യേശു

ക്രിസ്ത്യാനികളുടെ ദൈവപുത്രന്‍
കർത്താവ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കർത്താവ് (വിവക്ഷകൾ) എന്ന താൾ കാണുക.കർത്താവ് (വിവക്ഷകൾ)

ഈശോ, ഈശോമിശിഹാ, യേശു ക്രിസ്തു എന്നൊക്കെ അറിയപ്പെടുന്ന നസ്രത്തിലെ യേശു (7–2 BC/BCE to 26–36 AD/CE),[2][3] ക്രിസ്തുമതത്തിന്റെ കേന്ദ്രപുരുഷനും മിക്ക ക്രിസ്ത്യാനികളും ദൈവത്തിന്റെ അവതാരമായി കരുതുന്നതും മറ്റു പല മതങ്ങളിലും പ്രധാന്യമുള്ളതുമായ വ്യക്തിയാണ്‌. യേശു ക്രിസ്തു എന്ന് പൊതുവായി ഇദ്ദേഹം അറിയപ്പെടുന്നെങ്കിലും ക്രിസ്തു എന്നത്‌ പേരിന്റെ ഭാഗമല്ല. അഭിഷിക്തൻ എന്നർത്ഥമുള്ള ഈ വാക്ക് യേശു എന്ന നാമത്തിനൊപ്പം ക്രൈസ്തവർ ഉപയോഗിച്ചു വരുന്ന സ്ഥാനപ്പേരാണ്.[4]

യേശു
ജനനം7–2 BC/BCE
ബെത്‌ലഹെം, യൂദയാ, റോമാ സാമ്രാജ്യം (പരമ്പരാഗത വിശ്വാസം)
മരണം26–36 AD/CE. (ക്രിസ്ത്യാനികൾ അദ്ദേഹം മൂന്നുനാൾക്കുശേഷം ഉയിർത്തെഴുന്നേറ്റതായി വിശ്വസിക്കുന്നു.)
ഗൊൽഗോഥാ, ജോസെഫൂസിന്റെ രണ്ടാം ജറൂസലേം മതിലിനു പുറത്ത്, യൂദയാ പ്രവിശ്യ, റോമാ സാമ്രാജ്യം
മരണ കാരണംകുരിശുമരണം
അന്ത്യ വിശ്രമംഒരു പൂന്തോട്ടത്തിലുള്ള ശവക്കല്ലറ, പരമ്പരാഗത വിശ്വാസപ്രകാരം ഇന്ന് വിശുദ്ധ ശവകുടീരത്തിന്റെ പള്ളി നിലകൊള്ളുന്ന സ്ഥാനത്ത്[1]
തൊഴിൽആശാരി, സഞ്ചരിക്കുന്ന പ്രബോധകൻ

ക്രിസ്തുമത വിശ്വാസ പ്രകാരം യേശു പഴയനിയമത്തിൽ ഇസ്രയേൽ ജനതയ്ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന മിശിഹായും ലോകരക്ഷക്കായി ജഡശരീരമെടുത്ത ദൈവപുത്രനുമാണ്‌.[5] ക്രിസ്തീയ വിശ്വാസം കേന്ദ്രീകരിച്ചിരിക്കുന്നത്‌ യേശുവിന്റെ കുരിശിലെ മരണത്തിലും അതുവഴി സാധിച്ചെടുത്തതായി വിശ്വസിക്കപ്പെടുന്ന മനുഷ്യകുലത്തിന്റെ രക്ഷയിലുമാണ്.[6] യേശുവിനേക്കുറിച്ചുള്ള മറ്റു ക്രിസ്തീയ വിശ്വാസങ്ങളിൽ പ്രധാനപ്പെട്ടവ അദ്ദേഹം പുരുഷേച്ഛയിൽ നിന്നല്ലാതെ ജനിച്ചവനും അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചവനും സഭാ സ്ഥാപനം നടത്തിയവനും മരണശേഷം ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്തവനും അവസാന നാളിൽ വീണ്ടും വരാനിരിക്കുന്നവനുമാണെന്നതാണ്‌. ക്രിസ്ത്യാനികൾ ബഹുഭൂരിപക്ഷവും യേശുവിനെ ദൈവവുമായുള്ള അനുരഞ്ജനം സാധ്യമാക്കിയ   ദൈവപുത്രനും ത്രിത്വത്തിലെ രണ്ടാമത്തെ ആളുമായി ആരാധിക്കുന്നു. എന്നാൽ ത്രിത്വവിശ്വാസം ബൈബിളധിഷ്ടിതമല്ലെന്ന് കരുതുന്നതിനാൽ ചില ക്രൈസ്തവ വിഭാഗങ്ങൾ യേശുവിന് പിതാവിന് തുല്യമായ ദൈവികത നൽകുന്നില്ല.

ഇസ്ലാം മത വിശ്വാസികൾക്ക്‌ യേശു, ഈസാ (അറബി: عيسى) മസീഹ് എന്ന പേരിലറിയപ്പെടുന്ന പ്രവാചകനും[7][8] ദൈവവചനം അറിയിച്ചവനും അത്ഭുതപ്രവർത്തകനും മിശിഹായുമാണ്‌‌. എന്നാൽ, യേശുവിന്റെ ദൈവികത്വവും കുരിശുമരണവും ഇസ്ലാം മതവിശ്വാസികൾ അംഗീകരിക്കുന്നില്ല.[9] പക്ഷേ, അദ്ദേഹം ശരീരത്തോടെ സ്വർഗ്ഗാരോഹണം ചെയ്തെന്ന് വിശ്വസിക്കുന്നു.

പേരിനു പിന്നിൽ

യേശു എന്ന വാക്ക്‌ യെഹോശുവ ( יהושע ) (ഇംഗ്ലീഷിൽ ജോഷ്വ) എന്ന ഹീബ്രു വാക്കിന്റെ രൂപഭേദമാണ്. 'യഹോവ രക്ഷയാകുന്നു' എന്നാണ്‌ ഈ പേരിന്റെ അർത്ഥം.[10] ക്രിസ്തു എന്ന പദമാകട്ടെ അഭിഷക്തൻ എന്നർത്ഥമുള്ള ക്രിസ്തോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്‌ രൂപം കൊണ്ടത്. [11] പൗരസ്ത്യ സുറിയാനിയിൽ ഈശോ എന്നും പാശ്ചാത്യ സുറിയാനിയിൽ യേശു എന്നുമാണ്‌ ഉച്ചാരണം.

ജീവിതരേഖ

യേശു ജനിച്ച വർഷവും സമയവും സംബന്ധിച്ച് പണ്ഡിതരുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. യേശു ജനിച്ചത് ബി.സി. 7-നും 2-നും ഇടയിലാണെന്നും, മരിച്ചത് ഏ.ഡി.26-നും 36-നും ഇടയിലാണെന്നും വിവിധ അഭിപ്രായങ്ങൾ പ്രകാരം കാണുന്നു .[12][13] ഇന്നത്തെ പാശ്ചാത്യരീതിയിലുള്ള വർഷക്കണക്ക് ക്രിസ്തുവിന്റെ ജനനത്തിനുശേഷമുള്ള വർഷങ്ങൾ എണ്ണാൻ പുരാതനകാലം മുതൽ നടന്ന ശ്രമത്തിന്റെ ഭാഗമാണ്‌. മത്തായിയുടെ സുവിശേഷമനുസരിച്ച് യേശുവിന്റെ ജനനം ബി.സി. 4ആം നൂറ്റാണ്ടിൽ മരിച്ച [14] ശ്രേഷ്ഠനായ ഹെറോദേസിന്റെ കാലത്തായിരുന്നു. എന്നാൽ ലൂക്കായുടെ സുവിശേഷമനുസരിച്ച് യേശുവിന്റെ ജനനം ഏ.ഡി. ആറാം നൂറ്റാണ്ടിൽ നടന്ന [15] സിറിയയിലെയും യൂദയായിലെയും ആദ്യത്തെ ജനസംഖ്യാക്കണക്കെടുപ്പിന്റെ കാലത്താണ്‌.

ലഭ്യമായ തെളിവുകളനുസരിച്ച് ഡിസംബർ 25-ആം തിയതി യേശുവിന്റെ ജനനം ആഘോഷിക്കാൻ തുടങ്ങിയത് ഏ.ഡി. 354-ൽ റോമിലാണ്‌. ആദ്യകാലത്ത് പാശ്ചാത്യ-പൗരസ്ത്യ സഭകൾ വ്യത്യസ്ത തീയതികളിലായിരുന്നു യേശുവിന്റെ ജനനം ആഘോഷിച്ചിരുന്നത്. പിൽക്കാലത്ത് ആഗോള വ്യാപകമായി മിക്ക സഭകളും ക്രിസ്തുമസ് തീയതി ഡിസംബർ 25 ആയി സ്വീകരിച്ചു തുടങ്ങി. എന്നാൽ അർമേനിയൻ സഭയുൾപ്പെടെയുള്ള ചില പൗരസ്ത്യ ക്രിസ്തീയ സഭകൾ ഇപ്പോഴും ജനുവരി 6 ആണ്‌ ക്രിസ്തുമസ് ആയി ആഘോഷിക്കുന്നത്.[16] പലപ്പോഴായി വർഷത്തിലെ എല്ലാ മാസങ്ങളിലും തന്നെ ക്രിസ്തുവിന്റെ ജനനത്തിയതി കണക്കാക്കപ്പെട്ടിട്ടുണ്ട്.[16]

യേശുവിന്റെ സുവിശേഷപ്രഘോഷണകാലഘട്ടം സ്നാപകയോഹന്നാന്റെ പ്രഘോഷണകാലഘട്ടത്തിനുശേഷമായിരുന്നു.[17] സ്നാപകയോഹന്നാൻ പ്രഘോഷണം തുടങ്ങിയത് തിബേരിയൂസ് സീസറിന്റെ ഭരണത്തിന്റെ പതിനഞ്ചാം വർഷമായിരുന്നു, [Lk. 3:1–2] ഏതാണ്ട് 28/29 ഏ.ഡി.യിൽ. യേശുവിന്റെ സുവിശേഷപ്രഘോഷണകാലം സിനോപ്റ്റിക്ക് സുവിശേഷങ്ങൾ പ്രകാരം ഒരു വർഷവും യോഹന്നാന്റെ സുവിശേഷപ്രകാരം മൂന്നുവർഷവും നീണ്ടുനിന്നു.[18] സുവിശേഷങ്ങളനുസരിച്ച് യേശുവിന്റെ മരണം പൊന്തിയോസ് പീലാത്തോസ് യൂദായുടെ റോമൻ പ്രൊക്കുറേറ്റർ ആയിരുന്ന ഏ.ഡി. 26-നും ഏ.ഡി. 36-നും ഇടയിലുള്ള കാലത്താണ്‌ സംഭവിച്ചത്.[19] ജൂത ചരിത്രകാരനായ യോസഫൂസും[20] ചരിത്രകാരനും റോമൻ സെനറ്ററുമായിരുന്ന താസിത്തൂസും, പീലാത്തോസാണ്‌ യേശുവിന്റെ വധിക്കാൻ ഉത്തരവിട്ടത് എന്ന് സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ നോക്കിയാൽ യേശുവിന്റെ കുരിശുമരണം ഏ.ഡി. 29-നു മുമ്പോ ഏ.ഡി. 36-നു ശേഷമോ ആവാൻ തരമില്ല.

മിക്ക ക്രൈസ്തവ സഭകളും യേശുവിന്റെ കുരിശുമരണം ദുഃഖവെള്ളിയാഴ്ചയും ഉയിർത്തെഴുന്നേല്പ്പ് ഈസ്റ്റർ ഞായറാഴ്ചയും അനുസ്മരിക്കുന്നു.

സുവിശേഷങ്ങളിലെ യേശു

നാലു സുവിശേഷങ്ങൾ

നല്ല ഇടയനായി യേശുവിനെ ചിത്രീകരിച്ചിരിക്കുന്നു (യേശുവിന്റെ ഉപമകളിലൊന്നാണ് നല്ല ഇടയന്റേത്[21])

യേശുവിന്റെ ജീവിതത്തെക്കുറിച്ച് പ്രധാനമായും വിവരങ്ങൾ തരുന്നത് ക്രിസ്തീയ ബൈബിളിന്റെ ഭാഗമായ നാലു സുവിശേഷങ്ങളാണ്. മത്തായിയുടെ സുവിശേഷം, മർക്കോസിന്റെ സുവിശേഷം, ലൂക്കായുടെ സുവിശേഷം, യോഹന്നാന്റെ സുവിശേഷം എന്നിവയാണവ. അവയിൽ ആദ്യത്തെ മൂന്നു സുവിശേഷങ്ങൾ ഏതാണ്ട് ഒരേ നിലപാടിൽ നിന്ന് എഴുതപ്പെട്ടവയാണ്. അതിനാൽ അവയെ പൊതുവായി സമാന്തരസുവിശേഷങ്ങൾ എന്നു വിളിക്കുന്നു. നാലാമത്തേതായ യോഹന്നാന്റെ സുവിശേഷം വ്യതിരിക്തമായൊരു കാഴ്ചപ്പാടാണ് പിന്തുടരുന്നത്.

ജനനം, കുടുംബം, വംശാവലി

സുവിശേഷങ്ങളിലെ വിവരണങ്ങൾ അനുസരിച്ച്, പലസ്തീനയിൽ റോമൻ മേൽക്കോയ്മ നിലനിൽക്കേ, യൂദയായിലെ ബേത്‌ലഹേമിൽ യേശു ജനിച്ചു. ആശാരിപ്പണിക്കാരനായിരുന്ന യൗസേപ്പിന്റെ ഭാര്യ മറിയം ആയിരുന്നു അമ്മ. എന്നാൽ മറിയയും യൗസേപ്പും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവർ സഹവസിക്കുന്നതിനു മുമ്പ് അവൾ ദൈവാത്മാവിന്റെ ശക്തിമൂലം ഗർഭം ധരിച്ചതിനാൽ യൗസേപ്പ് യേശുവിന്റെ ജഡത്താലുള്ള പിതാവായി പരിഗണിക്കപ്പെടുന്നില്ല. അദ്ദേഹത്തെ യേശുവിന്റെ വളർത്തുപിതാവായി മാത്രം കണക്കാക്കുന്നു. യൗസേപ്പും മറിയവും ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും മഹാനായ രാജാവായിരുന്ന ദാവീദിന്റെ വംശത്തിൽ പെട്ടവരായിരുന്നു. മത്തായിയുടേയും, ലൂക്കായുടേയും സുവിശേഷങ്ങൾ യേശുവിന്റെ വംശാവലി രേഖപ്പെടുത്തിയിട്ടുണ്ട്. മത്തായിയുടെ സുവിശേഷത്തിലെ വംശാവലി യഹൂദജനതയുടെ പൂർവപിതാവായ അബ്രാഹം വരെയുള്ളതാണെങ്കിൽ, ലൂക്കായുടെ സുവിശേഷത്തിലേത് മനുഷ്യവംശത്തിന്റെ ആദിപിതാവായി കരുതപ്പെടുന്ന ആദം വരെയുള്ളതാണ്.

പരസ്യജീവിതം, കുരിശുമരണം

ബേത്‌ലഹേമിൽ ജനിച്ച യേശു ഗലീലായിലെ നസറത്തിൽ മുപ്പതുവയസ്സുവരെ ഏറെ അറിയപ്പെടാത്തവനായി യൗസേപ്പിനും മറിയത്തിനും കീഴ്വഴങ്ങി ജീവിച്ചു. മുപ്പതു വയസ്സായപ്പോൾ യോർദ്ദാൻ നദിക്കരെ സ്നാപകയോഹന്നാനിൽ നിന്നു ജ്ഞാനസ്നാനം സ്വീകരിച്ചതോടെ തുടങ്ങിയ യേശുവിന്റെ പരസ്യജീവിതം, ഗലീലായിലും യൂദയായിലുമായി, ഏതാണ്ട് മൂന്നു വർഷം നീണ്ടു നിന്നു. വിശുദ്ധനഗരമായ ജറൂസലേമിലാണ് അത് പര്യവസാനിച്ചത്. സുവിശേഷങ്ങളിൽ പ്രകടമാകുന്ന യേശുവിന്റെ വ്യക്തിത്വം ആരേയും പിടിച്ചുനിർത്തുന്ന ഒന്നാണ്.[22] അദ്ദേഹത്തിന്റെ പഠനങ്ങൾ യഹൂദമതത്തിന്റെ തത്ത്വങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ചതായിരുന്നെങ്കിലും, അക്കാലത്തെ മതനേതൃത്വത്തിന് രസിക്കുന്നതായിരുന്നില്ല ആ പഠനങ്ങളുടെ ഊന്നൽ. പോരാഞ്ഞ് യേശു യഹൂദരും റോമൻ അധികാരികളുമായി സംഘർഷത്തിനു കാരണമായേക്കും എന്നും യഹൂദനേതൃത്വം ഭയന്നു. ഒടുവിൽ മതനേതൃത്വത്തിന്റെ ഒത്താശയോടെ, റോമൻ അധികാരികൾ ജറൂസലേമിൽ വച്ച്, യഹൂദർ ഈജിപ്തിലെ അടിമത്തത്തിൽ നിന്നുള്ള അവരുടെ മോചനത്തിന്റെ ഓർമ്മ ആചരിക്കുന്ന പെസഹാക്കാലത്ത്, യേശുവിനെ കുരിശിൽ തറച്ചു കൊന്നു. മരിച്ച് മൂന്നാം ദിവസം അദ്ദേഹം ഉയിർത്തെഴുന്നേറ്റു എന്നും സ്വർഗ്ഗാരോഹണം ചെയ്യപ്പെട്ടു എന്നും സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

മതവീക്ഷണങ്ങൾ

ക്രൈസ്തവ വീക്ഷണം

പ്രധാന ലേഖനം: ദൈവപുത്രൻ

മുഖ്യധാരാ ക്രൈസ്തവ വീക്ഷണ പ്രകാരം ദൈവിക ത്രിത്വത്തിലെ രണ്ടാമനായ ദൈവപുത്രന്റെ അഥവാ 'പുത്രനാം ദൈവത്തിന്റെ' മനുഷ്യാവതാരമാണ് യേശുക്രിസ്തു. ദൈവിക കല്പന ബോധപൂർവ്വം ലംഘിച്ചതിനാൽ പാപികളായ മനുഷ്യവർഗ്ഗത്തെ ദൈവികസ്നേഹത്തിലേക്ക് മടക്കിക്കൊണ്ടു വരാൻ കാലത്തികവിൽ പുത്രനായ ദൈവം പരിശുദ്ധാത്മ ശക്തിയാൽ കന്യക മറിയാമിന്റെ പുത്രനായി ബേത്‌ലഹേമിൽ ജനിച്ചു. യേശുക്രിസ്തു പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനും ആയിരുന്നു എന്നു മുഖ്യധാരാ സഭകളെല്ലാം തന്നെ അംഗീകരിക്കുന്നു. പാപമൊഴികെ മറ്റെല്ലാ കാര്യത്തിലും യേശു എല്ലാ മനുഷ്യർക്കും തുല്യനെന്നുള്ളതു പോലെ തന്നെ അദ്ദേഹത്തിന്റെ ദൈവത്വത്തെപ്പറ്റിയുള്ള പരാമർശങ്ങളും ബൈബിളിൽ ഉള്ളതായി ഈ സഭകൾ വിശ്വസിക്കുന്നു. എന്നാൽ അത്രിത്വവിശ്വാസം പുലർത്തുന്ന യഹോവയുടെ സാക്ഷികളെ പോലെയുള്ള ക്രൈസ്തവസമൂഹങ്ങൾ യേശുവിന്റെ ദൈവികതയെ പൂർണ്ണമായോ ഭാഗികമായോ നിഷേധിക്കുന്നു. ഇവർ യേശുവിനെ രക്ഷകനായും, ഏക മദ്ധ്യസ്ഥനായും, പാപപരിഹാരകനായും മാത്രം കാണുന്നു.

ഇസ്ലാമിക വീക്ഷണം

ദൈവപുത്രനായിട്ടല്ല ഇസ്‌ലാമിൽ യേശുവിനെ ഉദ്ധരിച്ചിരിക്കുന്നത്. മറിച്ച് ജനങ്ങൾക്ക് ദൈവികദർശനവുമായി വരുന്ന പ്രവാചകനായിട്ടാണ് യേശുവിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. യേശുവിന്റെ ജനനം, മരണം, ജീവിതം എന്ന് തുടങ്ങി എല്ലാ വിഷയത്തിലും ഖുർആൻ ബൈബിളിൽനിന്നും ഒരല്പം വ്യത്യസ്തമായ വീക്ഷണമാണ് വരച്ചു കാണിക്കുന്നത്. മുസ്‌ലിംകൾ യേശുവിനെ ഈസാ നബി എന്നു വിളിക്കുന്നു. യേശുവിന്റെ കുരിശ് മരണം ഇസ്‌ലാമിക വിശ്വാസത്തിലില്ല.

ചരിത്രത്തിലെ യേശു

പ്രശ്നം

ഒന്നാം നൂറ്റാണ്ടിൽ റോമൻ ആധിപത്യത്തിൻ കീഴിലായിരുന്ന, ഗ്രീക്ക് ഭാഷയുടെയും സംസ്കാരത്തിന്റേയും സ്വാധീനം കാര്യമായുണ്ടായിരുന്ന, ഗലീലായും യൂദയായും ആണ് യേശുവിന്റെ ഐഹിക ജീവിതത്തിന്റെ സ്ഥലകാലങ്ങൾ ആയി പരിഗണിക്കപ്പെടുന്നത്. ജന്മം കൊണ്ടും വിശ്വാസം കൊണ്ടും അദ്ദേഹം യഹൂദനായിരുന്നു. റോമാക്കാരും ഗ്രീക്കുകാരും യഹൂദരും, ചരിത്രബോധമുള്ളവരും, ചരിത്രത്തെ കാര്യമായി എടുക്കുന്നവരും ആയിരുന്നു. എന്നിട്ടും ക്രൈസ്തവ രേഖകളായ സുവിശേഷങ്ങൾ അല്ലാതെ യേശുവിനെ സംബന്ധിച്ച്, സമകാലികമായ റോമൻ, ഗ്രീക്ക്, യഹൂദ രേഖകളൊന്നും ഇല്ലാതെ പോയത് ചരിത്രകാരന്മാരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സമകാലീന യഹൂദ ചിന്തകനും ചരിത്രകാരനുമായിരുന്ന ഫിലോ (ക്രി.മു. 20 - ക്രി.പി. 50) യേശുവിനെക്കുറിച്ച് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.[23]ക്രി.പി. 100-ൽ മരിച്ച ഫ്ലാവിയസ് ജോസഫ് എന്ന യഹൂദ ചരിത്രകാന്റെ രചനകളിൽ യേശുവിനെക്കുറിച്ചുള്ളതായി നേരത്തേ കരുതപ്പെട്ടിരുന്ന പരാമർശം മിക്കവാറും, പിൽക്കാലത്ത് ചേർക്കപ്പെട്ടതാണെന്ന് ഇന്ന് പരക്ക സമ്മതിക്കപ്പെട്ടിട്ടുമുണ്ട്. പുതിയ നിയമത്തിൽ തന്നെയുള്ള വിശുദ്ധ പൗലോസിന്റെ ലേഖനങ്ങൾ പോലും യേശുവിന്റെ ഭൗതിക ജീവിതത്തെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല.

അന്വേഷണങ്ങൾ, നിഗമനങ്ങൾ

അതേസമയം യേശുവിലുള്ള വിശ്വാസം ചരിത്രഗതിയെ നിയന്ത്രിക്കുന്നതിൽ വഹിച്ചതും വഹിച്ചുകൊണ്ടിരിക്കുന്നതുമായ പങ്കു കണക്കിലെടുക്കുമ്പോൾ, യേശുവിനെ ഒരു കെട്ടുകഥയിലെ കഥാപാത്രമായി എഴുതിത്തള്ളുക അസാദ്ധ്യമാണ്. ചരിത്രത്തിലെ യേശുവിനെ, കാലാകാലങ്ങളിൽ വിശ്വാസം വച്ചുചേർത്ത പൊടിപ്പും തൊങ്ങലുമെല്ലാം മാറ്റി, കണ്ടെടുക്കാനുള്ള ശ്രമങ്ങൾ പലപ്പോഴും നടന്നിട്ടുണ്ട്. പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിലെ ജർമ്മനിയിൽ ഈ അന്വേഷണം ഒരു ഹരം തന്നെ ആയിരുന്നു. അത്തരം അന്വേഷണങ്ങളുടെ ഭാഗമായി, യേശുവിന്റെ പല സുവിശേഷേതര ജീവചരിത്രങ്ങളും ഉണ്ടായിട്ടുണ്ട്. ആ അന്വേഷണ പ്രക്രിയയുടേയും ജീവചരിത്രങ്ങളുടേയും ഒരു സമഗ്ര പഠനം തന്നെ പ്രസിദ്ധ ദൈവശാസ്ത്രജ്ഞനും മിഷനറിയും മനുഷ്യസ്നേഹിയും നോബേൽ സമ്മാന ജേതാവുമായ ആൽബർട്ട് ഷ്വൈറ്റ്സർ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ എഴുതിയിട്ടുണ്ട്. "ചരിത്രത്തിലെ യേശുവിനു വേണ്ടിയുള്ള അന്വേഷണം" (The Quest of Historial Jesus) എന്നാണ് പ്രസിദ്ധമായ ആ പഠനഗ്രന്ഥത്തിന്റെ പേര്.[24]


സാമൂഹ്യപരിഷ്കർത്താവും ധർമ്മഗുരുവും ആയിരുന്ന യേശുവിനെ യുഗാന്തചിന്തയുടെ(eschatology) പ്രവാചകനായി ചിത്രീകരിച്ച സുവിശേഷകന്മാർ അദ്ദേഹത്തോട് അനീതിചെയ്തെന്ന്, ചരിത്രത്തിലെ യേശുവിനെക്കുറിച്ചുള്ള അന്വേഷണത്തിൽ ഷ്വൈറ്റ്സറുടെ പൂർ‌വഗാമികളായിരുന്നവർ പലരും കരുതിയിരുന്നു. ഇതിനു നേർ‌വിപരീതമായ നിഗമനങ്ങളിലാണ്‌ തന്റെ പഠനത്തിനൊടുവിൽ ഷ്വൈറ്റ്സർ എത്തിച്ചേർന്നത്. അവയുടെ സംഗ്രഹം ഏതാണ്ടിങ്ങനെയാണ്: വിശ്വാസവുമായി വഴിപിരിഞ്ഞ ആധുനിക കാലത്തെ സുവിശേഷേതര ജീവചരിത്രങ്ങളിലെ യേശു അവ എഴുതിയ യുക്തിവാദികളുടെ മനോധർമ്മ പ്രകടനങ്ങൾ മാത്രമാണ്‌. സുവിശേഷങ്ങൾ ഇഴ പിരിച്ച്, യൂറോപ്യൻ ജ്ഞാനോദയത്തിന്റെ സൃഷ്ടിയായ ആധുനികയുക്തിയുമായി ഒത്തുപോകുന്ന ഒരു യേശുവിനെ കണ്ടെത്താനുള്ള ശ്രമം വ്യർഥമാണ്. യേശുവിന്റെ സന്മാർഗ്ഗപ്രബോധനങ്ങളെ ആധാരമാക്കി സുവിശേഷങ്ങളിലെ യുഗാന്തചിന്തയെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു പകരം യേശുവിനെ നയിച്ചിരുന്ന യുഗാന്തബോധത്തെ ആധാരമാക്കി അദ്ദേഹത്തിന്റെ സന്മാർഗ്ഗചിന്തയെ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്‌ വേണ്ടത്‌. യേശുവിന്റെ പ്രബോധനങ്ങളുടെ മുഖ്യ പ്രചോദനവും അടിസ്ഥാനവും യുഗാന്തചിന്തയായിരുന്നു. തന്റെ ജീവിതകാലത്തു തന്നെ ചരിത്രം പരിസമാപ്തിയിലെത്തുമെന്ന വിശ്വാസത്തിലാണ്‌ യേശു പരസ്യജീവിതം ആരംഭിച്ചതും ശിഷ്യന്മാരെ സുവിശേഷവേലയ്ക്ക് നിയോഗിച്ചതും. അതു നടക്കാൻ പോകുന്നില്ലെന്ന് ബോധ്യമായപ്പോൾ, തന്റെ മരണത്തോടെ യുഗസമാപ്തി എത്തിച്ചേരുമെന്ന വിശ്വാസത്തിൽ സ്വയം ബലികൊടുക്കാൻ അദ്ദേഹം തീരുമാനിച്ചു. അതിന്‌ അവസരമൊരുക്കും വിധം തന്റെ ദൗത്യത്തിന്റെ ശേഷഭാഗം യേശു രൂപപ്പെടുത്തി. ഷ്വൈറ്റ്സറുടെ പഠനത്തിലെ പ്രസിദ്ധമായൊരു ഭാഗം ഇതാണ്‌:

ഷ്വൈറ്റ്സറുടെ നിഗമങ്ങൾക്കു ശേഷം വലരെക്കാലത്തേക്ക് ചരിത്രത്തിലെ യേശുവിനെ അന്വേഷിക്കുന്ന പഠനങ്ങൾ കുറവായിരുന്നു. എന്നാൽ ഇപ്പോൾ പിന്നെയും അത്തരം പഠനങ്ങൾ ധാരാളമായി നടക്കുന്നുണ്ട് [26]

ഇന്ത്യയും യേശുവും

ഭാരതീയ/ബുദ്ധ ദർശനങ്ങളുമായി യേശുവിന്റെ ആശയങ്ങൾക്കുണ്ടായിരുന്ന സാദൃശ്യങ്ങളും 12 വയസ്സു മുതൽ 30 വയസ്സുവരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളിലെ അവ്യക്തതയും റഷ്യൻ ചരിത്രകാരനും സഞ്ചാരിയുമായിരുന്ന നിക്കോളാസ് നോതോവിച്ചാണ് ആധുനികലോകത്തിനു മുൻപിൽ അവതരിപ്പിച്ചത്[27].1887ൽ ലഡാക്കിലെ സോജിലാ ചുരത്തിലെത്തിയ നോതോവിച്ച്.അവിടുത്തെ ലാമയിൽ നിന്നാണ് യൂറോപ്യനായ 'ക്രിസ്ത്യൻ ദലൈലാമ'യെക്കുറിച്ച്നോതോവിച്ച് കേൾക്കുന്നത്.യേശു ജീവിച്ച വിഹാരത്തെക്കുറിച്ചും അവിടെ സൂക്ഷിച്ചിട്ടുള്ള യേശുവിന്റെ പ്രബോധനങ്ങളും പ്രവർത്തികളും രേഖപ്പെടുത്തിയിട്ടുള്ള എഴുത്തുകളെക്കുറിച്ചും വിവരങ്ങൾ നൽകി. വിഹാരം തേടി യാത്രയായ നോതോവിച്ച് വളരെ കഷ്ടപ്പാടുകൾക്കു ശേഷം ആ എഴുത്തുകൾ നേരിൽക്കണ്ടു.നോതോവിച്ചിന്റെ കണ്ടെത്തെലുകളിൽനിന്നാണ് ഹോൾഗർ കേസ്റ്റന്റെ 'യേശു ഇന്ത്യയിൽ ജീവിച്ചിരുന്നു' എന്ന കൃതിയുടെ ജനനം. യൂറോകേന്ദ്രീകൃതമായ ചരിത്രത്തിൽ നിന്നുപരിയായി യേശുവിന്റെ ജീവിതത്തെ വിവിധ ദേശങ്ങളുടെയും സംസ്‌കാരങ്ങളുടെയും ചരിത്രവുമായി തുലനം ചെയ്യാൻ കേസ്റ്റൻ ശ്രമിച്ചിട്ടുണ്ട്.[28]എന്നാൽ മാക്സ് മുള്ളറെ പോലുള്ള ചരിത്രകാരന്മാർ ഈ വാദങ്ങളെ അംഗീകരിച്ചിരുന്നില്ല[29]

യേശുവചനങ്ങൾ

വിക്കിചൊല്ലുകളിലെ യേശു എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
  • നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.
  • അന്ധൻ അന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും.
  • വാളെടുക്കുന്നവൻ വാളാൽ നശിക്കും.
  • ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപ്പെടുത്താതിരിക്കട്ടെ.
  • സീസറിനുള്ളത് സീസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക.
  • നിങ്ങളിൽ ഏറ്റവും ചെറിയവൻ ആരോ അവനാണ് നിങ്ങളിൽ ഏറ്റവും വലിയവൻ.
  • ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം.
  • നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയാണ് നിങ്ങളുടെ ഹൃദയവും.
  • കണ്ണാണു ശരീരത്തിന്റെ വിളക്ക്. കണ്ണു കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും. കണ്ണു ദുഷിച്ചതെങ്കിലോ ശരീരം മുഴുവൻ ഇരുണ്ടുപോകും.
  • മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെ തന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ

അരാണ് യേശു?

■മററു ചിലർ പറഞു:ഇവൻ ഏലിയ ആണ്, േവറെ ചിലർ പറഞു:്രപവാചകരിൽ ഒരുവനെ പേപാലെ ഇവനും ഒരു ്രപവചകനാണ്.(മാർകോസ്ഃ6ഃ15)■johnഃ5ഃ30■johnഃ6ഃ14■johnഃ9ഃ17■johnഃ8ഃ40■actsഃ2ഃ22■actsഃ3ഃ13

ഖുർആനിൽ

□Quranഃ3ഃ46,48□quranഃ2ഃ136□quranഃ3ഃ84,85□quranഃ4ഃ163,171□quran42ഃ13□quranഃ57ഃ27

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

മതവീക്ഷണങ്ങൾ
ചരിത്രപരവും വിമർശനാത്മകവുമായ വീക്ഷണങ്ങൾ
"https:https://www.search.com.vn/wiki/index.php?lang=ml&q=യേശു&oldid=4073597" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്