കൃഷ്ണൻ

മഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ ഒൻപതാമത്തെ അവതാരം

ഭാരതീയ പുരാണങ്ങളിലും ഉപനിഷത്തുകളിലും അതുപോലെ ഇതിഹാസ കൃതികളിൽ ഒന്നായ മഹാഭാരതത്തിലും വളരെ പ്രാധാന്യത്തോടെ പരാമർശിക്കുന്ന ഒരു ദൈവീക കഥാപാത്രമാണ് ശ്രീകൃഷ്ണൻ(കണ്ണൻ). ഹൈന്ദവവിശ്വാസപ്രകാരം പരമാത്മാവായ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒൻപതാമത്തെ അവതാരമാണ് ശ്രീ കൃഷ്ണൻ. ആദികാലത്ത് ഭാഗവതരുടെയും, വൈഷ്ണവരുടെയും പ്രധാന ദൈവം കൂടിയായിരുന്നു കൃഷ്ണൻ. പ്രസിദ്ധമായ ഭഗവദ് ഗീത ശ്രീകൃഷ്ണൻ അർജുനന് പകർന്നു കൊടുത്തതാണെന്നു വിശ്വസിക്കപ്പെടുന്നു.

ശ്രീ കൃഷ്ണൻ
ദേവനാഗരിकृष्ण
Sanskrit TransliterationKṛṣṇa
Affiliationആദിനാരായണൻ
മന്ത്രംॐ नमो भगवते वासुदेवाय; ശ്രീ കൃഷ്ണായ നമ:
ആയുധംസുദർശന ചക്രം
ജീവിത പങ്കാളിരാധ
രുക്മിണി
സത്യഭാമ
ജാംബവതി
സത്യാ
ലക്ഷണ
കാളിന്ദി(കളിന്ദജ)
മിത്രവിന്ദ
16000 പത്നിമാർ ഉണ്ട്എന്നും പറയപ്പെടുന്നു
Mountരഥം
Textsഭാഗവതം, ഭഗവദ് ഗീത
മഹാഭാരതം
വിഷ്ണു പുരാണം
ഹരിവംശം
ബ്രഹ്മ വൈവർത്ത പുരാണം
കൃഷ്ണജനനം -വസുദേവൻ കൃഷ്ണനുമായി അമ്പാടിയിലേക്കു പോകുന്നു.
ഗോവർദ്ധനഗോപാലം പെയിന്റിംഗ്.

പ്രാധാന്യം

ഭാഗവതപ്രകാരം കൃഷ്ണൻ (ദേവനാഗരി: कृष्ण) മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായി കരുതപ്പെടുന്നു. ഭഗവാൻ കൃഷ്ണൻ വിഷ്ണുവിനെപ്പോലെ ചക്രധാരിയായി പലയിടത്തും പ്രകടമാകുന്നുണ്ട്. ഭഗവദ്ഗീത, ഭാഗവതം, ഹരിവംശം, വിഷ്ണുപുരാണം, ബ്രഹ്മവൈവർത്തപുരാണം, ഉപനിഷത്തുക്കൾ,നാരായണീയം എന്നിവകളിൽ കൃഷ്ണന്റെ മഹത്ത്വം വർണ്ണിക്കപ്പെട്ടിട്ടുണ്ട്. വിഷ്ണുവിനെപ്പോലെ സർവ്വവ്യാപിയായും സർവ്വദേവതാമയനായും കൃഷ്ണൻ കരുതപ്പെടുന്നു . മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രം കൂടിയാണ് കൃഷ്ണൻ.

വിശ്വാസം

മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ കൃഷ്ണൻ വിശ്വരൂപദർശനത്തിലൂടെ തന്റെ സർവേശ്വരത്വം അർജുനന് വെളിപ്പെടുത്തിയതായി വിശ്വസിക്കപ്പെടുന്നു. ശ്രീകൃഷ്ണ ഭക്തരുടെ അന്താരാഷ്ട്ര സംഘടനയായ ഇസ്കോണിന്റെ (ISKON) അഭിപ്രായപ്രകാരം ഭഗവാൻ ശ്രീകൃഷ്ണൻ ഹൈന്ദവ വിശ്വാസത്തിലെ പതിനാല് ലോകങ്ങളിൽ ഒന്നായ ഗോലോകത്തിന്റെ അധിപതിയാണ്. അവിടെ ഗോക്കളോടും രാധികാറാണിയോടും കൂടി വസിക്കുന്ന കൃഷ്ണന്റെ ഒരു അവതാരമായി മഹാവിഷ്ണു കണക്കാക്കപ്പെടുന്നു. മഹാലക്ഷ്മിയുടെ എട്ടു രൂപങ്ങളായ അഷ്ടലക്ഷ്മിമാരുടെ അവതാരങ്ങളായ എട്ടു പത്നിമാർ ശ്രീകൃഷ്ണന് ഉള്ളതായി വിശ്വസിക്കപ്പെടുന്നു. ഇതിൽ രുക്മിണി സാക്ഷാൽ മഹാലക്ഷ്മി തന്നെയായി സ്തുതിക്കപ്പെടുന്നു.

പ്രാർത്ഥനാ ശ്ലോകങ്ങൾ

ഓം കൃഷ്ണായ വാസുദേവായ ദേവകിനന്ദനായ നന്ദഗോപകുമാരായ ഗോവിന്ദായ നമോ നമഃ

’ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ‘

ഉപനിഷത് മന്ത്രം

ഓം സച്ചിതാനന്ദ രൂപായ കൃഷ്ണായാക്ളിഷ്ടകാരിണെ

നമോ വേദാന്തവേദ്യായ ഗുരവേ ബുദ്ധിസാക്ഷിണേ [ഗോപാലപൂർവവതാപിന്യുപനിഷത്ത്, ശ്ളോകം 1 , പ്രഥമ ഭാഗം]

(ഭാഷ അർത്ഥം) ഓംകാരമായ പ്രണവസ്വരൂപനും സച്ചിദാനന്ദമൂർത്തിയും ആയ കൃഷ്ണനാകുന്ന പരമാത്മാവ് എപ്പോഴും പരമാനന്ദം പ്രദാനം ചെയ്യുന്നവനാകുന്നു . വേദാന്ത വേദ്യനും സർവ്വരുടേയും ബുദ്ധിക്കു സാക്ഷിയും , വിശ്വഗുരുവുമായ അദ്ദേഹത്തിനു നമസ്കാരം .

മൂലമന്ത്രം

ഓം നമോ ഭഗവതേ വാസുദേവായ

പ്രസിദ്ധമായ ശ്രീകൃഷ്ണ മന്ത്രങ്ങളും ഫലങ്ങളും

1. ആയുർ ഗോപാലം

” ദേവകീ സുത ഗോവിന്ദ:വാസുദേവോ ജഗൽപ്പതേദേഹി മേ ശരണം കൃഷ്ണ:ത്വാമഹം ശരണം ഗത:”

(ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാൻ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് ശരണം നൽകിയാലും)

ഫലം: ദീർഘായുസ്

2. സന്താന ഗോപാലം

” ദേവകീ സുത ഗോവിന്ദ:വാസുദേവോ ജഗൽപ്പതേദേഹി മേ തനയം കൃഷ്ണ:ത്വാമഹം ശരണം ഗത:”

(ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാൻ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് പുത്രനെ നൽകിയാലും.)

ഫലം: സന്താന ലബ്ധി

3. രാജ ഗോപാലം

“കൃഷ്ണ കൃഷ്ണ! മഹായോഗിൻഭക്താനാമഭയം കരഗോവിന്ദ: പരമാനന്ദ:സർവ്വം മേ വശമാനയ”

(മഹായോഗിയും ഭക്തന്മാർക്ക് അഭയം നൽകുന്നവനും ഗോവിന്ദനും പരമാനന്ദ രൂപിയുമായ അല്ലയോ കൃഷ്ണാ! എല്ലാം എനിക്ക് അധീനമാകട്ടെ)

ഫലം: സമ്പൽ സമൃദ്ധി, വശ്യം

4. ദശാക്ഷരീ ഗോപാലം

“ഗോപീ ജനവല്ലഭായ സ്വാഹ”

(ഗോപീ ജനങ്ങളുടെ നാഥനായി കൊണ്ട് സമർപ്പണം.)

ഫലം: അഭീക്ഷ്ട സിദ്ധി.

5. വിദ്യാ ഗോപാലം

“കൃഷ്ണ കൃഷ്ണ! ഹരേ കൃഷ്ണസർവജ്ഞത്വം പ്രസീദ മേരമാ രമണ വിശ്വേശ :വിദ്യാമാശു പ്രയച്ഛ മേ”

(ലക്ഷ്മീപതിയും ലോകനാഥനും സർവജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് വേഗത്തിൽ വിദ്യ നൽകിയാലും.)

ഫലം : വിദ്യാലാഭം

6. ഹയഗ്രീവ ഗോപാലം

“ഉദ്ഗിരൽ പ്രണവോൽഗീഥസർവ വാഗീശ്വരേശ്വരസർവ വേദമയ: ചിന്ത്യ:സർവ്വം ബോധയ ബോധയ “

(പ്രണവത്തെ ഉദ്ഗീഥനം ചെയ്തു കൊണ്ടിരിക്കുന്ന ഭഗവാനേ, എല്ലാ അറിവുകളുടെയും അധിപതിയായവനേ, എല്ലാ വേദങ്ങളുടെയും സാരമായവനേ! എല്ലാം എനിക്ക് ബോധിപ്പിച്ചു/ മനസ്സിലാക്കിത്തന്നാലും)

ഫലം: സർവ ജ്ഞാന ലബ്ധി

7. മഹാബല ഗോപാലം

“നമോ വിഷ്ണവേ സുരപതയെമഹാ ബലായ സ്വാഹ”

(സുരപതിയും മഹാബല ശാലിയും ദേവ രാജാവുമായ വിഷ്ണുവിനായിക്കൊണ്ട് സമർപ്പണം.ഫലം : ശക്തിവർധന)

8. ദ്വാദശാക്ഷര ഗോപാലം

“ഓം നമോ ഭഗവതേവാസുദേവായ “

(ഭഗവാനായ ശ്രീ കൃഷ്ണനായി കൊണ്ട് നമസ്‌കാരം.)

ഫലം: ധർമ,അർത്ഥ,കാമ,മോക്ഷ പുരുഷാർത്ഥ ലബ്ദി.

ഏതു ഗോപാലമന്ത്രവും 41 തവണ വീതം ജപിക്കുന്നവർക്ക് ഫലപ്രാപ്തിയും ശ്രീകൃഷ്ണ കടാക്ഷവും ഉണ്ടാകുമെന്നാണ് വിശ്വാസം.

കൃഷ്ണഗായത്രി

ഓം ഗോപാലായ വിദ്മഹേ ഗോപീജനവല്ലഭായ ധീമഹീ തന്ന കൃഷ്ണ പ്രചോദയാത്

നിരുക്തം

സംസ്കൃതനാമവിശേഷണ പദമായ കൃഷ്ണ (kṛṣṇa) എന്നതിന്റെ അർത്ഥം ഇരുണ്ടത് അഥവാ കറുത്തത് എന്നാണ്. ഋഗ്വേദത്തിൽ രാത്രി, തമസ്സ്, ഇരുട്ട് എന്നീ അർത്ഥങ്ങൾ ധ്വനിപ്പിക്കാനാണ് കൃഷ്ണ എന്ന നാമം ഉപയോഗിച്ചിരിക്കുന്നത്. RV 4.16 ൽ കൃഷ്ണ എന്നത് ഇരുട്ട് പരത്തുന്ന രാക്ഷസരൂപത്തെ പ്രതിനിധീകരിക്കുന്നു. RV 8.85.3 ലാണ് കൃഷ്ണ എന്നത് വ്യക്തമായ ഒരു നാമരൂപത്തെ സൂചിപ്പിക്കുന്നത്. ഇവിടെ കൃഷ്ണൻ എന്നത് ഒരു കവിയായ കണ്വ മഹർഷി ആണ്. ലളിതവിസ്താര സൂത്രത്തിൽ (Lalitavistara Sutra ) ബുദ്ധന്റെ ശത്രുക്കളായ തമോമൂർത്തികളിൽ മുഖ്യന്റെ പേര് കൃഷ്ണൻ എന്നാണെന്നു കാണാം[1]വിഷ്ണുസഹസ്രനാമത്തിൽ അൻപത്തിയേഴാമത്തെ പര്യായമായി കൃഷ്ണൻ എന്ന പദം ചേർത്തിട്ടുണ്ട്. കറുത്തനിറത്തോടുകൂടിയ മൂർത്തികളെയെല്ലാം കൃഷ്ണൻ എന്ന പേരിൽ സൂചിപ്പിക്കാം. വല്ലഭ സമ്പ്രദായത്തിൽ(Vallabha sampradaya) ബ്രഹ്മസംബന്ധമന്ത്രയിൽ വ്യക്തികൾക്കോ വസ്തുക്കൾക്കോ സംബന്ധിച്ച പാപത്തെ മാറ്റാനുള്ള ശക്തിയെ കൃഷ്ണൻ എന്ന പദത്തിൽ അഭിസംബോധന ചെയ്യുന്നു.[2] മഹാഭാരതം ഉദ്യോഗപർ‌വ്വത്തിൽ(Mbh 5.71.4) കൃഷ്(kṛṣ) എന്നും ണ(ṇa) എന്നുമുള്ള മൂലങ്ങളായി കൃഷ്ണൻ എന്ന പദത്തെ വിഭജിച്ചിരിക്കുന്നു. കൃഷ് എന്ന പദമൂലത്താൾ ഉഴുവുക എന്നു പ്രക്രിയയേയും, ണ എന്നതിനാൽ പരമാനന്ദം(നിർ‌വൃതി) എന്നതിനേയും സൂചിപ്പിക്കുന്നു. കൃഷ്ണൻ എന്ന പദത്തെ ആകർഷിക്കുക എന്നർത്ഥമുള്ള കർഷ് ധാതുവായി വിഭജിച്ചിരിക്കുന്നതായി പലയിടത്തും കാണാം. ഇതിൻ പ്രകാരം കൃഷ്ണൻ എന്ന പദത്താൽ എല്ലാവരേയും ആകർഷിക്കുന്നവൻ എന്ന അർത്ഥത്തെ കുറിക്കുന്നു.[3][4] കൃഷ്ണന്റെ ഈ പ്രത്യേകത ഭാഗവതത്തിന്റെ ആത്മരാമപാദത്തിൽ (Bhagavatam 1.7.10) കാണാൻ കഴിയും.[5] ആദിശങ്കരന്റെ വിഷ്ണുസഹസ്രനാമ വ്യാഖ്യാനത്തിൽ പരമാനന്ദത്തിന്റെ ഇരിപ്പിടം എന്ന വിവക്ഷയാണ് കൃഷ്ണനു നൽകിയിരിക്കുന്നത്.[6]

കൃഷ്ണൻ തന്റെ കഥകളുമായി ബന്ധപ്പെട്ട് പലയിടങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നു. ഇവയിൽ ഗോപാലൻ (ഗോക്കളുടെ(പശു) സം‌രക്ഷകൻ) ഗോവിന്ദൻ (ഗോക്കളുടെ ഉദ്ധാരകൻ) എന്നിവ കുട്ടിക്കാലവുമായി ബന്ധപ്പെട്ടവയാണ്. ഇവയെക്കൂടാതെ കേശവൻ, പാർത്ഥസാരഥി മുതലായ മറ്റ് നിരവധി നാമങ്ങളിലും കൃഷ്ണൻ പ്രസിദ്ധനാണ്.[7][8]

ബിംബവർണ്ണന

അർജ്ജുനനും കർണ്ണനും കുരുക്ഷേത്രയുദ്ധഭൂമിയിൽ

ഹിന്ദുമതപ്രകാരമുള്ള ദൈവരൂപങ്ങളിൽ കൃഷ്ണൻ, ജനങ്ങൾക്ക് ഏറ്റവും സ്വീകാര്യമായി മാറിയത് രൂപസൗകുമാര്യം മൂലമാണ്. കാർവർണ്ണൻ അഥവാ കറുത്ത നിറത്തോട് കൂടിയവൻ എന്ന് ശ്രീകൃഷ്ണ സ്തുതികളിൽ കാണാം. പ്രാചീന കലാരൂപങ്ങളിൽ കൃഷ്ണനെ ഇരുണ്ട വർണ്ണത്തോടു കൂടിയവനായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും മിക്ക ആധുനിക ചിത്രങ്ങളിലും പ്രതിമകളിലും കൃഷ്ണൻ നീല വർണ്ണത്തോടു കൂടിയവനായി കാണപ്പെടുന്നു. മഞ്ഞ വർണ്ണത്തോടു കൂടിയ പട്ടു ചേലയും മയിൽപ്പീലി കിരീടവും കൃഷ്ണരൂപത്തിന്റെ പ്രത്യേകതകളാണ്. ബാല്യകാല രൂപങ്ങളിൽ ഓടക്കുഴലൂതുന്ന ഗോപാലരൂപവും

[9][10], വെണ്ണകട്ടുതിന്നുന്ന രൂപവുമാണ് അധികമായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. ഗോപാലരൂപത്തിൽ മിക്കപ്പോഴും ഒരുകാൽ മറ്റൊന്നിനു മുൻപിലേക്ക് കയറ്റിവച്ച്, ഓടക്കുഴൽ ചുണ്ടോടു ചേർത്ത് വച്ച്, കാലിക്കൂട്ടത്തോടൊപ്പമോ ഗോപികവൃന്ദത്തോടൊപ്പമോ നിൽക്കുകയായിരിക്കും.

രാധാ കൃഷ്ണൻ


കുരുക്ഷേത്രയുദ്ധസമയത്ത് അർജ്ജുനന് ഗീതോപദേശം നൽകുന്ന രംഗം ധാരാളം കലാനിർമ്മിതികൾ ആധാരമായതാണ്. ഇവയിൽ മിക്കപ്പോഴും കൃഷ്ണനെ സാധാരണ മനുഷ്യരൂപത്തിലുള്ള ഒരു തേരാളിയായാണ് ചിത്രീകരിക്കുക. എന്നാൽ ചിലപ്പോൾ ഹിന്ദു ദൈവസങ്കല്പങ്ങൾക്കനുസരിച്ച് ചിലപ്പോൾ ബഹു ഹസ്തവും വൈഷ്ണവാംശത്തെക്കാട്ടുന്ന സുദർശ്ശനചക്രമോ വിരാട് പുരുഷരൂപമോ കാണാം. ഉത്തർപ്രദേശിലെ മിർസാപ്പൂരിലെ ഗുഹയിൽ 2800 വർഷം പഴക്കമുള്ള കുതിരയെ തെളിക്കുന്ന കൃഷ്ണരൂപത്തോടു കൂടിയ ചിത്രം കണ്ടെത്തിയിട്ടുണ്ട്.[11] ക്ഷേത്രരൂപങ്ങളിൽ മിക്കപ്പോഴും കൃഷ്ണനെ കൂട്ടാളികളായ ബലരാമൻ, രുക്മിണി, സത്യഭാമ എന്നിവരോടൊപ്പമായിരിക്കും ചിത്രീകരിക്കുക.[12]


മണിപ്പൂരി വൈഷ്ണവർ, രാധാകൃഷ്ണരൂപത്തിലുള്ള കൃഷ്ണനെയാണ് ആരാധിക്കുന്നത്.[13] ഇവരുടെ കലാസൃഷ്ടികളിൽ കൃഷ്ണനും രാധയ്ക്കും തുല്യ പ്രാധാന്യം നൽകി വരാറുണ്ട്. ബാലകൃഷ്ണരൂപത്തിലുള്ള(bāla kṛṣṇa) ആവിഷ്കാരത്തിൽ വെണ്ണ കട്ടുതിന്നുന്ന രൂപത്തിലാണ് കണ്ടുവരുന്നത്. ഇത് ചിലപ്പോൾ ബലരാമനോടൊപ്പം ഓടിക്കളിക്കുന്ന ഭാവത്തിലോ മുട്ടുകാലിൽ ഇഴയുന്ന ഭാവത്തിലോ ആയിരിക്കും. ആലിലയിൽ കിടന്ന് കാലിലെ പെരുവിരൽ കുടിക്കുന്ന വിധത്തിലുള്ള ബാലകൃഷ്ണരൂപവും കാണപ്പെടുന്നുണ്ട്

ജീവിതം

താഴെ പറയുന്ന ആഖ്യാനങ്ങൽ ഭാഗവതപുരാണം, മഹാഭാരതം, ഹരിവംശം, വിഷ്ണുപുരാണം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇവയിൽ മിക്കവയും ഇന്ന് ഉത്തരേന്ത്യയിൽ, പ്രധാനമായും ഉത്തർപ്രദേശ്, ബീഹാർ, ഹരിയാന, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽപ്പെടുന്നു.

ജനനം

ഗോവർദ്ദനോദ്ധാരണം

പരമ്പരാഗത വിശ്വാസപ്രമാണവും ജ്യോതിഷകല്പനകളുമനുസരിച്ച് കൃഷ്ണന്റെ ജനനം ക്രിസ്തുവിനു മുൻപ് 3228 ജൂലൈ 08 നാണ്.[14][15][16] ഈ ദിവസം ജന്മാഷ്ടമി എന്ന പേരിലറിയപ്പെടുന്നു.[17] എന്നാൽ ചരിത്രപരമായി (യഥാർത്ഥത്തിൽ) ഇദ്ദേഹം ജീവിച്ചിരുന്നത് ഏകദേശം 970 ബിസി - 900 ബിസി കാലഘട്ടത്തിൽ ഇരുമ്പ് യുഗത്തിൽ ആയിരുന്നു. ഇത് അഥർവവേദം രചിക്കപ്പെടുന്ന കാലം ആണ്. ബി.സി.650-നടുത്ത് രചിക്കപ്പെട്ട ഛന്ദോഗ്യ ഉപനിഷത്തിലെ 3.17.6-ൽ കൃഷ്ണനെ കുറിച്ച് പരാമർശം ഉണ്ട്. കൃഷ്ണൻ മഥുരയിലെ രാജകുടുംബാഗത്തിലെ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി ജനിച്ചു. മഥുര കൃഷ്ണന്റെ മാതാപിതാക്കളുൾപ്പെടുന്ന യദുവംശത്തിന്റെ (യാദവന്മാർ) തലസ്ഥാനമാണ്. ദേവകിയുടെ സഹോദരനായ[18] കംസൻ പിതാവായ ഉഗ്രസേന മഹാരാജാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്തു. വിവാഹഘോഷയാത്രസമയത്ത് ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്നെ കൊല്ലുമെന്ന അശരീരി കേട്ട കംസൻ ദേവകിയേയും ഭർത്താവ് വസുദേവരേയും തടവിലാക്കുന്നു. തുടർന്ന് ദേവകി പ്രസവിച്ച ആറ് കുട്ടികളേയും കംസൻ നിഷ്കരുണം വധിക്കുന്നു. ഏഴാമത്തെ പുത്രനായ ബലരാമന്റെ ഗർഭം ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്ക് മാറ്റപ്പെടുകയാണുണ്ടായത്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിലാണ് ശ്രീകൃഷ്ണന്റെ ജനനമെന്നാണ്‌ ഐതിഹ്യം. അലറി പെയ്യുന്ന പേമാരിയും, കൊടുംകാറ്റും കൂടിയ ഒരു ഘോരരാത്രിയിലാണ് ദേവകിവസുദേവന്മാരുടെ പുത്രനായി ഭഗവാൻ മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായി കൃഷ്‌ണൻ കൽത്തുറങ്കലിൽ പിറവി കൊണ്ടത്.

കൃഷ്ണജനനം നടന്ന ഉടൻ തന്നെ വസുദേവർ, അമ്പാടിയിലുള്ള നന്ദഗോപരുടേയും യശോദയുടേയും അടുത്ത് കുട്ടിയെ എത്തിക്കുന്നു. പകരം രോഹിണിയുടേയും നന്ദഗോപരുടെയും മകളായി അവതരിച്ച സാക്ഷാൽ ആദിപരാശക്തിയായ യോഗമായ ഭഗവതിയെ ദേവകിയുടെ സമീപം എത്തിച്ചു.[19] ഇതേത്തുടർന്ന് കൃഷ്ണനും ബലരാമനും(ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്കു മാറ്റിയ ഗർഭം) സുഭദ്രയും(കൃഷ്ണനു ശേഷം ഉണ്ടാായ വസുദേവരുടേയും ദേവകിയുടേയും പുത്രി) രക്ഷപ്പെടുന്നു. ഭാഗവതപുരാണപ്രകാരം ശ്രീകൃഷ്ണ ജനനം ദേവകിയുടേയും വസുദേവരുടേയും മാനസികസം‌യോഗം മൂലമാണ് ഉണ്ടായത്. കാരാഗ്രഹത്തിൽ മഹാവിഷ്ണു ഇരുവർക്കും മുന്നിലായി പ്രത്യക്ഷപെട്ടു താൻ പുത്രനായി അവതരിക്കുമെന്ന കാര്യം വെളിപ്പെടുത്തുന്നുണ്ട്.[17][20][21]

കൃഷ്ണോപനിഷത്തിൽ ഭഗവാൻ കൃഷ്ണനെ ശ്രീരാമദേവന്റെ പുനരവതാരമായി പറഞ്ഞിരിക്കുന്നു. സച്ചിതാനന്ദനായ ശ്രീരാമദേവനെ കണ്ട് വനവാസികളായ മുനിമാർ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു . അങ്ങ് ആജ്ഞാപിക്കുകയാണെങ്കിൽ ഞങ്ങൾ ഇനിയും ഭൂമിയിൽ ജന്മമെടുക്കാം. ഗോപന്മാരായും ഗോപികമാരായും ജനിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണം . അങ്ങയുടെ സാമീപ്യവും ശരീരസ്പര്ശവും കൊണ്ട് പരമാനന്ദം അനുഭവിക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടാകണം. അതനുസരിച്ചു മുനിജനങ്ങൾ ഗോപാലന്മാരായും , മുനിപത്നിമാർ ഗോപികകളായും , കശ്യപമുനി വസുദേവനായും, അദ്ദേഹത്തിൻറെ ഭാര്യയായ അദിതി ദേവകിയായും ജനിച്ചു . [ കൃഷ്ണോപനിഷത്ത്, പദ്യം 1 ]. ഇത് കൂടുതൽ യുക്തിക്കു യോജിക്കുന്നതുമാണ്. കാരണം ഒരിക്കൽ ഹനുമാന് ശ്രീകൃഷ്ണൻ തന്റെ രാമഭാവം കാണിച്ചു കൊടുക്കുന്നുണ്ട്. ആ സമയം രുക്മിണിയായിരുന്നു സീതാഭാവം കൈകൊണ്ടത്. രുക്മിണി സാക്ഷാൽ ലക്ഷ്മീദേവിയുമാണല്ലോ. സീതയും ലക്ഷ്മിയുടെ അംശമായിരുന്നു. ശ്രീരാമദേവൻ വിഷ്ണുവിന്റെ അവതാരവുമാണ്.

കുട്ടിക്കാലവും യൗവനവും

കൃഷ്ണൻ ഗോപികാവൃന്ദത്തോടോപ്പം

വൃന്ദാവനത്തിലെ ഗോപാലന്മാരുടെ (കാലിയെ വളർത്തുന്നവർ) നേതാവാണ് നന്ദഗോപർ. കൃഷ്ണനെ കുട്ടിക്കാലത്തെപ്പറ്റിയുള്ള കഥകളിൽ കൃഷ്ണന്റെ ഗോപാല ജീവിതവും[22], വെണ്ണചോരനായി മാറുന്നതും, കംസനയച്ച പൂതനയേയും ശകടാസുരനേയും പോലുള്ള രാക്ഷസന്മാരെ നിഗ്രഹിക്കുന്നതിനേയും പറ്റി വർണ്ണിച്ചുകാണാം. യമുന (കാളിന്ദി) വിഷമയമാക്കി കാലിക്കൂട്ടങ്ങളുടെ മരണത്തിനിടയാക്കിയ കാളിയൻ എന്ന സർപ്പശ്രേഷ്ഠനെ മർദ്ദിച്ചതും കൃഷ്ണന്റെ ബാല്യകാലലീലകളിൽ പ്രമുഖമാണ്. ക്ഷേത്രകലാരൂപങ്ങളിൽ കാളിയമർദ്ദനം വളരെ വിശേഷപ്പെട്ട സന്ദർഭമാണ്. ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കാൻ വേണ്ടി ഗോവർദ്ധനപർവ്വതത്തെ കൃഷ്ണൻ ഉയർത്തിയതായും വിശ്വസിക്കുന്നു.

ജയദേവകവികളുടെ ഗീതാഗോവിന്ദത്തിൽ കൃഷ്ണനും ഗോപികമാരും (പ്രധാനമായും രാധ‌) തമ്മിലുള്ള രാസലീലയെ വളരെയധികം പ്രേമോദാത്തമായി അവതരിപ്പിക്കുന്നു. രാധാകൃഷ്ണസങ്കല്പത്തിലധിഷ്ഠിതമായി ഭക്തിപ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ ഇവ വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്.[23]

അവതാരലക്ഷ്യം

ഭഗവാൻ വിഷ്ണു മനുഷ്യ ലോകത്തിൽ നന്മയ്ക്കു അപചയം സംഭവിക്കുമ്പോൾ ധർമ്മ സംരക്ഷണത്തിനായി അവതരിക്കുമെന്നു പറയുന്നു. അതുപ്രകാരം ഭൂമിഭാരം കുറയ്ക്കാനും അധർമ്മികളെ നിഗ്രഹിച്ചു ധർമ്മം പുനഃസ്ഥാപിക്കാനും ഭൂമിദേവിയുടെയും ദേവന്മാരുടെയും അപേക്ഷ പ്രകാരം മർത്യലോകത്തിൽ ധർമ്മം പുനഃസ്ഥാപിക്കാൻ ഭഗവാൻ വിഷ്ണു കൃഷ്ണനായി അവതരിച്ചു എന്നു ഭാഗവതം, വിഷ്ണുപുരാണം എന്നിവയിൽ പ്രസ്താവിക്കുന്നു.

ത്രേതായുഗത്തിൽ ശ്രീരാമാവതാരം കഴിഞ്ഞയുടനെ ദ്വാപരയുഗം ആഗതമായി . ആ സമയത്ത് മുൻപ് നടന്ന ഒരു ദേവാസുരയുദ്ധത്തിൽ കൊല്ലപ്പെട്ട അസുരന്മാരെല്ലാം ഭൂമിയിൽ വന്നു പിറന്നു . അവരിൽ പലരും മഹാശക്തന്മാരും അസംഖ്യം സൈന്യബലമുള്ളവരുമായിരുന്നു . പുത്രപൗത്രാദികളാൽ അവർ തങ്ങളുടെ വംശം വർദ്ധിപ്പിച്ചു . അവർ കോടികളായും ശതകോടികളായും സഹസ്രകോടികളായും അംഗസംഖ്യ പെരുകി . ലോകത്തിനു അഥവാ ഭൂമീദേവിക്ക് അവർ ഒരു ഭാരമായി ഭവിച്ചു . കോടിക്കണക്കിനു വരുന്നതായ അവരുടെ സൈന്യങ്ങൾ ഭൂമിയിൽ തന്നിഷ്ടം പോലെ തിമിർത്തു വിളയാടി . മനുഷ്യരിലെന്നല്ല മൃഗ - തിര്യക്കുകളിലും അസുരന്മാർ ജന്മം കൊണ്ടു . അവർ ഭൂമിയെ അധർമ്മമായ മാർഗ്ഗത്തിൽ അനുഭവിക്കുകയും ലോകത്തിനു അത്യന്തം പീഡയുണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു . ഇത് കാരണം വസുന്ധര ക്ഷീണിതയായി ഭവിച്ചു .ഭൂമിയിലെ വിഭവങ്ങളെല്ലാം അസുരന്മാർ കൊള്ളചെയ്തു . ഇത്തരത്തിലായപ്പോൾ ക്ഷത്രിയവർഗ്ഗത്തിൽ ജന്മം കൊണ്ട ഈ അസുരന്മാർ ശെരിക്കും ഭൂമിക്കൊരു ഭാരമായി മാറി . ഈ അസുരന്മാരിലൊക്കെ ഏറ്റവും പ്രധാനിയാകട്ടെ , കാലനേമി എന്ന അസുരന്റെ അംശത്തിൽ ജനിച്ച കംസൻ എന്നൊരുവനായിരുന്നു . യദുവംശത്തിലെ ഉഗ്രസേനന്റെ പുത്രനായ ഇദ്ദേഹത്തിന് അതിവിപുലമായ ഒരു സൈന്യമുണ്ടായിരുന്നു . ആ സൈന്യത്തിൽ പ്രസിദ്ധരായ പല പല അസുരന്മാരുമുണ്ടായിരുന്നു . അരിഷ്ടൻ കേശി തുടങ്ങിയ ആയിരിക്കണക്കിനു അസുരന്മാർ കംസനെ സേവിച്ചു പൊന്നു . ഇത്തരത്തിൽ കംസൻ ആരാലും എതിർക്കപ്പെടാനാകാത്തവനും അതിശക്തനായ നേതാവുമായി ഭൂമി ഭരിച്ചു . അവന്റെ നേതൃത്വത്തിൽ ഭൂമിയിൽ അസുരന്മാരായവരെല്ലാം തോന്നിയ മട്ടിൽ വിഹരിക്കുകയും പാപം പ്രവർത്തിക്കുകയും ചെയ്തുപോന്നു . ഇങ്ങനെയായപ്പോൾ ഭൂമീദേവി ഒരു ഗോവിന്റെ രൂപത്തിൽ ദേവലോകത്ത് പോയി തന്റെ ദുരിതം ദേവന്മാരെ അറിയിച്ചു . ദേവന്മാർ ഭൂമിയേയും കൂട്ടി ബ്രഹ്മലോകത്തെത്തുകയും ബ്രഹ്‌മാവിനെ കണ്ട് തങ്ങളുടെ പ്രശ്നം ബോധ്യപ്പെടുത്തുകയും ചെയ്തു . എന്നാൽ ബ്രഹ്മാവ് കംസനു വരം നല്കിയിട്ടുള്ളതിനാൽ തനിക്കു അയാളെ വധിക്കുവാൻ സാധിക്കില്ലെന്ന് പറഞ്ഞു . തുടർന്ന് അവരെല്ലാം കൂടി പാലാഴിയിൽ പോയി വിഷ്ണുവിനെ കണ്ടു . വിഷ്ണു അവരുടെ ആവലാതികൾ കേൾക്കുകയും , താൻ ഭൂമിയിൽ അവതരിച്ച് ലോകോപകാരാർത്ഥം അസുരന്മാരെ നിഹനിക്കുമെന്നും ഭൂമിയുടെ അമിതഭാരം കുറയ്ക്കുമെന്നും അറിയിച്ചു . ദേവന്മാരെക്കൂടി അദ്ദേഹം ഭൂമിയിലേക്ക് ക്ഷണിച്ചു . തന്റെ അവതാരസമയത്ത് തന്നോടൊപ്പം നിന്ന് സഹകരിക്കാനായിരുന്നു അത് . എന്തും ഒറ്റയ്ക്ക് ചെയ്യുവാൻ കഴിവുള്ളവനാണ് ഈശ്വരൻ . അദ്ദേഹം വൈകുണ്ഠത്തിൽ വിഷ്ണുവായും , കൈലാസത്തിൽ ശിവനായും,സത്യലോകത്തു ബ്രഹ്‌മാവായും വർത്തിക്കുന്നു . എങ്കിലും തന്റെ അവതാരത്തെ വിപുലപ്പെടുത്തുവാനായും , ദേവന്മാരുടെ സന്തോഷത്തിനായും അദ്ദേഹം അവരെക്കൂടി ഭൂമിയിലേക്ക് ക്ഷണിച്ചുവെന്നു ഹരിവംശത്തിൽ വ്യാസമുനി പറയുന്നു . അത്തരത്തിൽ മഹാവിഷ്ണു ശ്രീകൃഷ്ണനായി മായാപുരുഷനായി അവതരിച്ചു. ദേവന്മാരെല്ലാം അദ്ദേഹത്തിൻറെ സഹായികളായി അതത് രാജകുലങ്ങളിൽ അവതാരമെടുത്തു. മഹാലക്ഷ്മി രാധികയായും രുക്മിണിയായും ജന്മമെടുത്തു.[ഹരിവംശം , ഹരിവംശപർവ്വം , അദ്ധ്യായങ്ങൾ 51 മുതൽ 55 വരെ (രത്നച്ചുരുക്കം)].

കംസനും കൃഷ്ണനും

ശ്രീകൃഷ്ണന്റെ ജ്യേഷ്ഠന്മാരായ ആറു പേരെയും കംസൻ വധിച്ചു . ഏഴാമത്തെ ഗർഭം അലസിയതായി കംസൻ വിചാരിച്ചു . എട്ടാമത്തെ ഗർഭത്തിൽ കൃഷ്ണൻ പിറവിയെടുത്തു . ആ സമയം ശംഖു -ചക്ര-ഗദാ-പദ്മ ധാരിയായി നാല് തൃക്കൈകളോടെ ആണ് അദ്ദേഹം ദേവകിക്കും വസുദേവർക്കും പ്രത്യക്ഷനായത് . അപ്പോൾ ഭഗവാൻ വാസുദേവരോട് ഇങ്ങനെ പറഞ്ഞു .

"മുൻപ് കൃതയുഗത്തിൽ കശ്യപനും അദിതിയുമായിരുന്ന നിങ്ങൾ വിഷ്ണുവാകുന്ന എന്നെ ആരാധിച്ചു . അതനുസരിച്ചു ഞാൻ നിങ്ങളുടെ പുത്രനായി മനുഷ്യശിശുവായി ജനിക്കുവാൻ പോകുകയാണ് . അമ്പാടിയെന്ന ദേശത്ത് നന്ദഗോപരുടെ ഗൃഹത്തിൽ ഒരു പെണ്കുട്ടി ജനിച്ചിട്ടുണ്ട് . താങ്കൾ വേഗം അവിടെയെത്തി ആ കുഞ്ഞിനെ ഇവിടേയ്ക്ക് കൊണ്ട് വന്നിട്ട് പകരം എന്നെ അവിടെയെത്തിക്കുക . ഇത്തരത്തിലായാൽ കംസൻ വിഡ്ഢിയാക്കപ്പെടും ."

തുടർന്ന് ശ്രീകൃഷ്ണന്റെ ദിവ്യതയാൽ കാരാഗൃഹത്തിലെ തടവുകാരും കംസനും ഉറങ്ങുകയും , തകൃതിയായി മഴ പെയ്യുകയും ചെയ്തു . വസുദേവരെ ബന്ധിച്ചിരുന്ന ചങ്ങലകൾ അഴിയുകയും , കാരാഗൃഹത്തിന്റെ വാതിൽ ദൈവശക്തികൊണ്ടു തുറക്കുകയും ചെയ്തു . കൃഷ്ണനെയുമെടുത്തു പുറത്തിറങ്ങിയ വസുദേവൻ നിമിഷങ്ങൾ കൊണ്ട് നടന്നു യമുനാ തീരത്തെത്തിയപ്പോൾ നദി വഴി മാറിക്കൊടുത്തു . അനന്തനാഗം കൃഷ്ണന് മഴയേൽക്കാതെ കുടയായി നിന്നു . തുടർന്ന് അംബാഡിയിലെത്തിയ വസുദേവൻ യശോദാദേവിയുടെ കിടപ്പറയിലെത്തി അവിടെക്കിടന്നിരുന്ന ദേവി പരാശക്തിയുടെ അംശമായ പെണ്ശിശുവിനെ എടുത്തുകൊണ്ടു പോരുകയും പകരം കൃഷ്ണനെ യശോദയുടെ ചാരത്തു കിടത്തുകയും ചെയ്തു. തിരിച്ചെത്തിയ വസുദേവൻ കംസന്റെ കാരാഗൃഹത്തിലെത്തി യശോദയുടെ മകളെ ദേവകിയുടെ അടുക്കൽ കിടത്തി . [ഭാഗവതം ദശമസ്കന്ധം അദ്ധ്യായം 3].

തുടർന്നു കൃഷ്ണനെന്ന് കരുതി ദേവകിയുടെ അടുത്തു കിടന്ന പെണ്കുട്ടിയെ കംസൻ വധിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല . ലോകമാതാവായ മഹാകാളിയായിരുന്നു അത്. കൊല്ലാൻ ശ്രമിച്ച കംസന്റെ കയ്യിൽ നിന്നും ആ കുഞ്ഞ്‌ വഴുതി മാറി സർവായുധധാരിയായ ഭഗവതി രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് മഹാമായ കൃഷ്ണന്റെ ജന്മവൃത്താന്തം കംസനെ അറിയിച്ചിട്ട് മറഞ്ഞു. കംസൻ ഭയചകിതനായി. തുടർന്നു കൃഷ്ണന്റെ വിവരങ്ങൾ നാരദനിൽ നിന്നും ഏതാണ്ടൊക്കെ മനസ്സിലാക്കിയ കംസൻ , കൃഷ്ണൻ അമ്പാടിയിൽ വളരുന്ന കാര്യം ചാരന്മാരിൽ നിന്നും മനസ്സിലാക്കി . അതിനു ശേഷം കൃഷ്ണനെ വധിക്കാനായി അനേകം ദുഷ്ടശക്തികളെ കംസൻ നിയോഗിച്ചു. പൂതന, ശകടാസുരൻ, തൃണാവർത്തന, അഘാസുരൻ , വല്സാസുരൻ, ബകാസുരൻ തുടങ്ങി അനേകരെ അയയ്ച്ചെങ്കിലും കൃഷ്ണൻ അവരെയെല്ലാം കൊന്നു. തുടർന്ന് കംസൻ ചാപപൂജ എന്ന വ്യാജേന കൃഷ്ണനെ ക്ഷണിക്കാൻ അക്രൂരനെ അയച്ചു . ഭക്തനായ അക്രൂരൻ കൃഷ്ണനെ അമ്പാടിയിൽ വന്നു കണ്ടു കംസന്റെ ദുഷ്ടതയെക്കുറിച്ചു അറിയിച്ചു . തുടർന്ന് അക്രൂരനോടോപ്പം കംസന്റെ രാജധാനിയിലെത്തിയ കൃഷ്ണനും ബലരാമനും രജകവധം ,മല്ലന്മാരുടെ വധം , ത്രിവക്രയുടെ കൂനു നിവർത്തുക , ചാപഭഞ്ജനം തുടങ്ങിയ അത്ഭുതങ്ങൾ പ്രവർത്തിച്ചു . അതിനു ശേഷം കൃഷ്ണനെ വധിക്കാനായി കംസൻ നിയോഗിച്ചിരുന്ന കുവലയാപീഠം എന്ന മദയാനയെ വധിച്ചു .തുടർന്ന് കൃഷ്ണനെയും ബലരാമനെയും കൊല്ലാനായി കംസൻ നിയോഗിച്ച ചാണൂരൻ , മുഷ്ടികൻ തുടങ്ങിയ മല്ലന്മാരെ നിഷ്പ്രയാസം രാമകൃഷ്ണന്മാർ കൊന്നപ്പോൾ കംസൻ കോപിഷ്ഠനായി നന്ദഗോപനെ ബന്ധിച്ചു കൊണ്ടുവരിക , വസുദേവരെ വധിക്കുക എന്നൊക്കെ അലറി . എന്നിട്ടും ഫലമുണ്ടായില്ല . മരണം കംസനെ സമീപിച്ചുകൊണ്ടിരുന്നു . അടുത്തനിമിഷം കോപത്തോടെ കൃഷ്ണൻ കംസനെ ഒന്ന് നോക്കിയിട്ട് , കംസന്റെ അടുത്തേക്ക് ചാടിയെത്തി . കംസനെ മഞ്ചത്തിൽ നിന്നും താഴെ വീഴ്ത്തിയിട്ട് അയാളുടെ പുറത്തേക്കു കൃഷ്ണൻ ഊക്കിൽ ചാടി . തുടർന്ന് കംസന്റെ ശരീരത്തെ വലിച്ചുകൊണ്ടു നടന്നു . അപ്പോൾത്തന്നെ കംസൻ പ്രാണൻ വെടിഞ്ഞു . ഇത്തരത്തിൽ ഭയഭക്തിയിലൂടെ കംസൻ കൃഷ്ണസാരൂപ്യം നേടി . കൃഷ്ണന്റെ പന്ത്രണ്ടാം വയസ്സിൽ , ഒരു ശിവരാത്രി ദിവസമായിരുന്നു കംസവധം നടന്നത് .[ഭാഗവതം ദശമസ്കന്ധം അദ്ധ്യായം 44 ].

കുരുക്ഷേത്രയുദ്ധവും ഭഗവദ് ഗീതയുടെ അവതരണവും

ഗീതോപദേശം

പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധം ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയപ്പോൾ കൃഷ്ണൻ തന്നെ ഇരുവരോടും താനേത് പക്ഷത്ത് ചേരണം എന്ന് തീരുമാനിക്കണം എന്നാവശ്യപ്പെട്ടു. കൃഷ്ണനുമായി ആത്മബന്ധം പുലർത്തിയിരുന്ന പാണ്ഡവർ നിരായുധനായ അദ്ദേഹത്തേയും, കൗരവർ അദ്ദേഹത്തിന്റെ സൈന്യത്തേയും തിരഞ്ഞെടുത്തു. യുദ്ധസമയത്ത് കൃഷ്ണൻ അർജ്ജുനന്റെ തേരാളിയായാണ് രംഗത്തിറങ്ങിയത്.

എന്നാൽ യുദ്ധസമയത്ത് തന്റെ മറുപക്ഷത്ത് യുദ്ധോത്സുകരായി നിൽക്കുന്ന ബന്ധുജനങ്ങളെ കണ്ട അർജ്ജുനൻ മനസ്താപത്തോടെ താൻ യുദ്ധത്തിനില്ലെന്നും, ബന്ധുജനങ്ങളുടെ രക്തമൊഴുക്കിക്കൊണ്ട് നേടുന്ന സൗഭാഗ്യങ്ങളൊന്നും തനിക്കുവേണ്ടെന്നും കൃഷ്ണനെ അറിയിക്കുന്നു. ഈ സമയത്ത് സ്വധർമ്മമനുഷ്ഠിക്കാൻ അർജ്ജുനനെ നിർബ്ബന്ധിച്ചുകൊണ്ട് കൃഷ്ണൻ ഉപദേശിച്ചതെന്നു കരുതപ്പെടുന്നതാണ് ശ്രീമദ് ഭഗവദ് ഗീത[24]

ഭഗവാൻ കൃഷ്ണന്റെ ജന്മോദ്ദേശം തന്നെ , ഭയങ്കരമായ യുദ്ധത്തിലൂടെ ഭൂമിയുടെ ഭാരത്തെ ഹരിക്കുക എന്നതായിരുന്നു . അതിനായിട്ടാണ് അദ്ദേഹത്തിൻറെ നേതൃത്വത്തിൽ കുരുക്ഷേത്രയുദ്ധം നടന്നത് . ഭയാനകമായ ഈ മഹായുദ്ധത്തിൽ മൊത്തം നൂറ്റി അറുപത്തിയാറ്‌ കോടി ഇരുപതിനായിരം (1660020000 ) പേരാണ് കൊല്ലപ്പെട്ടത് .[മഹാഭാരതം , സ്ത്രീപർവ്വം , അദ്ധ്യായം 26 , ശ്ളോകം 9] . -(പതിനെട്ട് അക്ഷൗഹിണി ഉൾപ്പെടെയുള്ള കണക്കാണിത് . പതിനെട്ട് അക്ഷൗഹിണികളിൽ ഉൾപ്പെടാതെയും അനേകർ ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നു .)അത്തരത്തിൽ ഭൂമണ്ഡലത്തിലെ ദുഷ്ട ക്ഷത്രിയരെല്ലാം ഒടുങ്ങുകയും ലോകത്തിനും പ്രകൃതിക്കും രക്ഷയുണ്ടാവുകയും ചെയ്തു . കൃഷ്ണന് വാസ്തവത്തിൽ ബന്ധുവെന്നോ സ്വന്തമെന്നോ ആരുമില്ല . അദ്ദേഹത്തിന് അവതരിക്കേണ്ട ആവശ്യവുമില്ല . സർവതന്ത്ര സ്വതന്ത്രനായ അദ്ദേഹം ലോകത്തിന്റെ നന്മയെ ഉദ്ദേശിച്ചും ഭക്തരായ മുനിമാരെ അനുഗ്രഹിക്കാനുമായി ഓരോരോ അവതാരങ്ങളെടുക്കുന്നുവെന്ന് ഭഗവദ്ഗീതയിൽ പറയുന്നുണ്ട് . അർജ്ജുനനും പാണ്ഡവരും കൗരവരും മറ്റു യോദ്ധാക്കളും അദ്ദേഹത്തിൻറെ തന്നെ ഇച്ഛയാൽ ലോകത്തിൽ ഭൂഭാരഹരണാർത്ഥം ജന്മം കൊണ്ടവരാണ് . അവരെക്കൊണ്ട് ഭഗവാൻ തന്റെ ഉദ്ദേശം നേടിയെടുക്കുകയായിരുന്നു . തനിക്കും പാണ്ഡവർക്കും പ്രിയങ്കരരായ ഘടോൽക്കചനും അഭിമന്യുവുമൊക്കെ മരിച്ചിട്ടും കൃഷ്ണന് ഒരു സങ്കോചവുമുണ്ടാകാത്തതും അതുകൊണ്ടാണ് . ഉദ്ദേശം സാധ്യമാക്കിയ ശേഷം അദ്ദേഹം ബ്രാഹ്മണശാപമെന്ന കാരണമുണ്ടാക്കി ഭൂലോകം ഉപേക്ഷിച്ചു .അദ്ദേഹം ലോകമുപേക്ഷിച്ചു പോകുമ്പോൾ അദ്ദേഹത്തിന്റേതായി ഒന്നും ഭൂമിയിൽ ബാക്കിയുണ്ടായിരുന്നില്ല . [വിഷ്ണുപുരാണം , അംശം 5 , അദ്ധ്യായം 38 -വ്യാസവാക്യം ].

ഭഗവാൻ കൃഷ്ണന്റെ വാക്കുകൾ നോക്കുക . അർജ്ജുനനോട് അദ്ദേഹം ഇങ്ങനെ പറയുന്നു . ( ഭഗവദ്ഗീത -വിശ്വരൂപദർശനയോഗം , ശ്ളോകം 32 )

കാലോസ്മി ലോകക്ഷയകൃത്പ്രവൃദ്ധോ

ലോകാൻ സമാഹർത്തുമിഹ പ്രവൃത്തഃ

ഋതേ (അ )പി ത്വാം ന ഭവിഷ്യന്തി സർവ്വേ

യേ (അ ) വസ്ഥിതാഃ പ്രത്യനീകേഷു യോധാഃ

(ഭാഷാ അർത്ഥം )ഞാൻ ലോകത്തെ നശിപ്പിക്കുന്ന കാലമാകുന്നു . ഇപ്പോൾ ലോകത്തെ സംഹരിക്കാനുള്ള പ്രവൃത്തിയിലാണ് വ്യാപൃതനായിരിക്കുന്നത് . യുദ്ധത്തിൽ നീ എതിരിടുന്ന യോദ്ധാക്കളിൽ നീയൊഴിച്ച് മറ്റാരും ശേഷിക്കുകയില്ല . ഇനി നീ യുദ്ധം ചെയ്തില്ലെങ്കിൽ പോലും ഈ നിൽക്കുന്ന യോദ്ധാക്കളിൽ ആരും ജീവനോടെ ശേഷിക്കുകയില്ല .

പിന്നീട് പറയുന്ന ഒരു ശ്ളോകത്തിൽ , മയൈവേതേ നിഹതേ പൂർവ്വമേവ - എന്നും ഭഗവാൻ പറയുന്നുണ്ട് ( ഭഗവദ്ഗീത -വിശ്വരൂപദർശനയോഗം , ശ്ളോകം 33 ) . അതായത്- "ഇവരെയെല്ലാം ഞാൻ നേരത്തെ തന്നെ കൊന്നു വിട്ടതാണ് " -എന്നാണു ഭഗവാൻ പറയുന്നത് . എന്നിട്ടു അർജ്ജുനനോട് യുദ്ധത്തിൽ പാപചിന്ത വേണ്ടെന്നും , അർജ്ജുനൻ വെറുമൊരു നിമിത്തം മാത്രമാണെന്നും കൃഷ്ണൻ പറയുന്നു . ( നിമിത്തമാത്രം ഭവ സവ്യസാചിൻ ) [ ഭഗവദ്ഗീത -വിശ്വരൂപദർശനയോഗം , ശ്ളോകം 33 ]

കൃഷ്ണനും അർജ്ജുനനും

ഭഗവാൻ കൃഷ്ണന്റെ ഉത്തമ സുഹൃത്തും സഹായിയും അർജ്ജുനനായിരുന്നു . ഇവർ തമ്മിലൊരു പൂർവ്വജന്മ ബന്ധമുണ്ടായിരുന്നതാണ് അതിനു കാരണം . സൃഷ്‌ടിയുടെ ഉൽപ്പത്തികാലത്തു , ധർമ്മദേവന്റെ കുലത്തിൽ മഹാവിഷ്ണു നാല് രൂപങ്ങളിൽ ധർമ്മദേവന്റെ മക്കളായി ജനിക്കുകയുണ്ടായി . ഹരി , കൃഷ്ണൻ , നരൻ , നാരായണൻ ഇങ്ങനെയാണ് ജന്മമെടുത്തത് . ഇവരിൽ നരനും നാരായണനും മഹാതപസ്വികളും ഹരിയും കൃഷ്ണനും മഹായോഗികളുമായിരുന്നു . ഈ ഋഷിമാർ ഈരണ്ടു പേർ വീതം ജോഡികളായി കഴിഞ്ഞുകൂടി . ഇവരിൽ നരനും നാരായണനുമാണ് അർജ്ജുനനും കൃഷ്ണനുമായി ജനിച്ചത് . [ദേവീ ഭാഗവതം , നാലാം സ്കന്ധം ] .നരൻ അർജ്ജുനനായും നാരായണൻ കൃഷ്ണനായും അവതരിച്ചു . നരനാരായണന്മാരിൽ നരൻ വെളുത്ത നിറമുള്ളവനും , നാരായണൻ കറുത്ത നിറമുള്ളവനും ആയിരുന്നെന്ന് പത്മപുരാണം , ഉത്തരഖണ്ഡം , അദ്ധ്യായം -2 ലായി കാണപ്പെടുന്നു . എന്നാൽ അർജ്ജുനൻ കൃഷ്ണനെപ്പോലെ തന്നെ കറുത്ത നിറമുള്ളവനായിരുന്നെന്നു മഹാഭാരതത്തിൽ പ്രത്യേകമായ പ്രസ്താവമുണ്ട് . തിളങ്ങുന്ന കറുത്ത വർണ്ണം കാരണം അർജ്ജുനനും കൃഷ്ണൻ എന്ന നാമം സിദ്ധിച്ചിരുന്നു . അർജ്ജുനനേയും കൃഷ്ണനേയും കൂടി ഒരുമിച്ചു " കൃഷ്ണന്മാർ " എന്നും വിളിക്കപ്പെടുന്നുണ്ട് . ഭൂലോകത്തിൽ മായാപുരുഷനായി ജനിച്ച കൃഷ്ണന് അദ്ദേഹത്തിൻറെ ഏറ്റവും അടുത്ത സഹായിയായി അർജ്ജുനൻ നിലകൊണ്ടു . കൃഷ്ണൻ എന്ത് പറഞ്ഞാലും അതുപോലെ ചെയ്യുന്ന ആളായിരുന്നു അർജ്ജുനൻ . സാത്യകിയെ രക്ഷിക്കാനായി ഭൂരിശ്രവസ്സിന്റെ കൈ അധാർമ്മികമായി മുറിക്കുവാൻ കൃഷ്ണൻ പറയുമ്പോൾ യാതൊരു സങ്കോചവുമില്ലാതെ അർജ്ജുനൻ അത് ചെയ്യുന്നതും അതുകൊണ്ടാണ് . അർജ്ജുനൻ കൃഷ്ണന്റെ ഉത്തമഭക്തനും ശിഷ്യനായിരുന്നു . കൃഷ്ണന്റെ മരണശേഷം ദ്വാരകയിലെത്തിയതും അദ്ദേഹത്തിൻറെ മരണാനന്തര കർമ്മങ്ങൾ നിര്വഹിച്ചതും അർജുനനായിരുന്നു .

കൃഷ്ണഭാര്യമാരുടെ തത്ത്വം

ശ്രീകൃഷ്ണവിഗ്രഹം

രുക്മിണി, സത്യഭാമ, ജാംബവതി, കാളിന്ദി, മിത്രവിന്ദ, സത്വ, ഭദ്ര, ലക്ഷണ ഇവരാണ് കൃഷ്ണന്റെ പത്നിമാർ. ഇവർ അഷ്ടലക്ഷ്മിമാരുടെ അവതാരമായി വാഴ്ത്തപ്പെടുന്നു. അതിൽ തന്നെ പ്രധാന പത്നിയായ രുക്മിണി സാക്ഷാൽ ദേവി മഹാലക്ഷ്മി തന്നെ ആണെന്നു വിശ്വാസികൾ കരുതുന്നു. സത്യഭാമ ഭൂമി ദേവിയും. കൂടാതെ നരകാസുരന്റെ അധീനതയിൽ നിന്നും മോചിപ്പിച്ച പതിനാറായിരം പേരും ചേർന്ന് പതിനാറായിരത്തി എട്ട്.

കൃഷ്ണോപനിഷത്തിലെ പ്രസ്താവന ഒന്ന് ശ്രദ്ധിക്കാം

അഷ്ടാവഷ്ട സഹസ്രേ ദ്വേ ശതാധിക്യ സ്ത്രിയസ്തഥാ

ഋചോപനിഷദസ്താ വൈ ബ്രഹ്മരൂപാ ഋചഃ സ്ത്രിയഃ [കൃഷ്ണോപനിഷത്ത് ശ്ളോകം 13 ]

(ഭാഷാ അർത്ഥം ) ഭഗവാൻ കൃഷ്ണന്റെ പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട് ഭാര്യമാർ വേദത്തിലെ പ്രധാനമായ പതിനാറായിരം ഋക്കുകളും , 108 ഉപനിഷത്തുക്കളുമാകുന്നു . ഗോപികമാർ ബ്രഹ്മസ്വരൂപിണികളായ (അപ്രധാനങ്ങളായ) വേദ ഋക്കുകളുമാകുന്നു.

മറ്റൊരു ശ്ളോകം ഇങ്ങനെ പറയുന്നു .

ഗോലോകം വന വൈകുണ്ഠം താപസാസ്തത്ര തേ ദ്രുമാഃ

ലോഭ ക്രോധാദയോ ദൈത്യാ കലികാലസ്ഥിരസ്കൃതാഃ [കൃഷ്ണോപനിഷത്ത് ശ്ളോകം 9 ]

(ഭാഷാ അർത്ഥം ) ഗോലോകം അഥവാ കൃഷ്ണന്റെ വൃന്ദാവനം വൈകുണ്ഠം തന്നെയാകുന്നു . വൃക്ഷങ്ങളുടെ രൂപത്തിൽ നിൽക്കുന്നത് താപസന്മാരാണ് . ലോഭ -ക്രോധാദികളായ ദുർവ്വികാരങ്ങളാണ് അസുരന്മാർ . ഈ ദോഷങ്ങളാകട്ടെ കലികാലത്തിൽ നാമജപത്താൽ നശിക്കുന്നു .

മറ്റൊരു ശ്ളോകം ഇങ്ങനെ പറയുന്നു .

നിഗമോ വസുദേവോയോ വേദാർത്ഥ കൃഷ്ണരാമയോ[കൃഷ്ണോപനിഷത്ത് ശ്ളോകം 6 ]

(ഭാഷാ അർത്ഥം )വേദങ്ങളാണ് വസുദേവനായത് . വേദങ്ങളുടെ പരമതത്വമായ പരബ്രഹ്മം കൃഷ്ണനും ബലരാമനായി ബ്രഹ്മജ്ഞാനവും ജനിച്ചു .

ഇതിൽ നിന്നും വേദങ്ങളാൽ പുകഴ്ത്തപ്പെടുന്ന ഈശ്വരനാണ് കൃഷ്ണനായി ജനിച്ചതെന്നും , ഈശ്വരനെ ആശ്രയിച്ചു നിൽക്കുന്ന വേദ ഋക്കുകളാണ് കൃഷ്ണന്റെ പത്നിമാരെന്നും കാണാം . ഉപനിഷത്തുക്കളിലെ ഭക്തിപ്രധാനങ്ങളായ 8 ഉപനിഷത്തുക്കളാണ് ശ്രീകൃഷ്ണന്റെ എട്ടു പ്രധാന പത്നിമാരായി വ്യാസമുനി പറയുന്നത് .

യോഗമത പ്രകാരം

യോഗികളുടെ അഭിപ്രായം പ്രകാരം മനുഷ്യരുടെ സഹസ്രാരത്തിൽ വസിക്കുന്ന ഈശ്വരനാണ് കൃഷ്ണൻ. സഹസ്രാരത്തിൽ നിന്നും പുറപ്പെടുന്ന 8 പ്രധാന നാഡികളാണ് ശ്രീകൃഷ്ണന്റെ എട്ടു പ്രധാന പത്നിമാർ. ഇവയിൽ ഒരു യോഗിക്കു വേണ്ടതായ അഷ്‌ടൈശ്വര്യം സ്ഥിതി ചെയ്യുന്നു. ഈ നാഡികളുടെ നാമങ്ങളും യോഗസിദ്ധാന്തം പ്രകാരം രുക്മിണി, സത്യ -എന്നിങ്ങനെയാണ്. കൃഷ്ണ പത്നിമാരുടെ നാമങ്ങളും യോഗനാഡികളുടെ പേരുകളും ഒന്നുതന്നെയാണ്. സഹസ്രാരത്തിലെ ആത്മസ്ഥാനമാണ് ദ്വാരക. സുഷുമ്നാ നാഡിയാണ് ബലരാമൻ. സുഷുമ്നയിൽ നിന്നും പുറപ്പെടുന്ന നാഡീവ്യൂഹങ്ങൾ പ്രധാനമായി പതിനാറായിരമുണ്ട്. പ്രധാന നാഡികൾ പതിനാറായിരത്തിൽ നിന്നും പുറപ്പെടുന്ന മൊത്തത്തിലുള്ള 172000 യോഗനാടികൾ കൃഷ്ണ പുത്രന്മാരായി സങ്കല്പിക്കപ്പെടുന്നു. പതിനാറായിരം യോഗനാടികൾ കഫം കയറി അടഞ്ഞിരിക്കുന്നു. ഈ കഫദോഷമാണ് നരകാസുരൻ. ഭൂമീഭൂതമാണ് കഫത്തിന്റെ അടിസ്ഥാനം. അതിനാൽ നരകൻ ഭൂമിപുത്രനായി. [യോഗസൂത്രം, സൗന്ദര്യ ലഹരി]

കൃഷ്ണപത്നിമാരുടെ എണ്ണം

വിഷ്ണുപുരാണം , അംശം 5 , അദ്ധ്യായം 31 ലായി , കൃഷ്ണൻ നരകാസുരന്റെ ബന്ധനത്തിലിരുന്ന പതിനാറായിരത്തി ഒരുന്നൂറിലധികം (16100+) കന്യകമാരെ വേളി കഴിച്ചതായി പറയുന്നുണ്ട് . ഭാഗവതം ദശമസ്കന്ധം , അദ്ധ്യായം 59 ലായി കൃഷ്ണന് പതിനാറായിരത്തി ഒരുന്നൂറ്റിയെട്ടു (16108) ഭാര്യമാരുണ്ടായിരുന്നതായി വ്യക്തമായ സൂചനയുണ്ട് . അപ്പോൾ വിഷ്ണുപുരാണം പ്രകാരവും , ഭാഗവതം പ്രകാരവും , കൃഷ്ണോപനിഷത്തു പ്രകാരവും കൃഷ്ണന്റെ ഭാര്യമാരുടെ മൊത്തം എണ്ണം പതിനാറായിരത്തി ഒരുന്നൂറ്റിയെട്ടു (16108) തന്നെയാണ് .

എന്നാൽ വ്യാസഭാരതത്തിന്റെ അനുബന്ധമായ ഹരിവംശത്തിലാണ് കൃഷ്ണന് 16008 ഭാര്യമാരുണ്ടായിരുന്നതായി പറയുന്നത് . അതിനാൽ ഭൂരിപക്ഷ അഭിപ്രായം പ്രകാരവും , പ്രധാന ഗ്രന്ഥങ്ങളിലെ ആഖ്യാനം പ്രകാരവും കൃഷ്ണന്റെ ഭാര്യമാരുടെ എണ്ണം പതിനാറായിരത്തി ഒരുന്നൂറ്റിയെട്ടു(16108) തന്നെയാണ് . കൂടാതെ കൃഷ്ണോപനിഷത്തു കൃഷ്ണന്റെ ഭാര്യമാർ വാസ്തവത്തിൽ പതിനാറായിരം പ്രധാന വേദ ഋക്കുകളും , 108 പ്രധാന ഉപനിഷത്തുക്കളുമാണെന്നു പറഞ്ഞട്ടുമുണ്ടല്ലോ . അപ്പോഴും സംഖ്യ പതിനാറായിരത്തി ഒരുന്നൂറ്റിയെട്ടു(16108) തന്നെയാണ്.

കൃഷ്ണനെ സംബന്ധിക്കുന്ന പുരാണങ്ങൾ

ഭഗവാൻ കൃഷ്ണനെ സംബന്ധിക്കുന്ന പുരാണങ്ങളിൽ പ്രധാനമായവ ഭാഗവതം , ബ്രഹ്മവൈവർത്ത പുരാണം, വിഷ്ണുപുരാണം , ഹരിവംശം എന്നിവയാണ് . ഭാഗവത മഹാപുരാണത്തിൽ ഭഗവാൻ കൃഷ്ണന്റെ ഭൂമിയിലെ ജീവിതതത്തിനു കൂടുതൽ പ്രാധാന്യം നൽകുമ്പോൾ ബ്രഹ്മവൈവർത്ത പുരാണത്തിൽ അദ്ദേഹത്തിന്റെ അതീന്ദ്രിയ ലോകമായ ഗോലോകത്തിനാണ് കൂടുതൽ പ്രാധാന്യം . ബ്രഹ്മവൈവർത്ത പുരാണത്തിൽ കൃഷ്ണനെ കൂടുതൽ തിളക്കമാർന്ന , വ്യത്യസ്തമായ ഭാവത്തിൽ വർണ്ണിച്ചിരിക്കുന്നു . ബ്രഹ്മവൈവർത്തപുരാണ പ്രകാരം എല്ലാ ദേവീദേവന്മാരും കൃഷ്ണനിൽ നിന്നുമുണ്ടായതാണ് . വിഷ്ണു പോലും ഗോലോകവാസിയായ കൃഷ്ണന്റെ അംശമായാണ് ഇതിൽ പറഞ്ഞിരിക്കുന്നത് . വിഷ്ണുവിന്റെ വൈകുണ്ഠലോകം കൃഷ്ണന്റെ ഗോലോകത്തിന്റെ ഒരു ഏകദേശം മാത്രമായാണ് ബ്രഹ്മവൈവർത്ത പുരാണത്തിൽ പറഞ്ഞിരിക്കുന്നത് . കൽക്കിപുരാണത്തിൽ , ഭഗവാൻ കൽക്കി ഗോലോകവാസിയായ കൃഷ്ണന്റെ അവതാരമായാണ് പറഞ്ഞിരിക്കുന്നത് . കൃഷ്ണൻ സർവ്വശക്തനും സകലതിനും ഈശ്വരനുമായ ദൈവമായാണ് ബ്രഹ്മവൈവർത്തപുരാണം പറയുന്നത് . വിഷ്ണുപുരാണം പ്രകാരം വിഷ്ണുവിന്റെ ഒരു അംശമാണ് കൃഷ്ണൻ . ലോകനാഥനായ ഭഗവാൻ വിഷ്ണു ഭൂഭാരം ഹരിക്കുന്നതിനായി കൃഷ്ണനായി ഭൂമിയിൽ അവതരിച്ചുവെന്നു വിഷ്ണുപുരാണം പറയുന്നു . അതിൽ വിഷ്ണുവിനാണ് പ്രാധാന്യം . ഗോലോകം അഥവാ കൃഷ്ണന്റെ വൃന്ദാവനം വിഷ്ണുവിന്റെ വൈകുണ്ഠം ഭൂമിയിൽ അവതരിച്ചതാണെന്നും , വൈകുണ്ഠവാസികളായ വിഷ്ണുദൂതന്മാർ ഗോലോകവാസികളായ ഗോപന്മാരായി ജനിച്ചതായും വിഷ്ണുപുരാണം പറയുന്നു . ഭഗവാൻ വിഷ്ണു അദ്ദേഹത്തിൻറെ ശിരസ്സിൽ നിന്നും ഒരു കറുത്ത രോമവും വെളുത്ത രോമവും പറിച്ചെടുത്തതായും , കറുത്ത രോമം കൃഷ്ണനായും , വെളുത്ത രോമം ബലരാമനായും ഭൂമിയിൽ ജനിച്ചതായും വിഷ്ണുപുരാണം പറയുന്നു . [വിഷ്ണുപുരാണം അംശം 4 , അദ്ധ്യായം 15 ; വിഷ്ണുപുരാണം അംശം 5 , അദ്ധ്യായങ്ങൾ 1 ,2 ,3 ]. മഹാഭാരതത്തിന്റെ അനുബന്ധമായ ഹരിവംശവും ഇത് ശെരിവയ്ക്കുന്നു .

കൃഷ്ണ ലീലകൾ

ഭഗവാൻ കൃഷ്ണന്റെ ലീലകളെപ്പറ്റി പറഞ്ഞാൽ അവസാനമില്ല . അദ്ദേഹം ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ഭൂമിയിലെ ഒരു പുൽനാമ്പു പോലും അദ്ദേഹത്തിന്റെ ദിവ്യത്വത്താൽ വശീകരിക്കപ്പെട്ടിരുന്നു . അദ്ദേഹത്തിൻറെ ജനനസമയം ലോകത്തിനു വളരെയേറെ സ്വസ്ഥതയുണ്ടാവുകയും , ഗ്രഹങ്ങളുടെ നില കൃത്യമാവുകയും ചെയ്തു . ആ സമയം അസുരന്മാരുടെ മനസ്സുകളിൽ വലുതായ ഭയവും ഉൽഭൂതമായി . അദ്ദേഹത്തിൻറെ ലീലകളെ ഗോപാലങ്ങൾ എന്ന് പണ്ഡിതന്മാർ സംബോധന ചെയ്തിരിക്കുന്നു . ഇതനുസരിച്ചു ,ദേവകീപുത്ര ഗോപാലം, ലീലാഗോപാലം , യശോദാ ഗോപാലം , നന്ദഗോപ ഗോപാലം , പൂതനാമോക്ഷ ഗോപാലം , ശകടഭഞ്ജക ഗോപാലം , തൃണാവർത്ത ഗോപാലം , വിദ്യാരാജഗോപാലം , ഗോവർദ്ധന ഗോപാലം , ദാമോദര ഗോപാലം , കാളിയമർദ്ദന ഗോപാലം , വിപ്രഗോപാലം , സന്താന ഗോപാലം , മദനഗോപാലം ,കംസാരി ഗോപാലം , കുചേല ഗോപാലം ,പാർത്ഥസാരഥി ഗോപാലം എന്നിങ്ങനെ 196 ലീലകളെപ്പറ്റി ഭഗവതത്തിലും , ഹരിവംശത്തിലും വർണ്ണിച്ചിരിക്കുന്നു .

ഇവയിൽ പ്രസക്തമായ ഒന്നുരണ്ടെണ്ണം താഴെ പറയുന്നു .

  • വിദ്യാരാജഗോപാലം

കംസവധ ശേഷം , സാന്ദീപനി മുനിയുടെ ആശ്രമത്തിൽ വിദ്യാഭ്യാസത്തിനെത്തിയ രാമകൃഷ്ണന്മാർ , നാല് വേദവും ആറു ശാസ്ത്രവും , പതിനെട്ടു പുരാണങ്ങളും , അറുപത്തിനാല് കലകളും , ധനുർവേദവും , ആയോധന വിദ്യകളും വെറും 64 ദിവസം കൊണ്ട് പഠിച്ചു തീർത്തു . ഓരോ ശാസ്ത്രങ്ങൾ മുനി ചൊല്ലിക്കൊടുക്കേണ്ട താമസമേയുണ്ടായുള്ളൂ . ഇതുകണ്ട് മുനി അത്ഭുതപ്പെടുകയും ഗുരുദക്ഷിണയായി തന്റെ മരിച്ച മകനെ തരുവാനായി കൃഷ്ണനോട് യാചിക്കുകയും ചെയ്തു . കൃഷ്ണൻ ദിവ്യശക്തിയാൽ മരിച്ച മകനെ ഗുരുവിനു നൽകി . ഇത്തരത്തിൽ സർവ്വതരം വിദ്യയുടെയും രാജനാകയാൽ കൃഷ്ണന് സിദ്ധിച്ച നാമമാണ് വിദ്യാരാജഗോപാലൻ . വിദ്യാരാജഗോപാലൻ പണ്ഡിതന്മാരുടെ ഉപാസനാമൂർത്തിയാണ് . ഗോപാലമന്ത്രങ്ങളിൽ രാജാവാണ് വിദ്യാരാജഗോപാലമന്ത്രം .

  • ഗോവർദ്ധനഗോപാലം

ഇന്ദ്രന്റെ ദർപ്പം ശമിപ്പിക്കാനായി ഭഗവാൻ കൃഷ്ണൻ ഒരിക്കൽ ഗോവർദ്ധന പർവതത്തെ ഉയർത്തിപ്പിടിക്കുകയുണ്ടായി . അതുകൊണ്ടു അദ്ദേഹത്തെ ഗോവർദ്ധന ഗോപാലൻ എന്ന് വിളിക്കുന്നു . വെറും ഇടതുകയ്യിന്റെ ചെറുവിരൽ കൊണ്ട് പർവതത്തെ എടുത്തുയർത്തിയ കൃഷ്ണൻ ഏഴു ദിവസം പർവ്വതത്തേയും താങ്ങി നിൽക്കുകയുണ്ടായി . ഇന്ദ്രൻ സംവർത്തക മേഘങ്ങളെയയയ്ച്ചു കൊടും മഴ പെയ്യിച്ചെങ്കിലും ഗോപന്മാർക്കു യാതൊരു കുഴപ്പവുമുണ്ടായില്ല . ഒടുവിൽ ഇന്ദ്രൻ തോൽക്കുകയും കൃഷ്ണനോട് മാപ്പു ചോദിക്കുകയും ചെയ്തു . ഗോവർദ്ധനഗോപാലൻ കർഷകരുടെ ഉപാസനാമൂർത്തിയാണ്.

  • മദനഗോപാലം

ഗോപസ്ത്രീകളുമായി രാസലീലകളാടിയതിനാൽ കൃഷ്ണനെ മദനഗോപാലൻ എന്ന് വിളിക്കുന്നു . വാസ്തവത്തിൽ അതൊരു ആത്‌മീയ ലീലയായിരുന്നു . ഗോപസ്ത്രീകൾ കൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ശരീരബോധം വിടുകയും , ആത്മഭാവത്തിൽ കൃഷ്ണനുമായി നൃത്തം ചെയ്യുകയുമാണുണ്ടായത് . തന്റെ സമീപമെത്തിയ സാധാരണക്കാരായ ഗോപാലനാരികൾക്ക് , നിമിഷാർദ്ധം കൊണ്ട് യോഗികൾ അനുഭവിക്കുന്ന സമാധിസുഖം നൽകുവാൻ കൃഷ്ണന്റെ ദിവ്യശക്തിക്കു സാധിച്ചു . ദൂരെ നിന്ന് നോക്കിയവർക്ക് ഓരോ ഗോപസ്ത്രീയും കൃഷ്ണനെ ധ്യാനിക്കുന്നതായി മാത്രം കാണുവാനേ സാധിച്ചുള്ളൂ .മദനഗോപാലൻ ഗൃഹസ്ഥന്മാരുടെ ഉപാസനാമൂർത്തിയാണ്.

  • ദേവകീപുത്ര ഗോപാലം

ദേവകീദേവിയുടെ ഗർഭത്തിൽ പുത്രനായി ജന്മമെടുത്തതിനാലും , ദേവകിയുടെ പുത്രനാവുകയാലും ദേവകീപുത്രൻ എന്ന് കൃഷ്ണന് പേരുണ്ടായതായി പറയുന്നു . ദേവകീപുത്രഗോപാലൻ കുടുംബഭദ്രതയുടെ ദേവനാണ് .

  • കംസാരി ഗോപാലം

കംസന്റെ ശത്രുവാകയാലും കംസനെ വധിച്ചതുകൊണ്ടും കംസാരിഗോപാലനായി . കംസാരിഗോപാലൻ ശതുസംഹാര മൂർത്തിയാണ് .

  • സന്താന ഗോപാലം

മക്കൾ നഷ്ടപ്പെട്ട വിപ്രൻറെ കുഞ്ഞുങ്ങളെ വൈകുണ്ഠത്തിൽ പോയി തിരികെ കൊണ്ട് വന്നതിനാൽ സന്താനഗോപാലനായി . സന്തതി ലാഭത്തിനും കുടുംബക്ഷേമത്തിനുമുള്ള മൂർത്തിയായി ഹിന്ദുക്കൾ സന്താനഗോപാലനെ കാണുന്നു .

ഇത്തരത്തിൽ വൈഷ്ണവ സമ്പ്രദായത്തിലുള്ള ഓരോ ഉപാസനാമൂർത്തിയും കൃഷ്ണന്റെ ഓരോരോ ലീലകളെയാണ് സൂചിപ്പിക്കുന്നത് . കൃഷ്ണനന്റെ വായ്മൊഴിയായും വരമൊഴിയായും പറഞ്ഞുകേൾക്കുന്ന ലീലകളെപ്പറ്റി മാത്രം ഒരു ഗ്രന്ഥമെഴുതിയാൽ അത് തന്നെ മഹാഭാരതത്തേക്കാൾ വലിപ്പമുണ്ടാകും .

കൃഷ്ണനും കുരുപാണ്ഡവരും

ഭഗവാൻ കൃഷ്ണന്റെ പിതാവായ വസുദേവരുടെ സഹോദരിയായിരുന്നു കുന്തി . ഈ കുന്തിയാണ് പാണ്ഡവരുടെ മാതാവ് . അപ്പോൾ പാണ്ഡവരുടെ മാതൃപക്ഷത്താണ്‌ യാദവർ വരിക . യാദവരിൽ ശ്രേഷ്ഠനായ വസുദേവർ കശ്യപ മുനിയുടെ അംശമായിരുന്നു . യാദവരിൽ വൃഷ്ണികൾ എന്ന പ്രബലവിഭാഗത്തിലാണ് കൃഷ്ണൻ ജനിച്ചത് . കൃഷ്ണന്റെ പുത്രനായിരുന്ന സാംബൻ ദുര്യോധനന്റെ പുത്രിയായ ലക്ഷ്മണയെ ആണ് വിവാഹം ചെയ്തിരുന്നത് . അത്തരത്തിൽ നോക്കുമ്പോൾ ദുര്യോധനൻ കൃഷ്ണന്റെ പുത്രനായ സാംബന്റെ അമ്മാവനായി വരും . അത്തരത്തിൽ കുരുക്കളുമായും പാണ്ഡവരുമായും കൃഷ്ണന് അത്യധികം ബന്ധമുണ്ട് . അതുകൊണ്ടാണ് അദ്ദേഹം യുദ്ധത്തിന് മുൻപ് ഇരുകൂട്ടരേയും സഹായിക്കാമെന്ന് വാക്കു കൊടുത്തത് . ഒരു അക്ഷൗഹിണിയോളം വരുന്ന തന്റെ നാരായണീയ സേനയെ അദ്ദേഹം ദുര്യോധനന് വിട്ടു കൊടുത്തു . സ്വയം ഒരു തേരാളിയായി അർജ്ജുനനോടൊപ്പം നിൽക്കുകയും ചെയ്തു . യുദ്ധത്തിൽ താൻ ആയുധമെടുക്കില്ല എന്ന് കൃഷ്ണൻ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു . അതുകൊണ്ട് ദുര്യോധനൻ അതീവ സന്തുഷ്ടനായി കിട്ടിയ സഹായവും വാങ്ങി തിരികെപ്പോന്നു .

അതിനു ശേഷം നടന്ന കുരുക്ഷേത്രയുദ്ധത്തിൽ അർജ്ജുനന്റെ തേരാളിയായി അദ്ദേഹം നിലകൊണ്ടു . കൗരവർ ഒന്നടങ്കം ചത്തൊടുങ്ങി . തുടർന്ന് യുദ്ധശേഷം മക്കൾ മരിച്ച ധൃതരാഷ്ട്രരേയും ഗാന്ധാരിയേയും പോയിക്കണ്ട് ആശ്വസിപ്പിച്ചു . ആയിടയ്ക്കാണ് ഗാന്ധാരി യുദ്ധഭൂമി സന്ദർശിക്കുന്നതും ദുഃഖിതയായ അവർ കൃഷ്ണനെ ശപിക്കുന്നതും . എന്തായാലും ഭഗവാൻ അതൊന്നും അത്ര ഗൗരവമായി കണ്ടില്ല . കാരണം ഗാന്ധാരിയുടെ ശാപവും അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചത് തന്നെയായിരുന്നു . അതിനു ശേഷം അദ്ദേഹം ഗര്ഭസ്ഥനായ പരീക്ഷിത്തിനെ ജീവിപ്പിച്ചു . തുടർന്ന് യുധിഷ്ഠിരന്റെ കിരീടധാരണത്തിനു ശേഷം ദ്വാരകയിലേക്കു തിരികെപ്പോയി . ദ്വാരകയിലെത്തിയ അദ്ദേഹം അഭിമന്യുവിന്റെ മരണവാർത്ത വസുദേവരെ അറിയിച്ചു . തുടർന്ന് വസുദേവർക്കും , ഉദ്ധവർക്കും , അക്രൂരനും മറ്റും ജ്ഞാനമുപദേശിച്ചു . മഹർഷിമാർ നിരന്തരം അദ്ദേഹത്തെ വന്നുകണ്ട്‌ ജ്ഞാനോപദേശം തേടിക്കൊണ്ടിരുന്നു . ഈ സന്ദർഭത്തിൽ അദ്ദേഹം ധർമ്മരക്ഷയ്ക്കായി തുടർച്ചയായി ചില യജ്ഞങ്ങൾ ചെയ്യുകയും കാലോചിതമായ കർമ്മങ്ങൾ ആചരിക്കുകയും ചെയ്തു പോന്നു . അപ്പോഴായിരുന്നു കണ്വൻ , വിശ്വാമിത്രൻ തുടങ്ങിയ മുനിമാർ കൃഷ്ണനെ കാണുവാനായി എത്തിയത് . കൃഷ്ണന്റെ പുത്രനായ സാംബന്റെയും കൂട്ടരുടെയും അവഹേളനപരമായ ചില പ്രവർത്തികളിൽ ക്രുദ്ധരായ മുനിമാർ യദുക്കൾ നശിക്കുമെന്നു ശപിച്ചു . അതനുസരിച്ചു യാദവർ തമ്മിലടിച്ചു നശിച്ചു . വാസ്തവത്തിൽ അതും കൃഷ്ണന്റെ സങ്കല്പമായിരുന്നെന്ന് മഹാഭാരതത്തിലും ഭാഗവതത്തിലും പറയുന്നുണ്ട് . യാദവകുലം നശിച്ചശേഷം ലീല അവസാനിപ്പിച്ച കൃഷ്ണൻ കുണ്ഡലിനി ഉണർത്തി യോഗം കൈക്കൊണ്ട് വനത്തിൽ ശയിച്ചു . ആ സമയം അവിടെയെത്തിയ ജര എന്ന വേടന്റെ അമ്പേറ്റ്‌ അദ്ദേഹം സ്വദേഹം ഉപേക്ഷിച്ചു . കൃഷ്ണൻ ഭൂമിയുപേക്ഷിച്ചതറിഞ്ഞ പാണ്ഡവർ രാജ്യം യുയുത്സുവിനെ ഏൽപ്പിക്കുകയും പരീക്ഷിത്തിനെ അടുത്ത രാജാവായി അവരോധിക്കുകയും ചെയ്തിട്ട് മഹാപ്രസ്ഥാനം ചെയ്തു .

യുധിഷ്ഠിരന്റെ രാജസൂയത്തിൽ

യുധിഷ്ഠിരന്റെ രാജസൂയത്തിനു വേണ്ട എല്ലാ ഒത്താശകളും അനുഗ്രഹങ്ങളും നൽകി ആ യജ്ഞത്തെ ഒരു വന്പിച്ച വിജയമാക്കിയത് സാക്ഷാൽ കൃഷ്ണനായിരുന്നു . കൃഷ്ണന്റെ അനുഗ്രഹം കൂടാതെ യുധിഷ്ഠിരനോ പാണ്ഡവർക്കോ യജ്ഞം മുഴുമിപ്പിക്കാനാകുമായിരുന്നില്ല . നാരദമുനി പാണ്ഡുവിന്റെ സന്ദേശം യുധിഷ്ഠിരനെ അറിയിച്ചതിനു ശേഷം പാണ്ഡവർ രാജസൂയത്തിന്റെ നടത്തിപ്പിനെക്കുറിച്ചു ആലോചിക്കാനായി കൃഷ്ണനെ ക്ഷണിച്ചു . കൃഷ്ണൻ അത് സമ്മതിക്കുകയും അതിനു വേണ്ടതായ ധനം മുതലായവ നൽകുകയും ചെയ്തു . രാജയസൂയത്തിനു പ്രാരംഭമായി ജരാസന്ധൻ എന്ന ദുഷ്ടരാജാവിനെ വകവരുത്തുവാനാണ് കൃഷ്ണൻ യുധിഷ്ഠിരനെ ഉപദേശിച്ചത് . യുധിഷ്ഠിരന്റെ അനുമതി പ്രകാരം കൃഷ്ണൻ അർജ്ജുനനേയും ഭീമനേയും കൂട്ടിക്കൊണ്ടു ബ്രാഹ്മണ വേഷത്തിൽ ജരാസന്ധന്റെ കൊട്ടാരത്തിലെത്തുകയും തുടർന്ന് തങ്ങളുടെ യഥാരൂപം വെളിപ്പെടുത്തിയിട്ടു ഭീമനുമായി ദ്വന്ദ്വയുദ്ധത്തിന് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു . കൃഷ്ണന്റെ അനുഗ്രഹത്താൽ ഭീമന് ജരാസന്ധനെ വധിക്കുവാൻ സാധിച്ചു . തുടർന്ന് ജരാസന്ധന്റെ പുത്രനായ സഹദേവനെ മഗധയുടെ രാജാവായി വാഴിക്കുകയും , അദ്ദേഹം നൽകിയ കപ്പം മുതലായവ സ്വീകരിക്കുകയും ചെയ്തിട്ട് , കൃഷ്ണനും ഭീമാർജ്ജുനന്മാരും യജ്ഞത്തിന്റെ അടുത്ത പടികൾ ആലോചിക്കുകയുണ്ടായി . യുധിഷ്ടിരനൊഴിച്ച് മറ്റു നാല് പാണ്ഡവരും ദിഗ്‌വിജയത്തിനായി ഇറങ്ങിത്തിരിച്ചു . അതിനു ശേഷം കപ്പമായി കിട്ടിയ വലിയ സമ്പത്തുപയോഗിച്ച് രാജസൂയം ആരംഭിച്ചു . ആ യജ്ഞത്തിൽ കൗരവർ പോലും സംബന്ധിച്ചു . യാഗത്തിന്റെ അവസാനം നൽകേണ്ടതായ അഗ്രപൂജ ആർക്കു നൽകണമെന്ന കാര്യത്തിൽ വലിയ തർക്കമുണ്ടായി . അപ്പോൾ ഭീഷ്മ പിതാമഹൻ അത് കൃഷ്ണന് നൽകുവാനാണ്‌ പറഞ്ഞത് . പാണ്ഡവർ അഗ്രപൂജ കൃഷ്ണന് തന്നെ നൽകി . തുടർന്നാണ് യജ്ഞത്തിൽ വച്ച് ശിശുപാലൻ എന്ന കൃഷ്ണന്റെ പിതൃസഹോദരി പുത്രൻ കൃഷ്ണനെ ക്രൂരമായി നിന്ദിക്കുകയും ഭർസിക്കുകയും ചെയ്തത് . കൃഷ്ണന് അഗ്രപൂജ നൽകിയതൊന്നും അവിടെയിരുന്ന അസുരപക്ഷക്കാർക്കു സുഖിച്ചില്ല . അവരുടെ വക്താവായി നിന്നുകൊണ്ട് ശിശുപാലൻ കൃഷ്ണനെ നിന്ദിക്കുകയും തെറി പറയുകയും വരെ ചെയ്തു . പാണ്ഡവർ വിഷമിക്കുന്നത് കണ്ടപ്പോൾ കൃഷ്ണൻ ശിശുപാലനെ സുദർശനചക്രം കൊണ്ട് വധിച്ചു . അവന്റെ ആത്മാവ് കൃഷ്ണനിൽ ലയിച്ചു . തുടർന്ന് ദുർന്നിമിത്തങ്ങൾ ഒഴിയുകയും യാഗം ശുഭമായി പര്യവസാനിക്കുകയും ചെയ്തു .

ചൂതുസഭയിൽ കൃഷ്ണൻ

പാണ്ഡവരുടെ ഐശ്വര്യം കണ്ടു സഹിക്കാതെ അസൂയമൂത്ത ദുര്യോധനനും ശകുനിയും ഒരു ചതിച്ചൂതു സംഘടിപ്പിക്കുകയുണ്ടായി . പാണ്ഡവരിൽ രാജാവായ യുധിഷ്ഠിരനെ അതിൽ ക്ഷണിച്ചു . ചൂതിനു പാണ്ഡവരെ ക്ഷണിക്കുന്ന സമയത്തു കൃഷ്ണൻ അവിടെയുണ്ടായിരുന്നില്ല . ദ്വാരകയെ ആക്രമിച്ച സാൽവനെ നേരിടാനായി അദ്ദേഹത്തിന് അത്യാവശ്യമായി ദ്വാരകയിലെത്തണമായിരുന്നു . സാൽവനെ വധിക്കാൻ കൃഷ്ണനല്ലാതെ ആർക്കും സാധ്യമല്ല . സാൽവനുമായി കൃഷ്ണൻ കൊടിയ യുദ്ധം ചെയ്യുമ്പോഴായിരുന്നു ചൂത് അരങ്ങേറിയത് .കൃഷ്ണൻ അവിടെയുണ്ടായിരുന്നെങ്കിൽ അദ്ദേഹം ചൂത് തടയുമായിരുന്നെന്നു അദ്ദേഹം തന്നെ യുധിഷ്ഠിരനോട് പറയുന്നുമുണ്ട് . എന്തായാലും തുടർന്ന് , ധർമ്മം നിലനിറുത്താനായി യുധിഷ്ഠിരൻ ചൂതിൽ പങ്കെടുക്കുകയും ശകുനിയുടെ ചതിപ്രയോഗത്താൽ തോൽപ്പിക്കപ്പെടുകയും ചെയ്തു . അവസാന പണയമായി യുധിഷ്ഠിരൻ ദ്രൗപദിയെ തിരഞ്ഞെടുത്തു കളിച്ചു . യുധിഷ്ഠിരൻ അതിലും തോറ്റുപോയി .അതിനു ശേഷം പാണ്ഡവരേയു ദ്രൗപദിയേയും അപമാനിക്കാനായി ദുര്യോധനന്റെ ശ്രമം . അതിനായി ആദ്യം അയാൾ പാണ്ഡവരോട് വസ്ത്രങ്ങൾ അഴിച്ചു വയ്ക്കുവാൻ കൽപ്പിച്ചു . പാണ്ഡവർ മേല്മുണ്ടുകൾ അഴിച്ചെടുത്തു നിലത്തു വച്ചു . തുടർന്ന് ദ്രൗപദിയെ സഭയിലെത്തിക്കുവാൻ ദുര്യോധനൻ ദുശ്ശാസ്സനനെ ചുമതലപ്പെടുത്തി . സഭയിൽ പാഞ്ചാല രാജപുത്രിയായ ദ്രൗപദിയെ ദുശ്ശാസ്സനൻ വലിച്ചിഴച്ചുകൊണ്ടു വന്നു . അവളുടുത്തിരുന്ന ഒറ്റമുണ്ട് വലിച്ചഴിക്കുവാൻ ദുര്യോധനൻ ദുശ്ശാസ്സനനു നിർദ്ദേശം കൊടുത്തു .യാതൊരു പാപചിന്തയുമില്ലാതെ ദുശ്ശാസ്സനൻ അത് ചെയ്യുവാൻ തുടങ്ങി . ആ സമയത്ത് ധർമ്മത്തെയോർത്ത് യുധിഷ്ഠിരൻ മിണ്ടാതെ നിന്നതേയുള്ളൂ . അദ്ദേഹം അനുമതി നൽകാത്തതിനാൽ ഭീമനും ഒന്നും ചെയ്യാനായില്ല . തുടർന്ന് അർജ്ജുനനും നകുലനും സഹദേവനും മൗനം പാലിച്ചു . ഭീഷ്മർക്കോ ദ്രോണർക്കോ സഭയിലെ മറ്റാർക്കുമോ ഒന്നും ചെയ്യാനായില്ല . ധൃതരാഷ്ട്രരുടെ ബുദ്ധിമാനായ ഒരു പുത്രൻ വികർണ്ണൻ മാത്രം ദുര്യോധനന്റെ ദുർനയങ്ങളെ എതിർത്തു . ആ സമയത്താണ് ദുശ്ശാസ്സനൻ ദ്രൗപദിയുടെ വസ്ത്രം പിടിച്ചു വലിക്കുന്നത് . ആരോരുമില്ലാത്ത ദ്രൗപദി ഭഗവാൻ കൃഷ്ണനെ വിളിച്ചു കരഞ്ഞു . തന്റെ മാനം സഭയിലിട്ടു പിച്ചി ചീന്തുവാൻ പോകുന്നത് കണ്ടു ഭീതിയോടെ അവൾ നാരായണനായ കൃഷ്ണനെ വിളിച്ചു കരഞ്ഞു . അവളുടെ ഈ കരച്ചിൽ ദ്വാരകയിലിരുന്ന കൃഷ്ണൻ കേൾക്കുകയും അതീവ വ്യഗ്രനായി - അചിന്തിതമായ വേഗതയിൽ - അദ്ദേഹം ചൂതുസഭയിലെത്തുകയും ചെയ്തു . തുടർന്ന് കൃഷ്ണന്റെ പ്രഭാവത്താൽ ദ്രൗപദിയുടെ വസ്ത്രങ്ങൾ ഇരട്ടിക്കുവാൻ തുടങ്ങി . ദുശ്ശാസ്സനൻ വസ്ത്രം അഴിക്കുന്തോറും വീണ്ടും വീണ്ടും പുതിയ പുതിയ വസ്ത്രങ്ങളാൽ ദ്രൗപദി ചുറ്റപ്പെട്ടതായി കാണപ്പെട്ടു . ദുശ്ശാസ്സനൻ അഴിച്ച വസ്ത്രങ്ങൾ കൂമ്പാരമായി കൂടി . എന്നിട്ടും ദ്രൗപദി പൂർണ്ണ വസ്ത്രധാരിണിയായി കാണപ്പെട്ടു . ദുശ്ശാസ്സനൻ ലജ്ജയോടെ പിന്തിരിഞ്ഞു . ചൂതുസഭയിലെത്തിയ മായാരൂപിയായ കൃഷ്ണനെ ആർക്കും കാണുവാൻ സാധിച്ചില്ല . എന്നാൽ ഭക്തനായ വിദുരർ മാത്രം അത് കണ്ടതായി വ്യാസൻ പറയുന്നുണ്ട് .

കൃഷ്ണന്റെ ജീവിതസായാഹ്നം

കുരുക്ഷേത്രയുദ്ധത്തിൽ അനേകം ക്ഷത്രിയർ സൽഗതി പ്രാപിച്ചു . അവരിൽ കൂടുതൽ പേരു അസുരാത്മാക്കളുടെ അവതാരങ്ങളായിരുന്നതിനാൽ ഭൂഭാരം ഹരിക്കപ്പെടുകയും അധർമ്മം നശിക്കുകയും ചെയ്തു . കുരുക്ഷേത്രയുദ്ധത്തിനു ശേഷം ഭഗവാൻ കൃഷ്ണൻ ദ്വാരകയിൽ വസിക്കുന്ന കാലത്ത് അനേകം ശാന്തിയജ്ഞങ്ങൾ നടത്തുകയുണ്ടായി . യാദവന്മാരുടെയും സ്വർഗ്ഗാരോഹണകാലമെടുത്തിരുന്ന സമയമായിരുന്നു അത് . ആ സമയത്താണ് പരീക്ഷിത്ത് ഗർഭാവസ്ഥയിൽ വച്ചു തന്നെ അശ്വത്ഥാമാവിന്റെ ബ്രഹ്മശിരസ്സെന്ന അസ്ത്രമേറ്റു കൊല്ലപ്പെട്ടത് .പാണ്ഡവരുടെ വംശനാശം വരുത്തുവാനായി അശ്വത്ഥാമാവ് പ്രയോഗിച്ചതായ ആ അസ്ത്രത്തെ തടഞ്ഞതും പരീക്ഷിത്തിനെ ജീവനോടെ കാത്തതും കൃഷ്ണനായിരുന്നു . അതികഠിനമായ ഒരു കർമ്മമായിരുന്നു അത് . എങ്കിലും അദ്ദേഹം അത് ചെയ്തു . ഈ ദുഷ്കൃത്യം ചെയ്ത അശ്വത്ഥാമാവിനെ ഭഗവാൻ ശപിച്ചു . തുടർന്ന് ദ്വാരകയിൽ വസിക്കവേ , അദ്ദേഹം ഒരിക്കൽ യാദവരോട് അവരുടെ കുലനാശം ഉടൻ സംഭവിക്കുമെന്ന് പ്രവചിക്കുകയുണ്ടായി . യാദവർ അത് അത്ര കാര്യമായെടുത്തില്ല . ലോകനാഥനായ കൃഷ്ണൻ തങ്ങളുടെ രക്ഷയ്ക്കുള്ളപ്പോൾ തങ്ങൾക്കു ഒന്നും സംഭവിക്കില്ലെന്ന് യാദവർ ധരിച്ചു . അഹന്ത നിറഞ്ഞ സ്വന്തം വംശത്തെ സംഹരിക്കുവാൻ കൃഷ്ണൻ ഉള്ളാലെ നിനച്ചു . വിഷ്ണുപുരാണം അംശം 5 അദ്ധ്യായം 37 ലായി ഇങ്ങനെയൊരു വിവരണം കാണുന്നുണ്ട് .

ഒരു ദിവസം ദേവന്മാർ ദൂതനായി അയച്ച വായുദേവൻ കൃഷ്ണനെ വന്നു കണ്ടു . അദ്ദേഹം പറഞ്ഞു . " ദേവാ ,ഞാൻ ദേവദൂതനായ വായുവാണ്. അങ്ങ് ഭൂമിയിൽ ജനിച്ചിട്ട് നൂറിലേറെ വർഷം കഴിഞ്ഞു . ഇനി അങ്ങ് സ്വർഗത്തിലേക്ക് എഴുന്നെള്ളിയാലും . ദേവന്മാർ അതാഗ്രഹിക്കുന്നു . സ്വർഗ്ഗത്തെ സനാഥമാക്കി അനുഗ്രഹിക്കേണമേ . എങ്കിലും അങ്ങയുടെ ഇഷ്ടംപോലെ തന്നെയാകട്ടെ . "

തുടർന്ന് കൃഷ്ണൻ ഇങ്ങനെ പറയുന്നു . " ഹേ ദേവദൂതാ , താങ്കൾ പറഞ്ഞതെല്ലാം എനിക്കറിയാം . യാദവന്മാരുടെ നാശത്തെ ഞാൻ തുടങ്ങി വച്ചിട്ടുണ്ട് . യാദവന്മാർ ജീവിച്ചിരിക്കെ ഭൂഭാരം കുറയ്ക്കുക സാധ്യമല്ല . ഏഴു രാത്രികൾ കൊണ്ട് ഭൂഭാരം കുറയ്ക്കപ്പെടും . ഈ ദ്വാരക ഞാൻ സമുദ്രത്തോട്‌ വാങ്ങിയതാണ് . അതിനെ അതുപോലെ തന്നെ തിരികെ കൊടുത്തിട്ട് ഞാനും ബലരാമ ജ്യേഷ്ഠനും ഉടനെ സ്വർഗ്ഗത്തിലെത്തുന്നതാണ് . ഭൂമിഭാരത്തിനു കാരണക്കാരായിരുന്ന ജരാസന്ധനും മറ്റുള്ള അസുരന്മാരും കൊല്ലപ്പെട്ടു . ഇപ്പോഴുള്ള യാദവ കുമാരന്മാർ അവരിലൊട്ടും കുറഞ്ഞവരല്ല . അതിനാൽ ഭൂമിയുടെ ഈ അന്തിമഭാരവും കുറിച്ചിട്ടു ഞാൻ സ്വർഗ്ഗത്തിലെത്തുന്നുണ്ടെന്നു ദേവന്മാരെ അറിയിച്ചാലും ".

ഇതുകേട്ട് വായു തിരികെപ്പോയി . ഭഗവാൻ ഇത് പറഞ്ഞതിന് പിന്നാലെ ദിവ്യവും ഭൗമികവും അന്തരീക്ഷജന്യങ്ങളുമായ ദുർന്നിമിത്തങ്ങൾ ദ്വാരകയിൽ ഒന്നിന് പുറകെ മറ്റൊന്നായി കാണപ്പെട്ടു തുടങ്ങി . അതിനെ തുടർന്നാണ് മഹർഷിമാർ ദ്വാരകയിലെത്തിയതും , അവർ കൃഷ്‌ണപുത്രനായ സാംബനെയും മറ്റുള്ള യാദവരെയും ശപിക്കുന്നതും . ഇതിനൊക്കെ മുൻപ് തന്നെ ഗാന്ധാരീ ദേവി കൃഷ്ണനെ ശപിച്ചിട്ടുണ്ടായിരുന്നു . എന്നാൽ അപ്പോഴും ഭഗവാൻ കൃഷ്ണൻ അത് തന്റെ തന്നെ നിശ്ചയമാണെന്നാണ് ഗാന്ധാരിയെ അറിയിച്ചത് . ഇതിൽ നിന്നും യദുവംശം നശിച്ചത് ഭഗവാന്റെ തന്നെ തീരുമാനമായിരുന്നുവെന്നും അതിൽ ഗാന്ധാരിയുടെ ശാപത്തിനോ , മുനിശാപത്തിനോ യാതൊരു കയ്യുമില്ലെന്നും നമുക്ക് കാണാം . തുടർന്നുള്ള വിഷ്ണു പുരാണം അംശം 5 അദ്ധ്യായം 38 ലായി വ്യസമുനി അർജ്ജുനനോട് പറയുന്നത് ഇങ്ങനെയാണ് .

"അർജ്ജുനാ , ഭഗവാൻ കൃഷ്ണൻ സ്വയം കാലസ്വരൂപനാകുന്നു . അദ്ദേഹം ഭൂഭാരം തീർക്കുവാനായി മാത്രം അവതരിച്ചതായിരുന്നു . അദ്ദേഹം ഭൂമീദേവിയുടെയും ദേവന്മാരുടെയും അപേക്ഷ പ്രകാരം ഭൂമിയിൽ അവതാരമെടുത്തു . അസംഖ്യങ്ങളായ ദുഷ്ടരാജാക്കന്മാരെയും മറ്റും വധിച്ചു തന്റെ അവതാരകൃത്യം നേടി . അതിനു ശേഷം വൃഷ്ണി - അന്ധക കുലങ്ങളേയും ഉപസംഹരിച്ചു . ശേഷം തന്റെ ഇച്ഛയാൽ ഭൂലോകം വെടിഞ്ഞു വൈകുണ്ഠം പ്രാപിച്ചു . അതിനാൽ നീ ദുഃഖിക്കരുത് . "

ഇത്തരത്തിൽ സ്വയം കാലസ്വരൂപനായ ഈശ്വരൻ കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ചു അവതാരമെടുക്കുന്നു . ഉദ്ദേശം സാധിച്ചു കഴിഞ്ഞാൽ ലീലയെ ഉപസംഹരിക്കുന്നു .

ഉപനിഷത്തുക്കൾ

കൃഷ്ണനെ സംബന്ധിക്കുന്ന ഉപനിഷത്തുക്കളിൽ പ്രധാനമായവ കൃഷ്ണോപനിഷത്ത് , ഗോപാലപൂർവ്വതാപിന്യൂപനിഷത്ത് എന്നവയാണ് . 108 ഉപനിഷത്തുക്കളിൽ വച്ച് വലിപ്പം കുറഞ്ഞ രണ്ടു ഉപനിഷത്തുക്കളാണ് ഇവയെങ്കിലും ഇവയുൾക്കൊള്ളുന്ന സാരാംശം വളരെ വലുതാണ് . ഗോപാലപൂർവ്വതാപിന്യൂപനിഷത്തിൽ ബ്രഹ്‌മാവ്‌ കൃഷ്ണനെക്കുറിച്ചു മുനിമാരോട് വർണ്ണിക്കുന്നത് ഇങ്ങനെയാണ് .

ശ്രീകൃഷ്ണോ വൈ പരമം ദൈവതം ഗോവിന്ദാൻ മൃത്യുർ ബിഭേതി

ഗോപീജനവല്ലഭജ്ഞാനേന തജ്‌ജാതം ഭവതി സ്വാഹേദം സംസരതീതി

തദു ഹോചു കഃ കൃഷ്ണോ ഗോവിന്ദശ്ച കോ(അ)സാവിതി ഗോപീജനവല്ലഭ കഃ കാ സ്വാഹേതി

തനുവാച ബ്രാഹ്മണഃ പാപകർഷണോ ഗോഭൂമി വേദ വിദിതോ വേദിതാ ഗോപീജന വിദ്യാകലാ പ്രേരകഃ

തന്മായാ ചേതി സകലം പരം ബ്രഹ്മൈ തദ്‌ യോ ധ്യായതി

രസതി ഭജതി സോ(അ )മൃതോ ഭവതി സോ(അ )മൃതോ ഭവേതീതി [ഗോപാലപൂർവ്വതാപിന്യൂപനിഷത്ത് പദ്യം 2]

(ഭാഷാ അർത്ഥം)

(ബ്രഹ്‌മാവ്‌ മുനിമാരോട് പറയുന്നതാണ് സന്ദർഭം). ശ്രീകൃഷ്ണനാണ് പരമനായ ഈശ്വരൻ . ഇദ്ദേഹത്തിന് ഗോവിന്ദനെന്നും പേരുണ്ട് . ഗോവ് , വേദം , ഭൂമി , വേദവാണി എന്നിവയുടെ ജ്ഞാനവും ഇദ്ദേഹമാണ് . ഇദ്ദേഹത്തെ മരണം പോലും ഭയക്കുന്നു . ഗോപീജനവല്ലഭനായ ഇദ്ദേഹം അവിദ്യയെ ഇല്ലാതാക്കുന്നു . സകല ജ്ഞാനവും , വിദ്യയാകുന്ന അമൃത് നൽകുന്നവനും ഇദ്ദേഹമത്രേ . ഈ ദിവ്യപുരുഷന്റെ മായാശക്തിയെ സ്വാഹാ എന്ന് പറയുന്നു . ഇതൊക്കെയും പരമേശ്വരനായ ഇദ്ദേഹത്തിന്റെ രൂപങ്ങൾ തന്നെയാണ് . ശ്രീകൃഷ്ണൻ എന്ന നാമത്തിൽ വിഖ്യാതനായിരിക്കുന്നത് പരബ്രഹ്മം തന്നെയാണ് . പാപനാശകനാണ് ഇദ്ദേഹം . ആരാണോ ഇദ്ദേഹത്തെ ധ്യാനിക്കുന്നത് , ആരാണോ ഇദ്ദേഹത്തിന്റെ നാമങ്ങൾ ജപിക്കുന്നത് , ആരാണോ ഇദ്ദേഹത്തെ ഭജിക്കുന്നത് , ആരാണോ ഇദ്ദേഹത്തെ സ്തുതിക്കുന്നത് , അവർ തീർച്ചയായും മരണമില്ലായ്മയെ പ്രാപിക്കും (സോ(അ )മൃതോ ഭവേതീതി) .

കൃഷ്ണോപനിഷത്തിൽ കൃഷ്ണനെ വിഷ്ണുവിന്റെ അംശമായും , സാക്ഷാൽ ശ്രീരാമദേവന്റെ പുനരവതാരമായും വർണ്ണിച്ചിരിക്കുന്നു .

ആരാധന

വൈഷ്ണവം

വിശ്വരൂപദർശ്ശനം

ശ്രീകൃഷ്ണനെ പരമാത്മാവായ മഹാവിഷ്ണുവിന്റെ അവതാരമായി കണ്ടുകൊണ്ട് വൈഷ്ണവർ ആരാധിക്കാറുണ്ട്. കൃഷ്ണൻ മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമാണ്.[25] എന്നിരുന്നാലും മഹാവിഷ്ണുവും കൃഷ്ണനും തമ്മിലുള്ള ബന്ധത്തിന്റെ വ്യക്തമായ വ്യാഖ്യാനം ഇതുവരെ ലഭിച്ചിട്ടില്ല.[26] ചിലയിടങ്ങളിൽ സാക്ഷാൽ മഹാവിഷ്ണുവിന്റെ വലതു ഭാഗത്തായി കുടികൊള്ളുന്ന സ്വതന്ത്രസ്വഭാവമുള്ള ദൈവമായും കൃഷ്ണനെ കണക്കാക്കാറുണ്ട്. [27] വൈഷ്ണവമതം പ്രധാനമായും ശ്രീകൃഷ്ണന്റേയും മഹാവിഷ്ണുവിന്റേയും പരമോന്നതയെ അടിസ്ഥാനപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

മിക്ക വൈഷ്ണവഭേദങ്ങളും കൃഷ്ണനെ മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുകയാണെങ്കിലും ഗൗഡീയ വൈഷ്ണവം[28][29] ,വല്ലഭ സമ്പ്രദായം, നിമ്പാർക്ക സമ്പ്രദായം എന്നീ ഗണത്തിൽപ്പെട്ടവർ കൃഷ്ണനെ ഒരു സ്വതന്ത്ര ദൈവഭാവത്തിൽ അഥവാ സ്വയംഭഗവാനായാണ് കണക്കാക്കുന്നത്.[30][31][32][33][34] സ്വാമിനാരായണ സമ്പ്രദായത്തിന്റെ സ്ഥാപകനായ സ്വാമിനാരായണൻ സ്വതന്ത്രരൂപത്തിലാണ് ആരാധിക്കുന്നത്. വൈഷ്ണവമതത്തിലെ പ്രമുഖ ശാഖയായ മഹാകൃഷ്ണവം വേദകാലത്തിലെ വസുദേവർ, ഗോപാലർ, കൃഷ്ണസങ്കല്പം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.[35]

പഴയ ആചാരരീതികൾ

കൃഷ്ണ-വാസുദേവ (kṛṣṇa vāsudeva വസുദേവരുടെ പുത്രനായ കൃഷ്ണൻ) എന്നത് വൈഷ്ണവമതത്തിലേയും കൃഷ്ണസങ്കല്പത്തിലേയും പ്രാചീനമായ ആരാധനാരീതിയാണ്.[36] കൃഷ്ണാരാധാരയിലെ വളരെ പൗരാണികമായ ഒരു രീതിയാണിതെന്ന് വിശ്വസിക്കുന്നു.[37]ഈ രീതി മറ്റ് ആരാധനാരീതികളേക്കാൾ പ്രാചീനമാണെന്നും ഇതുമൂലമാണ് പിന്നീട് വൈഷ്ണവമതത്തിന്റെ ഏകീകരണം നടന്നതെന്നും വിശ്വസിച്ചു പോരുന്നു. ഭാഗവതരീതിയും ബാല കൃഷ്ണ സമ്പ്രദായത്തോടൊപ്പം ഗോപാല സമ്പ്രദായം കൂടി ചേർന്നപ്പോൾ കൃഷ്ണാരാധന ഒരുമ നേടി ഇന്നത്തെ രീതിയിലേക്ക് വളർന്നു.[38][39] ഈ രീതിയ്ക്ക് പുറത്തുള്ള പലയിടത്തും ഭക്തരെ വാസുദേവകർ(Vāsudevaka) എന്ന പേരിൽ അറിയപ്പെടാറുണ്ട്.[40]വൈഷ്ണവത്തിൽ പിന്നീട് ചതുർ-അവതാരാഖ്യാനമായി മാറിയ കൃഷ്ണ-വാസുദേവൻ, പ്രദ്യുമ്നൻ, അനിരുദ്ധൻ എന്നിവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഹരിവംശത്തിൽ വിശദമാക്കുന്നുണ്ട്.[41]

പ്രാർത്ഥനാ ശ്ലോകങ്ങൾ

കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണതക്ലേശനാശായ
ഗോവിന്ദായ നമോ നമഃ[42]

ഭക്തിയോഗം

ഭക്തി എന്നത് ഏതെങ്കിലും ഒരു ദൈവവിശ്വാസവുമായി മാത്രം ബന്ധപ്പെട്ട് നിൽക്കുന്നതല്ല. എങ്കിലും ഹൈന്ദവവിശ്വാസത്തിൽ, പ്രത്യേകിച്ചും വൈഷ്ണവഭേദത്തിൽ ഭക്തിപ്രകാരവും നിർവൃതികാരകവുമായ ദൈവസങ്കല്പം കൃഷ്ണന്റേതാണ്.[43] കൃഷ്ണഭക്തർ പ്രപഞ്ചത്തിന്റെ ആധാരം തന്നെ കൃഷ്ണലീലയിൽ(lila-'divine play) അധിഷ്ടിതമാണെന്ന് വിശ്വസിക്കുന്നു.വൈഷ്ണവഭക്തിപ്രസ്ഥാനത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കൃതി ഭാഗവതമാണ് . ഭാഗവതം സാക്ഷാൽ കൃഷ്ണൻ തന്നെയാണെന്ന് വിശ്വസിക്കുന്നു . അതിനാൽ ഇതിനെയൊരു ദിവ്യഗ്രന്ഥമായി വൈഷ്ണവർ കരുതുന്നു . ഭാഗവതം പാരായണം ചെയ്യുന്നതും , കൃഷ്ണന്റെ ലീലകളെ കീർത്തിക്കുന്നതും മുക്തിപ്രദമാണെന്നു വൈഷ്ണവർ വിശ്വസിക്കുന്നു . ബംഗാളിലെ ഭക്തികവികൾ ഭഗവതത്തിന്റെ ചുവടുപിടിച്ചു ധാരാളം കീർത്തനങ്ങളും സ്തോത്രങ്ങളും രചിക്കുകയുണ്ടായി .കൃഷ്ണ ഭക്തന്മാരായ വൈഷ്ണവരെ പൊതുവിൽ ഭാഗവതന്മാർ എന്നും , ഭഗവൽ പാദർ എന്നും സംബോധന ചെയ്യുന്നു . 5 ,6 ശതകങ്ങളിൽ ബംഗാളിൽ ഭക്തിപ്രസ്ഥാനം വളരെയേറെ പോഷിക്കപ്പെട്ടു . ചൈതന്യ മഹാപ്രഭു , ശ്രീരാമകൃഷ്ണ പരമഹംസർ , മീരാദേവി തുടങ്ങിയവർ ഭക്തിപ്രസ്ഥാനത്തിനു നൽകിയ സംഭാവനകൾ വിശിഷ്ടങ്ങളാണ് .

കൃഷ്ണാരാധനാ സമ്പ്രദായത്തിലെ മൂർത്തികൾ

കൃഷ്ണാരാധനാ സമ്പ്രദായത്തിലെ പ്രധാന മൂർത്തി ജനാർദ്ദനനാകുന്നു .ഗുരുവായൂരിലെ മൂർത്തിയും ഇതാണ് . ഇതുകൂടാതെ ബലരാമമൂർത്തി , മഹാസുദര്ശനമൂർത്തി, രാധാമാധവമൂർത്തി , രാമകൃഷ്ണമൂർത്തി , രുക്മിണീഗോപാലമൂർത്തി , വിനായകഗോപാലമൂർത്തി , പാർത്ഥസാരഥി , നർത്തനഗോപാലൻ , കാളിയമർദ്ദനമൂർത്തി എന്നിവയുമുണ്ട് . കൃഷ്ണാരാധനാസമ്പ്രദായത്തിലെ 196 മൂർത്തികൾ കൃഷ്ണന്റെ ഓരോ ലീലകളാണ് . ഇത്തരത്തിൽ 196 ഗോപാലമന്ത്രങ്ങളുമുണ്ട് . രാജാ രവിവർമ്മയുടെ ചിത്രങ്ങളിൽ കുറെയേറെ തന്മയത്വമാർന്ന മൂർത്തീഭേദങ്ങളെ കാണുവാൻ സാധിക്കും . ഇതുകൂടാതെ ചതുരക്ഷരീ ഗോപാലം , അഷ്ടാക്ഷരീ ഗോപാലം , ദശാക്ഷരീ ഗോപാലം , അഷ്ടാദശാക്ഷരീ ഗോപാലം , വിംശത്യക്ഷര ഗോപാലം , രാജഗോപാലം , സമ്മോഹന ഗോപാലം തുടങ്ങിയ പ്രധാന മന്ത്രങ്ങളാൽ ഗോപാലമൂർത്തികളെ പൂജിക്കുന്നു . മഹാസുദര്ശനമൂർത്തി വിഷ്ണുവിന്റെ പൂർണ്ണരൂപമാണ് . ഇതിൽ പ്രധാനമായ മന്ത്രം മഹാസുദര്ശന മന്ത്രമാണ് . സുദർശനമൂർത്തികൾ തന്നെ 12 എണ്ണമുണ്ട് .

സ്വാധീനം

കലാരൂപങ്ങളിൽ

ഒരു കഥകളി നടൻ കൃഷ്ണരൂപത്തിൽ

ഇന്ത്യൻ രംഗകലകളെപ്പറ്റിപ്പറയുമ്പോൾ ഹോറിറ്റ്സ് (Horwitz) പതഞ്ജലിയുടെ മഹാഭാഷ്യത്തെക്കുറിച്ചും(Mahabhashya - ക്രി.മു 150)അതിൽ പറഞ്ഞിരിക്കുന്ന കംസവധത്തെക്കുറിച്ചും ബാലിബന്ധത്തെക്കുറിച്ചും പരാമർശിച്ചുകാണുന്നു. [44] ഭാസന്റെ ബാലചരിത്രവും ദൂതവാക്യവും (ക്രി. മു 400 ) മാത്രമാണ് കൃഷ്ണകഥയെ അടിസ്ഥാനപ്പെടുത്തി രചിച്ച പ്രമുഖ സംസ്കൃത നാടകങ്ങൾ. ആദ്യത്തേത് കൃഷ്ണന്റെ കുട്ടിക്കാലത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ രണ്ടാമത്തേത് മഹാഭാരതയുദ്ധത്തെ അടിസ്ഥാനപ്പെടുത്തിയ ഏകാംഗനാടകമാണ്.[45]

യക്ഷഗാനത്തിലെ കൃഷ്ണവേഷം

ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയോടു കൂടി പത്താം നൂറ്റാണ്ടോടെ കൃഷ്ണകഥ വൻതോതിൽ കലാരൂപങ്ങളെ സ്വാധീനിക്കാൻ തുടങ്ങി. ഗീതഗോവിന്ദം ഭാരതം മുഴുവൻ പ്രശസ്തി ആർജ്ജിച്ചു. ഇതിന് ധാരാളം അനുകരണങ്ങളും ഉണ്ടാകാൻ തുടങ്ങി. ഭക്തി കവികൾ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ നാടോടി-ശാസ്ത്രീയ സംഗീത മേഖലകളിൽ നിരവധി പിറന്നു.

ഭാരതീയ ശാസ്ത്രീയ കലാരൂപങ്ങളായ ഒഡീസിയും മണിപ്പൂരിയും കൃഷ്ണകഥയെ അടിസ്ഥാനപ്പെടുത്തി നൃത്തങ്ങൾ രൂപവൽകരിച്ചു വൃന്ദാവനത്തിൽ അവതരിപ്പിച്ചിരുന്ന രാസലീല നൃത്തരൂപം കഥക്, കൃഷ്ണനാട്ടം എന്നിവയുമായി ആശയങ്ങൾ പങ്കിട്ടു. കഥകളിയുടെ മുൻഗാമിയായ കൃഷ്ണനാട്ടം ഗുരുവായൂർ ക്ഷേത്രത്തിലാണ് അവതരിപ്പിച്ച് വന്നത്.[46] മധ്യകാല മഹാരാഷ്ട്രയിൽ രൂപപ്പെട്ടുവന്ന ഹരികഥ എന്ന കലാരൂപത്തിൽ കൃഷ്ണകഥ നൃത്തം, സംഗീതം എന്നിവയുടെ സഹായത്തോടെ വിശദീകരിക്കുകയായിരുന്നു. ഇത് തമിഴ്‌നാട്, കേരളം മുതലായ തെക്കൻ സംസ്ഥാനത്തേക്ക് വ്യാപിച്ചു. ഈ കലാരൂപത്തിൽ നിന്നാണ് കഥാപ്രസംഗം വികസിച്ചുവന്നത്. കർണ്ണാടകയുടെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന യക്ഷഗാനം എന്ന കലാരൂപം പുരാണത്തിലെ കൃഷ്ണകഥയെ അവലംബിച്ചാണ് രൂപപ്പെട്ടത്. പല ഇന്ത്യൻ ഭാഷകളിലേയും ചലച്ചിത്രങ്ങളെ കൃഷ്ണകഥ സ്വാധീനിച്ചിട്ടുണ്ട്.

ചിത്രശാല


ശ്രീ കൃഷ്ണന്റെ പുത്രന്മാരും പുത്രിമാരും

അവലംബം


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

"https:https://www.search.com.vn/wiki/index.php?lang=ml&q=കൃഷ്ണൻ&oldid=4017068" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്