അതിമദ്യാസക്തി

മദ്യത്തോടുള്ള തീവ്രമായ ആസക്തി.

മദ്യപാനത്തിനുള്ള തീവ്രമായ ആസക്തി.[1][2] വ്യക്തിയുടെ ആരോഗ്യത്തിനും സാമൂഹ്യസാമ്പത്തികഭദ്രതയ്ക്കും ഹാനികരമാംവിധം സാധാരണ നിലവാരങ്ങൾക്ക് അതീതമായി മദ്യപിക്കുവാനുള്ള ആസക്തിയെ രോഗമായി കണക്കാക്കുന്നു.

അതിമദ്യാസക്തി
സ്പെഷ്യാലിറ്റിസൈക്യാട്രി, മെഡിക്കൽ ടോക്സിക്കോളജി, മനഃശാസ്ത്രം, vocational rehabilitation, narcology Edit this on Wikidata

മദ്യപരിൽ ഒരു ചെറിയ ശതമാനം മാത്രമേ അതിമദ്യാസക്തരാകുന്നുള്ളൂ. എല്ലാ രാജ്യങ്ങളിലും സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാരാണ് അതിമദ്യാസക്തിക്ക് അധീനരാകുന്നത്. എങ്കിലും കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ അതിമദ്യാസക്തരായ സ്ത്രീകളുടെ എണ്ണം വളരെയധികം വർധിച്ചിട്ടുണ്ട്. അതിമദ്യാസക്തരുടെ ഇടയിൽ പങ്കാളി ഇല്ലാത്തവരും വിഭാര്യൻമാരും ഒട്ടധികമുണ്ട്. ഭൂരിപക്ഷം അതിമദ്യാസക്തരും മധ്യവയസ്കരാണ്. എല്ലാ സാമ്പത്തിക വിഭാഗങ്ങളെയും ഇതു ബാധിക്കുന്നു. മദ്യപിച്ചു വാഹനമോടിക്കുന്ന ഡ്രൈവർമാർ റോഡ് അപകടങ്ങൾക്ക് കാരണമാകുന്നു. വികസിതരാജ്യങ്ങളിൽ അതിമദ്യാസക്തി വൻതോതിലുള്ള ധനവ്യയത്തിനും ജോലി സമയനഷ്ടത്തിനും കാരണമായ വലിയ ഒരു പ്രശ്നമായി തീർന്നിട്ടുണ്ട്. ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ അതിമദ്യാസക്തി വരുത്തിവയ്ക്കുന്ന കെടുതികൾ സ്ഥിതിവിവരക്കണക്കുകൾ കൊണ്ടു മാത്രം വിവരിക്കാവുന്നതല്ല.

വിവിധ തരക്കാർ

ജെല്ലിനെക് എന്ന വിദഗ്ദ്ധൻ അതിമദ്യാസക്തിയെ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, എപ്സിലോൺ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു.

ആൽഫാ വിഭാഗത്തിലുള്ളവർ വളരെയധികം മദ്യം കഴിക്കുന്നു. എങ്കിലും നിയന്ത്രണാതീതരാകുന്നില്ല. വേണമെങ്കിൽ മദ്യപാനം പൊടുന്നനവേ നിർത്താനും ഇവർക്കു സാധിക്കും. എങ്കിലും മദ്യപാനത്തിന്റെ സാമൂഹികവും, സാമ്പത്തികവും, ശാരീരികവും, ലൈംഗികവുമായ ദോഷഫലങ്ങളെ ഇവർക്കു ക്രമേണ നേരിടേണ്ടിവരുന്നു.

മദ്യപാനംമൂലം കരൾ‍, ആമാശയം, ഞരമ്പുകൾ എന്നീ അവയവങ്ങൾക്ക് രോഗബാധയുണ്ടാകുന്നവർ ബീറ്റാ വിഭാഗത്തിൽപെടുന്നു.

മദ്യം കൈവെടിയാൻ നിവൃത്തിയില്ലാത്തവിധം ശാരീരികവും മാനസികവുമായി അതിനു പരിപൂർണ അടിമകളായി തീരുന്നവരാണ് ഗാമാ വിഭാഗത്തിൽപെട്ടവർ.

മദ്യപാനം നിർത്താൻ കഴിവില്ലെങ്കിലും കുടിക്കുന്ന മദ്യത്തിന്റെ അളവ് നിയന്ത്രിക്കാൻ സാധിക്കുന്നവരെയാണ് ഡെൽറ്റാ വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. വൻതോതിൽ മദ്യനിർമ്മാണം നടക്കുന്ന രാജ്യങ്ങളിൽ ഇങ്ങനെയുള്ളവർ ധാരാളമുണ്ട്.

എപ്സിലോൺ വിഭാഗത്തിൽപെടുന്ന അതിമദ്യപാനികൾ ഒരിക്കൽ മദ്യപാനം ആരംഭിച്ചാൽ പിന്നെ വളരെ ദിവസങ്ങളോളം അമിതമായി മദ്യപിക്കുകയും അതിനെ തുടർന്ന് കുറേനാളത്തേക്ക് മദ്യവർജകൻമാരായിരിക്കയും ചെയ്യുന്നു.

വിവിധഘട്ടങ്ങൾ

അതിമദ്യാസക്തൻ ആദ്യഘട്ടത്തിൽ വിരുന്നുകൾ തുടങ്ങിയ സാമുദായിക ചടങ്ങുകളിൽ മറ്റുള്ളവരോടൊത്ത് മാത്രം മദ്യപിക്കുന്നു. തുടർന്നു മദ്യം കൈവരുത്തുന്ന മനഃശാന്തി കൂടുതൽ കൂടുതൽ മദ്യം കഴിക്കാൻ അയാളെ പ്രേരിപ്പിക്കുന്നു.

രണ്ടാം ഘട്ടത്തിലെത്തുമ്പോഴേക്ക് മദ്യം ഒരു പാനീയമെന്നുള്ള നിലയിൽനിന്ന് അവശ്യം ആവശ്യമായ ഒരു ഔഷധമെന്ന നിലയിലേക്ക് മാറുന്നു. മദ്യം ഒരു ലഹരിയായി മാറുന്നു. പലപ്പോഴും മദ്യം കഴിച്ചശേഷം കുറ്റബോധവും പശ്ചാത്താപവും ഈ ഘട്ടത്തിൽ അയാൾ പ്രകടിപ്പിച്ചേക്കും. എങ്കിലും അടുത്ത നിമിഷംതന്നെ ഒളിവിൽ മദ്യപിക്കാനും താൻ മദ്യപിച്ചിട്ടേയില്ല എന്ന് കളവുപറയാനും അതു ഫലിച്ചില്ലെങ്കിൽ തന്റെ മദ്യപാനത്തെ വിവിധ കാരണങ്ങളുന്നയിച്ച് ന്യായീകരിക്കാനും ശ്രമിക്കുന്നു. അടുത്ത ഘട്ടത്തിൽ മദ്യപാനം തികച്ചും നിയന്ത്രണാതീതമാകുന്നു. ഒറ്റയ്ക്കിരുന്ന് കുടിക്കുവാനും സമയഭേദമില്ലാതെ തുടർച്ചയായി കുടിക്കുവാനുമുള്ള പ്രവണത ഇവിടെ കാണിക്കുന്നു. ഈ ഘട്ടത്തിൽ മദ്യപന്റെ ഏക ജീവിതലക്ഷ്യം, എങ്ങനെയെങ്കിലും തനിക്കാവശ്യമുള്ള മദ്യം സമ്പാദിക്കുക എന്നതാണ്. ബുദ്ധിപരവും സാൻമാർഗികവും സാമൂഹ്യവുമായ എല്ലാ തലങ്ങളിലും അധഃപതനം സംഭവിക്കുന്ന ഈ നിലയിലും മദ്യപാനത്തിനെതിരെ, തന്നെ ഗുണദോഷിക്കുന്നവരോട് അയാൾക്ക് വിരോധം മാത്രമേ തോന്നുകയുള്ളു. തന്റെ പഴയ സുഹൃത്തുക്കളിൽനിന്ന് അകന്നുമാറി, ലഹരിയെ അമിതമായി ആശ്രയിക്കുന്നവരോട് മാത്രം അയാൾ സമ്പർക്കം പുലർത്തുന്നു. മദ്യപാനത്തിന്റെ ഫലമായുണ്ടാകുന്ന പല മാനസികരോഗങ്ങളും പ്രത്യക്ഷമാകുന്നത് ഈ ഘട്ടത്തിലാണ്. മദ്യപാനം ആരംഭിച്ച് പത്തുപതിനഞ്ച് വർഷങ്ങൾകൊണ്ടായിരിക്കാം ഒരാൾ ഈ നിലയിൽ എത്തിച്ചേരുന്നത്.

പരിണതഫലങ്ങൾ

അതിമദ്യാസക്തി ഒരുവന്റെ ആരോഗ്യത്തെയും വ്യക്തിജീവിതത്തെയും ഔദ്യോഗികജീവിതത്തെയും താറുമാറാക്കുകയും സാമൂഹ്യവും സാമ്പത്തികവുമായ അധഃപതനത്തിനു വഴിതെളിക്കുകയും ചെയ്യുന്നു. ഇതിനൊക്കെപ്പുറമേ പല തരത്തിലുള്ള ശാരീരികവും മാനസികവുമായ രോഗങ്ങൾക്ക് അതു കാരണമായിത്തീരുകയും ചെയ്യുന്നു. ശരീരത്തിലെ മിക്ക അവയവങ്ങൾക്കും അതിമദ്യപാനംമൂലം കേടുസംഭവിക്കുന്നു. വയറ്റിൽവേദന, ഓക്കാനം, ഛർദി, വിശപ്പില്ലായ്മ തുടങ്ങിയ ആമാശയരോഗങ്ങൾ അതിമദ്യാസക്തരിൽ സാധാരണമാണ്. കരളിനെ ബാധിക്കുന്ന രോഗങ്ങളിൽ നല്ല പങ്കും ഇവരിലാണുണ്ടാകുന്നത്. മദ്യപാനത്തിന്റെ ഫലമായി സംഭവിക്കുന്ന ജീവകനാശം തലച്ചോറിനെയും ഞരമ്പുകളെയും ബാധിക്കുന്നു. അപസ്മാരരോഗികളിൽ രോഗബാധയുണ്ടാകാനുളള സാധ്യത മദ്യപാനംമൂലം വർധിക്കുന്നു.

മദ്യപാനം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നത് വ്യക്തിയുടെ ചിന്താശേഷിയെ തന്നെ ഇല്ലാതാക്കുന്നു. ഇത് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെ ദോഷകരമായി ബാധിക്കുന്നു.

അമിതമദ്യപാനം വന്ധ്യതക്ക് ഒരു പ്രധാന കാരണമാണ്. പുരുഷന്മാരിൽ ഇത് ബീജത്തിന്റെ ഗുണമേന്മയെ മോശമായി ബാധിക്കുന്നു. സ്ത്രീകളിൽ ഗർഭം ധരിക്കാനുള്ള ശേഷിയെ ബാധിക്കുന്നു. ഗർഭിണികളിൽ ഇത് ഗർഭം അലസിപ്പോകാനും കാരണമാകുന്നു. മദ്യപാനം നിർത്തിയവരിൽ മേൽപ്പറഞ്ഞ കാര്യങ്ങൾ മെച്ചപ്പെടുന്നതായി കാണാം.

അതിമദ്യപാനം ലൈംഗികശേഷിക്കുറവ്, താൽപര്യക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. ജനനേന്ദ്രിയ ഭാഗത്തേക്കുള്ള രക്തയോട്ടത്തിന്റെ കുറവ് അതിമദ്യപാനം മൂലം ഉണ്ടാകുന്നു. പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവ്, സ്ഖലനരാഹിത്യം തുടങ്ങിയവ ഉണ്ടാകാൻ ഇതൊരു പ്രധാന കാരണമാണ്. സ്ത്രീകളിൽ രതിമൂർച്ഛയില്ലായ്‌മ, യോനിവരൾച്ച എന്നിവയും കാണാം.

പങ്കാളിക്ക് മറ്റ് ബന്ധങ്ങൾ ഉണ്ടോയെന്ന ആകുലതയും അതിമദ്യപാനികളിൽ കാണാൻ സാധിക്കും. ഇത് ബന്ധങ്ങളുടെ തകർച്ചയിലേക്ക് നയിക്കുന്നു.

കാരണങ്ങൾ

ഒരു വ്യക്തി അതിമദ്യാസക്തനാകുന്നതിന് ഒരു പ്രത്യേക കാരണം എടുത്തുകാണിക്കുവാൻ പലപ്പോഴും സാധ്യമല്ല. നേരേമറിച്ച് ശാരീരികവും, മാനസികവും,[3] സാമൂഹ്യവുമായ പല കാരണങ്ങളുടെ നിരന്തരമായ പ്രതിപ്രവർത്തനത്തിന്റെ പരിണതഫലമാണ് അതിമദ്യാസക്തി.

ബി-കോംപ്ളക്സ് എന്ന ജീവകത്തിലെ ചില ഘടകങ്ങൾ ഒട്ടും ഉൾക്കൊള്ളാത്ത ഭക്ഷണം കൊടുത്തു വളർത്തിയ എലികൾക്ക് മദ്യം കഴിക്കുന്നതിനുള്ള ആസക്തി വർധിച്ചതായും, ഭക്ഷണത്തിലുണ്ടായിരുന്ന കുറവ് പരിഹരിച്ചപ്പോൾ അവയുടെ മദ്യാസക്തി ഇല്ലാതെ ആയതായും പരീക്ഷണത്തിൽ കാണപ്പെട്ടു. ഇതുപോലെയുള്ള നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരിലുണ്ടാകുന്ന അതിമദ്യാസക്തിയുടെയും കാരണം ജീവരസതന്ത്രപരമായ വൈകല്യമായിരിക്കാമെന്നും ഈ കുറവ് പരമ്പരാഗതമായിരിക്കാമെന്നും റോജർ ജെ. വില്യംസ് എന്ന ശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടിരിക്കുന്നു. പക്ഷേ, ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽമാത്രം ഒരു മനുഷ്യനെ അതിമദ്യാസക്തി ബാധിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം നല്കാൻ ഈ സിദ്ധാന്തത്തിന് കഴിയുന്നില്ല.

അതിമദ്യാസക്തിക്ക് സാമൂഹ്യവും മാനസികവുമായ കാരണങ്ങളുണ്ട്. സാമൂഹ്യാചാരങ്ങളും ബാല്യകാലാനുഭവങ്ങളും ഒരുവന്റെ മദ്യാസക്തിയെ സാരമായി സ്പർശിക്കുമെന്നുള്ളതിൽ സംശയമില്ല. പല മദ്യാസക്തരുടേയും ബാല്യകാലം കെട്ടുറപ്പില്ലാത്ത കുടുംബജീവിതവും മാതാപിതാക്കളോടുള്ള വൈകാരികമായ അകൽച്ചയും മൂലം അസംതൃപ്തമായിരുന്നുവെന്നു കാണാം. അതിമദ്യാസക്തരുടെ കുട്ടികൾ പലപ്പോഴും മാതാപിതാക്കളുടെ മാതൃക പിൻതുടർന്ന് അതിമദ്യാസക്തരായിത്തീരുന്നു.

മദ്യപാനം പൗരുഷത്തിന്റെയും ഉന്നതജീവിതരീതിയുടെയും ലക്ഷണമാണെന്ന മിഥ്യാബോധവും മദ്യാസക്തരുമായുള്ള സുഹൃദ്ബന്ധവും പലപ്പോഴും അതിമദ്യാസക്തിക്ക് കാരണമായിത്തീരുന്നു.

മാനസികമായ അസ്വസ്ഥതകൾക്ക് മദ്യം താത്കാലികമായ ശമനം നല്കുന്നുവെന്നത് അതിമദ്യാസക്തിക്ക് ന്യായമായ ഒരു കാരണമാണ്. സാധാരണനിലയിൽ വിഷാദാത്മകരും, നിരാശരും അപകർഷതാബോധമുള്ളവരും, ഉത്കണ്ഠ ഉള്ളവരും തങ്ങളുടെ വൈകാരികപ്രശ്നങ്ങളിൽനിന്ന് രക്ഷനേടാൻ മദ്യത്തെ ആശ്രയിക്കുന്നു. തുടർന്ന് അധികം മദ്യം കഴിച്ച് ഈ താത്ക്കാലികാശ്വാസം നീട്ടിക്കൊണ്ടുപോകാൻ അവർ ശ്രമിക്കുന്നു. തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ, അമിതമാനസിക സമ്മർദ്ദം, സാമ്പത്തിക തകർച്ച, പങ്കാളിയോടുള്ള പൊരുത്തക്കേട്, പ്രണയനൈരാശ്യം, ദാമ്പത്യ പ്രശ്നങ്ങൾ, ലൈംഗികപ്രശ്നങ്ങൾ തുടങ്ങി പലതും ഇതിന് കാരണമാകാം. ഇവയ്ക്ക് ശരിയായ പരിഹാരമാർഗങ്ങൾ തേടാതെ മദ്യത്തിൽ അഭയം തേടുന്നത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നു.

ചിലരിൽ ചിത്തഭ്രമം, ലഘുമനോരോഗം തുടങ്ങിയ മാനസികരോഗങ്ങളുടെ ഒരു ബാഹ്യലക്ഷണം മാത്രമായിരിക്കാം അതിമദ്യാസക്തി.

ചികിത്സാരീതികൾ

ഈ രോഗത്തിനുള്ള ചികിത്സ താരതമ്യേന പ്രയാസമേറിയതും തദനുസരണഫലം ലഭിക്കാത്തതുമായ ഒന്നാകുന്നു. ചികിത്സകൊണ്ട് അതിമദ്യാസക്തരിൽ നാലിലൊരുഭാഗം പേർക്ക് തൃപ്തികരമായും ബാക്കിയുള്ളവരിൽ പകുതിപേർക്ക് ഭാഗികമായും ഗുണം സിദ്ധിക്കുന്നുവെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.

മദ്യപാനംമൂലമോ പെട്ടെന്ന് മദ്യപാനം നിർത്തിയതുമൂലമോ ഉണ്ടാകുന്ന അസുഖങ്ങളുടെ ചികിത്സ, ഭാവിയിൽ മദ്യപിക്കാതിരിക്കുവാനുള്ള ഏർപ്പാടുകൾ, മദ്യപാനത്തിന് പ്രേരകമായ മാനസികപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തൽ എന്നിങ്ങനെ ഈ ചികിത്സയ്ക്ക് മൂന്നു സമീപനരീതികളുണ്ട്.

മദ്യപനെ ആശുപത്രിയിൽ താമസിപ്പിക്കുന്നതുമൂലം മദ്യപാനം നിർത്തുമ്പോൾ ഉണ്ടാകാവുന്ന ശാരീരികവും മാനസികവുമായ വൈഷമ്യങ്ങളെ വേഗത്തിൽ നിയന്ത്രിക്കാൻ സാധിക്കുന്നു. തന്നെ അലട്ടുന്ന പ്രശ്നങ്ങളിൽനിന്ന് താത്കാലികമായെങ്കിലും അകന്നുനില്ക്കാനുള്ള ഒരവസരവും ഇതുമൂലം മദ്യപനു ലഭിക്കുന്നു.

ചികിത്സാർഥം ആശുപത്രിയിലെത്തുമ്പോഴേക്ക് മദ്യപന്റെ ശരീരസ്ഥിതി വളരെ മോശമായിരിക്കും. അതിനാൽ ജീവകങ്ങളും മറ്റു പോഷകങ്ങളും ധാരാളം അടങ്ങിയ ഭക്ഷണം അയാൾക്ക് കൊടുക്കേണ്ടത് അത്യാവശ്യമാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചാലുടൻതന്നെ മദ്യപാനം പൂർണമായി നിർത്തുന്നതാണ് ഭൂരിപക്ഷം രോഗികളെ സംബന്ധിച്ചും ആശാസ്യം. മദ്യപാനം നിർത്തുമ്പോഴുണ്ടാകുന്ന മാനസികാസ്വസ്ഥതകൾ, ഉറക്കമില്ലായ്മ, കൈകാൽ വിറയൽ മുതലായവ ക്ളോർഡയാസിപോക്സയ്ഡ് (Chlordiazepoxide) പോലെയുള്ള മരുന്നുകൾ ഉപയോഗിച്ച് നിയന്ത്രിക്കാം. അതിമദ്യാസക്തിയുടെ ചികിത്സയിൽ എൽ.എസ്.ഡി. ഉപയോഗപ്രദമാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

ആശുപത്രി വിട്ടശേഷം വീണ്ടും മദ്യപാനത്തിലേക്ക് വഴുതുവാനുള്ള സാധ്യതയെ തടയാൻ പല മാർഗങ്ങളും ഉപയോഗിച്ചുവരുന്നു. ആന്റബ്യൂസ് (Antabuse) എന്ന ഔഷധം ഇതിലൊന്നാണ്. ഈ മരുന്നു കഴിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക് മദ്യം കുടിച്ചാൽ ഉടൻതന്നെ മുഖവും കണ്ണും ചുവക്കൽ, തലവേദന, അതിവേഗത്തിലുള്ള ഹൃദയമിടിപ്പ്, തലചുറ്റൽ, നെഞ്ചുവേദന, ശ്വാസതടസ്സം, ഓക്കാനം തുടങ്ങിയവ അനുഭവപ്പെടുന്നു. ഈ അസ്വസ്ഥതകളിൽനിന്ന് രക്ഷപെടാൻവേണ്ടി മദ്യം വർജ്ജിക്കുവാൻ രോഗി നിർബന്ധിതനാകുന്നു. മദ്യപാനം നിർത്തണമെന്ന് ആത്മാർഥമായ ആഗ്രഹവും ദിവസേന മരുന്നുകഴിക്കാൻ തയ്യാറുമുള്ള രോഗികളിൽ മാത്രമേ ഈ ചികിത്സാരീതി ഫലപ്രദമാകയുള്ളു. ഇതുപോലെ തന്നെയുള്ള മറ്റൊരു മരുന്നാണ് സിട്രേറ്റഡ് കാൽസ്യം കാർബമൈഡ് (Citrated Calcium Carbamide). മദ്യപന് മദ്യത്തോട് സാധാരണയുള്ള ആസക്തിക്കുപകരം വെറുപ്പുളവാക്കി അയാളെ മദ്യവർജകനാക്കാൻ സഹായിക്കുന്ന അരോചകചികിത്സ (Aversion Therapy) പലരും ഉപയോഗിച്ചു വരുന്നു.

ചികിത്സയിലെ പരമപ്രധാനമായ ഒരു ഘടകം സൈക്കോതെറാപ്പി എന്നറിയപ്പെടുന്ന മാനസിക ചികിത്സാസമ്പ്രദായമാണ്. രോഗിയും ഡോക്ടറും തമ്മിൽ അടുത്ത ബന്ധം ഉണ്ടാകുകയും, രോഗി തന്റെ പ്രശ്നങ്ങൾ തുറന്നു സംസാരിച്ച് അവയ്ക്ക് പരിഹാരം കണ്ടുപിടിക്കാൻ ശ്രമിക്കയും ചെയ്യുക എന്നതാണ് ഈ രീതിയുടെ അടിസ്ഥാനതത്ത്വം. രോഗികളെ ഒറ്റയ്ക്കും സംഘമായും ചിലപ്പോൾ പങ്കാളിയോടൊപ്പവും ഈ ചികിത്സയ്ക്ക് വിധേയരാക്കുന്നത് പ്രയോജനകരമാണ്.

ഇതും കാണുക

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അതിമദ്യാസക്തി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https:https://www.search.com.vn/wiki/index.php?lang=ml&q=അതിമദ്യാസക്തി&oldid=3759859" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്