ലൈംഗികപ്രത്യുൽപ്പാദനം

രണ്ടു ജീവികൾക്കിടയിൽ ജനിതകവസ്തുക്കളുടെ കൈമാറ്റം വഴി നടക്കുന്ന പ്രത്യുൽപ്പാദനമാണ് ലൈംഗികപ്രത്യുൽപ്പാദനം. ഇതിനുമുന്നോടിയായി മാതൃ-പിതൃജീവികളിൽ നിന്ന് ക്രോമസോം സംഖ്യ പകുതിയായി കുറയ്ക്കുന്ന ഊനഭംഗം എന്ന കോശവിഭജനം നടക്കുന്നു. പുതുതായി രൂപപ്പെടുന്ന മാതൃ- പിതൃ സ്വഭാവങ്ങളെ വഹിക്കുന്ന ആൺ-പെൺ ബീജങ്ങൾ ബീജസംയോഗം എന്ന പ്രക്രിയവഴി കൂടിച്ചേർന്ന് സിക്താണ്ഡം എന്ന ഒറ്റകോശമുണ്ടാകുന്നു. സിക്താണ്ഡം പടിപടിയായി ക്രമഭംഗം എന്ന കോശവിഭജനത്തിന് വിധേയമായി പൂർണ്ണവളർച്ചയെത്തിയ ജീവിയായി മാറുന്നു. രണ്ടുവ്യത്യസ്ത ലിംഗകോശങ്ങൾ ചേർന്നുരൂപപ്പെട്ടവയായതിനാൽ പുതുതായുണ്ടായ ജീവികൾ മാതൃ-പിതൃജീവികളിൽ നിന്ന് ജനിതകഘടനയിൽ തീർത്തും വ്യത്യസ്തരായിരിക്കും. ബഹുകോശജീവികളിൽ പ്രബലരായ മനുഷ്യരിൽ പുംബീജവും അണ്ഡവും തമ്മിൽ ആന്തരബീജസംയോഗത്തിലൂടെ യോജിച്ച് പുതിയ സന്താനങ്ങൾ രൂപപ്പെടുന്നു.

ലൈംഗികപ്രത്യുൽപ്പാദനത്തിന്റെ തുടക്കത്തിൽ ഊനഭംഗം വഴി ക്രോമസോം എണ്ണം പകുതിയായി പുംബീജങ്ങളും അണ്ഡങ്ങളും രൂപപ്പെടുന്നു. ബീജസങ്കലനം വഴി ഈ ലിംഗകോശങ്ങൾ കൂടിച്ചേർന്ന് ക്രോമസോം സംഖ്യ ഇരട്ടിയായ സിക്താണ്ഡങ്ങളുണ്ടാകുന്നു.

പ്രാധാന്യം

ഇത്തരം പ്രത്യുൽപ്പാദനത്തിന് മാതൃജീവിയും പിതൃ ജീവിയും ആവശ്യമാണ്. മാതൃ-പിതൃ ജീവികളിൽ നിന്ന് ജനിതകവ്യതിയാനങ്ങൾ ഉൾക്കൊള്ളുന്ന പുതിയ തലമുറയെ ഉത്പാദിപ്പിക്കുക വഴി മാറുന്ന പരിസ്ഥിതിയ്ക്കനുസരിച്ച് അനുകൂലനങ്ങൾ രൂപപ്പെടുന്നു. രണ്ടുവ്യത്യസ്തജീവികളുടെ ജീനുകളുടെ സങ്കരണം വഴി നിലനിൽക്കാൻ ഏറെ സാദ്ധ്യതകളുള്ള സന്താനങ്ങളുടെ ഉത്പാദനവും ഇത് സാദ്ധ്യമാക്കുന്നു. എന്നാൽ രണ്ടുജീവികളുടെ സംയോഗത്തിന് ആവശ്യമായ ഊർജ്ജനഷ്ടം, ഉൽപ്പരിവർത്തനങ്ങൾ രൂപപ്പെടാനുള്ള സാദ്ധ്യത, വളരെക്കുറച്ചുജീവജാലങ്ങൾ മാത്രം സൃഷ്ടിക്കപ്പെടാനുള്ള സാദ്ധ്യത ഇവയൊക്കെ ലൈംഗികപ്രത്യുൽപ്പാദനത്തിന്റെ പരിമിതിയാണ്.[1]

സസ്യങ്ങളിലെ ലൈംഗികപ്രത്യുൽപ്പാദനം

പുഷ്പിക്കുന്ന സസ്യങ്ങൾ, പന്നൽച്ചെടികൾ, ബ്രയോഫൈറ്റുകൾ എന്നിവയിൽ ലൈംഗികപ്രത്യുൽപ്പാദനം നടക്കുന്നു. സസ്യങ്ങളിൽ ഊനഭംഗത്തിലൂടെ രൂപ്പെടുന്ന രേണുക്കൾ പിന്നീട് ക്രമഭംഗത്തിലൂടെ വളർന്ന് ഗാമറ്റോഫൈറ്റ് ഘട്ടത്തിലെത്തുന്നു. സ്പോറോഫൈറ്റ് ഘട്ടത്തെത്തുടർന്ന് ഗാമറ്റോഫൈറ്റ് ഘട്ടം വരുന്ന തരത്തിൽ തലമുറകളുടെ ചാക്രികത സസ്യങ്ങളിൽ നിരീക്ഷിക്കാം.[2]മാതൃ-പിതൃജീവികളിൽനിന്ന് ഊനഭംഗം എന്ന കോശവിഭജനം വഴി ബീജങ്ങൾ ഉണ്ടാകുന്നു. രൂപപ്പെടുന്ന പുംബീജങ്ങളും സ്ത്രീബീജങ്ങളും[പ്രവർത്തിക്കാത്ത കണ്ണി] പരസ്പരം യോജിച്ച് അവയുടെ ക്രോമസോം ഘടകങ്ങൾ ഒന്നിപ്പിക്കുന്ന പ്രക്രിയയാണ് ബീജസംയോഗം. ബീജസംയോഗഫലമായി ഉണ്ടാകുന്ന ഒറ്റക്കോശമായ സിക്താണ്ഡം[പ്രവർത്തിക്കാത്ത കണ്ണി] ക്രമഭംഗത്തിലൂടെ വളർന്നുവിഭജിച്ച് പൂർണ്ണവർച്ചയുള്ള ജീവിയായി മാറുന്നു. ജന്തുക്കളിൽ ശരീരത്തിനകത്തുവച്ച് ബീജങ്ങൾ സംയോജിക്കുന്ന പ്രക്രിയ ആന്തരബീജസങ്കലനം എന്നും ശരീരത്തിനുപുറത്തുവച്ച് നടക്കുന്ന സംയോജനം ബാഹ്യബീജസങ്കലനം എന്നും അറിയപ്പെടുന്നു.

പരാഗണം

സസ്യങ്ങളിൽ പുംബീജമായ പൂമ്പൊടി അതേ പൂവിന്റേയോ അതേ സസ്യത്തിലെ മറ്റൊരു പൂവിന്റേയോ പരാഗണസ്ഥലത്തുപതിക്കുന്ന പ്രക്രിയയാണ് സ്വപരാഗണം. ഒരു പൂവിലെ പൂമ്പൊടി അതേ വർഗ്ഗത്തിൽപ്പെട്ട മറ്റൊരു പൂവിന്റെ പരാഗണസ്ഥലത്തുപതിക്കുന്നതാണ് പരപരാഗണം. പൂമ്പൊടി പരാഗണസ്ഥലത്തുപതിക്കുന്നതിന് അജീവീയമാധ്യമങ്ങളും ജീവീയമാധ്യമങ്ങളും സഹായിക്കുന്നു.

അജീവീയമാധ്യമങ്ങൾ

കാറ്റിന്റെ സഹായത്താൽ നടക്കുന്ന പരാഗണം അനിമോഫിലി എന്നറിയപ്പെടുന്നു. അപ്പൂപ്പൻതാടി മരം ഈ ഗണത്തിൽപ്പെടുന്നു. ജലത്തിന്റെ സഹായത്താൽ നടക്കുന്ന പരാഗണമാണ് ഹൈഡ്രോഫിലി. തെങ്ങ്, കുരുമുളക് ഇവ ഈ ഗണത്തിലുൾക്കൊള്ളുന്നു.

ജീവീയമാധ്യമങ്ങൾ

ഷഡ്പദങ്ങൾ വഴി നടക്കുന്ന എന്റമോഫിലി എന്ന പരാഗണം ചിത്രശലഭം, നിശാശലഭം, ഉറുമ്പുകൾ, വണ്ടുകൾ എന്നിവവഴി നടക്കുന്നു. സൂര്യകാന്തി, ഓർക്കിഡുകൾ, സെക്കാട് എന്നീ സസ്യങ്ങൾ എന്റമോഫിലിയെ ആശ്രയിക്കുന്നു. പക്ഷികളാൽ നടക്കുന്ന ഓർണിത്തോഫിലി എന്ന തരം പരാഗണം താരതമ്യേന ചുവപ്പുകൂടുതലുള്ള, ധാരാളം തേനടങ്ങിയ സസ്യങ്ങളിൽ നടക്കുന്നു.[3]വാവലുകളുടെ സഹായത്താൽ നടക്കുന്ന കൈറോപ്റ്റീറോഫിലി രാത്രിയിൽ പുഷ്പിക്കുന്ന സസ്യങ്ങളായ മ്യൂക്കുന, സോസേജ് മരം എന്നിവയ്ക്ക് അനുയോജ്യമാണ്.[4]

സപുഷ്പികളിലെ ലൈംഗികപ്രത്യുൽപ്പാദനം

സസ്യങ്ങളിൽ ഏറ്റവും പ്രബലരാണ് സപുഷ്പികൾ. പൂക്കളാണ് ഇവയുടെ പ്രത്യുൽപ്പാദന അവയവങ്ങൾ. പുഷ്പത്തിലെ പുരുഷലൈംഗികാവയവമാണ് കേസരപുടം. കേസരപുടത്തിൽ ധാരളം കേസരങ്ങളുണ്ടാകും. കേസരത്തിലെ നേർത്ത തണ്ട് പോലുള്ള ഭാഗം ആണ് തന്തുകം .വീർത്ത അഗ്രഭാഗത്തെ പരാഗി എന്നുവിളിക്കുന്നു. സ്ത്രീലൈംഗികാവയവമാണ് ജനിപുടം. പരാഗണസ്ഥലം, ജനിദണ്ഡ്, അണ്ഡാശയം എന്നിവയാണ് ജനിപുടത്തിലെ പ്രധാനഭാഗങ്ങൾ.കേസരവും ജനിയും ഒരേ പൂവിൽത്തന്നെയുണ്ടെങ്കിൽ അവ ദ്വിലിംഗപുഷ്പങ്ങളാണ്. നെല്ല്, വെണ്ട, മാവ്, കശുമാവ്, ചെമ്പരത്തി, പയർ, വഴുതന, ചുണ്ട എന്നിവ ഈ ഗണത്തിൽപ്പെടുന്നു. കേസരമോ ജനിയോ ഏതെങ്കിലും ഒന്നുമാത്രം വഹിക്കുന്നവയാണ് ഏകലിംഗപുഷ്പങ്ങൾ. കേസരം മാത്രമുള്ളവ ആൺപൂവായും ജനിമാത്രമുള്ളവ വെൺപൂവായും വിവക്ഷിക്കപ്പെടുന്നു. വെള്ളരി, ജാതി, കമുക്, പടവലം, തെങ്ങ്, മത്തൻ, പാവൽ എന്നിവ ഈ ഗണത്തിൽ ഉൾപ്പെടുന്നു. ആൺപൂക്കളോ പെൺപൂക്കളോ മാത്രമുള്ള ജാതി, പപ്പായ എന്നിവ ഏകലിംഗസസ്യങ്ങളാണ്. ആൺ-പെൺപൂക്കൾ ഒരേ സസ്യത്തിൽതന്നെയുണ്ടെങ്കിൽ അവയാണ് ദ്വിലിംഗസസ്യങ്ങൾ. മത്തൻ, പടവലം, പാവൽ, തെങ്ങ് ഇവ ദ്വിലിംഗസസ്യങ്ങളാണ്. കാറ്റ്, ജലം, ജന്തുക്കൾ എന്നിവയുടെ സഹായത്താൽ പരാഗണം നടക്കുമ്പോൾ പൂമ്പൊടി പരാഗണസ്ഥലത്ത് പതിക്കുന്നു. അവിടെ നിന്നും രൂപപ്പെടുന്ന ഒരു ചെറിയ നാളിയിലൂടെ (പോളൻ ട്യൂബ്) പൂമ്പൊടി അണ്ഡാശയത്തിലെത്തുന്നു. പൂമ്പൊടിയിലെ സെക്സ് സെൽ ന്യൂക്ലിയസ്സ് ഓവ്യൂളിലേയ്ക്ക് കടക്കുന്നു. അവിടെ എഗ് സെല്ലുമായും എൻഡോസ്പേം ന്യൂക്ലിയസ്സുമായും പൂമ്പൊടിയിലെ സെക്സ് സെൽ സംയോജിക്കുന്ന പ്രക്രിയയാണ് ഡബിൾ ഫെർട്ടിലൈസേഷൻ. പുതുതായി രൂപപ്പെടുന്ന സിക്താണ്ഡം ഭ്രൂണമായും തൈച്ചെടിയായും പരിണമിക്കുന്നു. അണ്ഡാശയം ഫലമായും അണ്ഡം വിത്തായും അണ്ഡാശയഭിത്തി ഫലകഞ്ചുകമായും ക്രമേണ മാറ്റപ്പെടുന്നു. അണ്ഡാശയഭിത്തി വിത്തിന്റെ പുറം ആവരണവുമായി യോജിച്ച് നെല്ലിലും ഗോതമ്പിലും തവിട് രൂപപ്പെടുന്നു.

പന്നൽച്ചെടികളിലെ ലൈംഗികപ്രത്യുൽപ്പാദനം

റൈസോം എന്ന ഭാഗവും വേരുകളും ഇലകളുമുള്ള സ്പോറോഫൈറ്റുകളാണ് പന്നൽച്ചെടികൾ(ഫേൺ).[5] ഇവയ്ക് പൂക്കളെ വിത്തുകളോ ഇല്ല. ഇരട്ട ക്രോമസോം എണ്ണം ഉൾക്കൊള്ളുന്ന സ്പോറോഫൈറ്റ് ഘട്ടത്തിൽ ഊനഭംഗം വഴി ക്രോമസോം എണ്ണം പകുതിയായ രേണുക്കളെ ഉത്പാദിപ്പിക്കുന്നു. ഈ രേണുക്കൾ ക്രമഭംഗത്തിന് വിധേയമായി പ്രകാശസംശ്ലേഷണ ശേഷിയുള്ള പ്രോതാലസ്സിനെ ഉൾക്കൊള്ളുന്ന ഗാമറ്റോഫൈറ്റ് ഘട്ടത്തിലെത്തുന്നു. ഗാമറ്റോഫൈറ്റ് ശരീരമായ താലസ്സിലെ ഗോളാകൃതിയിലുള്ള ആന്തരിഡിയയിൽ ചലനശേഷിയുള്ള പുംബീജങ്ങളും ഫ്ലാസ്കിന്റെ രൂപത്തിലുള്ള ആർക്കിഗോണിയയിൽ അണ്ഡങ്ങളും രൂപപ്പെടുന്നു. ഇവയുടെ ബീജസങ്കലനഫലമായി ഉണ്ടാകുന്ന സിക്താണ്ഡം ഡിപ്ലോയിഡ് സ്പോറോഫൈറ്റായി വളർച്ച തുടരുന്നു.

ബ്രയോഫൈറ്റകളിലെ ലൈംഗികപ്രത്യുൽപ്പാദനം

ശേവാലം (മോസ്),ലിവർവേർട്ട്, ഹോൺവേർട്ട് പോലെയുള്ള സസ്യങ്ങളെ ഉൾക്കൊള്ളുന്ന ബ്രയോഫൈറ്റകളിൽ ആന്തരിഡിയ, ആർക്കിഗോണിയ എന്നിവിടങ്ങളിൽ യഥാക്രമം പുംബീജങ്ങളും അണ്ഡങ്ങളും ക്രമഭംഗം വഴി രൂപപ്പെടുന്നു. ഇവ ചേർന്നുണ്ടാകുന്ന സിക്താണ്ഡം വളർന്ന് ഡിപ്ലോയിഡ് സ്പോറോഫൈറ്റ് ഉണ്ടാകുന്നു.

ഫംഗസ്സുകളിലെ ലൈംഗികപ്രത്യുൽപ്പാദനം

ഡ്യൂട്ടറോമൈസെറ്റിസ് എന്ന ഫംജൈ ഇംപെർഫെക്ടെയിലൊഴിച്ച് മിക്ക ഫംഗസ്സുകളിലും പ്ലാസ്മോഗാമി, കാരിയോഗാമി, ഊനഭംഗം എന്നിങ്ങനെ മൂന്നുഘട്ടങ്ങളിലൂടെ നടക്കുന്ന പ്രത്യുൽപ്പാദനം വഴി റെസ്റ്റിംഗ് സ്പോറുകളുണ്ടാകുന്നു.[6]

ജന്തുക്കളിലെ ലൈംഗികപ്രത്യുൽപ്പാദനം

സസ്യങ്ങളിലേതുപോലെ ജന്തുക്കളിലും പുംബീജങ്ങളും അണ്ഡങ്ങളും ചേർന്ന് സിക്താണ്ഡം രൂപപ്പെടുകയും അവ വളർന്ന് പൂർണ്ണവളർച്ചയെത്തിയ ജീവിയായി മാറുകയും ചെയ്യുന്നു. ജന്തുക്കൾ ഉത്പാദിപ്പിക്കുന്ന അണ്ഡങ്ങൾക്കും പുംബീജങ്ങൾക്കും എണ്ണത്തിൽ വ്യത്യാസമുണ്ടാകാം. ഒറ്റത്തവണ തവളകൾ 1500 ഉം അണലി 12 ഉം മനുഷ്യൻ ഒന്നുമാണ് അണ്ഡങ്ങളെ ഉത്പാദിപ്പിക്കുന്നത്. [7]ജന്തുക്കളിൽ ബീജസംയോഗം ബാഹ്യമോ ആന്തരികമോ ആകാം.മത്സ്യങ്ങളും ഉഭയജീവികളും ജലത്തിൽ ബീജങ്ങളെ നിക്ഷേപിക്കുകയും അവ ശരീരത്തിനുപുറത്ത് ജലം മാധ്യമമായി സ്വീകരിച്ച് ബാഹ്യബീജസംയോജനം നടത്തുന്നു. സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവയിൽ മാതൃശരീരത്തിനകത്തേയ്ക്ക് പൂംബീജങ്ങൾ പ്രവേശിപ്പിക്കപ്പെടുകയും ശരീരത്തിനകത്ത് അണ്ഡങ്ങളുമായി യോജിച്ച് സിക്താണ്ഡം രൂപപ്പെടുകയും ചെയ്യുന്നു. ആന്തരബീജസംയോഗം മിക്ക ഉയർന്നയിനം ജന്തുക്കളിലും കാണപ്പെടുന്നു. എക്കിഡ്ന, പ്ലാറ്റിപ്പസ് എന്നിവ ഒഴിച്ച് മിക്ക സസ്തനികളിലും സന്താനങ്ങൾ അവുയുടെ ഭ്രൂണവളർച്ച പൂർത്തിയാക്കുന്നത് മാതൃശരീരത്തിനകത്ത് ഗർഭാശയഭിത്തിക്കുള്ളിലാണ്.[8] ലൈംഗികപ്രത്യുൽപ്പാദനം നടത്തുന്ന ജന്തുക്കൾ ആൺ-പെൺ രൂപവ്യത്യാസം കാണിക്കുന്നതിനെ സെക്ഷ്വൽ ഡൈമോർഫിസം എന്നുവിവക്ഷിക്കപ്പെടുന്നു. സസ്തനികളിലും പക്ഷികളിലും ഉഭയജീവികളിലുംപുംബീജങ്ങൾ രൂപപ്പെടുത്തുന്നത് വൃഷണങ്ങളിലാണ് പ്രൈമോർഡിയൽ കോശങ്ങൾ തുടർച്ചയായി ഊനഭംഗത്തിലൂടെ വിഭജിക്കപ്പെട്ട് സ്പെർമാറ്റോജനസിസിന് വിധേയമാകുന്നു. പിന്നീട് സ്പെർമിയോജനസിസിലൂടെ സഞ്ചാഗയോഗ്യമായ ബീജങ്ങളുണ്ടാകുന്നു. അണ്ഡാശയങ്ങളിൽ അണ്ഡങ്ങൾ രൂപപ്പെടുന്നതും ഊനഭംഗം വഴിയാണ്. അണ്ഡങ്ങൾ ചാക്രികമായി ശരീരത്തിനുപുറത്തെത്തുന്നത് ചിലയിനം ജന്തുക്കളിൽ ഇസ്ട്രസ് ചക്രവും മനുഷ്യരിൽ ആർത്തവചക്രവും വഴിയാണ്.മണ്ണിരയിൽ പുംബീജങ്ങളും സ്ത്രീബീജങ്ങളും ഒരേ ജീവിയിൽത്തന്നെ കാണപ്പെടുന്നു. ഉഭയലിംഗജീവിയാണെങ്കിലും പ്രത്യുൽപാദനത്തിൽ രണ്ടുജീവികളും പങ്കെടുക്കേണ്ടതുണ്ട്.[9]. ഉഭയലിംഗജീവിയായ നാടവിരയിൽ അതേജന്തുവിന്റെ ലിംഗകോശങ്ങൾ പരസ്പരം യോജിച്ച് സിക്താണ്ഡങ്ങളുണ്ടാകുന്നു.

ലിംഗകോശങ്ങളുടെ ഘടന

ലൈംഗികപ്രത്യുൽപ്പാദനത്തിൽ പങ്കെടുക്കുന്ന ലിംഗകോശങ്ങൾക്ക് ആകൃതിയിലും ഘടനയിലും സാമ്യതയോ വ്യത്യാസമോ ഉണ്ടാകാം. മനുഷ്യരിൽ പുംബീജത്തിന് 0.05 മി.മീറ്ററേ വലിപ്പമുള്ളൂ. ഇവയ്ക്ക് സഞ്ചാരശേഷിയുണ്ട്. വാലുപയോഗിച്ച് ദ്രവമാധ്യമത്തിലൂടെ സഞ്ചരിക്കാനും കഴിയും. വ്യക്തമായ ഒരു തലഭാഗവും വാലും ചെറിയ കഴുത്തും ഇവയ്ക്കുണ്ട്. ഇവ പ്രായപൂർത്തിയാകുന്നതിനനുസരിച്ചാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. മനുഷ്യരിലെ ഏറ്റവും ചെറിയ കോശമാണിത്, അണ്ഡങ്ങൾക്ക് ഗോളാകൃതിയാണുള്ളത്. 0.14 മി.മീറ്ററാണ് ഇവയുടെ വലിപ്പം. സ്വയം ചലനശേഷിയില്ലാത്ത ഇവ പെൺകുട്ടി ജനിക്കുന്ന സമയത്തുതന്നെ പ്രാഥമികഅണ്ഡകോശങ്ങളായി രൂപപ്പെട്ടിരിക്കും.

ഷഡ്പദങ്ങളിലെ ലൈംഗികപ്രത്യുൽപ്പാദനം

ഷഡ്പദങ്ങളിൽ പുംബീജവും അണ്ഡവും ശരീരത്തിനകത്തായി സംയോജിപ്പിക്കപ്പട്ട് സിക്താണ്ഡങ്ങൾ രൂപപ്പെടുന്നു. ബീജസംയോജനത്തിനുമുമ്പ് ഇവയിൽ ബീജങ്ങൾ പതിപ്പിക്കുന്നതിന് മേറ്റിംഗ് ഡാൻസ് നടത്തുന്നു. തേനീച്ചകളിൽ ബീജസംയോഗം നടക്കാത്ത അണ്ഡങ്ങൾ വളർന്ന് ആൺതേമീച്ചകൾ ഉണ്ടാകുന്ന പ്രക്രിയയാണ് അനിഷേകജനനം.

സസ്തനികളിലെ ലൈംഗികപ്രത്യുൽപ്പാദനം

സസ്തനികളിൽ സ്ത്രീബീജങ്ങൾ രൂപപ്പെടുന്നത് അണ്ഡാശയങ്ങളിലാണ്[പ്രവർത്തിക്കാത്ത കണ്ണി]. മനുഷ്യരിൽ ഉദരാശയത്തിനകത്ത് ഇരുവശങ്ങളിലുമായി കാണപ്പെടുന്ന അണ്ഡാശയങ്ങളിൽ നിന്നും രൂപപ്പെടുന്ന അണ്ഡങ്ങൾ അണ്ഡവാഹിനിക്കുഴലുകൾ വഴി ഗർഭാശയത്തിലേയ്ക്ക് സീലിയ ചലനങ്ങളിലൂടെ നീങ്ങുന്നു. പുംബീജങ്ങൾ രൂപപ്പെടുന്നത് വൃഷണങ്ങളിലാണ്. രൂപപ്പെടുന്ന ബീജങ്ങൾ ബീജവാഹി വഴി ശുക്ലത്തിലൂടെ പുറത്തെത്തുന്നു. അണ്ഡവാഹിനിക്കുഴലുകളിൽ ചലിച്ചെത്തുന്ന പുംബീജങ്ങൾ ഇവയുമായി സംയോജിച്ചുണ്ടാകുന്ന സിക്താണ്ഡം ഗർഭാശയഭിത്തിക്കുള്ളിലെ എൻഡോമെട്രിയത്തിൽ പതിപ്പിക്കപ്പെടുന്നു. പ്ലാസന്റ എന്ന താൽക്കാലികസംവിധാനത്തിലൂടെ മാതാവിൽ നിന്നും ഓക്സിജനും പോഷകങ്ങളും സന്താനത്തിലെത്തുന്നു. മലിനവസ്തുക്കൾ കുഞ്ഞിൽ നിന്നും പുറത്തുകടക്കുന്നതും ഈ സംവിധാനത്തിലൂടെയാണ്. ഇങ്ങനെ ഓരോ സസ്തനിയും വളർച്ചപൂർത്തിയാക്കപ്പെടുന്ന കാലഘട്ടത്തെ ഗർഭധാരണകാലം അഥവാ ജെസ്റ്റേഷണൽ പീരിയഡ് എന്നുവിളിക്കുന്നു. ഓരോ ജീവിയിലും ഗർഭധാരണകാലം വ്യത്യസ്തപ്പെട്ടിരിക്കുന്നു. ആനകളിൽ 616 ദിവസവും നായ്ക്കളിൽ 61 ദിവസവും മനുഷ്യനിൽ 266 ദിവസവുമാണ് ഈ കാലയളവ്. [10] ഇക്കാലയളവോടെ വളർച്ച പൂർത്തിയാകുന്ന കുഞ്ഞുങ്ങൾ ശരീരത്തിനുവെളിയിലെത്തുന്നത് പ്രസവത്തിലൂടെയാണ്. പ്ലാസന്റ വേർപെട്ട് മറൂളയാകുന്നു. ഇക്കാരണത്താൽ പ്രസവസമയത്ത് രക്തസ്രാവമുണ്ടാകുന്നു. ജനിക്കുന്ന കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുന്ന സ്വഭാവമാണ് സസ്തനികൾക്കുള്ളത്.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്