സ്കൊളാസ്റ്റിസിസം

മദ്ധ്യയുഗത്തിന്റെ അന്തിമനൂറ്റാണ്ടുകളിൽ, ക്രി.വ. 1100-നും 1500-നും ഇടയ്ക്ക്, "സ്കൊളാസ്റ്റിക്കുകൾ", "സ്കൂളുകാർ" എന്നൊക്കെ അറിയപ്പെട്ട അദ്ധ്യാപകരുടെ കീഴിൽ യൂറോപ്പിലെ സർ‌വകലാശാലകളിൽ പ്രചാരത്തിലിരുന്ന പഠനരീതിയാണ്‌ സ്കൊളാസ്റ്റിസിസം. വിദ്യാലയവുമായി ബന്ധപ്പെട്ടത് എന്നർത്ഥമുള്ള "സ്കൊളാസ്റ്റിക്കോസ്"(σχολαστικός) എന്ന ഗ്രീക്ക് വാക്കിനെ ആശ്രയിച്ചുനിൽക്കുന്ന "സ്കൊളാസ്റ്റിക്കസ്" എന്ന ലത്തീൻ പദത്തിൽ നിന്നാണ്‌ "സ്കൊളാസ്റ്റിസിസം" എന്ന വാക്കുണ്ടായത്. [1] പൗരാണികയവന ചിന്തയെ ക്രിസ്തീയ ദൈവശാസ്ത്രവുമായി സമന്വയിപ്പിക്കാനുള്ള ശ്രമത്തിൽ നിന്നാണ്‌ സ്കൊളാസ്റ്റിസിസത്തിന്റെ തുടക്കം. പ്രത്യേകമായ ഒരു തത്ത്വചിന്തയോ ദൈവശാസ്ത്രമോ എന്നതിനു പകരം സം‌വാദാത്മകയുക്തിയിലൂടെയുള്ള വിജ്ഞാനസമ്പാദനത്തിന്റെ ഉപകരണമോ രീതിയോ ആയിരുന്നു അത്. ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തുകയും വൈപരീത്യങ്ങളെ സമന്വയിപ്പിക്കുകയും ചെയ്യുകയെന്നതായിരുന്നു അതിന്റെ അടിസ്ഥാന ലക്ഷ്യം. മദ്ധ്യകാലദൈവശാസ്ത്രത്തിലെ പ്രയോഗത്തിന്റെ പേരിലാണ്‌ സ്കൊളാസ്റ്റിസിസം ഏറ്റവും കൂടുതൽ അറിയപ്പെടുന്നതെങ്കിലും, മറ്റു വിജ്ഞാനമേഖലകളിലും അത് പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.

മദ്ധ്യയുഗത്തിലെ ഒരു "സ്കൂളിന്റെ" ചിത്രം - കാലം പതിനാലാം നൂറ്റാണ്ട്

യവനദർശനത്തിന്റേയും ക്രിസ്തീയസിദ്ധാന്തങ്ങളുടേയും സം‌യോഗത്തിലാണ്‌ സ്കൊളാസ്റ്റിസിസത്തിന്റെ കാതൽ. ക്രിസ്തീയസഭയുടെ വിശ്വാസരഹസ്യങ്ങളേയും സിദ്ധാന്തങ്ങളേയും, തത്ത്വചിന്തയുടേയും തത്ത്വികയുക്തിയുടേയും സഹായത്തോടെ വിശദീകരിക്കാനുള്ള അംബ്രോസിന്റേയും ആഗസ്തീനോസിന്റേയും ശ്രമത്തിൽ സ്കൊളാസ്റ്റിസിസത്തിന്റെ ആദിരൂപം കാണാം. ക്രിസ്തീയഭാവുകതയെ യവനദർശനവുമായി കൂട്ടിയിണക്കാൻ ശ്രമിച്ച രണ്ട് ആദ്യകാല സഭാപിതാക്കളായിരുന്നു ഇവർ. പീറ്റർ അബലാർഡ്, വലിയ അൽബർത്തോസ്, ജോൺ ഡൺസ് സ്കോട്ടസ്, ഓക്കമിലെ വില്യം, ബൊനവന്തുര, എല്ലാവർക്കുമുപരി തോമസ് അക്വീനാസ്, എന്നിവരായിരുന്നു ഈ പ്രസ്ഥാനത്തിന്റെ നായകന്മാർ. ഗ്രീക്ക് ദർശനത്തിന്റേയും ക്രിസ്തീയ സിദ്ധാന്തങ്ങളുടേയും സമഗ്രസമന്വയം ലക്ഷ്യമാക്കിയ അക്വീനാസിന്റെ സുമ്മാ തിയോളജിയാ, സ്കോളാസ്റ്റിക് പാരമ്പര്യത്തിലെ ഏറ്റവും പ്രധാന രചനയാണ്‌.

ചരിത്രം

ആദ്യകാലം

സ്കൊളാസ്റ്റിസിസത്തിന്റെ പിതാവെന്ന് ചിലപ്പോൾ വിശേഷിപ്പിക്കപ്പെടാറുള്ള കാന്റർബറിയിലെ അൻസെലം(Anselm)(ക്രി.വ. 1033-1109)

മദ്ധ്യകാലയൂറോപ്പിൽ വിജ്ഞാനത്തിന്റെ മേഖലയിലെ ആദ്യത്തെ ശ്രദ്ധേയമായ മുന്നേറ്റം, എട്ടാം നൂറ്റാണ്ടിലെ കരോലീനിയൻ നവോത്ഥാനം(Carolingian Renaissance) ആയിരുന്നു. ഇതിന്റെ പേര്‌ കാറൽമാൻ ചക്രവർത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പിസ്സയിലെ പീറ്റർ, യോർക്കിലെ അൽക്കുൻ മെത്രാൻ എന്നിവരുടെ ഉപദേശമനുസരിച്ച് ക്രി.വ. 787-ൽ ഷാർലിമേൻ പുറപ്പെടുവിച്ച പ്രഖ്യാപനത്തിൽ, ഇംഗ്ലണ്ടിലേയും അയർലണ്ടിലേയും പണ്ഡിതന്മാരെ വിളിച്ചുകൂട്ടി, സാമ്രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിദ്യാശാലകൾ(സ്കൂളുകൾ) സ്ഥാപിക്കാനുള്ള തീരുമാനം വിളമ്പരം ചെയ്തു. മദ്ധ്യകാലങ്ങളിൽ വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളായി പ്രവർത്തിച്ച ഈ "സ്കൂളുകളും" ആയി ബന്ധപ്പെട്ടാണ്‌ സ്കൊളാസ്റ്റിസിസം എന്ന പേരു തന്നെ ഉണ്ടായത്.

ആദ്യകാല സ്കൊളാസ്റ്റിസിസം, അൽകിൻഡി, അൽഫരാബി, അവിസെന്ന, അൽ-ഗസ്സാലി, അവ്വെരോസ്, എന്നിവർ വഴി ഇസ്ലാമിക ചിന്തയിലും; മൈമോനിഡിസ്, ഗെർസോനിഡിസ് തുടങ്ങിയവർ വഴി യഹൂദചിന്തയിലും ഉണ്ടായ മുന്നേത്തിനു സമകാലികമായിരുന്നു. എട്ടാം നൂറ്റാണ്ടിൽ, കൂടുതൽ യാഥാസ്ഥിതികമായ അഷാറി ചിന്താസരണിയുടെ ആക്രമണത്തെ നേരിടാൻ ഇസ്ലാമിക ചിന്തയിലെ മുത്തസിലീയ സരണി തത്ത്വചിന്തയുടെ സഹായം തേടുകയായിരുന്നു. മുത്തസിലീയ ചിന്തകന്മാർ അന്വേഷിച്ച ഇൽമ്‌-അൽ-കലാം, സ്കൊളാസ്റ്റിസിസത്തിന്റെ ഒരു സമാന്തരരൂപമായിരുന്നു. ഇസ്ലാമിക ദാർശനികരായ അവിസെന്നയുടേയും അവ്വരോസിന്റേയും ആശയങ്ങൾ സ്കൊളാസ്റ്റിസിസത്തെ ഒട്ടേറെ സ്വാധീനിച്ചു.

ഇക്കാലമായപ്പോൾ പശ്ചിമയൂറോപ്പിൽ, അയർലണ്ടിലൊഴികെ, ഗ്രീക്ക് ഭാഷാജ്ഞാനം ഏതാണ്ട് അപ്രത്യക്ഷമായിരുന്നു. അയർലണ്ടിലെ സന്യാസാശ്രമങ്ങളോട് അനുബന്ധിച്ചുണ്ടായിരുന്ന വിദ്യാലയങ്ങളിലാവട്ടെ, ആ ഭാഷയ്ക്ക് വലിയ പ്രചാരമുണ്ടായിരുന്നു.[2]അതിനാൽ, ഷാർലിമേന്റേയും പിൻ‌ഗാമികളുടേയും കൊട്ടാരങ്ങളിൽ അയർലണ്ടിൽ നിന്നുള്ള പണ്ഡിതന്മാർക്ക് അവരുടെ അറിവിന്റെ ബലത്തിൽ വലിയ സ്ഥാനവും ബഹുമാനവും ലഭിച്ചു.[3] സ്കൊളാസ്റ്റിസിസത്തിന്റെ പ്രാരംഭകരിൽ പെട്ടിരുന്ന ജോൺ സ്കോട്ടസ് എറിയുജീന(ക്രി.വ.815-877) അവരിൽ ഒരാളായിരുന്നു.[4]ക്രൈസ്തവസന്യാസത്തിന്റെ ആദ്യകാലങ്ങളിലെ ഏറ്റവും ശ്രദ്ധേയരായ ഐറിഷ് ബുദ്ധിജീവികളിൽ ഒരാളും തത്ത്വചിന്തയിലെ മൗലികതയുടെ കാര്യത്തിൽ മുന്നിട്ടുനിന്നവനുമായിരുന്നു എറിജിയുജീന.[3] ഗ്രീക്ക് ഭാഷയിൽ അഗാധമായ ജ്ഞാനമുണ്ടായിരുന്ന അദ്ദേഹം ഒട്ടേറെ കൃതികൾ ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തി. കപ്പദോച്ചിയൻ പിതാക്കന്മാരേയും, ഗ്രീക്ക് ദൈവശാസ്ത്രപാരമ്പര്യത്തേയുമെല്ലാം പാശ്ചാത്യ ക്രിസ്തീയലോകത്തിന്‌ പരിചയപ്പെടുത്താൻ ഈ പരിഭാഷകൾ സഹായകമായി.[3]

സ്കൊളാസ്റ്റിസിസത്തിലെ മറ്റു മൂന്നു മുൻ‌നിര പ്രതിഭകൾ പതിനൊന്നാം നൂറ്റാണ്ടിലെ പീറ്റർ അബലാർഡും, കാന്റർബറിയിലെ മെത്രാപ്പോലീത്ത ലാൻഫ്രാങ്കും, കാന്റർബറിയിലെ തന്നെ അൻസെൽമും(Anselm) ആയിരുന്നു.[4]യുക്തിയ്ക്ക് അൻസ്ലെമിന്റെ ദൈവശാസ്ത്രത്തിൽ ലഭിച്ച പ്രാധാന്യം കണക്കിലെടുത്ത്, അത്ര കൃത്യതയോടെയല്ലെങ്കിലും, അദ്ദേഹത്തെ ചിലപ്പോൾ, സ്കൊളാസ്റ്റിസിസത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കാറുണ്ട്. പ്രാമാണികമായി കരുതപ്പെട്ടിരുന്ന വിശ്വാസങ്ങളുടെ സ്ഥാപനത്തിനായി, യുക്തിബദ്ധമായ വാദങ്ങളെ ആശ്രയിക്കുകയാണ്‌ അൻസെലം(Anselm) ചെയ്തിരുന്നത്.

ലത്തീൻ പാശ്ചാത്യലോകത്തിന്‌ നഷ്ടപ്പെട്ടിരുന്ന പല ഗ്രീക്ക് ദാർശനികരചനകളുടേയും കണ്ടെത്തലും ഇക്കാലത്തായിരുന്നു. പത്താം നൂറ്റാണ്ടിൽ തന്നെ, സ്പെയിനിലെ പണ്ഡിതന്മാർ, ഗ്രീക്ക് രചനകളുടെ പരിഭാഷകൾ സമാഹരിക്കാനും ആ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ, അവയെ ഇതര യൂറോപ്യൻ രാജ്യങ്ങൾക്ക് പകർന്നുകൊടുക്കാനും തുടങ്ങി.[5] പന്ത്രണ്ടാം നൂറ്റാണ്ടിൽ, സ്പെയിനിന്റെ ക്രിസ്തീയ പുനരധിവേശത്തിനു (Reconquista) ശേഷം, കൂടുതൽ സൗഹാർദ്ദപരമായി കണ്ട അവിടത്തെ മതാന്തരീക്ഷത്തിൽ പ്രവർത്തിക്കാൻ ക്രിസ്തീയപണ്ഡിതന്മാർക്ക് താത്പര്യമേറി. [6]

അതേസമയം തന്നെ ലാവോണിലെ അൻസ്ലെം, ബൈബിൾ പാഠങ്ങളോടു ബന്ധപ്പെട്ട കുറിപ്പുകളുടെ നിർമ്മിതിയിൽ കൂടുതൽ ചിട്ട കൊണ്ടുവന്നു. പീറ്റർ അബലാർഡിന്റെ രചനകളിൽ സ്കൊളാസ്റ്റിസിസത്തിന്റെ സം‌വാദാത്മകശൈലി കൂടുതൽ പ്രാധാന്യം കണ്ടെത്തി. സഭാപിതാക്കന്മാരുടേയും മറ്റ് അധികാരികളുടേയും അഭിപ്രായങ്ങളുടെ ശേഖരമായി പീറ്റർ ലൊംബാർഡ് രചിച്ച "സെന്റൻസുകൾ" എന്ന കൃതിയും സ്കൊളാസ്റ്റിസിസത്തിന്റെ വികാസത്തെ സഹായിച്ചു.

ഉദാത്ത സ്കൊളാസ്റ്റികത

ക്രിസ്തീയ ദൈവശാസ്ത്രത്തെ അരിസ്റ്റോട്ടിലിന്റെ ദർശനവുമായി സമന്വയിപ്പിച്ച തോമസ് അക്വീനാസിന്റെ(ക്രി.വ.1225-1274) രചനകൾ കാലക്രമേണ, കത്തോലിക്കാ ചിന്തയുടെ അംഗീകൃതരൂപമായി
അക്വീനാസിന്റെ ഗുരു വലിയ അൽബർത്തോസ്(ക്രി.വ.1201-1280)

സ്കൊളാസ്റ്റിസിസത്തിന്റെ വസന്തകാലമായി പൊതുവേ പരിഗണിക്കപ്പെടുന്നത് 13, 14 നൂറ്റാണ്ടുകളാണ്‌. ഗ്രീക്ക് ദാർശനികതയുടെ വീണ്ടെടുക്കൽ പൂർത്തിയായത് പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്‌. ഇറ്റാലിയൻ ഉപദ്വീപിലും സിസിലിയിലും, കാലക്രമേണ മുഴുവൻ യൂറോപ്പിലും മൊഴിമാറ്റസ്കൂളുകൾ വളർന്നുവന്നു. ബാത്തിലെ അഡെലാർഡിനെപ്പോലുള്ള പണ്ഡിതന്മാർ ജ്യോതിശാസ്ത്രത്തിലേയും ഗണിതത്തിലേയും കൃതികളുടെ പരിഭാഷയിൽ മുഴുകി, സിസിലിയിലും അറേബ്യയിലും ചുറ്റിനടന്നു.ഈ പരിഭാഷകളിൽ, യൂക്ലിഡിന്റെ എലിമെന്റുകളുടെ സമ്പൂർണ്ണരൂപവും ഉൾപ്പെട്ടു.[7] ശക്തരായ നോർമൻ രാജാക്കന്മാർ ഇറ്റലിയിലേയും മറ്റു പ്രദേശങ്ങളിലേയും പണ്ഡിതന്മാരെക്കൊണ്ട് രാജസദസ്സുകൾ നിറയ്ക്കുന്നത്, ബഹുമാന്യതയിലേയ്ക്കുള്ള വഴിയായി കണ്ടു.[8]

ഇക്കാലത്ത്, യൂറോപ്പിലെ വൻ‌നഗരങ്ങളിൽ പുതിയ സർ‌വകലാശാലകൾ മുളച്ചു വന്നു. സഭയിലെ വിവിധ സന്യാസസമൂഹങ്ങൾ വിദ്യാജീവിതത്തിന്റെ ഈ പുതിയ കേന്ദ്രങ്ങളുടെ ബുദ്ധിപരവും രാഷ്ട്രീയവുമായ നിയന്ത്രണത്തിനായി മത്സരിച്ചു. ഡൊമിനിക്കൻ, ഫ്രാൻസിസ്കൻ സഭകൾ അക്കാലത്ത് സ്ഥാപിക്കപ്പെട്ട രണ്ടു സന്യാസസമൂഹങ്ങളായിരുന്നു.

1215-ൽ വിശുദ്ധ ഡൊമിനിക്ക് സ്ഥാപിച്ച ഡൊമിനിക്കൻ സമൂഹം യുക്തിയുടെ ഉപയോഗത്തിൽ കൂടുതൽ ഊന്നൽ കൊടുത്തു. കിഴക്കൻ യൂറോപ്പിലും മൂറുകളുടെ നിയന്ത്രണത്തിലായിരുന്ന സ്പെയിനിലും നിന്നു കിട്ടിയ അരിസ്റ്റോട്ടലിയൻ സ്രോതസ്സുകളെ അവർ ലോഭമില്ലാതെ ഉപയോഗിച്ചു. അക്കാലത്ത് ഡൊമിനിക്കൻ ചിന്തയുടെ പ്രധാന പ്രതിനിധികളായിരുന്നത് വലിയ അൽബർത്തോസും, അദ്ദേഹത്തേക്കാളുപരി, തോമസ് അക്വീനാസും ആയിരുന്നു. ഗ്രീക്ക് യുക്തിയുടേയും ക്രിസ്തീയ വിശ്വാസത്തിന്റേയും സമഗ്രസമന്വയം സാധിച്ച അക്വീനാസിന്റെ ദർശനം പിൽക്കാലങ്ങളിൽ കത്തോലിക്കാ ചിന്തയുടെ മാതൃകാരൂപമായി. യുക്തിയ്ക്കും സം‌വാദചിന്തയ്ക്കും അക്വീനാസ് കൂടുതൽ പാധാന്യം കല്പിച്ചു. തത്ത്വമീമാസയിലേയും വിജ്ഞാനശാസ്ത്രത്തിലേയും അരിസ്റ്റോട്ടിലിന്റെ രചനകളുടെ പുതിയ പരിഭാഷകൾ ആദ്യമായി ഉപയോഗിച്ചത് അക്വീനാസാണ്‌. സ്കൊളാസ്റ്റിസിസത്തിന്റെ ആരംഭഘട്ടത്തിൽ മേധാവിത്വം പുലർത്തിയ നവപ്ലേറ്റോണിക-അഗസ്റ്റീനിയൻ ചിന്തയിൽ നിന്നുള്ള ശ്രദ്ധേയമായ വ്യതിചലനമായിരുന്നു ഇത്. വ്യാഖ്യാതാവായ അവ്വരോസിന്റെ "അബദ്ധങ്ങളിൽ" പെടാതെ, അരിസ്റ്റോട്ടിലിന്റെ ദർശനത്തെ മിക്കവാറും എങ്ങനെ ഉൾക്കൊള്ളമെന്ന് അക്വീനാസ് കാണിച്ചുകൊടുത്തു.

തോമസ് അക്വീനാസിനു ശേഷമുള്ള കാലത്ത് സ്കൊളാസ്റ്റിക് ചിന്തയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഫ്രാൻസിസ്കൻ സന്യാസി, ജോൺ ഡൺസ് സ്കോട്ടസ്(1265-1308)

ഫ്രാൻസിസ്കൻ സഭ 1209-ൽ അസീസ്സിയിലെ ഫ്രാൻസിസ് സ്ഥാപിച്ചതാണ്‌. പതിമൂന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ അതിന്റെ നേതൃത്വം കയ്യാളിയിരുന്നത്, പാരമ്പര്യവാദിയായ ബൊനവന്തുരാ ആയിരുന്നു. ആഗസ്തീനോസിന്റെ ദൈവശാസ്ത്രത്തേയും പ്ലേറ്റോയുടെ തത്ത്വചിന്തയേയും ഇഷ്ടപ്പെട്ട അദ്ദേഹത്തിന്റെ രചനകളിൽ, നവപ്ലേറ്റോണികതയ്ക്കൊപ്പം അരിസ്റ്റോട്ടിലിന്റെ ആശയങ്ങൾ വളരെക്കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളു. അൻസെലമിന്റെ മാതൃക പിന്തുടർന്ന്, യുക്തിയ്ക്ക് സത്യം കണ്ടെത്താനാവുക, വിശ്വാസത്തിന്റെ വെളിച്ചത്തിൽ മാത്രമാണെന്ന് അദ്ദേഹം വാദിച്ചു. സ്കൊളാസ്റ്റിസിസത്തിലെ ഡൊമിനിക്കൻ സരണി അക്വീനാസിൽ അതിന്റെ പരകോടിയിലെത്തി. അക്വീനാസിന്റെ കാലശേഷം സ്കൊളാസ്റ്റിസിസത്തിൽ ശ്രദ്ധേയസംഭാവനകൾ നൽകിയത് ഫ്രാൻസിസ്കൻ സന്യാസിമാരാണ്‌. പീറ്റർ ഓറിയോൾ, ഓക്കമിലെ വില്യം എന്നിവർ സ്കൊളാസ്റ്റിക ചിന്തയിലെ ഫ്രാൻസിസ്കൻ സരണിയുടെ പ്രതിനിധികളായിരുന്നു. അക്വീനാസിനു ശേഷമുള്ള കാലത്തിൽ സ്കൊളാസ്റ്റിക് ചിന്തയ്ക്ക് മൗലികമായ സംഭാവനകൾ നൽകുകയും ദൈവമാതാവിന്റെ അമലോത്ഭവം(Immaculate conception)[9] [൧] പോലുള്ള വിഷയങ്ങളിൽ അക്വീനാസുമായി പലകാര്യങ്ങളിലും വിയോജിക്കുകയും ചെയ്ത ജോൺ ഡൺസ് സ്കോട്ടസും (1265-1308) ഫ്രാൻസിസ്കൻ സന്യാസിയായിരുന്നു.

സ്കൊളാസ്റ്റിക ശൈലി

അറിയപ്പെടുന്ന ഒരു പണ്ഡിത രചയിതാവിന്റെ ഗ്രന്ഥം സ്കൊളാസ്റ്റിക്കുകൾ അവരുടെ അന്വേഷണത്തിന്റെ വിഷയമായി തെരഞ്ഞെടുക്കുന്നു. അതിനെ അഴത്തിലും വിമർശനബുദ്ധിയോടുകൂടിയും വായിക്കുന്ന പഠിതാവ്, ഗ്രന്ഥകാരന്റെ അശയങ്ങളുമായി ഇണങ്ങിച്ചേരുന്നു. വിഷയവുമായി ബന്ധപ്പെട്ട സഭാസമ്മേളനങ്ങളുടെ തീരുമാനങ്ങൾ, മാർപ്പാപ്പാമാരുടെ ലിഖിതങ്ങൾ, തുടങ്ങിയ സമകാലീനമോ പൗരാണികമോ ആയ രേഖകളും പരിഗണിക്കപ്പെടുന്നു. ഒപ്പം വിവിധ ശ്രോതസ്സുകൾ തമ്മിലുള്ള വൈരുദ്ധ്യങ്ങളും ഭിന്നതകളും, വാക്യരൂപത്തിലോ പ്രാതിനിധ്യസ്വഭാവമുള്ള പാഠഭാഗങ്ങളായോ രേഖപ്പെടുത്തി വയ്ക്കുന്നു.

ഉറവിടങ്ങളെ മനസ്സിലാക്കുകയും അവയിൽ പ്രതിഭലിക്കുന്ന ഭിന്നാഭിപ്രായങ്ങളുടേയും വൈരുദ്ധ്യങ്ങളുടേയും കാര്യത്തിൽ വ്യക്തത കിട്ടുകയും ചെയ്തു കഴിയുമ്പോൾ, പ്രശ്നത്തിന്റെ വിവിധ നിലപാടുകളെ സമന്വയിപ്പിച്ച് ഒന്നാക്കി വൈരുദ്ധ്യങ്ങൾക്ക് പരിഹാരം കാണുന്നു. (ചില വാദങ്ങൾ പൂർണ്ണമായും തിരസ്കരിക്കപ്പെട്ടെന്നും വരാം.) വൈരുദ്ധ്യങ്ങളുടെ പരിഹാരത്തിന്‌ സാധാരണ അവലംബിക്കാറുള്ളത് രണ്ടു വഴികളാണ്‌.

നിലപാടുകളുടെ ഭാഷാപരമായ വിശകലനമാണ്‌ (philological analysis) ഒരു വഴി . ഇവിടെ, വാക്കുകളെ പരിശോധിച്ച് അവയ്ക്ക് വിവിധങ്ങളായ അർത്ഥം ഉണ്ടാകാമെന്നു സ്ഥാപിക്കുന്നു. ഗ്രന്ഥകാരൻ ഒരു വാക്കിന്‌ ഉദ്ദേശിച്ചത് സാധാരണ സങ്കല്പിക്കപ്പെടുന്നതിൽ നിന്ന് ഭിന്നമായ അർത്ഥമാണെന്നായിരിക്കും വാദം. സാധാരണദൃഷ്ടിയിൽ പരസ്പരവിരുദ്ധമെന്നു തോന്നുന്ന രണ്ടു പ്രസ്താവനകളുടെ അർത്ഥം ഒന്നു തന്നെയാണെന്ന് കണ്ടെത്താൻ, പ്രസ്താവനകളിലെ അവ്യക്തതകളെ ആശ്രയിക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്.

യുക്തിപരമായ വിശകലനമാണ്‌(logical analysis) രണ്ടാമത്തെ മാർഗ്ഗം. ഇവിടെ ഔപചാരികയുക്തിയുടെ നിയമങ്ങളെ ആശ്രയിച്ചുള്ള വാദത്തിലൂടെ, വൈരുദ്ധ്യങ്ങൾ യഥാർത്ഥത്തിൽ ഉള്ളവയല്ലെന്നും, വായനക്കാരന്റെ വ്യക്തിനിഷ്ടമായ തോന്നൽ മാത്രമാണെന്നും സ്ഥാപിക്കുന്നു.

അദ്ധ്യാപന രീതി

സ്കൊളാസ്റ്റിക് വിദ്യാലയങ്ങളിൽ രണ്ടു തരം അദ്ധ്യാപനം പതിവുണ്ടായിരുന്നു. ആദ്യത്തേതിൽ അദ്ധ്യാപകൻ ഒരു പാഠം വായിച്ച് അതിലെ വാക്കുകളും ആശയങ്ങളും ആവശ്യമനുസരിച്ച് വിശദീകരിക്കുന്നു. അതിൽ ചോദ്യങ്ങൾ ചോദിക്കാൻ അനുവാദമില്ല. അദ്ധ്യാപകൻ വായിച്ചു വിശദീകരിക്കുകയും വിദ്യാർത്ഥികൾ നിശ്ശബ്ദം കേൾക്കുകയും ചെയ്യുന്ന ലളിതസമ്പ്രദായമായിരുന്നു ഇത്. ലെക്ഷ്യോ(lectio) എന്നായിരുന്നു ഈ രീതി അറിയപ്പെട്ടിരുന്നത്.

ഡിസ്പ്യൂട്ടേഷ്യോ(disputatio') എന്നറിയപ്പെട്ടിരുന്ന രണ്ടാമത്തെ രീതിയാണ്‌ സ്കൊളാസ്റ്റിസിസത്തിന്റെ ചൈതന്യത്തെ കൂടുതൽ പ്രതിഭലിപ്പിച്ചത്. ഇതു തന്നെ രണ്ടു രീതിയിൽ ഉണ്ടായിരുന്നു: ആദ്യത്തേതിൽ ചർച്ച ചെയ്യപ്പെടാനുള്ള വിഷയം മുന്നേ അറിയിച്ചിരിക്കും; രണ്ടാമത്തേതിൽ, നേരത്തേ അറിയിക്കാതെ വിദ്യാർത്ഥി അദ്ധ്യാപകന്റെ മുന്നിൽ ഒരു പ്രശ്നം ഉന്നയിക്കുന്നു. അദ്ധ്യാപകൻ ഇതിന്‌, ബൈബിളിലോ മറ്റോ ഉള്ള ഏതെങ്കിലും ആധികാരിക പാഠത്തെ ആശ്രയിച്ച് മറുപടി പറയുന്നു. വിദ്യാർത്ഥികൾ ഈ മറുപടിയോട് പ്രതികരിക്കുന്നു. അങ്ങനെ മറുപടിയും പ്രതികരണവും പലവട്ടം ആവർത്തിക്കപ്പെടുന്നു. ആരെങ്കിലും പറഞ്ഞതെല്ലാം രേഖപ്പെടുത്തി വയ്ക്കുന്നു. അതിനെ ആശ്രയിച്ച് അദ്ധ്യപകൻ അടുത്ത ദിവസം വാദങ്ങളെല്ലാം സമാഹരിച്ചും എല്ലാ എതിർപ്പികളെ മറികടന്നും തന്റെ അന്തിമനിലപാട് അവതരിപ്പിക്കുന്നു.

വിലയിരുത്തൽ

ഹൃദയത്തിൽ ദുരന്തം എഴുതിച്ചേർത്തിരുന്ന ഒരു ഗ്രീക്ക് ട്രാജഡിയോട് സ്കൊളാസ്റ്റിസിസത്തെ വിൽ ഡുറാന്റ് താരതമ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, വിശ്വാസത്തെ യുക്തികൊണ്ട് സ്ഥാപിക്കാനുള്ള സ്കൊളാസ്റ്റിസിസത്തിന്റെ ശ്രമം യുക്തിയുടെ പ്രാമാണികതയ്ക്കു ലഭിച്ച പരോക്ഷമായ അംഗീകാരമായിരുന്നു. യുക്തിവഴി വിശ്വാസത്തെ സ്ഥാപിക്കാനാവില്ലെന്ന ജോൺ ഡൺസ് സ്കോട്ടസിനേയും മറ്റും പോലുള്ള സ്കൊളാസ്റ്റിക്കുകളുടെ സമ്മതം, കാലക്രമത്തിൽ സ്കൊളാസ്റ്റിസിസത്തെ തകർക്കുകയും വിശ്വാസത്തെ ദുർബ്ബലമാക്കുകയും ചെയ്തു. ലത്തീൻ ക്രിസ്തീയതയ്ക്ക് യവനലോകത്തിൽ നിന്നു ലഭിച്ച അരിസ്റ്റോട്ടിൽ, എണ്ണമറ്റ ശത്രുതകൾ ഒളിച്ചിരുന്ന ഒരു ട്രോജൻ കുതിരയായിരുന്നു. ക്രിസ്തുമതത്തിനെതിരായുള്ള പേഗൻ സംസ്കൃതിയുടെ പ്രതികാരം അതു നടപ്പാക്കി. അരിസ്റ്റോട്ടിലിനെ പാശ്ചാത്യ ക്രിസ്തീയതയ്ക്ക് പകർന്നു കൊടുക്കുന്നതിൽ അറേബ്യൻ ചിന്തയ്ക്കുള്ള പങ്ക് പരിഗണിക്കുമ്പോൾ, പലസ്തീനയിലും, സ്പെയിനിലും മറ്റും അപ്പോൾ ആക്രമിക്കപ്പെട്ടു കൊണ്ടിരുന്ന ഇസ്ലാമിന്റെ കൂടി പ്രതികാരമായിരുന്നു അത്.[10]

അതേസമയം, ഏതു നിലപാടിൽ നിന്നു നോക്കുന്നവർക്കും, സ്കൊളാസ്റ്റിക് പ്രസ്ഥാനത്തിന്റെ ഉജ്ജ്വലത കണ്ണിൽ‌പ്പെടാതിരിക്കില്ല. യുവത്വത്തിന്റെ ധീരതയും എടുത്തുചാട്ടവും പ്രകടിപ്പിച്ച ആ പ്രസ്ഥാനം യുവപ്രായത്തിന്റെ ബലഹീനതകളായ അതിരറ്റ ആത്മവിശ്വാസവും സം‌വാദപ്രേമവും പ്രകടിപ്പിച്ചു. പുതുകൗമാരത്തിൽ യുക്തിയുടെ കേളിയെ വീണ്ടും കണ്ടെത്തിയ യൂറോപ്പിന്റെ സ്വരമായിരുന്നു അത്. ഉദാത്ത സ്കൊളാസ്റ്റികതയുടെ രണ്ടു നൂറ്റാണ്ടുകൾ, അന്വേഷണത്തിലും, ചിന്തയിലും, അദ്ധ്യാപനത്തിലും അനുഭവിച്ച സ്വാതന്ത്ര്യത്തെ ഇക്കാലത്തെ യൂറോപ്പിനു പോലും അതിശയിക്കാനായിട്ടില്ല.[10]

സ്കൊളാസ്റ്റിക്ക് ചിന്ത വൃഥാപ്രയത്നമായിരുന്നു എന്നു കരുതുന്ന വിമർശകരും ഉണ്ട്. പതിനാറാം നൂറ്റാണ്ടിലെ പ്രമുഖ ഇംഗ്ലീഷ് ചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമായ തോമസ് മൂർ ഈ അഭിപ്രായക്കാരനായിരുന്നു. സ്കോളാസ്റ്റിക്കുകളുടെ തലനാരിഴകീറൽ, മുട്ടനാടിനെ അരിപ്പയിൽ കറക്കുന്നത്ര ഫലദായകമായിരുന്നു[൨] എന്നാണ് മൂർ പരിഹസിച്ചത്.[11]

കുറിപ്പുകൾ

^ യേശുവിന്റെ അമ്മ മറിയം മറ്റു മനുഷ്യരിൽ നിന്ന് വ്യത്യസ്തയായി "ജന്മപാപം" ഇല്ലാതെ ഉത്ഭവിച്ചവളാണ്‌ എന്ന വിശ്വാസത്തെയാണ്‌ "അമലോത്ഭവം" സൂചിപ്പിക്കുന്നത്. അക്വീനാസിനെതിരെ ജോൺ ഡൺസ് സ്കോട്ടസും മറ്റും ഏടുത്ത നിലപാടാണ്‌ ഇക്കാര്യത്തിൽ ആദ്യം പാരിസ് സർ‌വകലാശാലയും ഒടുവിൽ കത്തോലിക്കാ സഭ തന്നെയും അംഗീകരിച്ചത്.

^ "....as profitable as milking a he-goat into a sieve."

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സ്കൊളാസ്റ്റിസിസം&oldid=2375720" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്