മദീനയുടെ ഭരണഘടന

ഇസ്ലാമിക പ്രവാചകൻ മുഹമ്മദ് മദീനയുടെ അധികാരമേറ്റതോടെ (622-അഥവാ ഹിജ്റ 1) രൂപം നൽകിയ ഉടമ്പടിയാണ് മദീന ഭരണഘടന دستور المدينة , ദസ്തൂർ അൽ മദീന), അഥവാ മദീന ചാർട്ടർ. (അറബി: صحيفة المدينة , സഹീഫ അൽ മദീന ; അല്ലെങ്കിൽ: ميثاق المدينة , മീഥാക് മദീന എന്നിങ്ങനെയും ഇത് അറിയപ്പെടുന്നു)[1][2] എന്നാൽ ,ഈ രേഖയുടെ ഒരു പകർപ്പും ഇതുവരെ കണ്ടെത്തിയിട്ടില്ല. 800-കളുടെ ആരംഭം വരെ അത്തരം ഒരു രേഖയുടെ നിലനിൽപ്പിനെക്കുറിച്ച് ചരിത്ര രേഖകളില് പരാമർശം ഇല്ല.

മക്കയിൽ നിന്ന് കുടിയേറിയ മുഹാജിറുകൾ, യഥ്‌രിബിലെ ഗോത്രങ്ങൾ, അവരുടെ സഖ്യകക്ഷികൾ എന്നിവരെല്ലാം ഒരൊറ്റ ഉമ്മത്ത് അഥവാ സമുദായമാണെന്ന് ഈ രേഖയുടെ ആമുഖത്തിൽ പ്രഖ്യാപിക്കുന്നുണ്ട്. അംഗങ്ങളായ ഗോത്രങ്ങളുടെ പ്രശ്നങ്ങളിൽ എല്ലാവർക്കുമുള്ള കൂട്ടുത്തരവാദിത്തം ഈ രേഖ സ്ഥാപിക്കുന്നുണ്ട്. ദിയാധനം, മോചനദ്രവ്യം എന്നിവയ്ക്കും ഇത് രൂപരേഖയുണ്ടാക്കി. മതപരമായ വൈജാത്യം അംഗീകരിച്ചുകൊണ്ട് തന്നെ എട്ടോളം ജൂതഗോത്രങ്ങളെ യഥ്‌രിബ് സമൂഹത്തിന്റെ ഭാഗമായി ഈ കരാറിൽ അംഗീകരിച്ചു. ഗോത്രവഴക്കുകളിൽ മുഹമ്മദിന്റെ മാധ്യസ്ഥം കരാറിൽ ഉൾപ്പെട്ട കക്ഷികൾ അംഗീകരിച്ചു. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ യുദ്ധങ്ങൾ നടത്തുകയില്ലെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു. മുഹമ്മദ് മദീന കേന്ദ്രമാക്കി സ്ഥാപിച്ച ഭരണകൂടത്തിന്റെ ആധാരശില ഈ കരാറാണെന്ന് കരുതപ്പെടുന്നു.[3] [4] [5] [6] [7]

പശ്ചാത്തലം

മദീനയിൽ നിന്ന് മക്കയിൽ വന്ന ഒരു സംഘം മുഹമ്മദുമായി സംഭാഷണം നടത്തുകയും, അദ്ദേഹത്തെ മദീനയിലേക്ക് ക്ഷണിക്കുകയും ചെയ്തു[8][9]. ഔസ്-ഖസ്റജ് ഗോത്രങ്ങൾ തമ്മിലുള്ള വൈരം കൂടാതെ മറ്റു ചെറുഗോത്രങ്ങളും ദശകങ്ങളോളം നീണ്ട പോരാട്ടങ്ങൾ നടത്തിവരികയായിരുന്നു മദീനയിൽ.

തർക്കങ്ങളിൽ വിധി പറയാൻ അധികാരമുള്ള ഒരാളെ യഥ്‌രിബിന് ആവശ്യമായിരുന്നു. മുഹമ്മദിനെ അവരുടെ സമൂഹത്തിലേക്ക് സ്വീകരിക്കാമെന്നും അവരിൽ ഒരാളാണെന്നപോലെ ശാരീരികമായ സംരക്ഷണം നൽകുമെന്നും മദീനയിൽ നിന്നുള്ള പ്രതിനിധി സംഘം ഉറപ്പുനൽകി.[10]

തുടർന്ന് മുഹമ്മദും അനുയായികളും യഥ്‌രിബിലേക്ക് കുടിയേറുകയും ഒരു നിയമവ്യവസ്ഥ രൂപീകരിക്കുകയും ചെയ്തു. കുടിയേറ്റക്കാരായ മുഹാജിറുകൾ, ആതിഥേയരായ അൻസാറുകൾ, മറ്റ് ഗോത്രങ്ങൾ, ജൂതന്മാർ ഉൾപ്പെടെയുള്ള വേദക്കാർ തുടങ്ങി യഥ്‌രിബിലെ നിവാസികളെയെല്ലാം ഉൾക്കൊള്ളുന്ന വ്യവസ്ഥയിൽ പരസ്പരമുള്ള ബാധ്യതകളും ഉത്തരവാദിത്തങ്ങളും അവകാശങ്ങളും വ്യക്തമാക്കുന്നുണ്ട്.[9]

ഉള്ളടക്കം

പ്രവാചകൻ മുഹമ്മദിന്റെ കാലത്ത് മദീന ഭരണകൂടത്തിനായി രൂപപ്പെടുത്തിയ ഭരണഘടനയുടെ വിവർത്തനം.

[വളരെ വ്യക്തമായി വിവർത്തനം ചെയ്യാൻ ശ്രമിച്ചിട്ടുള്ളതിനാൽ മനസ്സിലാക്കാനായി പ്രത്യേകമായ കുറിപ്പുകളൊന്നും ആവശ്യമില്ല. ഓരോ ഖണ്ഡികകളും ക്രമനമ്പർ നൽകിയതിനാൽ എളുപ്പത്തിൽ പരിശോധിക്കാൻ കഴിയും.][11]

പരമകാരുണികനും കരുണാനിധിയുമായ ദൈവനാമത്തിൽ

  1. പ്രവാചകനും ദൈവദൂതനുമായ മുഹമ്മദ് തയ്യാറാക്കിയ ലിഖിതമാണിത്. ഖുറൈശികളിൽ നിന്നും മദീനയിൽ നിന്നുമുള്ള വിശ്വസ്തരായ മുസ്‌ലിംകളും അവരുമായി ബന്ധപ്പെട്ടവർക്കും അവരോടൊപ്പം യുദ്ധം ചെയ്യാൻ തയ്യാറാവുന്നവർക്കും ഇത് ബാധകമാണ്.
  2. മറ്റ് ജനതകളിൽ നിന്ന് വ്യതിരിക്തമായി ഇവരെല്ലാം ഒരൊറ്റ രാഷ്ട്രീയസമൂഹമായി (ഉമ്മത്ത്) നിലകൊള്ളും.
  3. ഖുറൈശികളിൽ നിന്നുള്ള കുടിയേറ്റക്കാർ അവരുടെ ആളുകൾക്ക് ഉത്തരവാദികളായിരിക്കും; പരസ്പര സഹകരണത്തോടെ അവരുടെ രക്തപ്പണം നൽകുകയും അവരുടെ തടവുകാരെ മോചനദ്രവ്യം നൽകി സ്വയം മോചിപ്പിക്കുകയും ചെയ്യും, അങ്ങനെ വിശ്വാസികൾ തമ്മിലുള്ള പരസ്പര ഇടപാടുകൾ നന്മയുടെയും നീതിയുടെയും തത്വങ്ങൾക്ക് അനുസൃതമായിരിക്കും.
  4. ഔഫ് ഗോത്രവും (ഖണ്ഡിക 3 പ്രകാരം)
  5. ഹാരിഥ് ബിൻ ഖസ്റജ് ഗോത്രവും (ഖണ്ഡിക 3 പ്രകാരം)
  6. സാഇദ ഗോത്രവും (ഖണ്ഡിക 3 പ്രകാരം)
  7. ജുഷാം ഗോത്രവും (ഖണ്ഡിക 3 പ്രകാരം)
  8. നജ്ജാർ ഗോത്രവും (ഖണ്ഡിക 3 പ്രകാരം)
  9. അംറുബ്‌നു ഔഫ് ഗോത്രവും (ഖണ്ഡിക 3 പ്രകാരം)
  10. നാബിത് ഗോത്രവും (ഖണ്ഡിക 3 പ്രകാരം)
  11. ഔസ് ഗോത്രവും (ഖണ്ഡിക 3 പ്രകാരം)
  12. (a)നഷ്ടപരിഹാരത്തിന്റെയോ കൊലക്കുറ്റത്തിനുള്ള പ്രായശ്ചിത്തത്തിന്റെയോ കാര്യം വരുമ്പോൾ, ഞെരുക്കമുള്ളവന് എളുപ്പമാക്കിക്കൊടുക്കാൻ വിശ്വാസികൾ ശ്രമിക്കണം; അത് നന്മയുടെ തേട്ടമാണ്.
    (b) ഒരു വിശ്വാസിയും മറ്റൊരു വിശ്വാസിയുടെ ആശ്രിതനുമായി (അദ്ദേഹത്തിനെതിരെ) സഖ്യമോ ധാരണയോ ഉണ്ടാക്കരുത്.
  13. അതിക്രമം കാണിക്കുകയോ ബലപ്രയോഗത്തിലൂടെ എന്തെങ്കിലും നേടാൻ ശ്രമിക്കുകയോ, അല്ലെങ്കിൽ വിശ്വാസികൾക്കിടയിൽ എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ നടത്തുകയോ ചെയ്യുന്ന ആർക്കെതിരെയും വിശ്വാസികൾ അവരുടെ കൈ ഉയർത്തേണ്ടതുണ്ട്; ആ അതിക്രമി സ്വന്തം മകനായിരുന്നാൽ പോലും.
  14. അവിശ്വാസിക്കു വേണ്ടി വിശ്വാസി വിശ്വാസിയെ കൊല്ലുകയോ, വിശ്വാസിക്കെതിരെ അവിശ്വാസിയെ സഹായിക്കുകയോ അരുത്.
  15. ദൈവത്തിന്റെ സംരക്ഷണം (ദിമ്മത്ത്) ഒന്നേയുള്ളൂ. വിശ്വാസികളിൽ ഏറ്റവും താഴേക്കിടയിലുള്ളവർക്ക് വരെ ഈ സംരക്ഷണം നൽകാൻ കഴിയണം. വിശ്വാസികൾ പരസ്പരം സഹകാരികളാവേണ്ടവരാണ്; ശത്രുക്കൾക്കെതിരിൽ.
  16. ജൂതന്മാരിൽനിന്ന് നമ്മോടൊപ്പം നിൽക്കുന്നവർക്ക് സഹായം നൽകും, തുല്യതയും. അവർ പീഡിപ്പിക്കപ്പെടുകയില്ല; അവർക്കെതിരെ ആർക്കും സഹായവും നൽകില്ല.
  17. മുസ്‌ലിംകൾക്ക് സമാധാനത്തിന്റെ രീതി ഒറ്റയൊന്നാണ്; ദൈവമാർഗത്തിൽ പോരാട്ടം ഉണ്ടാകുന്ന പക്ഷം, വിശ്വാസികളിൽ ഒരു വിഭാഗം ശത്രുക്കളുമായി സമാധാന കരാർ ഉണ്ടാക്കിക്കൂടാത്തതാണ്; സമാധനക്കാരാർ വിശ്വാസികളിൽ എല്ലാവരും ഒരുപോലെ അംഗീകരിച്ചിട്ടുണ്ടെങ്കിലല്ലാതെ.
  18. നമ്മുടെ കൂടെ യുദ്ധം ചെയ്യുന്ന ഓരോ വിഭാഗത്തിനും ഊഴമനുസരിച്ച് വിടുതൽ നൽകുന്നതാണ്.
  19. ദൈവമാർഗത്തിൽ ചിന്തിയ രക്തത്തിന് പകരം ചോദിക്കേണ്ടത് വിശ്വാസികൾ ഒരൊറ്റ വിഭാഗം എന്ന നിലക്കാണ്.
  20. (a) യഥാർഥ വിശ്വാസികൾ ഏറ്റവും മികച്ചതും ഋജുവുമായ സരണിയിൽ സഞ്ചരിക്കുന്നവരാണ്.
    (b) ഒരു ബഹുദൈവ വിശ്വാസിയും മക്കക്കാരായ ഖുറൈശികളുടെ ജീവന്നോ സ്വത്തിനോ സംരക്ഷണം നൽകാൻ പാടില്ലാത്തതാണ്. ഇക്കാര്യത്തിൽ മുസ്‌ലിംകൾക്കെതിരെ സഹായം നൽകിക്കൂടാത്തതുമാണ്.
  21. ഒരാൾ മനഃപൂർവം വിശ്വാസിയെ വധിക്കുകയും എന്നിട്ടത് തെളിയിക്കപ്പെടുകയും ചെയ്താൽ, കൊലയാളിയെ വധിക്കണം; കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ നഷ്ടപരിഹാരത്തിന് സമ്മതിച്ചാലല്ലാതെ. വിശ്വാസികൾ എല്ലാവരും ഇക്കാര്യത്തിനു വേണ്ടി നിലകൊള്ളണം; മറ്റൊരു രീതിയും നിയമാനുസൃതമായിരിക്കില്ല.
  22. ഈ രേഖ (സ്വഹീഫഃ) അംഗീകരിക്കുന്ന, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഏതൊരാളും ഒരു കൊലയാളി(മുഹ്ദിസ്)ക്ക് അഭയം നൽകിക്കൂടാത്തതാണ്. അങ്ങനെ നൽകുന്നവർക്ക് അന്ത്യനാളിൽ അല്ലാഹുവിന്റെ ശാപകോപങ്ങൾ ഉണ്ടാകും. ഘാതകരുടെ സഹായിയിൽ നിന്ന് യാതൊരു നഷ്ടപരിഹാരവും സ്വീകരിക്കുന്നതുമല്ല.
  23. അഭിപ്രായവ്യത്യാസങ്ങളിൽ ദൈവത്തിലേക്കും പ്രവാചകൻ മുഹമ്മദിലേക്കും മടങ്ങുക.
  24. സംയുക്തമായി നടത്തുന്ന സൈനികനടപടികളുടെ ചെലവിലേക്ക് ജൂതന്മാരും അവരുടെ പങ്കാളിത്തം വഹിക്കും.
  25. ഔഫ് ഗോത്രത്തിലെ ജൂതന്മാർ, വിശ്വാസികളെ പോലെത്തന്നെ രാഷ്ട്രസമൂഹത്തിന്റെ ഭാഗമായിരിക്കും. ജൂതന്മാർക്ക് അവരുടെ മതം, മുസ്‌ലിംകൾക്ക് അവരുടെയും. ആരെങ്കിലും കരാർ ലംഘിക്കുകയോ അക്രമം കാണിക്കുകയോ ചെയ്താൽ അവനും അവന്റെ കുടുംബവും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരും. മറ്റാർക്കും അതിൽ ഉത്തരവാദിത്തമുണ്ടാവുകയില്ല.
  26. നജ്ജാർ ഗോത്രത്തിലെ ജൂതന്മാരും (ഖണ്ഡിക 25 പ്രകാരം)
  27. ഹാരിഥ് ഗോത്രത്തിലെ ജൂതന്മാരും (ഖണ്ഡിക 25 പ്രകാരം)
  28. സാഇദ ഗോത്രത്തിലെ ജൂതന്മാരും (ഖണ്ഡിക 25 പ്രകാരം)
  29. ജുഷാം ഗോത്രത്തിലെ ജൂതന്മാരും (ഖണ്ഡിക 25 പ്രകാരം)
  30. ഔസ് ഗോത്രത്തിലെ ജൂതന്മാരും (ഖണ്ഡിക 25 പ്രകാരം)
  31. തലാബ ഗോത്രത്തിലെ ജൂതന്മാരും (ഖണ്ഡിക 25 പ്രകാരം)
  32. ജഫ്ന (തലാബ ഗോത്രത്തിലെ ഉപവിഭാഗം) ജൂതന്മാരും (ഖണ്ഡിക 25 പ്രകാരം).
  33. ഷുതൈബ ഗോത്രത്തിലെ ജൂതന്മാരും (ഖണ്ഡിക 25 പ്രകാരം)
  34. തലാബ ഗോത്രത്തിന്റെ സഖ്യകക്ഷികൾക്കും അതേ പരിഗണനയായിരിക്കും ഉണ്ടായിരിക്കുക.
  35. ജൂത ഉപഗോത്രങ്ങൾക്ക് അവരുടെ പ്രധാന ഗോത്രത്തിന്റെ അതേ പരിഗണനയായിരിക്കും നൽകപ്പെടുക.
  36. (a) അവർ പുറത്തു പോകുന്നത് (സൈനിക നീക്കത്തിന്റെ ഭാഗമായി) മുഹമ്മദിന്റെ അനുവാദത്തോടെയാവണം.
    (b) ആരെയെങ്കിലും മുറിപ്പെടുത്തിയാൽ പ്രതിക്രിയയുടെ കാര്യത്തിൽ മാർഗതടസ്സങ്ങൾ ഉണ്ടാവില്ല. ആരെങ്കിലും രക്തം ചിന്തിയാൽ അവൻ വ്യക്തിപരമായി ഉത്തരവാദിയായിരിക്കും; അവനുൾപ്പെട്ട കുടുംബത്തിനും ഉത്തരവാദിത്തമുണ്ടായിരിക്കും. അല്ലാത്ത പക്ഷം അത് അനീതിയായിരിക്കും. ഇത്തരം കാര്യങ്ങൾ സൂക്ഷ്മമായി പാലിക്കുന്നവരുടെ കൂടെയാണ് ദൈവം.
  37. (a) ജൂതന്മാർ അവരുടെ (യുദ്ധ) ചെലവുകൾ വഹിക്കണം; മുസ്‌ലിംകൾ അവരുടേതും.
    (b) ഈ രേഖ(സ്വഹീഫഃ)യിൽ ഒപ്പുവെച്ചവർക്ക് എതിരെ ആര് യുദ്ധം ചെയ്താലും ഈ കക്ഷികൾ തമ്മിൽ പരസ്പര സഹകരണം ഉണ്ടാകണം. ആത്മാർഥമായ സദുപദേശവും ഗുണകാംക്ഷയുമാണ് അവർ തമ്മിൽ ഉണ്ടാകേണ്ടത്. കരാർ പൂർത്തീകരിക്കപ്പെടുകയാണ് വേണ്ടത്; ലംഘിക്കപ്പെടുകയല്ല.
  38. ഒന്നിച്ച് യുദ്ധം ചെയ്യുന്ന സന്ദർഭങ്ങളിൽ ജൂതന്മാർ തങ്ങളുടെ യുദ്ധച്ചെലവുകൾ വഹിക്കണം.
  39. ഈ കരാറിൽ സഖ്യകക്ഷികളായ എല്ലാവർക്കും യസ്‌രിബ് താഴ്‌വര (ജൗഫ്) അതിക്രമങ്ങളും ലംഘനങ്ങളും അനുവദിക്കപ്പെടാത്ത ഭൂപ്രദേശമാണ്.
  40. സംരക്ഷിക്കപ്പെട്ട ആൾ (ജാർ), സംരക്ഷണം നൽകിയ തദ്ദേശീയ ഗോത്രക്കാരനെപ്പോലെ തന്നെയാണ്. സംരക്ഷണം നൽകിയവനെയോ നൽകപ്പെട്ടവനെയോ ഉപദ്രവിക്കാവതല്ല; ഇരുവരും കരാർ വ്യവസ്ഥകൾ ലംഘിക്കാവുന്നതുമല്ല.
  41. തദ്ദേശീയരായ ആളുകളുടെ അനുവാദത്തോടെ മാത്രമേ ഏതൊരാൾക്കും സംരക്ഷണം നൽകാവൂ.
  42. ഈ 'സ്വഹീഫ'യിൽ പങ്കാളികളായ രണ്ട് കക്ഷികൾക്കിടയിൽ കൊലയോ തർക്കമോ നടക്കുകയും അത് പ്രശ്‌നങ്ങൾക്ക് വഴിവെക്കുകയുമാണെങ്കിൽ അല്ലാഹുവിലേക്കും മുഹമ്മദ് നബി(സ)യിലേക്കുമാണ് ആ പ്രശ്‌നം വിധിതീർപ്പിനായി വിടേണ്ടത്. കരാർ വ്യവസ്ഥകൾ സനിഷ്‌കർഷം പാലിക്കപ്പെടുന്നുവെന്ന് അല്ലാഹുവിനെ സാക്ഷിനിർത്തിയാണ് പറയാനാവുക.
  43. ഖുറൈശികൾക്കോ അവരെ സഹായിക്കുന്നവർക്കാ സംരക്ഷണം നൽകാവതല്ല.
  44. യസ്‌രിബ് ആക്രമിക്കുന്നവർക്കെതിരെ അവർ (ജൂതന്മാരും മുസ്‌ലിംകളും) പരസ്പരം സഹായിക്കേണ്ടവരാണ്.
  45. (a) ഒരു സമാധാന സന്ധിയിൽ പങ്കെടുക്കാനോ അത് അനുധാവനം ചെയ്യാനോ ജൂതന്മാർ ക്ഷണിക്കപ്പെട്ടാൽ, അവരതിൽ പങ്കെടുക്കുകയും അുധാവനം ചെയ്യുകയും വേണം. ജൂതന്മാർ വിശ്വാസികളെ അത്തരം സന്ധിയിലേക്ക് ക്ഷണിച്ചാൽ അവരും അതിന് ഉത്തരം നൽകണം; ദൈവമാർഗത്തിലുള്ള സമരം ഇതിൽനിന്ന് ഒഴിവാക്കപ്പെടുന്നതാണ്.
    (b) ഓരോ വിഭാഗത്തിന്റെയും ചെലവുകൾ വഹിക്കേണ്ട ബാധ്യത അവരവർക്കു തന്നെയാണ്.
  46. ഔസിലെ ജൂതന്മാർക്ക്, തദ്ദേശീയ അംഗങ്ങൾക്കും അവരുടെ ആശ്രിതർക്കുമുള്ള അതേ അവകാശങ്ങൾ ഈ രേഖ പ്രകാരം നൽകപ്പെടുന്നതാണ്. കരാറിൽ എല്ലാ കക്ഷികൾക്കും പൂർണമായ രൂപത്തിൽ അവകാശങ്ങൾ നൽകപ്പെടുന്നതാണ്. കരാർ വ്യവസ്ഥകൾ പൂർത്തീകരിക്കപ്പെടുകയാണ് ചെയ്യുക; ലംഘിക്കപ്പെടുകയല്ല. തിന്മയുടെ പിറകെ പോകുന്നവന്റെ പ്രവൃത്തി അവന് തന്നെ ദോഷമായിത്തീരും. കരാർ വ്യവസ്ഥകൾ വളരെ കണിശമായും സത്യസന്ധമായും പാലിക്കപ്പെടുമെന്നതിന് ദൈവം സാക്ഷി.
  47. ഈ രേഖ(കിതാബ്) ഒരിക്കലും ഏതെങ്കിലും മർദകനെയോ കരാർ ലംഘകനെയോ സംരക്ഷിക്കുകയില്ല. പുറത്തു പോകുന്നവർക്കും (സൈനിക നീക്കത്തിനും മറ്റും) സംരക്ഷണമുണ്ടാകും; മദീനയിൽ തങ്ങുന്നവർക്കും സംരക്ഷണമുണ്ടാകും. മർദകരും കരാർ ലംഘകരും ഇതിൽനിന്നൊഴിവാണ്. കരാറുകൾ പൂർത്തീകരിക്കുന്നവരുടെ സംരക്ഷകനാണല്ലോ അല്ലാഹു. ദൈവപ്രവാചകന്റെയും (അദ്ദേഹത്തിനു മേൽ കാരുണ്യം വർഷിക്കുമാറാകട്ടെ) സംരക്ഷകനാണല്ലോ അവൻ.[12]

അവലംബം

സ്രോതസ്സുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മദീനയുടെ_ഭരണഘടന&oldid=3957972" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്