വിൻസന്റ് വാൻഗോഗ്

വിൻസെന്റ് വില്ലെം വാൻ‌ഗോഗ്, (മാർച്ച് 30, 1853 - ജൂലൈ 29, 1890) ഒരു ഡച്ച് ചിത്രകാരനായിരുന്നു. വാൻ‌ഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വർണ്ണവൈവിദ്ധ്യവും ഇരുപതാംനൂറ്റാണ്ടിലെ പാശ്ചാത്യകലയിൽ നിർണായകസ്വാധീനം ചെലുത്തി[1]. തന്റെ ജീവിതകാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാൻ‌ഗോഗിനെ വേട്ടയാടി. തന്റെ 37- മത്തെ വയസ്സിൽ താരതമ്യേന അപ്രശസ്തനായി ആത്മഹത്യ ചെയ്ത വാൻ‌ഗോഗിന്റെ പ്രശസ്തി മരണശേഷം നാൾക്കുനാൾ വർദ്ധിച്ചു. ലോകത്തേറ്റവും തിരിച്ചറിയപ്പെടുന്നതും വിലയേറിയവയും ആണ് ഇന്ന് വാൻ‌ഗോഗ് ചിത്രങ്ങൾ[2].

വിൻസന്റ് വാൻ‌ഗോഗ്

വാൻ‌ഗോഗ് - സ്വയം വരച്ച ചിത്രം (1887)
ജനനപ്പേര്വിൻസെന്റ് വില്ലെം വാൻ‌ഗോഗ്
ജനനം(1853-03-30)30 മാർച്ച് 1853
സിൻഡെർട്, നെതർലന്റ്സ്
മരണം29 ജൂലൈ 1890(1890-07-29) (പ്രായം 37)
ഓവർസുർവായ്സ്, ഫ്രാൻസ്
പൗരത്വം ഡച്ച്
രംഗംചിത്രകാരൻ
പ്രസ്ഥാനംPost-Impressionism

കത്തുകൾ

ഇതും കാണുക: The Letters of Vincent van Gogh
വിൻസന്റ് c. തന്റെ 19-ാം വയസ്സിൽ. ഈ ഫോട്ടോ എടുത്തത്, അദ്ദേഹം, ഗൗപ്പിൽ ആന്റ് കൈസിൽ ഗാലറിയുടെ ഹേഗിലെ ബ്രാഞ്ചിൽ ജോലി ചെയ്യുമ്പോഴാണ് [3],[4]
തിയോ 1888 -ൽ തന്റെ 31-ാം വയസ്സിൽ. വാൻഗോഗിനെ പ്രോത്സാഹിപ്പിച്ചതും ജീവിതകാലം മുഴുവൻ ഒരു ഉറ്റ സുഹൃത്തെന്നപോലെ കൂടെയുണ്ടായതും തിയോ തന്നെയാണ്. അവർ രണ്ടുപേരേയും ഒരുമിച്ച് ഓവെർസുർവായിസ് എന്ന സ്ഥലത്ത് അടക്കം ചെയ്തു.

വാൻ ഗോഗിനെ കുറിച്ചുള്ള സമഗ്രമായതും അടിസ്ഥാനപരവുമായ കാര്യങ്ങൾ അറിയാൻ സഹായിച്ചത് അദ്ദേഹം സ്വന്തം സഹോദരനായ തിയോ വാൻ ഗോഗ് എന്ന ആർട്ട് ഡീലർക്ക് എഴുതിയതും തിയോ സൂക്ഷിച്ചു വച്ചിരുന്നതുമായ കത്തുകളാണ് [5]. ഈ കത്തുകളെ ആധാരമാക്കി വാൻഗോഗ് എന്ന ചിത്രകാരന്റെ വ്യക്തിഗത ചിന്തകളേയും, അഭിപ്രായങ്ങളേയും ആഴത്തിൽ അപഗ്രഥിക്കാൻ കഴിയുന്നു [6][7]. തിയോ തന്റെ സഹോദരന് മാനസികവും സാമ്പത്തികവുമായ പിന്തുണ നൽകി. അവരുടെ ജീവിതാന്ത്യം വരെയുള്ള സൗഹൃത്ബന്ധവും, കലയെകുറിച്ചുള്ള വിൻസെന്റിന്റെ അഭിപ്രായവും 1872-1890 കാലഘട്ടത്തിൽ ഇവർ കൈമാറിയ നൂറുകണക്കിനു കത്തുകളിൽ നിന്നും വായിച്ചെടുക്കാം. ഈ ശേഖരത്തിൽ 600ലേറെ കത്തുകൾ വിൻസൻറ് തിയോക്കും, 40 എണ്ണം തിയോ വിൻസെന്റിനുമെഴുതിയവയാണ്[8].

എങ്കിലും അവയിൽ പലതും തിയതികളില്ലാത്തവയാണ്, അതുകൊണ്ട് തന്നെ കലാചരിത്രകാരന്മാർ കത്തുകളിലെ സംഭവങ്ങളെ, വിഷയങ്ങളെ അടിസ്ഥാനമാക്കി തിയതി ക്ലിപ്തപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നു[9],[10]. പ്രശ്നങ്ങൾ തീരുന്നില്ല, പ്രതേകിച്ച് ആർലെസ്സിൽ നിന്ന് വന്നവയുടെ കാര്യത്തിൽ. കാരണം ആ സമയത്ത് വാൻ ഗോഗ് ഏകദേശം 200 കത്തുകൾ തന്റെ കൂട്ടുകാർക്ക് എഴുതിയിരുന്നു, ഫ്രെഞ്ചിലും, ഇംഗ്ലീഷിലും എഴുതിയിട്ടുള്ള ഈ കത്തുകളുടെ തിയ്യതി ഇനിയും കൃത്യമായി രേഖപ്പെടുത്താനായിട്ടില്ല [11]. വിൻസെന്റ്, പാരീസിലായിരുന്നപ്പോൾ വിൻസെൻറും തിയോയും ഒരുമിച്ചാണ് താമസിച്ചിരുന്നത്, അതുകൊണ്ടുതന്നെ ആ കാലയളവിൽ കത്തുകളൊന്നുമില്ല.[12]. തിയോവിൽ നിന്നും വിൻസെൻറിലേക്കും , വിൻസെൻറിൽ നിന്ന് തിയോവിലേക്കുമുള്ള കത്തുകൾക്കു പുറമേ, അദ്ദേഹത്തിന്റെ സഹോദരിയായ വില്ലിനും, അവളുടെ കൂട്ടുകാരിയായ ലൈൻ ക്രീയെസ്സെ ക്കും പിന്നെ വാൻ റാപ്പാർഡ്, എമിലി ബെർനാർഡ് എന്നിവർക്കും അയച്ച കത്തുകളുമുണ്ട് ശേഖരത്തിൽ.

ആദ്യകാല ജീവിതം

വാൻഗോഗ് വരച്ച തന്റെ മാതാവായ അന്ന കോർണേലിയയുടെ ചിത്രം

നെതെർലാണ്ടിലെ ഗ്രൂട്ട്-സിൻഡെർട്ട്‌ എന്ന ഗ്രാമത്തിൽ 1853 മാർച്ച്‌ 30 ന് ആണ് വാൻ‌ഗോഗിന്റെ ജനനം. തിയോഡറസ് വാൻ‌ഗോഗ് എന്ന പാതിരി ആയിരുന്നു പിതാവ്. അന്ന കോർണേലിയ കാർബെൻറ്സ്‌ എന്നായിരുന്നു മാതാവിന്റെ പേര്. വിൻസെന്റിനേക്കാൾ ഒരു വർഷം മുമ്പ് ചാപിള്ളയായി പിറന്ന കുഞ്ഞിന്റെ പേരും വിൻസെൻറ് എന്നു തന്നെയായിരുന്നു [note 1]. വിൻസെന്റിന് ആ പേര് ലഭിച്ചത് തന്റെ മുത്തച്ഛനിൽ നിന്നാണ്. പേരുകളുടെ പുനരാവർത്തനം അക്കാലത്ത് സാധാരണയായിരുന്നു. വിൻസെന്റ് എന്നത് വാൻ ഗോഗ് കുടുംബത്തിലെ പല അംഗങ്ങൾക്കും നല്കപ്പെട്ട പേരാണ്[13]. കൊത്തുപണിയിൽ വലിയ വിജയം നേടിയ വ്യക്തിയായിരുന്നു മുൻതലമുറയിലെ വിൻസന്റ് വാൻ ഗോഗ് (1729 - 1802).[14][15] മുത്തച്ഛൻ വിൻസെന്റ് (1789 - 1874), 1811-ൽ ലൈഡൻ യൂണിവേഴ്സിറ്റിയിൽ നിന്ന് വൈദിക ശാ സ്ത്രത്തിൽ(തിയോളജി) ബിരുദമെടുത്ത് വൈദികവൃത്തിയിൽ ഏർപെട്ടു. മുത്തച്ഛന് ആറ് മക്കളാണുണ്ടായിരുന്നത്. അതിലൊരാൾ വിൻസന്റ് വാൻ ഗോഗ്(1820-1888) ചിത്രവിപണിയിൽ ആർട്ട് ഡീലറായിരുന്നു. വാൻഗോഗിന്റെ കത്തുകളിലെ സെന്റ് അമ്മാവൻ ഈ വ്യക്തിയാണ്. കലാവിപണി, ക്രൈസ്തവസഭ എന്നിങ്ങനെ രണ്ട് മേഖലകളിലായിരുന്നു വാൻ ഗോഗ് കുടംബം പൊതുവെ ഏർപെട്ടിരുന്നത്.

തിയോ(ജനനം,1857) കോർ(ജനനം1867) എന്നീ സഹോദരന്മാരും അന്ന( ജനനം 1855), എലിസബത്ത്(ജനനം1859), വില്ലെമിന(ജനനം1862),എന്നീ സഹോദരിമാരും വിൻസെൻറിന് ഉണ്ടായിരുന്നു.

വിദ്യാഭ്യാസം, സ്കൂൾ ജീവിതം

വിൻസെന്റ് c. , ഏകദേശം ഒരു 13-ാം വയസ്സിലെ ഫോട്ടോ

വിൻസെന്റ് ഗൗരവക്കാരനും, ചിന്താശീലനുമായ കുട്ടിയായിരുന്നു. 1860 കളിലാണ് അദ്ദേഹം സുണ്ടെർട്ടിലെ ഗ്രാമപ്പള്ളിക്കൂടത്തിൽ ഒരു കത്തോലിക്കൻ ഗുരുവിന്റെ കീഴെ വിദ്യാഭ്യാസത്തിനായി ചെന്നത്. പിന്നെ കുറച്ചുകാലം വീട്ടിലിരുന്ന് ഒരു ഗുരുനാഥയുടെ കീഴിൽ പഠനം തുടർന്നു. 1864 ഓക്ടോബർ 1ന് വിൻസെൻറ് സെവൻബെർഗൻ എന്ന സ്ഥലത്തുനിന്നും 20 മൈൽ (32 കി.മീ) അകലെ ജാൻ പ്രോവിലിയുടെ ബോർഡിങ്ങ് സ്ക്കൂളിൽ ചേർന്നു. വീട്ടിൽ നിന്ന് വിട്ടു നില്ക്കാൻ വിൻസെൻറിന് വൈഷമ്യമുണ്ടായിരുന്നു. തിരിച്ചു വരാൻ ഏറെ ബഹളം കൂട്ടിയെങ്കിലും അച്ഛനമ്മമാർ വിൻസെൻറിനെ 1866-ൽ ടിൽബർഗിൽ വില്ല്യം രണ്ടാമന്റെ പേരിലറിയപ്പെട്ടിരുന്ന മിഡിൽ സ്കൂളിലേക്ക് പഠിക്കാൻ അയച്ചു. വിൻസെൻറ് അവിടേയും അസന്തുഷ്ടനായിരുന്നു. ടിൽബർഗിലെ ഡ്രോയിംഗ് മാസ്റ്റർ ഏറെ പേരുകേട്ട കോൺസ്റ്റാൻജിൻ സി. ഹുയ്സമാൻസ് എന്ന ചിത്രകാരനായിരുന്നു. അദ്ദേഹം വിൻസെൻറിനെ ചിത്രമെഴുത്തിന്റെ ആദ്യപാഠങ്ങൾ പഠിപ്പിച്ചു. ചിത്രമെഴുത്തിന്റെ സാങ്കേതികവശങ്ങൾക്കല്ല, അതിന്റെ വൈകാരിക അനുഭൂതികൾക്കാണ് ഹുയ്മാൻസ് പ്രാധാന്യം നല്കിയത്. ചിത്രമെഴുത്തിനോട് ചെറുപ്രായത്തിലേ താത്പര്യം തോന്നിത്തുടങ്ങിയിരുന്നെങ്കിലും, പൊതുവെ അസന്തുഷ്ടനും അതൃപ്തനുമായിരുന്ന വിൻസെൻറിൽ അധ്യാപകന് വലിയ സ്വാധീനം ചെലുത്താനായില്ല. പില്കാലത്ത് വാൻഗോഗ് സ്വയം വളർത്തിയെടുത്ത ചിത്രമെഴുത്തു ശൈലിക്ക് ആദ്യകാല ചിത്രങ്ങളുമായി സാമ്യങ്ങളൊന്നുമില്ല [16]. 1868 -ൽ വിൻസെൻറ് പൊടുന്നനെ സ്ക്കൂൾ പഠനം ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചുവന്നു. പില്കാലത്ത് തിയോക്ക് എഴുതിയ കത്തിൽ തന്റെ കുട്ടിക്കാലത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നുണ്ട്, "എന്റെ കുട്ടിക്കാലം നിഷ്പ്രഭവും, ഉദാസീനത നിറഞ്ഞതും, ശൂന്യവും കൂടിയായിരുന്നു ".[17]

തൊഴിൽ തേടി

ഒരു ചിത്രകാരനാവാൻ തീരുമാനിക്കുന്നതിന് മുൻപ് വാൻ‌ഗോഗ് പല ജോലികളും ചെയ്തിരുന്നു.

87 ഹാക് ഫോർഡ് റോഡ്

ചിത്രവിപണിയിൽ (1869 -1876 Mar.)

1869 ജൂലൈയിൽ, അമ്മാവനായ സെന്റ്, ഹേഗിലെ ഗൂപിൽ അൻഡ് സീ എന്ന ചിത്ര ഗാലറിയിൽ വിൻസെൻറിന് ജോലി ശരിപ്പെടുത്തിക്കൊടുത്തു[18]. 1873 ജൂണിൽ ട്രെയിനിങ്ങ് കഴിഞ്ഞപ്പോൾ, കമ്പനി വാൻഗോഗിനെ ലണ്ടണിലെ ശാഖയിലേക്കയച്ചു, ലണ്ടണിലെ 87 ഹാക്ക് ഫോർഡ് റോഡ് എന്ന സ്ഥലത്ത് വാൻ ഗോഗ് ലോഡ്ജ് മുറി വാടകക്കെടുത്തു[19]. ആ ദിനങ്ങളിൽ വിൻസെന്റ് സന്തുഷ്ടനായിരുന്നു; ജോലിയിൽ വൈദഗ്ദ്ധ്യം നേടുകയും, 20-ാം വയസ്സിൽ സ്വന്തം അച്ഛനേക്കാൾ സമ്പാദിക്കുകയും ചെയ്തു. തിയോയുടെ ഭാര്യയും വിൻസെന്റിന്റെ ഈ സന്തോഷനാളുകളെകുറിച്ച് പരാമർശിക്കുന്നുണ്ട്. അങ്ങനെയിരിക്കെയാണ് അദ്ദേഹത്തിന് വീട്ടുടമസ്ഥയുടെ മകളിൽ അനുരാഗം തോന്നുന്നത്, വാൻ ഗോഗ് ഇക്കാര്യം തുറന്നുപറഞ്ഞെങ്കിലും , തന്റെ വിവാഹം മറ്റൊരാളുമായി രഹസ്യമായി ഉറപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞ് പെൺകുട്ടി അഭ്യർഥന തള്ളികളയുകയും ചെയ്തു. ഇതോടെ വിൻസെൻറ് അസ്വസ്ഥനായി, ഉൾവലിഞ്ഞ്, അതിതീവ്രമായ രീതിയിൽ മതത്തിൽ അഭയം തേടി. വിൻസെന്റിന്റെ അച്ഛനും, അമ്മാവനും ചേർന്ന് പാരീസിലേക്ക് ഒരു സ്ഥലമാറ്റം തരപ്പെടുത്തികൊടുത്തു, അവിടെവെച്ചാണ് തന്റെ കമ്പനി കലയെ ഒരു കച്ചവടസാധനമായി മാത്രമായാണ് കാണുന്നതെന്ന യാഥാർഥ്യത്തെക്കുറിച്ച് വാൻഗോഗ് ബോധവാനായതും അതിനെതിരായി പ്രതികരിച്ചതും. 1876 ഏപ്രിൽ 1-ന് ഗൂപിൽ വിൻസെന്റിനെ ജോലിയിൽ നിന്നും പുറത്താക്കി.[20]

വാൻ ഗോഗ് 1876-ൽ താമസിച്ചിരുന്ന ഐൽവർതിലെ "ഹോൽമ് കോർട്ട്" എന്ന വീട്.[21],[22]

അധ്യാപകൻ, മതപ്രചാരകൻ, (1876 ഏപ്രിൽ- 1878 ജൂലൈ )

റാംസ്ഗെയിറ്റിലെ ഒരു ചെറിയ ബോർഡിങ്ങ് സ്ക്കൂളിൽ വേതനമില്ലാത്ത അധ്യാപകനായി ജോലി ചെയ്യുന്നതിന്റെ ഭാഗമായി വിൻസെൻറ് തിരിച്ച് ഇംഗ്ലണ്ടിലേക്ക് എത്തി. സ്കൂൾ ഉടമ സ്ഥാപനത്തെ ഐൽവർത്തിലേക്ക് മാറ്റിയപ്പോൾ, വിൻസെൻറും അവരോടൊപ്പം മാറി. റിച്ച്മണ്ട് വരെ ട്രെയിനിലും, പിന്നെ നടന്നുമാണ് വിൻസെൻറ് സ്ക്കൂളിലെത്തിയത്.[23] ഇത് ഒട്ടും പ്രായോഗിഗമല്ലാത്തതുകൊണ്ട് വിൻസെൻറിന് അവിടം വിടേണ്ടി വന്നു.

പകരം, അദ്ദേഹം, ക്രിസ്തുവചനങ്ങൾ പ്രചരിപ്പിക്കാമെന്നേറ്റ് ഒരു ക്രിസ്തീയപാതിരിയുടെ സഹായിയായി മാറി.[24] ക്രിസ്തുമസ്സ് നാളുകളിൽ, അദ്ദേഹം വീട്ടിലേക്ക് തിരിച്ചെത്തി. പിന്നീട് ആറുമാസം ഡോർഡ്രെച്ച് എന്ന സ്ഥലത്തെ, ഒരു പുസ്തക കടയിൽ ജോലി ചെയ്തു. പക്ഷെ ഈ പുതിയ സ്ഥലത്ത്, ജോലിയിൽ അദ്ദേഹം ഒട്ടും സന്തോഷവാനല്ലായിരുന്നു. ക്രിസ്തുമതത്തിൽ നിമഗ്നനായ വിൻസെൻറ് തന്റെ ഭൂരിഭാഗം സമയവും ചിലവഴിച്ചത്, ബൈബിൾ ഇംഗ്ലീഷിലേക്കും, ഫ്രെഞ്ചിലേക്കും, ജെർമൻ-ലേക്കും തർജ്ജമ ചെയ്യുന്നതിലായിരുന്നു.[25] ഇക്കാലത്തെ, അദ്ദേഹത്തിന്റെ മുറിയിലെ കുട്ടാളികളിലൊരാളായ, ഗോർലിറ്റ്സ് പറയുന്നത്, വിൻസെൻറ് ആഴ്ചയിലൊരിക്കലേ ആഹാരം കഴിച്ചിരുന്നുള്ളുവെന്നും, മാംസഭക്ഷണം തീരെ വർജിച്ചിരുന്നുവെന്നുമാണ്.[26][note 2]

വൈദികനാകാനുള്ള ഒരുക്കം( 1878 ജൂലൈ- 1880 മാർച്)

വിൻസെൻറിന് മതത്തോടുള്ള തീവ്രപ്രതിബന്ധതയെ ഒരു പുരോഹിതനാകാനുള്ള ഉൾപ്രേരണയായി കുടുംബം വിലയിരുത്തി. ഈ ആഗ്രഹം സഫലീകരിക്കുന്നതിനായി , അദ്ദേഹത്തെ 1877-ൽ ആംസ്റ്റർഡാമിലേക്ക് വേദശാസ്ത്രപഠനത്തിനായി അയച്ചു, അവിടെവച്ചാണ് വിൻസെൻറ് നാവിക സേനയിൽ വൈസ് അഡ്മിറലായിരുന്ന അമ്മാവൻ ജാൻ വാൻ ഗോഗിനോടൊപ്പം ഒരുമിച്ച് താമസിച്ചത് [27][28] . മറ്റൊരു അമ്മവനായ, ജോഹന്നാസ് സ്റ്റ്രൈക്കറുടെ മേൽനോട്ടത്തിൽ വിൻസെന്റ് എൻട്രസ് പരീക്ഷക്ക് തയ്യാറെടുത്തു. "യേശുവിന്റെ ജീവിതം" എന്ന പുസ്തകം എഴുതിയ ഒരു ക്രിസ്തീയവൈദികൻ എന്ന നിലക്ക് അറിയപ്പെടുന്ന വ്യക്തിയായിരുന്നു സ്റ്റ്രൈക്കർ. പക്ഷെ വിൻസെൻറ് പരീക്ഷയിൽ പരാജയപ്പെടുകയും, 1878-ൽ, ജാൻ അമ്മാവന്റെ വീട്ടിൽ നിന്ന് താമസം മാറ്റുകയും ചെയ്തു. ബ്രസൽസിന് അരികെയുള്ള ലേക്കനിൽ ഒരു പ്രൊട്ടസ്റ്റന്റ് മിഷനറിസ്കൂളിൽ , മൂന്ന് മാസത്തെ കോഴ്സ് എടുത്തു, പക്ഷെ അതിലും പരാജയപ്പെട്ടു.[29]

1880 കളിൽ കൂസ്മെസ്സിൽ വിൻസെൻറ് താമസിച്ചിരുന്ന വീട്; ഇവിടെവച്ചാണദ്ദേഹം ഒരു കലാകാരനാവാൻ തീരുമാനിച്ചത്


1879 ജനുവരിയിൽ കൽക്കരിഖനി സംസ്ഥാനമായ ബോറിനേജിലെ പെറ്റി വാസ്മെസ് എന്ന ഗ്രാമത്തിൽ മിഷണറിയായി ഒരു താത്കാലികമായ ജോലി കണ്ടെത്തി.[note 3] തനിക്കായി അനുവദിക്കപ്പെട്ട സൗകര്യപ്രദമായ മുറി അനാഥനായ ഒരാൾക്ക് ഒഴിഞ്ഞുകൊടുത്ത് റൊട്ടിയുണ്ടാക്കുന്നയാളുടെ വീടിന്റെ പിൻവശത്തായി ഒരു ചെറിയ കുടിലിലേക്ക് വിൻസെൻറ് താമസം മാറ്റി. വിൻസെന്റ് കുടിലിനകത്ത് എപ്പോഴും ഏങ്ങലടിച്ചു കരയുന്നതായി കേൾക്കാറുണ്ട് എന്ന് റൊട്ടിക്കാരൻറെ ഭാര്യ, പറയുമായിരുന്നു. ഖനിത്തൊഴിലാളികളുമായി സഹതാപവും സഹവർത്തിത്വവും പുലർത്താൻ വിൻസെൻറും അവരെ പോലെ അഴുക്കു പുരണ്ട വസ്ത്രങ്ങളാണ് ധരിച്ചത്. എന്നാൽ പള്ളി അധികാരികൾക്ക് ഇത് സമ്മതമായിരുന്നില്ല, വിൻസെൻറിനെ പള്ളിയിലേക്ക് കയറാൻ അനുവദിച്ചുമില്ല, "പുരോഹിതവർഗ്ഗത്തിന്റെ അന്തസിന് കളങ്കം ചാർത്തി " എന്നതിന്റെ പേരിൽ വിൻസെൻറിനെ ജോലിയിൽ നിന്നും പുറത്താക്കി. പിന്നീടദ്ദേഹം ബ്രസ്സെൽസിലേക്ക് മാറി.[30]. ബോറിനേജിലെ കൂസ്മെസ് എന്ന ഗ്രാമത്തിൽ കുറച്ചു നാൾ താമസിച്ചു. മാതാപിതാക്കൾ തിരിച്ച് വീട്ടിലേക്ക്, ഈറ്റനിലേക്ക് തിരിച്ചുവരാൻ വിൻസെൻറിനുമേൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു. ഒന്നിലും ഉറച്ചു നില്ക്കാത്ത വിൻസെൻറിന്റെ പ്രകൃതം അച്ഛനമ്മമാരെ ഏറെ വലച്ചു. ആ വർഷം മാർച്ചു മാസം വരെ വിൻസെന്റ് വീട്ടിൽ തന്നെ താമസിച്ചു [note 4] . വിന്സെന്റും അച്ഛനും തമ്മിൽ ചെറിയ സംഘർഷം ഉണ്ടായിരുന്നു. വിൻസെന്റിനെ ഗീലിലെ ഭ്രാന്താലയത്തിൽ പ്രവേശിപ്പിക്കണമെന്നു വരെ അത്യന്തം നിരാശനായ അച്ഛൻ പ്രസ്താവിച്ചത്രെ.[31][note 5]

ചിത്രമെഴുത്ത്- എന്റെ പാത

പ്രാരംഭം: കുസ്മെസ്, ബ്രസൽസ്, ഈറ്റൻ

1879 ഓഗസ്റ്റു മുതൽ ഒക്ടോബർ വരെ വിൻസെൻറ് കൂസ്മെസ്സിൽ ചാൾസ് ഡെക്രുക് എന്ന ഖനിതൊഴിലാളിയോടൊപ്പം പാർത്തു [32]. തനിക്കു ചുറ്റുമുള്ള മനുഷ്യരിലും, പ്രകൃതിയിലും, നിത്യജീവിത രംഗങ്ങളിലും വിൻസെൻറിന് അവിടെ വെച്ചാണ് താത്പര്യം തോന്നിത്തുടങ്ങിയത്. പലതും വരച്ചിടാനും ആരംഭിച്ചു. തിയോയുടെ പ്രോത്സാഹനത്തിലൂടെ ചിത്രമെഴുത്തിൽ മനസമാധാനം കണ്ടെത്താൻ ശ്രമിച്ചു. ചിത്രകല പഠിപ്പിക്കുന്ന നിയമാനുരൂപമായ സ്ക്കൂളുകളോട് വെറുപ്പും , വിദ്വേഷവുമുണ്ടായിരുന്നെങ്കിലും തിയോയുടെ നിർദ്ദേശപ്രകാരം ബ്രസൽസിലെത്തി. പ്രശസ്ത ഡച്ച് കലാകാരനായ വില്യം റിയോലോഫ്സിനെ കാണുകയും, അക്കാദമിയാ റോയാലെ ഡെസ് ബിയോക്സ് ആർട്ട്സ് എന്ന ചിത്രകലാ അകാദമിയിൽ 1880 നവമ്പർ 15 ന് ചേരുകയും ചെയ്തു. ഈ അക്കാദമിയയിൽ വച്ച് ശരീരശാസ്ത്രം , മോഡലിങ്ങ് , പരിപ്രേക്ഷ്യം എന്നിവയുടെ നിയമങ്ങൾ പഠിക്കുകയും, ഈ വിഷയങ്ങളിൽ അവബോധം വളർത്തിയെടുക്കുകയും ചെയ്തു. ഇങ്ങനെ പറയുകയും ചെയ്തു, " ഏറ്റവും ചെറിയ കാര്യങ്ങൾ നിങ്ങൾക്ക് വരക്കാനറിയണം"[33]. പിന്നീടൊരിക്കൽ ഇങ്ങനേയും - " ചിത്രങ്ങൾ ഞാൻ സ്വപനം കാണുന്നു, എൻറെ സ്വപ്നങ്ങളെ ഞാൻ ചിത്രീകരിക്കുന്നു."

കീ വോസ് സ്റ്റ്രൈക്കർ മകൻ യാനിനോടൊപ്പം c. 1879/1880.

1881 ഏപ്രിലിൽ, വാൻ ഗോഗ് കുടുംബം ഈറ്റനിലെ ഒരു ഗ്രാമപ്രദേശത്തേക്ക് മാറി. വിൻസെൻറും കുടുംബത്തിലേക്ക് തിരിച്ചെത്തി. അയൽക്കാരെ വിഷയങ്ങളാക്കി അദ്ദേഹം വരച്ചുകൊണ്ടിരുന്നു.

പ്രഥമ പ്രണയവും, പ്രണയനൈരാശ്യവും

വിൻസെൻറിൻറെ അമ്മയുടെ മൂത്ത സഹോദരിയുടെ, ആയിടക്ക് വിധവയായ മകൾ കോർണാലിയ കീ വോസ് സ്റ്റ്രൈക്കർ എട്ടു വയസുകാരനായ മകനോടൊപ്പം അതിഥിയായെത്തി [34]. കീയുടെ സാമീപ്യം വിൻസൻറിനെ ഏറെ ഉത്സാഹിതനാക്കി. വിൻസെൻറിനേക്കാൾ ഏഴ് വയസ്സ് മൂത്തതായിരുന്നു കീ. വിൻസെൻറ് കീയോടുള്ള അനുരാഗം വ്യക്തമാക്കി, വിവാഹം ചെയ്യാൻ തയ്യാറാണെന്നു പ്രഖ്യാപിച്ചു. പക്ഷെ കീക്ക് ഇതൊട്ടും സമ്മതമായിരുന്നില്ല. "ഇല്ല, ഇല്ല, ഒരിക്കലുമില്ല. ("nooit, neen, nimmer")" എന്നു കീ തീർത്തു പറഞ്ഞു, ആംസ്റ്റർഡാമിലേക്കു തിരിച്ചു പോയി[35][36]. നിരാശനായ വിൻസെൻറ് തത്കാലത്തേക്ക് ഹേഗിലെത്തി, ചിത്രവിപണിയിലേർപെട്ടു. ബന്ധുകൂടിയായിരുന്ന ആൻറൺ മോവിന്റെ ഉപദേശപ്രകാരം ഈറ്റനിൽ തിരിച്ചെത്തി വർണക്കട്ടകളുപയോഗിച്ച് ചിത്രമെഴുതാനാരംഭിച്ചു.

1881നവമ്പറിൽ വിൻസെൻറ്, കീയുടെ അച്ഛൻ ജോഹന്നാസ് സ്റ്റ്രൈക്കർക്ക് കടുത്ത ഭാഷയിൽ ഒരു കത്തെഴുതി[37], കീയെ കാണുവാനായി ആംസ്റ്റർഡാമിലെത്തി, ബന്ധപ്പെടാൻ ഏറെ ശ്രമിച്ചു[38]. പക്ഷെ കീ അദ്ദേഹത്തെ കാണാൻ കൂട്ടാക്കിയതേയില്ല. അവളുടെ മാതാപിതാക്കൾ "നിങ്ങളുടെ ശാഠ്യം വെറുപ്പുളവാക്കുന്നു", എന്ന് വിൻസെൻറിന് എഴുതി[39]. കടുത്ത നിരാശ കാരണം വിൻസെൻറ് ഇടത്തേ കൈ തീയിൽ വച്ച് പൊള്ളിക്കുകയും ഇങ്ങനെ എഴുതുകയും ചെയ്തു:" എനിക്ക് എത്ര നേരം തീയിൽ കൈവെക്കാനാകുമോ അത്രനേരമെങ്കിലും അവളെ കാണാനനുവദിക്കൂ"[40], ആ സംഭവം വിൻസെൻറിന് ഓർമയില്ല. പക്ഷെ പിന്നീടാണ് മനസ്സിലായത് ആ തീ ജ്വാല അമ്മാവൻ ഊതികെടുത്തിയെന്ന്. കീയുടെ അച്ഛൻ വിൻസെൻറിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. കീയുടെ തിരസ്കാരം തികച്ചും ന്യായമാണ്. സ്വന്തമായി വരുമാനമില്ലാത്തവനാണ് വിൻസെൻറ്[41],[42]. അത് വാൻ ഗോഗിന്റെ ബോധമനസ്സിൽ പതിഞ്ഞു. ക്രിസ്തുമസിനു മുമ്പ് ഈറ്റനിലെ വീട്ടിൽ തിരിച്ചെത്തിയെങ്കിലും മതകാര്യങ്ങളിൽ താല്പര്യം കുറഞ്ഞു .[43] ആ ക്രിസ്തുമസ് നാളുകളിൽ പള്ളിയിൽ പോകുവാൻ hangx കൂട്ടാക്കിയില്ല, അക്കാരണത്താൽ , അച്ഛനുമായി കലഹിച്ചു. കലഹം മൂത്ത് വീട്ടിൽ നിന്നിറങ്ങാൻ അച്ഛൻ കല്പിച്ചു. അന്നു തന്നെ വീടു വിട്ടിറങ്ങി ഹേഗിലേക്ക് പുറപ്പെട്ടു[44][45],[46].

ഹേഗിൽ

1881 ഡിസമ്പറിൽ തിയോക്കെഴുതിയ കത്തിൽ വിൻസെൻറ് പ്രഖ്യാപിക്കുന്നു- ചിത്രമെഴുത്താണ് എന്റെ മാർഗം. എന്റെ ഹൃദയത്തിലും മസ്തിഷ്കത്തിലും നിറഞ്ഞു നില്ക്കുന്നതൊക്കെ ചിത്രങ്ങളിലേക്കു പകർത്തണം[46].വാൻ ഗോഗിന്റെ മറ്റൊരു അമ്മാവനായ കോർണെലിസും ചിത്ര വിപണിയിലെ ഇടനിലക്കാരനായിരുന്നു. ഹേഗ് നഗരത്തിന്റെ 12 മഷിച്ചിത്രങ്ങൾ( ഇങ്ക് ഡ്രോയിങ്ങുകൾ) വരക്കാനുള്ള കുത്തക അമ്മാവൻ ഏറ്റെടുത്തിരുന്നു. ഹേഗിലേക്ക് വരുന്നതിനുമുമ്പ് തന്നെ വിൻസെൻറ് അത് പൂർത്തിയാക്കുകയും, മെയ് മാസത്തിൽ മറ്റ് കുറച്ച് ചിത്രങ്ങളും വരക്കുകുയും ചെയ്തിരുന്നു.[47].

ഹേഗ് സ്ക്കൂളിലെ ഒരു അംഗവും, ഡച്ച് റിയലിസ്റ്റിക് പെയിന്ററുമായ ആന്റോൺ മോവെ യെ സന്ദർശിക്കാൻ 1882-ൽ വിൻസെൻറ് ഹേഗിലെത്തി. മോവെ വിൻസൻറിൻറെ ബന്ധു കൂടിയായിരുന്നു. എണ്ണച്ചായാചിത്രങ്ങളെക്കുറിച്ചു, ജലച്ചായാചിത്രങ്ങളെക്കുറിച്ചും മോവെ വിശദികരിച്ചു കൊടുത്തു, ഒരു സ്റ്റുഡിയോ തുടങ്ങാനുള്ള ധനസഹായവും നൽകി [48]. പക്ഷെ ഒരു മാസത്തിനകം അവർ തമ്മിലുള്ള ബന്ധത്തിന് ഉടച്ചിൽ തട്ടി. പ്ലാസ്റ്റർ വാർപുകളെ മാതൃകയാക്കി ചിത്രം വരക്കുന്നതിനെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസം മൂലമാകണം[49]. ഇടയ്ക്ക് വച്ച് മോവെക്ക് പനി വന്നതുകൊണ്ടാവാം, വിൻസെൻറ് അയച്ച ചില കത്തുകൾക്ക് മറുപടി വരാതിരുന്നത്.[50]

സിയെൻ എന്ന ക്ലാസിനാ മാരിയാ ഹൂർനി

മേൽക്കൂര, ഹാഗ്വയിലെ ചിത്രപുരയിൽ നിന്നുള്ള കാഴ്ച, 1882, വാട്ടർകളർ, വ്യക്തിപരമായിരുന്ന ശേഖരം.
സിയെനും കുഞ്ഞും

"സിയെൻ" എന്നു വിളിപ്പേരുള്ള ക്ലാസിന മാരിയ ഹൂർനിയേയും അഞ്ച് വയസ്സുകാരി മകളേയും വിൻസെൻറ് പരിചയപ്പെട്ടത് ജനവരി അവസാനത്തിലാണ്[51],[52],[53]. സിയെൻ വേശ്യാവൃത്തിയിലൂടെയാണ് ഉപജീവനം കഴിച്ചിരുന്നത്[54]. സിയെനെ മാതൃകയാക്കി വിൻസെൻറ് ഒട്ടനേകം ചിത്രങ്ങൾ വരച്ചു. ഇവയിൽ ഏറെ പ്രധാനപ്പെട്ടതാണ് ദുഃഖം (sorrow). ആംസ്റ്റർഡാമിലെ വാൻഗോഗ് മ്യൂസിയത്തിൽ ഇതു കാണാം. സിയെനുമായുള്ള തന്റെ ബന്ധം ക്രമേണ കൂടുതൽ ഗാഢമായത് തിയോക്കും മോവിനും അരോചകമായിരുന്നെന്ന് വിൻസെൻറ് മനസ്സിലാക്കി[55]. സിയെൻ ഇതിനുമുമ്പും രണ്ട് തവണ പ്രസവിച്ചിരുന്നു, പക്ഷെ ആ കുഞ്ഞുങ്ങൾ മരണമടഞ്ഞിരുന്നു. വിൻസൻറിന് ഇതൊന്നും പ്രശ്നമേ ആയിരുന്നില്ല;[56]. ഗോണോറിയാ രോഗം പിടിപെട്ട്, ജൂൺ മാസത്തിൽ വിൻസെൻറ് മൂന്ന് ആഴ്ച ആശുപത്രിയിലായിരുന്നു[57]. പിന്നീട് വേനൽക്കാലത്ത്, വിൻസെൻറ് എണ്ണച്ചായം ഉപയോഗിച്ച് വരക്കാൻ തുടങ്ങി.[58]. ജൂലൈ 2ന് സിയെൻ വില്ല്യം എന്ന ആൺകുട്ടിക്ക് ജന്മം നൽകി[59]. വിൻസൻറ് അവരെ തന്നോടൊപ്പം പാർപ്പിച്ചു. വിൻസെൻറിന്റെ അച്ഛന് മകന്റെ ഈ ബന്ധത്തെക്കുറിച്ച് വിവരം ലഭിച്ചു. സിയനേയും, അവളുടെ രണ്ട് മക്കളേയും, ഉപേക്ഷിക്കാൻ മകനെ നിർബന്ധിച്ചു. വിൻസെന്റ് അതിനെ എതിർത്തു.[60] . സിയെനേയും കുഞ്ഞുങ്ങളേയും കൂട്ടി മറ്റൊരു പട്ടണത്തിലേക്ക് മാറിത്താമസിക്കാൻ പോലും ആലോചിച്ചു. പക്ഷെ അവരോടൊപ്പം ഏതാണ്ട് ഒരു വർഷക്കാലം താമസിച്ചശേഷം 1883-ലെ ശരൽക്കാരത്ത് വിൻസെൻറും സിയെനും പരസ്പര സമ്മതത്തോടെ പിരിഞ്ഞു[61],[62]. പണഞെരുക്കം മൂലം കുടുംബജീവിതം അസന്തുഷ്ടമായി തീർന്നിരിക്കാം, അത് തന്റെ സർഗപ്രതിഭയെ ബാധിക്കുന്നതായി വിൻസെൻറിന് അനുഭവപ്പെട്ടിരിക്കാം, സിയെൻ വീണ്ടും വേശ്യാവൃത്തിയിലേക്ക് കടന്നിരിക്കാം. വിൻസെൻറ് പിരിഞ്ഞുപോയപ്പോൾ സെയിൻ മകളെ തന്റെ അമ്മയേയും , വില്ല്യം എന്ന മകനെ തന്റെ സഹോദരനേയും ഏൽപ്പിച്ചു. ആദ്യം ഡെൽഫ്റ്റിലേക്കും, പിന്നീട് ആന്റ്‌വെർപിലേക്കും താമസം മാറ്റി.[63]

വില്യം തന്റെ 12-ാം വയസ്സിൽ റോട്ടെർഡാമിലേക്ക് ചെന്നത് ഓർക്കുന്നു. വില്യമിന് നിയമസാധുത നല്കാൻ സിയെൻ ഒരു വിവാഹത്തിനു തയ്യാറാവുന്ന സമയമായിരുന്നു അത്. ആ സന്ദർഭത്തിൽ അമ്മ പറയുന്ന വാക്കുൾ അവനോർക്കുന്നുണ്ട്, "പക്ഷെ എനിക്കറിയാം നിന്റെ അച്ഛനാരാണെന്ന്. 20 വർഷം മുമ്പ് ഞാൻ ഹേഗിലായിരുന്നപ്പോൾ എന്നോടൊപ്പം താമസിച്ചിരുന്ന ഒരു കലകാരനാണയാൾ. അദ്ദേഹത്തിന്റെ പേര് വാൻ ഗോഗ് എന്നാണ്. നീ ആ പേരിൽ വിളിക്കപ്പെടേണ്ടവനാണ്"[64]. അതോടെ വില്യം സ്വയം താൻ വിൻസെൻറ് വാൻ ഗോഗിന്റെ മകനാണ് എന്ന് വിശ്വസിക്കാൻ തുടങ്ങി, എന്നാൽ വില്യമിന്റെ ജനനസമയം വെച്ചു നോക്കിയാൽ ഇത് വിശ്വസനീയമല്ല[65]. 1904-ൽ സൈൻ, ഷെൽഡ് നദിയിൽ ചാടി ആത്മഹത്യ ചെയ്തു.[66]

സിയെനിൽ നിന്നു വേർപിരിഞ്ഞ് വടക്കൻ നെതർലാണ്ടിലെ ഡ്രെന്തെയിലേക്ക് താമസം മാറ്റുന്ന സമയത്ത് വിൻസൻറിന് അനുഭവപ്പെട്ട കുറ്റബോധവും പശ്ചാത്താപവും അക്കാലത്ത് തിയോവിനയച്ച കത്തുകളിൽ പ്രകടമാണ്[67]. ആ ഡിസമ്പർ നാളുകൾ ഏകാന്തതയുടെ നാളുകളായിരുന്നു, അതുകൊണ്ടുതന്നെ അദ്ദേഹം വീണ്ടും മാതാപിതാക്കളുടെ വീട്ടിലേക്കു മടങ്ങി. അവരപ്പോൾ, വടക്കൻ ബാർബന്റിലെ , ന്യൂനെനിലേക്ക് താമസം മാറ്റിയിരുന്നു.[66]

ന്യൂനൻ, പിന്നെ, ആന്റ്വെർപ്പ് (1883 നവ-1886 ഫെബ്രു)

ഉരുളക്കിഴങ്ങു തിന്നുന്നവർ, 1885, വാൻ ഗോഗ് മ്യൂസിയം

ന്യൂനെനിൽ വച്ച്, വിൻസെൻറ് ചിത്രകലയിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കുകയും, പക്ഷികളുടെ കൂട് വരക്കുവാനായി അത് കൊണ്ടു വരുന്ന ആൺകുട്ടികൾക്ക് പണം നൽകുകയും ചെയ്തു.[note 6] അദ്ദേഹം, തന്റെ കോട്ടേജിൽ താമസ്സിക്കുന്ന നെയ്ത്തുകാരേയും വരച്ചിട്ടുണ്ട്.[68] 1884-ലെ ശരൽക്കാലകാലത്ത്, അയൽവാസിയുടെ മകൾ മാർഗട്ട് ബെഞ്ചമിൻ വിൻസെൻറിന്റെ ഉദ്യമങ്ങളിൽ സഹായിയായി. പങ്കുചേർന്നു. പിന്നീടവൾക്ക് വാൻ ഗോഗിനോട് കടുത്ത പ്രണയമായി. വലിയ ഉത്സാഹത്തോടെയല്ലെങ്കിലും വിൻസെൻറും ഇതംഗീകരിച്ചു. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനമെടുത്തു, പക്ഷെ രണ്ടുപേരുടേയും കുടുംബങ്ങൾ എതിർത്തു. അതിന്റെ ഫലമായി മാർഗട്ട് സ്റ്റ്രിക് നൈൻ എന്ന വിഷം അമിത അളവിൽ കഴിച്ച്, ആത്മഹത്യക്കു ശ്രമിച്ചു. തക്കസമയത്ത് വിൻസെൻറ് അവളെ ആശുപത്രിയിൽ എത്തിച്ചതിനാൽ അവൾ രക്ഷപ്പെടുകയും ചെയ്തു.[59]. പക്ഷെ പ്രണയം സഫലീകരിച്ചില്ല. വർഷങ്ങൾക്കുശേഷം തന്റെ സൃഷ്ടികളിൽ ചിലത് മാർഗട്ടിനായി വിൻസെൻറ് നീക്കി വെക്കുകയുണ്ടായി[69].

1885 മാർച്ച് 26 ന് വിൻസെൻറിന്റെ അച്ഛൻ ഹൃദയാഘാതത്താൽ മരണമടഞ്ഞു, ആ നഷ്ടത്തിൽ വാൻ ഗോഗ് വല്ലാതെ ദുഃഖിതനായിരുന്നു.[70]

പുകയുന്ന സിഗരറ്റോടുകൂടിയ അസ്ഥികൂടം, 1885–1886, ഒരു ഓയിൽ പെയിന്റിങ്ങ്, വാൻ ഗോഗ് മ്യൂസിയം

കാർഷികജീവിതം കാൻവാസിൽ

അങ്ങനെ ആദ്യമായി, അദ്ദേഹത്തിന്റെ ചിത്രങ്ങൾ പാരീസിലെ കലാപ്രേമികളിൽ താത്പര്യം ജനിപ്പി ക്കുവാൻ തുടങ്ങി. ആ വസന്തകാലത്ത്, വാൻ ഗോഗിന്റെ ഏറ്റവും മൂല്യവത്തായ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഉരുളക്കിഴങ്ങു തിന്നുന്നവർ എന്ന ചിത്രം വരച്ചുപൂർത്തിയായി.[71]. കർഷകജീവിതത്തെ ചിത്രീകരിക്കുന്ന ഒരു കൂട്ടം ചിത്രങ്ങൾ വരച്ചു തീർക്കാൻ നിരവധി വർഷങ്ങൾ ഗ്രാമത്തിലെ കർഷകരിൽ പഠനം നടത്തിയിരുന്നു.[72] 1885 ആഗസ്തിന്, ഹേഗിലെ ലിയോർസിൽ വച്ച് ആദ്യമായി വിൻസെൻറ് തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ആ സെപ്തമ്പർ മാസത്തിൽ കർഷകചിത്രങ്ങളിൽ മോഡലായി നിന്ന കർഷകയുവതി ഗർഭിണിയായി. വിൻസെൻറ് അവളെ ബലം പ്രയോഗിച്ച് വശംവദയാക്കിതാണെന്ന ആരോപണം ഉയർന്നു.[note 7] അതോടെ ഗ്രാമത്തിലെ കതോലിക്കാ പുരോഹിതൻ, ഇടവകക്കാരോട് വിൻസെൻറിന്റെ ചിത്രങ്ങൾക്കുവേണ്ടി ആരും മോഡലാകരുതെന്ന് ആജ്ഞാപിച്ചു.[73]

1885 -ഓടെ അദ്ദേഹം നിരവധി വസ്തു ചിത്രങ്ങൾ വരച്ചു തീർത്തു. ഈ സമയത്തെ സ്റ്റിൽ ലൈഫ് വിത്ത് സ്റ്റ്രൊ ഹാറ്റ് ആന്റ് പൈപ്പ് എന്ന ചിത്രവും, സ്റ്റിൽ ലൈഫ് വിത്ത് എർത്തൻ പോട്ട് ആന്റ് ക്ലോഗ്സ് എന്ന ചിത്രവും പൂർത്തിയാക്കപ്പെട്ടത്, മിനുസവും, അതിശ്രദ്ധയോടുകൂടിയതുമായ ബ്രഷ് വരകളും, നിശ്ചിതതോതിൽ കലർത്തിയ നിറക്കൂട്ടുകളും ഉപയോഗിച്ചാണ്[74]. ന്യൂനെന്നിലെ രണ്ട് വർഷക്കാലത്തെ താമസക്കാലത്ത് അസംഖ്യം ഡ്രോയിങ്ങ്സുകളും, ജലച്ചായാചിത്രങ്ങളും, 200-ൽപരം എണ്ണച്ചായാചിത്രങ്ങളും വിൻസെൻറ് വരച്ചു പൂർത്തിയാക്കി. അക്കാലത്ത് അദ്ദേഹത്തിന്റെ നിറക്കൂട്ടുകളിൽ പ്രധാനം ദൃഢമായ മൺനിറമാണ് (earth tone). ആർട് ഡീലർ തിയോ ഈ ചിത്രങ്ങളെല്ലാം വിൽക്കുന്നതിന് വേണ്ടത്ര പ്രയത്നിക്കുന്നില്ല എന്ന് വിൻസെൻറ് കുറ്റപ്പെടുത്തി. മറുപടിയായി തിയോ ഇങ്ങനെ എഴുതി, ഈ പെയിന്റിങ്ങുകളെല്ലാം വല്ലാതെ ഇരുണ്ടതാണ്, ഇം‌പ്രെഷനിസം ശൈലിയിലുള്ള ചിത്രങ്ങൾക്കു വേണ്ട വർണപ്രഭ ഇവക്കില്ല എന്ന്.[75]

1885 നവമ്പറിൽ, വിൻസെൻറ് ആന്റ്വെർപ്പിലെത്തി. ഒരു ചിത്രവിൽപ്പനക്കാരന്റെ കടയുടെ മുകളിൽ ഒരു മുറി വാടകക്കെടുത്തു.[76] അദ്ദേഹത്തിന്റെ കൈയ്യിൽ കുറച്ച് പണമേ ഉണ്ടായിരുന്നുള്ളൂ, അതുകൊണ്ടുതന്നെ ഭക്ഷണം വളരെ കുറയ്ക്കേണ്ടിവന്നു, കലയോടുള്ള താത്പര്യം മൂലം തിയോ അയച്ചു തന്ന പണത്തിന്റെ ഭൂരിഭാഗവും പെയിന്റിങ്ങിനുള്ള സാധനങ്ങൾ വാങ്ങാനും, മോഡലുകളായി നിൽക്കുന്നവർക്ക് വേതനം നൽകാനുമായി ഉപയോഗിച്ചു. റൊട്ടിയും, ചായയും, പുകയിലയുമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യമായ ആഹാരം. 1886 ഫെബ്രുവരിയിൽ, തിയോക്ക് എഴുതിയ കത്തിൽ : കഴിഞ്ഞ മെയ് മാസം മുതൽ ഈ ഫെബ്രുവരി വരെ വെറും ആറു തവണയേ ചൂടുള്ള ഭക്ഷണങ്ങൾകഴിച്ചിട്ടുള്ളു എന്ന് പറയുന്നു . അദ്ദേഹത്തിന്റെ പല്ലുകൾ ഇളകി, വേദനിക്കാനും കൊഴിയുവാനും തുടങ്ങി [77]. നിറ സിദ്ധാന്തത്തെക്കുറിച്ച് ( കളർ തിയറി) കൂടുതലറിയാൻ മ്യൂസിയത്തിൽ കൂടുതൽ സമയം ചിലവഴിച്ചു, പ്രത്യേകിച്ച് പീറ്റർ പോൾ റൂബൻസിന്റെ ചിത്രങ്ങൾ. അതിൽപിന്നീടാണ് വിൻസെൻറിൻറെ തന്റെ നിറത്തട്ടിൽ കാർമൈൻ(കടും ചുവപ്പ്), കൊബാൾട്ട് ബ്ലൂ (കടും നീല), എമ്രാൾഡ് ഗ്രീൻ ( മരതക പച്ച) എന്നീ നിറങ്ങൾക്കും സ്ഥാനം നല്കിയത്. ജാപനീസ് ഉക്കിയോ-ഇ ശൈലിയിലുള്ള വർണചിത്രങ്ങളിലും വിൻസെൻറിന് താത്പര്യം തോന്നി. അത്തരം ചിത്രങ്ങളുടെ ചില സവിശേഷതകൾ സ്വന്തം ചിത്രങ്ങളിലെ പശ്ചാത്തലത്തിൽ സംയോജിപ്പിക്കുകയും ചെയ്തു.[78] ചിട്ടപ്രകാരമുള്ള കലാ പഠനത്തോട് തികഞ്ഞ എതിർപ്പായിരുന്നെങ്കിലും , ആന്റ്വെർപ്പിലെ അക്കാദമി ഓഫ് ഫൈൻ ആർട്ട്സിൽ പ്രവേശിച്ചു. പിന്നെ 1886 ജനുവരിയിൽ പെയിന്റിങ്ങിലും, ഡ്രോയിങ്ങിലും സർവ കലാശാലാബിരുദം എടുക്കുകയും ചെയ്തു. അതിനുശേഷം ഫെബ്രുവരിയിലുടനീളം വിൻസെൻറ് അത്യധ്വാനവും, പട്ടിണിയും പുകവലിയും മൂലം വീണ്ടും രോഗബാധിതനായി[79].[80] രോഗം സിഫിലിസ് ആയിരുന്നെന്നു സംശയിക്കപ്പെടുന്നു. കാരണം സിഫിലിസ് രോഗത്തിന്റെ സ്പെഷ്യലിസ്റ്റാണെന്ന് കരുതുന്ന ഡോക്ടർ അമേഡസ് കവേനൈലിയാണ് അദ്ദേഹത്തെ ചികിത്സിച്ചത്[note 8],[note 9],[81].

പാരീസ് (1886 മാർച് -88 ഫെബ്രു )

ഇതും കാണുക: Japonaiserie (Van Gogh), Still life paintings by Vincent van Gogh (Paris)
കോർട്ടേസാൻ (അനുകരണം, മൂല രചന ഈസെൻ), 1887, വാൻ ഗോഗ് മ്യൂസിയം
പൂത്തുനില്കകുന്ന പ്ലം വൃക്ഷങ്ങൾ (അനുകരണം, മൂല രചന ഹിരോഷിഗേ), 1887, വാൻ ഗോഗ് മ്യൂസിയം
പെരെ ടാങ്കു- (1887), റോ‍ഡിൻ മ്യൂസിയം

ഫെർനാർഡ് കോർമൺസിന്റെ സ്റ്റുഡിയോയിൽ പഠിക്കാനായി, വാൻ ഗോഗ് 1886 മാർച്ചിൽ പാരീസിൽ എത്തി, മോമാർട്ട് കുന്നിനടുത്ത്, ലാവൽ റോഡിൽ തിയോയോയുടെ അപ്പാർട്ട്മെന്റിൽ താമസമാക്കി. പിന്നീട് ജൂണിൽ അവർ മോമാർട്ടിനടുത്ത് ലെപിക് റോഡിൽ കുറച്ചുകൂടി വലിയ, അപ്പാർട്ട്മെന്റ് എടുത്തു.[82] പാരീസിൽ വച്ച് വിൻസെൻറ് കൂട്ടുകാരുടേയും, പരിചയക്കാരുടേയും പെൻ-പെൻസിൽ സ്കെച്ചുകൾ, സ്റ്റിൽ ലൈഫ് പെയിന്റിങ്ങുകൾ, പാരിസ് നഗരത്തിന്റെ വിവിധതരം കാഴ്ചകൾ, സൈൻ നദി ഇങ്ങനെ അനേകം ചിത്രങ്ങൾ പൂർത്തിയാക്കി.

ജാപോണൈസേരി

ഉക്കിയോ-ഇ വുഡ്ബ്ലോക്ക് പ്രിന്റുകളിൽ വിൻസെൻറിന് വീണ്ടും താത്പര്യം ജനിച്ചു, അനേകം സാംപിളുകൾ ശേഖരിക്കുകയും ചെയ്തു. ജാപനീസ് ശൈലിയിൽ താൻ വരച്ച ചിത്രങ്ങളെ വിൻസെൻറ് ജാപോണൈസേരി , എന്നു വിശേഷിപ്പിച്ചു. 1887 -ൽ അദ്ദേഹം വരച്ച പെരെ ടാങ്ക്വേയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ജാപാനീസ് ഡിസൈനുകൾ കാണാം. പാരിസ് ഇല്ലൂസ്റ്റ് എന്ന മാസികയിൽ മുഖചിത്രമായി വന്ന ഗണികയുടെ പടം പകർത്തിയെടുത്ത് വിൻസെൻറ് തന്റേതായ രീതിയിൽ അതു വലുതായി പെയിൻറു ചെയ്തു.[83] പൂത്തുനില്ക്കുന്ന പ്ലം വൃക്ഷങ്ങൾ( മൂല രചന ഹിരോഷിഗെ) എന്ന ചിത്രം വാൻ ഗോഗ് ശേഖരിച്ച പ്രിന്റുകളിൽ പ്രശംസാർഹമാണ്. അദ്ദേഹത്തിന്റെ ചിത്രം ഹിരോഷിഗെയുടെ മൂലരചനയേക്കാൾ വലുതാണ്.[84]

‍ഡെലാറെയ്ബാരെട്ടെയിലെ ചിത്ര ഗാലറിയിൽ അഡോൾഫ് മോണ്ടിചെല്ലിയുടെ സൃഷ്ടികൾ വിൻസൻറിനെ ഏറെ സ്വാധീനിച്ചു. ഈ സ്വാധീനം വിൻസെൻറിൻറെ സീസ്കേപ്പെസ് അറ്റ് സെയിന്റസ് മറിയാസ് ( സെന്റ് മറായാസിലെ സമൂദ്രതീരദൃശ്യം) എന്ന ചിത്രത്തിലെ കടുത്ത നിറങ്ങൾ ഈ സ്വാധീനത്തിന്റെ ഫലമാണ്.[85][86] രണ്ട് വർഷത്തിനുശേഷം മോണ്ടിചെല്ലിയുടെ പെയിൻറിംഗുകളടങ്ങിയ ഒരു പുസ്തകം തിയോയും, വിൻസെന്റും കൂടി സ്വന്തം പൈസ മുടക്കി പ്രസിദ്ധീകരിച്ചു. മോണ്ടിചെല്ലിയുടെ കുറച്ച് ചിത്രങ്ങൾ വിലക്കു വിൻസെൻറ് വാങ്ങി, സ്വന്തം ചിത്രസംഗ്രഹത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.[87]

ഹെന്റി ഡി ടൗലോസ്-ലോട്രെക്, വരച്ച വാൻ ഗോഗിന്റെ ഛായാചിത്രം, 1887, പേസ്റ്റൽ ഡ്രോയിങ്ങ്, വാൻ ഗോഗ് മ്യൂസിയം.

ഫെർണാഡ് കോർമൺ എന്ന കലാകാരൻറെ സ്വകാര്യ പണിശാലയെപ്പറ്റി ( അടേല്യേ) തിയോയിൽ നിന്ന് അറിഞ്ഞ് , വിൻസൻറ് അവിടെ ചേർന്നു. അവിടെ വെച്ച് ജോൺ പീറ്റർ റൂസ്സെൽ എന്ന ബ്രിട്ടീഷ് ആസ്റ്റ്രേലിയൻ കലാകാരനേയും എമിലെ ബെർനാർഡ്, ലൂയിസ് ആൻക്വെട്ടിൻ പിന്നെ ഹെന്റി ഡി ടൗലോസ്-ലോട്രെക് എന്നീ ചിത്രകലാവിദ്യാർത്ഥികളേയും പരിചയപ്പെട്ടു.[88] ഹെന്റി പേസ്റ്റൽ കളർ ഉപയോഗിച്ച് വിൻസെൻറിൻറെ ചിത്രം വരച്ചു. ചിത്രങ്ങളും പെയിന്റും വില്പന നടത്തിയിരുന്ന ജൂലിയൻ "പെരെ" ടാൻങ്ക്വേ യുടെ കടയിലാണ് അവരൊക്കെ ഒത്തു ചേർന്നിരുന്നത്. (അക്കാലത്ത് പോൾ സെസ്സാന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നത് ഇവിടെ മാത്രമായിരുന്നു). പാരീസിലെ ഇംപ്രഷനിസ്റ്റ് പെയിന്റററുകളുമായി സൗഹൃദബന്ധം പുലർത്താൻ ഇതു വഴിയൊരുക്കി. 1886-ൽ പോയിൻറിലിസം, നിയോ-ഇംപ്രഷണിസം ശൈലികളിലുള്ള രണ്ട് ഗംഭീര പ്രദർശനങ്ങൾ ഇവിടെ അരങ്ങേറി; ജോർജെ സെര്വാട്ട് , പോൾ സിഗ്നാക് എന്നിവരുടെ ചിത്രങ്ങൾ അതോടെ ജനശ്രദ്ധ പിടിച്ചു പറ്റി. തിയോ തന്റെ ബോൾവാർഡ് മോണ്ടാമാർട്ടെ ഗാലറിയിൽ കുറച്ച് ഇമ്പ്രഷനിസ്റ്റ് പെയിന്റിങ്ങുകൾ സൂക്ഷിച്ചുവച്ചു (അവയിൽ ക്ലൗഡ് മോണെ ആൽഫ്രെഡ് സിസെലി എഡ്ഗാർ ഡെഗാ കാമിലെ പിസ്സാരോ എന്നിവരുടേയും ചിത്രങ്ങളുണ്ടായിരുന്നു). ഈ പുതിയ ശൈലി അംഗീകരിക്കുന്നതിനും സ്വായത്തമാക്കുന്നതിനും വിൻസെൻറ് ഉടൻ തയ്യാറായില്ല.[89] രണ്ട് സഹോദരന്മാർ തമ്മിൽ താത്കാലികമായി ഇടയ്ക്കൊരു സംഘർഷവുമുണ്ടായി. 1886 -ന്റെ അവസാനത്തോടെ, വിൻസെന്റിനോടൊപ്പം ജീവിക്കുന്നത് "തികച്ചും അസഹ്യമായ ഒന്നാണ്" എന്ന് തിയോക്ക് അനുഭവപ്പെട്ടു തുടങ്ങി. എന്നാൽ 1887 വസന്ത കാലത്തോടെ അവർ വീണ്ടും ഒത്തു ചേർന്നു,

ആസ്നിയേറിൽ

വിൻസെൻറ് പിന്നീട് പാരീസിന്റ് വടക്കുപടിഞ്ഞാറ് ആസ്നിയേറിലേക്ക് താമസം മാറ്റി. ഇവിടെ വച്ചാണ് അദ്ദേഹം സിഗ്ന്യാക്കിനെ പരിചയപ്പെടുന്നത്. എമിലെ ബെർനാർഡിനോടൊപ്പം വാൻ ഗോഗ് പുതിയതരം പെയിന്റിങ്ങ് ടെക്നിക്കായ, പോയിന്റിലിസം (കാൻവാസിൽ ചെറിയ ബഹുവർണബിന്ദുക്കളിട്ട് ചിത്രം വരക്കുന്ന രീതി) തന്റെ ചിത്രങ്ങളിൽ ഉപയോഗിച്ചുതുടങ്ങി. ഇത്തരം ചിത്രങ്ങൾ ദൂരെ നിന്ന് നോക്കുമ്പോൾ വർണങ്ങൾ സുഗമമായി ഇടകലരുന്ന പ്രതീതി ഉളവാക്കുന്നു. .[90]. ഈ രീതി പരസ്പരപൂരകങ്ങളായ നിറങ്ങൾ ഉപയോഗിക്കുമ്പോഴാണ് ഈ ശൈലി ഏറെ ഫലപ്രദമാകുന്നത്. രണ്ട് വിരുദ്ധനിറങ്ങൾ ഉദാഹരണത്തിന് നീല, ഓറഞ്ച് എന്നിവ ഇഴുകിച്ചേരുന്നത് അത്യജ്വലമായ അനുഭൂതി ഉളവാക്കുന്നു.[91]. ആസ്നിയേറിലെ താമസക്കാലത്ത് പാർക്കുകൾ, റെസ്റ്റോറെന്റുകൾ, പിന്നെ സൈൻ നദി ഇവയൊക്കെയായിരുന്നു വിൻസെൻറ് വരച്ചത്. അതിൽ ബ്രിഡ്ജ് അക്രോസ് ദി സൈൻ അറ്റ് ആസ്നിറെസ്സ് എന്ന ചിത്രവും ഉൾപ്പെടുന്നു.

ചിത്രകലാപ്രദർശനം

1887 നവമ്പറിൽ തിയോയും, വിൻസെന്റും,ആയിടക്കു മാത്രം പാരീസിലെത്തിയ പോൾ ഗോഗിൻ എന്ന ചിത്രകാരനുമായി സൗഹൃദം സ്ഥാപിച്ചു.[92]. ആ വർഷത്തിന്റെ അവസാന നാളുകളിൽ, വിൻസെന്റ് തന്റേയും, ബെർനാർഡിന്റേയും, ആൻക്വിറ്റിന്റേയും, ടൗലോസ് ലോട്രെക്കിന്റേയും, ചിത്രങ്ങളുടെ ഒരു എക്സിബിഷൻ, മോമാർട്ടിലെ ക്ലിഷി അവെന്യൂയിൽ സ്ഥിചെയ്തിരുന്ന ഗ്രാങ്-ബുലിയോൺ ദെ റെസ്റ്റോറെ ദു ഷാലെയിൽ വച്ച് നടത്താൻ ഒരുക്കങ്ങൾ ചെയ്തു. അതേ കുറിച്ച് എമിലെ ബെർനാർഡ് ഇങ്ങനെ എഴുതി, " ക്ലിഷി അവെന്യൂയിൽ ഒരു പുതിയ റെസ്റ്റോറെന്റ് തുറന്നു, അവിടേക്ക് ഇടക്കിടെ വിൻസെന്റ് ഭക്ഷണം കഴിക്കാൻ വരുമായിരുന്നു. റെസ്റ്റോറൻറിന്റെ മാനേജറോട് അവിടെയൊരു എക്സിബിഷൻ നടത്തുന്നകാര്യം ചോദിച്ചു...... ആൻക്വെറ്റിന്റെേയും, ലോട്രെക്കിന്റേയും, കോനിങ്ങിന്റേയും കാൻവാസുകൾകൊണ്ട് ഹാൾ നിറഞ്ഞിരുന്നു....അത് ഒരു പുതിയ ഉണർവാണ് തന്നത്; പാരീസിൽ അന്നേവരെ നടന്നതിൽ വച്ച് ഏറ്റവും അത്യാധുനിക ചിത്രകലാപ്രദർശനം ആയിരുന്നു അത്."[93] ബെർനാർഡും, ആൻക്വിറ്റിനും അവരുടെ ആദ്യത്തെ ചിത്രം വിറ്റു, വിൻസെൻറും , ഗോഗിനും ചിത്രങ്ങൾ പരസ്പരം കൈമാറി. ചിത്രകലയെകുറിച്ചും, കലാകാരന്മാരേകുറിച്ചും, അവരുടെ സാമൂഹികപരമായ ചുറ്റുപാടുകളേകുറിച്ചുമുള്ള ചൂടുപിടിച്ച ചർച്ചകൾക്ക് എക്സിബിഷൻ വേദിയായി. കൂടുതൽ കാണികൾ ആകർഷിക്കപ്പെട്ടു, അതിൽ പിസാരോയും, അദ്ദേഹത്തിന്റെ മകനായ ലൂസിയനും, പിന്നെ സിഗ്ന്യാക്കും, സൂരത്തും പങ്കെടുത്തു. വിൻസെൻറിന് പോൾ ഗോഗിനെ ഏറെ ഇഷ്ടപ്പെട്ടു.

1888 ഫെബ്രുവരിയോടെ വിൻസെൻറിന് പാരീസിലെ ജീവിതം മടുത്തു, ഈ രണ്ടു വർഷത്തെ പാരിസ് വാസകാലത്ത് 200-ഓളം പെയിന്റിങ്ങുകൾ വിൻസെൻറ് ചെയ്തു തീർത്തിരുന്നു. .പാരിസു വിടുന്നതിന് ഏതാനും മണിക്കൂറുകൾക്കുമുമ്പ്, തിയോയോടൊപ്പം , ആദ്യമായും അവസാനമായും സൂരത്തിന്റെ ചിത്രശാല സന്ദർശിച്ചു.[94]

സഫലതയുടെ നാളുകൾ - ആർലെസ്സിൽ (1888 ഫെബ്രു -1889 മെയ്)

ഇതും കാണുക: Langlois Bridge at Arles (Van Gogh series)
ദി യെല്ലോ ഹൗസ് (പെയിന്റിങ്ങ് ), 1888, വാൻ ഗോഗ് മ്യൂസിയം
ബെഡ്റൂം ഇൻ ആർലെസ്, 1888 വാൻ ഗോഗ് മ്യൂസിയം.

1888 ഫെബ്രുവരി 21 -ന് വിൻസെൻറ് ആർലെസിൽ അഭയം തേടിയത് രോഗശമനത്തിനായിട്ടാണ്. അമിതമായ പുകവലിയും അനിയന്ത്രിതമായ മദ്യപാനവും വിൻസെൻറിനെ രോഗിയാക്കി മാറ്റിയിരുന്നു. ഫ്രാൻസിന്റെ തെക്കൻതീരദേശപട്ടണമായ ആർലെസിലെ മിതശീതോഷ്ണ കാലാവസ്ഥ ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായകമാകുമെന്നായിരുന്നു അനുമാനം. കാരെൽ റെസ്റ്റോറെന്റിൽ വിൻസെൻറ് ഒരു മുറി വാടകക്കെടുത്തു. കലാകാരന്മാരുടെ ഒരു കോളണി (ആർട്ട് കോളനി) സ്ഥാപിക്കുന്നതിനെപ്പറ്റി ചില ചിന്തകളും വിൻസൻറിൻറെ മനസ്സിൽ നാമ്പിട്ടിരുന്നു[95]. ഡാനിഷ് കലാകാരനായ ക്രിസ്റ്റയൻ മൗരിയർ പെറ്റേർസൺ രണ്ട് മാസത്തിന് അദ്ദേഹത്തിന്റെ കൂട്ടാളിയായിരുന്നു. തുടക്കത്തിൽ ആർലെസ് അത്യന്തം ആകർഷകമായി വിൻസെൻറിന് അനുഭവപ്പെട്ടു. തിയോക്കുള്ള കത്തിൽ ആർലെസിനെ ഒരു മായികരാജ്യമായി വിവരിച്ചിട്ടുണ്ട്: " ഫ്രഞ്ചു പടയാളികൾ, വേശ്യാലയങ്ങൾ, ആദ്യകുർബാനക്കു പോകുന്ന സുന്ദരിക്കൊച്ച്, കറുത്ത ളോഹയിൽ കണ്ടാമൃഗത്തെപ്പോലെ കാണപ്പെടുന്ന പാതിരി, അബ്സാന്ത് മോന്തുന്നവർ, ഇത്തരം കാഴ്ചകളൊക്കെ മറ്റേതോ ലോകത്തിലേതാണെന്ന തോന്നൽ."[96],[97]

നൂറ് വർഷങ്ങൾക്ക് ശേഷം, 1988-ൽ 113 വയസ്സുള്ള ജീൻ കാൽമെന്റ് വിൻസെൻറ് വാൻഗോഗിനെ ഓർമിച്ചെടുത്തു- തന്റെ 13-ാം വയസ്സിൽ അമ്മാവന്റെ ഫാബ്രിക്ക് കടയിൽ കാൻവാസ് വാങ്ങാനെത്തിയ ചിത്രകാരന് സാധനങ്ങളും സാമഗ്രികളും എടുത്ത് കൊടുത്തത് ഇവരായിരുന്നു. "അഴുക്ക് പുരണ്ട്, വൃത്തികെട്ട വസ്ത്രം ധരിച്ച വിരൂപനും , മര്യാദയില്ലാത്തവനും , രോഗിയും " എന്നാണ് അവരുടെ വിവരണം. നിറ പെൻസിൽ വിൽക്കുവാനായി അദ്ദേഹത്തെ തിരികെ വിളിക്കുകയുമുണ്ടായത്രെ.[98][99]

ആർലെസിലെ പ്രകൃതിദൃശ്യങ്ങളും , പ്രകാശവീചികളും വിൻസെൻറിനെ വല്ലാതെ വശീകരിച്ചു. ഈ കാലത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ മഞ്ഞ, കടും നീലം, ഇളം വയലറ്റ് നിറങ്ങൾ കൂടുതലായി കാണപ്പെടുന്നു. ആർലെസ് പ്രദേശത്തിന്റെ പ്രകൃതിരമണീയമായ ചിത്രങ്ങളിൽ വിൻസെൻറിൻറെ ഡച്ച് അനുഭവങ്ങളുടെ നിഴലാട്ടം കാണാം. ഗോതമ്പുപാടങ്ങൾ, വിത, വിളവെടുപ്പ് മറ്റു ഗ്രാമീണരംഗങ്ങൾ ഇവയൊക്കെ വിൻസൻറിൻറെ ചിത്രങ്ങൾക്കു വിഷയമായി. പാടങ്ങളും വരമ്പുകളും സമനിരപ്പായി തോന്നുമെങ്കിലും നിറങ്ങൾ ചിത്രത്തെ ജീവസ്സുറ്റതാക്കുന്നു.[11][96] ആർലെസ്സിലെ പ്രകാശവീചികൾ അദ്ദേഹത്തെ ആകർഷിച്ചു[100]. ഒപ്പം ദൂരക്കാഴ്ചയുടെ പുതിയ ഒരു രീതി സൃഷ്ടികളിലെല്ലാം പ്രതിഫലിക്കുകയും ചെയ്തു. മാർച്ച് മാസത്തിൽ, വാൻ ഗോഗ് കാഴ്ചയുടെ ആഴം കൃത്യമായി അടയാളപ്പെടുത്തി ഒരു പ്രകൃതി ദൃശ്യം വരച്ചു. ഈ ശൈലിയിലുള്ള മൂന്നു പെയിന്റിങ്ങുകൾ, സൊസൈറ്റീസ് ഡെസ് ആർട്ടിസ്റ്റെസ് ഇൻഡിപെൻഡന്റൻസിൻറെ (സ്വതന്ത്ര കലാകാരന്മാരുടെ സംഘം) വാർഷിക എക്സിബിഷന് പ്രദർശിപ്പിച്ചു. ഏപ്രിൽ മാസത്തിൽ, ഫോണ്ടവില്ലിക്കടുത്ത് താമസിക്കുന്ന അമേരിക്കൻ പെയിന്ററായ ഡോഡ്ജ് മാക്ക്നൈറ്റ് വിൻസെൻറിനെ കാണാൻ വന്നിരുന്നു.[101][102]

ഹോട്ടെൽ കാരെല്ലിലെ റൂം വാടക ആഴ്ചക്ക് 5 ഫ്രാങ്കായിരുന്നു, ഭക്ഷണത്തിനും മറ്റു പലതിനും വേറേയും. കണക്കു ശരിയല്ലെന്നു വാദിച്ച് ഹോട്ടലുകാരുമായി വിൻസെൻറ് വഴക്കുണ്ടാക്കി, ഇതുമായി ബന്ധപ്പെട്ട് കേസ് കൊടുക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ഹോട്ടലുടമ ആകെ ബില്ലിലെ തുകയിൽ നിന്ന് 12 ഫ്രാങ്ക് തട്ടിക്കിഴിച്ചു.[103] വിൻസെൻറ് മെയ് 7-ന് ഹോട്ടെൽ കാരെലിൽ നിന്ന് കഫെ ഡി ലാ ഗാരേയിലേക്ക് മാറി,[104]. കഫേയുടെ ഉടമകളായിരുന്ന ജോസഫ്, മറിയ ജീനോ എന്നിവർ വിൻസെൻറിൻറെ സുഹൃത്തുക്കളായിരുന്നു.

മഞ്ഞ വീട്

അതിനു തൊട്ടു മുമ്പ് മെയ് 1ന് വിൻസെൻറ് ഒരു വീടിന്റെ കിഴക്കുഭാഗത്തെ നാലു മുറികൾ 15 ഫ്രാങ്ക്സ് മാസ വാടകക്ക് ഏർപാടാക്കിയിരുന്നു. ചതുരാകൃതിയിലുള്ള മൈതാനത്തിന്റെ ഒരറ്റത്തായി നില്ക്കുന്ന 2,പ്ലേസ് ലാമാർട്ടിൻ എന്ന ആ മഞ്ഞ കെട്ടിടത്തിന്റെ ചിത്രം വിൻസെൻറ് തിയോക്ക് അയച്ചു കൊടുക്കുകയും ചെയ്തു. പക്ഷെ മുറികളിൽ യാതൊരു വിധ സൗകര്യങ്ങളുമില്ലായിരുന്നു, മാത്രമല്ല വർഷങ്ങളോളം ആൾതാമസമില്ലാതെ പൂട്ടി കിടപ്പായിരുന്നു. ഒന്നാം നിലയിലെ മുറി കിടപ്പറയാക്കാനും മറ്റൊന്ന് സ്റ്റൂഡിയോ ആക്കാനും ഉദ്ദേശിക്കുന്നുവെന്ന് വിൻസെൻറ് തിയോക്കെഴുതി.[105],[106]

ദി റെഡ് വൈൻയാർഡ്, 1888 നവമ്പർ, പുഷ്കിൻ മ്യൂസിയം, മോസ്കോ). അന്ന ബോച്ച് -ഇന് വിൽക്കപ്പെട്ടു, 1890
ദി നൈറ്റ് കഫെ, 1888, ന്യൂ ഹെവനിലെ, യാലോ യൂണിവേർസിറ്റി ആർട്ട് ഗാലറി -യിൽ
പോൾ ഗോഗിന്സ് ആംചെയർ, 1888, വാൻ ഗോഗ് മ്യൂസിയം

മഞ്ഞ വീട് വാസയോഗ്യമാക്കുന്നതിനായി കുറെ കൂടി സജ്ജീകരണങ്ങൾ ചെയ്യേണ്ടിയിരുന്നു, തത്കാലം അതൊരു സ്റ്റുഡിയോ ആക്കാമെന്നായി പ്ലാൻ.[107] സ്വന്തം സൃഷ്ടികൾ പ്രദർശിപ്പിക്കാനായി ഒരു ഗാലറി വേണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. അക്കാലത്തെ പെയിന്റിങ്ങുകളായ, വാൻ ഗോഗ്സ് ചെയർ (1888), ബെഡ്റൂം ഇൻ ആർലെസ് (1888), ദി നൈറ്റ് കഫെ (1888), കഫെ ടെറേസ് അറ്റ് നൈറ്റ് (1888 സെപ്തമ്പർ), സ്റ്റാറി നൈറ്റ് ഓവർ ദി റോൺ(1888), വേസ് വിത്ത് ട്വെൽവ് സൺഫ്ലവേഴ്സ് (1888) ഇവയൊക്കെ പിന്നീട് മഞ്ഞവീട്ടിലെ അലങ്കാരങ്ങൾ എന്ന പരമ്പരയിലെ ചിത്രങ്ങളായി.[108] വിൻസെൻറ് നൈറ്റ് കഫെ-യെ കുറിച്ച് ഇങ്ങനെ എഴുതിയിട്ടുണ്ട്. " സ്വയം നശിക്കാനും, ഭ്രാന്തനാകാനും, അക്രമിയാകാനുമുള്ള അന്തരീക്ഷം കഫെ പ്രദാനം ചെയ്യുന്നു എന്ന ആശയത്തേയാണ് ഞാനിവിടെ പ്രതിപാദിക്കുന്നത് "[109],[110]

റോൺ നദിയുടെ അഴിമുഖത്തു സ്ഥിതിചെയ്യുന്ന സാൻറാ മാരിദു ലാ മെർ എന്ന പട്ടണം ജൂൺ മാസത്തിൽ വിൻസെൻറ് സന്ഗർശിച്ചു. അവിടെവെച്ച് , സുവേവിയൻ സൈനികൻ പോൾ യൂജീൻ മില്ല്യറ്റിന് ചിത്രമെഴുത്തിലെ പ്രാഥമിക പാഠങ്ങൾ പഠിപ്പിച്ചുകൊടുത്തു,[111] സാന്റാമാരി പരമ്പരയിൽ ഉൾപെടുന്ന കടലും, കപ്പലുകളും വരച്ചു.[112] യൂജീൻ ബോഷ് എന്ന ബെൽജിയം പെയിന്ററെ മാക്ക്നൈറ്റ് വിൻസെൻറിന് പരചയപ്പെടുത്തിക്കൊടുത്തു, യൂജീൻ കുറച്ച് കാലം ഫോണ്ട്വില്ലിയിലായിരുന്നു താമസം. ജൂലൈയിൽ വിൻസെൻറും യൂജീനും പരസ്പരം സന്ദർശിക്കുകയും ചെയ്തു.[111]

പോൾ ഗോഗിൻ - 23 ഒക്റ്റോബർ 25 ഡിസമ്പർ 1888

ഇതും കാണുക: Hospital in Arles (Van Gogh series)
സൺഫ്ലവേഴ്സ്, ആഗസ്ത് 1888, ന്യൂ പിനാകോതെക്, മൂനിച്ച്
ദി കഫെ ടെറേസ് ഓൺ ദി പ്ലെയിസ് ഡു ഫോറം, ആർലെസ്, അറ്റ് നൈറ്റ്, സെപ്തമ്പർ 1888, ക്രോള്ളെർ-മുള്ളർ മ്യൂസിയം, ഒറ്റേർലോ, നെതർലാണ്ട്
ജോസഫ് റൗളിൻ (ദി പോസ്റ്റ് മാൻ), 1888, മ്യൂസിയം ഓഫ് ഫൈൻ ആർട്ട്സ്, ബോസ്റ്റൺ
വാൻ ഗോഗ്സ് ചെയർ, 1888, നാഷ്ണൽ ഗാലറി, ലണ്ടൺ
വാൻ ഗോഗിന്റെ സ്വയ അംഗച്ഛേദത്തെകുറിച്ച് പത്രങ്ങളിലെല്ലാം വാർത്ത വന്നു.[113] "കഴിഞ്ഞ ഞായറാഴ്ചയുടെ രാത്രിയിൽ ഏകദേശം പതിനൊന്നുമണിക്ക് വിൻസന്റ് വാൻഗോഗ് എന്ന പറയുന്ന ഒരാൾ മെയ്സൺ ഡി ടോളറെൻസ് എത്തുകയും റേച്ചൽ എന്ന പെൺകുട്ടിയെ വിളിക്കുകയം, അദ്ദേഹത്തിന്റെ മുറിച്ച ചെവി നീട്ടിക്കൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു... 'ഈ വസ്തുവിനെ ഒരു നിധി പോലെ കാക്കണം. 'പിന്നെ ആയാൾ മാഞ്ഞുപോയി. ഇതിനെകുറിച്ച് പോലീസ് പറഞ്ഞതിതാണ്, ഇത് ചെയ്തതരാണെങ്കിലും അയാൾ ഒരു ഭ്രാന്തനാണ്, എന്നാണ്. അയാളെ അടുത്ത പ്രഭാതത്തിൽ ഒറ്റക്കൊരുമുറിയിൽ കിടപ്പയിൽ കിടക്കുന്നതായി കണ്ടെത്തി.
ആ പാവം മനുഷ്യനെ ഒരു സമയവൈകലും കൂടാതെ ആശുപത്രിയിലെത്തിച്ചു." [114]

പോൾ ഗോഗിൻ ആർലെസിലേക്ക് വരാമെന്ന് സമ്മതിച്ചപ്പോൾ, വിൻസെൻറ് പ്രതീക്ഷിച്ചത് ഊഷ്മളമായ സൗഹൃദ ബന്ധവും, കലാകാരന്മാരുടെ കൂട്ടായ്മ എന്ന തന്റെ ആശയത്തിന്റെ സാക്ഷാത്കാരവുമാണ്. ഗോഗിന്റെ വരവും കാത്തിരിക്കേയാണ് ആഗസ്ത് മാസത്തിൽ വിൻസെൻറ് സൺഫ്ലവേഴ്സ് വരച്ചത്. യൂജീൻ ബോഷ് അവിടം സന്ദർശിച്ചപ്പോൾ, ബോഷിന്റെ പടവും വരച്ചു. പിന്നീട് ഈ ചിത്രത്തിന് കവി- താരനിശയുടെ പശ്ചാത്തലത്തിൽ എന്നു പേരിട്ടു. ബോഷിന്റെ സഹോദരിയും ചിത്രകാരിയുമായ അന്ന (1848-1936), വിൻസെൻറിൻറെ ദി റെഡ് വൈൻയാർഡ് എന്ന ചിത്രം പിന്നീട് 1890-ൽ വിലകൊടുത്ത് സ്വന്തമാക്കി.[115][116] ഗോഗിന്റെ വരവു പ്രമാണിച്ച് വീടൊരുക്കാൻ തുടങ്ങി. തപാലാഫീസിലെ ജീവനക്കാരൻ ആയിരുന്ന ജോസഫ് റൗളിന്റെ കൈയ്യിൽ നിന്നും രണ്ടു കട്ടിലുകൾ വാങ്ങി[117]. റൗളിൻറെ പടവും വിൻസെൻറ് വരക്കുകയുണ്ടായി. ആ സെപ്തമ്പർ 17 ന്, പരിമിതമായ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന മഞ്ഞവീട്ടിൽ വിൻസെൻറ് താമസം തുടങ്ങി.[118][119] മഞ്ഞവീടിൻറെ അലങ്കാരപ്പണികൾ (ദി ഡെകറേഷൻ ഫോർ ദ യെലോ ഹൗസ്) എന്ന പേരിൽ ഒരു കൂട്ടം ചിത്രങ്ങൾ പെയിൻറു ചെയ്യാൻ ആരംഭിച്ചു. വിൻസെൻറ് അന്നേവരെ ചെയ്തതിൽ വെച്ച് ഏറ്റവും ഉത്കർഷേച്ഛകമായ ഉദ്യമമായിരുന്നു ഇത്.

ദി പെയിന്റർ ഓഫ് സൺഫ്ലവേഴ്സ്: വിൻസന്റ് വാൻ ഗോഗിനെ ചിത്രീകരിച്ചത് പോൾ ഗോഗിൻ 1888, വാൻ ഗോഗ് മ്യൂസിയം, ആംസ്റ്റർഡാം

വിൻസെൻറിൻറെ തുടർച്ചയായ അഭ്യർത്ഥനകൾ മാനിച്ച് ഒടുവിൽ പോൾ ഗോഗിൻ ഒക്ടോബർ 23 -ന് ആർലെസിൽ എത്തി. ആ നവമ്പർ മാസത്തിൽ ഈ രണ്ട് ചിത്രകാരന്മാരും ഒന്നിച്ച് ചിത്രരചന നടത്തി. ദി പെയിന്റർ ഓഫ് സൺഫ്ലവേഴ്സ് എന്ന പേരിൽ വിൻസന്റിൻറെ ചായാചിത്രം പോൾ പൂർത്തിയാക്കി. പോളിൻറെ പരാമർശമനുസരിച്ച് വിൻസന്റ് ചില ഓർമച്ചിത്രങ്ങൾ വരച്ചു. ദി റെഡ് വൈൻയാർഡ്, മെമ്മറി ഓഫ് ദി ഗാർഡൻ അറ്റ് ഈറ്റെൻ,[120][121] എന്നിവ ഉദാഹരണം. ഇരുവരും ചേർന്ന നടത്തിയ ആദ്യത്തെ യാത്ര ആലിസ്കാമ്പിലേക്കായിരുന്നു. ഈ യാത്രയുടെ ഫലമായാണ് ലെസ് അലിസ്കാമ്പ് എന്ന ചിത്രപരമ്പര ഉണ്ടായത്.[122]

ഇരുവരും ഡിസമ്പറിൽ മൂപെല്ലിയേ സന്ദർശിച്ചു, ഒപ്പം ഫാബ്രേ മ്യൂസിയത്തിലെ ശേഖരത്തിൽ കൂർബെയുടേയും, ഡുലാക്വായുടേയും ചിത്രങ്ങൾ കാണുകയും ചെയ്തു.[123] പക്ഷെ ക്രമേണ അവരുടെ സൗഹൃദബന്ധം വഷളാകുവാൻ തുടങ്ങി. വിൻസെൻറ് , പോളിനെ ധാരാളം പ്രശംസിച്ചിരുന്നു. താനും , പോളും രചനാവൈഭവത്തിൽ സമനിലക്കാരാണെന്നാണ് വിൻസെൻറ് വിലയിരുത്തിയത്. അവർക്കിടയിൽ കലയെസംബന്ധിച്ച് തീക്ഷ്ണവും തീവ്രവുമായ വാഗ്വാദങ്ങൾ നടന്നു[124]. പോൾ തന്നെ വിട്ടുപോകുമോ എന്ന ഭയം വിൻസെൻറിനെ കാർന്നു തിന്നാൻ തുടങ്ങി. അവർക്കിടയിലെ പിരിമുറുക്കം അതിസങ്കീർണാവസ്ഥയിലെത്തി.[125]

അംഗവിച്ഛേദം

വിൻസെൻറ് സ്വന്തം ചെവി അറുത്തതിൻറെ കാരണങ്ങൾ എന്തെന്ന് വ്യക്തമല്ല, അതിനു ശേഷം നടന്നതെന്ത് എന്നതിനും വ്യക്തതയില്ല. വിൻസെൻറിന് ഇതേക്കുറിച്ചൊന്നും തീരെ ഓർമയില്ല. ഏകദേശം 15 വർഷങ്ങൾക്കു ശേഷം ഗോഗിൻ പറഞ്ഞത്- അന്നു രാത്രിയിൽ ഹിംസാത്മകമായ ഭീഷണികൾ ഉണ്ടായെന്നും താൻ നടക്കാനിറങ്ങിയപ്പോൾ വിൻസെൻറ് ഊരിപ്പിടിച്ച കത്തിയുമായി തന്റെ പുറകെ എത്തിയെന്നുമാണ്. പക്ഷെ ഇതിന് തെളിവുകളില്ല. ചരിത്രകാരൻമാർ പറയുന്നത്, ഇത് അസത്യമോ, വ്യക്തി താത്പര്യങ്ങൾക്കുവേണ്ടി എഴുതിയതോ ആവാം എന്നാണ്.[126][127][128] എങ്ങനെയായാലും 1888 ഡിസമ്പർ 23 ന് നടന്ന ഈ സംഭവത്തിന്, പോൾ അവിടം വിട്ട് പോകുകയാണെന്ന് വിൻസെൻറ് അറിഞ്ഞപ്പോൾ ഉണ്ടായ വഴക്കുമായി ബന്ധമുണ്ടായിരിക്കാം. കാരണം അന്ന്, ഡിസമ്പർ 23-ന് തിയോക്കെഴുതിയ കത്തിൽ ഇതേപറ്റി സൂചനയുണ്ട്[129]. അന്നു വൈകുന്നേരം തന്നേയാണ് വിൻസെൻറ് തന്റെ ഇടത്തേ ചെവി ഒരു കത്തികൊണ്ട് അറുത്തെടുത്തതും. (മുഴുവനുമോ, പകുതിയോ എന്നതും വ്യക്തമല്ല). അസഹനീയമായ രക്തസ്രാവം ഉണ്ടായി.[note 10] വിൻസെൻറ് സ്വയം മുറിവു വെച്ചു കെട്ടി, മുറിച്ചെടുത്ത ചെവി ഒരു കടലാസിൽ പൊതിഞ്ഞ് താനും ഗോഗിനും സന്ദർശിക്കാറുള്ള വേശ്യാലയത്തിലെത്തി, അവിടത്തെ ഒരു സ്ത്രീക്ക് നല്കാൻ ശ്രമിച്ചെന്നും, ബഹളം കേട്ട് പോലീസെത്തി വിൻസെൻറിനെ വീട്ടിലെത്തിച്ചെന്നും പറയപ്പെടുന്നു. രക്തസ്രാവം മൂലം വീട്ടിൽ ബോധമറ്റു വീണ വിൻസെൻറിനെ അടുത്ത് ദിവസം കണ്ടെത്തി ആശുപത്രിയിലേക്കെത്തിച്ചതും സ്ഥലത്തെ പോലീസുകാരനാണത്രെ.[note 11][130][131][132]. പോളിൽ നിന്ന് വിവരമറിഞ്ഞ് തിയോ ഉടൻ സ്ഥലത്തെത്തി എന്നാണ് തിയോയുടെ പത്നി ജോ വാൻഗോഗ് രേഖപ്പെടുത്തിയിട്ടുള്ളത് [129].

വിൻസെൻറ് വാൻഗോഗ് സ്വന്തം ചെവിയറുത്ത് ഒരു വേശ്യയുടെ കൈയ്യിൽ സൂക്ഷിക്കാനായി നല്കി എന്നാണ് പത്രങ്ങൾ റിപോർട്ടു ചെയ്തത്.[133].

മനോരോഗ ലക്ഷണങ്ങൾ

വിൻസെൻറിന് ഈ സംഭവത്തെ കുറിച്ചുള്ള ഓർമകളൊന്നുമില്ല. ഇതു സൂചിപ്പിക്കുന്നത് വിൻസൻറിൻറെ ചിത്തവിഭ്രാന്തപരമായ മാനസികാവസ്ഥയേയാണ്.[134] ഇത്തരം വൈകാരികവും നാടകീയവുമായ പ്രവൃത്തികൾ മുമ്പും ഉണ്ടായിട്ടുണ്ട്.[135] വളരെ മുമ്പ് കീയുമായുള്ള ആദ്യാനുരാഗകാലത്ത്, വികാരതീവ്രതയിൽ കൈ പൊള്ളിക്കാൻ ശ്രമിച്ചത്, ഏകദേശം മൂന്ന് വർഷം മുമ്പ് ആന്റ്വെർപ്പിൽ വച്ച് മാനസിക തളർച്ച( നെർവസ് ബ്രെക്ഡൗൺ) സംഭവിച്ചത്, അതിനും മുമ്പ് 1880കളിൽ അദ്ദേഹത്തിന്റെ അച്ഛൻ മകനെ ഗീലിലെ ഒരു മാനസികചികിത്സാലയത്തിലേക്ക് അയക്കുന്ന കാര്യം പറഞ്ഞിരുന്നത്.[136]

ആർലെസിലെ ആശുപത്രിയിലെ ഡോക്റ്റർ ഭ്രാന്തിന്റെ വകഭേദം എന്നാണ് രോഗനിർണയം നടത്തിയത്. വിൻസെൻറിന് കുറച്ച് ദിവസങ്ങൾ ആശുപത്രിയിൽ കരുതൽ തടങ്കൽ ചികിത്സയിൽ കഴിയേണ്ടിവന്നു.[135] ചികിത്സയുടെ ആദ്യ നാളുകളിൽ വിൻസെൻറ് കൂടെക്കൂടെ പോളിനെ അന്വേഷിക്കുമായിരുന്നത്രെ. പക്ഷെ പോൾ ഗോഗിൻ അകന്നു നിന്നു. കാവൽ നിന്നിരുന്ന പോലീസിനോട് പറഞ്ഞതിങ്ങനെയാണ്, " ദയവു ചെയ്ത് ഈ നല്ല മനുഷ്യനെ കരുതലോടെ ഉണർത്തുക, അദ്ദേഹം എന്നെ തിരക്കുകയാണെങ്കിൽ ഞാൻ പാരീസ് വിട്ട് പോയി എന്ന് ഉത്തരം നൽകണം; എന്റെ സാന്നിദ്ധ്യം ഒരു വേള അദ്ദേഹത്തിന് വിനാശകരമായേക്കാം".[137]. പോൾ ഗോഗിൻ ആർലെസ് വിട്ടു, പിന്നീടൊരിക്കലും അവർ തമ്മിൽ നേരിട്ട് കണ്ടിട്ടില്ല. എഴുത്തുകൾ കൈമാറുകയുണ്ടായി.[note 12]

സെയിന്റ് പോൾ ചികിത്സാലയത്തിൽ വിൻസെൻറിൻറെ മുറി

അധികം താമസിയാതെ വിഷാദരോഗത്തിൽ നിന്ന് താത്കാലികമായെങ്കിലും മുക്തി നേടി, ജനുവരിയുടെ തുടക്കത്തിൽ തന്റെ മഞ്ഞ വീട്ടിലേക്ക് തിരിച്ചെത്തി[138]. എങ്കിലും മായക്കാഴ്ചകളും , മതിഭ്രഹ്മവും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയതിനാൽ പിന്നീടുള്ള മാസങ്ങളിൽ വിൻസെൻറ് വീട്ടിലും, ആശുപത്രിയിലുമായി താമസിച്ചു. മാർച്ച് മാസത്തിൽ, മുപ്പതോളം ആർലെസ് വാസികൾ ഒത്തുചേർന്ന് വിൻസെൻറിനെ ഫോ റുഷ് (ചെമ്പൻ മുടിക്കാരൻ ഭ്രാന്തൻ) എന്ന് വിശേഷിപ്പിച്ച് നഗരാധികാരികൾക്ക് പരാതി നല്കി. പോലീസ് വീട് പൂട്ടി, വിൻസെൻറിനെ ആശുപത്രിയിലാക്കി. പോൾ സിഗ്നാക് വിൻസെൻറിനെ കാണാൻ വന്നു, ഏപ്രിലിൽ,സ്വന്തം വീട്ടിൽ വെള്ളം കയറി ചിത്രങ്ങൾ നാശോന്മുഖമായപ്പോൾ വിൻസെൻറ് ഡോക്ടർ ഡോ. ഫെലിക്സ് റേയുടെ വക രണ്ടു മുറികൾ വാടകക്കെടുത്ത് താമസം അങ്ങോട്ടു മാറ്റി.[139][140],[141] മാർചിൽ തിയോക്ക് അയച്ച കത്തിൽ ഇങ്ങനെ കാണുന്നു- "ചില സമയത്ത് വിവരിക്കാനാവാത്ത മാനസിക പീഡ, മറ്റുചിലപ്പോൾ, നിമിഷനേരത്തേക്ക് കാലവിഭ്രാന്തിയും ആപൽകരമായ ചുറ്റുപാടുകളും എന്നെ നെടുകെ പിച്ചിച്ചീന്തും പോലെ."[142] പ്രകൃതിയിലെ വർണജാലങ്ങൾ തന്നെ മോഹവിഭ്രാന്തിയിൽ ആഴ്ത്തുന്നതായി മറ്റൊരു കത്തിൽ എഴുതുന്നു.[143] രണ്ട് മാസങ്ങൾക്ക് ശേഷം വിൻസെൻറ് ആർലെസ് ഉപേക്ഷിച്ചു, സെൻറ് റെമി ദ പ്രോവൊൻസ് ( Saint Remy du Provence,ഫ്രഞ്ച് ഉച്ചാരണം സാഹേ മിഡുപാവ ) എന്ന സ്ഥലത്തെ മാനസിക ചികിത്സാലയത്തിൽ സ്വേച്ഛയാ പ്രവേശിച്ചു.[141]

മനോരോഗാശുപത്രിയിൽ (1889മെയ് - 90 മെയ് )

ദ സ്റ്റാറി നൈറ്റ്, ജൂൺ 1889, ദി മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, ന്യൂയോർക്ക്.
ദി സോവർ, 1888, ക്രോളർ-മുള്ളർ മ്യൂസിയം


സെൻറ് പോൾ ചികിത്സാലയം , സെൻറ് റെമി ദി പ്രോവോൻസ്

1889 മെയ് 8 ന്, റിവേർമെഡ് സാല്ലെസ് എന്ന പ്രൊട്ടസ്റ്റൻറ് വൈദികന്റെ സഹായത്തോടെ വിൻസെൻറ് സെൻറ് റെമി ദി പ്രോവോൻസിലെ സെയിന്റ് പോൾ ചികിത്സാലയത്തിലേക്ക് എത്തിച്ചേർന്നു. ഒരു സാധാരണ ക്രിസ്തീയമഠമായിരുന്ന ഈ സ്ഥാപനം, ആർലെസിൽ നിന്ന് 20 മൈൽ (32കി.മീ) അകലെയായിരുന്നു. ചുറ്റും ചോളവയലുകളും , മുന്തിരിത്തോട്ടങ്ങളും ഒലീവ് തോപ്പുകളും. നാവികസൈന്യത്തിൽ ഡോക്ടറായിരുന്ന തിയോഫൈൽ പെയ്റോൺ നടത്തിപോന്ന സ്ഥാപനമായിരുന്നു ഇത്. വിൻസെൻറിന് രണ്ട് ചെറിയ മുറികൾ നല്കപ്പെട്ടു. രണ്ടിലെ ജനാലകൾക്കും ഇരുമ്പഴികൾ. രണ്ടാമത്തെ മുറി വിൻസെൻറ് ഒരു സ്റ്റുഡിയോ ആക്കിമാറ്റി.[144]

അവിടത്തെ താമസത്തിനിടയ്ക്ക് അദ്ദേഹം വരച്ച ചിത്രങ്ങളിൽ ക്ലിനിക്കും, പൂന്തോട്ടവും മുഖ്യ വിഷയങ്ങളായി. ആശുപത്രിയുടെ അകത്തളങ്ങളും വരാന്തകളും അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്. .വെസ്റ്റിബ്യൂൾ ഓഫ് ദി അസൈലവും സെയിന്റ് റെമിയും (സെപ്തമ്പർ 1889) ഉദാഹരണങ്ങളാണ്. ഈ കാലയളവിലെ ചിത്രങ്ങളുടെ പ്രത്യേകത അവയിലെ ചുരുളുകളാണ്. , അദ്ദേഹത്തിന്റെ പ്രശസ്തമായ ദ സ്റ്റാറി നൈറ്റ് പോലെ. സഹായകനോടൊപ്പം മഠത്തിലെ വളപ്പിൽ ചുറ്റിനടക്കാനുള്ള സ്വാതന്ത്ര്യം വിൻസെൻറിനു നല്കപ്പെട്ടിരുന്നു. ഒലിവ് മരങ്ങളും , സിപ്രസെസ്സ് മരങ്ങളും വരക്കാൻ ഇത് സഹായകമായി. ഓലീവ് ട്രീസ് വിത്ത് ദി ആൽപ്പിലെസ് ഇൻ ദി ബാക്ക്ഗ്രൗണ്ട് (1889), സൈപ്രെസെസ് 1889, കോൺഫീൽഡ് വിത്ത് സൈപ്രസെസ് (1889), കണ്ട്രി റോഡ് ഇൻ പ്രോവൊൻസ് ബൈ നൈറ്റ് (1890) എന്നീ ചിത്രങ്ങളുടെ ഉത്ഭവത്തിന് കാരണമാകുകയും ചെയ്തു. ആ സെപ്തമ്പർ മാസത്തിൽ ബെഡ്രൂം ഇൻ ആർലെസ് എന്ന ചിത്രത്തിന്റെ രണ്ട് വ്യത്യസ്ത പതിപ്പുകൾ കൂടി അദ്ദേഹം വരച്ചു.

ചികിത്സാലയത്തിനകത്തെ വിഷയപരിമിതി കാരണമാകാം, അദ്ദേഹം മറ്റു കലാകാരന്മാരുടെ പെയിന്റിങ്ങുകൾക്ക് പുതിയ വ്യാഖ്യാനം നല്കാൻ ശ്രമിച്ചു. പ്രതേകിച്ച് മില്ലെറ്റിന്റെ, ദി സോവർ, റെസ്റ്റ് ഫ്രം വർക്ക്, എന്നിവയ്ക്ക്. തന്റെ മുൻകാല ചിത്രങ്ങളിലും മാറ്റം വരുത്തി. റിയലിസം ശൈലിയിൽ ചായച്ചിത്രങ്ങൾ രചിച്ചിരുന്ന ജൂലെസ് ബ്രെട്ടൺ, മില്ലറ്റ്, ഗസ്റ്റാവ് കോർബെറ്റ് എന്നിവരെ വിൻസെൻറിന് ഏറെ ബഹുമാനമായിരുന്നു.[145] അവരുടെ ചിത്രങ്ങളെ താൻ പകർത്തിയെഴുതുന്നതിനെ വിൻസെൻറ് ഇങ്ങനെയാണ് വ്യാഖ്യാനിച്ചത് ബീഥോവൻറെ സംഗീതത്തെ മറ്റൊരു സംഗീതജ്ഞൻ വ്യാഖ്യാനിക്കും പോലെ.[146][147] വിൻസെൻറ് വാൻഗോഗിന്റെ അതിശ്രദ്ധേയമായ ചിത്രങ്ങൾ ജനിച്ചത് ഈ കാലഘട്ടത്തിലാണ്. ഗസ്റ്റവ് ഡോറെയുടെ ഒരു മുദ്രണം (എൻഗ്രേവ്) കണ്ട ശേഷമാണ് വിൻസെൻറ് ദി റൗണ്ട് ഓഫ് ദി പ്രിസണേഴ്സ് വരച്ചത്. ഈ ചിത്രത്തിൽ നടുക്കു നിൽക്കുന്ന ജയിൽ പുള്ളി കാണിയുടെ നേർക്കു നോക്കുന്നതായി തോന്നുന്നു, അത് വിൻസെൻറ് തന്നെയാണെന്ന് പലരും അനുമാനിക്കുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ജാൻ ഹൾസ്ക്കർ ഈ പ്രസ്താവനയെ അംഗീകരിക്കുന്നില്ല.[148][149]

1890 ജനവരി ലക്കത്തിലെ മെർകുർ ഡു ഫ്രാൻസ് എന്ന മാസികയിൽ വിൻസെൻറ് വാൻഗോഗ് ഒരു പ്രതിഭാശാലിയാണെന്ന് അദ്ദേഹത്തിന്റെ പെയിന്റിങ്ങുകളെ വിലയിരുത്തിക്കൊണ്ട് ആൽബെർട്ട് ഓറിയർ പ്രശംസിച്ചു.[150] ഫെബ്രുവരിയിൽ, പോൾ ഗോഗിൻ പണ്ട് ചാർകോളിൽ സ്കെച്ചു ചെയ്ത ആർസിനിയക്കാരി (മദാം ജിനു) എന്ന ചിത്രത്തിന്റെ അഞ്ച് തരം പെയിൻറിംഗുകൾ വിൻസെൻറ് സൃഷ്ടിച്ചു. പോൾ ഗോഗിൻ ഈ ചിത്രം വരച്ചത് 1888 നവമ്പറുകളുടെ ആദ്യ വാരങ്ങളിലായിരുന്നു.[151] ആ പെയിന്റിങ്ങുകളിലൊന്ന് മദാം ജിനുവിന് കൊടുക്കാനായി ചെന്നിരുന്നു.[152] മാത്രമല്ല ആ ഫെബ്രുവരിയിൽ മുൻനിര ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ട്വൻറി , ബ്രസൽസിലെ അവരുടെ വാർഷിക പ്രദർശനിയിലേക്ക് വിൻസെൻറിനെ ക്ഷണിച്ചു. പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച വിരുന്നുസമയത്ത് കൂട്ടായ്മയിലെ അംഗമായ ഹെൻറി ഡുഗ്രു , വിൻസെൻറിൻറെ പെയിന്റുങ്ങുകളെക്കുറിച്ച് മോശമായി സംസാരിച്ചു. ഇത് ഒരു വഴക്കിലേക്കു നീങ്ങി. ടൗലോസ് ലോട്രെക് , സിഗ്നാക്ക് എന്നിവർ വിൻസെൻറിനു വേണ്ടി വാദിച്ചു. ഡുഗ്രൂ മാപ്പു പറഞ്ഞ് സ്ഥലം വിട്ടു. പിന്നീട്, വിൻസെൻറ് വാൻഗോഗിന്റെ ചിത്രങ്ങൾ പ്രദർശനത്തിനായി വച്ചപ്പോൾ മോണെറ്റ് അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് സർവശ്രേഷ്ഠം എന്ന് അഭിപ്രായപ്പെട്ടു.[153] 1890 ഫെബ്രുവരിയിലാണ് വിൻസെൻറിൻറെ സഹോദരിയുടെ മകൻ പിറന്നത്. അദ്ദേഹം തന്റെ അമ്മക്ക് ഇങ്ങനെയൊരു കത്തെഴുതി, "അവനു വേണ്ടി ഒരു ചിത്രം നിർമ്മിക്കുന്നതിന്റെ തിരക്കിലാണ് ഞാൻ, അവന്റെ കിടക്കമുറിയിൽ തൂക്കിയാടാൻ, നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ വെളുത്ത ആൽമണ്ട് പൂക്കൾ."[154]

ദി റൗണ്ട് ഓഫ് ദി പ്രിസ്ണേഴ്സ്, 1890, പുഷ്കിൻ മ്യൂസിയം, മോസ്കൗ
സോറോവിങ്ങ് ഓൾഡ് മാൻ('അറ്റ് എറ്റേർനിറ്റീസ് ഗെയിറ്റ്'), 1890, ക്രോളർ മുള്ളർ മ്യൂസിയം, ഒറ്റേർലോ

വടക്കൻ ഓർമകൾ

തീരെ മാറിയെന്നു കരുതിയ രോഗം 1890 -ലെ ഫെബ്രവരിക്കും ഏപ്രിലിനും ഇടക്ക് വീണ്ടും മൂർച്ഛിച്ചു. ഹതാശനായ വിൻസെൻറിന് ആ നാളുകളിൽ കത്തുകളെഴുതാനായില്ല. പക്ഷെ ചിത്രമെഴുത്ത് ചെറിയ തോതിൽ തുടർന്നു. ഓർമയിൽ നിന്ന് ചികഞ്ഞെടുത്ത് റെമിനിസെസ് ഓഫ് ദി നോർത്ത് എന്ന പേരിൽ ഏതാനും ചിത്രങ്ങൾ വരച്ചു, എന്ന് തിയോക്ക് പിന്നീട് കത്തെഴുതി.[155] ആ ചിത്രങ്ങളിൽ ടൂ പെസന്റ് വിമൺ ഡിഗ്ഗിങ്ങ് ഇൻ എ സ്നൊ-കവേർഡ് ഫീൽഡ് അറ്റ് സൺസെറ്റ് എന്ന ചിത്രവും ഉണ്ടായിരുന്നു. വിൻസെൻറ് വരച്ച നിരവധി കരടു ഡ്രോയിങ്ങുകളുടേയും, പഠനങ്ങളുടേയും, പ്രതേകിച്ച് പ്രകൃതി ദൃശ്യങ്ങളുടേയും, രൂപങ്ങളുടേയും ബീജം ഈ ആശയമായിരിക്കണം എന്ന് ഹൾസ്കർ വിശ്വസിക്കുന്നു. അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു—ഈ ചെറിയ ഇടവേളയിൽ മാത്രമാണ് രോഗാവസ്ഥ അദ്ദേഹത്തിന്റെ ചിത്രങ്ങളെ സ്വാധീനിച്ചത്. ആ ചിത്രങ്ങൾ വാൻഗോഗിന്റെ മാനസികാവസ്ഥയെകുറിച്ചും, ശാരീരികാവസ്ഥയെകുറിച്ചും നമ്മെ ബോധ്യപ്പെടുത്തുന്നു.[156]സോറോയിങ്ങ് ഓൾഡ് മാൻ('അറ്റ് എറ്റേർനിറ്റീസ് ഗെയിറ്റ്') എന്ന ചിത്രവും ഈ സമയത്ത് വരച്ചതാണ്, നിറപരമായ പഠനത്തെ ഹൾസ്ക്കർ വിലയിരുത്തിയത് ഇങ്ങനെയാണ്, "നിസ്സംശയം ഇത് കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ഓർമപുതുക്കലാണ്".[156][157]

ഓവേർ സുർവായ്സ് (മെയ്-ജൂലൈ 1890)

ഇതും കാണുക: Double-squares and Squares
ഡോബീനീസ് ഗാർഡെൻ, ജൂലൈ 1890, ഓവർ, കൺസ്റ്റ്മ്യൂസിയം ബേസൽ, വാൻഗോഗിന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്ന്[158]

1890 മെയിൽ, അദ്ദേഹം സെന്റ് റെമിയിലെ ആശുപത്രി വിട്ട്, ഓവേർസുർവായ്സിൽ താമസമാക്കി. ബാർബിസൺ ശൈലി പെയിന്ററായ ചാർലെസ് ഡോബിനി 1861-ൽ ഓവേർസിൽ താമസം തുടങ്ങിയത് മറ്റു കലാലകാരന്മാരേയും അങ്ങോട്ട് ആകർഷിക്കാൻ കാരണമായി. ഉദാഹരണത്തിന് കാമിലെ കോറോട്ട് പിന്നെ, ഹോണർ ഡോമിയർ എന്നിവർ. മാത്രമല്ല മനോരോഗചികിത്സകൻ ഡോ. പോൾ ഗാഷെറ്റ് ഇവിടെയായിരുന്നു താമസം. തിയോയുടെ വാസസ്ഥലവും അടുത്തായിരുന്നു. ഗാഷെറ്റ് സ്വയം ഒരു കലാകാരനായിരുന്നു, കൂടാതെ മറ്റുപല കലാകാരന്മാരേയും ചികിത്സിച്ചിട്ടുമുണ്ടായിരുന്നു. കാമിലെ പിസാരോ ആണ് ഗാഷെറ്റിനെ ശുപാർശ ചെയ്തത്. ഉബേർജ് റാവൂ എന്ന സത്രത്തിൽ 75 square feet (7.0 m2) വലിപ്പമുള്ള ഒരു മുറി 3.50 ഫ്രാങ്കിന് വാടകക്കെടുത്തു. ഡോ. ഗാഷെറ്റിനെ കുറിച്ച് വിൻസെൻറിൻറെ ധാരണ ഇതായിരുന്നു, "അല്പം കിറുക്കുണ്ട്, ഒരു വേള എന്നേക്കാളും , അതല്ലെങ്കിൽ എന്നോളം തന്നെ."[159] 1890 ജൂണിൽ, വിൻസെൻറ് ഗാഷെറ്റിന്റെ നിരവധി ചിത്രങ്ങൾ വരച്ചു, അതിൽ പോർട്രെയിറ്റ് ഓഫ് ഡോ. ഗാഷെറ്റ് എന്നതും, പിന്നെ ഒരു എച്ചിങ്ങും (etching ) ഉൾപ്പെടുന്നു. ഈ ഓരോന്നിലും അദ്ദേഹം ഉന്നൽ നൽകിയിരിക്കുന്നത് ഗാഷെറ്റിന്റെ വിഷാദപ്രകൃതത്തിനാണ്.

വീറ്റ്ഫീൽഡ് അണ്ടർ തണ്ടർക്ലൗഡ്സ്, ജൂസൈ 1890, വാൻ ഗോഗ് മ്യൂസിയം, ആംസ്റ്റർഡാം, (F778), 1890 -ലെ ജൂലൈയിലെ അദ്ദേഹത്തിന്റെ അവസാനത്തെ ആഴ്ചയിൽ വരച്ച ചിത്രം.[160]
പോർട്ട്രെയിറ്റ് ഓഫ് ഡോ. ഗാച്ചെറ്റ്, 1890, 82.5 യു.എസ് ഡോളറിന് വിറ്റുപോയി.  million in 1990.[161] സ്വകാര്യ കളക്ഷനിൽ.

സെന്റ് റെമിയിലെ അവസാന ദിവസങ്ങളിൽ, വിൻസെൻറ് കൂടുതലും വരച്ചത് വടക്കൻ ഓർമകൾ (Remniscences of the North ) ആണ്. [162]. , ഓവേർസുർവായ്സിൽ ചിലവഴിച്ച 70 ദിവസങ്ങളിലായി അദ്ദേഹം വരച്ച എഴുപതോളം എണ്ണച്ചായചിത്രങ്ങളുടെ വിഷയവും വടക്കൻ ഓർമകളാണ്. ദി ചർച്ച് അറ്റ് ഓവേർസ് എന്ന ചിത്രം അതിനുദാഹരണമാണ്.[163]

ചതുരാകൃതിയിലുള്ള രണ്ട് കാൻവാസുകൾ ചേർത്തുവെച്ച് വലിയൊരൊറ്റ കാൻവാസുണ്ടാക്കുന്ന രീതി വാൻ ഗോഗ് തന്റെ അവസാന ആഴ്ചകളിൽ വികസിപ്പിച്ചെടുത്തതാണ്. വീറ്റ് ഫീൽഡ് വിത്ത് ക്രോസ് എന്ന ചിത്രം ഉദാഹരണമാണ്. ഈ ചിത്രമാണ് വാൻ ഗോഗിന്റെ ഏറ്റവും ശ്രേഷ്ഠസൃഷ്ടിയായി പലരും വിലയിരുത്തുന്നത്.[164]. ഇതു തന്നെയാണ് അദ്ദേഹത്തിന്റെ അവസാനത്തെ ചിത്രം എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. പക്ഷെ ഹൾസ്ക്കർ ക്രോഡീകരിച്ച വാൻ ഗോഗിന്റെ ചിത്രങ്ങളുടെ പട്ടികയിൽ ഈ ചിത്രത്തിനുശേഷം ഏഴ് ചിത്രങ്ങൾ കൂടി ഉണ്ട്.[165]

1890 ജൂലൈയിൽ, ഡോബിനീസ് ഗാർഡെൻ എന്ന ചിത്രത്തിന്റെ രണ്ട് പതിപ്പുകൾ വിൻസെൻറ് വരച്ചു. അതിലൊന്ന് അദ്ദേഹത്തിന്റെ അവസാനത്തെ പെയിന്റിങ്ങുകളിലൊന്നായി കരുതപ്പെടുന്നു[158]. മുഴുമിക്കപ്പെടാതെ കിടക്കുന്ന വേറേയും ചിത്രങ്ങൾ ഉണ്ട്. അതിൽ താച്ച്ഡ് കോട്ടേജെസ് ബൈ എ ഹിൽ എന്ന ചിത്രവും ഉൾപ്പെടുന്നു.[164]

വാൻ ഗോഗിന്റെ ചിത്രങ്ങളിൽ പലതും പ്രസന്നതയുംശുഭാപ്തിവിശ്വാസവും ഇല്ലാത്തവയാണെങ്കിലും, "പഴയതുപോലെ തനിക്ക് തിരിച്ചുവരണമെന്ന" ആഗ്രഹങ്ങളുടെ പ്രതിഫലനങ്ങളാണവയെന്ന് അഭിപ്രായമുണ്ട്. . ഒപ്പം അദ്ദേഹത്തിന്റെ അവസാനകാല ചിത്രങ്ങൾ അതിഗഹനവും തീവ്രവുമാണ്. വീറ്റ്ഫീൽഡ് അണ്ടർ ട്രബൾഡ് സ്ക്കൈസ് എന്ന ചിത്രത്തിന്റെ വരയോടനുബന്ധിച്ച് വിൻസെൻറ്, തിയോക്ക് ഇങ്ങനെ എഴുത "ദുഃഖങ്ങളെ ചിത്രത്തിലേക്ക് കൊണ്ടുവരുന്നതിനായി എനിക്ക് പുറത്തേക്ക് പോകേണ്ടതേയില്ല, അതെന്റെയുള്ളിൽ തന്നെയുണ്ട്" പിന്നീടൊരിടത്ത് " എനിക്ക് വാക്കുകളിലൂടെ പറയാനാകാത്തവ ഈ കാൻവാസുകൾ നമ്മോട് പറയും,ഈ പ്രദേശം എന്തുമാത്രം ആരോഗ്യപ്രദവും ഉത്തേജകവുമാണെന്ന്." [166][167]

മരണം

സ്വയ ഛായാഗ്രഹണം, 1889, കോർട്ടാൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഗാല്ലെറീസ്,ലണ്ടൺ മുറിവേൽപ്പിച്ച ചെവിയിൽ ബാന്ഡജേ് കെട്ടിയ വാൻഗോഗ്, കണ്ണാടിനോക്കി വരച്ച സ്വയ ഛായാഗ്രഹണം
സ്റ്റിൽ ലൈഫ് വിത്ത് ആബ്സെന്തെ, 1887, വാൻഗോഗോ മ്യൂസിയം

ദുരൂഹതകൾ

ഓബെർ റാവൂ- അവസാന നാളുകളിൽ വിൻസെൻറ് വാൻഗോഗ് താമസിച്ചിരുന്ന വീട്

1890 ജൂലൈ 27-ന് 37 കാരനായ വിൻസെൻറ് വാൻഗോഗ് ദുരൂഹസാഹചര്യങ്ങളിൽ മരണപ്പെട്ടു. സ്വയം നെഞ്ചിനു താഴെ വയറ്റിൽ വെടിവച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്. സംഭവത്തിന് ദൃക്സാക്ഷികളില്ല. എവിടെ വെച്ചാണ് സംഭവം നടന്നത് എന്നതും അവ്യക്തമാണ്. തോക്ക് സമീപപ്രദേശങ്ങളിലൊന്നും കണ്ടെത്താനായതുമില്ല[168]. ഇൻഗോ വാൾത്തെറിൻറെ അനുമാനം ഇങ്ങനെയാണ്, "ഒരു വേള ഗോതമ്പ് പാടങ്ങളിൽ വച്ച് അതല്ലെങ്കിൽ മദ്യശാലക്കടുത്തോ, ധാന്യപ്പുരയ്ക്കടുത്തെവിടേയോ വെച്ച് ബോധപൂർവം സ്വയം വെടിവച്ചതാവാം ."[169] ജീവിചരിത്രകാരനായ ഡേവിഡ് സ്വീറ്റ്മാൻ എഴുതിയത് ഇങ്ങനെയാണ്," ആ വെടിയുണ്ട വാരിയെല്ലിൽ തട്ടി ദിശ മാറി, പിന്നീട് നട്ടെല്ലിൽ തറച്ചു നിന്നു പോയിരിക്കാം, അതുകൊണ്ടാവാം ആന്തരാവയവങ്ങൾക്ക് വലിയ കേടുപാടുകൾ പറ്റാഞ്ഞത്- " എന്നിരുന്നാലും വിൻസെൻറിന് പരസഹായമില്ലാതെ സ്വന്തം വാസസ്ഥലത്തേക്ക് എങ്ങനെ തിരിച്ചു നടക്കാനായി എന്നതും വിചിത്രമാണ്. ശസ്ത്രക്രിയ നടത്താതെ വെടിയുണ്ട പുറത്തെടുക്കാൻ കഴിയില്ലായിരുന്നു. വിവരമറിഞ്ഞ് വിൻസെൻറിനെ പരിചരിക്കാനെത്തിയ സ്ഥലത്തെ രണ്ടു ഡോക്റ്റർമാർക്കും ആ വൈദഗ്ധ്ദ്യം ഇല്ലായിരുന്നു. തങ്ങളാലാവുന്നതു ചെയ്ത് , വിൻസെൻറിനോട് വിശ്രമിക്കാൻ പറഞ്ഞ് പുകവലിക്കാനായി ഒരു പൈപ്പും കൊടുത്ത് അവർ പോയി. പിറ്റേന്ന് പ്രഭാതത്തിൽ (തിങ്കൾ), തിയോ തന്റെ സഹോദരന്റടുത്തേക്ക് ഓടിയെത്തി. ഭാഗ്യവശാൽ അത്രയും നേരം വാൻ ഗോഗിന് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. പക്ഷെ കുറച്ച് മണിക്കൂറുകൾക്ക് ശേഷം മുറിവിൽ അണുബാധ അതിവേഗം പടരുകയും ആരോഗ്യനില തീരെ വഷളാവുകയും ചെയ്തു. വൈകുന്നേരം, വെടിയേറ്റതിന് 29 മണിക്കൂറുകൾക്കു ശേഷം വിൻസെൻറ് മരണമടഞ്ഞു. തന്റെ സഹോദരന്റെ അവസാനത്തെ വാക്കുകൾ ഇതായിരുന്നുവെന്ന് തിയോ പറയുന്നു- "എന്നിലെ ദുഃഖങ്ങളെല്ലാം എന്നോടൊപ്പം അന്ത്യം വരേയുമുണ്ടാകും."[168][170]

എഴുപത്തഞ്ചു വർഷങ്ങൾക്കു ശേഷം, 1965-ലാണ് ആത്മഹത്യക്കുപയോഗിച്ചതെന്നു അനുമാനിക്കപ്പെടുന്ന തോക്ക് കണ്ടെത്തിയത്. ഇന്നത് വിശ്വവിഖ്യതമായ തോക്കാണ് താമസിയാതെ ലേലം ചെയ്യപ്പെടുമെന്ന് ഊഹിക്കപ്പെടുന്നു[171] .

വിൻസെൻറിൻറേയും തിയോയുടേയും കുഴിമാടങ്ങൾ ഓവേഴ്സ് സർ ഓയിസിൽ. വിൻസന്റ് വാൻഗോഗ് (1853 - 1890) എന്നും, തിയഡോർ വാൻഗോഗ് (1857 - 1891) എന്നും പേരു കൊത്തിവച്ചിരിക്കുന്നു.

ജൂലൈ 30ന് വാൻഗോഗിനെ ഓവേർസുവായ്സിലെ ശ്മശാനത്തിൽ അടക്കം ചെയ്തു. ആ ചടങ്ങിൽ തിയോ വാൻ ഗോഗിനോടൊപ്പം ,ആൻഡ്രിയാസ് ബോങ്കർ, ചാൾസ് ലാവൽ,ലുസിയെൻ പിസ്സാരോ,എമിലി ബെർനാർഡ്,ജൂലിയൻ ‍ടാങ്കുയ്,ഡോ. ഗാഷെറ്റ് തുടങ്ങി ഇരുപതോളം കുടുംബ സൂഹൃത്തുക്കളും, മറ്റുപലരും പങ്കെടുത്തു. ഈ ചടങ്ങിനെ വിശദീകരിച്ചുകൊണ്ട് എമിലി ബെർനാർഡ് ആൽബെർട്ട് ഓറിയറിന് ഒരു കത്തെഴുതി.[172][173].

ആത്മഹത്യയോ അപകടമരണമോ?

വാൻഗോഗ്: ദി ലൈഫ് (2011) എന്ന പുസ്തകത്തിലൂടെ വിൻസന്റിൻറെ ജീവിചരിത്രകാരന്മാരായ സ്റ്റീവെൻ നെയിഫ് ,ഗ്രോഗറി വൈറ്റ് സ്മിത്ത് എന്നിവർ വിൻസെൻറ് ആത്മഹത്യക്ക് തുനിഞ്ഞിട്ടില്ല എന്ന് സമർഥിക്കുന്നു. സത്രത്തിന്റെ ചുറ്റുവട്ടത്തുള്ള കൗമാരപ്രായക്കാർ തങ്ങളുടെ കൈവശമുള്ള തോക്ക് കൈകാര്യം ചെയ്യുമ്പോൾ അബദ്ധത്തിൽ വെടിയുതിർന്നതാവുമെന്നും അത് സമീപസ്ഥനായിരുന്ന വിൻസെൻറിൻറെ ശരീരത്തിൽ തുളച്ച് കയറിയിരിക്കണം എന്നുമാണ് അവർ വാദിക്കുന്നത്. അതുകൊണ്ട് തന്നെ വാൻ ഗോഗ് മ്യൂസിയത്തിലെ വിദഗ്ദ്ധർ ഇപ്പോഴും അക്കാര്യത്തിൽ ഒരു നിഗമനത്തിലെത്തിയിട്ടില്ല.

മാനസികാവസ്ഥയെപ്പറ്റി

വിൻസെൻറ് വാൻ ഗോഗിന്റെ മാനസികരോഗാവസ്ഥയെകുറിച്ചും, അതിന്റെ പ്രതിഫലനം അദ്ദഹത്തിന്റെ കലാസൃഷ്ടികളിൽ കാണപ്പെടുന്നുണ്ടോ എന്നതനെക്കുറിച്ചും ഇന്നും ചർചകളും വാഗ്വാദങ്ങളും സജീവമാണ്. നൂറുകണക്കിന് മനോവൈജ്ഞാനികർ രോഗത്തിൻറെ വേരുകൾ തേടി പോകുകയും 30-ൽപരം വ്യഖ്യാനങ്ങൾ നൽകുകയും ചെയ്തു. അത് സ്കിസോപ്രെനിയ, ബൈപോളാർ ഡിസോർഡർ, ഡിപ്രെഷൻ, ടെമ്പറൽ ലോബ് എപിലെപ്സി,അക്ക്യൂട്ട് ഇന്റർമിറ്റെന്റ് പോർഫിറിയ എന്നീ രോഗങ്ങളുടെ സാധ്യത ചർച ചെയ്യപ്പെട്ടു. രോഗം എന്തുതന്നെയായിരുന്നാലും പോഷകാഹാരക്കുറവും,അതിപ്രയത്‌നവും,ഉറക്കമില്ലായ്‌മയും ,അമിത മദ്യപാനവും പുകവലിയും രോഗമൂർച്ഛക്ക് കാരണമായി എന്നത് നിസ്സംശയമാണ്.[174]

തിയോയുടെ നിര്യാണം

വിൻസെൻറിന്റെ മരണശേഷം തിയോയുടെ ആര്യോഗ്യം വളരെ മോശമായി. വിൻസെൻറിൻറെ വേർപാടുമായി പൊരുത്തപ്പെടാനാവാതെ തിയോ ഏറെ ദുഃഖിതനായി, ആറ് മാസങ്ങൾക്ക് ശേഷം ഡെൻ ഡോൾഡറിൽ വച്ച് ജനുവരി 25-ന് മരിക്കുകയും ചെയ്തു. തിയോയെ ആദ്യം അടക്കം ചെയ്തത് അൾട്രെക്സിലെ സിമിത്തെരിയിലാണ്.[175][176] പിന്നീട് , വിൻസെൻറും തിയോയും തമ്മിലുണ്ടായിരുന്ന സവിശേഷബന്ധത്തെക്കുറിച്ച് ബോധവതിയായ തിയോയുടെ വിധവ ജോ വാൻഗോഗ്, ഭർത്താവിന്റെ ശവശരീരം കുഴിച്ചെടുത്ത് , വിൻസെൻറിന്റെ കല്ലറയ്ക്ക് തൊട്ടടുത്തായിത്തന്നെ 1914 -ൽ പുനരടക്കം ചെയ്യുകയും ചെയ്തു.[177][178]

വാൻ ഗോഗിന്റെ ചിത്രങ്ങൾ

ദി ഓൾഡ് മിൽ, 1888, ആൾബ്രൈറ്റ് ക്ലോക്സ് ആർട്ട് ഗാലറി, ബഫലോ, NY.
സ്റ്റേരി നൈറ്റ് ഓവർ റോൺ, 1888, മുസീ ഡി ഓർസെ, പാരീസ്.

രണ്ടായിരത്തിൽ പരം കലാസൃഷ്ടികൾക്ക് രൂപ നല്കിയിട്ടുണ്ട്. ഇവയിൽ എണ്ണച്ചായചിത്രങ്ങൾ ഏതാണ്ട് ആയിരത്തിൽ താഴെ ഉണ്ടെന്നാണ് അനുമാനം. സൺസെറ്റ് അറ്റ് മോൺട്മൊജോർ (മൊജോർ കുന്നിൻപുറത്തെ സൂര്യാസ്തമയം)ആണ് അദ്ദേഹത്തിൻറേതെന്ന് ഏറ്റവും ഒടുവിൽ സ്ഥിരീകരിക്കപ്പെട്ട പെയിൻറിംഗ്. സ്ക്കൂളിലായിരിക്കുമ്പോൾ വിൻസെൻറ് പെയിന്റ് ചെയ്യുകയും,പെൻസിൽ കൊണ്ട് വരക്കുകയും ചെയ്തിട്ടുണ്ട്—അവയിൽ വളരെ കുറച്ചെണ്ണം മാത്രമേ കാലത്തെ അതിജീവിച്ചുള്ളൂ അവയിൽത്തന്നെ ചില ചിത്രങ്ങളുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല.[179],[180] യുവാവസ്ഥയിലാണ് അദ്ദേഹം ചിത്രകലയോട് കൂടുതൽ അടുത്തത്. ചാൾസ് ബാർഗ്വ യുടെ ചിത്രങ്ങളെ അനുകരിച്ച് ചിത്രമെഴുത്തിന്റെ പ്രാഥമിക പാഠങ്ങൾ പഠിച്ചു, രണ്ട് വർഷങ്ങൾകൊണ്ടുതന്നെ വിൻസെൻറിനെ തേടി ആവശ്യക്കാരെത്തി. 1882 -ലെ വസന്തക്കാലത്ത്,ആംസ്റ്റർഡാമിലെ പ്രശസ്തമായ ഒരു ഗാലറിയുടെ ഉടമസ്ഥനായ അദ്ദേഹത്തിന്റെ അമ്മാവൻ കോർനേലിസ് മറിനസ്, വിൻസെൻറനോട് ഹേഗിന്റെ മഷിച്ചിത്രങ്ങൾ ആവശ്യപ്പെട്ടു. വിൻസെൻറിന്റെ ചിത്രങ്ങൾ അമ്മാവനെ തൃപ്തിപ്പെടുത്തിയില്ല. എങ്കിലും ഒരു പ്രതേക വിഷയത്തിന്റെ വിശദാംശങ്ങളോടുകൂടിയ മറ്റൊരു ചിത്രം വരക്കാൻ ആവശ്യപ്പെട്ടു. ഇതും അമ്മാവനെ നിരാശപ്പെടുത്തി. എന്നിരുന്നാലും വിൻസെൻറ് ഹതാശനായില്ല. നിരന്തരപ്രയത്‌നങ്ങൾ ചെയ്തുകൊണ്ടിരുന്നു. അദ്ദേഹം തന്റെ സ്റ്റുഡിയോയെ കൂടുതൽ പ്രകാശമാനമാക്കി, വ്യത്യസ്തമായ രചനാരീതികൾ പ്രയോഗിച്ചു. വർഷങ്ങളോളം ഒരേ വിഷയം തന്നെ തുടർച്ചയായി വരച്ചുകൊണ്ടിരുന്നു. അതീവ ശ്രദ്ധയോടെ ചെയ്‌തുതീർത്ത "ബ്ലാക്ക് ആന്റ് വൈറ്റ്" ചിത്രങ്ങളായിരുന്നു അത്,[181] ആദ്യഘട്ടങ്ങളിൽ അദ്ദേഹത്തിന് ആക്ഷേപങ്ങൾ മാത്രമേ ലഭിച്ചുള്ളൂ. എന്നാൽ ഇന്ന് അവയൊക്കെ ആദ്യകാല മാസ്റ്റർപീസുകളായി അറിയപ്പെടുന്നു.[182]

വൈറ്റ് ഹൗസ് അറ്റ് നൈറ്റ്, 1890, ഹെർമിറ്റേജ് മ്യൂസിയം, എസ്. ടി പീറ്റേഴ്സബർഗ്, വാൻ ഗോഗിന്റെ മരണത്തിന് ആറ് ആഴ്ചക്കുമുമ്പ് വരച്ച ചിത്രം

1882 -ലെ ശരൽക്കാലത്ത് പുറംകാഴ്ചകളുടെ ഓയിൽ പെയിന്റിങ്ങുകൾ സൃഷ്ടിക്കാനാവശ്യമായ സാമ്പത്തിക സഹായം തിയോ നൽകി. അത് വിൻസെൻറിനെ ഏറെ ഉത്സാഹിതനാക്കി. 1883-ന് മുമ്പായിത്തന്നെ വിൻസെൻറ് ഒന്നിലധികം രൂപങ്ങളുള്ള ചിത്രങ്ങൾ വരക്കാൻ തുടങ്ങിയിരുന്നു. തുടക്കത്തിൽ ഫോട്ടോകൾ എടുത്തെങ്കിലും, അവക്ക് ചൈതന്യമില്ലെന്നും, അധികകാലം നിലനിൽക്കില്ലെന്നുമുള്ള തിയോയുടെ അഭിപ്രായം മാനിച്ച് അവയൊക്കെ നശിപ്പിക്കുകയും, ഓയിൽ പെയിന്റിങ്ങിലേക്ക് തിരിയുകയും ചെയ്തു. പിന്നെ 1883 -ന്റെ വസന്തകാലത്ത് പേരുകേട്ട ഹേഗ് സ്ക്കൂളിൽ പരിശീലനെ ലഭിച്ച കലാകാരന്മാരായ വീസ്ബ്രഞ്ചിലേക്കും,ബ്ലോമേഴ്സിലേക്കും അദ്ദേഹം ശ്രദ്ധ തിരിച്ചു. അവരിൽ നിന്നും ഹേഗ് സ്ക്കൂളിലെ രണ്ടാം തലമുറക്കാരായ ഡി ബോക്ക്, വാൻ ഡെർ വീൽ എന്നിവരിൽ നിന്നും അദ്ദേഹം സാങ്കേതികവശങ്ങൾ പഠിച്ചെടുത്തു.[183] ഡ്രെന്തെയിൽ നിന്ന് ന്യൂനെന്നിലേക്ക് മാറിയശേഷം തുടങ്ങിവെച്ച ചില വലിയ ചിത്രങ്ങൾ നശിച്ചുപോയി .ഉരുളക്കിഴങ്ങു തിന്നുന്നവർ എന്ന ചിത്രവും,അതിന്റെ കൂടെയുള്ള ന്യൂനെൻ ശ്മശാനത്തിലെ ദി ഓൾഡ് ടവർ , ദി കോട്ടേജ് എന്നിവയാണ് ഇപ്പോഴും ഒരു കേടുപാടുകൂടാതെ ഇരിക്കുന്നത്. റൈക്സ് മ്യൂസിയത്തിലെ നിരവധി ചിത്രങ്ങൾ കാണാനിടയായപ്പോൾ തന്റെ ചിത്രങ്ങളിലെ പാളിച്ചകളും സാങ്കേതികമായ തകരാറുകളും എന്തൊക്കേയാണെന്ന് വിൻസെൻറിന് ബോധ്യമായി.[183] അതുകൊണ്ടുതന്നെ അദ്ദേഹം 1885 നവമ്പറിൽ ചിത്രകലയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാനും പ്രാഗൽഭ്യം നേടാനായി ആന്റ്വെർപ്പിലേക്കും,പിന്നീട് പാരീസിലേക്കും യാത്രപുറപ്പെട്ടു.[184]

കലാചരിത്രകാരനായ ആൽബെർട്ട് ബോയം വിശ്വസിച്ചത് കടും നിറക്കൂട്ടുകൾ ഉപയോഗപ്പെടുത്തിയ നക്ഷത്രനിഗൂഡമായ രാത്രിയിൽ വിൻസെൻറ് തന്റെ ജീവിതത്തിലെ യഥാർത്ഥങ്ങളെ വരച്ചു കാട്ടുന്നു എന്നായിരുന്നു.[185]ദി വൈറ്റ് ഹൗസ് അറ്റ് നൈറ്റ് എന്ന ചിത്രത്തിൽ മഞ്ഞ നക്ഷത്രങ്ങളാൽ നിറഞ്ഞ ഒരു വീടിന്റെ രാച്ചിത്രമാണ്.1890- ലെ ജൂൺ മാസ സായാഹ്നങ്ങളിൽ വിൻസെൻറ് വരച്ചു തീർത്ത ആ ചിത്രത്തിലെ ആ തിളക്കം കൂടിയ നക്ഷത്രം ശുക്ര നക്ഷത്രമായിരിക്കണമെന്നാണ് നിഗമനം.[186]

വിൻസെൻറിൻറെ ചിത്രങ്ങളെ . കാലക്രമമനുസരിച്ചും വിഷയമനസരിച്ചും ശൈലിയനുസരിച്ചും നിറക്കൂട്ടുകളുടെ അടിസ്ഥാനത്തിലും പല വിധത്തിൽ തരം തിരിക്കാം.[187] കാലക്രമമനുസരിച്ചുള്ള തരം തിരിവ് കലാകാരൻറെ ശൈലി ക്രമേണ എങ്ങനെ വികസിക്കുന്നു എന്ന ഉൾക്കാഴ്ച നല്കുന്നു. നിറങ്ങളുടേയും രൂപങ്ങളുടേയും രൂപകങ്ങളുടേയും ഭാവഭേദങ്ങളുടെ സമയരേഖയാവും അത്. വിൻസെൻറ് സ്വയം ഒരു പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കി ചിത്രപരമ്പരകൾ സൃഷ്ടിക്കുകയുണ്ടായിട്ടുണ്ട്. മഞ്ഞവീടിന്റെ അലങ്കാരപ്പണികൾ, ഗോതമ്പു പാടങ്ങൾ എന്നിങ്ങനെ. മറ്റൊരു വിധത്തിൽ ഛായാചിത്രങ്ങൾ (Portraits), വസ്തുചിത്രങ്ങൾ (Still life), പുറംകാഴ്ചകൾ(Outdoors), പ്രകൃതി ദൃശ്യങ്ങൾ (Natural scenes ): എന്നിങ്ങനേയും തരം തിരിക്കാം.[188]


വാൻ ഗോഗിന്റെ സ്വഛായാചിത്രങ്ങൾ

തൊപ്പി ധരിച്ച വിൻസെൻറിന്റെ സ്വഛായാചിത്രം, പാരീസ്, 1887/88 കാലഘട്ടത്തെ ശൈത്യകാലത്ത് വരച്ചതാണെന്ന് കരുതുന്നു, മെട്രോപോളിറ്റാൻ മ്യൂസിയം ഓഫ് ആർട്ട്, (F365v)
സ്വഛായാചിത്രം,1889 സെപ്തമ്പർ, (F 627), ഓയിൽ പെയിന്റിങ്ങ്, 65 cm × 54 cm. മുസീ ഡി ഓർസെ, പാരീസ്. ഇതാണ് അദ്ദേഹത്തിന്റെ അവസാന സ്വഛായാചിത്രം എന്ന് കരുതുന്നു.[189]
താടിവടിച്ച വാൻ ഗോഗിന്റെ സ്വഛായാചിത്രം,1889 സെപ്തമ്പറിലെ അവസാന നാളുകളിൽ വരച്ചത് (F 525),ഓയിൽ ഓൺ ക്യാൻവാസ് 40 × 31 സെ.മീ.,സ്വകാര്യ വ്യക്തികളുടെ കൈയ്യിൽ. ഇതായിരിക്കണം അദ്ദേഹം തന്റെ അമ്മക്ക് പിറന്നാൾ ദിന സമ്മാനമായി കൊടുത്ത അവസാനത്തെ സ്വ ഛായാചിത്രം.[101]
സ്വഛായാചിത്രം, 1889, നാഷ്ണൽ ഗാലറി ഓഫ് ആർട്ട്.എല്ലാ സ്വഛായാചിത്രങ്ങളും ഒരുക്കികൂട്ടിവച്ചത് സെയിന്റ് റെമിയിലെ ഗാലറിയിലാണ്, അദ്ദേഹം കണ്ണാടിനോക്കി സ്വന്തം പ്രതിഛായ വരച്ചതുപോലെയാണ്.
സ്വയ ഛായാചിത്രത്തിന്റെ വിശദാംശങ്ങൾ(1889)

വാൻ ഗോഗ് തന്റെ ജീവിതകാലത്ത് തന്റെ നിരവധി സ്വഛായാചിത്രങ്ങൾ വരച്ചിട്ടുണ്ട്.1886 -നും 1889 ഇടയ്ക്കായി ഏകദേശം നാൽപ്പത്തിമൂന്നോളം മികച്ച സ്വഛായാചിത്രങ്ങൾ വരച്ചു[190][191] ഒരോ ചിത്രത്തിലും അദ്ദേഹത്തിന്റെ കണ്ണുകൾ വിദൂരതയിൽ ഉടക്കിനില്ക്കുന്നു. താടിമീശകൾ ഉള്ളതും ഇല്ലാത്തതും ചെവിയടക്കം തലക്കു ചുറ്റും ബാൻഡേജ് കെട്ടിയതുമായ സ്വഛായാചിത്രങ്ങൾ നിറത്തിലും,കനത്തിലും വ്യത്യസ്തത പുലർത്തുന്നു. ബാൻഡേജ് കെട്ടി നിൽക്കുന്ന ചിത്രം തന്റെ ചെവി അറുത്തു കളഞ്ഞ സമയത്ത് വരച്ചതായിരുന്നു. 1889 -ലെ സെപ്തമ്പറിന് ശേഷം വരച്ച താടിമീശകൾ വടിച്ച തരത്തിലുള്ള സ്വഛായാചിത്രം 1998-ൽ ന്യയോർക്കിൽ വച്ച് 71.5 മില്ല്യൺ ഡോളറിന് വിറ്റുപോയ വളരെയധികം വിലപിടിപ്പുള്ള ചിത്രങ്ങളിൽ ഒന്നായി മാറി.[192] തന്റെ അമ്മക്ക് പിറന്നാൾ സമ്മാനമായി നൽകിയ ഇതുതന്നെയാണ് വിൻസെൻറിന്റെ അവസാനത്തെ സ്വഛായാചിത്രവും.[101]

സെയിന്റ് റെമിയിലെ താമസക്കാലത്ത് വരച്ച എല്ലാ സ്വഛായാചിത്രങ്ങളും ക്ഷതമേറ്റ ചെവിയെ കാണാത്തവിധം ശിരസ് ഇടതുനിന്ന് വലത്തോട്ടു തിരിച്ചുപിടിച്ച നിലയിലാണ് കണ്ണാടിയിൽ സ്വന്തം പ്രതിച്ഛായ കണ്ടു കൊണ്ട് വരച്ചവയാണിവയൊക്കെ എന്ന് അനുമാനിക്കപ്പെടുന്നു.[193][194][195] അവസാന നാളുകളിൽ അദ്ദേഹം ഓവർസുവായ്സിൽ വെച്ച് സ്വഛായാചിത്രങ്ങളല്ലാത്ത നിരവധി പെയിന്റിങ്ങുകൾ വരച്ചു, പെയിന്റിങ്ങിന്റെ സ്വാഭാവിക പരിസ്ഥിതിയിലേക്ക് അദ്ദേഹം തിരിച്ചെത്തിയത് അപ്പോഴായിരുന്നു.[196]

വാൻ ഗോഗിന്റെ ഛായാചിത്രങ്ങൾ

ഇതും കാണുക: Portraits by Vincent van Gogh, Paintings of Children (Van Gogh series)
എൽ ആർലെസ്സിന്നെ: മദാം ജിനോക്സ് പുസ്തകങ്ങളോടൊപ്പം,1888 നവമ്പർ. ദി മെട്രൊപോളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ന്യൂയോർക്ക്, ന്യയോർക്ക് (F488)
പേഷ്യൻസ് എസ്കാലിയർ, 1888 ആഗസ്ത് -ൽ വരച്ച രണ്ടാമത്തെ വേർഷൻ , സ്വാകാര്യ വ്യക്തികളിൽ(F444)
ലാ മൗസം, 1888, നാഷ്ണൽ ഗാലറി ഓഫ് ആർട്ട്, വാഷിങ്ങ്ടൺ ഡി.സി.
ലി സൗവ് (പകുതി രൂപം), 1888 ജൂൺ, വാൻ ഗോഗ് മ്യൂസിയം, ആംസ്റ്റർഡാം (F423)

മറ്റു വ്യക്തികളുടെ ഛായാചിത്രങ്ങൾ വരക്കുന്നതിലും വാൻ ഗോഗ് പ്രശസ്തനായിരുന്നു, അത്തരം ചിത്രങ്ങൾക്ക് അനുയോജ്യമായ മുഖങ്ങൾ കണ്ടെത്താൻ അദ്ദേഹം ഏറെ പരിശ്രമിച്ചിരുന്നു.[197] ഛായാചിത്രങ്ങളെ കുറിച്ച് വിൻസെൻറ് പറഞ്ഞത് ഇതാണ് " ഇവ മാത്രമാണ് എന്റെ ആത്മാവിനെ ആഴത്തിൽ സ്പർശിക്കുന്നത് , എന്നിൽ അനന്തതയെന്ന അനുഭൂതി ഉണർത്തുന്നത്."[198]

അദ്ദേഹം തന്റെ സഹോദരിക്ക് എഴുതിയ കത്ത് ഇങ്ങനെയാണ്, കാലത്തെ അതിജീവിക്കുന്ന മനുഷ്യമുഖങ്ങൾ ഛായാചിത്രങ്ങളായി വരക്കണമെന്നുണ്ട്. ഞാനുദ്ദേശിച്ചത് ഫോട്ടോഗ്രാഫുകളെപോലെ യഥാതഥമായവയല്ല. മറിച്ച് നിറക്കൂട്ട് കൊണ്ട് ആ മുഖങ്ങളിലെ ഭാവസാന്ദ്രതയും തീവ്രതയും ഒപ്പിയെടുക്കണമെന്നാണ് [199].

സ്വന്തം അമ്മ, യൂജീൻ ബോഷ്, പോസ്റ്റ് മാൻ ജോസഫ് റൂളിൻ, അഗസ്റ്റിൻ റൂളിൻ, മദാം ജിനൂ, ഡോക്റ്റർ ഫെലിക്സ് റെ, അഡെലീൻ റാവൂ, ഇവരുടെയൊക്കെ ചിത്രങ്ങളടക്കം അമ്പതോളം ഛായാചിത്രങ്ങൾ വിൻസെൻറ് വരച്ചിട്ടുണ്ട്[200].

സൈപ്രസ്സ് -ഒലീവ് മരങ്ങൾ

ഇതും കാണുക: Olive Trees (series)

സൈപ്രസ്സ് (ഫ്രഞ്ചു ഉച്ചാരണം സിപ്രെസ്) മരങ്ങളുടെ നാല്പത്തിയഞ്ചോളം എണ്ണച്ചായച്ചിത്രങ്ങൾ വിൻസെൻറ് വരച്ചിട്ടുണ്ട്. സൈപ്രസ് മരങ്ങൾ എന്ന വല്ലാതെ ആകർഷിക്കുന്നു. ഈജിപ്ഷയ്ൻ സ്മാരകസ്തംഭങ്ങൾ പോലെ ഉയർന്നു നീണ്ട ഇവക്കെന്തൊരു സൗന്ദര്യം .എന്ന് വിൻസെൻറ് തിയോക്കെഴുതി[201] 1889-ലെ വസന്തകാലത്ത്, തന്റെ സഹോദരിയായ വില്ലിന്റെ ആഗ്രഹപ്രകാരം,അദ്ദേഹം വീറ്റ് ഫീൽഡ് വിത്ത് സൈപ്രസെസ്സ് എന്ന ചിത്രത്തിന്റെ നിരവധി ചെറിയ പതിപ്പുകൾ വരച്ചു.[202] ഈ ചിത്രങ്ങൾ ഇംപാസ്റ്റോ രീതിയിൽ വരക്കപ്പെട്ട ഈ ചിത്രങ്ങളിലും ചുരുൾ ശൈലിയിലുള്ള തൂലികാചലനം കാണാം. അദ്ദേഹം തന്റെ വളരെയധികം പ്രശസ്തി നേടിയ ദ സ്റ്റാറി നൈറ്റിൽ സൈപ്രസ് മരങ്ങൾ മുൻനിരയിലുണ്ട്. ഇതോടൊപ്പം തന്നെയാണ് ഒലീവ് ട്രീസ് വിത്ത് ദി ആൽപ്പില്ലീസ് ഇൻ ദി ബാക്ക്ഗ്രൗണ്ട്(1889), സൈപ്രസെസ്സ് വിത്ത് ടു ഫിഗേഴ്‍സ്(1889 - 1890),വീറ്റ് ഫീൽഡ് വിത്ത് സൈപ്രസെസ്സ്(1889) (വാൻ ഗോഗ് ഇവയുടെ നിരവധി പെയിന്റിങ്ങുകൾ ആ വർഷം വരച്ചു)റോഡ് വിത്ത് സൈപ്രെസ്സ് ആന്റ് സ്റ്റാർസ്(1890) പിന്നെ സ്റ്റാറി നൈറ്റ് ഓവർ ദി റോൺ എന്നീ ചിത്രങ്ങളും വരക്കപ്പെട്ടത്.

റോഡ് വിത്ത് സിപ്രെസ്സ് ആന്റ് സ്റ്റാർസ്,1890 മെയ്, ക്രോളർ-മുള്ളർ മ്യൂസിയം
വീറ്റ് ഫീൽഡ് വിത്ത് സിപ്രസെസ്സ്, 1889, നാഷ്ണൽ ഗാലറി, ലണ്ടൺ
സിപ്രസെസ്സ്, 1889, മെട്രോപോലിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ന്യൂയോർക്ക്
സിപ്രസെസ്സ് വിത്ത് ടു ഫീഗേഴ്സ്, 1889–90, ക്രോളർ-മുള്ളർ മ്യൂസിയം (F620)

ഇതിലെ റോഡ് വിത്ത് സൈപ്രെസ്സ് ആന്റ് സ്റ്റാർസ് എന്നത് ദ സ്റ്റാറി നൈറ്റ് എന്ന ചിത്രം പോലെ ഉണ്മയും മായയും കൂടികലർന്ന ഒന്നാണ്. പിക്ക് വാൻസ് പറഞ്ഞത് " യഥാർത്ഥത്തിന്റെ അനുഭൂതിയെ സ്തുതിക്കുന്ന ഈ ചിത്രം തെക്കിന്റേയും വടക്കിന്റേയും മിശ്രണമുള്ള ഒന്നാണ്". വാൻ ഗോഗും,ഗോഗിനും ഇതിനെ പരാമർശിച്ചത് ഒരു അമൂർത്തീകരണം എന്നാണ്.

ഒലീവു മരങ്ങളുടെ ഏതാണ്ട് പതിനഞ്ചു എണ്ണച്ചായച്ചിത്രങ്ങൾ വിൻസെൻറ് വരച്ചിട്ടുണ്ട്.[203] ഏകദേശം 1889 ജൂൺ പതനെട്ടോടെ പൂർത്തിയായ ഒലീവ് ട്രീസ് വിത്ത് ദി ആൽപ്പില്ലീസ് ഇൻ ദി ബാക്ക്ഗ്രൗണ്ട് എന്ന ചിത്രത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം തിയോക്ക് അയച്ച കത്ത് ഇങ്ങനെയാണ് ,"അങ്ങനെ അവസാനം ഒലീവ് മരങ്ങളുള്ള പ്രകൃതിയുടേയും ,നക്ഷത്ര നിബിഡമായ രാത്രിയുടേയും(സ്റ്റാറി നൈറ്റ്) പുതിയ ചിത്രങ്ങൾ വരച്ചു കഴിഞ്ഞിരിക്കുന്നു."[204]. സെൻറ് റെമിയിലെ ഒലീവുതോട്ടങ്ങളിരുന്നാണ് ഈ ചിത്രങ്ങൾ മിക്കതും വച്ചത്.

ഒരു ഗാലറി തന്റെ ചിത്രങ്ങളെ നിരാകരിച്ചതിന്റെ ഫലമായാണ് അദ്ദേഹം വേസ് വിത്ത് ട്വെൽവ് സൺഫ്ലവേഴ്‍സ് സ്റ്റാറി നൈറ്റ് ഓവർ ദി റോൺ (1888), എന്നീ ചിത്രങ്ങൾ വരച്ചതെന്ന് കരുതപ്പെടുന്നു. ഇവയെല്ലാം അദ്ദേഹത്തിന്റെ മഞ്ഞവീടിന്റെ അലങ്കാരത്തിനായി ഉപയോഗിച്ചു.[205][206]

പഴമരത്തോട്ടങ്ങളിൽ പൂക്കാലം

ഇതും കാണുക: Flowering Orchards
ചെറി ട്രീ, 1888, മെട്രോപൊളിറ്റൻ മ്യൂസിയം ഒഫ് ആർട്ട്, ന്യൂ യോർക്ക്.
വ്യൂ ഓഫ് ആർലെസ്, ഫ്ലവറിങ്ങ് ഓർക്കാർഡ്സ്, 1889, ന്യൂ പിനാക്കെതെക്ക്.
ആൽമണ്ട് ബ്ലോസംസ്, 1890, വാൻ ഗോഗ് മ്യൂസിയം.

ഫ്ലവറിങ്ങ് ഓർച്ചെർഡ്സ് എന്നും ഓർച്ചെർഡ്സ് ഇൻ ബ്ലോസംസ് എന്നും വിശേഷിപ്പിക്കാറുള്ള ഒരു കൂട്ടം ചിത്രങ്ങൾ. വിൻസെന്റ് തൻറെ ആർലെസ് താമസക്കാലത്ത് ചെയ്തുതീർത്തവയാണ്. 1888 ഫെബ്രുവരിയിലാണ് വിൻസെൻറ് ആർലെസ്സിലെത്തിയത്. അത് വസന്തകാലത്തിന്റെ തുടക്കമായിരുന്നു. ചുറ്റിലും പൂത്തുലഞ്ഞു നില്ക്കുന്ന ഫലവൃക്ഷങ്ങൾ- ഒരു പുനർജന്മത്തിന്റെ പ്രതീകമായാണ് വിൻസെൻറ് ഇതിനെ വീക്ഷിച്ചത്. 14 ചിത്രങ്ങളടങ്ങുന്ന ഈ പരമ്പര വസന്തകാലത്തിന്റെ ശുഭാപ്തിവിശ്വസത്തിന്റേയും,സന്തോഷത്തിന്റേയും പ്രകടനമായി കലാനിരൂപകർ വിലയിരുത്തുന്നു. ഈ ചിത്രങ്ങളിലൊക്കെ വൃക്ഷങ്ങൾ പ്രകാശം പരത്തുന്നതായ അനുഭൂതി ഉളവാക്കുന്നു. ദി ചെറി ട്രീ എന്ന ചിത്രത്തെ കുറിച്ച് വാൻ ഗോഗ് തിയോക്ക് 1888 ഏപ്രിൽ 21 -ന് ഇങ്ങനെ എഴുതി,"എന്റെ കൈയ്യിൽ പൂത്തുനില്ക്കുന്ന പഴത്തോട്ടങ്ങളുടെ പത്തു വലിയ ചിത്രങ്ങളുണ്ട്. അതിലൊരെണ്ണം ചെറി ട്രീയുടെ ചിത്രമാണ്, അതു പക്ഷെ ഞാൻതന്നെെ പാഴാക്കി."[207]. വ്യൂ ഓഫ് ആർലെസ്, ഫ്ലവറിങ്ങ് ഓർചെർഡ്സ് എന്നീ ചിത്രങ്ങളും ഉൾപ്പെടുന്നു.[208]. വിൻസെൻറ് തെക്കൻ ഫ്രാൻസിലെ സസ്യജാലങ്ങളിലും അവിടത്തെ പ്രകൃതിദൃശ്യങ്ങളിലും ആകർഷകനായി. ആർലെസിനരികെയുള്ള തോപ്പുകളും പാടങ്ങളും അദ്ദേഹം സന്ദർശിച്ചു. അവിടത്തെ മെഡറ്ററേനിയൻ കാലാവസ്ഥ പ്രദാനം ചെയ്ത തെളിച്ചമേറിയ പ്രകാശം അദ്ദേഹത്തിന്റെ ചായപലകയേയും പ്രകാശമാനമാക്കി.

സൺ ഫ്ലവേഴ്സ്- സൂര്യകാന്തി പൂക്കളും മറ്റും

പൂക്കൾക്ക് പ്രാധാന്യം നല്കിക്കൊണ്ടുള്ള നിരവധി പ്രകൃതി ദൃശ്യങ്ങൾ വിൻസെൻറ് വരച്ചിട്ടുണ്ട്. അതിൽ വ്യൂ ഓഫ് ആർലെസ് വിത്ത് ഐറിസെസ് , ഐറിസെസ്, സൺഫ്ലവേഴ്സ്[209],ലൈലാക്സ്,റോസെസ് എന്നിവയും ഉൾപ്പെടുന്നു. ഈ ചിത്രങ്ങൾ അദ്ദേഹത്തിന് വർണഭാഷയിലുള്ള പ്രാഗൽഭ്യവും ,ജാപ്പനീസ് ഉക്കിയോ-ഇ വുഡ്ബ്ലോക്ക് ശൈലിയിലുള്ള താത്പര്യവും പ്രതിഫലിപ്പിക്കുന്നു.[210]

വ്യൂ ഓഫ് ആർലെസ് വിത്ത് ഐറിസെസ്, 1888, വാൻ ഗോഗ് മ്യൂസിയം, ആംസ്റ്റർഡാം.
ഐറിസെസ്, 1889, ഗെറ്റി സെന്റർ, ലോസ് ഏഞ്ചലെസ്

സൂര്യകാന്തി പൂക്കളുടെ രണ്ട് ചിത്രപരമ്പരകളിൽ ഒന്ന് 1887 -ൽ അദ്ദേഹം പാരീസിൽ താമസിക്കുന്ന കാലത്തും , രണ്ടാമത്തേത് അദ്ദേഹത്തിന്റെ ആർലെസ് താമസകാലത്തും വരച്ചവയാണ്. പാരീസ് കാല ചിത്രങ്ങൾ വീണപൂക്കളുടേതാണ്. ആർലെസ് ചിത്രങ്ങളിൽ പുലർകാലപ്രകാശത്തിൽ പൂക്കൾ ഒരു പൂപാത്രത്തിൽ ഒരുക്കി വെച്ച നിലയിലും. വിൻസെൻറ് ഏറെ ശുഭാപ്തിവിശ്വാസിയായിരുന്ന 1888-ൽ ആണ് ആർലെസ് പരമ്പര വരച്ചുപൂർത്തിയായത്. ഇവയേയെല്ലാം ഗോഗിനു വേണ്ടി ഒരുക്കിയ മഞ്ഞവീടിന്റെ അലങ്കാരങ്ങൾ എന്ന പരമ്പരയിലും ഉൾപെടുന്നു. ആ പൂക്കളെല്ലാം കട്ടികൂടിയ ബ്രഷിന്റെ വരകൾകൊണ്ടും (ഇമ്പാസ്റ്റോ), ഭാരംകൂടിയ പെയിന്റിന്റെ പാളികൾകൊണ്ടും നിർമ്മിതമായതാണ്.[211]

1888 ആഗസ്തിലെ തിയോക്കുള്ള ഒരു കത്തിൽ വാൻ ഗോഗ് ഇങ്ങനെ എഴുതി,

ഞാൻ കഠിന പ്രയത്നത്തിലാണ്,ഒപ്പം ഉത്സാഹഭരിതനും. മീൻസൂപ്പ് അകത്താക്കുന്ന മെർസെയിലുകാരന്റെ ആർത്തിയാണെനിക്ക്. എന്നാൽ ഞാൻ സൂര്യകാന്തിയുടെ ചിത്രങ്ങൾ വരക്കുകയാണെന്ന് അറിഞ്ഞാൽ നീ ഒട്ടും അത്ഭുതപ്പെടില്ല. ഈ ചിന്ത ഉദിച്ചശേഷം ഒരു ഡസനോളം പാനലുകൾ ഒരുക്കിവെച്ചിട്ടുണ്ട്. എല്ലാ ദിവസവും പുലർകാലങ്ങളിൽ പൂക്കൾ വിടരുന്ന സമയത്ത് ഞാൻ വരയ്ക്കും. അതുകൊണ്ടുതന്നെ കാൻവാസിൽ നീലയും,മഞ്ഞയും നിറഞ്ഞു തുളുമ്പും. ഞാനിപ്പോൾ എത്തിനിൽക്കുന്നത് സൂര്യകാന്തിയുടെ നാലാമത്തെ ചിത്രത്തിലാണ്. ഈ നാലമത്തേത് 14 പൂക്കളുടെ കൂട്ടമാണ്.... അത് നമുക്ക് അത്യപൂർവമായ കാഴ്ചാനുഭൂതി തരുന്നു.[211]

ഗോതമ്പ് പാടങ്ങൾ

വീറ്റ് ഫീൽഡ് വിത്ത് ക്രോസ്, 1890, വാൻ ഗോഗ് മ്യൂസിയം, ആംസ്റ്റർഡാം
ഇതും കാണുക: Wheat Fields (Van Gogh series), The Wheat Field
വീറ്റ് ഫീൽഡ് അറ്റ് ഒവേർസ് വിത് വൈറ്റ് ഹൗസ് ,1890 (ദി ഫിലിപ്സ് കലക്ഷൻ, വാഷിംഗ്ടൺ ഡി.സി.)

ആർലെസ് ചുറ്റിനടന്നു കാണുന്നതിന്റെ ഫലമായി വിൻസെൻറ് അനേകം പ്രകൃതിദൃശ്യങ്ങൾ വരച്ചു. വിളവെടുപ്പ്,ഗോതമ്പ് പാടങ്ങൾ, ഗ്രാമീണ സ്ഥതിഗതികൾ, ഗ്രാമീണ മുഖങ്ങൾ ഇവയൊക്കെ കാൻവാസിലേക്കു പകർത്തി. അതിൽ ദി ഓൾഡ് മിൽ(1888) എന്ന ചിത്രത്തിൽ അനന്തതയിലേക്കു നീണ്ടുകിടക്കുന്ന ഗോതമ്പു പാടങ്ങൾക്ക് പണിശാല അതിരു പാകുന്നു. അതാണ്, വിൻസെൻറ് 1888-ൽ പോൾ ഗോഗിനും,എമിലി ബെർനാർഡിനും, ചാൾസ് ലാവലിനുമായി കൈമാറ്റം ചെയ്ത ഏഴ് ചിത്രങ്ങളിൽ ഒന്ന്.[212] ഹേഗ് ,പാരീസ്, ,ആന്റ്വർപ്പ് എന്നിവിടങ്ങളിലെ താമസക്കാലത്ത് സ്വന്തം മുറിയുടെ ജനാലയിലൂടെ കാണുന്ന കാഴ്ചകൾ വിൻസെൻറ് വരച്ചിച്ചുണ്ട്. ആ പരമ്പരയുടെ ഉത്തുംഗ ശൃംഗത്തിലാണ് ദി വീറ്റ് ഫീൽഡ് പരമ്പരയെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു. സെയിന്റ് റെമി ചികിത്സാലയത്തിൽ തന്റെ മുറിക്കകത്തുനിന്ന് ജനാലയിലൂടെ കാണാൻ കഴിഞ്ഞ കാഴ്ചകളാണവ.[213]

1890-ൽ വിൻസെൻറ് ഓവേഴ്സിൽ എത്തിയ മെയ് മാസത്തിൽ , പച്ചനിറത്തിൽ തളിർത്തു നില്ക്കുന്ന ഗോതമ്പ് പാടങ്ങൾ അദ്ദേഹത്തെ വശീകരിച്ചു. ജൂലൈയിൽ തിയോക്ക് എഴുതിയ കത്തിൽ ഇതേ കുറിച്ച് വിവരിക്കുന്നതിങ്ങനെയാണ്, "ഞാൻ ഇവിടത്തെ കുന്നുകളിലും അതിനുതാഴെ വിശാലമായി പരന്നു കിടക്കുന്ന സമതലങ്ങളിലും, അനന്തമായ സമുദ്രത്തിലും, നേർത്ത മഞ്ഞ നിറത്തിലും അലിഞ്ഞു പോവുകയാണ്."[214] വീറ്റ്ഫീൽഡ്സ് അറ്റ് ഓവർസ് വിത് വൈറ്റ് ഹൗസ് എന്ന ചിത്രത്തിൽ നീലയും മഞ്ഞയും ചാരുതയാർന്ന വിധത്തിൽ സമ്മേളിച്ചിരിക്കുന്നു. തിയോക്കുള്ള ഒരു കത്തിൽ വാസ്റ്റ് ഫീൽഡ്സ് ഓഫ് വീറ്റ് അണ്ടർ ട്രബ്ൾഡ് സ്ക്കൈസ് എന്ന ചിത്രത്തെകുറിച്ച് പരാമർശിച്ചിട്ടുണ്ട്. തനിക്ക് ദുഃഖത്തെ തേടി പുറത്ത് പോകേണ്ട ആവശ്യമില്ലെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.[215] വീറ്റ് ഫീൽഡ് വിത്ത് ക്രോസ് എന്ന ചിത്രം അദ്ദേഹത്തിന്റെ അവസാനത്തെ നാളുകളിലെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഹൾസ്കർ പറയുന്നു. കറുത്ത ആകാശവും ദുശ്ശകുനികളായ കാക്കകളും കലുഷിതമായ മനസ്സിന്റെ പ്രതിച്ഛായയാണെന്ന് ഹൾസ്കർ വിശേഷിപ്പിക്കുന്നു.[216]. ചിത്രത്തിലെ ഇരുണ്ട നിറങ്ങളും കനത്തു തടിച്ച വരകളും ഭീഷണിയുടെ പ്രതീതി ഉളവാക്കുന്നുവത്രെ .[217]

പാരമ്പര്യം

മരണാനന്തര യശസ്സ്

പെയിന്റർ ഓൺ ദി റോഡ് ടു ടാരാസ്കോൺ, 1888 ആഗസ്ത്, വിൻസന്റ് വാൻ ഗോഗ് മോണ്ടാമജോറിലേക്കുള്ള യാത്രയിൽ, ഓയിൽ ഓൺ ക്യാൻവാസ്, 48 × 44 cm., മാഗ്ഡബെർഗ് എന്ന മ്യൂസിയത്തിലായിരുന്നു,എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി ഉണ്ടായ തീയിൽ കത്തികരിഞ്ഞെന്ന് വിശ്വസിക്കുന്നു.

1880 കളിലെ ആദ്യത്തെ ചിത്രപ്രദർശനത്തിനു ശേഷം, വിൻസെൻറ് ഏറെ ശ്രദ്ധേയനായി. കലാകാരന്മാർ, ,കലാനിരൂപകർ , കലാ വിപണി, കലാസ്നേഹികൾ എന്നവരൊക്കെ ഉൾപെടുന്ന കലാസമൂഹത്തിൽ അദ്ദേഹത്തിന്റെ യശസ് വർധിച്ചു.[218] `1887-ൽ ആൻഡ്രേ ഓൻറ്വാൻ സംഘടിപ്പിച്ച പ്രദർശിനിയിൽ സ്യൂരെറ്റിൻറേയും സിഗ്ന്യാക്കിൻറേയും സൃഷ്ടികളോടൊപ്പം വിൻസെൻറിൻറേയും ചിത്രങ്ങൾ ഉണ്ടായിരുന്നു. മാസികകളിൽ ചിത്രനിരൂപകർ വിൻസെൻറിൻറെ സൃഷ്ടികളെ അപഗ്രഥിച്ചു. മരണാനന്തരം ബ്രസ്സെൽസിലും,പാരീസിലും,ഹേഗിലും,ആന്റ്വെർപ്പിലും വാൻഗോഗ് സ്മാരക പ്രദർശിനികൾ സംഘടിപ്പിക്കപ്പെട്ടു. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആംസ്റ്റർഡാമിലും കൊളോണിലും,ന്യൂയോർക്കിലും, ബെർലിനിലും ഇത്തരം പ്രദർശനങ്ങൾ സംയോജിതമായി.[219] ഇവയൊക്കെ യുവതലമുറക്ക് കലയിൽ താത്പര്യം ജനിക്കാൻ പ്രചോദനങ്ങൾ നൽകി.[220]. 20-ാം നൂറ്റാണ്ടിന്റെ പകുതിയായതോടെ വാൻഗോഗ് അതി ശ്രേഷ്ഠനായ കലാകാരനായി ചരിത്രം വിലയിരുത്തി.[221][222] 2007-ൽ ഒ ഡച്ച് ചരിത്രകാരന്മാർ സ്ക്കൂളുകളിൽ പഠിപ്പിക്കാനായി തയ്യാറാക്കിയ ചരിത്രപുസ്തകത്തിലെ (കേനൺ ഓഫ് ഡച്ച് ഹിസ്റ്ററി ) 50 വിഷയങ്ങളിൽ റെംബ്രാന്റ് എന്ന ചിത്രകാരനും ,ഡെ സ്റ്റൈലിനും ഒപ്പം വിൻസെൻറ് വാൻഗോഗും ഇടം പിടിച്ചു.

ലേലവിൽപ്പനയുടെ അടിസ്ഥാനത്തിലും,സ്വകാര്യ വിൽപ്പനകളുടെ അടിസ്ഥാനത്തിലും, പാബ്ലോ പിക്കാസോയുടെ ചിത്രങ്ങൾക്കൊപ്പം, വാൻ ഗോഗിന്റെ സൃഷ്ടികളാണ് ലോകത്തെ ഏറ്റവും വിലയേറിയ ചിത്രങ്ങൾ. മിക്കവയും യു.എസ്‍ ഡോളർ 100 മില്ല്യണിനാണ് വിറ്റുപോയത്, അവയിൽ പോർട്ട്രെയിറ്റ് ഓഫ് ഡോ. ഗാച്ചെറ്റ് [223], പോർട്ട്രെയിറ്റ് ഓഫ് ഡോക്ടർ റൗളിൻ ,ഐറിസെസ് എന്നിവയും ഉൾപ്പെടുന്നു. എ വീറ്റ് ഫീൽഡ് വിത്ത് സൈപ്രസെസ്സ് എന്ന ചിത്രം 1993-ൽ ആ സമയത്തെ ഉയർന്ന വിലയായിരുന്ന യു.എസ്$57 മില്ല്യണിനാണ് വിറ്റുപോയത്. സ്വഛായാചിത്രമായ സെൽഫ് പോർട്ട്രെയിറ്റ് വിത്ത് ബാൻഡേജഡ് ഇയർ സ്വകാര്യസംഗ്രാഹകൻ വിലക്കെടുത്തു, പിന്നീട് 1990 -കൾക്ക് ശേഷം അതിൻറെ വിലമതിപ്പ് 80- 90 മില്ല്യൺ ഡോളറാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.[224]

സൺസെറ്റ് അറ്റ് മോൺട് മജോർ 1888

2013 സെപ്തമ്പർ മുതൽ 2014 ജനവരി വരെ ആംസ്റ്റർഡാമിലെ വാൻ ഗോഗ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രമാണ് സൺസെറ്റ് അറ്റ് മോൺട്മാജോർ .[225] ഇത് വിൻസെൻറിൻറെ ചിത്രമാണെന്ന വിശ്വാസത്തിലാണ് നോർവീജിയൻ വ്യവസായി ക്രിസ്റ്റ്യൻ നികോളെ മുസ്തദ് ഇതു വാങ്ങിച്ചത്. എന്നാൽ ഇതൊരു വ്യജനാണെന്ന് തെറ്റിദ്ധാരണയിൽ തന്റെ മച്ചിൻപുറത്ത് ഉപേക്ഷിച്ചു. പിന്നീട് ഈ ചിത്രത്തിന്റെ വിശ്വാസ്യത സ്ഥിരീകരിക്കപ്പെട്ടു. 1888ജൂലൈ 5-ന് തിയോക്കയച്ച കത്തിൽ ഈ ചിത്രത്തെക്കുറിച്ചുള്ള പരാമർശമുണ്ട്[226].

വിൻസന്റ് തിയോക്കയച്ച കത്തുകളുടെ പ്രദർശിനി 2009 ഒക്ടോബർ മുതൽ 2010 ജനുവരി വരെ വാൻ ഗോഗ് മ്യൂസിയത്തിൽ ഇടം നേടി.[227] അവ പിന്നീട് ലണ്ടണിലെ റോയൽ അക്കാദമി യിലേക്ക് മാറ്റപ്പെട്ടു, ജനുവരി മുതൽ ഏപ്രിൽ വരെ അവിടെ പ്രദർശനത്തിന് വയ്ക്കുകയും ചെയ്തു.[228] 2013 മെയ് 1 മുതൽ 2014 ജനുവരി 12 വരെ വാൻ ഗോഗ് മ്യൂസിയത്തിൽ വാൻ ഗോഗ് അറ്റ് വർക്ക് എന്ന പേരിൽ 200 പെയിന്റിങ്ങുകളും,ഡ്രോയിങ്ങുകളും, പ്രദർശിപ്പിക്കപ്പെട്ടു ,അവയിൽ 150 എണ്ണം വാൻ ഗോഗിന്റേതും ബാക്കി ,പോൾ ഗോഗിന്റേയും എമിലി ബെർനാർഡിന്റേതുമായിരുന്നു.[229]

പിന്തുടർച്ചക്കാർ

ദി പവർ ഓഫ് ആർട്ട് എന്ന പുസ്തകത്തിൽ സൈമൺ ഷാമാ പറയുന്നു കാലാന്തരത്തിൽ വാൻഗോഗിന് അസംഖ്യം പിന്തുടർച്ചക്കാർ ഉണ്ടായെന്ന്. വാൻ ഗോഗിന്റെ രചനാ രീതി അനുകരിച്ച വില്ലെം ഡി കൂനിംഗ് , ഹോവാർഡ് ഹോഡ്ഗിൻ, ജാക്സൺ പൊള്ളോക്ക് എന്നിവരേയൊക്കെ ഷാമാ പരാമർശിക്കുന്നുണ്ട്. 1940 കളിലേയും, 1950 കളിലേയും അബ്സ്റ്റ്രാക്റ്റ് എക്സ്പ്രെഷനിസം ശൈലി ഉരുത്തിരിഞ്ഞുവന്നതിൽ വാൻഗോഗിന്റെ ചിത്രങ്ങളുടെ സ്വാധീനം കാണാം. ചിത്രകലാനിരൂപകയായ സ്യു ഹബാർഡിന്റെ വാക്കുകൾ ഇങ്ങനെയാണ്:"20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വാൻ ഗോഗ്, എക്സപ്രഷനിസ്റ്റുകൾക്ക് ചിത്രത്തിന്റെ പ്രതലത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ അനന്തതയിലേക്ക് കൊണ്ടുപോകുന്നതും, നിഗൂഢ സത്യങ്ങൾ ഉൾക്കൊള്ളുന്നതുമായ ഒരു പുതിയ പെയിന്റിങ്ങിന്റെ ഭാഷ നൽകി. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. കാരണം ഈ ഏതാണ്ട് ഇതേ സമയത്താണ് സിഗ്മണ്ട് ഫ്രോയിഡ് മനസ്സിന്റെ ആഴങ്ങളെന്ന അവബോധത്തിലേക്ക് തുരന്ന് പോയികൊണ്ടിരുന്നത്. വർണഭാഷയിലൂടെ ആശയപ്രകാശനം ചെയ്ത വാൻ ഗോഗിനെ അദ്ദേഹം അർഹിക്കുന്ന ആധൂനിക കലയുടെ ഉപജ്ഞാതാവ് എന്ന സ്ഥാനത്തെത്തിച്ചു."[230]

1947-ൽ പാരിസിൽ സ്ഥിതിചെയ്യുന്ന ഓറഞ്ചേറിയയിലെ ചിത്രഗാലറിയിൽ വാൻഗോഗിന്റെ ശ്രേഷ്ഠമായ പെയിറ്റിംഗുകളുടെ പ്രദർശനി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഗാലറിയുടെ ഉടമയായ പിയർ ലീബ് ഇതേക്കുറിച്ചെഴുതാൻ അൻറോണിയോ അർട്വാഡ് എന്ന സാഹിത്യകാരനോട് ആവശ്യപ്പെട്ടു.[231] വാൻ ഗോഗ് ല സൂസൈഡി ഡി ലാ സൊസൈറ്റി( സമൂഹം ആത്മഹത്യയിലെത്തിച്ച വാൻ ഗോഗ് ) എന്ന പേരിൽ അർട്വാഡ് ഒരു പുസ്തകം എഴുതുകയാണുണ്ടായത്. ആർട്ട്വാഡിൻറെ അഭിപ്രായത്തിൽ വാൻഗോഗിന്റെ മാനസികനിലക്ക് യാതൊരു തകരാറും ഉണ്ടായിരുന്നില്ല. മറിച്ച് അദ്ദേഹത്തെ മനസ്സിലാക്കാൻ സമകാലികരായ ബുദ്ധിഹീനർക്കു കഴിഞ്ഞില്ല, അതാണ് വാൻഗോഗിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചത് എന്നാണ്.[232] രണ്ടാം ലോകമഹായുദ്ധത്തിൽ നശിച്ചുപോയ വാൻ ഗോഗിന്റെ ദി പെയിന്റർ ഓൺ ദി റോഡ് ടു ടാരാസ്കോൺ എന്ന ചിത്രത്തെ 1957-ൽ ഫ്രാൻസിസ് ബേക്കൺ എന്ന ചിത്രകാരൻ പുനരുത്പാദിപ്പിച്ചു. ബേക്കണെ ആകർഷിച്ചത് അദ്ദേഹം ഹോണ്ടിങ്ങ് എന്ന് വിശേഷിപ്പിച്ച ആ ഒരു ചിത്രത്തിലെ മനുഷ്യരൂപം മാത്രമല്ല മറിച്ച് വിൻസന്റ് വാൻ ഗോഗ് എന്ന കലാകാരനും വ്യക്തിയും കൂടിയായിരുന്നു. തിയോക്കുള്ള കത്തിലെ വരികൾ എടുത്തു പറയുന്നുമുണ്ട് : "[യ]ഥാർത്ഥ കലാകാരന്മാർ വസ്തുക്കളെ യഥാതഥമായി വരക്കാറില്ല...[അ]വർ അവ ഉളവാക്കുന്ന അനുഭൂതിയെയാണ് വരക്കാറ്."[233]


വാൻഗോഗ് വരച്ച ചിത്രങ്ങളിൽ ചിലത്

അവലംബം



മറ്റ് വെബ് വിലാസങ്ങൾ

കണ്ണികൾ

വിക്കിചൊല്ലുകളിലെ വിൻസെന്റ് വാൻ ഗോഗ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

കുറിപ്പുകൾ


കുറിപ്പുകൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=വിൻസന്റ്_വാൻഗോഗ്&oldid=4079909" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്