവ്വകലാശാല സ്ഥാപിക്കുകയും ചെയ്തു. യുനിവെർസിറ്റി ഓഫ് ട്രാവൻകൂർ (ഇപ്പോഴത്തെ കേരള സർവ്വകലാശാല) 1937 ലെ യൂനിവെർസിറ്റി ആക്ട്‌നു കീഴിൽ നിലവിൽ വന്നു. തിരുവിതാംകുറിലെ എല്ലാ പൊതു സ്വകാര്യ കലാലയങ്ങളും ഈ സർവ്വകലാശാലയുടെ അധികാരപരിധിയിൽ വന്നു. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റ്റെക്സ്റ്റൈൽ ടെക്നോളജി, സെൻട്രൽ റിസേർച് ഇൻസ്റ്റിറ്റ്യുറ്റ് ഇൻ പ്യുർ ആൻഡ്‌ അപ്പ്ലൈട് സൈൻസെസ്, ഡിപാർട്ട്‌മെന്റ് ഓഫ് മാരീൻ ബയോളോജി എന്നിവ തുടങ്ങി. ലേബർ കോർപ്സ് എന്ന പേരിൽ ഒരു സർവ്വകലാശാല കോർപ്സ് തുടങ്ങി, ഇത് എൻ സി സി യുടെ മുൻഗാമിയായി കണക്കാക്കിയിട്ടുള്ളത്. ശ്രീ ചിത്തിര തിരുനാളിന്റെ സഹോദരീഭർത്താവ് ശ്രീ കേണൽ ഗോദവർമ്മ രാജയ്ക്കായിരുന്നു ഇതിന്റെ ചുമതല. കേരള കായിക പിതാവ് എന്ന പേരിലാണ് അദ്ദേഹം അറിയപെടുന്നത്.ട്രാവൻകൂർ പ്രൈമറി എജ്യുകേഷൻ ആക്ട്‌ ശ്രീ ചിത്തിര തിരുനാൾ നടപ്പിലാക്കി. അതിന്റെ ഫലമായി എല്ലാവർക്കും സൌജന്യ നിർബന്ധിത വിദ്യാഭ്യാസം കർശനമാക്കാൻ തിരുമാനിച്ചു. ഈ നിയമം മൂലം ബാലവേല തിരുവിതാംകുറിൽ കർശനമായി നിരോധിക്കപ്പെട്ടു. [28] ആദ്യമായി ഇന്ത്യയിൽ "സൌജന്യ നിർബന്ധിത വിദ്യാഭ്യാസം" എന്ന നിയമം നടപ്പിലാക്കുന്നത് 2009 ൽ മാത്രമാണ്, അത് പോലെ "ഫാക്ടറി ആക്ട്‌" എന്ന പേരിൽ 1948 ൽ 15 വയസ്സിൽ താഴെ ഉള്ള കുട്ടികൾ ഫാക്ടറികളിൽ ജോലി ചെയ്യുന്നത് ഇന്ത്യ സർക്കാർ നിരോധിച്ചു.[അവലംബം ആവശ്യമാണ്] മേൽപ്പറഞ്ഞ നിയമ നിർമ്മാണങ്ങളിലൂടെ ശ്രീ ചിത്തിര തിരുനാൾ തന്റെ ദീർഘദർശിത്വം പ്രകടമാക്കി എന്ന് ഗവേഷകർ കണക്കാക്കുന്നു. മാത്രമല്ല ഈ നിയമങ്ങളുടെ പ്രാധാന്യം കണ്ടെത്താൻ ഇതേ നിയമങ്ങൾ സ്വന്തന്ത്ര ഇന്ത്യയിൽ എപ്പോൾ നടിപ്പിലാക്കി എന്ന് പരിശോധിക്കുമ്പോൾ മനസ്സിലാകുന്നതാണ്. [29]

അടിസ്ഥാനസൗകര്യ വികസനവും വ്യവസായവത്കരണവും

തിരുവനന്തപുരം വിമാനത്താവളം പണി കഴിപ്പിച്ച് ബോംബെയ്ക്ക് വിമാന സർവ്വീസ് ആരംഭിചത് ശ്രീ ചിത്തിര തിരുനാൾ ആണ്. ഈ ആശയം ആദ്യം മുൻപോട്ടു വയ്ച്ചത് അദ്ദേഹത്തിന്റെ സഹൊദരീഭർത്താവ് കേണൽ ഗോദവർമ്മ രാജയാണ്. കേണൽ രാജ ഒരു വൈമാനികനും കു‌ടി ആയിരുന്നു, അത് കൊണ്ട് തന്നെ തിരുവിതാംകുറിനു ഒരു വിമാനത്താവളം ആവശ്യമാണെന്ന് അദ്ദേഹത്തിന് തോന്നി. അങ്ങനെ 1932 ൽ റോയൽ ഫ്ലയിംഗ് ക്ലബ് എന്ന പേരിൽ തിരുവിതാംകൂരിലെ (പിന്നിട് കേരളത്തിലെയും) ആദ്യ വിമാനത്താവളം സ്ഥാപിക്കപ്പെട്ടു. [30] ബ്രിട്ടീഷ്‌ ഇന്ത്യയിൽ വിമാനത്താവളം ഉണ്ടായിരുന്ന വളരെ ചുരുക്കം നാട്ടുരാജ്യങ്ങളുടെ പട്ടികയിൽ അങ്ങനെ തിരുവിതാംകൂറം ഇടം നേടി. [31] ശ്രീ ചിത്തിര തിരുനാൾ 1940-ൽ രൂപീകരിച്ച തിരുവനന്തപുരം സിറ്റി മുനിസിപ്പൽ ആക്റ്റിലെ നാലാം വകുപ്പ് പ്രകാരം തിരുവനന്തപുരം മുനിസിപലിറ്റിയെ കോർപ്പറേഷൻ ആക്കി മാറ്റി. തിരുവനന്തപുരം കോർപ്പറേഷനാണ് കേരള സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ ഏറ്റവും പഴയത്. [32] മാധ്യമം പത്രം തിരുവിതാംകൂരിലെ ഗതാഗത വിഭാഗത്തെ കുറിച്ച് "പൊതുഗതാഗത രംഗത്ത് ലോകത്തിൽ ആദ്യമായി സർക്കാർ ഇടപെട്ട രാജ്യമാണ് തിരുവിതാംകൂർ. 1938 ഫെബ്രുവരി 20-ന് തിരുവനന്തപുരം സെൻട്രൽ ബസ്‌സ്‌റ്റേഷനിൽനിന്ന് കവടിയാറിലേക്ക് ഓടിച്ച ബസ്സായിരുന്നു സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ പൊതു ബസ്‌സർവീസ്. രാജഭരണം അവസാനിക്കുമ്പോൾ 661 സർവീസുകളും 901 ബസുകളുമാണ് തിരുവിതാംകൂറിലുണ്ടായിരുന്നത്" എന്ന് പ്രസ്താവിക്കുന്നു. [33] തിരുവിതാംകൂർ മോട്ടോർ സർവ്വീസ് ശ്രീ ചിത്തിര തിരുന്നാൾ 1938, ഫെബ്രുവരി 20-ന് ഉദ്ഘാടനം ചെയ്തു. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉദ്ഘാടനയാത്രയിലെ യാത്രക്കാർ. ലണ്ടൻ പാസഞ്ജർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ്ങ് സൂപറിന്റെൻഡെന്റ് ആയിരുന്ന, ഇ.ജി. സാൾട്ടർ, തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവർ. തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ ആണ് അന്ന് തിരുവിതാംകൂർ സർക്കാർ ഇപ്പോഴത്തെ കെ.എസ്.ആർ.ടി.സി. സ്ഥാപിച്ചത്. തിരുവിതാംകൂർ രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുക ആയിരുന്നു സ്ഥാപിത ലക്ഷ്യം. [34] പള്ളിവാസൽ ജല വൈദ്യുത പദ്ധതി, ടെലിഫോൺ സർവീസുകൾ, തേക്കടി വന്യ മൃഗ സം‌രക്ഷണ കേന്ദ്രം തുടങ്ങിയവയും ശ്രീ ചിത്തിര തിരുനാൾ തുടങ്ങിയവയാണ്. തിരുവിതാംകൂറിൽ വ്യവസായവൽക്കരണം നടത്തിയത് ശ്രീ ചിത്തിര തിരുനാൾ ആയിരുന്നു എന്ന് പ്രൊഫ്‌. എ. ശ്രീധര മേനോൻ സാക്ഷ്യപെടുത്തുന്നു. ട്രാവൻ‌കൂർ ടൈറ്റാനിയം പ്രോഡക്ട്സ് (Travancore Titanium Products), എഫ്. എ. സി. ടി. (FACT) തുടങ്ങിയ വ്യവസായശാലകൾ ആരംഭിചത് അദ്ദേഹമാണ്. ഭൂപണയ ബാങ്ക് സ്ഥാപിച്ചതും തിരുവനന്തപുരം റേഡിയോ സ്റ്റേഷൻ ആരംഭിച്ചുതും അദ്ദേഹം ആണ്. സർക്കാർ ആഫീസുകളിലെ നിയമനത്തിനായി നോക്സ് കമ്മീഷണറായി പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകരിച്ചു. നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് നീതിപൂർവ്വകമാക്കാൻ ഇ.സുബ്രഹ്മണ്യയ്യർ കമ്മീഷണറായി ഫ്രാഞ്ചസ് കമ്മീഷനെ നിയമിച്ചു. സ്വാതി തിരുനാൾ സംഗീത കോളേജ് സ്ഥാപിച്ചു. സ്വാതി തിരുനാൾ കൃതികൾ പ്രസിദ്ധീകരിക്കുവാനും ശ്രീ സ്വാതി തിരുനാൾ സംഗീതസഭ രൂപീകരിക്കുന്നതിനും അതിന് ആസ്ഥാനം ഉണ്ടാക്കുന്നതിനും വേണ്ട സൌകര്യം ചെയ്തു കൊടുത്തു. ബോംബെയിൽ കേരള എംപോറിയം സർക്കാർ ചുമതലയിൽ ആരംഭിച്ചു. ശ്രീചിത്രാ ആർട്ട് ഗ്യാലറി സ്ഥാപിച്ച്, രാജാരവി വർമ്മ, കെ.സി.എസ്.പണിക്കർ തുടങ്ങി പ്രസിദ്ധ ചിത്രകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് സൗകര്യം ഒരുക്കി. അക്വേറിയം സ്ഥാപിച്ച് ശാസ്ത്രീയ പഠനത്തിന് വഴിയൊരുക്കി. ആൾ ഇന്ത്യൻ വിമൻസ് കോൺഫറൻസ് 1935-ൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നതിന് വേണ്ട പിന്തുണ നൽകി, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ വിഷയത്തിലുളള പ്രത്യേക താല്പര്യം പ്രദർശിപ്പിച്ചു. സ്പോർട്സ് വിഷയത്തിൽ തിരുവിതാംകൂറിനുണ്ടായ പുരോഗതിയിൽ സഹോദരിഭർത്താവ് ലെഫ്റെനെന്റ്റ് കേണൽ ഗോദവർമ്മ രാജ നൽകിയ മികച്ച സംഭാവനകൾക്ക് പിന്തുണയേകി. 1934-ൽ ലൈഫ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റ് സമാരംഭിച്ചു, തിരുവനന്തപുരത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറി പ്രവർത്തനമാരംഭിച്ചു. നൃത്താദികലകൾക്കു വേണ്ടി പൂജപ്പുരയിൽ ഗുരു ഗോപിനാഥിന്റെ മേൽനോട്ടത്തിൽ ശ്രീ ചിത്രാ നർത്തകാലയം തുടങ്ങി. ഏഷ്യയിൽ തന്നെ ആദ്യമായി വധശിക്ഷ അവസാനിപ്പിച്ചു. തൊഴിലിനു പ്രാധാന്യം നൽകിക്കൊണ്ടു ലേബർ കോർട്ട് സ്ഥാപിച്ചു. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ഭരണ ഘടനാ നിർമ്മാണ സമിതി ഇന്ത്യയിൽ ആദ്യമായി രൂപീകരിച്ചു. നിലവിലുണ്ടായിരുന്ന നായർ ബ്രിഗേഡിൽ എല്ലാ പ്രജകൾക്കും പ്രവേശനവകാശം നൽകി വിപുലമായ തിരുവിതാംകൂർ സ്റ്റേറ്റ് ഫോഴ്സ് രൂപീകരിച്ചു. ശ്രീ ചിത്രാ ഹോം എന്ന അഗതി മന്ദിരം സ്ഥാപിച്ചു, വഞ്ചി പുവർ ഫണ്ടും രൂപീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, ആയുർവ്വേദ കോളേജ്, ഹോമിയോപ്പതി കോളേജ് തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിച്ചു. മാതൃ-ശിശു രോഗചികിത്സക്കായി ശ്രീ അവിട്ടം തിരുനാൾ ആശുപത്രി സ്ഥാപിച്ചു.[35][36]

ക്ഷേത്രപ്രവേശന വിളംബരം

ശ്രീ ചിത്തിര തിരുനാളിന്റെ ഏറ്റവും പ്രധാനപ്പെട്ടതും വിപ്ലവകരവുമായ നേട്ടം 1936-ലെ ക്ഷേത്രപ്രവേശന വിളംബരമാണ്. ദളിതർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഈ വിളംബരം ശ്രീ ചിത്തിര തിരുനാളിന്റെ യശസ്സ് ഇന്ത്യയൊട്ടാകെ പരത്തി. 1932-ൽ ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപോർട്ട് സമർപ്പിക്കുന്നതിന് അന്നത്തെ ദിവാനായ വി.എസ്. സുബ്രഹ്മണ്യ അയ്യർ അധ്യക്ഷനായുള്ള എട്ടംഗ സമിതിയെ മഹാരാജാവു നിയോഗിച്ചിരുന്നു. സമിതി രണ്ടുവർഷത്തിനുശേഷം സമർപ്പിച്ച റിപ്പോർട്ടിൽ പക്ഷേ ക്ഷേത്രപ്രവേശനത്തിനനുകൂലമായ പരാമർശങ്ങൾ ഉണ്ടായിരുന്നില്ല. അവർണ്ണരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കാതിരിക്കാൻ സവർണ്ണർക്ക് പരമ്പരാഗതമായുള്ള അവകാശത്തെ പിന്തുണയ്ക്കുന്ന കോടതിയുത്തരവുകളായിരുന്നു സമിതി പ്രധാനമായും ആശ്രയിച്ചത്. ക്ഷേത്രപ്രവേശനം എന്ന കാതലായ വിഷയം മാറ്റിവച്ച് തീണ്ടൽ അവസാനിപ്പിക്കാനുള്ള ചില നടപടികൾ സമിതി ശുപാർശചെയ്തു. സർക്കാർ ഖജനാവിൽ നിന്നു പണം ചെലവഴിച്ചു നിർമ്മിച്ച റോഡുകളും പൊതുകുളങ്ങളും എല്ലാവിഭാഗം ജനങ്ങൾക്കുമായി തുറന്നുകൊടുക്കണമെന്നായിരുന്നു സമിതിയുടെ ശുപാർശ. ഇതു 1936 മേയ് മാസത്തിൽ നടപ്പിലാക്കി. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് ക്ഷേത്രപ്രവേശനത്തിനെ വളരെ ശക്തമായി എതിർക്കുന്നതായിരുന്നു. എന്നാൽ ശ്രീ ചിത്തിര തിരുനാൾ ഈ റിപ്പോർട്ട് അവഗണിച്ച് ക്ഷേത്രപ്രവേശനവുമായി മുന്നോട്ടുപോയി. "മഹാരാജാവിന്റെ ഉറച്ച തീരുമാനം ഒന്ന് കൊണ്ട് മാത്രമാണ് 1930കളിൽ തന്നെ തിരുവിതാംകുറിൽ ക്ഷേത്രപ്രവേശനം സാധ്യമായെതെന്നും അല്ലാതെ പലരും പറയുന്നത് പോലെ പ്രക്ഷോഭങ്ങളുടെ ഭലമായിട്ടല്ല എന്നത് മഹാരാജാവിന്റെ തീരുമാനത്തിന്റെ മഹത്ത്വം കുറിക്കുന്നു" എന്ന് അന്നത്തെ ദീവാൻ സർ സിപി രാമസ്വാമി അയ്യർ 1936 ൽ പറയുകയുണ്ടായി. യാഥാസ്ഥികരിൽ നിന്ന് ഉണ്ടാകാമായിരുന്ന എതിർപ്പിനെ നേരിടാൻ ഉള്ള ചുമതല സർ സിപിക്കായിരുന്നു; അദ്ദേഹം ഇതിനുവേണ്ടി എല്ലാവിധ മുൻകരുതലുകളും എടിത്തിരുന്നു എന്ന് ചരിത്രകാരന്മാർ ചുണ്ടികാട്ടുന്നു. 'ശോധ്ഗംഗ' എന്ന വെബ്സൈറ്റ് ഉദാഹരണ സഹിതം സമർഥിക്കുന്നതു, ക്ഷേത്രപ്രവേശന വിളംബരത്തോട് ശ്രീ ചിത്തിര തിരുനാളിന് പുർണ്ണ യോജിപ്പായിരിന്നു എന്നാണ്. [37] 1992 ൽ അന്നത്തെ ഉപരാഷ്ട്രപതി കെ. ആർ. നാരായണൻ തന്റെ പ്രസ്നാഗത്തിൽ ശ്രീ ചിത്തിര തിരുനാളിന് ക്ഷേത്ര പ്രവേശനം നടത്തുന്നതിനോട് അനുകൂല നിലപാടായിരിന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. [38]


ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

1936 നവംബർ 12നു പുറത്തിറങ്ങിയ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പൂർണ്ണരൂപം

തിരുകൊച്ചി രാജപ്രമുഖൻ

തിരുവിതാകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാളും കൊച്ചി മഹാരാജാവും തിരു-കൊച്ചി സംയോജനവേളയിൽ

1949ൽ ശ്രീ ചിത്തിര തിരുനാൾ തിരുവിതംകൂറിനെ ഇന്ത്യൻ യൂനിയനിൽ ചേർന്നു, തുടർന്ന് ജൂലായ് 1ന് തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങളെ സംയോജിപ്പിച്ച് ഒരു പുതിയ സംസ്ഥാനം നിലവിൽ വന്നു. തുടർന്നു തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിലെ രാജപ്രമുഖൻ എന്ന പദവിയിൽ ശ്രീ ചിത്തിര തിരുനാൾ 7 വർഷം (1949-1956) സേവനമനുഷ്ടിച്ചു. പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തും ഹൈക്കോടതി എറണാകുളത്തും ആയി തീരുമാനിക്കപ്പെട്ടു. സംസ്ഥാനത്തിലെ ആദ്യ ജനകീയമന്ത്രിസഭ റ്റി. .കെ.നാരായണപിള്ളയുടെ നേതൃത്വത്തിലായിരുന്നു. തുടർന്ന് പല മന്ത്രിസഭകളും രൂപം കൊള്ളുകയും അവസാനിക്കുകയും ചെയ്തു. പനമ്പിള്ളി ഗോവിന്ദമേനോന്റെ മന്ത്രിസഭ 1956-ൽ നിലംപതിച്ചതോടെ സംസ്ഥാനത്ത് ആദ്യമായി പ്രസിഡന്റ് ഭരണം നടപ്പിലായി. 1956 നവംബർ 1 ന് ഐക്യ കേരളം യാഥാർത്ഥ്യമായി. അതോടെ ശ്രീ ചിത്തിര തിരുനാൾ രാജപ്രമുഖ സ്ഥാനമൊഴിഞ്ഞു. തിരു-കൊച്ചി സംസ്ഥാനത്തിന്റെ തലവനായിരുന്ന രാജപ്രമുഖൻ ശ്രീ ചിത്തിര തിരുനാളിന്റെ സ്ഥാനത്ത് ഗവർണർ വന്നു.

അധികാരത്യാഗത്തിന് ശേഷം

1956 ൽ രാജ്പ്രമുഖ് സ്ഥാനം രാജിവച്ചശേഷം ശ്രീ ചിത്തിര തിരുനാൾ സ്വന്തമായി വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിലേക്ക് ശ്രദ്ധതിരിച്ചു. അതേ വർഷം തന്നെ സുഗന്ധവ്യഞ്ജന വ്യാവസായികസ്ഥാപനമായ അസ്പിൻവാളിന്റെ ഷെയറുകൾ വാങ്ങിച്ചു. ഏഴുപതുകളിൽ ഈ സ്ഥാപനത്തിന്റെ വിദേശ ഉടമകൾ കമ്പനിയുടെ ഷെയറുകൾ വിറ്റപ്പോൾ അത് വാങ്ങിയത് ശ്രീ ചിത്തിര തിരുനാൾ ആയിരുന്നു. ഇന്ന് ഈ കമ്പനിയുടെ ഉടമസ്ഥൻ ശ്രീ ചിത്തിര തിരുനാളിന്റെ അനതരവകാശി ആയ ശ്രീ മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ ആണ്. തിരു-കൊച്ചി സംയോജന ഉടമ്പടി പ്രകാരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭാരവാഹിത്വവും ശ്രീ ചിത്തിര തിരുനാൾ നിലനിർത്തി. 1971-ൽ പ്രിവിപേഴ്സ് നിർത്തലാക്കിയതിനു ശേഷവും ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം തന്റെ സ്വകാര്യ സ്വത്തുപയോഗിച്ചു പരിപാലിച്ചു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപത്തിന് വെളിച്ചെണ്ണയുടെ ദൗർലഭ്യം കാരണം ആദ്യമായി വൈദ്യതിവിളക്കുകൾ ഉപയോഗിക്കാൻ തീരുമാനിച്ചതും ക്ഷേത്രത്തിൽ ഭൂരിഭാഗവും വൈദ്യുതീകരിച്ചത്തും ശ്രീചിത്തിര തിരുനാളിന്റെ തീരുമാനപ്രകാരമായിരുന്നു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ജീവനക്കാർക്കു പെൻഷൻ പദ്ധതി നടപ്പിലാക്കിയതും ഇദ്ദെഹമായിരുന്നു. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ്‌ റ്റെക്നൊളജി(ഇംഗ്ലീഷ്: Sree Chithira Thirunal Institute Of Sciences And Technology)യുടെ നിർമ്മാണത്തിന് ആവശ്യമായ കെട്ടിടങ്ങളും സ്ഥലവും നൽകി [39][40], കുടാതെ മറ്റനേകം ചാരിറ്റബിൽ ട്രസ്റ്റുകളും അദേഹത്തിന്റെ സ്വകാര്യ സമ്പത്തുപയോഗിച്ചു സ്ഥാപിച്ചവയാണ്.[41]

സ്വകാര്യ ജീവിതം

ശ്രീ ചിത്തിര തിരുനാളിന് കുലദൈവമായ ശ്രീപദ്മനാഭനോടുണ്ടായിരുന്ന ഭക്തി പ്രശസ്തമാണ്. പലരും അദ്ദേഹത്തിന്റെ ഭക്തിയെ ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്നറിയപ്പെടുന്ന മഹാരാജ ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടേതുമായി ഉപമിക്കാറുണ്ട്. [42] [43] വി.പി. മേനോന്റെ ദി സ്റ്റൊരി ഓഫ് ദി ഇന്റെഗ്രേഷൻ ഓഫ് ദി ഇന്ത്യൻ സ്റ്റൈറ്റെസ്(ഇംഗ്ലീഷ്: THE STORY OF THE INTEGRATION OF THE INDIAN STATES)-ൽ മഹാരാജാവിന്റെ ഭക്തിയെ മതഭ്രാന്ത് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ശ്രീ ചിത്തിര തിരുനാൾ രാജപ്രമുഖൻ സ്ഥാനമൊഴിഞ്ഞ ശേഷം ശിഷ്ടജീവിതം ശ്രീ പദ്മനാഭദാസനായി ആർഭാടരഹിതനായി ജീവിച്ചു എന്ന് അദ്ദേഹത്തിന്റെ അനന്തരാവകാശികൾ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന് ചിത്രകല, രാഷ്ട്രീയം, ചരിത്രം, പുരാണഇതിഹാസങ്ങൾ എന്നിവയിൽ അഗാധ താല്പര്യം ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ഭാഗിനേയി പൂയം തിരുനാൾ ഗൌരി പാർവ്വതീഭായി ഒരു പത്രലേഖനത്തിൽ പറയുകയുണ്ടായി. [44]

മരണം

സ്വതന്ത്ര ഇന്ത്യയിൽ ടൈറ്റുലാർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ 1991 ജൂലായ് 12-ന് മസ്തിഷ്കാഘാതത്തെ തുടർന്ന് സ്വന്തം പേരിലുള്ള ശ്രീ ചിത്രാ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ടു, തുടർന്ന് അവിടെവച്ച് ജൂലായ് 20-ന് പുലർച്ചെ 12:10-ന് തന്റെ 79-ആം വയസ്സിൽ അദ്ദേഹം നാടുനീങ്ങി. പൊതുജനങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം പൂർണ്ണ സൈനിക-സർക്കാർ ബഹുമതികളോടും കു‌ടി കവടിയാർ കൊട്ടാരത്തിൽ വച്ച് ക്ഷത്രിയാചാരപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചു. ശ്രീചിത്തിര തിരുനാൾ മഹാരാജാവ് ആജീവനാന്തം അവിവാഹിതനായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നിർവഹിച്ചത് അദേഹത്തിന്റെ അനന്തരവനും ഇപ്പോഴത്തെ കുടുംബ കാരണവരായ ശ്രീമൂലം തിരുനാൾ രാമവർമ്മ രണ്ടാമനാണ്. ചിത്തിര തിരുനാളിന്റെ മരണാനന്തരം ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തോടുള്ള ആദരസൂചകമായി 1991 നവംബർ 6-ന് ഒരു സ്റ്റാമ്പ് പുറത്തിറക്കി ബഹുമാനിച്ചു.[45]

അവലംബങ്ങൾ

പുറം കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്