അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം

അഫ്ഗാനിസ്താനിലെ മാർക്സിസ്റ്റ് സർക്കാരിനെ പിന്തുണച്ചുകൊണ്ട്, സോവിയറ്റ് യൂണിയനും എതിരേ സർക്കാർ വിരുദ്ധരായിരുന്ന ഇസ്ലാമികപ്രതിരോധകക്ഷികളും (മുജാഹിദീൻ) തമ്മിൽ ഒരു ദശകത്തോളം നീണ്ടുനിന്ന യുദ്ധമാണ് സോവിയറ്റ് യുദ്ധം എന്നറിയപ്പെടുന്നത്. സോവിയറ്റ് യൂണിയനും അമേരിക്കയുമായി നിലനിന്നിരുന്ന ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഇസ്ലാമികകക്ഷികൾക്ക് അമേരിക്കയും അവരുടെ സഖ്യകക്ഷികളായ ബ്രിട്ടൺ, പാകിസ്താൻ, സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നും മറ്റനേകം ഇസ്ലാമികരാജ്യങ്ങളിൽ നിന്നും സഹായം ലഭിച്ചിരുന്നു.

അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം
ശീതയുദ്ധത്തിന്റേയും അഫ്ഗാൻ ആഭ്യന്തരയുദ്ധത്തിന്റേയും ഭാഗം

മുജാഹിദീൻ സൈനികർ ഒരു മോർട്ടാർ ആക്രമണത്തിനായി തയാറെടുക്കുന്നു.
തിയതി1979 ഡിസംബർ 27 - 1989 ഫെബ്രുവരി 15
സ്ഥലംഅഫ്ഗാനിസ്താൻ
ഫലംമുജാഹിദീനുകളുടെ വിജയം
  • സോവിയറ്റ് സേനയുടെ പിന്മാറ്റം
  • തുടരുന്ന അഫ്ഗാൻ ആഭ്യന്തരയുദ്ധം[1]
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
 സോവിയറ്റ് യൂണിയൻ
[[File:|23x15px|border |alt=അഫ്ഗാനിസ്താൻ|link=അഫ്ഗാനിസ്താൻ]] ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ
അഫ്ഗാൻ മുജാഹിദീൻ

സഹായിച്ചവർ:


 യുണൈറ്റഡ് സ്റ്റേറ്റ്സ്
യുണൈറ്റഡ് കിങ്ഡം യുണൈറ്റഡ് കിങ്ഡം
 സൗദി അറേബ്യ
 പാകിസ്താൻ
പടനായകരും മറ്റു നേതാക്കളും
സോവ്യറ്റ് യൂണിയൻ ലെനോയ്ഡ് ബ്രെഷ്നേവ്
സോവ്യറ്റ് യൂണിയൻ യൂറി ആന്ദ്രോപോവ്
സോവ്യറ്റ് യൂണിയൻ കോൺസ്റ്റാന്റിൻ ചെർണെങ്കോ
സോവ്യറ്റ് യൂണിയൻ മിഖായിൽ ഗോർബച്ചേവ്
സോവ്യറ്റ് യൂണിയൻ ദിമിത്രി യുസ്തിനോവ്
സോവ്യറ്റ് യൂണിയൻ സെർജി സോകോലോവ്
സോവ്യറ്റ് യൂണിയൻ വാലെന്റിൻ വാറെന്നികോവ്
സോവ്യറ്റ് യൂണിയൻ ഇഗോർ റോഡിയോനോവ്
സോവ്യറ്റ് യൂണിയൻ ബോറിസ് ഗ്രോമോവ്
[[File:|23x15px|border |alt=അഫ്ഗാനിസ്താൻ|link=അഫ്ഗാനിസ്താൻ]] ബാബ്രക് കാർമാൽ
[[File:|23x15px|border |alt=അഫ്ഗാനിസ്താൻ|link=അഫ്ഗാനിസ്താൻ]] മുഹമ്മദ് നജീബുള്ള
[[File:|23x15px|border |alt=അഫ്ഗാനിസ്താൻ|link=അഫ്ഗാനിസ്താൻ]] അബ്ദുൾ റഷീദ് ദോസ്തം
[[File:|23x15px|border |alt=അഫ്ഗാനിസ്താൻ|link=അഫ്ഗാനിസ്താൻ]] ഷാനവാസ് തനായ്
[[File:|23x15px|border |alt=അഫ്ഗാനിസ്താൻ|link=അഫ്ഗാനിസ്താൻ]] മുഹമ്മദ് റാഫി
അഹ്മദ് ഷാ മസൂദ്
അബ്ദുൾ ഹഖ്
ഇസ്മയീൽ ഖാൻ
ഗുൾബുദ്ദീൻ ഹെക്മത്യാർ
ജലാലുദ്ദീൻ ഹഖാനി
അബ്ദുള്ള അസ്സം
ശക്തി
സോവിയറ്റ്:

അഫ്ഗാൻ സർക്കാർ:

  • 40,000
മുജാഹിദീൻ:
  • 220,000+
  • നാശനഷ്ടങ്ങൾ
    സോവിയറ്റ്:

    14,453 പേർ ആകെ കൊല്ലപ്പെട്ടു

    • 9,057 പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടു
    • 5,396 പേർ അനുബന്ധമായി കൊല്ലപ്പെട്ടു

    35,478 പേർക്ക് പരിക്കേറ്റു

    311 പേരെ കാണാതായി

    അഫ്ഗാൻ സർക്കാർ:

    ആയിരങ്ങൾ കൊല്ലപ്പെട്ടു
    മുജാഹിദീൻ: 2 ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു
    പൊതുജനങ്ങൾ (അഫ്ഗാൻ):

    700,000–2,000,000+

    (സോവിയറ്റ്)

    100

    സോവിയറ്റ് നേതാവ് ലെനോയ്‌ഡ് ബ്രെഷ്നേവിന്റെ കാലത്ത് 1979 ഡിസംബർ 24-നാണ് സോവിയറ്റ് സൈന്യം അഫ്ഗാനിസ്താനിൽ സാന്നിധ്യമുറപ്പിച്ചത്.[3] പിന്നീട് സോവിയറ്റ് പ്രസിഡണ്ട് മിഖായേൽ ഗോർബച്ചേവിന്റെ കാലത്ത് 1989 ഫെബ്രുവരി 15-നാണ് അവസാന സോവിയറ്റ് സൈനികസംഘം രാജ്യത്തുനിന്ന് പിന്മാറിയത്. കാലങ്ങളോളം പോരാടിയിട്ടും ഒരു പക്ഷത്തിനും വ്യക്തമായ വിജയം നേടാനാകാതെ തുടർന്ന ഈ യുദ്ധത്തിന്റെ പ്രത്യേകത മൂലം അമേരിക്കയുടെ വിയറ്റ്നാമിലെ സ്ഥിതിയെ അനുസ്മരിപ്പിക്കും പ്രകാരം സോവിയറ്റുകളുടെ വിയറ്റ്നാം എന്നാണ് ഈ യുദ്ധത്തെ വിശേഷിപ്പിക്കുന്നത്.[4]

    പശ്ചാത്തലം

    അഫ്ഗാനിസ്താന്റെ ആദ്യ പ്രസിഡണ്ടായിരുന്ന മുഹമ്മദ് ദാവൂദ് ഖാൻ, തന്റെ ബന്ധുവായ സഹീർ ഷാ രാജാവിനു കീഴിൽ 1953 മുതൽ 1963 വരെയുള്ള കാലത്ത് പ്രധാനമന്ത്രിയായി ഭരണം നടത്തുന്ന കാലത്താണ് അഫ്ഗാനിസ്താനും സോവിയറ്റ് യൂണിയനും തമ്മിലുള്ള ബന്ധത്തിന് ആരംഭം കുറിച്ചത്. 1963-ൽ ദാവൂദ് ഖാൻ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചെതിനു ശേഷം മുഹമ്മദ് യൂസഫിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന സർക്കാർ രാജ്യത്ത് പുതിയ ഭരണഘടന പ്രഖ്യാപിക്കുകയും രാഷ്ട്രീയകക്ഷികളുടെ പ്രവർത്തനത്തിന് അനുമതി നൽകുകയും ചെയ്തു. അങ്ങനെ 1960-കളിൽ അഫ്ഗാനിസ്താനിൽ ഇടതുപക്ഷ-ഇസ്ലാമികവലതുപക്ഷ രാഷ്ട്രീയകക്ഷികൾ ഉടലെടുത്തു. ഇതിൽ സോവിയറ്റ് യൂണിയന്റെ ശക്തമായ പിന്തുണയോടുകൂടിയ മാർക്സിസ്റ്റ് രാഷ്ട്രീയകക്ഷിയായിരുന്നു പി.ഡി.പി.എ..

    1973-ൽ സോവിയറ്റ് യൂണിയൻ്റെയും പി.ഡി.പി.എയുടെ ഒരു വിഭാഗത്തിന്റേയും പിന്തുണയിൽ രാജാവിനെ അട്ടിമറിച്ച് മുഹമ്മദ് ദാവൂദ് ഖാൻ അഫ്ഗാനിസ്താന്റെ ആദ്യ പ്രസിഡണ്ടായി. ഇടതുപക്ഷക്കാരുടെ പിന്തുണയിൽ അധികാരത്തിലെത്തിയ ദാവൂദ് ഖാൻ വലതുപക്ഷ ഇസ്ലാമികവാദികളെ ശത്രുക്കളായിക്കരുതുകയും ഇസ്ലാമികവാദി കക്ഷികളെ അടിച്ചമർത്താനാരംഭിക്കുകയും ചെയ്തു. ഇതോടെ ഇസ്ലാമികവാദികൾ അഫ്ഗാനിസ്താനിൽ നിന്നും പലായനം ചെയ്യുകയും പാകിസ്താനിലേക്കും ഇറാനിലേക്കും കടന്ന് അമേരിക്കയടക്കമുള്ള വിദേശശക്തികളുടെ സഹായത്താൽ ശക്തിയാർജ്ജിക്കുകയും ചെയ്തു.[5]

    1977-ഓടെ ദാവൂദ് ഖാൻ മാർക്സിസ്റ്റുകൾക്കെതിരെയുള്ള നടപടികൾക്കും തുടക്കം കുറിച്ചു. ഇതോടെ സോവിയറ്റ് പിന്തുണയിൽ മാർക്സിസ്റ്റ് പാർട്ടിയുടെ (പി.ഡി.പി.എ.) വിഘടിച്ചു നിന്ന വിഭാഗങ്ങൾ ഒന്നു ചേർന്ന് 1978 ഏപ്രിൽ 27-ന് ദാവൂദ് ഖാനെ വധിച്ച് അധികാരം ഏറ്റെടുത്തു. പി.ഡി.പി.എ. നേതാവ് നൂർ മുഹമ്മദ് താരക്കി പ്രസിഡണ്ടായി സ്ഥാനമേൽക്കുകയും ചെയ്തു.[6]

    സോവിയറ്റ് സൗഹൃദക്കരാർ

    നൂർ മുഹമ്മദ് താരക്കിയുടെ ഭരണകാലത്ത് 1978 ഡിസംബർ 5-ന് അഫ്ഗാനിസ്താനും സോവിയറ്റ് യൂണിയനുമായി 20 വർഷത്തെ ഒരു സൗഹൃദസഹകരണക്കരാറിൽ ഏർപ്പെട്ടു. രാജ്യത്തിന്റെ ഭാവിയെ നിർണായകമായി സ്വാധീനിച്ച ഒരു കരാറായിരുന്നു ഇത്. കരാറിന്റെ നാലാമത്തെ അനുച്ഛേദമനുസരിച്ച്, ഇരുകക്ഷികൾക്കും സുരക്ഷയുടേയും സ്വാതന്ത്ര്യത്തിന്റേയും അതിർത്തിയുടേയും കാര്യത്തിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നതിനും ഇടപെടുന്നതിനും വ്യവസ്ഥ ചെയ്തു. ഈ കരാറിന്റെ ബലത്തിലാണ്‌ പിൽക്കാലത്ത് സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്താനിൽ സൈനികവിന്യാസം നടത്തിയത്.[6]

    സോവിയറ്റ് സൈനികാധിനിവേശം

    1979-ന്റെ തുടക്കത്തിൽത്തന്നെ കാബൂളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന് ഇസ്ലാമികവാദികളുടെ ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടിവന്നു. മാത്രമല്ല കലാപകാരികൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾ അധീനതയിലാക്കാനും തുടങ്ങി. 1979-ന്റെ തുടക്കത്തിൽ ഇറാനിൽ നടന്ന ഇസ്ലാമികവിപ്ലവം, അഫ്ഗാനിസ്താനിലെ ഇസ്ലാമികവാദികൾക്ക് ഊർജ്ജം പകർന്നു.

    1979 മദ്ധ്യത്തോടെ കാബൂളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നില, വളരെ വഷളാകുകയും അതോടെ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്താനിൽ സ്വാധീനം വർദ്ധിപ്പിക്കാനാരംഭിക്കുകയും ചെയ്തു. 1979 ജൂണിൽ കാബൂളിന് വടക്കുള്ള ബെഗ്രാമിലെ വ്യോമസേനാകേന്ദ്രത്തിന്റെ നിയന്ത്രണം സോവിയറ്റ് സേന ഏറ്റെടുത്തു.

    നൂർ മുഹമ്മദ് താരക്കിയുടെ മരണശേഷം അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടായ ഹഫീസുള്ള അമീൻ, അമേരിക്കയുടേയും പാക്കിസ്താന്റേയും താല്പര്യങ്ങൾക്കനുസരിച്ച് ഇസ്ലാമികവാദികളുമായി അനുരഞ്ജനശ്രമങ്ങൾ നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. മാത്രമല്ല സോവിയറ്റ് യൂണിയനുമായുള്ള ബന്ധം കുറക്കാനും ഹഫീസുള്ള ശ്രമങ്ങൾ നടത്തി. ഇറാനിലെ ഇസ്‌ലാമിക വിപ്ലവം കഴിഞ്ഞുള്ള കാലമായതിനാൽ, അഫ്ഗാനിസ്താനിലെ നിയന്ത്രണം തന്ത്രപരമായി പ്രധാനപ്പെട്ടതാണെന്ന് സോവിയറ്റ് യൂണിയൻ മനസ്സിലാക്കിയിരുന്നു. ഇതിനെത്തുടർന്ന് മാർഷൽ സെർജി സോക്കോലോവിന്റെ നേതൃത്വത്തിൽ സോവിയറ്റ് സൈന്യം, 1979 ഡിസംബറിൽ അഫ്ഗാനിസ്താനിൽ പ്രവേശിക്കുകയും പ്രധാനകേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഡിസംബർ 27-ന് കാബൂളിലെ സൈനികകേന്ദ്രങ്ങളെയെല്ലാം നിയന്ത്രണത്തിലാക്കിയ സോവിയറ്റ് സേന, ഹഫീസുള്ള അമീന്റെ വസതിയായ ദാരുൾ അമാൻ കൊട്ടാരവും പിടിച്ചെടുത്തു. ഈ ആക്രമണത്തിൽ ഹഫീസുള്ളാ അമീൻ കൊല്ലപ്പെടുകയും ചെയ്തു.

    ഹഫീസുള്ള അമീൻ, സി.ഐ.എ. ചാരനായിരുന്നു എന്നാണ് സൈനികാധിനിവേശത്തിന് ന്യായീകരണമായി സോവിയറ്റ് യൂണിയനും, പിന്നീട് അധികാരത്തിൽ വന്ന മർക്സിസ്റ്റ് സർക്കാരും വിശദീകരിച്ചത്. ഹഫീസുള്ള അമീനും ഹെക്മത്യാറിന്റെ ഹിസ്ബ്-ഇ ഇസ്ലാമിയും ചേർന്ന് ഒരു അട്ടിമറിശ്രമം നടത്തി എന്നും ഡിസംബർ 29-നായിരുന്നു ഇത് നടപ്പിൽ വരേണ്ടിയിരുന്നതെന്നും കൂട്ടത്തിൽ ആരോപിക്കപ്പെട്ടു.[6]

    കാബൂളിന്റെ നിയന്ത്രണം പിടിച്ചടക്കിയ സോവിയറ്റ് സേന, അഫ്ഗാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായ പി.ഡി.പി.എയിലെ പാർചം വിഭാഗം നേതാവ് ബാബ്രക് കാർമാലിനെ പ്രസിഡണ്ടായി നിയമിച്ചു.

    യുദ്ധം

    സോവിയറ്റ് സൈന്യത്തിന്റെ മുന്നേറ്റപാത

    സോവിയറ്റ് സൈന്യത്തിന്റെ ആഗമനവും പുതിയ സർക്കാർ പ്രഖ്യാപിച്ച അനുരഞ്ജനഭരണനടപടികളും ഒന്നും മാർക്സിസ്റ്റ് സർക്കാർ വിരുദ്ധരുടെ വീര്യത്തിന് കുറവ് വരുത്തിയില്ല. ഇതിനു പുറമേ ഒരു ഹസാരയായിരുന്ന കേഷ്ത്മന്ദിന്റെ പ്രധാനനന്ത്രിപദം, മാർക്സിസ്റ്റ് സർക്കാരിനെതിരെ പഷ്തൂണുകളുടെ രോഷം വർദ്ധിപ്പിക്കാൻ ഇടയാക്കി.രാജ്യത്തെല്ലായിടത്തും സായുധകലാപങ്ങൾ നടന്നു. 1980 ഫെബ്രുവരി അവസാനം കാബൂളിൽ വൻ പ്രകടനങ്ങൾ അരങ്ങേറി. സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടന്നു. പ്രതിഷേധങ്ങളുടെ നേതാവായ മാവോയിസ്റ്റ് സാമാ റെസിസ്റ്റൻസ് കക്ഷിയുടെ സ്ഥാപകൻ, അബ്ദ് അൽ മജീദ് കലകാനിയുടെ അറസ്റ്റോടെയാണ് പ്രതിഷേധം തണുത്തത്. ഇദ്ദേഹം ജൂൺ 8-ന് വധിക്കപ്പെട്ടു.

    യു.എസ്. നിർമ്മിത ആയുധങ്ങളുമായി മുജാഹിദീൻ സംഘം - 1984-ൽ പാക്ത്യയിൽ നിന്നുള്ള ചിത്രം - വലത്തേ അറ്റത്തെ പോരാളിയുടെ കൈവശമുള്ളത് യു.എസ്. നിർമ്മിത സ്റ്റിങ്ങർ മിസൈൽ ആണ്
    കാബൂളിലെ സോവിയറ്റ് സൈനികർ - 1986-ലെ ചിത്രം

    1980-നും 88-നുമിടയിൽ അഫ്ഗാനിസ്താനിലെ സോവിയറ്റ് പടയും, മാർക്സിസ്റ്റ് ഭരണകൂടവും അഫ്ഗാൻ മുജാഹിദീനുകളുമായി കടുത്ത യുദ്ധം നടത്തി. മുജാഹിദീനുകളിലെ സുന്നികൾ പാകിസ്താനിലെ പെഷവാർ കേന്ദ്രീകരിച്ചും, ഷിയാക്കൾ ഇറാനും, പാകിസ്താനിലെ ക്വെത്തയും കേന്ദ്രീകരിച്ചാണ് യുദ്ധത്തിന് കോപ്പുകൂട്ടിയത്. സുന്നി, ഷിയാ വിഭാഗങ്ങൾ തന്നെ, പല നേതാക്കളുടെ കീഴിൽ വിവിധ കക്ഷികളും സഖ്യങ്ങളായുമാണ് യുദ്ധത്തിലേർപ്പെട്ടത്.

    വർഷങ്ങളോളം യുദ്ധം നടത്തിയെങ്കിലും ആർക്കും ഇതിൽ സമ്പൂർണ്ണവിജയം നേടാനായില്ല. പ്രധാനനഗരങ്ങളിൽ കിടങ്ങുകൾ കുഴിച്ചും കോട്ടകളിലുമായാണ് സോവിയറ്റ് കാബൂൾ സേനകൾ സ്ഥാനമുറപ്പിച്ചിരുന്നത്. മുജാഹിദീനുകളാകട്ടെ, നഗരങ്ങൾക്ക് പുറത്ത് ഗ്രാമപ്രദേശങ്ങളിലായിരുന്നു കേന്ദ്രീകരിച്ചത്. പലപ്പോഴും സോവിയറ്റ് സേന, ഗ്രാമപ്രദേശങ്ങൾ കരസ്ഥമാക്കിയെങ്കിലും, സൈന്യം പട്ടണങ്ങളിലേക്ക് മടങ്ങുന്നതോടെ ഈ പ്രദേശങ്ങൾ വീണ്ടും മുജാഹിദീനുകളുടെ നിയന്ത്രണത്തിൽ വന്നിരുന്നു. സോവിയറ്റ്, കാബൂൾ സേനക്ക് സോവിയറ്റ് യൂണിയനിൽ നിന്ന് അളവറ്റ ആയുധ പിന്തുണ ലഭിച്ചപ്പോൾ, പാകിസ്താനിലും ഇറാനിലും കേന്ദ്രീകരിച്ച മുജാഹിദീനുകൾക്ക് അമേരിക്കയും സഖ്യകക്ഷികളും ഇസ്ലാമികരാഷ്ട്രങ്ങളും വൻ‌തോതിൽ ആയുധങ്ങളും പണവും നൽകി സഹായിച്ചു.[6]

    അന്താരഷ്ട്രതലത്തിലുള്ള പ്രതിഷേധങ്ങൾ

    ഇക്കാലത്ത് അഫ്ഗാനിസ്താനിലെ സോവിയറ്റ് സൈനികസാന്നിധ്യത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധങ്ങളുയർന്നു. 1980 ജനുവരിയിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയും പൊതുസഭയും, സോവിയറ്റ് സൈന്യത്തെ പിൻവലിക്കണമെന്ന് പ്രമേയം പാസാക്കി. ഇസ്ലാമികരാജ്യങ്ങളുടെ വിദേശമന്ത്രിമാരുടേ സമിതിയും അഫ്ഗാനിസ്താനിലെ ജനങ്ങൾക്കെതിരെയുള്ള സോവിയറ്റ് അതിക്രമത്തെ പേരെടുത്ത് പറഞ്ഞ് അപലപിച്ചു. അമേരിക്കൻ പ്രസിഡണ്ട്, ജിമ്മി കാർട്ടർ, സോവിയറ്റ് യൂണിയനെതിരെ ഭക്ഷ്യ ഉപരോധം ഏർപ്പെടുത്തി.1980-ൽ 60-ഓളം രാജ്യങ്ങൾ മോസ്കോ ഒളിമ്പിക്സ് ബഹിഷ്കരിക്കുകയും ചെയ്തു.[6]

    അനുരഞ്ജനശ്രമങ്ങൾ

    അഫ്ഗാനിസ്താനിലെ വിദേശ ഇടപെടൽ അവസാനിപ്പിച്ച് ശാന്തിപൂർണമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനു വേണ്ടി പാകിസ്താനും അഫ്ഗാനിസ്താനിലെ മാർക്സിസ്റ്റ് ഭരണകൂടവും തമ്മിൽ 1982 ജൂണിൽ ജനീവയിൽ വച്ച് ചർച്ചകൾ ആരംഭിച്ചു. സോവിയറ്റ് യൂണിയനും അമേരിക്കൻ ഐക്യനാടുകളുമായിരുന്നു യഥാക്രമം ഇരുകക്ഷികളേയും പിന്തുണച്ചിരുന്നത്. മുജാഹിദീനുകൾ ഈ ചർച്ചയിൽ നേരിട്ട് പങ്കെടുത്തിരുന്നില്ല. ചർച്ച തുടങ്ങി 3 വർഷങ്ങളായിട്ടും അമേരിക്കയുടേയും മുജാഹിദീനുകളുടേയും നിലപാടിൽ മാറ്റമുണ്ടായില്ല. എന്നാൽ 1985 മാർച്ചിൽ, മിഖായേൽ ഗോർബച്ചേവ്, സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ജനറൽ ആയതോടു കൂടി സോവിയറ്റ് യൂണിയന്റെ നിലപാടുകളിൽ അയവ് വന്നു.

    ഇതിനിടയിൽ അഫ്ഗാനിസ്താൻ പ്രസിഡണ്ട് ബാബ്രാക് കാർമാലിനോടൊപ്പം ഒരു സർക്കാറിൽ പങ്കാളിയാകില്ലെന്ന് മുജാഹിദീൻ പ്രഖ്യാപിച്ചു. ഇതോടെ മുഹാഹിദീനുകളെ അനുനയിപ്പിക്കുന്നതിന് ബാബ്രാക് കാർമാൽ പ്രസിഡണ്ട് പദം രാജിവക്കുകയും 1986 മേയ് 4-ന് അഫ്ഗാൻ രഹസ്യപ്പോലീസിന്റെ തലവനായിരുന്ന മുഹമ്മദ് നജീബുള്ള തത്സ്ഥാനത്തെത്തുകയും ചെയ്തു. എങ്കിലും മുജാഹിദീനുകൾ വഴങ്ങിയില്ല. 1987 ജനുവരി 15-ന് നജീബുള്ള ആറുമാസത്തേക്ക് ഒരു ഏകപക്ഷീയ വെടിനിറുത്തൽ പ്രഖ്യാപിച്ചു. ഇതിനു പുറമേ അനുരഞ്ജനത്തിനായുള്ള നിരവധി നിർദ്ദേശങ്ങൾ അദ്ദേഹം പ്രതിരോധകക്ഷികൾക്ക് മുമ്പാകെ അവതരിപ്പിച്ചു. ഇതിനു പ്രതികരണമായി പ്രതിരോധകക്ഷികളുടെ സേനാനായകരുടെ ഒരു സംയുക്തസമ്മേളനം, 1987 ജൂലൈയിൽ ഗോർ പ്രവിശ്യയിൽ വച്ച് നടന്നു. ഈ സമ്മേളനത്തിൽ ഇവർ നജീബുള്ളയുടെ അനുരഞ്ജനനിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞു. അങ്ങനെ നജീബുള്ള പ്രഖ്യാപിച്ച വെടിനിർത്തലും അതിനായി രൂപീകരിച്ച വെടിനിർത്തൽ കമ്മീഷനും വിഫലമായി. സർക്കാരിൽ ചേരാൻ മൂന്ന് പ്രതിരോധകക്ഷികളെ നജീബുള്ള ക്ഷണീച്ചെങ്കിലും ഇതിനും ഫലമുണ്ടായില്ല. അമേരിക്കയും സൗദി അറേബ്യയും തങ്ങൾക്ക് വൻ സഹായങ്ങൾ നൽകിപ്പോന്നതിനാൽ തങ്ങൾ യുദ്ധത്തിൽ വിജയിക്കാൻ പോകുകയാണെന്നും നജീബുള്ളയുടെ നിർദ്ദേശങ്ങളൊന്നും അംഗീകരിക്കേണ്ടതില്ലെന്നും മുജാഹിദീനുകൾ കരുതി.[6]

    സോവിയറ്റ് സേനാപിന്മാറ്റത്തിനുള്ള ധാരണ

    1988-ൽ ജനീവയിൽ നടന്ന ചർച്ചകളിൽ പുതിയ നിർദ്ദേശങ്ങൾ ഉടലെടുക്കപ്പെടുകയും സോവിയറ്റ് യൂണിയന്റെ സേനാപിന്മാറ്റത്തിന് സമയപരിധി നിശ്ചയിക്കുകയും ചെയ്തു. 1988 ഏപ്രിൽ 4-ന് ഒപ്പുവക്കപ്പെട്ട അഫ്ഗാനിസ്താൻ, പാകിസ്താൻ, സോവിയറ്റ് യൂണിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവരുടെ ജനീവ ധാരണപ്രകാരം, സോവിയറ്റ് സേന 9 മാസത്തിനകം അഫ്ഗാനിസ്താനിൽ നിന്ന് പിന്മാറണം എന്ന് പ്രസ്താവിച്ചു. സോവിയറ്റ് സേനയുടെ പിന്മാറ്റത്തിനു ശേഷം , കമ്മ്യൂണീസ്റ്റ് സർക്കാരിനും മുജാഹിദീനും നൽകിവന്ന വിദേശസഹായങ്ങളെല്ലാം നിർത്താനും അഫ്ഗാനിസ്താനിൽ നിന്ന് പലായനം ചെയ്തവർക്ക് തിരിച്ചെത്താനുള്ള സൗകര്യമൊരുക്കാമെന്നും വ്യവസ്ഥയായി. 1988 ഏപ്രിലിൽ സോവിയറ്റ്സേന, ആദ്യഘട്ട പിന്മാറ്റം നടത്തി.

    ജനീവ ധാരണാചർച്ചയിൽ പങ്കാളിയല്ലാതിരുന്നതിനാൽ മുജാഹിദീൻ, ധാരണയെ അംഗീകരിച്ചില്ല. മാത്രമല്ല 1988 ജൂണിൽ പെഷവാർ ആസ്ഥാനമാക്കി, മുജാഹിദീൻ കക്ഷികൾ ഒരു ഇടക്കാലസർക്കാർ രൂപീകരിക്കുകയും ചെയ്തു. വിവിധ കാരണങ്ങളാൽ ഈ സർക്കാർ പ്രാവർത്തികമായില്ല. 1988 ഡിസംബറിൽ അഫ്ഗാൻ പ്രതിരോധകക്ഷികളുടെ പ്രതിനിധികൾ പ്രൊഫസർ റബ്ബാനിയുടെ നേതൃത്വത്തിൽ അഫ്ഗാനിസ്താനിലെ സോവിയറ്റ് സ്ഥാനപതിയായിരുന്നു യൂറി വൊറോണ്ട്സോവുമായി സൗദി അറേബ്യൻ നഗരമായ തൈഫിൽ വച്ച് ഒരു കൂടിക്കാഴ്ച നടത്തി. സോവിയറ്റ് സൈന്യത്തിന്റെ പിൻ‌മാറ്റം മൂലം രാജ്യത്തുണ്ടാകുന്ന ശൂന്യത കലാപങ്ങളിലേക്ക് വഴിവെക്കാതിരിക്കുന്നതിനും അധികാരം ക്രമമായ രീതിയിൽ കൈമാറുന്നതിനുമായാണ് ഈ യോഗം വിളിച്ചുചേർക്കപ്പെട്ടത്. കാബൂളിലെ പുതിയ സർക്കാരിൽ നജീബുള്ളക്കും അയാളുടെ കക്ഷിക്കും ഒരു സ്ഥാനവും നൽകേണ്ടെന്ന് മുജാഹിദീനുകളും, നൽകണമെന്ന് സോവിയറ്റ് യൂണിയനും ശഠിച്ചതോടെ ഈ ചർച്ചയും നിഷ്ഫലമായി.[6]

    യുദ്ധത്തിന്റെ അവസാനം

    പ്രമാണം:Evstafiev-afghan-apc-passes-russian.jpg
    അഫ്ഗാനിസ്താനിൽ നിന്നും പിന്മാറുന്ന സോവിയറ്റ് സൈന്യം - 1988-ലെ ചിത്രം

    1989 ഫെബ്രുവരി 14-ന് സോവിയറ്റ് യൂണിയൻ, അഫ്ഗാനിസ്താനിൽ നിന്ന് സേനാപിന്മാറ്റം പൂർത്തിയാക്കിയാക്കിയതോടെ സോവിയറ്റ് യുദ്ധത്തിന് അന്ത്യമായി. ഈ ദിവസം, ജനറൽ ബോറിസ് ഗ്രോസ്മോവിന്റെ നേതൃത്വത്തിൽ അവസാന സോവിയറ്റ് സൈനികസംഘവും അമു ദര്യ കടന്നു.[7]

    സോവിയറ്റ് സേന രാജ്യത്തു നിന്നും പിൻ‌വാങ്ങിയെങ്കിലും രാജ്യത്ത് വിവിധ മുജാഹിദീൻ വിഭാഗങ്ങൾ തമ്മിലും കമ്മ്യൂണീസ്റ്റ് സർക്കാർ അനുകൂല-വിരുദ്ധ വിഭാഗങ്ങൾ തമ്മിലുമുള്ള ആഭ്യന്തരയുദ്ധം തുടർന്നുകൊണ്ടേയിരുന്നു.

    പ്രത്യാഘാതങ്ങൾ

    1979 മുതൽ 89 വരെയുള്ള കാലത്ത് ഏതാണ്ട് 7,50,000 സോവിയറ്റ് സൈനികർ അഫ്ഗാനിസ്താനിൽ സേവനമനുഷ്ഠിച്ചിരുന്നു. സോവിയറ്റ് സർക്കാരിന്റെ ഔദ്യോഗികകണക്കുകളനുസരിച്ച് 13,310 സോവിയറ്റ് സൈനികർ ഈ കാലയളവിൽ ഇവിടെ കൊല്ലപ്പെടുകയും 35,478 പേർക്ക് പരിക്കേൽക്കുകയും 311 പേരെ കാണാതാകുകയും ചെയ്തു.[7]

    യുദ്ധത്തിന്റെ ആരംഭത്തിൽ അഫ്ഗാനികളുടെ എതിർപ്പ് കുറക്കുന്നതിന്, സോവിയറ്റ് സേനയിൽ ധാരാളം മദ്ധ്യേഷ്യൻ റിപ്പബ്ലിക്കുകളിൽ നിന്നുള്ള സൈനികരുണ്ടായിരുന്നു. തദ്ദേശീയരുമായി പെട്ടെന്ന് സൗഹൃദം സ്ഥാപിക്കുന്നതിനാണ് ഇവരെ കൂടുതലായി ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിൽ നിന്നും വിപരീതമായി, ഈ സൈനികരിൽ പലരും എതിർകക്ഷികളോട് ആഭിമുഖ്യം പ്രകടിപ്പിച്ചതിനാൽ മദ്ധ്യേഷ്യൻ സൈനികരെ മുഴുവൻ പിൻ‌വലിക്കുകയായിരുന്നു. 1982-ന്റെ തുടക്കത്തിൽ 1,20,000-ത്തോളം സോവിയറ്റ് സൈനികർ അഫ്ഗാനിസ്താനിൽ ഉണ്ടായിരുന്നു.[6]

    യുദ്ധം നടക്കുന്ന സമയത്തുതന്നെയായിരുന്നു സോവിയറ്റ് യൂണിയനിൽ ഗോർബച്ചേവ് അധികാരത്തിലെത്തുന്നതും, തന്റെ ഗ്ലാസ്നോസ്റ്റ് പെരെസ്ട്രോയിക (glasnost and perestroika) നയങ്ങൾ ഉപയോഗിച്ച് ഭരണം സുതാര്യമാക്കാനും ഭരണതലത്തിൽ അഴിച്ചുപണി നടത്താനും ആരംഭിച്ചത്. ഇത് സോവിയറ്റ് സമൂഹത്തിൽ സമൂലമായ മാറ്റങ്ങൾക്ക് കാരണമാകുകയും അത് ആത്യന്തികമായി 1991-ൽ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിലേക്കും നയിച്ചു.

    അഫ്ഗാനിസ്താനിലെ യുദ്ധം, സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശത്തെക്കുറിച്ച് റഷ്യയിലും മറ്റും പുറത്തിറങ്ങിയ ഗ്രന്ഥങ്ങളിൽ നിന്ന് സോവിയറ്റ് സൈനികർക്ക്, പ്രത്യേകിച്ചും താഴ്ന്ന പദവികളിലുള്ളവർക്ക്, ഈ യുദ്ധത്തിൽ മടുപ്പും താല്പര്യക്കുറവും അനുഭവപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കാം. വന്യവും വാസയോഗ്യമല്ലാത്തതുമായ ഈ രാജ്യത്ത് തങ്ങൾ അധിനിവേശം നടത്തിയതിന്റെ ആവശ്യകത, ഇവർക്ക് മനസ്സിലായിരുന്നില്ല അല്ലെങ്കിൽ അവരെ ബോധ്യപ്പെടുത്താൻ നേതൃത്വത്തിന് സാധിച്ചിരുന്നില്ല. മിക്കവാറും അഫ്ഗാനികളും സോവിയറ്റ് സൈനികരെ വെറുത്തിരുന്നു എന്നവർക്കറിയാമായിരുന്നു. അഫ്ഗാൻ സൈന്യവും കാബൂളിലെ ഭരണനേതൃത്വവും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും അവർ മനസ്സിലാക്കി. അഫ്ഗാൻ സർക്കാരിലെ ഉന്നതരുടെ ബന്ധുക്കൾ പലരും മുജാഹിദീനുകൾക്കൊപ്പം ചേർന്ന് യുദ്ധം ചെയ്തിരുന്നു. ഇതിലൂടെ പ്രധാനപ്പെട്ട വിവരങ്ങൾ പ്രതിരോധകക്ഷികൾക്ക് ചോർന്ന് ലഭിക്കുകയും ചെയ്തു. സോവിയറ്റ് സൈനികരെ സംബന്ധിച്ചിടത്തോളം, അഫ്ഗാനിസ്താൻ, ഒരു ചതുപ്പുനിലമായിരുന്നു. അതുകൊണ്ട് ഈ യുദ്ധത്തെ സോവിയറ്റുകളുടെ വിയറ്റ്നാം എന്നും പറയപ്പെടുന്നു.

    യുദ്ധം കഴിഞ്ഞു തിരിച്ചെത്തിയ ഏഴരലക്ഷം സോവിയറ്റ് ഭടന്മാരുടെ ദുരിതകഥകൾ സോവിയറ്റ് യൂണിയനിൽ പാട്ടായി. സോവിയറ്റ് യൂനിയന്റെ പതനത്തിന് മുജാഹിദീൻ ആണ് പൂർണ്ണ ഉത്തരവാദി എന്ന് പറയാനാകില്ലെങ്കിലും സോവിയറ്റ് ശിഥിലീകരണത്തിൽ മുജാഹിദീന്റെ പങ്ക് ചെറുതല്ല. അഫ്ഗാനിസ്താനിൽ നിന്നുള്ള പിന്മാറ്റം, സോവിയറ്റ് യൂണിയനിലെ ജനങ്ങളേയും സൈന്യത്തേയും നിരാശരാക്കി. ഈ യുദ്ധം സോവിയറ്റ് യൂനിയന്റെ ഖജനാവ് കാലിയാക്കുകയും, അന്താരാഷ്ട്രനയതന്ത്രതലത്തിൽ ക്ഷീണമുണ്ടാക്കുകയും, സോവിയറ്റ് നേതാക്കൾക്ക്, അവരുടെ തന്നെ മാർക്സിസ്റ്റ് ലെനിനിനിസ്റ്റ് വിശ്വാസപ്രമാണങ്ങളിൽ അവിശ്വാസം വളർത്താനും കാരണമാക്കി.

    ഈ യുദ്ധം കൊണ്ട് അഫ്ഗാനിസ്താനും ഗുണമൊന്നുമുണ്ടായില്ല. യുദ്ധം, രാജ്യത്തെ വിദ്യാസമ്പന്നരേയും ബുദ്ധിജീവികളേയും ഉദ്യോഗസ്ഥരേയും തുടച്ചു നീക്കി. ഇവർ കൊല്ലപ്പെടുകയോ രാജ്യം വിട്ട് പോകുകയോ ചെയ്തു. ഈ സ്ഥാനത്ത് പ്രതിരോധകക്ഷികളിലെ തീവ്രമൗലികവാദികളായ മതനേതാക്കളും, വംശീയശക്തികളും സ്ഥാനം പിടിച്ചു. ഇവർ ഒരു രാജ്യത്തിനു വേണ്ടി നിലകൊള്ളുന്നതിനു പകരം സ്വന്തം താല്പര്യങ്ങൾക്കായി നിലകൊണ്ടു. അങ്ങനെ അഫ്ഗാനിസ്താൻ എന്ന രാജ്യം തന്നെ യുദ്ധത്തിനു ശേഷം ശിഥിലമായി.[7]

    അവലംബം

    🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്