സൂര്യഗ്രഹണം

അമാവാസി സമയത്ത് സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ ചന്ദ്രനാല്‍ മറയപ്പെടുന്ന പ്രതിഭാസം

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം'. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ചന്ദ്രൻ ക്രാന്തിവൃത്തത്തോട് ചേർന്നു നിൽക്കുന്ന ദിവസമായിരിക്കും ഇത്.[1] ഓരോ വർഷവും രണ്ടു മുതൽ അഞ്ചു വരെ സൂര്യഗ്രഹണങ്ങൾ ഭൂമിയിൽ നടക്കാറുണ്ട്. ഇവയിൽ പൂജ്യം മുതൽ രണ്ടു വരെ എണ്ണം പൂർണ്ണ സൂര്യഗ്രഹണങ്ങളായിരിക്കും. എങ്കിലും ചന്ദ്രന്റെ നിഴൽ അംബ്ര ഭൂമിയിലെ ചെറിയൊരു ഭാഗത്തുകൂടിയാണ് കടന്നുപോവുക എന്നതിനാൽ ഭൂമിയിലെ ഏതു പ്രദേശത്തും പൂർണ്ണ സുര്യഗ്രഹണം എന്നത് അപൂർവമായ ഒരു പ്രതിഭാസമാണ്. പൂർണ്ണസൂര്യഗ്രഹണത്തിൽ സൂര്യൻ മുഴുവനായും ചന്ദ്രന്റെ നിഴലിൽ മറഞ്ഞു പോകും. എന്നാൽ ഭാഗിക ഗ്രഹണത്തിലോ വലയഗ്രഹണത്തിലോ ഇങ്ങനെ സംഭവിക്കുന്നില്ല.

സൂര്യഗ്രഹണം

ചന്ദ്രൻ ഭൂമിയോട് കുറച്ചുകൂടി അടുത്തും ഭൂമിയുടെ പ്രദക്ഷിണപഥത്തിന്റെ അതേ തലത്തിലുമാണ് ഭൂമിയെ ചുറ്റുന്നത് എങ്കിൽ എല്ലാ അമാവാസികളിലും സൂര്യഗ്രഹണം സംഭവിക്കുമായിരുന്നു. എന്നാൽ ചന്ദ്രന്റെ പ്രദക്ഷിണപഥം ഭൂമിയുടെ പ്രദക്ഷിണപഥവുമായി 5 ഡിഗ്രി ചരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്. ഇതു മൂലം ചന്ദ്രന്റെ നിഴൽ എപ്പോഴും ഭൂമിയിൽ പതിക്കാതെ വരുന്നു. അതുകൊണ്ട് ചന്ദ്രൻ ക്രാന്തിവൃത്തത്തെ മുറിച്ചു കടക്കുന്ന അമാവാസി ദിനങ്ങളിൽ മാത്രമേ സൂര്യഗ്രഹണം സംഭവിക്കുകയുള്ളു. വിക്ഷേപവൃത്തവും (ചന്ദ്രന്റെ പ്രദക്ഷിണപഥം) ക്രാന്തിവൃത്തവും സന്ധിക്കുന്ന ബിന്ദുക്കളെ രാഹു എന്നും കേതു എന്നും വിളിക്കുന്നു. ഈ ബിന്ദുക്കളിൽ സൂര്യനും ചന്ദ്രനും ചേർന്നു വരുന്ന സന്ദർഭങ്ങളിൽ മാത്രമാണ് ഗ്രഹണം സംഭവിക്കുന്നത്. ഓരോ ചന്ദ്രമാസത്തിലും(27.212220 ദിവസങ്ങൾ) ചന്ദ്രൻ ക്രാന്തിവൃത്തത്തെ രണ്ടു പ്രാവശ്യം മുറിച്ചു കടക്കും. ഓരോ സൗരമാസത്തിൽ (29.530587981 ദിവസങ്ങൾ) ഒരു അമാവാസിയാണ് ഉണ്ടാവുക. രണ്ടു മുതൽ അഞ്ചു വരെ സൂര്യഗ്രഹണങ്ങളാണ് ഓരോ വർഷവും ഉണ്ടാവാൻ സാധ്യതയുള്ളത്. രണ്ടിൽ കൂടുതൽ പൂർണ്ണഗ്രഹണങ്ങൾ ഉണ്ടാവുകയുമില്ല.[2][3]

പൂർണ്ണസൂര്യഗ്രഹണം വളരെ അപൂർവ്വമായി മാത്രമേ സംഭവിക്കാറുള്ളു. ഇതിന് അമാവാസി ദിവസം ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ വന്നാൽ മാത്രം പോരാ. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രന്റെ മദ്ധ്യബിന്ദുവും സൂര്യന്റെ മദ്ധ്യബിന്ദുവും ഒരേ നേർരേഖയിൽ വരികയും ചന്ദ്രൻ ഉപഭൂവിലായിരിക്കുകയും വേണം. ഇതെല്ലാം കൂടെ ഒന്നിച്ചു ചേരുന്നത് വളരെ അപൂർവ്വമായതുകൊണ്ടാണ് പൂർണ്ണസൂര്യഗ്രഹണം അസാധാരാണമാവുന്നത്.

തരങ്ങൾ

പർണ്ണ സൂര്യഗ്രഹണത്തിന്റെ ജ്യാമിതീയ ചിത്രീകരണം
വിവിധതരം ഗ്രഹണങ്ങൾ സംഭവിക്കുന്നതിന്റെ ചിത്രീകരണം.

സൂര്യഗ്രഹണം പലതരത്തിലുണ്ട്.

പൂർണ്ണ സൂര്യഗ്രഹണം

ഭൂമിയും ചന്ദ്രനും തമ്മിലും, ചന്ദ്രനും സൂര്യനും തമ്മിലുമുള്ള ദൂരങ്ങൾ അനുനിമിഷം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതുമൂലം സൂര്യബിംബത്തിന്റെയും ചന്ദ്രബിംബത്തിന്റെയും ആപേക്ഷിക വലിപ്പവും അനുനിമിഷം വ്യത്യാസപ്പെടുന്നുണ്ട്. ഗ്രഹണസമയത്ത് ചിലപ്പോൾ, ഭൂമിയിലെ ചില ഭാഗങ്ങളിൽ നിന്നു നോക്കുമ്പോൾ, യാദൃച്ഛികമായ സാധ്യതമൂലം ചന്ദ്രൻ സൂര്യനെ പൂർണ്ണമായി മറച്ചതായി കാണപ്പെടും. ഇതിനെ പൂർണ്ണ സൂര്യഗ്രഹണം (Total solar eclipse) എന്നു വിളിക്കുന്നു.[4] സൂര്യന്റെയും ചന്ദ്രന്റെയും കേന്ദ്രത്തിൽ കൂടി കടന്നു പോകുന്ന രേഖ ഭൂമിയിൽ പതിയുന്ന ഇടങ്ങളിലും അതിനു ചുറ്റുമുള്ള കുറച്ചു പ്രദേശങ്ങളിലുമാണ് പൂർണ്ണസൂര്യഗ്രഹണം അനുഭവപ്പെടുക. ഈ ഇടങ്ങളെയാണ് പൂർണ്ണഗ്രഹണപാത എന്നു പറയുന്നത്.[5]

പൂർണ്ണഗ്രഹണസമയത്ത് മാത്രമേ സൂര്യന്റെ അന്തരീക്ഷമായ കൊറോണ കാണാൻ കഴിയാറുള്ളു. ചന്ദ്രബിംബം സൂര്യബിബത്തെെ പൂർണ്ണമായും മറക്കേണ്ട സ്ഥാനങ്ങളാണ് രാഹുവും കേതുവും. സൂര്യബിംബവും ചന്ദ്രബിംബവും പൂർണ്ണമായും രാഹുവിലോ കേതുവിലോ ഒരേ സമയം ഒന്നിനുമുകളിൽ ഒന്നായി എത്തിച്ചേരുമ്പോൾ പൂർണ്ണഗ്രഹണം സംഭവിക്കുന്നു.

ഭൂമിയിലെ ഏതെങ്കിലും ഒരു ബിന്ദുവിൽ സമ്പൂർണ്ണ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈർഘ്യം 7 മിനിറ്റ് 31 സെക്കന്റ് ആണ്.

ഭാഗിക സൂര്യഗ്രഹണം

ഭൂമിയിൽ നിന്ന് നോക്കുമ്പോൾ, രാഹു/കേതു ഭൂമിയുടേയും സൂര്യന്റേയും മധ്യത്തിൽ നിന്നും അല്പം മാറിയിരിക്കുമ്പോളാണ് ഗ്രഹണം സംഭവിക്കുന്നതെങ്കിൽ, ചന്ദ്രൻ സൂര്യനെ ഭാഗികമായി മാത്രം മറയ്ക്കുന്നു. അതായത് സൂര്യന്റെയും ചന്ദ്രന്റെയും മദ്ധ്യത്തിലൂടെ കടന്നു പോകുന്ന രേഖ ഭൂമിയിൽ സ്പർശിക്കാതെ പോകുന്നു എങ്കിൽ അങ്ങനെയുള്ള ഗ്രഹണം നടക്കുന്ന സമയത്ത് ഭൂമിയിൽ ഒരിടത്തും പൂർണ്ണ സൂര്യഗ്രഹണം കാണാൻ കഴിയില്ല. ഇതിനു ഭാഗിക സൂര്യഗ്രഹണം (Partial eclipse) എന്നു പറയുന്നു. പൂർണ്ണസൂര്യഗ്രഹണമോ വലയഗ്രഹണമോ നടക്കുന്ന സമയങ്ങളിൽ പൂർണ്ണ/വലയ ഗ്രഹണപാതയുടെ ഇരുവശങ്ങളിലുമായി കിടക്കുന്ന കുറെ ഭാഗങ്ങളിൽ ഭാഗിക സൂര്യഗ്രഹണമായിരിക്കും അനുഭവപ്പെടുക.

വലയ സൂര്യഗ്രഹണം

ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ നേർരേഖയിലെത്തിയാലും (സൂര്യബിംബവും ചന്ദ്രബിംബവും രാഹു/കേതുവും ഒരേ ബിന്ദുവിൽ കേന്ദ്രീകരിച്ചാലും) ദീർഘവൃത്താകൃതിയിലുള്ള ചന്ദ്രന്റെ ഭ്രമണപഥം മൂലം ചിലപ്പോൾ ചന്ദ്രനു സൂര്യനെ പൂർണ്ണമായി മറയ്ക്കാൻ കഴിഞ്ഞില്ല എന്നു വരും. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാൾ ചെറുതാകുമ്പോളാണ് ഇത് സംഭവിക്കുന്നത്. ഈ സമയത്ത് സൂര്യന്റെ ബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയമായി ചന്ദ്രനു വെളിയിൽ കാണപ്പെടും. ഇത്തരം സൂര്യഗ്രഹണങ്ങളെ വലയ സൂര്യഗ്രഹണം (Annular eclipse) എന്നു വിളിക്കുന്നു, ഇവയും സമ്പൂർണ്ണ സൂര്യഗ്രഹണങ്ങളാണ്.[6]

സങ്കര സൂര്യഗ്രഹണം

ഭൂമിയിലെ ചില സ്ഥലങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളിൽ വലയ സുര്യഗ്രഹണമായും അനുഭവപ്പെടുന്ന സൂര്യഗ്രഹണങ്ങളെ സങ്കര സൂര്യഗ്രഹണം (Hybrid eclipse) എന്നു വിളിക്കുന്നു.

ഭൂമിയിൽ നിന്നുള്ള സൂര്യന്റെ ദൂരം ചന്ദ്രന്റെ ദൂരത്തിന്റെ 400 ഇരട്ടിയാണ്, സൂര്യന്റെ വ്യാസം ചന്ദ്രന്റെ വ്യാസത്തിന്റെ 400 ഇരട്ടിയാണ്. ഈ അനുപാതങ്ങൾ ഏകദേശം തുല്യമായതിനാൽ, ഭൂമിയിൽ നിന്ന് കാണുന്ന സൂര്യനും ചന്ദ്രനും ഏകദേശം ഒരേ വലിപ്പമുള്ളതായി കാണപ്പെടുന്നു. ഏകദേശം 0.5 കോണീയ ഡിഗ്രി ആയിരിക്കും ഇവയുടെ അളവ്.[6]

ആവൃത്തി

ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണപഥങ്ങൾ ഒരേ തലത്തിലായിരുന്നുവെങ്കിൽ എല്ലാ കറുത്തവാവു ദിവസവും സൂര്യഗ്രഹണം നടക്കുമായിരുന്നു. എന്നാൽ ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടേതിന്‌ അഞ്ച് ഡിഗ്രിയോളം ചരിഞ്ഞാണ്‌ നിലകൊള്ളുന്നത്. അതുകൊണ്ട് ഗ്രഹണം നടക്കണമെങ്കിൽ ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിലായി ചന്ദ്രപഥം ഭൂമിയുടെ ഭ്രമണപഥത്തിന്റെ തലത്തെ മുറിച്ചുകടക്കുന്ന ബിന്ദുവിൽ എത്തണം. ഈ ബിന്ദു രാഹുവും കേതുവും എന്നറിയപ്പെടുന്നു. അതായത്, ചന്ദ്രൻ രാഹുവിലോ കേതുവിലോ ആവുന്ന അമാവാസിദിനത്തിലാണ്‌ സൂര്യഗ്രഹണമുണ്ടാകുന്നത്.

ദൈർഘ്യം

ഒരു പ്രദേശത്ത് പൂർണ്ണ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈർഘ്യം 7 മിനിറ്റ് 31 സെക്കന്റാണ്‌. എങ്കിലും സാധാരണ ഇതിലും കുറവായിരിക്കും ദൈർഘ്യം. 7 മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള പത്തിൽ താഴെ സൂര്യഗ്രഹണങ്ങളേ ഒരു സഹസ്രാബ്ദത്തിൽ ഉണ്ടാകൂ എന്നതാണ്‌ കണക്ക്. അവസാനമായി 7 മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള സൂര്യഗ്രഹണമുണ്ടായത് 1973 ജൂൺ 30-നാണ്‌ (7 മിനിറ്റ് 3 സെക്കന്റ്). ഒരു കോൺകോഡ് വിമാനത്തിൽ ചന്ദ്രന്റെ നിഴലിന്റെ അംബ്രയെ പിൻതുടരുക വഴി ഒരു നിരീക്ഷണസംഘത്തിന്‌ 74 മിനിറ്റ് ഈ പൂർണ്ണസൂര്യഗ്രഹണം ദർശിക്കാൻ സാധിച്ചു. ഏഴ് മിനിറ്റിലധികം ദൈർഘ്യമുള്ള അടുത്ത ഗ്രഹണം 2150 ജൂൺ 25-നേ നടക്കൂ.

ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം 2009 ജൂലൈ 22-ലെ സൂര്യഗ്രഹണമായിരുന്നു. 6 മിനിറ്റ് 39 സെക്കന്റായിരുന്നു ഇതിന്റെ കൂടിയ ദൈർഘ്യം. ഇനി 2132-ലാകും ഇത്തരത്തിലൊരു ഗ്രഹണം ദൃശ്യമാകുക. ഇന്ന് ജീവിച്ചിരിപ്പുള്ളവരാരും അന്ന് അത് കാണാനുണ്ടാകില്ല.

ചിത്രശാല

ഇതു കൂടി കാണുക

അവലംബം


"https:https://www.search.com.vn/wiki/index.php?lang=ml&q=സൂര്യഗ്രഹണം&oldid=3779744" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്