നമ്പൂതിരി

കേരളത്തിലെ ബ്രാഹ്മണ സമൂഹങ്ങളിലൊന്ന്

കേരളത്തിലെ ബ്രാഹ്മണ സമൂഹത്തിലെ ഒരു ഉപജാതിയാണ് നമ്പൂതിരി

നമ്പൂതിരി
Total population
ഏതാണ്ട്. 250,000 (കേരള ജനസംഖ്യയുടെ 0.7% )
Regions with significant populations
Languages
മലയാളം
Religion
ഹിന്ദു
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
നായർ, അമ്പലവാസി, പഞ്ചദ്രാവിഡ ബ്രാഹ്മണർ, തമ്പുരാൻ, ക്ഷത്രിയർ
1883 sketch depicting a Nambūdiri man with the traditional pūrvaśikhā, or forelock

[അവലംബം ആവശ്യമാണ്]പഴയകാല നമ്പൂതിരിമാരിൽ വേദാധികാരം ഇല്ലാത്ത വരും ഉള്ളവരും എന്ന് തരംതിരിവ് ഉണ്ടായിരുന്നു. വേദാധികാരമുള്ളവർ വേദങ്ങൾ ഹൃദിസ്ഥമാക്കുകയും ഒരു വിഭാഗം അതുപ്രകാരം വൈദികവൃത്തി തൊഴിലായി സ്വീകരിക്കുകയും ചെയ്തവരായിരുന്നു. കേരള ചരിത്രത്തിൽ സുപ്രധാന പങ്ക് വഹിച്ചവരാണ് നമ്പൂതിരിമാർ. ചാതുർവർണ്ണ്യം എന്ന സാമൂഹിക വ്യവസ്ഥയുടെ വക്താക്കളായിരുന്ന അവർ സമൂഹത്തിലെ നിരന്തരമായ ഇടപെടലുകളിലൂടെയും പൗരോഹിത്യപ്രാമുഖ്യത്തിലൂടെ നേടിയെടുത്ത മേൽക്കോയ്മയിലൂടെയും സാമാന്യജനതയെ പല തട്ടുകളിലാക്കി തിരിക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചു. ബൗദ്ധർ, ജൈനർ, ആദിദ്രാവിഡമതക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ സാന്നിദ്ധ്യവും ശക്തിയും ക്ഷയിപ്പിക്കുന്നതിലോ നിശ്ശേഷം ഇല്ലാതാക്കുന്നതിലോ നമ്പൂതിരിമാരുടെ പ്രകടമായ സ്വാധീനമുണ്ടായി.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

വിശ്വാസങ്ങളും ആചാരങ്ങളും

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <>ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

സ്മൃതികളിലും വേദങ്ങളിലും അധിഷ്ഠിതമായ വർണ്ണവ്യവസ്ഥ കേരളത്തിൽ ആരംഭിച്ചത് ഇവരാണ്.

ധർമ്മശാസ്ത്രവിധിപ്രകാരം ജനനം മുതൽ മരണം വരെ ഇവർ അനുഷ്ഠിക്കേണ്ട ചില ക്രിയകൾ ഉണ്ട്.ഇവയെ ഷോഡശക്രിയകൾ എന്നു പറയുന്നു. ഷട്കർമ്മങ്ങൾ എന്നറിയപ്പെടുന്ന വൈദിക കർമ്മങ്ങൾ നിർവ്വഹിക്കേണ്ടവരാണിവർ.സ്നാനം,സന്ധ്യാവന്ദനം,ജപം,പൂജ,ഉപാസനം,അഗ്നിഹോത്രം എന്നിവയാണിവ. ഈശ്വരഭജനവും യാഗാദികർമ്മങ്ങളും അല്ലാതെ ധനാഗമന മാർഗ്ഗങ്ങളിലൊന്നും ഏർപ്പെടാനുള്ള മാർഗ്ഗരേഖകളൊന്നും തന്നെ ബ്രാഹ്മണർക്ക് വിധിച്ചിട്ടില്ല. എങ്കിലും വേദത്തിലെ പാണ്ഡിത്യം, ഭരണാധികാരികളോടുള്ള അടുപ്പം, ശാസ്ത്രജ്ഞാനം എന്നിവ മൂലവും രാജാക്കന്മാർ അനുവദിച്ചതും പിടിച്ചടക്കിയതുമായ സ്വത്തുക്കൾ നിമിത്തവും അവർ ആദ്യകാല കേരളത്തിലെ പ്രബലരായ വിഭാഗമായി പരിണമിച്ചു. ശങ്കരാചാര്യരുടെ ദിഗ്‌വിജയത്തിനുശേഷം ഹിന്ദു വിശ്വാസത്തിനു കൈവന്ന മേൽക്കൈമൂലം ഏറ്റവും വലിയ ജന്മിമാരും, നാടു വഴികളും ആയിരുന്നു നമ്പൂതിരിമാർ

കേരളത്തിലെ തന്നെ മറ്റു ബ്രാഹ്മണരേക്കാൾ അതിവിശിഷ്ടരാണ്‌ എന്നാണ്‌ അവർ വിശ്വസിച്ചു വന്നിരുന്നത് എന്ന് ബുക്കാനൻ രേഖപ്പെടുത്തിയിട്ടുണ്ട്.[1]. എന്നാൽ പിൽക്കാലത്ത് കേരളം നവോത്ഥാനത്തിന്റെ ഭാഗമായി ഒരുപാട് പരിവർത്തനങ്ങൾ നമ്പൂതിരി സമൂഹത്തിലും ഉണ്ടായി. വി.ടി. ഭട്ടതിരിപ്പാട്, ഇ.എം.എസ്., കുഴൂർ ഭട്ടതിരി എംപി ഭട്ടത്തിരിപ്പാട് തുടങ്ങിയവർ ഈ മാറ്റത്തിന്റെ സ്വരങ്ങൾ ആയിരുന്നു.

പേരിനുപിന്നിൽ

  • നം അഥവാ വേദം പൂർത്തിയാക്കുന്നയാൾ (നം + പൂരയതി) എന്ന സംസ്കൃത പദസമാസത്തിൽ നിന്നാണ് നമ്പൂതിരി എന്ന വാക്കു രൂപാന്തരപ്പെട്ടതു് എന്നു് അനുമാനിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]
  • ‘നമ്പൂതിരി’ എന്ന പദത്തിനു പുതിയ വിശ്വാസം സ്വീകരിച്ച മാന്യന്മാർ എന്ന അർത്ഥവും ഉണ്ട് (നമ്പുക=വിശ്വസിക്കുക; [1] തിരി=ബഹുമാനസൂചകമായ ഒരു പ്രത്യയം) [2][3]

ചരിത്രം

ഇവരുടെ ഉല്പത്തിയെപറ്റി പല പക്ഷങ്ങൾ ഉണ്ട്. മയൂരവർമ്മൻ എന്ന കദംബരാജാവ് അഹിഛത്രത്തിൽ(യു. പി. യിലെ പഞ്ചാലം)നിന്നു കൊണ്ടുവന്ന് പഴയ കുണ്ടലപ്രദേശത്തു താമസിപ്പിച്ച ബ്രാഹ്മണരുടെയും മയൂരവർമ്മൻ രണ്ടാമൻ (മുകുന്ദകദംബൻ) ഷിമോഗ ജില്ലയിലെ തലഗുണ്ടയിൽ താമസിപ്പിച്ച ബ്രാഹ്മണഗോത്രങ്ങളുടെയും പിന്മുറക്കാരാവാം വയനാടു വഴിയോ കടൽത്തീരം വഴിയോ ഇവിടെയെത്തിയത് എന്ന് വിശ്വസിക്കുന്നു [4] കർണ്ണാടക തീരം വഴി കേരളത്തിൽ കടന്നുകൂടിയവരാണ് നമ്പൂതിരിമാർ. അവർ ആദ്യമായി കടന്നുകൂടിയ ഇടം കോലത്തിരി അധീനത്തിലിരുന്ന ചിറയ്ക്കൽ ആണ് എന്ന് മിക്കവാറും എല്ലാ ചരിത്രകാരന്മാരും വിശ്വസിക്കുന്നു. [5] ആദ്യത്തെ നമ്പൂതിരി പ്രവാസ പ്രദേശം ചിറയ്ക്കലെ ചെല്ലൂരാണ്. എന്നാൽ പിന്നീടുള്ള കാലങ്ങളിൽ ഇവർ തെക്കോട്ട് അധിനിവേശിക്കുകയും ഉത്തരമലബാറിൽ ഇവരുടെ സാന്നിധ്യം നാമമാത്രമായിത്തീരുകയും ചെയ്തു. ഉത്തര മലബാറിൽ സമ്പന്നമായ നമ്പൂതിരി ക്ഷേത്രങ്ങൾ ഒന്നും തന്നെയില്ല എന്ന് ലോഗൻ തന്റെ മലബാർ മാനുവലിൽ പറഞ്ഞിരിക്കുന്നു(1881).[6] കേരളത്തിലെ ബ്രാഹ്മണന്മാരുടേതുപോലുള്ള ആചാരരീതിയുള്ള മറ്റു ബ്രാഹ്മണർ ലോകത്തെവിടെയും ഇല്ല. അതുകൊണ്ട് ഈ ആചാരവ്യത്യാസം ഇവിടത്തെ അധിനിവേശത്തിനുശേഷം വരുത്തിയ മാറ്റങ്ങൾ ആണെന്നും ഇതരബ്രാഹമണവിഭാഗങ്ങളിൽ നിന്നെല്ലാം വ്യത്യസ്തരായ വൈദികപാരമ്പര്യമുള്ളവരാണ് എന്നു വരുത്തിത്തീർക്കാൻ ചെയ്ത അടവുകളാണ് എന്നും ചരിത്രകാരന്മാർ വിശ്വസിക്കുന്നു.

കേരളത്തിലെ നമ്പൂതിരിമാരുടെ ഉത്ഭവത്തെക്കുറിച്ച് സ്കന്ദപുരാണത്തിൽ പരാമർശിക്കുന്നത്, പരശുരാമന്റെ ക്ഷണം സ്വീകരിച്ച് മറ്റ് ദേശങ്ങളിലെ ബ്രാഹ്മണർ കേരളത്തിലേക്ക് കുടിയേറുവാൻ വിസമ്മതിച്ചതിനേത്തുടർന്ന് അദ്ദേഹം തത്പരരായ തദ്‌‌ദേശീയ മുക്കുവരെ ചൂണ്ട നൂലിൽ നിന്ന് പൂണൂൽ നിർമ്മിച്ച് ബ്രാഹ്മണരാക്കി അവരോധിച്ചു എന്നാണ്.[7]

നമ്പുതിരി ബ്രാഹ്മണർ എങ്ങനെയാണ് കേരളത്തിൽ സ്ഥിരതാമസമാക്കിയത് എന്നതിന് ധാരാളം സിദ്ധാന്തങ്ങളുണ്ട്, പൊതുവെ അംഗീകരിക്കപ്പെട്ട കാഴ്ചപ്പാട് അവർ ഉത്തരേന്ത്യയിൽ നിന്ന് തുളുനാട് അല്ലെങ്കിൽ കർണാടക വഴി മാറി.[8] വിവിധ ബ്രാഹ്മണ സമൂഹങ്ങൾ മനഃപാഠമാക്കിയ മഹാഭാരത തരങ്ങൾ നിലനിർത്തുന്നതിനെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു സിദ്ധാന്തം തമിഴ്‌നാട്ടിലേക്ക് ചൂണ്ടിക്കാണിക്കുന്നു, അവർ തെക്കൻ പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ തുറക്കലായ പാലക്കാട് ചുരം വഴി കേരളത്തിലേക്ക് കുടിയേറുകയും ഭാരതപ്പുഴയുടെ തീരത്ത് സ്ഥിരതാമസമാക്കുകയും ചെയ്തു.[9] ക്രി.വ. ഒന്ന് മുതൽ നാലാം നൂറ്റാണ്ട് വരെയുള്ള സംഘ കാലഘട്ടത്തിൽ കർണാടക-പടിഞ്ഞാറൻ തമിഴ്‌നാട് അതിർത്തിക്കടുത്തുള്ള കോയമ്പത്തൂരിന് ചുറ്റുമുള്ള പ്രദേശം ചേരന്മാർ ഭരിച്ചിരുന്നു. മലബാർ തീരത്തിനും തമിഴ്‌നാട്ടിനും ഇടയിലുള്ള പ്രധാന വ്യാപാര മാർഗമായ പാലക്കാട് വിടവിലേക്കുള്ള കിഴക്കൻ കവാടമാണിത്.[10] കേരളത്തിലെ എല്ലാ നമ്പുതിരി ബ്രാഹ്മണരുടെയും തലവനായ ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക്, ഇന്നത്തെ പാലക്കാട് താലൂക്കിന്റെ ചില ഭാഗങ്ങളിൽ ആയിരുന്നു യഥാർത്ഥത്തിൽ അവകാശമുണ്ടായിരുന്നത്.[8] പിന്നീട് ഭാരതപ്പുഴ നദിക്കരയിലൂടെ പടിഞ്ഞാറോട്ട് നീങ്ങി നദിക്ക് ചുറ്റും താമസമാക്കി. പിന്നീട് ആഴ്വാഞ്ചേരി തമ്പ്രാക്കൾ ഇന്നത്തെ തിരുർ താലൂക്കിൽ അതവനാട്-തിരുനാവായ പ്രദേശം വാങ്ങി പാലക്കാട് രാജാക്കന്മാർക്ക് (തരൂർ സ്വരൂപം) പകരമായി പാലക്കാട് നൽകി.[8] കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നമ്പൂതിരി വാസസ്ഥലങ്ങൾ പലതും ഭാരതപ്പുഴ നദിക്കരയിലാണ്.[8][11] ഭാരതപ്പുഴ നദിക്ക് ചുറ്റുമുള്ള താനൂർ സാമ്രാജ്യം, വള്ളുവനാട് രാജ്യം, പെരുമ്പടപ്പ് സ്വരൂപം, പാലക്കാട് രാജ്യം എന്നിവ ഒരു കാലത്ത് നമ്പുതിരികളുടെ ശക്തികേന്ദ്രങ്ങളായിരുന്നു.[8][11]പിൽക്കാലത്ത് മലയാള ലിപിയിലേക്ക് പരിണമിച്ച ഗ്രന്ഥ ലിപിയുടെ ആമുഖവും കരിന്തമിലിന്റെ സംസ്കൃതവൽക്കരണത്തിലൂടെ മലയാള ഭാഷയുടെ പരിണാമവും പാലക്കാട് വിടവിലൂടെ കുടിയേറിയ ബ്രാഹ്മണരുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.[12][8]

ആതവനാട് കേന്ദ്രമായ ആഴ്വാഞ്ചേരി തമ്പ്രാക്കളും സമീപസ്ഥമായ കൽപകഞ്ചേരി കേന്ദ്രമാക്കിയിരുന്ന കൽപകഞ്ചേരി തമ്പ്രാക്കളും കോഴിക്കോട് സാമൂതിരി രാജാവിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ സന്നിഹിതർ ആകാറുണ്ടായിരുന്നു. [11]പന്നിയൂർ കൂറിലെ നമ്പൂതിരിമാർക്ക് കൽപകഞ്ചേരി തമ്പ്രാക്കളോടായിരുന്നു താത്പര്യമെങ്കിൽ ചൊവ്വരക്കൂറിലുള്ളവർക്ക് അത് ആഴ്വാഞ്ചേരി തമ്പ്രാക്കളോടായിരുന്നു.[11] പന്നിയൂർ, ചൊവ്വര എന്നീ നമ്പൂതിരി ഗ്രാമങ്ങൾ തമ്മിലുള്ള പോര് മധ്യകാലകേരളത്തിന്റെ രാഷ്ട്രീയ ഗതി നിർണയിച്ചിരുന്നു. തിരുനാവായയിലെ മാമാങ്ക മഹോത്സവത്തിൽ ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് സ്ഥാനമുണ്ടായിരുന്നു.[11]

വേദജ്ഞാനം ഒഴികെ നമ്പൂതിരിമാർക്ക് ഇൻഡ്യയിലെ മറ്റ് ബ്രാഹ്മണരുമായി യാതൊരു സാമ്യവുമില്ല. ക്രി വ 8 ആം നൂറ്റാണ്ടിനു മുൻപ് എണ്ണത്തിൽ വളരെ കുറവായിരുന്ന നമ്പൂതിരിമാർ “ചേരികൾ” എന്ന് അറിയപ്പെട്ടിരുന്ന അപ്രധാന കോണുകളിലാണ് ജീവിച്ചിരുന്നത്. ക്രി.വ. ഒന്നിനും 8-ആം നൂറ്റാണ്ടിനുമിടയ്ക്ക് ഉത്ഭവിച്ചതെന്നു കരുതുന്ന സംഖ കൃതികളിലൊന്നും തന്നെ നമ്പൂതിരി എന്ന ജാതിയെപ്പറ്റി പരാമർശിച്ചിട്ടില്ല. ക്രി.വ. 8-ആം നൂറ്റാണ്ടിനും 15-ആം നൂറ്റാണ്ടിനുമിടയിലാണ് നമ്പൂതിരിമാരുടെ പുനരുജ്ജീവനം ഉണ്ടായത്. ഈ കാലത്ത് പണ്ഡിതരും ആരാധ്യരുമായിരുന്ന ബൌദ്ധരെ മാത്രം നമ്പൂതിരിമാരാക്കി പരിവർത്തനം ചെയ്തിരുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ “കേരളം” എന്ന തന്റെ കൃതിയിൽ (ഖണ്ഡിക 113, 114) ഇത് പ്രതിപാദിച്ചിട്ടുണ്ട്.

വേദങ്ങളിലും മാന്ത്രികകലകളിലും വിദഗ്ദരായ ഇവർ മലബാറിൽ കുടിയേറിപ്പാർത്ത മറ്റു വിഭാഗക്കാരേക്കാൾ ബുദ്ധിമാന്മാരും കഴിവുള്ളവരുമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. അവരുടെ ജീവിതരീതികളേയും അനുഷ്ഠാനങ്ങളെയും മറ്റും മറ്റു ജാതിക്കാർ അനുകരിക്കാൻ തുടങ്ങി. ഇവിടങ്ങളിൽ അന്നുണ്ടായിരുന്ന പല്ലവന്മാർ ആന്ധ്രക്കാരായിരുന്നതിനാൽ ബ്രാഹ്മണചര്യയുമായി ബന്ധമുള്ളവരായിരുന്നു. പാണ്ഡ്യരാകട്ടെ തമിഴകവുമായി താദാത്മ്യം പ്രാപിച്ച് ശൈവബ്രാഹ്മണരെ അംഗീകരിച്ചിരുന്നു. മലബാറിലെ നാട്ടുവാഴികളിൽ പലരും ചേര-ചോള-പാണ്ഡ്യ-പല്ലവ രീതികളുമായി ഇണങ്ങിയവരും ആയിരുന്നു. ചേര രാജാക്കന്മാരും ഇവരുടെ വരവിനെ സ്വാഗതം ചെയ്തു. എല്ലാവരും അവരവരുടെ ഇഷ്ടദേവതകളെ പ്രതിഷ്ഠിച്ചു പൂജിക്കുന്നതിനായും രോഗശാന്തിക്കും മറ്റും ഇവരുടെ സഹായം തേടുകയും ചെയ്തു.

ജീവിതരീതികൾ

സൂര്യോദയത്തിനു മുൻപ് ഉണരണം എന്നാൽ ഉദയത്തിന് മുൻപ് കുളിക്കുവാൻ പാടില്ല. സൂര്യന്റെ വെയിലിന് പ്രത്യേകിച്ച് ഉദയസൂര്യന്റെ കിരണങ്ങൾക്ക് പ്രത്യേക പ്രാധാന്യം കല്പിക്കുന്നുണ്ട്. മുങ്ങിക്കുളിക്കാൻ വടക്കുപടിഞ്ഞാറുകോണിൽ ഒരു കുളമുണ്ടായിരിക്കും. കുളത്തിൽമുങ്ങി പിന്നെ ഗായത്രീമന്ത്രമടക്കമുള്ള മന്ത്രോച്ചാരാണങ്ങൾക്കു ശേഷം ശരീരത്തിലേയ്ക്ക് ആചമിച്ച് മുങ്ങണമെന്നാണ്‌ നിബന്ധന. കുളിച്ചുകയറി തുവർത്തിയതിനു ശേഷം വസ്ത്രം മാറ്റി വീണ്ടും മന്ത്രം (അർദ്ധപുണ്യാഹം) ചൊല്ലി തളിക്കണം. ഗായത്രി ചൊല്ലി സൂര്യനെ ആരാധിച്ച് ദേവന്മാർക്കും ഋഷികൾക്കും പിതൃക്കൾക്കും തർപ്പിക്കണം. ഈ ചടങ്ങുകൾക്കെല്ലാം കൂടി സന്ധ്യാവന്ദനം എന്നു പറയുന്നു.ഇങ്ങനെ മൂന്നു നേരവും സന്ധ്യാവന്ദനം നിർബന്ധമാണ്‌. മദ്ധ്യാഹ്നത്തിലേത് രാവിലത്തെ തേവാരങ്ങൾ കഴിഞ്ഞാൽ ശുദ്ധം മാറാതെ ചെയ്യുകയാണേങ്കിൽ വീണ്ടും കുളി ഒഴിവാക്കാം.

പുരുഷന്മാർ

വളരെലളിതമായി വസ്ത്രധാരണം ചെയ്തിരുന്നവരായിന്നു നമ്പൂതിരിമാർ. എത്ര സമ്പത്തുള്ള ഇല്ലത്തും ഒരു മുട്ടുമറയാത്ത പരുക്കൻ തോർത്തും, കൌപീനവുംമാത്രമേ പുരുഷന്മാർ സാധാരണയായി ധരിച്ചിരുന്നുള്ളൂ. ചില സമയങ്ങളിൽ പുറത്തു പോകുമ്പോൾ ഇറക്കമുള്ള മുണ്ടും തോളത്തു മാറാപ്പും നമ്പൂതിരിമാരിൽ ചിലർ ധരിച്ചിരുന്നു. പൂജാധികർമ്മങ്ങൾ ചെയ്യുമ്പോൾ തറ്റുടുക്കുകയും ചെയ്യും. ഉപനയനത്തിനു ശേഷം മറ്റു ബ്രാഹ്മണരെപ്പോലെ പൂണൂൽ ധരിച്ചിരുന്നു. മറ്റ് ദേശങ്ങളിലെ ബ്രാഹ്മണരിൽ നിന്നും വെത്യസ്തമായി മുൻ കുടുമയായിരുന്നു നമ്പൂതിരിമാർക്കുണ്ടായിരുന്നത്. ഇത് ഒരു പ്രത്യേകത ആണ്. .

കുടുംബത്തിലെ മൂത്ത പുരുഷന്മാർ മാത്രമേ സ്വജാതിവിവാഹം ചെയ്തിരുന്നുള്ളൂ. മറ്റുള്ളവരെല്ലാം [നായർ,അമ്പലവാസി ,രാജകുടംബങ്ങൾ, പ്രഭുകുടുംബങ്ങൾ തുടങ്ങിയ സവർണ്ണവിഭാഗങ്ങളിൽ നിന്ന് സംബന്ധം, കൂട്ടിരുപ്പ് എന്നുള്ള വിവാഹ സമ്പ്രദായത്തിലേർപ്പെടുകയായിരുന്നു പതിവ്. മൂത്ത ആളുടെ വിവാഹം കഴിഞ്ഞാൽ അടുത്ത ആൾക്ക് അവസരം ഉണ്ടെങ്കിലും അയാൾ നിരസിച്ചാൽ അടുത്ത ആൾക്ക് അവസരം നഷ്ടമാകുന്നു. ജ്യേഷ്ഠൻ സ്വജാതി വിവാഹം കഴിക്കാതെ അനുജന് സ്വജാതി വിവാഹം പാടില്ല എന്നാണ് അതിനു പ്രമാണമായി പറഞ്ഞിരുന്നത്. അധിവേദനം എന്ന പേരിൽ ഇത്തരം വിവാഹങ്ങൾ നിയമവിരുദ്ധമായി കണക്കാക്കിയിരുന്നു.

സ്ത്രീകൾ

കേരളത്തിലെ ജാതികളിൽ സ്ത്രീകളുടെമേൽ ഏറ്റവും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സമുദായമായിരുന്നു നമ്പൂതിരി.കെട്ടിപ്പുലർച്ച എന്ന/[ജീവന്റെയും സ്വത്തിന്റെയും അവകാശിയായി സ്ത്രീയെ സർവ്വസ്വദാനം വാങ്ങി വിവാഹം കഴിക്കുക] എന്ന വിവാഹരീതി ആയിരുന്നു സ്വജാതിയിൽ നിന്നുള്ള വേളിയുടെ ക്രമം,അതനുസരിച്ച് വേളികഴിഞ്ഞ സ്ത്രീ്ക്ക് ജീവനും സ്വത്തിനും അവകാശം ദാനം ഏറ്റ കുടുംബത്തിലാണ്[13]

വിവാഹിതരായ നമ്പൂതിരി സ്ത്രീകൾ അന്തർജ്ജനം എന്നോ ആത്തോൽ എന്നോ വിളിക്കപ്പെട്ടു.[4]പ്രായപൂർത്തിയായിക്കഴിഞ്ഞാൽ പെൺകുട്ടി അന്യപുരുഷന്മാരുമായി സംസാരിച്ചുകൂടാ; എട്ടു വയസ്സുകഴിഞ്ഞാൽ അവൾ വീട്ടുജോലി ചെയ്തുതുടങ്ങണം; കന്യകമാർ നല്ല ഭർത്താവിനെ ലഭിക്കാൻ കഠിനമായ വ്രതങ്ങൾ നോക്കണം - ഇങ്ങനെയൊക്കെയായിരുന്നു മുൻകാലത്തെ നമ്പൂതിരിസ്ത്രീകൾക്കുള്ള ജാതിനിയമങ്ങൾ. സാധാരണ ഇരട്ടമുണ്ടുടുത്ത് മാറുമറയ്ക്കാനായി നേര്യതുമായിരുന്നു വസ്ത്രധാരണരീതി.ഇല്ലത്തിനുള്ളിൽ മാറുമറക്കണമെന്ന് നിർബന്ധവുമില്ലായിരുന്നു.ഇല്ലവളപ്പ് വിട്ട് പുറത്തുപോകുമ്പോൾ പനയോലയിൽ തീർത്ത വട്ടക്കുടയും (മറക്കുട)യും മൂടിവസ്ത്രവും വേണമായിരുന്നു. വൃഷളികളൂടെ (വാല്യക്കാരികളുടെ) അകമ്പടിയോടെമാത്രമേ നമ്പൂതിരിസ്ത്രീകൾക്ക് ഇല്ലംവിട്ട് സഞ്ചരിക്കാനും അനുവാദമുണ്ടായിരുന്നുള്ളൂ.അകത്ത്ചാർന്നവർ എന്ന നായർ ഉപജാതിയാണ് അധികവും ബ്രാഹ്മണഗൃഹങ്ങളിലെ വാല്യവൃത്തി ചെയ്തിരുന്നത്.[13]

കുളികഴിഞ്ഞാൽ മുടിയുടെ തുമ്പു മാത്രം കെട്ടിയിരിക്കും.വെള്ളം തോർന്നാൽ സാധാരണ സവർണ്ണസ്ത്രീകളെപോലെ തിരുകി വശത്ത് കെട്ടിവെക്കും.നെറ്റിയിൽ കൊണ്ട് മൂന്നു വരക്കുറിയും ചാർത്തുകയും ചില സന്ദർഭങ്ങളിൽ മുക്കുറ്റിചാന്ദ് തൊടുകയും ചെയ്യും. ആഢ്യരായ അന്തർജനങ്ങൾ ഉക്കും കുളത്തും എന്ന വസ്ത്ര രീതിയും സ്വീകരിച്ചിരുന്നു. എന്നാൽ ഇല്ലത്തിനകത്ത് നായർ സ്ത്രീകളുടേതുപോലുള്ള വസ്ത്രധാരണരീതിയായിരുന്നു. ഉത്തരേന്ത്യൻ ബ്രാഹ്മണ സ്ത്രീകളെപ്പോലെ വിധവയായാൽ തല മുണ്ഡനം ചെയ്തിരുന്നില്ല.കേരളത്തിലെയും ഉത്തരേന്ത്യ സംസ്കാരം വിഭിന്നമായിട്ടാണ് ഇവിടുത്തെ നമ്പൂതിരി ആചാരങ്ങൾ ഉണ്ടായിരുന്നത്. സ്വന്തം ഭർത്താവിനു മാത്രമേ ഊണുവിളമ്പി കൊടുത്തിരുന്നുള്ളൂ. എന്നാൽ ഇത് അതിഥികൾ ഉള്ളപ്പോൾ ചെയ്യുകയുമില്ല.

ആർത്തവകാലത്ത് നമ്പൂതിരിസ്ത്രീകൾ ഇരുണ്ടമുറിയിൽ മൂന്നുദിവസത്തേക്ക് കഴിച്ചുകൂട്ടണമായിരുന്നു. ഭക്ഷണം വേലക്കാർ കൊണ്ടുകൊടുക്കണമായിരുന്നു. ഇവരെ തൊടുകയോ കൂട്ടിത്തൊടുകയോചെയ്താൽ മുട്ടിലിഴയുന്ന പ്രായത്തിനു മുകളിലുള്ളവർ കുളിക്കണം.ഈ അശുദ്ധം തീണ്ടാരി എന്നടിയപ്പെടുന്നു. ഈ സമയത്തിവർക്ക് ലൈംഗികജീവിതം നിഷിദ്ധമാണ്‌

ദായക്രമം

നമ്പൂതിരിമാർ കുടുംബദായക്രമക്കാരായിരുന്നു [മക്കത്തായത്തിന്റെ ഒരു ക്രമഭേദം]. കുടുംബത്തിലെ മൂത്തപുത്രനുമാത്രമേ സ്വജാതിയിൽ നിന്നും വേളി കഴിക്കാൻ പാടുള്ളായിരുന്നു. സ്വത്തുക്കൾ പകർന്നു ശക്തിക്ഷയം ഉണ്ടാവാതിരിക്കാനുള്ള പ്രതിവിധിയായാണ് ഇതിനെ കാണുന്നത്. മറ്റുള്ളവർ നായൻമാരെപോലെ നിശ്ചയിക്കപ്പെട്ട സവർണ്ണ ഗ്രഹങ്ങളിൽ സംബന്ധം പുലർത്തിപോന്നു. ഏകപത്നീവ്രതം വളരെ ചുരുക്കമേ ഉണ്ടായിരുന്നുള്ളു. നമ്പൂതിരി സ്ത്രീക്ക് അന്യജാതി വിവാഹം വിധിച്ചിട്ടില്ലാത്തതിനാൽ ബഹുഭാര്യാത്വം സമൂഹത്തിന്റെ ഒരാവശ്യമായിരുന്നു. തങ്ങളെ സേവിക്കാൻ കേരളത്തിൽ കുടിയേറിയവരാണ് ത്രൈവർണ്ണികരായ നായൻമാർ എന്നാണ് അവർ പറഞ്ഞു വിശ്വസിപ്പിച്ചു വന്നത്. ബ്രാഹ്മണരല്ലാത്ത സവർണ്ണ വിഭാഗങ്ങൾ മരുമക്കത്തായികളിയിരുന്നത് സംബന്ധ വിവാഹ സമ്പ്രദായത്തിന് വളമായി. അക്കാലത്ത് മക്കത്തായമായാലും മരുമക്കത്തായമായാലും കുടുംബദായക്രമം ആണ് നിലവിലിരുന്നത്. അതായത് വ്യക്തിക്ക് സ്വത്ത് ഇല്ല. സ്വത്ത് കുടുംബത്തിന്റേത് ആണ്. വ്യക്തിക്ക് ജനിച്ചാൽ മരിക്കും വരെ ആ കുടുംബത്തിലെ സ്വത്ത് ജീവിക്കാൻ ഉപകാരപ്പെടും. കുടുംബ കാരണവർ/ അയാൾ ഏൽപ്പിക്കുന്ന വ്യക്തി കുടുംബഭരണം കൈയ്യാളൂം.

സ്മാർത്തം

സ്വഭാവദൂഷ്യം സമൂഹം വളരെ ഗൗരവമായി കണക്കാക്കിയിരുന്നു. ആചാരപരമായോ തെറ്റുകൾ ചെയ്യുന്ന, സാമൂഹികമായൊ നിന്ദ്യമായ കർമ്മം ചെയ്യുന്ന ആരെയും ശിക്ഷിക്കുന്നതിന്ന് നമ്പൂതിരി സമൂഹത്തിനകത്ത് തന്നെ ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. വളരെ നിന്ദ്യമായ കർമ്മം ചെയ്യുന്നവരെ സമൂഹത്തിനു പുറത്താക്കുക പോലും ചെയ്തിരുന്നു. ഈ നിയമവ്യവസ്ഥക്ക് സ്മാർത്തം എന്നു പറയുന്നു. സ്വഭാവദൂഷ്യത്തെ പ്പറ്റി വിവരം ലഭിച്ചാൽ പരിശോധിച്ച തീർപ്പുകൽപ്പിക്കുന്നതിനായി 4 കുടുംബങ്ങളെ (സ്മാർത്തന്മാർ) നിയോഗിച്ചിരുന്നു. ഇപ്പോൾ

  1. വെള്ളക്കാട്ട് ഭട്ടതിരി (വണ്ടൂർ മലപ്പുറം ജില്ല)
  2. പട്ടശ്ശോമാരത്ത് മന (പെരുമ്പിളീശ്ശേരി, തൃശ്ശൂർ)
  3. മൂത്തമന ഭട്ടതിരി
  4. കാവനാട്ട് ഭട്ടതിരി

എന്നിവർ ഈ സ്ഥാനം വഹിക്കുന്നു.

സ്മാർത്തവിചാരം

സമൂഹത്തിനു നിരക്കാത്ത പ്രവൃത്തികൾ മുഴുവൻ സ്മാർത്തവിചാരത്തിൽ പെടുമെങ്കിലും അന്യപുരുഷബന്ധം സംശയിക്കുന്ന സ്ത്രീകളെ വിചാരണ ചെയ്യുന്ന പേരിൽ ആണ് സ്മാർത്തവിചാരം എന്ന വാക്ക് പ്രസിദ്ധമായത്. കുറ്റം തെളിഞ്ഞാൽ അവരെ പടിയടച്ച് പിണ്ഡം വച്ച് ഇല്ലത്തിനു പുറം തള്ളിയിരുന്നു.

മറ്റു ബ്രാഹ്മണന്മാരുമായുള്ള ആചാര സാമ്യ-വ്യത്യാസങ്ങൾ

ബ്രാഹ്മണജനതകൾക്കൊക്കെ ബാധകമായ, ധർമ്മശാസ്ത്രങ്ങളും നമ്പൂതിരിമാർക്ക് പ്രത്യേക ധർമ്മങ്ങൾ നിർദ്ദേശിക്കുന്ന ശങ്കരസ്മൃതിയും എഴുതിയ ശ്രീ ശങ്കരാചാര്യർ ആണ് നമ്പൂതിരിമാർക്കുണ്ടായിരുന്ന പഴയ ആചാരങ്ങളും ക്രോഡീകരിച്ചത് എന്നാണ് അവർ പറഞ്ഞുവരുന്നത്. മറ്റ് ബ്രാഹ്മണരിൽ നിന്നും നമ്പൂതിരിമാർക്കുള്ള ആചാരവ്യത്യാസങ്ങൾ 64 അനാചാരങ്ങൾ എന്ന പേരിൽ പ്രസിദ്ധമായിരിക്കുന്നു[14]. ഇത് ഖണ്ഡിക്കുന്നവരും ഉണ്ട്. അവരുടെ അഭിപ്രായപ്രകാരം ശങ്കരാചാര്യരുടെ മാതാവിന്റെ പിണ്ഡകർമ്മം പോലും ചെയ്യാൻ തയ്യാറാവാതിരുന്നവരാണ് നമ്പൂതിരിമാർ എന്നും ശങ്കരാചാര്യർ ഇത്രയും വിചിത്രമായ ആചാരക്രമങ്ങൾ നിശ്ചയിക്കാനും മാത്രം അദ്ദേഹം കേരളത്തിൽ ജീവിതം ചിലവഴിച്ചിട്ടില്ല എന്നുമാണ്. ഭൂമിയിലത്രയും സ്വയംഭൂവായ തങ്ങളുടെ ജന്മിത്ത അവകാശം സം‍രക്ഷിക്കാനും പവിത്രത നൽകാനും പരശുരാമനെ വരെ വരുത്തി കേരളം സൃഷ്ടിച്ച അവർ അതേ വർഗ്ഗസ്വാർത്ഥപ്രേരണയാൽ ശാങ്കരസ്മൃതിയും മറ്റും അവലംബിച്ചിരിക്കാമെന്നാണ് പി കെ ബാലകൃഷ്ണൻ തന്റെ വിമർശനാത്മകമായ പുസ്തകത്തിൽ സൂചിപ്പിക്കുന്നത്. [15] ബ്രാഹ്മണർക്കെല്ലാം ബാധകമായ ധർമ്മശാസ്ത്രവിധികളിൽ നിന്നു വ്യത്യസ്തമായും, പലപ്പോഴും അതിനുകടകവിരുദ്ധമായും വിശേഷമായ ആചാരക്രമങ്ങളും അനുഷ്ഠാനങ്ങളും അവർ സ്വീകരിച്ചു. 64 വിശേഷാചാരങ്ങളെ ചരിത്രകാരന്മാർ അനാചാരങ്ങൾ എന്നു വിളിക്കുന്നത് മറ്റുള്ള ബ്രാഹ്മണർക്കിടയിൽ നിലവിലില്ലാത്തതിനാലാണ്.അലക്കുകാർ അലക്കിയ വസ്ത്രം ധരിക്കേണ്ടി വന്നാൽ അത് വെള്ളത്തിൽ മുക്കിയശേഷമേ ധരിക്കാവൂ എന്നാണ് ബ്രാഹ്മണർക്ക്, എന്നാൽ വെളുത്തേടൻ വൃത്തിയാക്കിയ വസ്ത്രമോ ഈറൻ വസ്ത്രമോ മാത്രമേ നമ്പൂതിരിമാർ ചില ചടങ്ങുകൾക്ക് ധരിക്കാറുള്ളൂ.

നമ്പൂതിരി ജാതിമേൽക്കോയ്മ

കേരളത്തിലെ ബ്രാഹ്മണരായ നമ്പൂതിരിമാർ കേരളത്തിൽ വന്നതോടെയാണ് സാമൂഹിക ജീവിതത്തിൽ കാര്യമായ ജാതികളുടെ പ്രാധാന്യം കേരളത്തിൽ ഉണ്ടായത്. അതിന് മുൻപ് ഇവിടെ ഗോത്രീയ സംസ്കാരം മാത്രമാണ് നില നിന്നിരുന്നത്, എന്നാൽ തൊഴിലിനെ അടിസ്ഥാനത്തിൽ ബ്രാഹ്മണർ വിവിധ ജാതികളെ ഉണ്ടാക്കി. അവരുടെ ആഗമനത്തിന് മുൻപ് ഉണ്ടായിരുന്നു ദ്രാവിഡ സംസ്കാരം ആര്യധിനിവേശത്തിന് ശേഷവും ഇന്ന് കാണാവുന്നതാണ്.[16] [17]

ജോലിക്കധിഷ്ഠിതമായി പത്തു തരം തിരിവുണ്ട്. എന്നാലും ഒരോ ജോലിയും അതിന്റേതായ പവിത്രതയോടെ ഉള്ളതെന്നും അങ്ങോട്ടുമിങ്ങോട്ടും തമ്മിൽ സ്ഥാന തർക്കങ്ങൾക്കിടം വരരുതെന്നു നിഷ്കർഷയുണ്ട്.

  • ആടു - യാഗങ്ങളിലും യജ്ഞങ്ങളിലും വിദഗ്ദരായവർ.
  • ഏടു - ഇത് പുസ്തകത്തിലെ താളുകളെ പ്രതിനിധീകരിച്ച്, പഠിക്കാനും പഠിപ്പിക്കാനും യോഗ്യതയുള്ളവർ എന്നർത്ഥത്തിൽ സംസ്കൃതം, വേദം, ഭാഷ, ജ്യോതിശാസ്ത്രം ജ്യോതിഷം വാസ്തുശിലപകല എന്നിവ അഭ്യസിപ്പിച്ചിരുന്നവർ
  • ഭിക്ഷ - സന്യാസ വൃത്തിയിൽ ഏർപ്പെടേണ്ടവർ.
  • പിച്ച - (അലൌകികത പച്ചയായ പേര്) ഇവരാണ് നമ്പൂതിരിമാരെ കർമ്മങ്ങളിൽ സഹായിക്കുന്നത്.
  • ഓത്ത് - വേദം പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടവർ.
  • ശാന്തി - ക്ഷേത്രങ്ങളിൽ പൂജ അർപ്പിക്കാൻ നിയോഗിക്കപ്പെട്ടവർ.
  • ആടുക്കള - ദേഹണ്ണത്തിൽ വിദഗ്ദ്ധർ.
  • അരങ്ങു - യുദ്ധകാര്യങ്ങൾ ചെയ്തിരുന്നവർ. യോദ്ധാക്കളെ പരിശീലിപ്പിച്ചിരുന്നവർ. (വാൾനമ്പി,നമ്പ്യാതിരി ) (യാത്രക്കളിയിൽ പ്രഗദ്ഭരായ അരങ്ങ്/ വേദിയിൽ വിളങ്ങുന്ന ചാക്യാന്മാരെയും അരങ്ങായി കണക്കാക്കാറുണ്ട്)
  • പന്തി - തങ്ങൾ, ഗ്രാമണി , തുടങ്ങിയവർ. ഇവർക്ക് മറ്റുള്ളവരോടൊത്ത് ഒരു പന്തിയിൽ ഊണുകഴിക്കാം
  • കടവു - ചോര ഉപയോഗിച്ചുള്ള ആരാധനകൾ ചെയ്തിരുന്നവർ. മറ്റുള്ളവരെ കർമ്മങ്ങളിലും മറ്റും സഹായിക്കേണ്ടവർ. ഇവർക്ക് മറ്റുള്ളവരോടൊത്ത് ഒരു കടവിൽ കുളിക്കാം

വിഭാഗങ്ങൾ

സാമ്രാട്ട് അഥവാ തമ്പ്രാക്കൾ [ആഴ്വാഞ്ചേരി തമ്പ്രാക്കൾ,കല്പകഞ്ചേരി തമ്പ്രാക്കൾ എന്നിവർ], നമ്പൂതിരിപ്പാട്, നമ്പ്യാതിരി, നമ്പൂതിരി, ഭട്ടതിരി, ഭട്ടതിരിപ്പാട്, ഇളയത്, തങ്ങൾ, മൂസ്സത്, ഗ്രാമണി, പണ്ടാരത്തിൽ, എന്നിങ്ങനെ പോകുന്നു അവാന്തര വിഭാഗങ്ങളിലെ സ്ഥാനപദവികൾ. ഇവ ഓരോന്നും ആഭിജാത്യത്തിന്റെ അളവിൽ വിഭജിക്കപ്പെട്ടിരിക്കുന്നു.

ജാതിനിർണ്ണയം.[18]

16-ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ടത് എന്നു കരുതുന്ന “ജാതി നിർണ്ണയം” നമ്പൂതിരിമാരെ എട്ട് ഉപജാതികളായും, രണ്ട് ചെറുജാതികളായും, 12 ഉപ-ചെറുജാതികളായും തരം തിരിച്ചിരിക്കുന്നു.

  • സാമ്രാട്ട് (ആഴ്വാഞ്ചേരി തമ്പ്രാക്കൾ) - കേരളത്തിനു പുറത്ത് പരിവർത്തനം ചെയ്യപ്പെട്ടവർ. കൽപ്പഞ്ചേരി തമ്പ്രാക്കൾ എന്നൊരു ഉപ-ജാതി ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് സമരായിരുന്നു പക്ഷേ അവരുടെ തിരോധാനത്തെക്കുറിച്ച് വ്യക്തമായ തെളിവുകളില്ല.
  • അഷ്ടഗൃഹങ്ങളിലാഢ്യൻമാർ - വേദങ്ങളും വേദാന്തങ്ങളും പഠിച്ചവർ, നമ്പൂതിരിപ്പാട്.
  • വശിഷ്ഠർ - താപസവൃത്തിയിൽ ഏർപ്പെട്ടിരുന്നവർ, ചില യാഗങ്ങളിൽ പ്രത്യേകമായി പങ്കെടുക്കുന്നവർ.
  • മൂസ്സത് [ഊരിൽ പ്രധാനി] -
  ക്ഷേത്ര ഊരായ്മ, നടത്തിപ്പ്
  • സാമാന്യർ - ദേവാലയങ്ങളിലെ പൂജാരിമാർ, മന്ത്രവാദികൾ, ദുർമന്ത്രവാദികൾ.
  • ജാതിമാത്രർ - പരിവർത്തനം ചെയ്യപ്പെട്ട പ്രമുഖരായ ബൌദ്ധ ഭിഷഗ്വരർ, പ്രമുഖരായ പടയാളികൾ, വേദപഠനം ത്യജിച്ച് മറ്റ് വൃത്തികളിൽ ഏർപ്പെട്ടിരുന്നവർ.
  • സങ്കേതി - കേരളത്തിൽ കുടിയേറുകയും വ്യത്യസ്ത കാരണങ്ങളാൽ തിരികെ പോവുകയും ചെയ്തവർ.
  • എമ്പ്രാൻ - (ഹേ ബ്രഹ്മഃ എന്ന പദം ലോപിച്ചത്) സങ്കേതികൾ തിരിച്ച് വീണ്ടും കേരളത്തിലേക്കത്തിയവർ.
  • പാപഗ്രസ്തർ - ഉന്നത സ്ഥാനീയർക്കെതിരെ പ്രവർത്തിച്ചതിന് ശാപം കിട്ടിയവർ.
  • പാപിഷ്ടർ/പാപി - വൈദികസംസ്കാരം സ്വീകരിക്കാത്തവർക്കും ശൂദ്ര നായൻമാർക്കും വേണ്ടി വേദ പൗരോഹിത്യം നിർവഹിച്ചവർ, ഭൂതരായ പെരുമാളിന്റെ കൊലപാതകരും അതിനു കൂട്ടു നിന്നവരും.[ഇളയത്,മൂത്തത്/, നമ്പിടി,നമ്പ്യാതിരി]

പരിവർത്തനത്തിന്റെ കാറ്റ്

ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കേരളത്തിലാമാനം വീശിയടിച്ച നവോത്ഥാനത്തിന്റെ തരംഗങ്ങൾ മറ്റുസമുദായങ്ങളിലെ പോലെ നമ്പൂതിരി സമുദായത്തിലും മാറ്റങ്ങൾ വരുത്തി. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും യാഥാസ്ഥിതികചിന്തകൾക്കും എതിരായ സംഘടിതമായ പ്രവർത്തനങ്ങൾ നമ്പൂതിരി യുവാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാവാൻ തുടങ്ങി. വി.ടി. ഭട്ടതിരിപ്പാട്, കുറൂർ നമ്പൂതിരി തുടങ്ങിയവർ കേരളത്തിൽ നമ്പൂതിരി സമൂഹത്തിന്റെ പരിവർത്തനത്തിന് വഴി തെളിച്ചു.

യോഗക്ഷേമസഭയും നമ്പൂതിരി യുവജനസംഘവും

നമ്പൂതിരിസമുദായത്തിലെ ആദ്യകാല നവോത്ഥാനത്തിൽ കാര്യമായ പങ്കുവഹിച്ച രണ്ട് പ്രസ്ഥാനങ്ങളായിരുന്നു യോഗക്ഷേമസഭയും നമ്പൂതിരി യുവജനസംഘവും. യോഗക്ഷേമ സഭ 1908-ൽ സ്ഥാപിക്കപ്പെട്ടു. നമ്പൂതിരി യുവജനസംഘം 1928 ലാണ്‌ പ്രവർത്തനം തുടങ്ങിയത്. നമ്പൂതിരിമാരിൽ മത-ആചാര സാമൂഹ്യ സാമ്പത്തിക കാര്യങ്ങളിൽ യുക്തിയുക്തമായ പരിഷ്കാരം നടത്തുകയും അവരിൽ സദാചാരബോധവും സമുദായസ്നേഹവും ദേശാഭിമാനവും വർദ്ധിപ്പിക്കുകയായിരുന്നു സംഘസ്ഥാപനത്തിന്റെ ലക്ഷ്യം [19] ഇവയുടെ പ്രസിദ്ധീകരനങ്ങളായിരുന്നു യഥാക്രമം യോഗക്ഷേമവും ഉണ്ണിനമ്പൂതിരിയും.

നമ്പൂതിരി സാമൂഹിക പരിഷ്കരണാപ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ട ആശയങ്ങൾക്ക് ആക്കം വർദ്ധിച്ചുതുടങ്ങി. ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിക്കേണ്ടതിന്റെ ആവശ്യകത നമ്പൂതിരി യുവാക്കൾ തിരിച്ചറിയുകയും അതിനായി എടക്കുന്നിൽ നമ്പൂതിരിബാലന്മാർക്കായി വിദ്യാലയം ആരംഭിച്ചു. എന്നാൽ ബാലികമാരുടെ കാര്യത്തിൽ അഭിപ്രായസമന്വയം ഉണ്ടായില്ല. 1919-ൽ വിദ്യാലയം തൃശൂരിലേക്ക് മാറ്റി. ഇത് കുറൂർ നമ്പൂതിരിപ്പാടായിരുന്നു സ്ഥാപിച്ചത്.

ജ്യേഷ്ഠപുത്രന്മാർ മാത്രം സ്വജാതിയിൽ നിന്ന് വിവാഹം ചെയ്യുന്ന ആചാരം, കനിഷ്ഠന്മാരുടെ വിജാതീയ സംബന്ധം, ബഹുഭാര്യാത്വം, വൃദ്ധഭർത്താക്കന്മാരെ വരിക്കാൻ വിധിക്കപ്പെടുക, വിധവാവിവാഹ നിരോധം, ഋതുവായ ബാലികമാർക്കുള്ള വിദ്യാഭ്യാസ നിഷേധം, സ്ത്രീധനം, തുടങ്ങിയ അനാചാരങ്ങൾക്കെതിരായി അതിശക്തമായ പ്രതികരണങ്ങൾ ഉണ്ണിനമ്പൂതിരി യിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ആദ്യം മാസികയായിരുന്ന ഈ പ്രസിദ്ധീകരണം താമസിയാതെ വാരിക യാക്കപ്പെട്ടു. [20]ഇവക്കെല്ലാം പ്രതീക്ഷിച്ച തരത്തിലുള്ള പ്രതികരണങ്ങൾ തന്നെയായിരുന്നു കൂടുതലും സമുദായത്തിൽ നിന്ന് ലഭിച്ചത്. കുടുംബഭരണം, സ്വത്താവകാശം എന്നീ കാര്യങ്ങളിലും പുരോഗമനപരമായ സമീപനം ആവശ്യമാണെന്നു വന്നു. ചെറിയ വിഭാഗം നമ്പൂതിരിമാരിലെങ്കിലും ഇത്തരം ആശയങ്ങൾ അത്യാവശ്യമാണെന്ന് നിലപാട് വന്നു. ജാതിവ്യവസ്ഥ മൊത്തത്തിൽ മാറ്റേണ്ടതാണെന്ന് ചിലർ വാദിക്കാനും തുടങ്ങി. മറ്റുസമുദായത്തിൽ നിന്നും പ്രോത്സാഹനങ്ങൾ ഉണ്ടായി. യുവദീപം, നവലോകം, മിതവാദി, മഹാത്മ തുടങ്ങിയ അക്കാലത്തെ പല പ്രസിദ്ധീകരണങ്ങളും അവയെ അനുകൂലിച്ചു. ഉണ്ണിനമ്പൂതിരിയിൽ വന്ന പല ലേഖനങ്ങളും ബഹുഭൂരിപക്ഷ യാഥാസ്ഥിതിക വായനക്കാരിൽ പ്രതിഷേധമുയർത്തിയെങ്കിലും ശ്രദ്ധേയമായ പ്രതികരണങ്ങളും പല പ്രമുഖരിൽ നിന്നുമുണ്ടായി.

1903-ലും 1905-ലും 1918-ലും നടന്ന സ്മാർത്തവിചാരങ്ങൾ*[2] സമൂഹമനസ്സിൽ പതിഞ്ഞ സംഭവങ്ങളായിരുന്നു. [21]സ്മാർത്തവിചാരങ്ങൾക്കെതിരെ അവ നടന്ന കാലത്ത് വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. വിചാരണചെയ്യപ്പെട്ടവരെ ജാതിഭ്രഷ്ടാക്കുന്നത് കടുത്ത ശിക്ഷയായിരുന്നു എന്നായിരുന്നു മിക്കവരും അഭിപ്രായപ്പെട്ടത്. നിരപരാധികൾ ശിക്ഷിക്കപ്പെടാവുന്ന സാഹചര്യവും ഉണ്ടായിരുന്നത് എതിർപ്പിന്‌ ശക്തികൂട്ടി. ചാക്യാർ ജാതി ഉദ്ഭവിച്ചതു തന്നെ ഇത്തരം സമുദായഭ്രഷ്ടിൽനിന്നായിരുന്നു.

പരിവർത്തനം നടത്തിയ നാടകങ്ങൾ

പരിവർത്തനത്തിന്റെ കാറ്റുമായി നിരവധി നാടകങ്ങൾ അരങ്ങേറുകയുണ്ടായി .വി.ടി ഭട്ടതിരിപ്പാടിന്റെ 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം നമ്പൂതിരി യുവജന സംഘത്തിന്റെ 11 വാർഷികത്തോടനുബന്ധിച്ച് 1929-ൽ അരങ്ങേറി. നമ്പൂതിരിസ്ത്രീകൾ പലരും ഓലക്കുടക്കും മറ്റും പിറകിലിരുന്ന് ഈ നാടകം കാണുകയുണ്ടായി. ഇത് നമ്പൂതിരി സ്ത്രീകൾക്കിടയിൽ വലിയ മാറ്റത്തിനു നാന്ദികുറിക്കുന്ന സംഭവമായി. ബഹുഭാര്യാത്വം, വൃദ്ധവിവാഹം, ബാലികാവിവാഹം തുടങ്ങിയവക്കെതിരായും പ്രേമവിവാഹത്തിനനുകൂലമായും അവർ പ്രതികരിച്ചു തുടങ്ങി. നായന്മാർ നായർ ബില്ല് എന്ന നിയമത്തിലൂടെ സംബന്ധത്തിൽ നിന്ന് വിമോചനം നേടി, എന്നാൽ നമ്പൂതിരിബിൽ വീണ്ടും താമസിച്ചു. നിരവധി കോവിലകങ്ങളിൽ അനന്തരാവകാശികൾ ഉണ്ടാവണമെങ്കിൽ നമ്പൂതിരി ബന്ധം വേണമെന്നുണ്ടായിരുന്നതിനാലായിരുന്നു അത്. എം.ആർ.ബി എന്നറിയപ്പെട്ടിരുന്ന മുല്ലമംഗലത്തുമനക്കൽ എം.രാമൻ ഭട്ടതിരിപ്പാടിന്റെ മറക്കുടയ്ക്കുള്ളിലെ മഹാനരകം എന്ന നാടകം വൃദ്ധവിവാഹത്തിന്റെ പരിദേവനങ്ങൾ പുറം ലോകമറിയിച്ചു. പ്രേംജി എന്നറിയപ്പെടുന്ന എം.പി. ഭട്ടതിരിപ്പാടിന്റെ ഋതുമതി എന്ന നാടകം മറ്റൊരു ശ്രദ്ധേയമായ വിഷയം കൈകാര്യം ചെയ്തു.

മുത്തിരിങ്ങോട്ട് ഭവത്രാതൻ നമ്പൂതിരിപ്പാടെഴുതിയ അപ്‌ഫന്റെ മകൾ എന്ന നോവൽ സജാതീയ വിവാഹം ബഹുഭാര്യാത്വം എന്നീ വിഷയങ്ങൾ പ്രമേയമാക്കി അവതരിക്കപ്പെട്ടതാണ്‌.

നമ്പൂതിരിഫലിതങ്ങൾ

നമ്പൂതിരികളെ രസികരായ കഥാപാത്രങ്ങളായി വരുന്ന ധാരാളം ഫലിതങ്ങൾ വാമൊഴിയായും വരമൊഴിയായും കേരളത്തിൽ പ്രചരിച്ചിരുന്നു. അതിനെയാണ്‌ നമ്പൂതിരി ഫലിതങ്ങൾ എന്നു പറയുന്നത്. കുഞ്ഞുണ്ണി മാഷ് 'നമ്പൂതിരി ഫലിതങ്ങൾ' എന്ന പേരിൽ ഒരു പുസ്തകം രചിച്ചിട്ടുണ്ട്.നമ്പൂതിരിമാർ ഫലിതം പറയാനും തങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഫലിതം പോലും ആസ്വദിക്കാനും കേമന്മാരാണെന്നദ്ദേഹം ഈ പുസ്തകത്തിൽ പറയുന്നുണ്ട്

കുറിപ്പുകൾ

  • ^ " അവർ(നമ്പൂതിരിമാർ) മറ്റു രാജ്യങ്ങളിലല ബ്രാഹ്മണരുമായി ഒരുമിച്ചിരുന്ന് ഒരിക്കലും ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ഇല്ല. പദവിയിൽ തങ്ങളേക്കാൾ എത്രയോ താഴ്ന്നവരെന്ന് അവർ കരുതുന്ന ഈ ബ്രാഹ്മണരെ അവർ പട്ടർ എന്നാണ്‌ വിളിക്കുന്നത്. -ഫ്രാൻസിസ് ബുക്കാനൻ.
  • ^ ആദ്യത്തേത് കുന്നംകുളത്തിനടുത്തുള്ള ഒരു മനക്കലെ വിധവയായ അന്തർജ്ജനമായിരുന്നു. അവർ വിചാരണവേളയിൽ 15 പുരുഷന്മാരുടെ പേരുകൾ പറയുകയുണ്ടായി. രണ്ടാമത്തേതാണ്‌ ഏറേ പ്രസിദ്ധിയാർജ്ജിച്ചത്. കുറിയേടത്ത് താത്രി എന്ന അന്തർജ്ജനമായിരുന്നു വിചാരണ നേരിട്ടത്. 66 പുരുഷന്മാരുടെ പേരുവിവരങ്ങളാണ്‌ വിചാരണ നേരിട്ട അവർ പുറത്തുവിട്ടത്. വിചാരണയെ അസാമാന്യ നിശ്ചയദാർഢ്യത്തോടെയാണ്‌ അവർ നേരിട്ടത്. 1918-ലായിരുന്നു അവസാനത്തെ സ്മാർത്തവിചാരം. അതിലും താത്രി എന്ന അന്തർജ്ജനത്തെയാണ്‌ വിചാരണ ചെയ്തത്.

അവലംബം

ബാഹ്യ ലിങ്കുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=നമ്പൂതിരി&oldid=4077245" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്