ഫ്രാൻസ് കാഫ്‌ക

ഇരുപതാം നൂറ്റാണ്ടിലെ എണ്ണപ്പെട്ട ജർമ്മൻ എഴുത്തുകാരിൽ ഒരാളായിരുന്നു ഫ്രാൻസ് കാഫ്ക (IPA: [ˈfranʦ ˈkafka]) (ജൂലൈ 3, 1883ജൂൺ 3, 1924). പഴയ ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബൊഹേമിയയിൽ, ഇന്നു ചെക്ക് ഗണരാജ്യത്തിന്റെ തലസ്ഥാനമായിരിക്കുന്ന പ്രാഗ് നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. പഴയപ്രേഗിലെ നഗര ചത്വരത്തിൽ വിശുദ്ധ നിക്കോളാസിന്റെ പള്ളിക്കടുത്തുള്ള അദ്ദേഹത്തിന്റെ ജന്മവീട് ഇന്ന് കാഫ്ക മ്യൂസിയമായി പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.

ഫ്രാൻസ് കാഫ്ക
ഫ്രാൻസ് കാഫ്കയുടെ 1917-ൽ എടുത്ത ചിത്രം
ഫ്രാൻസ് കാഫ്കയുടെ 1917-ൽ എടുത്ത ചിത്രം
ജനനംജൂലൈ 3, 1883
Austria-Hungary പ്രാഗ്, ഓസ്ട്രിയ-ഹംഗറി (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിൽ)
മരണംജൂൺ 3, 1924
ഓസ്ട്രിയ ഓസ്ട്രിയയിലെ വിയന്നയ്ക്ക് അടുത്തുള്ള കീർലിംഗ്
തൊഴിൽഇൻഷുറൻസ് ഉദ്യോഗസ്ഥൻ, ഫാക്ടറി മാനേജർ, നോവലിസ്റ്റ്, ചെറുകഥാകൃത്ത്
ദേശീയതഅഷ്കെനാസി ജൂതർ-ബോഹീമിയൻ (ഓസ്ട്രിയ-ഹംഗറി)
Genreനോവൽ, ചെറുകഥ
സാഹിത്യ പ്രസ്ഥാനംആധുനികത, അസ്തിത്വവാദം, സർറിയലിസം, മാജിക്കൽ റിയലിസത്തിനു മുന്നോടി

കാഫ്കയുടെ മിക്ക കൃതികളും മരണശേഷമാണ് പ്രസിദ്ധീകരിച്ചത്. അവയിൽ പലതും അപൂർണ്ണങ്ങളാണ്. അവ പൊതുവേ, നിരർത്ഥകതയുടെയും (absurd) അതിയാഥാർഥ്യ (surreal) സംഭവങ്ങളുടെയും സാധാരണ സംഭവങ്ങളുടെയും മിശ്രിതമാണ്. "കാഫ്കയിസ്ക്ക്" (Kafkaesque) എന്ന ഒരു പദം തന്നെ അദ്ദേഹത്തിന്റെ രചനാശൈലിയെ സൂചിപ്പിക്കുന്നതായി നിലവിലുണ്ട് . അദ്ദേഹത്തിന്റെ കൃതികളിൽ "ന്യായവിധി" (1913), "ശിക്ഷാകോളനിയിൽ" (1920, ഇൻ ദ് പീനൽ കോളനി) എന്നീ കഥകൾ; ലഘുനോവൽ (നോവെല്ല) ആയ "മെറ്റമോർഫോസിസ്" (രൂപപരിവർത്തനം); അപൂർണ്ണ നോവലുകളായ "വിചാരണ" (ദ് ട്രയൽ), "ദുർഗ്ഗം" (ദ് കാസിൽ), അമേരിക്ക (Amerika) എന്നിവ ഉൾപ്പെടുന്നു.

കാഫ്കയെ അന്യതാബോധം വിടാതെ പിടികൂടിയിരുന്നു. തകർന്നുകൊണ്ടിരുന്ന ഒരു സാമ്രാജ്യത്തിലെ പൗരനായി ജനിച്ച അദ്ദേഹം ചെക്ക് ഭാഷ സംസാരിക്കുന്ന ഒരു സമൂഹത്തിൽ ജർമ്മൻ സസാരിക്കുന്നവനും, ക്രിസ്ത്യാനികൾക്കിടയിൽ യഹൂദനും, സ്വാർത്ഥനും സ്വേച്ഛാപ്രേമിയുമായ ഒരു പിതാവ് അടക്കി വാണിരുന്ന കുടുംബത്തിൽ ഏകാകിയും ആയി ജീവിച്ചു.[1]

ജീവിതം

പശ്ചാത്തലം

കാഫ്ക, 5 വയസ്സ് പ്രായമുള്ളപ്പോൾ

മദ്ധ്യവർഗ്ഗത്തിൽ പെട്ട അസ്കനാസി യഹൂദരായിരുന്നു[൧] ഫ്രാൻസ് കാഫ്കയുടെ മാതാപിതാക്കൾ. ദക്ഷിണ ബൊഹേമിയയിലെ ഒരു ഗ്രാമമായ ഓസെക്കിൽ നിന്ന് പ്രേഗിലെത്തിയ ജേക്കബ് കാഫ്കയുടെ നാലാമത്തെ മകനായിരുന്നു കാഫ്കയുടെ പിതാവ് ഹെർമൻ കാഫ്ക. യഹൂദനിയമത്തിന്റെ ഭാഗമായ കൊഷർ വിധി അനുസരിച്ചുള്ള കശാപ്പായിരുന്നു മുത്തച്ഛന്റെ കുലത്തൊഴിൽ. അദ്ദേഹം സംസാരിച്ചിരുന്നത് യിദ്ദിഷ് ഭാഷ[൩] ആയിരുന്നു. നാടോടിവാണിഭക്കാരനായി കുറേക്കാലം ജോലി ചെയ്തശേഷം അദ്ദേഹം കൗതുകവസ്തുക്കളും വിവിധതരം ഉപകരണങ്ങളും വിൽക്കാനായി 15-ഓളം ജോലിക്കാരുള്ള ഒരു കട തുടങ്ങി. അക്കാലത്ത് ഓസ്ട്രിയൻ ചക്രവർത്തി ജോസഫ് രണ്ടാമൻ സാമ്രാജ്യത്തിലെ യഹൂദർ അംഗീകൃതമായ കുടുംബപ്പേരുകൾ ഉപയോഗിക്കുന്നതു വിലക്കിക്കൊണ്ട് വിളംബരം ഇറക്കിയിരുന്നു. കാഫ്കയുടെ മുത്തച്ഛൻ തന്റെ വ്യാപാരചിഹ്നമായി തെരഞ്ഞെടുത്തത് കാക്കയുടെ വർഗ്ഗത്തിൽ പെട്ട 'ജാക്ക്ഡോ' (Jackdaw) എന്ന പക്ഷിയുടെ ചിത്രമായിരുന്നു. ചെക്ക് ഭാഷയിൽ ആ പക്ഷിയുടെ പേരാണ് കാവ്ക അല്ലെങ്കിൽ കാഫ്ക. ക്രമേണ അതു കുടുംബപ്പേരായിത്തീർന്നു.[൨]

കാഫ്കയുടെ പിതാവ് ഹെർമൻ കാഫ്ക (1852–1931), "സ്വാർത്ഥതയും, മേധാവിത്വസ്വഭാവവും പ്രകടിപ്പിച്ച ഭീമാകാരനായ ഒരു കച്ചവടക്കാരൻ" എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1] "ശക്തിയിലും, ആരോഗ്യത്തിലും, ഭക്ഷണപ്രിയത്തിലും, സ്വരത്തിലും, വാക്ചാതുരിയിലും, ആത്മതൃപ്തിയിലും, മേൽക്കോയ്മയിലും, ക്ഷമാസ്ഥൈരത്തിലും, മനഃസ്സാന്നിദ്ധ്യത്തിലും, പരഹൃദയജ്ഞാനത്തിലും" അച്ഛനുള്ള മികവ് കാഫ്ക സാക്ഷ്യപ്പെടുത്തുന്നു. പിതാവുമായുള്ള കാഫ്കയുടെ ബന്ധം വിഷമം പിടിച്ചതായിരുന്നു. "അച്ഛനുള്ള കത്ത്" എന്ന കൃതിയിൽ പിതാവിന്റെ ആധിപത്യസ്വഭാവവും നിർബ്ബന്ധങ്ങളും തന്നെ എത്രയധികം ബാധിച്ചുവെന്ന് കാഫ്ക വിവരിക്കുന്നു. "എന്റെ എഴുത്തു മുഴുവൻ നിങ്ങളെക്കുറിച്ചാണ്; നിങ്ങളുടെ തോളിൽ കിടന്നു കരയാനാകാത്ത കാര്യങ്ങളാണ് അവയിൽ അലർച്ചയായി കേൾക്കുന്നത്" എന്ന് അതിൽ അദ്ദേഹം പിതാവിനോടു പറയുന്നു.[൪] പിതാവിന്റെ ബുദ്ധിഹീനതയും പ്രതിഭാശാലിയായ മകനെ വിലമതിക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന പരിമിതികളും മകൻ ഒരിക്കലും തിരിച്ചറിഞ്ഞില്ല. അച്ഛന്റെ സ്നേഹം നേടുന്നതിലുണ്ടായ പരാജയം തീരാദുഃഖമായി കാഫ്കയെ വേട്ടയാടി, അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തേയും രചനകളേയും ആഴത്തിൽ സ്വാധീനിച്ചു.[2] മദ്യം വാറ്റിയുണ്ടാക്കുന്നത് തൊഴിലാക്കിയ ജേക്കബ് ലോവി എന്നയാളുടെ മകളായിരുന്ന കാഫ്കയുടെ അമ്മ ജൂലി(1856–1934) ഭർത്താവിനേക്കാൾ വിദ്യാഭ്യാസവും വ്യത്യസ്തമായ സാംസ്കാരിക പശ്ചാത്തലവും ഉള്ളവളായിരുന്നു.[3]

അച്ഛനമ്മമാർക്കു പിറന്ന ആറു മക്കളിൽ മൂത്തയാളായിരുന്നു കാഫ്ക. അദ്ദേഹത്തിന് ജോർജ്ജ്, ഹീൻറിച്ച് എന്നീ അനുജന്മാർ ജനിച്ചെങ്കിലും ആദ്യത്തെയാൾ പതിനഞ്ചു മാസവും രണ്ടാമത്തെയാൾ ആറു മാസവും ആയപ്പോൾ, കാഫ്കയ്ക്ക് ഏഴു വയസു തികയുന്നതിനു മുൻപ്, മരിച്ചു; തുടർന്ന് മൂന്നു സഹോദരിമാരുണ്ടായി: ഗബ്രിയേലെ ("എല്ലി") (1889–1944), വലേരി ("വല്ലി") (1890–1944) ഒട്ടിലി ("ഒട്ട്‌ലാ") (1892–1943). പ്രായത്തിലുള്ള ഗണ്യമായ വ്യത്യാസം മൂലം, അനുജത്തിമാർ അദ്ദേഹത്തിനു കളിച്ചങ്ങാതികളായില്ല. പ്രവൃത്തിദിവസങ്ങളിൽ മാതാപിതാക്കളിരുവരും പകൽ സമയത്ത് വീട്ടിൽ ഉണ്ടാകുമായിരുന്നില്ല. ഭർത്താവിനെ കച്ചവടത്തിൽ സഹായിക്കാൻ അമ്മയ്ക്ക് ദിവസം 12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടിയിരുന്നു. അതിനാൽ കുട്ടികളുടെ ചുമതല, മാറിമാറി വന്നിരുന്ന കാര്യസ്ഥിമാർക്കും വേലക്കാരികൾക്കും ആയി.

വിദ്യാഭ്യാസം

ഫ്രാൻസ് കാഫ്ക, 1900-ആം ആണ്ടിനു മുൻപ്, വിദ്യാർത്ഥിയായിരിക്കെ

കാഫ്കയുടെ മുഖ്യഭാഷ ആയതും അദ്ദേഹത്തിന്റെ സാഹിത്യകൃതികളെല്ലാം എഴുതപ്പെട്ടതും ജർമ്മൻ ഭാഷയിലാണ്. എങ്കിലും ചെക്കു ഭാഷയിലും അദ്ദേഹത്തിനു പ്രാവീണ്യമുണ്ടായിരുന്നു.[4] ചെക്ക് സാഹിത്യത്തിൽ അദ്ദേഹം താല്പര്യമെടുത്തു.[5] പിൽക്കാലത്ത് കാഫ്ക ഫ്രഞ്ചു ഭാഷയിലും സംസ്കാരത്തിലും കുറച്ചൊക്കെ അറിവു നേടി; അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട എഴുത്തുകാരിൽ ഒരാൽ ഗുസ്താഫ് ഫ്ലൊബേർ ആയിരുന്നു. 1889 മുതൽ 1893 വരെ കാഫ്ക, പ്രേഗിലെ ഇറച്ചിച്ചന്തയിൽ, ഇപ്പോൾ മസ്നാ തെരുവ് എന്നറിയപ്പെടുന്ന സ്ഥലത്ത്, ആൺകുട്ടികളുടെ പ്രാഥമികവിദ്യാലയത്തിൽ പഠിച്ചു. യഹൂദമതവുമായുള്ള കാഫ്കയുടെ ബന്ധം 13-ആമത്തെ വയസ്സിൽ ബാർ മിറ്റ്സ്വാ എന്ന ആചാരത്തിൽ പങ്കെടുക്കുന്നതിലും, പിതാവിനോടൊപ്പം ആണ്ടിൽ നാലുവട്ടം സിനഗോഗിൽ പോകുന്നതിലും ഒതുങ്ങി. സിനഗോഗ് സന്ദർശനം അദ്ദേഹം വെറുത്തിരുന്നു.[6] പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം, കിൻസ്കി പ്ലേസ് എന്ന സ്ഥലത്തെ നഗരചത്വരത്തിൽ, ക്ലാസിക്കുകളെ അടിസ്ഥാനമാക്കിയ കർശനശിക്ഷണത്തിനു പേരുകേട്ടിരുന്ന സർക്കാർ വക ജിംനേഷ്യത്തിൽ ചേർന്നു. എട്ടു ക്ലാസുകളുണ്ടായിരുന്ന ആ സ്ഥാപനത്തിലും പഠനമാദ്ധ്യമം ജർമ്മൻ ആയിരുന്നു. 1901-ൽ കാഫ്ക അവിടത്തെ പഠനം പൂർത്തിയാക്കി.[7]

അച്ഛനമ്മമാരുടെ ജന്മദിനങ്ങളിലും മറ്റും കാഫ്ക താൻ പ്രത്യേകമായി എഴുതിയ എഴുതിയ നാടകങ്ങൾ സ്വയം സംവിധാനം ചെയ്ത്, സഹോദരിമാരേയും പരിചാരകരേയും മറ്റും അഭിനേതാക്കളാക്കി, കുടുംബാംഗങ്ങൾക്കു മുൻപിൽ അവതരിപ്പിച്ചിരുന്നു. ഈ പതിവ്, കാഫ്കയുടെ ഇരുപതാം വയസ്സു വരെ തുടർന്നു. "ഫോട്ടോഗ്രാഫ് സംസാരിക്കുന്നു" എന്നായിരുന്നു ഈ നാടകങ്ങളിലൊന്നിന്റെ പേര്.[8] അദ്ദേഹം കണിശക്കാരനായ സംവിധായകനായിരുന്നെന്ന്, അത്തരം നാടകങ്ങളിലൊന്നിൽ 1903-ൽ പങ്കെടുത്ത വീട്ടുകാര്യസ്ഥ അന്നാ പൗസാരോവ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.[2]

ജിംനേഷ്യത്തിലെ പഠനപൂർത്തിയെ തുടർന്ന് പ്രേഗിലെ ചാൾസ് ഫെർഡിനാണ്ട് സർവകലാശാലയിൽ പ്രവേശനം നേടിയ കാഫ്ക, ഐഛികവിഷയമായി ആദ്യം രസതന്ത്രം തെരഞ്ഞെടുത്തെങ്കിലും രണ്ടാഴ്ചകൾക്കകം അതുപേക്ഷിച്ച് ജർമ്മൻ ഭാഷയും സാഹിത്യവും പഠിക്കാൻ തുടങ്ങി. ആറും മാസം കഴിഞ്ഞപ്പോൾ അതും മതിയാക്കി നിയമത്തിലേയ്ക്കു മാറി. നിയമം കൂടുതൽ തൊഴിൽ സാധ്യതകൾ ഉള്ള വിഷയമായിരുന്നതിനാൽ, കാഫ്കയുടെ പിതാവിനും അതിഷ്ടമായി. മറ്റുവിഷയങ്ങളെ അപേക്ഷിച്ച് നിയമപഠനത്തിനു കാലദൈർഘ്യവും കൂടുതലായിരുന്നു. ഇടവേളകളിൽ ജർമ്മൻ, ചരിത്രം, തത്ത്വചിന്ത മുതലായ ഇതരവിഷയങ്ങളിലെ ക്ലാസുകളിലും ചേരാൻ ഇത് കാഫ്കയ്ക്ക് അവസരമൊരുക്കി. സർവകലാശാലയിൽ, സാഹിത്യസമ്മേളനങ്ങളും, വായനകളും, മറ്റു പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്ന ബെന്റാനോ സർക്കിൾ എന്ന സംഘത്തിൽ കാഫ്ക അംഗമായി. രണ്ടാഴ്ചയിലൊരിക്കൽ ഈ സംഘം നഗരത്തിലെ ഒരു ഭോജനശാലയിൽ സമ്മേളിച്ചിരുന്നു. ആദ്യവർഷാവസാനം അദ്ദേഹം, മരണം വരെ സുഹൃത്തായിരുന്ന മാക്സ് ബ്രോഡ്, പത്രപ്രവർത്തകനായിത്തീർന്ന ഫെലിക്സ് വെൽസ്റ്റ്ച്ച് എന്നിവരുടെ സൗഹൃദം സമ്പാദിച്ചു. വെൽസ്റ്റ്ച്ചും കാഫ്കയെപ്പോലെ നിയമവിദ്യാർത്ഥി ആയിരുന്നു. മാക്സ് ബ്രോഡുമായുള്ള അടുപ്പത്തോടെ കാഫ്കയ്ക്ക് സാഹിത്യത്തിൽ മുന്നേ ഉണ്ടായിരുന്ന അഭിരുചി വർദ്ധിച്ചു. ഇക്കാലത്ത് കാഫ്ക കീർക്കെഗാഡിന്റെ തത്ത്വചിന്തയുമായും, ഫ്രെഞ്ച് സാഹിത്യകാരൻ ഗുസ്താഫ് ഫ്ലൊബേറിന്റെ നോവലുകളുമായും പരിചയപ്പെട്ടു. നിഘണ്ടുവിന്റെ സഹായത്തോടെയാണെങ്കിലും, പ്ലേറ്റോയുടെ റിപ്പബ്ലിക് ഗ്രീക്ക് മൂലത്തിൽ വായിക്കുക പോലും ചെയ്തു അദ്ദേഹം.[8] 1906 ജൂൺ 18-ആം തിയതി കാഫ്ക "ഡോക്ടർ ഓഫ് ലാ" ബിരുദം ഏറ്റുവാങ്ങി. തുടർന്ന് സിവിൽ ക്രിമിനൽ കോടതികളിൽ നടത്തേണ്ടിയിരുന്ന ഒരു വർഷത്തെ സൗജന്യഗുമസ്തപ്പണിയും അദ്ദേഹം പൂർത്തിയാക്കി.[2]

ഉദ്യോഗം

പ്രേഗിൽ കാഫ്ക പഠിച്ച 'ജിംനേഷ്യം' സ്ഥിതി ചെയ്തിരുന്ന കിൻസ്കി പ്ലേസ് - ഇവിടെത്തന്നെ പിന്നീട് അദ്ദേഹത്തിന്റെ പിതാവിന് ഒരു കടയും ഉണ്ടായിരുന്നു.

1907-ൽ ഇറ്റലിയിൽ നിന്നുള്ള ഒരു വലിയ ഇൻഷുറൻസ് കമ്പനിയിൽ ചേർന്ന കാഫ്ക, ഒരു വർഷത്തോളം ജോലി ചെയ്തു. ആക്കാലത്തെഴുതിയ അദ്ദേഹത്തിന്റെ കത്തുകളിൽ രാവിലെ എട്ടുമണിമുതൽ വൈകിട്ടു 6 മണിവരെ, 10 മണിക്കൂർ നീണ്ട ജോലിസമയത്തെ സംബന്ധിച്ച പരാതികൾ കാണാം.[9] തന്റെ എഴുത്തിന് ഒട്ടും അനുകൂലമല്ലാത്ത ഒന്നായാണ് ഇതിനെ അദ്ദേഹം കണ്ടത്. 1908 ജൂലൈ 15-ന് കാഫ്ക ഈ ജോലി രാജിവച്ചു. എന്നാൽ താമസിയാതെ തന്നെ, കൂടുതൽ ഇഷ്ടപ്പെട്ട മറ്റൊരു ജോലി അദ്ദേഹം കണ്ടെത്തി. അപകടത്തിൽ പെട്ട തൊഴിലാളികളുടെ ഇൻഷുറൻസുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിലായിരുന്നു പുതിയ ജോലി. വ്യവസായ തൊഴിലാളികൾക്ക് അപകടത്തിൽ നേരിടുന്ന പരിക്കുകൾ വിലയിരുത്തി നഷ്ടപരിഹാരം തീരുമാനിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല. മകന്റെ ഈ ജോലിയെക്കുറിച്ച് കാഫ്കയുടെ പിതാവിന് വലിയ മതിപ്പൊന്നും ഇല്ലായിരുന്നു. കഷ്ടിച്ചു ചെലവുകഴിയാൻ സഹായിക്കുന്ന "അപ്പപ്പണി" എന്നാണ് അദ്ദേഹം അതിനെ വിളിച്ചിരുന്നത്. ജോലിയെ വെറുത്തിരുന്നതായി കാഫ്ക പറയുന്നുണ്ടെങ്കിലും അദ്ദേഹം അതിന്റെ ചുമതലകൾ നന്നായും നെറിവോടെയും നിർവഹിച്ചുപോന്നു. കമ്പനിയുടെ വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്ന ചുമതലയും കാഫ്കയ്ക്കു കിട്ടി. താനുണ്ടാക്കിയ റിപ്പോർട്ടിനെക്കുറിച്ച് കാഫ്ക അഭിമാനം കൊണ്ടിരുന്നെന്നു പറയപ്പെടുന്നു. അത് അദ്ദേഹം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കാണിച്ചുകൊടുത്തു. അതേ സമയം തന്റെ സാഹിത്യസംരംഭങ്ങളേയും കാഫ്ക കൈവിട്ടില്ല. സുഹൃത്തുക്കളായ മാക്സ് ബ്രോഡ്, ഫെലിക്സ് വെൽറ്റ്ച്ച് എന്നിവരും കാഫ്കയും ചേർന്ന ജർമ്മൻ-യഹൂദരുടെ മൂവർ സംഘം, സാംസ്കാരിക ഫലപുഷ്ടിയ്ക്കു പേരെടുത്തിരുന്ന പ്രേഗിൽ ഒന്നാം ലോകമഹായുദ്ധം അവസാനിക്കുന്നതു വരെയുള്ള വർഷങ്ങളിൽ സജീവമായിരുന്നു.[10]

എഴുത്തുകാരനെന്ന നിലയിൽ മാർക്സ് ബ്രോഡ് ഇതിനകം സാമാന്യം അറിയപ്പെടാൻ തുടങ്ങിയിരുന്നു. 1909-ൽ, "നാട്ടുമ്പുറത്തെ വിവാഹത്തിനു വേണ്ടിയുള്ള ഒരുക്കങ്ങൾ" എന്ന ആദ്യനോവലിന്റെ പ്രഥമാധ്യായം കാഫ്ക ബ്രോഡിനെ വായിച്ചു കേൾപ്പിച്ചു. പ്രതിഭാശാലിയായ സുഹൃത്തിന്റെ രചനകൾക്ക് കൂടുതൽ പ്രചാരം കിട്ടാൻ അവസരമൊരുക്കണം എന്നു ബ്രോഡിനു തോന്നി. താമസിയാതെ ബെർലിനിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ഒരു വാരികയിലെഴുതിയ ലേഖനത്തിൽ ബ്രോഡ്, വലിയ എഴുത്തുകാരുടെ കാര്യം പരാമർശിക്കുന്നതിനിടെ, തോമസ് മാനിനെപ്പോലുള്ള മഹാപ്രതിഭകളുടെ പേരിനൊപ്പം കാഫ്കയുടെ പേരും ഉൾപ്പെടുത്തി. കാഫ്ക സാമാന്യം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ഇതിനെ തുടർന്നാണ്.[8]

1911-ൽ, മൂത്ത സഹോദരി എല്ലിയുടെ ഭർത്താവ് കാൾ ഹെർമൻ, ഒരു ആസ്ബെസ്റ്റോസ് നിർമ്മാണശാലയുടെ നടത്തിപ്പിൽ സഹകരിക്കാൻ കാഫ്കയോടാവശ്യപ്പെട്ടു. ആദ്യമൊക്കെ താല്പര്യം കാട്ടിയ കാഫ്ക ഒഴിവുസമയം മുഴുവനായിത്തന്നെ അതിൽ ചെലവഴിച്ചു. അതേകാലത്തു തന്നെ കാഫ്ക, മറ്റെല്ലാക്കാര്യങ്ങളിലും അദ്ദേഹത്തിനൊപ്പം നിന്ന മാക്സ് ബ്രോഡിന്റെ എതിർപ്പിനെ അവഗണിച്ച്, യിദ്ദിഷ്[൩] നാടകസംഘത്തിന്റെ പ്രവർത്തനങ്ങളിലും താല്പര്യമെടുത്തു. യഹൂദമതത്തിൽ കാഫ്കയ്ക്കുള്ള താല്പര്യം വർദ്ധിക്കാൻ ഇത് അവസരമൊരുക്കി.[11]

പ്രണയബന്ധങ്ങൾ

മുതിർന്ന വർഷങ്ങളിൽ കാഫ്ക പല യുവതികളുമായും സൗഹൃദത്തിലായിട്ടുണ്ട്. 1907-ൽ മൊറാവ്യയിലെ ട്രീഷ്(Triesch) നഗരത്തിൽ അവധിക്കാലം ചെലവഴിക്കാൻ കുടുംബത്തോടൊപ്പം പോയ കാഫ്ക അവിടെ കണ്ടുമുട്ടിയ 19 വയസ്സുകാരി ഹെഡ്വിഗ് വെയ്‌ലർ എന്ന യഹൂദപ്പെൺകുട്ടിയുമായി പരിചയത്തിലായി. വിയന്നായിൽ വിദ്യാർത്ഥിയായിരുന്ന അവൾ ട്രീഷിൽ ഒരു ബന്ധുവിനെ സന്ദർശിക്കാൻ എത്തിയതായിരുന്നു. പ്രേഗിലേക്കു മടങ്ങിയ കാഫ്ക അവളുമായി ദീർഘമായി കത്തിടപാടു നടത്തി. "ഞാൻ സോഷ്യൽ ഡെമോക്രറ്റിക് പത്രികകൾ വായിക്കുന്നവനോ, നല്ല മനുഷ്യനോ അല്ല", എന്നു ഒരു കത്തിൽ അദ്ദേഹം ഏറ്റു പറയുന്നു. ഹെഡ്വിഗിന് പ്രേഗിൽ ഒരു ജോലി സംഘടിപ്പിക്കാൻ ശ്രമിക്കുക കൂടി ചെയ്തു കാഫ്ക.[2] രണ്ടു വർഷം കഴിഞ്ഞ് പ്രേഗിലെത്തിയ അവൾ കത്തുകൾ തിരികെ ആവശ്യപ്പെട്ടപ്പോൾ കാഫ്ക അവ അവൾക്കു കൊടുത്തു. 1912-ൽ മാക്സ് ബ്രോഡിന്റെ വീട്ടിൽ കാഫ്ക, ബെർലിനിൽ കേട്ടെഴുത്തു യന്ത്രം (dictaphone) ഉണ്ടാക്കുന്ന ഒരു കമ്പനിയിൽ ജോലിചെയ്തിരുന്ന ഫെലീസ് ബൗറിനെ പരിചയപ്പെട്ടു. അടുത്ത അഞ്ചു വർഷങ്ങൾക്കിടെ അവർ ഒട്ടേറെ കത്തുകൾ കൈമാറുകയും ഇടക്കിടെ കണ്ടുമുട്ടുകയും ചെയ്തു. അവരുടെ പരിചയം പുരോഗമിച്ച് വിവാഹനിശ്ചയമായെങ്കിലും, 1914-ൽ ഫെലിസിന്റെ ഉറ്റസുഹൃത്ത് ഗ്രെറ്റെ ബ്ലോച്ചുമായുള്ള കാഫ്കയുടെ സൗഹൃദം പ്രേമമായി പരിണമിച്ചതോടെ ഫെലിസും കാഫ്കയും പിരിഞ്ഞു. കാഫ്കയിൽ നിന്ന് 1914-ൽ താൻ ഗർഭിണിയായെന്നും അങ്ങനെ ജനിച്ച ആൺകുട്ടി 1921-ൽ ഏഴാമത്തെ വയസ്സിൽ മരിച്ചെന്നും ഗ്രെറ്റെ ബ്ലോച്ച് 1940-ൽ ഒരു സുഹൃത്തിനെഴുതിയ കത്തിൽ അവകാശപ്പെട്ടിട്ടുണ്ട്. ഫെലിസുമായി കാഫ്ക പിന്നീടും അടുത്ത് ഒരുവട്ടം കൂടി അവരുടെ വിവാഹം നിശ്ചയിക്കപ്പെട്ടെങ്കിലും 1917-ൽ അവർ വീണ്ടും പിരിഞ്ഞു.

അതേവർഷം കാഫ്കയ്ക്ക് ക്ഷയരോഗം പിടിപെട്ടു. 1917 ആഗസ്ത് 10-നു വെളുപ്പിന് നാലു മണിക്ക് ഉറക്കമുണർന്ന അദ്ദേഹം ആദ്യമായി രക്തം ഛർദ്ദിച്ചു.[൫] ആനാരോഗ്യാവസ്ഥയിലും 1919-ൽ കാഫ്ക, ഒരു സിനഗോഗ് വേലക്കാരനായ ഒരു ചെരുപ്പുകുത്തിയുടെ മകൾ ജൂലി വോറിസെക്കുമായി അടുത്ത് വിവാഹം നിശ്ചയിച്ചു. ഈ ബന്ധം അപമാനകരമായി കരുതിയ പിതാവ് ഹെർമൻ കാഫ്ക, താൻ എല്ലാം വിറ്റ് നാടുവിടുമെന്നു ഭീഷണിപ്പെടുത്തി. പിതാവിനെതിരെയുള്ള പരാതികൾ നിരത്തുന്ന കാഫ്കയുടെ പ്രസിദ്ധമായ കത്തിന്റെ രചനയ്ക്കുള്ള കാരണങ്ങളിലൊന്ന് ഈ കലഹമായിരുന്നു. വിവാഹപദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച്, താമസിക്കാനുള്ള വീടു തെരഞ്ഞെടുക്കുക പോലും ചെയ്ത കാഫ്ക, നിശ്ചിതദിവസത്തിനു രണ്ടുമൂന്നു ദിവസം മുൻപ് 1920 ജൂലൈ മാസത്തിൽ അതു വേണ്ടെന്നു വച്ചു. ചെക്ക് ഭാഷയിലെ പത്രപ്രവർത്തകയും എഴുത്തുകാരിയും കാഫ്കയുടെ സുഹൃത്ത് ഏണസ്റ്റ് പൊളാക്കിന്റെ ഭാര്യയുമായ മിലേനാ ജെസേൻസ്കായുമായി കാഫ്ക ഇതിനിടെ തീവ്രസൗഹൃദത്തിലായതായിരുന്നു കാരണം. 1923-ൽ, ബാൾട്ടിക് കടൽ തീരത്തെ ഗ്രാൽ മൂരിറ്റ്സിൽ ചെലവഴിച്ച ഒഴിവുകാലത്ത് അദ്ദേഹം, ഡോറാ ഡയാമാന്റ് എന്ന 25 വയ്സ്സുകാരി യുവതിയുമായി അടുപ്പത്തിലായി. യാഥാസ്ഥിതിക യഹൂദപശ്ചാത്തലത്തിൽ പിറന്ന്, സ്വതന്ത്രപ്രകൃതിയുടെ ബലത്തിൽ യഹൂദച്ചേരിയിൽ നിന്നു രക്ഷപെട്ട ഒരു കിന്റർഗാർട്ടൻ അദ്ധ്യാപികയായിരുന്നു ഡോറ ഡയാമാന്റ്. കാഫ്കയുടെ കാമുകിയായിത്തീർന്ന അവൾ യഹൂദ താൽമൂദിൽ അദ്ദേഹത്തിനുണ്ടായ താല്പര്യത്തിനു കാരണക്കാരിയായി. കുടുംബത്തിന്റെ സ്വാധീനത്തിൽ നിന്നു സ്വതന്ത്രനാകാനും എഴുത്തിൽ ശ്രദ്ധയൂന്നാനുമായി ആ വർഷം തന്നെ ബെർളിനിലേക്കു പോയ കാഫ്ക അവിടെ താമസിച്ചിരുന്നത് ഡോറയോടൊപ്പമാണ്.[12] അവളെ വിവാഹം കഴിക്കാൻ കാഫ്ക ആഗ്രഹിച്ചെങ്കിലും ഡോറയുടെ പിതാവ് അനുവദിച്ചില്ല.

യുവതികളുമായുള്ള കാഫ്കയുടെ പല ബന്ധങ്ങളും പ്രേമമോ കേവലം സുഹൃദ്ബന്ധം മാത്രമോ എന്നു വ്യക്തമല്ല. 1903-ൽ ഒരു വസ്ത്രക്കടയിലെ ജീവനക്കാരിയായ പെൺകുട്ടിയുമായായിരുന്നു കാഫ്കയുടെ ആദ്യത്തെ ലൈംഗികാനുഭവം. രതിവിപണനസ്ഥാപനങ്ങളിലും അദ്ദേഹം സന്ദർശകനായി. കുട്ടികളെ സൃഷ്ടിച്ച് യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത ഈ ലോകത്തിൽ ഉൽക്കണ്ഠകളുടെ ഇരകളാക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ലെന്നും കരുതുന്നവരുണ്ട്.[8] ലൈംഗികതയുമായി ബന്ധപ്പെട്ട ഒരുതരം ഭയം കാഫ്കയെ അലട്ടിയിരുന്നെന്നും പ്രേമബന്ധങ്ങളൊന്നും വിവാഹത്തിൽ കലാശിക്കാതിരുന്നതിന് ഇതാണു കാരണമെന്നുമാണ് മറ്റൊരു വാദം. "ഒന്നിച്ചുകഴിയുന്നതിൽ നിന്നു കിട്ടുന്ന സന്തോഷത്തിനു സഹിക്കേണ്ടി വരുന്ന ശിക്ഷയാണു മൈഥുനം" എന്നു അദ്ദേഹം തന്റെ ഡയറിയിൽ എഴുതി.[13] എങ്കിലും വിവാഹത്തേയും കുടുംബജീവിതത്തേയും കുറിച്ച് കാതരമായ സ്വപ്നങ്ങൾ പ്രതിഫലിക്കുന്ന നിരീക്ഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. 1919-ലെ "അച്ഛനുള്ള കത്ത്" എന്ന രചനയിൽ കാഫ്ക ഇങ്ങനെ എഴുതി: വിവാഹം കഴിച്ച് ഒരു കുടുംബത്തെ സൃഷ്ടിക്കുക, പിറക്കുന്ന കുട്ടികളെയെല്ലാം സ്വാഗതം ചെയ്യുക, വിഷമം പിടിച്ച ഈ ലോകത്തിൽ അവർക്കു താങ്ങായിരിക്കുക, കുറെയൊക്കെ അവർക്ക് വഴികാണിച്ചു കൊടുക്കുക, ഒരു മനുഷ്യജീവിക്ക് വിജയകരമായി നിർവഹിക്കാവുന്നതിന്റെ പരമാവധി ഇതൊക്കെയാണെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു."[14]

അന്ത്യം

പ്രേഗിൽ കാഫ്കയുടെ സംസ്കാരസ്ഥാനം.

ദീർഘമായ രോഗബാധക്കിടയിലെ വിശ്രമത്തിന്റേയും ചികിത്സയുടേയും കാലങ്ങളിൽ കുടുംബം, പ്രത്യേകിച്ച്, സഹോദരി ഒട്ട്‌ലാ, കാഫ്കായ്ക്കു താങ്ങായിരുന്നു. തന്റെ ശരീര-മനോനിലകൾ മറ്റുള്ളവരിൽ വെറുപ്പുളവാക്കുമെന്ന് കാഫ്ക ഭയന്നിരുന്നു. എങ്കിലും, കുട്ടിത്തം ചേർന്ന പെരുമാറ്റ രീതിയും, ഒതുക്കവും വൃത്തിയുമുള്ള രൂപവും, ശാന്ത-നിശ്ശബ്ദപ്രകൃതികളും, തെളിഞ്ഞു കണ്ട ബുദ്ധിയും, ഫലിതബോധവും എല്ലാം കൊണ്ട് അദ്ദേഹം മറ്റുള്ളവരെ ആകർഷിച്ചു.[15]

ബെർലിനിലെ താമസത്തിനിടെ രോഗം വഷളായതിനെ തുടർന്ന് കാഫ്ക പ്രേഗിലേക്കു മടങ്ങി. ചികിത്സയ്ക്കായി, വിയന്നയ്ക്കടുത്തുള്ള ഡോക്ടർ ഹോഫ്മാന്റെ സാനിട്ടോറിയത്തിലെത്തിയ കാഫ്ക 1924 ജൂൺ 3-ന് മരിച്ചു. വേദനയുടെ ആധിക്യത്തിൽ എന്നെ കൊന്നു കളയൂ. അല്ലെങ്കിൽ നിങ്ങളൊരു കൊലപാതകിയാണ് എന്നു ഡോക്ടറോടു പറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമൊഴി. രോഗമൂർച്ഛയിൽ തൊണ്ടയുടെ സ്ഥിതി ഭക്ഷണം ഇറക്കുന്നത് അസാദ്ധ്യമാക്കിയതിനാൽ അദ്ദേഹം വിശന്നു മരിക്കുകയായിരുന്നു. ധമനികളിലൂടെ ശരീരത്തിൽ പോഷണം കടത്തിവിടുന്ന രീതി അക്കാലത്ത് കണ്ടുപിടിക്കപെട്ടിരുന്നില്ല. പ്രേഗിലേക്കു കൊണ്ടുവരപ്പെട്ട അദ്ദേഹത്തിന്റെ മൃതദേഹം, അവിടെ യഹൂദരുടെ പുതിയ സിമിത്തേരിയിൽ 1924 ജൂൺ 11-നു സംസ്കരിച്ചു.

മരണത്തിനു മുൻപ് കാഫ്ക, തന്റെ സുഹൃത്ത് മാർക്സ് ബ്രോഡിനോട്, തന്റെ അപ്രകാശിതമായ രചനകളത്രയും നശിപ്പിച്ചുകളയാൻ ആവശ്യപ്പെട്ട് ഇങ്ങനെ എഴുതി: "പ്രിയപ്പെട്ട മാർക്സ്, എന്റെ അവസാനത്തെ അഭ്യർത്ഥന: ഞാൻ വിട്ടുപോകുന്നതത്രയും, വായിക്കാതെ കത്തിച്ചുകളയുക." എന്നാൽ ഈ അഭ്യർത്ഥന അവഗണിച്ച ബ്രോഡ് വിചാരണ, അമേരിക്ക, കോട്ട എന്നിവയുൾപ്പെടെയുള്ള കാഫ്കയുടെ രചനകൾ ശ്രദ്ധാപൂർവം പ്രസിദ്ധീകരിച്ചു.[16]

ഉറ്റവരുടെ ഗതി

കാഫ്കയുടെ അച്ഛൻ 1931-ലും അമ്മ 1934-ലും മരിച്ചു. കാഫ്കയെ സംസ്കരിച്ചിരുന്ന ശവകുടീരത്തിൽ തന്നെ അവരേയും സംസ്കരിച്ചു. കാഫ്കയുടെ സഹോദരിമാർ രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്പിനെ ഗ്രസിച്ച നാസി ഭീകരതയുടെ ഇരകളായി. കുടുംബങ്ങളോടൊത്ത്, നാത്സി അധിനിവേശത്തിലിരുന്ന പോളണ്ടിലെ ലോഡ്സ് ചേരിയിലേക്കു കുടിമറ്റപ്പെട്ട കാഫ്കയുടെ സഹോദരിമാർ അവിടെയോ, നാത്സികളുടെ മരണക്യാമ്പുകളിലോ ഒടുങ്ങി. കാഫ്കയുടെ ഏറ്റവും പ്രിയപ്പെട്ട സഹോദരി ഒട്ട്‌ലായുടെ അന്ത്യം പോളണ്ടിലെ കുപ്രസിദ്ധമായ ഓഷ്‌വിറ്റ്സ് കോൺസെൻട്രേഷൻ ക്യാമ്പിലായിരുന്നു. 1943 ഒക്ടോബർ 7-ന്, 1267 കുട്ടികളും രക്ഷിതാക്കളായ 51 മുതിർന്നവരും അടങ്ങുന്ന ഒരു സംഘത്തിന്റെ ഭാഗമായി അവിടേയ്ക്കയക്കപ്പെട്ട അവരേയും സംഘത്തേയും എത്തിയപാടേ ഗ്യാസ് ചേമ്പറിലിട്ടു കൊന്നു.[17]

കാഫ്കയുടെ കാമുകിമാരിൽ ഫെലിസ് ബൗർ വിവാഹിതയായി ആദ്യം സ്വിറ്റ്സർലണ്ടിലും പിന്നീട് അമേരിക്കയിലും കുടിയേറി 1960 വരെ ജീവിച്ചിരുന്നു. മിലേനാ ജെസേൻസ്കാ, കാഫ്കയുടെ മരണത്തിൽ ദീർഘമായൊരു ചരമക്കുറിപ്പെഴുതുകയും ചെക്ക് ഭാഷയിൽ അദ്ദേഹത്തിന്റെ കൃതികളുടെ പരിഭാഷക ആവുകയും ചെയ്തു.[൬] യഹൂദവംശജ അല്ലാതിരുന്നെങ്കിലും യഹൂദരെ സഹായിക്കാൻ ഒരുങ്ങിയതിന് രണ്ടാം ലോകമഹായുദ്ധകാലത്ത് രാവൻസ്ബർക്ക് കോൺസെൻട്രേഷൻ ക്യാമ്പിൽ അയയ്ക്കപ്പെട്ട അവർ അവിടെ 1944 മേയ് 17-നു വൃക്ക സംബന്ധമായ രോഗത്തിൽ മരിച്ചു. ക്യാമ്പിൽ അവരെ കണ്ടുമുട്ടിയ മാർഗരറ്റ് ബ്യൂബേർ ന്യൂമാൻ കാഫ്കയുമായുള്ള അവരുടെ സൗഹൃദത്തിന്റെ കഥ, "മിലേനാ: കാഫ്കയുടെ വലിയ പ്രേമത്തിന്റെ ദുരന്തകഥ" (Milena, The Tragic Story of Kafka's Great Love) എന്ന പേരിൽ എഴുതിയിട്ടുണ്ട്. കാഫ്കയുടെ മറ്റൊരു കാമുകിയും അദ്ദേഹത്തിന്റെ ഒരു കുട്ടിയെ പ്രസവിച്ചതായി അവകാശപ്പെട്ടവളും ആയ ഗ്രെറ്റെ ബ്ലോച്ച് ഒരിക്കലും വിവാഹം കഴിച്ചില്ല. 1935-ൽ നാത്സി ജർമ്മനിയിൽ നിന്നു രക്ഷപെട്ട അവർ ഇറ്റലിയിലെ ഫ്ലോറൻസിൽ അഭയം തേടി. 1944-ൽ ഫ്ലോറൻസിലെ മറ്റു യഹൂദർക്കൊപ്പം പിടികൂടപ്പെട്ട അവർ, കോൺസെൻട്രേഷൻ ക്യാമ്പിലേക്കുള്ള വഴിയിൽ വധിക്കപ്പെട്ടു.[18] അവസാനകാലത്ത് കാഫ്കയോടൊത്തു ജീവിക്കുകയും അദ്ദേഹത്തിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കുകയും ചെയ്ത ഡോറാ ഡയാമാന്റ്, കാഫ്കയുടെ പത്നിയായി സ്വയം കരുതി. തന്റെ അപ്രകാശിതരചനകൾ കത്തിച്ചുകളയണമെന്ന കാഫ്കയുടെ അഭിലാഷം അവഗണിക്കപ്പെട്ടത് അവരെ ദുഃഖിപ്പിച്ചു. ഡോറ കൈവശം വച്ചിരുന്ന കാഫ്കയുടെ കത്തുകൾ 1933-ൽ ജർമ്മൻ രഹസ്യപ്പോലീസ് പിടിച്ചെടുത്തു. ഇംഗ്ലണ്ടിലേക്കു കുടിയേറിയ അവരുടെ മരണം1952-ലായിരുന്നു.[13]

കാഫ്കയുടെ ഉറ്റസുഹൃത്ത് മാക്സ് ബ്രോഡ്, തന്റെ കൃതികൾ നശിപ്പിച്ചു കളയണമെന്ന കാഫ്കയുടെ നിർദ്ദേശം അവഗണിച്ച്, എല്ലാം സംശോധന ചെയ്തു പ്രസിദ്ധീകരിച്ചു. കൃതികൾ നശിപ്പിച്ചു കളയണമെന്ന ആഗ്രഹം അവഗണിക്കപ്പെടുമെന്ന് അറിഞ്ഞു തന്നെയാണ് കാഫ്ക അവ തന്നെ ഏല്പിച്ചതെന്നായിരുന്നു ബ്രോഡിന്റെ വിശദീകരണം. 1939-ൽ നാത്സികളിൽ നിന്നു രക്ഷപെടാനായി അദ്ദേഹം പ്രേഗിൽ നിന്നു ഇസ്രായേലിലെ ടെൽ അവീവിലേക്കു പോയപ്പോൾ, കാഫ്ക രചനകളുടെ കൈയെഴുത്തു പ്രതികളും കൂടെ കൊണ്ടു പോയി. 1968 വരെ അവിടെ അദ്ദേഹം ജീവിച്ചിരുന്നു.[13]

രചനാലോകം

ചിലപ്പോഴൊക്കെ ഒരു മുഴുവൻ പുറത്തിന്റെ തന്നെ ദൈർഘ്യമുള്ള വാക്യത്തിനൊടുവിൽ വിരാമഛിഹ്നത്തിനു തൊട്ടു മുൻപ് വായനക്കാരനെ അമ്പരപ്പിക്കുന്ന വിധത്തിലുള്ള അർത്ഥവും ആശയസാന്ദ്രതയും സന്നിവേശിപ്പിക്കുന്ന കാഫ്കയുടെ ശൈലി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പല യൂറോപ്യൻ ഭാഷകളിലും നിന്നു ഭിന്നമായി ക്രിയ, വാക്യാന്ത്യമായി വരുന്ന ജർമ്മൻ ഭാഷയുടെ സ്വഭാവത്തെ ആശ്രയിച്ചാണ് കാഫ്ക തന്റെ രചനയുടെ സവിശേതയായ ഈവിധം 'ഇഫക്ടുകൾ' സാധിച്ചത്. ഇതര യൂറോപ്യൻ ഭാഷകളിലേയ്ക്ക് കാഫ്കയുടെ രചനകൾ മൊഴിമാറ്റം ചെയ്യാൻ ശ്രമിച്ചവരെ ഇതു കുഴക്കിയിട്ടുണ്ട്.[19]

ദീർഘകഥകൾ

കാഫ്കയുടെ ജീവിതകാലത്തു പ്രസിദ്ധീകരിക്കപ്പെട്ട മുഖ്യരചനകൾ അദ്ദേഹത്തിന്റെ താഴെപ്പറയുന്ന ദീർഘകഥകളായിരുന്നു.

മെറ്റമോർഫസിസ്

കാഫ്കയുടെ ഏറ്റവും അറിയപ്പെടുന്ന രചനകളിലൊന്നാണ് ഈ കൃതി. ഇരുപതാം നൂറ്റാണ്ടിന്റെ കാവ്യഭാവനയിൽ പിറന്ന ഏറ്റവും തികവുറ്റ മഹദ്‌രചനകളിൽ ഒന്നെന്ന് എലിയാസ് കാനേറ്റി ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. തന്റെ കാലത്തെക്കുറിച്ച് ഷേയ്ക്സ്പിയർ എന്ന പോലെ ഈ കൃതിയിൽ കാഫ്ക നമ്മുടെ കാലത്തെക്കുറിച്ചു പറയുന്നു എന്ന് ഡബ്ലിയൂ എച്ച് ഓഡണും(W.H.Auden) ഇതിനെ പുകഴ്ത്തി.[20] 1915-ൽ ആണ് ഇത് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്.

ഒരു പ്രഭാതത്തിൽ അസ്വസ്ഥമായ ഒരു സ്വപ്നത്തിനിടയിൽ ഉറക്കമുണർന്ന ഗ്രിഗർ സംസാ എന്ന ചെറുപ്പക്കാരൻ, താൻ ഒരു വലിയ കീടമായി മാറിയിരിക്കുന്നതായി കാണുന്നതു പറഞ്ഞാണ് ഈ കഥയുടെ തുടക്കം. വീർത്തു വിലക്ഷണമായ വയറും നേർത്ത കാലുകളുമുള്ള തന്റെ വൃത്തികെട്ട രൂപം, കിടക്കയിൽ കിടന്നുകൊണ്ടു തല ഉയർത്തി നോക്കിയ അയാൾക്കു കാണാൻ കഴിഞ്ഞു. ഈ രൂപപരിണാമം അയാളെ മറ്റുള്ളവരിൽ നിന്ന് ക്രൂരമാം വിധം അകറ്റിയെങ്കിലും പുതിയ രൂപത്തിലും അയാൾക്കുള്ളിൽ മനുഷ്യചേതന കുടികൊള്ളുന്നുണ്ടായിരുന്നു. എന്നാൽ ഇത് ആരും തിരിച്ചറിഞ്ഞില്ല. ഈ മാറ്റത്തിന്റെ തുടക്കത്തിൽ അയാളെ സഹതാപത്തോടെ കണ്ടിരുന്ന സഹോദരി പോലും ക്രമേണ സഹോദരനെ വെറുത്തു. ഗ്രിഗറിനെ ഒരുതരം മാനക്കേടായി കണ്ട കുടുംബം അയാളെ ഒരു മുറിയിൽ അടച്ചിട്ടു. എങ്കിലും ഒരു സായാഹ്നത്തിൽ, വീട്ടിലെ മുറികളിലൊന്നിൽ താമസിച്ചിരുന്ന മൂന്നു വാടകക്കാർക്കു വേണ്ടി സഹോദരി നടത്തിയ വയലിൻ ആലാപനത്തിന്റെ ആകർഷണത്തിൽ അയാൾ അറിയാതെ മുറിക്കു വെളിയിൽ വന്നു. കീടത്തെ പുറത്തു കണ്ട ആളുകൾ അമ്പരന്നു. അവരതിനെ ബലം പ്രയോഗിച്ച് വീണ്ടും മുറിക്കകത്തിട്ടു പൂട്ടി. അവിടെ ദുഃഖഭരിതവും നിദ്രാരഹിതവുമായ ഒരു രാത്രി കൂടി കഴിഞ്ഞപ്പോൾ അയാൾ മരിച്ചു.[8]

ന്യായവിധി

1912 സെപ്തംബർ 23-നു രാത്രിയിൽ ഒറ്റയിരിപ്പിൽ എഴുതിയ കഥയാണ് "ന്യായവിധി". "ഈവിധമാണ് എഴുത്ത് നടക്കേണ്ടത്" എന്നു തുടർന്ന് കാഫ്ക സ്വന്തം ഡയറിയിൽ തൃപ്തിയോടെ എഴുതുകയും ചെയ്തു. മാർക്സ് ബ്രോഡ് നടത്തിയിരുന്ന 'അർക്കാഡിയ' മാസികയിൽ അത് അടുത്ത വർഷം പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഗെയോർഗ് ബെൻഡെമാൻ എന്ന ചെറുപ്പക്കാരൻ, എഫ്.ബി.[൭] എന്നു പേരായ പെണ്ണുമായുള്ള തന്റെ വിവാഹനിശ്ചയവാർത്ത അറിയിക്കാൻ റഷ്യയിലുള്ള സുഹൃത്തിന് കത്തെഴുതുന്നതാണ് കഥയുടെ ആദ്യപകുതി. വാർത്ത സുഹൃത്ത് എങ്ങനെ സ്വീകരിക്കുമെന്ന ഭയത്തിൽ മടിച്ചുമടിച്ച് എഴുതുന്നതിനാൽ അതിന്റെ വിശദാംശങ്ങളിൽ ചിലത് അവൻ കെട്ടി ചമക്കുന്നു. കഥയുടെ രണ്ടാം പകുതിയിൽ, എഴുത്തു പൂർത്തിയാക്കിയ ഗെയോർഗ്, പടുവൃദ്ധനായ തന്റെ പിതാവുമായി അതിന്റെ കാര്യം ചർച്ച ചെയ്യുന്നു. വൃദ്ധൻ ആദ്യം ചെയ്തത്, മകന് അങ്ങനെയൊരു സുഹൃത്തേയില്ലെന്നും അവൻ സുഹൃത്തിന്റെ കഥ ചമച്ചുണ്ടാക്കിയതാണെന്നും പറയുകയായിരുന്നു. പിന്നെ നിലപാട് മാറ്റിയ വൃദ്ധൻ, മകന്റെ സുഹൃത്തിനെ തനിക്കറിയാമെന്നും, അവനേക്കാൽ മെച്ചപ്പെട്ടവനാണ് സുഹൃത്തെന്നും പറയുന്നു. തുടർന്ന് അയാൾ മകന്റെ പ്രതിശ്രുതവധുവിന്റെ സ്വഭാവത്തെ ചോദ്യം ചെയ്യുകയും വിവാഹപൂർവബന്ധത്തിൽ ഏർപ്പെട്ടതായി അവനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഈവിധം പ്രകോപിക്കപ്പെട്ട മകൻ എന്തോ പറഞ്ഞപ്പോൽ വൃദ്ധൻ അതിനെ മകന്റെ പിതൃഹത്യാവാഞ്ഛയായി വ്യാഖ്യാനിച്ച് അവനെ മരണത്തിനു വിധിക്കുകയും പോയി മുങ്ങിച്ചാകാൻ പറയുകയും ചെയ്യുന്നു. തുടർന്ന്, സ്വപ്നാടനത്തിലെന്ന പോലെ നദിക്കു മുകളിലുള്ള പാലത്തിലേക്കു നടന്നു കയറിയ മകൻ നദിയിൽ ചാടി മരിക്കുന്നു. മാതാപിതാക്കൾ എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന ചുറുചുറുക്കിന്റെ ആ അവസാന പ്രകടനം നടത്തുമ്പോൾ, താൻ അവരെ എപ്പോഴും സ്നേഹിച്ചിരുന്നുവെന്ന കാര്യം അവൻ നിമിഷനേരത്തേക്കാണെങ്കിലും ഓർത്തു.[1][21]

ശിക്ഷാകോളനിയിൽ

1914-ൽ രണ്ടാഴ്ച കൊണ്ട് എഴുതിയ ഈ കഥ, അഞ്ചുവർഷം കഴിഞ്ഞ് 1919-ൽ, കാഫ്കയുടെ ജീവിതകാലത്തു തന്നെ പ്രസിദ്ധീകരിച്ചു. അച്ചടിച്ച കഥയുടെ ഒരു പ്രതി പിതാവിന് നൽകാൻ ശ്രമിച്ച കാഫ്കയ്ക്ക്, "കിടക്കയുടെ അടുത്തുള്ള മേശപ്പുറത്തിട്ടേക്കുക" എന്ന അവജ്ഞാപൂർവമായ പ്രതികരണമാണ് കിട്ടിയത്.[2] ഒരു ശിക്ഷാകോളനി സന്ദർശിക്കുന്ന ഒരു സന്ദർശകന് അവിടത്തെ ഓഫീസർ, വധശിക്ഷ നൽകാൻ ഉപയോഗിച്ചിരുന്ന ഹാരോ എന്ന ഉപകരണത്തിന്റെ പ്രവർത്തനം വിവരിച്ചു കൊടുക്കുന്നു. ശിക്ഷാവിധികിട്ടിയ ആൾ കമിഴ്ന്നു കിടക്കുമ്പോൾ, യന്ത്രത്തിന്റെ സൂചികൾ, അയാൾ ലംഘിച്ച "നീ നിന്റെ മേലധികാരികളെ ബഹുമാനിക്കണം" എന്ന നിയമം അയാളുടെ പുറത്ത് ആലേഖനം ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് കൂടുതൽ ആഴത്തിൽ കടക്കുന്ന സൂചി, കുറ്റക്കാരനെ കൊല്ലുന്നു. ശിക്ഷാവിധി നടപ്പാക്കുന്നതിന്റെ ഭാഗമായി തന്റെ കുറ്റവും ശിക്ഷയുടെ നീതിയും കുറ്റക്കാരന് ബോധ്യമാകുന്നു എന്നതാണ് ആ ശിക്ഷയുടെ മേന്മ.

ഈ വിവരണത്തിനു ശേഷം ഓഫീസർ, ജോലിക്കിടെ ഉറങ്ങിയ കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ട ഒരു കുറ്റവാളിയുടെ മേൽ അതു പ്രയോഗിച്ചു കാണിക്കാൻ ഒരുങ്ങുന്നു. എന്നാൽ സന്ദർശകൻ ഈ മരണയന്ത്രത്തിന്റെ ഉപയോഗത്തെ പിന്തുണയ്ക്കുന്നില്ലെന്നു സൂചിപ്പിക്കുന്നു. അതോടെ ഓഫീസർ കുറ്റവാളിയെ യന്ത്രത്തിൽ നിന്നു മാറ്റി അവന്റെ സ്ഥാനം സ്വയം ഏറ്റെടുക്കുന്നു. "മേലധികാരികളെ ബഹുമാനിക്കുക" എന്ന കല്പനയ്ക്കു പകരം "നീതിമാനായിരിക്കുക" എന്ന കല്പന ആലേഖനം ചെയ്യാൻ യന്ത്രത്തിനു നിർദ്ദേശം കൊടുത്തതിനു ശേഷമാണ് അയാൾ അതിൽ കയറിയത്. യന്ത്രം ഓഫീസറുടെ പുറത്ത് കല്പന എഴുതാൻ തുടങ്ങിയെങ്കിലും അതിനിടെ അത് കേടായി ഛിന്നഭിന്നമാകുന്നു. എങ്കിലും ആ പ്രക്രിയയിൽ ഓഫീസർ മരിച്ചിരുന്നു.[22]

നോവലുകൾ

കാഫ്ക എഴുതിയ മൂന്നു നോവലുകളും ജീവിതകാലത്ത് അപ്രകാശിതമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം സുഹൃത്ത് മാക്സ് ബ്രോഡാണ് അവ പ്രസിദ്ധീകരിച്ചത്.

ട്രയൽ(വിചാരണ‌)

ദീർഘകാലത്തെ ഏകാന്തമായ അദ്ധ്വാനത്തിനു ശേഷം പൂർത്തിയായ ഈ കൃതി കാഫ്ക 1914-ൽ ആണ് എഴുതി തുടങ്ങിയത്. കാഫ്കയുടെ മരണത്തിനു തൊട്ടടുത്ത വർഷം, 1925-ൽ അതു പ്രസിദ്ധീകരിക്കപ്പെട്ടു. ഒറ്റപ്പെട്ട മനുഷ്യൻ ആത്മാവിൽ വഹിക്കുന്ന വിഷാദഭാരത്തിന്റേയും അവന്റെ മനസ്സിനെ ഗ്രസിക്കുന്ന കഠിനമായ ഉൽക്കണ്ഠയുടേയും ചിത്രീകരണമെന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. നെറിവും കഴിവുമുള്ള ബാങ്ക് ഉദ്യോഗസ്ഥൻ ജോസഫ് കെ. എന്നയാളാണ് ഈ കഥയിലെ മുഖ്യകഥാപാത്രം. അകാരണമായി ഒരു പ്രഭാതത്തിൽ അയാൾ അറസ്റ്റു ചെയ്യപ്പെടുന്നു. അറസ്റ്റിനുള്ള കാരണം ചോദിച്ച അയാൾക്ക് ആരും മറുപടി കൊടുത്തില്ല. കോടതിയിലെ അയാളുടെ വിചാരണ വെറും പ്രഹസനമായി മാറുന്നു. അറസ്റ്റിനുള്ള കാരണം കോടതിക്കും നിശ്ചയമില്ലായിരുന്നു. ആരോപണങ്ങൾ വ്യക്തമാക്കാനോ അയാളുടെ വൈഷമ്യത്തിനു പരിഹാരമുണ്ടാക്കാനോ ആരും ഒന്നും ചെയ്യാതിരുന്നപ്പോൾ തനിക്കറിയാത്ത കുറ്റാരോപണത്തിൽ നിർദ്ദോഷിത്വം സ്ഥാപിക്കാൻ അയാൾ പരക്കം പായുന്നു. വക്കീലിനെ പോയി കണ്ട അയാൾക്ക് കിട്ടിയ മറുപടി, അറസ്റ്റിനുള്ള കാരണം അറിവില്ലാത്തതിനാൽ കേസ് വാദിക്കാൻ നിവൃത്തിയില്ല എന്നായിരുന്നു. ഒരു പുരോഹിതനെയും അയാൾ സമീപിച്ചെങ്കിലും, ഇതൊക്കെ സഹിച്ച് ജീവിക്കണം എന്ന ഉപദേശം മാത്രമാണ് കിട്ടിയത്. ഈ പ്രഹസനങ്ങൾക്കൊടുവിൽ, ജോസെഫ് കെ.31-ആം ജന്മദിനത്തിൽ നിഷ്കരുണം വധിക്കപ്പെടുന്നു.[8]

കാസിൽ(ദുർഗ്ഗം)

കാഫ്കയുടെ അവസാന കൃതികളിലൊന്നായ ഈ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടത് 1926-ൽ ആണ്. ദുർഗ്ഗം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ ഭൂമി സർവേ ചെയ്യാനുള്ള ഉത്തരവു കിട്ടി എത്തുന്ന കെ. എന്ന യുവാവാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഗ്രാമത്തിൽ നിന്നു നോക്കിയാൽ അകലെ കാണാവുന്ന ദുർഗ്ഗത്തിലെ അധികാരികളിൽ നിന്നാണ് അയാൾക്ക് ഉത്തരവു കിട്ടിയത്. എന്നാൽ നിയമനത്തെപ്പറ്റിയുള്ള 'കെ'-യുടെ അവകാശവാദം ഗ്രാമത്തിലെ അധികാരികൾ അംഗീകരിച്ചില്ല. തന്റെ നില അംഗീകരിച്ചു കിട്ടാൻ 'കെ' തുടർന്നു നടത്തുന്ന ശ്രമമത്രയും, തനിക്കെതിരെയുള്ള ആരോപണം എന്തെന്നറിയാനുള്ള ജോസഫ് കെ.യുടെ ശ്രമം പോലെ പാഴാവുന്നു. എല്ലാവരും അയാളോട് തികഞ്ഞ നിസ്സംഗതയോടെ പെരുമാറി. ട്രയലിലെ നായകനേക്കാൾ ചുണയോടെ തന്നെ അംഗീകരിക്കാത്തവരെ 'കെ' നേരിടുന്നുണ്ടെങ്കിലും അയാൾ വിജയിക്കുന്നില്ല. തന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ചുമതലപ്പെട്ട ക്ലം എന്നയാളെ കണ്ടെത്താൻ പോലും 'കെ'-യ്ക്ക് കഴിയുന്നില്ല. കാഫ്കയ്ക്ക് ഈ നോവൽ പൂർത്തീകരിക്കാനായില്ല. കാഫ്ക, സുഹൃത്ത് മാർക്സ് ബ്രോഡിനോടു പറഞ്ഞിട്ടുള്ള കഥാന്ത്യമനുസരിച്ച്, തന്റെ ശ്രമത്തിൽ വലഞ്ഞ് ഒടുവിൽ കെ. മരിക്കുന്നു. അയാളുടെ ശവശരീരത്തിനു ചുറ്റും ഗ്രാമവാസികൾ കൂടി നിൽക്കെ, ഗ്രാമത്തിൽ താമസിക്കാൻ അയാൾക്ക് അനുവാദം നൽകിക്കൊണ്ടുള്ള തീരുമാനം എത്തുന്നു.[23]

അമേരിക്ക

കാഫ്കയുടെ നോവലുകളിൽ ഏറ്റവും ലളിതമായത് ഇതാണ്. 1911/12 കാലത്ത് കാഫ്ക എഴുതിത്തുടങ്ങിയിരിക്കാവുന്ന ഈ കൃതി കാഫ്കയുടെ മൂന്നു നോവലുകളിലെ ആദ്യത്തേതെങ്കിലും ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിക്കപ്പെട്ടതാണ്. "കാണാതെ പോയ മനുഷ്യൻ"(The man who disappeared) എന്നായിരുന്നു കാഫ്ക ഇതിനു നൽകിയ പേര്. ആമേരിക്ക എന്ന പേര് പ്രസിദ്ധീകരണത്തിനു മുൻപ് മാക്സ് ബ്രോഡ് കൊടുത്ത പേരാണ്. വീട്ടിലെ വേലക്കാരിപ്പെണ്ണിന്റെ വശീകരണത്തിൽ വന്ന് അവളെ ഗർഭിണിയാക്കിയതിനെ തുടർന്ന്, മാതാപിതാക്കൾ അമേരിക്കയിലേക്കു കപ്പൽ കയറ്റി വിടുന്ന കാൾ റോസ്മാൻ എന്ന 16/17 വയസ്സുകാരൻ കുട്ടിയുടെ കഥയാണിത്.[24] ന്യൂ യോർക്ക് തുറമുഖത്ത് കപ്പലിറങ്ങുന്ന അവൻ സ്വാതന്ത്ര്യത്തിന്റെ പ്രതിമയിൽ കാണുന്നത് വിളക്കല്ല, അപ്പോൾ മാത്രം ഉയർത്തിപ്പിടിച്ചതായി തോന്നിച്ച വാളാണ്. അമേരിക്കയിൽ ഒന്നിനു പിറകേ മറ്റൊന്നായി അവനു കിട്ടിയ രക്ഷിതാക്കളിൽ നിന്നെല്ലാം അവനുണ്ടായത് മോശം അനുഭവങ്ങളായിരുന്നു. അവന്റെ അറിവില്ലായ്മയും ലാളിത്യവും എല്ലായിടത്തും ചൂഷണം ചെയ്യപ്പെട്ടു. അവസാന അദ്ധ്യായം ഓക്ലഹാമായിലെ സ്വപ്നനാടകവേദിയിൽ അവനു പ്രവേശനം കിട്ടുന്നതു വിവരിക്കുന്നെങ്കിലും കാൾ റോസ്മാനെ കാത്തിരിക്കുന്നതു നല്ല അന്ത്യമല്ലെന്ന സൂചന പൂർത്തീകരിക്കാതെ നിർത്തിയ ഈ രചനയിൽ കാഫ്ക നൽകുന്നുണ്ട്.

ഡയറി, കത്തുകൾ

ഡയറി

കാഫ്കയുടെ ജീവിതത്തിലേയ്ക്കും ചിന്താലോകത്തിലേക്കും വെളിച്ചം വീശുന്ന വിലപ്പെട്ട രേഖയാണ് 1910-നും മരണത്തിന്റെ തലേവർഷമായ 1923-നും ഇടയ്ക്ക് അദ്ദേഹം എഴുതിയിരുന്ന ഡയറി. പലവക അഭിപ്രായങ്ങളും ദൈനംദിനജീവിതത്തിൽ നിന്നുള്ള വർത്തമാനങ്ങളും ദാർശനികമാനമുള്ള നിരീക്ഷണങ്ങളും സ്വപ്നവർണ്ണനകളും കഥകൾക്കുള്ള ആശയങ്ങളും എല്ലാം അവയിൽ ഇടകലർന്നു കാണാം. കാഫ്കയുടെ ചിന്തയുടേയും മനോനിലയുടേയും ചിത്രം നിഴലിക്കുന്ന ഈ കുറിപ്പുകളിലാണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ പല പ്രസ്താവനകളും രേഖപ്പെടുത്തിയിട്ടുള്ളത്. എഴുത്തു വഴിമുട്ടി നിന്നപ്പോൾ, സർഗ്ഗവാസനയെ വീണ്ടും ഉണർത്താനായി 1910-ൽ കാഫ്ക കണ്ടേത്തിയ വഴിയാണ് ഡയറിയെഴുത്ത്. അദ്ദേഹത്തിന്റെ പ്രധാന രചനകളുടെയെല്ലാം പശ്ചാത്തലത്തിൽ ഡയറിയിലെ നിരീക്ഷണങ്ങൾ കാണാം. എഴുതിയവയോ എഴുതാൻ പോകുന്നവയോ ആയ പല കൃതികളും ഇവയിൽ ദീർഘമായി വിശകലനം ചെയ്യപ്പെടുന്നു. ഡയറിയുടെ പുറങ്ങളിൽ തെളിയുന്ന കാഫ്ക, ബന്ധുമിത്രാദികളിൽ നിന്ന് ഒറ്റപ്പെട്ടു പോയ വിഷാദഭരിതനും രോഗാതുരനുമായൊരു മനുഷ്യനാണ്. ഇത് അയാളെ പല പുതിയ ബന്ധങ്ങളിലേയ്ക്കും തള്ളിവിടുന്നെങ്കിലും അവയും പരാജയത്തിൽ കലാശിക്കുന്നു. ഈവിധമൊരു ചിത്രം കാഫ്കയുടെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നെങ്കിലും, തന്റെ കഥകളിൽ കാഫ്ക പലപ്പോഴും പ്രകടിപ്പിക്കാറുള്ള ഫലിതബോധവും, മനഃലഘുത്വവും, സുഹൃത്തുക്കളേയും പരിചയക്കാരേയും സംബന്ധിച്ച സുന്ദരസ്മരണകളും മറ്റും ഡയറികളിൽ കാണുന്നില്ല. ഡയറിയിൽ കാണുന്ന ആകാംക്ഷതകളും ആകുലതകളും, പൊതുവായനയ്ക്കുള്ള ഒരു രചനയ്ക്കല്ല സ്വകാര്യപത്രികയ്ക്കാണ് ചേരുക.

അച്ഛനെഴുതിയ കത്ത്

അച്ഛനെഴുതിയ കത്തിന്റെ ആദ്യപുറം

പിതാവുമായി കാഫ്കയ്ക്കുണ്ടായിരുന്ന സങ്കീർണ്ണവും വിഷമം പിടിച്ചതുമായ ബന്ധത്തെ മകന്റെ നിലപാടിൽ നിന്നു വിശകലനം ചെയ്യുന്ന ഈ രചന (Brief an den Vater) കാഫ്ക നിർവഹിച്ചത് 1919 നവംബർ മാസത്തിൽ സുഹൃത്ത് മാക്സ് ബ്രോഡിനൊപ്പം ചെക്ക് പ്രവിശ്യയിലെ ഷെലെഷൻ എന്ന സ്ഥലത്ത് ചെലവഴിച്ച അവധിക്കാലത്താണ്. പിതാവിൽ നിന്നു കിട്ടിയ വൈകാരികപീഡനവും കാപട്യം നിറഞ്ഞ പെരുമാറ്റവും തന്നിൽ അരക്ഷാബോധവും അപകർഷതാഭാവവും വളർത്തി വ്യക്തിത്വത്തെ നശിപ്പിച്ചുവെന്ന് കാഫ്ക ഇതിൽ ആരോപിക്കുന്നു. തന്നെ ഭയപ്പെടുന്നതെന്തിന് എന്ന് അക്കാലത്തെങ്ങോ പിതാവ് ഉന്നയിച്ച ചോദ്യത്തിനു മറുപടി പറഞ്ഞു കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. ചോദ്യത്തിന് ഉടനെ മറുപടി പറയാതിരുന്നതു തന്നെ ഭയം കൊണ്ടാണെന്നാണ് കാഫ്കയുടെ ഉത്തരം. പെട്ടെന്ന് ഉത്തരം പറയാൻ പറ്റാത്തത്ര സങ്കീർണ്ണതകളുള്ള വിഷയമായതും മറുപടിയ്ക്കു തടസ്സമായി.[25] പൂർത്തിയാക്കിയ കത്ത് പിതാവിനു നൽകാനായി കാഫ്ക അമ്മയെ ഏല്പിച്ചതായി മാക്സ് ബ്രോഡ് പറയുന്നു. കത്തു വായിച്ച അമ്മ അത് ഭർത്താവിനെ ഏല്പിക്കാതെ മകനു തിരിച്ചു നൽകി. തന്റെ മരണശേഷം നശിപ്പിച്ചു കളയാനായി ബ്രോഡിനെ കാഫ്ക ഏല്പിച്ച അപ്രകാശിതരചനകളിൽ ഇതുൾപ്പെട്ടിരുന്നില്ലെങ്കിലും കാഫ്കയുടെ മരണത്തിനു ശേഷം ബ്രോഡ് ഇതു കണ്ടെത്തി പ്രസിദ്ധീകരിച്ചു. ടൈപ്പ് ചെയ്ത ശേഷം കൈയ്യക്ഷരത്തിൽ തിരുത്തലുകൾ വരുത്തിയിരുന്ന കത്തിന്റെ മൂലം 45 പുറമുണ്ടായിരുന്നെന്നും കൈയ്യക്ഷരത്തിൽ തന്നെയായ രണ്ടര പുറം കൂട്ടിച്ചേർത്തിരുന്നെന്നും പുസ്തകത്തിൽ ചേർത്ത കുറിപ്പുകളിലൊന്നിൽ ബ്രോഡ് പറയുന്നു.

കത്തുകൾ

ഏറെക്കാലം തന്റെ കാമുകിയായിരുന്ന ഫെലിസ് ബൗറിന് 1912-നും, അവരുടെ രണ്ടാം വിവാഹനിശ്ചയത്തിൽ നിന്നും പിന്മാറിയ 1917-നും ഇടയ്ക്ക് കാഫ്ക അഞ്ഞൂറോളം കത്തുകൾ എഴുതിയിട്ടുണ്ട്. ആ കത്തുകളെല്ലാം ഫെലിസ് സൂക്ഷിച്ചിരുന്നു. തന്റെ സുഹൃത്ത് ഗ്രെറ്റെ ബ്ലോച്ചിന് കാഫ്ക എഴുതിയ കത്തുകളിൽ ചിലതും ഫെലിസിന്റെ കൈവശം ഉണ്ടായിരുന്നു. പിന്നീട് അമേരിക്കയിലേയ്ക്കു കുടിയേറിയ ഫെലിസ് അവ കൂടെ കൊണ്ടു പോന്നു. ആ കത്തുകൾ വിലയ്ക്കു വാങ്ങനുള്ള പ്രസാധകരുടെ ശ്രമത്തോടു ഫെലിസ് ആദ്യം സഹകരിച്ചില്ല. എന്നാൽ 1955-ൽ സാമ്പത്തികപരാധീനത മൂലം അവർ ആ കത്തുകൾ 5000 ഡോളറിനു വിറ്റു. ഫെലിസിലുള്ള കത്തുകൾ എന്ന പേരിൽ ഷോക്കൻ ബുക്ക്സ് 1967-ൽ പ്രസിദ്ധീകരിച്ചു. ഈ കത്തിടപാടുകൾ തുടങ്ങിയ 1912-ൽ തന്നെയാണ് കാഫ്ക മെറ്റമോർഫോസിസ് എന്ന ദീർഘകഥ എഴുതിയതും അമേരിക്ക എന്ന ആദ്യനോവലിന്റെ രചന തുടങ്ങിയതും. ആദ്യത്തെ വിവാഹനിശ്ചയം 1914-ൽ തകർന്ന ശേഷം അവർ വീണ്ടും അടുത്തെങ്കിലും 1915-നും 1917-നും ഇടയ്ക്കുള്ള കാലമായപ്പോൾ കത്തുകളും എണ്ണവും ദൈർഘ്യവും കുറഞ്ഞു.[26] അവസാനകാലത്ത് കാഫ്കയുടെ കാമുമിയായിരുന്ന ഡോറാ ഡയാമാന്റിന് കാഫ്ക എഴുതിയ കത്തുകൾ അവർ സൂക്ഷിച്ചു വച്ചിരുന്നെങ്കിലും 1933-ൽ ജർമ്മൻ രഹസ്യപ്പോലീസ് പിടിച്ചെടുത്തതിനാൽ നഷ്ടമായി.[27] കാഫ്ക പ്രിയപ്പെട്ട സഹോദരി ഒട്ട്‌ലായ്ക്ക് എഴുതിയ കത്തുകൾ ഓക്സ്ഫോർഡ് സർവകലാശാലയിൽ ബോഡ്‌ലീയൻ ഗ്രന്ഥശാലയും ജർമ്മൻ സാഹിത്യ ആർക്കൈവും ഒത്തുചേർന്നു 2011 ഏപ്രിൽ മാസത്തിൽ വിലയ്ക്കു വാങ്ങി.[28][29]

ചെറുകഥകൾ

പ്രേഗിലുള്ള ഫ്രാൻസ് കാഫ്കയുടെ ഈ വെങ്കലപ്രതിമയുടെ ആശയം "ഒരു പോരാട്ടത്തിന്റെ വർണ്ണന" എന്ന ചെറുകഥയിൽ നിന്നെടുത്തതാണ്.

1904-നും 1912-നും ഇടയ്ക്കു കാഫ്ക എഴുതിയ 18 ചെറുകഥകളുടെ സമാഹാരമാണ് ധ്യാനം (മെഡിറ്റേഷൻ). 1919-ൽ കാഫ്ക എഴുതിയ ഒരു ചെറുകഥയാണ് നാട്ടുമ്പുറത്തെ വൈദ്യൻ. ഈ കഥ ഉൾപ്പെടുന്ന ഇതേപേരിൽ തന്നെയുള്ള ഒരു ചെറുകഥാസമാഹാരവുമുണ്ട്. 1922-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ചെറുകഥയാണ് ദ് ഹങ്കർ ആർട്ടിസ്റ്റ്. ഇതിലെ നായകൻ, കാഫ്ക നായകന്മാരുടെ സ്വഭാവങ്ങളെല്ലാം ചേരുന്ന ഒരു കഥാപാത്രമാണ്. സമൂഹത്തിൽ അയാൾ പാർശ്വവൽക്കരിക്കപ്പെട്ടും ഒറ്റപ്പെട്ടും കാണപ്പെടുന്നു. കാഫ്കയുടെ മരണശേഷം ഇക്കഥ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ഇതേപേരിൽ തന്നെയുള്ള സമാഹാരവുമുണ്ട്.[30]

കാഫ്കയുടെ നിലവിലുള്ള ആദ്യകഥകളിൽ ഒന്നും അദ്ദേഹത്തിന്റെ കഥാസമാഹാരങ്ങളിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും ആദ്യത്തേതും ഒരു പോരാട്ടത്തിന്റെ വർണ്ണന എന്ന കഥയാണ്. കാഫ്ക തന്റെ സുഹൃത്ത് മാക്സ് ബ്രോഡിനെ വായിച്ചു കേൾപ്പിച്ച കഥകളിൽ ആദ്യത്തേതുകൂടിയായ ഇതാണ് കാഫ്കയുടെ പ്രതിഭ തിരിച്ചറിയാൻ ബ്രോഡിനെ സഹായിച്ചത്. മൂന്നദ്ധ്യായങ്ങളുള്ള ഇതിന്റെ രണ്ടാമദ്ധ്യായത്തിൽ കഥപറയുന്നയാൾ മറ്റൊരാളുടേമേൽ കുതിരപ്പുറത്തെന്നതു പോലെ സവാരി ചെയ്യുന്നതായി വിവരിക്കുന്നു. പ്രേഗിലുള്ള കാഫ്കയുടെ പ്രസിദ്ധമായ വെങ്കലപ്രതിമയുടെ ആശയം ഈ കഥാഭാഗത്തെ ആശ്രയിച്ചാണ്. 1917 എഴുതിയ ചൈനയിലെ വൻമതിൽ എന്ന കഥ കാഫ്കയുടെ മരണശേഷം 1931-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ചൈനയിലെ വന്മതിലിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത ഒരാളുടെ നിലപാടിൽ നിന്നാണ് കഥ പറയുന്നത്. മതിൽ ഒരറ്റത്തു നിന്നു മറ്റേയറ്റം വരെ തുടർച്ചയായി പണിയുന്നതിനു പകരം ഇടവിട്ട ഭാഗങ്ങളായാണ് പണിയപ്പെട്ടതെന്ന കാര്യം പറഞ്ഞശേഷം അതിനുള്ള കാരണം വിശദീകരിക്കാൻ ശ്രമിച്ചു തുടങ്ങുന്ന കഥ, ചൈനയുടെ ഭൂത-വർത്തമാനങ്ങൾ തമ്മിലും ഭരണവ്യവസ്ഥയും ജനങ്ങളും തമ്മിലും ഉള്ള ബന്ധവും മറ്റും പരിഗണിക്കുന്നു.[31]

വിലയിരുത്തൽ

കാഫ്കയുടെ രചനയെ വിമർശകന്മാർ സാഹിത്യത്തിലേയും ദർശനത്തിലേയും ഒട്ടേറെ പ്രസ്ഥാനങ്ങളെ ആശ്രയിച്ചു വിലയിരുത്താൻ ശ്രമിച്ചിട്ടുണ്ട്. ആധുനികത, മാന്ത്രികറിയലിസം തുടങ്ങിയ പ്രസ്ഥാനങ്ങളുമായി അദ്ദേഹത്തെ ബന്ധപ്പെടുത്തുന്നവരുണ്ട്. കാഫ്കയുടെ കൃതികളിൽ നിറഞ്ഞു നിൽക്കുന്നതായി കാണപ്പെടുന്ന നിരാശതയും അസംബന്ധഭാവവും അസ്തിത്വവാദത്തിന്റെ ഛിഹ്നങ്ങളായി വിലയിരുത്തപ്പെട്ടു.[27] ശിക്ഷാകോളനി, ട്രയൽ, ദുർഗ്ഗം തുടങ്ങിയ കൃതികളിൽ തെളിയുന്ന ഉദ്യോഗസ്ഥവ്യവസ്ഥയുടെ ഹാസ്യചിത്രത്തിൽ മാർക്സിസത്തിന്റെ സ്വാധീനം കാണുന്നവരുണ്ട്. അതേസമയം ഉദ്യോഗസ്ഥവർഗ്ഗത്തിന്റെ ചിത്രീകരണത്തിൽ മറ്റുചിലർ കാണുന്നത് അരാജകതാവാദത്തിന്റെ (anarchism) സ്വാധീനമാണ്. ജോർജ് ലൂയി ബോർഹെയും മറ്റും കാഫ്കയുടെ രചനയെ യഹൂദമതത്തിന്റെ കണ്ണാടിയിൽ കൂടി കണ്ടു. ഇനിയും ചിലർ പിതാവുമായുള്ള കാഫ്കയുടെ വിഷമം പിടിച്ച ബന്ധം കണക്കിലെടുത്ത്, അദ്ദേഹത്തിന്റെ സാഹിത്യത്തെ ഫ്രോയിഡിയൻ മനഃശാസ്ത്രത്തിന്റെ നിലപാടിൽ വിലയിരുത്തുന്നു. തോമസ് മാനും മറ്റും തത്ത്വമീമാംസാപരമായ ദൈവാന്വേഷണത്തിന്റെ അന്യാപദേശങ്ങളായി അദ്ദേഹത്തിന്റെ കഥകളെ കണ്ടു.[32] ഈ വാദമനുസരിച്ച്, അവിശ്വാസിയായിരിക്കുമ്പോഴും ദൈവത്തെ മറക്കാതിരിക്കുന്ന കാഫ്ക ബൈബിളിലെ ഇയ്യോബിനെപ്പോലെ നീതിയ്ക്കു വേണ്ടി മുറവിളി കൂട്ടുന്നു. തോമസ് മാൻ കാഫ്കയെ ധാർമ്മികഹാസ്യകാരൻ (religious humorist) എന്നു വിളിച്ചു.[33]

കുറിപ്പുകൾ

^ യൂറോപ്യൻ യഹൂദരിലെ രണ്ടു മുഖ്യ വിഭാഗങ്ങളിൽ ഒന്നാണ് അസ്കനാസികൾ. ജർമ്മനിയിലെ റൈൻ നദീതടത്തിലെ പ്രവാസി യഹൂദർ പൂർവികരായുള്ളവരാണവർ. രണ്ടാമത്തെ വിഭാഗം സെഫാർദിക യഹൂദരാണ്. അവരുടേ വേരുകൾ സ്പെയിനും പോർത്തുഗലും അടങ്ങുന്ന ഐബീരിയൻ ഉപദ്വീപിലാണ്.

^ കഥകളിൽ സ്വയം കീടവും, കുരങ്ങും, നായും, എലിയും മറ്റുമായി സങ്കല്പിക്കുന്ന കാഫ്ക ഭാവന, ആ കുടുംബപ്പേരിന്റെ തെരഞ്ഞെടുപ്പിലും പ്രവർത്തിച്ചിരിക്കാം എന്ന് റൊണാൾഡ് ഹേമാൻ നിരീക്ഷിക്കുന്നു.[2]

^ അസ്കെനാസി യഹൂദപശ്ചാത്തലത്തിൽ രൂപപ്പെട്ട യൂറോപ്യൻ ഭാഷയാണ് യിദ്ദിഷ്. ജർമ്മൻ ഭാഷാഭേദങ്ങളുടേയും എബ്രായ, അരമായ സ്ലാവിക്, റൊമാൻസ് ഭാഷകളുടേയും മിശ്രിതമായ അത് ലോകമൊട്ടാകെ പല യഹൂദവിഭാഗങ്ങളുടേയും സംസാരഭാഷയാണ്.

^ 1919-ൽ എഴുതിയ ഈ കത്ത് കാഫ്കയുടെ പിതാവ് ഒരിക്കലും കണ്ടില്ല. പിതാവിനു നൽകാനായി അമ്മയെ ഏല്പിച്ച കത്തിലെ ഉള്ളടക്കം കണ്ട അമ്മ അതു ഭർത്താവിനെ കാണിക്കാൻ ധൈര്യപ്പെട്ടില്ല.

^ നേരം വെളുത്തപ്പോൾ, വീട്ടിൽ പൂവ് കൊണ്ടുവന്നിരുന്ന കൂനിപ്പെണ്ണ്, തൂവാലയിൽ രക്തം കണ്ട്, "സാറിന്റെ കഥ തീരാൻ ഇനി വലിയ താമസമില്ല" (Herr Doktor, it's soon going to be all over with you") എന്നു പറഞ്ഞതായി കാഫ്ക എഴുതുന്നു.[2]

^ കാഫ്കയുടെ രചനകളിൽ ജർമ്മൻ ഭാഷയിൽ അല്ലാതെയുള്ളത്, ചെക്ക് ഭാഷയിൽ മിലേന ജസേൻസ്കയ്ക്കെഴുതിയ കത്തുകൾ മാത്രമാണ്.

^ കാഫ്കയുടെ കാമുകിയായിരുന്ന് അദ്ദേഹവുമായി രണ്ടു വട്ടം വിവാഹം നിശ്ചയിക്കപ്പെട്ട ഫെലീസ് ബൗറിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളാണ് എഫ്.ബി.[1]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഫ്രാൻസ്_കാഫ്‌ക&oldid=3994872" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്