മൊബി ഡിക്ക്

പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കൻ എഴുത്തുകാരൻ ഹെർമൻ മെൽവിൽ എഴുതിയ നോവലാണ് മൊബി ഡിക്ക് അഥവാ "ദ് വേൽ". 1851-ലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്.[1] മഹത്തായ ഒരു അമേരിക്കൻ നോവലും വിശ്വസാഹിത്യത്തിലെ തന്നെ എണ്ണപ്പെട്ട കൃതികളിലൊന്നുമായി അതു വിലയിരുത്തപ്പെടുന്നു. ആഹാബ് എന്നയാൾ കപ്പിത്താനായിരുന്ന പെക്വോഡ് എന്ന തിമിഗലവേട്ടക്കപ്പലിലെ നാവികനായിരുന്ന ഇസ്മായേൽ എന്നയാളുടെ സാഹസങ്ങളുടേയും സഞ്ചാരങ്ങളുടേയും കഥയാണ് ഈ നോവൽ. മൊബി ഡിക്ക് എന്നറിയപ്പെട്ടിരുന്ന ഒരു പുംബീജത്തിമിംഗിലത്തെ (Sperm Whale) കപ്പിത്താൻ ആഹാബ് തന്റെ വേട്ടയുടെ പത്യേക ലക്ഷ്യമാക്കിയിട്ടുണ്ടെന്ന് ഇസ്മായേൽ മനസ്സിലാക്കുന്നു. ഭീകരനും, പിടികൊടുക്കാത്തവനുമായ ആ തിമിംഗിലം ഒരു പഴയ ഏറ്റുമുട്ടലിൽ ആഹാബിന്റെ ബോട്ടിനെ മറിക്കുകയും അയാളുടെ ഒരു കാൽ കടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിനു പ്രതികാരം ചെയ്യാൻ നിശ്ചയിച്ചിരിക്കുകയാണ് ആഹാബ്.

മൊബി ഡിക്ക്
മൊബി ഡിക്കിന്റെ 1851-ലെ ഒന്നാം പതിപ്പിന്റെ ആദ്യപുറം
കർത്താവ്ഹെർമൻ മെൽവിൽ
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംസാഹസിക നോവൽ, ഇതിഹാസം, കടൽക്കഥ
പ്രസാധകർറിച്ചാർഡ് ബെന്റ്ലി
മാധ്യമംഅച്ചടി: ഹാർഡ് കവറും പേപ്പർ ബാക്കും
ഏടുകൾ822

ബിംബ-രൂപകങ്ങളുടെ ധാരാളിത്തവും ശൈലീസവിശേഷതകളും വഴിയാണ് നോവലിലെ പ്രമേയത്തിന്റെ സങ്കീർണ്ണതയെ ഗ്രന്ഥകാരൻ കൈകാര്യം ചെയ്യുന്നത്. തിമിംഗിലക്കപ്പലിലെ സാഹസയാത്രയ്ക്കിടെ, തന്റെ വിശ്വാസങ്ങളേയും പ്രപഞ്ചത്തിൽ തനിക്കുള്ള സ്ഥാനത്തേയും കുറിച്ച് ചിന്തിക്കുന്ന പ്രധാന കഥാപാത്രമായ ഇസ്മായേലിലൂടെ നോവലിസ്റ്റ്, വംശീയവും സാമൂഹ്യവുമായ മാന്യതകളേയും, നന്മ-തിന്മകളേയും, ദൈവങ്ങളേയും സംബന്ധിച്ച അംഗീകൃതസങ്കല്പങ്ങളെ പരിശോധിക്കുന്നു. തിമിംഗിലക്കപ്പലിലെ ജീവിതത്തിന്റെ വിവരണത്തോടൊപ്പം കഥപറയുന്നയാളുടെ നിരീക്ഷണങ്ങൾ കൂടി കൃതിയിൽ ഉൾപ്പെടുത്താൻ ഗ്രന്ഥകാരൻ രംഗനിർദ്ദേശങ്ങൾ(stage directions), ദീർഘമായ ആത്മഗതങ്ങൾ, വായനക്കാരോടുള്ള കഥാപാത്രത്തിന്റെ നേരിട്ടുള്ള പ്രഭാഷണങ്ങൾ (asides) എന്നിവ പോലുള്ള ഷേക്സ്പീരിയൻ സാഹിത്യസങ്കേതങ്ങളെ ആശ്രയിക്കുന്നു. മനുഷ്യേതരജീവികളെ സംബന്ധിച്ച് മനുഷ്യനുള്ള ഭയവും അവ മാനുഷികമായി മനസ്സിലാക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്ന വിശ്വാസവുമാണ് നോവൽ ചിത്രീകരിക്കുന്നത്. ഒരു പുംബീജത്തിമിംഗിലത്തിന്റെ ആക്രമണത്തിൽ മുങ്ങിയ "എസ്സെക്സ്" എന്ന തിമിംഗിലക്കപ്പലുമായി ബന്ധപ്പെട്ട യഥാർത്ഥസംഭവങ്ങൾ നോവലിന്റെ കഥയ്ക്കു പിന്നിലുണ്ട്.[2][3][4]

"അമേരിക്കൻ കാല്പനികത" (American Romanticism) എന്ന പ്രസ്ഥാനത്തിൽ പെടുന്ന കൃതിയായി മൊബി ഡിക്ക് കണക്കാക്കപ്പെടുന്നു. ലണ്ടനിൽ റിച്ചാർഡ് ബെന്റ്ലി 1851 ഒക്ടോബർ 18-നു മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ച "ശുദ്ധീകൃത" പതിപ്പായാണ് ഇത് ആദ്യം വെളിച്ചം കണ്ടത്. "ദ് വേൽ" എന്ന പേരിലായിരുന്നു ആ പതിപ്പ്. ആഴ്ചകൾക്കു ശേഷം, 1851 നവംബർ 14-ന് ന്യൂയോർക്ക് നഗരത്തിലെ പ്രസാധകരായ ഹാർപ്പർ സഹോദരന്മാർ "മൊബി ഡിക്ക് അഥവാ ദ് വേൽ" എന്ന പേരിൽ ഏകവാല്യമായി ഇതു വീണ്ടും പ്രസിദ്ധീകരിച്ചു. ആദ്യകാലത്ത് ഈ പുസ്തകത്തിനു ലഭിച്ചത് സമ്മിശ്രപ്രതികരണങ്ങളായിരുന്നെങ്കിലും, ഇന്ന് ലോകസാഹിത്യത്തിലെ എണ്ണപ്പെട്ട രചനകളിലൊന്നായി ഇതു കണക്കാക്കപ്പെടുന്നു.[5]

പശ്ചാത്തലം

മൊബി ഡിക്കിന്റെ കർത്താവായ ഹെർമൻ മെൽവിൽ

പൂർവരചനകൾ

മെൽവിലിന്റെ 1851-ൽ വെളിച്ചം കണ്ട ഈ കൃതി, അമേരിക്കൻ സാഹിത്യത്തിലെ ഒരു സമ്പന്നയുഗത്തിന്റെ ഭാഗമാണ്. നഥാനിയേൽ ഹോത്തോണിന്റെ "സ്കാർലെറ്റ് ലെറ്റർ", ഹാരിയറ്റ് ബീച്ചർ സ്റ്റോവിന്റെ "അങ്കിൾ ടോമിന്റെ കേബിൻ" എന്നിവയും മൊബി ഡിക്കിനെപ്പോലെ ആ യുഗത്തിന്റെ സൃഷ്ടികളാണ്. രണ്ട് യഥാർത്ഥസംഭവങ്ങൾ ഈ കൃതിയുടെ രചനയിൽ മെൽവിലിനു പ്രചോദനമായി. ഉത്തര അമേരിക്കയിലെ നാന്റുക്കെറ്റിൽ നിന്നുള്ള എസ്സെക്സ് എന്ന കപ്പൽ, തെക്കേ അമേരിക്കയുടെ തീരത്തു നിന്ന് 3200 കിലോമീറ്റർ അകലെ ഒരു പുംബീജത്തിമിംഗിലത്തിന്റെ ഇടിയേറ്റു മുങ്ങിയതാണ് ഒരു സംഭവം. ആ അപകടത്തിൽ നിന്നു രക്ഷപെടാനായത് 8 നാവികർക്കു മാത്രമായിരുന്നു. അവരിൽ ഒരാളായ ഓവൻ ചേയ്സ് എന്നയാൾ "തിമിംഗിലക്കപ്പലായ എസ്സെക്സിന്റെ നാശത്തിന്റെ അസാധാരണവും വേദനാജനകവുമായ കഥ" എന്ന പേരിൽ അതിനെക്കുറിച്ച് എഴുതിയിരുന്നു. മെൽവിൽ അന്വേഷിക്കുമ്പോൾ ആ പുസ്തകം കിട്ടാനില്ലാതായിരുന്നു.[6] മെൽവിലിന്റെ ആഗ്രഹം മനസ്സിലാക്കിയ ശ്വശുരൻ ലെമുവേൽ ഷാ ഒരു പ്രതി മരുമകന് സംഘടിപ്പിച്ചു കൊടുക്കുകയാണുണ്ടായത്. കിട്ടിയപാടെ അത് ഉത്സാഹപൂർവം വായിക്കാൻ തുടങ്ങിയ മെൽവിൽ ഒട്ടേറെ ഭാഗങ്ങൾ പ്രത്യേകം അടയാളപ്പെടുത്തി.[7]

ചിലിയിലെ മോക്കാ ദ്വീപിനു സമീപത്തെ കടലിൽ 1830-കൾക്കൊടുവിൽ "മോക്കാ ഡിക്ക്" എന്നറിയപ്പെട്ടിരുന്ന വെളുത്ത പുംബീജത്തിമിംഗിലം കൊല്ലപ്പെട്ടതായുള്ള കഥയാണ് രണ്ടാമത്തെ സംഭവം. പഴയ വേട്ടശ്രമങ്ങളിൽ നിന്നു കിട്ടിയ ഒട്ടേറെ ചാട്ടുളികൾ (Harpoons) തറച്ച ശരീരവുമായി നടന്നിരുന്ന മോക്കാ ഡിക്ക്, കപ്പലുകളെ മുൻകൂട്ടി പദ്ധതിയിട്ട് മനപൂർവം ആക്രമിക്കുന്നതായി തോന്നിയിരുന്നു. ഒരു തിമിംഗിലവേട്ടക്കാരനുമായുള്ള അതിന്റെ ഏറ്റുമുട്ടൽ, പര്യവേഷകനായ ജെറമിയാ റെയ്നോൾഡ്സ് ഒരു ലേഖനത്തിന്റെ വിഷയമായി.[8] ന്യൂ യോർക്കിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന നിക്കർബോക്കർ മാസികയുടെ 1839 മേയ് മാസത്തിലെ പതിപ്പിലാണ് ആ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്. മെൽവിൽ ആ ലേഖനം വായിച്ചിരുന്നു: "അസാമാന്യവലിപ്പവും ശക്തിയുമായി, പഞ്ഞിയുടെ വെണ്മയുള്ള ഒരു വയസ്സൻ ആൺതിമിംഗിലത്തെ" ആണ് ആ ലേഖനം ചിത്രീകരിച്ചത്.[9] താൻ കണ്ടുമുട്ടിയ ഒരു തിമിംഗിലവേട്ടക്കാരൻ കപ്പിത്താൻ പറയുന്ന കഥയുടെ രൂപത്തിലാണ് റെയ്നോൾഡ്സിന്റെ വിവരണം. പല നിലയ്ക്കും ഈ കപ്പിത്താൻ, മൊബി ഡിക്കിനെ ജന്മശത്രുവായി കാണുന്ന കപ്പിത്താൻ ആഹാബിനെ അനുസ്മരിപ്പിക്കുന്നു. തിമിംഗിലങ്ങളെ വിവരിക്കാൻ തന്റെ നോവലിൽ പലയിടത്തും മെൽവിൽ ആശ്രയിക്കുന്ന വിശേഷണങ്ങളുടെ മാതൃക റെയ്നോൾഡ്സ് വിവരിക്കുന്ന കപ്പിത്താന്റെ വാക്കുകളിൽ കാണാം. മോക്കാ ഡിക്കിനെ ആദ്യം കണ്ട് അതിൽ രക്ഷപെട്ടോടിയപ്പോൾ, റെയ്നോൾഡ്സിന്റെ ക്യാപ്റ്റൻ പറഞ്ഞത് "'മോക്കാ ഡിക്കോ ചെകുത്താനോ.." എന്നാണ്.[10]

1810-നും 1830-നും ഇടയ്ക്ക് മോക്കാ ഡിക്കും വേട്ടക്കാരുമായി നൂറിലധികം മുഖാമുഖങ്ങൾ നടന്നു. ഭീമാകാരനും ബാർനക്കിളുകൾ പൊതിഞ്ഞ ശരീരമുള്ളവനുമായി അവൻ വിശേഷിപ്പിക്കപ്പെട്ടു. കുപ്രസിദ്ധിയിൽ മോക്കാ ഡിക്കിനോട് മത്സരിക്കാൻ ആരുമില്ലായിരുന്നെങ്കിലും, കടലിൽ ഉണ്ടായിരുന്ന ഒരേയൊരു വെൺതിമിംഗിലം അവനായിരുന്നില്ല.[11] വേട്ടക്കാരെ ആക്രമിച്ച ഒരേയൊരു തിമിംഗിലവും ആയിരുന്നില്ല അവൻ.[11] ഉദാഹരണമായി 1807-ൽ "യൂണിയൻ" എന്ന കപ്പൽ തിമിംഗിലത്തിന്റെ ആക്രമണത്തിനിരയായിട്ടുണ്ട്.[12]

നാവികപരിചയം

1841-42 കാലത്ത് 'അക്യൂഷ്നെറ്റ്' എന്ന തിമിംഗിലക്കപ്പലിൽ നാവികനായി പ്രവർത്തിച്ച് മെൽവിൽ സ്വയം നേടിയ അനുഭവവും നോവലിന്റെ രചനയിൽ പ്രയോജനപ്പെട്ടു. നേരത്തേ എഴുതിയ 'മാർദി'(Mardi) പോലുള്ള കൃതികളുടെ രചനയിലും മെൽവിൽ, സ്വന്തം നാവികജീവിതത്തിലെ അനുഭവങ്ങളെ ആശ്രയിച്ചിട്ടുണ്ട്. എന്നാൽ തിമിംഗിലവേട്ട കേന്ദ്രപ്രമേയമായിരിക്കുന്നത് മൊബി ഡിക്കിൽ മാത്രമാണ്. എസ്സക്സിന്റെ അത്യാഹിതത്തെ സംബന്ധിച്ച് കപ്പിത്താൻ ചേയ്സ് എഴുതിയ വിവരണം 1841-ൽ നാവികയാത്രയ്ക്കു മുൻപു തന്നെ വായിച്ചിരുന്ന മെൽവിൽ, കഴിയുമെങ്കിൽ തന്റെ യാത്രയ്ക്കിടെ ചേയ്സിനെ കണ്ടുമുട്ടാൻ ആഗ്രഹിച്ചിരുന്നു.[11] ആ ആഗ്രഹം സാധിച്ചില്ലെങ്കിലും ഒരിക്കൽ അദ്ദേഹം ചേയ്സിന്റെ മകൻ വില്യമിനെ കണ്ടുമുട്ടി. നാന്റുക്കെറ്റിലെ തിമിംഗിലവേട്ടക്കാരെക്കുറിച്ച്, നേരത്തേ എഴുതപ്പെട്ട മറ്റൊരു നോവലും മെൽവിലിന്റെ രചനയെ സ്വാധീനിച്ചിട്ടുണ്ട്. 1835-ൽ വെളിച്ചം കണ്ട ജോസഫ് സി.ഹാർട്ടിന്റെ "മിറിയം കോഫിൻ അഥവാ തിമിംഗിലവേട്ടക്കാർ" ആയിരുന്നു ആ കൃതി.[13]

"മേദസും രസവും"

മൊബി ഡിക്കിൽ ഇസ്മായേലിന്റെ വിവരണമായി കൊടുത്തിരിക്കുന്ന ചില ദീർഘഖണ്ഡങ്ങൾ തിമിംഗിലവ്യവസായത്തെ സംബന്ധിച്ചവയും നോവലിന്റെ ഇതിവൃത്തവുമായി വലിയ ബന്ധമില്ലാത്തവയുമാണ്. അതേവരെ എഴുതപ്പെട്ട ഒരു പുസ്തകവും തിമിംഗിലവ്യവസായത്തെ താൻ കണ്ടറിഞ്ഞ വിഭ്രാമകതയോടെ വർണ്ണിച്ചിട്ടില്ലെന്ന് മെൽവിൽ വിശ്വസിച്ചു. ചരിത്രത്തെ വിവരിക്കാനും രേഖപ്പെടുത്താനും ഏറ്റവും നല്ല മാർഗ്ഗം കല്പനാസൃഷ്ടികളാണെന്ന് ആദ്യകാല കാല്പനികർ വിശ്വസിച്ചിരുന്നു. അവരെപ്പോലെ മെൽവിലും, തന്റെ രചന വിജ്ഞാനപ്രദവും ആധികാരികവും ആയിരിക്കണമെന്ന് ആഗ്രഹിച്ചു. വിഷയത്തിൽ അഗാധമായ താത്പര്യം ഉണ്ടായിരുന്നിട്ടും മെൽവിലിന് മൊബി ഡിക്കിന്റെ എഴുത്ത് എളുപ്പമായിരുന്നില്ല. 1850 മേയ് 1-ന് അദ്ദേഹം, പൊതുപ്രവർത്തകനും അഭിഭാഷകനുമായ റിച്ചാർഡ് ഹെൻറി ഡാനയ്ക്ക് ഇങ്ങനെ എഴുതി:

എഴുത്തിന്റെ പകുതിവഴിയിലാണു ഞാൻ ... ഇത് വിചിത്രസ്വഭാവമുള്ള പുസ്തകമായിരിക്കും, എങ്കിലും; എണ്ണയെടുക്കാൻ ഉപകാരപ്പെടുമെങ്കിലും മേദസ് മേദസ്സു തന്നെയാണല്ലോയെന്ന ആശങ്ക എനിക്കുണ്ട്; തണുത്തുറഞ്ഞ മേപ്പിൾ മരത്തിൽ നിന്ന് രസം കിനിയുന്നത്ര പ്രയാസത്തിലാണ് അതിൽ നിന്നു കവിത വരുന്നത്; — അതിനെ പാകപ്പെടുത്തിയെടുക്കാൻ കുറേ ഭാവന ചേർക്കേണ്ടി വരുന്നു. അവയാണെങ്കിൽ തിമിംഗിലങ്ങളുടെ തന്നെ തുള്ളിക്കളി പോലെ ചന്തമില്ലാത്തതായിരിക്കുകയും ചെയ്യാം. ഇതൊക്കെയാണെങ്കിലും ഉള്ളതു നേരായി പറയാനാണ് ഞാൻ നിശ്ചയിച്ചിരിക്കുന്നത്.[14]

'രണ്ടു' കഥകൾ

മൊബി ഡിക്കിന് രണ്ടു കഥകൾ എഴുതപ്പെട്ടുവെന്ന എന്നു സിദ്ധാന്തിക്കുന്ന ചില സാഹിത്യപണ്ഡിതന്മാരുണ്ട്. അവരുടെ അഭിപ്രായത്തിൽ രണ്ടു കഥകളിൽ ആദ്യത്തേത് മെൽവിലിന്റെ അനുഭവങ്ങളെ ആധാരമാക്കിയുള്ള ഒരു തിമിംഗിലവേട്ടക്കഥ ആണ്. രണ്ടാമത്തേത്, നഥാനിയേൽ ഹോത്തോണിനോട് മെൽവിലിനുണ്ടായിരുന്ന സൗഹൃദത്തിലും ആദരവിലും നിന്നു പിറന്ന കൂടുതൽ ആഴമുള്ള രചനയാണ്. ഇവ രണ്ടും ചേർന്നു ഒടുവിൽ ഇപ്പോഴുള്ള ഗുണപാഠകഥയായി പരിണമിച്ചത്രെ.[15][16] 1850 മാർച്ചു മാസം അവസാനം ഹാത്തോണും കുടുംബവും മാസ്സച്യൂസെറ്റ്സിലെ ലെനോക്സിലെ ഒരു ഫാംഹൗസിലേയ്ക്കു താമസം മാറ്റി.[17] 1850 ആഗസ്റ്റിൽ ഒരു സുഹൃത്ത് സംഘടിപ്പിച്ച വിനോദയാത്രയിൽ അദ്ദേഹം ഒലിവർ വെൻഡൽ ഹോംസിനേയും മെൽവിലിനേയും കണ്ടുമുട്ടി.[18] ആയിടെ ഹോത്തോണിന്റെ ഒരു ചെറുകഥാസമാഹാരം വായിച്ചിരുന്ന മെൽവിൽ "ഹാത്തോണും അദ്ദേഹത്തിന്റെ മോശമാരും" എന്ന പേരിൽ അതിന് ഒരു നിരൂപണം എഴുതി.[17] അക്കാലത്ത് മൊബി ഡിക്കിന്റെ രചനയിൽ മുഴുകിയിരുന്ന മെൽവിൽ, ഹോത്തോണിന്റെ ചെറുകഥാസമാഹാരം, ഗ്രന്ഥകാരന്റെ ഇരുണ്ട വശം(dark side), "പത്തിരട്ടി കറുപ്പിൽ പൊതിഞ്ഞ്", കാണിച്ചുതരുന്നുവെന്ന് എഴുതി.[16] മൊബി ഡിക്കിന്റെ ആദ്യപതിപ്പ് ഹോത്തോണിനു സമർപ്പിച്ച് മെൽവിൽ ഇങ്ങനെ എഴുതി: "അദ്ദേഹത്തിന്റെ ജീനിയസിനോടുള്ള ആദരവു സൂചിപ്പിക്കാൻ, ഈ ഗ്രന്ഥത്തിൽ നഥാനിയേൽ ഹോത്തോണിന്റെ പേരെഴുതിയിരിക്കുന്നു."[16]

കഥാസംഗ്രഹം

പ്രമാണം:The voyage of the Pequod.jpg
ഇസ്മായേൽ നാവികനായിരുന്ന തിമിംഗിലക്കപ്പൽ പെക്വോഡിന്റെ യാത്രാപഥം - എവറെറ്റ് ഹെൻറിയുടെ ചിത്രം

ഇസ്മായേലും ക്വീക്വെഗും

കച്ചവടക്കപ്പലുകളിൽ പ്രവൃത്തിപരിചയത്തിനു ശേഷം തിമിംഗിലക്കപ്പലുകളിൽ ഭാഗ്യം പരീക്ഷിക്കാൻ നിശ്ചയിച്ച നിരീക്ഷണകുതുകിയായ ഒരു യുവാവായിരുന്നു ഇസ്മായേൽ. ന്യൂയോർക്കിലെ മാൻഹാട്ടൻ ദ്വീപിൽ നിന്നു യാത്ര തിരിച്ച്, തണുത്തു വിഷാദം നിറഞ്ഞ ഒരു രാത്രിയിൽ മാസ്സച്യൂസെറ്റ്സിലെ ബെഡ്ഫോർഡിൽ എത്തിച്ചേർന്ന അയാൾക്ക് സത്രത്തിൽ, കിടക്ക പങ്കിടേണ്ടി വന്നത്, അയാൾ ചെല്ലുമ്പോൾ അവിടെയില്ലാതിരുന്ന ഒരു അപരിചിതനുമായായിരുന്നു. ദേഹം മുഴുവൻ പച്ചകുത്തിയിരുന്ന ഒരു പോളിനേഷ്യക്കാരൻ ചാട്ടുളിവിദഗ്ദ്ധൻ (Harpooner) ആയിരുന്നു ആ അപരിചതൻ. 'ക്വീക്വെഗ്' എന്നായിരുന്നു അയാളുടെ പേര്. തുറമുഖത്തും തിമിഗലക്കപ്പലിലെ യാത്രയ്ക്കിടയിലുമായി നോവലിലെ മുഖ്യസംഭവങ്ങളിൽ പലതിലും പ്രാധാനപങ്കു വഹിക്കുന്ന ഒരു കഥാപാത്രമാണ് ക്വീക്വെഗ്. പ്രാകൃതനും നരഭോജികളുടെ ഗോത്രത്തിൽ നിന്നുള്ളവനുമായ അയാളെ നോവലിലെ ആഖ്യാതാവായ ഇസ്മായേൽ അവതരിപ്പിക്കുന്നത് വലിയ സഹാനുഭൂതിവും ആദരവും കാട്ടിയാണ്. പാതിരാത്രി മുറിയിലെത്തിയ അയാളും നേരത്തേ കിടക്കയിൽ സ്ഥാനം പിടിച്ച ഇസ്മായേലുമായുള്ള കൂടിക്കാഴ്ച ഇരുവരേയും ഭയപ്പെടുത്തിയെങ്കിലും അവർ പെട്ടെന്നു സുഹൃത്തുക്കളാവുകയും തിമിംഗിലവേട്ടയ്ക്ക് ഒരേ കപ്പലിൽ തന്നെ പോകുവാൻ സമ്മതിക്കുകയും ചെയ്തു.

ശാന്തസമുദ്രത്തിലുള്ള പോളിനേഷ്യൻ ദ്വീപുകളിലൊന്നായി സങ്കല്പിക്കപ്പെടുന്ന കോക്കോവോക്കൊയിലെ ഒരു പ്രാകൃതഗോത്രത്തിലാണ് ക്വീക്വെഗ് ജനിച്ചത്. അവിടത്തെ ഗോത്രത്തലവന്റെ മകനാണയാൾ. നരമാംസഭോജനം ദ്വീപിൽ സാധാരണമാണ്. പ്രത്യേകിച്ച്, യുദ്ധത്തിൽ കൊല്ലുന്ന ശത്രുക്കളുടെ മാസം അവരുടെ ഇഷ്ടഭക്ഷണമാണ്. തനിക്ക് ജീവിതത്തിൽ ആകെ ഒരിക്കൽ ദഹനക്കേടുണ്ടായത്, 50 ശത്രുക്കൾ കൊല്ലപ്പെട്ട ഒരു യുദ്ധത്തിൽ അവരുടെ മാസം ഭക്ഷിച്ച ശേഷമാണെന്ന് ക്വീക്വെഗ് സുഹൃത്തിനോടു പറയുന്നുണ്ട്. ഇമ്മാതിരി ഗോത്രമര്യാദകളെ യാതൊരു ലജ്ജയും പശ്ചാത്താപവും പ്രകടിപ്പിക്കാതെ വസ്തുനിഷ്ഠമായി വിവരിക്കുകയാണ് അയാൾ ചെയ്യുന്നത്. ഒരിക്കൽ ദ്വീപിലെത്തിയ ഒരു തിമിംഗിലക്കപ്പലിൽ ചേരാൻ ശ്രമിച്ച അയാളെ അവർ സ്വീകരിക്കാതിരുന്നപ്പോൾ, നിർബ്ബന്ധപൂർവം അതിൽ ചാടിക്കയറിപ്പോയതോടെയാണ് തിമിഗലവേട്ടക്കാരനായുള്ള ക്വീക്വെഗിന്റെ യാത്രകളുടെ തുടക്കം. ഗോത്രത്തലവന്റെ മകനായിരുന്നിട്ടും അയാൾ ദ്വീപുവിട്ടുപോന്നത്, ലോകം കാണാനും ക്രിസ്തീയലോകത്തിന്റെ സംസ്കാരത്തെക്കുറിച്ച് കൂടുതൽ അറിയാനുമുള്ള കൗതുകം കൊണ്ടായിരുന്നു. ദ്വീപിലെ അടുത്ത ഗോത്രത്തലവനായിരിക്കേണ്ട തനിക്കും തന്റെ ഗോത്രത്തിനും ആ അറിവ് ഉപകാരപ്രദമാകുമെന്ന് അയാൾ കരുതി. എന്നാൽ പുറം ലോകത്തെ കൂടുതൽ അറിഞ്ഞതോടെ, "എല്ലാ അക്ഷാംശങ്ങളിലും ദുഷ്ടത തന്നെയാണുള്ളത്; അതിനാൽ ഞാൻ അവിശ്വാസിയായി മരിച്ചു കൊള്ളാം" എന്നായി അയാളുടെ തീരുമാനം.

ബെഡ്ഫോർഡിൽ നിന്ന് മാസ്സച്യൂസെറ്റ്സിലെ തന്നെ നാന്റുക്കെറ്റ് തുറമുഖത്തെത്തിയ ഇസ്മായേലും സുഹൃത്തും, അടുത്തുതന്നെ യാത്രപുറപ്പെടാനിരുന്ന പെക്വോഡ് എന്ന കപ്പലിൽ നാവികരാകാൻ ഉടമ്പടിയെഴുതി. കപ്പലിന്റെ കപ്പിത്താൻ അഹാബിനെ അവർ അപ്പോൾ കണ്ടില്ലെങ്കിലും "ദൈവപ്രതാപത്തോടുകൂടിയ ദൈവനിഷേധി"[൧]-യായ അയാളുടെ സാമാന്യവിവരണം മറ്റുള്ളവരിൽ നിന്നു ലഭിച്ചു. [19] "കലാലയങ്ങളിലും നരഭോജികൾക്കിടയിലും ഒരുപോലെ വിലസിയിട്ടുള്ളവനാണ്"[൨] ആയാളെന്നാണ് ഒരു കപ്പലുടമ അവരോടു പറഞ്ഞത്. ആഹാബിന്റെ കപ്പലിൽ യാത്ര ചെയ്യാൻ ഉടമ്പടി എഴുതിക്കഴിഞ്ഞ ഇസ്മായേലും ക്വീക്വെഗും, ഏലിയാ[൩] എന്നു പേരുള്ള ഒരു അജ്ഞാതമനുഷ്യനെ കണ്ടു മുട്ടി. ആഹാബിനോടൊപ്പമുള്ള യാത്ര വരുത്താനിരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അയാൾ അവർക്കു മുന്നറിയിപ്പു നൽകി. യാത്രയുടെ തുടക്കത്തിനു തൊട്ടു മുൻപ്, ക്രിസ്മസ് പ്രഭാതത്തിൽ മഞ്ഞിന്റെ മറയിൽ ചില കറുത്ത രൂപങ്ങൾ കപ്പലിൽ കയറുന്നത് ഇസ്മായേലിന്റെ ശ്രദ്ധയിൽ പെട്ടതോടെ ആഹാബിനെ സംബന്ധിച്ച അവരുടെ ആശങ്കകൾ ഏറി.

ആഹാബ്

യാത്രയുടെ ആദ്യഘട്ടങ്ങളിൽ ആഹാബ് അയാളുടെ കേബിനിൽ തന്നെ കഴിയുകയും കപ്പലിന്റെ നിയന്ത്രണം അയാളുടെ കീഴ്ജോലിക്കാർ നിർവഹിക്കുകയുമായിരുന്നു. 'ക്വാക്കർ' എന്ന ക്രിസ്തീയവിഭാഗത്തിൽ പെട്ട, ഗൗരവപ്രകൃതിയും ആത്മാർത്ഥതയും നേതൃഗുണങ്ങളും പ്രകടിപ്പിച്ച സ്റ്റാർബക്ക് എന്നയാളായിരുന്നു അഹാബിന്റെ ഒന്നാം സഹായി(First mate). രണ്ടാമനായിരുന്ന സ്റ്റബ്ബ്, ഉല്ലാസവാനും എപ്പോഴും പുകവലിക്കുന്നവനും ആയിരുന്നു; മൂന്നാമനായ ഫ്ലാസ്ക് പൊക്കം കുറഞ്ഞ് ഉറച്ച ശരീരമുള്ളവനും വിശ്വസിക്കാവുന്നവനുമായിരുന്നു. ഈ മൂന്നു പേരിൽ ഓരോരുത്തർക്കും കപ്പലിലെ ഓരോ തിമിംഗിലനൗകയുടെ ചുമതലയായിരുന്നു. ഓരോരുത്തർക്കും അവരുടെ കീഴിൽ വെള്ളക്കാരനല്ലാത്ത ഓരോ ചാട്ടുളിവിദഗ്ദ്ധൻ ഉണ്ടായിരുന്നു. യാത്ര തുടങ്ങി കുറേദിവസം കഴിഞ്ഞ് ഒരു പ്രഭാതത്തിൽ കപ്പിത്താൻ ആഹാബ് കപ്പലിന്റെ മേൽത്തട്ടിൽ പ്രത്യക്ഷപ്പെട്ടു. ഭൂതാവിഷ്ടമെന്നു തോന്നിക്കും വിധം പേടിപ്പെടുത്തുന്ന അയാളുടെ കാഴ്ച, കഥ പറയുന്നയാളിൽ വിറവലുണ്ടാക്കി.

ആഹാബിന്റെ കാലുകളിലൊന്ന് അരയ്ക്കു താഴെ നഷ്ടപ്പെട്ടിരുന്നു. അതിന്റെ സ്ഥാനത്തുള്ള കൃത്രിമക്കാൽ ഉണ്ടാക്കിയിരുന്നത് പുംബീജത്തിമിംഗിലത്തിന്റെ താടിയെല്ലു കൊണ്ടായിരുന്നു.

താമസിയാതെ കപ്പൽ ജോലിക്കാരെ വിളിച്ചുകൂട്ടിയ ആഹാബ്, യാത്രയുടെ ഏകലക്ഷ്യമായി അയാൾ കണ്ടിരുന്ന രഹസ്യപദ്ധതിയ്ക്ക് അവരുടെ പിന്തുണനേടാനായി ആവേശമുണർത്തുന്ന ഒരു പ്രഭാഷണം നടത്തി: ഭീമാകാരനും വയസ്സനുമായ ഒരു പുംബീജത്തിമിംഗിലത്തെ വേട്ടയാടി കൊല്ലുകയായിരുന്നു ആ പദ്ധതി. ബഹുവർണ്ണമുള്ള തൊലിയും മുതുകിന് ഹിമവെണ്മയുമുള്ള അവനാണ് കഴിഞ്ഞ യാത്രയിൽ ആഹാബിന്റെ കാലു കടിച്ചെടുത്തത്. കപ്പിത്താന്റെ ഈ പ്രതികാരപദ്ധതിയോട് അല്പമെങ്കിലും ഏതിർപ്പു പ്രകടിപ്പിച്ചത് സ്റ്റാർബക്കാണ്. കണ്ടെത്താനാകുന്ന തിമിംഗിലങ്ങളെ വേട്ടയാടിപ്പിടിച്ച്, ഭാഗ്യം അനുഗ്രഹിക്കുന്നത്ര വേഗത്തിലും ലാഭത്തോടെയും വീട്ടിൽ മടങ്ങിയെത്തുകയാണ് കപ്പലിന്റെ ലക്ഷ്യമെന്നും അതിനു പകരം, ഏതെങ്കിലും ഒരു തിമിംഗിലത്തെ പ്രതികാരപൂർവം തേടി നടന്നു കൊല്ലാൻ ശ്രമിക്കുന്നതു ശരിയല്ലെന്നും അയാൾ വാദിക്കുന്നു. ഏതായാലും, ഒടുവിൽ സ്റ്റാർബക്കിനു പോലും, മനസ്സില്ലാതെയാണെങ്കിലും ആഹാബിന്റെ ഇഷ്ടത്തിനു വഴങ്ങേണ്ടി വന്നു.

തിമിംഗിലവേട്ടയുടെ തുടക്കത്തിൽ തന്നെ, യാത്രയ്ക്കു മുൻപ് കപ്പലിൽ കയറിയ ഇരുണ്ട രൂപങ്ങളുടെ രഹസ്യം വെളിവായി. ആഹാബ് സ്വകാര്യമായി കൊണ്ടുവന്നിരുന്ന നൗകക്കാരായിരുന്നു അവർ. അവരിൽ ഫെദല്ലാ എന്നു പേരുള്ള ഒരു ചാട്ടുളിക്കാരനും ഉണ്ടായിരുന്നു. അയാളെ 'പാർസി' എന്നും വിളിച്ചിരുന്നു. വിചിത്രസ്വഭാവമുള്ള അയാൾക്ക് ആഹാബിന്റെ മേൽ വല്ലാത്ത ദുസ്വാധീനം ഉണ്ടായിരുന്നു. ഒരു രാത്രിയിൽ, വേട്ടയാടപ്പെട്ട ഒരു തിമിംഗിലത്തിന്റെ ജഡത്തിനടുത്തിരിക്കെ ഫെദല്ലാ ആഹാബിനോട് അവരിരുവരേയും കാത്തിരിക്കുന്ന അന്ത്യം പ്രവചിക്കുന്നുണ്ട്.

മുന്നറിയിപ്പുകൾ

മൊബി ഡിക്ക് ചിത്രകാരന്റെ ഭാവനയിൽ

മറ്റു കപ്പലുകളുമായി കടലിൽ വച്ചു നടക്കുന്ന പല സുഹൃദ്സംഗമങ്ങളും നോവൽ വിവരിക്കുന്നുണ്ട്. "ഗാമുകൾ" എന്ന പേരിലാണ് ആ സംഗമങ്ങൾ അറിയപ്പെട്ടിരുന്നത്. ഇത്തരം കണ്ടുമുട്ടലുകളിൽ നാവികർ പരസ്പരം കപ്പലുകൾ സന്ദർശിക്കുന്നു. കപ്പിത്താന്മാർ ഒരു കപ്പലിലും അയാൾക്കു കീഴുള്ള സഹായികൾ രണ്ടാമത്തെ കപ്പലിലും ഒത്തുചേരുന്നു. ഇതിനിടെ കത്തുകൾ കൈമാറുകയും തിമിംഗിലങ്ങളെ കണ്ടെത്തിയതുൾപ്പെടെയുള്ള വാർത്തകൾ പങ്കിടുകയും ചെയ്യുന്നു. ആഹാബിനാണെങ്കിൽ, കണ്ടുമുട്ടുന്ന ഏതു കപ്പലിലേയും ആളുകളോട് ചോദിക്കാനുണ്ടായിരുന്നത് ഒരേയൊരു ചോദ്യം ആയിരുന്നു: “വെളുത്ത തിമിംഗിലത്തെ കണ്ടോ?” പല കപ്പലുകളിൽ നിന്നും പലതരം കഥകൾ കേട്ടശേഷം പെക്വോഡ് ശാന്തസമുദ്രത്തിൽ പ്രവേശിക്കുന്നു. ഇതിനിടെ ഇസ്മായേലിന്റെ സുഹൃത്ത് ക്വീക്വെഗ് കടുത്തരോഗം പിടിച്ച് മരണത്തോടടുക്കുകയും, കപ്പലിലെ ആശാരിയോട് തനിക്കായി ഒരു ശവപ്പെട്ടി നിർമ്മിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. അയാളുടെ സുഖപ്രാപ്തിയുടെ കാര്യത്തിൽ ഏല്ലാവരും ആശവിട്ടപ്പോൾ മനം മാറ്റം വന്ന ക്വീക്വെഗ്, മരിക്കേണ്ടെന്നു തീരുമാനിക്കുകയും പെട്ടെന്ന് സുഖം പ്രാപിക്കുകയും ചെയ്യുന്നു. ശവപ്പെട്ടി പിന്നീട് കപ്പലിൽ അയാൾക്ക് സാമാനപ്പെട്ടിയുടെ പ്രയോജനം ചെയ്യുന്നു. ഇസ്മായേലിന് അത്, അപകടാവസ്ഥയിൽ ലൈഫ് ബോയ്-ക്ക് പകരമായി പിന്നീട് അതുപകാരപ്പെടുന്നുണ്ട്.

താമസിയാതെ മറ്റു കപ്പലുകളിൽ നിന്ന് മൊബി ഡിക്കിനെക്കുറിച്ചു കേൾക്കാൻ തുടങ്ങി. "സാമുവൽ എൻഡെർബി" എന്ന കപ്പലിലെ ഉല്ലാസവാനായ കപ്പിത്താൻ ബൂമറുടെ ഒരു കൈയ് ആ തിമിംഗിലം കടിച്ചെടുത്തിരുന്നു. എങ്കിലും ആഹാബിന്റെ പ്രതികാരമോഹത്തെപ്പറ്റി കേട്ട അയാൾ അത്ഭുതപ്പെട്ടു. അവർ പിന്നെ കണ്ടുമുട്ടിയ 'റേച്ചൽ' എന്ന കപ്പലിലെ വേട്ടക്കാരും മൊബി ഡിക്കിനെ അടുത്ത കാലത്തു കണ്ടിരുന്നു. ആ കൂടിക്കാഴ്ചയിൽ അവരുടെ കപ്പലിലെ നൗകകളിലൊന്നു കാണാതായി; കപ്പിത്താന്റെ ഏറ്റവും ഇളയ മകൻ തന്നെ അതിൽ ഉണ്ടായിരുന്നു. നഷ്ടപ്പെട്ട നൗക കണ്ടെത്താൻ കപ്പിത്താൻ പെക്വോഡിന്റെ സഹായം തേടിയെങ്കിലും ആഹാബ് വഴങ്ങിയില്ല; പെക്വോഡ്, മൊബി ഡിക്കിന് വളരെ അടുത്തെത്തിയിരിക്കുന്നതിനാൽ നൗകയുടെ അന്വേഷണത്തിൽ പാഴാക്കാൻ സമയമില്ലെന്നായിരുന്നു അയാളുടെ ന്യായം. ഒടുവിൽ 'ഡിലൈറ്റ്' എന്ന കപ്പലുമായി അവർ സന്ധിക്കുമ്പോൾ അതിലെ കപ്പിത്താൻ മൊബി ഡിക്കുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചവരെ സംസ്കരിക്കുകയായിരുന്നു. പ്രതികാരമോഹം ഉപേക്ഷിക്കാൻ സ്റ്റാർബക്ക് ആഹാബിനോട് അവസാനമായി ഒരിക്കൽ കൂടി അപേക്ഷിച്ചെങ്കിലും അയാൾ വഴങ്ങിയില്ല.

അന്ത്യം

മൊബി ഡിക്കുമായുള്ള അന്തിമപോരാട്ടത്തിന്റെ ഒരു ചിത്രീകരണം

അടുത്ത ദിവസം പെക്വോഡ് മൊബി ഡിക്കിനെ കണ്ടെത്തി. രണ്ടു ദിവസം തുടർച്ചയായി വേട്ടക്കാർ അതിനെ പിന്തുടർന്നു. തിമിംഗിലം അവർക്ക് ഏറെ നാശം വരുത്തി. ഫെദള്ളായുടെ തിരോധാനം അതിലൊന്നായിരുന്നു. മൂന്നാം ദിവസം കടലിനു മുകളിൽ പൊന്തി വന്ന മൊബി ഡിക്കിന്റെ ശരീരത്തോടു ചേർത്ത് ചാട്ടുളിക്കയറുകൾ കൊണ്ടു വരിയപ്പെട്ട നിലയിൽ ഫെദള്ളായുടെ മൃതദേഹം കാണാമായിരുന്നു. മൂന്നാം ദിവസത്തെ ആദ്യസംഘട്ടനത്തിനൊടുവിൽ മൊബി ഡിക്ക് കപ്പലിൽ നിന്ന് മാറിപ്പോകുന്നതു ചൂണ്ടി, സ്റ്റാർബക്ക് ഒരിക്കൽ കൂടി ആഹാബിനെ ഉപദേശിക്കാൻ ശ്രമിച്ചു. "മൊബി ഡിക്ക് നിന്നെ പിന്തുടരുകയല്ല; അതിനെ ഭ്രാന്തമായി പിന്തുടരുന്നത് നീയാണ്" എന്നയാൾ പറഞ്ഞെങ്കിലും ആഹാബിന്റെ പ്രതികാരദാഹം അടങ്ങിയില്ല.

ആഹാബ് തന്റെ വിനാശകരമായ വേട്ട തുടർന്നു. പിന്തുടർന്ന മൂന്നു നൗകകളിൽ രണ്ടും തിമിംഗിലം കേടാക്കിയതോടെ അവ കപ്പലിലേയ്ക്കു മടങ്ങിയതോടെ ആഹാബിന്റെ നൗക മാത്രം അവശേഷിച്ചു. ആഹാബ് മൊബി ഡിക്കിനു നേരേ ചാട്ടുളി എറിഞ്ഞെങ്കിലും ചാട്ടുളിക്കയർ പൊട്ടിപ്പോയി. അതോടെ തിമിംഗിലം കപ്പലിനെ തന്നെ ആക്രമിച്ചു. കപ്പൽ മുങ്ങാൻ തുടങ്ങി. മൊബി ഡിക്കിനു നേരേ വീണ്ടും ചാട്ടുളിയെറിഞ്ഞ ആഹാബിന്റെ കഴുത്തിൽ ചാട്ടുളിക്കയർ ചുറ്റിയതോടെ തിമിംഗിലം അയാളെ കടലിന്റെ ആഴത്തിലേക്കു വലിച്ചു കൊണ്ടു പോയി. മിക്കവാറും മുഴുവൻ നാവികരേയും മരണത്തിലേക്കു വഹിച്ച് മുങ്ങിയ കപ്പലിന്റെ ചുഴിയിൽ പെട്ട് ആഹാബിന്റെ നൗകയും മുങ്ങി. ഇസ്മായേൽ മാത്രം ജീവിച്ചിരുന്നു. അയാൾക്ക് രക്ഷാനൗകയായത് ക്വീക്വെഗിന്റെ ശവപ്പെട്ടി ആയിരുന്നു. അതിൽ ഒരു ദിവസം മുഴുവൻ കഴിച്ചുകൂട്ടിയ ഇസ്മായേലിനെ ഒടുവിൽ മറ്റൊരു തിമിംഗിലക്കപ്പലായ റാഹേലിലെ നാവികർ കണ്ടെത്തി രക്ഷപെടുത്തി.

നർമ്മം, തത്ത്വചിന്ത

കഥാകഥനത്തിനിടെ നോവലിസ്റ്റ് അവതരിപ്പിക്കുന്ന, നർമ്മവും തത്ത്വചിന്തയും ചേർന്ന കൗതുകകരമായ നിരീക്ഷണങ്ങളാണ് മൊബി ഡിക്കിന്റെ ഒരു സവിശേഷത. അത്തരം നിരീക്ഷണങ്ങളിൽ ചിലത് ഇവയാണ്[20]:-

  • പണമാണ് ലോകത്തിലെ എല്ലാ തിന്മകളുടേയും പിന്നിലെന്നും ധനവാന് സ്വർഗരാജ്യത്തിൽ പ്രവേശിക്കാൻ വഴിയില്ലെന്നുമുള്ള വിശ്വാസം പരിഗണിക്കുമ്പോൾ, പണം കയ്യിൽ വാങ്ങുമ്പോൾ നാം കാണിക്കുന്ന പരിഷ്കൃതമായ മര്യാദ അത്ഭുതകരമാണ്. എത്ര സന്തോഷത്തോടെയാണ് നാം നമ്മെത്തന്നെ നിത്യനാശത്തിനു ഏല്പിച്ചു കൊടുക്കുന്നത്.(അദ്ധ്യായം 1)
  • മൊത്തത്തിൽ നോക്കുമ്പോൾ അവൻ വൃത്തിയുള്ളൊരു നരഭോജിയാണ്.....സുബോധമുള്ള നരഭോജിയോടൊപ്പം ഉറങ്ങുന്നതാണ് മദ്യപിച്ച ക്രിസ്ത്യാനിയോടൊപ്പം ഉറങ്ങുന്നതിൽ നല്ലത്.(ക്വീക്വെഗിനെക്കുറിച്ച്, അദ്ധ്യായം 3)
  • കുറുനരിയെപ്പോലെ വിശ്വാസവും, ശവക്കൂനകൾക്കിടയിൽ പോഷണം തേടുന്നു.(അദ്ധ്യായം 7)
  • സ്വന്തം നന്മയേക്കാൾ സൽപ്പേരിനെ വിലമതിക്കുന്നവന് നാശം.(അദ്ധ്യായം 9)
  • എല്ലാം രേഖാംശങ്ങളിലും ലോകം ദുഷ്ടത നിറഞ്ഞതു തന്നെ; അതിനാൽ ഞാൻ അവിശ്വാസിയായി മരിച്ചുകൊള്ളാം.(അദ്ധ്യായം 12)
  • വെളുത്ത മനുഷ്യന് വെള്ള പൂശിയ നീഗ്രോയേക്കാൾ എന്തു മഹത്ത്വം? (അദ്ധ്യായം 13)
  • താരുണ്യത്തിന്റെ ഉൽക്കർഷേച്ഛ ഒന്നു മനസ്സിലാക്കണം: ലൗകികമഹത്ത്വമെല്ലാം കേവലം രോഗമാണ്(അദ്ധ്യായം 16)
  • എത്ര തമാശ നിറഞ്ഞതാണെങ്കിലും എല്ലാ മതാനുഷ്ടാനങ്ങളോടും എനിക്കു ബഹുമാനമാണ്. കൂണിനെ ആരാധിക്കുന്ന ഉറുമ്പുകളുടെ സഭയെപ്പോലും വിലകുറച്ചു കാണാൻ എനിക്കാവില്ല.(അദ്ധ്യായം 17)
  • കർത്താവിന്റെ ദിവസം (ഞായറാഴ്ച) തിമിംഗിലവേട്ട കഴിയുന്നത്ര ഒഴിവാക്കുക. പക്ഷേ നല്ല അവസരം കിട്ടിയാൽ പാഴാക്കുന്നത് ദൈവികസമ്മാനങ്ങളുടെ തിരസ്കാരമാവും.(അദ്ധ്യായം 22)
  • സ്റ്റബ്ബ് വസ്ത്രം ധരിക്കുമ്പോൾ, ട്രൗസറുകൾ കാലിൽ കയറ്റുന്നതിനു മുൻപ് വായിൽ പുകവലിക്കുഴൽ കയറ്റുന്നു (വലിയ പുകവലിക്കാരനായ കപ്പലിലെ മൂന്നാമൻ സ്റ്റബ്ബിനെക്കുറിച്ച് - അദ്ധ്യായം 27)
  • ഗഹനമായ കാര്യങ്ങളെ ജനപ്രിയമാക്കാൻ ശ്രമിക്കുന്നത് പാഴ്വേലയാണ്; എല്ലാ സത്യവും ഗഹനമാണു താനും.(അദ്ധ്യായം 41)
  • ഈ പ്രപഞ്ചത്തിൽ പുത്തനെന്നു പറയാൻ ഒന്നുമില്ലെന്നു പറഞ്ഞ സോളമനു നാം നൂറു വട്ടം ആമേൻ പറയണം.(അദ്ധ്യായം 45)
  • വിദ്വേഷവും പൊങ്ങച്ചവും അതിന്റെ ഔദാര്യത്തെ ചവിട്ടിനടക്കുന്നെങ്കിലും ഭൂമി വേലിയേറ്റങ്ങളെയോ കാലചക്രത്തെയോ മാറ്റുന്നില്ല.(അദ്ധ്യായം 48)
  • ഈ മഹാപ്രപഞ്ചമത്രയും ഒരു വലിയ പ്രായോഗികഫലിതമാണെന്ന്(practical joke) ചിലപ്പോൾ തോന്നും(അദ്ധ്യായം 49)
  • മണ്ടൻ മനുഷ്യാ! നോഹയുടെ പ്രളയം ഇനിയും അവസാനിച്ചിട്ടില്ല. ലോകത്തിന്റെ മൂന്നിൽ രണ്ടും ഇപ്പോഴും പ്രളയത്തിൽ മൂടിക്കിടക്കുന്നു.(അദ്ധ്യായം 58)
  • ആദ്യം ഒരു കാളയെ കൊന്നവൻ കൊലപാതകിയായി എണ്ണപ്പെട്ടു; അവനെ തൂക്കിലേറ്റിയിരിക്കണം. കാളകളാണ് അവനെ വിചാരണ ചെയ്തതെങ്കിൽ തീർച്ചയായും അവനു ശിക്ഷ കിട്ടിയിരിക്കും. ഏതെങ്കിലും കൊലയാളി ശിക്ഷാർഹനെങ്കിൽ, അവനും അങ്ങനെ തന്നെ. ശനിയാഴ്ച രാത്രിയിൽ ഇറച്ചിച്ചന്തയിൽ ചെന്നാൽ, ജീവനുള്ള ഇരുകാലികളുടെ കൂട്ടം ചത്ത നാൽകാലികളെ തുറിച്ചു നോക്കി നിൽക്കുന്നതു കാണാം. ആരാണു നരഭോജിയല്ലാത്തത്? അന്ത്യവിധിനാൾ, പഞ്ഞമാസത്തേയ്ക്ക് കരുതലായി ഒരു മിഷനറിയെ ഉപ്പിട്ട് അറയിൽ സൂക്ഷിച്ച ഫിജിക്കാരന്, പ്രബുദ്ധരായ ഈ തീറ്റക്കൊതിയന്മാരേക്കാൾ ആശ്വാസകരമായിരിക്കും.(അദ്ധ്യായം 65)
  • ഗഹനമായ ചിന്തകളിൽ മുഴുകിയിരിക്കുമ്പോൾ, പ്ലേറ്റോ, പിറോ(Pyrrho), ചെകുത്താൻ, ജൂപ്പിറ്റർ, ഡാന്റെ മുതലായ വമ്പന്മാരുടെ പൊണ്ണത്തലകളിൽ നിന്ന് അർത്ഥതാര്യമായ ഒരുതരം ആവി പറക്കുമെന്ന് എനിക്കുറപ്പാണ്.(അദ്ധ്യായം 85)
  • നിയമത്തിന്റെ പകുതി ഉടമസ്ഥതയാണ്; ഉടമയായത് എങ്ങനെയെന്നതിൽ കാര്യമൊന്നുമില്ല.(അദ്ധ്യായം 89)
  • വലിയ പുസ്തകം എഴുതാൻ വമ്പൻ വിഷയം തന്നെ വേണം; ചെള്ളിനെക്കുറിച്ച് നിലനിൽപ്പുള്ള വലിയ വാല്യങ്ങളൊന്നും എഴുതുക വയ്യ.(അദ്ധ്യായം 104)


തിമിഗലങ്ങൾക്കിടയിലെ ഉപജാതികളേയും അവയുടെ ശരീരശാസ്ത്രത്തേയും, പെരുമാറ്റരീതികളേയും സാമൂഹ്യജീവിതത്തേയും മറ്റും സബന്ധിച്ച് ഒട്ടേറെ വിവരങ്ങൾ നോവലിസ്റ്റ് നൽകുന്നുണ്ട്. ഒരു വലിയ തിമിംഗിലവ്യൂഹത്തിന്റെ ഭാഗമായി, മുലകുടിക്കുന്ന കുഞ്ഞുങ്ങളോടൊപ്പം പോകുന്ന അമ്മത്തിമിംഗിലങ്ങളുടെ ഒരു ഗണത്തേയും നോവലിസ്റ്റ് വർണ്ണിക്കുന്നുണ്ട്. തിമിംഗിലപ്പാലിന് നല്ല മധുരമാണെന്നും അതു രുചിച്ച മനുഷ്യരുണ്ടെന്നും സ്ട്രോബെറി ചേർത്തു കഴിക്കാവുന്നതാണതെന്നുമുള്ള വിവരവും അവിടെ അദ്ദേഹം നൽകുന്നു.("ദ് ഗ്രാന്റ് അർമഡാ" എന്നു പേരിട്ടിരിക്കുന്ന അദ്ധ്യായം 87) തിമിംഗിലത്തിന്റേതെന്നു പറയാവുന്ന ഏറ്റവും പുരാതനമായ ചിത്രം, ഇന്ത്യയിലെ എലഫന്റാ ഗുഹകളിലേതാണെന്ന് നോവലിൽ പറയുന്നു.(അദ്ധ്യായം 55)

അതിനിടെ, തിമിഗലവേട്ട, തിമിംഗിലങ്ങൾക്ക് വംശനാശം വരുത്തുമോ എന്ന ചോദ്യവും നോവൽ ചർച്ച ചെയ്യുന്നു. അങ്ങനെയൊരു ഭയം അടിസ്ഥാനരഹിതമാണെന്നാണ് മറുപടി. അതിന് പറയുന്ന ന്യായം ഇതാണ്: ഒരു വേട്ടയിൽ സയാമിലെ രാജാവ് 4000 ആനകളെ കൊന്നെതു രേഖപ്പെടുത്തുന്ന ഗോവയുടെ ചരിത്രകാരൻ ഹാർട്ടോ, മിതോഷ്ണരാജ്യങ്ങളിൽ കന്നുകാലികളെന്നതിനേക്കാൽ അധികം ആനകൾ പൗരസ്ത്യദേശത്ത് ഉണ്ടെന്നു പറയുന്നു. സഹസ്രാബ്ദങ്ങളിലൂടെ സെമിരാമിസും, പുരൂരവസും, ഹാനിബാളും, പൂർവദിക്കിലെ മറ്റെല്ലാ രാജാക്കന്മാരും നടത്തിയ വേട്ടകൾക്കു ശേഷവും ആനകൾക്ക് ഇത്രവലിയ സംഖ്യയിൽ നിലനിൽക്കാനായെങ്കിൽ, ഏഷ്യയും അമേരിക്കകളും, യൂറോപ്പും, ആഫ്രിക്കയും, നവ ഹോളണ്ടും സകല ദ്വീപുകളും ചേർത്തതിന്റെ ഇരട്ടിയെങ്കിലും വരുന്ന കടൽ മേച്ചിൽ സ്ഥലമായുള്ള തിമിംഗിലത്തിന് എല്ലാ വേട്ടകളേയും അതിജീവിക്കാനാകും. അവ ഓരോന്നും നശ്വരമാണെങ്കിലും അവയുടെ വംശം അനശ്വരമാണ്.(അദ്ധ്യായം 105)

കുറിപ്പുകൾ

^ "grand, ungodly, godlike man"

^ "been in colleges as well as 'mong the cannibals"

^ ബൈബിളിലെ ദുഷ്ടനായ ആഹാബ് രാജാവിന്റെ എതിരാളിയായിരുന്ന പ്രവാചകനാണ് ഏലിയാ.[21]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മൊബി_ഡിക്ക്&oldid=3971508" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്