ഉദ്യാനവിജ്ഞാനം

പച്ചക്കറികൾ, ഫലവർഗ്ഗങ്ങൾ, അലങ്കാരസസ്യങ്ങൾ എന്നിവ നട്ടുവളർത്തുന്നതിനെ സംബന്ധിച്ച വസ്തുതകൾ വിവരിക്കുന്ന കാർഷിക വിജ്ഞാന ശാഖ. ഹോർത്തൂസ് (horthus = ഉദ്യാനം), കോളീർ (colere = കൃഷിചെയ്യുക) എന്നീ ലത്തീൻ പദങ്ങളിൽ നിന്നാണ് ഇംഗ്ലീഷ് ഭാഷയിലെ ഹോർട്ടികൾച്ചർ (horticulture) ഉത്ഭവിച്ചിട്ടുള്ളത്. ഉദ്യാനം എന്ന വാക്കുകൊണ്ട് പൂന്തോട്ടം എന്ന സാമാന്യാർഥം മാത്രമല്ല ഉദ്ദേശിച്ചിട്ടുള്ളത്. ഒരു വളപ്പിനുള്ളിൽ പ്രത്യേകം ശ്രദ്ധയോടെ വളർത്തുന്ന ഫലവർഗങ്ങളും അതിലുൾപ്പെടും. ഇന്ന് ഉദ്യാനവിജ്ഞാനം വളരെയധികം വികസിച്ചു കഴിഞ്ഞിരിക്കുന്നു. റബ്ബർ, കാപ്പി, തേയില, കൊക്കോ തുടങ്ങിയ തോട്ടവിളകൾ; ഏലം, ഇഞ്ചി, കുരുമുളക് മുതലായ സുഗന്ധ മസാലവിളകൾ; ഔഷധച്ചെടികൾ; കീടനാശകച്ചെടികൾ; സുഗന്ധതൈലച്ചെടികൾ (oil yielding plats) എന്നിവയുടെ കൃഷിയും ആധുനികകാലത്ത് ഈ ശാസ്ത്രത്തിന്റെ ഭാഗമായിത്തീർന്നിട്ടുണ്ട്. പ്രകൃതിസം‌‌വിധാനവും പ്രകൃതിശില്പവും (landscaping and landscape architecture); പാർക്കുകൾ, നഴ്സറികൾ, ഗ്ലാസ് ഹൗസ് മുതലായവയുടെ സം‌‌വിധാനവും ഉദ്യാനവിജ്ഞാനത്തിൽ പെടുന്നവയാണ്. ഉദ്യാന വിളകളുടെ സംസ്കരണ പ്രക്രിയാസങ്കേതം (processing technology) ഉദ്യാനവിജ്ഞാനത്തിന്റെ മറ്റൊരു പ്രധാനഘടകമാണ്. വളരെ വേഗം വളർന്നു വികസിച്ചുകൊണ്ടിരിക്കുന്ന കൃഷിശാസ്ത്രത്തിന്റെ ഏറ്റവും പ്രധാന ഘടകമായി ഉദ്യാനവിജ്ഞാനത്തെ കണക്കാക്കാം.[1]

ഹൈബ്രീഡ് ടൊമാറ്റോ.
ഫ്ലോറികൾച്ചറൽ പ്ലാന്റ്സ്.

ഉദ്യാനവിജ്ഞാനത്തെ പൊതുവായി ഫലവർഗവിജ്ഞാനം (Pomology),[2] പച്ചക്കറിവിജ്ഞാനം (Olericulture)[3] പുഷ്പോത്പാദനവും അലങ്കാരത്തോട്ടസം‌‌വിധാനവും (Floriculture and Landscape horticulture) എന്നിങ്ങനെ വിഭജിക്കാം.[4][5] ഫലവർഗവിജ്ഞാനം, വിവിധ ഫലവർഗങ്ങളുടെയും അണ്ടിപരിപ്പുകളുടെയും കൃഷിരീതി, തോട്ടസം‌‌രക്ഷണം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന ശാഖയാണ്. രണ്ടാമത്തേത് വിവിധയിനം പച്ചക്കറികളുടെ കൃഷിരീതി, പച്ചക്കറിത്തോട്ടങ്ങളുടെ സം‌‌വിധാനവും സം‌‌രക്ഷണവും എന്നിവയെ പറ്റിയുള്ള ശാസ്ത്രശാഖയാണ്. പുഷ്പങ്ങളുടെയും അലങ്കാര ഇലച്ചെടികളുടെയും ഉത്പാദനത്തെ സംബന്ധിച്ച പഠനമാണ് പുഷ്പോത്പാദനത്തിന്റെ പരിധിയിൽ വരുന്നത്. വിവിധയിനം അലങ്കാരത്തോട്ടങ്ങളും പ്രകൃതിദൃശ്യങ്ങളും സം‌‌വിധാനം ചെയ്ത് സം‌‌രക്ഷിക്കുന്നതിന്റെ അടിസ്ഥാന തത്ത്വങ്ങളാണ് അലങ്കാരത്തോട്ട സം‌‌വിധാനത്തിൽ ഉൾപ്പെടുന്നത്.

ഉദ്യാനവിജ്ഞാനത്തെ ശാസ്ത്രീയം, കാർഷികം, കലാപരം എന്നിങ്ങനെയും വർഗീകരിക്കാവുന്നതാണ്. ഉദ്യാന വിളകളുടെ പ്രജനനം ഉത്പാദനം, പാകപ്പെടുത്തൽ, സംഭരണം വിപണനം എന്നിവയെല്ലാം ഈ വിജ്ഞാനശാഖയുടെ പരിധിയിൽ ഉൾപ്പെടുന്നവയാണ്. ഇപ്രകാരം ഉദ്യാനവിജ്ഞാനം ഒരു കലയും ശാസ്ത്രവും വ്യവസായവുമാണെന്നു പറയാം.

വിവിധയിനം വിളകൾ

ശീതോഷ്ണാവസ്ഥയുടെ വ്യതിയാനങ്ങൾക്ക് അനുസൃതമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യാനവിളകളിലും വ്യത്യാസം കാണാം. വിവിധ ഭൂവിഭാഗങ്ങളിൽ കണ്ടുവരുന്ന ഉദ്യാനവിളകളെ താഴെ പറയും‌‌വിധം തരംതിരിച്ചു വരുന്നു.

മിതോഷ്ണമേഖലയിലെ വിളകൾ (Temperate crops)

ഫലവൃക്ഷങ്ങളും അണ്ടിപ്പരിപ്പുകളും -- ആൽമണ്ട്, ആപ്പിൾ, ആപ്രിക്കോട്ട്, ചെറി. ചെസ്റ്റ്നട്ട് തുടങ്ങിയവ; അപ്രധാന ഫല സസ്യങ്ങൾ - ബ്ലാക്ക്ബെറി, റാപ്സ്ബെറി, സ്ട്രാബെറി തുടങ്ങിയവ; - ലെറ്റ്യൂസ്, ബ്രാസിക്കാകൾ, റാഡിഷുകൾ കാരറ്റ്, ലീക്ക്, പീസ്, ആർട്ടിചോക്ക് മുതലായവ; അലങ്കാരച്ചെടികൾ - മിതശീതോഷ്ണ പ്രദേശങ്ങളിൽ വളരുന്ന പുഷ്പസസ്യങ്ങൾ, ജലസസ്യങ്ങൾ ഇലച്ചെടികൾ തുടങ്ങിയവ.[6]

ഉപോഷ്ണ മേഖലയിലെ വിളകൾ (Sub-tropical crops)

ഫലവർഗങ്ങൾ - അവൊക്കാഡോ, നാരകം, ഈന്തപ്പന, ലിച്ചി, ഒലീവ്, പാഷൻ ഫ്രൂട്ട്, പേഴ്സിമൺ തുടങ്ങിയവ.[7]

ഉഷ്ണമേഖലയിലെ വിളകൾ (Tropical crops)

ഫലവർഗങ്ങൾ -- വാഴ, മാവ്, പപ്പായ, കൈതച്ചക്ക, സപ്പോട്ട, ശീമപ്ലാവ്, പ്ലാവ്, ആത്ത, കശുമാവ് തുടങ്ങിയവ; തോട്ടവിളകൾ -- കുരുമുളക്, കൊക്കോ, തെങ്ങ്, കാപ്പി, തേയില, എണ്ണപ്പന, റബ്ബർ മുതലായവ; വ്യാവസായിക പ്രാധാന്യമുള്ള വിളകൾ -- സുഗന്ധമസാല വിളകൾ, വർണകസസ്യങ്ങൾ, സുഗന്ധതൈലച്ചെടികൾ, നാരുവിളകൾ, കീടനാശകച്ചെടികൾ തുടങ്ങിയവ; പച്ചക്കറികൾ -- വെണ്ട, വഴുതിന, തക്കാളി, പയറുവഗങ്ങൾ, വെള്ളരിവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ (ചേന‍, ചേമ്പ്, കാച്ചിൽ തുടങ്ങിയവ); അലങ്കാരച്ചെടികൾ -- ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന പുഷ്പസസ്യങ്ങൾ, പുൽത്തകിടിയിലെ ചെടികൾ, ജലസസ്യങ്ങൾ, ഇലച്ചെടികൾ തുടങ്ങിയവ.[8]

ഇന്ത്യയിൽ പല പ്രദേശങ്ങളിലായി മേല്പറഞ്ഞ് മിക്കവാറും എല്ലാ ഉദ്യാനവിളകളും കൃഷിചെയ്യപ്പെടുന്നു. ഇവിടത്തെ പ്രത്യേക ഭൂപ്രകൃതിയും കാലാവസ്ഥയും ഇതിന് അനുയോജ്യമായിരിക്കുന്നു.

ഉദ്യാനവിളകളിലെ പ്രവർദ്ധനരീതികൾ (Propagation of horticultural plants)

സസ്യങ്ങളുടെ പ്രവർദ്ധനം ഉദ്യാനവിജ്ഞാനത്തിലെ ഏറ്റവും അടിസ്ഥാനപരമായ തത്ത്വമാണ്. കൂടുതൽ സസ്യങ്ങൾ ഉത്പാദിപ്പിക്കുക, സസ്യത്തിന്റെ സ്വഭാവഗുണം നിലനിറുത്തുക എന്നിവയാണ് പ്രവർദ്ധനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. വിത്ത് (ലൈംഗികരീതി), കായികഭാഗങ്ങൾ (അലൈംഗികരീതി) എന്നിവ വഴിയാണ് ഉദ്യാനസസ്യങ്ങളിൽ വംശവർദ്ധനവ് നടത്തുന്നത്. ഈ രണ്ടു മാർഗങ്ങളും അവയുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടെങ്കിലും പൊതുവിൽ ഫലവർഗങ്ങളുടെ നൈസർഗികസ്വഭാവം നിലനിറുത്തുന്നതിന് കായികപ്രവർദ്ധനമാർഗ്ഗമാണ് ഏറ്റവും യോജിച്ചത്. കാരണം ഫലവർഗച്ചെടികളിൽ മിക്കവയിലും പരപരാഗണം മൂലമാണ് പ്രവർദ്ധനം നടക്കുന്നത്.[9]

വിത്തുമൂലമുള്ള പ്രവർദ്ധനം

തേൻ ശേഖരിക്കുന്നതിനോടൊപ്പം അറിയാതെ പരാഗരേണൂവാഹകരാകുന്ന തേനീച്ച.

സാധാരണയായി സ്വപരാഗണം (self pollination) നടക്കുന്ന സസ്യങ്ങളിലെ വംശവർദ്ധനവ് വിത്തുകളിലൂടെയാണ് സംഭവിക്കുന്നത്. പരപരാഗണം നടക്കുന്ന ചെടികളിലും വിത്തുകൾ മൂലം വംശവർദ്ധനവ് നടക്കുന്നുണ്ട്. ഈ രീതിക്കു പല മേന്മകളുമുണ്ട്. വിളവെടുപ്പു കഴിഞ്ഞ് അടുത്ത കൃഷിക്ക് സമയമാകുന്നതുവരെ വിത്തുകൾ കേടുകൂടാതെയിരിക്കും. ചിലവിത്തുകൾക്ക് അനുകൂല കാലാവസ്ഥകളിൽ വർഷങ്ങളോളം കേടുകൂടാതെയിരിക്കാൻ കഴിവുണ്ട്. മാത്രമല്ല വിത്തുതൈകളിൽ നിന്നുണ്ടാകുന്ന സസ്യങ്ങൾക്ക് നല്ല ആരോഗ്യവും ദീർഘകാലം നിലനിൽക്കുവാനുള്ള കഴിവുമുണ്ടായിരിക്കും. കായിക പ്രവർദ്ധനത്തിലൂടെയുള്ള വംശവർദ്ധനവ് ചില ചെടികളെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. മറ്റു ചിലവയിൽ ഈ മാർഗ്ഗം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. ഇങ്ങനെയുള്ള ചെടികളിൽ വിത്തുപയോഗിച്ച് മാത്രമേ വംശവർദ്ധന സാധിക്കൂ. രോഗബാധയിൽനിന്നു സസ്യങ്ങളെ രക്ഷിക്കാനും വിത്തുമൂലമുള്ള വംശവർദ്ധനവ് ഉപകരിക്കുന്നു. എന്നാൽ ഈ രീതിക്ക് ചില ദോഷവശങ്ങളും ഇല്ലാതില്ല. വിത്തുതൈകളിൽ നിന്നുള്ള വൃക്ഷങ്ങൾ എല്ലായ്പ്പോഴും മാതൃവൃക്ഷത്തിന്റെ സ്വഭാവമേന്മകൾ പ്രകടിപ്പിക്കണമെന്നില്ല. കൂടതെ വിത്തുതൈകളിൽ നിന്നുണ്ടാകുന്ന ചെടികൾ പുഷ്പിച്ച് ഫലമണിയാൻ ദീർഘകാലം വേണ്ടിവരും.[10]

അടുത്ത വിളയ്ക്കുവേണ്ടി വിത്തുകളുടെ ഉത്പാദനം, വിളവെടുപ്പ്, ശേഖരണം എന്നിവ ഉദ്യാനവിജ്ഞാനത്തിന്റെ ഒരു പ്രത്യേക ശാഖ (Seed technology) ആയിത്തീർന്നിട്ടുണ്ട്. അത്യുത്പാദനശേഷിയുള്ളതും, രോഗവിമുക്തവും, മേന്മയേറിയ പാരമ്പര്യ ഗുണങ്ങളോടു കൂടിയതുമായ മേൽത്തരം വിത്തുകൾ ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി വിത്തുത്പാദനത്തിലും വിളവെടുപ്പിലും പാകപ്പെടുത്തുന്നതിലും, വിതരണത്തിലും പ്രത്യേക രീതികൾ അനുവർത്തിച്ചു പോരുന്നു. പാരമ്പര്യമേന്മയുള്ള വിത്തുകൾ ഉത്പാദിപ്പിക്കുന്നതിനായി വിത്ത് ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ സസ്യപ്രജനനമാർഗങ്ങൾ അവലംബിക്കുന്നു. വ്യാവസായികാടിസ്ഥാനത്തിൽ വിത്തുത്പാദിപ്പിക്കുമ്പോൾ സർട്ടിഫൈ ചെയ്ത വിത്തുകളാണ് വിതരണത്തിനായി തയ്യാറാക്കുന്നത്.[11]

കായിക പ്രവർദ്ധനം

സസ്യങ്ങളുടെ വേര്, ഇല, തണ്ട്, മുകുളങ്ങൾ എന്നീ കായികഭാഗങ്ങൾ വഴിയായുള്ള വംശവർദ്ധനവാണിത്. ഇപ്രകാരം ഉത്പാദിപ്പിക്കപ്പെടുന്ന തൈകൾ മാതൃവൃക്ഷത്തിന്റെ എല്ലാ സ്വഭാവഗുണങ്ങളും പ്രകടമാക്കുന്നു.

കാലാവസ്ഥാനിയന്ത്രണം.

Victoria amazonica (giant Amazon water lily)[12] at the botanical Garden in Braunschweig, Germany

വിപുലമായ തോതിൽ ഉദ്യാനവിളകൾ കൃഷിചെയ്യുമ്പോൾ മികച്ച ആദായം ലഭിക്കുന്നതിന് സസ്യത്തിന് അനുയോജ്യമായ കാലാവസ്ഥ ലഭ്യമാക്കണം. വിളകളുടെ ആദായകരമായ നിലനില്പിന് അനുയോജ്യമായ അന്തരീക്ഷ ഊഷ്മാവ്, സൂര്യപ്രകാശം, വർഷപാതം മുതലായ ഘടകങ്ങൾ അനുപേക്ഷണീയമാണ്

ചെടികളുടെ വളർച്ചയ്ക്ക് അനുയോജ്യമായ രീതിയിൽ ഊഷ്മാവ് നിയന്ത്രിക്കുന്നതിന് പല സം‌‌വിധാനങ്ങളുമുണ്ട്. കോൾഡ്ഫ്രെയിം (cold frame) മുതലായ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ചെടികളെ അവയുടെ സാധാരണ വളർച്ചാകാലത്തിനുമുമ്പ് വളരാൻ പ്രേരിപ്പിക്കുന്നു കണ്ണാടികൊണ്ട് നിർമിതമായ ഇവയ്ക്കുള്ളിൽ പകൽസമയം പ്രവേശിക്കുന്ന ചൂട് രാത്രികാലങ്ങളിലും നിലനിൽക്കുകയും ചെടികൾക്ക് ലഭ്യമാകുകയും ചെയ്യുന്നു. വൈദ്യുതകേബിളുകൾ, നീരാവി എന്നിവ ഉപയോഗിച്ച് കൂടുതൽ ചൂട് നൽകുകയാണെങ്കിൽ ഈ സം‌‌വിധാനം ഒരു ഹോട്ട് ബെഡ് (hot bed) ആയിത്തീരുന്നു.[13][14] ഗ്രീൻ ഹൗസുകൾ ഇപ്രകാരമുള്ള വലിയ ഹോട്ട്ബെഡുകളാണ്. ഗ്ലാസ് കൊണ്ടു നിർമിതമായിട്ടുള്ള ഇവയ്ക്കുള്ളിൽ നീരാവി ഉപയോഗിച്ചാണ് താപം നിലനിറുത്തുന്നത്. ആധുനിക ഗ്രീൻഹൗസുകളിൽ ഊഷ്മാവു സ്വയം നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളുണ്ട്. വളരെ കൃത്യമായ കാലാവസ്ഥാനിയന്ത്രണങ്ങളോടു കൂടിയ ഗ്രീൻ‌‌ഹൗസുകളാണ് ഫൈറ്റോട്രോണുകൾ.

പ്രകാശനിയന്ത്രണം

പ്രകാശത്തിന് സസ്യത്തിന്റെ വളർച്ചയുമായി വളരെയധികം ബന്ധമുണ്ട്. കൃത്രിമമായി പകൽ ദൈർഘ്യത്തിൽ മാറ്റം വരുത്തി ചെടികളെ അവയുടെ പൂക്കാലത്തിൽനിന്നും വ്യത്യസ്തമായ സമയങ്ങളിൽ പുഷ്പിക്കാൻ പ്രേരിപ്പിക്കുന്നു. ഇപ്രകാരം ഒരു പ്രത്യേക ഋതുവിൽ മാത്രം പുഷ്പിക്കുന്ന സസ്യത്തിൽനിന്നു വർഷത്തിലുടനീളം പൂക്കൾ ലഭ്യമാക്കാം.[15]

മണ്ണുസം‌‌രക്ഷണം

മണ്ണിന്റെ ഫലപുഷ്ടി മെച്ചപ്പെടുത്തുകയും നിലനിറുത്തുകയും ചെയ്യേണ്ടത് ഉദ്യാനവിളകളുടെ സമൃദ്ധമായ വളർച്ചയ്ക്ക് ആവശ്യമാണ്. ഇടയിളക്കലും വളം ചേർക്കലും കളനശീകരണവും മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കുന്നു. സസ്യവളർച്ചയ്ക്ക് ഏകദേശം 16 മൂലകങ്ങൾ ആവശ്യമാണ്. ഖരരൂപത്തിലോ ദ്രാവകരൂപത്തിലോ മണ്ണിൽ ചേർക്കുന്ന വളങ്ങളിൽനിന്നു സസ്യത്തിനാവശ്യമായ മൂലകങ്ങൾ ലഭിക്കുന്നു. കമ്പോസിറ്റ്, കാലിവളം, പച്ചിലവളം എന്നീ ജൈവവളങ്ങൾക്കു പുറമേ രാസവളങ്ങളും വിളകൾക്ക് ആവശ്യമാണ്. ജലസേചനവും പ്രധാനമായ ഒരു ഘടകമാണ്. കൃഷിചെയ്യപ്പെടുന്ന വിളയേയും മണ്ണിന്റെ സ്വഭാവത്തെയും ആശ്രയിച്ച് ജലസേചനാവശ്യം ഏറിയോ കുറഞ്ഞോ ഇരിക്കും.[16]

ഉദ്യാനവിളകൾ നിരവധി രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണത്തിനു വിധേയമാകാറുണ്ട് അവയ്ക്കെതിരേ മുൻ‌‌കരുതലുകൾ സ്വീകരിക്കുക എന്നതാണ് ഇവയെ നേരിടാനുള്ള ഏറ്റവും എളുപ്പമാർഗം. കൃഷിത്തോട്ടങ്ങൾ ശുചിയായി സൂക്ഷിക്കുകയും കീടങ്ങൾക്കും രോഗങ്ങൾക്കുമെതിരെ പ്രതിരോധനടപടികൾ സ്വീകരിക്കുകയും വേണം. കീടനാശിനികൾ ഉപയോഗിക്കുകയും രോഗപ്രതിരോധ ശക്തിയുള്ള ഇനങ്ങൾ കൃഷിചെയ്യുകയുമാണ് നിയന്ത്രണമാർഗങ്ങ.[17]

ഫലവർഗവിജ്ഞാനം

ഫലവർഗങ്ങളുടെ കൃഷി ആഹാര സമ്പാദനത്തിനും മനുഷ്യ മനസ്സിന്റെ ആനന്ദത്തിനും ഒരുപോലെ ഉപകരിക്കുന്നു. അന്നജപ്രധാനങ്ങളായ അരിയും കിഴങ്ങുവർഗങ്ങളുമാണ് കേരളീയർ മുഖ്യാഹാരമായി സ്വീകരിച്ചിട്ടുള്ളത്. നമ്മുടെ ആഹാരത്തെ സമീകൃതമാക്കുന്നതിന് പഴവർഗങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട്. ഒരാൾക്ക് ദിനം‌‌പ്രതി രണ്ടൗൺസ് ഫലവർഗങ്ങളെങ്കിലും ആവശ്യമാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.

ഫലവർഗ വിജ്ഞാനത്തിൽ ഫലവർഗങ്ങളുടെ ഉൽപ്പാദനം, വിപണനം, ശാസ്ത്രീയ രീതികൾ ഉപയോഗിച്ചുള്ള സംസ്കരണം എന്നിവയെല്ലാം ഉൾപ്പെടുന്നു. ഫംഗസ്സുകൾ‍, സൂക്ഷ്മാണുക്കൾ, എൻസൈമുകൾ എന്നിവയുടെ പ്രവർത്തനഫലമായി പഴങ്ങൾക്ക് കേടുസംഭവിക്കാതിരിക്കാനാണ് അവ പരിരക്ഷിക്കപ്പെടുന്നത് (preservation). ഉണക്കിയും ശീതസംഭരണികളിൽ വച്ചും ഫലവർഗങ്ങൾ സം‌‌രക്ഷിക്കപ്പെടാറുണ്ട്.[18]

ചില പ്രധാന ഫലവർഗങ്ങൾ

വാഴ (Musa paradisiaca)

ഒരു വാഴത്തോട്ടം.

തെക്കേഇന്ത്യയിൽ പ്രത്യേകിച്ചു കേരളത്തിൽ അതിപ്രാചീന കാലം മുതൽ കൃഷിചെയ്തു പോരുന്ന ഒരു പ്രധാന പഴവർഗച്ചെടിയാണ് വാഴ. വാഴപ്പഴം കേരളീയരുടെ ദൈനംദിനാഹാരത്തിലെ ഒരു ഘടകമാണ്. സാധാരണ പഴങ്ങളിൽനിന്ന് ലഭ്യമാകുന്ന പോഷക മൂല്യങ്ങൾക്ക് പുറമേ വാഴപ്പഴത്തിന് കൂടുതൽ ഊർജമൂല്യവും (calorific value) ഉണ്ട്. അടുത്തകാലത്തായി വാഴപ്പഴത്തിന് ലോകക്മ്പോളത്തിൽ വമ്പിച്ച വിപണന സാദ്ധ്യത ഉണ്ടായിട്ടുണ്ട്. ഈ രംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തുന്നതായാൽ ജപ്പാൻ, പശ്ചിമേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് വാഴപ്പഴം കയറ്റി അയക്കാനുള്ള സാധ്യതയുണ്ടാകും. നേന്ത്രൻ, പൂവൻ, പാളയങ്കോടൻ, കദളി, ഗ്രോമിഷൻ, ചിങ്ങൻ, മൊറീഷ്യസ്, പടറ്റി എന്നിവയാണ് നമ്മുടെ നാട്ടിൽ കൃഷിചെയ്തുവരുന്ന പ്രമുഖ വാഴയിനങ്ങൾ.[19]

മാവ് (Mangifera indica)

മാവ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷിവിസ്തൃതിയുള്ള ഫലവൃക്ഷമാണ് മാവ്. വടക്കേഇന്ത്യയിൽ ഉത്തർപ്രദേശ്, ബീഹാർ മുതലായ സംസ്ഥാനങ്ങളിലും തെക്കേ ഇന്ത്യയിൽ ആന്ധ്രാ, തമിഴ് നാട് സംസ്ഥാനങ്ങളിലുമാണ് വ്യാവസായികമായി മാവ് കൃഷി ചെയ്യപ്പെടുന്നത്. കേരളത്തിൽ ഏതാണ്ട് തുല്യ വിസ്തൃതിയിൽ വാഴയും മാവും കൃഷി ചെയ്യപ്പെടുന്നുണ്ടെങ്കിലും സംഘടിതാടിസ്ഥാനത്തിലല്ല മാവു നട്ടു പിടിപ്പിക്കുന്നത്. കൂടാതെ മാവിനങ്ങളിൽ ഏറ്റവും രുചിപ്രദമായവയ്ക്കു യോചിച്ചതല്ല ഇവിടുത്തെ കാലാവസ്ഥ. രുചിയുടെ അടിസ്ഥാനത്തിൽ കേരളത്തിനു ചേർന്ന ഇനങ്ങൾ, സങ്കരയിനം 45, 56, 87, 151 എന്നിവയാണ്. ഇവ അടുത്തകാലത്ത് തളിപ്പറമ്പിൽ ഉത്പാദിപ്പിക്കപ്പെട്ടവയാണ്. ഇവ വിജയകരമായി കൃഷിചെയ്താൽ മെച്ചപ്പെട്ട ഇനങ്ങളുടെ കാര്യത്തിൽ കേരളത്തിന് ഇന്നത്തേതിനെക്കാൾ അഭികാമ്യമായ ഒരു ഭാവി നിലവിൽ വരുന്നതാണ്. കേരളത്തിലെ മാവിനങ്ങൾ പൊതുവേ വിത്ത്തൈകളിൽ ഉണ്ടായിട്ടുള്ളതും കൂടുതൽ പുളിരസത്തോടു കൂടിയവയുമാണ്. മുൻ കാലങ്ങളിൽ പുളിരസം കൂടുതലുള്ള മാങ്ങയിനങ്ങൾക്ക് മധുരക്കൂടുതലുള്ള ഇനങ്ങളെ അപേക്ഷിച്ച് പ്രിയം കുറവായിരുന്നു. അടുത്തകാലത്ത് ഈ നിലയ്ക്ക് മാറ്റം വന്നിട്ടുണ്ട്. അച്ചാറുകൾക്കും മറ്റും പുളികൂടുതലുള്ള ഇനങ്ങളാണ് ഉപയോഗിച്ചുവരുന്നത്. അവയ്ക്ക് വിദേശരാജ്യങ്ങളിലും കമ്പോളം നേടാൻ കഴിഞ്ഞിട്ടുണ്ട്.[20]

പ്ലാവ് (Artocarpus integrifolia)

ഉഷ്ണമേഖലാപ്രദേശത്തെ ഒരു ഫലവർഗമായ പ്ലാവ് മറ്റേതു ഫലവൃക്ഷത്തെക്കാളും കൂടുതൽ വിളവു നൽകുന്നു. അടുത്തകാലം വരെ ആസ്വാദ്യമായ നല്ല വരിക്കപ്ലാവിനങ്ങൾ പ്രത്യുത്പാദിക്കുവാനും നിലനിറുത്തുവാനും സൗകര്യമില്ലായിരുന്നു. കേരള കർഷികസർ‌‌വകലാശാലയുടെ വെള്ളായണി കാമ്പസിൽ സുഗമമായ ഒരു ഒട്ടുവയ്ക്കൽ മാർഗ്ഗം കണ്ടുപിടിച്ചതോടുകൂടി മേല്പറഞ്ഞ കുറവും പരിഹരിക്കപ്പെടുവാനുള്ള സാധ്യതകൾ തെളിഞ്ഞിരിക്കുന്നു.[21]

കൈതച്ചക്ക (Ananas comosus)

പഴുക്കാത്ത കൈതച്ചക്ക

മുൻപറഞ്ഞ ഫലവൃക്ഷങ്ങൾ പരിണാമപരമായി ഇന്ത്യയിലോ, സമാനഭൂപ്രകൃതിയുള്ള പ്രദേശങ്ങളിലോ ഉരുത്തിരിഞ്ഞു വന്നവയാണ്. എന്നാൽ കൈതച്ചക്കയുടെ ജന്മദേശം തെക്കേഅമേരിക്കയാണ്. എങ്കിലും കൈതച്ചക്ക തെക്കേഇന്ത്യയുടെ കാലാവസ്ഥയ്ക്കു യോജിച്ചതുതന്നെ. ഒരു തനിപ്പഴമെന്ന രീതിയിലായാലും സംസ്കരിച്ച രീതിയിലായാലും കൈതച്ചക്ക സ്വാദുറ്റതാണ്. കേരളം ഉൾപ്പെടെയുള്ള പശ്ചിമതീരവും ആസാം മുതലായ ഉത്തരപൂർ‌‌വ ഗിരിപ്രദേശങ്ങളും മാത്രമാണ് കൈതച്ചക്കയുടെ കൃഷിക്ക് ഏറ്റവും അനുയോജ്യമായി കണക്കാക്കപ്പെടുന്നത്. കേരളത്തിലെ കാലാവസ്ഥയാണ് ഇവയിലെല്ലാംതന്നെ കൈതച്ചക്കകൃഷിക്ക് കൂടുതൽ സ്വീകാര്യമായുള്ളത്. ക്യൂ, ക്യൂൻ, മൊറീഷ്യസ് എന്നീ മേൽത്തരം കൈതച്ചക്കയിനങ്ങൾ നമ്മുടെ നാട്ടിൽ കൃഷിചെയ്തു വരുന്നുണ്ട്.[22]

പപ്പായ (Carica papaya)

പപ്പായ

എല്ലാക്കാലത്തും തുടച്ചയായി വിളവെടുക്കാൻ സാധിക്കുന്ന ഫലവൃക്ഷങ്ങൾ ലോകത്തെവിടെയായാലും ചുരുക്കമാണ്. അത്തരത്തിൽ നിത്യ ഫലപൂർണമെന്ന് അവകാശപ്പെടാവുന്ന ഒരു ഫലവൃക്ഷമാണ് പപ്പായ. അത്യുത്പാദന ശേഷിയും പോഷകപ്രധാനമായ ഘടകങ്ങളുടെയും അപൂർ‌‌വമായ സമ്മേളനവും പപ്പായയുടെ എടുത്തുപറയേണ്ട ഗുണങ്ങളാണ്. പറമ്പുകളോടുകൂടിയ വീടുകൾക്കു ചുറ്റും ചുരുങ്ങിയ സ്ഥലം മാത്രം ഉപയോഗിച്ച് വിജയകരമായി കൃഷിചെയ്യാവുന്ന ഒരു വിവിധോദ്ദേശ്യ ഫലവൃക്ഷമെന്നുള്ള നിലയിൽ പപ്പായയ്ക്ക് ഇന്നത്തേതിനെക്കാൾ വളരെയേറെ ശ്രദ്ധയും പ്രോത്സാഹനവും നൽകേണ്ടിയിരിക്കുന്നു.[23]

നാരകം (Citrus spp)

ചെറുനാരങ്ങ

നാരകങ്ങൾ പലവർഗത്തിലുണ്ട്. കറിവൈക്കാൻ ഉപയോഗിക്കുന്ന ചെറുനാരകം മുതലായവ തെക്കേ ഇന്ത്യയിൽ സുലഭമായി ലഭിക്കുന്നുണ്ട്. എന്നാൽ സാത്തുക്കുടി ഇനങ്ങളും ഓറഞ്ച് ഇനങ്ങളും ഇവിടെ അത്രത്തോളം പഴക്കമുള്ളവയല്ല. അവയും അടുത്തകാലത്തായി വളരെവേഗം ജനപ്രിയം നേടികഴിഞ്ഞിരിക്കുന്നു. എല്ലാവിധ നാരകങ്ങളിലും അടങ്ങിയിരിക്കുന്ന ജീവകം സി. മനുഷ്യാഹാരത്തിൽ നിത്യേന ഉൾക്കൊള്ളിക്കേണ്ട ഒരു അവശ്യഘടകമാണ്. ഇക്കാരണത്താൽ നാരകങ്ങളുടെ ആരോഗ്യദായകത്വം അനിതരസാധാരണമായി കണക്കാക്കപ്പെടുന്നു. നമ്മുടെ ജനസംഖ്യ കണക്കിലെടുത്താൽ ഇന്നത്തേതിനെക്കാൾ വളരെയേറെ അളവിൽ എല്ലാ ഇനങ്ങളിലും നാരകങ്ങൾ കൃഷിചെയ്യുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്.[24]

പേര (Psidium guajava)

പേര ഇവിടെ വളരെക്കാലമായി കൃഷിചെയ്യുന്നുണ്ടെങ്കിലും ഇന്നും ഇതൊരു അപ്രധാന വിളയായി അവശേഷിക്കുന്നു. ഉത്തർപ്രദേശിൽ വളരെ ആദായകരമായി പേര കൃഷിചെയ്യപ്പെടുന്നു. എത്ര കടുത്ത വരൾച്ചയെയും ഉണക്കിനെയും ചെറുത്തുനിൽക്കുവാൻ പേരയ്ക്കു കഴിവുണ്ട്. വിട്ടുവളപ്പിൽ ഇത് അനായാസമായി നട്ടുവളർത്താവുന്നതാണ്. പോഷകപരമായും ദഹന സംബന്ധമായും വളരെയേറെ ഗുണങ്ങൾ ഇതിനുണ്ട്.

സപ്പോട്ട (Achras sapota)

പപ്പായയേയും പേരയേയും അപേക്ഷിച്ച് കുറച്ചുകൂടി വലിപ്പമുള്ള മരമാണ് സപ്പോട്ട. ഇതിന്റെ പഴത്തിന് നല്ലമാധുര്യം ഉണ്ട്. ഈ മരത്തിൽ നിന്നെടുക്കുന്ന കറ ച്യൂയിങ്ഗം ഉത്പാദനത്തിന് ഉപയോഗിക്കുന്നു.[25]

ശീമപ്ലാവ് (Artocarpus incisa)

കൂടുതൽ പടർന്നു പന്തലിക്കുന്ന ഒരു വന്മര ആണ് ശീമപ്ലാവ്. ഇതിൽ നിന്നുള്ള ഉത്പാദനവും ഈ അളവിൽതന്നെ വമ്പിച്ചതായിരിക്കുന്നു. ശീമച്ചക്ക ഒരു പച്ചക്കറി എന്നനിലയിൽ ആണ് ഈ നാട്ടിൽ ഉപയോഗിച്ചുവരുന്നത് അത്യുത്പാദന ശേഷിയുള്ളതും വേഗം വളരുന്നവയുമായ പുതിയ ഇനങ്ങൾ ഉണ്ടാക്കി എടുക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.[26]

ആത്തപ്പഴം (Annona spp)

ആത്തപ്പഴത്തിൽ പെട്ട പ്രധാന മൂന്ന് സ്പീഷീസുകൾ മലമുന്തിരി (bullock heart, Annona reticulata),[27] മുന്തിരി ആത്ത (custard apple, Annona squamosa), [28]മുള്ളനാത്ത (rampbal, Annona moschata) എന്നിവയാണ്.[29]

കശുമാവ് (Anacardium occidentale)

പഴുത്തു പാകമായ കശുമാങ്ങ

ആദ്യകാലങ്ങളിൽ മണ്ണൊലിപ്പു നിവാരണത്തിനു മാത്രം ഉപകരിക്കുന്ന ഒരു പാഴ്മരമായി കശുമാവ് കരുതപ്പെട്ടിരുന്നു. കശുവണ്ടിയുടെ സംസ്കരണവും വിപണനവും ആരംഭിച്ചിട്ടുതന്നെ അരനൂറ്റാണ്ടിലേറെ ആയിട്ടില്ല. എന്നാൽ ലോകത്തിലെ എല്ലാ അണ്ടിവിളകളെയുംകാൾ കൂടുതൽ പ്രചാരം ചുരുങ്ങിയ കാലത്തിനിടയിൽ കശുവണ്ടിപ്പരിപ്പിന് നേടാൻ കഴിഞ്ഞു. കേരളത്തിൽ തന്നെ 200--ലേറെ കശുവണ്ടി ഫാക്ടറികളും ഒന്നരലക്ഷത്തോളം തൊഴിലാളികളും ഇതിന്റെ സംസ്കരണത്തിൽ ഇന്ന് ഏർപ്പെട്ടിരിക്കുന്നു. പരിപ്പിന്റെയും തോട്ടെണ്ണയുടെയും കയറ്റുമതിയിൽനിന്ന് ഇന്ത്യയ്ക്കു ലഭിക്കുന്ന വിദേശനാണയം 120 കോടിയിൽ കുറയാതെ വരും. ഇത് വർഷംതോറും കൂടിക്കൊണ്ടിരിക്കുന്നു. ഈ നേട്ടം നമുക്ക് നിലനിർത്തുവാനും അഭിവൃത്തിപ്പെടുത്തുവനും കഴിയണമെങ്കിൽ ആഫ്രിക്കയിൽ നിന്നുള്ള തോട്ടണ്ടിയുടെ ഇറക്കുമതി കുറയ്ക്കുകയും കശുമാവു കൃഷി ഇവിടെത്തന്നെ വിപുലീകരിക്കുകയും ചെയ്യാതെ തരമില്ല. ലോകബാങ്കിന്റെ സഹായത്തോടുകൂടി കേന്ദ്ര-കേരള ഗവണ്മെന്റുകൾ സംഘടിപ്പിച്ചുവരുന്ന കശുമാവു വികസന പദ്ധതി ഈ ലക്ഷ്യത്തെ മുൻ‌‌നിറുത്തിയുള്ളതാണ്.[30]

പച്ചക്കറി വിജ്ഞാനം

ജീവകങ്ങളുടെ ഉറവിടമായ പഴങ്ങളും പച്ചക്കറികളും

പച്ചക്കറികൾ ശരീരവളർച്ചയ്ക്കും പ്രവർത്തനശേഷിക്കും വേണ്ടുന്ന ലവണങ്ങളും ജീവകങ്ങളും പ്രദാനം ചെയ്യുകയും ഭക്ഷണത്തിന് വൈവിധ്യം നൽകുകയും ചെയ്യുന്നു. ശരിയായരീതിയിൽ കൃഷി ചെയ്യുകയാണെങ്കിൽ മിക്ക പച്ചക്കറികളും ധാന്യ വിളകളേക്കാൾ പത്തിരട്ടി കൂടുതൽ വിളവു നൽകുന്നതാണ്. കായ്കറികളിൽ നിന്ന് മാംസ്യം, കാർബോഹൈഡ്രേറ്റ്, ധാതുലവണങ്ങൾ, ജീവകങ്ങൾ, പരുക്കൻ ആഹാരം എന്നിവ ലഭ്യമാകുന്നു.

പച്ചക്കറികൃഷിശാസ്ത്രത്തെപ്പറ്റി വളരെ പരിമിതമായ അറിവുമാത്രമേ ഇന്നുള്ളു. വിജയപ്രദമായ രീതിയിൽ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിന് നല്ലയിനം വിത്ത്, നവീന കൃഷിസമ്പ്രദായങ്ങൾ എന്നിവ ആവശ്യമാണ്. മികച്ച പച്ചക്കറി വ്യവസായത്തിന് ഗതാഗതം, വിപണനം, ശേഖരണം, പരിരക്ഷണം എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഉണ്ടാകണം.

പച്ചക്കറികൃഷിയെ കമ്പോളവിളകൃഷി (market gardening),[31] അടുക്കളത്തോട്ടക്കൃഷി (kitchen gardening)[32] എന്നിങ്ങനെ രണ്ടായി തിരിക്കാം. വ്യാവസായികാടിസ്ഥാനത്തിൽ വിപുലമായ തോതിൽ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്ന രീതിക്കാണ് കമ്പോള വിളകൃഷി എന്നു പറയുന്നത്. നമ്മുടെ നാട്ടിൽ ഈ കൃഷിരീതിക്ക് അധികം പ്രചാരമില്ല. കൃഷിക്കാർ സ്വന്തം കൃഷിസ്ഥലങ്ങളിൽ ചെറിയതോതിൽ നട്ടുവളർത്തുന്ന പച്ചക്കറികളാണ് സാധാരണയായി നമ്മുടെ കമ്പോളങ്ങളിൽ എത്തിച്ചേരുന്നത്.

ഗൃഹപരിസരങ്ങളിലും മറ്റും സ്വന്തം ആവശ്യത്തിന് ചെറിയതോതിൽ പച്ചക്കറി കൃഷിചെയ്യുന്ന രീതിയാണ് അടുക്കളത്തോട്ടക്കൃഷി എന്ന് അറിയപ്പെടുന്നത്. അടുക്കളത്തോട്ടത്തിൽനിന്നും സ്വന്തം ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ചുള്ള മലക്കറികൾ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്നതിനുപുറമേ കുടുംബാംഗങ്ങൾക്ക് വ്യായാമവും ലഭിക്കുന്നു.

കേരളത്തിൽ സാധാരണയായി കൃഷിചെയ്തുവരുന്ന പച്ചക്കറികളെ ഫലവർഗ മലക്കറികൾ, പയറുവർഗങ്ങൾ, വെള്ളരിവർഗങ്ങൾ, ഇലക്കറിവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിങ്ങനെ തരംതിരിക്കാം.[33]

ഫലവർഗപച്ചക്കറികൾ

തക്കാളി
വഴുതിന

വെണ്ട, വഴുതിന, തക്കാളി, മുളക് എന്നിവയാണ് കേരളത്തിലെ പ്രധാനപ്പെട്ട ഫലവർഗ പച്ചക്കറികൾ. ശരീര പ്രവർത്തനങ്ങൾക്കാവശ്യമായ ജീവകങ്ങളും ലവണങ്ങളും ഇവയിൽ സുലഭമാണ്.

പയറുവർഗങ്ങൾ

എല്ലാ പയറിനങ്ങളും മാംസ്യ പ്രധാനങ്ങളാണ്. മാംസ്യാംശത്തിന് പുറമേ ഇവയിൽ ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. മാംസ്യാംശം ചെലവു കുറഞ്ഞ രീതിയിൽ ലഭ്യമാക്കുന്നതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം പയറുവർഗങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുകയാണ്. ഇവ കൃഷിചെയ്യുമ്പോൾ ഭൂമിയുടെ ഫലപുഷ്ടി വർദ്ധിക്കുന്നു. പതിനെട്ടുമണിയൻ, ചീനി അമര, ഫ്രഞ്ചുബീൻസ്, വാളരി, ചതുരപ്പയർ എന്നിവയാണ് കേരളത്തിൽ അടുക്കളതോട്ടങ്ങളിൽ കൃഷിചെയ്തുവരുന്ന പയറുവർഗങ്ങൾ. നെൽപ്പാടങ്ങളിൽ ഉഴുന്ന്, ചെറുപയർ, മുതിര എന്നിവയും കൃഷിചെയ്യാറുണ്ട്. 42% മാംസ്യാംശം അടങ്ങിയിട്ടുള്ള അത്ഭുതവിള എന്നറിയപ്പെടുന്ന സോയാബീൻ കൃഷിക്ക് നമ്മുടെ നാട്ടിൽ ഇനിയും പ്രചാരം ലഭിച്ചിട്ടില്ല.

വെള്ളരിവർഗങ്ങൾ

വെള്ളരി, പടവലം, പാവൽ, മത്തൻ, കുമ്പളം, ചുര എന്നിവയാണ് ഈ വർഗത്തിലുൾപ്പെടുന്നത്. ഇവയിൽ ധാരാളം പോഷകമൂല്യങ്ങളും ജീവകങ്ങളും അടങ്ങിയിരിക്കുന്നു.

ഇലക്കറികൾ

മുരിങ്ങയില

നമ്മുടെ നാട്ടിൽ സുലഭമായ ഇലക്കറികളിൽ ലവണങ്ങൾ, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, ജീവകം എ. ബി. സി എന്നീ ഘടകങ്ങളാണ് മുഖ്യമായും ഉള്ളത്. ചീര, കൊളമ്പുചീര, അറക്കീര, മുരിങ്ങയില, മധുരച്ചീര, കൊഴുപ്പ, മുതലായവയാണ് കേരളത്തിൽ സാധാരണയായി കൃഷിചെയ്തുവരുന്നത്.

കിഴങ്ങുവർഗങ്ങൾ

ചേന

അന്നജപ്രധാനങ്ങളായ കിഴങ്ങു വർഗങ്ങളിൽ മാംസ്യം, കൊഴുപ്പ് എന്നീ മുഖ്യ ആഹാര ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ മുതലായവയാണ് പ്രധാനപ്പെട്ട കിഴങ്ങുവർഗങ്ങൾ.

പുഷ്പോത്പാദനവും അലങ്കാരത്തോട്ട സം‌‌വിധാനവും

റോസാപ്പൂവ്

പുഷ്പങ്ങളുടെയും ഇലച്ചെടികളുടെയും വ്യാവസായിക അടിസ്ഥാനത്തിൽ ഉള്ള കൃഷിയും (Floriculture) വിവിധയിനം അലങ്കാരത്തോട്ടങ്ങൾ സംവിധാനം ചെയ്തു സം‌‌രക്ഷിക്കുന്നതിന്റെ അടിസ്ഥാനതത്വങ്ങളും (landscape gardening) ആണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.

ഓർക്കിഡ് പൂവ്

പാശ്ചാത്യ രാജ്യങ്ങളിൽ പൂന്തോട്ടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച ഗ്രീൻ‌‌ഹൗസ്കളിലും വാണിജ്യാടിസ്ഥാനത്തിൽ വിപുലമായ തോതിൽ പുഷ്പങ്ങൾ വളർത്തുന്നു. സാധാരണയായി വൻ‌‌നഗരങ്ങളുടെ സമീപ പ്രദേശങ്ങളിലാണ് ഇത്തരം ഗ്രീൻ‌‌ഹൗസുകൾ സ്ഥാപിക്കുന്നത്. ഒരു പ്രത്യേക സ്ഥാപനം ഒന്നോ രണ്ടോ പ്രത്യേക പൂന്തോട്ടവിളകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വിപുലമായ തോതിൽ അവ ഉത്പാദിപ്പിക്കുന്നു. സാധാരണയായി റോസ്, ഓർക്കിഡ്, കാർണേഷനുകൾ എന്നിവയാണ് ഇപ്രകാരം വിപുലമായി കൃഷി ചെയ്യപ്പെടുന്നത്. ശാസ്ത്രീയ പരിജ്ഞാനവും നൈപുണ്യവും ധാരാളം മൂലധനവും ആവശ്യമായ ഒരു വ്യവസായമാണിത്. യൂറോപ്പിലും ജപ്പാനിലും മുഖ്യമായും ഇതൊരു വ്യവസായമാണെങ്കിലും കൃഷി സ്ഥലങ്ങളിലും നിരവധിയിനം പുഷ്പങ്ങൾ കൃഷിചെയ്തു വരുന്നുണ്ട്. ഗ്രീൻ‌‌ഹൗസിനുള്ളിൽ അനുകൂല കാലാവസ്ഥ നിലനിറുത്തുവാനും കീടങ്ങളുടെയും രോഗങ്ങളുടെയും ബാധയിൽനിന്നും ചെടികളെ സം‌‌രക്ഷിക്കുവനും പ്രത്യേകം ശ്രദ്ധിക്കുന്നു.[34]

സൂര്യകാന്തി പൂവ്

വർണഭംഗിയും സുഗന്ധവും നൽകുന്ന അലങ്കാരച്ചെടികൾ പണ്ടു മുതൽക്കേ മനുഷ്യൻ വളർത്തിവരുന്നുണ്ട്. മനോഹരമായ പൂക്കളും അലങ്കാര സസ്യങ്ങളും ഏതു പരിസരത്തിന്റെയും ശാലീനതയും സൗന്ദര്യവും വെടിപ്പും വർദ്ധിപ്പിക്കും. പൂന്തോട്ടങ്ങളെ പൊതുവേ രണ്ടായി തരംതിരിക്കാം: ഗൃഹോദ്യാനങ്ങൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ എന്നിവയാണ് ആദ്യത്തെ വിഭാഗം.[35] പ്രകൃതി ദൃശ്യങ്ങളോട് വളരെയധികം സാമ്യമുള്ള രീതിയിലാണ് ഇവ സം‌‌വിധാനം ചെയ്യുന്നത്. ഇവയെ പ്രകൃതി സദൃശ (informal) പൂന്തോട്ടങ്ങളായി കണക്കാക്കാം. രണ്ടാമത്തെ വിഭാഗം ജ്യാമിതീയ മാതൃകകളിൽ രീത്യനുസാരിയായ രീതിയിൽ (formal) സംവിധാനം ചെയ്തിട്ടുള്ളവയാണ്. ലോകപ്രസിദ്ധമായ മുഗൾഗാർഡൻസ്, മൈസൂറിലെ വൃന്ദാവനം എന്നിവ രണ്ടാമത്തെ രീതിക്ക് ഉദാഹരണങ്ങളാണ്.[36]

ഗുൽമോഹർ പൂവ്

പൂന്തോട്ടം മനോഹരമായി സം‌‌വിധാനം ചെയ്യുന്നതിനാവശ്യമായ ഘടകങ്ങൾ ഭംഗിയുള്ള വൃക്ഷങ്ങൾ,കുറ്റിച്ചെടികൾ, വള്ളികൾ, ജലസസ്യങ്ങൾ, ശിലാരാമങ്ങൾ, അലങ്കാരവസ്തുക്കൾ, നടപ്പാതകൾ, പുൽത്തകിടികൾ എന്നിവയാണ്. മന്ദാരം, കണിക്കൊന്ന, ഉറക്കംതൂങ്ങിമരം, ചെമ്പകം, മഹാഗണി, ഗുൽമോഹർ തുടങ്ങിയ വൃക്ഷങ്ങളും, റോസ്, പിച്ചി, മുല്ല, ബൊഗയിൻ‌‌വില്ല, ക്രോട്ടണുകൾ, ഹൈഡ്രാൻ‌‌ജിയ മുതലായ കുറ്റിച്ചെടികളുമാണ് സാധാരണയായി പൂന്തോട്ടങ്ങളിൽ നട്ടുവളർത്തുന്നത്. ഡാലിയ, സൂര്യകാന്തി, ജമന്തി, സീനിയ, പെറ്റൂണിയ, ഡെയിസി തുടങ്ങിയ ഏകവർഷികൾ പൂന്തോട്ടങ്ങൾക്ക് മനോഹാരിത വർദ്ധിപ്പിക്കുന്നു. തോട്ടത്തിന്റെ എല്ലാഭാഗങ്ങളിലും എത്തിച്ചേരാൻ നടപ്പാതകൾ നിർമ്മിക്കേണ്ടതാണ്. കേരളത്തിൽ സാധാരണയായി കാണുന്ന കറുകപ്പുല്ല് പുൽത്തകിടികളിൽ നട്ടു പിടിപ്പിക്കുന്നതിനു കൊള്ളാം. പുൽത്തകിടികൾ വിശ്രമസ്ഥലമായി ഉപയോഗിക്കുന്നു.[37]

കൃത്രിമമായി പാറക്കെട്ടുകൾ നിർമിച്ച് അവയ്ക്കിടയിൽ കള്ളിച്ചെടികൾ, കറ്റാർ‌‌വാഴ മുതലായ ചെടികൾ നട്ടുപിടിപ്പിച്ച് പൂന്തോട്ടത്തിന് സ്വഭാവികത വരുത്താൻ കഴിയും. ഇത്തരം ശിലാരാമങ്ങൾക്കടുത്തായി ചെറിയ കുളം ഉണ്ടാക്കി ആമ്പൽ, താമര മുതലായവ ജലസസ്യങ്ങൾ നടുന്നത് തോട്ടത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കും. തോട്ടത്തിലെ വള്ളിക്കുടിലുകൾ വളർച്ചയ്ക്ക് തണലും തണുപ്പും ആവശ്യമുള്ള ചെടികൾ വച്ചുപിടിപിക്കുവാനും ഒരു വിശ്രമസ്ഥലമായും ഉപയുക്തമാക്കാം. പ്രതിമകൾ, ജലധാരകൾ, ആർച്ചുകൾ മുതലായവ തോട്ടത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു.[38]

ഉദ്യാനവിജ്ഞാനത്തിന്റെ സിദ്ധാന്തങ്ങൾക്കനുസൃതമായി കൃഷിചെയ്യുന്നപക്ഷം പോഷകമൂല്യമുള്ള ഭക്ഷണ പദാർഥങ്ങളും വ്യാവസായികാവശ്യത്തിനുള്ള അസംസ്കൃത പദാർഥങ്ങളും മറ്റു വിലപ്പെട്ട വാണിജ്യവിഭവങ്ങളും ഉത്പാദിപ്പിക്കുവൻ സാധിക്കുന്നതാണ്. ആധുനിക രീതിയിൽ നഗരങ്ങളും കൃഷിഭൂമികളും നയനാനന്ദകരവും ആകർഷകവുമാക്കുന്നതിനും ഉദ്യാനവിജ്ഞാനം ഉപകരിക്കുന്നു.

കടപ്പാട്

  • സർ‌‌വവിജ്ഞാനകോശം വാല്യം 4. പേജ് - 672 - 679 Published by The State Institute of Encyclopedic Publications Trivandrum, Kerala State (A government of Kerala Undertaking)

അവലംബം

പുറത്തേക്കുള്ള കണ്ണികൽ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഉദ്യാനവിജ്ഞാനം&oldid=3801876" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്