സെങ്ങ് ഹേ

ചൈനീസ് നാവികനും പര്യവേഷകനും നയ്തന്ത്രജ്ഞനും, സൂഫി മിഷനറിമാരിൽ പ്രമുഖനും, [1] [2] [3] നാവിക അഡ്മിറലുമായിരുന്നു സെങ്ങ് ഹേ (traditional Chinese: 鄭和; simplified Chinese: 郑和; pinyin: Zhèng Hé; Wade-Giles: Cheng Ho; Birth name: 馬三寶 / 马三宝; pinyin: Mǎ Sānbǎo; ) (1371–1433). 1405 മുതൽ 1433 വരെയുള്ള കാലയളവിൽ അദ്ദേഹം നടത്തിയ യാത്രകളെ ചേർത്ത് പടിഞ്ഞാറൻ സമുദ്രത്തിലേക്ക് ഹിജഡയായ സൻബാവോ എന്നും പടിഞ്ഞാറൻ സമുദ്രത്തിലേക്ക് സെങ്ങ് ഹേ എന്നും പറയുന്നു. നാവികനായ സിന്ദ്ബാദിനെക്കുറിച്ചുള്ള കഥകൾ യഥാർത്ഥത്തിൽ സെങ്ങ് ഹേയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയപ്പെടുന്നു[4][5]

മലേഷ്യയിലെ മലാക്കയിലുള്ള സ്റ്റാഡ്ത്യൂസ് മ്യൂസിയത്തിലെ സാങ്ങ് ഹേയുടെ പ്രതിമ

ജീവിതരേഖ

1371-ൽ ഇന്നത്തെ യുന്നാൻ പ്രവിശ്യയിലാണ് സെങ്ങ് ഹേ ജനിച്ചത്.യുവാൻ സാമ്രാജ്യത്തിന്റെ അവസാന ശക്തികേന്ദ്രമായിരുന്നു അക്കാലത്ത് അത്. മുസ്ലിമായിരുന്നു[6].

മിങ്ങിന്റെ ചരിത്രം അനുസരിച്ച് മാ സാൻബാഓ (馬三保) എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. ഇന്നത്തെ ജിന്നിങ്ങിലുള്ള കുന്യാങ്ങിലായിരുന്നു ജനനം. ഇന്ന് ഉസ്ബെക്കിസ്താന്റെ ഭാഗമായ ബുഖാറായിൽ നിന്ന് വന്ന, യുന്നാൻ പ്രവിശ്യയുടെ യുവാൻ ഗവർണ്ണറായിരുന്ന, സയ്യിദ് അജ്ജൽ ഷംസുദ്ദീൻ ഉമറിന്റെ ആറാം തലമുറക്കാരനായിരുന്നു. ഷംസുദ്ദീന്റെ അഞ്ചാമത്തെ മകനായ മാസൂഹിന്റെ (മൻസ്വൂർ) പേരിൽ നിന്നാണ് മാ എന്ന കുടുംബനാമമുണ്ടായത്. ഹേയുടെ പിതാവായ മിർ ടെകിൻ, പിതാമഹനായ ചരാമദ്ദീൻ എന്നിവർ മക്കയിൽ ചെന്ന് ഹജ്ജ് നിർവ്വഹിച്ചിട്ടുണ്ടായിരുന്നു.

1381-ൽ യുവാൻ സാമ്രാജ്യത്തിന്റെ പതനത്തോടെ മിങ്ങ് പട്ടാളം മംഗോൾ വിപ്ലവകാരിയായ ബസലവർമിയെ പരാജയപ്പെടുത്താനായി യുന്നാനിലേക്ക് വന്നു. പതിനൊന്ന് വയസ്സു മാത്രം പ്രായമുണ്ടായിരുന്ന മാ സൻബാവോ പിടിക്കപ്പെടുകയും ഹിജഡയായി മാറ്റപ്പെടുകയും ചെയ്തു. രാജകൊട്ടാരത്തിലേക്ക് അയക്കപ്പെട്ട അദ്ദേഹം യോംഗിൾ ചക്രവർത്തിയുടെ വിശ്വസ്ത ഉപദേഷ്ടാവായി മാറി. തന്റെ മുൻഗാമിയായിരുന്ന ജിയാൻവെൻ ചക്രവർത്തിയെ പുറത്താക്കാൻ സഹായിച്ചതിന് യോംഗിൾ ചക്രവർത്തി അദ്ദേഹത്തിന് സെങ്ങ് ഹേ എന്ന് പേരു നൽകി.

പര്യവേഷണങ്ങൾ

സെങ് ഹേയുടെ കപ്പൽ വ്യൂഹത്തിന്റെ ഏഴാം യാത്രയുടെ റൂട്ട്.
കട്ടിയുള്ള വര: പ്രധാന കപ്പൽ വ്യൂഹം
ഇടവിട്ട വര: ഹുവാങ് ബാവോയുടെ കപ്പലുകൾ പോയിരിക്കാൻ സാദ്ധ്യതയുള്ള പാത
കുത്തുകൾ കൊണ്ടുള്ള വര: മാ ഹുവാൻ ഉൾപ്പെടെയുള്ള ഏഴു നാവികർ കോഴിക്കോട് മുതൽ മക്ക വരെ ഒരു നാടൻ കപ്പലിൽ യാത്ര ചെയ്ത പാത. സെങ്ങ് ഹേ സന്ദർശിച്ച പട്ടണങ്ങൾ ചുവപ്പു നിറത്തിൽ കാണിച്ചിരിക്കുന്നു.
പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ സമയത്തുള്ള മരം കൊണ്ടുള്ള അച്ചുപയോഗിച്ചുള്ള പ്രിന്റ്. സെങ്ങ് ഹേയുടെ കപ്പലുകളാണിതിൽ എന്ന് കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്]

യുവാൻ രാജവംശത്തിന്റെ വളർച്ചയും ചൈനയും അറബ് രാജ്യങ്ങളുമായി വികസിച്ചുകൊണ്ടിരുന്ന കച്ചവടവും ചൈനക്കാർക്ക് ലോകത്തെ സംബന്ധിച്ചുള്ള അറിവ് വർദ്ധിപ്പിച്ചിരുന്നു. ലോകഭൂപടങ്ങൾ പണ്ടുകാലത്ത് ചൈനയും അടുത്തുള്ള കടലുകളും മാത്രമാണ് ചിത്രീകരിച്ചിരുന്നതെങ്കിൽ പതിയെ അറേബ്യയും ആഫ്രിക്കയും മറ്റും ഏറെക്കുറെ കൃത്യമായി പുതിയ മാപ്പുകളിൽ ചിത്രീകരിക്കപ്പെടാൻ തുടങ്ങി. [7] 1405 മുതൽ 1433 വരെ മിംഗ് സർക്കാർ ഏഴ് നാവിക പര്യവേഷണങ്ങൾക്ക് പണം മുടക്കി. ഹോങ്വു ചക്രവർത്തിയുടെ ആഗ്രഹങ്ങളെ മറികടന്നാണ് യോങ്ലി ചക്രവർത്തി [8] ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യാപാരത്തിൽ തങ്ങളുടെ സ്ഥാനമുറപ്പിക്കാനും അവിടത്തെ രാജ്യങ്ങളെ തങ്ങളുടെ ശക്തി ബോദ്ധ്യപ്പെടുത്താനുമായി ഈ പദ്ധതി നടപ്പിലാക്കിയത്. ആദ്യ യാത്രകൾ ജിനാവെൻ ചക്രവർത്തി എന്ന തന്റെ പൂർവ്വികനെ പിടികൂടുവാനായിരുന്നു. [7][9]

ഈ യാത്രകളിൽ സെങ്ങ് ഹേ നയിച്ചിരുന്നത് വലിയൊരു കപ്പൽപ്പടയെയും സൈന്യത്തെയുമായിരുന്നു. വാങ് ജിങ്ഹോങ് ആയിരുന്നു ഇദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥൻ. യാത്രയിൽ കൂടെക്കൂട്ടാനാവശ്യമായ ഭാഷാവിദഗ്ദ്ധരെ പരിശീലിപ്പിക്കാനായി നാങിങിൽ ഒരു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയുണ്ടായത്രേ. [7] 1405 ജൂലൈ 11-നായിരുന്നു ആദ്യ യാത്ര. സുഷോവ്[10]:203 എന്നസ്ഥലത്തുനിന്നായിരുന്നു ഇതാരംഭിച്ചത്. കപ്പൽപ്പടയിൽ 317 കപ്പലുകളുണ്ടായിരുന്നു.[11][12][13] ആകെ നാവികർ 28,000 പേരുണ്ടായിരുന്നു.[11]

ബ്രൂണൈ, തായ്ലാന്റ്, ദക്ഷിണപൂർവ്വേഷ്യ, ഇന്ത്യ, ഹോൺ ഓഫ് ആഫ്രിക്ക, അറേബ്യ എന്നിവിടങ്ങൾ ഇവർ സന്ദർശിച്ചു. പല ചരക്കുകളും ഇവർ വിതരണം ചെയ്യുകയും സ്വീകരിക്കുകയും ചെയ്തു. [13] സ്വാഹിലി തീരത്ത് സ്വർണ്ണം, വെള്ളി, പോർസലിൻ, പട്ട് എന്നിവ നൽകിയപ്പോൾ ചൈനയ്ക്ക് തിരികെക്കിട്ടിയത് ഒട്ടകപ്പക്ഷികൾ, സീബ്രകൾ, ഒട്ടകങ്ങൾ, ആനക്കൊമ്പ് എന്നിവയാണ്. [10]:206[13][14][15][16] സെങ് ഹെ തിരികെക്കൊണ്ടുചെന്ന ജിറാഫ് ഒരു ക്വിൻ (മാന്ത്രിക ജീവിയായ ഒരു കൈമേറ) ആണെന്നായിരുന്നു ഭരണകൂടം കരുതിയത്. ഇത് സ്വർഗ്ഗത്തിൽ നിന്ന് ഭരണകൂടത്തിനു ലഭിച്ച സ്വീകാര്യതയുടെ തെളിവായി ഉദ്ഘോഷിക്കപ്പെട്ടു. [17]

സെങ്ങ് ഹേയുടെ പട വളരെ വലുതായിരുന്നുവെങ്കിലും ഇദ്ദേഹം യാത്ര ചെയ്ത പാത പഴയതായിരുന്നു. കാലങ്ങളായി അറേബ്യയും ചൈനയും തമ്മിൽ വ്യാപാരം നടന്നിരുന്നത് ഈ വഴിയിലായിരുന്നു. ഹാൻ രാജവംശത്തിന്റെ കാലം മുതൽക്കെങ്കിലും ഈ വഴി അറിയപ്പെട്ടിരുന്നു. ഈ വസ്തുതയും യാത്രയിൽ ധാരാളം സൈനികർ കൂടെയുണ്ടായിരുന്നതും ചൈനയുടെ ശക്തി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമം ഈ യാത്രകൾക്കുപിന്നിൽ ഉണ്ടായിരുന്നു എന്ന സംശയം ഉന്നയിക്കപ്പെടാൻ കാരണമായിട്ടുണ്ട്. [18] മൂന്നു രാജ്യങ്ങളുടെ സമയത്ത് വു രാജ്യം കിഴക്കൻ റോമാസാമ്രാജ്യം വരെയെത്തിയ നാവിക പര്യവേഷകരെ അയച്ചിരുന്നുവത്രേ. നൂറ്റാണ്ടുകൾ നീണ്ട ഇടവേളയ്ക്കുശേഷം സോങ് രാജവംശം ഇന്ത്യൻ മഹാസമുദ്രവും ദക്ഷിണ പസഫിക്കുമായുള്ള നാവികബന്ധങ്ങൾ പുനസ്ഥാപിച്ചു. കിഴക്കൻ ആഫ്രിക്ക വരെ ഇവർ ബന്ധപ്പെട്ടിരുന്നു.[19] ഇവർ മലാക്കയിലെത്തിയപ്പോൾ, അവിടെ ഒരു വലിയ ചൈനീസ് സമൂഹം താമസമുള്ളതായി കണ്ടു. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങളുടെ പൊതു സർവേ (瀛涯勝覽, Yíngyá Shènglǎn) എന്ന പുസ്തകം രചിച്ച മാ ഹുവാൻ (1416) ജനങ്ങളുടെ സ്വഭാവവും ജീവിതവും വിവരിക്കുന്നുണ്ട്. [20] "ടാങ്" (唐人, Tángrén) എന്നാണ് ഇദ്ദേഹം വിദേശവാസികളായ ചൈനക്കാരെ വിളിക്കുന്നത്.

കാങ്‌നിഡോ ഭൂപടം (1402) സെങ്ങിന്റെ യാത്രകൾക്കുമുന്നേ നിലവിലുണ്ട്. ചൈനക്കാർക്ക് പഴയ ലോകം സംബന്ധിച്ച ഭൂമിശാസ്ത്ര വിജ്ഞാനം ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണിത്.

നയതന്ത്രത്തിലൂടെ തന്റെ ലക്ഷ്യം നേടാനാണ് സെങ്ങ് ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ വലിയ സൈന്യം ശത്രുതയുണ്ടാകാനുള്ള സാദ്ധ്യത കുറച്ചു. വിദേശികളെ ചൈനീസ് സൈനികശക്തിയെപ്പറ്റി ബോദ്ധ്യം വരുത്തണമെന്ന് തോന്നുംമ്പോൾ സെങ്ങ് അക്രമവും നട‌ത്തിയിരുന്നു എന്ന് അക്കാലത്തെ ഒരു സ്രോതസ്സ് വിവരിക്കുന്നുണ്ട്. [21] ദീർഘകാലമായി പ്രശ്നമുണ്ടാക്കിയിരുന്ന കടൽക്കൊള്ളക്കാരെ ഇദ്ദേഹം അടിച്ചമർത്തി. ചെൻ സൂയിയെന്ന ഭീകരനായ കടൽക്കൊള്ളക്കാരനെ ഇദ്ദേഹം തോ‌ൽപ്പിച്ച് ചൈനയിലേയ്ക്ക് വധശിക്ഷ നടപ്പാക്കാനായി പിടിച്ചുകൊണ്ടുപോയി. [22] ശ്രീ ലങ്കയിലെ കോട്ടെ രാജവംശത്തിനെതിരേ ഇദ്ദേഹം ഒരു കര യുദ്ധവും നടത്തുകയുണ്ടായി.

1424-ൽ യോങ്ലെ ചക്രവർത്തി മരണമടഞ്ഞു. പിൻഗാമിയായ ഹോങ്സി ചക്രവർത്തി (r. 1424–1425), ഇദ്ദേഹ‌ത്തിന്റെ ഹ്രസ്വമായ ഭരണകാലത്ത് യാത്രകൾ തടഞ്ഞു. ഹോങ്സി ചക്രവർത്തിയുടെ മകന്റെ (ക്സുവാൻഡെ ചക്രവർത്തി (r. 1426–1435)) സെങ്ങ് ഹേ ഒരു യാത്ര കൂടി നടത്തി. ഇതിനുശേഷം ഇത്തരം യാത്രകൾ ഇല്ലാതെയായി. ക്സുവാൻഡെ "ഈ യാത്രകളെപ്പറ്റി വിശദമായ വിവരണത്തിന്റെ ആവശ്യമില്ല" എന്ന് തീരുമാനമെടുത്തു. [8] ഈ യാത്രകൾ ഹുവാങ് മിങ് സുക്സുൺ" (皇明祖訓) അനുശാസിച്ച നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ക്സുവാൻഡെ തീരുമാനിച്ചു. ഹോങ് വു ചക്രവർത്തി തന്റെ വംശത്തിന്റെ അടിസ്ഥാന നിയമങ്ങളായി പ്രസ്താവിച്ചവയായിരുന്നു ഇവ:[8]

ചില വിദൂര രാജ്യങ്ങൾ എനിക്ക് കപ്പം തരുന്നത് വലിയ ചെലവു സഹിച്ചും ബുദ്ധിമുട്ടനുഭവിച്ചുമാണ്, ഇതൊന്നും എന്റെ ആഗ്രഹമനുസരിച്ചല്ല നടക്കുന്നത്. രണ്ടു വശത്തുനിന്നും വലിയ ചെലവുകൾ ഒഴിവാക്കാൻ ഈ രീതി നിർത്തലാക്കാനുള്ള സന്ദേശം അവർക്ക് കൊടുക്കണം. [23]

ഈ യാത്രകൾ കൺഫൂഷ്യൻ തത്ത്വങ്ങൾക്കും എതിരായിരുന്നു. മിങിന്റെ ഭരണകൂടത്തിലുണ്ടായിരുന്ന ഹിജഡകളുടെ വിഭാഗം പണ്ഡിതരും ഉദ്യോഗസ്ഥരുമായിരുന്ന വിഭാഗത്തിനുമേൽ നേടിയ മേൽക്കൈയായിരുന്നു ഈ യാത്രകൾക്ക് കാരണമായത്.[7] സെങ്ങ് ഹേയുടെ മരണത്തോടെ ഈ വിഭാഗ‌ത്തിന്റെ മേൽക്കൈ അവസാനിച്ചു. ഇദ്ദേഹത്തിന്റെ പിൻഗാമികൾ സെങ്ങ് ഹേയെപ്പറ്റിയുള്ള വിവരങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്ന് പരമാവധി കുറച്ചു. ജിനാവെൻ ചക്രവർത്തിയെപ്പറ്റിയും അദ്ദേഹത്തിനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിനെപ്പറ്റിയുമുള്ള വിവരങ്ങളും ഇത്തര‌ത്തിൽ നീക്കം ചെയ്തു. [8]

ചൈനയുടെ ഔദ്യോഗിക ചരിത്രത്തിൽ പറയുന്നില്ലെങ്കിലും സെങ്ങ് ഹേ തന്റെ അവസാന യാത്രയിൽ മരിച്ചിരിക്കാനുള്ള സാദ്ധ്യതയുണ്ട്. [7] ബഹുമാനാർത്ഥം സെങ് ഹേയ്ക്ക് ചൈനയിൽ ഒരു ശവകുടീരമുണ്ടെങ്കിലും ഇത് ഒഴിഞ്ഞുകിടക്കുകയാണ്. ഇദ്ദേഹത്തെ കടലിൽ അടക്കം ചെയ്യുകയായിരുന്നു എന്ന് വാദമുണ്ട്.[24]പുരാതന രേഖകളിൽ നിന്നും സൂഫി സന്യാസിയായിരുന്ന സെൻഹേ യാത്രക്കിടെ മരണപ്പെട്ടപ്പോൾ ചീലിക്കോയിൽ ഖബറടക്കം ചെയ്തു ശവകുടീരം നിർമ്മിച്ചിരുന്നു എന്ന വസ്തുത കണ്ടത്തുകയും, ഗവേഷണങ്ങൾക്കൊടുവിൽ ചീലിക്കോ കോഴിക്കോടിൻറെ പുരാതന ചൈനീസ് നാമമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ചൈനീസ് ചരിത്ര ഗവേഷകരും, പിൻതലമുറയിൽ പെട്ടവരും 2018 ഇൽ കോഴിക്കോട് സന്ദർശിക്കുകയും 1433 ഇൽ നിർമ്മിക്കപ്പെട്ട ചീനേടത്ത് മഖാംമിൽ അടക്കം ചെയ്തിരിക്കുന്ന ചൈനീസ് സൂഫി സന്യാസി സെൻഹേ ആണെന്ന് കണ്ടെത്തുകയുമുണ്ടായി. [25] [26] [27]


യാത്രകളുടെ നാൾവഴി

ഫ്രാ മൗറോ ഭൂപടത്തിൽ ഒരു ജങ് കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽ പ്രവേശിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. കപ്പലും എഴുത്തിനു മുകളിൽ കൊടുത്തി‌ട്ടുണ്ട്.
ക്രമംസമയംസഞ്ചരിച്ച പ്രദേശങ്ങൾ[28][29]
ഒന്നാമത്തെ യാത്ര1405–1407ചമ്പ, ജാവ, പാലമ്പാങ്ങ്, മലാക്ക, അരു (id:അരു), സമുദേര, ലാമ്പ്രി, സിലോൺ, കൊല്ലം, കൊച്ചി, കോഴിക്കോട്
രണ്ടാമത്തെ യാത്ര1407–1409ചമ്പ, ജാവ, സയാം, കൊച്ചി, സിലോൺ
മൂന്നാമത്തെ യാത്ര1409–1411ചമ്പ, ജാവ, മലാക്ക, സുമാത്ര, സിലോൺ, കൊല്ലം, കൊച്ചി, കോഴിക്കോട്, സയാം, ലമ്പ്രി, കായ‌ൽപട്ടണം, കോയമ്പത്തൂർ പുത്തൻപൂർ
നാലാമത്തെ യാത്ര1413–1415ചമ്പ, ജാവ, പലാമ്പാങ്, മലാക്ക, സുമാത്ര, സിലോൺ, കൊച്ചി, കോഴിക്കോട്, കായൽ, പഹാങ്, കെലാന്താൻ, അരു, ലാമ്പ്രി, ഹോർമുസ്, മാലദ്വീപുകൾ, മൊഗാദിഷു, ബാരവ, മാലിന്ദി, ഏദൻ, മസ്കറ്റ്, ധോഫാർ
അഞ്ചാമത്തെ യാത്ര1416–1419ചമ്പ, പഹാങ്, ജാവ, മലാക്ക, സമുദേര, ലാമ്പ്രി, സിലോൺ, ഷർവായ്ൻ, കൊച്ചി, കോഴിക്കോട്, ഹോർമുസ്, മാലദ്വീപ്, മൊഗാദിഷു, ബാരവ, മലിന്ദി, ഏദൻ
ആറാമത്തെ യാത്ര1421–1422ഹോർമുസ്, കിഴക്കൻ ആഫ്രിക്ക, അറേബ്യൻ ഉപദ്വീപിലെ രാജ്യങ്ങൾ
ഏഴാമത്തെ യാത്ര1430–1433ചമ്പ, ജാവ, പലാമ്പാങ്, മലാക്ക, സുമാത്ര, സിലോൺ, കാലിക്കട്ട്, ഫെങ്ടു..[30][31] (ആകെ 18 രാജ്യങ്ങൾl)

പടിഞ്ഞാറൻ കടലിലേയ്ക്ക് സെങ്ങ് ഹേ ഏഴു യാത്രകളാണ് ആകെ നടത്തിയത്. [32] സെങ്ങ് ഹേ ചൈനയിലേയ്ക്ക് ഉപഹാരങ്ങൾക്കൊപ്പം നയതന്ത്രപ്രതിനിധികളെയും കൊണ്ടുവന്നിരുന്നു. ശ്രീ ലങ്കയിലെ രാജാവായിരുന്ന വീര അലകേശ്വരയും ഇക്കൂട്ടത്തിൽ പെടും. ചൈനീസ് ചക്രവർത്തിയോട് അദ്ദേഹത്തിന്റെ ഉദ്യമത്തിൽ തടസ്സമുണ്ടാക്കിയതിന് മാപ്പപേക്ഷിക്കാനായി രാജാവിനെ പിടിച്ചുകൊണ്ടുവരികയായിരുന്നു.

സെങ് ഹേയുടെ യാത്രകളുടെ ഒരു ഭൂപടം (郑和航海图). മാവോ കുൺ ഭൂപടം എന്നും ഇത് അറിയപ്പെടുന്നു 1628

കേപ് ഓഫ് ഗുഡ് ഹോപ് കഴിഞ്ഞും സെങ് ഹേയുടെ ചില കപ്പലുകളെങ്കിലും യാത്ര ചെയ്തിട്ടുണ്ടാവാം എന്ന് ഊഹമുണ്ട്. വെനീസിലെ സന്യാസിയും ഭൂപടനിർമാതാവുമായ ഫ്രാ മൗറോ തന്റെ 1459-ലെ ഭൂപടത്തിൽ 1420-ൽ "ഇന്ത്യയിൽ നിന്നുള്ള ഒരു വലിയ ജങ് കപ്പൽ" അറ്റ്ലാന്റിക് മഹാസമുദ്രത്തിലേയ്ക്ക് 2,000 മൈലുകൾ സഞ്ചരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 'ഇന്ത്യ' എന്നതുകൊണ്ട് ഫ്രാ മൗറോ എന്താണുദ്ദേശിച്ചതെന്ന് വ്യക്തമല്ല. ചില പണ്ഡിതർ വിശ്വസിക്കുന്നത് ഇദ്ദേഹം ഒരു അറബ് കപ്പലിനെക്കുറിച്ചാണ് വിവക്ഷിച്ചത് എന്നാണ്. [33]ഗാവിൻ മെൻസിയസിനെപ്പോലുള്ളവർ അവകാശപ്പെടുന്നത് സെങ് ഹേ ക്രിസ്റ്റഫർ കൊളംബസിന് 70 വർഷം മുൻപ് അമേരിക്ക കണ്ടുപിടിച്ചിരുന്നിരിക്കാം എന്നാണ്.[34]

സെങ് ഹേ തന്റെ യാത്രകളെപ്പറ്റി എഴുതിയിരുന്നത് ഇപ്രകാരമാണ്:

ഞങ്ങൾ 100,000 ലിയിൽ കൂടുതൽ ദൂരം സമുദ്രത്തിലൂടെ യാത്രചെയ്തു. പർവ്വതങ്ങളെപ്പോലെയുള്ള പടുകൂറ്റൻ തിരമാലകൾ ആകാശത്തുയരുന്നത് ഞങ്ങൾ കാണുകയുണ്ടായി. നീലനിറത്തിലുള്ള മൂടൽമഞ്ഞിനപ്പുറം മറഞ്ഞിരിക്കുന്നതും കാടന്മാർ വസിക്കുന്നതുമായ പ്രദേശങ്ങൾ ഞങ്ങൾ കണ്ടു. ഞങ്ങളുടെ കപ്പൽപ്പായകൾ പകലും രാത്രിയും മേഘങ്ങളെപ്പോലെ വിടർന്നുനിന്നിരുന്നു. നക്ഷത്രങ്ങളുടെ വേഗത്തിലാണ് ഞങ്ങൾ സഞ്ചരിച്ചത്. പൊതുവഴിയിലൂടെ നടക്കുന്നതുപോലെയാണ് ഞങ്ങൾ തിരമാലകളെ മറികടന്നത്.…[35]

അവലംബം

സ്രോതസ്സുകൾ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=സെങ്ങ്_ഹേ&oldid=3800605" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്