സെവിലിലെ ഇസിദോർ

പൊതുവർഷം ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മൂന്നു ദശാബ്ദക്കാലം സ്പെയിനിലെ സെവിൽ രൂപതയുടെ മെത്രാൻ പദവിയിലിരുന്ന സഭാപിതാവും പണ്ഡിതനുമായിരുന്നു സെവിലിലെ ഇസിദോർ (ജനനം: പൊതുവർഷം 560-നടുത്ത്; മരണം 4 ഏപ്രിൽ 636). പുരാതനകാലത്തെ വിജ്ഞാനകോശങ്ങളിൽ ഒന്നായ "നിരുക്തങ്ങൾ" (എറ്റിമോളജികൾ) എന്ന ബൃഹദ്സമാഹാരത്തിന്റെ സ്രഷ്ടാവായ അദ്ദേഹം, "പൗരാണികലോകത്തിലെ അവസാനത്തെ പണ്ഡിതൻ" എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1] സ്പെയിനും പോർച്ചുഗലും ഉൾപ്പെടുന്ന ഹിസ്പാനിയയിലെ പിൽക്കാലചരിത്രങ്ങളൊക്കെ ആശ്രയിച്ചത് അദ്ദേഹത്തിന്റെ രചനകളെയാണ്.

സെവിലിലെ വിശുദ്ധ ഇസിദോർ
സെവിലിലെ വിശുദ്ധ ഇസിദോർ, മൂറില്ലോയുടെ ചിത്രീകരണം
മെത്രാൻ, വിശ്വാസപ്രഘോഷകൻ, വേദപാരംഗതൻ
ജനനം560-നടുത്ത്
കാർത്താജീന, സ്പെയിൻ
മരണം4 ഏപ്രിൽ 636
സെവിൽ, സ്പെയിൻ
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
പൗരസ്ത്യ ഓർത്തഡോക്സ് സഭ
നാമകരണം1598, റോം by ക്ലെമന്റ് എട്ടാമൻ മാർപ്പാപ്പ
ഓർമ്മത്തിരുന്നാൾ4 ഏപ്രിൽ
പ്രതീകം/ചിഹ്നംതേനീച്ചകളാൽ ചുറ്റപ്പെട്ട് പേനയുംകൈയ്യിലേന്തി മെത്രാന്റെ വേഷത്തിൽ; തേനീച്ചക്കൂടിനു സമീപം നിൽക്കുന്ന മെത്രാൻ; പാദത്തിനു സമീപം ഒരു രാജകുമാരനൊപ്പം വൃദ്ധമെത്രാനായി; പേനയും പുസ്തകവുമായി മെത്രാന്റെയോ പുരോഹിതന്റെയോ വേഷത്തിൽ; വിശുദ്ധ ലിയാണ്ടറിനൊപ്പം; അദ്ദേഹത്തിന്റെ എറ്റിമോളജികൾ എന്ന വിജ്ഞാനകോശത്തിനൊപ്പം
മദ്ധ്യസ്ഥംഇന്റർനെറ്റ്, കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ, കമ്പ്യൂട്ടർ വിദഗ്ദ്ധന്മാർ, കമ്പ്യൂട്ടർ പ്രോഗ്രാമർമാർ, വിദ്യാർത്ഥികൾ

പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെ തകർച്ചയെ തുടർന്ന്, റോമിന്റെ തണലിൽ വളർന്ന പുരാതനസംസ്കാരത്തിന്റെ ശിഥിലീകരണത്തിനിടെയായിരുന്നു ഇസിദോറിന്റെ ജീവിതം. ആ യുഗപ്പകർച്ചയിൽ, ഉപരിവർഗ്ഗത്തിന്റെ അക്രമവാസനയുടേയും നിരക്ഷരതയുടേയും മദ്ധ്യത്തിൽ, സ്പെയിനിലെ ഭരണം കയ്യടിക്കിയിരുന്ന വിസിഗോത്തുകളെ, ക്രിസ്തീയതയുടെ ആരിയൻ ധാരയിൽ നിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്യുന്നതിൽ ഇസിദോർ മുഖ്യപങ്കു വഹിച്ചു. ഈ യത്നത്തിൽ, സെവിലിലെ രൂപതാധികാരിയുടെ പദവിയിൽ തന്റ് മുൻഗാമിയായിരുന്ന സഹോദരൻ ലിയാണ്ടറെ ആദ്യം സഹായിച്ചിരുന്ന ഇസിദോർ, സഹോദരന്റെ മരണശേഷം ആ യത്നം സ്വന്തം നിലയിൽ തുടർന്നു.

ഹിസ്പാനിയയിൽ വിസിഗോത്തു രാജാവായിരുന്ന സിസേബത്തിന്റെ സമീപവൃത്തങ്ങളിൽ, ഇസിദോറിനു വലിയ സ്വാധീനം ഉണ്ടായിരുന്നു. സഹോദരൻ ലിയാണ്ടറിനെപ്പോലെ ഇസിദോറും, ടോളെഡോയിലേയും സെവിലിലേയും സഭാസമ്മേളനങ്ങളിൽ നിർണ്ണായകമായ പങ്കു വഹിച്ചു.[2] ഈ സമ്മേളനങ്ങളിൽ രൂപപ്പെട്ട വിസിഗോത്തുകളുടെ നിയമസംഹിത, ജനപ്രാധിനിധ്യഭരണത്തിലേക്കുള്ള മുന്നേറ്റത്തിൽ നാഴികക്കല്ലായി എണ്ണപ്പെടുന്നു.

പശ്ചാത്തലം

സ്പെയിനിലെ കാർത്താജീനയിലെ ഒരു ഉപരിവർഗ്ഗ കുടുംബത്തിൽ സെവേരിയാനസിന്റേയും തിയോഡോറയുടെയും മകനായാണ് ഇസിദോർ ജനിച്ചത്. വിസിഗോത്തു രാജാക്കന്മാരെ വേദവ്യതിചലമായി കരുതപ്പെട്ട ആരിയൻ ക്രിസ്തീയതയിൽ നിന്നു കത്തോലിക്കാവിശ്വാസത്തിലേക്കു പരിവർത്തനം ചെയ്യിച്ച രാഷ്ട്രീയ-ധാർമ്മിക നീക്കങ്ങളിൽ നിർണ്ണായമായ പങ്കുവഹിച്ചു ഇസിദോറും സഹോദരങ്ങളും. ഇസിദോറിനൊപ്പം അദ്ദേഹത്തിന്റെ താഴെപ്പറയുന്ന മൂന്നു സഹോദരങ്ങളെക്കൂടി കത്തോലിക്കാസഭ വിശുദ്ധരായി വണങ്ങുന്നു:

  • മൂത്തസഹോദരൻ ലിയാണ്ടർ, ഇസിദോറിനു തൊട്ടുമുൻപ് സെവിലിലെ മെത്രാപ്പോലീത്ത ആയിരുന്നു. അധികാരത്തിലിരിക്കെ അദ്ദേഹം ലിയൂവിഗിൽഡ് രാജാവിനെ എതിർത്തിരുന്നു.
  • ഇളയ സഹോദരൻ കാർത്താജിനായിലെ വിശുദ്ധ ഫ്ലൂജെൻഷിയസ്, പുതിയ കത്തോലിക്കാ രാജാവ് റെക്കാർഡിന്റെ ഭരണത്തിന്റെ തുടക്കത്തിൽ അസ്തിഗി രൂപതയുടെ മെത്രാനായി.
  • ഇസിദോറിന്റെ സഹോദരി വിശുദ്ധ ഫ്ലോറെൻസിയാ കാന്യാസ്ത്രി ആയിരുന്നു. നാല്പതോളം മഠങ്ങളിലായി ആയിരത്തോളം സന്യാസികളുടെ മേൽനോട്ടം അവർക്കുണ്ടായിരുന്നുവെന്ന് അവകാശവാദമുണ്ട്.[3]

സെവിലിലെ ഭദ്രാസനപ്പള്ളിയിലായിരുന്നു ഇസിദോറിന്റെ പ്രാഥമികവിദ്യാഭ്യാസം. ഐബീരിയൻ ഉപദ്വീപിൽ അത്തരത്തിൽ ആദ്യത്തേതായിരുന്ന ഈ സ്ഥാപനത്തിൽ, ഇസിദോറിന്റെ സഹോദരൻ ലിയാണ്ടർ മെത്രാപ്പോലീത്ത ഉൾപ്പെടെ ഒരു പറ്റം വിദ്യാസമ്പന്നർ, പഴയ പാശ്ചാത്യ വിദ്യാപദ്ധതിയിലെ ത്രിവിഷയങ്ങളും(trivium) ചതുർവിഷയങ്ങളും (quadrivium) മാനവീയശാസ്ത്രങ്ങളും(fine arts) പഠിപ്പിച്ചു. പഠനത്തിൽ ഏറെ ശ്രദ്ധചെലുത്തിയ ഇസിദോർ താമസിയാതെ ലത്തീനിൽ ഒഴുക്കൻജ്ഞാനവും,[4] ഗ്രീക്ക്, എബ്രായ ഭാഷകളിൽ പരിചയവും സമ്പാദിച്ചു.

ഐബീരിയൻ ഉപദ്വീപിലെ രണ്ടു നൂറ്റാണ്ടു കാലത്തെ ഗോഥിക് ഭരണം അവിടത്തെ പുരാതനസ്ഥാപനങ്ങളേയും, ഉദാത്തവിദ്യാഭ്യാസത്തേയും, റോമൻ മാന്യതകളേയും നശിപ്പിച്ചിരുന്നു. അതോടെ അവയുമായി ബന്ധപ്പെട്ട സംസ്കാരം അധഃപതനത്തിന്റെ ഗതിയിലായി. എങ്കിലും ഭരണാധികാരികൾ റോമൻ സംസ്കാരത്തിന്റെ പുറംചട്ടയോട് പേരിനു ബഹുമാനം കാട്ടി. അതേസമയം കത്തോലിക്കാവിശ്വാസത്തിന്റെ സ്ഥാനം വിസിഗോത്തുകളുടെ ആരിയൻ ക്രിസ്തീയത കൈയ്യടക്കാൻ തുടങ്ങി.

ഇസിദോർ സന്യാസജീവിതം സ്വീകരിച്ചിരുന്നോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല. ഏതായാലും സന്യാസജീവിതത്തെ അദ്ദേഹം ഏറെ മതിച്ചിരുന്നുവെന്നു മാത്രമാണ് ഉറപ്പു പറയാവുന്നത്.

മെത്രാപ്പോലീത്ത

സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലെ ദേശീയഗ്രന്ഥശാലയ്ക്കു പുറത്തുള്ള ഇസിദോറിന്റെ ശില്പം

പൊതുവർഷം 600-ലോ 601-ലോ, സഹോദരൻ ലിയാണ്ടർ മെത്രാപ്പോലീത്തയുടെ മരണത്തെ തുടർന്ന് ഇസിദോർ സെവിൽ രൂപതയുടെ മെത്രാപ്പോലീത്തായായി. അധികാരം ഏറ്റെടുത്ത ഉടനെ ആദ്ദേഹം, സന്യാസികളുടെ രക്ഷാധികാരിയായി സ്വയം പ്രഖ്യാപിച്ചു.

ജനങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ പുരോഗതിക്ക്, പഴയ റോമൻ സംസ്കൃതിയുടെ അവശിഷ്ടങ്ങളെ പുതിയ അധികാരിവർഗ്ഗത്തിന്റെ 'കിരാത'-സംസ്കാരവുമായി സമന്വയിപ്പിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു; അതിനാൽ വിസിഗോത്തു രാജ്യത്തിലെ വിവിധ ജനവിഭാഗങ്ങളേയും ഉപസംസ്കൃതികളേയും ഏക രാഷ്ട്രമായി ഒന്നിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ ലക്ഷ്യത്തിന്റെ പ്രാപ്തിക്ക് ലഭ്യമായ എല്ലാ ധാർമ്മികോപാധികളും സ്വീകരിച്ച അദ്ദേഹം അതിൽ പൂർണ്ണമായി വിജയിച്ചു. ആരിയൻ വിശ്വാസത്തെ നിർമ്മാർജ്ജനം ചെയ്യാനും പുതിയതായി ഉടലെടുത്ത 'അസെഫാലി' വിശ്വാസത്തെ മുളയിലെ നുള്ളിക്കളയാനും അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ അധികാരസീമയിൽ മതപരമായ അച്ചടക്കം ഉണ്ടായിരിക്കാൻ ഇസിദോർ പ്രത്യേകം ശ്രദ്ധിച്ചു.

ഗോത്തുകൾക്കിടയിൽ വർദ്ധിച്ചു വന്നിരുന്ന അതിക്രമങ്ങൾ ഇല്ലാതാക്കാൻ, വിദ്യാഭ്യാസത്തിന്റെ പ്രചരണത്തെയാണ് അദ്ദേഹം ആശ്രയിച്ചത്. സെവിലിന് വിദ്യാഭ്യാസരംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിന്റെ ഭരണം അവസരമായി. അറബികളിലൂടെ യവനദർശനത്തെ പാശ്ചാത്യലോകം വീണ്ടും കണ്ടെത്തുന്നതിനു നൂറ്റാണ്ടുകൾക്കു മുൻപ് ഇസിദോർ തന്റെ നാട്ടുകാർക്ക് അരിസ്റ്റോട്ടിലിനെ പരിചയപ്പെടുത്തിയിരുന്നു.

സഭാസമ്മേളനങ്ങൾ

ഇസിദോറും അദ്ദേഹത്തിന്റെ സുഹൃത്തും സരഗോസയിലെ മെത്രാനുമായിരുന്ന ബ്രൗളിയോയും

ഇസിദോർ സഹോദരന്മാരുടെ ഉദാത്തസമീപനം മൂലം സെവിലിലേയും ടോളെഡോയിലേയും സഭാസമ്മേളനങ്ങൾ വിസിഗോത്തുകൾക്കായി നിയമസംഹിത ഉണ്ടാക്കി; ഈ നിയമസംഹിത, പ്രാതിനിധ്യഭരണത്തിലേക്കുള്ള മുന്നേറ്റത്തിൽ നിർണ്ണായകമായെന്ന് ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു.

വിസിഗോത്ത് രാജാവായ സിസെബെത്തിന്റെ കാലത്തു നടന്ന സെവിലിലെ രണ്ടാം സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നത് ഇസിദോറാണ്. ഗാളിലേയും നാർബോണിലേയും സ്പെയിനിലേയും മതമേലക്ഷ്യന്മാർ ഇതിൽ പങ്കെടുത്തു. ഈ സമ്മേളനം, ആരിയൻ വിശ്വാസത്തിനെ നേരിടാൻ, കത്തോലിക്കാവിശ്വാസത്തിനു ചേരും വിധം ക്രിസ്തുവിന്റെ സ്വഭാവത്തെ നിർവചിച്ചു.

ഹിസ്പാനിയയിലെ മെത്രാന്മാരെല്ലാം പൊതുവർഷം 633-ൽ നടന്ന ടൊളോഡോയിലെ നാലാം സമ്മേളനത്തിൽ പങ്കെടുത്തു. അപ്പോഴേക്ക് വയോവൃദ്ധനായിരുന്ന ഇസിദോർ ചർച്ചകളിൽ അദ്ധ്യക്ഷനായിരിക്കുകയും മിക്കവാറും തീരുമാനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു.

ഇസിദോറിന്റെ ആഗ്രഹമനുസരിച്ച് ഈ സമ്മേളനം, അവരുടെ അധികാരസീമകളിലെ ഭദ്രാസനപ്പള്ളികളോടു ചേർന്ന്, സെമിനാരികൾ സ്ഥാപിക്കാൻ മെത്രാന്മാരെ ചുമതലപ്പെടുത്തി. ഗ്രീക്ക്, എബ്രായ ഭാഷകളുടേയും മാനവീയവിഷയങ്ങളുടേയും പഠനം പാഠ്യപദ്ധതിൽ ഉൾപ്പെടുത്തിയ ഈ തീരുമാനം, നിയമത്തിന്റേയും, വൈദ്യശാസ്ത്രത്തിന്റെയും[5] പഠനത്തെ പ്രോത്സാഹിപ്പിച്ചു. ഈ വിദ്യാഭ്യാസപദ്ധതി വിസിഗോത്ത് അധികാരസീമയിലാകെ നിർബ്ബന്ധിതമാക്കാനും സമ്മേളനം തീരുമാനിച്ചു.

സമ്മേളത്തിലെ തീരുമാനങ്ങൾ വിസിഗോത്തുകളുടെ രാജാവിനെ പ്രത്യേകം മാനിച്ചു. രാജാവിനോട് സമ്മേളനം സ്വതന്ത്രമായി വിധേയത്വം പ്രഖ്യാപിച്ചു.

നിരുക്തങ്ങൾ

ഇസിദോറിന്റെ 'നിരുക്തങ്ങൾ എന്ന വിജ്ഞാന സമാഹാരത്തിന്റെ ഒരു പുറം, ബെൽജിയത്തിലെ രാജകീയഗ്രന്ഥശാലയിൽ സൂക്ഷിച്ചിരിക്കുന്നത്

സ്വമതസ്ഥർക്കായി സാർവർത്രികമായ വിജ്ഞാനത്തിന്റെ ഒരു സമാഹാരം രൂപപ്പെടുത്തിയ ആദ്യത്തെ ക്രിസ്തീയലേഖകൻ ഇസിദോർ ആണ്. 'എറ്റിമോളജികൾ' (നിരുക്തങ്ങൾ) എന്നു പേരുള്ള ആ രചന 'തുടക്കങ്ങൾ'(Origines) എന്ന പേരിൽ പുരാതനലോകത്ത് പ്രസിദ്ധമായിരുന്നു. 448 അദ്ധ്യായങ്ങളുള്ള ആ കൃതി 20 വാല്യങ്ങൾ അടങ്ങിയതാണ്. അതിൽ ഇസിദോർ, പുരാതനകാലത്തെ പല രചനകൾക്കും താൻ എഴുതിയ സംഗ്രഹങ്ങൾ ഉൾപ്പെടുത്തി. പുരാതനകാലത്തെ വിജ്ഞാനശകലങ്ങൾ പലതും അങ്ങനെ വിസ്മൃതിയിൽ നിന്നു രക്ഷപെട്ടു. സ്വന്തം ഓർമ്മയുടെ സഹായത്തിനു മാത്രമായി ഇസിദോർ എഴുതിയുണ്ടാക്കിയ ഈ ശകലങ്ങൾ സമാഹരിച്ചു പ്രസിദ്ധപ്പെടുത്താൻ അദ്ദേഹത്തെ നിർബ്ബന്ധിച്ചത് സുഹൃത്തും സരഗോസയിലെ മെത്രാനുമായിരുന്ന ബ്രൗളിയോ ആയിരുന്നു.[6]

വിജ്ഞാനകോശം എന്നു പറയാമെങ്കിലും ഇസിദോറിന്റെ കൃതിയിൽ വിഷയങ്ങളുടെ പിന്തുടർച്ച അക്ഷരമാലാക്രമത്തിൽ ആയിരുന്നില്ല. അതിന്റെ തുടക്കം പഴയ പാശ്ചാത്യ വിദ്യാപദ്ധതിയിലെ ത്രിവിഷയങ്ങളായ വ്യാകരണം, തർക്കശാസ്ത്രം, യുക്തിശാസ്ത്രം എന്നിവയിലായിരുന്നു. തുടർന്ന് പാഠ്യക്രമത്തിലെ ചതുർവിഷയങ്ങളായ അങ്കഗണിതം, ക്ഷേത്രഗണിതം, സംഗീതം, ജ്യോതിശാസ്ത്രം എന്നിവ വന്നു. അടുത്തതായി, വൈദ്യശാസ്ത്രം, നിയമം, ചരിത്രം, ദൈവശാസ്ത്രം, ശരീരഘടനാശാസ്ത്രം, ശരീരശാസ്ത്രം, ജന്തുശാസ്ത്രം, പ്രപഞ്ചശാസ്ത്രം, ഭൂമിശാസ്ത്രം, നിർമ്മാണശാസ്ത്രം, ഭൂമാപനശാസ്ത്രം, ധാതുശാസ്ത്രം, കൃഷിശാസ്ത്രം, യുദ്ധശാസ്ത്രം, കായികവിദ്യകൾ, കപ്പൽനിർമ്മാണം, വേഷഭൂഷണങ്ങൾ, വീട്ടുപകരണങ്ങൾ, എന്നിവ പരിഗണിക്കപ്പെട്ടു.

എറ്റിമോളജിയിൽ ഇസിദോർ നൽകിയ വർണ്ണന പിന്തുടർന്ന് മദ്ധ്യകാലത്ത് പ്രചരിച്ച T രൂപത്തിലുള്ള ഭൂലോകചിത്രം

ഓരോ വിഷയത്തിന്റേയും പരിഗണന അതിലെ അടിസ്ഥാനസംജ്ഞകളെ നിർവചിക്കാനും അതിന്റെ ഉത്ഭവം കണ്ടെത്താനും ശ്രമിച്ചുകൊണ്ടായിരുന്നു. മനുഷ്യന്റെ ലത്തീൻ പേരായ 'ഹോമോ'-യുടെ ഉല്പത്തി വിശദീകരിക്കുന്നത് മണ്ണിന്റെ 'ഹ്യൂമസ്' എന്ന പേരുമായി ബന്ധപ്പെടുത്തിയാണ്. ദൈവം മണ്ണിൽ നിന്നു രൂപപ്പെടുത്തിയതിനാലാണത്ര മനുഷ്യന് 'ഹോമോ' എന്ന പേരുണ്ടായത്.[6]

ഭൂമിയുടെ പ്രതല ഘടനയെക്കുറിച്ച് മദ്ധ്യയുഗങ്ങളിൽ നിലവിലിരുന്ന സാമാന്യധാരണ ഇസിദോറിൽ നിന്നു കടം കൊണ്ടതാണ്. ഒരു വൃത്തം വരച്ച്, അതിന്റെ താഴത്തെ പകുതിയിൽ റോമൻ അക്ഷരമാലയിലെ T എന്ന അക്ഷരം എഴുതിയാണ് അതു വിശദീകരിച്ചിരുന്നത്. T-യുടെ തിരശ്ചീനരേഖക്ക് മുകളിലുള്ള അർത്ഥവൃത്തം ഏഷ്യയും, അതിനു താഴെ, T-യുടെ ലംബരേഖയുടെ ഇടതുഭാഗം യൂറോപ്പും വലതുഭാഗം ആഫ്രിക്കയും ആണെന്നു വിശദീകരിക്കപ്പെട്ടു. T-യുടെ തിരശ്ചീനരേഖയുടെ ഇടത്തേപകുതി കരിങ്കടലും, വലത്തേ പകുതി നൈൽനദിയും ലംബരേഖ മദ്ധ്യധരണിക്കടലും ആയും കണക്കാക്കപ്പെട്ടു. ഭൂമദ്ധ്യരേഖയുടെ നീളം എൺപതിനായിരം സ്റ്റേഡിയാ ആണെന്നും ഇസിദോർ കണക്കാക്കിയിരുന്നു.[7]

വിമർശനം

ഇസിദോറിന്റെ നിരുക്തങ്ങളുടെ ചരിത്രപ്രസക്തി നിഷേധിക്കാനാവില്ലെങ്കിലും വിജ്ഞാനകോശമെന്ന നിലയിൽ അതിനു വിശ്വസനീയത കുറവാണ്. "കിറുക്കൻ ശബ്ദോല്പത്തി വിവരണങ്ങളും, അവിശ്വസനീയമായ അത്ഭുതകഥകളും, വേദപുസ്തകഭാഗങ്ങളുടെ വിചിത്രമായ ഗുണപാഠവ്യാഖ്യാനങ്ങളും, സന്മാർഗ്ഗനിയമങ്ങൾ സ്ഥാപിക്കാനായി വളച്ചൊടിച്ച ചരിത്രവും ശാസ്ത്രവും എല്ലാം ചേർന്ന" ഈ രചനയെ, ഗ്രന്ഥകർത്താവ് ജീവിച്ചിരുന്ന കാലത്തെ "അജ്ഞതയുടെ ശാശ്വതസ്മാരകം"[൧] എന്നു വിൽ ഡുറാന്റ് വിശേഷിപ്പിച്ചിട്ടുണ്ട്. ഇസിദോർ സഹോദരന്മാരുടെ നേതൃത്വത്തിൽ ഹെസ്പാനിയയിൽ നടപ്പിലായ നിയമങ്ങൾ താരതമ്യേന പ്രബുദ്ധമായിരുന്നെങ്കിലും യഹൂദജനതക്ക് അവ സ്വാതന്ത്ര്യം നിഷേധിച്ചു. സ്പെയിനിലെ യഹൂദർക്ക് പിന്നീടു നേരിടേണ്ടി വന്ന ദുരിതങ്ങൾക്ക് അവ അനുമതി നൽകി.[6]

കുറിപ്പുകൾ

^ "...a lasting monument to the ignorance of his age."

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സെവിലിലെ_ഇസിദോർ&oldid=3898939" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്