രഞ്ജിത് സിങ്

സിഖ് സാമ്രാജ്യത്തിലെ ആദ്യത്തെ രാജാവാണ് മഹാരാജ രഞ്ജിത് സിങ് (പഞ്ചാബി: ਮਹਾਰਾਜਾ ਰਣਜੀਤ ਸਿੰਘ) (ജനനം 1780 നവംബർ 13[1]) (ഭരണം 1799-1839 ജൂൺ 20). ഗുജ്രൻവാലയിലെ ഒരു ചെറിയ സിഖ് സമൂഹത്തിന്റെ നേതാവായിരുന്ന രഞ്ജിത് സിങ്, 1799-ൽ ദുറാനി അഫ്ഗാൻ സാമ്രാജ്യത്തിന്റെ പ്രതിനിധിയായി ലാഹോറിൽ ഭരണത്തിലവരോധിക്കപ്പെട്ടു. ദുറാനികളുടെ ശക്തിക്ഷയം മുതലെടുത്ത രഞ്ജിത് സിങ്, സിന്ധുവിനും സത്‌ലുജിനും മദ്ധ്യേയുള്ള വടക്കൻ പഞ്ചാബ്, കശ്മീർ, മുൾത്താൻ, ദേരാജാത്, പെഷവാർ താഴ്വര തുടങ്ങിയവയയിടങ്ങളിലെല്ലാം സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ചു.[2] തന്റെ നാലുപതിറ്റാണ്ട് ഭരണകാലത്ത് സാമ്രാജ്യത്തെ 5 ലക്ഷം ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലെത്തിക്കാൻ രഞ്ജിത്തിനായി.[3]

രഞ്ജിത് സിങ്
പഞ്ചാബിന്റെ മഹാരാജാവ്
രഞ്ജിത് സിങ് - ലെപോൾഡ് മസാർഡ് വരച്ചത്
ഭരണകാലം1801 ഏപ്രിൽ 12 – 1839 ജൂൺ 27
സ്ഥാനാരോഹണം1801 ഏപ്രിൽ 12
പൂർണ്ണനാമംരഞ്ജിത് സിങ്
പഞ്ചാബിਮਹਾਰਾਜਾ ਰਣਜੀਤ ਸਿੰਘ
പദവികൾഷേർ-ഇ-പഞ്ചാബ് (പഞ്ചാബ് സിംഹം)
ലാഹോറിന്റെ മഹാരാജാവ്
സർക്കാർ ഖൽസാജി (രാജ്യനായകൻ)
ജനനം1780 നവംബർ 13[1]
ജന്മസ്ഥലംഗുജ്രൻവാല
മരണം1839 ജൂൺ 20
പിൻ‌ഗാമിഖഡക് സിങ്
പിതാവ്മഹാ സിങ്
മാതാവ്രാജ് കൗർ

അഫ്ഗാനികളുടെ ഭീഷണിയെ ചെറുക്കുന്നതിന് രഞ്ജിത്, ഇന്ത്യയിലെ ബ്രിട്ടീഷുകാരുമായി ചങ്ങാത്തം സ്ഥാപിച്ചിരുന്നു. രഞ്ജിത്തിന്റെ കാലശേഷം കഴിവുറ്റ ഒരു ഭരണാധികാരിയില്ലാത്തതിനാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ സാമ്രാജ്യം ബ്രിട്ടീഷുകാരുടെ ആധിപത്യത്തിലായി.

ജീവിതരേഖ

രഞ്ജിത് സിങ്ങിന്റെ പിതാവ്, സർദാർ മഹാൻ സിങ്, ഗുജ്രൻ‌വാലയിലെ സുകേർചകിയ മിസ്‌ലിന്റെ[൧] തലവനായിരുന്നു. അമ്മയായ രാജ് കൗറിന്റെ സ്വദേശമായ മദ്ധ്യഹരിയാണയിലെ ജിന്ദിനടുത്ത് ബുദ്രുഖാൻ എന്ന പട്ടണത്തിലാണ് 1780 നവംബർ 13-ന് രഞ്ജിത് സിങ് ജനിച്ചത്. രഞ്ജിത്തിന്റെ അമ്മയുടെ അച്ഛനായിരുന്ന സർദാർ ഗജ്പത് സിങ് ജിന്ദിലെ ഭരണാധികാരിയായിരുന്നു.

ചെറുപ്പത്തിലേ വസൂരി ബാധിച്ച് അദ്ദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. 1790-ൽ തന്റെ പിതാവിന്റെ മരണത്തോടെ പത്താം വയസ്സിൽ സുകേർചകിയ മിസ്‌ലിന്റെ നേതൃത്വം രഞ്ജിത് സിങ് ഏറ്റെടുത്തു.[1]

ലാഹോറിന്റെ ഭരണത്തിലേക്ക്

മഹാരാജ രഞ്ജിത് സിങ്ങിന്റെ സ്വർണസിംഹാസനം

ദുറാനി സാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്ന അഹ്മദ് ഷാ ദുറാനി, തന്റെ അവസാനകാലത്ത് മദ്ധ്യ പഞ്ചാബിന്റെ നിയന്ത്രണം സിഖുകാർക്ക് തന്റെ മേൽക്കോയ്മയിൽ വിട്ടുകൊടുത്തിരുന്നു. ഏതാണ്ട് 20 വർഷത്തിനു ശേഷം ലാഹോറിൽ ഒരു കലാപം പൊട്ടിപ്പുറപ്പെടുകയും സിഖുകാർ അഫ്ഗാൻ പ്രതിനിധിയെ വധിക്കുകയും ചെയ്തു.

ഇതിനുശേഷം അന്നത്തെ ദുറാനി ചക്രവർത്തിയായിരുന്ന സമാൻ ഷാ ലാഹോറിന്റെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും ഇതിനിടെ കാബൂളിൽ തന്റെ അർദ്ധസഹോദരന്റെ നേതൃത്വത്തിലാരംഭിച്ച അട്ടിമറിശ്രമം അമർച്ച ചെയ്യുന്നതിന് അദ്ദേഹത്തിന് കാബൂളിലേക്ക് മടങ്ങേണ്ടിവന്നതിനാൽ ലാഹോറിൽ ഒരു സിഖുകാരനെത്തന്നെ പ്രതിനിധിയായി നിയമിക്കാൻ നിർബന്ധിതനായി.[4]. അങ്ങനെ 1799 ഫെബ്രുവരിയിൽ രഞ്ജിത് സിങ്, അഫ്ഗാൻ രാജാവിന്റെ പ്രതിനിധിയായി പഞ്ചാബിൽ ഭരണം നടത്താനാരംഭിച്ചു.

ദുറാനി രാജവംശത്തിന്റെ ശക്തിക്ഷയം മുതലെടുത്ത രഞ്ജിത് സിങ്, സിന്ധുവിനും സത്‌ലുജിനും മദ്ധ്യേയുള്ള വടക്കൻ പഞ്ചാബ് മുഴുവൻ 1818-ഓടെ നിയന്ത്രണത്തിലാക്കി. സൈനികമായി ശക്തിയാർജ്ജിച്ച് സിഖുകാർ, പിന്നീട് കശ്മീരും മുൾത്താനും ദേരാജാത്തും കൈപ്പിടിയിലൊതുക്കുകയും പെഷവാർ താഴ്വരയിൽ പൂർണമായും ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. എങ്കിലും ഈ സമയത്തും അഫ്ഗാനികൾക്ക് ചെറിയ കപ്പം കൊടുത്ത് തന്റെ വിധേയത്വം പ്രകടിപ്പിച്ചിരുന്നു.[2]

രഞ്ജിത് സിങ്ങിന്റെ സമാധി (ലാഹോർ)

മരണം

1839 ജൂൺ 27-ന് രഞ്ജിത് സിങ് മരണമടഞ്ഞു. ഇതിനുശേഷം ലാഹോറിൽ അധികാരവടംവലി രക്തരൂഷിതമായി വർഷങ്ങളോളം നീണ്ടുനിന്നു. രഞ്ജിത് സിങ്ങിന്റെ മൂന്ന് മക്കൾ, സഭാംഗങ്ങളിൽ ചിലർ, രണ്ട് റാണിമാർ, ഖൽസ സൈന്യം എന്നിവയായിരുന്നു ഈ വടംവലിയിലെ പ്രധാനകക്ഷികൾ.[5] ഈ അധികാരവടംവലി സാമ്രാജ്യത്തിന്റെ അസ്തമയത്തിന് കാരണമാകുകയും ആംഗ്ലോ സിഖ് യുദ്ധങ്ങൾ എന്നറിയപ്പെടുന്ന രണ്ട് യുദ്ധങ്ങളിലൂടെ ബ്രിട്ടീഷുകാർ പഞ്ചാബിനെ തങ്ങളുടെ കീഴിലാക്കുകയും ചെയ്തു.

ബ്രിട്ടീഷ് ബന്ധം

തുടക്കംമുതലേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുമായി നല്ല ബന്ധമാണ് രഞ്ജിത് സിങ്ങിനുണ്ടായിരുന്നത്. 1806-ൽ സത്ലുജിനെ പഞ്ചാബിന്റെ കിഴക്കൻ അതിർത്തിയായി അംഗീകരിച്ച് ബ്രിട്ടീഷുകാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. 1820-ൽ സിന്ധ് സ്വന്തമാക്കാനുള്ള രഞ്ജിത് സിങ്ങിന്റെ ശ്രമങ്ങൾക്ക് ബ്രിട്ടീഷുകാർ തടസം നിന്നിരുന്നു. എന്നാൽ 1831-ൽ റൂപറിൽ (രൂപ്നഗർ) വച്ച് വില്ല്യം ബെന്റിക്കുമായി രഞ്ജിത് സിങ് വീണ്ടും കൂടിക്കാഴ്ച നടത്തുകയും സൗഹൃദം പുതുക്കുകയും ചെയ്തു.

1830-കളിൽ സത്ലുജിന് കിഴക്കുള്ള പ്രദേശങ്ങളെച്ചൊല്ലി ബ്രിട്ടീഷുകാരുമായി തർക്കമുണ്ടാകുകയും ഫിറോസ്പൂരൊഴികെയുള്ള പട്ടണങ്ങൾ പഞ്ചാബികൾക്ക് നൽകി ധാരണയാകുകയും ചെയ്തു. ബ്രിട്ടീഷുകാർ ഫിറോസ്പൂരിൽ കോട്ടകെട്ടിയതിനെത്തുടർന്ന് നദിക്കിപ്പുറത്തുള്ള കസൂറിൽ സൈനികകേന്ദ്രവും കോട്ടയും സ്ഥാപിച്ച് രഞ്ജിത് സിങ്ങും പ്രതിരോധം തീർത്തു.[3] 1838-ൽ അഫ്ഗാനിസ്താനെ ആക്രമിക്കാനുള്ള പരിപാടിയിലും സിഖുകാർ, ബ്രിട്ടീഷുകാരുടെ സഖ്യകക്ഷിയായി.

വിദേശസൈനികർ

ഷോൺ ഫ്രാൻസ്വ അല്ലാഡ്, സേനയിലെ ഒരു ജനറൽ

നിരവധി വിദേശസൈനികർ രഞ്ജിത് സിങ്ങിനു കീഴിൽ ജോലി ചെയ്തിരുന്നു. ഇത്തരം വിദേശികളുടെ സഹായത്തോടെ രഞ്ജിത് സിങ് തന്റെ സേനയെ യൂറോപ്യൻ മാതൃകയിൽ പരിഷ്കരിക്കുകയും ചെയ്തു. രഞ്ജിത് സിങ്ങിന്റെ ഈ ആധുനികസേനയാണ്, അദ്ദേഹത്തോട് രമ്യതയിൽ വർത്തിക്കാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ച പ്രധാനഘടകം. നെപ്പോളിയന്റെ സേനയിൽ മുൻപ് പ്രവർത്തിച്ചിരുന്ന ജീൻ ബാപ്റ്റിസ്റ്റ് വെഞ്ചുറ, ഷോൺ ഫ്രാൻസ്വ അല്ലാഡ് എന്നിവരാണ് രഞ്ജിത്തിനു കീഴിൽ ജോലിചെയ്യാനെത്തിയ ആദ്യത്തെ യൂറോപ്യൻമാർ. 1822-ൽ ഇവർ എത്തിയതിനു ശേഷം ഡസൻകണക്കിന് യൂറോപ്യൻമാർ പഞ്ചാബിൽ ജോലി ചെയ്യാനെത്തി.[6] പാവ്ലോ അവിറ്റബൈൽ ഇക്കൂട്ടത്തിലെ മറ്റൊരു പ്രമുഖനാണ്.

രഞ്ജിത് സിങ്ങിന്റെ കീഴിലെ ഈ വിദേശ കൂലിപ്പടയാളികളെ പശ്ചാത്തലമാക്കി 1841-1842 കാലഘട്ടത്തിൽ ഹെൻറി ലോറൻസ് രചിച്ച അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ് എന്ന നോവൽ ശ്രദ്ധേയമാണ്.[5]

പ്രത്യേകതകൾ

മഹാരാജ രഞ്ജിത് സിങ്
ഏകദേശം 1835–40

യൂറോപ്യൻ കൃതികളനുസരിച്ച് രഞ്ജിത് സിങ് അക്ഷരാഭ്യാസമില്ലാത്തവനായിരുന്നു. എങ്കിലും ബുദ്ധികൂർമ്മതയും അസാമാന്യ ഓർമ്മശേഷിയുള്ളവനുമാണെന്ന് ചിത്രീകരിക്കപ്പെടുന്നത്. രാജ്യകാര്യങ്ങളിൽ പ്രത്യേകിച്ച് നികുതിക്കണക്കുകളിലെല്ലാം അദ്ദേഹം കർശനനിരീക്ഷണം നടത്തിയിരുന്നു. കാലഘട്ടത്തെയും അദ്ദേഹത്തിന്റെ സാമ്രാജ്യത്തെയും അടിസഥാനമാക്കി നോക്കിയാൽ രഞ്ജിത് സിങ്ങിനെ മഹാനെന്നു നിസ്സംശയം പറയാം എന്ന് പത്തൊമ്പതാം നൂറ്റാണ്ടിൽ പഞ്ചാബിൽ ഭരണം നടത്തിയ ഹെൻറി ലോറൻസ് അഭിപ്രായപ്പെടുന്നു. അദ്ദേഹം പ്രജകളോട് സ്വതന്ത്രമായി ഇടപെഴകിയിരുന്നെന്നും ശത്രുക്കളോടും അവരുടെ കുടുംബത്തോടും ദയ കാട്ടുകയും ഒരു വധശിക്ഷക്കുപോലും ആജ്ഞാപിച്ചിരുന്നില്ലെന്നും ഹെൻറി കൂട്ടിച്ചേർക്കുന്നു. ജനങ്ങളെപ്പറ്റി കൂടുതലറിയുന്നതിന് രഞ്ജിത് സിങ് സാമ്രാജ്യം ചുറ്റിക്കറിങ്ങിയുള്ള വാർഷികയാത്രയും നടത്തിയിരുന്നു. അത്യാഗ്രഹം, മദ്യപാനം, വ്യഭിചാരം എന്നിവയുടെ പേരിൽ വിമർശിക്കന്നുണ്ടെങ്കിലും ഇതെല്ലാം പൗരസ്ത്യഭരണാധികാരികളിൽ സാധാരണമായ കാര്യമാണെന്നാണ് ഹെൻറി അഭിപ്രായപ്പെടുന്നത്.[5]

രഞ്ജിത് സിങ് എല്ലാ മതങ്ങോളും സഹിഷ്ണുത പുലർത്തിയിരുന്നു. നാനാമതസ്ഥരടങ്ങിയ അദ്ദേഹത്തിന്റെ ദർബാർ തന്നെ ഇതിന് തെളിവാണ്. സിഖ് മതസ്ഥർക്ക് പുറമേ ഹിന്ദുക്കളായ ദിവാൻ ദിനനാഥ്, ഹിന്ദു ഡോഗ്ര സഹോദരന്മാരായ ഗുലാബ് സിങ്, ധിയാൻ സിങ്, സുചേത് സിങ്, മുസ്ലീങ്ങളായ ഫക്കീർ അസീസുദ്ദീൻ, ഫക്കീർ നൂറുദ്ദീൻ തുടങ്ങിയവരെല്ലാം രഞ്ജിത് സിങ്ങിന്റെ സഭാംഗങ്ങളായിരുന്നു.

കുറിപ്പുകൾ

  • ^ 1766-67 കാലഘട്ടത്തിലെ അഹ്മദ് ഷാ അബ്ദാലിയുടെ ആക്രമണത്തിനു ശേഷം, സത്‌ലുജ് നദിയുടെ ഇരുവശങ്ങളിലുള്ള സിഖുകാർ, ഒരു നേതാവിന്റെ നേതൃത്വത്തിൽ പൊതുവേ മിസ്‌ലുകൾ എന്നറിയപ്പെടുന്ന കൂട്ടങ്ങളായാണ് കഴിഞ്ഞിരുന്നത്. തുല്യം, ഒരുപോലെയുള്ള എന്നൊക്കെയാണ് മിസ്‌ൽ എന്ന വാക്കിന് അറബിയിൽ അർത്ഥം.[1]

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=രഞ്ജിത്_സിങ്&oldid=3839496" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്