മത സ്വാതന്ത്ര്യം

മതസ്വാതന്ത്ര്യം എന്നത് ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ മത സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന ഒരു തത്വമാണ്. പൊതുവായി അല്ലെങ്കിൽ സ്വകാര്യമായി, ഇഷ്ടപ്പെട്ട മതം വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനും അത് പഠിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം, ആരാധനയ്ക്കുള്ള അവകാശം, മതസ്ഥാപനങ്ങൾ ഉണ്ടാക്കാനും സ്ഥാവര -ജoഗമ സ്വത്തുക്കൾ ആർജിക്കാനുമുള്ള അവകാശം, എന്നിവക്കൊപ്പം ഒരാളുടെ മതമോ വിശ്വാസങ്ങളോ മാറ്റാനോ ഉപേക്ഷിക്കാനോ ഉള്ള അവകാശം, ഏതെങ്കിലും മതമോ വിശ്വാസമോ പ്രകടിപ്പിക്കാതിരിക്കാനുള്ള അവകാശം എന്നിവയെല്ലാം മത സ്വാതന്ത്ര്യത്തിൽ ഉൾപ്പെടുന്നു.[1][2][3] മതസ്വാതന്ത്ര്യത്തെ പല ആളുകളും മിക്ക രാജ്യങ്ങളും ഒരു മൗലിക മനുഷ്യാവകാശം ആയി കണക്കാക്കുന്നു.[4][5]

ഔദ്യോഗിക മതമുള്ള ഒരു രാജ്യത്ത്, മതസ്വാതന്ത്ര്യം എന്നതുകൊണ്ട് പൊതുവേ കണക്കാക്കുന്നത് ഔദ്യോഗിക മതത്തിന് പുറമെ മറ്റ് വിഭാഗങ്ങളുടെ മതപരമായ ആചാരങ്ങൾ സർക്കാർ അനുവദിക്കുന്നുവെന്നും മറ്റ് വിശ്വാസങ്ങളിൽ വിശ്വാസികളെ ഉപദ്രവിക്കുന്നില്ലെന്നും ആണ്. ഒരു വ്യക്തി, മതം അല്ലെങ്കിൽ സംഘത്തിന് അവർക്കിഷ്ടമുള്ളതിൽ വിശ്വസിക്കാനുള്ള അവകാശമാണ് വിശാസത്തിനുള്ള സ്വാതന്ത്ര്യം, എന്നാൽ മത സ്വാതന്ത്ര്യത്തിന്റെ പ്രധാന അവകാശമായ മതമോ വിശ്വാസമോ പുറമെ പരസ്യമായി നടപ്പാക്കാനുള്ള അവകാശത്തെ അത് അനുവദിക്കുന്നില്ല എന്നതിനാൽ വിശ്വാസ സ്വാതന്ത്ര്യം മത സ്വാതന്ത്ര്യത്തിൽ നിന്നും വ്യത്യസ്തമാണ്.[6]

1993 ൽ യുഎന്നിന്റെ മനുഷ്യാവകാശ സമിതി സിവിൽ, രാഷ്ട്രീയ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെ ആർട്ടിക്കിൾ 18 ൽ "ദൈവശാസ്ത്രപരവും ദൈവശാസ്ത്രപരമല്ലാത്തതും നിരീശ്വരവാദപരവുമായ വിശ്വാസങ്ങളെയും ഒപ്പം ഒരു മതത്തിലും വിശ്വാസിക്കാതിരിക്കാനുള്ള അവകാശത്തെയും സംരക്ഷിക്കുന്നു" എന്ന് പ്രഖ്യാപിച്ചു. "ഒരു മതം അല്ലെങ്കിൽ വിശ്വാസം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം" എന്നത് ഒരു മതം അല്ലെങ്കിൽ വിശ്വാസം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തോടൊപ്പം ഒരാളുടെ നിലവിലെ മതം അല്ലെങ്കിൽ വിശ്വാസത്തെ മറ്റൊന്നിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള അവകാശവും നിരീശ്വരവാദ വീക്ഷണങ്ങൾ സ്വീകരിക്കുവാനുള്ള അവകാശവും ഉൾപ്പെടുന്നുവെന്ന് വ്യക്തമാക്കി.[7] കൺവെൻഷനിൽ ഒപ്പിട്ടവരെ "വിശ്വാസികളെയോ വിശ്വാസികളല്ലാത്തവരെയോ അവരുടെ വിശ്വാസങ്ങൾ പിൻവലിക്കാനോ പരിവർത്തനം ചെയ്യാനോ നിർബന്ധിതരാക്കാൻ ശാരീരിക ബലപ്രയോഗമോ ശിക്ഷാനടപടികളോ ഉപയോഗിക്കുന്നതിൽ നിന്ന്" വിലക്കിയിരിക്കുന്നു. ഇതൊക്കെയാണെങ്കിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും ന്യൂനപക്ഷ മതങ്ങൾ ഇപ്പോഴും പീഡിപ്പിക്കപ്പെടുന്നു.[8][9]

മതസ്വാതന്ത്ര്യം ഇന്ത്യയിൽ

ജന്മനാട്ടിലെ പീഡനങ്ങൾ മൂലം പലായനം ചെയ്ത ജൂതന്മാർ 2,500 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയിരുന്നു എങ്കിലും അവർ ഒരിക്കലും യഹൂദവിരുദ്ധതയെ അഭിമുഖീകരിച്ചിട്ടില്ല.[10] ബിസി മൂന്നാം നൂറ്റാണ്ടിൽ അശോക ചക്രവർത്തിയുടെ ഭരണകാലത്ത് മതസ്വാതന്ത്ര്യങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഏതൊരു മതവും ആചരിക്കാനും പ്രസംഗിക്കാനും പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം ആധുനിക ഇന്ത്യയിലെ ഭരണഘടനാപരമായ അവകാശമാണ്. പ്രധാന മതവിഭാഗങ്ങളുടെ പ്രധാന ഉത്സവങ്ങൾ ഇന്ത്യയിലെ ദേശീയ അവധിദിനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ 80% ഹിന്ദുക്കൾ ഉള്ള രാജ്യമാണെങ്കിലും, ഇപ്പോഴും ഔദ്യോഗിക മതം ഇല്ലാത്ത മതേതര രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ പ്രധാന മതമായ ഹിന്ദുമതം വളരെ സഹിഷ്ണുത പുലർത്തുന്ന മതമാണെന്ന് പല പണ്ഡിതന്മാരും ബുദ്ധിജീവികളും വിശ്വസിക്കുന്നു.[11] സെന്റർ ഫോർ സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റികളുടെ സ്ഥാപകൻ രജനി കോത്താരി “[ഇന്ത്യ] അടിസ്ഥാനപരമായി മതേതര നാഗരികതയുടെ അടിത്തറയിൽ നിർമ്മിച്ച രാജ്യമാണ്” എന്ന് എഴുതിയിട്ടുണ്ട്.[12]

മതപരമായ സഹിഷ്ണുത ആയിരക്കണക്കിന് വർഷങ്ങളായി ഈ രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്ന് പ്രവാസിയായ ടിബറ്റൻ നേതാവ് ദലൈലാമ പറഞ്ഞു. "പ്രാദേശിക മതങ്ങളായ ഹിന്ദുമതം, ജൈനമതം, ബുദ്ധമതം, സിഖ് മതം എന്നിവ മാത്രമല്ല, ക്രിസ്തുമതവും ഇസ്ലാം മതവും ഇവിടെ അഭിവൃദ്ധി പ്രാപിച്ചു. മതപരമായ സഹിഷ്ണുത ഇന്ത്യൻ പാരമ്പര്യത്തിൽ അന്തർലീനമാണ്," ദലൈലാമ പറഞ്ഞു.[13]

ആധുനിക ഇന്ത്യയിൽ മതസ്വാതന്ത്ര്യം എന്നത് രാജ്യത്തിന്റെ ഭരണഘടനയുടെ മൂന്നാം ഭാഗം 25ആം അനുഛേദം പ്രകാരം ഓരോ പൗരൻ്റെയും മൗലികാവകാശമായി അംഗീകരിച്ച ഒന്നാണ്.[14] അതനുസരിച്ച്, ഇന്ത്യയിലെ ഓരോ പൗരനും തങ്ങളുടെ മതങ്ങളിൽ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്.[15] മത പരിപാലത്തിനും പ്രോത്സാഹിപ്പിക്കുന്നതിനും വിനിയോഗിക്കുന്ന പണം നികുതിയിൽ നിന്നും ഒഴിവാക്കുന്നു. മതേതര രാജ്യമായ ഇന്ത്യയയിൽ ഗവണ്മെന്റിന്റെ ഉടമസ്ഥതയിലും ഉത്തരവാദിത്തത്തിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതബോധനം പാടില്ല.

ലാറ്റിൻ, സിറോ-മലബാർ, സിറോ-മലങ്കര അടങ്ങുന്ന കത്തോലിക്കാ സഭ, തിരഞ്ഞെടുപ്പ് വേളയിൽ വിശ്വസ്തർക്ക് വോട്ട് നൽകുന്നതിന് വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നു. വോട്ടെടുപ്പിന് തലേന്ന് കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെസിബിസി) പുറത്തിറക്കിയ ഇടയലേഖനം നിരീശ്വരവാദികളെ ഒഴിവാക്കാൻ വിശ്വാസികളോട് അഭ്യർത്ഥിച്ചു.[16] എന്നാൽ, 2010 സെപ്റ്റംബറിൽ കേരളത്തിലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ " അവിശ്വാസികളെ പരാജയപ്പെടുത്താനും മറ്റുമായി ഒരു പ്രത്യേക സമുദായത്തിലെ അംഗങ്ങൾക്ക് വോട്ടുചെയ്യാൻ ആഹ്വാനം ചെയ്യാൻ മത മേധാവികൾക്ക് അവകാശമില്ല" എന്ന് പ്രഖ്യാപിച്ചു.[16]

എന്നാൽ സമകാലീന സാഹചര്യങ്ങളിൽ ഇന്ത്യയിൽ മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും സ്വതന്ത്രമാധ്യമ പ്രവർത്തനങ്ങളുമെല്ലാം നിഷേധിക്കപ്പെടുന്നതായി അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. ഈ വിഷയത്തിൽ ഒരു അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ (യുഎസ് സിഐആർഎഫ്) റിപ്പോർട്ട് പുറത്തു വന്നിരുന്നു.[17][18] റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള അംബാസഡർ സാമുവൽ ബ്രൗൺ ബാക്ക് ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.[19]

ആധുനിക കാല ആശങ്കകൾ

യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം 2011 വാർഷിക റിപ്പോർട്ട് പതിനാല് രാജ്യങ്ങളെ "പ്രത്യേക പരിഗണനയുള്ള രാജ്യങ്ങൾ" എന്ന് നാമകരണം ചെയ്തു. ലോകത്തിലെ ഏറ്റവും മോശമായ മതസ്വാതന്ത്ര്യ ലംഘകരും മനുഷ്യാവകാശ ധ്വംസകരും ആയി പെരുമാറുന്ന രാജ്യങ്ങളാണിവയെന്ന് കമ്മീഷൻ ചെയർമാൻ അഭിപ്രായപ്പെട്ടു. ബർമ, ചൈന, ഈജിപ്ത്, എറിത്രിയ, ഇറാൻ, ഇറാഖ്, നൈജീരിയ, ഉത്തര കൊറിയ, പാകിസ്ഥാൻ, സൗദി അറേബ്യ, സുഡാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം എന്നിവയാണ് ആ പതിനാല് രാജ്യങ്ങൾ. അഫ്ഗാനിസ്ഥാൻ, ബെലാറസ്, ക്യൂബ, ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ്, റഷ്യ, സൊമാലിയ, താജിക്കിസ്ഥാൻ, തുർക്കി, വെനിസ്വേല എന്നിവയാണ് കമ്മീഷന്റെ നിരീക്ഷണ പട്ടികയിലുള്ള മറ്റ് രാജ്യങ്ങൾ.[20]

ചില യൂറോപ്യൻ രാജ്യങ്ങളിൽ ഹിജാബ്, കിപ്പ, ക്രിസ്ത്യൻ ക്രോസ് എന്നിവയുൾപ്പെടെയുള്ള മതവസ്ത്രങ്ങൾ നിരോധിക്കുന്നതിനെക്കുറിച്ചും ആശങ്കകളുണ്ട്.[21][22] ഒരാളുടെ മതം അല്ലെങ്കിൽ വിശ്വാസങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങളെ യുഎൻ സിവിൽ, രാഷ്ട്രീയ അവകാശങ്ങൾ സംബന്ധിച്ച ആർട്ടിക്കിൾ 18 പരിമിതപ്പെടുത്തുന്നു. [23]

സാമൂഹിക ശത്രുതയും സർക്കാർ നിയന്ത്രണങ്ങളും

പ്യൂ റിസർച്ച് സെന്റർ 2009 നും 2015 നും ഇടയിൽ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ച് പഠനങ്ങൾ നടത്തി, ഐക്യരാഷ്ട്രസഭ, യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്, ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്നിവയുൾപ്പെടെ 16 സർക്കാർ, സർക്കാരിതര സംഘടനകളിൽ നിന്നുള്ള ആഗോള ഡാറ്റ സമാഹരിച്ച് ലോക ജനസംഖ്യയുടെ 99.5 ശതമാനത്തിലധികം ജനങ്ങളെ പ്രതിനിധീകരിക്കുന്ന തരത്തിലായിരുന്നു പഠനം.[24][25] 2009-ൽ ലോക ജനസംഖ്യയുടെ 70 ശതമാനവും മതസ്വാതന്ത്ര്യത്തിന് കനത്ത നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലാണ് താമസിച്ചിരുന്നത് എന്ന് പഠനം വെളിപ്പെടുത്തി.[24][25] അഭിപ്രായ സ്വാതന്ത്ര്യത്തിനും മതപരമായ ആവിഷ്‌കാരത്തിനുമുള്ള സർക്കാർ വിലക്കുകൾ, സ്വകാര്യ വ്യക്തികൾ, ഓർഗനൈസേഷനുകൾ, സാമൂഹിക ഗ്രൂപ്പുകൾ എന്നിവ ഏറ്റെടുക്കുന്ന സാമൂഹിക ശത്രുതകൾ എന്നിവയിൽ നിന്നുള്ള മതത്തിന്റെ നിയന്ത്രണങ്ങളെ ഇത് വെളിപ്പെടുത്തി. സാമുദായിക അക്രമത്തിന്റെയും മതവുമായി ബന്ധപ്പെട്ട ഭീകരതയുടെയും അടിസ്ഥാനത്തിലാണ് സാമൂഹിക ശത്രുതയെ തരംതിരിച്ചത്.

മിക്ക രാജ്യങ്ങളുടെയും ഭരണഘടനകളിലോ നിയമങ്ങളിലോ മതസ്വാതന്ത്ര്യത്തിന്റെ സംരക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, നാലിലൊന്ന് രാജ്യങ്ങളിൽ മാത്രമേ ഈ നിയമപരമായ അവകാശങ്ങളെ പ്രായോഗികമായി പൂർണ്ണമായി മാനിക്കുന്നതായി കണ്ടെത്തിയിട്ടുള്ളൂ. 75 രാജ്യങ്ങളിൽ മതപരിവർത്തനം നടത്താനുള്ള മതഗ്രൂപ്പുകളുടെ ശ്രമങ്ങൾ സർക്കാരുകൾ പരിമിതപ്പെടുത്തുന്നു, 178 രാജ്യങ്ങളിൽ മത ഗ്രൂപ്പുകൾ സർക്കാരിൽ രജിസ്റ്റർ ചെയ്യണം. 2013 ൽ, പ്യൂ 30% രാജ്യങ്ങളിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന നിയന്ത്രണങ്ങളുണ്ടെന്നും 61% രാജ്യങ്ങളിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന സാമൂഹിക ശത്രുതയുണ്ടെന്നും പറഞ്ഞു.[26]

വടക്കൻ, തെക്കൻ അമേരിക്കയിലെ രാജ്യങ്ങളിൽ മതത്തിന്മേൽ ഗവൺമെന്റ് ഏർപ്പെടുത്തിയ സാമൂഹിക നിയന്ത്രണങ്ങൾ ഏറ്റവും കുറവ് ഉള്ളത് എന്നും, മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ആണ് ഇത് ഏറ്റവും കൂടുതൽ ഉള്ളത് എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. മതത്തിന്മേൽ ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യങ്ങളാണ് സൗദി അറേബ്യയും ഇറാനും. സൗദി അറേബ്യ, ഇറാൻ, ഉസ്ബെക്കിസ്ഥാൻ, ചൈന, ഈജിപ്ത്, ബർമ, മാലിദ്വീപ്, എറിത്രിയ, മലേഷ്യ, ബ്രൂണൈ എന്നിവയാണ് പ്യൂവിൻ്റെ സർക്കാർ നിയന്ത്രണ സൂചികയിൽ മുന്നിലുള്ള രാജ്യങ്ങൾ.

പ്യൂ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള 25 രാജ്യങ്ങളിൽ ഇറാൻ, ഈജിപ്ത്, ഇന്തോനേഷ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ നിയന്ത്രണങ്ങൾ ഉള്ളത്. ബ്രസീൽ, ജപ്പാൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക, യുകെ, യുഎസ് എന്നിവയാണ് ഏറ്റവും താഴ്ന്ന നിയന്ത്രണങ്ങളുള്ള രാജ്യയങ്ങൾ.

വിയറ്റ്നാമും ചൈനയും മതത്തിന്മേൽ ഉയർന്ന “ഗവൺമെന്റ്” നിയന്ത്രണങ്ങളുള്ള രാജ്യങ്ങളാണ്, എന്നാൽ ഇവിങ്ങളിൽ “സാമൂഹിക” ശത്രുത മിതമായതോ താഴ്ന്നതോ ആയിരുന്നു. നൈജീരിയ, ബംഗ്ലാദേശ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ സാമൂഹ്യ ശത്രുത ഉയർന്നതാണെങ്കിലും ഈ രാജ്യങ്ങൾ സർക്കാർ നടപടികളുടെ കാര്യത്തിൽ മിതത്വം പാലിച്ചു.

പ്യൂ റിസർച്ച് സെന്ററിൻ്റെ 2012 ലെ ഒരു പഠനമനുസരിച്ച്, ലോകമെമ്പാടുമുള്ള മതത്തിന്റെ നിയന്ത്രണങ്ങൾ 2009 മധ്യത്തിനും 2010 മധ്യത്തിനും ഇടയിൽ വർദ്ധിച്ചു. മുമ്പ് നിയന്ത്രണങ്ങൾ കുറഞ്ഞ പ്രദേശങ്ങളായി കണക്കാക്കിയിരുന്ന അമേരിക്ക, ഉപ-സഹാറൻ ആഫ്രിക്ക എന്നിവയുൾപ്പെടെ, ലോകത്തെ അഞ്ച് പ്രധാന പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ വർദ്ധിച്ചു. 2010 ൽ ഈജിപ്ത്, നൈജീരിയ, പലസ്തീൻ പ്രദേശങ്ങൾ, റഷ്യ, യെമൻ എന്നീ രാജ്യങ്ങൾ സാമൂഹ്യ ശത്രുത "കൂടിയ" വിഭാഗത്തിലേക്ക് ചേർത്തു.[27] പാക്കിസ്ഥാൻ, ഇന്ത്യ, ശ്രീലങ്ക, ഇറാഖ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് സാമൂഹിക ശത്രുത ഏറ്റവും ഉയർന്ന അഞ്ച് രാജ്യങ്ങൾ.[28] 2013 ൽ സാമൂഹിക ശത്രുത കുറഞ്ഞുവെന്നും എന്നാൽ അതേ സമയം ജൂതന്മാർക്കെതിരെയുള്ള ഉപദ്രവങ്ങൾ വർദ്ധിച്ചുവെന്നും പ്യൂ 2015 ൽ പ്രസിദ്ധീകരിച്ചു.[26]

പലസ്തീൻ പ്രദേശങ്ങളിൽ, ഇസ്രായേൽ-പലസ്തീൻ സംഘർഷം കാരണം മതസ്വാതന്ത്ര്യം നടപ്പാക്കുന്നതിന് പലസ്തീനികൾക്ക് കടുത്ത നിയന്ത്രണങ്ങൾ നേരിടേണ്ടിവരുന്നു. ജനീവ ആസ്ഥാനമായുള്ള യൂറോ-മെഡിറ്ററേനിയൻ മനുഷ്യാവകാശ മോണിറ്റർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, യുവാക്കളും യുവതികളും അൽ-അക്സാ പള്ളിയിൽ പ്രാർത്ഥന നടത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിത നടപടികൾ നടക്കുന്നതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു. ജറുസലേമിൽ ഫലപ്രദമായ പങ്കുള്ള പലസ്തീനികൾക്കെതിരെ ഇസ്രായേൽ പ്രതിരോധ ആർമി കമാൻഡർ പുറപ്പെടുവിച്ച സൈനിക ഉത്തരവുകൾ, ചെറുപ്പക്കാരെ ചോദ്യം ചെയ്യൽ, അൽ-അക്സാ പള്ളിയിൽ പ്രവേശിക്കുന്നത് തടയുന്ന ആളുകളുടെ രഹസ്യ കരിമ്പട്ടിക സൃഷ്ടിക്കുന്നത് എന്നിവ ഈ നടപടികളിൽ ഉൾപ്പെടുന്നു.[29]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മത_സ്വാതന്ത്ര്യം&oldid=3550999" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്