ഗ്രിഗർ മെൻഡൽ

ഓസ്ട്രിയക്കാരനായ ഒരു അഗസ്തീനിയൻ സന്യാസിയും ശാസ്ത്രജ്ഞനുമായിരുന്നു ഗ്രിഗർ ജോഹാൻ മെൻഡൽ (ജനനം: ജൂലൈ 20, 1822ജനിതക നിയമങ്ങൾ ആവിഷ്കരിച്ചത് ഇദ്ദേഹമാണ്.[1] മെൻഡലിന്റെ ജന്മദിനം ജൂലൈ 20 ആണ്; ജന്മദിനമായി പലപ്പോഴും പറയപ്പെടാറുള്ള ജൂലൈ 22 അദ്ദേഹത്തിന്റെ ജ്ഞാനസ്നാനദിവസമാണ്. [2]; മരണം: ജനുവരി 6, 1884) പയറുചെടികളിൽ ചില സ്വഭാവവിശേഷങ്ങൾ തലമുറകളിലൂടെ ജൈവികമയി കൈമാറ്റം ചെയ്യപ്പെടുന്നതു നിരീക്ഷിച്ചു രേഖപ്പെടുത്തിയ അദ്ദേഹം, ജനിതകശാസ്ത്രത്തിന്റെ പിതാവായി മരണാനന്തരം അംഗീകരിക്കപ്പെട്ടു. സ്വഭാവവിശേഷങ്ങളുടെ ഈ കൈമാറ്റം, ചില പ്രത്യേക നിയമങ്ങൾ പിന്തുടരുന്നുവെന്ന് മെൻഡൽ തെളിയിച്ചു. ഈ നിയമങ്ങൾ പിന്നീട് അദ്ദേഹത്തിന്റെ പേരിനെ ആശ്രയിച്ച് "മെൻഡലീയ നിയമങ്ങൾ"(Mendelian Laws) എന്ന് അറിയപ്പെടാൻ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ ഉദയത്തിനു ശേഷം മാത്രമാണ് മെൻഡലിന്റെ ഗവേഷണങ്ങളുടെ പ്രാധാന്യം ശ്രദ്ധിക്കപ്പെട്ടത്. മെൻഡീലിയ നിയമങ്ങളുടെ സ്വതന്ത്രമായ രണ്ടാം കണ്ടെത്തലാണ് ആധുനിക ജനിതകശാസ്ത്രത്തിനു അടിത്തറ പാകിയത്.[3]

ഗ്രിഗർ ജൊഹാൻ മെൻഡൽ
ജനനം(1822-07-20)ജൂലൈ 20, 1822
ഹീൻസെൻഡ്രോഫ് ബീ ഓദ്രാവ്, സിലേഷ്യ, ഓസ്ട്രിയൻ സാമ്രാജ്യം
മരണംജനുവരി 6, 1884(1884-01-06) (പ്രായം 61)
ബ്രുനോ, ഓസ്ട്രിയ-ഹങ്കറി
ദേശീയതഓസ്ട്രിയ-ഹങ്കറി
കലാലയംവിയന്നാ സർവകലാശാല
അറിയപ്പെടുന്നത്ജനിതകശാസ്ത്രത്തിന്റെ കണ്ടെത്തൽ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജനിതകശാസ്ത്രം
സ്ഥാപനങ്ങൾബ്രുനോയിലെ വിശുദ്ധ തോമസിന്റെ ആശ്രമം

Premam BY

ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഓസ്ട്രിയൻ സിലേഷ്യയിൽ ഇപ്പോൾ ചെക്ക് ഗണരാജ്യത്തിൽ പെടുന്ന ഹീൻസെൻഡ്രോഫ് ബീ ഓദ്രാവിലെ ഒരു ജർമ്മൻ കുടുംബത്തിലാണ് മെൻഡൽ ജനിച്ചത്. ജനിച്ചു രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം ജ്ഞാനസ്നാനപ്പെടുത്തപ്പെട്ടു. ആന്റൻ മെൻഡലും റോസീൻ മെൻഡലും ആയിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. മൂത്തതും ഇളയതുമായി ഓരോ സഹോദരിമാരുണ്ടായിരുന്നു അദ്ദേഹത്തിന്. 130 വർഷത്തോളം കുടുംബത്തിന്റെ വകയായിരുന്ന ഒരു കൃഷിയിടത്തിൽ താമസിച്ചും ജോലി ചെയ്തും അദ്ദേഹം വളർന്നു.[4] കുട്ടിക്കാലത്ത് മെഡൽ ഉദ്യാനപാലനത്തിൽ മുഴുകുകയും തേനീച്ചവളർത്തൽ പഠിക്കുകയും ചെയ്തു. യുവപ്രായത്തിൽ 1840-43 കാലത്ത് അദ്ദേഹം ഒലോമൂക്കിലെ തത്ത്വശാസ്ത്രവിദ്യാലയത്തിൽ പഠിച്ചു. 1843-ൽ തന്റെ ഊർജ്ജതന്ത്രാദ്ധ്യാപകന്റെ നിർദ്ദേശാനുസരണം അദ്ദേഹം ബ്രുനോയിലെ വിശുദ്ധ തോമസിന്റെ അഗസ്തീനിയൻ ആശ്രമത്തിൽ പ്രവേശിച്ചു. നേരത്തേ ജോഹാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം സന്യാസസ്വീകരണത്തോടെ ഗ്രിഗർ എന്ന പേരു സ്വീകരിച്ചു. 1851-ൽ ആശ്രമാധിപൻ സി.എഫ്. നാപ്പ് മുൻകൈയ്യെടുത്ത് അദ്ദേഹത്തെ വിയന്നാ സർവകലാശാലയിലേക്കയച്ചു. അവിടെ മെൻഡലിന്റെ ഊർജ്ജതന്ത്രാദ്ധ്യാപകനായിരുന്നത് ഡോപ്ലർ ഫലം(Doppler Effect) എന്ന പ്രതിഭാസം കണ്ടെത്തിയ ക്രിസ്‌ട്യൻ ഡോപ്ലർ ആയിരുന്നു.[5] 1853-ൽ തന്റെ ആശ്രമത്തിൽ മെൻഡൽ അദ്ധ്യാപകനായി മടങ്ങിയെത്തി. പ്രധാനമായും ഊർജ്ജതന്ത്രമാണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്. 1867-ൽ നാപ്പിനെ പിന്തുടർന്ന് മെൻഡൽ ആശ്രമാധിപനായി.[6]

സസ്യപ്രജനനത്തെ സംബന്ധിച്ച ഗവേഷണത്തിനു പുറമേ മെൻഡൽ, സ്വയം രൂപകല്പന ചെയ്ത തേനീച്ചക്കൂടുകൾ ഉപയോഗിച്ച് തേനീച്ച വളർത്തലിലും ഏർപ്പെട്ടു.[7] ഇതിനൊക്കെ പുറമേ ജ്യോതിശാസ്ത്രവും, കാലാവസ്ഥാശാസ്ത്രവും പഠിച്ച അദ്ദേഹം,[6] ഓസ്ട്രിയൻ കാലാവസ്ഥാപഠന സംഘത്തിന്റെ സ്ഥാപകൻ കൂടിയായി.[5] അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട രചനകളിൽ ഭൂരിഭാഗവും കാലാവസ്ഥാപഠനത്തെ സംബന്ധിച്ചാണ്.[5]

സസ്യപാരമ്പര്യ പഠനം

മേൽ-കീഴ് സ്വഭാവങ്ങൾ. (1) പിതൃതലമുറ. (2) ഒന്നാം പരമ്പര (3) രണ്ടാം പരമ്പര.

ആധുനിക ജനിതകശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന മെൻഡലിന്, സസ്യജാതികളിലെ സ്വഭാവവ്യതിയാനങ്ങളെക്കുറിച്ചുള്ള പഠനത്തിനു പ്രചോദനം കിട്ടിയത് സർവകലാശാലയിലെ അദ്ധ്യാപകരിലും ആശ്രമത്തിലെ സഹപ്രവർത്തകരിൽ നിന്നുമാണ്. ആശ്രമത്തിന്റെ വകയായ രണ്ടു ഹെക്ടേർ സ്ഥലത്തെ ഗവേഷണോദ്യാനമാണ് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെ വേദിയായത്.[8] ഈ ഉദ്യാനം ആശ്രമാധിപൻ നാപ്പ്, 1830-ൽ ഉണ്ടാക്കിയതായിരുന്നു.[6] 1856-നും 1863-നും ഇടയ്ക്ക് "പൈസം സറ്റൈവം" എന്ന ജാതിയിൽ പെട്ട 29,000-ത്തോളം പയറു ചെടികൾ അദ്ദേഹം വളർത്തി പരീക്ഷിച്ചു. ചെടികളിൽ നാലിലൊന്ന് ശുദ്ധ കീഴ്‌സ്വഭാവികളും നാലിലൊന്നു ശുദ്ധ മേൽസ്വഭാവികളും[൧] പകുതി സങ്കരസ്വഭാവികളും ആണെന്നു അദ്ദേഹം കണ്ടെത്തി. ഈ പരീക്ഷണങ്ങൾ മെൻഡലിനെ "വേർപിരിയൽ നിയമം" (Law of Segregation) "സ്വതന്ത്ര തരംതിരിവു നിയമം" (Law of Independent Assortment) എന്നീ ആശയങ്ങളിലേക്കു നയിച്ചു. മെൻഡലീയ പാരമ്പര്യശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി തീർന്നു ഈ നിയമങ്ങൾ.

1865-ൽ, മൊറാവിയയിൽ ബ്രനിലെ പ്രകൃതിശാസ്ത്രസഭയുടെ രണ്ടു സമ്മേളനങ്ങളിൽ, "സസ്യങ്ങളിലെ ജാതിസങ്കരപരീക്ഷണങ്ങൾ" എന്ന തന്റെ പ്രബന്ധം മെൻഡൽ വായിച്ചിരുന്നു. അത് സാമാന്യം ശ്രദ്ധിക്കപ്പെടുകയും പല പ്രാദേശിക പത്രങ്ങളിലും വാർത്തയാവുകയും ചെയ്തിരുന്നു.[9]

എങ്കിലും പ്രകൃതിശാസ്ത്രസഭയുടെ നടപടിക്രമങ്ങളുടെ പത്രികയിൽ 1866-ൽ മെൻഡലിന്റെ പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ,[10] ജൈവപാരമ്പര്യത്തെ എന്നതിനു പകരം സസ്യപ്രജനനത്തെ മാത്രം സംബന്ധിച്ച ഗവേഷണ പ്രബന്ധമായി വിലയിരുത്തപ്പെട്ടതിനാൽ അതു പൊതുവേ അവഗണിക്കപ്പെട്ടു. അടുത്ത മുപ്പത്തിയഞ്ചു വർഷത്തിനിടെ മൂന്നു പ്രാവശ്യം മാത്രമാണ് ആ പ്രബന്ധം ഉദ്ധരിക്കപ്പെട്ടത്. മെൻഡലിന്റെ പ്രബന്ധത്തെക്കുറിച്ച് പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിൻ കേട്ടിരുന്നില്ലെന്നു ജേക്കബ് ബ്രൊണോസ്കി "മനുഷ്യന്റെ ആരോഹണം"(The Ascent of Man) എന്ന കൃതിയിൽ പറയുന്നു. ഇന്നു മൗലികപ്രാധാന്യമുള്ള ഒരു രചനയായി അതു പരിഗണിക്കപ്പെടുന്നു.

പിൽക്കാലജീവിതം

പയറുചെടികളിലെ പരീക്ഷണം പൂർത്തിയായപ്പോൾ തന്റെ കണ്ടെത്തലിന്റെ പ്രവർത്തനം ജന്തുലോകത്ത് നിരീക്ഷിക്കാനായി മെൻഡൽ തേനീച്ചകളിലേക്കു ശ്രദ്ധതിരിച്ചു. ഒരു സങ്കരവർഗ്ഗത്തെ സൃഷ്ടിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ഏറെ ആക്രമസ്വഭാവം കാട്ടിയ അവയെ നശിപ്പിക്കേണ്ടി വന്നു. എന്നാൽ റാണി ഈച്ചകളുടെ ഇണചേരൽ പെരുമാറ്റത്തെ നിയന്ത്രിക്കുന്നതിൽ ഉണ്ടായ ബുദ്ധിമുട്ടുകൾ മൂലം, ഈ പരീക്ഷണങ്ങളിൽ കൃത്യമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ അദ്ദേഹത്തിനായില്ല. പുതിയ പല സസ്യജാതികളേയും അദ്ദേഹം കണ്ടെത്തി.

1868-ൽ ആശ്രമാധിപനായ ശേഷം ഭരണപരമായ ഉത്തരവാദിത്തങ്ങൾ തന്റെ പരീക്ഷണങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്തുന്നതിൽ നിന്ന് മെൻഡലിനെ തടഞ്ഞു. മതപരമായ സ്ഥാപനങ്ങളുടെ മേൽ ഒരു പുതിയ നികുതി ചുമത്താനുള്ള തീരുമാനത്തിന്റെ പേരിൽ സിവിൽ അധികാരികളുമായുണ്ടായ ഒരു തർക്കവും അദ്ദേഹത്തിന്റെ ഏറെ സമയം അപഹരിച്ചു.[11]

മെൻഡലിന്റ ജീവിതകാലത്ത് അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ പൊതുവേ തിരസ്കരിക്കപ്പെടുകയാണുണ്ടായത്. പൈതൃകങ്ങളുടെ സമ്പൂർണ്ണമിശ്രണത്തിലൂടെയുള്ള(blending) പാരമ്പര്യത്തിലാണ് അക്കാലത്ത് മിക്കവാറും ജീവശാസ്ത്രജ്ഞന്മാർ വിശ്വസിച്ചിരുന്നത്. വ്യതിരിക്തത നിലനിർത്തുന്ന സ്വഭാവവിശേഷങ്ങളെ ആധാരമാക്കി(pangenesis) പാരമ്പര്യത്തെ വിശദീകരിക്കാനുള്ള ചാൾസ് ഡാർവിന്റെ ശ്രമവും വിജയിച്ചില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തിരിച്ചറിയപ്പെട്ട ജനിതകശാസ്ത്രത്തിലെ മെൻഡലീയ സിദ്ധാന്തങ്ങളെ ചാൾസ് ഡാർവിന്റെ പ്രകൃതിനിർദ്ധാരണസിദ്ധാന്തവുമായി(Theory of Natural Selection) കൂട്ടിച്ചേർത്തപ്പോഴാണ് 1930-കളിലും 1940-കളിലുമായി പരിണാമശാസ്ത്രത്തിലെ ആധുനിക ഉദ്ഗ്രഥനം(Modern Synthesis) സാധ്യമായത്.

1884 ജനുവരി 6-ന് കടുത്ത നെഫ്രൈറ്റിസ് രോഗം ബാധിച്ച മെൻഡൽ തന്റെ ആശ്രമത്തിൽ 61-ആമത്തെ വയസ്സിൽ അന്തരിച്ചു. ചെക്ക് സംഗീതജ്ഞനായ ലിയോ ജാഞ്ചെക്ക് അദ്ദേഹത്തിന്റെ സംസ്കാരശുശ്രൂഷയിൽ ഓർഗൻ വായിച്ചിരുന്നു. മെൻഡലിന്റെ മരണശേഷം, അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന ആശ്രമാധിപൻ, നികുതിയെ സംബന്ധിച്ച തർക്കത്തിന് അറുതിവരുത്തുവനായി അദ്ദേഹത്തിന്റെ കടലാസുകളൊക്കെ കത്തിച്ചുകളഞ്ഞു.[12]

അംഗീകാരം

മെൻഡലിന്റെ വിസ്മൃതിയിലായിരുന്ന സിദ്ധാന്തങ്ങളെ 20-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കണ്ടെത്തിയ ശാസ്ത്രജ്ഞന്മാരിൽ ഒരാളായ ഹൂഗോ ഡീ വ്രീസ്

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് മെൻഡലിന്റെ ആശയങ്ങളുടെ പ്രാധാന്യം തിരിച്ചറിയപ്പെട്ടത്. ഒരു തലമുറയിൽ പ്രത്യക്ഷപ്പെട്ട് അടുത്തതിൽ മറഞ്ഞിരുന്ന്, അതിനടുത്തതിൽ വീണ്ടും പ്രത്യക്ഷപ്പെടുന്ന സ്വഭാവങ്ങളുടെ നൈരന്തര്യരഹിതമായ പിന്തുടർച്ചയെ(Discontinuous inheritance) വിശദീകരിക്കൻ വേണ്ടി നടത്തിയ ഗവേഷണങ്ങൾ 1900-ആമാണ്ടോടെ, ഹൂഗോ ഡീവ്രീസിനേയും കാൾ കോറൻസിനേയും മെൻഡലിന്റെ പ്രബന്ധത്തിലേക്കും മെൻഡലീയ നിയമങ്ങളിലേക്കും നയിച്ചു. അവരിരുവരും മെൻഡലിനെ തങ്ങളുടെ പൂർവഗാമിയായി ഏറ്റുപറഞ്ഞു. തന്റെ തന്നെ ഗവേഷണത്തിന്റെ ഫലങ്ങൾ ഡീവ്രീസിനു മനസ്സിലായത് മെൻഡലിനെ വായിച്ചതിനു ശേഷമാണെന്ന് കരുതപ്പെടുന്നു.[13] ഈ രണ്ടാം കണ്ടെത്തലുമായി ബന്ധപ്പെട്ട് ഏറിക് വോൺ ഷെർമാക്കിന്റെ പേരും ആദ്യകാലത്ത് പറഞ്ഞിരുന്നെങ്കിലും, മെൻഡലിന്റെ നിയമങ്ങൾ ഷെർമാക്കിനു മനസ്സിലായിരുന്നില്ലെന്നു പറയപ്പെടുന്നു.[14] പിന്നീട് ഡീവ്രീസിനു മെൻഡലീയ ജനിതകത്തിലുള്ള താത്പര്യം നഷ്ടപ്പെട്ടെങ്കിലും മറ്റു ശാസ്ത്രജ്ഞന്മാർ മെൻഡലീയ പാരമ്പര്യത്തിൽ ജനിതകശാസ്ത്രത്തെ പടുത്തുയർത്താൻ മുന്നോട്ടു വന്നു.[13]

പുതിയ ഗവേഷണങ്ങളിൽ മെൻഡലിന്റെ കണ്ടെത്തലുകൾ ആവർത്തിക്കപ്പെട്ടതോടെ പാരമ്പര്യബന്ധങ്ങൾ സ്ഥിരീകരിക്കപ്പെട്ടു. ജീവശാസ്ത്രജന്മാർ പുതിയ സിദ്ധാന്തത്തിലേയ്ക്ക് പെട്ടെന്ന് ആകർഷിക്കപ്പെട്ടു. പാരമ്പര്യത്തിലെ പല പ്രതിഭാസങ്ങളുടേയും വിശദീകരണത്തിനു അതു മതിയായിരുന്നില്ലെങ്കിലും പ്രകടവ്യക്തിത്വത്തേയും (Phenotype) ജനിതകവ്യക്തിത്വത്തേയും (Genotype) വേർതിരിച്ചു വിശദീകരിച്ചു കാട്ടിയെന്നത് അതിലെ വലിയൊരു മുന്നേറ്റമായിരുന്നു. പഴയ സിദ്ധാങ്ങങ്ങളുടേത്, പ്രകടവ്യക്തിത്വത്തെ മാത്രം ആശ്രയിക്കുന്ന സമീപനമായിരുന്നു. കാൾ പിയേഴ്സണും ഡബ്ലിയൂ. എഫ്. ആർ വെൽഡനും പിന്തുടർന്നിരുന്ന ബയോമെട്രിക്ക് സമീപനം പ്രകടവ്യക്തിത്വത്തെ ആധാരമാക്കിയുള്ളവയിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. പ്രകടസ്വഭാവത്തിലെ വ്യതിയാനങ്ങളുടെ സ്ഥിതിവിവരക്കണക്കുകളെയാണ് അവർ ആശ്രയിച്ചിരുന്നത്. ഈ സമീപനത്തിന്റെ ഏറ്റവും വലിയ വിമർശകനായ വില്യം ബേറ്റ്സനാണ് മെൻഡലീയ പാരമ്പര്യനിയമങ്ങൾക്കു കിട്ടിയ സമ്മതിയുടെ മുഖ്യ കാരണക്കാരൻ. ജെനറ്റിക്സ് എന്ന പദം ഉൾപ്പെടെ ജനിതകശാസ്ത്രത്തിലെ സാങ്കേതികപദങ്ങൾ മിക്കവയും അദ്ദേഹത്തിന്റെ സംഭാവനായാണ്. ബയോമെട്രിക്ക് വാദികളും മെഡൽ വാദികളും തമ്മിലുള്ള തർക്കം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ രണ്ടു ദശകങ്ങളിൽ ഏറെ കോലാഹലമുണ്ടാക്കി. തങ്ങളുടെ നിലപാടിനാണ് സ്ഥിതിവിവരശാസ്ത്രദൃഷ്ടിയിലും ഗണിതശാശ്ത്രദൃഷ്ടിയിലും കൃത്യത കൂടുതൽ എന്നു ബയോമെട്രിക്ക് വാദികൾ അവകാശപ്പെട്ടു. ജീവശാസ്ത്രപരമായ കൃത്യത തങ്ങളുടെ പക്ഷത്താണെന്ന് മെൻഡൽ വാദികളും അവകാശപ്പെട്ടു. പരിണാമജീവശാസ്ത്രത്തിന്റെ ആധുനിക ഉദ്ഗ്രഥനത്തിൽ ഈ രണ്ടു സമീപനങ്ങളും സമന്വയിച്ചിരിക്കുന്നു.

വിവാദം

മെൻഡലിന്റെ പരീക്ഷണഫലങ്ങളെ സംബന്ധിച്ച് പിൽക്കാലത്ത് ഒട്ടേറെ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.[12] രണ്ടാം പരമ്പരയിലെ പരീക്ഷണഫലങ്ങളിലെ പ്രകടവ്യക്തിത്വങ്ങളുടെ സംഖ്യകൾ 3:1 എന്ന അനുപാതത്തോട് അസംഭവ്യമായ കൃത്യതയോടെ അടുത്തിരിക്കുന്നുവെന്ന് ഫിഷർ ചൂണ്ടിക്കാട്ടി.[15] മെൻഡലിന്റെ പരീക്ഷണത്തിന്റെ ആവർത്തനം സിദ്ധാന്തങ്ങളെ വീണ്ടും തെളിയിച്ചതിനാൽ അദ്ദേഹത്തെ ശാസ്ത്രസാന്മാർഗികതയിൽ നിന്നുള്ള വ്യതിചലനത്തിനോ തിരിമറിക്കോ കുറ്റപ്പെടുത്തുന്നവർ ഏറെയില്ല. എങ്കിലും മെൻഡലിന്റെ പരീക്ഷണഫലങ്ങളിലെ അനുപാതത്തിന്റെ കൃത്യത പലർക്കും ഇന്നും പിടികിട്ടാരഹസ്യമായിരിക്കുന്നു. ഒരു പക്ഷേ കുറഞ്ഞ എണ്ണം ചെടികളിൽ നടത്തിയ ആദ്യപരീക്ഷണങ്ങളിൽ 3:‌1-നോട് ഏറെക്കുറെ അടുത്തു വരുന്ന ഒരനുപാതം കിട്ടിയതിനെ തുടർന്ന് ഏറെ ചെടികളിൽ അതേ ഫലം കിട്ടും വരെ പരീക്ഷണം ആവർത്തിച്ചതിന്റെ ഫലമായി കിട്ടിയതാവാം കൃത്യമായ ഈ അനുപാതം. മെൻഡലിന്റെ പരീക്ഷണങ്ങളെക്കുറിച്ചുള്ള ഫിഷറിന്റെ വിമർശനം അതിരുകടന്നുപോയെന്ന് ചില ഗവേഷകർ അടുത്തകാലത്ത് വാദിച്ചിട്ടുണ്ട്.[16][17]

ചിത്രശാല

കുറിപ്പുകൾ

^ മറ്റൊരു സ്വഭാവവുമായി കൂടിച്ചേർന്നിരിക്കുമ്പോൾ, മറഞ്ഞിരിക്കാനുള്ള പ്രവണത കാട്ടുന്ന സ്വഭാവമാണ് കീഴ്‌സ്വഭാവം(Recessive Trait). സങ്കരാവസ്ഥയിലും പ്രകടമാവുന്ന സ്വഭാവം മേൽ സ്വഭാവവും (Dominant Trait). ഉദാഹരണമായി, ചുവപ്പു നിറമുള്ള പൂക്കൾ ഉണ്ടാകുന്ന ചെടിയുടേയും വെളുപ്പു നിറമുള്ള പൂക്കൾ ഉണ്ടാകുന്ന ചെടിയുടേയും സങ്കരത്തിൽ പൂക്കളുടെ നിറം ചുവപ്പാകുന്നതിനാൽ ചുവപ്പു പൂക്കൾ എന്നത് മേൽ സ്വഭാവവും, വെളുപ്പു പൂക്കൾ എന്നത് കീഴ് സ്വഭാവവും ആകുന്നു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗ്രിഗർ_മെൻഡൽ&oldid=3796916" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്