സീമൻസ്
വൈദ്യുതചാലകതയുടെ എസ്.ഐ. ഏകകമാണ് സീമൻസ്(Siemens). S എന്ന ചിഹ്നമാണു് സീമൻസിനെ ചുരുക്കിയെഴുതാൻ ഉപയോഗിക്കുന്നതു്. (സീമൻസ് എന്ന അതേ ഏകകത്തെ ചിലപ്പോൾ മോ (mho) എന്നുച്ചരിക്കുകയും പ്രതീകമായി ℧ എന്നു രേഖപ്പെടുത്തുകയും ചെയ്യാറുണ്ടു്. പക്ഷേ ഇത് എസ്.ഐ. അംഗീകൃതമല്ല). ജർമൻ വ്യവസായിയും ശാസ്ത്രജ്ഞനുമായിരുന്ന വെർണർ വോൺ സീമൻസിന്റെ പേരിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ നാമം. ഒരു സീമൻസ് ഒരു ഓം വൈദ്യുതപ്രതിരോധത്തിന്റെ വ്യുത്ക്രമത്തിനു സമമാണു്.
1971ൽ നടന്ന അളവുകളുടേയും തൂക്കങ്ങളുടേയും 14-ാമതു അന്താരാഷ്ട്രസമ്മേളനം സീമൻസിനെ എസ്.ഐ. ഏകകവ്യവസ്ഥയുടെ ഭാഗമായി അംഗീകരിച്ചു.
നിർവ്വചനം
ഒരു വസ്തുവിന്റെ രണ്ടറ്റവും തമ്മിലുള്ള വൈദ്യുതമർദ്ദം ഒരു വോൾട്ട് വർദ്ധിക്കുമ്പോൾ അതിലൂടെ പ്രവഹിക്കുന്ന വൈദ്യുതിപ്രവാഹതീവ്രത കൃത്യം ഒരു ആമ്പിയർ വർദ്ധിക്കുമെങ്കിൽ ആ വസ്തുവിന്റെ വൈദ്യുതചാലകത ഒരു സീമൻസ് ആകുന്നു.
അവലംബം
- Brochure "The International System of Units" issued by the BIPM
- Different units named after Siemens Archived 2021-04-28 at the Wayback Machine.