വുൾഫില

യൂറോപ്പിലെ ജർമ്മാനിക ഗോത്രവർഗ്ഗമായ ഗോത്തുകൾക്കിടയിൽ പൊതുവർഷം നാലാം നൂറ്റാണ്ടിൽ(310-383) ജീവിച്ചിരുന്ന വേദപ്രചാരകനും മെത്രാനും ബൈബിൾ പരിഭാഷകനും ആയിരുന്നു വുൾഫില (Ulfila, Ulfilas, Wulfila). "ഗോത്തുകളുടെ അപ്പസ്തോലൻ" എന്നറിയപ്പെടുന്ന വുൾഫിലയാണ്‌ ഗോത്തുകൾ ഉൾപ്പെടെയുള്ള യൂറോപ്പിലെ ജർമ്മാനിക ഗോത്രങ്ങളുടെ ക്രൈസ്തവീകരണത്തിന്‌ വഴിതെളിച്ചത്. വുൾഫില എന്ന പേരിന്‌ ഗോത്ത് ഭാഷയിൽ "കൊച്ചു ചെന്നായ്" (little wolf) എന്നാണർത്ഥം. അദ്ദേഹം ഭാഗികമായി ഗോത്തു ഗോത്രജൻ ആയിരുന്നിരിക്കാമെങ്കിലും വുൾഫിലയുടെ പൂർ‌വികർ, ഇന്നത്തെ മദ്ധ്യതുർക്കിയിൽ പെടുന്ന കപ്പദോക്കിയയിൽ നിന്നുള്ള ക്രിസ്തുമതവിശ്വാസികളായിരുന്നു. അശ്വാരൂഢരായ ഗോത്ത് ആക്രമണകാരികൾ കപ്പദോക്കിയയിൽ നിന്ന് തട്ടിയെടുത്ത് ഡാന്യൂബിനപ്പുറം കൊണ്ടുപോയ ഒരു കുടുംബത്തിൽ മൂന്നാം തലമുറക്കാരനായാണ്‌ വുൾഫില ജനിച്ചത്.[1] അങ്ങനെ ഗോത്തുകൾക്കിടയിൽ ഡാന്യൂബ് നദിയുടെ ഉത്തരതീരത്ത് വളർന്നുവന്നെങ്കിലും[2] ഗ്രീക്ക്, ലത്തീൻ ഭാഷകളിലും ക്രിസ്തുമതത്തിലും അടിയുറച്ച പരിശീലനം ചെറുപ്പത്തിൽ വുൾഫിലയ്ക്കു ലഭിച്ചു.

വുൾഫിലയുടെ പരിഭാഷയിലെ ഗോത്ത് ബൈബിളിന്റെ ഒരു പുറം - സ്വീഡനിലെ ഉപസാല സർ‌വകലാശാലയിൽ സൂക്ഷിച്ചിരിക്കുന്ന അർജന്റിയസ് പുസ്തകത്തിൽ നിന്ന്(Codex argenteus)

മെത്രാൻ, വേദപ്രചാരകൻ

മുപ്പതു വയസ്സുള്ളപ്പോൾ ദൂതനായോ ബന്ദിയായോ കോൺസ്റ്റാന്റിനോപ്പിളിലെത്തിയ വുൾഫിലയെ അവിടത്തെ മെത്രാനായിരുന്ന നിക്കോമീദിയയിലെ യൂസീബിയൂസ്, ക്രി.വ. 341-ൽ[3]മെത്രാനായി അഭിഷേകം ചെയ്തു. തുടർന്ന് ഗോത്തുകൾക്കിടയിൽ മടങ്ങിയെത്തിയ വുൾഫില, ഏഴുവർഷം അവരുടെ ദേശത്ത് വേദപ്രചാരണം നടത്തി. ധർമ്മോത്സാഹവും ജീവിതവിശുദ്ധിയും വഴി അദ്ദേഹം ഗോത്തുകളുടെ വിശ്വാസം പിടിച്ചുപറ്റി.[4] എന്നാൽ അക്കാലത്ത് ഗോത്തുകളുടെ തലവനായിരുന്ന അത്തനാറിക്ക് ക്രിസ്തുമതത്തിനെതിരായിരുന്നു. അത്തനാറിക്കിന്റെ പീഡനത്തിൽ നിന്നു രക്ഷപെടാനായി വുൾഫില, റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മേസിയയിലേയ്ക്ക് ക്രിസ്ത്യാനികളായ അനുയായികളോടൊപ്പം കുടിയേറാൻ ക്രി.വ. 348-ൽ കോൺസ്റ്റാന്റിയസ് രണ്ടാമൻ ചക്രവർത്തിയുടെ അനുമതി വാങ്ങി. മേസിയൻ മലയടിവാരത്തിൽ, ഇന്നത്തെ ഉത്തരബൾഗേറിയയിൽ പെടുന്ന നിക്കോപോലിസിലാണ്‌ വുൾഫിലയും അട്ടിടയന്മാരായിരുന്ന അദ്ദേഹത്തിന്റെ അനുയായികളും ഡാന്യൂബ് നദി കടന്ന് അഭയം തേടിപ്പോയത്. നൈൽ നദി കടത്തി വാഗ്ദത്ത ഭൂമിയിലേയ്ക്ക് ഇസ്രായേൽ ജനത്തെ നയിച്ച പഴയ നിയമത്തിലെ മോശയെപ്പോലെ റോമൻ അധികാരികൾ വുൾഫിലയെ കരുതിയതായി ചരിത്രകാരനായ എഡ്‌വേഡ് ഗിബ്ബൺ പറയുന്നു.[4]

ബൈബിൾ പരിഭാഷ

അവിടെ വുൾഫില ബൈബിൾ, ഗ്രീക്കിൽ നിന്ന് ഗോത്തു ഭാഷയിലേയ്ക്കു വിവർത്തനം ചെയ്തു. ഈ പരിഭാഷയിൽ ഉപയോഗിക്കാനായി വുൾഫില, അപ്പോൾവരെ ലിഖിതസാഹിത്യം ഇല്ലാതിരുന്ന ഗോത്തു ഭാഷയ്ക്ക്[5] ഗ്രീക്ക്, അക്ഷരമാലയെ ആശ്രയിച്ച് പുതിയതായി 27 അക്ഷരങ്ങൾ അടങ്ങിയ ഒരു അക്ഷരമാല ഉണ്ടാക്കുക പോലും ചെയ്തു.[6][ക]ബൈബിളിലെ ഗ്രന്ഥങ്ങളിൽ, പഴയനിയമത്തിലെ രാജാക്കന്മാരുടെ പുസ്തകങ്ങൾ ഒഴിച്ചുള്ളവയെല്ലാം വുൾഫില പരിഭാഷപ്പെടുത്തിയതായി പറയപ്പെടുന്നു. യുദ്ധങ്ങളുടേയും പടയോട്ടങ്ങളുടേയും വിവരണമായ രാജാക്കന്മാരുടെ പുസ്തകവുമായുള്ള പരിചയം സ്വതേ അക്രമവാസനയുള്ള ഗോത്തുകൾക്ക് ഗുണകരമാവില്ല എന്നു കരുതിയതുകൊണ്ടാണ്‌ അവയെ പരിഭാഷയിൽ നിന്ന് ഒഴിവാക്കിയത്.[ഖ] പരിഭാഷയ്ക്ക്, പഴയനിയമത്തിന്റെ പ്രാചീനഗ്രീക്ക് വിവർത്തനമായ സെപ്തജിന്റിനേയും പുതിയനിയമത്തിന്റെ ഗ്രീക്ക് മൂലത്തേയും ആണ്‌ വുൾഫില ആശ്രയിച്ചത്.[7]

വുൽഫിലയുടെ ബൈബിൾ പരിഭാഷ ട്യൂട്ടോണിക് ഭാഷകളിലെ ആദ്യത്തെ സാഹിത്യസൃഷ്ടിയെന്നു പോലും വിശേഷിപ്പിക്കപ്പെടാറുണ്ട്.[5] അദ്ദേഹത്തിന്റെ പരിഭാഷയിൽ പുതിയനിയമത്തിന്റെ ഏകദേശം മുക്കാൽ ഭാഗവും പഴയനിയമത്തിലെ ശകലങ്ങളും മാത്രമേ ഇപ്പോൾ ലഭ്യമായുള്ളു. സ്വീഡനിലെ ഉപ്പസാല സർ‌വകലാശാലയുടെ ഗ്രന്ഥശാലയിൽ സൂക്ഷിച്ചിരിക്കുന്ന 188 താളുകളുള്ള ആറാം നൂറ്റാണ്ടിലെ "അർജന്റിയസ് പുസ്തകം" (Codex Argenteus) വുൾഫിലയുടെ പരിഭാഷയിലെ നാലു സുവിശേഷങ്ങളുടെ ഗണ്യമായ ഭാഗം അടങ്ങുന്നു. മിലാനിൽ സൂക്ഷിച്ചിരിക്കുന്ന 193 താളുകളുള്ള "അംബ്രോസിയാനൂസ് പുസ്തകത്തിൽ" (Codex Ambrosianus) പുതിയനിയമത്തിലെ സുവിശേഷങ്ങളുടേയും ലേഖനങ്ങളുടേയും ഭാഗങ്ങളും പഴയനിയമത്തിന്റെ ശകലങ്ങളും അടങ്ങുന്നു.

ആരിയൻ വിശ്വാസം

ക്രൈസ്തവലോകത്ത് ക്രിസ്തുശാസ്ത്രസംബന്ധിയായ തർക്കങ്ങൾ (Christological controversies) മൂർദ്ധന്യവസ്ഥയിലിരിക്കെ ജീവിച്ചിരുന്ന വുൽഫില, ദൈവികത്രിത്വത്തേയും യേശുവിന്‌ അതിലുള്ള സ്ഥാനത്തേയും കുറിച്ച് അവ്യവസ്ഥാപിതമായ നിലപാടുകൾ അംഗീകരിച്ചിരുന്ന ആരിയൻ ക്രിസ്തുമതമാണ്‌ പിന്തുടർന്നിരുന്നത്. വുൾഫിലയുടെ ആരിയൻ വിശ്വാസത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ആരിയൻ, കത്തോലിക്കാ രേഖകൾ വ്യത്യസ്ത ചിത്രങ്ങളാണ്‌ നൽകുന്നത്. വുൾഫില തുടക്കത്തിലെ ആരിയൻ വിശ്വാസങ്ങൾ പിന്തുടർന്നിരുന്നെന്ന് ആരിയൻ ചരിത്രകാരന്മാരും അദ്ദേഹം പിൽക്കാലത്തെങ്ങോ ആരിയനിസത്തിലേയ്ക്ക് പരിവർത്തിതനാവുകയാണുണ്ടായതെന്ന് കത്തോലിക്കാ ചരിത്രകാരന്മാരും പറയുന്നു.[8] ഏതായാലും, വുൾഫിലയിൽ നിന്ന് ഗോത്തുകൾ വഴി ആരിയനിസം ഇതരജർമ്മാനിക ഗോത്രങ്ങളുടേയും വിശ്വാസമായി. വുൾഫിലയിൽ നിന്നു കിട്ടിയ ആരിയൻ ക്രിസ്തുമതം പിന്നീട് മദ്ധ്യധരണിയുടെ പടിഞ്ഞാറൻ തീരങ്ങൾ പിടിച്ചെടുത്ത ഈ ഗോത്രങ്ങളെ അവിടെ അവരുടെ ഭരണത്തിൻ കീഴിലായ ജനതകളിൽ നിന്ന് മതപരമായി വേർതിരിച്ചു നിർത്തി.

കുറിപ്പുകൾ

ക. ^ ജർമ്മാനിക ഭാഷകൾ എഴുതാൻ പൊതുവേ ഉപയോഗിച്ചിരുന്ന റൂണിക് ലിപി ഗോത്തുഭാഷ എഴുതാനും ഉപയോഗിച്ചിരുന്നെന്നും ആ ലിപിയുടെ പേഗൻ പശ്ചാത്തലം മൂലം വുൾഫിലയ്ക്ക് അത് സ്വീകാര്യമാകാതിരുന്നതാണെന്നും ഒരു വാദമുണ്ട്.[9]

ഖ. ^ ...."except the books of kings which he omitted as dangerously martial."(വിൽ ഡുറാന്റ്)[5]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വുൾഫില&oldid=3704204" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്