യഹോവയുടെ സാക്ഷികൾ

അത്രിത്വവിശ്വാസങ്ങൾ പിന്തുടരുന്നവരുമായ ഒരു അന്താരാഷ്ട്ര ക്രിസ്തീയ മതവിഭാഗം

മുഖ്യധാരാക്രൈസ്തവരിൽ നിന്നു വ്യത്യസ്തമായി പുനരുത്ഥാനവിശ്വാസികളും,[2] സഹസ്രാബ്ദവാഴ്ച്ചക്കാരും,[3] അത്രിത്വവിശ്വാസങ്ങൾ പിന്തുടരുന്നവരുമായ ഒരു അന്താരാഷ്ട്ര ക്രിസ്തീയ[4] മതവിഭാഗമാണ്[5] യഹോവയുടെ സാക്ഷികൾ (ഇംഗ്ലീഷ്:Jehovah's Witnesses).[6]മതം എൺപത്തിയെട്ട് ലക്ഷത്തിലധികം വിശ്വാസികൾ സുവാർത്ത പ്രചാരക വേലയിൽ ഏർപ്പെടുന്നതായും, ഒരു കോടി അമ്പതു ലക്ഷത്തിൽപരം സമ്മേളനഹാജർ ഉള്ളതായും, രണ്ട് കോടിയിൽ അധികം വാർഷിക സ്മാരക ഹാജർ ഉള്ളതായും രേഖപ്പെടുത്തുന്നു. ലോകവ്യാപകമായി ഏതാണ്ട് 240 ദേശങ്ങളിൽ ഇവരുടെ പ്രവർത്തനം നടത്തപ്പെടുന്നു.[7]ലോക വ്യവസ്ഥിതിയെ അർമ്മഗദോനിലൂടെ ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടർന്ന് മനുഷ്യവർഗ്ഗത്തിന്റെ സമസ്ത പ്രശ്നങ്ങൾക്കുമുള്ള ഒരു ശാശ്വതപരിഹാരമായി ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടും എന്നുള്ളതാണ് ഇവരുടെ കേന്ദ്രവിശ്വാസം.[8]

യഹോവയുടെ സാക്ഷികൾ
വിഭാഗംക്രിസ്തീയസഭാപുനരുദ്ധാരണം
വീക്ഷണംസഹസ്രാബ്ദവാദം
ഘടനമുകളിൽ നിന്ന് താഴേക്കുള്ള മേൽനോട്ടം
പ്രദേശംലോകവ്യാപകം
മുഖ്യകാര്യാലയംവാർവിക്ക്, ന്യൂയോർക്ക്, അമേരിക്കൻ ഐക്യനാടുകൾ
സ്ഥാപകൻചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ
ഉത്ഭവം1876: ബൈബിൾ‌ വിദ്യാർത്ഥികൾ സംഘടന ആരംഭിച്ചു
1931: യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിച്ചു
പെൻ‌സിൽ‌വാനിയ, അമേരിക്കൻ ഐക്യനാടുകൾ
അംഗങ്ങൾആഗോളമായി 88.19 ലക്ഷം
ഇന്ത്യയിൽ 57,795
വെബ്സൈറ്റ്http://www.jw.org/ml/
യഹോവയുടെ സാക്ഷികളുടെ
2023 സേവന റിപ്പോർട്ടിലെ വിവരം.[1]

സി.റ്റി. റസ്സൽ എന്ന ബൈബിൾ ഗവേഷകൻ 1876-ൽ സ്ഥാപിച്ച ബൈബിൾ വിദ്യാർത്ഥികൾ എന്ന നിഷ്പക്ഷ ബൈബിൾ പഠന സംഘടനയാണ് പഠിപ്പിക്കലുകളിലും സംഘാടനത്തിലും പല നവീകരണങ്ങൾക്കു ശേഷം 1931-ൽ ബൈബിളിലെ യെശയ്യാവ് 43:10-12(൨) ആധാരമാക്കി യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിച്ചത്. വാച്ച്ടവർ ബൈബിൾ ആന്റ് ട്രാകറ്റ് സൊസൈറ്റി എന്ന നിയമപരമായ കോർപ്പറേഷനിലൂടെയാണ് ഇവരുടെ പ്രവർത്തനം ലോകവ്യാപകമായി ഏകോപിപ്പിച്ച് നടത്തപ്പെടുന്നത്. യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസം ബൈബിളിൽ മാത്രം അടിസ്ഥാനപ്പെടുത്തി ഉള്ളതാണെന്ന് പറയുന്നു. പക്വതയുള്ള ഒരു കൂട്ടം പുരുഷന്മാരാലുള്ള ഭരണസംഘമാണ് ഇവരുടെ ദൈവശാസ്ത്രത്തിനും, പ്രവർത്തനങ്ങൾക്കും മേൽനോട്ടം നടത്തുന്നത്. [9]

യഹോവയുടെ സാക്ഷികൾ പിതാവായ ദൈവത്തിന്റെ യഹോവ[10] എന്ന നാമത്തിന്—അല്ലെങ്കിൽ മറ്റുഭാഷകളിൽ തത്തുല്യമായ ഉച്ചാരണത്തിന്—പ്രാധാന്യം കൊടുക്കുകയും യഹോവയെ മാത്രം സർവ്വശക്തനായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.[11] യേശുവിനെ ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്ത രാജാവായും പഠിപ്പിക്കുന്നു.[12]

ഇപ്പോൾ നാം ജീവിക്കുന്നത് ഒരു അന്ത്യകാലത്താണെന്നും പെട്ടെന്ന് തന്നെ ദൈവം ആയ യഹോവ ദുഷ്ടന്മാരെ എല്ലാം നശിപ്പിച്ചതിന് ശേഷം നീതിമാന്മാരായ മനുഷ്യർക്ക്‌ രോഗമോ, വാർധക്യമോ, മരണമോ ഇല്ലാത്ത ഒരു ജീവിതം ഈ ഭൂമിയിൽ നൽകും എന്ന് ഇവർ വിശ്വസിക്കുന്നു. പറുദീസ ആയി മാറ്റപ്പെടുന്ന ഈ ഭൂമിയിൽ മരിച്ചുപോയ നല്ലവരായ ആളുകളെ ദൈവം പുനരുത്ഥാനപ്പെടുത്തുമെന്നും അവരെ വീണ്ടും കാണാനാകുമെന്നും ഇവർ പ്രത്യാശിക്കുന്നു.[13]

മുഖ്യധാരാ ക്രൈസ്തവ സഭകളുടെ ഉപദേശങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവരുടെ പഠിപ്പിക്കലുകൾ.[14] വിശ്വാസികൾ ത്രിത്വവും, തീ നരകവും, ആത്മാവിന്റെ അമർത്യതയും ബൈബിളധിഷ്ഠിതമല്ല എന്ന് പഠിപ്പിച്ച് തിരസ്കരിക്കുന്നു. ക്രിസ്തുമസ്, ഈസ്റ്റർ, ജന്മദിനം എന്നിവയ്ക്ക് പുറജാതീയ ഉദ്ഭവം ഉള്ളതിനാൽ അവയ്ക്ക് ക്രിസ്തുമതത്തിൽ സ്ഥാനമില്ല എന്നു പഠിപ്പിച്ച് ആഘോഷിക്കുന്നില്ല.

ഇവരുടെ ആരാധനാലയത്തെ 'രാജ്യഹാൾ' എന്നാണ് വിളിക്കുന്നത്‌. കുരിശോ മറ്റു വിഗ്രഹങ്ങളോ ആരാധനക്കായി ഇവർ ഉപയോഗിക്കാറില്ല.[15] കൂടാതെ, ഇവർക്ക് വൈദീകരോ ശമ്പളം പറ്റുന്ന പുരോഹിതന്മാരോ ഇല്ല. എല്ലാ പ്രവർത്തകരും സ്വമേധയാ സേവകർ ആണ്. പുകവലി, അടക്ക ചവക്കൽ, മയക്കുമരുന്നിന്റെ ദുരുപയോഗം, അസഭ്യസംസാരം തുടങ്ങിയ ദുശീലങ്ങൾ ഇവർക്ക് ഒട്ടും തന്നെ പാടുള്ളതല്ല. എന്നാൽ മദ്യം മിതമായ അളവിൽ ഉപയോഗിക്കുന്നതിൽ തടസം ഇല്ല.[16] യഹോവയുടെ സാക്ഷികൾ വൈദ്യ ചികിത്സാ തേടുന്നവർ ആണെങ്കിലും മറ്റുള്ളവരിൽ നിന്നും രക്തമോ രക്തത്തിന്റെ പ്രധാന ഘടകംശങ്ങളോ സ്വീകരിക്കില്ല. എന്നാൽ രക്തരഹിത വൈദ്യചികിത്സയും ശസ്ത്രക്രീയയും സ്വീകരിക്കും.[17]

വീടുതോറുമുള്ള സുവിശേഷ പ്രവർത്തനം ഇവരുടെ മുഖമുദ്ര ആണ്. വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകൾ ഇവരുടെ പ്രസിദ്ധീകരണങ്ങളാണ്. ഇവരുടെ പ്രവർത്തകർ 'പ്രചാരകർ' എന്നാണ് അറിയപ്പെടുന്നത്. ലോകത്തിൽ ഏറ്റവും അധികം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള വെബ്സൈറ്റ് യഹോവയുടെ സാക്ഷികളുടേത്‌ ആണ്. www.jw.org എന്ന ഇവരുടെ ഔദ്യോഗിക വെബ്സൈറ്റ് 2023ലെ കണക്ക് അനുസരിച്ച് 1,087 ഭാഷകളിൽ ലഭ്യമാണ്. [18] യഹോവയുടെ സാക്ഷികൾ തങ്ങളെ ദേശീയമോ, വർഗീയമോ, വംശീയമോ ആയ വ്യത്യാസമില്ലാത്ത ഒരു ആഗോള സഹോദരകുടുംബത്തിന്റെ ഭാഗമായി കണക്കാക്കുന്നു. അതുകൊണ്ട് തന്നെ ഇവർ യുദ്ധങ്ങളിൽ പങ്കെടുക്കുന്നില്ല. [19]

രാഷ്ട്രീയമായി നിഷ്പക്ഷരായിരിക്കാനും, ദേശീയപതാകയെ വന്ദിക്കാതിരിക്കാനും, ദേശീയഗാനം പാടാതിരിക്കാനും, സൈനിക സേവനം നടത്താതിരിക്കാനുള്ള വിശ്വാസികളുടെ മനസാക്ഷിപരമായ തീരുമാനം നിമിത്തം പല രാജ്യങ്ങളിലും ഇവരുടെ പ്രവർത്തനം, പ്രത്യേകമായും നിർബന്ധിത സൈനിക സേവനം നിഷ്കർഷിക്കുന്ന രാജ്യങ്ങളിൽ അധികാരികളുമായി നിയമയുദ്ധത്തിനു കാരണമായിട്ടുണ്ട്.[20] ഉദാഹരണത്തിന്, നാസി ജർമനിയിലും മുൻ സോവിയറ്റ് ഭരണത്തിൻ കീഴിലും ഇവർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. [21] ഹിറ്റ്ലറിന്റെ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചു എന്ന ഒറ്റ കാരണത്താൽ ആയിരകണക്കിന് യഹോവയുടെ സാക്ഷികളെ തടങ്കൽ പാളയങ്ങളിലേക്ക് അയക്കുകയും നൂറ് കണക്കിന് അംഗങ്ങളെ നേരിട്ട് വധിക്കുകയും ചെയ്തിട്ടുണ്ട്.[22] [23]

ഇവരുടെ ദീർഘകാല നിയമയുദ്ധം, പല രാജ്യങ്ങളുടെയും നിയമനിർമ്മാണത്തിൽ പ്രത്യേകിച്ച് പൗരാവകാശ മേഖലയിൽ പറയത്തക്ക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, അമേരിക്കൻ ഐക്യനാടുകളിലെ പരമോന്നത കോടതിയിൽ തന്നെ അമ്പതോളം നിയമവിജയങ്ങൾ ഇവർ നേടിയിട്ടുണ്ട്.[24][25] കൂടാതെ, യൂറോപ്യൻ മനുഷ്യാവകാശ കോടതിയിലും അറുപതോളം കേസുകൾ ഇവർ വിജയിച്ചിട്ടുണ്ട്.[26] ഇന്ത്യൻ സുപ്രീം കോടതിയിൽ 1986ൽ ദേശീയഗാന ആലാപനത്തോട് ബന്ധപ്പെട്ട് ഇവർ നേടിയ നിയമവിജയം ഇന്ത്യയുടെ ഭരണഘടന സംബന്ധിച്ച കേസുകളിൽ പ്രധാനപ്പെട്ട ഒന്നാണ്.[2]

ചരിത്രം

തുടക്കം

ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ (1852–1916).

1870-ൽ ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ എന്ന യുവ ബൈബിൾ ഗവേഷകന്റെ നേതൃത്വത്തിൽ ഒരു നിഷ്പക്ഷ ബൈബിൾ പഠന സംഘം അമേരിക്കൻ ഐക്യനാടുകളിലെ പെനിസിൽവാനിയയിൽ കൂടുകയുണ്ടായി. 1876-ൽ ഇവർ ബൈബിൾ വിദ്യാർത്ഥികൾ എന്ന ഒരു സംഘടന രുപീകരിച്ചു. തന്റെ ശുശ്രുഷാകാലത്തുടനീളം ത്രിത്വം, അത്മാവിന്റെ അമർത്യത, തീനരകം, വിധി, യേശുവിന്റെ ജഡപ്രകാരമുള്ള തിരിച്ചുവരവ്വ്, ഭുമി ലോകാവസാനത്തിൽ നശിപ്പിക്കപ്പെടും എന്നതുപോലുള്ള പരമ്പരാഗത ക്രൈസ്തവരുടെ വിശ്വാസങ്ങളെയും, പാരമ്പര്യങ്ങളെയും അദ്ദേഹം ചോദ്യംചെയ്തു.[27] ചെറുപ്പം മുതൽ ബൈബിളിൽ താല്പര്യം വളർത്തിയിരുന്ന റസ്സലിനെ അന്നുണ്ടായിരുന്ന ചില സഹസ്രാബ്ദവാഴ്ച്ചക്കാരുടെ പഠിപ്പിക്കലുകൾ സ്വാധീനിച്ചിരുന്നു[28] 1877-ൽ റസ്സലും, നെൽസൺ ബാർബ്ബർ എന്ന വ്യക്തിയും ചേർന്ന് "പ്രഭാത മുന്നോടി" എന്ന മാസികയും,"മൂന്ന് ലോകങ്ങൾ" എന്ന പുസ്തകവും എഴുതുകയുണ്ടായി. ബൈബിൾ കാലക്കണക്കനുസരിച്ച് 1914-ൽ 2520 വർഷത്തെ "ജാതികളുടെ കാലം" അവസാനിക്കുമെന്നും അങ്ങനെ ക്രിസ്തു സ്വർഗ്ഗത്തിൽ രാജാവാകാനുള്ള സമയം അപ്പോഴാണെന്നും അതിൽ ഇവർ പറയുകയുണ്ടായി.[29] പിന്നീട് റസ്സലും നെൽസൺ ബാർബ്ബറും തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തതിനാൽ ഇവർ സമാധാനപൂർണ്ണമായി പിരിയുകയുണ്ടായി.[30]

താൻ ഗവേഷണത്തിലൂടെ കണ്ടെത്തിയ ധാരാളം പഠിപ്പിക്കലുകളും, ബൈബിൾ കാലക്കണക്കും വ്യാഖ്യാനിച്ചുകൊണ്ട് സീയോന്റെ വീക്ഷാഗോപുരം എന്ന മാസിക റസ്സൽ പ്രസിദ്ധീകരിക്കുകയുണ്ടായി.[31] അന്ത്യകാലം ആഗതമായതിനാൽ ക്രിസ്തുവിന്റെ മറുവിലയിൽ വിശ്വസിച്ച് മാനസാന്തരപ്പെടണമെന്ന് ആ ലേഖനങ്ങളിൽ അദ്ദേഹം ഉത്ബോധിപ്പിക്കുകയുണ്ടായി.[32] കൂടാതെ യേശുക്രിസ്തു ദിവ്യത്വം ഉള്ളവനാണെങ്കിലും ആ ദിവ്യത്വം പുത്രനു പിതാവിൽ നിന്ന് അനുസരണത്തിലൂടെ ലഭിച്ച ഒരു ദാനം ആണെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. പിന്നീട് 1881-ൽ സീയോന്റെ വാച്ച് ടവർ സൊസൈറ്റി എന്ന നിയമപരമായ കോർപ്പറേഷൻ ആരംഭിക്കുകയും, 1884-ൽ റസ്സൽ അതിന്റെ പ്രസിഡന്റ് ആകുകയും ചെയ്തു.[33] മുപ്പതിലധികം സഭകൾ സ്ഥാപിതമാകുകയും അവയിൽ ആരാധന നടത്തപ്പെടേണ്ട ക്രമം റസ്സൽ അവ സന്ദർശിച്ച് പഠിപ്പിക്കുകയും ചെയ്തു.[34]

മികച്ച ഒരു പ്രഭാഷകനും, ബൈബിൾ ഗവേഷകനും, എഴുത്തുകാരനുമായിരുന്ന റസ്സൽ നിരവധി പുസ്തകങ്ങളെഴുതുകയും, ലോകവ്യാപകമായി പ്രഭാഷണങ്ങൾ നടത്തുകയുമുണ്ടായി. തനിക്ക് എന്തെങ്കിലും ദിവ്യവെളിപ്പെടുത്തൽ ഉള്ളതായി അദ്ദേഹം അവകാശപ്പെട്ടില്ല, മറിച്ച് താൻ ബൈബിൾ ഗവേഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങളാണ് ഈ പ്രസിദ്ധീകരണങ്ങളിലൂടെ വെളിപ്പെടുത്തുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.[35]

ബൈബിൾ വിദ്യാർത്ഥികളുടെ പ്രവർത്തനം

റസ്സലിന്റെ പ്രഭാഷണങ്ങൾ ശ്രവിച്ചവരും, പ്രസിദ്ധീകരണങ്ങൾ വായിച്ചവരും പല സ്ഥലങ്ങളിലായി അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങൾ പഠിക്കാൻ കൂടുകയുണ്ടായി. 1903 ആയതോടെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ 4000 പത്രങ്ങളിലായി അമേരിക്കൻ ഐക്യനാടുകളിലെയും കാനഡയിലെയും 15 ദശലക്ഷം ആളുകളിലെത്തുകയുണ്ടായി.[36] 1914-ൽ സൃഷ്ടിപ്പിൻ ഫോട്ടോ നാടകം എന്ന ഒരു ദൃശ്യ-ശബ്ദ പ്രദർശനം ലോകവ്യാപകമായി നടത്തുകയുണ്ടായി.[37] 1916-ൽ റസ്സൽ അന്തരിച്ചു.[38] റസ്സലിന്റെ മരണത്തെ തുടർന്ന് സംഘടനയുടെ മേൽനോട്ടം ആരു വഹിക്കുമെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തു. ജോസഫ് ഫ്രാങ്ക്ലിൻ റുതർഫോർഡിന് വാച്ച് ടവർ സൊസൈറ്റിയുടെ മേൽനോട്ടം നിലനിർത്താനാവുകയും അങ്ങനെ അദ്ദേഹം സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റാവുകയും ചെയ്തു.[39] അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തിനു ശേഷം 1918-ൽ അദ്ദേഹമുൾപ്പെടെ വാച്ച്ടവർ സംഘടനയുടെ ബോർഡ് ഓഫ് ഡയറക്റ്റേഴ്സിലെ അംഗങ്ങളെ വ്യാജ ആരോപണത്തിനു പേരിൽ കുറ്റം ചുമത്തി 20 വർഷത്തേക്ക് ജയിൽ ശിക്ഷ വിധിച്ച് തടങ്കലിൽ ആക്കി.[40] എന്നാൽ പിന്നീട് അപ്പീലിലൂടെ 1919-ൽ കുറ്റവിമുക്തരായ ഇവർ[41] തീക്ഷ്ണമായി പ്രവർത്തിക്കുകയും തുടർന്ന് ധാരാളം നവീകരണങ്ങൾ തങ്ങളുടെ പഠിപ്പിക്കലുകളിൽ വരുത്തുകയും ചെയ്തു.[42]

യഹോവയുടെ സാക്ഷികൾ എന്ന പുനർനാമകരണം

1931-ൽ അമേരിക്കൻ ഐക്യനാടുകളിലെ ഒഹായോയിൽ വച്ച് നടന്ന ഒരു സമ്മേളനത്തിൽ "നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാടു;" എന്ന യെശയ്യാവ് 43:10-12(൨) തിരുവെഴുത്തുകളെ ആധാരമാക്കി യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിച്ചതായി അറിയിച്ചു.[43] റസ്സലിന്റെ മരണത്തിനു ശേഷം വാച്ച്ടവർ സംഘടനയുമായുള്ള ബന്ധം ഉപേക്ഷിച്ച പല ബൈബിൾ വിദ്യാർത്ഥികൂട്ടങ്ങളിൽ നിന്നും തങ്ങളെ വ്യത്യസ്തരാക്കി നിലനിറുത്താൻ ഈ പുതിയ നാമം സഹായകമായിതീർന്നു.

1942-ൽ റുതർഫോർഡ് മരിച്ചതിനു ശേഷം പിന്നീട് ഭരണസംഘത്തിലെ അംഗങ്ങളായിരുന്ന നാഥാൻ എച്ച്. നോർ (1942-1977), ഫ്രെഡറിക്ക് ഫ്രാൻസ് (1977–1992), മിൽട്ടൺ ഹെൻഷൽ (1992–2000) എന്നിവരായിരുന്നു വാച്ച് ടവർ സൊസൈറ്റിയുടെ തുടർന്നുവന്ന പ്രസിഡന്റുമാർ.[44] വാച്ച്ടവർ സൊസൈറ്റിയുടെ പ്രസിഡന്റ് എന്നത് നിയമപരമായ ആവശ്യങ്ങൾക്ക് മാത്രമെ ഉപയോഗിക്കുന്നുള്ളു, 1976 മുതൽ ഒരു ഭരണസംഘമാണ് യഹോവയുടെ സാക്ഷികളുടെ സംഘടനയ്ക്ക് മേൽനോട്ടം നടത്തുന്നത്.[45] 2000 മുതൽ ഭരണസംഘത്തിലെ അംഗമല്ലാത്ത ഡോൺ എ. ആഡംസാണ് വാച്ച്ടവർ സൊസൈറ്റിയുടെ പ്രസിഡന്റ്.

യഹോവയുടെ സാക്ഷികളുടെ കേരളത്തിലെ ഒരു ആരാധനാലയം (രാജ്യഹാൾ).

കേരളത്തിൽ

ഈ മതത്തിലെ പ്രവർത്തകർ 1905-ലാണ് കേരളത്തിൽ പ്രചാരണത്തിനായെത്തിയത്, എന്നാൽ 1950-കളിലാണ് ഇവർ സജീവമായിത്തുടങ്ങിയത്. യഹോവയുടെ സാക്ഷികൾ എന്നതാണ് ഔദ്യോഗിക നാമമെങ്കിലും കേരളത്തിൽ ഇവരെ "യഹോവാ സാക്ഷികൾ" എന്ന് പൊതുവെ ജനങ്ങൾ വിളിക്കുന്നു.

തിരുവനന്തപുരം ജില്ലയിൽ യഹോവയുടെ സാക്ഷികളുടെ സ്ഥാപകനായ സി.റ്റി. റസ്സൽ 1912ൽ പ്രസംഗിച്ച സ്ഥലം ഇപ്പോൾ റസ്സൽപുരം എന്നറിയപ്പെടുന്നു.[3] അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് റസ്സലിനെ കൊട്ടാരത്തിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്തു. കൂടാതെ തിരുവനന്തപുരം വിക്‌ടോറിയ ജൂബിലി (VJT) ഹാളിൽ റസ്സലിനു പ്രസംഗം നടത്താൻ സൗകര്യം ഒരുക്കികൊടുക്കുകയും ചെയ്തു. മഹാരാജാവ് റസ്സലിന്റെ കൈയിൽ നിന്നും ബൈബിളും, 'തിരുവെഴുത്തുകളുടെ പഠനം' എന്ന റസ്സൽ എഴുതിയ പുസ്തക വാല്യങ്ങളും സ്വീകരിക്കുകയുണ്ടായി.റസ്സലിന്റെ ചിത്രം രാജാവ് ആവശ്യപ്പെടുകയും പിന്നീട് അത് കൊട്ടാരത്തിൽ സൂക്ഷിക്കപ്പെടുകയുമുണ്ടായി. തിരുവനന്തപുരം സർവകലാശാല സെനറ്റ് ഹാളിൽ ആ ചിത്രം ഇന്നും കാണാവുന്നതാണ്.[46]

മല്ലപ്പള്ളി, മീനടം, പാമ്പാടി, വാകത്താനം, കങ്ങഴ, അയർക്കുന്നം, പുതുപ്പള്ളി എന്നിവടങ്ങളിൽ ആദ്യകാലത്ത് പ്രവർത്തനം നടന്നിരുന്നു. ഇപ്പോൾ കേരളമൊട്ടാകെ സജീവമാണ്. കേരളത്തിൽ പതിനയ്യായിരത്തിൽ അധികം വിശ്വാസികൾ ഉള്ളതായി കണക്കാക്കുന്നു.[47] കേരളത്തിന്റെ പല ഭാഗങ്ങളിലും വർഷത്തിൽ മൂന്നു തവണ ഇവർ കൺവൻഷൻ നടത്താറുണ്ട്.[48]

ഒക്ടോബർ 29, 2023 യഹോവയുടെ സാക്ഷികളുടെ കേരളത്തിലെ ചരിത്രത്തിൽ ഒരു ഇരുണ്ട ദിനം ആയിരുന്നു.[49] കളമശ്ശേരി സാമ്രാ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെട്ട യഹോവയുടെ സാക്ഷികളുടെ മേഖല കൺവെൻഷന് നേരെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ട് വിശ്വാസികൾ കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.[50] സംഭവവുമായി ബന്ധപ്പെട്ട് ഡോമിനിക്ക് മാർട്ടിൻ എന്ന ആളെ അറസ്റ്റ് ചെയ്യുകയുണ്ടായി. യഹോവയുടെ സാക്ഷികളുടെ വിശ്വസങ്ങളോടുള്ള എതിർപ്പ് ആണ് സ്ഫോടനം നടത്താൻ പ്രേരണ ആയതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. [51]

സംഘടനാക്രമീകരണം

യഹോവയുടെ സാക്ഷികൾ മുകളിൽ നിന്ന് താഴേക്കുള്ള രീതിയിൽ സംഘടിതരാണ്. അവരുടെ മേൽനോട്ടം നടത്തുന്നവർ, ദൈവത്തിന്റെ ഭൗമീക സംഘടന ഇവരുടെതാണ് എന്ന രീതിയിൽ ഇതിനെ ദിവ്യാധിപത്യപരം എന്ന് വിളിക്കുന്നു. ഇവരുടെ സംഘടനയുടെ നിയമപരമായ കോർപ്പറേഷൻ "വാച്ച്ടവർ" എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.

ആഗോളമായി ഭരണസംഘത്തിനു കീഴിൽ

യഹോവയുടെ സാക്ഷികൾ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്കിലുള്ള ബ്രൂക്ക്ലിൻ കേന്ദ്രമാക്കിയുള്ള[52] ഒരു ഭരണ സംഘത്താൽ (അംഗസംഖ്യ വ്യത്യാസപ്പെടാവുന്ന ഒരു കൂട്ടം പുരുഷന്മാർ, 2011 മുതൽ എഴ് പേർ, എല്ലാവരും തന്നെ അഭിഷിക്ത വർഗ്ഗത്തിൽ പെട്ടവർ അതായത് മരണാനന്തരം സ്വർഗ്ഗീയ ജീവൻ ലഭിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നവരാൽ) നയിക്കപ്പെടുന്നു.[53] ഇവരുടെ അംഗത്വത്തിന് തെരഞ്ഞെടുപ്പ് ഇല്ല,[54] നിലനിൽക്കുന്ന അംഗങ്ങൾ തന്നെ പുതിയ അംഗങ്ങളെ തീരുമാനിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ ആദിമക്രിസ്ത്യാനികൾ ഒരു ഭരണസംഘത്താലാണ് നയിക്കപ്പെട്ടത് എന്നിവർ കരുതുന്നതിനാലാണ് ഇവരും അങ്ങനെ പിന്തുടരുന്നത്. ഭരണസംഘം ബൈബിളിൽ കാണപ്പെടുന്ന ദൈവത്തിന്റെ വിശ്വസ്തനും ബുദ്ധിമാനുമായ ദാസ വർഗ്ഗത്തിന്റെ (അഭിഷിക്തരെന്ന് സ്വയം വെളിപ്പെടുത്തുന്ന ഇപ്പോൾ ഏകദേശം 13,000[55] യഹോവയുടെ സാക്ഷികളുടെ) വക്താക്കളായി വിശേഷിപ്പിക്കപ്പെടുകയും, അവരെ പ്രതിനിധീകരിച്ച് ലോകവ്യാപകമായി സാക്ഷികൾക്ക് ആത്മീയ ഭക്ഷണം വിതരണം ചെയ്യാൻ നിയമിതരായവരായി പറയപ്പെടുന്നു. [56]

ഭരണസംഘമാണ് ഇവരുടെ പ്രസിദ്ധീകരണം, അസംബ്ലി പരിപാടികളുടെ ആസൂത്രണം, സുവിശേഷ വേല എന്നിവയ്ക്ക് മേൽനോട്ടം നടത്തുന്നത്. പ്രാദേശിക ആസ്ഥാന കമ്മിറ്റികളുടെ നിയമനം, ഡിസ്ട്രിക്റ്റ് മേൽവിചാരകൻമാരുടെ നിയമനം, സഞ്ചാര മേൽവിചാരകൻമാരുടെ നിയമനം എന്നിവ ഇവർ നേരിട്ട് നടത്തുന്നു.[57] സഞ്ചാര മേൽവിചാരകൻമാർ അവർക്ക് നിയമിച്ചിട്ടുള്ള സഭകൾ (രാജ്യഹാളുകൾ) സന്ദർശിച്ച് അവിടത്തെ കാര്യങ്ങൾക്ക് മേൽനോട്ടം നടത്തുന്നു. ഡിസ്ട്രിക്റ്റ് മേൽവിചാരകൻമാർ ഒരുകൂട്ടം സഞ്ചാര മേൽവിചാരകൻമാർക്ക് മേൽനോട്ടം നടത്തുന്നു. ഡിസ്ട്രിക്റ്റ് മേൽവിചാരകൻമാർ പ്രാദേശിക ആസ്ഥാന കമ്മിറ്റിയിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നു. ബ്രാഞ്ച് കമ്മിറ്റി ഭരണസംഘത്തിൽ നിന്ന് നേരിട്ട് നിർദ്ദേശങ്ങൾ അനുസരിക്കുന്നു. ഭരണസംഘത്തിലെ അംഗങ്ങൾ തങ്ങൾ യഹോവയുടെ സാക്ഷികളുടെ നേതാക്കന്മാരായി കരുതുന്നില്ലെന്നും, നേതാവായ ക്രിസ്തുവിന്റെ ദാസന്മാർ മാത്രമാണ് അവരെന്നും പറയുന്നു.[58]

ആരാധനാലയങ്ങളിൽ

ഒരോ രാജ്യഹാളുകളും (സഭകൾ) നിയമിക്കപ്പെട്ട ശമ്പളം പറ്റാത്ത മൂപ്പൻമാരാലും, ശുശ്രൂഷാദാസന്മാരാലും നയിക്കപ്പെടുന്നു. സഭയുടെ നടത്തിപ്പ്, ആരാധന കൂടുന്ന സമയം, പ്രസംഗകരെ തിരഞ്ഞെടുക്കുന്നത്, വീടുതോറുമുള്ള പ്രവർത്തനം, സഭാ തത്ത്വങ്ങൾക്ക് വിരുദ്ധമായി പോകുന്നവർക്ക് നീതിന്യായകമ്മിറ്റി നടത്തുന്നത് എന്നിവ മൂപ്പൻമാരുടെ ഉത്തരവാദിത്തമാണ്. ഒരു അംഗം മൂപ്പന്മാർക്കുള്ള തിരുവെഴുത്തുപരമായ യോഗ്യതയിൽ എത്തിയതായി സഭയിൽ നിലവിലുള്ള മൂപ്പന്മാർക്ക് ബോധ്യപ്പെട്ടാൽ അവരുടെ നിർദ്ദേശത്താൽ പ്രാദേശിക ആസ്ഥാനം (ബേഥേൽ എന്ന് വിളിക്കപ്പെടുന്നു) പുതിയ മൂപ്പനെ നിയമിക്കുന്നു. ശുശ്രൂഷാദാസന്മാർ (മൂപ്പൻമാരെ പോലെ നിയമിതരാകുന്നു) മൂപ്പന്മാരെ സഹായിക്കുന്നതിനും, അറ്റൻഡന്റ് സേവനം നടത്തുന്നതിനും, എന്നാൽ ചില അവസരങ്ങളിൽ പഠിപ്പിക്കുന്നതിനും ആരാധന നടത്തുന്നതിനും നിയോഗിക്കപ്പെടുന്നു. മൂപ്പന്മാർക്ക് പ്രത്യേക പദവികൾ ഉണ്ടെങ്കിലും,[59]യഹോവയുടെ സാക്ഷികൾ മൂപ്പൻ എന്ന സ്ഥാനപ്പേര് വൈദിക-അൽമായ എന്ന രീതിയിൽ തരംതിരിക്കാൻ ഉപയോഗിക്കുന്നില്ല,[60] മറിച്ച് സഭയെ സേവിക്കാൻ അവരെ നിയോഗിക്കുന്നു; എല്ലാവരെയും സഹോദര-സഹോദരിമാർ എന്ന് അംഗങ്ങൾ അഭിസംബോധന ചെയ്യുന്നു. ദൈവത്തിന്റെ പ്രീതി നേടാനും, അർമ്മഗദോൻ അതിജീവിക്കാനും[61] സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ അംഗങ്ങളെ അവരുടെ സംഘടനയുമായി വിശ്വസ്തരായിരിക്കാൻ പ്രോൽസാഹിപ്പിച്ചിരിക്കുന്നു.[62] ദൈവത്തിന് സ്വീകാര്യമായ ആരാധന ഇവരിലൂടെ മാത്രമേ സാധിക്കുകയുള്ളു[63] എന്ന് ഇവർ പഠിപ്പിക്കുന്നതിനാൽ, സംഘടനയ്ക്കും സഭയിലെ മൂപ്പന്മാർക്കും കീഴടങ്ങിയിരിക്കാൻ അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു.[64]

യഹോവയുടെ സാക്ഷികളുടെ എല്ലാ പ്രവർത്തനങ്ങളും അംഗങ്ങളുടെയും, പൊതുജനത്തിന്റെയും സ്വമേധായാ ഉള്ള സംഭാവനകളാൽ മാത്രം നടത്തപ്പെടുന്നു. ദശാംശവും, മാസവരിയും ക്രിസ്ത്യാനിത്വത്തിനു കീഴിൽ തെറ്റാണ് എന്ന് പഠിപ്പിക്കുന്നു. ഈ അന്ത്യകാലത്ത് ദൈവരാജ്യം ആഗതമാണെന്ന സദ് വാർത്ത അറിയിക്കുന്നതാണ് ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ പരമപ്രധാനം എന്ന് ഇവർ പഠിപ്പിക്കുന്നതിനാൽ വിദ്യാലയങ്ങളോ, ആശുപത്രികളോ മറ്റ് എതെങ്കിലും ധനകാര്യസ്ഥാപനങ്ങളോ ഇവർ നടത്തുന്നില്ല.[65] സംഘടനയുടെ ആസ്ഥാനത്തുള്ളവരും, പ്രാദേശിക ആസ്ഥാനത്തുള്ളവരും മുഴുവൻ സമയ സന്നദ്ധസേവകരാണ്. സഭ (രാജ്യഹാൾ) നടത്തുന്നവരിൽ ശമ്പളം പറ്റുന്നവരാരും ഇല്ല. ആയതിനാൽ മുഴുവൻ സമയ സന്നദ്ധ സേവകരുടെ ജീവിതചെലവിനും, കെട്ടിട നിർമ്മാണപ്രവർത്തനങ്ങൾക്കും, പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നതിനുള്ള സാമഗ്രികൾക്കും മാത്രമേ ഇവർ അധിക ചെലവും വിനിയോഗിക്കുന്നുള്ളു.[66]

വിശ്വാസങ്ങൾ

ഉറവിടം

ബൈബിളാണ് യഹോവയുടെ സാക്ഷികളുടെ വിശുദ്ധഗ്രന്ഥം.

ബൈബിളാണ് യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളുടെ ആധാരം. പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടവർ എന്ന് ഇവർ പറയുന്ന മൂപ്പന്മാരുടെ ഒരു ഭരണസംഘമാണ് യഹോവയുടെ സാക്ഷികളുടെ ദൈവശാസ്ത്രത്തിനും, ബൈബിൾ വ്യാഖ്യാനത്തിനും മേൽനോട്ടം നടത്തുന്നത്.[67] ആദിമ ക്രിസ്ത്യാനികൾ ഒരു ഭരണസംഘത്താലാണ് നയിക്കപ്പെട്ടത് എന്ന് ഇവർ കരുതുന്നതിനാലാണ് അങ്ങനെ ചെയ്യുന്നത്.[68][69] തങ്ങളുടെ തത്ത്വങ്ങൾ കാലാനുക്രമമായി വെളിപ്പെടുന്നവയാണെന്നും, ബൈബിളിന്റെ ആഴമായ പഠനത്തില്ലുടെ ദൈവിക വെളിച്ചം പരിശുദ്ധാത്മാവിനാൽ തങ്ങളെ യേശുവും, ദൂതന്മാരും പഠിപ്പിക്കുന്നതായി ഇവർ കരുതുന്നു. ഏന്നിരുന്നാലും ഭരണസംഘം തങ്ങൾക്ക് എന്തെങ്കിലും ദിവ്യവെളിപ്പെടുത്തൽ ഉള്ളതായി പറയുന്നില്ല.[70]

ഇവർ പ്രധാനമായും ഉപയോഗിക്കുന്ന ബൈബിൾ ഇവരുടെ സംഘടന തന്നെ പ്രസ്ദ്ധീകരിച്ച പുതിയ ലോകഭാഷാന്തരം ആണ്. പൂർണ്ണ പ്രൊട്ടസ്റ്റന്റ് കാനോനിക ബൈബിളും സത്യമാണെന്ന് ഇവർ വിശ്വസിക്കുന്നു. ബൈബിൾ ശാസ്ത്രീയപരമായും, ചരിത്രപരമായും, പ്രവചനപരമയും കൃത്യത ഉള്ളതാണെന്നും ആധുനിക ലോകത്തും പ്രായോഗികമാണെന്നും ഇവർ വിശ്വസിക്കുന്നു.[71] അവർ ബൈബിളിനെ അക്ഷരാർത്ഥത്തിൽ തന്നെ പഠിപ്പിക്കുന്നു, എന്നാൽ സന്ദർഭം കണക്കിലെടുത്ത് ചില തിരുവെഴുത്തുകൾ ആലങ്കാരികമായി പഠിപ്പിക്കുന്നു.[72] അന്ത്യകാലത്ത് തന്റെ വിശ്വസ്തർക്ക് തക്കസമയത്ത് ആത്മീയ ആഹാരം പ്രദാനം ചെയ്യാൻ ദൈവം നിയോഗിച്ച വിശ്വസ്തനും ബുദ്ധിമാനുമായ അടിമ (ബൈബിളിൽ കാണപ്പെടുന്നത്) ഇവരുടെ ഭരണസംഘമാണെന്ന് ഇവർ വിശ്വസിക്കുന്നു. തങ്ങളുടെ എല്ലാ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും യേശു സ്ഥാപിച്ച ആദിമ "സത്യ" ക്രിസ്ത്യാനിത്വത്തിന്റെ തത്ത്വങ്ങളുമായി ഒത്തുപോകുന്നതാണെന്നും, ആയതിനാൽ ബൈബിളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നതു പോലെ അന്ത്യകാലത്ത് പുനഃസ്ഥാപിക്കപ്പെടുമെന്ന് പറഞ്ഞിരിക്കുന്ന സത്യക്രിസ്തീയർ തങ്ങളാണെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു.[73] സ്വന്തമായ ബൈബിൾ പഠനത്തിലൂടെ ദൈവിക വെളിച്ചം കിട്ടില്ലെന്നും ആകയാൽ ബൈബിളിലെ സത്യം മനസ്സിലാക്കാൻ വ്യക്തികൾ യഹോവയുടെ സാക്ഷികളുമായി ആശയവിനിമയം ചെയ്യണമെന്നും ഇവർ പഠിപ്പിക്കുന്നു[74]

യഹോവയും യേശുവും

ആധുനിക എബ്രായ ലിപിയിൽ ദൈവനാമം.

യഹോവയുടെ സാക്ഷികൾ ബൈബിളിലെ പിതാവായ ദൈവത്തിന്റെ നാമത്തിനു പ്രാധാന്യം കൊടുക്കുന്നു. ബൈബിളിന്റെ എബ്രായ മൂലപാഠത്തിൽ ദൈവത്തിന്റെ വ്യക്തിപരമായ നാമത്തെകുറിക്കാൻ "യ്ഹ്‌വ്ഹ്" എന്ന ചതുരക്ഷരി ഉപയോഗിച്ചിരുന്നു. "യ്ഹ്‌വ്ഹ്" എന്ന ചതുരക്ഷരിക്ക് മലയാളത്തിൽ പൊതുവെ സ്വീകരിക്കപ്പെടുന്ന യഹോവ എന്ന നാമം അവർ ഉപയോഗിക്കുന്നു.[75] അവർ യഹോവ ഏകസത്യദൈവമായും, സർവ്വശക്തനായും, പ്രപഞ്ച സൃഷ്ടാവായും വിശ്വസിക്കുന്നു .[76] ആരാധന യഹോവയ്ക്ക് മാത്രമാണെന്ന് ഇവർ പഠിപ്പിക്കുന്നു. പരിശുദ്ധാത്മാവെന്നത് ഒരു വ്യക്തിയല്ല മറിച്ച് യഹോവയുടെ പ്രവർത്തനനിരതമായ ശക്തിയാണെന്ന് ഇവർ വിശ്വസിക്കുന്നു. [77]

യഹോവയുടെ സാക്ഷികൾ യേശുവിനെ പിതാവിന്റെ ഏകജാത പുത്രനായി വിശ്വസിക്കന്നു.[78] അതായത് യഹോവയുടെ നേരിട്ടുള്ള ആദ്യ സൃഷ്ടിയായ് യേശുവിനെ കാണുന്നു.[79] മറ്റെല്ലാ സൃഷ്ടികളെയും പിതാവായ യഹോവ, യേശു മുഖാന്തരം സൃഷ്ടിച്ചതായും വിശ്വസിക്കുന്നു. പാപികളായ മനുഷ്യർക്കായി തന്റെ പാപമില്ലാത്ത അമർത്യ ജീവൻ നൽകിയതിനാൽ യേശുവിനെ രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, പാപപരിഹാരകനായും വിശ്വസിക്കുന്നു. കൂടാതെ ദൈവരാജ്യത്തിന്റെ രാജാവായും വിശേഷിപ്പിച്ചിരിക്കുന്നു.[80] എന്നാൽ യേശു കുരിശിലല്ല മറിച്ച് ഒരു സ്തംഭത്തിലാണ് മരിച്ചതെന്ന് ഇവർ വിശ്വസിക്കുന്നു.[81] പ്രധാന ദൂതനായ മിഖായേൽ, വചനം, അബദ്ദോൻ (അപ്പൊല്യോൻ) എന്നീ നാമങ്ങൾ അവർ യേശുവിനു ബാധകമാക്കുന്നു.[82]

സാത്താൻ

യഹോവയുടെ സാക്ഷികൾ സാത്താൻലോകത്തിന്റെ അദൃശ്യ ഭരണാധികാരിയായി വിശ്വസിക്കുന്നു.[83] ആവൻ ആദ്യം സ്വർഗ്ഗത്തിൽ ദൈവത്തിന്റെ വിശ്വസ്ത ദൂതനായിരുന്നു എന്നും, എന്നാൽ തന്റെ ഇച്ഛാസ്വാതന്ത്ര്യം (ഇഷ്ടാനുസരണം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം) തെറ്റായി വിനിയോഗിച്ച അവൻ ദൈവത്തിനെതിരെ തിരിഞ്ഞു എന്നും പഠിപ്പിക്കുന്നു. അങ്ങനെ ആദാമിനെയും ഹൗവ്വായെയും (ബൈബിളിലെ ആദിമ മനുഷ്യജോടി) വഴിതെറ്റിച്ചുകൊണ്ട് സാത്താൻ മനുഷ്യ വർഗ്ഗത്തെ പാപത്തിലേക്ക് തള്ളിയിട്ടുവെന്നും, അങ്ങനെ പാപത്തിന്റെ ഫലമായി മനുഷ്യൻ മരിക്കാനും കഷ്ടപ്പെടാനും തുടങ്ങിയെന്നും വിശ്വസിക്കുന്നു. ഫലത്തിൽ ദൈവം ഒരു നുണയനാണെന്നും, മനുഷ്യരിൽ നിന്ന് നന്മ മനഃപൂർവം പിടിച്ചുവച്ചിരിക്കുകയാണെന്നും ആരോപിച്ചുകൊണ്ട് സാത്താൻ ദൈവത്തിന്റെ ഭരണവിധത്തെ ചോദ്യം ചെയ്തതായി ഇവർ പഠിപ്പിക്കുന്നു. സാത്താനെ ഉടനെ നശിപ്പിക്കുന്നതിനു പകരം തന്റെ ഭരണവിധമാണ് ശരിയെന്ന് എല്ലാ സൃഷ്ടികളെയും ബോധ്യപെടുത്താൻ തീരുമാനിച്ച ദൈവം, സാത്താനെ ഭുമിയെ ഭരിക്കാൻ കുറച്ചുകാലം അനുവദിച്ചിരിക്കുകയാണെന്നും ഇവർ വിശ്വസിക്കുന്നു. എന്നാൽ മനുഷ്യൻ ഭൂമിയിൽ എക്കാലവും ജീവിക്കണം എന്ന ദൈവത്തിന്റെ ആദിമ ഉദ്ദേശം നിറവേറ്റാൻ ദൈവത്തിന്റെ നീതിപ്രകാരം പാപമില്ലാത്ത ഒരാൾ പാപികളായ മനുഷ്യർക്കുവേണ്ടി മരിക്കണമായിരുന്നെന്നും, ആ മറുവില മനുഷ്യരോടുള്ള സ്നേഹം നിമിത്തം തന്റെ സ്വന്തം പുത്രനായ യേശുക്രിസ്തുവിന്റെ ബലിമരണത്തിലൂടെ ദൈവം സാദ്ധ്യമാക്കിയെന്നും വിശ്വസിക്കുന്നു. കൂടാതെ ഇയ്യൊബിനെയും (ബൈബിളിലെ കഥാപാത്രം) യേശുവിനെയും പോലെയുള്ളവർ അനുകുല സാഹചര്യമല്ലാത്തപ്പോൾ പോലും ദൈവത്തെ അനുസരിച്ചതിനാൽ അവർ സാത്താന്റെ വാദത്തിനു ഉത്തരം നൽകിയതായും ഇവർ പറയുന്നു. ആകയാൽ ദൈവത്തോട് വിശ്വസ്തരായി ജീവിക്കുന്ന മനുഷ്യർക്ക് ഭൂമിയിൽ ദൈവരാജ്യത്തിൻ കീഴിൽ എന്നന്നേക്കും ജീവിക്കാനാകും എന്ന് ഇവർ വിശ്വസിക്കുന്നു. കൂടാതെ യഹോവയുടെ സാക്ഷികളുടെ ബൈബിൾ കാലക്കണക്കു പ്രകാരം യേശു 1914-ൽ"[84]സ്വർഗ്ഗത്തിൽ രാജാവായി അഭിഷേകം ചെയ്യപ്പെട്ടെന്നും, തുടർന്ന് സാത്തനെ ഭുമിയിലേക്ക് തള്ളിയിട്ടു എന്നും ഇവർ പഠിപ്പിക്കുന്നു. 1914-ലു മുതൽ മനുഷ്യവർഗ്ഗം അന്ത്യകാലത്താണ് ജീവിക്കുന്നതെന്നും,[85] ഇനി അർമ്മഗദോനിലൂടെ സാത്തനെ ആയിരം വർഷം തടങ്കലിൽ ആക്കുമെന്നും, തുടർന്ന് ഭുമിയിൽ ദൈവരാജ്യം സ്ഥാപിതമാകുമെന്നും പഠിപ്പിക്കുന്നു. ആയിരം ആണ്ടിന്റെ അവസാനം മനുഷ്യരെ അന്തിമമായ് പരീക്ഷിക്കപ്പെടാനായി കുറേകാലം സാത്തനെ അഴിച്ചുവിട്ടതിനു ശേഷം, യേശു സാത്താനെ നശിപ്പിക്കുമെന്നും തുടർന്ന് പിതാവായ യഹോവയ്ക്ക് രാജ്യം തിരികെ എല്പ്പിക്കുമെന്നും ഇവർ വിശ്വസിക്കുന്നു.

മരിച്ചവരുടെ അവസ്ഥ

ആത്മാവിന്റെ അമർത്യതയിൽ യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നില്ല. മരണം എന്നത് എങ്ങും അസ്തിത്വം ഇല്ലാത്ത അവസ്ഥയാണെന്നും (ജനിക്കുന്നതിനു മുൻപ് ഉള്ള അവസ്ഥ), അവർക്ക് ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയുകയില്ലെന്നും ഇവർ വിശ്വസിക്കുന്നു. ലളിതമായി പറഞ്ഞാൽ, മരണത്തിൽ ഒരു വ്യക്തിയുടെ അവസ്ഥ എന്നത് ഗാഡനിദ്ര അഥവാ ഉറക്കം പോലെ ആണെന്ന് ഇവർ വിശ്വസിക്കുന്നു. മരിച്ച വ്യക്തി പിന്നെ ഒരിടത്തും ജീവിച്ചിരിക്കുന്നില്ല.[86]

യഹോവയുടെ സാക്ഷികൾ നരകത്തിൽ വിശ്വസിക്കുന്നില്ല. അക്ഷരീയ നരകം ദൈവം സൃഷ്ടിച്ചിട്ടില്ല എന്നും നരകം എന്ന് പല ബൈബിൾ പരിഭാഷകളിലും പരിഭാഷപെടുത്തിയിരിക്കുന്നതിന്റെ ഗ്രീക്ക് പദം ആയ 'ഗീഹെന്ന' നിത്യനാശത്തിന്റെ പ്രതീകം മാത്രം ആണെന്നും പഠിപ്പിക്കുന്നു.[87] പാതാളം എന്ന് വിവർത്തനം ചെയ്യപ്പെടുന്ന എബ്രായ പദം 'ഹേഡീസ്', ഗ്രീക്ക് പദം 'ഷീയോൾ' എന്നിവ മനുഷ്യവർഗ്ഗത്തിന്റെ പൊതു ശവക്കുഴിയെ ആണ് അർത്ഥമാക്കുന്നതെന്ന് വിശ്വസിക്കുന്നു.[88] യഹോവയുടെ സാക്ഷികൾ ആത്മാവിനെ (Spirit) ജീവശക്തി (Life force) അഥവാ ശ്വാസം (Breath) ആയും ദേഹി (Soul) എന്നത് ജീവൻ ഉള്ള വ്യക്തിയായും (living being) പഠിപ്പിക്കുന്നു. മരിക്കുമ്പോൾ വ്യക്തി അഥവാ ദേഹി (Soul) പൂർണമായും ഇല്ലായ്മയിലേക്ക് പോകുന്നു എന്നും ഇവർ പഠിപ്പിക്കുന്നു.[89]

മരിച്ചവർ ഒരിടത്തും ജീവിക്കുന്നില്ല എങ്കിലും അവർക്ക് ഒരു പുനരുത്ഥാന പ്രത്യാശ ഉണ്ടെന്ന് ഇവർ വിശ്വസിക്കുന്നു. ദൈവരാജ്യം ഭൂമിയെ ഭരിക്കുമ്പോൾ നീതിമാന്മാരുടെയും, നീതികെട്ടവരുടെയും (ദൈവത്തെ അറിയാൻ അവസരം കിട്ടാതെ മരിച്ച് പോയ നല്ല മനുഷ്യർ) ഒരു പുനരുത്ഥാനം ഈ ഭൂമിയിൽ ഉണ്ടാകും എന്ന് ഇവർ പ്രത്യാശിക്കുന്നു. സ്വർഗ്ഗത്തിൽ ക്രിസ്തുവിനോടുകൂടെ ഭരിക്കാൻ ദൈവം തിരഞ്ഞെടുത്ത കുറച്ചുപേർ മാത്രമെ പോകുകയുള്ളുവെന്നും (അഭിഷിക്തർ), മറ്റുള്ള നല്ലവർ ഭുമിയിലെ പറുദീസയിൽ രോഗവും വർദ്ധക്യവും മരണവും ഇല്ലാതെ എക്കാലവും ജീവിക്കും എന്നുമുള്ള വിശ്വാസമാണ് ഇവർക്കുള്ളത്. [90]

വാച്ച്ടവർ സൊസൈറ്റിയുടെ പ്രസീദ്ധീകരണങ്ങൾ മനുഷ്യവർഗ്ഗം പാപപൂർണ്ണമായ അവസ്ഥയിലാണെന്നും, ഇതിൽ നിന്നുള്ള മോചനം[91] യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിലൂടെ അതായത് മറുവിലയിലൂടെ മാത്രമെ സാധിക്കുകയുള്ളൂ എന്നും പറയുന്നു.[92] വെളിപ്പാട് പതിനാലാം അദ്ധ്യായത്തിൽ നിന്നും മറ്റു ചില വാക്യങ്ങളിൽ നിന്നും ബൈബിളധിഷഠിതമെന്ന് ഇവർ പറയുന്ന വ്യാഖ്യാനമനുസരിച്ച്, ദൈവം തിരഞ്ഞെടുക്കുന്ന 1,44,000 ക്രിസ്ത്യാനികൾ മാത്രമെ[93] യേശുവിനോട് കൂടെ ദൈവരാജ്യത്തിൽ ഭൂമിയെ ഭരിക്കാൻ സ്വർഗ്ഗത്തിലേക്ക് മരണാനന്തരം ആത്മശരീരത്തിൽ എടുക്കപ്പെടുകയുള്ളു എന്ന് പഠിപ്പിക്കുന്നു. മറ്റുള്ളവർക്ക് ഭുമിയിലെ പറുദീസയിൽ എക്കാലവും ജീവിക്കാനുള്ള പ്രത്യാശയാണുള്ളതെന്ന് പഠിപ്പിക്കുന്നു.[94] അങ്ങനെ, ദൈവം രക്ഷിക്കുന്ന ഒരു ചെറിയകൂട്ടത്തിന് (1,44,000 അഭിഷിക്തർക്ക് അല്ലെങ്കിൽ ചെറിയാട്ടിൻകൂട്ടത്തിന്) സ്വർഗ്ഗവും, മറ്റുള്ള ഒരു മഹാപുരുഷാരത്തിന് ഭൂമിയുമാണ് വാസസ്ഥലം എന്ന് പഠിപ്പിക്കുന്നു. യഹോവയുടെ സാക്ഷികൾക്ക് മാത്രമെ അർമ്മഗദോനെ അതിജീവിക്കാൻ തിരുവെഴുത്തുപരമായ കാരണം ഉള്ളു എന്നും,[95]എന്നാൽ, മറ്റുള്ളവരുടെ കാര്യത്തിൽ ദൈവം നീതി നടപ്പാക്കുമെന്നും പഠിപ്പിക്കുന്നു.[96][97] യേശുവിന്റെ 1000 വർഷ ഭരണത്തിൻ കീഴിൽ അർമ്മഗദോനു മുമ്പുള്ളവർ തുടങ്ങി, ഹാബേൽ വരെ ജീവിച്ച മിക്ക നല്ല ആളുകളും പുനരുത്ഥാനം പ്രാപിക്കുമെന്നും, തുടർന്ന് ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കേണ്ടവിധം അവരെ പഠിപ്പിക്കുമെന്നും ഇവർ വിശ്വസിക്കുന്നു.[98][99] 1000 വർഷത്തിന്റെ അവസാനം തടങ്കലിൽ നിന്ന് സാത്താനെ അഴിച്ചവിടുമ്പോൾ, സാത്താനിൽ നിന്നുള്ള അന്തിമ പരീക്ഷണം ഇവർ നേരിട്ട ശേഷം, വിജയകരമായി തരണം ചെയ്യുന്നവർക്ക് ഭൂമിയിലെ പറുദീസയിൽ എക്കാലവും ജീവിക്കാനാകും എന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു.

ദൈവത്തിന്റെ മിശിഹൈക രാജ്യം

ദൈവരാജ്യം ഒരു യഥാർഥ ഭരണകൂടം ആണെന്നും സ്വർഗ്ഗത്തിലിരുന്ന് ക്രിസ്തുവും, ഭുമിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1,44,000 വിശുദ്ധന്മാരും ഭുമിയെ ഭരിക്കുമെന്നും പഠിപ്പിക്കുന്നു.[100] ഈ ഭരണത്തിലൂടെ ഭുമിയിൽ മനുഷ്യർ സന്തോഷത്തോടെ എക്കാലവും ജീവിക്കണമെന്ന ദൈവത്തിന്റെ ആദിമ ഉദ്ദേശം സാക്ഷാത്കരിക്കപ്പെടുമെന്നും,[101] അങ്ങനെ ഭൂമി വീണ്ടും മരണമോ രോഗമോ ഇല്ലാത്ത ഒരു പറുദീസയായി മാറപ്പെടുമെന്നും യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു.[102] യേശു ഭുമിയിലായിരുന്നപ്പോൾ പഠിപ്പിച്ച ദൈവരാജ്യത്തെ ഇവരുടെ പഠിപ്പിക്കലിന്റെ കേന്ദ്രബിന്ദുവാക്കുകയും,[103] തങ്ങൾ കണക്കാക്കുന്ന ബൈബിൾ കാലക്കണക്ക് പ്രകാരം 1914-ൽ[104] അത് സ്വർഗ്ഗത്തിൽ സ്ഥാപിതമായെന്നും പഠിപ്പിക്കുന്നു. ക്രിസ്തുവിനു മുമ്പ് 607-ൽ (ഇവർ കൂട്ടിയ കാലക്കണക്കുപ്രകാരം) യെരുശലേം ബാബിലോണിയരാൽ നശിക്കപ്പിക്കപ്പെട്ടത് തുടങ്ങി 2520 വർഷങ്ങൾ കൂട്ടുമ്പോൾ ക്രിസ്തുവിനു ശേഷം 1914 എന്ന വർഷത്തിൽ "അവകാശിയായവൻ വരുവോളം ജാതികൾ യെരുശലേം ചവിട്ടികളയും" എന്ന പ്രവചനത്തിന്റെ പാരമ്യം സംഭവിച്ചു എന്നും ഇവർ പഠിപ്പിക്കുന്നു. അങ്ങനെ 1914-ൽ ദൈവരാജ്യം സ്വർഗ്ഗത്തിൽ സ്ഥാപിതമയെന്നും തുടർന്ന് ഉടനെ തന്നെ ഭൂമിയിൽ സ്ഥാപിതമാകുമെന്നും ഇവർ വിശ്വസിക്കുന്നു.[105]

യുഗാന്തചിന്ത

ഈ ലോകം അല്ലെങ്കിൽ ഈ "വ്യവസ്ഥിതി" 1914-ൽ അന്ത്യനാളിലേക്ക് കാലെടുത്തുവച്ചുകഴിഞ്ഞു[106] എന്നും അതുകൊണ്ട് യഹോവയുടെയും, യേശുക്രിസ്തുവിന്റെയും പ്രവൃത്തിയുടെ ഫലമായി ഉടനടി ഒരു വൻ നാശത്തിലൂടെ ഈ ലോകത്തിലെ ഭരണങ്ങളെയും, വ്യാജമതങ്ങളെയും നീക്കികൊണ്ട് ദൈവത്തിനു സ്വീകാര്യമായ വിധത്തിൽ ആരാധിക്കുന്നവർക്ക് ഒരു വിമോചനം ഉണ്ടാകും എന്നും യഹോവയുടെ സാക്ഷികൾ പ്രധാനമായി വിശ്വസിക്കുന്നു. വ്യാജമതം എന്നത് വെളിപ്പാട് പുസ്തകം പതിനേഴാം അദ്ധ്യായത്തിൽ ലോക ഭരണാധികാരികളെ നിയന്ത്രിക്കുന്ന ആലങ്കാരിക "മഹാവേശ്യ" അഥവാ "മഹാബാബിലോൺ"[107] ആണെന്ന് വ്യാഖ്യാനിക്കുന്നു. ഉടനെ തന്നെ മതങ്ങളെ ലോകരാഷ്ട്രങ്ങൾ ഐക്യരാഷ്ട്ര സംഘടനയുടെ[108] നീക്കത്തിലൂടെ നശിപ്പിക്കുമെന്നും അതെ തുടർന്ന് "മഹോപദ്രവം" പൊട്ടിപ്പുറപ്പെടുമെന്നും യഹോവയുടെ സാക്ഷികൾ കരുതുന്നു. മഹോപദ്രവത്തിന്റെ അവസാനം സാത്താൻ യഹോവയുടെ സാക്ഷികൾക്ക് നേരെ തിരിയുമെന്നും, അത് ദൈവത്തിന്റെ ഇടപെടലിലൂടെ അർമ്മഗദോനിലേക്ക് നയിക്കുമെന്നും പറയുന്നു. അർമ്മഗദോനിൽ എല്ലാ ലോകഭരണാധികാരികളെയും, ക്രിസ്തുവിന്റെ "യഥാർത്ഥ ഇടയന്മാർ"[109] അല്ലാത്തവരെ അതായത് യഥാർത്ഥ അനുഗാമികൾ അല്ലാത്തവരെയും ദൈവം നശിപ്പിക്കുമെന്ന് പഠിപ്പിക്കുന്നു. അതിനു ശേഷം ദൈവത്തിന്റെ സ്വർഗ്ഗീയ രാജ്യം ഭൂമിയുടെ ഭരണം എറ്റെടുക്കുമെന്നും[110] തുടർന്ന് ഭൂമി ആദിമ എദൻ തോട്ടം പോലെ മനോഹരമായ ഒരു പറുദീസയായി തീരുമെന്നും യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. അർമ്മഗദോന് ശേഷം ദൈവത്തിന്റെ ഇടപെടലിനു മുൻപെ മരിച്ച് പോയ ദുഷ്ടരല്ലാത്ത വ്യക്തികൾ ആയിരം വർഷം[111] നീണ്ട് നിൽക്കുന്ന ഒരു ന്യായവിധിക്കായി കാലക്രമേണ പുനരുത്ഥാനം പ്രാപിക്കുമെന്ന് പഠിപ്പിക്കപ്പെടുന്നു. ഇവരുടെ ന്യായവിധി പഴയ പ്രവൃത്തികളുടെ അടിസ്ഥാനത്തിലായിരിക്കില്ല,[112] മറിച്ച് അപ്പോഴത്തെ പ്രവൃത്തികളെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്ന് യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്നു. ആയിരം വർഷത്തിന്റെ അവസാനം സാത്താനെ മനുഷ്യവർഗ്ഗത്തിന്റെ അന്തിമ പരിശോധനയ്ക്കായി വീണ്ടും അഴിച്ച് വിടുമെന്നും,[113] ഇത് പരിശോധിച്ച് മഹത്ത്വീകരിക്കപ്പെട്ട ഒരു മനുഷ്യവർഗ്ഗത്തിന് വഴിതെളിയിക്കുമെന്ന് പഠിപ്പിക്കുന്നു.[114] അതിന്റെ ശേഷം സാത്താനെ നശിപ്പിക്കുമെന്നും, അങ്ങനെ യേശു രാജ്യം പിതാവായ ദൈവത്തിന് തിരിച്ചേല്പ്പിച്ച് മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാര ദൗത്യം പൂർത്തിയാക്കി പിതാവിനു കീഴടങ്ങിയിരിക്കുമെന്ന് യഹോവയുടെ സാക്ഷികൾ കരുതുന്നു.[115]

വാച്ച് ടവർ പ്രസിദ്ധീകരണങ്ങൾ അനുസരിച്ച് യേശു 1914 ഒക്ടോബർ മുതൽ അദൃശ്യമായി തിരിച്ചു വരവു നടത്തികഴിഞ്ഞു എന്നും, തുടർന്ന് സ്വർഗ്ഗത്തിൽ ഭരണം ആരംഭിച്ചതായും പഠിപ്പിക്കുന്നു.[116] അതിനുശേഷം സാത്തനെ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേയ്ക്ക് തള്ളിയിട്ടതിനാൽ, സാത്താൻ തനിക്കല്പസമയം മാത്രമെ ശേഷിച്ചിരിക്കുന്നുള്ളൂ എന്നറിയാവുന്നതിനാൽ ഭൂമിക്കും അതിലെ യഥാർത്ഥ ക്രിസ്തീയ ദൈവദാസരെയും നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നതായി വിശ്വസിക്കുന്നു.[117] വരവ്വ് എന്ന് സാധാരണ തർജ്ജമ ചെയ്യപെടുന്ന "പറൂസിയ" എന്ന ഗ്രീക്ക് പദത്തെ, കൃത്യമായി "സാന്നിധ്യം" എന്ന് യഹോവയുടെ സാക്ഷികൾ പരിഭാഷപ്പെടുത്തുന്നു.[118] അതായത് യേശുവിന്റെ തിരിച്ചുവരവ് അടയാള പരമ്പരകളാൽ മനസ്സിലാക്കാം എന്ന് പഠിപ്പിക്കുന്നു. അതുകൊണ്ട് രണ്ടാംവരവ് 1914 മുതൽ കുറച്ച് കാലം നിലനിൽക്കുന്ന ഒരു അദൃശ്യ സാന്നിധ്യം ആണെന്നും ഉടനെ തന്നെ അത് അർമ്മഗ്ദോനിൽ പൂർണ്ണമായി ദൃശ്യമാക്കപ്പെടുമെന്നും പഠിപ്പിക്കുന്നു.[119]

ആരാധനാരീതി

പരമ്പരാഗത ക്രൈസ്തവരിൽ നിന്നു വ്യത്യസ്തരായി വളരെ വിഭിന്നമായ ആരാധനാരീതിയാണ് യഹോവയുടെ സാക്ഷികൾ പിൻപറ്റുന്നത്. ഇവരുടെ വിശ്വസം ബൈബിളിൽ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതിനാൽ ഇവർ പരമ്പരാഗത കിഴ്‌വഴക്കങ്ങളെ എതിർക്കുന്നു. ബൈബിളിനെ കുറിച്ചും, വിശ്വാസത്തെ കുറിച്ചും അംഗങ്ങളെ പഠിപ്പിക്കുന്നത് ഇവരുടെ ആരാധനയുടെ മുഖ്യഘടകമാണ്.

ആരാധന

യഹോവയുടെ സാക്ഷികളുടെ ഒരു രാജ്യഹാളിൽ ആരാധന നടത്തപ്പെടുന്നതിന്റെ ചിത്രം.

യഹോവയുടെ സാക്ഷികൾ തങ്ങളുടെ ആരാധനാലയങ്ങളെ രാജ്യഹാൾ എന്നാണ് വിളിക്കുന്നത്. വിഗ്രഹാരാധന തെറ്റാണെന്ന് പഠിപ്പിക്കുതിനാൽ രാജ്യഹാളിൽ യാതൊരുവിധ വിഗ്രഹങ്ങളോ, അടയാളങ്ങളൊ ഉണ്ടാവില്ല. അംഗങ്ങളെ ബൈബിൾ പഠിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി ഇവർ ലോകമെമ്പാടുമായി ഒരേ തരത്തിലുള്ള പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കുന്നു.[120] ആഴ്ചയിൽ അഞ്ച് പരിപാടികൾക്കായി ഇവർ രണ്ട് ദിവസം കൂടിവരുന്നു. ആരാധന പ്രാർത്ഥനയും, ഗീതാലാപനത്തൊടും കൂടി തുടങ്ങി ഗീതാലാപനത്തൊടും, പ്രാർത്ഥനയൊടും കൂടി അവസാനിക്കുന്നു. ഒരു കൂട്ടം ആരാധനാലയങ്ങൾ ചേർന്ന് ഒരു സർക്കീട്ട് രൂപീകരിക്കുന്നു. വർഷംതോറും രണ്ട് സർക്കിട്ട് സമ്മേളനങ്ങൾ നടത്തുന്നു. കൂടാതെ പല സർക്കീട്ടുകൾ ചേർന്ന് ഒരു ഡിസ്ട്രിക്റ്റ് കൺവൻഷനും വർഷം തോറും നടത്തുന്നു. ചില വർഷങ്ങളിൽ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ അന്താരാഷ്ട്ര കൺവൻഷനും നടത്തുന്നു. ബൈബിൾ പഠിപ്പിക്കുകയ്യും, ഐക്യം കാത്തുസൂക്ഷിക്കുകയുമാണ് ലക്ഷ്യം. പരിപാടികൾ രാജ്യഹാളിനുള്ളിൽ മാത്രം കേൾക്കാവുന്ന വിധത്തിൽ ശബ്ദം സജ്ജികരിച്ചിരിക്കുന്നു. അത്ഭുത രോഗശാന്തിപോളുള്ളവ അദിമ ക്രിസ്ത്യാനിത്തത്തോടു കൂടി അവസാനിച്ചു എന്ന് വിശ്വസിക്കുന്നതിനാൽ അത് പിൻപറ്റുന്നില്ല.[121] ഒരോ വ്യക്തികളും പഠിച്ച് തിരുവെഴുത്തുപരമായ യോഗ്യത നേടിയശേഷം മാത്രമെ, സ്വയമനസാലെ ദൈവഹിതപ്രകാരം ജീവിക്കാം എന്നതിന്റെ പരസ്യപ്രഖ്യാപനമായി ജലസ്നാനപ്പെടുത്തുന്നുള്ളു. ഇവരുടെ ഒരെയൊരു വാർഷിക ആചരണം കർത്താവിന്റെ സമാരകം മാത്രമാണ്.

സുവിശേഷപ്രവർത്തനം

യഹോവയുടെ സാക്ഷികൾ വീടുതോറും സുവിശേഷം അറിയിക്കുന്നതിനറിയപെടുന്നു.

യഹോവയുടെ സാക്ഷികൾ സുവാർത്ത പ്രസംഗത്തിനു പേരുകേട്ടവരാണ്, പ്രത്യേകിച്ച് വീടുതോറുമുള്ള പ്രവർത്തനത്തിന്. ജാതി, മത, സാമ്പത്തിക വ്യത്യാസമില്ലാതെ എല്ലാവരെയും കണ്ട് ദൈവരാജ്യം ഉടനെ ഭൂമിയിൽ വരുമെന്നുള്ള ശുഭവാർത്ത ഉദ്ഘോഷിക്കുന്നു.[122] തങ്ങളുടെ വിശ്വാസത്തിൽ താൽപര്യം കാണിക്കുന്നവർക്ക് ഇവർ സൗജന്യ ഭവന ബൈബിൾ അദ്ധ്യായനങ്ങൾ നടത്തുന്നു. ഇതിനായി അവർ പുസ്തകങ്ങളും, ലഘുപത്രികകളും, മാസികകളും (വീക്ഷാഗോപുരം ഉൾപ്പെടെ) ഉപയോഗിക്കുന്നു. ചില പ്രസിദ്ധീകരണങ്ങൾ 600-ൽ അധികം ഭാഷകളിൽ ലഭ്യമാണ്.[123] പരസ്യ പ്രസംഗവേലയിൽ ഏർപ്പെടാനുള്ള ബൈബിൾ കല്പനയിൻ കീഴിലാണെന്നും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്ന വേലയാണ് തങ്ങൾ ചെയ്യുന്നതെന്നും അവർ വിശ്വസിക്കുന്നു.[124] സുവിശേഷിക്കൽ വേല ആരാധനയുടെ ഭാഗമാണെന്ന് അവർ പഠിപ്പിക്കുന്നു. തങ്ങളാൽ ആവുന്നത്ര വിധത്തിൽ സുവാർത്ത പ്രസംഗിക്കുന്നതിന് സമയം ചെലവഴിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു, കൂടാതെ സ്നാനമേറ്റ പ്രസാദകർ തങ്ങൾ പ്രവർത്തിച്ചതിന്റെ റിപ്പോർട്ട് നൽകുകയും ചെയ്യേണ്ടതാണ്.[125] സ്നാനമേറ്റ പ്രസാദകരിൽ എല്ലാ മാസവും റിപ്പോർട്ട് നൽകാത്തവരെ ക്രമമില്ലാത്തവരായി കരുതുകയും, അവരെ മൂപ്പന്മാർ സന്ദർശിച്ച് ബുദ്ധിയുപദേശം നൽകുകയും ചെയ്യുന്നു. ആറ് മാസമായി റിപ്പോർട്ട് നൽകാത്തവരെ നിഷ്ക്രിയരായി കരുതുന്നു.[126]

ധാർമ്മികതയും സദാചാരവും


 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

ധാർമ്മികതയെകുറിച്ചുള്ള ഇവരുടെ വീക്ഷണം യാഥാസ്ഥിതിക ക്രിസ്തീയ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നു. വിവാഹത്തിനു പുറത്തുള്ള എല്ലാവിധ ലൈംഗികതയും അനുതാപമില്ലെങ്കിൽ സഭയിൽ നിന്ന് നീക്കപ്പെടാൻ (പുറത്താക്കപ്പെടാൻ) ഉള്ള കാരണമാണ്.[127] ഗർഭഛിദ്രം കൊലപാതകമായി പഠിപ്പിക്കുന്നു.[128] വസ്ത്രധാരണത്തിന്റെയും, ചമയത്തിന്റെയും കാര്യത്തിൽ മാന്യത കാണിക്കാൻ കൂടെകൂടെ പ്രോൽസാഹിപ്പിക്കപ്പെടുന്നു. ചൂതാട്ടത്തിലേർപ്പെടുന്നത് അത്യാഗ്രഹമായി കരുതുന്നു. മയക്കുമരുന്നിന്റെ ദുർവിനിയോഗം, അടയ്ക്ക, വെറ്റില, പാക്ക്, പുകയില എന്നിവ പോലെയുള്ള ശരീരത്തിന് ഹാനിവരുത്തുന്ന എന്തും നിരോധിച്ചിരിക്കുന്നു.[129][130]എന്നാൽ മിതമായ മദ്യപാനം അനുവദിച്ചിരിക്കുന്നു.[131]

കുടുംബത്തിൽ ഭർത്താവാണ് ശിരസ്ഥാനം വഹിക്കുന്നത്. ഭർത്താവിനാണ് കുടുംബത്തിലെ തിരുമാനങ്ങൾക്ക് പരമാധികാരം നൽകിയിരിക്കുന്നത്; എന്നാൽ ഭാര്യയുടെയും കുട്ടികളുടെയും അഭിപ്രായങ്ങൾക്കും, വികാരത്തിനും ആദരവ് നൽകി തീരുമാനമെടുക്കാൻ പ്രോൽസാഹിപ്പിച്ചിരിക്കുന്നു. ഏക ഭാര്യത്വം മാത്രം അനുവദിച്ചിരിക്കുന്നു.[132]പരസംഗത്തെ മാത്രം വിവാഹമോചനത്തിനുള്ള കാരണമായി അംഗികരിച്ചിരിക്കുന്നു; ഇത് മാത്രമെ തിരുവെഴുത്തുപരമായ വിവാഹ മോചനമായി കരുതുന്നുള്ളു.[133] മറ്റെന്തെങ്കിലും കാരണങ്ങൾക്ക് വിവാഹമോചനം നടത്തിയാൽ, മുൻ ഇണ മറ്റാരുമായും ലൈംഗികതയിൽ ഏർപ്പെടാതെ ജീവിച്ചിരിക്കുമ്പോൾ പുനർവിവാഹം നടത്തുകയാണെങ്കിൽ അത് വ്യഭിചാരമായി കരുതുന്നു.[134] അങ്ങേയറ്റത്തെ ശാരീരിക പീഡനം, മനഃപ്പൂർവ്വം സ്വന്തം കുടുംബത്തിനു ആവശ്യമായ കാര്യങ്ങൾ ചെയ്യാതിരിക്കൽ, വിശ്വാസം പറയുന്ന "തങ്ങളുടെ ആത്മീയതയ്ക്ക് ഹാനിവരുത്തുന്ന എത് കാരണത്തിനും" നിയമപരമായ വിവാഹമോചനത്തിനുള്ള കാരണമായി അനുവദിച്ചിരിക്കുന്നു. വിവാഹം വിശ്വാസികളുമായി മാത്രം നടത്താനും, നിയമപരമായി റെജിസ്റ്റർ ചെയ്യാനും ആവശ്യപ്പെട്ടിരിക്കുന്നു.[135]

അച്ചടക്ക നടപടികൾ

അച്ചടക്ക നടപടികൾ സഭയിലെ മൂപ്പൻമാർ നടത്തുന്നു. ഉപദേശിക്കുന്നതും, ഇടയസന്ദർശനം നടത്തുന്നതും മൂപ്പന്മാരുടെ പ്രധാന ഉത്തരവാദിത്തമായി പഠിപ്പിക്കുന്നു.[136] പഠിച്ച് ജലസ്നാനത്തിനു ശേഷം ഒരംഗം ഗുരുതരമായ പാപത്തിൽ ഏർപ്പെട്ടതായി ആരോപണവിധേയനായാൽ, അയാളെ സഹായിക്കാനും, ആരോപണം അന്വേഷിക്കാനും മൂപ്പന്മാരുടെ നേതൃത്വത്തിൽ ഒരു നീതിന്യായകമ്മിറ്റി രൂപീകരിക്കുന്നു.[137] അനുതാപം ഇല്ലതെ പാപം ചെയ്താൽ അങ്ങേയറ്റത്തെ നടപടിയായി സഭ അംഗത്വത്തിൽ നിന്ന് കാരണം പരസ്യപ്പെടുത്താതെ നീക്കം ചെയ്യപ്പെട്ടതായി അറിയിക്കുന്നു. നീക്കപ്പെട്ടവരുമായി സഹവസിക്കുന്നത് ഒരെ ഭവനത്തിൽ താമസിക്കുന്ന അടുത്ത ബന്ധുക്കൾക്കും, ഇവരെ തിരിച്ചുവരാൻ പ്രേരിപ്പിക്കാൻ സന്ദർശിക്കുന്ന മൂപ്പന്മാർക്കും മാത്രം അനുവദിച്ചിരിക്കുന്നു.[138] നീക്കപ്പെട്ടവരുമായി എന്തെങ്കിലും സാമ്പത്തീക ഇടപാട് ഉണ്ടായിരുന്നെങ്കിൽ അത് തുടരാൻ അനുവദിച്ചിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിനാൽ അത് തെറ്റിന്റെ ഗൗരവം മനസ്സിലാക്കാനും അനുതപിക്കാനും തെറ്റു ചെയ്ത വ്യക്തിയെ പ്രേരിപ്പിക്കുമെന്നും അങ്ങനെ സഭയുടെ ശുദ്ധി കാത്തുസുക്ഷിക്കാനാകുമെന്നും പഠിപ്പിക്കുന്നു. ഇത് മറ്റ് സഭാംഗങ്ങളെ തെറ്റ് ചെയ്യുന്നതിൽ നിന്ന് അകലാനും പ്രേരിപ്പിക്കുമെന്ന് പഠിപ്പിക്കുന്നു.[139] 1960 മുതൽ 1970 വരെയുള്ള കണക്കു പ്രകാരം പുറത്താക്കപ്പെട്ടവരിൽ 40 ശതമാനം വ്യക്തികളെ പിന്നീട് തിരിച്ചെടുത്തതായി സൂചിപ്പിക്കുന്നു.[140] ഔദ്യോഗികമായ ഒരു കത്തിലുടെ സംഘടനയെ സ്വമേധയാ വിട്ടു പോകുന്നവരെയും നീക്കിയതായി അറിയിക്കുന്നു.[141] ഗൗരവതരമായ ഒരു തെറ്റ് ചെയ്തിട്ട് അനുതാപം കാണിക്കുന്ന ഒരു അംഗത്തെ നീതിന്യായകമ്മിറ്റിയുടെ ശാസനയുടെ കീഴിലാണെന്ന് അറിയിക്കുന്നു, ഇവർക്ക് സഭയിൽ എന്തെങ്കിലും പദവിയുണ്ടായിരുന്നെങ്കിൽ അതിൽ നിന്ന് കുറച്ച് കാലത്തേക്ക് നീക്കുന്നു, എന്നാൽ മറ്റുള്ളവരുമായി സഹവസിക്കുന്നത് അനുവദിച്ചിരിക്കുന്നു.[142]സ്നാപനമേറ്റ ഒരു പ്രസാധകൻ ഗൗരവതരമല്ലാത്ത ഒരു തെറ്റ് തുടരുകയാണെങ്കിൽ രണ്ട് മൂപ്പന്മാർ അയാളെ സന്ദർശിച്ച് (1 തെസ്സലോനിക്കർ 3:14-ന്റെ ഇവരുടെ വ്യാഖ്യാനമനുസരിച്ച്) തെറ്റ് തിരുത്താൻ ബുദ്ധിയുപദേശിക്കുന്നു.[143] വീണ്ടും അത് തുടരുകയാണെങ്കിൽ അയാളെ നോട്ടപുള്ളിയായി കണക്കാക്കി ഈ തെറ്റിനെ പറ്റി അറിയാവുന്ന മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുന്നു. ഇയാളുമായി അടുത്ത് ഇടപഴകുന്നത് നിരോധിച്ചിരിക്കുന്നു,[144] എന്നിരുന്നാലും അത്മീയകാര്യങ്ങൾ സംസാരിക്കാൻ അനുവദിച്ചിരിക്കുന്നു. ഇത് അയാളെ പിന്തിരിയാൻ പ്രേരിപ്പിക്കുമെന്ന് പഠിപ്പിക്കുന്നു.[145]

വേർപെട്ടിരിക്കലും നിഷ്പക്ഷതയും

യഹോവയുടെ സാക്ഷികൾ ദൈവത്തിൽ നിന്ന് ഒരു സത്യമേ ഉണ്ടാകൂ എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ, ബൈബിൾ വിശ്വാസത്തെ കൂട്ടിക്കുഴയ്ക്കുന്നത് തടയുന്നതായി പഠിപ്പിക്കുന്നു. ആയതിനാൽ ഇവർ മിശ്രവിശ്വാസത്തിലും മറ്റ് സമാന സംഘടനകളിലും, പ്രവർത്തനത്തിലും പങ്കുചേരുന്നില്ല.[146] അവരുടെ വിശ്വാസം മാത്രമാണ് സത്യം എന്ന് കരുതുന്നു,[147] അതുകൊണ്ട് ബൈബിളിൽ ദൈവം വച്ചിരിക്കുന്ന നിലവാരത്തിന് ചേർച്ചയിൽ പോകാത്ത എല്ലാ മതങ്ങളും ഉടനെ തന്നെ ദിവ്യ ഇടപെടലിലൂടെ നശിപ്പിക്കപ്പെടുമെന്ന് ഇവർ പഠിപ്പിക്കുന്നു. ലോകത്തിൽ നിന്ന് വേർപെട്ടിരിക്കുന്നത് വളരെ പ്രധാനമാണെന്ന് ഇവർ പഠിപ്പിക്കുന്നു.[148] ഇവരുടെ പ്രസിദ്ധീകരണങ്ങൾ ലോകം ദൈവത്തിൽ നിന്ന് അന്യപെട്ട ഒരു മനുഷ്യവർഗ്ഗമാണെന്നും, ലോകത്തെ സാത്താനാണ് അദൃശ്യമായി ഭരിക്കുന്നതെന്നും, അതുകൊണ്ട് ലോകം അപകടം പിടിച്ചതാണെന്നും പഠിപ്പിക്കുന്നു.[149] ലോകത്തിൽ നിന്നുള്ള മോശമായ സ്വാധീനങ്ങൾക്ക് വഴിപെട്ട് പോകാതിരിക്കാനും, തങ്ങളുടെ ഉന്നതമായ ധാർമ്മിക നിലവാരം കാത്തുസൂക്ഷിക്കാനും, വിശ്വാസികളല്ലാത്തവരുമായി അടുത്ത് സഹവസിക്കുന്നത് നിരുൽസാഹപ്പെടുത്തുന്നു.[150]

യഹോവയുടെ സാക്ഷികൾ തങ്ങളുടെ ഏറ്റവും വലിയ കൂറ് യേശുരാജാവായി ഭരിക്കുന്ന ദൈവരാജ്യത്തോട് ആയിരിക്കണമെന്നും, അത് ഒരു യഥാർത്ഥ ഭരണകൂടം ആണെന്നും വിശ്വസിക്കുന്നു. അംഗങ്ങൾ സാമൂഹിക മുന്നേറ്റ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെങ്കിലും, ഇവർ രാഷ്ട്രീയപരമായി നിഷ്പക്ഷത പുലർത്തുന്നു; ആയതിനാൽ വോട്ടിടുന്നത് നിരുൽസാഹപ്പെടുത്തിയിരിക്കുന്നു.[151] മതപരമായ ഒഴിവ് ദിവസാഘോഷത്തിൽ നിന്നും, ജന്മദിനം പോലെ ഇവർ പുറജാതിയ ഉദ്ഭവം എന്ന് കരുതുന്ന എല്ലാ ആചാരങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നു. അവർ സൈനികസേവനം നടത്തുന്നില്ല, അതുമായി ബന്ധപ്പെട്ട ഒരു ജോലികളും ഏർപ്പെടുന്നില്ല, സായുധസേനകളിലും പങ്കുപറ്റുന്നില്ല. [152]ഇത് പല രാജ്യങ്ങളിലും ഇവരെ അറസ്റ്റ് ചെയ്യുന്നതിനും തടങ്കലിലാക്കുന്നതിനും കാരണമായിരിക്കുന്നു.[153] ഇവർ ദേശീയ പതാകയെ വന്ദിക്കുകയോ, ദേശീയഗാനം പാടുകയോ, മറ്റെന്തെങ്കിലും ദേശഭക്തിപരമായ സംഗതികളിൽ ഏർപ്പെടുകയോ ചെയ്യുന്നില്ല.[154] എന്നിരുന്നാലും "കൈസർക്കുള്ളത് കൈസർക്കും, ദൈവത്തിനുള്ളത് ദൈവത്തിനും" എന്ന തിരുവെഴുത്തിന്റെ ഇവരുടെ വ്യഖ്യാനമനുസരിച്ച് കരമടയ്ക്കുന്നതിലും, മറ്റ് ഗവണ്മെന്റ് നിയമങ്ങൾക്കും സത്യസന്ധ്യരായിരിക്കാൻ പഠിപ്പിക്കുന്നു. യഹോവയുടെ സാക്ഷികൾ തങ്ങളെ ദേശീയമോ വർഗ്ഗീയമോ ആയ വ്യത്യാസമില്ലാത്ത ഒരു ആഗോള സഹോദരവർഗ്ഗത്തിന്റെ ഭാഗമായി കണക്കാക്കുന്നു.[155]

രക്തരഹിത ചികിൽസ

യഹോവയുടെ സാക്ഷികളുടെ വിശ്വാസമനുസരിച്ച് അവർ രക്തം സ്വീകരിക്കില്ല. രക്തം പവിത്രമാണെന്നും അത് സ്വീകരിക്കുന്നത് ദൈവകല്പനയുടെ നേരിട്ടുള്ള ലംഘനമാണെന്നും പ്രവർത്തികൾ 15:28,29(൧) എന്ന തിരുവെഴുത്തും മറ്റുചില തിരുവെഴുത്തുകളുടെയും അടിസ്ഥാനത്തിൽ ഇവർ പഠിപ്പിക്കുന്നു.[156] ജീവന്മരണ സാഹചര്യങ്ങളിൽ പോലും ഇവർ രക്തം സ്വീകരിക്കില്ല.[157] രക്തം സ്വീകരിക്കുന്നത് അനുതാപമില്ലെങ്കിൽ സഭയിൽ നിന്ന് നീക്കപ്പെടാനുള്ള കാരണമായും പഠിപ്പിക്കുന്നു.[158] രക്തരഹിത ചികിൽസയും മറ്റ് ആധുനിക ചികിൽസകളും ഇവർ ഇതിന് പകരമായി സ്വീകരിക്കുന്നു.[159]

യഹോവയുടെ സാക്ഷികൾ രക്തത്തിന്റെ ചില ഘടകാംശങ്ങൾ സ്വീകരിച്ചേക്കാമെങ്കിലും ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്ലറ്റുകൾ, പ്ലാസ്‌മ എന്നീ പ്രധാന ഘടകങ്ങൾ സ്വീകരിക്കില്ല.[160] പ്രധാന ഘടകങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകാംശങ്ങൾ സ്വീകരിക്കണമോ വേണ്ടയോ എന്നത് വ്യക്തിയുടെ മനസാക്ഷിക്ക് തീരുമാനിക്കാൻ അനുവദിച്ചിരിക്കുന്നു.[161] പ്രധാന ഘടകങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകാംശങ്ങൾ രക്തം അല്ല എന്ന് ചില അംഗങ്ങളുടെ മനസാക്ഷിക്ക് തോന്നിയേക്കാം എന്നതിനാലാണ് ഇങ്ങനെ ചെയ്യപ്പെടുന്നത്.[162] പ്രധാന ഘടകങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകംശങ്ങളിൽ എതൊക്കെ സ്വീകരിക്കാം എന്നത് രേഖപ്പെടുത്തി കൈയിൽ എപ്പോഴും സൂക്ഷിക്കാനായി ഇവരുടെ സംഘടന ഒരു മുൻതയ്യാർ ചെയ്ത അവകാശകാർഡ് നൽകുന്നുണ്ട്. ആശുപത്രി അധികാരികളും അംഗങ്ങളിലെ രോഗികളുമായുള്ള ഇടപാടുകൾ തരപ്പെടുത്തുന്നതിന് ഇവർ "ആശുപത്രി ഏകോപന കമ്മിറ്റി" എന്ന ഒരു വിദഗ്ദ്ധരുടെ കൂട്ടത്തെ ലോകവ്യാപകമായി നിയോഗിച്ചിരിക്കുന്നു.[163]

സ്ഥിതിവിവര കണക്ക്

യഹോവയുടെ സാക്ഷികൾക്ക് ഒരോ രാജ്യങ്ങളുടെയും ജനസംഖ്യ കണക്കാക്കുമ്പോൾ എടുത്ത് പറയത്തക്ക അംഗസംഖ്യ ഇല്ലാത്തവരെങ്കിലും, ആഗോളമായി എല്ലാ രാജ്യങ്ങളിലും തന്നെ ഇവർക്ക് സജീവ സാന്നിദ്ധ്യം ഉണ്ട്. 2013-ലെ കണക്കനുസരിച്ച് 239-ലധികം ദേശങ്ങളിലായി ഇവർക്ക് 79 ലക്ഷം "പ്രസാദകർ" അതായത് വീടുതോറുമുള്ള പ്രവർത്തനത്തിന് ഏർപ്പെടുന്ന അംഗങ്ങൾ ഉണ്ട്. 2013-ൽ ഇവർ 184 കോടി മണിക്കുറിലധികം സമയം വീടുതോറുമുള്ള പ്രവർത്തനത്തിനും, താൽപര്യക്കാരെ ബൈബിൾ പഠിപ്പിക്കുന്നതിനും ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്തു. 1990-ൽ 45 ലക്ഷം പ്രസാദകരിൽ നിന്ന് ഇപ്പോൾ 79 ലക്ഷം പ്രസാദകരായി വർദ്ധിച്ചു.[164] ഇപ്പോഴത്തെ ഒരോ വർഷ ലോകവ്യാപക വർദ്ധന 2.1 ശതമാനം ആണ്. ഇന്ത്യയിൽ 1980-ൽ 5000 പ്രസാദകരിൽ നിന്ന് ഇപ്പോൾ 37,000 അംഗങ്ങളായി വർദ്ധിച്ചിരിക്കുന്നു.[165][166] ഔദ്യോഗിക കണക്കിൽ റിപ്പോർട്ട് സമർപ്പിക്കുന്ന പ്രസാദകരെ മാത്രമെ കണക്കാക്കിയിട്ടുള്ളു, നീക്കം ചെയ്യപ്പെട്ടവരെയോ, നിഷ്ക്രിയരെയോ, രാജ്യഹാളിൽ ഹാജരാകുന്ന മറ്റുള്ളവരെയോ കണക്കാക്കിയിട്ടില്ല. അതുകൊണ്ട് യഹോവയുടെ സാക്ഷികൾ എന്ന് സ്വയം സ്ഥിരികരിക്കുന്നവരിൽ പാതിപേരെ മാത്രമെ സജീവരായി ഇവരുടെ സംഘടനതന്നെ കണക്കാക്കുന്നുള്ളു എന്ന് സ്ഥിതിവിവര കണക്ക് സൂചിപ്പിക്കുന്നു.[167]

യഹോവയുടെ സാക്ഷികൾക്ക് ലോകവ്യാപകമായി 1,13,823-ത്തിൽ പരം സഭകൾ (രാജ്യഹാളുകൾ) ഉണ്ട്.[168] സഭകൾ അതതു ദേശത്തെ ഭാഷ പ്രതിനിധീകരിച്ച് പ്രവർത്തിക്കുന്നു. ഉദാഹരണത്തിനു, അമേരിക്കൻ ഐക്യനാടുകളിലെ, 2002-ലെ കണക്കനുസരിച്ച് അവിടുത്തെ 10,000 സഭകളിൽ 3000 സഭകളിലായി 38 ഇതര ഭാഷകളിൽ ആരാധന നടത്തുകയ്യുണ്ടായി. ചില സ്ഥലങ്ങളിൽ ആംഗ്യഭാഷാ കൂട്ടങ്ങളുമുണ്ട്[169]

പ്രസിദ്ധീകരണങ്ങൾ

യഹോവയുടെ സാക്ഷികൾ ബൈബിൾ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുന്നതിൽ അറിയപ്പെടുന്നവരാണ്. അവരുടെ പ്രധാന പ്രസിദ്ധീകരണങ്ങളിൽ ചിലത് താഴെ നൽകിയിരിക്കുന്നു.

യഹോവയുടെ സാക്ഷികൾ 700-ലധികം ഭാഷകളിൽ നിരവധി പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുന്നു.


 • വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം-മൂല എബ്രായ്-ഗ്രിക്ക് പാഠങ്ങളിൽ നിന്ന് നേരിട്ടു തർജ്ജമ ചെയ്തത് (130ൽ അധികം ഭാഷകളിൽ ലഭ്യം;മലയാളത്തിൽ മുഴുബൈബിളും ഓൺലൈനിലും ലഭ്യം)
 • ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?-തികച്ചും സംതൃപ്തികരമായ ജീവിതം നയിക്കാൻ ഉതകുന്ന മാർഗ്ഗം ബൈബിൾ നിങ്ങൾക്കു കാണിച്ചുതരുന്നു. (400-ൽ അധികം ഭാഷകളിൽ ലഭ്യം)
 • വീക്ഷാഗോപുരം മാസിക 240-ൽ അധികം ഭാഷകളിൽ ലഭ്യം. (മലയാളത്തിൽ ലഭ്യം)
 • ഉണരുക! മാസിക 101-ൽ അധികം ഭാഷകളിൽ ലഭ്യം. (മലയാളത്തിൽ ലഭ്യം)


ഇതുകൂടാതെ 100-ൽ പരം പുസ്തകങ്ങളും, മാസികകളും, ചെറുലേഖനങ്ങളും വിതരണം ചെയ്യപ്പെടുന്നു.

എതിർപ്പുകൾ

യഹോവയുടെ സാക്ഷികളുടെ ചരിത്രത്തിലുടനീളം ഇവരുടെ വിശ്വാസം,പഠിപ്പിക്കലുകൾ, പ്രവർത്തനങ്ങൾ എന്നിവ ഗവണ്മെന്റുകളിൽനിന്നും, സമൂഹങ്ങളിൽനിന്നും, മറ്റ് മതങ്ങളിൽനിന്നും വലിയ ഏതിർപ്പും പീഡനങ്ങളും ഉണ്ടാകുന്നതിന് കാരണമായിരിക്കുന്നു. കെൻ ജുബ്ബർ ഇപ്രകാരം എഴുതി,

.[170]

പീഡനങ്ങൾ

മതപ്രേരിതമായും, രാഷ്ട്രീയപ്രേരിതമായും ഇവർക്കെതിരെയുള്ള നീക്കങ്ങളും അക്രമങ്ങളും മിക്ക രാജ്യങ്ങളിലും തന്നെ ഉണ്ടായിട്ടുണ്ട്. ഇവരുടെ പ്രവർത്തനങ്ങളും, പ്രസിദ്ധീകരണങ്ങളും ഇപ്പോഴും ചൈന, വിയറ്റ്നാം, ഇസ്ലാമിക രാജ്യങ്ങൾ തുടങ്ങിയവയിൽ നിരോധിച്ചിരിക്കുന്നു. കൂടാതെ പല രാജ്യങ്ങളിലും ഇവരുടെ അംഗങ്ങൾ ഇപ്പോഴും തടവിലാണ്[171]

രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനിയിൽ യഹോവയുടെ സാക്ഷികളായ തടവുകാരെ തിരിച്ചറിയിക്കാൻ പർപ്പിൾ ത്രികോണം എന്ന അടയാളം ഉപയോഗിച്ചു

യഹോവയുടെ സാക്ഷികൾ 1935 മുതൽ 1945 വരെ നാസി ജർമനിയിൽ സൈനിക സേവനം നടത്താതതു നിമിത്തം ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. 12,000-ത്തിൽ അധികം പേരെ തടങ്കൽ പാളയങ്ങളിലേക്ക് അയയ്ക്കുകയും, ഏകദേശം 2,500 പേരെ നേരിട്ട് വധിക്കുകയും, 5,000-തോളം പേരെ തടങ്കൽ പാളയങ്ങളിൽ വച്ച് കൊലപ്പെടുത്തിയതായും കണക്കാക്കപ്പെടുന്നു.[172] ചരിത്രകാരനായ സിബിൽ മിൽട്ടൺ ഇപ്രകാരം പറഞ്ഞതുപ്രകാരം, "ഇവരുടെ ധൈര്യവും, വിശ്വാസവും, സഹിഷ്ണുതയും നിമിത്തം നാസികളുടെ ക്രുരമായ ഏകാധിപത്യഭരണത്തിനു ഇവരുടെ മേൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല."[173] അതിന് തെളിവെന്ന വിധത്തിൽ അന്ന് ജർമനിയിൽ കേവലം പതിനായിരം ആയിരുന്ന സാക്ഷികൾ ഇന്ന് 1,65,000 എണ്ണത്തിലധികമായി വർദ്ധിച്ചിരിക്കുന്നു.[174] 2005-ലാണ് യഹോവയുടെ സാക്ഷികളെ ജർമ്മനിയിൽ നിയമപരമായ മതമായി അംഗീകരിച്ചത്. [175]സോവിയറ്റ് യൂണിയന്റെ കീഴിൽ 1950 ഏപ്രലിൽ അവിടെയുണ്ടായിരുന്ന 9000 യഹോവയുടെ സാക്ഷികളെയും വളരെ ശൈത്യകാലാവസ്ഥയുള്ള സൈബീരിയയിലെ തടങ്കൽ പാളയത്തിലേക്ക് നാടുകടത്തി.

നിയമയുദ്ധങ്ങൾ

യഹോവയുടെ സാക്ഷികളുടെ നിരവധി കേസുകൾ ലോകവ്യാപകമായി പല രാജ്യങ്ങളുടെയും സുപ്രീം കോടതിയിൽ നടത്തപ്പെടുകയുണ്ടായി. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനും, ദേശഭക്തി കാട്ടാത്തതിനും, സൈനികസേവനം നടത്താത്തതിനും, രക്തം സ്വീകരിക്കാത്തതിനുമാണ് പ്രധാനമായും കേസുകൾ നടത്തപ്പെട്ടത്.യൂറോപ്യൻ മനുഷ്യാവകാശ കോടതിയുൾപ്പെടെ[176] മിക്ക കോടതികളും ഇവർക്ക് പ്രവർത്തനം നടത്താനും മറ്റെല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടാനും അനുകൂലമായി വിധി പുറപ്പെടുവിക്കുകയുണ്ടായി.[177] ഉദാഹരണത്തിന് അമേരിക്കൻ ഐക്യനാടുകളിലെ സുപ്രീം കോടതിയിൽ വീടുതോറുമുള്ള പ്രവർത്തനം, പതാകവന്ദനം, ദേശീയഗാനം തുടങ്ങിയവ ഉൾപ്പെടെ യഹോവയുടെ സാക്ഷികൾക്ക് നേരെ നടത്തപ്പെട്ട 73 കേസുകളിൽ 47 പ്രാവശ്യം സുപ്രധാന വിധികൾ ഇവർക്ക് അനുകൂലമായി പുറപ്പെടുവിക്കുകയുണ്ടായി.[178]

ബിജോയ് ഇമ്മാനുവേൽ കേസ്

1985 ജുലൈയിൽ കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തിൽ, ദേശീയഗാനം പാടാത്തതിന്റെ പേരിൽ അവിടത്തെ ഡെപ്യൂട്ടി സ്കൂൾ ഇൻസ്പക്റ്റർ ചില യഹോവയുടെ സാക്ഷികളായ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. ഒരു രക്ഷാകർത്താവ് ഇതിനെതിരെ കേരള ഹൈഹോടതിയിൽ കേസിടുകയുണ്ടായി. എന്നാൽ കേരള ഹൈക്കോടതി ദേശീയഗാനം പാടാത്ത കുട്ടികളെ സ്കൂളിൽ പഠിപ്പിക്കണ്ട എന്ന് വിധിച്ചു[179].ഈ കേസ് സൂപ്രിം കോടതിയിൽ പരിഗണിച്ച പ്രത്യേകബഞ്ച് ഹൈക്കോടതിയെ നിശിതമായി വിമർശിക്കുകയും, പുറത്താക്കപ്പെട്ട യഹോവയുടെ സാക്ഷികളായ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നും, യഹോവയുടെ സാക്ഷികളായ വിദ്യാർത്ഥികൾക്ക് ദേശീയഗാനം പാടാതെ സ്കൂളിൽ പഠിക്കാനുള്ള സജ്ജീകരണങ്ങൾ സർക്കാർ നടത്തണമെന്നും, കേസ് നടത്താൻ വിദ്യാർത്ഥികളുടെ രക്ഷാകർത്താവിനായ തുക കേരള സർക്കാർ നൽകണമെന്നും വിധിച്ചു. നമ്മുടെ പാരമ്പര്യവും, തത്ത്വങ്ങളും , ഭരണഘടനയും നമ്മെ മതസഹിഷ്ണത പഠിപ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ട് വിധി അവസാനിപ്പിക്കുകയുണ്ടായി.[180]

വിമർശനങ്ങൾ

യഹോവയുടെ സാക്ഷികളുടെ വ്യത്യസ്തമായ വിശ്വാസങ്ങളും, കീഴ്വഴക്കങ്ങളും നിരവധി വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഒട്ടുമിക്ക വിമർശനങ്ങളും യഹോവയുടെ സാക്ഷികൾ നിഷേധിക്കുന്നു, ചില വിമർശനങ്ങൾ ബൈബിൾ പണ്ഡിതന്മാരും കോടതികളും തന്നെ നിഷേധിച്ചിട്ടുണ്ട്.

ബൈബിൾപരമായി

വാച്ച്ടവർ സൊസൈറ്റി പുതിയലോക ഭാഷാന്തരം ബൈബിൾ എബ്രായ-ഗ്രീക്കിൽ നിന്ന് തർജ്ജമ ചെയ്ത വ്യക്തികളുടെ പേരുകളും, വിദ്യാഭ്യാസയോഗ്യതകളും വെളിപ്പെടുത്താതിന്റെ പേരിൽ പലരും അവരെ വിമർശിച്ചിരിക്കുന്നു. തർജ്ജമ ചെയ്ത കമ്മിറ്റി ബൈബിളിന്റെ മഹത്ത്വം ദൈവത്തിന് നൽകണമെന്നാഗ്രഹിച്ചിരുന്നതിനാൽ പേരു വെളിപ്പെടുത്താനാഗ്രഹിച്ചില്ല എന്ന് യഹോവയുടെ സാക്ഷികൾ വിശദീകരിക്കുന്നു.[181] പുതിയലോകഭാഷാന്തരം ബൈബിൾ മെച്ചപ്പെട്ട വിദ്യാഭ്യാസ യോഗ്യതയുള്ളവർ തർജ്ജമ ചെയ്ത, എടുത്ത് പറയാവുന്ന ഒരു തർജ്ജമയാണെങ്കിലും യഹോവയുടെ സാക്ഷികളുടെ വിശ്വാസത്തിനനുസൃതമായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് അമേരിക്കൻ ബൈബിൾ സൊസൈറ്റി മുൻ അംഗവും, പണ്ഡിതനായ ബ്രുസ് എം.മെറ്റ്സ്ഗർ അവകാശപ്പെടുന്നു.[182] എന്നാൽ പണ്ഡിതനായ ജയ്സൺ ബിഡുഹ്ൻ പുതിയലേകഭാഷാന്തരം "ലഭിക്കാവുന്ന ബൈബിൾ ഭാഷാന്തരങ്ങളിൽ വച്ച് ഏറ്റവും കൃത്യതയുള്ള" തർജ്ജമയണെന്നും അതിലെ മിക്കമാറ്റങ്ങളും അത് ഒരു "വാക്യാനുവാക്യ, ഒത്തിണക്കമുള്ള" തർജ്ജമ ആയതിനാലാണെന്നും അഭിപ്രായപ്പെട്ടു. മെറ്റ്സ്ഗർ പോലുള്ള ദൈവശാസ്ത്രഞർ പുതിയ നിയമത്തിന്റെ ലഭ്യമായ ഗ്രീക്ക് തിരുവെഴുത്തുകളിൽ യഹോവ എന്ന നാമം കാണാത്തിടത്ത് 237-പ്രാവശ്യം യഹോവ എന്ന നാമം ഉപയോഗിച്ചിരിക്കുന്നതിനെ വിമർശിച്ചു.[183] എന്നാൽ പഴയനിയമ ഉദ്ധരണികളിൽ ചതുരക്ഷരി വരുന്ന ഭാഗത്തും, പ്രത്യേകിച്ച് ഗ്രീക്കിൽ 'കിരിയോസ്' (ദൈവം എന്നർത്ഥം) വരുന്ന ഭാഗത്തും യഹോവ എന്ന നാമം അർത്ഥവത്തായ രീതിയിലാണ് പുതിയലോക ഭാഷാന്തരത്തിൽ പുനർക്രമീകരിച്ചിരിക്കുന്നതെന്ന് വാച്ച്ടവർ സംഘടന പറയുന്നു.[184] യഹോവ എന്ന നാമം പുതിയനിയമത്തിൽ 237 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്ന രീതി ബൈബിൾ പണ്ഡിതനായ ജോർജ് ഹോവാർഡും,[185] വൈക്ലിഫ് ഹാൾ ഒക്സ്ഫോഡിലെ മുൻ പ്രിൻസിപ്പലായ അർ.ബി.ഗിർഡിൽ സ്റ്റോണും ശരിയാണെന്ന് അംഗീകരിച്ചിരിക്കുന്നു.[186][187][188]

തത്ത്വങ്ങളുടെ പേരിൽ

തെറ്റായി പ്രവർത്തിക്കുന്നവരെ പുറത്താക്കുന്ന നടപടികൾ വിമർശകരെ യഹോവയുടെ സാക്ഷികളെ ഒരു "സ്വേച്ഛാധിപത്യമതം" എന്ന് വിശേഷിപ്പിക്കാൻ ഇടയാക്കിയിരിക്കുന്നു.[189] യഹോവയുടെ സാക്ഷികൾ തങ്ങളുടെ അംഗങ്ങളെ സ്വതന്ത്രചിന്ത നടത്താൻ അനുവദിക്കുന്നില്ലെന്നും, അംഗങ്ങളെ മനസ്സുമാറ്റി വച്ചിരിക്കുകയാണെന്നും,[190] മാനസിക ഒറ്റപ്പെടുത്തൽ നടത്തുകയാണെന്നും ചില വിമർശകർ ആരോപിക്കുന്നു.[191] എന്നാൽ യുറോപ്പ്യൻ മനുഷ്യാവകാശ കോടതി യഹോവയുടെ സാക്ഷികളുടെ സംഘടന, തങ്ങളുടെ വിശ്വാസികളെ ചില ആചാരങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും, ആരാധനയ്ക്കായി സമയം നീക്കിവയ്ക്കാൻ ആവശ്യപ്പെടുന്നതും മറ്റ് സമാന മതങ്ങൾ തങ്ങളുടെ അംഗങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ നിന്ന് വ്യത്യസ്തമല്ലെന്ന് വിധിക്കുകയുണ്ടായി. കൂടാതെ അംഗങ്ങളെ മനസ്സുമാറ്റി വച്ചിരിക്കുകയാണെന്നും, മാനസിക ഒറ്റപ്പെടുത്തൽ നടത്തുകയണെന്നും എന്ന ആരോപണം തെളിയിക്കപ്പെടാൻ സാധ്യമല്ലെന്നും അത് ആരോപകരുടെ ഊഹാപോഹങ്ങൾ മാത്രമാണെന്നും കോടതി അഭിപ്രായപ്പെട്ടു.[192]

വാച്ച്ടവർ പ്രസിദ്ധീകരണങ്ങൾ ദൈവം യഹോവയുടെ സാക്ഷികളെ തന്റെ ഹിതം വെളിപ്പെടുത്താനുപയോഗിക്കുന്നതായി പഠിപ്പിക്കുന്നെന്നും[193] അതുകൊണ്ട് ഉടനെ നടക്കാൻ പോകുന്ന സംഭവങ്ങൾ ഇവരെ വെളിപ്പെടുത്താതെ ദൈവം പ്രവർത്തിക്കില്ലെന്നും പഠിപ്പിക്കുന്നു.[194] ചില വിമർശകർ യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ അവരെ പഴയനിയമത്തിലെ നോഹയെ പോലെയുള്ള ആധുനികകാലത്തെ പ്രവാചകൻമാരായി ഉപമിച്ചിരിക്കുന്നതായി അവകാശപ്പെടുന്നു.[195] ബൈബിൾ പ്രവചനങ്ങളുടെ ഇവരുടെ വ്യാഖ്യാനത്തെ കേന്ദ്രീകരിച്ചുള്ള ചില പ്രതീക്ഷകൾ തെറ്റായിരുന്നെന്ന് സാക്ഷികൾക്കുതന്നെ പിന്നീട് ബോധ്യമായിരുന്നു.[196] ആ വ്യാഖ്യാനങ്ങൾ തെറ്റായിരുന്നെന്ന് ബോധ്യപ്പെട്ടതിനാൽ ഇവരുടെ യുഗാന്തചിന്തയിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തുകയുണ്ടായി.[197] ഇതിനെ ചില വിമർശകർ എടുത്തുകാട്ടുകയും ഇത് ദൈവസംഘടനയാണെന്ന യഹോവയുടെ സാക്ഷികളുടെ വാദത്തെ ചോദ്യം ചെയ്യുന്നതിനും ഇടയാക്കുകയുണ്ടായി.[198] എന്നാൽ ഈ വിമർശനത്തെ യഹോവയുടെ സാക്ഷികൾ ഖണ്ഡിക്കുന്നു.[199] തങ്ങളുടെ ദൈവിക വെളിച്ചം ബൈബിൾ ഗവേഷണത്തിലൂടെ കാലാനുക്രമമായുള്ള മാറ്റങ്ങളിലൂടെ വെളിപ്പെടുന്നവയാണെന്നും, ആദിമ ക്രിസ്തീയരും സംഭവവികാസങ്ങളെകുറിച്ചുള്ള അവരുടെ ചിന്താഗതിയിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തിയിരുന്നതായും ചൂണ്ടിക്കാണിച്ച് ഇവർ അത് തിരസ്ക്കരിക്കുന്നു. കൂടാതെ, അവരുടെ ചില പ്രതീക്ഷകളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തപ്പെട്ടത് ദൈവരാജ്യം ഉടനെ വരാനുള്ള അവരുടെ ആകാംക്ഷകാരണമാണെന്നും, യഹോവയുടെ സാക്ഷികൾ അത്തരം പൊരുത്തപ്പെടുത്തലുകൾ മനസാലെ സ്വീകരിക്കാൻ തയ്യാറായതിനാൽ അവർ സത്യമെന്ന് പഠിപ്പിക്കുന്ന എല്ലാ തത്ത്വങ്ങളെയും സംഘടനയെയും ചോദ്യം ചെയ്യുന്നത് മണ്ടത്തരമായിരിക്കുമെന്നും പറയുന്നു.[200] യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം പ്രവചനങ്ങൾ ഭാവി മുൻകൂട്ടി കാണുക എന്നതിലുപരിയായി മനുഷ്യചരിത്രത്തിന്റെ ദിവ്യ ഉദ്ദേശ്യം വിവേചിച്ചറിയുക എന്നതാണെന്നും, കൂടാതെ സഫലമാകാത്ത ചില പ്രതീക്ഷകൾ അവരുടെ ബൈബിൾ കാലക്കണക്കിനെ കുറിച്ചുള്ള വ്യക്തമായ പുതുക്കപ്പെട്ട അറിവിന്റെ പശ്ചാത്തലത്തിലുള്ളതാണെന്നും പണ്ഡിതനായ ജോർജ് ഡി. ക്രിസിഡിസ് അഭിപ്രായപ്പെട്ടു.[201]

സാമൂഹികപരമായി

ചില വിമർശകർ യഹോവയുടെ സാക്ഷികൾ ഒരു "ഉപാസനാക്രമം" ആണെന്ന് ആരോപിക്കുന്നു.[202] എന്നാൽ യഹോവയുടെ സാക്ഷികൾ വ്യക്തികൾക്ക് ദൈവത്തിന്റെ വഴിനടത്തിപ്പ് ആവശ്യമാണെങ്കിലും സ്വതന്ത്രചിന്ത അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ട് ഇത് നിഷേധിക്കുന്നു.[203] റയ്മണ്ട് ഫ്രാൻസും മറ്റ് ചില വിമർശകരും വാച്ച്ടവർ സൊസൈറ്റി അംഗങ്ങളെ വീടുതോറുമുള്ള പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കുകയാണെന്ന് വിമർശിക്കുന്നു.[204] എന്നാൽ വാച്ച്ടവർ സൊസൈറ്റി സുവാർത്തപ്രസംഗത്തിന് പരമപ്രാധാന്യം നൽകണമെന്നും,[205] എന്നിരുന്നാലും എത്ര സമയം ചെലവഴിക്കണം എന്നത് സംബന്ധിച്ച് ഒരു സമനില ആവശ്യമാണെന്നും പഠിപ്പിക്കുന്നു.[206] മസ്തിഷ്ക സർജ്ജൻ ഒസാമ മുറുമോട്ടോ യഹോവയുടെ സാക്ഷികളെ രക്തം പോലുള്ള കാര്യങ്ങൾ വേണ്ട എന്ന് തീരുമാനമെടുക്കുന്നതിൽ അവരുടെ സംഘടന നിർബന്ധിക്കുകയാണെന്ന് ആരോപിക്കുന്നു.[207] എന്നാൽ വിശ്വാസത്തെ മെഡിക്കൽ തത്ത്വങ്ങളുമായി കൂട്ടികുഴയ്ക്കാനാണ് മുറുമോട്ടോ ഇങ്ങനെ ആരോപിക്കുന്നതെന്ന് യഹോവയുടെ സാക്ഷികളുടെ ഔദ്യോഗിക സംഭാഷകനായ ഡൊണൽഡ് റ്റി. റിട്ലീ അഭിപ്രായപ്പെട്ടു.[208]

കുറിപ്പ്


കുറിപ്പ് (൨): "നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.ഞാൻ , ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാൻ തന്നേ പ്രസ്താവിക്കയും രക്ഷിക്കയും കേൾപ്പിക്കയും ചെയ്തതു; അതുകൊണ്ടു നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ദൈവം തന്നേ"--യെശയ്യാവു 43:10-12
കുറിപ്പ് (൧): "വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു."--അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ‍ 15:28

അവലംബം

ഗ്രന്ഥസൂചി

  • Jehovah's Witnesses: Portrait of a Contemporary Religious Movement by Andrew Holden. An academic study on the sociological aspects of Jehovah's Witnesses phenomenon. Publisher: Routledge; 1st edition 2002, ISBN 978–0415266109.
  • Jehovah's Witnesses—Proclaimers of God's Kingdom (1993) by Watch Tower Bible and Tract Society of Pennsylvania. Official history of the development of the beliefs, practices, and organisational structure of Jehovah's Witnesses.
  • Counting the Days to Armageddon by Robert Crompton (1996). A detailed examination of the development of Jehovah's Witnesses' eschatology. James Clarke & Co, Cambridge, ISBN 0-227-67939-3.
  • Millions Now Living Will Never Die by Alan Rogerson. Detailed history of the Watch Tower movement, particularly its early years, a summary of Witness doctrines and the organizational and personal framework in which Witnesses conduct their lives. Constable & Co, London, 1969. SBN 094559406
  • State and Salvation by William Kaplan (1989). Documents the Witnesses' fight for civil rights in Canada and the US amid political persecution during World War II. University of Toronto Press, ISBN 0-8020-5842-6.

കുടുതലായ വായന

ഔദ്യോഗികമായുള്ളവ


മറ്റുള്ളവ

"https:https://www.search.com.vn/wiki/index.php?lang=ml&q=യഹോവയുടെ_സാക്ഷികൾ&oldid=4072985" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്