സൈക്യാട്രി

മാനസിക രോഗവുമായി ബന്ധപ്പെട്ട മെഡിക്കൽ സ്പെഷ്യാലിറ്റി.

മാനസിക വൈകല്യങ്ങളുടെ രോഗനിർണയം, രോഗ പ്രതിരോധം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട മെഡിക്കൽ സ്പെഷ്യാലിറ്റിയാണ് സൈക്യാട്രി.[1] [2] മാനസികാവസ്ഥ, പെരുമാറ്റം, അറിവ്, ധാരണകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ തകരാറുകൾ ഇതിൽ ഉൾപ്പെടുന്നു.

സൈക്യാട്രി
Occupation
Namesഫിസിഷ്യൻ
Activity sectors
മെഡിസിൻ
Description
Education required
  • Doctor of Medicine (MD)
  • Doctor of Osteopathic Medicine (DO)
  • Bachelor of Medicine, Bachelor of Surgery (MBBS/MBChB)
  • Bachelor of Science in Clinical Medicine (Psychiatry)
  • Higher Diploma in Clinical Medicine and Surgery (Psychiatry)
  • Diploma in Clinical Medicine and Surgery
  • Diploma in Clinical Psychiatry
Related jobs

ഒരു വ്യക്തിയുടെ പ്രാരംഭ മാനസിക വിലയിരുത്തൽ സാധാരണയായി ആരംഭിക്കുന്നത് കേസ് ചരിത്രവും മാനസിക നില പരിശോധനയും വിലയിരുത്തുന്നതിലൂടെയാണ്. ഇതിനായി ശാരീരിക പരിശോധനകളും മാനസിക പരിശോധനകളും നടത്താം. ചില സമയങ്ങളിൽ, ന്യൂറോ ഇമേജിംഗ് അല്ലെങ്കിൽ മറ്റ് ന്യൂറോ ഫിസിയോളജിക്കൽ ടെക്നിക്കുകളും ഉപയോഗിക്കുന്നു.[3] ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എഡിറ്റുചെയ്ത് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര രോഗ വർഗ്ഗീകരണ കോഡ്, അമേരിക്കൻ സൈക്കിയാട്രിക് അസോസിയേഷൻ (എപി‌എ) പ്രസിദ്ധീകരിച്ചതും വ്യാപകമായി ഉപയോഗിക്കുന്നതുമായ ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോർഡേഴ്സ് (ഡിഎസ്എം) പോലുള്ള ഡയഗ്നോസ്റ്റിക് മാനുവലുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ക്ലിനിക്കൽ ആശയങ്ങൾക്ക് അനുസൃതമായി മാനസിക വൈകല്യങ്ങൾ പലപ്പോഴും നിർണ്ണയിക്കപ്പെടുന്നു. ഡി‌എസ്‌എമ്മിന്റെ അഞ്ചാമത്തെ പതിപ്പ് (ഡി‌എസ്‌എം -5) 2013 ൽ പ്രസിദ്ധീകരിച്ചു, ഇത് വിവിധ രോഗങ്ങളുടെ വലിയ വിഭാഗങ്ങളെ പുനഃക്രമീകരിക്കുകയും നിലവിലെ ഗവേഷണവുമായി പൊരുത്തപ്പെടുന്ന വിവരങ്ങൾ / ഉൾക്കാഴ്ചകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് മുൻ പതിപ്പിൽ നിന്നും വിപുലീകരിക്കുകയും ചെയ്തു.[4]

സൈക്യാട്രിക് മരുന്നുകളുടേയും സൈക്കോതെറാപ്പിയുടേയും സംയോജിത ചികിത്സ നിലവിലെ രോഗ ചികിത്സാരീകളിലെ ഏറ്റവും സാധാരണമായ മാനസിക ചികിത്സാ രീതിയായി മാറിയിരിക്കുന്നു,[5] എന്നാൽ സമകാലിക പരിശീലനത്തിൽ അസേർടീവ് കമ്മ്യൂണിറ്റി ട്രീറ്റ്മെന്റ്, കമ്മ്യൂണിറ്റി റീഇൻഫോഴ്സ്മെന്റ്, സപ്പോർട്ടഡ് എംപ്ലോയ്‍മെന്റ് എന്നിവപോലുള്ള വൈവിധ്യമാർന്ന മറ്റ് രീതികളും ഉൾപ്പെടുന്നു. ഫങ്ഷണൽ വൈകല്യത്തിന്റെ കാഠിന്യം അല്ലെങ്കിൽ സംശയിക്കപ്പെടുന്ന തകരാറിന്റെ മറ്റ് വശങ്ങൾ എന്നിവയെ ആശ്രയിച്ച് ഇൻപേഷ്യന്റ് അല്ലെങ്കിൽ ഔട്ട്‌പേഷ്യന്റ് അടിസ്ഥാനത്തിൽ ചികിത്സ നൽകാം. ഒരു ഇൻപേഷ്യന്റ് ചികിത്സ ആവശ്യമുള്ളവരെ ഒരു മാനസികരോഗാശുപത്രിയിൽ ചികിത്സിക്കാം. എപ്പിഡെമിയോളജിസ്റ്റുകൾ, നഴ്‌സുമാർ, സൈക്കോളജിസ്റ്റുകൾ എന്നിവ പോലുള്ള മറ്റ് പ്രൊഫഷണലുകളുമായി ചേർന്നുകൊണ്ട് ഇന്റർ ഡിസിപ്ലിനറി അടിസ്ഥാനത്തിലാണ് സൈക്യാട്രിയിലെ ഗവേഷണവും ചികിത്സയും നടത്തുന്നത്.

സിദ്ധാന്തവും ശ്രദ്ധയും

"Psychiatry, more than any other branch of medicine, forces its practitioners to wrestle with the nature of evidence, the validity of introspection, problems in communication, and other long-standing philosophical issues" (Guze, 1992, p.4).

മനുഷ്യരിലെ മാനസിക വൈകല്യങ്ങൾ പഠിക്കുക, ചികിത്സിക്കുക എന്നിവ ലക്ഷ്യമിട്ട് മനുഷ്യ മനസ്സിൽ പ്രത്യേകമായി കേന്ദ്രീകരിക്കുന്ന ഒരു വൈദ്യശാസ്ത്ര മേഖലയാണ് സൈക്യാട്രി.[6] [7] മാനസിക രോഗികളായവരുടെ വീക്ഷണകോണിൽ നിന്ന് കാണുന്ന ലോകത്തിനും, ഒരു സാമൂഹിക പശ്ചാത്തലത്തിൽ നിന്നുള്ള ലോകത്തിനും ഇടയിൽ ഉള്ള ഒന്നായി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നു. [8]

സാമൂഹിക ശാസ്ത്രവും ജീവശാസ്ത്രവും ഒരുപോലെ പരിചയമുണ്ടായിരിക്കണം എന്നതുകൊണ്ട്, സൈക്യാട്രിയിൽ വിദഗ്ധരായ ആളുകൾ മറ്റ് മാനസികാരോഗ്യ വിദഗ്ധർ മറ്റ് ഡോക്ടർമാർ എന്നിവരിൽ നിന്നും വ്യത്യസ്തരാണ്.[6] സൈക്കാട്രിസ്റ്റുകൾ, രോഗിയുടെ ആത്മനിഷ്ഠമായ അനുഭവങ്ങളും രോഗിയുടെ വസ്തുനിഷ്ഠ ഫിസിയോളജിയും അനുസരിച്ച് വിവിധ അവയവങ്ങളുടെയും ശരീര വ്യവസ്ഥകളുടെയും പ്രവർത്തനങ്ങളെ പഠിക്കുന്നു.[9] മാനസിക വൈകല്യങ്ങളെ പരമ്പരാഗതമായി മൂന്ന് പൊതുവായ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു, മാനസികരോഗങ്ങൾ, കഠിനമായ പഠന വൈകല്യങ്ങൾ, വ്യക്തിത്വ വൈകല്യങ്ങൾ എന്നിവയാണ് അവ.[10] സൈക്കാട്രി ഈ വൈകല്യങ്ങളുടെ ചികിൽസയാണ്. സൈക്യാട്രിയുടെ പ്രധാന ശ്രദ്ധാകേന്ദ്രത്തിൽ കാലങ്ങൾക്കിപ്പുറവും വളരെ ചെറിയ മാറ്റമേ വന്നിട്ടുള്ളൂ എങ്കിലും, രോഗനിർണയവും ചികിത്സാ പ്രക്രിയകളും ഗണ്യമായി വികസിക്കുകയും, ഈ വികസനം തുടരുകയും ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ, സൈക്യാട്രി മേഖല കൂടുതൽ ജീവശാസ്ത്രപരവും മറ്റ് മെഡിക്കൽ മേഖലകളിൽ നിന്ന് ആശയപരമായി ഒറ്റപ്പെട്ടതുമായി തുടരുന്നു.[11]

പരിശീലനത്തിന്റെ വ്യാപ്തി

ഒരു ലക്ഷം ആളുകൾക്ക് ന്യൂറോ സൈക്കിയാട്രിക് അവസ്ഥകൾക്കുള്ള ഡിസെബിലിറ്റി അഡ്ജസ്റ്റഡ് ലൈഫ് ഇയർ (2002)

ന്യൂറോ സയൻസ്, സൈക്കോളജി, മെഡിസിൻ, ബയോളജി, ബയോകെമിസ്ട്രി, ഫാർമക്കോളജി എന്നീ മേഖലകളിലെ ഗവേഷണങ്ങൾ സൈക്യാട്രിയുടെ മെഡിക്കൽ സ്പെഷ്യാലിറ്റി ഉപയോഗിക്കുന്നുണ്ടെങ്കിലും[12] ഇത് ന്യൂറോളജിക്കും സൈക്കോളജിക്കും ഇടയിലുള്ള ഒരു മധ്യനിരയായി കണക്കാക്കപ്പെടുന്നു. [13] സൈക്യാട്രിയും ന്യൂറോളജിയും പരസ്പരം ബന്ധപ്പെട്ട മെഡിക്കൽ സ്പെഷ്യാലിറ്റികളായതിനാൽ, ഈ രണ്ട് സ്പെഷ്യാലിറ്റികൾക്കും അവയുടെ ഉപവിഭാഗങ്ങൾക്കും കൂടി അമേരിക്കയിൽ, അമേരിക്കൻ ബോർഡ് ഓഫ് സൈക്കാട്രി ആൻഡ് ന്യൂറോളജി എന്ന ഒരൊറ്റ ബോർഡ് മാത്രമേയുള്ളൂ.[14] മറ്റ് ഫിസിഷ്യൻമാരിൽ നിന്നും ന്യൂറോളജിസ്റ്റുകളിൽ നിന്നും വ്യത്യസ്തമായി, സൈക്യാട്രിസ്റ്റുകൾ ഡോക്ടർ-രോഗി ബന്ധത്തിൽ വിദഗ്ധരാണ്, കൂടാതെ സൈക്കോതെറാപ്പിയുടെയും മറ്റ് ചികിത്സാ ആശയവിനിമയ സാങ്കേതിക വിദ്യകളുടെയും ഉപയോഗത്തിൽ വിവിധ അളവുകളിൽ പരിശീലനം നൽകുന്നു.[13] സൈക്യാട്രിസ്റ്റുകൾ സൈക്കോളജിസ്റ്റുകളിൽ നിന്ന് വ്യത്യസ്തരാണ്. സൈക്കാട്രിസ്റ്റുകൾ മെഡിക്കൽ ബിരുദവും (എംബിബിഎസ്) സൈക്യാട്രിയിൽ റെസിഡൻസി (സാധാരണയായി 4 മുതൽ 5 വർഷം വരെ) എന്ന ബിരുദാനന്തര പരിശീലനവും ഉള്ളവരാണ്. അവരുടെ ബിരുദ മെഡിക്കൽ പരിശീലനത്തിന്റെ ഗുണനിലവാരവും സമഗ്രതയും മറ്റെല്ലാ ഡോക്ടർമാർക്കും സമാനമാണ്.[15] അതിനാൽ സൈക്യാട്രിസ്റ്റുകൾക്ക് രോഗികളെ ഉപദേശിക്കാനും മരുന്ന് നിർദ്ദേശിക്കാനും ലബോറട്ടറി പരിശോധനകൾ നടത്താനും ന്യൂറോ ഇമേജിംഗ് ക്രമീകരിക്കാനും ശാരീരിക പരിശോധനകൾ നടത്താനും കഴിയും.[3]

എത്തിക്സ്

സൈക്യാട്രിസ്റ്റുകളുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നതിന് വേൾഡ് സൈക്കിയാട്രിക് അസോസിയേഷൻ ഒരു എത്തിക്കൽ കോഡ് പുറപ്പെടുവിച്ചിട്ടുണ്ട്. 1977-ൽ ഹവായ് പ്രഖ്യാപനത്തിലൂടെ മുന്നോട്ടുവച്ച സൈക്യാട്രിക് എത്തിക്സ് കോഡ് 1983 വിയന്ന അപ്‌ഡേറ്റിലൂടെയും 1996 ലെ വിശാലമായ മാഡ്രിഡ് ഡിക്ലറേഷനിലൂടെയും വിപുലീകരിച്ചു. 1999, 2002, 2005, 2011 വർഷങ്ങളിലെ ഓർഗനൈസേഷന്റെ പൊതുസമ്മേളനങ്ങളിൽ കോഡ് വീണ്ടും പരിഷ്കരിച്ചു.[16]

രഹസ്യാത്മകത, വധശിക്ഷ, വംശീയ അല്ലെങ്കിൽ സാംസ്കാരിക വിവേചനം,[16] ദയാവധം, ജനിതകശാസ്ത്രം, കഴിവില്ലാത്ത രോഗികളുടെ മാനുഷിക അന്തസ്സ്, മാധ്യമ ബന്ധങ്ങൾ, അവയവമാറ്റ ശസ്ത്രക്രിയ, രോഗിയുടെ വിലയിരുത്തൽ, ഗവേഷണ നൈതികത, ലൈംഗിക തിരഞ്ഞെടുപ്പ്,[17][16] പീഡനം,[18][19] എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേൾഡ് സൈക്യാട്രിക് അസോസിയേഷൻ കോഡിൽ ഉൾക്കൊള്ളുന്നു.

സമീപനങ്ങൾ

മാനസികരോഗങ്ങൾ പലവിധത്തിൽ സമീപിക്കാവുന്നതാണ്. ബയോമെഡിക്കൽ സമീപനം, അടയാളങ്ങളും ലക്ഷണങ്ങളും പരിശോധിക്കുകയും അവയെ ഡയഗ്നോസ്റ്റിക് മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു. അതേപോലെ ലക്ഷണങ്ങളെ അർത്ഥവത്തായ ഒരു ജീവിതചരിത്രത്തിൽ ഉൾപ്പെടുത്താനും ബാഹ്യ സാഹചര്യങ്ങളോടുള്ള പ്രതികരണമായി രൂപപ്പെടുത്താനും ശ്രമിക്കുന്ന ഒരു വിവരണത്തിലൂടെ മാനസികരോഗത്തെ വിലയിരുത്താൻ കഴിയും. സൈക്യാട്രി രംഗത്ത് രണ്ട് സമീപനങ്ങളും പ്രധാനമാണ്.[20] ക്ലിനിക്കൽ വൈകല്യത്തിന്റെ മൾട്ടിബാക്ടീരിയൽ സ്വഭാവത്തിന് അടിവരയിടാൻ "ബയോപ്സൈക്കോസോഷ്യൽ മോഡൽ " എന്ന ആശയം പലപ്പോഴും ഉപയോഗിക്കുന്നു.

ഒരു മെഡിക്കൽ പ്രൊഫഷണൽ രോഗം നിർണ്ണയിച്ചുകഴിഞ്ഞാൽ, രോഗിയെ ചികിത്സിക്കാൻ അവർക്ക് നിരവധി മാർഗങ്ങളുണ്ട്. മിക്കപ്പോഴും മനോരോഗവിദഗ്ദ്ധർ വ്യത്യസ്ത സമീപനങ്ങളുടെ വ്യത്യസ്ത വശങ്ങൾ ഒന്നിൽ ഉൾപ്പെടുത്തുന്ന ഒരു ചികിത്സാ തന്ത്രം വികസിപ്പിക്കും. മരുന്നുകൾ നിർദ്ദേശിക്കുന്നത് സാധാരണമായ കാര്യമാണ്.


സൈക്കോതെറാപ്പിയുടെ മൂന്ന് പ്രധാന സ്തംഭങ്ങളുണ്ട്, ചികിത്സാ തന്ത്രങ്ങൾ ഏറ്റവും സാധാരണയായി അതിൽ നിന്ന് എടുക്കുന്നു. ഹ്യൂമാനിസ്റ്റിക് സൈക്കോളജി രോഗിയുടെ "മുഴുവൻ" കാഴ്ചപ്പാടിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു; ഇത് സ്വയം പര്യവേക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.[21] അബോധാവസ്ഥയിലോ ഉപബോധമനസ്സിലോ ഉള്ള കാര്യങ്ങൾ തിരഞ്ഞ് പിടിച്ച് പോകുന്നതിന് പകരം, യഥാർത്ഥവും നിരീക്ഷിക്കാവുന്നതുമായ സംഭവങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തിരഞ്ഞെടുക്കുന്ന ഒരു ചികിത്സാ ചിന്താഗതിയാണ് ബിഹേവിയറിസം. അതേസമയം മാനസികാപഗ്രഥനം, കുട്ടിക്കാലം, അബോധാവസ്ഥ, ബോധപൂർവവും അബോധാവസ്ഥയിലുള്ളതുമായ മാനസികാവസ്ഥകൾ തമ്മിലുള്ള സംഘർഷം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.[22]

പ്രാക്ടീഷണർമാർ

എല്ലാ ഡോക്ടർമാർക്കും മാനസിക വൈകല്യങ്ങൾ നിർണ്ണയിക്കാനും സൈക്യാട്രിയുടെ തത്വങ്ങൾ ഉപയോഗിച്ച് ചികിത്സകൾ നിർദ്ദേശിക്കാനും കഴിയും. മാനസിക രോഗങ്ങൾ ചികിൽസിക്കുന്നതിനായി സൈക്കാട്രിയിൽ പരിശീലനം നേടിയ ഡോക്ടർമാരാണ് സൈക്യാട്രിസ്റ്റുകൾ എന്ന് അറിയപ്പെടുന്നത്. സൈക്കോതെറാപ്പി, സൈക്കോ അപഗ്രഥനം അല്ലെങ്കിൽ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി എന്നിവ നടത്തുന്നതിന് സൈക്യാട്രിസ്റ്റുകൾക്ക് കഴിയുമെങ്കിലും, ഫിസിഷ്യൻമാർ എന്ന നിലയിലുള്ള അവരുടെ പരിശീലനമാണ് മറ്റ് മാനസികാരോഗ്യ വിദഗ്ധരിൽ നിന്ന് അവരെ വ്യത്യസ്തമാക്കുന്നത്.

ഒരു കരിയർ ചോയ്‌സ് എന്ന നിലയിൽ

മെഡിക്കൽ സ്കൂൾ പ്ലേസ്‌മെന്റുകൾ അനുകൂലമായി റേറ്റുചെയ്‌തിട്ടുണ്ടെങ്കിലും, മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിൽ സൈക്യാട്രി ഒരു ജനപ്രിയ കരിയർ തിരഞ്ഞെടുപ്പായി മാറിയിട്ടില്ല.[23] ഇത് പല സ്ഥലങ്ങളിലും സൈക്യാട്രിസ്റ്റുകളുടെ ഗണ്യമായ കുറവിന് കാരണമായിട്ടുണ്ട്.[24] ഈ കുറവ് പരിഹരിക്കുന്നതിനുള്ള തന്ത്രങ്ങളിൽ മെഡിക്കൽ സ്കൂൾ പാഠ്യപദ്ധതിയുടെ തുടക്കത്തിൽ ഹ്രസ്വമായ 'ടേസ്റ്റർ' പ്ലെയ്‌സ്‌മെന്റുകളുടെ ഉപയോഗവും ടെലിമെഡിസിൻ സാങ്കേതികവിദ്യകളും മറ്റ് രീതികളും ഉപയോഗിച്ച് സൈക്യാട്രി സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.[25] എന്നിരുന്നാലും, അടുത്തിടെ, ഒരു സൈക്യാട്രി റെസിഡൻസിയിലേക്ക് പ്രവേശിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ കുതിപ്പിന്, ഫീൽഡിന്റെ ആകർഷക സ്വഭാവം, മാനസിക രോഗനിർണയങ്ങളിൽ ഏർപ്പെടുന്ന ജനിതക ബയോ മാർക്കറുകളോടുള്ള താൽപര്യം, വിപണിയിലെ മാനസികരോഗങ്ങൾ ചികിത്സിക്കുന്ന പുതിയ ഫാർമസ്യൂട്ടിക്കൽസ് എന്നിവ ഉൾപ്പെടെ നിരവധി കാരണങ്ങളുണ്ട് എന്ന് പറയപ്പെടുന്നു.[26]

ഉപവിഭാഗങ്ങൾ

അമേരിക്കൻ ബോർഡ് ഓഫ് സൈക്കാട്രി ആൻഡ് ന്യൂറോളജി (എബിപിഎൻ) യുടെ അധിക പരിശീലനവും സർട്ടിഫിക്കേഷനും ആവശ്യമായ നിരവധി ഉപവിഭാഗങ്ങൾ സൈക്യാട്രി മേഖലയിലുണ്ട്. അത്തരം ഉപവിഭാഗങ്ങളിൽ ഇവ ഉൾപ്പെടുന്നു:[27]

  • അഡിൿഷൻ സൈക്യാട്രി
  • ബ്രയിൻ ഇൻജുറി മെഡിസിൻ[28][29]
  • ചൈൾഡ് ആന്റ് അഡോളസെന്റ് സൈക്കാട്രി
  • ക്ലിനിക്കൽ ന്യൂറോ ഫിസിയോളജി
  • കൺസൾട്ടേഷൻ-ലൈസൻ സൈക്യാട്രി, സൈക്കോസോമാറ്റിക് മെഡിസിൻ എന്നും അറിയപ്പെടുന്നു[30]
  • അപസ്മാരം[31][32]
  • ഫോറൻസിക് സൈക്യാട്രി
  • ജെറിയാട്രിക് സൈക്യാട്രി
  • ഹോസ്പിസ്, പാലിയേറ്റീവ് മെഡിസിൻ
  • പെയിൻ മെഡിസിൻ[33]
  • സ്ലീപ് മെഡിസിൻ[34]

എ‌ബി‌പി‌എൻ‌ സർ‌ട്ടിഫിക്കേഷൻ‌ നൽ‌കാത്ത അധിക സൈക്യാട്രി സബ്‌സ്‌പെഷ്യാലിറ്റികളിൽ‌ ഇവ ഉൾ‌പ്പെടുന്നു:[35]

  • ബയോളജിക്കൽ സൈക്യാട്രി
  • വിവിധ തരത്തിലുള്ള ഡിമെൻഷ്യയിലെന്നപോലെ കോഗ്നിഷൻ രോഗങ്ങൾ
  • കമ്മ്യൂണിറ്റി സൈക്യാട്രി
  • ക്രോസ്-കൾച്ചറൽ സൈക്യാട്രി
  • എമർജൻസി സൈക്യാട്രി
  • ഗ്ലോബൽ മെന്റൽ ഹെൽത്ത്
  • പഠനവൈകല്യം
  • മിലിട്ടറി സൈക്യാട്രി
  • ന്യൂറോ ഡെവലപ്മെന്റൽ ഡിസോർഡേഴ്സ്
  • ന്യൂറോസൈക്യാട്രി
  • സോഷ്യൽ സൈക്യാട്രി

മദ്യം, മയക്കുമരുന്ന്, അല്ലെങ്കിൽ മറ്റ് ലഹരിവസ്തു സംബന്ധമായ തകരാറുകൾ എന്നിവയുള്ള വ്യക്തികളുടെയും ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട മറ്റ് മാനസിക വൈകല്യങ്ങൾ ഉള്ളവരുടെയും വിലയിരുത്തലിനും ചികിത്സയ്ക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശാഖയാണ് അഡിക്ഷൻ സൈകാട്രി. നാഡീവ്യവസ്ഥയുടെ ജൈവിക പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ മാനസിക വൈകല്യങ്ങൾ മനസിലാക്കാൻ ലക്ഷ്യമിടുന്ന സൈക്യാട്രിയോടുള്ള സമീപനമാണ് ബയോളജിക്കൽ സൈക്യാട്രി. കുട്ടികൾ, കൗമാരക്കാർ, അവരുടെ കുടുംബങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൈക്യാട്രിയുടെ ശാഖയാണ് ചൈൽഡ് ആൻഡ് അഡോളസെന്റ് സൈക്യാട്രി. കമ്മ്യൂണിറ്റി സൈക്യാട്രി എന്നത് ഒരു പൊതുജനാരോഗ്യ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന ഒരു സമീപനമാണ്, അത് കമ്മ്യൂണിറ്റി മാനസികാരോഗ്യ സേവനങ്ങളിൽ പ്രയോഗിക്കുന്നു.[36] മാനസിക വിഭ്രാന്തിയുടെ സാംസ്കാരികവും വംശീയവുമായ പശ്ചാത്തലവുമായി ബന്ധപ്പെട്ട മാനസികരോഗത്തിന്റെ ഒരു ശാഖയാണ് ക്രോസ്-കൾച്ചറൽ സൈക്യാട്രി. അടിയന്തിര സാഹചര്യങ്ങളിലെ സൈക്യാട്രിയുടെ ക്ലിനിക്കൽ പ്രയോഗമാണ് എമർജൻസി സൈക്യാട്രി. നിയമപരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഫോറൻസിക് സൈക്യാട്രി പൊതുവേ മെഡിക്കൽ സയൻസും സൈക്യാട്രിക് അറിവും വിലയിരുത്തൽ രീതികളും ഉപയോഗിക്കുന്നു. പ്രായമായവരിലെ മാനസിക വൈകല്യങ്ങളുടെ പഠനം, പ്രതിരോധം, ചികിത്സ എന്നിവ കൈകാര്യം ചെയ്യുന്ന സൈക്യാട്രിയുടെ ഒരു ശാഖയാണ് ജെറിയാട്രിക് സൈക്യാട്രി . ലോകമെമ്പാടുമുള്ള എല്ലാ ആളുകൾക്കും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസികാരോഗ്യത്തിൽ തുല്യത കൈവരിക്കുന്നതിനും മുൻ‌ഗണന നൽകുന്ന പഠനം, ഗവേഷണം, പരിശീലനം എന്നിവയുടെ ഒരു മേഖലയാണ് ഗ്ലോബൽ മെന്റൽ ഹെൽത്ത്.[37] ചില പണ്ഡിതന്മാർ ഗ്ലോബൽ മെന്റൽ ഹെൽത്തിനെ ഒരു സാംസ്കാരികമായി വിവേകശൂന്യമായ നവ കൊളോണിയൽ പദ്ധതിയായി ആണ് കണക്കാക്കുന്നത്.[38][39][40][41] മറ്റ് മെഡിക്കൽ സ്പെഷ്യാലിറ്റികളും സൈക്യാട്രിയും തമ്മിലുള്ള ഇന്റർഫേസിൽ ശ്രദ്ധിക്കുന്ന സൈക്യാട്രിയുടെ ശാഖയാണ് ലൈസൻ സൈക്യാട്രി. സൈനിക പശ്ചാത്തലത്തിൽ സൈക്യാട്രിയുടെയും മാനസിക വൈകല്യങ്ങളുടെയും പ്രത്യേക വശങ്ങൾ മിലിട്ടറി സൈക്യാട്രി കൈകാര്യം ചെയ്യുന്നു. നാഡീവ്യവസ്ഥയുടെ രോഗങ്ങൾക്ക് കാരണമാകുന്ന മാനസിക വൈകല്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു ശാഖയാണ് ന്യൂറോ സൈക്യാട്രി. മാനസിക വിഭ്രാന്തിയുടെയും മാനസിക ക്ഷേമത്തിന്റെയും പരസ്പരവും സാംസ്കാരികവുമായ പശ്ചാത്തലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൈക്യാട്രിയുടെ ഒരു ശാഖയാണ് സോഷ്യൽ സൈക്യാട്രി.

ചികിത്സ

പൊതുവായ പരിഗണനകൾ

മാനസിക പ്രശ്നങ്ങളുള്ള വ്യക്തികളെ സാധാരണയായി രോഗികൾ എന്നാണ് വിളിക്കാറുള്ളത്, പക്ഷേ അവരെ ക്ലയന്റുകൾ, ഉപഭോക്താക്കൾ അല്ലെങ്കിൽ സേവന സ്വീകർത്താക്കൾ എന്നും വിളിക്കാറുണ്ട്. വിവിധ മാർഗങ്ങളിലൂടെ അവർ ഒരു സൈക്യാട്രിക് ഫിസിഷ്യന്റെയോ മറ്റ് സൈക്യാട്രിക് പ്രാക്ടീഷണർമാരുടെയോ അടുത്തേക്ക് വരാം, സാധാരണയായി ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരമോ അല്ലെങ്കിൽ സ്വയമോ ആണ്. മറ്റൊരു തരത്തിൽ, ഒരു വ്യക്തിയെ ആശുപത്രി മെഡിക്കൽ സ്റ്റാഫ്, കോടതി ഉത്തരവ്, സ്വമേധയാ ഉള്ള പ്രതിബദ്ധത, അല്ലെങ്കിൽ യുകെയിലും ഓസ്ട്രേലിയയിലും മാനസികാരോഗ്യ നിയമപ്രകാരം എന്നിങ്ങനെ പല വഴിയിൽ സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് റഫർ ചെയ്യാം.

ഒരു സൈക്യാട്രിസ്റ്റ്, മനഃശാസ്ത്ര വിലയിരുത്തലിന് വിധേയമാക്കപ്പെടുന്ന ഒരു വ്യക്തിയുടെ മാനസിക ശാരീരിക അവസ്ഥകളെ വിലയിരുത്തും. സാധാരണഗതിയിൽ, വ്യക്തിയെ അഭിമുഖം നടത്തുന്നതും, മറ്റ് ആരോഗ്യ, സാമൂഹിക പരിപാലന വിദഗ്ധർ, ബന്ധുക്കൾ, സഹകാരികൾ, നിയമപാലകർ, അടിയന്തിര മെഡിക്കൽ ഉദ്യോഗസ്ഥർ, സൈക്യാട്രിക് റേറ്റിംഗ് സ്കെയിലുകൾ എന്നിവയിൽ നിന്ന് വിവരങ്ങൾ നേടുന്നതും എല്ലാം ഇതിൽ ഉൾപ്പെടുന്നു. സ്വയം പരിക്കേൽപ്പിക്കുന്നതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനെല്ലാം ശാരീരിക പരിശോധന സഹായിക്കും.

മിക്ക മരുന്നുകളേയും പോലെ, മനോരോഗ മരുന്നുകളും രോഗികളിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ, മെഡിക്കൽ ലാബ് പരിശോധനകൾ ഉൾപ്പടെയുള്ള നിരന്തരമായ നിരീക്ഷണം ആവശ്യമാണ്. മരുന്നുകളോട് പ്രതികരിക്കാത്തതുപോലുള്ള ഗുരുതരവും പ്രവർത്തനരഹിതവുമായ അവസ്ഥകൾക്ക് ചിലപ്പോൾ ഇലക്ട്രോകൺവൾസീവ് തെറാപ്പി (ഇസിടി) നൽകാറുണ്ട്. മനോരോഗ മരുന്നുകളുടെ ഫലപ്രാപ്തിയും[42][43] പ്രതികൂല ഫലങ്ങളും വ്യക്തികൾക്കനുസരിച്ച് വ്യത്യാസപ്പെടാം.

ഇൻപേഷ്യന്റ് ചികിത്സ

കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മാനസിക ചികിത്സകൾ മാറിക്കൊണ്ടിരിക്കുകയാണ്. മുൻകാലങ്ങളിൽ, മാനസികരോഗികളെ മിക്കപ്പോഴും ആറുമാസമോ അതിൽ കൂടുതലോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, ചില കേസുകളിൽ വർഷങ്ങളോളം ആശുപത്രിയിൽ തുടരേണ്ടതായും കണ്ടിട്ടുണ്ട്.

1960 മുതൽ ശരാശരി ഇൻപേഷ്യന്റ് സൈക്യാട്രിക് ട്രീറ്റ്മെന്റ് രീതിയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്, ഈ ട്രെന്റ് ഡീഇൻസ്റ്റിറ്റ്യൂഷണലൈസേഷൻ എന്നറിയപ്പെടുന്നു.[44][45][46][47] ഇന്ന് മിക്കവാറും രാജ്യങ്ങളിൽ, മനഃശാസ്ത്ര ചികിൽസ ഔട്ട്പേഷ്യന്റ് (അഡ്മിഷൻ ആവശ്യമില്ലാതെ) ആയാണ് നൽകുന്നത്. ആശുപത്രിയിൽ പ്രവേശനം ആവശ്യമാണെങ്കിൽ, ശരാശരി ആശുപത്രി താമസം ഒന്ന് മുതൽ രണ്ടാഴ്ച വരെ മാത്രമാണ്, വളരെ ചെറിയ ആളുകൾക്ക് മാത്രമേ ദീർഘകാല ആശുപത്രി വാസം ആവശ്യമായി വരുന്നുള്ളൂ. എന്നിരുന്നാലും, ജപ്പാൻ പോലെയുള്ള ചില രാജ്യങ്ങളിൽ മാനസികരോഗാശുപത്രികളിൽ രോഗികളെ ദീർഘകാലത്തേക്ക് അഡ്മിറ്റ് ആക്കാറുണ്ട്, ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ കിടക്കയിൽ കെട്ടിയിടുന്നത് പോലെയുള്ള ശാരീരിക നിയന്ത്രണങ്ങൾ പോലും ചെയ്യുന്നുണ്ട്.[48]

ഔട്ട്‌പേഷ്യന്റ് ചികിത്സ

ഒരു സൈക്യാട്രിസ്റ്റിന്റെ ഓഫീസിലോ കമ്മ്യൂണിറ്റി അധിഷ്ഠിത ഔട്ട്‌പേഷ്യന്റ് ക്ലിനിക്കിലോ ചികിത്സ നൽകാം. ആദ്യ അപ്പോയ്മെന്റിൽ, സൈക്യാട്രിസ്റ്റ് രോഗിയുടെ മാനസിക വിലയിരുത്തൽ നടത്തുന്നു, ഇതിന് സാധാരണയായി 45 മുതൽ 75 മിനിറ്റ് വരെ ആവശ്യമായി വരാറുണ്ട്. ഫോളോ-അപ്പ് അപ്പോയിന്റ്‌മെൻറുകൾക്ക്‌ സാധാരണയായി അത്രയും ദൈർഘ്യം ഉണ്ടാകാറില്ല (സാധാരണ 15 മുതൽ 30 മിനിറ്റ് വരെ). മരുന്ന്‌ ക്രമീകരിക്കൽ‌, സാധ്യമായ മരുന്നുകളുടെ ഇടപെടലുകൾ‌ അവലോകനം ചെയ്യുക, രോഗിയുടെ മാനസികവും വൈകാരികവുമായ പ്രവർ‌ത്തനങ്ങളിൽ‌ മറ്റ് മെഡിക്കൽ‌ തകരാറുകൾ‌ ഉണ്ടാക്കുന്ന സ്വാധീനം പരിഗണിക്കുക, മാറ്റങ്ങളെക്കുറിച്ച് രോഗികളെ ഉപദേശിക്കുക രോഗലക്ഷണങ്ങളും രോഗശാന്തിയും സുഗമമാക്കുന്നതിന് ഉള്ള നിർദ്ദേശങ്ങൾ (ഉദാ. വ്യായാമം, കോഗ്നിറ്റീവ് തെറാപ്പി ടെക്നിക്കുകൾ, സ്ലീപ്പ് ഹൈജീൻ) എന്നിവയെല്ലാം ചികിൽസയുടെ ഭാഗമായി വരാം. ഒരു മനോരോഗവിദഗ്ദ്ധൻ ചികിത്സയിൽ ആളുകളെ കാണുന്ന ആവൃത്തി വ്യാപകമായി വ്യത്യാസപ്പെടുന്നു. ഓരോ വ്യക്തിയുടെയും അവസ്ഥ, കാഠിന്യം, സ്ഥിരത എന്നിവയെ ആശ്രയിച്ച്, ഇവ ആഴ്ചയിൽ ഒരിക്കൽ മുതൽ വർഷത്തിൽ രണ്ടുതവണ വരെ ആവാം.

ചരിത്രം

മാനസിക വൈകല്യങ്ങളെക്കുറിച്ചുള്ള രേഖപ്പെടുത്തിയ ആദ്യകാല വിവരണം, പുരാതന ഇന്ത്യയിൽ നിന്നുള്ള ആയുർവേദ ഗ്രന്ഥമായ ചരക സംഹിതയിലാണ് ഉള്ളത്.[49][50] മാനസികരോഗങ്ങൾ ഭേദമാക്കുന്നതിനുള്ള ആദ്യത്തെ ആശുപത്രികൾ ബി.സി 3-ആം നൂറ്റാണ്ടിൽ തന്നെ ഇന്ത്യയിൽ ആരംഭിച്ചിരുന്നു.[51]

മാനസിക വൈകല്യങ്ങളെക്കുറിച്ചുള്ള ആദ്യകാല കൈയെഴുത്തുപ്രതികൾ ഗ്രീക്കുകാരുടേതായും ഉണ്ട്. [52] ക്രി.മു. നാലാം നൂറ്റാണ്ടിൽ, ശാരീരിക വൈകല്യങ്ങളാണ് മാനസിക വൈകല്യങ്ങളുടെ മൂലകാരണമെന്ന് ഹിപ്പോക്രാറ്റസ് സിദ്ധാന്തവൽകരിച്ചു. ബിസി നാലാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ, താൻ ഡെമോക്രിറ്റസിനെ സന്ദർശിച്ചതായും, തന്റെ തോട്ടത്തിൽ അദ്ദേഹം മൃഗങ്ങളെ വെട്ടുന്നത് കണ്ടതായും ഹിപ്പോക്രാറ്റസ് എഴുതി. ഭ്രാന്തിന്റെയും വിഷാദത്തിന്റെയും കാരണം കണ്ടെത്താൻ താൻ ശ്രമിക്കുകയാണെന്ന് ഡെമോക്രാറ്റസ് വിശദീകരിച്ചു. ഹിപ്പോക്രാറ്റസ് അദ്ദേഹത്തിന്റെ പ്രവർത്തനത്തെ പ്രശംസിച്ചു. ഡെമോക്രിറ്റസ് ഭ്രാന്തിനെക്കുറിച്ചും ദുഖത്തെക്കുറിച്ചും ഒരു പുസ്തകം രചിച്ചിട്ടുണ്ടായിരുന്നു.[53] ബി.സി 5 ആം നൂറ്റാണ്ടിൽ, മാനസിക വിഭ്രാന്തി അമാനുഷിക, ഉത്ഭവം ഉള്ളതാണെന്ന കാഴ്ചപ്പാട് പുരാതന ഗ്രീസ്, റോം, ഈജിപ്ത് എന്നിവിടങ്ങളിൽ നിലനിന്നിരുന്നു.[54][55] മത നേതാക്കൾ പലപ്പോഴും മാനസിക വൈകല്യങ്ങൾ ചികിത്സിക്കുന്നതിനായി ഭൂതോച്ചാടനം പോലെയുള്ള രീതികളിലേക്ക് തിരിഞ്ഞിരുന്നു. ചരിത്രത്തിലുടനീളം ഉപയോഗിച്ച ഈ രീതികളിലൊന്നാണ് ട്രെപാനിംഗ്.

ഇസ്ലാമിക സുവർണ്ണ കാലഘട്ടത്തിൽ, ഇസ്ലാമിക് സൈക്കോളജിയിലും സൈക്യാട്രിയിലും ആദ്യകാല പഠനങ്ങൾ നടന്നിരുന്നു, അക്കാലത്തെ നിരവധി പണ്ഡിതന്മാർ മാനസിക വൈകല്യങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഒൻപതാം നൂറ്റാണ്ടിൽ, പേർഷ്യൻ വൈദ്യനായ മുഹമ്മദ് ഇബ്നു സക്കറിയ അൽ-റാസി മാനസികാവസ്ഥകളെക്കുറിച്ച് എഴുതിയിട്ടുണ്ട്.[56] ബാഗ്ദാദിലെ ഒരു ആശുപത്രിയുടെ ചീഫ് ഫിസിഷ്യൻ എന്ന നിലയിൽ ലോകത്തിലെ ആദ്യത്തെ സൈക്യാട്രിക് വാർഡുകളുടെ ഡയറക്ടർ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ രണ്ട് കൃതികൾ, എൽ-മൻസൂരി, അൽ-ഹവി എന്നിവ മാനസികരോഗങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും ചികിത്സകളും ഉൾപ്പെടുന്നവയാണ്.

ഒൻപത് പത്ത് നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന പേർഷ്യൻ ബഹുവിഷയ പണ്ഡിതൻ അബു സായിദ് അൽ ബാൽഖി, ന്യൂറോട്ടിക് തകരാറുകൾ തരംതിരിച്ച ആദ്യ വ്യക്തികളിൽ ഒരാളാണ്. തരംതിരിക്കപ്പെട്ട ന്യൂറോട്ടിക് തകരാറുകൾ ചികിത്സിക്കുന്നതിനായി അദ്ദേഹം കോഗ്നിറ്റീവ് തെറാപ്പിക്ക് തുടക്കമിട്ടു. ന്യൂറോസിസിനെ അദ്ദേഹം ആസക്തി, ഭയവും ഉത്കണ്ഠയും, കോപവും ആക്രമണവും, സങ്കടവും വിഷാദവും, എന്നിങ്ങനെ നാല് വൈകാരിക വൈകല്യങ്ങളായി തിരിച്ചിട്ടുണ്ട്. അൽ-ബാൽഖി വിഷാദരോഗത്തെ വീണ്ടും മൂന്നായി തരം തിരിച്ചു. അത് സാധാരണ വിഷാദം (നോർമൽ ഡിപ്രഷൻ) അല്ലെങ്കിൽ സങ്കടം (huzn), ശരീരത്തിന് ഉള്ളിൽ നിന്ന് ആരംഭിക്കുന്ന എൻഡോജീനസ് ഡിപ്രഷൻ, ശരീരത്തിന് പുറത്തു നിന്ന് ഉത്ഭവിക്കുന്ന ക്ലിനിക്കൽ ഡിപ്രഷൻ അഥവാ വിഷാദരോഗം എന്നിവയാണ് അവ.[57]

ഒൻപതാം നൂറ്റാണ്ടിൽ ബാഗ്ദാദിലാണ് ആദ്യത്തെ ബിമാറിസ്ഥാൻ (മധ്യകാല ഇസ്ലാമിക ലോകത്തിലെ ആശുപത്രി) സ്ഥാപിതമായത്, തുടർന്നുള്ള നൂറ്റാണ്ടുകളിൽ അറബ് ലോകത്തെമ്പാടും കൂടുതൽ വിപുലീകരിച്ച ബിമാറിസ്ഥാനുകൾ നിർമ്മിക്കപ്പെട്ടു. ചില ബിമാറിസ്റ്റാനുകളിൽ മാനസികരോഗികളുടെ പരിചരണത്തിനായി പ്രത്യേകം നീക്കിവച്ചിരിക്കുന്ന വാർഡുകൾ ഉണ്ടായിരുന്നു.[58][59] പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ലണ്ടനിലെ ബെത്‌ലെം റോയൽ ഹോസ്പിറ്റൽ പോലുള്ള സ്പെഷ്യലിസ്റ്റ് ആശുപത്രികൾ മാനസിക വൈകല്യങ്ങൾ ചികിത്സിക്കുന്നതിനായി നിർമ്മിച്ചവയാണ്, എന്നാൽ അവ കസ്റ്റഡി സ്ഥാപനങ്ങളായി മാത്രം ഉപയോഗിക്കുന്നവയായിരുന്നു. അവിടെ ഏതെങ്കിലും തരത്തിലുള്ള മാനസികരോഗ ചികിത്സ നൽകിയിരുന്നില്ല.

ഒരു മെഡിക്കൽ സ്പെഷ്യാലിറ്റിയെന്ന നിലയിൽ സൈക്യാട്രിയുടെ തുടക്കം പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ്.[52] പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, മാനസിക വൈകല്യം ഉള്ളവർക്കായുള്ള സ്വകാര്യ അഭയകേന്ദ്രങ്ങൾ വലുതാകാനും വികസിക്കാനും തുടങ്ങി. 1713-ൽ ഇംഗ്ലണ്ടിൽ ബെഥേൽ ഹോസ്പിറ്റൽ നോർവിച്ച് തുറന്നു.[60] 1656-ൽ ഫ്രാൻസിലെ ലൂയി പതിനാലാമൻ മാനസിക വൈകല്യങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കായി പൊതു ആശുപത്രി സിസ്റ്റം സൃഷ്ടിച്ചു, എന്നാൽ അവിടങ്ങളിൽ ഇംഗ്ലണ്ടിലെന്നപോലെ യഥാർത്ഥ ചികിത്സ ഉണ്ടായിരുന്നില്ല.[61]

ജ്ഞാനോദയ കാലഘട്ടത്തിൽ പൊതു സമൂഹത്തിന് മാനസികരോഗികളോടുള്ള മനോഭാവം മാറാൻ തുടങ്ങി. അനുകമ്പാപരമായ ചികിത്സ ആവശ്യമുള്ള ഒരു രോഗമായിട്ട് ആളുകൾ ഇതിനെ കാണാൻ തുടങ്ങി. 1758-ൽ ഇംഗ്ലീഷ് ഫിസിഷ്യൻ വില്യം ബാറ്റി മാനസിക വിഭ്രാന്തിയെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് തന്റെ ട്രീറ്റൈസ് ഓൺ മാഡ്നെസ് ൽ എഴുതി. യാഥാസ്ഥിതിക ഭരണകൂടം ക്രൂരമായ കസ്റ്റഡി ചികിത്സ തുടർന്നും ഉപയോഗിച്ച ബെത്‌ലെം ഹോസ്പിറ്റലിനെ ലക്ഷ്യം വച്ചുള്ള ഒരു വിമർശനമായിരുന്നു അത്. രോഗികളുടെ ശുചിത്വം, നല്ല ഭക്ഷണം, ശുദ്ധവായു, സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും വ്യതിചലിക്കൽ എന്നിവ കൈകാര്യം ചെയ്യണമെന്ന് ബാറ്റി വാദിച്ചു. മനസ്സിന്റെ ആന്തരിക പ്രവർത്തനങ്ങളേക്കാൾ ഭൗതിക തലച്ചോറിന്റെയും ശരീരത്തിന്റെയും അപര്യാപ്തതയിൽ നിന്നാണ് മാനസിക വൈകല്യമുണ്ടായതെന്ന് അദ്ദേഹം വാദിച്ചു.[62][63]

Dr. Philippe Pinel at the Salpêtrière, 1795 by Tony Robert-Fleury. Pinel ordering the removal of chains from patients at the Paris Asylum for insane women.

ഫ്രഞ്ച് ഡോക്ടർ ഫിലിപ്പ് പിനലും ഇംഗ്ലീഷ് ക്വേക്കർ വില്യം ട്യൂക്കും സ്വതന്ത്രമായി ധാർമ്മിക ചികിത്സ ആരംഭിച്ചു.[54] 1792 ൽ പിനെൽ ബികട്രെ ആശുപത്രിയിലെ ചീഫ് ഫിസിഷ്യനായി. അദ്ദേഹം ആശുപത്രി മൈതാനങ്ങളിൽ രോഗികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവാദം നൽകി, ഒടുവിൽ ഇരുണ്ട തടവറകൾക്ക് പകരം സൂര്യപ്രകാശം കടക്കുന്ന നന്നായി വായുസഞ്ചാരമുള്ള മുറികൾ സ്ഥാപിച്ചു. പിനലിന്റെ വിദ്യാർത്ഥിയും പിൻഗാമിയുമായ ജീൻ എസ്ക്വിറോൾ (1772–1840) ഇതേ തത്ത്വങ്ങളിൽ പ്രവർത്തിക്കുന്ന 10 പുതിയ മാനസിക ആശുപത്രികൾ സ്ഥാപിക്കാൻ സഹായിച്ചു.

ട്യൂക്കും പിനലും മറ്റുള്ളവരും ശാരീരിക നിയന്ത്രണം ഒഴിവാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിലും ഇത് വ്യാപകമായി തുടർന്നിരുന്നു. ഇംഗ്ലണ്ടിലെ ലിങ്കൺ അസൈലത്തിൽ എഡ്വേർഡ് പാർക്കർ ചാൾസ്വർത്തിന്റെ പിന്തുണയോടെ റോബർട്ട് ഗാർഡിനർ ഹിൽ, ശാരീരിക നിയന്ത്രണങ്ങളും ബലപ്രയോഗവും ഒഴിവാക്കി എല്ലാത്തരം രോഗികൾക്കും അനുയോജ്യമായ ഒരു ചികിത്സാരീതിക്ക് തുടക്കമിട്ടു.1838 ൽ അദ്ദേഹം അവതരിപ്പിച്ച രീതികളിൽ ആകൃഷ്ടരായ പട്ടാളമേധാവി ജോൺ ആഡംസ്, ഡോ ജോൺ കനോലി ഹിൽ എന്നിവർ 1839-ൽ അവരുടെ ഹാൻവെൽ അസൈലത്തിൽ ഇത് അവതരിപ്പിച്ചു.[64][65] 

മാനസികരോഗികളുടെ പരിചരണത്തിനായി സ്ഥാപനവൽക്കരിച്ച വ്യവസ്ഥയുടെ ആധുനിക യുഗം പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ചു. ഇംഗ്ലണ്ടിൽ, മാനസികരോഗികളുടെ ചികിത്സയിലെ ഒരു പ്രധാന അടയാളപ്പെടുത്തലാണ് ലൂണസി ആക്റ്റ് 1845, ഇത് മാനസികരോഗികളുടെ അവസ്ഥയെ ചികിത്സ ആവശ്യമുള്ള രോഗികൾ എന്നനിലയിൽ വ്യക്തമാക്കി. എല്ലാ അഭയകേന്ദ്രങ്ങൾക്കും രേഖാമൂലമുള്ള ചട്ടങ്ങളും റെസിഡന്റ് യോഗ്യതയുള്ള ഫിസിഷ്യനും ഉണ്ടായിരിക്കണം എന്ന് ഉത്തരവായി.[66]  1838-ൽ ഫ്രാൻസ് രാജ്യത്തൊട്ടാകെയുള്ള അഭയകേന്ദ്രങ്ങളിലേക്കും അഭയ സേവനങ്ങളിലേക്കും പ്രവേശനം നിയന്ത്രിക്കുന്നതിന് ഒരു നിയമം നടപ്പാക്കി. അമേരിക്കൻ ഐക്യനാടുകളിൽ, 1842 ൽ പാസാക്കിയ നിയമത്തിന്റെ തുടർച്ചയായി ന്യൂയോർക്കിൽ സംസ്ഥാന നിയന്ത്രണത്തിലുള്ള അഭയകേന്ദ്രം ആരംഭിച്ചു. 1850 ഓടെയാണ് യൂട്ടിക്ക സ്റ്റേറ്റ് ഹോസ്പിറ്റൽ തുറന്നത്. അമേരിക്കൻ ഐക്യനാടുകളിലെ പല സംസ്ഥാന ആശുപത്രികളും 1850 കളിലും 1860 കളിലും രോഗ പ്രധിരോധ ഫലമുണ്ടാക്കുമെന്നു വിശ്വസിച്ചിരുന്ന വാസ്തുവിദ്യാ ശൈലിയായ കിർക്ക്‌ബ്രൈഡ് പദ്ധതിയിൽ നിർമ്മിച്ചതാണ്.[67] 

നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഇംഗ്ലണ്ടിലും ഫ്രാൻസിലുമായി അഭയ കേന്ദ്രങ്ങളിൽ ആകെ നൂറുകണക്കിന് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.[68] 1890 കളുടെ അവസാനത്തിലും 1900 കളുടെ തുടക്കത്തിലും ഈ എണ്ണം ലക്ഷക്കണക്കിന് ആയി. ആളുകളുടെ എണ്ണം കൂടിയതോടെ സ്ഥാപനവൽക്കരണത്തിലൂടെ മാനസികരോഗങ്ങൾ പരിഹരിക്കാമെന്ന ആശയവും പ്രതിസന്ധിയിലായി. വർദ്ധിച്ചുവരുന്ന രോഗികളുടെ എണ്ണം സൈക്യാട്രിസ്റ്റുകൾക്ക് സമ്മർദ്ദം ചെലുത്തി, അഭയകേന്ദ്രങ്ങൾ കസ്റ്റഡി സ്ഥാപനങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലേക്ക് വീണ്ടും എത്തി.[69]

1800 കളുടെ തുടക്കത്തിൽ, മാനസികരോഗ നിർണ്ണയത്തിൽ വലിയ മുന്നേറ്റങ്ങളുണ്ടായി, ഈ കാലത്ത് മാനസികരോഗങ്ങളുടെ വിഭാഗത്തെ വിശാലമാക്കുകയും മൂഡ് ഡിസോർഡേഴ്സ് ഉൾപ്പടെ മാനസികാവസ്ഥയിലെ വൈകല്യങ്ങൾ ഇതിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തു.[70] ഇരുപതാം നൂറ്റാണ്ട് മാനസിക വൈകല്യങ്ങൾ വ്യത്യസ്ത വീക്ഷണകോണുകളിലൂടെ നോക്കിക്കാണുന്ന ഒരു പുതിയ സൈക്യാട്രി ലോകത്തെ അവതരിപ്പിച്ചു. വ്യത്യസ്ത മാനസിക വൈകല്യങ്ങളെല്ലാം ജൈവിക സ്വഭാവമുള്ളവയാണെന്ന് പ്രസ്താവിക്കുന്ന ബയോളജിക്കൽ സൈക്യാട്രിയുടെ പിന്നിലെ പ്രാരംഭ ആശയങ്ങൾ എമിൽ ക്രെപെലിനെ സംബന്ധിച്ചിടത്തോളം "ഞരമ്പുകൾ" എന്ന പുതിയ ആശയമായി പരിണമിച്ചു, സൈക്യാട്രി ന്യൂറോളജിയുടെയും ന്യൂറോ സൈക്കിയാട്രിയുടെയും ഏകദേശ കണക്കായി മാറി.[71] സിഗ്മണ്ട് ഫ്രോയിഡിന്റെ പ്രവർത്തനത്തെത്തുടർന്ന്, സൈക്കോഅനാലിറ്റിക് തിയറിയിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങളും സൈക്യാട്രിയിൽ വേരുറപ്പിക്കാൻ തുടങ്ങി. മനോരോഗവിദഗ്ദ്ധർക്കിടയിൽ സൈക്കോഅനാലിറ്റിക് തിയറി പ്രചാരത്തിലായി, ഇത് അഭയകേന്ദ്രങ്ങളിലെ വെയർഹൗസിൽ ഉള്ള ചികിൽസകൾക്ക് പകരം, രോഗികൾക്ക് സ്വകാര്യ ചികിൽസ നൽകാൻ സൈക്കാട്രിസ്റ്റുകളെ ഇത് അനുവദിച്ചു.

അവലംബങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=സൈക്യാട്രി&oldid=3911736" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്