നാടോടി നൃത്തം

ഒരു രാജ്യത്തിലെയോ പ്രത്യേക പ്രദേശത്തിലെയോ ജനങ്ങളുടെ ജീവിത രീതികളെ പ്രതിഫലിപ്പിക്കുന്ന നൃത്തമാണ് നാടോടി നൃത്തം എന്ന് അറിയപ്പെടുന്നത്.[1] നാടോടി നൃത്ത കലകൾ അവ അവതരിപ്പിക്കുന്ന ജനവിഭാഗത്തിന്റെ ജീവിതവുമായും അവർക്ക് ലഭ്യമായ സാമൂഹിക സാഹചര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നവയാണ്.[2] നൃത്തത്തിന്റെ സാംസ്കാരിക വേരുകൾക്ക് പ്രാധാന്യം നൽകേണ്ടിവരുമ്പോൾ "വംശീയ", "പരമ്പരാഗത" എന്നീ പദങ്ങൾ ഉപയോഗിക്കപ്പെടുന്നു. ഈ അർത്ഥത്തിൽ, മിക്കവാറും എല്ലാ നാടോടി നൃത്തങ്ങളും വംശീയമാണ്.

മലാംബോ, അർജന്റീനിയൻ നാടോടി നൃത്തം
പരമ്പരാഗത വലൻസിയൻ നൃത്തങ്ങൾ

പശ്ചാത്തലം

താരാബുക്കോയിലെ പുൾജയ് ആഘോഷവേളയിൽ പ്രകടനം നടത്തുന്ന പരമ്പരാഗത നർത്തകർ

നാടോടി നൃത്തങ്ങൾക്ക് ഇനിപ്പറയുന്ന സ്വഭാവ ഗുണങ്ങളിൽ ചിലത് അല്ലെങ്കിൽ എല്ലാമുണ്ടാകും:

  • പരമ്പരാഗത സംഗീതത്തിന് അനുസരിച്ച് പ്രൊഫഷണൽ പരിശീലനം ഇല്ലാത്ത ആളുകൾ ചെയ്യുന്ന നൃത്തമാണ് ഇത്. നൃത്തം ചെയ്യുന്നത് സാധാരണയായി നാടോടി നൃത്ത സമ്മേളനങ്ങളിലോ സാമൂഹിക പ്രവർത്തനങ്ങളിലോ ആണ്.
  • നൃത്തങ്ങൾ പൊതുവായി പൊതു പ്രകടനത്തിനോ വേദിയിൽ അവതരിപ്പിക്കുന്നതിനോ വേണ്ടി ചിട്ടപ്പെടുത്തിയവയല്ല. അവയുടെ അരങ്ങ്‌ പലപ്പോഴും നെൽവയലുകളോ വീട്ടുമുറ്റമോ തുറസ്സായ സ്ഥലമോ ഒക്കെയാവാം.[2] എന്നിരുന്നാലും അവ പിന്നീട് ക്രമീകരിച്ച് വേദിയിലെ പ്രകടനങ്ങൾക്കായി സജ്ജമാക്കാറുണ്ട്.
  • പുതിയതായി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നതിന് പകരം വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള പാരമ്പര്യമായി പകർന്നുകിട്ടിയതാണ് അവതരിപ്പിക്കുന്നത് (നാടോടി പാരമ്പര്യങ്ങൾ കാലത്തിനനുസരിച്ച് മാറുന്നുവെങ്കിലും).
  • പുതിയ നർത്തകർ പലപ്പോഴും മറ്റുള്ളവരെ നിരീക്ഷിച്ചോ മറ്റുള്ളവരിൽ നിന്ന് സഹായം സ്വീകരിച്ചോ അനൗപചാരികമായി പഠിക്കുകയാണ് ചെയ്യുന്നത്.

ചില ആളുകൾ നാടോടി നൃത്തത്തെ നിർവചിക്കുന്നത് ഒരു ഭരണസമിതിയോ മത്സരമോ പ്രൊഫഷണൽ സ്ഥാപനങ്ങളോ ഇല്ലാത്ത നൃത്തം എന്നാണ്. യൂറോപ്യൻ സംസ്കാരത്തിലും ചരിത്രത്തിലും, ഇരുപതാം നൂറ്റാണ്ടിന് മുൻപ് ഉത്ഭവിച്ച ചരിത്രപരമായി പ്രാധാന്യമുള്ള നൃത്തങ്ങളെ വിശേഷിപ്പിക്കാൻ "നാടോടി നൃത്തം" എന്ന പദം ചിലപ്പോൾ പ്രയോഗിക്കാറുണ്ട്.

തരങ്ങൾ

നാടോടി നൃത്തങ്ങളെ അവയുടെ സ്വഭാവം അനുസരിച്ച് ആചാര അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ടത്, ചടങ്ങുകളോട് അനുബന്ധിച്ച് നടത്തുന്നത്, വിളവെടുപ്പിനോട് അനുബന്ധിച്ച് നടത്തുന്നത്, വിനോദവുമായി ബന്ധപ്പെട്ടത്, സാമൂഹിക ഒത്തുചേരലിൽ നിന്നും ഉണ്ടാകുന്നത്, ഋതുക്കളുമായി ബന്ധപ്പെട്ടത്, ആയോധന നൃത്തങ്ങൾ എന്നിങ്ങനെ പലതായി തരം തിരിക്കാം.[3]

ആചാര അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട

മതപരമായ ധാരാളം അനുഷ്ടാനങ്ങളിൽ നൃത്തവും സംഗീതവും കടന്നുവരുന്നുണ്ട്. തെയ്യം, കോവിൽ നൃത്തം, ഏഴുവട്ടം കളി, ക്യാതം കളി എന്നിങ്ങനെയുള്ള നിരവധി നാടൻ നൃത്തരൂപങ്ങൾ അനുഷ്ടാനപരമാണ്.[2]

ചടങ്ങുകളോട് അനുബന്ധിച്ച് നടത്തുന്നവ

മുസ്ലീം സമുദായത്തിൽ കല്യാണം, മാർക്കകല്യണം, വയസ്സറിയൽ, 40 കുളി തുടങ്ങിയ ചടങ്ങുകളിൽ നിറപ്പകിട്ടാർന്ന ഉടയാടകൾ ധരിച്ച് പെൺകുട്ടികൾ അവതരിപ്പിക്കുന്ന മാപ്പിളകലയായ ഒപ്പന ചടങ്ങുകളോട് അനുബന്ധിച്ച് നടത്തുന്ന നൃത്തമാണ്.[2][4]

വിളവെടുപ്പിനോട് അനുബന്ധിച്ച് നടത്തുന്നവ

അട്ടപ്പാടിയിലെ ഇരുളർ വിളവെടുപ്പ്‌ സന്ദർഭത്തിൽ രാത്രിയിൽ തീ കൂട്ടിയിട്ട്‌ അതിനുചുറ്റും അവതരിപ്പിക്കുന്ന ഏലേലം കരടി എന്ന കരടി നൃത്തം വിളവെടുപ്പിനോട് അനുബന്ധിച്ച് നടത്തുന്ന നാടോടി നൃത്തത്തിന് ഉദാഹരണമാണ്.[2] അതേപോലെ വിളവെടുപ്പു കാലത്ത് പഞ്ചാബിൽ നടക്കുന്ന ബൈശാഖി ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന നാടോടി നൃത്തമാണ് ഭാൻഗ്ര.[5]

ഋതുക്കളുമായി ബന്ധപ്പെട്ടവ

പശ്ചിമ ബംഗാളിൽ വസന്തകാല ഉത്സവമായ ചൈത്ര പർവയിൽ നടത്തുന്ന നാടോടി നൃത്തമായ ഛൗ നൃത്തം ഋതുക്കളുമായി ബന്ധപ്പെട്ട നാടോടി നൃത്ത രൂപങ്ങൾക്ക് ഉദാഹരണമാണ്.[5]

നാടോടി നൃത്തവും ശാസ്ത്രീയ നൃത്തവും തമ്മിലുള്ള വ്യത്യാസം

കൂടിയാട്ടം, നങ്ങ്യാർകൂത്ത്‌, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ശാസ്ത്രീയ നൃത്ത രൂപങ്ങളിൽ കാണുന്നതുപോലെയുള്ള വേഷവിധാനമോ, ചിട്ടകളോ, മുദ്രാഭാഷയുപയോഗിച്ചുള്ള അഭിനയമോ ഒന്നുംതന്നെ നാടോടി നൃത്തങ്ങളിൽ കാണുകയില്ല.[2] ഇവ ശാസ്ത്രീയ നൃത്തങ്ങൾ പോലെ ഒരു വേദിയിൽ അവതരിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ളതല്ല, മറിച്ച്, നെൽവയലുകളോ, വീട്ടുമുറ്റമോ, തുറസ്സായ സ്ഥലമോ എന്നിങ്ങനെ ഏതുതരം സന്ദർഭത്തിലാണോ അവ രൂപപ്പെടുന്നത്‌, അതിനോടനുബന്ധിച്ച സ്ഥലങ്ങളിലായിരിക്കും അവ സാധാരണയായി അരങ്ങേറാറുള്ളത്.[2]

ഇന്ത്യയിലെ ചില നാടോടി നൃത്തങ്ങൾ

ചിത്രശാല

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=നാടോടി_നൃത്തം&oldid=4075780" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്