സൗരയൂഥേതരഗ്രഹം

സൗരയൂഥത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളെയാണ് സൗരയൂഥേതരഗ്രഹം (extrasolar planet) അഥവാ എക്സോപ്ലാനറ്റ് എന്ന് വിളിക്കുന്നത്. 2024 ഫെബ്രുവരി 2 വരെ 5587 സൗരയൂഥേതരഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്.[1] മിക്ക സൗരയൂഥേതരഗ്രഹങ്ങളെയും കണ്ടുപിടിച്ചത് ആരീയവേഗനിരീക്ഷണങ്ങളുൾപ്പെടെയുള്ള രീതികളുപയോഗിച്ചാണ്‌.[2] മിക്ക സൗരയൂഥേതരഗ്രഹങ്ങളും വ്യാഴത്തിന് സമാനമായുള്ള വാതകഭീമന്മാരാണ്. ഇന്നത്തെ സാങ്കേതികവിദ്യയുപയോഗിച്ച് വാതകഭീമന്മാരെ കൂടുതൽ എളുപ്പത്തിൽ നിരീക്ഷിക്കാൻ സാധിക്കും എന്നതിനാൽ കൂടിയാണ് ഈ ആധിക്യം. ഭൂമിയെക്കാൾ അൽപം മാത്രം വലുതായിട്ടുള്ള സൗരയൂഥേതരഗ്രഹങ്ങളും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ എണ്ണം വാതകഭീമൻമാരുടെ എണ്ണത്തെ കവച്ചുവയ്ക്കുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.[3][4]

ഫോമൽഹോട് നക്ഷത്രത്തിന്റെ ഗ്രഹാന്തരീയധൂളീമേഘത്തിന്റെ ഹബിൾ ദൂരദർശിനി എടുത്ത കൊറോണാഗ്രാഫ്. ഫോമൽഹോട് ബി എന്ന ഗ്രഹത്തെ കാണാം
GJ 758 വ്യവസ്ഥയെ കണ്ടെത്താനുപയോഗിച്ച സുബാരു ദൂരർശിനിയിൽ നിന്നുള്ള നിയർ ഇൻഫ്രാറെഡ് ചിത്രം. നക്ഷത്രത്തിന്റെ കൂട്ടാളികളെ ഗ്രഹങ്ങളോ തവിട്ടുകുള്ളൻമാരോ ആയി കണക്കാക്കേണ്ടത് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല
2MASS J044144 എന്ന തവിട്ടുകുള്ളന് വ്യാഴത്തിന്റെ 5-10 ഇരട്ടി പിണ്ഡമുള്ള ഒരു കൂട്ടാളിയുണ്ട്. ഇത് ഗ്രഹമോ സബ് ബ്രൗൺ ഡ്വാർഫോ ആകാം

നക്ഷത്രങ്ങളിൽ വലിയൊരു പങ്കിനും ഗ്രഹങ്ങളുണ്ടെന്ന് ഇന്ന് നമുക്കറിയാം. സൗരസമാനനക്ഷത്രങ്ങളിൽ 10 ശതമാനത്തിനുചുറ്റുമെങ്കിലും ഗ്രഹങ്ങൾ പരിക്രമണം നടത്തുന്നു (യഥാർത്ഥത്തിൽ ഈ സംഖ്യ ഇതിലും വളരെ കൂടുതലാകാം).[5] നമ്മുടെ താരാപഥത്തിൽ തന്നെ 109 സൗരയൂഥേതരഗ്രഹങ്ങളെങ്കിലുമുണ്ടെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. തവിട്ടുകുള്ളൻമാരെ പരിക്രമണം ചെയ്യുന്നതും ഒരു വസ്തുവിനെയും പരിക്രമണം ചെയ്യാത്തതുമായ ഗ്രഹങ്ങളുമുണ്ട്. എന്നാൽ ഇവയെ ഗ്രഹങ്ങളായി കണക്കാക്കി നിർവചനത്തിൽ ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

പത്തൊമ്പതാം നൂറ്റാണ്ടിലാണ്‌ ജ്യോതിശാസ്ത്രജ്ഞർ സൗരയൂഥേതരഗ്രഹങ്ങളെക്കുറിച്ച് പഠിക്കാനാരംഭിച്ചത്. മറ്റ് നക്ഷത്രങ്ങൾക്ക് ചുറ്റും ഗ്രഹങ്ങളുണ്ടാകാമെന്ന് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നെങ്കിലും അവ എത്രത്തോളം സാധാരണമാണെന്നോ നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുമായി എത്രത്തോളം സാമ്യമുള്ളവയായിരിക്കുമെന്നോ ആർക്കും അറിയുമായിരുന്നില്ല. 1992-ലാണ്‌ സൗരയൂഥത്തിനു പുറത്ത് ആദ്യമായി ഒരു ഗ്രഹത്തെ കണ്ടെത്തുന്നത്. പൾസാറായ PSR B1257+12ക്ക് ചുറ്റും ഒന്നിലേറെ ഗ്രഹങ്ങൾ പരിക്രമണം ചെയ്യുന്നുണ്ടെന്ന്‌ നിരീക്ഷിക്കപ്പെട്ടു.[6] മുഖ്യശ്രേണിനക്ഷത്രങ്ങളിൽ ഗ്രഹമുണ്ടെന്ന് നിരീക്ഷിക്കപ്പെട്ട ആദ്യത്തേത് 1995-ൽ 51 Pegasi ആയിരുന്നു. ഈ ജി-ടൈപ് നക്ഷത്രത്തിനുചുറ്റും നാല്‌ ദിവസത്തിന്റെ പരിക്രമണകാലത്തോടെ 51 Pegasi b എന്ന ഗ്രഹം പരിക്രമണം ചെയ്യുന്നതായി കണ്ടെത്തി. ഇതിനുശേഷം നിരീക്ഷിക്കപ്പെടുന്ന സൗരയൂഥേതരഗ്രഹങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌.[2]

സൗരയൂഥേതരഗ്രഹങ്ങളുടെ കണ്ടെത്തൽ ജ്യോതിർജീവശാസ്ത്രത്തിൽ താത്പര്യം വർദ്ധിപ്പിച്ചിരിക്കുന്നു. ജീവയോഗ്യമായ മറ്റ് ഗ്രഹങ്ങളെ കാണാനുള്ള സാധ്യതയാണ്‌ കൂടുതൽ ഗ്രഹങ്ങളുടെ കണ്ടെത്തലിലൂടെ വർദ്ധിക്കുന്നത്.[7] 2010 ഏപ്രിൽ വരെ കണ്ടുപിടിക്കപ്പെട്ട സൗരയൂഥേതരഗ്രഹങ്ങളിൽ വച്ച്, ചുവപ്പുകുള്ളനായ Gliese 581 എന്ന നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന Gliese 581 d ആണ്‌ നക്ഷത്രത്തിനുചുറ്റുമുള്ള ജീവസാധ്യമേഖലയിലായിരിക്കാൻ കൂടുതൽ സാധ്യതയുള്ളത്.[8]

നിരീക്ഷണചരിത്രം

ആദ്യകാല അവകാശവാദങ്ങൾ

1992ൽ ആദ്യമായി സ്ഥിരീകരിക്കപ്പെടുംവരെ സൗരയൂഥേതരഗ്രഹങ്ങളെക്കുറിച്ച് ഏറെക്കാലം ചർച്ചകളും ഊഹങ്ങളും നിലവിലുണ്ടായിരുന്നു. കോപ്പർനിക്കസിന്റെ സിദ്ധാന്തത്തെ പിന്താങ്ങിയിരുന്ന പതിനാറാം നൂറ്റാണ്ടിലെ ഇറ്റാലിയൻ തത്ത്വചിന്തകൻ ജിയോർഡാനോ ബ്രൂണോ ഭൂമിയും മറ്റ് ഗ്രഹങ്ങളും സൂര്യനെ പരിക്രമണം ചെയ്യുന്നതുപോലെ നിശ്ചലനക്ഷത്രങ്ങളും സൂര്യന്‌ സമാനമാണെന്നും അവയ്ക്കുചുറ്റുമെല്ലാം ഗ്രഹങ്ങളുണ്ടെന്നും പറഞ്ഞിരുന്നു.[9] പതിനെട്ടാം നൂറ്റാണ്ടിൽ ഐസക് ന്യൂട്ടണും ഇതേ സാധ്യത മുന്നോട്ടുവച്ചു. പ്രിൻസിപ്പിയയുടെ അവസാനഭാഗമായ ജനറൽ സ്കോളിയത്തിൽ സൂര്യന്റെ ഗ്രഹവ്യവസ്ഥയുമായി താരതമ്യം ചെയ്ത് അദ്ദേഹം ഇപ്രകാരം എഴുതി : "സ്ഥിരനക്ഷത്രങ്ങൾ സൂര്യന്‌ സമാനമാണെങ്കിൽ അവയുടെ രൂപകല്പനയും ഒരേവിധത്തിലായിരിക്കും".[10]

പത്തൊമ്പതാം നൂറ്റാണ്ടു മുതൽ തന്നെ സൗരയൂഥേതരഗ്രഹങ്ങളെ കണ്ടെത്തിയതായുള്ള അവകാശവാദങ്ങളുണ്ടായിട്ടുണ്ട്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മദ്രാസ് നിരീക്ഷണശാലയിലെ ഡബ്ല്യു.എസ്. ജേക്കബ് ഇരട്ടനക്ഷത്രമായ 70 Ophiuchi-യുടെ ഭാഗമായി ഒരു ഗ്രഹമുണ്ടാകാൻ നല്ല സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. 70 Ophiuchi-യുടെ ഭ്രമണപഥത്തിലെ വ്യതിചലനങ്ങളാണ്‌ ഇങ്ങനെ പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.[11] 1890-കളിൽ ചിക്കാഗോ സർവകലാശാലയിലും യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ ഒബ്സർവേറ്ററിയിലും ജോലിചെയ്തിരുന്ന തോമസ് ജെ.ജെ. സീ ഭ്രമണപഥത്തിലെ വ്യതിചലനങ്ങൾക്ക് ഒരു വിശദീകരണം നൽകി. 36 വർഷം കൊണ്ട് നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ഒരു ഗ്രഹം മൂലമാണ്‌ ഇരട്ടനക്ഷത്രത്തിന്റെ ഭ്രമണപഥത്തിൽ വ്യത്യാസങ്ങളുണ്ടാകുന്നത് എന്നാണദ്ദേഹം പറഞ്ഞത്.[12] എന്നാൽ അത്തരമൊരു വ്യവസ്ഥ തീർത്തും അസ്ഥിരമായിരിക്കുമെന്ന് കാട്ടിക്കൊണ്ട് ഫോറസ്റ്റ് റേ മോൾട്ടൺ അധികം വൈകാതെ ഒരു പ്രബന്ധമെഴുതി.[13] 1950-60കളിൽ സ്വാർത്ത്മോർ കോളേജിലെ പീറ്റർ വാൻ ഡി കാമ്പ് ബർണാർഡിന്റെ നക്ഷത്രത്തിനു ചുറ്റും ഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു.[14] ഈ ആദ്യകാല അവകാശവാദങ്ങളൊക്കെ പൊള്ളയായിരുന്നുവെന്നാണ്‌ ഇന്ന് ജ്യോതിശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.[15]

1991-ൽ ആൻഡ്രൂ ലൈൻ, എം. ബെയിൽസ്, എസ്.എൽ. ഷെമാർ എന്നിവർ PSR 1829-10 എന്ന പൾസാറിനുചുറ്റും ഒരു ഗ്രഹമുണ്ടെന്ന് പൾസാറിന്റെ സമയത്തിൽ വരുന്ന മാറ്റങ്ങളിൽ നിന്ന് കണ്ടെത്തിയതായി അവകാശപ്പെട്ടു.[16] ശാസ്ത്രലോകത്തിൽ ഈ വാർത്ത വളരെപ്പെട്ടെന്ന് പ്രശസ്തി നേടിയെങ്കിലും ലൈനും സംഘവും പിന്നീട് ഈ അവകാശവാദം പിൻവലിക്കുകയാണുണ്ടായത്.[17]

സ്ഥിരീകരിക്കപ്പെട്ടവ

ഹോട്ട് ജ്യൂപ്പിറ്റർ വിഭാഗത്തിൽ പെട്ട സൗരയൂഥേതരഗ്രഹം കലാകാരന്റെ ഭാവനയിൽ

സൗരയൂഥേതരഗ്രഹ കണ്ടെത്തലുകളിൽ വച്ച് പിന്നീട് സ്ഥിരീകരിക്കപ്പെട്ട ആദ്യത്തേത് പുറത്തുവന്നത് 1988-ലാണ്‌. കനേഡിയൻ ജ്യോതിശാസ്ത്രജ്ഞരായ ബ്രൂസ് കാംബെൽ, ജി.എ.എച്ച്. വാക്കർ, എസ്. യാങ്ങ് എന്നിവർ ആരീയപ്രവേഗനിരീക്ഷണങ്ങളിൽ നിന്ന് ഗാമ സീഫി നക്ഷത്രത്തിനുചുറ്റും ഒരു ഗ്രഹം പരിക്രമണം ചെയ്യുന്നുണ്ടാകാമെന്ന് കണ്ടെത്തി.[18] ആ സമയത്തെ നിരീക്ഷണോപകരണങ്ങളുടെ പരിധിയിലായിരുന്നു ഈ നിരീക്ഷണങ്ങളുടെ സ്ഥാനം എന്നതിനാൽ ജ്യോതിശാസ്ത്രലോകം വർഷങ്ങൾ കഴിഞ്ഞും സംശയത്തോടെയാണ്‌ ഈ വാദങ്ങളെ വീക്ഷിച്ചത്. ഗ്രഹങ്ങളെന്ന് കരുതപ്പെട്ട വസ്തുക്കൾ യഥാർത്ഥത്തിൽ ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും ഇടയിൽ വലിപ്പമുള്ള തവിട്ടുകുള്ളന്മാരാകാനുള്ള സാധ്യതയുമുണ്ടായിരുന്നു. എങ്കിലും തൊട്ടടുത്ത വർഷം നടന്ന നിരീക്ഷണങ്ങൾ ഗാമ സീഫിക്കു ചുറ്റും ഒരു ഗ്രഹം പരിക്രമണം ചെയ്യുന്നുണ്ടെന്ന വാദത്തിന്‌ കൂടുതൽ ബലമേകി.[19] 1992-ൽ നടന്ന തുടർപഠനങ്ങൾ പക്ഷേ സംശയങ്ങൾ വർദ്ധിപ്പിക്കുകയാണുണ്ടായത്.[20] ഒടുവിൽ 2002-ൽ കൂടുതൽ മികച്ച രീതികളുടെ സഹായത്തോടെയാണ്‌ ഗ്രഹത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെടുന്നത്.[21]

1992-ൽ റേഡിയോ ജ്യോതിശാസ്ത്രജ്ഞരായ അലക്സാൻഡർ വോൾഷ്ടാൻ, ഡേൽ ഫ്രെയിൽ എന്നിവർ മറ്റൊരു പൾസാറായ PSR 1257+12ന് ചുറ്റും ഗ്രഹങ്ങളെ കണ്ടെത്തിയ വിവരം പുറത്തുവിട്ടു.[6] ഈ കണ്ടെത്തൽ വളരെ വേഗം സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. സൗരയൂഥേതരഗ്രഹങ്ങളുടെ ആദ്യത്തെ നിരീക്ഷണമായി സാധാരണ കണക്കാക്കപ്പെടുന്നത് PSR 1257+12 ന്റെ ഗ്രഹങ്ങളെയാണ്. പൾസാർ രൂപീകരണത്തിന് കാരണമായ സൂപ്പർനോവയുടെ അവശിഷ്ടങ്ങളിൽ നിന്നാകാം ഈ ഗ്രഹങ്ങൾ രൂപം കൊണ്ടത്. ഇവ സൂപ്പർനോവാസ്ഫോടനത്തെ അതിജീവിച്ച വാതകഭീമൻ ഗ്രഹങ്ങളുടെ കാമ്പുകളായിരിക്കാനും സാധ്യതയുണ്ട്.

1995 ഒക്ടോബർ 6ന് ജനീവ സർവകലാശാലയിലെ മൈക്കൽ മേയർ, ദിദിയേർ കെലോസ് എന്നിവർ ഒരു മുഖ്യശ്രേണിനക്ഷത്രത്തിന് (51 പെഗാസി) ചുറ്റും ഗ്രഹം പരിക്രമണം ചെയ്യുന്നതായുള്ള ആദ്യത്തെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു.[22] Observatoire de Haute-Provence ൽ വച്ച് നടന്ന ഈ കണ്ടെത്തൽ സൗരയൂഥേതരഗ്രഹങ്ങളുടെ നിരീക്ഷണത്തിൽ ഒരു പുതുയുഗത്തിന് തുടക്കം കുറിച്ചു. ഉയർന്ന റെസല്യൂഷൻ സ്പെക്ട്രോസ്കോപി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിലെ മുന്നേറ്റങ്ങൾ സൗരയൂഥേതരഗ്രഹങ്ങളുടെ കണ്ടെത്തലുകളുടെ എണ്ണം വർദ്ധിക്കാൻ കാരണമായി. മാതൃനക്ഷത്രങ്ങളുടെ ചലനത്തിൽ ഗ്രഹങ്ങളുടെ ഗുരുത്വാകർഷണഫലമായുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കാൻ ഇതുവഴി സാധിച്ചു. ഗ്രഹങ്ങൾ ഡിസ്കിനുമുന്നിലൂടെ ചലിക്കുന്ന സമയത്ത് നക്ഷത്രത്തിന്റെ ദൃശ്യപ്രഭയിലുണ്ടാകുന്ന വ്യത്യാസം നിരീക്ഷിക്കുന്നതുവഴിയാണ് ചില സൗരയൂഥേതരഗ്രഹങ്ങളെ കണ്ടെത്താനായത്.

2024 ഫെബ്രുവരി 2 വരെ നാസ എക്സോപ്ലാനറ്റ് ആർക്കൈവിൽ 5587 ഗ്രഹങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.[1] ഒന്നിലേറെ ഗ്രഹങ്ങളുള്ളതായി കണ്ടെത്തിയ ആദ്യത്തെ വ്യവസ്ഥ PSR 1257+12 ആയിരുന്നു. ഉപ്സിലോൺ ആൻഡ്രോമിഡേ ആണ് ഒന്നിലേറെ ഗ്രഹങ്ങളുള്ളതായി നിരീക്ഷിക്കപ്പെട്ട ആദ്യത്തെ മുഖ്യശ്രേണിനക്ഷത്രം. 20 മേയ് 17 വരെ 639 ബഹുഗ്രഹവ്യവസ്ഥകളെ കണ്ടെത്താനായിട്ടുണ്ട്.[1] രണ്ട് വ്യത്യസ്ത പൾസാറുകളെ പരിക്രമണം ചെയ്യുന്ന നാല് പൾസാർ ഗ്രഹങ്ങളെയും ഇതുവരെ നിരീക്ഷിക്കാനായിട്ടുണ്ട്. നക്ഷത്രങ്ങൾക്കുചുറ്റുമുള്ള ഡിസ്കുകളുടെ ഇൻഫ്രാറെഡ് നിരീക്ഷണങ്ങൾ ലക്ഷക്കണക്കിന് നക്ഷത്രവ്യവസ്ഥകളിൽ ധൂമകേതുക്കളുള്ളതിലേക്ക് വിരൽചൂണ്ടുന്നു.

സൗരയൂഥേതരഗ്രഹങ്ങളെ കണ്ടെത്തുന്ന രീതികൾ

നക്ഷത്രങ്ങളുമായി താരതമ്യം ചെയ്താൽ ഗ്രഹങ്ങൾ തീർത്തും പ്രകാശം കുറഞ്ഞവയാണ്. ദൃശ്യപ്രകാശത്തിൽ നക്ഷത്രങ്ങളുടെ പ്രഭയുടെ പത്തുലക്ഷത്തിൽ ഒരു ഭാഗത്തിൽ താഴെയേ ഗ്രഹങ്ങൾക്കുണ്ടാകാറുള്ളൂ. ഇത്ര പ്രകാശം കുറഞ്ഞ ഒരു സ്രോതസ്സിനെ നിരീക്ഷിക്കുകയെന്നത് സ്വതേ വിഷമകരമാണ്, മാതൃനക്ഷത്രത്തിന്റെ പ്രകാശത്തിന്റെ പശ്ചാത്തലത്തിലാകുമ്പോൾ പ്രത്യേകിച്ചും.

HR8799 നക്ഷത്രത്തിന് ചുറ്റുമുള്ള ഗ്രഹങ്ങളുടെ നേരിട്ടുള്ള ചിത്രം. ഹേൽ ദൂരദർശിനി വെക്റ്റർ വോർടെക്സ് കൊറോണാഗ്രാഫ് ഉപയോഗിച്ച് എടുത്തത്

ഇക്കാരണത്താൽ ദൂരദർശിനികൾ പത്തിൽ താഴെ സൗരയൂഥേതരഗ്രഹങ്ങളുടെ നേരിട്ടുള്ള ചിത്രങ്ങളേ ഇതുവരെ എടുത്തിട്ടുള്ളൂ. ഇതുതന്നെ വ്യാഴത്തെക്കാളുമൊക്കെ വലിപ്പം കൂടിയതും മാതൃഗ്രഹത്തിൽ നിന്ന് നല്ല അകലത്തിൽ സ്ഥിതിചെയ്യുന്നതുമായുള്ള ഗ്രഹങ്ങളുടെ കാര്യത്തിലാണ് സാധ്യമായിട്ടുള്ളത്. നേരിട്ട് ചിത്രങ്ങളെടുക്കാൻ സാധിച്ചിട്ടുള്ള ഗ്രഹങ്ങളധികവും ചൂടേറിയതും അതിനാൽ ഇൻഫ്രാറെഡ് വികിരണം കൂടുതൽ പുറപ്പെടുവിക്കുന്നതുമായിരുന്നു. മാതൃനക്ഷത്രത്തിൽ നിന്നുള്ള ഗ്ലെയർ ഒഴിവാക്കാൻ ഇൻഫ്രാറെഡിലാണ് ഇവയുടെ ചിത്രങ്ങളെടുത്തിട്ടുള്ളത്.

നാസയുടെ ജെറ്റ് പ്രൊപൾഷൻ ലബോറട്ടറിയിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ വെക്റ്റർ വോര്ടെക്സ് കൊറോണാഗ്രാഫ് ഉപയോഗിച്ച് നക്ഷത്രത്തിന്റെ പ്രകാശം ബ്ലോക്ക് ചെയ്യുന്നതിനുള്ള പുതിയൊരു വഴി കണ്ടെത്തിയിട്ടുണ്ട്. ഗ്രഹങ്ങളെ നേരിട്ട് നിരീക്ഷിക്കുന്നത് എളുപ്പമാക്കുന്ന ഈ രീതി കൂടുതൽ സൗരയൂഥേതരഗ്രഹങ്ങളെ കണ്ടെത്തുന്നതിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.[23][24] പ്രത്യാശ നൽകുന്ന മറ്റൊരു രീതിയാണ്‌ നള്ളിങ്ങ് ഇന്റർഫെറോമെട്രി.[25]

എങ്കിലും ഇതുവരെ സൗരയൂഥേതരഗ്രഹങ്ങളിൽ ഭൂരിഭാഗത്തെയും കണ്ടെത്തിയിട്ടുള്ളത് നേരിട്ടല്ലാതെയുള്ള രീതികൾ വഴിയാണ്. ഉപയോഗപ്രദമായുള്ള ചില രീതികൾ താഴെക്കൊടുത്തിരിക്കുന്നു :

  • ആരീയപ്രവേഗമുപയോഗിച്ചുള്ള രീതി (ഡോപ്ലർ രീതി)
ഗ്രഹം മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്യുന്നതിനോടൊപ്പം നക്ഷത്രവും വ്യവസ്ഥയുടെ പിണ്ഡകേന്ദ്രത്തിന് ചുറ്റും ചെറിയൊരു പരിക്രമണപഥത്തിൽ ചലിക്കും. തദ്ഫലമായി നക്ഷത്രത്തിന്റെ ആരീയപ്രവേഗത്തിൽ വരുന്ന മാറ്റങ്ങൾ ഡോപ്ലർ പ്രഭാവം മൂലം നക്ഷത്രത്തിന്റെ സ്പെക്ട്രൽ രേഖകളിൽ വരുന്ന ചലനങ്ങളിൽ നിന്ന് മനസ്സിലാക്കിയെടുക്കാം. 1 m/s വരെ ചെറിയ വ്യത്യാസങ്ങൾ പോലും ഇങ്ങനെ നിരീക്ഷിക്കാനാകും. ഇതുവരെ ഏറ്റവും കൂടുതൽ സൗരയൂഥേതരഗ്രഹങ്ങളെ കണ്ടെത്താൻ സഹായിച്ചിട്ടുള്ള രീതി ഇതാണ്. വളരെ വ്യത്യസ്തമായ സ്വഭാവസവിശേഷതകളുള്ള നക്ഷത്രങ്ങൾക്കുചുറ്റും ഗ്രഹങ്ങളെ ഇങ്ങനെ കണ്ടെത്താൻ സാധിക്കും എന്നതാണ് ഈ രീതിയുടെ ഒരു പ്രത്യേകത.
  • ട്രാൻസിറ്റ് രീതി
ഗ്രഹം മാതൃനക്ഷത്രത്തിന്റെ ഡിസ്കിന് മുന്നിലൂടെ കടന്നുപോകുമ്പോൾ നമുക്ക് ദൃശ്യമാകുന്ന നക്ഷത്രത്തിന്റെ പ്രകാശത്തിൽ ചെറിയ കുറവുവരുന്നു. ഈ കുറവ് നക്ഷത്രത്തിന്റെയും ഗ്രഹത്തിന്റെയും വലിപ്പത്തെ ആശ്രയിച്ചിരിക്കുന്നു. ഈ രീതിയുപയോഗിച്ചും വളരെയേറെ സൗരയൂഥേതരഗ്രഹങ്ങളെ കണ്ടെത്താനായിട്ടുണ്ടെങ്കിലും ഇത്തരം ചില കണ്ടെത്തലുകൾ തെറ്റായിരിക്കാൻ സാധ്യതയുണ്ട് എന്ന പ്രശ്നമുണ്ട്. അതിനാൽ തന്നെ ഈരീതിയുപയോഗിച്ചുള്ള കണ്ടെത്തലുകളെ മറ്റു രീതികളുപയോഗിച്ച് സ്ഥിരീകരിക്കേണ്ടത് ആവശ്യമായി കരുതപ്പെടുന്നു.
  • ട്രാൻസിറ്റ് ടൈമിങ്ങ് വേരിയേഷൻ
ട്രാൻസിറ്റ് രീതിയുടെ ഒരു വ്യതിയാനമാണിത്. ഒരു ഗ്രഹം നക്ഷത്രത്തിന്റെ ഡിസ്കിന് മുന്നിലൂടെ ചലിക്കുന്ന സമയത്തിൽ വരുന്ന മാറ്റമുപയോഗിച്ച് മറ്റൊരു ഗ്രഹത്തിന്റെ സാന്നിദ്ധ്യം അനുമാനിക്കുന്നു. WASP-3c ആണ് ഈ രീതിയുപയോഗിച്ച് കണ്ടെത്തിയ ആദ്യത്തെ ഗ്രഹം. WASP-3 വ്യവസ്ഥയിലെ WASP-3b ഗ്രഹത്തിന്റെ ട്രാൻസിറ്റ് സമയങ്ങളിലെ വ്യതിയാനമുപയോഗിച്ച് റോഹ്സൻ നിരീക്ഷണശാല, ജെന നിരീക്ഷണശാല, ടോരൺ ജ്യോതിശാസ്ത്രകേന്ദ്രം എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്.[26] ഈ രീതിയുപയോഗിച്ച് ഭൂമിക്ക് സമാനമായ വലിപ്പമുള്ള ഗ്രഹങ്ങളെ വരെ കണ്ടെത്താനാകും
ഒരു നക്ഷത്രത്തിന്റെ ഗുരുത്വാകർഷണക്ഷേത്രം കാചമായി പ്രവർത്തിച്ച് പശ്ചാത്തലത്തിലെ നക്ഷത്രത്തിന്റെ പ്രകാശത്തെ തീവ്രമാക്കുമ്പോഴാണ് ഗ്രാവിറ്റേഷണൽ മൈക്രോലെൻസിങ്ങ് നടക്കുന്നത്. നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ഗ്രഹങ്ങൾക്ക് കാചനത്തിന്റെ തീവ്രതയിൽ വ്യതിയാനങ്ങൾ വരുത്താൻ സാധിക്കും. ഈ രീതിയുപയോഗിച്ച് വളരെക്കുറച്ച് സൗരയൂഥേതരഗ്രഹങ്ങളെയേ കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ എങ്കിലും നക്ഷത്രത്തിൽ നിന്ന് നല്ല അകലത്തിൽ സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളുടെ കാര്യത്തിൽ ഈ രീതി മെച്ചപ്പെട്ട ഫലങ്ങൾ തരുന്നു.
  • ആസ്ട്രോമെട്രി
ആകാശത്ത് ഒരു നക്ഷത്രത്തിന്റെ കൃത്യമായ സ്ഥാനവും കാലക്രമേണ ഈ സ്ഥാനത്തിൽ വരുന്ന മാറ്റങ്ങളും അളക്കുന്നതിനാണ് ആസ്ട്രോമെട്രി എന്ന് പറയുന്നത്. ഗ്രഹത്തിന്റെ ഗുരുത്വാകർഷണഫലമായുള്ള നക്ഷത്രചലനങ്ങൾ ഈ രീതിയുപയോഗിച്ച് നിരീക്ഷിക്കാൻ സാധിച്ചേക്കും. എന്നാൽ. ഈ ചലനം വളരെ ചെറുതായതിനാൽ ഇതുവരെ ഈ രീതി സൗരയൂഥേതരഗ്രഹങ്ങളെ കണ്ടെത്തുന്നതിൽ അത്ര വിജയകരമായിട്ടില്ല.
  • പൾസാർ ടൈമിങ്ങ്
പൾസാറുകൾ സ്വയം ഭ്രമണം ചെയ്യുന്നതോടൊപ്പം വളരെ കൃത്യമായ ഇടവേളകളിൽ റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. പൾസാറുകൾക്ക് ചുറ്റും ഗ്രഹങ്ങളുണ്ടെങ്കിൽ അവ റേഡിയോ പൾസുകളുടെ ഇടവേളകളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നു. നാല് ഗ്രഹങ്ങളെ ഈ രീതിയുപയോഗിച്ച് കണ്ടെത്തിയിട്ടുണ്ട്. സൗരയൂഥേതരഗ്രഹങ്ങളുടെ ആദ്യ നിരീക്ഷണം തന്നെ ഈ രീതിയുപയോഗിച്ചായിരുന്നു.
  • എക്ലിപ്സിങ്ങ് ബൈനറികളുടെ സമയനിരീക്ഷണം
ഒരു എക്ലിപ്സിങ്ങ് ബൈനറിയിലെ രണ്ട് നക്ഷത്രങ്ങളുടെ ചുറ്റും ഒരു ഗ്രഹം പരിക്രമണം ചെയ്യുകയാണെങ്കിൽ ഗ്രഹണത്തിന്റെ ഇടവേളയിൽ മാറ്റങ്ങൾക്ക് കാരണമാകും. ഈ മാറ്റങ്ങൾ നിരീക്ഷിച്ച് ഗ്രഹത്തിന്റെ സാന്നിധ്യമറിയാനാകും. 2009 ഡിസംബർ വരെ രണ്ട് സൗരയൂഥേതരഗ്രഹങ്ങളെ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്.
  • നക്ഷത്രങ്ങൾക്ക് ചുറ്റുമുള്ള ഡിസ്കുകളുടെ നിരീക്ഷണം
ധൂളിയും വാതകങ്ങളും കൊണ്ട് നിർമ്മിതമായ ഡിസ്കുകൾ മിക്ക നക്ഷത്രങ്ങൾക്ക് ചുറ്റും കാണപ്പെടുന്നു. നക്ഷത്രങ്ങളിൽ നിന്ന് പ്രകാശം ആഗിരണം ചെയ്ത് ഇൻഫ്രാറെഡ് വികിരണമായി പുറത്തുവിടുന്നതിനാൽ ഈ ഡിസ്കുകളെ നിരീക്ഷിക്കാനാകും. ഈ ഡിസ്കുകളിലെ പ്രത്യേകതകൾ ഗ്രഹങ്ങളുടെ സാന്നിദ്ധ്യം സൂചിപ്പിക്കാം

മിക്ക സൗരയൂഥേതരഗ്രഹങ്ങളെയും ഭൂമിയിലെ ദൂരദർശിനികളുപയോഗിച്ചാണ് കണ്ടെത്തിയിട്ടുള്ളത്. എങ്കിലും ഈ രീതികളിലധികവും കൂടുതൽ ക്ഷമതയോടെ ബഹിരാകാശദൂരദർശിനികളുപയോഗിച്ചും ചെയ്യാനാകും. COROT (2006 ഡിസംബറിൽ വിക്ഷേപിക്കപ്പെട്ടു), കെപ്ലർ (2009 മാർച്ചിൽ വിക്ഷേപിക്കപ്പെട്ടു) എന്നിവ സൗരയൂഥേതരഗ്രഹങ്ങളെ കണ്ടെത്താനായി ആരംഭിച്ച ബഹിരാകാശപദ്ധതികളാണ്. ഹബിൾ ബഹിരാകാശ ദൂരദർശിനി, MOST എന്നിവയും ചില ഗ്രഹങ്ങളെ കണ്ടെത്തുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടുണ്ട്. ന്യൂ വേൾഡ്സ് മിഷൻ, ഡാർവിൻ, സ്പേസ് ഇന്റർഫെറോമെട്രി മിഷൻ, ടെറെസ്ട്രിയൽ പ്ലാനറ്റ് ഫൈൻഡർ, പെഗാസെ എന്നിങ്ങനെ ചില പദ്ധതികൾ പണിപ്പുരയിലുമുണ്ട്.

നിർവചനം

അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ ഗ്രഹത്തിന്റെ നിർവചനം സൗരയൂഥത്തിന് മാത്രമായുള്ളതാണ്, അതിനാൽത്തന്നെ സൗരയൂഥേതരഗ്രഹങ്ങളെ ഉൾക്കൊള്ളുന്നില്ല..[27][28] 2001-ൽ സംഘടന പുറത്തിറക്കുകയും 2003-ൽ മാറ്റം വരുത്തുകയും ചെയ്ത ഒരു പ്രസ്താവനയാണ് സൗരയൂഥേതരഗ്രഹങ്ങളെ സംബന്ധിക്കുന്ന ഒരേയൊന്ന്.[29]ഈ നിർവചനം താഴെപ്പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളുന്നു:

  • ഡ്യുട്ടീരിയം അണുസംയോജനം നടക്കുന്നതിനാവശ്യമായ പിണ്ഡപരിധിക്ക് (സൗരസമാനമായ ലോഹീയതയുള്ള ജ്യോതിശാസ്ത്രവസ്തുക്കൾക്ക് ഈ പരിധി വ്യാഴത്തിന്റെ പിണ്ഡത്തിന്റെ 13 ഇരട്ടിയാണ് എന്നാണ് ഇന്നത്തെ കണക്ക്) താഴെയായിരിക്കണം "ഗ്രഹ"ത്തിന്റെ പിണ്ഡം. അതുപോലെ വസ്തുവിന്റെ പിണ്ഡവും വലിപ്പവും സൗരയൂഥത്തിൽ ഒരു വസ്തുവിനെ ഗ്രഹമായി കണക്കാക്കുന്നതിനുള്ള ചുരുങ്ങിയ പരിധിയെക്കാൾ കൂടുതലായിരിക്കുകയും വേണം
  • നക്ഷത്രങ്ങളെക്കാൾ കുറവും എന്നാൽ അണുസംയോജനം നടക്കാനാവശ്യമുള്ള പരിധിയെക്കാൾ കൂടുതലും പിണ്ഡമുള്ള വസ്തുക്കൾ - അവ എങ്ങനെ സൃഷ്ടിക്കപ്പെട്ടതായാലും എവിടെ സ്ഥിതിചെയ്യുന്നവയായാലും - തവിട്ടുകുള്ളന്മാരാണ്
  • പ്രായം കുറഞ്ഞ നക്ഷത്രവ്യൂഹങ്ങളിൽ സ്ഥിതിചെയ്യുന്നതും അണുസംയോജനപരിധിയിൽ താഴെ പിണ്ഡമുള്ളതും നിശ്ചിതപരിക്രമണപഥങ്ങളില്ലാത്തതുമായ വസ്തുക്കൾ ഉപതവിട്ടുകുള്ളന്മാർ (sub-brown dwarfs) ആണ്

ഈ നിർവചനമാണ് ഈ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ നക്ഷത്രങ്ങളെയോ തവിട്ടുകുള്ളന്മാരെയോ പരിക്രമണം ചെയ്യുന്ന വസ്തുക്കളെയേ ഗ്രഹങ്ങളായി കണക്കാക്കുന്നുള്ളൂ. ഒരു മാതൃവസ്തുവിനെയും പരിക്രമണം ചെയ്യാത്ത പ്ലാനെമോകളും (ഗ്രഹങ്ങൾക്ക് സമാനമായ പിണ്ഡമുള്ള വസ്തുക്കൾ) നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.[30] മുമ്പ് ഏതെങ്കിലും നക്ഷത്രത്തിന് ചുറ്റും പരിക്രമണം ചെയ്തിരുന്ന ഇവ പിന്നീട് പുറത്തെറിയപ്പെട്ടതാകാം.

എന്നിരുന്നാലും അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘടനയുടെ മേൽക്കൊടുത്ത നിർവചനം എല്ലാവരും അംഗീകരിക്കുന്നില്ല. രൂപീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രഹങ്ങളെയും തവിട്ടുകുള്ളന്മാരെയും തമ്മിൽ വേർതിരിക്കേണ്ടതെന്നാണ് ഒരു വാദം. ഭീമൻ ഗ്രഹങ്ങൾ കാമ്പിനുമേൽ അക്രീഷൻ വഴിയാണ് വലുതാകുന്നതെന്നാണ് കരുതപ്പെടുന്നത്. ഇങ്ങനെ അക്രീഷൻ വഴി ഗ്രഹത്തിന്റെ പിണ്ഡം അണുസംയോജനപരിധിയിലും കൂടുതലാകാൻ സാധ്യതയുണ്ട്.[31][32] അത്തരം ഭീമൻ ഗ്രഹങ്ങൾ ഇതുവരെ നിരീക്ഷിക്കപ്പെട്ടിട്ടുമുണ്ടാകാം.[33] നക്ഷത്രങ്ങളെപ്പോലെ വാതകമേഘങ്ങളിൽ നിന്ന് നേരിട്ട് ഉണ്ടാകുന്നതും അതേ സമയം ഗ്രഹങ്ങളുടെ പിണ്ഡം മാത്രമുള്ളവയുമായ ഉപതവിട്ടുകുള്ളന്മാരെയും ഈ വാദം ഉൾക്കൊള്ളുന്നു.

നാമകരണം

ട്രെസ്-3 ബി എന്ന സൗരയൂഥേതരഗ്രഹവും വ്യാഴവും തമ്മിലുള്ള താരതമ്യം

ഇരട്ടനക്ഷത്രങ്ങൾക്ക് പെരിടാനുപയോഗിക്കുന്ന രീതിയുപയോഗിച്ചുതന്നെയാണ് സൗരയൂഥേതരഗ്രഹങ്ങളെയും നാമകരണം ചെയ്യുന്നത്. നക്ഷത്രങ്ങൾക്ക് വലിയ അക്ഷരങ്ങൾ ഉപയോഗിക്കുന്നതിനുപകരം ഗ്രഹങ്ങൾക്ക് ചെറിയ അക്ഷരങ്ങൾ ഉപയോഗിക്കുന്നു എന്ന വ്യത്യാസമുണ്ട്. നക്ഷത്രത്തിന്റെ പേരിനുശേഷം ചെറിയ അക്ഷരമിട്ട് ഗ്രഹത്തിന് പേരിടുന്നു (ഉദാഹരണം : 51 Pegasi b). മുഖ്യനക്ഷത്രത്തിന്റെ പേരുമായി ആശയക്കുഴപ്പം വരാതിരിക്കാൻ b മുതലുള്ള അക്ഷരങ്ങളേ ഉപയോഗിക്കാറുള്ളൂ (a) ഒഴിവാക്കിയിരിക്കുന്നു. അടുത്ത ഗ്രഹത്തിന് അടുത്ത അക്ഷരം ഉപയോഗിക്കുന്നു അതായത്, 51 Pegasi b ക്ക് ശേഷം കണ്ടുപിടിക്കപ്പെടുന്ന ഗ്രഹത്തിന്റെ പേര് 51 Pegasi c എന്നായിരിക്കും. ഒന്നിലേറെ ഗ്രഹങ്ങളെ ഒരേ സമയം കണ്ടെത്തുകയാണെങ്കിൽ നക്ഷത്രത്തോട് കൂടുതൽ അടുത്തായുള്ള ഗ്രഹത്തിനാണ് ആദ്യത്തെ അക്ഷരം കൊണ്ട് പേരിടുക. എങ്കിലും നക്ഷത്രത്തിൽ നിന്ന് കൂടുതൽ അകലത്തിലുള്ള ഗ്രഹമാകാം ആദ്യം നിരീക്ഷിക്കപ്പെടുന്നത് എന്നതിന് സാധ്യതയുള്ളതിനാൽ അക്ഷരങ്ങളുടെ ക്രമം നക്ഷത്രത്തിൽ നിന്ന് ഗ്രഹങ്ങളുടെ ദൂരത്തിന്റെ ക്രമത്തിൽ ആയിക്കൊള്ളണമെന്നില്ല. ഉദാഹരണമായി, 55 Cancri വ്യവസ്ഥയിൽ ഏറ്റവുമൊടുവിൽ കണ്ടുപിടിക്കപ്പെട്ട ഗ്രഹമായ 55 Cancri f മുമ്പ് കണ്ടെത്തിയ 55 Cancri d യെക്കാൾ നക്ഷത്രത്തിന് സമീപത്താണ്.

ഒന്നിലധികം നക്ഷത്രങ്ങളുള്ള ഒരു വ്യവസ്ഥയുടെ ഭാഗമാണ് ഗ്രഹം എങ്കിൽ നക്ഷത്രത്തിനുള്ള വലിയ അക്ഷരത്തിനു ശേഷമാണ് ഗ്രഹത്തിനുള്ള ചെറിയ അക്ഷരം കൊടുക്കുക. 16 Cygni Bb, 83 Leonis Bb എന്നീ ഗ്രഹങ്ങളുടെ പേരുകൾ ഉദാഹരണമാണ്. എന്നിരുന്നാലും ഗ്രഹം നക്ഷത്രവ്യവസ്ഥയിലെ പ്രൈമറിയെയാണ് പരിക്രമണം ചെയ്യുന്നതെങ്കിൽ മറ്റു നക്ഷത്രങ്ങൾ ഗ്രഹത്തിനും ശേഷം കണ്ടെത്തപ്പെട്ടതോ പ്രൈമറിയിലും ഗ്രഹത്തിലും നിന്ന് ഏറെ ദൂരത്തിൽ സ്ഥിതിചെയ്യുന്നതോ ആണെങ്കിൽ നക്ഷത്രത്തെ സൂചിപ്പിക്കുന്ന വലിയ അക്ഷരം ഒഴിവാക്കാറുണ്ട്. ഉദാഹരണമായി, Tau Boötis b ഒരു ഇരട്ടനക്ഷത്രവ്യവസ്ഥയുടെ ഭാഗമാണ്. എന്നിരുന്നാലും, വ്യവസ്ഥയിലെ രണ്ടാം നക്ഷത്രം ഗ്രഹത്തിനും ശേഷമാണ് നിരീക്ഷിക്കപ്പെട്ടത് എന്നതിനാലും മുഖ്യനക്ഷത്രത്തിൽ നിന്നും ഗ്രഹത്തിൽ നിന്നും ഏറെ ദൂരെയാണ് സ്ഥിതിചെയ്യുന്നത് എന്നതിനാലും Tau Boötis Ab എന്ന "മുഴുവൻ" പേര് സാധാരണഗതിയിൽ ഉപയോഗിക്കാറില്ല.

അസാധാരണമാംവിധം നാമകരണം ചെയ്യപ്പെട്ട രണ്ട് ഗ്രഹവ്യവസ്ഥകളുണ്ട്. 51 Pegasi b എന്ന ഗ്രഹം 1995-ൽ കണ്ടുപിടിക്കപ്പെടുന്നതിനു മുമ്പുതന്നെ പൾസാർ ഗ്രഹങ്ങളായ PSR B1257+12 B, PSR B1257+12 C എന്നിവ കണ്ടുപിടിക്കപ്പെട്ടിരുന്നു. ആ സമയത്ത് സൗരയൂഥേതരഗ്രഹങ്ങൾക്ക് പേരിടുന്നതിന് മാർഗ്ഗരേഖയൊന്നും ഇല്ലാതിരുന്നതിനാൽ ഇന്ന് ഗ്രഹങ്ങൾക്ക് പേരിടുന്നതിനു സമാനമായി - എന്നാൽ വലിയ അക്ഷരങ്ങൾ ഉപയോഗിച്ച് - B, C എന്നിങ്ങനെയായിരുന്നു അവക്ക് പേരിട്ടത്. ഇരട്ടനക്ഷത്രങ്ങൾക്ക് പേരിടുന്ന രീതി ഇക്കാര്യത്തിലും പിന്തുടർന്നതിനാലാകാം ഇത്. വ്യവസ്ഥയിൽ മൂന്നാമതൊരു ഗ്രഹത്തെക്കൂടി കണ്ടെത്തിയപ്പോൾ അത് നക്ഷത്രത്തിന് കൂടുതൽ അടുത്തായതിനാൽ PSR B1257+12 A എന്നാണ് പേരിട്ടത്.[34]

സയൻസ് ഫിക്ഷനിലും മറ്റും കാണപ്പെടുന്ന മറ്റൊരു രീതിയാണ് ഗ്രഹങ്ങളുടെ നക്ഷത്രത്തിൽ നിന്നുള്ള ദൂരത്തിന്റെ ക്രമത്തിൽ റോമൻ അക്കങ്ങൾ ഉപയോഗിച്ച് സൂചിപ്പിക്കുക എന്നത്. വ്യാഴത്തിന്റെയും മറ്റും ഗ്രഹങ്ങളെ സൂചിപ്പിക്കാനുപയോഗിച്ചിരുന്ന ഒരു പഴയ രീതിയിൽ നിന്നാണ് ഈ രീതി ഉരുത്തിരിഞ്ഞുവന്നത് (ഇതനുസരിച്ച് കാലിസ്റ്റോ ഉപഗ്രഹം Jupiter IV എന്നാണറിയപ്പെട്ടിരുന്നത്). എങ്കിലും ഇത്തരമൊരു രീതി ഉപയോഗിക്കുന്നതിന് പ്രായോഗികപരിമിതികളുണ്ട്. സൗരയൂഥത്തെ ഉദാഹരണമായെടുത്താൽ വ്യാഴമാകും മറ്റൊരു വ്യവസ്ഥയിലെ നിരീക്ഷകന് ആദ്യം കണ്ടെത്താനാകുന്ന ഗ്രഹം; അതു കഴിഞ്ഞാൽ ശനിയും. അതിനാൽ ഇവയ്ക്ക് Sol I, Sol II എന്നാകും പേരുവീഴുക. ഭൂമിയെയും മറ്റ് ചെറുഗ്രഹങ്ങളും കണ്ടെത്തുക കൂടുതൽ വിഷമകരമായിരിക്കും എന്നതിനാൽ ഇവ വൈകിയേ നിരീക്ഷിക്കപ്പെടാൻ സാധ്യതയുള്ളൂ. എല്ലാ ഗ്രഹങ്ങളെയും കണ്ടെത്തിക്കഴിയുമ്പോൾ വ്യാഴത്തിന്റെയും ശനിയുടെയും പേരുകൾ Sol V, Sol VI എന്നിങ്ങനെ മാറ്റേണ്ടിവരും. ഇത് അനേകം പ്രായോഗികപ്രശ്നങ്ങൾക്ക് വഴിതെളിക്കും. ഇതിൽ നിന്ന് വിഭിന്നമായി, ഇന്നത്തെ രീതിയുപയോഗിക്കുകയാണെങ്കിൽ ഭൂമിയുൾപ്പെടെയുള്ള ചെറുഗ്രഹങ്ങളെ കണ്ടുപിടിച്ചതിനുശേഷവും ഇവയുടെ പേരുകൾ Sol b, Sol c എന്നുതന്നെയായി തുടരും.

സൗരയൂഥത്തിലെ ഗ്രഹങ്ങൾക്ക് സമാനമായ തരത്തിൽ അനൗദ്യോഗികമായ പേരുകളുള്ള ഗ്രഹങ്ങളും ചില വ്യവസ്ഥകളിലുണ്ട്. ഓസിരിസ് (HD 209458 b), ബെലെറോഫോൺ (51 Pegasi b), മെഥുസെല (PSR B1620-26 b) എന്നിവ ഉദാഹരണങ്ങളാണ്. ഇങ്ങനെയുള്ള പേരുകൾ സൗരയൂഥേതരഗ്രഹങ്ങൾക്കെല്ലാം നൽകുന്നത് അപ്രായോഗികമായതിനാൽ ഇപ്രകാരം ചെയ്യാൻ അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘടനയ്ക്ക് പദ്ധതിയൊന്നുമില്ല.[35]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സൗരയൂഥേതരഗ്രഹം&oldid=4069538" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്