ഡുറാ യുറോപ്പോസ്

ബിസി നാലാം നൂറ്റാണ്ടവസാനം സ്ഥാപിക്കപ്പെട്ട് എഡി മൂന്നാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ സജീവമായിരുന്ന ഒരു യവന-പാർത്തിയൻ-റോമൻ അതിർത്തിനഗരമാണ് ഡുറാ യുറോപ്പോസ്. യൂഫ്രട്ടീസ് നദിയുടെ വലത്തേ തീരത്തു നിന്ന് 90 മൈൽ അകലെയുള്ള ഈ പട്ടണം ഇന്നത്തെ തെക്കു-കിഴക്കൻ സിറിയയിലെ സാൽഹിയെ ഗ്രാമത്തിനടുത്താണ്.[1] ബിസി 303-ൽ അലക്സാണ്ടറുടെ പിൻഗാമികളായ സെല്യൂക്കിഡ് ഭരണാധികാരികൾ സ്ഥാപിച്ച ഈ നഗരം അറേബ്യയേയും പേർഷ്യയേയും സിറിയയേയും മദ്ധ്യധരണിപ്രദേശവുമായി ബന്ധിപ്പിക്കുന്ന വാണിജ്യപഥങ്ങളുടെ സന്ധിസ്ഥാനത്തായിരുന്നതിനാൽ സാർത്ഥവാഹകസഘങ്ങൾക്ക് ഇടത്താവളമായി. ഡുറാ യുറോപ്പോസ് ബിസി രണ്ടാം നൂറ്റാണ്ടിൽ പാർത്തിയൻ നിയന്ത്രണത്തിലും[2] ഏഡി 165-ൽ റോമൻ ആധിപത്യത്തിലുമായി. ഒരു നൂറ്റാണ്ടു കാലം റോമൻ നിയന്ത്രണത്തിലിരുന്ന നഗരം ഏഡി 256-57-ൽ സസാനിയൻ സാമ്രാജ്യത്തിന്റെ ഉപരോധത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ടു.[3] സാമ്രാജ്യങ്ങളുടെ വിളുമ്പിൽ അഞ്ചു നൂറ്റാണ്ടുകാലം സംസ്കാരങ്ങളുടെ ഉരുക്കുമൂശയായി നിലനിന്ന ഡുറാ യൂറോപ്പോസ്, പിന്നെ നൂറ്റാണ്ടുകളോളം വിസ്മൃതിയിലായെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അതിന്റെ നഷ്ടശിഷ്ടങ്ങൾ കണ്ടെത്തി.[4]

ഡുറാ യുറോപ്പോസിലെ ബേൽ ദേവന്റെ ക്ഷേത്രം

കണ്ടെത്തൽ

ഡുറാ യുറോപ്പോസിന്റെ പാൽമിരാ കവാടം

ഉപേക്ഷിക്കപ്പെട്ട നഗരത്തിനു മുകളിൽ പുതിയ നിർമ്മിതികളൊന്നും ഉണ്ടാകാതിരുന്നതിനാൽ പഴയ ചരിത്രസാക്ഷ്യങ്ങൾ മണ്ണിനടിയിൽ ഏറെ കേടുപാടുകളില്ലാതെ നിലനിന്നു. ഈ നഗരത്തെക്കുറിച്ച് പുരാതനസാഹിത്യസ്രോതസ്സുകളിലുള്ള പരാമർശങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഡുറാ യുറോപ്പോസിന്റെ അവശിഷ്ടങ്ങളുടെ സൂചന ആദ്യമായി കിട്ടിയത് പത്തൊൻപതാം നൂറ്റാണ്ടിനൊടുവിലാണ്. 1885-ൽ അമേരിക്കയിൽ നിന്നു പോയ വുൾഫ് പര്യവേഷണസംഘത്തിലെ ജോൺ ഹെൻട്രി ഹെയ്നസ്, ഈ പുരാതനനഗരത്തിലെ പാൽമീരാ കവാടത്തിന്റെ ചിത്രമെടുത്തു. എന്നാൽ നഗരത്തിന്റെ നഷ്ടശിഷ്ടങ്ങളിൽ മറഞ്ഞിരുന്ന പുരാവസ്തു-സാംസ്കാരിക സമ്പന്നത വെളിപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ സമാപനത്തിനു ശേഷമുള്ള സൈനികനീക്കങ്ങൾക്കിടയിൽ 1920-ലാണ്. ആ പ്രദേശത്ത് താവളമടിച്ചിരുന്ന ബ്രിട്ടീഷ് ഇന്ത്യൻ സേനാവ്യൂഹം കിടങ്ങു കുഴിക്കുന്നതിനിടയിൽ പുരാതനമായ ചുവർചിത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണങ്ങളാണ് ഇതിന് അവസരമൊരുക്കിയത്.[5] [3]

നഷ്ടശിഷ്ടങ്ങൾ

ഡുറാ യൂറോപ്പൊസ് സിനഗോഗിലെ ഒരു ചുവർചിത്രം. ഇത് എബ്രായബൈബിളിലെ ജെറമിയാ പ്രവാചകനോ എസ്രായോ ആകാം

തുടർന്നു നടന്ന സമഗ്രമായ അന്വേഷണങ്ങളിൽ വിവിധമതസ്ഥരുടെ ദേവാലയങ്ങളും, ചുവരലങ്കാരങ്ങളും, ലിഖിതങ്ങളും, സൈനികോപകരങ്ങളും, ശവകുടീരങ്ങളും, നഗരത്തിന്റെ നാശത്തിൽ കലാശിച്ച ഉപരോധത്തിന്റെ തെളിവുകളും പോലും കണ്ടുകിട്ടി. സാമ്രാജ്യങ്ങളുടെ സംഗമസ്ഥാനത്തെ ഈ നഗരത്തിന്റെ നഷ്ടശിഷ്ടങ്ങളിൽ, അവിടെ നിലനിന്നിരുന്ന സാംസ്കാരികവും ധാർമ്മികവും ഭാഷാപരവുമായ വൈവിദ്ധ്യത്തിന്റെ തെളിവുകളും അടങ്ങുന്നു. ഗ്രീക്ക്, ലത്തീൻ, അരാമിയ, എബ്രായ, സുറിയാനി, ഹാട്രിയൻ, പൽമീരിയൻ, മദ്ധ്യപേർഷ്യൻ, സഫായിറ്റിക് ലിപികളിലുള്ള ലിഖിതങ്ങൾ അവിടെ കണ്ടുകിട്ടിയിട്ടുണ്ട്.

ഡുറാ യുറോപ്പോസിലെ ക്രൈസ്തവദേവാലയത്തിന്റെ അവശിഷ്ടം

പുരാതന യവന-റോമൻ ധർമ്മവിശ്വാസങ്ങളുടേയും മറ്റും ആരാധനാലയങ്ങൾക്കു പുറമേ ഒരു യഹൂദസിനഗോഗും ക്രൈസ്തവദേവാലയവും ഈ നഗരത്തിന്റെ അവശിഷ്ടങ്ങളുടെ ഭാഗമാണ്. ലോകത്തിൽ കണ്ടെത്തപ്പെട്ടിട്ടുള്ള സിനഗോഗുകളിലും ക്രൈസ്തവദേവാലയങ്ങളിലും ഏറ്റവും പുരാതനമായി കരുതപ്പെടുന്ന ഇവ, പണിയപ്പെട്ട് അധികം വൈകാതെ നടന്ന ഉപരോധത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട് മണ്ണിനടിയിലാവുകയാണുണ്ടായത്. ഈ രണ്ടു ചരിത്രസാക്ഷ്യങ്ങളും അവയിലെ ചുവർചിത്രങ്ങളുടെ പേരിൽ പ്രത്യേകം അറിയപ്പെടുന്നു.

എബ്രായബൈബിളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സിനഗോഗിലെ ചിത്രങ്ങളിൽ പ്രമേയമായിരിക്കുന്നത്. മോശെയുടെ ശൈശവം, ഈജിപ്തിൽ നിന്നുള്ള എബ്രായജനതയുടെ പ്രയാണം, ഏലിയാപ്രവാചകന്റെ ബലി എന്നിവ തുടങ്ങി അൻപതോളം ബൈബിൾ സന്ദർഭങ്ങൾ ഇവിടെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. യഹൂദമതത്തിൽ ബിംബാലേഖനത്തിനുള്ള വിലക്ക് പരിഗണിക്കുമ്പോൾ കൗതുകമുണർത്തുന്ന ഈ കണ്ടെത്തൽ യഹൂദപശ്ചാത്തലത്തിലെ ചിത്രരചനയുടെ ലഭ്യമായതിൽ ഏറ്റവും പുരാതനമായ മാതൃകകളിലൊന്നാണ്.[4]

ഡുറാ യൂറോപ്പോസിലെ ക്രൈസ്തവദേവാലയം ഒരു വീട് പരിവർത്തനം ചെയ്തുണ്ടാക്കിയ മട്ടിലുള്ളതാണ്. റോമാസാമ്രാജ്യത്തിൽ ക്രിസ്തുമതം നിയമവിരുദ്ധമായിരുന്ന കാലത്തു നിർമ്മിക്കപ്പെട്ട ഈ ദേവാലയം സിനഗോഗിനോളം മോടിയുള്ളതല്ല.[4] അതിലെ ചിത്രങ്ങൾ അവയുടെ പ്രമേയങ്ങൾക്ക് എബ്രായബൈബിളിനേയും പുതിയനിയമത്തേയും ആശ്രയിക്കുന്നു.[6][7]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഡുറാ_യുറോപ്പോസ്&oldid=3633315" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്