ശുക്രൻ

സൗരയൂഥത്തിലെ സൂര്യനിൽ നിന്നുള്ള രണ്ടാമത്തെ ഗ്രഹം
ശുക്രൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശുക്രൻ (വിവക്ഷകൾ) എന്ന താൾ കാണുക.ശുക്രൻ (വിവക്ഷകൾ)

സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. 224.7 ഭൗമദിനങ്ങൾ കൊണ്ടാണ്‌ ഈ ഗ്രഹം സൂര്യനെ ഒരു തവണ പരിക്രമണം ചെയ്യുന്നത്. വലിപ്പം കൊണ്ട്‌ ആറാമത്തെ സ്ഥാനം. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത്‌ ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിർഗോളം ശുക്രനാണ്‌, ഇതിന്റെ ദൃശ്യകാന്തിമാനം -4.6 ന്‌ അടുത്തുവരെയാകാം. ഭൂമിയേക്കാൾ സൂര്യനോട് അടുത്ത ഗ്രഹമായതിനാൽ സൂര്യനിൽ നിന്ന് വളരെ അകന്ന് ഇത് കാണപ്പെടില്ല, അതിനാൽ തന്നെ ഇത് പ്രത്യക്ഷമാകുന്ന പരമാവധി കോണിയ അകലം 47.8° ആണ്‌. സൂര്യോദയത്തിന്‌ അല്പംമുൻപും സൂര്യാസ്തമയത്തിന്‌ അല്പംശേഷവും ആണ്‌ ശുക്രൻ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുക, ഇത് കാരണമായി ഇതിനെ പ്രഭാതനക്ഷത്രം എന്നും സന്ധ്യാനക്ഷത്രം എന്നും വിളിക്കുന്നു. റോമൻ സൗന്ദര്യ ദേവതയായ വീനസിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്‌.

ശുക്രൻ ♀
Venus in real color, a nearly uniform pale cream. The planet's disk is about three-quarters illuminated. Almost no variation or detail can be seen in the clouds.
ശുക്രൻ യഥാർത്ഥ നിറത്തിൽ
വിശേഷണങ്ങൾ
ഉച്ചാരണം/ˈviːnəs/
AdjectivesVenusian or (rarely) Cytherean, Venerean
ഭ്രമണപഥത്തിന്റെ സവിശേഷതകൾ
ഇപ്പോക്ക് J2000
അപസൗരത്തിലെ ദൂരം108,942,109 km
0.728 231 28 AU
ഉപസൗരത്തിലെ ദൂരം107,476,259 km
0.718 432 70 AU
സെമി-മേജർ അക്ഷം
108,208,930 km
0.723 332 AU
എക്സൻട്രിസിറ്റി0.006 8
പരിക്രമണകാലദൈർഘ്യം
224.700 69 day
0.615 197 0 yr
1.92 Venus solar day
സൈനോഡിക് പിരീഡ്
583.92 days[1]
Average പരിക്രമണവേഗം
35.02 km/s
ചെരിവ്3.394 71° to Ecliptic
3.86° to Sun’s equator
2.19° to Invariable plane[2]
76.670 69°
Argument of perihelion
54.852 29°
Known satellitesNone
ഭൗതിക സവിശേഷതകൾ
ശരാശരി ആരം
6,051.8 ± 1.0 km[3]
0.949 9 Earths
Flattening0[3]
4.60×108 km²
0.902 Earths
വ്യാപ്തം9.38×1011 km³
0.857 Earths
പിണ്ഡം4.868 5×1024 kg
0.815 Earths
ശരാശരി സാന്ദ്രത
5.204 g/cm³
പ്രതല ഗുരുത്വാകർഷണം
8.87 m/s2
0.904 g
നിഷ്ക്രമണ പ്രവേഗം
10.46 km/s
Sidereal rotation period
-243.018 5 day
Equatorial rotation velocity
6.52 km/h (1.81 m/s)
Axial tilt
177.3°[1]
North pole right ascension
18 h 11 min 2 s
272.76°[4]
North pole declination
67.16°
അൽബിഡോ0.65 (geometric) or 0.75 (bond)[1]
ഉപരിതല താപനിലminmeanmax
Kelvin735 K[1][6][7]
Celsius461.85 °C
up to -4.6[1] (crescent)
-3.8[5] (full)
കോണീയ വ്യാസം
9.7" – 66.0"[1]
അന്തരീക്ഷം
പ്രതലത്തിലെ മർദ്ദം
93 bar (9.3 MPa)
ഘടന (വ്യാപ്തമനുസരിച്ച്)~96.5% Carbon dioxide
~3.5% Nitrogen
0.015% Sulfur dioxide
0.007% Argon
0.002% Water vapor
0.001 7% Carbon monoxide
0.001 2% Helium
0.000 7% Neon
trace Carbonyl sulfide
trace Hydrogen chloride
trace Hydrogen fluoride

പാറഗ്രഹങ്ങളുടെ ഗണത്തിൽപ്പെടുത്തിയിരിക്കുന്ന ഇതിനെ ഭൂമിയുടെ "സഹോദര ഗ്രഹം" എന്നും വിളിക്കാറുണ്ട്, വലിപ്പം, ഗുരുത്വാകർഷണ ശക്തി, മൊത്തത്തിലുള്ള പദാർത്ഥ ഘടകങ്ങൾ എന്നിവയിലെ സാമ്യം കാരണമായാണ്‌ ഇത്. അതാര്യവും പ്രകാശത്തെ നന്നായി പ്രതിഫലിപ്പിക്കുന്നതുമായ സൾഫ്യൂരിക്ക് അമ്ലത്തിന്റെ മേഘങ്ങളാൽ പൊതിയപ്പെട്ടിരിക്കുകയാണ്‌ ശുക്രൻ. ഇതുകാരണം ബഹിരാകശത്തുനിന്നും ദൃശ്യപ്രകാശത്താൽ ഗ്രഹത്തിന്റെ ഉപരിതല വീക്ഷണം അസാധ്യമാണ്‌. ശുക്രനാണ്‌ മറ്റുള്ള എല്ലാ പാറഗ്രഹങ്ങളേക്കാളും കട്ടിയേറിയ അന്തരീക്ഷം ഉള്ളത്, അന്തരീക്ഷത്തിന്റെ ഭൂരിഭാഗവും കാർബൺ‌ഡൈഓക്സൈഡാണ്‌, ശിലകളിലും ഉപരിതല പദാർത്ഥങ്ങളിലും കാർബണിനെ ആഗിരണം ചെയ്യിക്കുന്നതിനാവശ്യമായ കാർബൺ ചക്രത്തിന്റെ അഭാവമുള്ളതിനാലും, കാർബണിനെ ജൈവപിണ്ഡങ്ങളിൽ ശേഖരിക്കുന്ന ജൈവപ്രവർത്തനങ്ങളുടെ സാന്നിധ്യമില്ലാത്തതിനാലുമാണ്‌ ഇത്. ഭൂമിയിലേതു പോലെ മുൻപ് ശുക്രനിലും സമുദ്രങ്ങളുണ്ടായിരുന്നതായി കരുതപ്പെടുന്നു,[8] താപനില വർദ്ധിച്ചതുകാരണമായി അവ ബാഷ്പീകരിക്കപ്പെട്ടതായിരിക്കാം, ഇത് പ്രതലത്തിൽ വരണ്ടതും പാറഫലകങ്ങളുള്ളതുമായ മരുമേഖലകളെ ഉപരിതലത്തിൽ സൃഷ്ടിക്കുകയും ചെയ്തതുമാകാം. ഗ്രഹീയ കാന്തികക്ഷേത്രം ഇല്ലാത്തതു കാരണമായി ജല തന്മാത്രകൾ വിഘടിക്കുകയും സൗരവാതങ്ങൾ ഹൈഡ്രജനെ ഗ്രഹാന്തര മേഖലയിലേക്ക് വഹിച്ചു കൊണ്ടുപോകുകയും ചെയ്തു.[9] ശുക്രനിലെ അന്തരീക്ഷമർദ്ദം ഭൂമിയുടേതിന്റെ 92 മടങ്ങാണ്‌.

ഇരുപതാം നൂറ്റാണ്ടിൽ വ്യക്തമായ അറിവ് ലഭിക്കുന്നതുവരെ ശുക്രന്റെ ഉപരിതലത്തെ കുറിച്ച് വളരെയധികം അഭ്യൂഹങ്ങൾ നിലവിലുണ്ടായിരുന്നു. മഗല്ലൻ സംരംഭം വഴി 1990-91 കാലത്താണ് ഉപരിതലത്തെ അവസാനമായി മാപനത്തിനു വിധേയമാക്കിയത്. വലിയ തോതിലുള്ള അഗ്നിപർവ്വത പ്രവർത്തനങ്ങളുടെ സാന്നിധ്യമുണ്ടെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്, അടുത്ത കാലത്ത് അഗ്നിപർവ്വത പ്രവർത്തനങ്ങൾ നടന്നതിന്റെ തെളിവാണ് അന്തരീക്ഷത്തിലുള്ള സൾഫറിന്റെ സാന്നിധ്യമെന്ന് കരുതപ്പെടുന്നു.[10][11] എന്നിരുന്നാലും ഇത്തരം പ്രവർത്തനങ്ങളിൽ ഉപരിതലത്തിലെ വിടവുകളിൽ നിന്നും പുറത്തേക്കൊഴുകുന്ന ലാവകളുടെ അസാന്നിധ്യം ഒരു പ്രഹേളികയായി അവശേഷിക്കുന്നു. ഉപരിതലത്തിൽ ഏതാനും ഉൽക്കാ ഗർത്തങ്ങൾ കാണപ്പെടുന്നു, ഇത് ഉപരിതലം താരതമ്യേന പ്രായം കുറഞ്ഞതാണെന്ന - ഏതാണ്ട് 50 കോടി വർഷം മാത്രം പ്രായം - സൂചന നൽകുന്നു.[12] ടെക്റ്റോണിക് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നതിനുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല, ഉപരിതലത്തിൽ ജലത്തിന്റെ അഭാവവും പുറപാളിയുടെ കട്ടിയും കാരണമായിരിക്കാം ഇത്. ഇതിനൊക്കെ പകരമായി ഗ്രഹത്തിന്റെ ആന്തരിക താപം നഷ്ടപ്പെടുത്തുന്നത് ചാക്രികമായി സംഭവിക്കുന്ന വലിയ തോതിലുള്ള ഉപരിതല പ്രവർത്തനങ്ങൾ വഴിയാണ്.[13]

നിരുക്തം

ശുക്ര- (ശുക്‌ല-, ശുക്ല-) എന്ന സംസ്കൃതധാതുവിന് 'വെളുത്ത-' എന്ന് അർഥം. ശുക്രനിറമുള്ള ഗ്രഹമായതിനാൽ ശുക്രൻ. ദ്രാവിഡത്തിൽ 'വെൺ' എന്ന ധാതു വെണ്മയെ അഥവാ വെളുപ്പിനെ സുചിപ്പിക്കുന്നു. വെളുത്തുതിളങ്ങുന്ന ഗ്രഹമായതിനാൽ ശുക്രനെ (venus-നെ) ദ്രാവിഡഭാഷകളിൽ 'വെള്ളി' എന്ന് വിളിക്കുന്നു.

ഭൗതിക സവിശേഷതകൾ

സൗരയൂഥത്തിലെ നാല് പാറഗ്രഹങ്ങളിൽ ഒന്നാണ്‌ ശുക്രൻ, അതായത് ശുക്രനും ഭൂമിയെപോലെ ഉറച്ച ശിലകളാൽ നിർമ്മിതമാണ്‌. വലിപ്പത്തിലും ആകെ പിണ്ഡത്തിലും ഇത് ഭൂമിയോട് സാമ്യമുള്ളതാണ്‌. അതിനാൽ തന്നെ ഭൂമിയുടെ “സഹോദരൻ” എന്ന് ഇതിനെ വിളിക്കാറുണ്ട്.[14] ശുക്രന്റെ വ്യാസം ഭൂമിയുടേതിൽ നിന്ന് 650 കി.മീറ്റർ മാത്രം കുറവാണ്‌, ഭാരം ഭൂമിയുടെ 81.5 ശതമാനവും. ഇങ്ങനെയൊക്കെയാണെങ്കിലും അന്തരീക്ഷത്തിലെ കാർബൺ‌ഡൈഓക്സൈഡിന്റെ ഉയർന്ന അളവ് കാരണമായി ഉപരിതലത്തിന്റെ അവസ്ഥ ഭൂമിയുടേതിൽ നിന്ന് വളരെ വിഭിന്നമാണ്. ശുക്രന്റെ അന്തരീക്ഷപിണ്ഡത്തിന്റെ 96.5 ശതമാനവും കാർബൺ‌ഡൈഓക്സൈഡിന്റെ പിണ്ഡമാണ്‌. ശേഷം വരുന്ന പ്രധാന ഘടകം 3.5% വരുന്ന നൈട്രജനാണ്‌.[15]

ആന്തരിക ഘടന

സീസ്മിക് വിവരങ്ങളുടേയോ മൊമെന്റ് ഓഫ് ഇനേർഷ്യയെപ്പറ്റിയോ അറിവില്ലാത്തതിനാൽ തന്നെ ആന്തരികഘടനയെ കുറിച്ചും ഭൗമരാസഘടനയെ കുറിച്ചും കുറച്ചുമാത്രമേ വിവരങ്ങൾ ലഭ്യമായുള്ളൂ.[16] വലിപ്പത്തിലും സാന്ദ്രതയിലും ഭൂമിയുമായുള്ള സാമ്യം കണക്കിലെടുത്ത് ആന്തരഘടന ഭൂമിയുടേതിന്‌ സമാനമായി കാമ്പ്, മാന്റിൽ, പുറംതോട് എന്നിങ്ങനെയുള്ള ഘടനയായിരിക്കും എന്ന് അനുമാനിക്കുന്നു. ഭൂമിയെപ്പോലെ ശുക്രന്റെ കാമ്പും കുറഞ്ഞത് ഭാഗികമായെങ്കിലും ദ്രാവകാവസ്ഥയിലായിരിക്കുമെന്നും കരുതപ്പെടുന്നു. ഭൂമിയേക്കാൽ അല്പം കുറഞ്ഞ വലിപ്പം കാരണം ഏറ്റവും അന്തർഭാഗങ്ങളിൽ മർദ്ദം ഭൂമിയിലുള്ളതിനേക്കാൾ കാര്യമായി കുറഞ്ഞതായിരിക്കും. രണ്ട് ഗ്രഹങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം ശുക്രനിൽ ടെക്റ്റോണിക്ക് പ്രവർത്തനങ്ങൾ ഇല്ല എന്നതാണ്‌, ഇത് ഉപരിതലത്തിന്റെ വരണ്ട സ്വഭാവം കാരണമായിരിക്കാം. ഇതിന്റെ ഫലമായി കുറഞ്ഞ താപനഷ്ടം മാത്രമേ ഗ്രഹത്തിൽ സംഭവിക്കുന്നുള്ളൂ, ഇത് ഗ്രഹത്തിന്റെ തണുക്കൽ നിരക്ക് കുറക്കുന്നു, ഇതിനെ ഗ്രഹത്തിന്റെ കാന്തികക്ഷേത്രത്തിന്റെ അഭാവത്തിനുള്ള വിശദീകരണമായി കരുതുകയും ചെയ്യുന്നു.[17]

ഭൂമിശാസ്ത്രം

ശുക്രനും ഭൂമിയും തമ്മിലുള്ള വലിപ്പത്തിലുള്ള താരതമ്യം

ശുക്രോപരിതലത്തിന്റെ 80 ശതമാനവും നിരപ്പായ അഗ്നിപർവ്വത സമതലങ്ങൾ നിറഞ്ഞതാണ്, ഇതിൽ 70 ശതമാനം ഭാഗത്തെ സമതലങ്ങളും മടക്കുകളും ഭ്രംശമേഖലകളും 10 ശതമാനം ഭാഗം ഒഴുക്കൻ സമതലങ്ങളും ഉള്ളവയാണ്.[18] ഉപരിതലത്തിന്റെ ബാക്കിയുള്ള ഭാഗം ഉയർന്ന ഭാഗങ്ങളായ രണ്ട് ‘ഭൂഖണ്ഡങ്ങൾ’ ആണ്, ഇതിൽ ഒന്ന് ഗ്രഹത്തിന്റെ ഉത്തരാർദ്ധഗോളത്തിലും മറ്റൊന്ന് മധ്യരേഖക്ക് തൊട്ട് തെക്കുവശവും സ്ഥിതി ചെയ്യുന്നു. ഉത്തരഭാഗത്തെ ഭൂഖണ്ഡത്തെ ഇഷ്തർ ടെറ എന്ന് വിളിക്കുന്നു, ഇതിന് ഏതാണ്ട് ആസ്ട്രേലിയയുടെ വലിപ്പം വരും, ബാബിലോണിയയിൽ സ്നേഹത്തിന്റെ ദേവതയായിരുന്നു ഇഷ്തർ. ശുക്രനിലെ ഉയരം കൂടിയ പർവ്വതമായ മാക്സ്‌വെൽ മോണ്ടെസ് ഇഷ്തർ ടെറയിലാണ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ അഗ്രഭാഗം ശുക്രനിലെ ശരാശരി നിരപ്പിൽ നിന്നും 11 കി.മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ദക്ഷിണ ഭാഗത്തെ ഭൂഖണ്ഡത്തെ ആഫ്രോഡിറ്റേ ടെറാ എന്ന് വിളിക്കുന്നു, പുരാതന ഗ്രീക്കിലെ സ്നേഹത്തിന്റെ ദേവതയായിരുന്നു ആഫ്രോഡിറ്റേ, രണ്ട് ഭൂഖണ്ഡങ്ങളിൽ വലുത് ഈ ഭൂഖണ്ഡമാണ്. ഏതാണ്ട് തെക്കേ അമേരിക്കയുടെ വലിപ്പം വരും ഇതിന്. വിണ്ടലുകളുടെ ഒരു ശൃംഖല തന്നെ ഈ ഭാഗത്തുണ്ട്.[19]

ശുക്രന്റെ ഭൂപടം, ഉയർന്ന് നിൽക്കുന്ന ‘ഭൂഖണ്ഡങ്ങൾ’ മഞ്ഞനിറത്തിൽ കാണാം: ഇഷ്ത്തർ ടെറ മുകളിലായും അഫ്രീഡിത്തെ ടെറ മധ്യരേഖയ്ക്ക് തൊട്ട് താഴെ അല്പം വലതുവശത്തായും കാണാം.

ഉൽക്കാ ഗർത്തങ്ങൾ, പർവ്വതങ്ങൾ, താഴ്‌വരകൾ എന്നിവ ഈ പാറഗ്രഹത്തിൽ കാണപ്പെടുന്നു, ഏതാനും സവിശേഷ ഘടനകളും ശുക്രന്റെ ഉപരിതലത്തിലുണ്ട്. അഗ്നിപർവ്വതഫലമായുണ്ടാകുന്ന മുകൾഭാഗം പരന്ന സവിശേഷ ഘടനകളായ ഫറകൾ, പാൻ‌കേക്കുകളെ ഓർമ്മിപ്പിക്കുന്ന ഇവയുടെ വിസ്താരം 20 കി.മീറ്റർ മുതൽ 50 കി.മീ. വരെയാണ്, ഉയരം 100 മുതൽ 1000 മീറ്റർ വരെ കാണപ്പെടുന്നു; ആരീയവും നക്ഷത്ര സമാനവുമായ ആകൃതിയിലുള്ള വിണ്ടലുകളായ നോവകൾ; ആരീയവും ഏകകേന്ദ്രമുള്ളതുമായതും ചിലന്തിവലകളെ ഓർമ്മിപ്പിക്കുന്നതുമായ അരാക്നോയിഡുകൾ; വിണ്ടലുകളുടെ ചുറ്റിലുള്ള ഭ്രംശനങ്ങൾ കാരണമായുള്ള വളയങ്ങളായ കൊറോണകൾ എന്നിവ ഇത്തരം ഉപരിതല സവിശേഷശതകളിൽപ്പെട്ടതാണ്. ഈ സവിശേഷതകളെല്ലാം തന്നെ അഗ്നിപർവ്വതപ്രവർത്തനങ്ങളുടെ ഫലമായുണ്ടായവയാണ്.[20]

ശുക്രോപരിതലത്തിലെ സവിശേഷതകളിൽ കൂടുതലെണ്ണത്തിനും ചരിത്രത്തിലേയും ഐതിഹ്യങ്ങളിലേയും സ്ത്രീകളുടെ പേരുകളാണ് നൽകിയിരിക്കുന്നത്.[21] ജെയിംസ് ക്ലെർക്ക് മാക്സ്‌വെല്ലിന്റെ സ്മരണാർത്ഥം പേര് നൽകപ്പെട്ട മാക്സ്‌വെൽ മോണ്ടെസ്, ഉന്നതതല മേഖലകളായ ആൽഫ റീഗിയോ, ബീറ്റ റീഗിയോ, ഓവ്ഡ റീഗിയോ എന്നിവയാണ് ഇതിൽ നിന്നും വ്യത്യസ്തമായിരിക്കുന്നവ. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന ഗ്രഹങ്ങളുടെ സവിശേഷതകൾക്കുള്ള നാമകരണരീതി നിശ്ചയിക്കുന്നതിനു മുൻപ് പേര് നൽകപ്പെട്ടവയാണ് അവസാനം വിവരിച്ച മൂന്ന് സവിശേഷ മേഖലകൾ.[22]

ശുക്രന്റെ ഉപരിതല സവിശേഷതകളുടെ രേഖാംശങ്ങളെല്ലാം അതിന്റെ പ്രധാന രേഖാംശത്തിന് അപേക്ഷികമായാണ് വിവരിക്കപ്പെടുന്നത്. ആൽഫാ റീഗിയോയുടെ തെക്കായി സ്ഥിതി ചെയ്യുന്ന ഈവ് എന്ന അണ്ഡാകാരമായ സവിശേഷ മേഖലയുടെ റഡാർ മാപ്പിൽ കാണപ്പെടുന്ന തെളിഞ്ഞ പൊട്ടായിരുന്നു മുൻപ് പ്രധാന രേഖാംശം കടന്നുപോകുന്നതായി കണക്കാക്കിയിരുന്നത്.[23] വെനീറ സംരംഭത്തിന്റെ പുർത്തീകരണത്തിനു ശേഷം പ്രധാന രേഖാംശം അരീയാഡ്നീ ഗർത്തത്തിന്റെ മധ്യത്തിലെ കൊടുമുടിയിലുടെ കടന്നുപോകുന്നതായി കണക്കാക്കുകയായിരുന്നു.[24][25]

ഉപരിതല ഭൂഗർഭശാസ്ത്രം

ശുക്രന്റെ ഒരു പൂർണ്ണ ചിത്രം

ശുക്രന്റെ ഉപരിതലത്തിന്റെ നല്ലൊരു ഭാഗത്തേയും അഗ്നിപർവ്വത പ്രവർത്തനങ്ങൾ സ്വാധീനിച്ചതായി മനസ്സിലാക്കുന്നു. ഭൂമിയിലുള്ളതിനേക്കാൾ പലമടങ്ങ് കൂടുതൽ അഗ്നിപർവ്വതങ്ങൾ ശുക്രനിലുണ്ട്, ഗ്രഹത്തിലുള്ള ഏതാണ്ട് 167 അഗ്നിപർവ്വതങ്ങൾക്കും 100 കിലോമീറ്ററിൽ കൂടുതൽ വിസ്താരമുണ്ട്. സമാന വലിപ്പത്തിൽ ഭൂമിയിലുള്ള ഒരേയൊരു അഗ്നിപർവ്വത മേഖല ഹവായിലെ ബിഗ് ഐലന്റിലുള്ളതാണ്.[20] ഇതൊക്കെ ശുക്രന്റെ ഉപരിതലം ഭൂമിയേക്കാൾ അഗ്നിപർവ്വത പ്രവർത്തനപരമായി കൂടുതൽ സജീവമാണ് എന്നതിനാലല്ല, മറിച്ച് അതിന്റെ പുറം തോടിന് കൂടുതൽ പഴക്കമുള്ളതിനാലാണ്. ഭൂമിയുടെ പുറതോടിലെ സമുദ്രങ്ങൾ സ്ഥിതിചെയ്യുന്ന ഭാഗങ്ങൾ അവ സ്ഥിതി ചെയ്യുന്ന ടെക്റ്റോണിക്ക് ഫലകങ്ങളുടെ തുടർച്ചയായി ആഴ്ന്നുപോകലിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്, ഇത്തരം ഫലകങ്ങളുടെ ശരാശരി പഴക്കം 10 കോടി വർഷമാണ്,[26] ഇതേസമയം ശുക്രന്റെ ഉപരിതലത്തിന് ഏതാണ്ട് 50 കോടി വർഷമാണ് പഴക്കം കണക്കാക്കിയിരിക്കുന്നത്.[20]

ശുക്രനിൽ നിലവിൽ അഗ്നിപർവ്വത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നതിന് പലവിധത്തിലുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. സോവിയേറ്റ് യൂണിയന്റെ വെനീറ പദ്ധതിയിൽപ്പെട്ട വെനീറ 11, വെനീറ 12 പേടകങ്ങൾ തുടർച്ചയായ മിന്നൽ പ്രവാഹങ്ങൾ കണ്ടെത്തിയിരുന്നു, കൂടാതെ വെനീറ 12 ഗ്രഹത്തിൽ ഇറങ്ങിയതിന് തൊട്ട് ശേഷം ശക്തമായ ഇടിമുഴക്കവും രേഖപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ വീനസ് എക്സ്പ്രെസ്സ് പേടകം ശുക്രന്റെ അന്തരീക്ഷത്തിന്റെ മുകൾ ഭാഗങ്ങളിൽ വലിയ അളവിൽ മിന്നലുകൾ ഉണ്ടാകുന്നതായി രേഖപ്പെടുത്തുകയുമുണ്ടായി.[27] ഭൂമിയിൽ ഇടിമിന്നലോടുകൂടിയ മഴയും കൊടുങ്കാറ്റും ഉണ്ടാകുന്നതുപോലെ ശുക്രനിൽ സംഭവിക്കാറില്ല. സൾഫ്യൂരിക്ക് അമ്ലത്തിന്റെ മഴ ഉണ്ടാകാറുണ്ടെങ്കിലും ഉപരിതലത്തിന് 25 കിലോമീറ്റർ മുകളിൽ വച്ചുതന്നെ അവ ബാഷ്പീകരിക്കപ്പെട്ടുപോകുന്നു. മിന്നലുകൾക്ക് കാരണമായി ചൂണ്ടികാട്ടാവുന്ന ഒന്ന് അഗ്നിപർവ്വതങ്ങളിൽ നിന്നും പുറത്തുവരുന്ന ചാരമാണ്. മറ്റൊരു സാധ്യത അന്തരീക്ഷത്തിൽ കാണപ്പെടുന്ന ഉയർന്ന അളവിലുള്ള സർൾഫർഡൈഓക്സൈഡാണ്, ഇതിന്റെ അളവിന്റെ പത്തിലൊരു ഭാഗം 1978 നും 1986 നും ഇടയിൽ കുറഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതു സൂചിപ്പിക്കുന്നത് അഗ്നിപർവ്വത പ്രവർത്തനങ്ങൾ നടന്നത് വഴി മുൻപ് ഉയർന്നതായിരിക്കാം അവയുടെ അളവ് എന്നാണ്.[28]

ശുക്രോപരിതലത്തിലെ ഉൽക്കാഗർത്തങ്ങൾ (റഡാറിൽ നിന്നുള്ള വിവരങ്ങളുപയോഗിച്ച് സൃഷ്ടിക്കപ്പെട്ടത്)

ആകെ ഏതാണ്ട് ആയിരത്തോളം ഉൽക്കാഗർത്തങ്ങൾ ശുക്രനിലുണ്ട് അവയെല്ലാം തന്നെ ഏതാണ്ട് ഉപരിതലത്തിൽ വ്യാപിച്ച് കിടകുകയാണ്. ഭൂമി, ചന്ദ്രൻ എന്നിവയിലേതു പോലെതന്നെ വ്യത്യസ്ത തലത്തിൽ പ്രകൃതിനാശം സംഭവിച്ച ഗർത്തങ്ങൾ ഇവിടേയും കാണപ്പെടുന്നു. ചന്ദ്രനിലെ ഗർത്തങ്ങൾക്ക് പ്രകൃതിനാശം സംഭവിക്കുന്നത് അവ രൂപപ്പെട്ടതിനു ശേഷം സംഭവിക്കുന്ന ഉൽക്കാപതനങ്ങൾ മൂലമാണെങ്കിൽ ഭൂമിയിൽ ഇത് മഴ കാറ്റ് തുടങ്ങിയവ വഴിയാണ്. എങ്കിലും ശുക്രനിലെ 85 ശതമാനത്തോളം ഗർത്തങ്ങൾക്കും വലിയ നാശം സംഭവിച്ചിട്ടില്ല. ഗ്രഹത്തിന്റെ ഉപരിതലം 50 കോടിവർഷങ്ങൾക്ക് മുൻപ് മാറ്റത്തിനു വിധേയമാകുകയും ശേഷം അഗ്നിപർവ്വത പ്രവർത്തനങ്ങളിൽ കുറവ് വരികയും ചെയ്തു എന്നാണ്‌ ഇത്ര അളവിൽ ഗർത്തങ്ങൾ വലിയ മാറ്റമൊന്നും കൂടാതെ നിലനിൽക്കുന്നു എന്ന കാര്യം സൂചിപ്പിക്കുന്നത്.[12][29] ഭൂമിയുടെ പുറംതോട് തുടർച്ചയായ ചലനങ്ങൾക്ക് വിധേയമാണ്, പക്ഷേ ഇത്തരത്തിൽ നീണ്ടു നിൽക്കുന്ന മാറ്റങ്ങൾ ശുക്രന് നിലനിർത്താനാവില്ല. മാന്റിലിലെ താപം പുറത്തുവിടാൻ സഹായിക്കുന്നത് ഫലകങ്ങളുടെ ടെക്റ്റോണിക്ക് പ്രവർത്തനങ്ങൾക്കു പകരം പുറംതോടിനെ ദുർബലമാക്കുവാൻ മാത്രമുള്ള തലത്തിലേക്ക് മാന്റിലിലെ താപനില ഉയരുമ്പോൾ ചാക്രികമായി സംഭവിക്കുന്ന ഉപരിതലമാറ്റങ്ങളാണ്. ഏതാണ്ട് 10 കോടി വർഷങ്ങൾ കൂടുമ്പോൾ ഉപരിതലത്തിൽ വലിയ തോതിലുള്ള ആഴ്ന്നുപോകലുകൾ സംഭവിക്കുകയും അതുവഴി പുറംതോട് പൂർണ്ണമായും മാറ്റപ്പെടുകയും ചെയ്യുന്നു.[20]

3 കിലോമീറ്റർ മുതൽ 280 കിലോമീറ്റർ വരെ വിസ്താരമുള്ള ഗർത്തങ്ങൾ ശുക്രനിലുണ്ട്. സാന്ദ്രതയുള്ള അന്തരീക്ഷം അതിനെ കടന്ന് വരുന്ന വസ്തുക്കളുടെ മേൽ പ്രവർത്തിക്കുന്നതു കാരണം 3 കിലോമീറ്ററിൽ താഴെ വിസ്താരമുള്ള ഗർത്തങ്ങൾ അവിടെ കാണപ്പെടുന്നില്ല. ഒരു നിശ്ചിത ഗതികോർജ്ജത്തിൽ താഴെയുള്ള വസ്തുക്കളുടെ വേഗതയെ അന്തരീക്ഷം കുറക്കുന്നതിനാൽ അത്തരം വസ്തുക്കൾ ഗർത്തങ്ങൾ സൃഷ്ടിക്കുന്നില്ല.[30] പതിക്കുന്ന വസ്തുക്കൾ 50 മീറ്ററിൽ താഴെ വ്യാസമുള്ളവയാണെങ്കിൽ ഉപരിതലത്തിലെത്തുന്നതിനു മുൻപ് ചിതറിപോകുകയും കത്തിക്കരിഞ്ഞ് പോകുകയും ചെയ്യുന്നു.[31]

അന്തരീക്ഷവും കാലാവസ്ഥയും

അൾട്രാവയലറ്റ് നിരീക്ഷണങ്ങളിൽ വെളിപ്പെട്ട ശുക്രോപരിതലെത്തിലെ മേഘങ്ങളുടെ ഘടന

ഭൂരിഭാഗവും കാർബൺ‌ഡൈഓക്സൈഡ് അടങ്ങിയ കട്ടിയേറിയ അന്തരീക്ഷമാണ് ശുക്രന്റേത്, ബാക്കിവരുന്ന അന്തരീക്ഷഘടങ്ങളിൽ കൂടുതലും നൈട്രജനാണ്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ 93 മടങ്ങ് പിണ്ഡമുണ്ട് ശുക്രന്റെ അന്തരീക്ഷത്തിന്, ഉപരിതല അന്തരീക്ഷമർദ്ദം ഭൂമിയുടേതിന്റെ 92 മടങ്ങും, ശുക്രന്റെ ഉപരിതലത്തിലനുഭവപ്പെടുന്ന അന്തരീക്ഷമർദ്ദം ഭൂമിയിലെ സമുദ്രങ്ങളിൽ 1 കിലോമീറ്റർ താഴ്ചയിൽ അനുഭവപ്പെടുന്ന മർദ്ദത്തിനു തുല്യമാണ്. ഉപരിതലത്തിലെ അന്തരീക്ഷ സാന്ദ്രത 65 kg/m3 ആണ് (ജലത്തിന്റെ സാന്ദ്രതയുടെ 6.5 ശതമാനം). കാർബൺ‌ഡൈഓക്സൈഡിനാൽ സമ്പുഷ്ടമായ അന്തരീക്ഷവും കൂടെ സൾഫ്യൂരിക്ക് അമ്ലത്തിന്റെ മേഘങ്ങളും, ഇത് സൗരയൂഥത്തിലെ ഏറ്റവും ശക്തിയേറിയ ഹരിതഗൃഹ പ്രഭാവം സൃഷ്ടിക്കുന്നു. ഇത് ഉപരിതല താപനില 460 ഡിഗ്രി സെത്ഷ്യസ് ആയി ഉയർത്തുന്നു.[32] ഇതുകാരണം ബുധനേക്കാൾ ഇരട്ടി ദൂരം സൂര്യനോട് അകലത്തിൽ നിൽക്കുന്നതും ബുധനിൽ ലഭിക്കുന്നതിന്റെ 25 ശതമാനം മാത്രം വികിരണം പതിക്കുന്നതുമായ ശുക്രനിലെ ഉപരിതല താപനില ബുധനിലേതിനേക്കാൾ കൂടുതലായി നിൽക്കുന്നു, ബുധനിലെ കുറഞ്ഞ താപനില -220 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 420 ഡിഗ്രി സെൽഷ്യസുമാണ്.[33]

പഠനങ്ങൾ സൂചിപ്പിക്കുന്നത് കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ശുക്രനിലെ അന്തരീക്ഷവും ഭൂമിയുടേതിന് സമാനമായിരുന്നു എന്നാണ്, ആ കാലഘട്ടത്തിൽ വലിയ അളവിൽ ജലവും ഉപരിതലത്തിലുണ്ടായിരുന്നു, പക്ഷേ വർദ്ധിച്ചുവന്ന ഹരിതഗൃഹ പ്രഭാവം ജലത്തെ ബാഷ്പീകരിക്കുകയും ഇത് വളരെ ഉയർന്ന അളവിലുള്ള ഹരിതഗൃഹ വാതകങ്ങളെ അന്തരീക്ഷത്തിൽ തങ്ങിനിർത്തുകയും ചെയ്തു.[34]

വളരെ കുറഞ്ഞ ഭ്രമണ നിരക്കായിട്ടുകൂടി താപജഡത്വവും അന്തരീക്ഷത്തിന്റെ താഴ്ന്ന നിലകളിൽ കാണപ്പെടുന്ന താപത്തെ വഹിക്കുന്ന വാതക പ്രവാഹങ്ങളും കാരണം ഗ്രഹത്തിന്റെ പകൽ വശത്തിനും രാത്രിവശത്തിനും ഇടയിൽ താപനിലയിൽ വലിയ വ്യത്യാസമില്ല. ഉപരിതലത്തോട് ചേർന്നുള്ള കാറ്റുകൾ വേഗം കുറഞ്ഞവയാണ്, മണിക്കൂറിൽ ഏതാനും കിലോമീറ്ററുകൾ മാത്രമാണ് അവയുടെ വേഗത, എങ്കിലും ഉപരിതലത്തിന്റെ അന്തരീക്ഷത്തിന്റെ കൂടിയ സാന്ദ്രത കാരണം ഇത്തരം കാറ്റുകൾ അവയുടെ ചലനത്തിന് തടസ്സം നിൽക്കുന്ന വസ്തുക്കളുടെ മേൽ വലിയ മർദ്ദം പ്രയോഗിക്കുകയും പൊടിപടലങ്ങളേയും ചെറിയ കല്ലുകളേയും നീക്കികൊണ്ടുപോകുകയും ചെയ്യുന്നു. അവിടുത്തെ ചൂട് ഒരു പ്രശ്നമായി കരുതുകയില്ലെങ്കിൽ പോലും ഈ കാര്യം കൊണ്ടുമാത്രം അവിടെ മനുഷ്യന് നടന്നു നീങ്ങാൻ സാധിക്കില്ല.[35]

ശുക്രനിലെ മാറ്റ്മോൺസ് എന്ന അഗ്നിപർവ്വതം

അന്തരീക്ഷത്തിലെ സാന്ദ്രമായ കാർബൺ‌ഡൈഓക്സൈഡിന്റെ അടുക്കിനുമുകളിൽ പ്രധാനമായും സൾഫർ ഡൈഓക്സൈഡിന്റെയും സൾഫ്യൂരിക്ക് അമ്ലകണങ്ങളുടെയും കട്ടിയേറിയ മേഘങ്ങളാണുള്ളത്.[36][37] ഈ മേഘങ്ങൾ സൂര്യനിൽ നിന്നും വരുന്ന പ്രകാശത്തിന്റെ ഏതാണ്ട് 60 ശതമാനത്തെയും ബഹിരാകാശത്തേക്ക് തന്നെ പ്രതിഫലിപ്പിച്ചുകളയുന്നു, ഇത് ശുക്രോപരിതലത്തിന്റെ ദൃശ്യപ്രകാശം വഴി നേരിട്ടുള്ള നിരീക്ഷണത്തെ തടയുകയും ചെയ്യുന്നു. കട്ടിയേറിയ ഇത്തരം മേഘങ്ങൾ കാരണം ഭൂമിയേക്കാൾ സൂര്യനോട് അടുത്തായിട്ടുകൂടി ശുക്രോപരിതലം ഭൗമോപരിതലത്തിന്റെ അത്രത്തോളം പ്രകാശപൂർണ്ണമാകുന്നില്ല. ശുക്രനിൽ ഹരിതഗൃഹ പ്രഭാവത്തിനു കാരണമാകുന്ന കാർബൺ‌ഡൈഓക്സൈഡ് ഇല്ലായിരുന്നുവെങ്കിൽ ശുക്രനിലും ഭൂമിയിലെ താപനിലയിൽ നിന്ന് വലിയ വ്യത്യാസമില്ലാത്ത താപനിലയാകുമായിരുന്നു. മേഘങ്ങൾക്ക് മുകളിലെ മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന കാറ്റുകൾ ഏതാണ്ട് നാലോ അഞ്ചോ ഭൗമദിനങ്ങൾകൊണ്ട് ഗ്രഹത്തെ ഒരു തവണ വലംവയ്ക്കുന്നു.[38]

ഫലത്തിൽ ശുക്രോപരിതലത്തിൽ പകലും രാത്രിയും, ധ്രുവങ്ങളിലും മധ്യരേഖയിലും ഏതാണ്ട് താപനില ഒരേ നിലയിലായിരിക്കും.[1][39] ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് 23 ഡ്രിഗ്രിയോടടുത്താണെങ്കിൽ ശുക്രന്റേത് 177.3° ഡിഗ്രിയാണ്, ഇതും കാലാവസ്ഥ മാറ്റങ്ങൾ ഉണ്ടാകുന്നതിനെ കുറക്കുന്നു.[40] താപനിലയിൽ വലിയം മാറ്റം കാണപ്പെടുന്നത് വ്യത്യസ്ത തുംഗതലങ്ങളിൽ മാത്രമാണ്. 1995 നിരീക്ഷണം നടത്തിയ മഗല്ലൻ പേടകം പകർത്തിയ ചിത്രങ്ങളിൽ ശുക്രനിലെ ഉയർന്ന കൊടുമുടികളിൽ ഭൂമിയിലെ മഞ്ഞിനു സമാനമായ പ്രകാശത്തെ നന്നായി പ്രതിഫലിക്കുന്ന വസ്തുക്കൾ കാണപ്പെട്ടിരുന്നു. ഉയർന്ന താപനിലയിലാണെങ്കിലും മഞ്ഞ് രൂപപ്പെടുന്നതിനു സമാനമായ പ്രക്രിയകൾ വഴി രൂപപ്പെടുന്നതാണ് ഇത്തരം വസ്തുക്കളെന്നും കരുതപ്പെടുന്നു. ഉപരിതലത്തിൽനിന്ന് പെട്ടെന്ന് ബാഷ്പീകരിക്കപ്പെട്ട് പോകുന്ന ഇവ ഉയർന്ന് ഉയർന്ന ഭാഗങ്ങളിൽ എത്തുന്നതോടെ മഴയ്ക്ക് സമാനമായ രീതിയിൽ വർഷിക്കപ്പെടുകയും ചെയ്യുന്നതാണ്. ഏത് തരത്തിലുള്ളതാണ് ഈ വസ്തുവെന്ന് ശരിയായി മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും ശുദ്ധ ടെല്യൂറിയം, ഗലീന (ലെഡ് സൾഫൈഡ്) തുടങ്ങിയവയിൽ ഏതെങ്കിലുമായിരിക്കുമെന്ന് കരുതപ്പെടുന്നു.[41]

ശുക്രനിലെ മേഘങ്ങളും ഭൂമിയിലുള്ള മേഘങ്ങളേപോലെ തന്നെ മിന്നലുകൾ സൃഷ്ടിക്കുവാൻ കഴിവുള്ളവയാണ്.[42] സോവിയറ്റ് യൂണിയന്റെ വെനീറ പേടകങ്ങൾ മിന്നലുകളെ രേഖപ്പെടുത്തിയതുമുതൽ അവ ചർച്ചാവിധേയമാക്കപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ, 2006-07 കാലഘട്ടത്തിൽ നിരീക്ഷണം നടത്തിയ വീനസ് എക്സ്പ്രസ്സ് മിന്നലുകളുടെ മുഖമുദ്രയായ വിസ്ലർ മോഡ് തരംഗങ്ങളെ കണ്ടെത്തുകയുണ്ടായി. അവയുടെ ഇടയ്ക്കിടെയുള്ള പ്രത്യക്ഷപ്പെടൽ ഭൂമിയിലെ കാലാവസ്ഥയിൽ കാണപ്പെടുന്ന പ്രതീതിയുളവാക്കുന്നതായിരുന്നു. കുറഞ്ഞത് ഭുമിയിലുണ്ടാകുന്നതിന്റെ പകുതി നിരക്കിലെങ്കിലും അവിടെ മിന്നലുകൾ ഉണ്ടാകുന്നുണ്ട്.[42] 2007 ൽ നിരീക്ഷണം നടത്തിയപ്പോൾ വീനസ് എക്സ്പ്രസ്സ് ഗ്രഹത്തിന്റെ ദക്ഷിണ ധ്രുവത്തിൽ ഒരു വലിയ ഇരട്ട വായുസ്തംഭത്തെയും കണ്ടെത്തിയിരുന്നു.[43][44]

കാന്തികക്ഷേത്രവും കാമ്പും

മഞ്ഞനിറത്തിൽ കാണുന്നത് കാമ്പ്. ഏറ്റവും പുറത്തുള്ളത് ക്രസ്റ്റ്. നടുവിലുള്ളത് മാന്റിൽ

1980 ൽ നിരീക്ഷണം നടത്തിയ പയനീർ വീനസ് ഓർബിറ്റർ ശുക്രന്റെ കാന്തികക്ഷേത്രം ചെറുതും ദുർബലവുമാണെന്ന് കണ്ടെത്തിയിരുന്നു. ഭൂമിയിലെ കാമ്പിൽ സൃഷ്ടിക്കപ്പെടുന്ന ഡൈനാമോ പ്രതിഭാസത്തിൽ നിന്നാണ് ഭൂമിയുടെ കാന്തികമണ്ഡലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെങ്കിൽ ശുക്രന്റെ കാന്തികമണ്ഡലം സൃഷ്ടിക്കപ്പെടുന്നത് സൗരക്കാറ്റും ഗ്രഹത്തിന്റെ അയണോസ്ഫിയറും തമ്മിൽ പ്രതിപ്രവർത്തിക്കുന്നതിൽ നിന്നാണ്.[45] ശുക്രന്റെ ദുർബലമായ കാന്തമണ്ഡലം കോസ്മിക് വികിരണങ്ങളിൽ നിന്നും അതിന്റെ അന്തരീക്ഷത്തിന് അവഗണിക്കാവുന്ന തരത്തിലുള്ള ചെറിയ സംരക്ഷണം മാത്രമേ നൽകുന്നുള്ളൂ. ഈ വികിരണങ്ങൾ മേഘങ്ങൾക്കിടയിലുള്ള മിന്നൽ പ്രവാഹങ്ങൾക്ക് കാരണമാകുകയും ചെയ്തേക്കാം.[46]

ഭൂമിയുടെ സമാന വലിപ്പത്തിലുള്ള ഗ്രഹമായതിനാൽ ശുക്രന്റെ അന്തർഭാഗത്ത് കാമ്പിൽ ഒരു ഡൈനാമോ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, അതിനാൽ തന്നെ ഗ്രഹത്തിന് സ്വതേ ഉണ്ടാകേണ്ട കാന്തികക്ഷേത്രത്തിന്റെ അഭാവം അത്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു. ഒരു ഡൈനാമോ സൃഷ്ടിക്കപ്പെടാൻ മൂന്ന് കാര്യങ്ങൾ സംഭവിക്കണം: ചാലകമായി വർത്തിക്കുന്നതിനുള്ള ദ്രാവകം, ഭ്രമണം, സം‌വഹനം. ഭ്രമണം മന്ദഗതിയിലാണെങ്കിൽ കൂടി ഗ്രഹത്തിന്റെ കാമ്പ് വൈദ്യുതചാലകമാണെന്ന് കരുതുന്നു, ഇക്കാര്യങ്ങൾ ഒരു ഡൈനാമോ സൃഷ്ടിക്കപ്പെടാൻ മതിയാകുന്നതാണെന്ന് അനുകരണങ്ങൾ കാണിക്കുന്നുമുണ്ട്.[47][48] ഇതിനാൽ തന്നെ കാമ്പിലെ സംവഹനത്തിന്റെ അഭാവമാണ് ഡൈനാമോ സൃഷ്ടിക്കപ്പെടാതിരിക്കുന്നതിന് കാരണമെന്ന് മനസ്സിലാകുന്നു. ഭൂമിയുടെ ദ്രാവകകാമ്പിന്റെ മുകളിലെ പാളിയിലാണ് സംവഹനം സംഭവിക്കുന്നത്, അതിനടിയിലെ ഭാഗത്തിന് മുകളിലെ പാളിയേക്കാൾ താപനില വളരെ കൂടിയിരിക്കുന്നതിനാലാണിത്. ശുക്രനിലെ ഉപരിതലത്തിന്റെ പുനഃക്രമീകരണങ്ങൾ ഫലകങ്ങളുടെ ടെക്റ്റോണിക് പ്രവർത്തനങ്ങളെ അമർച്ച ചെയ്തിരിക്കാം, ഇത് പുറംതോട് വഴിയുള്ള താപസംവഹനത്തെ കുറച്ചിരിക്കുകയുമാവാം. ഇത് മാന്റിലിന്റെ താപനില ഉയരുന്നതിനു കാരണമാകുകയും അതുവഴി കാമ്പിൽ നിന്നും പുറത്തേക്കുള്ള താപ അഭിവാഹകങ്ങൾ കുറഞ്ഞതുമാകാം. ഇക്കാരണങ്ങളാൽ ശുക്രന് കാന്തികക്ഷേത്രം സൃഷ്ടിക്കുന്നതിനാവശ്യമായ ആന്തരിക ജിയോഡൈനാമോയില്ല. പകരം കാമ്പിൽ നിന്നുള്ള താപം പുറംതോടിനെ ആവർത്തിച്ചു ചൂടുപിടിപ്പിക്കുകയാണ് ചെയ്യുന്നത്.[49]

ഖരാവസ്ഥ പ്രാപിച്ച കാമ്പിന്റെ ഉപഭാഗം ശുക്രനുണ്ടായിരിക്കില്ല,[50] അല്ലെങ്കിൽ നിലവിൽ ഇതിന്റെ കാമ്പ് തണുക്കലിന് വിധേയമാകുന്നുണ്ടാകില്ല, ഇതുവഴി ദ്രാവക കാമ്പിന്റെ എല്ലാ ഭാഗവും ഒരേ താപനിലയിലായിരിക്കാം നിലനിൽക്കുന്നത്. നിലവിൽ തന്നെ കാമ്പ് പൂർണ്ണമായും ഖരാവസ്ഥ പ്രാപിച്ചിരിച്ചിട്ടുണ്ടാകാമെന്നതാണ് മറ്റൊരു സാധ്യത. കാമ്പിന്റെ അവസ്ഥ സൾഫറിന്റെ അളവുമായി ഗാഢമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യമാണ്, ഇതാണെങ്കിൽ നിലവിൽ അജ്ഞാതവുമാണ്.[49]

പരിക്രമണവും ഭ്രമണവും

പാറഗ്രഹങ്ങളുടെ ആപേക്ഷിക വലിപ്പവ്യത്യാസം (ഇടത്തുനിന്നും): ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ.
സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടെ ഭ്രമണങ്ങൾക്ക് വിപരീതമായാണ് ശുക്രന്റെ ഭ്രമണം.

സൂര്യന്‌ ശരാശരി 10.8 കോടി കിലോമീറ്റർ (ഏതാണ്ട് 0.7 ആസ്ട്രോണമിക്കൽ യൂണിറ്റ്) അകലത്തിലാണ് ശുക്രൻ പരിക്രമണം നടത്തുന്നത്, ഒരു പരിക്രമണം പൂർത്തിയാക്കുവാൻ 224.65 ഭൗമദിനങ്ങൾ എടുക്കുന്നു. ഏതാണ്ട് മറ്റെല്ലാ ഗ്രഹങ്ങളുടേയും പരിക്രമണ പാത ദീർഘവൃത്താകാരമാണെങ്കിൽ ശുക്രന്റെ പരിക്രമണപഥം ഏതാണ്ട് വൃത്താകാരമാണ്, 0.01 മാത്രമാണ് പരിക്രമണപാതയുടെ ഉത്കേന്ദ്രത.[1] സൂര്യനും ഭൂമിക്കും ഇടയിലായിവരുന്ന അവസ്ഥയിൽ (ഇത് നീചയുതി എന്നറിയപ്പെടുന്നു) ശുക്രൻ ഭൂമിയോട് മറ്റേത് ഗ്രഹത്തേക്കാളും അടുത്ത് വരുന്നു, ഇത്തരം അവസരങ്ങളിൽ ഭൂമിയിൽ നിന്ന് ശരാശരി 4.1 കോടി കിലോമീറ്റർ അകലെമാത്രമായിരിക്കും ശുക്രൻ.[1] ശരാശരി 584 ദിവസങ്ങൾ കൂടുമ്പോൾ ഈ രീതിയിൽ ശുക്രൻ ഭൂമിയോട് അടുത്തായി വരുന്നു.[1] ഭൂമിയുടെയും ശുക്രന്റെയും പരിക്രമണപഥങ്ങളുടെ വർദ്ധിച്ചുവരുന്ന ഉത്കേന്ദ്രത നിമിത്തം ഈ കുറഞ്ഞ ദൂരം കാലക്രമേണ വർദ്ധിച്ചുവരും. വർഷം 1 മുതൽ 5383 വരെ ആകെ 526 തവണ 4 കോടി കിലോമീറ്ററിൽ കുറഞ്ഞ ദൂരത്തിൽ ഈ ഗ്രഹങ്ങൾ വരുന്നു, അതിനുശേഷം 60,200 വർഷത്തോട് ഇങ്ങനെ അടുത്ത് വരില്ല.[51] വലിയ ഉത്കേന്ദ്രതയുള്ള കാലഘട്ടങ്ങളിൽ ശുക്രൻ ഭൂമിയോട് പരമാവധി 3.82 കോടി കിലോമീറ്റർ മാത്രം അകലത്തിലായി വരുന്നതാണ്.[1]

സൂര്യന്റെ ഉത്തരധ്രുവത്തിനു മുകളിൽ നിന്നും വീക്ഷിക്കുകയാണെങ്കിൽ എല്ലാ ഗ്രഹങ്ങളും സൂര്യന്റെ അപ്രദക്ഷിണ ദിശയിൽ പരിക്രമണം ചെയ്യുന്നതായാണ് കാണാൻ സാധിക്കുക; മറ്റുള്ള ഗ്രഹങ്ങളെല്ലാം അപ്രദക്ഷിണ ദിശയിൽ തന്നെ ഭ്രമണം ചെയ്യുകയും ചെയ്യുന്നു, എന്നാൽ ശൂക്രൻ പ്രദക്ഷിണ ദിശയിലാണ് ഭ്രമണം ചെയ്യുന്നത്. നിലവിലെ ശുക്രന്റെ ഭ്രമണനിരക്ക് വളരെ കുറവും സൂര്യനുമായി ഗുരുത്വപരമായ ടൈഡൽ ലോക്കിംഗിന്റെ ഏതാണ്ട് തുലനാവസ്ഥയിലുമാണ്, ശുക്രന്റെ കട്ടിയേറിയ അന്തരീക്ഷത്തിന്റെ സൗരതാപീകരണം വഴിയുള്ള വലിവുബലങ്ങളും ഇതിൽ പങ്കുവഹിച്ചിട്ടുണ്ട്. സൗരനെബുലയിൽ നിന്ന് രൂപപ്പെട്ട അവസരത്തിൽ ശുക്രൻ വ്യത്യസ്തമായ ഭ്രമണനിരക്കോടേ ആയിരുന്നിരിക്കാം തുടങ്ങിയത്, ഇതിന്റെ കട്ടിയേറിയ അന്തരീക്ഷത്തിൽ ചെലുത്തപ്പെട്ട ഗ്രഹാന്തര വലിവുബലങ്ങൾ കാരണമായുണ്ടായ ക്രമരഹിത ഭ്രമണനിരക്കിലെ മാറ്റങ്ങൾ വഴി ഭ്രമണ നിരക്ക് ഇന്നത്തെ നിലയിലേക്ക് ആയിത്തീർന്നതായിരിക്കാം. ഭ്രമണത്തിൽ ഈ തരത്തിൽ മാറ്റങ്ങൾ സംഭവിച്ചിരിക്കുക കോടിക്കണക്കിന് വർഷങ്ങൾ കൊണ്ടായിരിക്കും.[52][53]

ശുക്രൻ അതിന്റെ ഒരു ഭ്രമണം പൂർത്തിയാക്കുന്നത് 243 ഭൗമദിനങ്ങൾ കൊണ്ടാണ്, ഇത് മറ്റെല്ലാ പ്രധാനപ്പെട്ട ഗ്രഹങ്ങളുടേതിനേക്കാളും കുറവാണ്. മധ്യരേഖയിൽ ശുക്രന്റെ ഉപരിതലം പ്രതിമണിക്കൂറിൽ 6.5 കിലോമീറ്ററാണ് ഭ്രമണം ചെയ്യുന്നത്, അതേസമയം ഭൂമിയുടേത് പ്രതിമണിക്കൂറിൽ 1,670 കിലോമീറ്ററും.[54] അതിനാൽ തന്നെ ശുക്രന്റെ ഒരു ഭ്രമണ ദിനം അതിലെ ഒരു വർഷത്തിലേക്കാൾ നീണ്ടതാണ് (ഒരു ശുക്ര ഭ്രമണ ദിനം 243 ഭൗമദിനങ്ങൾക്ക് തുല്യമാണ്, ഒരു ശുക്രവർഷം 224.7 ഭൗമദിനങ്ങൾക്ക് തുല്യവും). ഇങ്ങനെയെങ്കിലും മറ്റ് ഗ്രഹങ്ങളിൽ നിന്നും വിഭിന്നമായി വിപരീത ദിശയിലുള്ള ഭ്രമണം കാരണം ശുക്രനിലെ ഒരു സൗരദിനത്തിന്റെ ദൈർഘ്യം അതിലെ ദിനത്തിനേക്കാളും കുറഞ്ഞതാണ്. ശുക്രന്റെ ഉപരിതലത്തിലുള്ള ഒരു നിരീക്ഷകന് ഒരു സുര്യോദയം മുതൽ മറ്റൊന്ന് വരെയുള്ള സമയം ഏതാണ്ട് 116.75 ഭൗമദിനങ്ങൾക്ക് തുല്യമായ ദൈർഘ്യത്തോടെ അനുഭവപ്പെടും (ഇത് ബുധനിലെ 176 ഭൗമദിനങ്ങൾക്ക് തുല്യമായ സൗരദിനത്തിനേക്കാളും കുറഞ്ഞതാണ്).[7] കൂടാതെ ശുക്രനിൽ സൂര്യൻ പടിഞ്ഞാറ് ഉദിച്ച് കിഴക്ക് അസ്തമിക്കുന്നതായാണ് അനുഭവേദ്യമാകുക. ദീർഘമാ ശുക്രന്റെ സൗരദിനം കാരമായി ശുക്രനിലെ ഒരു വർഷം 1.92 ശുക്രദിനങ്ങൾ അടങ്ങിയതാണ്.[7]

2004ലെ ശുക്രസംതരണം

കൗതുകകരമായ ഒരു കാര്യം ശുക്രനും ഭൂമിയും അടുത്ത് വരുന്ന കാലദൈർഘ്യമായ 584 ദിവസം ഇത് ഏതാണ്ട് കൃത്യമായി ശുക്രനിലെ അഞ്ച് സൗരദിനങ്ങൾക്ക് തുല്യമാണ്. ഈ കൃത്യത യാദൃച്ഛികമായി സംഭവിച്ചതാണോ അതോ ഈ ഗ്രഹങ്ങൾ തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ടൈഡൽ ലോക്കിംഗ് വഴി സംഭവിച്ചതാണോ എന്നതിനെപ്പറ്റി നിശ്ചയമില്ല.[55]

നിലവിൽ ശൂക്രന്‌ ഉപഗ്രഹങ്ങളൊന്നുമില്ലെങ്കിലും[56] 2002 VE68 എന്ന ആസ്റ്റീറോയിഡ് ഇതുമായി പരിക്രമണത്തിൽ ബന്ധം പുലർത്തുന്നുണ്ട്.[57] കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജിയിലെ അലെക്സ് അലീമി, ഡേവിഡ് സ്റ്റീവെൻസൺ എന്നിവർ 2006 ൽ തയ്യാറാക്കിയ സൗരയൂഥത്തിന്റെ ആദ്യകാല മാതൃകയുടെ അടിസ്ഥാനത്തിൽ കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ശുക്രന് ഏതെങ്കിലും കൂട്ടിയിടിയുടെ ഫലമായി സൃഷ്ടിക്കപ്പെട്ടതായ ഒരു ഉപഗ്രഹമെങ്കിലും ഉണ്ടായിരുന്നു.[58][59] പത്ത് ലക്ഷം വർഷങ്ങൾക്ക് ശേഷം മറ്റൊരു കൂട്ടിയിടിയുടെ ഫലമായി ശുക്രന്റെ ഭ്രമണം വിപരീത ദിശയിലായിത്തീരുകയും ചെയ്തു. അതോടെ ശുക്രന്റെ ഉപഗ്രഹം പതിയെ വർത്തുള പാതയിൽ ഉള്ളിലേക്ക്[60] വലിയുകയും ഗ്രഹവുമായി കൂട്ടിയിടിക്കുകയും കൂടിച്ചേരുകയും ചെയ്തു. ഈ കൂട്ടിയിടിയിലും വല്ല ഉപഗ്രഹങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കാമെങ്കിലും അവയും ഇതേ രീതിയിൽ ഗ്രഹത്തിനോട് കൂടിച്ചേരുകയുണ്ടായി. ശുക്രന് ഉപഗ്രഹങ്ങളില്ലാത്തതിനുള്ള മറ്റൊരു വിശദീകരണം സൂര്യന്റെ ശക്തമായ വലിവുബലങ്ങളാണ്, ഇതിന് സൂര്യനോട് അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളെ പരിക്രമണം ചെയ്യുന്ന വലിയ ഉപഗ്രഹങ്ങളുടെ സ്ഥിരതയെ ഇല്ലാതാക്കാൻ കഴിയും.[56]

നിരീക്ഷണം

ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളെക്കാൾ തിളക്കത്തിൽ ശുക്രനെ മാനത്ത് വീക്ഷിക്കുവാൻ സാധിക്കും.

ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളെക്കാളും തിളക്കത്തിൽ ശുക്രനെ ആകാശത്തിൽ കാണാൻ സാധിക്കും, -3.8 മുതൽ -4.6 വരെ ദൃശ്യകാന്തിമാനത്തിൽ ഈ ഗ്രഹം മാനത്ത് കാണപ്പെടുന്നു.[5]തിളക്കം കാരണം ചിലപ്പോൾ ഇതിനെ പകലും കണ്ടെത്താൻ കഴിഞ്ഞേക്കാം, ചക്രവാളത്തിൽ സൂര്യൻ താഴ്ന്നിരിക്കുന്ന അവസരങ്ങളിൽ ഇതിനെ എളുപ്പത്തിൽ കാണാൻ കഴിയും. ഒരു അന്തർഗ്രഹമായതിനാൽ തന്നെ സൂര്യനുമായി പരമാവധി 47° കോൺ ദൂരത്തിലാണ് ശുക്രൻ പ്രത്യക്ഷപ്പെടുക.[5]

സൂര്യനെ പരിക്രമണം ചെയ്യുന്നതിനിടയിൽ ഭൂമിയെ 584 ദിവസങ്ങൾ കൂടുമ്പോൾ ശുക്രൻ മറികടക്കും.[1] ഇങ്ങനെയുള്ള സഞ്ചാരത്തിനിടയിൽ സൂര്യാസ്തമയത്തിനു ശേഷം കാണപ്പെടുന്ന സന്ധ്യാനക്ഷത്രമായും സൂര്യോദയത്തിനു മുൻപ് കാണപ്പെടുന്ന പ്രഭാതനക്ഷത്രമായും ഇത് പ്രത്യക്ഷപ്പെടുന്നു. മറ്റൊരു അന്തർഗ്രഹമായ ബുധൻ പരാമവധി കോണകലം 28° വരെ മാത്രമെത്തുന്നതിനാൽ സന്ധ്യാസമയത്തേയും അസ്തമയസമയത്തേയും വെളിച്ചത്തിൽ അതിനെ തിരിച്ചറിയുവാൻ ബുദ്ധിമുട്ടാണ്, ഏറ്റവും തിളക്കത്തിൽ പ്രത്യക്ഷപ്പെടുന്ന അവസരങ്ങളിൽ ശുക്രൻ ശ്രദ്ധിക്കപ്പെടാതെ പോകില്ല. സൂര്യനിൽ നിന്ന് പരമാവധി കോണീയ അകലത്തിലായിരിക്കൂമ്പോൾ സൂര്യാസ്തമയത്തിനു ശേഷമുള്ള ഇരുണ്ട ആകാശത്തിലും ഇതിനെ കാണാൻ സാധിക്കുന്നതാണ്. ആകാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രൻ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. 1969 അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തിനെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. മറ്റു പലരും ശുക്രനെ അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്.[61]

ദൃശ്യമാകുന്ന വ്യാസത്തിനനുസരിച്ച് ശുക്രൻ പ്രദർശിപ്പിക്കുന്ന കലകൾ.

ശുക്രൻ അതിന്റെ പാതയിൽകൂടി പരിക്രമണം ചെയ്യുന്നതിനിടയിൽ ചന്ദ്രനെപ്പോലെ കലകൾ കാണിക്കുന്നു: സൂര്യന്റെ വിപരീത വശത്തായിരിക്കുമ്പോൾ പൂർണ്ണവും ചെറുതുമായ കല കാണിക്കുന്നു. സൂര്യനിൽ നിന്ന് പരമാവധി കോണീയ അകലത്തിലായിരിക്കുമ്പോൾ നാലിലൊന്ന് വലിപ്പമുള്ള കല പ്രദർശിപ്പിക്കും. സൂര്യന്റെ സമീപവശത്ത അതായത് ഭൂമിക്കും സൂര്യനുമിടയിലായിരിക്കുന്ന അവസരത്തിലാണ് ശുക്രൻ വലുതു നേരിയതുമായ ചന്ദ്രകലാകൃതിയിൽ പ്രത്യക്ഷപ്പെടുക. ഏറ്റവും വലിപ്പത്തിൽ കാണപ്പെടുക സൂര്യനും ഭൂമിക്കും ഇടയിലായിരിക്കുന്ന അവസരത്തിലാണ്. ശുക്രന് അന്തരീക്ഷമുള്ളതിനാൽ തന്നെ ടെലിസ്കോപ്പിലൂടെ നോക്കുന്ന അവസരത്തിൽ സൂര്യപ്രകാശത്തിന് അപവർത്തനം സംഭവിച്ചുണ്ടാകുന്ന പ്രഭാവലയം അതിന് ചുറ്റും കാണാൻ സാധിക്കുന്നതാണ്.[5]

ഭൂമിയുടെ പരിക്രമണതലത്തിന് ആപേക്ഷികമായി ശുക്രന്റെ പരിക്രമണതലം അല്പം ചെരിഞ്ഞതാണ്; അതിനാൽ തന്നെ ഭൂമിക്കും സൂര്യനുമിടയിലായിരിക്കുന്ന അവസരങ്ങളിലെല്ലായിപ്പോഴും അത് സൂര്യബിംബത്തെ മുറിച്ച് സഞ്ചരിക്കണമെന്നില്ല. 121.5 വർഷങ്ങൾ കൂടുമ്പോൾ എട്ട് വർഷത്തെ ഇടവേളയോടെയുള്ള രണ്ട് ശുക്രസംതരണങ്ങൾ സംഭവിക്കുന്നു. ഏറ്റവും അടുത്ത് സംതരണം സംഭവിച്ചത് 2004 ജൂണിലും 2012 ജൂണിലുമായിരുന്നു. ഇതിനു മുൻപ് സംഭവിച്ച ജോഡി സംതരണങ്ങൾ 1874 ഡിസംബറിലും 1882 ഡിസംബറിലുമായിരുന്നു; ഇനി അടുത്ത ജോഡി സംതരണങ്ങൾ 2117 ഡിസംബറിലും 2125 ഡിംസംബറിലുമായിരിക്കും.[62] ശുക്രസംതരണങ്ങൾ വളരെ പ്രധാന്യമർഹിക്കുന്നവയാണ്, കാരണം അവ ജ്യോതിശാസ്ത്രജ്ഞരെ ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം കണക്കാക്കാൻ സഹായിക്കുന്നു, കൂടാതെ സൗരയൂഥത്തിന്റെ വലിപ്പവും. ശുക്രന്റെ സംതരണം നിരീക്ഷിക്കുന്നതിനുവേണ്ടി 1768 ൽ താഹിതിയിലെക്കുള്ള യാത്രയ്ക്ക് ശേഷമായിരുന്നു ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്തേക്ക് ക്യാപ്റ്റൻ കുക്ക് സഞ്ചരിച്ചത്.[63][64]

ചന്ദ്രകലാകൃതിയിലായിരിക്കുമ്പോൾ ഗ്രഹത്തിന്റെ ഇരുണ്ട വശം ചെറുതായി തെളിഞ്ഞു കാണപ്പെടുന്ന ആഷെൻ ലൈറ്റ് (Ashen light) പ്രതിഭാസം വളരെകാലം കൗതുകകരമായി കണക്കാക്കിയിരുന്നു. ഈ പ്രതിഭാസം 1643 ൽ ഗിയോവന്നി ബാറ്റിസ്റ്റ റിക്കിയോളി നിരീക്ഷച്ചതായി പറയപ്പെടുന്നു, പക്ഷേ അങ്ങനെ സംഭവിക്കുന്നു എന്നതിന് ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ശുക്രന്റെ അന്തരീക്ഷത്തിൽ നടക്കുന്ന വൈദ്യുത പ്രവർത്തനങ്ങൾ കാരണമാണിങ്ങനെ സംഭവിക്കുന്നതെന്ന് ചില നിരീക്ഷകർ അഭിപ്രായപ്പെടുന്നു, പക്ഷേ ഇത് ചിലപ്പോൾ കലാകൃതിയിലുള്ള തിളക്കമുള്ള വസ്തു നിരീക്ഷിക്കുമ്പോൾ അനുഭവപ്പെടുന്നതുമാകാം.[65]

പഠനങ്ങൾ

ആദ്യകാല പഠനങ്ങൾ

ശുക്രൻ പ്രദർശിപ്പിക്കുന്ന കലകൾ അത് ഭൂമിയെയല്ല സൂര്യനെയാണ് വലംവയ്ക്കുന്നതെന്നതിന് തെളിവാണെന്ന് ഗലീലിയൊ കണ്ടെത്തി.
ശുക്രന്റെ നീചയുതികൾ 13:8 എന്ന പരിക്രമണ അനുരണനത്തിൽ ആവർത്തിക്കുന്നു (ശുക്രൻ 13 തവണ പരിക്രമണം പൂർത്തിയാക്കുമ്പോൾ ഭൂമി 8 പരിക്രമണങ്ങൾ പൂർത്തിയാക്കുന്നു)

ഹിന്ദു ജ്യോതിഷത്തിൽ വളരെ കാലം മുൻപ് തന്നെ ശുക്രൻ എന്ന പേരിൽ ഈ ഗ്രഹം സ്ഥാനം പിടിച്ചിരുന്നു.[66][67] ദൂരദർശിനി കണ്ടുപിടിക്കുന്നതിനു മുൻപ് പാശ്ചാത്യർക്കിടയിൽ ഇത് ‘അലയുന്ന നക്ഷത്രം’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. പഴയ പല സംസ്കാരങ്ങളും ശുക്രനെ പ്രഭാത നക്ഷത്രം, സന്ധ്യാ നക്ഷത്രം എന്നിങ്ങനെ രണ്ട് വ്യത്യസ്ത വസ്തുക്കളായി കണക്കാക്കിയിരുന്നു. ബി.സി. ആറാം നൂറ്റാണ്ടിൽ പൈത്തഗോറസാണ് ഇവ രണ്ട് വസ്തുക്കളല്ലെന്നും മറിച്ച് ഒന്നാണെന്നും കണ്ടെത്തിയത്, എങ്കിലും അദ്ദേഹം ശുക്രൻ ഭൂമിയെ പരിക്രമണം ചെയ്യുന്നു എന്നുതന്നെയായിരുന്നു വിശ്വസിച്ചിരുന്നത്.[68] പതിനേഴാം നൂറ്റാണ്ടിൽ ഗലീലിയോ ആദ്യമായി നിരീക്ഷിച്ചപ്പോൾ ഇത് ചന്ദ്രനെ പോലെ വൃദ്ധിക്ഷയങ്ങൾ കാണിക്കുന്നു എന്ന് കണ്ടെത്തി. ആകാശത്തിൽ ശുക്രൻ സൂര്യനിൽ നിന്ന് പരമാവധി അകലെയായിരിക്കുമ്പോൾ അത് പകുതി പ്രകാശിതമായ അവസ്ഥയിലായിരിക്കും, സൂര്യനോട് അടുത്തായിരിക്കുമ്പോൾ പൂർണ്ണമായും പ്രകാശിതമായോ അല്ലെങ്കിൽ നേരിയ കലാകൃതിയിലോ ആയിരിക്കും. ഇങ്ങനെ വരണമെങ്കിൽ ശുക്രൻ സൂര്യനെയായിരിക്കണം പരിക്രമണം ചെയ്യുന്നത് എന്നദ്ദേഹം കണക്കുകൂട്ടി, ഇത് ടോളമിയുടെ ഭൂകേന്ദ്രമാതൃകയെ ചോദ്യം ചെയ്യുന്ന ആദ്യത്തെ നിരീക്ഷണങ്ങളിലൊന്നായിരുന്നു.[69]

1761 ൽ റഷ്യൻ ബഹുശാസ്ത്രജ്ഞനായിരുന്ന മീഖായീൽ ലൊമോണൊസോവ് (Mikhail Lomonosov) ആണ് ശുക്രന് അന്തരീക്ഷമുണ്ടെന്ന് കണ്ടെത്തിയത്.[70][71] 1790 ൽ ജൊഹൻ ഷ്രോട്ടർ (Johann Schröter) അന്തരീക്ഷത്തെ നിരീക്ഷിച്ചിരുന്നു. ചന്ദ്രകലാകൃതിയിലായിരിക്കുമ്പോൾ രണ്ട് കൂർത്ത അഗ്രങ്ങൾ 180 ഡിഗ്രിയിൽ കൂടുതൽ അളവിലായിരിക്കുന്നതായി ഷ്രോട്ടർ കണ്ടെത്തി. ശുക്രന്റെ കട്ടിയുള്ള അന്തരീക്ഷത്തിൽ സൂര്യപ്രകാശത്തിന് സംഭവിക്കുന്ന വിസരണം കാരണമാണിങ്ങനെ കാണപ്പെടുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലാക്കുവാൻ കഴിഞ്ഞു. സൂര്യന്റെ സമീപവശത്തായിരിക്കുമ്പോൾ ഇരുണ്ടഭാഗത്തിനു ചുറ്റും വളയം കാണുന്നതായി ഷെസ്റ്റെർ സ്മിത്ത് ലൈമൺ നിരീക്ഷിച്ചു, ഇത് അന്തരീക്ഷമുണ്ടെന്ന കാര്യത്തെ കൂടുതൽ ബലപ്പെടുത്തി.[72] ഗ്രഹത്തിന്റെ ഭ്രമണം കണക്കാക്കുന്നതിനെ അന്തരീക്ഷം കൂടുതൽ സങ്കീർണ്ണമാക്കിയിരുന്നു, ഗിയോവന്നി കാസ്സിനി, ഷ്രോട്ടർ തുടങ്ങിയ നിരീക്ഷകർ ഉപരിതലത്തിൽ കാണപ്പെട്ട അടയാളങ്ങൾ നിരീക്ഷിച്ച് ഭ്രമണദൈർഘ്യം 24 മണിക്കൂറാണെന്ന് തെറ്റായി കണക്കുകൂട്ടുകയുണ്ടായി.[73]

ഭൗമോപരിതലത്തിൽ നിന്നുള്ള ഗവേഷണം

ഇരുപതാം നൂറ്റാണ്ടുവരെ ഗ്രഹത്തെക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. പ്രത്യേകതളൊന്നും ദൃശ്യമാകാത്തതിനാൽ ഉപരിതലം എങ്ങനെയായിരിക്കും എന്ന് വലിയ നിശ്ചയമുണ്ടായിരുന്നില്ല, സ്പെക്ട്രോസ്കോപ്പി, റഡാർ, അൾട്രാവയലറ്റ് നിരീക്ഷണങ്ങൾ എന്നിവയുടെ കണ്ടെത്തലുകളോടെയായിരുന്നു കൂടുതൽ രഹസ്യങ്ങൾ വെളിവായത്. 1920 ൽ ആണ് ആദ്യത്തെ അൾട്രാവയലറ്റ് നിരീക്ഷണങ്ങൾ നടത്തിയത്, ഫ്രാങ്ക് ഇ. റോസ്സ് ആണ് അൾട്രാവയലറ്റ് ഫോട്ടോഗ്രാഫുകളിൽ ദൃശ്യപ്രകാശത്തിലും ഇൻഫ്രാറെഡിലുമുള്ള ഫോട്ടോഗ്രാഫുകളേക്കാൾ കൂടുതൽ വ്യക്തമായ വിവരങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയത്. അന്തരീക്ഷത്തിന്റെ താഴെതട്ടിലുള്ള വളരെ കട്ടിയേറിയ മഞ്ഞ സിറസ് മേഘങ്ങൾ കാരണമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.[74]

1900 കളിൽ നടത്തിയ സ്പെക്ട്രോസ്കോപ്പിക് നിരീക്ഷണങ്ങൾ ഗ്രഹത്തിന്റെ ഭ്രമണത്തെപ്പറ്റിയുള്ള ആദ്യത്തെ വിവരങ്ങൾ നൽകുകയുണ്ടായി. ശുക്രനിൽ നിന്നും വരുന്ന പ്രകാശത്തിന്റെ ഡ്രോപ്ലർ നീക്കം കണക്കാക്കുവാൻ വെസ്റ്റോ സ്ലിഫെർ ശ്രമിക്കുകയുണ്ടായി, പക്ഷേ അദ്ദേഹത്തിന്‌ ഏതെങ്കിലും തരത്തിലുള്ള ഭ്രമണം കണ്ടെത്തുവാൻ കഴിഞ്ഞിരുന്നില്ല. മുൻപ് കണ്ടെത്തിയതിൽനിന്ന് വിഭിന്നമായി ഗ്രഹത്തിന് വളരെ നീണ്ട ഭ്രമണകാലയളവായിരിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു.[75] 1950 കളിൽ നടത്തിയ ഗവേഷണങ്ങളിൽ നിന്ന് ഭ്രമണം ഭൂമിയുടേതിൽ നിന്നും വിപരീതദിശയിലാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. 1960 കളിലാണ് ശുക്രനെ ആദ്യമായി റഡാർ നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയത്, ആ അവസരത്തിൽ ഇന്നറിയുന്ന ഭ്രമണദൈർഘ്യത്തോട് അടുത്ത കാലദൈർഘ്യമാണെന്ന് മനസ്സിലാക്കാനും സാധിച്ചിരുന്നു.[76]

1970 ൽ നടത്തിയ റഡാർ നിരീക്ഷണങ്ങൾ ശുക്രോപരിതലത്തിന്റെ വിശദാംശങ്ങൾ ആദ്യമായി വെളിപ്പെടുത്തിത്തരികയുണ്ടായി. അരസിബോ നിരീക്ഷണശാലയിലെ (Arecibo Observatory) 300 മീറ്റർ റേഡിയോ ടെലിസ്കോപ്പുപയോഗിച്ച് റേഡിയോ തരംഗങ്ങളുടെ തുടിപ്പുകൾ ഗ്രഹത്തിന്റെ നേരെ അയക്കുകയും, പ്രതിധ്വനികൾ അവിടെ രണ്ട് നന്നായി പ്രതിഫലിപ്പിക്കുന്ന രണ്ട് മേഖലകളുണ്ടെന്ന് കാണിച്ചുതരികയും ചെയ്തു, ആ മേഖലകൾ ആൽഫ, ബീറ്റ മേഖലകൾ എന്ന് വിളിക്കപ്പെട്ടു. നിരീക്ഷണങ്ങളിൽ തെളിഞ്ഞ മേഖലകളും വെളിപ്പെടുകയുണ്ടായി അവ പർവ്വതങ്ങളാണെന്ന് കണക്കാക്കപ്പെട്ടു, അവയെ മാക്സ്‌വെൽ മോണ്ടുകൾ (Maxwell Montes) എന്ന് വിളിക്കുകയും ചെയ്തു.[77] ശുക്രനിലെ ഈ മൂന്ന് മേഖലകളുടെ നാമങ്ങൾ മാത്രമാണ് നിലവിൽ സ്ത്രീലിംഗനാമങ്ങളല്ലാത്താതായി ഉള്ളത്.[78]

പര്യവേഷണം

ആദ്യകാല ശ്രമങ്ങൾ

1962 ൽ വിക്ഷേപിക്കപ്പെട്ട മാരിനർ 2

ഒരു ഗ്രഹത്തിലേക്കുള്ള ആദ്യത്തെ റോബോട്ടിക്ക് പേടകമായ വെനീറ 1 പേടകം 1961 ഫെബ്രുവരി 12 ൽ ശുക്രനെ ലക്ഷ്യമാക്കി വിക്ഷേപിക്കപ്പെട്ടു. സോവിയറ്റ് യൂണിയന്റെ വെനീറ സംരംഭത്തിലെ ആദ്യത്തെ പേടകമായിരുന്നു ഇത്, ഗ്രഹത്തിന്റെ നേർ ദിശയായ പാതയിലൂടെയായിരുന്നു അത് വിക്ഷേപിക്കപ്പെട്ടിരുന്നത്, പക്ഷേ ഏഴു ദിവസത്തിനു ശേഷം ഭൂമിയിൽ നിന്നും 20 ലക്ഷം കിലോമീറ്റർ അകലെ എത്തിയപ്പോൾ പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. മേയ് മാസം മധ്യത്തോടെ ശുക്രനിൽ നിന്നും ഒരു ലക്ഷം കിലോമീറ്റർ അകലെയെത്താനായിരുന്നു കണക്കുകൂട്ടിയിരുന്നത്.[79]

ശുക്രനിലേക്കുള്ള അമേരിക്കൻ ഐക്യനാടുകളുടെ പേടകമായ മാരിനറും ഇതുപോലെ നഷ്ടപ്പെടുകയായിരുന്നു. അതിനെ തുടന്ന് വിക്ഷേപിക്കപ്പെട്ട മാരിനർ 2 വലിയ വിജയമായിരുന്നു, 109 ദിവസത്തെ പരിക്രമണ പാതകളിലൂടെയുള്ള സഞ്ചാരത്തിനൊടുവിൽ 1962 ഡിസംബർ 14 ന് ശുക്രോപരിതലത്തിന് 34,833 കിലോമീറ്റർ മുകളിൽ അത് എത്തിച്ചേർന്നു, അങ്ങനെ അത് ആദ്യത്തെ വിജയകരമായ ഗ്രാഹന്തര വിക്ഷേപണമായിത്തീർന്നു. ശുക്രാന്തരീക്ഷത്തിലെ മേഘങ്ങളുടെ മുകൾ ഭാഗം തണുത്തതാണെങ്കിലും ഗ്രഹത്തിന്റെ ഉപരിതലം കുറഞ്ഞത് 425 ഡിഗ്രി സെൽഷ്യസെങ്കിലും താപനിലയിലാണുള്ളതെന്ന് പേടകത്തിലെ മൈക്രോവേവ്, ഇൻഫ്രാറെഡ് റേഡിയോമീറ്ററുകൾ വെളിപ്പെടുത്തിതന്നു, ഇത് അവിടെ ഏതെങ്കിലും തരത്തിലുള്ള ജീവന്റെ കണിയുണ്ടാകുമെന്ന പ്രതീക്ഷയെ ഇല്ലാതാക്കി. ശുക്രന്റെ പിണ്ഡത്തെകുറിച്ചും സൗരദൂരത്തെക്കുറിച്ചും കൂടുതൽ മെച്ചപ്പെട്ട വിവരങ്ങൾ മാരിനർ 2 നൽകി, പക്ഷേ അതിന് ഏതെങ്കിലും തരത്തിലുള്ള കാന്തികക്ഷേത്രമോ വികിരണവലയമോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.[80]

അന്തരീക്ഷ പ്രവേശനം

1966 മാർച്ച് 1 ന് സോവിയറ്റ് യൂണിയന്റെ വെനീറ 3 പേടകം ശുക്രനിലേക്ക് ഇടിച്ചിറങ്ങുകയുണ്ടായി. അതായിരുന്നു ശുക്രാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതും ശുക്രോപരിതലം സ്പർശിച്ചതുമായ ആദ്യത്തെ മനുഷ്യനിർമ്മിതവസ്തു, എങ്കിലും ഗ്രഹത്തെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ നൽകുന്നതിനു മുൻപ് അതിലെ ആശയവിനിമയ സംവിധാനം തകരാറിലായി.[81] പിന്നീട് വിക്ഷേപിക്കപ്പെട്ട വെനീറ 4 പേടകം 1967 ഒക്ടോബർ 18 ന് ശുക്രന്റെ അന്തരീക്ഷത്തിൽ പ്രവേശിക്കുകയും ഏതാനും പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. 500 ഡിഗ്രി സെൽഷ്യസാണ് ഉപരിതല താപനിലയെന്ന് മാരിനർ 2 കണക്കുകൂട്ടിയതിലും കൂടുതലാണ് ശുക്രനിലെ താപനിലയെന്ന് വെനീറ 4 കണ്ടെത്തി, കൂടാതെ അന്തരീക്ഷത്തിന്റെ 90 മുതൽ 95 വരെ ശതമാനവും കാർബൺ‌ഡൈഓക്സൈഡാണെന്നും മനസ്സിലാക്കുവാനായി. വെനീറ 4 രൂപകൽപ്പകർ ഉദ്ദേശിച്ചതിനേക്കാൾ സാന്ദ്രതയുള്ളതായിരുന്നു ശുക്രന്റെ അന്തരീക്ഷം, പാരച്യൂട്ടിൽ താഴെയിറങ്ങുവാനെടുത്ത കാലതാമസം കാരണം ഉപരിതലത്തിലെത്തുന്നതിനു മുൻപ് തന്നെ പേടകത്തിന്റെ ബാറ്ററികൾ തീർന്നിരുന്നു. 93 മിനുട്ടോളം നേരത്തേക്ക് താഴെയിറങ്ങുമ്പോൾ പെടകം വിവരങ്ങൾ അയച്ചിരുന്നു, അവസനം അയച്ച മാപന വിവരങ്ങളിൽ അന്തരീക്ഷ മർദ്ദം 18 ബാർ എന്നായിരുന്നു, ഉപരിതലത്തിൽ നിന്ന് 24.96 കിലോമീറ്റർ ഉയരത്തിലായിരുന്ന അവസ്ഥയിലായിരുന്നു ഇത്.[81]

ഒരു ദിവസം കഴിഞ്ഞ് 1967 ഒക്ടോബർ 19 ന് എത്തിച്ചേർന്ന മറ്റൊരു പേടകമായ മാരിനർ 5 ശുക്രന്റെ മേഘകൂട്ടങ്ങളിൽ നിന്ന് 4000 കിലോമീറ്ററിൽ കുറഞ്ഞ ഉയരെ സഞ്ചരിക്കുകയുണ്ടായി. ബുധനെ ലക്ഷ്യമാക്കിയുള്ള മരിനർ 4 ന് പിന്തുണയുമായി സൃഷ്ടിക്കപ്പെട്ടതായിരുന്നു മാരിനർ 5, ആ ദൗത്യം വിജയകരമായപ്പോൾ പേടകത്തെ ശുക്രദൗത്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു. മാരിനർ 2 ൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ കൃത്യമായി മാപനം നടത്തുവാൻ കഴിയുമായിരുന്ന പേടകത്തിലെ മാപിനികൾ ശുക്രാന്തരീക്ഷത്തിലെ മർദ്ദം, അതിലെ ഘടകങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയുണ്ടായി.[82] ശേഷമുള്ള വർഷം വെനീറ 4, മാരിനർ 5 എന്നീപെടകത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ സോവിയറ്റ്-അമേരിക്കൻ സം‌യുക്ത ശാസ്ത്രസംഘം വിശകലനത്തിനു വിധേയമാക്കി,[83] ആദ്യത്തെ ബഹിരാകാശ സഹകരണങ്ങൾക്ക് ഒരു ഉദാഹരണമായിത്തീർന്നു ഈ സംഭവം.[84]

വെനീറ 4 അയച്ചപ്പോഴുണ്ടായ അനുഭവങ്ങളും അതിൽനിന്നും ലഭിച്ച വിവരങ്ങളും ഉൾക്കൊണ്ട് 1969 ജനുവരിയിൽ സോവിയറ്റ് യൂണിയൻ അഞ്ചദിവസം ഇടവിട്ട് വെനീറ 5, വെനീറ 6 എന്നീ രണ്ട് പേടകങ്ങൾ വിക്ഷേപിച്ചു; ഒരു ദിവസത്തെ വ്യത്യാസത്തിൽ മേയ് 16 നും മേയ് 17 നുമായി അവ ശുക്രനിലെത്തിച്ചേർന്നു. 25 ബാർ മർദ്ദം വരെ താങ്ങാൻ കഴിയുന്ന രീതിയിലായിരുന്നു പേടകങ്ങൾ രൂപകല്പന ചെയ്യപ്പെട്ടത് കൂടാതെ അവ പെട്ടെന്ന് ഇറങ്ങുന്നതിനായി ചെറിയ പാരച്യൂട്ടുകൾ ഉപയോഗിക്കുകയും ചെയ്തു. അന്നുമുതൽ ഉപരിതല അന്തരീക്ഷമർദ്ദം 75 നും 100 നും ഇടയിലായിരിക്കുമെന്ന് അനുമാനിക്കുന്നു, രണ്ട് പേടകങ്ങളും ഇത്രയും മർദ്ദം താങ്ങാൻ പറ്റുന്ന രീതിയിലായിരുന്നില്ല നിർമ്മിക്കപ്പെട്ടിരുന്നത്. ഏതാണ്ട് അമ്പത് മിനുട്ടിൽ കൂടുതൽ നേരത്തേക്ക് അന്തരീക്ഷത്തിൽ പ്രവേശിച്ചതിനു ശേഷം വിവരങ്ങൾ അയച്ച രണ്ട് പേടകങ്ങളും ഉപരിതലത്തിലെത്തുന്നതിനു മുൻപ് ശുക്രന്റെ രാത്രിഭാഗത്ത് 20 കിലോമീറ്റർ ഉയരെവച്ച് തകരുകയായിരുന്നു.[81]

ഉപരിതലത്തിന്റെയും അന്തരീക്ഷത്തിന്റേയും ഘടന

പയനിയർ വീനസ് ഓർബിറ്റർ

ഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കുക എന്ന തീവ്രപരിശ്രമത്തിന്റെ ഭാഗമായായിരുന്നു വെനീറ 7 സൃഷ്ടിക്കപ്പെട്ടത്, അതിനാൽ തന്നെ ഇറങ്ങുമ്പോൾ 180 ബാർ മർദ്ദം വരെ താങ്ങാൻ ശേഷിയുള്ള മൊഡ്യൂൾ അതിൽ ഉൾപ്പെടുത്തിയിരുന്നു. പ്രവേശിക്കുന്നതിനു മുൻപ് ഈ മോഡ്യൂൾ തണുപ്പിച്ചിരുന്നു കൂടാതെ വേഗത്തിൽ 35 മിനുട്ട് കൊണ്ട് തന്നെ ഇറങ്ങുന്നതിനുവേണ്ടിയുള്ള പാരച്യൂട്ടും അതിൽ ഉൾപ്പെടുത്തിയിരുന്നു. 1970 ഡിസംബർ 15 അന്തരീക്ഷത്തിൽ പ്രവേശിച്ച് ഇറങ്ങുമ്പോൾ തന്നെ പാരച്യൂട്ടിന്റെ ഒരു ഭാഗം വേർപ്പെട്ട് എന്ന് കരുതുന്നു, അതിനാൽ തന്നെ ഗുരുതരമല്ലെങ്കിലും ഉപരിതലത്തിലേക്ക് ശക്തിയായി ഇടിച്ചു വീഴുകയായിരുന്നു. വശം കുത്തിയായിരിക്കാം പേടകം വീണത് അതുവഴി 23 മിനുട്ട് നേരത്തേക്ക് താപനിലയെ കുറിച്ചുള്ള ദുർബലമായ സിഗ്നലുകൾ പേടകം അയക്കുകയുണ്ടായി, മറ്റൊരു ഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്ന് യാന്ത്രികമായി മാപനം ചെയ്യപ്പെട്ട വിവരങ്ങൾ ആദ്യമായി ലഭിക്കുകയായിരുന്നു അതുവഴി സംഭവിച്ചത്.[81]

വെനീറ 8, 9, 10 പേടകങ്ങൾ അയച്ചുകൊണ്ട് വെനീറ സംരംഭം തുടർന്നു, ഇതിൽ വെനീറ 8 പേടകം 50 മിനുട്ട് നേരത്തേക്ക് വിവരങ്ങൾ അയക്കുകയുണ്ടായി, വെനീറ 9 ഉം വെനീറ 10 ഉം ആദ്യമായി ശുക്രോപരിതലത്തിന്റെ ചിത്രങ്ങൾ അയച്ചുതരുകയും ചെയ്തു. വെനീറ 9, 10 പേടകങ്ങൾ ഇറങ്ങിയ മേഖലകൾ രണ്ടും വ്യത്യസത സ്വഭാവത്തിലുള്ളതായിരുന്നു: വെനീറ 9 ഇറങ്ങിയത് 20 ഡിഗ്രിയോളം ചെരിവുള്ളതും സമീപത്ത് 30-40 സെന്റീമീറ്റർ വലിപ്പത്തിലുള്ള പാറകൾ നിറഞ്ഞ പ്രദേശത്തായിരുന്നു; വെനീറ 10 ഇറങ്ങിയ പ്രദേശം ബസാൾട്ട് പാറകൾ ഉള്ളതായിരുന്നു.[85]

അതേസമയം അമേരിക്കൻ ഐക്യനാടുകൾ അയച്ച മാരിനർ 10 ഗ്രാവിറ്റേഷനൽ സ്ലിംഗ്ഷോട്ടുവഴി ബുധനിലേക്കുള്ള സഞ്ചാരവഴിയേ ശുക്രനെ കടന്ന് സഞ്ചരിച്ചിരുന്നു. 1974 ഫെബ്രുവരി 5 ന് മാരിനർ 10 ശുക്രന്റെ 5790 കിലോമീറ്റർ അരികിലൂടെ കടന്നുപോയി, ഇങ്ങനെ കടന്നുപോകുമ്പോൾ പേടകം നാലായിരത്തിൽ കൂടുതൽ ചിത്രങ്ങൾ പകർത്തി അയക്കുകയുണ്ടായി. അതുവരെ ലഭിച്ചവയിൽ മികച്ചവയായിരുന്നു ആ ചിത്രങ്ങൾ, ദൃശ്യപ്രകാശത്തിലുള്ളവ പ്രത്യേകിച്ച് പ്രത്യേകതകളൊന്നും കാണിച്ചിരുന്നില്ല, പക്ഷേ അൾട്രാവയലെറ്റിലെടുത്തവ ഗ്രഹത്തിലെ മേഘങ്ങളുടെ കൂടുതൽ വ്യക്തമായ വിവരങ്ങൾ നൽകിയിരുന്നു അവ ഭൗമോപരിതലത്തിലെ നിരീക്ഷണങ്ങളിൽ നിന്ന് ലഭ്യമാകാത്ത തരത്തിലുള്ളതായിരുന്നു.[86]

രണ്ട് സംരംഭങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു അമേരിക്കയുടെ പയനിയർ വീനസ് പദ്ധതി.[87] ശുക്രനു ചുറ്റുമുള്ള ഒരു ദീർഘവൃത്താകാര പാതയിലുടെ 1978 ഡിസംബർ 4 ന് പയനിയർ വീനസ് ഓർബിറ്റർ വിക്ഷേപിക്കപ്പെട്ടു, ശേഷം പതിമൂന്ന് വർഷത്തോളം ശുക്രനെ പരിക്രമണം നടത്തി ഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ചും റഡാർ ഉപയോഗിച്ച് മാപ്പിംഗ് നടത്തി അതിന്റെ ഉപരിതലത്തെ കുറിച്ചും പഠനങ്ങൾ നടത്തുകയുണ്ടായി. പദ്ധതിയുടെ രണ്ടാം ഭാഗമായി നാല് പേടകങ്ങൾ അടങ്ങിയ പയനിയർ വീനസ് മൾട്ടിപ്രോബ് 1978 ഡിസംബർ 9 ന് ശുക്രന്റെ അന്തരീക്ഷത്തിലേക്ക് കടക്കുകയും അതിന്റെ ഘടന, വാതങ്ങൾ, താപബലരേഖകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്തു.[88]


പിന്നീടുള്ള നാല് വർഷങ്ങളിൽ നാല് വെനീറ പേടകങ്ങൾ കൂടി വിക്ഷേപിക്കപ്പെട്ടു, വെനീറ 11 ഉം വെനീറ 12 ഉം ശൂക്രനിലെ മിന്നലോടുകൂടിയ കൊടുങ്കാറ്റുകളെ തിരിച്ചറിയുവാൻ സഹായിച്ചു;[89] വെനീറ 13 ഉം 14 ഉം 1982 മാർച്ച് 1 നും മാർച്ച് 5 നുമായി ശുക്രനിൽ ഇടങ്ങുകയും ആദ്യമായി ഗ്രഹോപരിതലത്തിന്റെ വർണ്ണചിത്രങ്ങൾ പകർത്തി അയച്ചുതരികയും ചെയ്തു. ഈ നാല് പേടകങ്ങളും അന്തരീക്ഷത്തിന്റെ മുകൾതട്ടിലൂടെ ഊർന്നിറങ്ങുമ്പോൾ പാരച്യൂട്ടുകൾ ഉപയോഗിച്ചിരുന്നു, എങ്കിലും അന്തരീക്ഷത്തിന്റെ താഴെതട്ടിന് കട്ടി കൂടിയതുകാരണം അവ പേടകങ്ങൾക്ക് മയത്തോടെ ഇറങ്ങാൻ സഹായിക്കുന്ന തരത്തിൽ ഘർഷണം ചെലുത്തുമെന്നതിനാൽ ഉപരിതലത്തിന് 50 കിലോമീറ്റർ മുകളിൽ പാരച്യൂട്ടുകൾ ഉപേക്ഷിച്ചിരുന്നു. വെനീറ 13 ഉം 14 ഉം മണ്ണിന്റെ സാമ്പിളുകൾ പേടകത്തിൽ തന്നെയുള്ള എക്സ്-റേ ഫ്ലൂറസൻസ് സ്പെക്ട്രോമീറ്റർ ഉപയോഗിച്ച് വിശകനം ചെയ്തു, കൂടാതെ കൂട്ടിയിടി പേടകം ഉപയോഗിച്ച് മണ്ണ് എത്രത്തോളം സമ്മർദ്ദവിധേയമാക്കാം എന്ന്ന് കണ്ടെത്താൻ ശ്രമിക്കുകയുണ്ടായി.[89] നിർഭാഗ്യവശാൽ വെനീറ 14 തന്നെ വിക്ഷേപിച്ച സ്വന്തം ക്യാമയുടെ ലെൻസിന്റെ ആവരണത്തെ ഇടിക്കുകയും മണ്ണിനെ സ്പർശിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു.[89] 1983 ഒക്ടോബറിന് വെനീറ 15 ഉം 16 ഉം സിന്തറ്റിക്ക് അപ്പേർച്ച്വർ റഡാറുപയോഗിച്ച് ശുക്രോപരിതല സവിശേഷതളെ മനസ്സിലാക്കുന്നതിനായി ഗ്രഹത്തിനു ചുറ്റുമുള്ള പരിക്രമണപാതയിൽ വിക്ഷേപിക്കപ്പെട്ട് എത്തിച്ചേർന്നതോടെ വെനീറ സംരംഭം അതിന്റെ അന്ത്യത്തിലെത്തി.[90]

1985 ൽ സൗരയൂഥത്തിന്റെ ആന്തരഭാഗത്തിലുടെ ഹാലിയുടെ വാൽനക്ഷത്രം സഞ്ചരിച്ചപ്പോൾ അതിനെ നിരീക്ഷിക്കുവാനുള്ള സംരംഭങ്ങളെയും ശുക്രസംരംഭങ്ങളെയും ഒന്നിച്ചു നടത്തുവാൻ സോവിയറ്റ് യൂണിയന്‌ കഴിഞ്ഞിരുന്നു. ഹാലിയെ നിരീക്ഷിക്കുന്നതിനുള്ള യാത്രാമധ്യേ വെയ്ഗ പദ്ധതിയിൽപ്പെട്ട രണ്ട് ബഹിരാകാശവാഹനങ്ങളും വെനീറ പദ്ധതിയിൽ ചെയ്തതുപോലെ രണ്ട് പേടകങ്ങളെ അന്തരീക്ഷത്തിന്റെ മുകൾ തട്ടിലേക്ക് വിക്ഷേപിച്ചു, ഈ പേടകങ്ങൾ ബലൂൺ സഹായത്തോടെയുള്ള എയറോബോട്ടുകളെ അന്തരീക്ഷത്തിൽ എത്തിച്ചു (ഇതിൽ വെയ്ഗ 1 ന്റേത് ഭാഗികമായി പരാജമായിരുന്നു). ശുക്രന്തരീക്ഷത്തിൽ ഭൗമോപരിതലത്തിലെ താപനിലയ്ക്കും മർദ്ദത്തിനും സമാനമായതും ഉപരിതലത്തിൽ നിന്ന് 53 കിലോമീറ്റർ ഉയരത്തിലുള്ളതുമായ തലത്തിലേക്ക് ബലൂണുകൾ എത്തിച്ചേരുകയുമുണ്ടായി. ശേഷം 46 മണിക്കൂറോളം അവ പ്രവർത്തനനിരതമാകുകയും മുൻപ് കരുതിയിരുന്നതിൽ നിന്നും വ്യത്യസ്തമായി ശുക്രന്റെ അന്തരീക്ഷം കൂടുതൽ പ്രക്ഷുബ്ധമാണെന്നും ശക്തമായ വാതകങ്ങളും ശക്തിയേറിയ സംവഹന സ്തംഭവും ഉള്ളതാണെന്ന് കണ്ടെത്തുകയും ചെയ്തു.[91][92]

റഡാർ മാപ്പിങ്ങ്

ശുക്രന്റെ ഉപരിതലത്തിന്റെ വിന്യാസം കാണിക്കുന്ന മഗല്ലൻ പേടകത്തിലെ റഡാർ വഴി തയ്യാറാക്കിയ ചിത്രം (ഫാൾസ് കളർ).

റഡാറുപയോഗിച്ച് ശുക്രന്റെ ഉപരിതലം മാപ്പ് ചെയ്യുക എന്ന ലക്ഷ്യത്തോടെ 1989 മേയ് 4 ന് അമേരിക്കൻ ഐക്യനാടുകൾ മഗല്ലൻ പേടകം വിക്ഷേപിച്ചു.[22] നാലര വർഷത്തെ പ്രവർത്തനം കൊണ്ട് അത് പകർത്തിയ ഉയർന്ന റസല്യൂഷനിലുള്ള ചിത്രങ്ങൾ അതിനു മുൻപ് എടുത്ത ചിത്രങ്ങളേക്കാൾ മെച്ചമുള്ളതും മറ്റ് ഗ്രഹങ്ങളുടെ ദൃശ്യപ്രകാശത്തിലുള്ള ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ളതുമായിരുന്നു. മഗല്ലൻ പേടകം ശുക്രോപരിതലത്തിന്റെ 98 ശതമാനം റഡാറുപയോഗിച്ച് മാപനം നടത്തി[93] കൂടെ ഗുരുത്വക്ഷേത്രത്തിന്റെ 95 ശതമാനവും മാപ്പിങ്ങ് നടത്തുകയുണ്ടായി. 1994 പദ്ധതിയുടെ അന്ത്യത്തോടെ മഗല്ലൻ പേടകത്തെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശുക്രന്റെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവിട്ടു, അത് അന്തരീക്ഷത്തിന്റെ സാന്ദ്രത മനസ്സിലാക്കാനുള്ള ഒരു വഴികൂടിയായിരുന്നു.[94] മറ്റ് ഗ്രഹങ്ങളിലേക്കുള്ള് യാത്രമധ്യേ ഗലീലിയോ, കാസ്സിനി പേടകങ്ങൾ ശുക്രനെ നിരീക്ഷിച്ചിട്ടുണ്ട്, എങ്കിലും മഗല്ലൻ പേടകമാണ് ശുക്രനെ നിരീക്ഷിക്കുന്നതിന് പ്രത്യേകം നിയോഗിക്കപ്പെട്ട അവസാനത്തേത്.[95][96]

നിലവിലെയും ഭാവിയിലെയും പദ്ധതികൾ

യൂറോപ്യൻ ബഹിരാകാശ ഏജൻസി രൂപകൽപ്പന ചെയ്തു നിർമ്മിച്ച ബഹിരാകാശപേടകമാണ് വീനസ് എക്സ്പ്രസ്സ്. 2005 നവംബർ 9 ന് സ്റ്റാർസെം കമ്പനി നിർമ്മിച്ച സോയുസ്-ഫ്രീഗാറ്റ് റോക്കറ്റിലേറ്റി വിക്ഷേപിച്ച ഇത് ശുക്രന്റെ ധ്രുവങ്ങൾക്ക് മുകളിലൂടെയുള്ള പരിക്രമണപഥത്തിൽ 2006 ഏപ്രിൽ 11 ന് എത്തിച്ചേർന്നു.[97] നിലവിൽ പേടകം ശുക്രാന്തരീക്ഷത്തേയും അതിലെ മേഘങ്ങളെയും കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്, ഗ്രഹത്തിന്റെ പ്ലാസ്മയും ഉപരിതല സവിശേഷതകളും അതിലെ താപനിലകളും ഇത് പഠനവിധേയമാക്കും. 500 ഭൗമദിനങ്ങൾക്ക് തുല്യമായ കാലദൈർഘ്യത്തേക്ക് പ്രവർത്തിക്കുവാൻ വേണ്ടി ഉദ്ദേശിച്ചായിരുന്നു പേടകം വിക്ഷേപിക്കപ്പെട്ടത്, ഈ കാലയളവ് രണ്ട് ശുക്രവർഷത്തിനു തുല്യമാണ്.[97] ശുക്രന്റെ ദക്ഷിണധ്രുവത്തിൽ ഭീമാകാരമായ ഇരട്ട വായുസ്തംഭമുണ്ടെന്ന വിവരമാണ് വീനസ് എക്സ്പ്രസ് വിക്ഷേപണത്തെ തുടർന്ന ലഭിച്ച ആദ്യം ലഭിച്ചവയിലൊന്ന്.[97]

നാസ വിക്ഷേപിച്ച മെസ്സഞ്ചർ പേടകം ബുധനിലേക്കൂള്ള സഞ്ചാരത്തിൽ 2006 ഒക്ടോബറിലും 2007 ജൂണിലുമായി രണ്ട് തവണ ശുക്രനടുത്തുകൂടി സഞ്ചരിച്ചിട്ടുണ്ട്, ബുധനരികെയുള്ള പരിക്രമണപഥത്തിൽ പ്രവേശിക്കുന്നതിനായി വേഗത കുറയ്ക്കാൻ വേണ്ടിയായിരുന്നു അത്. ഈ രണ്ട് സന്ദർഭങ്ങളിലും മെസ്സഞ്ചർ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടായിരുന്നു.[98] യൂറോപ്യൻ ബഹിരാകാശ ഏജൻസി ബുധനിലേക്ക് ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്, 2019 ൽ ബുധനിലെത്തുമെന്ന് കരുതുന്ന ഇത് സഞ്ചാരമധ്യേ 2013 ഓഗസ്റ്റിൽ ശുക്രന് സമീപത്തുകൂടെ സഞ്ചരിക്കും.[99]

സ്റ്റിർലിങ്ങ് യാന്ത്രികത വഴി ശീതികരിക്കപ്പെടുന്ന നാസയുടെ വീനസ് റോവർ ശുക്രോപരിതലത്തിൽ ഇറങ്ങിയത് കലാകാരന്റെ ഭാവനയിൽ.

ഭാവിയിലും സംരംഭങ്ങൾ നടത്താൻ പദ്ധതിയിട്ടുണ്ട്. ശുക്രനിലെ കാലാവസ്ഥയെ കുറിച്ച് പഠിക്കുവാൻ പ്ലാനെറ്റ്-സി (PLANET-C) എന്ന പേടകം 2010 ൽ വിക്ഷേപിക്കുന്നതിനായി ജപ്പാന്റെ ജാക്സ (JAXA) ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.[100] ഗ്രഹത്തിന്റെ ഉപരിതലത്തിലെ റീഗോലിത്തിന്റെ പദാർത്ഥഘടനയെകുറിച്ച് അറിയുന്നതിനായി നാസ അതിന്റെ ന്യൂ ഫ്രൊണ്ടിയർ പ്രോഗ്രാമിന്റെ കീഴിൽ വീനസ് ഇൻ-സിതു എക്സ്പ്ലോറർ (Venus In-Situ Explorer) എന്ന സംരംഭം മുന്നോട്ട് വച്ചിട്ടുണ്ട്. ഉപരിതലത്തിൽ തുരക്കാനും പാറയുടെ സാമ്പിളെടുത്ത് പരിശോധിക്കുവാനുമുള്ള ഉപകരണങ്ങൾ ഈ പേടകത്തിലുണ്ടാകും, അതുവഴി ശുക്രനിലെ വളരെ മോശമായി കാലാവസ്ഥയുടെ സ്വാധീനമേൽക്കാത്ത ഉപരിതലത്തിന്റെ ഭാഗം പരിശോധിക്കാനാകും. ശുക്രനിലേക്കയക്കാൻ റഷ്യ പദ്ധതിയിട്ടിരിക്കുന്ന പേടകമാണ് വെനീറ-ഡി (റഷ്യൻ: Венера-Д), 2016 ൽ വിക്ഷേപിക്കപ്പെടുന്ന ഇത് വിദൂരനിയന്ത്രണത്തോടെ ഗ്രഹോപരിതലത്തിൽ പ്രവർത്തിക്കുന്നതായിരിക്കും, മുൻ‌കാല വെനീറ പേടകങ്ങളെ മാതൃകയാക്കി നിർമ്മിച്ചിരിക്കുന്ന ഇത് ഉപരിതലത്തിൽ നീണ്ട സമയത്തേക്ക് പ്രവർത്തിക്കാൻ കഴിയുന്നതായിരിക്കും. റോവറുകൾ, ബലൂണുകൾ, എയോപ്ലെയിനുകൾ എന്നിവ ഉപയോഗപ്പെടുത്തുന്നതും മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്.[101]

സംസ്കാരങ്ങളിൽ

പശ്ചാത്യസംസ്കാരത്തിൽ ശുക്രന് മാത്രമാണ് ഗ്രഹങ്ങളിൽ സ്ത്രീനാമമുള്ളത്,[a] എങ്കിലും കുള്ളൻ ഗ്രഹങ്ങളായ സീയറീസ്, ഈറിസ്, ഹൗമിയ എന്നിവയ്ക്കും ആദ്യം കണ്ടെത്തിയ പല ക്ഷുദ്രഗ്രഹങ്ങൾക്കും[102] സ്ത്രീനാമങ്ങളാണ് നൽകപ്പെട്ടിരിക്കുന്നത്.

ആദ്യകാല ധാരണകൾ

The Mayan Dresden Codex, which calculates Venus's appearances

ആകാശത്തിലെ തിളക്കമുള്ള വസ്തുക്കളിലൊന്നായതിനാൽ തന്നെ പുരാതനകാലം മുതലേ അറിയപ്പെടുന്ന ഈ ഗ്രഹം മനുഷ്യസംസ്കാരങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. ബി.സി. 1600 ലേതെന്ന് കരുതപ്പെടുന്ന അമ്മിസദൂഖയുടെ ശുക്രഫലകം (Venus tablet of Ammisaduqa) പോലെയുള്ള ബാബിലോണിയൻ ക്യൂണിഫോം ലിഖിതങ്ങളിൽ ശുക്രനെ കുറിച്ചുള്ള വിവരണങ്ങളുണ്ട്.[103] ശുക്രനെ ബാബിലോണിയയിൽ ഇഷ്തർ എന്നുപേരായ ഗ്രഹമായിട്ടണ് (സുമേറിയനിൽ ഇനാന്ന) കാണപ്പെടുന്നത്, സ്ത്രൈണതയുടേയും, പ്രേമത്തിന്റേയും ദേവതയാണ് ഇത്.[104]

പുരാതന ഈജിപ്തുകാർ ശുക്രനെ പ്രഭാത നക്ഷത്രമായ തിമോത്തിരി (Tioumoutiri), സന്ധ്യാനക്ഷത്രമായ ഒയൈതി (Ouaiti) എന്നിങ്ങനെ രണ്ട് വ്യത്യസ്തവസ്തുക്കളായാണ് കരുതിയിരുന്നത്.[105] അതുപോലെ തന്നെ പുരാതന ഗ്രീക്കുകാരും കരുതിയിരുന്നു, അവർ പ്രഭാത നക്ഷത്രമായ ഫോസ്ഫോറസ് (Phosphorus) എന്നും സന്ധ്യാനക്ഷത്രമായ ഹെസ്പെറസ് (Hesperus) എന്നു അവയെ വിളിച്ചു. ഹെല്ലെനിക്ക് കാലമെത്തിയപ്പോഴേക്കും അവ രണ്ടും ഒന്നു തന്നെയാണെന്ന് ഗ്രീക്കുകാർ മനസ്സിലാക്കുകയും[106][107] ശേഷം പ്രണയത്തിന്റെ ദേവതയായ അഫ്രോഡിറ്റെ (Aphrodite) എന്നു വിളിക്കുകയും ചെയ്തു.[108] ഹെസ്പെറസ് എന്നത് ലത്തീനിൽ വെസ്പെർ എന്നും ഫോസ്ഫോറൊസ് എന്നത് ല്യൂസിഫർ എന്നു തർജ്ജുമ ചെയ്യപ്പെട്ടിരിക്കാം, ല്യൂസിഫർ എന്നത് പിന്നീട് സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ട് താഴെ വീണ മാലാഖയെ സൂചിപ്പിക്കുവാൻ കാവ്യങ്ങളിൽ ഉപയോഗിക്കപ്പെടുകയുണ്ടായി. ഗ്രീക്കുകാരിൽ നിന്നും വിശ്വാസങ്ങളും ദേവതകളേയും കടംകൊണ്ട റോമക്കാർ ശുക്രനെ അവരുടെ പ്രണയത്തിന്റെ ദേവതയായ വീനസ് എന്നു വിളിക്കുകയായിരുന്നു.[109]

പേർഷ്യൻ ഐതിഹ്യങ്ങളിൽ ഗ്രഹത്തെ അനഹിത (Anahita) എന്ന ദേവതയുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. പഹ്‌ലവി ലിഖിതങ്ങളുടെ ചില ഭാഗങ്ങളിൽ അരേദ്‌വി സുറ, അനഹിത എന്നീ ദേവതകളെ രണ്ട് വ്യത്യസ്ത ബിംബങ്ങളായാണ് കരുതുന്നത്, അരേദ്‌വി സുറയെ ഐതിഹ്യത്തിലെ ഒരു നദിയുടെ വ്യക്തിരൂപമായും അനഹിതയെ പ്രജനനത്തിന്റെ ദേവതയായി കണക്കാക്കുന്നു ഇതിനെ ശുക്രനുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ചില വിവരണങ്ങളിൽ അരേദ്‌വി സുറ അനഹിത എന്നപേരിൽ ഒരു ദേവതയായി വിവരിക്കപ്പെട്ടിരിക്കുന്നു. നിലവിൽ പേർഷ്യനിൽ ഈ ഗ്രഹത്തിനെ “നഹിദ്” എന്നാണ് വിളിക്കുന്നത്, പിൽക്കാലത്തെ പഹ്‌ലവി ഭാഷയിലെ അനഹിദ് എന്ന വാക്കായിത്തീർന്ന അനഹിത എന്നതിൽ നിന്നാണ് ഇതുരുത്തിരിഞ്ഞിരിക്കുന്നത്.[110][111][112][113]

മായൻ സംസ്കാരത്തിൽ ശുക്രന് വലിയ പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നു, ഇതിന്റെ ചലനത്തെ ഉപയോഗപ്പെടുത്തിയുള്ള കാലഗണനരീതിയും അവർ വികസിപ്പിച്ചെടുത്തിരുന്നു, യുദ്ധം പോലെയുള്ള പലകാര്യങ്ങളും അതിനനുസരിച്ച് അവർ കണക്കാക്കുകയും ചെയ്തു. അവർ ഇതിനെ നോഹ് എക് (Noh Ek) (മഹത്തായ നക്ഷത്രം) എന്നും സുക് എക് (Xux Ek) എന്നും വിളിച്ചു. ഗ്രഹത്തിന്റെ പരിക്രമണദൈഘ്യത്തെ കുറിച്ചറിവുള്ളവരായിരുന്നു മായന്മാർ, ദിവസത്തിന്റെ നൂറിലൊന്ന് ഭാഗം വരെ കണക്കാക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.[114] മാസയി ജനത ഗ്രഹത്തെ കിലെകെൻ എന്നാണ് വിളിച്ചിരുന്നത്, അനാഥബാലൻ എന്നാണ് അതിന്റെ അർത്ഥം.[115]

“ശുക്ര” എന്നാണ് സംസ്കൃതത്തിൽ ശുക്രനെ വിളിക്കുന്നത്

ജീവശാസ്ത്രത്തിൽ സ്ത്രീലിംഗത്തെ കുറിക്കുവാൻ ഉപയോഗിക്കുന്ന ഒരു വൃത്തവും അതിനുതാഴെ ഒരു ക്രോസും ഉള്ളതായ ചിഹ്നം തന്നെയാണ് ജ്യോതിശാസ്ത്രത്തിലും ശുക്രനെ കുറിക്കുവാൻ ഉപയോഗിക്കുന്നത്.[116] ഈ ചിഹ്നം സ്ത്രൈണതയെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്നു, പാശ്ചാത്യ ആൽക്കെമിയിൽ ഈ ചിഹ്നം ലോഹമായ ചെമ്പിനെ സൂചിപ്പിക്കുവാൻ ഉപയോഗിക്കപ്പെട്ടു.[116] മധ്യകാലം മുതലേ യൂറോപ്പിൽ മിനുസപ്പെടുത്തിയ ചെമ്പ് കണ്ണാടിയായി ഉപയോഗിക്കപ്പെട്ടിരുന്നു, ദേവതയുടെ കണ്ണാടിയായി സൂചിപ്പിക്കാൻ ചിലപ്പോൾ ഉപയോഗിക്കപ്പെട്ടതായിരിക്കാം ശുക്രന്റെ ചിഹ്നം.[116]

ശാസ്ത്രകഥകളിൽ

ശുക്രനെ പൊതിഞ്ഞു നിൽക്കുന്ന മേഘങ്ങൾ ശുക്രന്റെ ഉപരിതലം നേരിട്ട് വിക്ഷിക്കുന്നതിനെ അനുവദിക്കുന്നില്ല. ഇത് ശാസ്ത്രകഥാകാരന്മാരെ വ്യത്യസ്ത കഥകൾ മെനെഞ്ഞെടുക്കാൻ പ്രചോദിപ്പിച്ചിരുന്നു; വലിപ്പത്തിൽ ഭൂമിയോട് സാമ്യമുണ്ടെന്ന് മാത്രമല്ല അതിന് അന്തരീക്ഷമുണ്ടെന്നുമുള്ള ആദ്യകാല നിരീക്ഷണ അറിവുകൾ പുറത്തുവന്നപ്പോൾ ഇത്തരം കഥകൾ വർദ്ധിക്കുകയും ചെയ്തു. ഭൂമിയേക്കാൾ സൂര്യനോട് അടുത്തായതിനാൽ ചൂട് കൂടുതലായിരിക്കുമെങ്കിലും മനുഷ്യവാസത്തിന് യോഗ്യമാണ് ശുക്രനെന്ന് ചിത്രീകരിക്കപ്പെട്ടു.[117] കെട്ടുകഥകൾ കൂടുതൽ പുറത്തുവന്നത് 1930 കൾക്കും 1950 കൾക്കും ഇടയിലാണ്, അക്കാലത്താണ് ശുക്രനെ കുറിച്ചുള്ള കുറച്ച് ശാസ്ത്രീയ അറിവുകൾ പുറത്തുവന്നത്, എങ്കിലും ശുക്രോപരിതലത്തിന്റെ മോശം അവസ്ഥയെപ്പറ്റി അറിവ് ലഭിച്ചിരുന്നില്ല. ആദ്യത്തെ ശുക്രസംരംഭത്തിൽ തന്നെ യഥാർത്ഥ്യം വളരെ വ്യത്യസ്തമാണെന്ന് മനസ്സിലായി, ഇത് ഇത്തരം കെട്ടുകഥകൾക്ക് ഒരറുതിവരുത്തുകയും ചെയ്തു.[118] ശുക്രനെ കുറിച്ചുള്ള ശാസ്ത്രീയ അറിവിൽ മുന്നേറ്റമുണ്ടായതോടെ കഥകൾ മറ്റുതലത്തിലേക്ക് കൊണ്ടുപോകുവാനുള്ള ശ്രമമായി, പ്രത്യേകിച്ച് മനുഷ്യൻ ശുക്രനിലേക്ക് കുടിയേറുന്നതായി പിന്നീടുള്ള കഥകളിലധികവും.[119]

കോളനിവൽക്കരണം

വളരെ മൊശം അവസ്ഥയാണ് ഉപരിതലത്തിന്റേത് എന്നതിനാൽ നിലവിലെ സാങ്കേതികവിദ്യ അടുത്തകാലത്തൊന്നും ശുക്രനിലേക്കുള്ള കുടിയേറ്റത്തെ സഹായിക്കാൻ പര്യാപ്തമല്ല. എങ്കിലും ഭാവിയിൽ ശുക്രാന്തരീക്ഷത്തിൽ ഒഴുകും നഗരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് അനുമാനിക്കപ്പെടുന്നു.[120] അന്തരീക്ഷത്തിൽ ഉപരിതലത്തിന് ഏതാണ്ട് 50 കിലോമീറ്റർ മുകളിലെ മർദ്ദവും താപനിലയും ഭൂമിയിലെ ഉപരിതലത്തോട് സാമ്യമുള്ള തരത്തിലുള്ളതാണെന്ന് അറിവാണ് ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. അന്തരീക്ഷത്തിൽ തങ്ങിനിൽക്കാവുന്ന എയറോസ്റ്റാറ്റുകൾ വഴി സ്ഥിര മനുഷ്യവാസത്തിന് വേണ്ടിയുള്ള പര്യവേക്ഷണങ്ങൾ നടത്താൻ കഴിയുമെന്ന് വിഭാവനം ചെയ്യപ്പെടുന്നു.[120] പക്ഷേ ആ ഉയരങ്ങളിൽ വാതകാവസ്ഥയിൽ ഉയർന്ന അളവിലുള്ള അമ്ലങ്ങളുടെ സാന്നിധ്യം ചെറിയ സമയത്തേക്കുപോലുമുള്ള വാസത്തെ പോലും അനുവദിക്കുകയില്ലെന്ന് കരുതുന്നവരുമുണ്ട്.[120]

ഇതും കാണുക

കുറിപ്പുകൾ

അവലംബം

സൗരയൂഥം
സൂര്യൻബുധൻശുക്രൻചന്ദ്രൻഭൂമിഫോബോസും ഡെയ്മോസുംചൊവ്വസെറെസ്ഛിന്നഗ്രഹവലയംവ്യാഴംവ്യാഴത്തിന്റെ ഉപഗ്രഹങ്ങൾശനിശനിയുടെ ഉപഗ്രഹങ്ങൾയുറാനസ്യുറാനസിന്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺറ്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺകാരോൺപ്ലൂട്ടോകുയ്പർ വലയംഡിസ്നോമിയഈറിസ്The scattered discഊർട്ട് മേഘം
നക്ഷത്രം: സൂര്യൻ
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ്
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം
"https:https://www.search.com.vn/wiki/index.php?lang=ml&q=ശുക്രൻ&oldid=4071302" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്