വടു

ഒരു മുറിവിനുശേഷം, സാധാരണ ചർമ്മത്തെ മാറ്റിസ്ഥാപിച്ചുകൊണ്ട് കാണപ്പെടുന്ന ടിഷ്യൂ ആണ് വടു അല്ലെങ്കിൽ സ്കാർ ടിഷ്യു എന്ന് അറിയപ്പെടുന്നത്. ചർമ്മത്തിലെയും മറ്റ് അവയവങ്ങളിലെയും ശരീര കോശങ്ങളിലെയും മുറിവുകൾ ഉണങ്ങുന്ന ജൈവിക പ്രക്രിയയുടെ ഫലമായാണ് വടുക്കൾ ഉണ്ടാകുന്നത്. അതിനാൽ, രോഗശാന്തി പ്രക്രിയയുടെ സ്വാഭാവിക ഭാഗമാണ് വടുക്കൾ. വളരെ ചെറിയ മുറിവുകൾ ഒഴികെ, എല്ലാ മുറിവുകളും (ഉദാഹരണത്തിന്, അപകടം, രോഗം അല്ലെങ്കിൽ ശസ്ത്രക്രിയയ്ക്ക് ശേഷം) ഒരു പരിധിവരെ വടുക്കൾ ഉണ്ടാക്കുന്നു. പൂർണ്ണമായ പുനരുജ്ജീവനമുള്ള മൃഗങ്ങളാണ് ഇതിനൊരു അപവാദം, അവയുടെ ശരീരത്തിൽ വടു രൂപപ്പെടാതെ ടിഷ്യു വീണ്ടും വളരുന്നു.

വടു
ബൈപ്പാസ് ശസ്ത്രക്രിയക്ക് ശേഷമുള്ള വടുക്കൾ
സ്പെഷ്യാലിറ്റിഡെർമേറ്റോളജി, പ്ലാസ്റ്റിക്ക് സർജറി

മുറിവിന് മുൻപ് ഉണ്ടായിരുന്ന ടിഷ്യുവിന്റെ അതേ പ്രോട്ടീൻ (കൊളാജൻ) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എങ്കിലും വടുക്കളുടെ പ്രോട്ടീന്റെ ഫൈബർ ഘടന വ്യത്യസ്തമാണ്. സാധാരണ ടിഷ്യൂകളിൽ കാണപ്പെടുന്ന കൊളാജൻ നാരുകളുടെ ക്രമരഹിതമായ ബാസ്‌ക്കറ്റ്‌വീവ് രൂപീകരണത്തിനുപകരം, ഫൈബ്രോസിസിൽ കൊളാജൻ ക്രോസ്-ലിങ്ക് ചെയ്യുകയും ഒരൊറ്റ ദിശയിൽ ഒരു വിന്യാസം ഉണ്ടാക്കുകയും ചെയ്യുന്നു.[1] ഈ കൊളാജൻ സ്കാർ ടിഷ്യു വിന്യാസം സാധാരണ കാണപ്പെടുന്ന ക്രമരഹിതമായ കൊളാജൻ വിന്യാസത്തേക്കാൾ താഴ്ന്ന പ്രവർത്തന നിലവാരമുള്ളതാണ്. ഉദാഹരണത്തിന്, സാധാരണ ചർമ്മം അൾട്രാവയലറ്റ് വികിരണത്തെ ചെറുക്കുന്നു, അതേസമയം വടുക്കളുടെ ചർമ്മം വികിരണം ചെറുക്കുകയില്ല, അതുപോലെ വിയർപ്പ് ഗ്രന്ഥികളും രോമകൂപങ്ങളും വടുക്കളിലെ ടിഷ്യൂകൾക്കുള്ളിൽ വളരുകയില്ല.[2] ഹൃദയാഘാതം എന്നറിയപ്പെടുന്ന മയോകാർഡിയൽ ഇൻഫ്രാക്ഷൻ, ഹൃദയപേശികളിൽ വടുക്കൾ രൂപപ്പെടുന്നതിന് കാരണമാകുന്നു, ഇത് പേശികളുടെ ശക്തി നഷ്ടപ്പെടുന്നതിനും ഹൃദയസ്തംഭനത്തിനും കാരണമാകുന്നു. അതേസമയം, ഘടനാപരമോ പ്രവർത്തനപരമോ ആയ അപചയം കൂടാതെ സുഖപ്പെടുന്ന ചില ടിഷ്യൂകളും (ഉദാ. അസ്ഥി) ഉണ്ട്.

തരങ്ങൾ

മുഖത്തെ പാടുകൾ കാണാവുന്ന മനുഷ്യൻ

മുറിവിന് മുൻപ് ഉണ്ടായിരുന്ന ടിഷ്യുവിന്റെ അതേ പ്രോട്ടീൻ (കൊളാജൻ) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എങ്കിലും വടുക്കളുടെ പ്രോട്ടീന്റെ ഫൈബർ ഘടന വ്യത്യസ്തമാണ്.[3] ഫൈബർ ഇലാസ്തികത വിതരണം ചെയ്യുന്ന സാധാരണ ടിഷ്യുവിൽ നിന്ന് വ്യത്യസ്തമായി സ്‌കാർ ടിഷ്യൂയിൽ ഇലാസ്തികത കുറവാണ്.[4] വടുക്കൾ കൊളാജന്റെ അളവിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഏറ്റവും സാധാരണമായ രണ്ട് സ്കാർ തരങ്ങളാണ് ഹൈപ്പർട്രോഫിക്, കീലോയിഡ് എന്നിവ. [5] മറ്റൊരു രൂപമാണ് അട്രോഫിക് സ്കാറിംഗ് (സങ്കൺ സ്കാറിംഗ്). സ്ട്രെച്ച് മാർക്കുകളെയും (സ്ട്രൈ) ചിലർ സ്കാറുകളായി കണക്കാക്കുന്നു.

ഉയർന്ന മെലാനിൻ അളവും ആഫ്രിക്കൻ അല്ലെങ്കിൽ ഏഷ്യൻ വംശപരമ്പരയും ഉള്ളവരുടെ ശരീരത്തിൽ പ്രതികൂലമായ വടുക്കൾ കൂടുതൽ ശ്രദ്ധേയമായേക്കാം.[6]

ഹൈപ്പർട്രോഫിക്

ശരീരം കൊളാജൻ അമിതമായി ഉൽപ്പാദിപ്പിക്കുമ്പോൾ ചുറ്റുമുള്ള ചർമ്മത്തിന് മുകളിൽ ഉയർന്നു കാണപ്പെടുന്ന ഹൈപ്പർട്രോഫിക് സ്കാർ ഉണ്ടാകുന്നു. ഹൈപ്പർട്രോഫിക് സ്കാറിനു ഇളം ചർമ്മത്തിൽ ചുവന്ന ഉയർന്ന പിണ്ഡത്തിന്റെ രൂപവും ഇരുണ്ട ചർമ്മത്തിൽ ഇരുണ്ട തവിട്ടുനിറത്തിലുള്ള രൂപവുമാണ് കാണുക. മുറിവ് അണുബാധയെത്തുടർന്ന് 4 മുതൽ 8 ആഴ്ചകൾക്കുള്ളിൽ അവ സാധാരണയായി സംഭവിക്കുന്നു.[7]

കീലോയിഡ്

കീലോയ്ഡ് സ്കാർ വടുക്കളുടെ കൂടുതൽ ഗുരുതരമായ രൂപമാണ്, കാരണം അവ അനിശ്ചിതമായി വലിയ, ട്യൂമറസ് (ദോഷരഹിതമാണെങ്കിലും) നിയോപ്ലാസങ്ങളായി വളരും.[8]

ഹൈപ്പർട്രോഫിക് സ്കാർ പലപ്പോഴും കീലോയിഡ് സ്കാറുകളിൽ നിന്ന് വേർതിരിച്ചറിയുന്നത് യഥാർത്ഥ മുറിവിന് പുറത്തേക്കുള്ള വളർച്ചയുടെ അഭാവത്താലാണ്, എന്നാൽ സാധാരണയായി പഠിപ്പിക്കുന്ന ഈ നിർവ്വചനം ആശയക്കുഴപ്പത്തിലേക്ക് നയിച്ചേക്കാം.[9]

കീലോയ്ഡ് സ്കാർ ആർക്കും ഉണ്ടാകാം, എന്നാൽ ഇരുണ്ട ചർമ്മമുള്ളവരിലാണ് അവ ഏറ്റവും സാധാരണമായത്.[10] ശസ്ത്രക്രിയ, മുറിവുകൾ, അപകടം, മുഖക്കുരു അല്ലെങ്കിൽ ചിലപ്പോൾ ശരീരം തുളയ്ക്കൽ എന്നിവ മൂലമാണ് അവ ഉണ്ടാകുന്നത്. ചിലരിൽ കീലോയ്ഡ് സ്കാറുകൾ സ്വയമേവയും രൂപം കൊള്ളുന്നു. അവ ഒരു സൗന്ദര്യവർദ്ധക പ്രശ്നമാകുമെങ്കിലും, അവ കൊളാജന്റെ നിഷ്ക്രിയ പിണ്ഡം മാത്രമാണ്, അതിനാൽ പൂർണ്ണമായും നിരുപദ്രവകരമാണ്. ചില വ്യക്തികളിൽ അവ ചൊറിച്ചിലോ വേദനയോ ഉണ്ടാക്കാം. തോളിലും നെഞ്ചിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഹൈപ്പർട്രോഫിക് സ്കാറുകളും കീലോയ്ഡ്സ് സ്കാറുകളും ദ്വിതീയ ഉദ്ദേശ്യത്താൽ അടച്ച മുറിവുകളിൽ കൂടുതലായി കാണപ്പെടുന്നു.[11] കീലോയ്ഡ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത് അപകടകരമാണ്, ഇത് അവസ്ഥയെ കൂടുതൽ വഷളാക്കുകയും മോശമാക്കുകയും ചെയ്യും.

അട്രോഫിക്

എഹ്ലെർസ്-ഡാൻലോസ് രോഗിയിൽ അട്രോഫിക് "സിഗരറ്റ് പേപ്പർ" വടു
അട്രോഫിക് സ്കാർ

ഒരു അട്രോഫിക് സ്കാർ, ചർമ്മത്തിൽ കുഴിഞ്ഞ, ചുളിവുള്ള തരത്തിൽ കാണപ്പെടുന്ന വടുക്കളാണ്. കൊഴുപ്പ് അല്ലെങ്കിൽ പേശികൾ പൊലെ ചർമ്മത്തെ പിന്തുണയ്ക്കുന്ന അടിസ്ഥാന ഘടനകൾ നഷ്ടപ്പെടുമ്പോഴാണ് ഇത്തരം വടുക്കൾ സംഭവിക്കുന്നത്. ഇത്തരത്തിലുള്ള വടുക്കൾ പലപ്പോഴും മുഖക്കുരു,[12] [13] ചിക്കൻപോക്സ്, മറ്റ് രോഗങ്ങൾ (പ്രത്യേകിച്ച് സ്റ്റഫൈലോകോക്കസ് അണുബാധ), ശസ്ത്രക്രിയ, ചില പ്രാണികൾ, അല്ലെങ്കിൽ ചിലന്തി കടികൾ, അപകടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എഹ്‌ലേഴ്‌സ്-ഡാൻലോസ് സിൻഡ്രോം പോലുള്ള ജനിതക കണക്റ്റീവ് ടിഷ്യു ഡിസോർഡർ മൂലവും ഇത് സംഭവിക്കാം.[14]

സ്ട്രെച്ച് മാർക്കുകൾ

സാങ്കേതികമായി സ്ട്രൈ എന്ന് വിളിക്കുന്ന സ്ട്രെച്ച് മാർക്കുകളും വടുക്കളുടെ ഒരു രൂപമാണ്. ചർമ്മം വലിഞ്ഞു നീളുമ്പോൾ (ഉദാഹരണത്തിന്, ഗർഭാവസ്ഥയിൽ,[15] ഗണ്യമായ ശരീരഭാര വർദ്ധന, അല്ലെങ്കിൽ കൗമാര വളർച്ച),[16] അല്ലെങ്കിൽ രോഗശാന്തി പ്രക്രിയയിൽ ചർമ്മം വലിഞ്ഞു മുറുകുമ്പോൾ (സാധാരണയായി സന്ധികൾക്ക് സമീപം) ഇവ സംഭവിക്കുന്നു. ഇത്തരത്തിലുള്ള വടു സാധാരണയായി കുറച്ച് വർഷങ്ങൾക്ക് ശേഷം കാഴ്ചയിൽ മെച്ചപ്പെടുന്നു.[15]

ഉയർന്ന കോർട്ടികോസ്റ്റീറോയിഡ് അളവ് സ്ട്രൈ വികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.[17]

പൊക്കിൾ

മനുഷ്യർക്കും മറ്റ് പ്ലാസന്റൽ സസ്തനികൾക്കും ഉമ്പിലിക്കൽ സ്കാർ (പൊക്കിൾ) ഉണ്ട്, ഇത് ജനനശേഷം പൊക്കിൾക്കൊടി മുറിഞ്ഞ ശേഷം മുറിവ് ഉണങ്ങുമ്പോൾ ഉണ്ടാകുന്നതാണ്.

പാത്തോഫിസിയോളജി

കെലോയ്ഡ് പാത്തോബയോളജിയുടെ ക്വാസി-നിയോപ്ലാസ്റ്റിക് എക്സ്പ്രഷന് സംഭാവന നൽകുന്ന പ്രധാന പ്രക്രിയകൾ.

ടിഷ്യൂവിന് പരിക്കേറ്റതിന് ശേഷമുള്ള ശരീരത്തിന്റെ സ്വാഭാവിക റിപ്പയർ മെക്കാനിസത്തിന്റെ ഭാഗമാണ് വടു രൂപീകരണം. രണ്ടാഴ്ചയ്ക്കുള്ളിൽ ചർമ്മത്തിന്റെ പുതിയ രൂപീകരണത്തോടെ ഒരു മുറിവ് വേഗത്തിൽ സുഖപ്പെടുകയാണെങ്കിൽ, വടു രൂപപ്പെടാതിരിക്കാം.[18] 2 മില്ലീമീറ്ററിൽ താഴെയുള്ള പൂർണ്ണ കനം ഉള്ള ചെറിയ മുറിവുകൾ വേഗത്തിൽ വീണ്ടും പിത്തലൈസ് ചെയ്യുകയും മുറിവുകളില്ലാതെ സുഖപ്പെടുത്തുകയും ചെയ്യുന്നു.[19][20] ആഴത്തിലുള്ള രണ്ടാം ഡിഗ്രി പൊള്ളൽ വടുക്കളുണ്ടാക്കും.[2] സ്കാർ ടിഷ്യൂകളിൽ വിയർപ്പ് ഗ്രന്ഥികൾ രൂപം കൊള്ളുന്നില്ല, ഇത് ശരീര താപനിലയുടെ നിയന്ത്രണത്തെ തടസ്സപ്പെടുത്തുന്നു.[21] 3 മാസത്തിൽ താഴെ പ്രായമുള്ള സ്കാർ ടിഷ്യൂകളിൽ ഇലാസ്റ്റിക് നാരുകൾ സാധാരണയായി കാണാറില്ല.[22]

ദ്രുതഗതിയിലുള്ള ചാക്രിക ചൊരിയലിനു ശേഷവും വടുക്കൾ ഉണ്ടാകാതെ പൂർണ്ണ പുനരുജ്ജീവനത്തിനു വിധേയമാകുന്ന മനുഷ്യ ശരീരത്തിലെ ഒരേയൊരു മുതിർന്ന ടിഷ്യു ആണ് ഗർഭാശയത്തിൻറെ ആന്തരിക പാളിയായ എൻഡോമെട്രിയം.[23] പ്രായപൂർത്തിയായ മറ്റെല്ലാ ടിഷ്യൂകൾക്കും, പെട്ടെന്നു ചൊരിയുമ്പോഴോ പരിക്കേൽക്കുമ്പോഴോ, വടുക്കൾ ഉണ്ടാകാം.

മെക്കാനിക്കൽ സ്ട്രെസ്

2 മില്ലീമീറ്ററിൽ താഴെയുള്ള മുറിവുകൾ സാധാരണയായി വടുക്കളുണ്ടാക്കില്ല[19] [20] എന്നാൽ വലിയ മുറിവുകൾ സാധാരണയായി വടുക്കൾ ഉണ്ടാക്കുന്നു.[19][20] 2011-ൽ മെക്കാനിക്കൽ സ്ട്രെസ് വടൂക്കളെ ഉത്തേജിപ്പിക്കുമെന്നും[24] സ്ട്രെസ് ഷീൽഡിംഗ് മുറിവുകളിലെ വടു രൂപീകരണം കുറയ്ക്കുമെന്നും കണ്ടെത്തി.[24] [25] ഫൈബ്രോബ്ലാസ്റ്റുകൾ മെക്കാനിക്കൽ സ്ട്രെസ് അറിയാതിരിക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് വടുക്കൾ ഉണ്ടാകാതെ രോഗശാന്തിക്ക് കാരണമാകുമെന്ന് 2021 ൽ കണ്ടെത്തി.[26] മുറിവിൽ മെക്കാനിക്കൽ സ്ട്രെസ്സ് ചെലുത്തിയപ്പോൾ വടുക്കളില്ലാത്ത രോഗശാന്തിയും സംഭവിച്ചു.[26]

ചികിത്സ

കെമിക്കൽ പീൽ

നിയന്ത്രിത രീതിയിൽ പുറംതൊലിയെ നശിപ്പിക്കുന്ന രാസവസ്തുക്കളാണ് കെമിക്കൽ പീൽസ്, ഇത് മുഖക്കുരു വടുക്കൾ ഉൾപ്പെടെയുള്ള ചില ചർമ്മ അവസ്ഥകളെ ലഘൂകരിക്കുന്നു.[27] തൊലിയുടെ ആഴം അനുസരിച്ച് വിവിധ രാസവസ്തുക്കൾ ഉപയോഗിക്കാം. ഇരുണ്ട ചർമ്മമുള്ള വ്യക്തികൾക്കും കീലോയിഡ് രൂപപ്പെടാൻ സാധ്യതയുള്ള വ്യക്തികൾക്കും അല്ലെങ്കിൽ സജീവമായ അണുബാധകൾ ഉള്ളവർക്കും ഇത് ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം.[28]

ഫില്ലർ ഇഞ്ചക്ഷൻ

ചുറ്റുമുള്ള ചർമ്മത്തിന്റെ തലത്തിലേക്ക് അട്രോഫിക് പാടുകളെ ഉയർത്താൻ കൊളാജന്റെ ഫില്ലർ കുത്തിവയ്പ്പുകൾ ഉപയോഗിക്കാം.[29] ഉപയോഗിച്ച ഫില്ലറിനെ അടിസ്ഥാനമാക്കി അപകടസാധ്യതകൾ വ്യത്യാസപ്പെടുന്നു, അവസ്ഥ മോശമാകുന്നതും, അലർജി പ്രതികരണവും പ്രധാന സങ്കീർണതകളാണ്.[30]

ലേസർ ചികിത്സ

585 നാനോ മീറ്റർ പൾസ്ഡ് ഡൈ ലേസർ, 1064 നാനോ മീറ്റർ, 1320 നാനോ മീറ്റർ നിയോഡിനം യാഗ് ലേസർ, അല്ലെങ്കിൽ 1540 നാനോ മീറ്റർ എറബിയം ഗ്ലാസ് ലേസർ എന്നിവ പോലുള്ള നോൺഅബ്ലേറ്റീവ് ലേസറുകൾ ഹൈപ്പർട്രോഫിക് സ്‌കാറുകൾക്കും കീലോയിഡുകൾക്കും ലേസർ തെറാപ്പിയായി ഉപയോഗിക്കുന്നു.[31] പൊള്ളലേറ്റതിൻ്റെ വടുക്കൾ ലേസർ ചികിത്സയിലൂടെ മെച്ചപ്പെടുത്തുന്നതിന് തെളിവുകളുണ്ട്.[32][33]

കാർബൺ ഡൈ ഓക്സൈഡ് ലേസർ (CO 2) അല്ലെങ്കിൽ എർ:യാഗ് പോലുള്ള അബ്ലേറ്റീവ് ലേസറുകൾ അട്രോഫിക്, മുഖക്കുരു വടുക്കൾ എന്നിവയ്ക്ക് മികച്ച ഫലങ്ങൾ നൽകുന്നു.[34] ഡെർമബ്രേഷൻ പോലെ, അബ്ലേറ്റീവ് ലേസറുകൾ പുറംതൊലി നീക്കം ചെയ്തുകൊണ്ട് പ്രവർത്തിക്കുന്നു.[35][36] നോൺ-അബ്ലേറ്റീവ് തെറാപ്പിയുമായി താരതമ്യപ്പെടുത്തുമ്പോൾ അബ്ലേറ്റീവ് തെറാപ്പിയുടെ രോഗശാന്തി സമയം വളരെ കൂടുതലാണ്, കൂടാതെ അപകടസാധ്യതയും ഇതിന് കൂടുതലാണ്; എന്നിരുന്നാലും, അട്രോഫിക്, മുഖക്കുരു വടുക്കൾ എന്നിവയുടെ സൗന്ദര്യവർദ്ധക തലത്തിലുള്ള ചെറിയ മെച്ചപ്പെടുത്തലുകൾ മാത്രമേ നോൺ-അബ്ലേറ്റീവ് തെറാപ്പി വാഗ്ദാനം ചെയ്യുന്നുള്ളൂ.[31] കോമ്പിനേഷൻ ലേസർ തെറാപ്പിയും മൈക്രോനീഡ്‌ലിംഗും സിംഗിൾ മോഡാലിറ്റി ചികിത്സയേക്കാൾ മികച്ച ഫലങ്ങൾ നൽകിയേക്കാം. സ്കാർ മാനേജ്മെന്റിലെ ഏറ്റവും പുതിയ മുന്നേറ്റം ഫ്രാക്ഷനേറ്റഡ് CO 2 ലേസറിന്റെ ഉപയോഗവും ടോപ്പിക്കൽ സ്റ്റിറോയിഡ് ട്രയാംസിനോലോണിന്റെ ഉടനടി പ്രയോഗവുമാണ്.

റേഡിയോ തെറാപ്പി

കഠിനമായ കീലോയിഡ്, ഹൈപ്പർട്രോഫിക് പാടുകൾ എന്നിവ ആവർത്തിക്കുന്നത് തടയാൻ കുറഞ്ഞ ഡോസ്, ചെറിയ അളവിലുള്ള റേഡിയോ തെറാപ്പി ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. ക്ലിനിക്കൽ ട്രയലുകളുടെ അഭാവം ഉണ്ടായിരുന്നിട്ടും ഇത് ഫലപ്രദമാണെന്ന് കരുതപ്പെടുന്നു, എന്നിരുന്നാലും ദീർഘകാല പാർശ്വഫലങ്ങളുടെ അപകടസാധ്യത കാരണം അങ്ങേയറ്റത്തെ കേസുകളിൽ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്.[37]

ഡ്രസ്സിങ്ങും ടോപ്പിക്കൽ സിലിക്കണും

വടുക്കൾ ഉണ്ടാകുന്നത് തടയുന്നതിനും നിലവിലുള്ള വടു മെച്ചപ്പെടുത്തുന്നതിനും സിലിക്കൺ സ്കാർ ചികിത്സകൾ സാധാരണയായി ഉപയോഗിക്കുന്നു.[38] സിലിക്കൺ ജെൽ ഷീറ്റിംഗ് വടുക്കൾ തടയാൻ സഹായിക്കുന്നു എന്നതിന്റെ ദുർബലമായ തെളിവുകൾ കോക്രെയ്ൻ നടത്തിയ ഒരു മെറ്റാ സ്റ്റഡി കണ്ടെത്തി.[39] എന്നിരുന്നാലും, ഇത് പരിശോധിക്കുന്ന പഠനങ്ങൾ ഗുണനിലവാരമില്ലാത്തതും പക്ഷപാതത്തിന് വിധേയവുമാണ്.[39]

പൊള്ളൽ, ഹൈപ്പർട്രോഫിക് പാടുകൾ എന്നിവ കൈകാര്യം ചെയ്യാൻ പ്രഷർ ഡ്രെസ്സിംഗുകൾ സാധാരണയായി ഉപയോഗിക്കുന്നു, എന്നിരുന്നാലും ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകൾ ഇല്ല.[40] കെയർ പ്രൊവൈഡർമാർ സാധാരണയായി മെച്ചപ്പെടുത്തലുകൾ റിപ്പോർട്ട് ചെയ്യുന്നു, അതുപോലെ ഇയർ കീലോയിഡുകൾ ചികിത്സിക്കുന്നതിൽ പ്രഷർ തെറാപ്പി ഫലപ്രദമാണ്.[40] ചികിത്സ ഫലപ്രദമാണെന്ന പൊതു അഭിപ്രായം ക്ലിനിക്കൽ ട്രയലുകളിൽ കൂടുതൽ പഠിക്കുന്നതിൽ നിന്ന് അതിനെ തടഞ്ഞേക്കാം.[40]

വെരാപാമിൽ അടങ്ങിയ സിലിക്കൺ ജെൽ

ഒരു തരം കാൽസ്യം ചാനൽ ബ്ലോക്കർ ആയ വെരാപാമിൽ ഹൈപ്പർട്രോഫിക് വടുക്കളുടെ ചികിത്സയ്ക്കുള്ള ഒരു കാൻഡിഡേറ്റ് മരുന്നായി കണക്കാക്കപ്പെടുന്നു. കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് കൊറിയ നടത്തിയ ഒരു പഠനത്തിൽ വെറാപാമിൽ-റിലീസിംഗ് സിലിക്കൺ ജെൽ ഫലപ്രദമാണെന്നു കണ്ടെത്തി.[41] :647–656 വെരാപാമിലിന്റെയും സിലിക്കണിന്റെയും സംയോജനം വടുക്കളുടെ ഉയരവും ചുവപ്പും കുറയ്ക്കുന്നതിലൂടെ ഹൈപ്പർട്രോഫിക് വടുക്കളുടെ മൊത്തത്തിലുള്ള ഗുണമേന്മ മെച്ചപ്പെടുത്തുന്നുവെന്ന് ഗ്രോസ് മോർഫോളജിക്കൽ സവിശേഷതകൾ കാണിക്കുന്നു. എന്നിരുന്നാലും, രക്തസമ്മർദ്ദം കുറയ്ക്കുന്ന പ്രഭാവം കാരണം ഓറൽ വെരാപാമിൽ ഒരു നല്ല തിരഞ്ഞെടുപ്പല്ല. ടോപ്പിക്കൽ സിലിക്കൺ ജെൽ വെരാപാമിലുമായി ചേർന്ന് ഉപയോഗിക്കുന്നത് ഹൈപ്പോടെൻഷനിലേക്ക് നയിക്കില്ല, നല്ല ഫലങ്ങൾ കാണിക്കുന്ന ഇത് പ്രയോഗിക്കാൻ സൗകര്യപ്രദവുമാണ്.[41] :647–656

സ്റ്റിറോയിഡുകൾ

വടുവിലേക്ക് ദീർഘ കാലം കോർട്ടികോസ്റ്റീറോയിഡ് കുത്തിവക്കുന്നത് കീലോയിഡ് അല്ലെങ്കിൽ ഹൈപ്പർട്രോഫിക് വടുക്കൾ പരത്താനും മൃദുവാക്കാനും സഹായിക്കും.[42] തൊലിക്ക് പുറമെ പുരട്ടുന്ന ടോപ്പിക്കൽ സ്റ്റിറോയിഡുകൾ ഫലപ്രദമല്ല.[43] എന്നിരുന്നാലും, കീലോയ്ഡ് പാടുകൾക്കുള്ള ബദൽ ചികിത്സയായി ക്ലോബെറ്റാസോൾ പ്രൊപ്പിയോണേറ്റ് ഉപയോഗിക്കാം.[44]

ഫ്രാക്ഷൻട് CO2 ലേസർ ചികിത്സയ്ക്ക് ശേഷം ഉടൻ പ്രയോഗിക്കുന്ന ടോപ്പിക്കൽ സ്റ്റിറോയിഡ് വളരെ ഫലപ്രദമാണ് (ലേസർ ചികിത്സയെക്കാൾ കൂടുതൽ ഫലപ്രദമാണ്) എന്ന് നിരവധി ക്ലിനിക്കൽ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ശസ്ത്രക്രിയ

മുഖക്കുരു മൂലമുണ്ടാകുന്ന വടു (ഇടത്), സ്കാർ റിവിഷൻ ശസ്ത്രക്രിയയ്ക്ക് ഒരു ദിവസം ശേഷം(വലത്). സ്യൂച്ചറുകൾക്ക് ചുറ്റുമുള്ള ഭാഗം ശസ്ത്രക്രിയയിൽ നിന്ന് വീർത്തതാണ്.

സ്കാർ റിവിഷൻ എന്നത് സ്കാർ ടിഷ്യു മുറിക്കുന്ന ഒരു പ്രക്രിയയാണ്. ഹൈപ്പർട്രോഫിക് അല്ലെങ്കിൽ കീലോയിഡ് സ്കാറുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത് പലപ്പോഴും പ്രസ്‌സോതെറാപ്പി അല്ലെങ്കിൽ സിലിക്കൺ ജെൽ ഷീറ്റിംഗ് പോലുള്ള മറ്റ് രീതികളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, കെലോയിഡ് പാടുകൾ ഒറ്റത്തവണ നീക്കം ചെയ്യുന്നതിൽ, അവ വീണ്ടും വരാനുള്ള നിരക്ക് 45% വരെ കാണിക്കുന്നു. ഹൈപ്പർട്രോഫിക് അല്ലെങ്കിൽ കീലോയിഡ് സ്കാറുകൾ നീക്കുന്നതിന് ശസ്ത്രക്രിയയും ലേസർ തെറാപ്പിയും സംയോജിപ്പിച്ചുള്ള ഒരു ചികിത്സയുടെ പ്രയോജനങ്ങൾ വിലയിരുത്തുന്നതിന് നിലവിൽ ഒരു ക്ലിനിക്കൽ പഠനം നടന്നുകൊണ്ടിരിക്കുകയാണ്.

വിറ്റാമിനുകൾ

വൈറ്റമിൻ ഇ, ഉള്ളി സത്ത് (മെഡർമ എന്ന പേരിൽ വിൽക്കുന്നു) എന്നിവയുടെ ഉപയോഗം വടുക്കൾക്കുള്ള ചികിത്സ എന്നനിലയിൽ ഫലപ്രദമല്ലെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. വിറ്റാമിൻ ഇ 33% ഉപയോക്താക്കളിൽ കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് ഉണ്ടാക്കുന്നു, കൂടാതെ ചില സന്ദർഭങ്ങളിൽ ഇത് വടുക്കളുടെ രൂപം വഷളാക്കുകയും ചെറിയ ചർമ്മ പ്രകോപിപ്പിക്കലിന് കാരണമാവുകയും ചെയ്യും[40] എന്നാൽ വിറ്റാമിൻ സിയും ചില എസ്റ്ററുകളും ചില വടുക്കളുമായി ബന്ധപ്പെട്ട ഇരുണ്ട പിഗ്മെന്റ് മങ്ങിക്കുന്നതിന് സഹായിക്കുന്നു.[43][45]

മറ്റുള്ളവ

  • സൗന്ദര്യവർദ്ധക വസ്തുക്കൾ; മെഡിക്കൽ മേക്കപ്പിന് വടുക്കൾ താൽക്കാലികമായി മറയ്ക്കാൻ കഴിയും.[46] മുഖത്തെ പാടുകൾക്കാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്.
  • സാധാരണയായി ഒരു ലോക്കൽ അനസ്തെറ്റിക് ഉപയോഗിച്ച് ചർമ്മം മരവിപ്പിച്ച ശേഷം പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് ചർമ്മത്തിന്റെ ഉപരിതലം നീക്കംചെയ്യുന്നതാണു ഡെർമാബ്രേഷൻ.
  • സ്കാർ മാനേജ്മെന്റിന്റെ ഫലപ്രാപ്തിയുടെ ദുർബലമായ തെളിവുകൾ മസാജിനുണ്ട്. ആഘാതകരമായ മുറിവുകളേക്കാളും പൊള്ളലേറ്റ മുറിവുകളേക്കാളും ശസ്ത്രക്രിയാ മുറിവുകളാൽ സൃഷ്ടിക്കപ്പെട്ട വടുക്കളിൽ ഫലം കൂടുതലായി കാണപ്പെടുന്നു.[47]
  • മൈക്രോനീഡ്ലിംഗ്[48]

അവലംബം

പുറം കണ്ണികൾ

Classification
"https:https://www.search.com.vn/wiki/index.php?lang=ml&q=വടു&oldid=3997134" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്