ചോഴസാമ്രാജ്യം

തമിഴ് സാമ്രാജ്യം

തെക്കേ ഇന്ത്യയിൽ ക്രി.വ. 13-ആം നൂറ്റാണ്ടുവരെ ഭരണം നടത്തിയ തമിഴ് സാമ്രാജ്യമായിരുന്നു ചോള സാമ്രാജ്യം അല്ലെങ്കിൽ ചോഴസാമ്രാജ്യം (തമിഴ്: சோழர் குலம், ഐ.പി.എ: ['ʧoːɻə]). ചോഴസാമ്രാജ്യത്തെക്കുറിച്ചുള്ള ഏറ്റവും പഴയ പരാമർശം അശോകന്റെ ശിലാശാസനങ്ങളിൽ നിന്നാണ്‌ (ക്രി.മു. 3-ആം നൂറ്റാണ്ട്). കാവേരി ആറിന്റെ വളക്കൂറുള്ള നദീതടങ്ങളിൽ നിന്നാണ് ഈ സാമ്രാജ്യത്തിന്റെ തുടക്കം. തുടർക്കാല ചോളരാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ കരികാല ചോഴൻ ആണ്. ഇടക്കാല ചോളരാജാക്കന്മാരിൽ പ്രമുഖർ രാജരാജ ചോഴൻ ഒന്നാമൻ, രാജേന്ദ്ര ചോഴൻ, കുലോത്തുംഗ ചോഴൻ ഒന്നാമൻ എന്നിവരാണ്.

ചോഴസാമ്രാജ്യം

சோழ பேரரசு
ക്രി.മു. മൂന്നാം നൂറ്റാണ്ട്–ക്രി.വ. 1279
ചോള സാമ്രാജ്യം
പതാക
സാമ്രാജ്യത്തിന്റെ പരമോന്നതിയിൽ ചോഴന്മാരുടെ സാമ്രാജ്യവിസ്തൃതി (ക്രി.വ. 1050)
സാമ്രാജ്യത്തിന്റെ പരമോന്നതിയിൽ ചോഴന്മാരുടെ സാമ്രാജ്യവിസ്തൃതി (ക്രി.വ. 1050)
തലസ്ഥാനംആദ്യകാല ചോഴർ: പൂമ്പുഴാർ, ഉറയൂർ,
മദ്ധ്യകാല ചോഴർ: പഴൈയാരൈ, തഞ്ചാവൂർ
ഗംഗൈകൊണ്ട ചോളപുരം
പൊതുവായ ഭാഷകൾതമിഴ്
മതം
ഹിന്ദുമതം
ഗവൺമെൻ്റ്രാജവാഴ്ച്ച
രാജാവ്
 
• 848-871
വിജയാലയ ചോഴൻ
• 1246-1279
രാജേന്ദ്രചോഴൻ മൂന്നാമൻ
ചരിത്ര യുഗംമദ്ധ്യ കാലഘട്ടം
• സ്ഥാപിതം
ക്രി.മു. മൂന്നാം നൂറ്റാണ്ട്
• മദ്ധ്യകാല ചോഴരുടെ ഉദയം
848
• ഇല്ലാതായത്
ക്രി.വ. 1279
വിസ്തീർണ്ണം
ഉദ്ദേശം ക്രി.വ. 1050.3,600,000 km2 (1,400,000 sq mi)
ശേഷം
പാണ്ഡ്യർ
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: ഇന്ത്യ
 ശ്രീലങ്ക
 ബംഗ്ലാദേശ്
 മ്യാന്മർ
 തായ്‌ലന്റ്
 മലേഷ്യ
 കംബോഡിയ
 ഇന്തോനേഷ്യ
 വിയറ്റ്നാം
 സിംഗപ്പൂർ
 മാലദ്വീപ്

ചോഴസാമ്രാജ്യത്തിന്റെ ഈറ്റില്ലം വളക്കൂറുള്ള കാവേരി നദീതടമായിരുന്നു, എന്നാൽ തങ്ങളുടെ ശക്തിയുടെ ഉന്നതിയിൽ, 9-ആം നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതൽ 13-ആം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കാലത്ത് ചോളർ വളരെ വിസ്തൃതമായ ഒരു പ്രദേശം ഭരിച്ചു. [1] തുംഗഭദ്രയുടെ തെക്കുള്ള പ്രദേശങ്ങളാകെ രണ്ടുനൂറ്റാണ്ടില്പ്പരം കാലത്തേക്ക് ചോളർ ഒന്നിപ്പിച്ച് ഭരിച്ചു.[2] രാജരാജചോളൻ ഒന്നാമന്റെയും അദ്ദേഹത്തിന്റെ മകനായ രാജേന്ദ്രചോളൻ ഒന്നാമന്റെയും കാലത്ത് ചോളസാമ്രാജ്യം തെക്കേ ഏഷ്യയിലെയും തെക്കുകിഴക്കേ ഏഷ്യയിലെയും ഒരു സൈനിക, സാമ്പത്തിക, സാംസ്കാരിക ശക്തിയായി.[3][4] ഈ പുതിയ സാമ്രാജ്യത്തിന്റെ ശക്തി കിഴക്കേ ഏഷ്യയിൽ വിളംബരം ചെയ്തത് രാജേന്ദ്രചോളൻ ഒന്നാമന്റെ ഗംഗാതടം വരെയുള്ള പടയോട്ടവും പ്രമുഖ നാവികശക്തിയായ ശ്രീവിജയ സാമ്രാജ്യത്തിനെ കടൽയുദ്ധത്തിൽ പരാജയപ്പെടുത്തിയതും ചൈനയിലേക്ക് പലതവണ ദൂതരെ അയച്ചതുമായിരുന്നു.[5] 1010 മുതൽ 1200 വരെയുള്ള കാലത്ത് ചോള ഭൂവിഭാഗങ്ങൾ തെക്ക് മാലിദ്വീപ് മുതൽ വടക്ക് ഗോദാവരി നദീതടം വരെ (ഇന്നത്തെ ആന്ധ്രാപ്രദേശ്) ആയിരുന്നു..[6] രാജരാജചോളൻ തെക്കേ ഇന്ത്യൻ ഉപഭൂഖണ്ഡം കീഴടക്കി, ഇന്നത്തെ ശ്രീലങ്കയുടെ ഭാഗങ്ങൾ പിടിച്ചെടുത്തു, മാലിദ്വീപ് അധീനതയിലാക്കി.[4]. രാജേന്ദ്രചോളൻ വടക്കേ ഇന്ത്യയിലേക്ക് ഒരു സൈന്യത്തെ അയക്കുകയും ഇവർ ഗംഗ വരെപ്പോയി പാടലീപുത്രത്തിലെ പാല രാജാവായ മഹിപാലനെ കീഴടക്കുകയും ചെയ്തു. മലയ ദ്വീപ് സമൂഹത്തിലെ രാജ്യങ്ങളെ രാജേന്ദ്രചോളൻ കീഴടക്കി.[7][8] 13-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, പാണ്ഡ്യരുടെ ഉദയത്തോടെ ചോളരുടെ ശക്തി ക്ഷയിച്ചുതുടങ്ങി. പാണ്ഡ്യർ ചോളസാമ്രാജ്യത്തിന്‌ അന്ത്യം കുറിച്ചു. [9][10][11].

തമിഴ് സാഹിത്യത്തോടുള്ള ചോളരുടെ പ്രോൽസാഹനവും ക്ഷേത്രങ്ങൾ നിർമ്മിക്കാനുള്ള ശുഷ്കാന്തിയും തമിഴ് സാഹിത്യത്തിലെയും വാസ്തുവിദ്യയിലെയും ചില ഉദാത്ത നിർമ്മിതികൾക്ക് കാരണമായി.[4] ക്ഷേത്രനിർമ്മാണത്തിൽ ചോളരാജാക്കന്മാർ വളരെ താല്പര്യം കാണിച്ചു,കൂടാതെ ഇവർ ക്ഷേത്രങ്ങളെ ആരാധനാസ്ഥലങ്ങളായി മാത്രമല്ല, സാമ്പത്തിക കേന്ദ്രങ്ങളായും വിഭാവനം ചെയ്തു.[12][13] ഒരു കേന്ദ്രീകൃത സർക്കാർ സം‌വിധാനം സ്ഥാപിച്ച ചോളന്മാർ പ്രബലമായതും ശക്തമായതും ഒരു ഭരണവ്യവസ്ഥ സ്ഥാപിച്ചു.

ആരംഭം

തമിഴ്നാടിന്റെ ചരിത്രം
എന്ന ശ്രേണിയുടെ ഭാഗം
തമിഴ് ചരിത്ര കാലക്രമം
സംഘ കാലഘട്ടം
ഉറവിടങ്ങൾ
ഭരണസം‌വിധാനം  ·   സമ്പദ് വ്യവസ്ഥ
സമൂഹം  ·   മതം  ·  സംഗീതം
ആദ്യകാല ചോളർ  ·  ആദ്യകാല പാണ്ഡ്യർ
മദ്ധ്യകാല ചരിത്രം
പല്ലവ സാമ്രാജ്യം
പാണ്ഡ്യസാമ്രാജ്യം
ചോളസാമ്രാജ്യം
ചേര രാജവംശം
വിജയനഗര സാമ്രാജ്യം
മധുര നായകർ
തഞ്ചാവൂർ നായകർ
കലഹസ്തി നായകർ
ഗിഞ്ജീ നായകർ
കാൻഡി നായകർ
രാംനാഡ് സേതുപതി
തൊണ്ടൈമാൻ രാജ്യം

ആദ്യകാല ചോളർ

ചോള രാജവംശത്തിന്റെ ആരംഭത്തെപ്പറ്റിയുള്ള വിവരങ്ങൾ വിരളമാണ്‌. പുരാതന തമിഴ് സാഹിത്യത്തിൽ നിന്നും ശാസനങ്ങളിൽ നിന്നും ഈ രാജവംശത്തിന്റെ പ്രാചീനത വ്യക്തമാണ്‌. പിന്നീട് മദ്ധ്യകാല ചോളർ ഈ രാജവംശത്തോട് പുരാതനവും നീണ്ടതുമായ ഒരു പാരമ്പര്യം അവകാശപ്പെട്ടു. ആദ്യകാല സംഘ സാഹിത്യത്തിലെ (ക്രി.വ. 150)[14] പരാമർശങ്ങൾ കാണിക്കുന്നത് ഈ സാമ്രാജ്യത്തിലെ ആദ്യ രാജാക്കന്മാർ ക്രി.വ. 100-നു മുൻപുള്ളവരായിരുന്നു എന്നാണ്‌.

ചോള രാജവംശം എന്ന പേരുലഭിച്ചതിനെക്കുറിച്ച് പൊതുസമ്മതമായ സിദ്ധാന്തം, ചേരരെയും പാണ്ഡ്യരെയും പോലെ പുരാതനമായ പാരമ്പര്യമുള്ള ഒരു ഭരണ കുടുംബത്തിന്റെയോ ഗോത്രത്തിന്റെയോ പേരാണ്‌ ചോളർ എന്നത് എന്നാണ്‌.[15]. ചോളരെ സൂചിപ്പിക്കാൻ കൂടുതലായി ഉപയോഗിക്കുന്ന മറ്റു പേരുകൾ കിള്ളി (கிள்ளி), 'വളവൻ (வளவன்), 'സെമ്പിയൻ (செம்பியன்) എന്നിവയാണ്‌. കുഴിക്കുക, കോരുക, എന്നിങ്ങനെ അർത്ഥമുള്ള തമിഴ് വാക്കായ കിൾ (கிள்) എന്നതിൽ നിന്നാവാം കിള്ളി വന്നത്, ഇത് നിലം കുഴിക്കുന്നവൻ, അല്ലെങ്കിൽ മണ്ണിൽ പണിയെടുക്കുന്നവൻ എന്ന അർത്ഥത്തെ ദ്യോതിപ്പിക്കുന്നു. ഈ വാക്ക് ആദ്യകാല ചോളരുടെ പേരുകളുടെ ഒരു ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു. (ഉദാ: നെടുങ്കിള്ളി, നളൻ‌കിള്ളി, തുടങ്ങിയവ), എന്നാൽ പിൽക്കാലത്തെ ഈ പേര്‌ ഏകദേശം അപ്രത്യക്ഷമായി. വളവൻ എന്നത് 'വളം' (வளம்) എന്ന പദവുമായി ബന്ധപ്പെട്ടിരിക്കാനാണ്‌ ഏറ്റവും സാദ്ധ്യത – ഫലഭൂയിഷ്ഠി എന്ന അർത്ഥം,ഫലഭൂയിഷ്ഠമായ ഒരു രാജ്യത്തിന്റെ ഭരണാധികാരി എന്ന് ദ്യോതിപ്പിക്കുന്നു. സെമ്പിയൻ എന്നത് ഷിബിയുടെ പിൻ‌ഗാമി എന്ന അർത്ഥത്തിലാണ്‌ എന്നാണ്‌ പൊതു അഭിപ്രായം. ഷിബി എന്ന രാജാവ് കഴുകന്മാരുടെ പിടിയിൽ നിന്നും ഒരു പ്രാവിനെ രക്ഷിക്കുവാൻ സ്വയം ത്യാഗം ചെയ്തത് ആദ്യകാല ചോള ഐതിഹ്യങ്ങളുടെയും, ബുദ്ധമതത്തിലെ ജാതക കഥകളിലെ ശിബി ജാതകത്തിന്റെയും വിഷയമാണ്‌. [16] തമിഴ് ഭാഷയിൽ ചോള എന്ന പദത്തിന്റെ അർത്ഥം ശോഴി അല്ലെങ്കിൽ സായ് എന്നാണ്‌ - പാണ്ഡ്യരുടെ പിന്തുടർച്ചയായി, പുതുതായി രൂപപ്പെട്ട രാജ്യം എന്നാണ്‌ ഇതിന്റെ അർത്ഥം.[17] തമിഴിലെ ശോര അല്ലെങ്കിൽ ചോഴ എന്നത് സംസ്കൃതത്തിൽ ചോള എന്നും തെലുങ്കിൽ ചോള അഥവാ ചോഡ എന്നും ആയി.[18]

ആദ്യകാല ചോളരുടെ ചരിത്രത്തെക്കുറിച്ച് വളരെക്കുറച്ച് ആധികാരിക രേഖകളേ ലഭ്യമായിട്ടുള്ളൂ. കഴിഞ്ഞ 150 വർഷക്കാലത്ത്, ചരിത്രകാരന്മാർക്ക് ഈ വിഷയത്തെക്കുറിച്ച് വലിയ അളവിൽ വിവരങ്ങൾ ലഭിച്ചത് പുരാതന സംഘ സാഹിത്യം, പരമ്പരാ‍ഗതമായ വാമൊഴി, മതഗ്രന്ഥങ്ങൾ, ക്ഷേത്ര രേഖകളും |ചെമ്പ് തകിടുകളും, എന്നിവയിൽ നിന്നാണ്. ഇവയിൽ പ്രധാനം സംഘകാലത്തെ തമിഴ് സാഹിത്യമാണ്. .[19] എറിത്രിയൻ കടലിലെ പെരിപ്ലസ് (പെരിപ്ലസ് മാരിസ് എറിത്രേ) എഴുതിയ രേഖകളിലും ചേര രാജ്യത്തെയും അതിന്റെ പട്ടണങ്ങളെയും കുറിച്ചും, തുറമുഖങ്ങൾ, വാണിജ്യം എന്നിവയെക്കുറിച്ചും ചുരുങ്ങിയതോതിൽ വിവരണമുണ്ട്. [20]. ഗ്രീക്ക് ഗണിതജ്ഞനും ജ്യോതിശാസ്ത്രജ്ഞനും ഭൌമശാസ്ത്രജ്ഞനുമായ ടോളമി ചോളരാജ്യത്തെക്കുറിച്ചും അതിന്റെ തുറമുഖത്തെക്കുറിച്ചും തുറമുഖ നഗരങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ തരുന്നു. [21]. ക്രി.വ. 5-ആം നൂറ്റാണ്ടിൽ എഴുതിയ ബുദ്ധമത ഗ്രന്ഥമായ മഹാവംശം ക്രി.മു. ഒന്നാം നൂറ്റാണ്ടിൽ സിലോൺ വാസികളും ചോളരും തമ്മിൽ നടന്ന പല സംഘട്ടനങ്ങളെയും രേഖപ്പെടുത്തുന്നു. [22] അശോകന്റെ ശിലാശാസനങ്ങളിൽ (ക്രി.മു. 273 BCE–ക്രി.മു. 232) ചോളരെ പരാമർശിക്കുന്നു, അശോകന്റെ സാമന്തരല്ലാത്തവരും, എന്നാൽ അശോകനുമായി സൌഹൃദം പുലർത്തുന്നവരുമായ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ചോളരെ പരാമർശിക്കുന്നത്.[23][24][25]

മദ്ധ്യകാല ചോളർ

കാഞ്ചീപുരത്തെ പല്ലവന്മാരുടെ സാമന്തരായിരുന്ന മുത്തരായർ എന്ന പ്രഭുകുടുംബമായിരുന്നു കാവേരീതടത്തിന്റെ അധികാരം കൈയാളിയിരുന്നത്. ഒമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഉറൈയൂരിലെ പുരാതന പ്രഭുകുടുംബമായ ചോളകുടുംബത്തില്പ്പെട്ട വിജയലായൻ കാവേരീതടം മുത്തരായരിൽ നിന്നും പിടിച്ചടക്കി. അദ്ദേഹം തഞ്ചാവൂർ പട്ടണം സ്ഥാപിക്കുകയും അവിടെ നിശുഭാസുദിനി ദേവിക്കു വേണ്ടിയുള്ള ക്ഷേത്രം പണിയുകയും ചെയ്തു[26].

വിജയലായന്റെ പിൻ‌ഗാമികൾ അയൽ‌രാജ്യങ്ങൾ ആക്രമിച്ചു കീഴടക്കി സാമ്രാജ്യം വിസ്തൃതമാക്കുകയും സൈനികശേഷി വർദ്ധിപ്പിക്കുകയും ചെയ്തു. തെക്കും വടക്കുമുള്ള പാണ്ഡ്യരുടേയും പല്ലവരുടേയും ചില അധീനപ്രദേശങ്ങൾ ഇക്കാലത്ത് ചോളസാമ്രാജ്യത്തോട് ചേർന്നു[26].

ചരിത്രം

ചോളരുടെ ചരിത്രത്തെ നാലു കാലഘട്ടങ്ങളായി വിഭജിക്കാം: സംഘസാഹിത്യ കാലത്തെ ആദ്യകാല ചോളർ, സംഘം ചോളരുടെ പതനത്തിനും വിജയലായന്റെ കീഴിൽ (ക്രി.വ. 848) മദ്ധ്യകാല ചോളരുടെ ഉദയത്തിനും ഇടയ്ക്കുള്ള ഇടക്കാലം, വിജയലായന്റെ രാജവംശം, ഒടുവിൽ, കുലോത്തുംഗ ചോളൻ ഒന്നാമൻ മുതൽക്ക്, 11-ആം നൂറ്റാണ്ടിന്റെ മൂന്നാം പാദം വരെ നീണ്ടുനിന്ന പിൽക്കാല ചോള രാജവംശം. [27]

ആദ്യകാല ചോളർ

സംഘസാഹിത്യത്തിലാണ് വ്യക്തമായ തെളിവുകളുള്ള ചോള രാജാക്കന്മാരെക്കുറിച്ചുള്ള ആദ്യപരാമർശം. ക്രിസ്തുവർഷത്തിന്റെ ആദ്യ നൂറ്റാണ്ടുകളിലാണ് സംഘസാഹിത്യം എഴുതപ്പെട്ടത് എന്ന് പൊതുവായ പണ്ഡിതാഭിപ്രായമുണ്ട്.[14] സംഘസാഹിത്യത്തിലെ പ്രതിപാദ്യ വിഷയങ്ങളുടെ സമയക്രമം നിർണ്ണയിച്ചിട്ടില്ല, ഇന്ന് ഈ കാലഘട്ടത്തിലെ ചരിത്രത്തിന്റെ ഒരു തുടർച്ചയായ (സംയോജിത) വിവരണം സാദ്ധ്യമല്ല. സംഘസാഹിത്യം രാജാക്കന്മാരുടെയും രാജകുമാരന്മാരുടെയും അവരെ പുകഴ്ത്തിയിരുന്ന കവികളുടെയും പേരുകൾ പ്രതിപാദിക്കുന്നു. ഈ സാഹിത്യം അന്നത്തെ ജനങ്ങളുടെ ജീവിതവും തൊഴിലും ധാരാളമായി പ്രതിപാദിക്കുന്നു എങ്കിലും ഇവയെ ഒരു തുടർച്ചയുള്ള ചരിത്രമായി കൂട്ടിയിണക്കാൻ സാദ്ധ്യമല്ല.[28]

An early silver coin of ഉത്തമ ചോളന്റെ ഒരു ആദ്യകാല വെള്ളി നാണയം, ശ്രീലങ്കയിൽ കണ്ടെത്തിയത്. ചോളരുടെ കടുവ ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നു, ഗ്രന്ഥ തമിഴ് ലിഖിതം.[29][30]

പുരാണങ്ങളിലെ ചോള രാജാക്കന്മാരെയും സംഘസാഹിത്യം പ്രതിപാദിക്കുന്നു. [31][32][33][34] ഈ പുരാണങ്ങൾ അഗസ്ത്യമുനിയുടെ സമകാലികനായിരുന്നു എന്നു വിശ്വസിക്കുന്ന, ചോളരാജാവായ കണ്ടമാനെ (Kantaman) പ്രതിപാദിക്കുന്നു, കണ്ടമാന്റെ ഭക്തിയാണ് കാവേരീ നദിക്കു ജനനം കൊടുത്തത് എന്ന് സംഘസാഹിത്യം പറയുന്നു.[35][36]

സംഘസാഹിത്യത്തിൽ പ്രതിപാദിക്കപ്പെടുന്ന ആദ്യകാല ചോളരാജാക്കന്മാരുടെ കൂട്ടത്തിൽ രണ്ട് പേരുകൾ പ്രധാനമാണ്: കരികാല ചോളൻ, [37][38][39] കോചെങ്കണ്ണൻ എന്നിവർ.[40] ഇവരിൽ ആരാണ് ആദ്യം ഭരിച്ചിരുന്നത് എന്ന് നിർണ്ണയിക്കാൻ വ്യക്തമായ മാർഗ്ഗങ്ങളില്ല, ഇവർ തമ്മിലുള്ള ബന്ധമോ ഇവരും ആ കാലഘട്ടത്തിലെ മറ്റ് നാട്ടുരാജാക്കന്മാരുമായും ഉള്ള ബന്ധമോ വ്യക്തമായി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല.[41][42]ഇന്നത്തെ തിരുച്ചിറപ്പള്ളിയുടെ ഭാഗമായ ഉറയൂർ ആയിരുന്നു ചോളരുടെ ആദ്യതലസ്ഥാനം.[33] ചോളരുടെ ആദ്യകാലത്തെ മറ്റൊരു തലസ്ഥാനമായിരുന്നു കാവേരിപട്ടണം.[43] ചോള രാജാവും ആക്രമണകാരിയുമായ തമിഴ് സ്വദേശി ഇളര ക്രി.മു. 235-ൽ ശ്രീലങ്ക ആക്രമിച്ചു എന്നും, ക്രി.വ. 108-ൽ ഗജബാഹു രാജാവ് ചേരൻ ശെങ്കുട്ടുവനെ സന്ദർശിച്ചു എന്നും മഹാവംശത്തിൽ പ്രതിപാദിക്കുന്നു.[33][44]

ഇടക്കാലം

സംഘകാലത്തിന്റെ അവസാനം മുതൽ (ക്രി.വ. 300) പാണ്ഡ്യരും പല്ലവരും തമിഴ് രാജ്യം കീഴടക്കിയ കാലം വരെയുള്ള ഏകദേശം മൂന്നു നൂറ്റാണ്ടുനീണ്ട ഇടക്കാലത്തെക്കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ല.[45] അധികം പ്രശസ്തമല്ലാത്ത രാജവംശമായ കളഭ്രർ തമിഴ് രാജ്യം ആക്രമിച്ചു, അന്ന് നിലനിന്ന രാജ്യങ്ങളെ പിന്തള്ളി, ഏകദേശം മൂന്നു നൂറ്റാണ്ടോളം ഭരിച്ചു.[46][47][48] പല്ലവരും പാണ്ഡ്യരും ക്രി.വ. 6-ആം നൂറ്റാണ്ടിൽ ഇവരെ അധികാരഭ്രഷ്ടരാക്കി.[38][49] ഈ കാലം മുതൽ ക്രി.വ. 9-ആം നൂറ്റാണ്ടിന്റെ ആദ്യ ഇരുപത്തഞ്ചു വർഷങ്ങളിൽ വിജയാലയൻ അധികാരമേൽക്കുന്നതുവരെ ചോളരുടെ അവസ്ഥയെക്കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ല.[50]

ലിഖിതങ്ങളുടെ പഠനവും സാഹിത്യവും ഈ നീണ്ട കാലയളവിൽ (ക്രി.വ. 300 - ക്രി.വ. 9-ആം നൂറ്റാണ്ട്) ചോളരാജാക്കന്മാരുടെ പരമ്പരയിൽ വന്ന പരിണാമങ്ങളെക്കുറിച്ച് ചില നേരിയ സൂചനകൾ നൽകുന്നു. ഉറപ്പുള്ള കാര്യം ചോളരുടെ ശക്തി ഏറ്റവും ക്ഷയിക്കുകയും, പാണ്ഡ്യരുടെയും പല്ലവരുടെയും ശക്തി ഇവർക്ക് വടക്കും തെക്കുമായി ഉയരുകയും ചെയ്തു എന്നതാണ്‌,[39][51] ഈ രാജവംശം തങ്ങളുടെ ശത്രുക്കളിൽ ഏറ്റവും ശക്തരായവരുടെ പക്കൽ അഭയവും പിന്തുണയും തേടാൻ നിർബന്ധിതരായി.[3][52] ശക്തി വളരെ ക്ഷയിച്ചെങ്കിലും ഉറൈയൂരിനു ചുറ്റുമുള്ള ചുരുങ്ങിയ പ്രദേശം ചോളർ തുടർന്നും ഭരിച്ചു. ഇവരുടെ ശക്തി ക്ഷയം പരിഗണിക്കാതെ പാണ്ഡ്യരും പല്ലവരും ചോള രാജകുമാരിമാരെ വിവാഹം ചെയ്തു. ഒരുപക്ഷേ അവരുടെ പെരുമയോടുള്ള ആദരവുകൊണ്ടായിരിക്കാം ഇങ്ങനെയുള്ള വിവാഹങ്ങൾ.[53] പല്ലവരുടെയും പാണ്ഡ്യരുടെയും ചാലൂക്യരുടെയും ഈ കാലയളവിലെ പല ശാസനങ്ങളും ലിഖിതങ്ങളും ചോള രാജ്യത്തെ കീഴടക്കിയത് പ്രതിപാദിക്കുന്നു.[54][55] ഇങ്ങനെ സ്വാധീനവും ശക്തിയും നഷ്ടപ്പെട്ടു എങ്കിലും ചോളർക്ക് അവരുടെ പഴയ തലസ്ഥാനമായ ഉറൈയൂരിനു ചുറ്റുമുള്ള ഭൂമിയുടെ മേൽ പൂർണ്ണമായും അധികാരം നഷ്ടപ്പെട്ടു എന്ന് കരുതാനാവില്ല, കാരണം വിജയാലയൻ പ്രാധാന്യത്തിലേക്ക് ഉയർന്നപ്പോൾ ഈ ഭൂപ്രദേശത്തുനിന്നാണ്‌ വന്നത്.[56][57]

ക്രി.വ. 7-ആം നൂറ്റാണ്ടിൽ, ഇന്നത്തെ ആന്ധ്രാപ്രദേശിൽ ഒരു ചോള രാജ്യം ശക്തിപ്രാപിച്ചു.[56] ഈ തെലുങ്കു ചോളർ (ചോഡർ) തങ്ങളുടെ പരമ്പര ആദ്യകാല സംഘം ചോളരുടെ തുടർച്ചയാണെന്ന് അവകാശപ്പെട്ടു. എന്നാൽ, ഇവർക്ക് ആദ്യകാല ചോളരുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.[58] ഒരുപക്ഷേ പല്ലവരുടെ കാലത്ത്, പല്ലവരുടെയും പാണ്ഡ്യരുടെയും ശക്തികേന്ദ്രങ്ങളിൽ നിന്നും അകന്ന് തമിഴ് ചോളരുടെ ഒരു ശാഖ വടക്കോട്ടു കുടിയേറി ഒരു രാജ്യം സ്ഥാപിച്ചതാവാം.[59] ചീന തീർത്ഥാടകനായ ഹുവാൻസാങ്ങ്, ക്രി. വ. 639-640-ൽ ഏതാനും മാസങ്ങൾ കാഞ്ചിപുരത്ത് ചിലവഴിക്കുകയും, ‘കുലി-യ രാജ്യം’ എന്ന രാജ്യത്തെക്കുറിച്ച് എഴുതുകയും ചെയ്യുന്നു; ഇത് തെലുങ്ക് ചോഡരെക്കുറിച്ചാണ് എന്നു കരുതപ്പെടുന്നു.[50][51][60]

മദ്ധ്യകാല ചോളർ

തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രത്തിലെ രാജരാജ ചോളന്റെ പ്രതിമ

ആദ്യകാല ചോളർക്കും വിജയാലയ രാജവംശങ്ങൾക്കും ഇടയ്ക്കുള്ള കാലത്തെക്കുറിച്ച് വളരെക്കുറച്ച് ആധികാരിക വിവരങ്ങളേ ലഭിച്ചി ട്ടുള്ളൂ, എന്നാൽ വിജയാലയനെയും പിൽക്കാല ചോള രാജവംശങ്ങളെയും കുറിച്ച് വിവിധ ഉറവിടങ്ങളിൽ നിന്നും ധാരാളമായി വിവരങ്ങൾ ലഭ്യമാണ്‌. ചോളരും അവരുടെ എതിരാളികളായ പാണ്ഡ്യരും ചാലൂക്യരും കൊത്തിവെച്ച ധാരാളം ശിലാലിഖിതങ്ങളും, ചെമ്പു പട്ടയങ്ങളും ഈ കാലഘട്ടത്തിലെ ചോളരുടെ ചരിത്രരചാനയ്ക്ക് സഹായകമായി.[61][62] ക്രി.വ. 850-നു അടുപ്പിച്ച്, പാണ്ഡ്യരും പല്ലവരും തമ്മിലുണ്ടായ ഒരു സംഘട്ടനം മുതലെടുത്തുകൊണ്ട്, അപ്രസക്തനായിരുന്ന വിജയാലയൻ ഉയർന്നു,[63] തഞ്ചാവൂർ കീഴടക്കി, പിന്നാലെ മദ്ധ്യകാല ചോളരുടെ രാജവംശം സ്ഥാപിച്ചു.[64][65]

മദ്ധ്യകാലത്താണ് ചോള സാമ്രാജ്യം തങ്ങളുടെ സ്വാധീനത്തിന്റെയും ശക്തിയുടെയും ഔന്നത്യത്തിലെത്തിയത്.[2] തങ്ങളുടെ നേതൃത്വപാടവും ദീർഘവീക്ഷണവും കൊണ്ട് ചോളരാജാക്കന്മാർ മധുരയിലെ പാണ്ഡ്യരെ പരാജയപ്പെടുത്തുകയും കന്നഡ രാജ്യത്തിന്റെ വലിയ ഭാഗം കീഴടക്കുകയും ഗംഗരുമായി വിവാഹബന്ധം സ്ഥാപിക്കുകയും ചെയ്തു. ചോള രാജാവായ ആദിത്യൻ ഒന്നാമൻ പല്ലവരുടെ അന്ത്യം കുറിച്ചു. ആദിത്യൻ ഒന്നാമന്റെ മകനായ പരാന്തകൻ ഒന്നാമൻ ലങ്കൈ എന്ന് അറിയപ്പെട്ടിരുന്ന ശ്രീ ലങ്ക ക്രി.വ. 925-ൽ കീഴടക്കി. പരാന്തക ചോളൻ രണ്ടാമൻ എന്നറിയപ്പെട്ടിരുന്ന സുന്ദര ചോളൻ രാഷ്ട്രകൂടരുടെ പക്കൽ നിന്നും ഭൂപ്രദേശങ്ങൾ തിരിച്ചുപിടിക്കുകയും ചോള ഭൂപ്രദേശങ്ങൾ കനഡ രാജ്യത്തിലെ ഭട്കൽ വരെ വിസ്തൃതമാക്കുകയും ചെയ്തു. രാജരാജ ചോളൻ ഒന്നാമൻ, രാജേന്ദ്ര ചോളൻ ഒന്നാമൻ എന്നിവർ ചോള രാജ്യം തമിഴ് രാജ്യത്തിന്റെ പരമ്പരാഗത അതിരുകൾക്കപ്പുറത്തേയ്ക്ക് വ്യാപിപ്പിച്ചു.[3][4] സാമ്രാജ്യത്തിന്റെ ഉന്നതിയിൽ, ചോള സാമ്രാജ്യം തെക്ക് ശ്രീലങ്ക മുതൽ വടക്ക് ഗോദാവരി-കൃഷ്ണ തടം വരെയും, ഭട്കലിലെ കൊങ്കൺ തീരം വരെയും, മലബാർ തീരം മുഴുവനും, ലക്ഷദ്വീപ്, മാലിദ്വീപ്, എന്നിവയും, ചേരരുടെ രാജ്യത്തിന്റെ വലിയ ഒരു ഭൂവിഭാഗവും, ചോള സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഡെക്കാനിലെയും കിഴക്കൻ തീരത്തെയും രാജ്യങ്ങൾ ചോളരുടെ സാമന്തരായിരുന്നു. ചോളർക്കു കീഴിലുള്ള നാടുവാഴികളും, ക്രി.വ. 1000-1075-ൽ ചാലൂക്യരും ചോളർക്ക് സാ‍മന്തരായിരുന്നു.[66] രാജേന്ദ്രചോളൻ ഒന്നാമൻ ശ്രീലങ്ക കീഴടക്കുകയും, സിംഹള രാജാവായ മഹീന്ദ അഞ്ചാമനെ തടവുകാരനായി പിടിക്കുകയും ചെയ്തു. രട്ടപ്പടി (രാഷ്ട്രകൂടരുടെ ഭൂപ്രദേശങ്ങൾ), ചാലൂക്യ പ്രദേശങ്ങൾ, കന്നഡ രാജ്യത്തെ തലക്കാട്, കോലാർ (കോലാറിലെ കോലരമ്മ ക്ഷേത്രത്തിൽ ഇപ്പൊഴും രാജേന്ദ്രചോളന്റെ പ്രതിമ സ്ഥിതിചെയ്യുന്നു), എന്നിവയും രാജേന്ദ്രചോളൻ കീഴടക്കി.[67] ഇതിനു പുറമേ, രാജേന്ദ്രന്റെ ഭൂപ്രദേശത്തിൽ ഗംഗ-ഹൂഗ്ലി-ദാമോദർ നദീതടം, ബർമ്മ, തായ്ലാൻഡ്, ഇന്തോ-ചൈന, ലാ‍വോസ്, കംബോഡിയ, മലയ് ഉപദ്വീപ്, ഇന്തൊനേഷ്യ, എന്നിവയുടെ വലിയ ഭാഗങ്ങളും ഉൾപ്പെട്ടു.[68] ഇന്ത്യയുടെ കിഴക്കൻ തീരത്ത്, ഗംഗാനദി വരെയുള്ള രാജ്യങ്ങൾ ചോളരുടെ സാമന്തരായി. ചോളർ മലേഷ്യൻ ദ്വീപുസമൂഹത്തിലെ ശ്രീവിജയം ആക്രമിച്ച് കീഴടക്കി.[7][8][69]

സത്യാശ്രയൻ, സോമേശ്വരൻ ഒന്നാമൻ, എന്നിവരുടെ കീഴിൽ പടിഞ്ഞാറൻ ചാലൂക്യർ ചോളരുടെ അധീനതയിൽ നിന്നും കുതറിമാറാൻ പലതവണ ശ്രമിച്ചു. വെങ്ങി രാജ്യം ചോളരുടെ അധീനതയിലായതായിരുന്നു ഇതിനു പ്രധാന കാരണം.[5] പടിഞ്ഞാറൻ ചാലൂക്യർ ചോളരുമായി പല യുദ്ധങ്ങളും നടത്തി, എന്നാൽ 1118 മുതൽ 1126 വരെയുള്ള കാലത്ത് അവർ വെങ്ങി ഭൂപ്രദേശങ്ങൾ കൈക്കലാക്കിയത് ഒഴിച്ചാൽ മറ്റ് എല്ലാ യുദ്ധങ്ങളിലും ഇവർ ചോള രാജാക്കന്മാരോട് പരാജയപ്പെട്ടു, ചോള സൈന്യങ്ങൾ പല സ്ഥലങ്ങളിൽ വെച്ചുനടന്ന പല യുദ്ധങ്ങളിൽ ഇവരെ കീഴടക്കി. യുദ്ധങ്ങളിൽ തോല്പ്പിക്കുകയും നികുതി ചുമത്തി സാമന്തരാക്കുകയും വഴി ചോളർ പടിഞ്ഞാറൻ ഡെക്കാണിലെ ചാലൂക്യരെ എപ്പോഴും വിജയകരമായി നിയന്ത്രിച്ചു.[70] കുലോത്തുംഗൻ ഒന്നാമൻ, വിക്രമചോളൻ, തുടങ്ങിയ അത്ര ശക്തരല്ലാത്ത രാജാക്കന്മാർ പോലും ചാലൂക്യരുമായി യുദ്ധം ചെയ്തത് പ്രധാനമായും കർണ്ണാടകത്തിലെ ചാലൂക്യ പ്രദേശങ്ങളിലോ, തെലുങ്കു പ്രദേശങ്ങളായ വെങ്ങി, കാക്കിനാഡ, അനന്തപൂർ, ഗുട്ടി, തുടങ്ങിയ പ്രദേശങ്ങളിലോ ആയിരുന്നു എന്നതും പ്രധാന്യമർഹിക്കുന്നു. എങ്ങനെയായാലും കദംബർ, ഹൊയ്സാലർ, വൈടുംബർ, കലചൂരികൾ, തുടങ്ങിയവർക്കിടയിൽ നടന്ന രക്തരൂക്ഷിത പോരാട്ടങ്ങളും, ഇവയിൽ ചാലൂക്യ ഇടപെടലുകളും ചാലൂക്യരുടെ ശക്തി ക്ഷയിപ്പിച്ചു, ഈ രാജ്യങ്ങൾ തങ്ങളുടെ ശക്തി ക്രമേണ വർദ്ധിപ്പിച്ചു, അന്തിമമായി ഹൊയ്സാലർ, കാകാത്തിയർ, കലചൂരികൾ, ശ്യൂനർ തുടങ്ങിയവർ ചാലൂക്യരെ പരാജയപ്പെടുത്തുകയും നാമാവശേഷമാക്കുകയും ചെയ്തു.[71] കലചൂരികൾ ചാലൂക്യ തലസ്ഥാനം ഏകദേശം 1135 മുതൽ 35 വർഷത്തേയ്ക്ക് കീഴടക്കിവെച്ചു. വടക്കൻ കർണ്ണാ‍ടകത്തിലെ ധാർവാഡ് വിഷ്ണുവർദ്ധനന്റെ കീഴിൽ ഹൊയ്സാലർ കീഴടക്കി, ഇവിടെ വിഷ്ണുവർദ്ധനൻ ഭരിക്കുകയും, ഹൊയ്സാ‍ല തലസ്ഥാനമായ ദ്വാരസമുദ്രം തന്റെ മകനായ നരസിംഹൻ ഒന്നാമനെ ഏകദേശം ക്രി.വ. 1149-ൽ ഏൽ‌പ്പിക്കുകയും ചെയ്തു. ഈ സമയത്തു തന്നെ, ക്രി.വ. 1120-നു ശേഷം ചാലൂക്യ ഭരണാ‍ധികാരികളുടെ പിടിപ്പുകേടുകൊണ്ട്, ചാലൂക്യ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങിയിരുന്നു.

കുലോത്തുംഗചോളൻ മൂന്നാമന്റെ കീഴിൽ ചോളർ ചോള രാജാവിന്റെ മരുമകനായ വീര ബല്ലാല രണ്ടാമന്റെ കീഴിലുള്ള ഹൊയ്സാലരെ സഹായിക്കുക വഴി ചാലൂക്യരുടെ നാശത്തിൽ സഹായിച്ചു. ക്രി.വ. 1185-1190 കാലയളവിൽ, അവസാനത്തെ ചാലൂക്യ രാജാവായ സോമേശ്വരൻ നാലാമനുമായി ഉള്ള തുടർച്ചയായ യുദ്ധങ്ങളിലൂടെ പടിഞ്ഞാറൻ ചാലൂക്യരുടെ മരണമണി മുഴക്കി. സോമേശ്വരൻ നാലാമന്റെ കീഴിലുള്ള പ്രദേശങ്ങളിൽ മുൻ ചാലൂക്യ തലസ്ഥാനങ്ങളായ ബദാമി, മാന്യഘേട്ട, കല്യാണി എന്നിവ പോലും ഉൾപ്പെട്ടിരുന്നില്ല. ചാലൂക്യർ 1135-1140 മുതൽ നാമമാത്രമായേ അവശേഷിച്ചിരുന്നുള്ളൂ എങ്കിലും ഈ യുദ്ധങ്ങളോടെയായിരുന്നു ചാലൂക്യൻ ശക്തിയുടെ അന്ത്യം. [72]. അതേ സമയം ചോളർ ക്രി.വ. 1215 വരെ ഒരു ശക്തിയായി തുടർന്നു, ഒടുവിൽ പാണ്ഡ്യശക്തിയോട് പരാജയപ്പെടുകയും, ക്രി.വ. 1280-ഓടെ ഇല്ലാതാവുകയും ചെയ്തു.[73]

ഇതേ സമയം, ക്രി.വ. 1150 മുതൽ 1280 വരെ, ചോളരുടെ ഏറ്റവും ശക്തരായ എതിരാളികൾ തങ്ങളുടെ പരമ്പരാഗത ഭൂപ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ ശ്രമിച്ച പാണ്ഡ്യ രാജാക്കന്മാരായിരുന്നു. ഈ കാലഘട്ടം ചോളരും പാണ്ഡ്യരും തമ്മിൽ നിരന്തരമായ യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇതിനു പുറമേ ചോളർ കലിംഗയിലെ കിഴക്കൻ ഗംഗരുമായി യുദ്ധം ചെയ്തു, ചോളരുടെ കീഴിൽ വലിയ അളവിൽ സ്വതന്ത്രമായിരുന്ന വെങ്ങിയെ സംരക്ഷിച്ചു, തങ്ങളുടെ സാമന്തരും ചാലൂക്യർക്ക് എതിരെയുള്ള യുദ്ധങ്ങളിലെല്ലാം തങ്ങളെ സഹായിച്ച തെലുങ്കു ചോഡർ, വെളാനന്റി ചോളർ, രെണനാടു ചോളർ, തുടങ്ങിയവർ വഴി കിഴക്കൻ തീരം ഒട്ടാകെ അധീനതയിലാക്കി, കന്നഡ രാജ്യങ്ങളിൽ നിന്നും കപ്പം ഈടാക്കി, ലങ്കയിലെ ചോള നിയന്ത്രണം അവസാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന സിംഹളരുമായി നിരന്തരം യുദ്ധം ചെയ്തു, എന്നാൽ പിൽക്കാല ചോള രാജാവായ കുലോത്തുംഗൻ ഒന്നാമന്റെ കാലം വരെ ചോളർക്ക് ലങ്കയുടെ മേൽ ശക്തമായ നിയന്ത്രണം ഉണ്ടായിരുന്നു. ഒരു പിൽക്കാല ചോള രാജാവായിരുന്ന രാജാധിരാജ ചോളൻ രണ്ടാമൻ അഞ്ച് പാണ്ഡ്യ രാജാക്കന്മാരുടെയും ഇവരുടെ പരമ്പരാഗത സുഹൃത്തായ ലങ്കൻ രാജാവിന്റെയും സം‌യോജിത സൈന്യത്തെ യുദ്ധത്തിൽ പരാജയപ്പെടുത്താൻ മാത്രം ശക്തനായിരുന്നു. ഇത് രാജാധിരാജ ചോളൻ രണ്ടാമന്റെ കീഴിൽ അത്ര ശക്തരല്ലാതിരുന്ന ചോളക്ക് ഒരിക്കൽക്കൂടി ലങ്കയുടെ നിയന്ത്രണം നൽകി. എന്നാൽ രാജാധിരാജ ചോളൻ രണ്ടാമന് ശേഷം അധികാരത്തിലേറിയ, അവസാനത്തെ ശക്തനായ ചോള രാജാവ് കുലോത്തുംഗചോളൻ മൂന്നാമൻ ലങ്കയിലെയും മധുരയിലെയും സമാധാന പ്രശ്നങ്ങളും ലഹളകളും അമർച്ചചെയ്ത് ചോളരുടെ ആധിപത്യം കൂടുതൽ ശക്തമാക്കി, വീര ബല്ലാല രണ്ടാമന്റെ കീഴിലുള്ള ഹൊയ്സാല സൈന്യാധിപരെ കരുവൂരിലെ യുദ്ധത്തിൽ തോൽ‌പ്പിച്ചു, ഇതിനു പുറമേ തമിഴ് രാജ്യത്തിലെ തങ്ങളുടെ പരമ്പരാഗത പ്രദേശങ്ങളിലും, കിഴക്കൻ ഗംഗാവദി, ദ്രക്ഷരാമ, വെങ്ങി, കലിംഗ എന്നിവിടങ്ങളിലും അധികാരം നിലനിർത്തി. ഇതിന് ശേഷം അദ്ദേഹം വീര ബെല്ലാല രണ്ടാമനുമായി വിവാഹബന്ധം (ഒരു ചോള രാജകുമാരിയെ വീര ബല്ലാല രണ്ടാമനു വിവാഹം ചെയ്തു കൊടുക്കുന്നതു വഴി) സ്ഥാപിച്ചു. ഹൊയ്സാലരുമായും അദ്ദേഹത്തിന്റെ ബന്ധം മെച്ചപ്പെട്ടതായി കാണുന്നു.[74][75][76][77]

പിൽക്കാല ചോളർ

(ക്രി.വ. 1070-1279)

കുലോത്തുംഗ ചോളൻ ഒന്നാമന്റെ കാലത്തെ ചോള പ്രദേശങ്ങൾ, ക്രി.വ. 1120

കിഴക്കൻ ചാലൂക്യരുമായി ചോളരുടെ വിവാഹ, രാഷ്ട്രീയ ബന്ധങ്ങൾ രാജരാജ ചോളന്റെ കാലത്ത്, അദ്ദേഹം വെങ്ങി ആക്രമിച്ച കാലത്താണ്‌ തുടങ്ങിയത്.[78] രാജരാജ ചോളന്റെ മകൾ ചാലൂക്യ രാജാവായ വിമലാദിത്യനെ വിവാഹം ചെയ്തു.[79] രാജേന്ദ്ര ചോളന്റെ മകളും വിവാഹം ചെയ്തത് ഒരു കിഴക്കൻ ചാലൂക്യ രാജാവായ രാജരാജ നരേന്ദ്രനെ ആയിരുന്നു.[80]

വീരരാജേന്ദ്ര ചോളന്റെ മകൻ അതിരാജേന്ദ്ര ചോളൻ ഒരു ആഭ്യന്തര കലഹത്തിൽ, 1070-ൽ കൊല്ലപ്പെട്ടു, രാജരാജ നരേന്ദ്രന്റെ മകനായ കുലോത്തുംഗ ചോളൻ ഒന്നാമൻ ചോളരാജാവായി. ഇത് പിൽക്കാല ചോള രാജവംശത്തിന്റെ തുടക്കം കുറിച്ചു.[71][80][81]

പിൽക്കാല ചോളരിൽ കുലോത്തുംഗചോളൻ ഒന്നാമൻ, അദ്ദേഹത്തിന്റെ മകനായ വിക്രമ ചോളൻ, മറ്റ് പിന്തുടർച്ചക്കാരായ രാജരാജചോളൻ രണ്ടാമൻ, രാജാധിരാജ ചോളൻ രണ്ടാമൻ, കലിങ്കം, ഈഴം, കടാഹം എന്നിവ കീഴടക്കിയ മഹാനായ കുലോത്തുംഗചോളൻ മൂന്നാമൻ, തുടങ്ങിയ പ്രഗല്ഭരായ ഭരണാധികാരികൾ ഉണ്ടായിരുന്നു. എന്നാൽ പിൽക്കാല ചോളരുടെ ഭരണം രാജേന്ദ്ര ചോളൻ രണ്ടാമൻ വരെയുള്ള ചക്രവർത്തിമാരോളം ശക്തരായിരുന്നില്ല. കുലോത്തുംഗചോളൻ മൂന്നാമന്റെ ഭരണം ക്രി.വ. 1215 വരെ സുദൃഢവും സമ്പൽസമൃദ്ധവും ആയിരുന്നെങ്കിലും ചോള ശക്തിയുടെ പതനം കുലോത്തുംഗചോളൻ മൂന്നാമന്റെ കാ‍ലത്ത്, മാരവർമ്മൻ സുന്ദരപാണ്ഡ്യൻ രണ്ടാമൻ ക്രി.വ. 1215-16-ൽ അദ്ദേഹത്തെ പരാജയപ്പെടുത്തിയപ്പോൾ മുതൽ ആരംഭിച്ചു. [82] ചോളർക്ക് ലങ്കൻ ദ്വീപിന്റെ നിയന്ത്രണം നഷ്ടമായി - സിംഹള ശക്തിയുടെ തിരിച്ചുവരവിൽ ചോളർ നിഷ്കാസിതരായി. ക്രി.വ. 1118-ഓടെ ചോളരിൽ നിന്നും വെങ്ങി പടിഞ്ഞാറൻ ചാലൂക്യരും, ഗംഗാവദി (തെക്കൻ മൈസൂർ ജില്ലകൾ) ഹൊയ്സാലരും പിടിച്ചടക്കി. എന്നാൽ ഇവ താൽക്കാലിക തിരിച്ചടികളായിരുന്നു; കുലോത്തുംഗചോളൻ ഒന്നാമന്റെ പിന്തുടർച്ചയായി വന്ന വിക്രമചോളൻ അധികാരമേറ്റതിനു പിന്നാലെ, ചാലൂക്യ സോമേശ്വരൻ മൂന്നാമനെ പരാജയപ്പെടുത്തി ചോളർ വെങ്ങി പ്രവിശ്യയും, ഹൊയ്സാലരെ പരാജയപ്പെടുത്തി ഗംഗാവദിയും തിരിച്ചുപിടിച്ചു. പാണ്ഡ്യ പ്രവിശ്യകളിൽ, ശക്തമായ നിയന്ത്രണമുള്ള ഒരു കേന്ദ്രീകൃത ഭരണകൂടത്തിന്റെ അഭാവം പലരും പാണ്ഡ്യ സിംഹാസനത്തിന് അവകാശം ഉന്നയിക്കുന്നതിനും, ചോളരും സിംഹളരും പിന്നിൽ നിന്നു പ്രവർത്തിച്ച ഒരു ആഭ്യന്തര യുദ്ധത്തിനും കാരണമായി. പിൽക്കാല ചോള രാജാവായ കുലോത്തുംഗചോളൻ മൂന്നാമൻ മധുര, കരുവുർ (കാരൂർ), ഈഴം (ശ്രീലങ്ക), ധ്രക്ഷാരാമ, വെങ്ങി, എന്നിവയുടെ നിയന്ത്രണം പിടിച്ചടക്കി. ആദ്യം ചാലൂക്യർക്ക് എതിരായും പിന്നീട് കലചൂരികൾക്ക് എതിരായും ഹൊയ്സാല രാജാവായ വീര ബെല്ലാല രണ്ടാമനെ സഹായിച്ചതുകൊണ്ട്, കുലോത്തുംഗചോളൻ മൂന്നാമൻ ‘ഹൊയ്സാല പുരവരധീശ്വരൻ’ എന്ന പട്ടം തന്റെ ലിഖിതങ്ങളിൽ ഉപയോഗിച്ചു. [83][84]

രാജരാജചോളൻ മൂന്നാമന്റെയും, അദ്ദേഹത്തിന്റെ പിൻഗാമിയായ രാജേന്ദ്രചോളൻ മൂന്നാമന്റെയും കീഴിൽ ചോളർ വളരെ ദുർബലരായിരുന്നു, അതുകൊണ്ടുതന്നെ ഇവർ തുടർച്ചയായി പ്രശ്നങ്ങൾ അഭിമുഖീകരിച്ചു. ഒരു സാമന്തനായ കടവ തലവൻ കൊപേരുഞ്ചിങ്കൻ ഒന്നാമൻ രാജരാജ ചോളൻ മൂന്നാമനെ കുറച്ചുകാലം ബന്ദിയാക്കുകപോലും ചെയ്തു.[85][86] 12-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഹൊയ്സാല സ്വാധീനം വർദ്ധിച്ചു, കന്നഡ രാജ്യത്ത് ശക്തിക്ഷയിച്ചുവന്ന ചാലൂക്യരെ പിന്തള്ളി ഹൊയ്സാലർ പ്രബല ശക്തിയായി, പക്ഷേ ഇവർക്കും ശ്യൂനരിൽ നിന്നും കലചൂരികളിൽ നിന്നും നിരന്തരമായ എതിർപ്പ് നേരിടേണ്ടിവന്നു, ചാലൂക്യ തലസ്ഥാനം കയ്യേറിയ ശ്യൂനരും കലചൂരികളും ഹൊയ്സാലരുടെ പ്രധാന ശത്രുക്കളായി. ഇതിനാൽ ഹൊയ്സാല രാജാവായ വീര ബല്ലാല രണ്ടാമനെ പരാജയപ്പെടുത്തിയ കുലോത്തുംഗചോളൻ മൂന്നാമന്റെ കാലം മുതൽതന്നെ ഹൊയ്സാലർ ചോളരുമായി സുഹൃദ്ബന്ധങ്ങൾ ഉണ്ടാവുന്നത് ഗുണകരമായി കണ്ടു. പിന്നീട് ചോള രാജാവുമായി വീരബല്ലാല രണ്ടാമൻ വിവാഹബന്ധം സ്ഥാപിച്ചു. ഈ സൗഹൃദവും വിവാഹബന്ധങ്ങളും പിന്നീട് കുലോത്തുംഗചോളൻ മൂന്നാമന്റെ മകനും പിൻ‌ഗാമിയുമായ രാജരാജചോളൻ മൂന്നാമന്റെ കാലത്തും തുടർന്നു. [82][87]

പാണ്ഡ്യർ തെക്ക് ഒരു വൻശക്തിയായി ഉയർന്നു. ഇവർ ചോളരുടെ സുഹൃത്തുക്കളായ ഹൊയ്സാലരെ തമിഴ് രാജ്യത്തുനിന്നും എന്നെന്നേയ്ക്കുമായി പുറത്താക്കി, പാണ്ഡ്യർ ക്രി.വ.1279-ഓടെ ചോളരുടെ അന്ത്യം കുറിച്ചു. മാരവർമ്മൻ സുന്ദരപാണ്ഡ്യൻ രണ്ടാമന്റെയും പിന്നീട് അദ്ദേഹത്തിന്റെ കഴിവുറ്റ പിൻ‌ഗാമിയായ ജാതവർമ്മൻ സുന്ദരപാണ്ഡ്യന്റെയും കീഴിൽ പാണ്ഡ്യർ ആദ്യം ശ്രീലങ്ക, ചേര രാജ്യം, തെലുങ്ക് രാജ്യം എന്നിവിടങ്ങളിലെ പ്രദേശങ്ങളുടെയും തമിഴ് രാജ്യത്തിന്റെയും നിയന്ത്രണം പടിപടിയായി പിടിച്ചടക്കി. ഇതിനു ശേഷം രാജരാജചോളൻ മൂന്നാമൻ, അദ്ദേഹത്തിന്റെ പിൻ‌ഗാമിയായ രാജേന്ദ്രചോളൻ മൂന്നാമൻ, എന്നിവരുടെ കീഴിലുള്ള ചോളരും, സോമേശ്വരൻ, അദ്ദേഹത്തിന്റെ മകനായ രാമനാഥൻ എന്നിവരുടെ കീഴിലുള്ള ഹൊയ്സാലരും ഒത്തുചേർന്ന സംയുക്ത സൈന്യങ്ങളിലെ പാണ്ഡ്യർ പലതവണ പരാജയപ്പെടുത്തി.[82]ക്രി.വ. 1215-ഓടെ തമിഴ് രാജ്യത്ത് ഒരു പ്രബല ശക്തിയായി ഉയർന്ന പാണ്ഡ്യരുടെ തുടർച്ചയായി അഭിവൃദ്ധി പ്രാപിക്കുന്ന ശക്തിയെ പ്രതിരോധിക്കാൻ രാജേന്ദ്രൻ മൂന്നാമൻ കടവ പല്ലവരുമായും ഹൊയ്സാലരുമായും കൂട്ടുചേർന്നു. പാണ്ഡ്യർ സമർത്ഥമായി മധുര-രാമേശ്വരം-ഈഴം-ചേരനാട്, കന്യാകുമാരി പ്രദേശങ്ങളിൽ തങ്ങളുടെ നില ശക്തമാക്കി, കാവേരി പ്രദേശത്ത് ഡിണ്ടിഗൽ-തിരുച്ചി-കാരൂർ-സത്യമംഗലത്തിനും, കാവേരീ തടത്തിനും (തഞ്ചാവൂർ-മയൂരം-ചിദംബരം-വൃദ്ധാചലം-കാഞ്ചി) ഇടയ്ക്കുള്ള പ്രദേശങ്ങളിൽ ക്രമേണ തങ്ങളുടെ നിയന്ത്രണം വർദ്ധിപ്പിച്ചു. ഒടുവിൽ ക്രി.വ. 1250-ഓടെ ആർക്കോട്ട്-തിരുമലൈ-നെല്ലോർ-വിജയവാഡ-വെങ്ങി-കലിംഗം പ്രദേശങ്ങൾ പിടിച്ചടക്കി.

പാണ്ഡ്യർ ഹൊയ്സാലരെയും ചോളരെയും തുടർച്ചയായി തോൽ‌പ്പിച്ചു.[10] ജാതവർമ്മൻ സുന്ദരപാണ്ഡ്യന്റെ കീഴിൽ, കണ്ണനൂർ കുപ്പത്തുവെച്ച്, തമിഴ് രാജ്യത്തെ രാഷ്ട്രീയത്തിൽ ഇടപെട്ടുകൊണ്ടിരുന്ന ഹൊയ്സാലരെ പാണ്ഡ്യർ തോൽ‌പ്പിച്ചു. ഇവരെ മൈസൂർ പീഠഭൂമിവരെ തുരത്തിയതിനു ശേഷമേ യുദ്ധം അവസാനിപ്പിച്ചുള്ളൂ.[11] രാജേന്ദ്ര ചോളന്റെ ഭരണത്തിനുശേഷം, പാണ്ഡ്യ സാമ്രാജ്യം അതിന്റെ ഉന്നതിയിലെത്തുകയും വിദേശികളുടെ കണ്ണിൽ ചോള സാമ്രാജ്യത്തിന്റെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. [88] രാജേന്ദ്രൻ മൂന്നാമനെക്കുറിച്ചുള്ള അവസാന ലിഖിത വിവരങ്ങൾ ക്രി.വ. 1279-ൽ ആണ്. രാജേന്ദ്രനു പിന്നാലെ മറ്റൊരു ചോള രാജാവ് വന്നു എന്നതിന് തെളിവുകൾ ഇല്ല.[89][90] ഹൊയ്സാലരെ കണ്ണനൂർ കുപ്പത്തിൽ നിന്നും തുരത്തിയത് ക്രി.വ. 1279-നു അടുത്താണ്. ഇതേ യുദ്ധത്തിൽ അവസാന ചോളരാജാവായ രാജേന്ദ്രൻ മൂന്നാമൻ തോൽ‌പ്പിക്കപ്പെട്ടു, ചോള സാമ്രാജ്യം ഇതോടെ അസ്തമിച്ചു. അങ്ങനെ ചോള സാമ്രാജ്യം പൂർണ്ണമായും പാണ്ഡ്യ സാമ്രാജ്യത്താൽ തമസ്കരിക്കപ്പെട്ടു, 13-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചോളസാമ്രാജ്യം അവസാനിച്ചു.[86][90]

ഭരണസംവിധാനവും സമൂഹവും

ചോള രാജ്യം

തമിഴ് ഐതിഹ്യങ്ങളനുസരിച്ച്, പുരാതന ചോള രാജ്യത്തിൽ ഉൾപ്പെട്ട പ്രദേശങ്ങൾ ഇന്നത്തെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ല, തഞ്ചാവൂർ ജില്ല എന്നിവയായിരുന്നു. കാവേരി നദിയും അതിന്റെ ഉപശാഖകളും ഈ പൊതുവെ നിരപ്പാർന്നതും ലഘുവായി സമുദ്രത്തിലേക്ക് ചരിയുന്നതുമായ, വലിയ കുന്നുകളോ താഴ്വാരങ്ങളോ ഇല്ലാത്ത, പ്രദേശത്ത് ഒഴുകി. പൊന്നി’‘ (സ്വർണ്ണ) നദി എന്നും അറിയപ്പെടുന്ന കാവേരി നദിയ്ക്ക് ചോള സംസ്കാരത്തിൽ സവിശേഷ സ്ഥാനമുണ്ടായിരുന്നു. കാവേരിയിൽ വർഷംതോറും വരുന്ന വെള്ളപ്പൊക്കം രാജ്യമൊട്ടാകെ പങ്കുചേരുന്ന അടിപെരുക്ക് എന്ന ഉത്സവത്തിനു കാരണമായി.

ഭരണക്രമത്തിന്റെ സ്വഭാവം

ചോളരുടെ ഭരണകാലത്ത്, ചരിത്രത്തിൽ ആദ്യമായി, തെക്കേ ഇന്ത്യ മുഴുവൻ ഒരു ഭരണത്തിനു കീഴിൽ ഒന്നിച്ചു. [91] ചോള ഭരണകൂടം പൊതു ഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ശ്രമിച്ചു. സംഘ കാലത്തിലേതുപോലെ, ചോലരുടെ ഭരണ സംവിധാനം രാജഭരണത്തിൽ അധിഷ്ഠിതമായിരുന്നു.[38] എന്നാൽ, മുൻകാലത്തെ നാടുവാഴി വ്യവസ്ഥയും രാജരാജ ചോളന്റെയും പിൻഗാമികളുടെയും സാമ്രാജ്യ-സമാനമായ ഭരണക്രമവും തമ്മിൽ വളരെക്കുറച്ച് സാമ്യമേ ഉണ്ടായിരുന്നുള്ളൂ.[92]

ക്രി.വ. 980-നും 1150-നും ഇടയ്ക്ക് ചോള സാമ്രാജ്യം തെക്കേ ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ ഉൾക്കൊണ്ടു. വടക്ക് തുംഗഭദ്രാ നദി, വെങ്ങി അതിർത്തി എന്നിവയോടു ചേർന്ന് ഒരു ക്രമമില്ലാത്ത അതിർത്തിയോടെ, തെക്കേ ഇന്ത്യയുടെ കിഴക്കു മുതൽ പടിഞ്ഞാറുവരെ, തീരം മുതൽ തീരം വരെ, ചോള സാമ്രാജ്യം വ്യാപിച്ചു. [3][6] വെങ്ങിയ്ക്ക് വ്യതിരിക്തമായ രാഷ്ട്രീയ നിലനിൽപ്പ് ഉണ്ടായിരുന്നെങ്കിലും, വെങ്ങി ചോള സാമ്രാജ്യവുമായി അടുത്ത ബന്ധം പുലർത്തി, അതിനാൽ എല്ലാ പ്രായോഗിക അർത്ഥത്തിലും ചോള രാജ്യം ഗോദാവരി നദി വരെ വ്യാപിച്ചിരുന്നു എന്നു കരുതാം.[93]

തഞ്ചാവൂരും, പിന്നീട് ഗംഗൈകൊണ്ട ചോളപുരവും ചോള സാമ്രാജ്യത്തിന്റെ തലസ്ഥാനങ്ങളായിരുന്നു. എന്നാൽ കാഞ്ചിപുരവും മധുരയും പ്രാദേശിക തലസ്ഥാനങ്ങളായി കരുതപ്പെട്ടു, ഇവിടങ്ങളിൽ ഇടയ്ക്കിടെ രാജസഭകൾ കൂടി. രാജാവായിരുന്നു സൈന്യാധിപനും ഏകാധിപതിയും.[94] രാജാവിന്റെ ഭരണപരമായ പങ്ക് തന്നോട് പരാതികളും കാര്യങ്ങളും ബോധിപ്പിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് വാമൊഴിയായി ഉത്തരവുകൾ നൽകുകയായിരുന്നു. [95] ഭരണകാര്യങ്ങളിലും ഉത്തരവുകൾ നിറവേറ്റുന്നതിലും ശക്തമായ ഒരു ഉദ്യോഗസ്ഥവൃന്ദം രാജാവിനെ സഹായിച്ചു. ഒരു ഭരണഘടനയുടെയോ നിയമ വ്യവസ്ഥയുടെയോ അഭാവം കാരണം, രാജാവിന്റെ ഉത്തരവുകളുടെ നീതിയുക്തത രാജാവിന്റെ സൽസ്വഭാവത്തെയും, ധർമ്മത്തിൽ (നീതി, ന്യായം എന്നിവയെക്കുറിച്ചുള്ള ഒരു വീക്ഷണം) രാജാവിനുള്ള വിശ്വാസത്തെയും അനുസരിച്ചിരുന്നു.

ചോള രാജാക്കന്മാർ ക്ഷേത്രങ്ങൾ നിർമ്മിക്കുകയും അവയ്ക്ക് വൻ തോതിൽ ധനം നൽകുകയും ചെയ്തു.[12][96] അങ്ങനെ ലഭിക്കുന്ന ധനം ക്ഷേത്രങ്ങൾ പുനർവിതരണം ചെയ്യുന്ന പതിവും ഉണ്ടായിരുന്നത് സമൂഹത്തിനാകെ ഗുണപ്രദമായി.[12][97]

പ്രാദേശിക ഭരണം

ഒരു കേന്ദ്രീകൃത ഭരണസംവിധാനവും അച്ചടക്കമുള്ള ഉദ്യോഗസ്ഥവൃന്ദവും ചോളർ രൂപവത്കരിച്ചു. ഓരോ ഗ്രാമത്തിനും സ്വയംഭരണാവകാശം ഉണ്ടായിരുന്നു.[98] കാർഷിക-ജനവാസകേന്ദ്രങ്ങൾ ഊര് എന്ന് അറിയപ്പെട്ടിരുന്നു. ഇത്തരം ഊരുകളുടെ, അല്ലെങ്കിൽ ഗ്രാമങ്ങളുടെ കൂട്ടത്തെ നാട്, കുര്രം, കോത്ത്രം എന്നിങ്ങനെ, വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ വിളിച്ചു.[98][99][99][100] . കുറ്രങ്ങളുടെ കൂട്ടം വളനാട് എന്ന് അറിയപ്പെട്ടു.[101] ഓരോ നാട്ടിലേയും ഗ്രാമസഭകൾ നീതിനിർവ്വഹണം, നികുതിപിരിവ് മുതലായ ചുമതലകൾ വഹിച്ചിരുന്നു. ഈ ഭരണ സംവിധാനങ്ങൾ ചോളരുടെ കീഴിൽ നിരന്തരമായ മാറ്റങ്ങൾക്കും ഉന്നമനത്തിനും വിധേയമായി[102]. വൻ‌കിടകൃഷിക്കാരായിരുന്ന വെള്ളാളസമുദായത്തിൽപ്പെട്ടവർക്ക് നാടുകളുടെ ഭരണകാര്യങ്ങളിൽ കൂടുതൽ നിയന്ത്രണാധികാരങ്ങളുണ്ടായിരുന്നു.

നീതി നിർവ്വഹണം ചോള സാമ്രാജ്യത്തിൽ മിക്കപ്പൊഴും ഒരു പ്രാദേശിക കാര്യമായിരുന്നു, ചെറിയ തർക്കങ്ങൾ ഗ്രാമ തലത്തിൽ തന്നെ തീർത്തിരുന്നു.[100] ചെറിയ കുറ്റങ്ങൾക്കുള്ള ശിക്ഷയായി കുറ്റവാളിയിൽ പിഴ ചുമത്തുകയോ അല്ലെങ്കിൽ ഏതെങ്കിലും ക്ഷേമ സ്ഥാപനത്തിന് ധനം സംഭാവന ചെയ്യാൻ വിധിക്കുകയോ ചെയ്തിരുന്നു. വ്യക്ത്യാക്രമണം, കൊലപാതകം തുടങ്ങിയ വലിയ കുറ്റങ്ങൾക്കു പോലും പിഴശിക്ഷ നൽകിയിരുന്നു. അട്ടിമറിശ്രമം പോലുള്ള രാജ്യത്തിനെതിരായ കുറ്റങ്ങൾ രാജാവ് തന്നെ വിചാരണ നടത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു, ഇങ്ങനെയുള്ള കുറ്റങ്ങൾക്ക് വധശിക്ഷയോ അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടുകയോ ആണ് പൊതുവേ ശിക്ഷ വിധിച്ചിരുന്നത്. [103]

ചോളർ ജന്മിമാർക്ക് പല സ്ഥാനപ്പേരുകളും നൽകിപ്പോന്നു. മുവേണ്ടവേലൻ, അറൈയാർ തുടങ്ങിയവ അത്തരം സ്ഥാനപ്പേരുകളാണ്.

ചോളർ ഭൂമിയെ പല വിഭാഗങ്ങളായി തിരിച്ചിരുന്നു:-

ചോളർ ബ്രഹ്മദേയമായി ധാരാളം ഭൂമി ബ്രാഹ്മണർക്ക് ദാനം നൽകിയതു വഴി, ദക്ഷിണേന്ത്യയിലെ മറ്റു പലയിടങ്ങളിലുമെന്നപോലെ കാവേരിതടത്തിലും നിരവധി ബ്രാഹ്മണ ആവാസകേന്ദ്രങ്ങൾ വളർന്നു വന്നു.

ഓരോ ബ്രഹ്മദേയവും പ്രമുഖരായ ബ്രാഹ്മണജന്മിമാരടങ്ങുന്ന ഒരു സഭയുടെ മേൽനോട്ടത്തിലായിരുന്നു. സഭയുടെ തീരുമാനങ്ങൾ ക്ഷേത്രങ്ങളുടെ കൽ‌ചുമരുകളിലും മറ്റും രേഖപ്പെടുത്തുമായിരുന്നു.

വ്യാപാരികളുടെ സംഘത്തെ നഗരം എന്നാണ്‌ അറിയപ്പെട്ടിരുന്നത്. ഇവരും ചിലപ്പോൾ പട്ടണങ്ങളിലെ ഭരണകാര്യങ്ങൾ നടത്താറുണ്ടായിരുന്നു.

തമിഴ്‌നാട്ടിലെ ചെങ്കൽ‌പേട്ട് ജില്ലയിലെ ഉത്തരമേരൂർ എന്ന സ്ഥലത്തു നിന്ന് കിട്ടിയ ഇത്തരം ലിഖിതങ്ങളിൽ നിന്ന് സഭകളുടെ ഘടനയെക്കുറിച്ച് വിവരങ്ങൾ കിട്ടിയിട്ടുണ്ട്.

സഭകളിൽ ജലസേചനം, പൂന്തോട്ടങ്ങൾ, ക്ഷേത്രങ്ങൾ എന്നിങ്ങനെ ഓരോരോ മേഖലകൾക്കുമായി പ്രത്യേകം സമിതികൾ നിലവിലുണ്ടായിരുന്നു. ഈ സമിതികളിലെ അംഗങ്ങളാകുവാൻ യോഗ്യതയുള്ളവരുടെ പേര് താളിയോലകളിലെഴുതി, മൺകുടത്തിലിട്ട് ഒരു ചെറിയ കുട്ടിയെക്കൊണ്ട് നറുക്കെടുപ്പിച്ചായിരുന്നു സഭാംഗങ്ങളെ തെരഞ്ഞെടുത്തിരുന്നത്.

ഉത്തരമേരൂരിലെ ശിലാലിഖിതങ്ങളിൽ സഭയിലെ അംഗമാകുന്നതിനുള്ള യോഗ്യതകൾ പരാമർശിച്ചിട്ടുണ്ട്:

  • സഭാംഗമാകുന്നവർ നികുതി കൊടുക്കുന്ന ഭൂമിയുടെ ഉടമസ്ഥരായിരിക്കണം.
  • അവർക്ക് സ്വന്തമായി വീടുണ്ടായിരിക്കണം.
  • പ്രായം 35-നും 70-നും ഇടക്കായിരിക്കണം.
  • വേദങ്ങളിൽ ജ്ഞാനമുണ്ടായിരിക്കണം.
  • ഭരണകാര്യങ്ങളിൽ നിപുണരും ജനസമ്മതരുമായിരിക്കണം.
  • കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഏതെങ്കിലും സഭയിൽ അംഗമായവർക്ക് മറ്റൊരു സഭയിൽ അംഗമാകാൻ കഴിയില്ല.
  • തന്റേയോ തന്റെ ബന്ധുക്കളുടേയോ കണക്കുകൾ സമർപ്പിക്കാത്തവർക്ക് ഇത്തരം തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധിക്കുകയില്ല.

പന്ത്രണ്ടാം നൂറ്റാണ്ടിലെ തമിഴ് ഗ്രന്ഥമായ പെരിയപുരാണത്തിൽ ഇക്കാലത്തെ സാധാരണ ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്.

കൃഷി

ചോളർ കൃഷിയെയും കാര്യമായി പ്രോൽസാഹിപ്പിച്ചിരുന്നു. ജലസേചനത്തിനായി നിരവധി രീതികൾ ഇക്കാലത്ത് അവലംബിച്ചിരുന്നു. കിണറുകളും വലിയ കുളങ്ങളും മഴവെള്ളം സംഭരിക്കുന്നതിനായി കുഴിച്ചിരുന്നു. വെള്ളം കൊണ്ടുപോകുന്നതിനുള്ള ചാലുകളും മറ്റും നിർമ്മിച്ചിരുന്നു. അക്കാലത്തെ ജലസേചനോപാധികളുടെ അവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്[26].

വിദേശ വ്യാപാരം

ഇതും കാണുക: ചോള നാവികസേന
ഇന്തോനേഷ്യയിലെ ജാവയിൽ പ്രംബനൻ എന്ന സ്ഥലത്തെ ഹിന്ദു ക്ഷേത്ര സമുച്ചയം, ദ്രാവിഡ വാസ്തുവിദ്യാസ്വാധീനം പ്രകടമാണ്. [104]

ചോളർ വിദേശ വ്യാപാരത്തിലും നാവിക പ്രവർത്തനങ്ങളിലും അഗ്രഗണ്യരായിരുന്നു, ഇവർ തങ്ങളുടെ സ്വാധീനം ചൈനയിലേക്കും തെക്കു കിഴക്കേ ഏഷ്യയിലേക്കും വ്യാപിപ്പിച്ചു.[105] 9-ആം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ, തെക്കെ ഇന്ത്യ വ്യാപകമായ നാവിക-വാണിജ്യ ക്രയവിക്രയങ്ങൾ വികസിപ്പിച്ചു.[106][107] ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്ക്, പടിഞ്ഞാറൻ തിരങ്ങൾ ഭരിച്ചിരുന്ന ചോളർ ഈ പ്രവർത്തനങ്ങളുടെ മുൻപന്തിയിലായിരുന്നു.[108][109][110] ചൈനയിലെ റ്റാങ്ങ് രാജവംശം, മലയൻ ദ്വീപുസമൂഹത്തിലെ, ശൈലേന്ദ്രരുടെ കീഴിലുള്ള ശ്രീവിജയ സാമ്രാജ്യം, ബാഗ്ദാദിലെ അബ്ബാസിദ് കലീഫത്ത്, എന്നിവർ ചോളരുടെ പ്രധാന വാണിജ്യ പങ്കാളികളായിരുന്നു.[111]

ചൈനയിലെ സോങ്ങ് രാജവംശത്തിന്റെ കുറിപ്പുകൾ അനുസരിച്ച് ചൂലിയാനിൽ (ചോള) നിന്ന് ഒരു ദൂതൻ ചൈനീസ് കൊട്ടാരത്തിൽ ക്രി.വ. 1077-ൽ എത്തി, [112][113][114] അന്നത്തെ ചൂലിയൻ രാജാവിന്റെ പേര് റ്റി-ഹുആ-കിയാ-ലോ എന്നായിരുന്നു.[115] ഈ അക്ഷരങ്ങൾ കാണിക്കുന്നത് "ദേവ കുലോ[തുംഗ]" (കുലോത്തുംഗ ചോളൻ I) എന്നാവാൻ സാദ്ധ്യതയുണ്ട്. ഈ ദൂത് ഒരു വാണിജ്യ നീക്കമായിരുന്നു, ഇത് സന്ദർശകർക്ക് വളരെ ലാഭകരമായിരുന്നു, പളുങ്ക് വസ്തുക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ കാഴ്ച്ച വസ്തുക്കൾക്ക് പകരമായി അവർ ചെമ്പ് നാണയങ്ങൾ കോർത്ത 81,800 നൂലുകളുമായി തിരിച്ചുപോയി.[116]

സുമാട്രയിൽ നിന്നും ലഭിച്ച, ഒരു ലിഖിതത്തിന്റെ അവശിഷ്ടത്തിൽ നനദേശ തിസൈയായിരട്ടു ഐന്നൂറ്റ്രുവർ (വാച്യാർത്ഥം: നാല് രാജ്യങ്ങളിൽ നിന്നും ആയിരം ദിക്കുകളിൽ നിന്നുമുള്ള അഞ്ഞൂറ്) എന്ന് പേരുള്ള ഒരു വ്യാപാരി സംഘത്തെ പ്രതിപാദിക്കുന്നു - ഇവർ ചോള രാജ്യത്തെ ഒരു പ്രശസ്തമായ വ്യാപാരി സംഘമായിരുന്നു.[107] ഈ ലിഖിതത്തിന്റെ വർഷം ക്രി.വ.1088 ആണ് എന്ന് നിർണ്ണയിച്ചിരിക്കുന്നു, ചോള കാലഘട്ടത്തിൽ വ്യാപകമായ സമുദ്രാന്തര വ്യാപാരമുണ്ടായിരുന്നു എന്ന് ഈ ലിഖിതം സൂചിപ്പിക്കുന്നു.[113]

ചോള സമൂഹം

ചോള കാലഘട്ടത്തിലെ ജനസംഖ്യ, ജനസാന്ദ്രത എന്നിവയെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങളേ ലഭ്യമായുള്ളൂ.[117] പ്രധാനപ്പെട്ട ചോള പ്രദേശങ്ങളിലെ സുസ്ഥിരത ജനങ്ങളെ ഉൽപ്പാദനക്ഷമവും സമൃദ്ധവുമായ ജീവിതം ജീവിക്കുവാൻ പ്രാപ്തരാക്കി. ചോള ഭരണകാലത്ത് ഒരു ലഹള മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.[118] എന്നാൽ, പ്രകൃതിജന്യമായ ദുരന്തങ്ങൾ കൊണ്ട് ഉണ്ടായ വ്യാപകമായ ക്ഷാമങ്ങളുടെ വിവരങ്ങൾ ലഭ്യമാണ്.[119][120]

ഔന്നത്യം

ചോളസാമ്രാജ്യം അതിന്റെ ഉന്നതിയിൽ എത്തിയത് 10, 11, 12 നൂറ്റാണ്ടുകളിലാണ്. 985-ൽ രാജാവായി സ്ഥാനമേറ്റ രാജരാജചോളൻ ഒന്നാമനാണ്‌ ചോളസാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായി അറിയപ്പെടുന്നത്[26]. പല്ലവരുടേയും പാണ്ഡ്യരുടേയും മുഴുവൻ പ്രദേശങ്ങളും രാജരാജന്റെ കാലത്ത് ചോളരുടെ കീഴിലായി. രാജരാജന്റേയും അദ്ദേഹത്തിന്റെ മകനായ രാജേന്ദ്രചോളന്റേയും കീഴിൽ ഈ സാമ്രാജ്യം ഏഷ്യയിലെ ഒരു സൈനിക, സാമ്പത്തിക, സാംസ്കാരിക ശക്തിയായി മാറി. തെക്ക് മാലിദ്വീപുകൾ മുതൽ വടക്ക് ആന്ധ്രാപ്രദേശിലെ ഗോദാവരി നദീതടങ്ങൾ വരെ ചോളസാമ്രാജ്യം വ്യാപിച്ചിരുന്നു. രാജരാജചോളൻ തെക്കേ ഇന്ത്യൻ ഉപഭൂഖണ്ഡം കീഴടക്കി. ശ്രീലങ്കയുടെ ചില ഭാഗങ്ങളും മാലദ്വീപുകളും അദ്ദേഹം തന്റെ സാമ്രാജ്യത്തിൽ ചേർത്തു. വടക്കേ ഇന്ത്യയിലേക്ക് വിജയകരമായി പടനയിച്ച രാജേന്ദ്രചോളൻ ഗംഗാനദിവരെ എത്തി, പാടലീപുത്രത്തിലെ പാല രാജാവായ മഹിപാലനെ പരാജയപ്പെടുത്തി. മലയ ദ്വീപുസമൂഹത്തിലെ രാജ്യങ്ങളെയും അദ്ദേഹം വിജയകരമായി ആക്രമിച്ചു. കടൽ കടന്നുള്ള ഈ പര്യവേഷണങ്ങൾക്കായി ഒരു നാവികസേനയും ചോളന്മാർക്കുണ്ടായിരുന്നു[26].

ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം70,000–3300 ക്രി.മു.
മേർഘർ സംസ്കാരം7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം1700–1300 ക്രി.മു.
വേദ കാലഘട്ടം1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ1200–700 ക്രി.മു.
മഹാജനപദങ്ങൾ700–300 ക്രി.മു.
മഗധ സാമ്രാജ്യം684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം240–550 ക്രി.വ.
. പാല സാമ്രാജ്യം750–1174 ക്രി.വ.
. ചോള സാമ്രാജ്യം848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത്1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത്1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം1757–1947 ക്രി.വ.
ആധുനിക ഇന്ത്യക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

അന്ത്യം

പാണ്ഡ്യരുടെയും ഹൊയ്സാലരുടെയും ഉയർച്ചയോടെ 12-ആം നൂറ്റാണ്ടിൽ ചോളസാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു. 13-ആം നൂറ്റാണ്ടോടെ ചോളസാമ്രാജ്യം അസ്തമിച്ചു.

സാംസ്കാരിക സംഭാവനകൾ

തഞ്ചാവൂർ ക്ഷേത്രത്തിന്റെ പ്രധാന വിമാനത്തിന്റെ (ഗോപുരത്തിന്റെ) ദൃശ്യം

തമിഴ് സാഹിത്യം, വാസ്തുവിദ്യ എന്നിവയുടെ പ്രോത്സാഹകർ ആയിരുന്നു ചോളരാജാക്കന്മാർ. ചോളരുടെ കീഴിൽ കല, മതം, സാഹിത്യം എന്നിവയിൽ തമിഴ് രാജ്യം പുതിയ ഉയരങ്ങളിലെത്തി[121]. ഈ മേഖലകളിലെല്ലാം, പല്ലവരുടെ കീഴിൽ ആരംഭിച്ച പ്രസ്ഥാനങ്ങൾ അവയുടെ പരമോന്നതിയിലെത്തി.[122][123] വലിയ ക്ഷേത്രങ്ങൾ, ശിലാശില്പങ്ങൾ, വെങ്കലശില്പങ്ങൾ എന്നീ രൂപങ്ങളിലെ വാസ്തുവിദ്യ ചോളരുടെ കീഴിൽ ഇന്ത്യയിൽ അതുവരെക്കാണാത്ത ഉന്നതിയിലെത്തി.[124] ഇവരുടെ പ്രോത്സാഹനത്തിൽ ആണ് തമിഴ് സാഹിത്യത്തിലെ പല പ്രധാന കൃതികളും തമിഴ്നാട്ടിലെ പല പ്രധാന ക്ഷേത്രങ്ങളും രൂപംകൊണ്ടത്. ക്ഷേത്രനിർമ്മാണത്തെ വളരെ പ്രോത്സാഹിപ്പിച്ച ചോളരാജാക്കന്മാർ ക്ഷേത്രങ്ങളെ ആരാധനാലയങ്ങൾ എന്നതിനു പുറമേ വാണിജ്യകേന്ദ്രങ്ങളായും കരുതി. ജനങ്ങളുടെ ആവാസമേഖലയുടെ കേന്ദ്രങ്ങളായിരുന്നു ക്ഷേത്രങ്ങൾ. ജനവാസകേന്ദ്രങ്ങൾ അവക്കു ചുറ്റുമായാണ് രൂപം കൊണ്ടത്. തഞ്ചാവൂരിലേയും, ഗംഗൈകൊണ്ടചോളപുരത്തേയും ക്ഷേത്രങ്ങൾ ചോളകാലത്തെ വാസ്തുശില്പകലയ്ക്ക് ഉത്തമോദാഹരണങ്ങളാണ്‌.

കടാരം (കേട), ശ്രീവിജയ എന്നിവിടങ്ങൾ ചോളർ കീഴടക്കിയതും, ചൈനീസ് സാമ്രാജ്യവുമായി ഇവരുടെ തുടർച്ചയായ വാണിജ്യ ബന്ധവും ചോളർ തദ്ദേശീയ സംസ്കാരങ്ങളെ സ്വാധീനിക്കുന്നതിനെ സഹായിച്ചു. [125] ഇന്ന് തെക്കുകിഴക്കേ ഏഷ്യയിലെമ്പാടും കാണുന്ന ഹിന്ദു സാംസ്കാരിക സ്വാധീനത്തിന്റെ അവശേഷിക്കുന്ന ‍ഉദാഹരണങ്ങൾ പ്രധാനമായും ചോളരുടെ സംഭാവനയാണ്.[126][127]

കല

പല്ലവ രാജവംശത്തിന്റെ ക്ഷേത്ര നിർമ്മാണ പാരമ്പര്യം പിന്തുടർന്ന ചോളർ ദ്രാവിഡ ക്ഷേത്ര രൂപകല്പനയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകി.[128] കാവേരീ തീരത്ത് ചോളർ അനേകം ശിവക്ഷേത്രങ്ങൾ നിർമ്മിച്ചു. 10-ആം നൂറ്റാണ്ടിന്റെ അവസാനം വരെ ഈ ക്ഷേത്രങ്ങൾ അത്ര വലുതായിരുന്നില്ല.[122][129][130]

കൃത്യമായ വിശദാംശങ്ങളുള്ള, ധാരാളം അലങ്കാരങ്ങളുള്ള തൂണുകളും നിറയെ കൊത്തുപണികൾ ചെയ്ത ചുവരുകളുമുള്ള, ദരാശുരത്തെ ഐരാവതേശ്വര ക്ഷേത്രം ചോള വാസ്തുവിദ്യയ്ക്കും കലയ്ക്കും ഉത്തമോദാഹരണമാണ്
ദാരാസുരത്തെ ഐരാവതേശ്വര ക്ഷേത്രം

രാജരാജ ചോളന്റെയും അദ്ദേഹത്തിന്റെ മകനായ രാജേന്ദ്രചോളൻ ഒന്നാമന്റെയും കാലത്ത്, ഇവരുടെ യുദ്ധവിജയങ്ങളുടെ ഫലമായി ക്ഷേത്രനിർമ്മാണത്തിന് വലിയ പ്രോത്സാഹനം ലഭിച്ചു. [131] ചോള വാസ്തുവിദ്യ കൈവരിച്ച പക്വതയുടെയും മഹിമയുടെയും ഉദാഹരണങ്ങൾ തഞ്ചാവൂരിലെയും ഗംഗൈകൊണ്ടചോളപുരത്തിലെയും ക്ഷേത്രങ്ങളിൽ കാണാം. ക്രി.വ. 1009-നോട് അടുത്ത് പൂർത്തിയായ തഞ്ചാവൂർ ശിവക്ഷേത്രം രാജരാജ ചോളന്റെ വിജയങ്ങൾക്ക് ഉത്തമമായ സ്മാരകമാണ്. അക്കാലത്തെ ഇന്ത്യൻ ക്ഷേത്രങ്ങളിൽ ഏറ്റവും വലുതും, ഏറ്റവും ഉയരമുള്ളതുമായ തഞ്ചാവൂർ ശിവക്ഷേത്രം തെക്കേ ഇന്ത്യൻ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്.[78][132]

രാജേന്ദ്ര ചോളൻ നിർമ്മിച്ച ഗംഗൈകൊണ്ടചോളപുരത്തെ ഗംഗൈകൊണ്ടചോഴീശ്വരം ക്ഷേത്രം, അതിന്റെ മുൻഗാമിയായ തഞ്ചാവൂർ ക്ഷേത്രത്തെക്കാൾ മികച്ചതാവാൻ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു. [133][134]തഞ്ചാവൂർ ക്ഷേത്രം നിർമ്മിച്ച് രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം, ക്രി.വ. 1030-ൽ, അതേ ശൈലിയിൽ പൂർത്തിയാക്കിയ ഈ ക്ഷേത്രത്തിന്, തഞ്ചാവൂർ ക്ഷേത്രത്തെക്കാൾ വിശദാംശങ്ങളിൽ കൊടുത്തിരിക്കുന്ന ശ്രദ്ധയും പ്രാധാന്യവും, രാജേന്ദ്രചോളന്റെ കീഴിൽ ചോളസാമ്രാജ്യം കൂടുതൽ ധനികമായി എന്നു കാണിക്കുന്നു.[128][135]

തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം, ഗംഗൈകൊണ്ടചോളപുരത്തിലെ ഗംഗൈകൊണ്ടചോഴീശ്വരം ക്ഷേത്രം, ദരാസുരത്തിലെ ഐരാവതേശ്വര ക്ഷേത്രം എന്നിവ യുണെസ്കോ ലോക പൈതൃക സ്ഥലങ്ങളായി പ്രഖ്യാപിച്ചു, ഇവ മഹത്തായ, ജീവിക്കുന്ന ചോള ക്ഷേത്രങ്ങൾ എന്ന് അറിയപ്പെടുന്നു. [136]

ഓട്ടുപ്രതിമകൾ

ചോള കരകൗശലവിദ്യകളിൽ എടുത്തുപറയത്തക്ക പ്രാധാന്യമുള്ള ഒന്നാണ് അവരുടെ ഓട്ടുപ്രതിമകളും ശില്പങ്ങളും[137][138][139]. ഈ ശില്പങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കലാരൂപങ്ങളായി കണക്കാക്കപ്പെടുന്നു[26]. ഇന്ന് ലോകത്തിനു ചുറ്റുമുള്ള കാഴ്ച്ചബംഗ്ലാവുകളിലും തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിലും കാണപ്പെടുന്ന ശിവന്റെ വിവിധ ഭാവങ്ങളിലുള്ള പ്രതിമകൾ, വിഷ്ണു, ലക്ഷ്മി എന്നിവരുടെ പ്രതിമകൾ, ശൈവ സന്യാസിമാരുടെ പ്രതിമകൾ എന്നിവ ചോളരുടെ പ്രതിമാനിർമ്മാണത്തിന്റെ ഉദാഹരണങ്ങളാണ്. [128] നീണ്ട പാരമ്പര്യത്താൽ സ്ഥാപിതമായ ശില്പകലാ ചിട്ടവട്ടങ്ങൾ അനുസരിക്കുന്നവയാണെങ്കിലും 11-ഉം, 12-ഉം നൂറ്റാണ്ടുകളിൽ ശില്പികൾ വലിയ സ്വാതന്ത്ര്യത്തോടെ പ്രവർത്തിച്ച് ശില്പങ്ങളിൽ ഉദാത്തമായ കുലീനതയും മഹിമയും വരുത്തി. ഇതിന് ഉത്തമോദാഹരണം പ്രപഞ്ച നർത്തകനായ നടരാജന്റെ പ്രതിമയാണ്.[140][141]

അൾസ്റ്റർ കാഴ്ച്ചബംഗ്ലാവിലെ ചോള ഓട്ടുപ്രതിമ

മെഴുക് പ്രക്രിയ ഉപയോഗിച്ചാണ്‌ ഈ പ്രതിമകൾ നിർമ്മിച്ചിരുന്നത്. ഉണ്ടാക്കേണ്ട പ്രതിമ ആദ്യം മെഴുകിൽ തയ്യാറാക്കുന്നു. തുടർന്ന് ഇതിനെ കളിമണ്ണു കൊണ്ടു പൊതിയുകയും കളിമണ്ണിൽ ഒരു തുളയിടുകയും ചെയ്യുന്നു. കളിമണ്ണിൽ പൊതിഞ്ഞ മെഴുകു പ്രതിമയെ ചൂടാക്കുമ്പോൾ ഉള്ളിലെ മെഴുക് ഉരുകി കളിമണ്ണിലെ തുളയിലൂടെ പുറത്തേക്ക് പോകുകയും കളിമണ്ണു കൊണ്ടുള്ള മൂശ തയ്യാറാകുകയും ചെയ്യുന്നു. കളിമൺ മൂശയിലെ തുളയിലൂടെ ഉരുക്കിയ ഓട് ഒഴിച്ച് പ്രതിമകൾ വാർത്തെടുക്കുന്നു. ലോഹം തണുത്തുറഞ്ഞതിനു ശേഷം കളിമൺ മൂശ പൊട്ടിച്ചെടുക്കുന്നു[142].

സാഹിത്യം

മദ്ധ്യകാല ചോളരുടെയും പിൽക്കാല ചോളരുടെയും കാലഘട്ടം (ക്രി.വ. 850 - 1200) തമിഴ് സാഹിത്യത്തിന്റെ സുവർണ്ണകാലമായിരുന്നു.[4] ചോള ശാസനങ്ങൾ പല കൃതികളെയും പരാമർശിക്കുന്നു, എന്നാൽ ഇവയിൽ ഭൂരിഭാഗവും നഷ്ടപ്പെട്ടുപോയി.[143]

കളഭ്രരുടെ കാലത്ത് വളരെ ക്ഷയിച്ച ഹിന്ദുമതം ചോളരുടെ കാലത്ത് പുനരുജ്ജീവിച്ചു, ഇത് വിവിധ ക്ഷേത്രങ്ങളുടെ നിർമ്മാണത്തിനും, ശൈവ, വൈഷ്ണവ ഭക്തിസാഹിത്യത്തിന്റെ ഉൽ‌പ്പാദനത്തിനും കാരണമായി.[144] ജൈന, ബുദ്ധമത ഗ്രന്ഥകാരന്മാർക്കും ചോളരുടെ കീഴിൽ പ്രോത്സാഹനം ലഭിച്ചു, എന്നാൽ ഇവരുടെ എണ്ണം മുൻ‌നൂറ്റാണ്ടുകളെക്കാൾ കുറവായിരുന്നു.[145] തിരുടക്കടെവർ എഴുതിയ ജീവക ചിന്താമണി, തോലമൊലി എഴുതിയ സൂലമണി എന്നിവ അഹിന്ദു രചയിതാക്കളുടെ കൃതികളിൽ പ്രധാനമാണ്.[146][147][148] തിരുക്കടെവരുടെ സാഹിത്യം മഹത്തായ കാവ്യങ്ങളുടെ എല്ലാ ലക്ഷണങ്ങളും പ്രദർശിപ്പിക്കുന്നു. [149] കമ്പൻ തന്റെ ഏറ്റവും പ്രധാന കൃതിയായ രാമാവതാരം എഴുതാൻ മാതൃകയാക്കിയത് ഈ പുസ്തകമാണെന്ന് കരുതുന്നു.[150]

കുലോത്തുംഗ ചോളൻ മൂന്നാമന്റെ കാലത്താണ് കമ്പൻ പ്രശസ്തനായത്. [151] കമ്പന്റെ രാമാവതാരം (കമ്പരാമായണം എന്നും അറിയപ്പെടുന്നു) തമിഴ് സാഹിത്യത്തിലെ ഒരു ഇതിഹാസമാണ്. താൻ വാല്മീകിയുടെ രാമായണം പിന്തുടർന്നതാണെന്ന് കമ്പൻ പറയുന്നു, എങ്കിലും സംസ്കൃത മഹാകാവ്യത്തിന്റെ പദാനുപദ തർജ്ജമയല്ല ഈ പുസ്തകം എന്നത് പൊതുസമ്മതമാണ്: കമ്പൻ തന്റെ വിവരണത്തിൽ, തന്റെ കാലത്തിന്റെ നിറങ്ങളും പ്രകൃതിദൃശ്യങ്ങളും പകരുന്നു, കമ്പൻ കോസലത്തെ ചോള രാജ്യത്തിന്റെ ഒരു ഉദാത്ത മാതൃകയായാണ് ചിത്രീകരിച്ചിരിക്കുന്നത്.[148][152][153]

ജയംകൊണ്ടരുടെ ഏറ്റവും പ്രധാന കൃതിയായ കലിംഗത്തുപ്പരണി ചരിത്രവും ഭാവനയും തമ്മിൽ വ്യക്തമായ അതിർവരമ്പിടുന്ന വിവരണ കാവ്യത്തിന് ഉദാഹരണമാണ്. കുലോത്തുംഗ ചോളൻ ഒന്നാമന്റെ കലിംഗയുദ്ധകാലത്തുള്ള സംഭവങ്ങളെ ഈ കൃതി വിവരിക്കുന്നു. യുദ്ധത്തിന്റെ സാഹചര്യങ്ങളും പൊലിമയും മാത്രമല്ല, യുദ്ധക്കളത്തിലെ ദാരുണ വിശദാംശങ്ങളും ഈ കൃതി പ്രതിപാദിക്കുന്നു. [153][154][155] പ്രശസ്ത തമിഴ് കവിയായ ഒറ്റക്കുട്ടൻ കുലോത്തുംഗചോളൻ ഒന്നാമന്റെ സമകാലികനായിരുന്നു. കുലോത്തുംഗനു പിന്നാലെ വന്ന മൂന്നു രാജാക്കന്മാരുടെ സദസ്സിൽ ഒറ്റക്കുട്ടൻ സേവനമനുഷ്ഠിച്ചു. [150][153][154][156] ചോള രാജാവിന്റെ മാഹാത്മ്യം വർണ്ണിക്കുന്ന കുലോത്തുംഗ ചോളൻ ഉള എന്ന കൃതി എഴുതിയത് ഒറ്റക്കുട്ടനാണ്.[157]

ഭക്തി-മത സാഹിത്യം നിർമ്മിക്കാനുള്ള ത്വര ചോള കാലഘട്ടത്തിലും തുടർന്നു, ശൈവർ നിയമങ്ങൾ 11 പുസ്തകങ്ങളാക്കി ക്രോഡീകരിച്ചത് 10-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ജീവിച്ചിരുന്ന നമ്പി ആണ്ടാർ നമ്പി ആണ്.[158][159] അതേസമയം, ചോളരുടെ കാലഘട്ടത്തിൽ താരതമ്യേന കുറച്ച് വൈഷ്ണവ കൃതികളേ രചിക്കപ്പെട്ടുള്ളൂ, ഒരുപക്ഷേ പിൽക്കാല ചോള രാജാക്കന്മാർക്ക് വൈഷ്ണവരോടുള്ള ശത്രുതമൂലമാകാം ഇത്. [160]

മതം

നടരാജന്റെ’‘ ചോള വിഗ്രഹം, വെങ്കലത്തിൽ തീർത്തത്. മെട്രോപോളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ന്യൂയൊർക്ക് സിറ്റി

ചോളർ പൊതുവേ ഹിന്ദുമത വിശ്വാസികളായിരുന്നു. ചരിത്രത്തിലുടനീളം, ചോളർ പല്ലവരെയോ പാണ്ഡ്യരെയോ പോലെ ബുദ്ധമതത്തിന്റെയോ ജൈനമതത്തിന്റെയൊ ഉദയത്തിൽ സ്വാധീനപ്പെട്ടില്ല. ആദ്യകാല ചോളർ പോലും ഹിന്ദുമതത്തിന്റെ പുരാതന വിശ്വാസത്തിന്റെ ഒരു ഭാഷ്യം പിന്തുടർന്നു. പുറനാന്നൂറിൽ കരികാല ചോളന്റെ വൈദിക ഹിന്ദുമതത്തിലുള്ള വിശ്വാസത്തെക്കുറിച്ച് പരാമർശമുണ്ട്. [161]മറ്റൊരു ആദ്യകാല ചോള രാജാവായ കൊചെങ്കണ്ണനെ സംഘ സാഹിത്യത്തിൽ ഒരു ശൈവ സന്യാസിയായും ദിവ്യനായും കരുതുന്നു.[40]

ചോളർ നിർമ്മിച്ച ഏറ്റവും വലുതും പ്രധാനവുമായ ക്ഷേത്രം ശിവക്ഷേത്രമാണെങ്കിലും, ചോളർ ശൈവരായിരുന്നു എന്നോ ശൈവമതത്തിന്റെ അനുയായികളായിരുന്നു എന്നോ, മറ്റ് വിശ്വാസങ്ങൾക്കു നേരെ അസഹിഷ്ണുതയോടെ പ്രവർത്തിച്ചിരുന്നു എന്നോ കരുതാൻ പറ്റില്ല. രണ്ടാം ചോള രാജാവായ ആദിത്യൻ ഒന്നാമൻ ശിവക്ഷേത്രങ്ങളും വിഷ്ണുക്ഷേത്രങ്ങളും നിർമ്മിച്ചു. ക്രി.വ. 890-ലെ ആദിത്യൻ ഒന്നാമന്റെ ശിലാലിഖിതങ്ങൾ, അദ്ദേഹത്തിന് വൈവാഹിക ബന്ധമുണ്ടായിരുന്നതും, അദ്ദേഹത്തിന്റെ സാമന്തരുമായ പടിഞ്ഞാറൻ ഗംഗരുടെ നാട്ടിൽ, ശ്രീരംഗപട്ടണത്തിലെ (ഇന്നത്തെ കർണ്ണാടകത്തിലെ മാണ്ഢ്യ ജില്ലയിൽ) രംഗനാഥ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ പരാമർശിക്കുന്നു.

ആദിത്യൻ ഒന്നാമന്റെ കാലത്ത് (ക്രി.വ. 871-903) കന്നഡ രാജ്യത്തെ ഗംഗർ അദ്ദേഹത്തിന്റെ മേൽക്കോയ്മ അംഗീകരിച്ചിരുന്നു. ഇതിന് പ്രത്യുപകാരമായി ആദിത്യൻ ഒന്നാമൻ ഗംഗരുടെ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും ഇന്നത്തെ ശ്രീരംഗപട്ടണത്തിലെ ശ്രീ രംഗനാഥ ക്ഷേത്രം നിർമ്മിക്കുന്നതിന് ഉദാരമായി സംഭാവന നൽകുകയും ചെയ്തു. ശ്രീരംഗത്തെ ശ്രീ രംഗനാഥ ക്ഷേത്രത്തിന് ക്രി.വ. 896 അടുപ്പിച്ച്, ആദിത്യൻ പല സംഭാവനകളും നൽകി. ശ്രീരംഗത്തെ ശിവക്ഷേത്രവും രംഗനാഥക്ഷേത്രവും ചോളരുടെ കുലധനമാണ് എന്ന് അദ്ദേഹം ലിഖിത-ശാസനം പുറപ്പെടുവിച്ചു. [162] ആദിത്യൻ ഒന്നാമന്റെ ശാസനങ്ങൾ അദ്ദേഹത്തിന്റെ പ്രശസ്ത പുത്രനായ പരാന്തകൻ ഒന്നാമനും പരാന്തകന്റെ പിന്തുടർച്ചക്കാരും വിശ്വസ്തതയോടെ പിന്തുടർന്നു. ചോള രാജാവായ സുന്ദരൻ (പരാന്തകൻ രണ്ടാമൻ) തിരുച്ചിയുടെ അടുത്ത്, കാവേരീ തീരത്തെ അൻപിൽ എന്ന സ്ഥലത്തെ 'കിടക്കുന്ന വിഷ്ണുവിന്റെ' (വടിവ് അഴഗിയ നമ്പി) ഉറച്ച ഭക്തനായിരുന്നു. ഈ ക്ഷേത്രത്തിന് അദ്ദേഹം വിവിധ സമ്മാനങ്ങളും ധനവും നൽകി, കാഞ്ചിയിലെയും ആർക്കോട്ടിലെയും രാഷ്ട്രകൂടരുമായി യുദ്ധം ചെയ്ത് പ്രവിശ്യകൾ തിരിച്ചുപിടിക്കുന്നതിനും, മധുരയിലേക്കും ഈഴത്തിലേക്കും (ശ്രീലങ്ക) യുദ്ധം നയിക്കുന്നതിനും മുൻപ് പരാന്തകൻ രണ്ടാമൻ ഈ വിഗ്രഹത്തിനു മുൻപിൽ തന്റെ വാൾ വെച്ച് പ്രാർത്ഥിച്ചു. [163]. രാജരാജ ചോളൻ ഒന്നാമൻ ബുദ്ധമതവിശ്വാസികൾക്ക് സംരക്ഷണം നൽകി, ശ്രീവിജയത്തിലെ ശൈലേന്ദ്ര രാജാവിന്റെ (ശ്രീ ചൂളമണിവർമ്മൻ) അഭ്യർത്ഥനപ്രകാരം, നാഗപട്ടിണത്ത് ചൂഢാമണി വിഹാരം എന്ന ബുദ്ധമത സന്യാസാശ്രമം സ്ഥാപിക്കാനുള്ള ദ്രവ്യം നൽകി. [32][164][165][166]

പിൽക്കാല ചോളരുടെ കാലത്ത്, വൈഷ്ണവരുടെ നേർക്ക്[167], പ്രത്യേകിച്ചും വൈഷ്ണവാചാര്യനായിരുന്ന രാമാനുജന്റെ നേർക്ക്, അസഹിഷ്ണുതാപരമായ നടപടികൾ ഉണ്ടായി എന്ന് പറയപ്പെടുന്നു. [168] ഒരു ഉറച്ച ശൈവമത വിശ്വാസിയായിരുന്ന കുലോത്തുംഗ ചോളൻ രണ്ടാമൻ ചിദംബരത്തെ ശിവക്ഷേത്രത്തിൽ നിന്നും വിഷ്ണുവിന്റെ ഒരു പ്രതിമ നീക്കം ചെയ്തു എന്ന് പറയപ്പെടുന്നു, എന്നാൽ ഈ സിദ്ധാന്തത്തിനു തെളിവായി ലിഖിതങ്ങൾ ഒന്നും കിട്ടിയിട്ടില്ല.1160-ലെ ഒരു ലിഖിതത്തിൽ, വൈഷ്ണവരുമായി സാമൂഹികമായി ഇടപഴകുന്ന ശൈവ ക്ഷേത്രാധികാരികൾക്ക് അവരുടെ സ്വത്ത് നഷ്ടപ്പെടും എന്ന് എഴുതിയിരിക്കുന്നു. എന്നാൽ, ഇത് ശൈവ സമൂഹത്തിന് മതാധിപർ നൽകുന്ന ഒരു നിർദ്ദേശമാണ്, ചോള ചക്രവർത്തിയുടെ ആജ്ഞയല്ല. ചോള രാജാക്കന്മാർ ശിവനു വേണ്ടി ഏറ്റവും വലിയ ക്ഷേത്രങ്ങൾ നിർമ്മിക്കുകയും, രാജരാജ ചോളൻ ഒന്നാമനെപ്പോലുള്ള ചോള ചക്രവർത്തിമാർ ‘ശിവപാദശേഖരൻ’ എന്ന പട്ടം സ്വീകരിക്കുകയും ചെയ്തു, എന്നാൽ ഇവരുടെ ഒരു ശാസനത്തിലും ചോള രാജാക്കന്മാർ തങ്ങൾ ശൈവമതം മാത്രമേ പിന്തുടരുന്നുള്ളൂ എന്നോ, ശൈവമതം രാജ്യത്തിന്റെ ഔദ്യോഗിക മതമാണെന്നോ പറയുന്നില്ല. [169][170][171]

ജനപ്രിയ സംസ്കാരത്തിൽ

നിൽക്കുന്ന ഹനുമാൻ,ചോള രാജവംശം, 11-ആം നൂറ്റാണ്ട്.

കഴിഞ്ഞ പതിറ്റാണ്ടുകളിൽ തമിഴിലെ പല സാഹിത്യ, കലാ സൃഷ്ടികൾക്കും ചോള രാജവംശത്തിന്റെ ചരിത്രം പ്രചോദനമായിട്ടുണ്ട്. [172] ഈ കലാസൃഷ്ടികൾ ചോളരുടെ ഓർമ്മ തമിഴരുടെ മനസ്സിൽ നിലനിർത്തുന്നതിനു സഹായകമായി. ഈ സാഹിത്യ വിഭാഗത്തിലെ ഏറ്റവും പ്രധാന കൃതി, കൽക്കി കൃഷ്ണമൂർത്തി രചിച്ച തമിഴ് ചരിത്ര നോവലായ പൊന്നിയിൻ ശെൽ‌വൻ (പൊന്നിയുടെ മകൻ) ആണ്. [173] അഞ്ച് വാല്യങ്ങളായി എഴുതിയ ഈ കൃതി രാജരാജചോളന്റെ കഥ പറയുന്നു.[174] ചോള രാജാവായി ഉത്തമ ചോളൻ വാഴിക്കപ്പെടുന്നതുവരെയുള്ള സംഭവങ്ങളാണ് പൊന്നിയിൻ ശെൽ‌വനിലെ പ്രതിപാദ്യം. സുന്ദര ചോളന്റെ മരണത്തിനു ശേഷം നിലനിന്ന ആശയക്കുഴപ്പത്തെ കൽക്കി ഉപയോഗിച്ചിരിക്കുന്നു. [175] 1950-കളുടെ മദ്ധ്യത്തിൽ, തമിഴ് വാരികയായ കൽക്കിയിൽ ഈ കൃതി ഖണ്ഢങ്ങളായി വന്നു. [176] അഞ്ചു വർഷത്തോളം ഇങ്ങനെ ഖണ്ഢങ്ങളായി പ്രസിദ്ധീകരിക്കുന്നതു തുടർന്നു, ഓരോ ലക്കത്തിലും ഈ കൃതിയുടെ ഖണ്ഢങ്ങൾക്ക് വായനക്കാർ വലിയ താല്പര്യത്തോടെ കാത്തിരുന്നു.[177]

ഇതിനു മുൻപ് കൽക്കി രചിച്ച ചരിത്രാഖ്യായികയായ പാർത്തിബൻ കനവ് വിക്രമൻ എന്ന സാങ്കൽ‌പ്പിക ചോളരാജാവിന്റെ പ്രതാപവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല്ലവ രാജാവായ നരസിംഹവർമ്മൻ ഒന്നാമന്റെ സാമന്തനായി, 7-ആം നൂറ്റാണ്ടിൽ വിക്രമൻ ജീവിച്ചിരുന്നു എന്നാണ് കൃതിയിലെ സങ്കല്പം. കഥ നടക്കുന്ന കാലം ആദ്യകാല ചോളരുടെ ക്ഷയത്തിനും വിജയാലയ ചോളൻ വീണ്ടും ചോളസാമ്രാജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും ഇടയ്ക്കുള്ള ‘ഇടക്കാലമാണ്’.[174] 1950-കളുടെ തുടക്കത്തിൽ കൽക്കി വാരികയിൽ പാർത്തിബൻ കനവ് ഖണ്ഢശ്ശയായി വന്നു.

മറ്റൊരു ജനപ്രിയ തമിഴ് നോവലിസ്റ്റായ സന്തീല്യൻ 1960-കളിൽ കടൽ പുര എഴുതി. ഈ കൃതി തമിഴ് വാരികയായ കുമുദത്തിൽ ഖണ്ഢശ്ശ പ്രസിദ്ധീകരിച്ചു. കുലോത്തുംഗ ചോളൻ ഒന്നാമന് സിംഹാസനം നിഷേധിക്കപ്പെട്ട് അദ്ദേഹം വെങ്ങി രാജ്യത്തിൽ നിന്നും പുറത്താക്കപ്പെട്ട വർഷങ്ങളാണ് ഈ നോവലിന്റെ സമയക്രമം. കടൽ പുരത്തിൽ കുലോത്തുംഗചോളൻ എവിടെയായിരുന്നു എന്ന് ഊഹിക്കുന്നു. ഇതിനു മുൻപ്, 1960-കളുടെ ആദ്യത്തിൽ സന്തീല്യൻ എഴുതിയ കൃതിയായ യവന റാണി കരികാല ചോളന്റെ ജീവിതത്തെ ആസ്പദമാക്കിയതാണ്.[178] അടുത്തകാലത്ത്, രാജരാജചോളൻ തഞ്ചാവൂരിലെ ബ്രിഹദീശ്വര ക്ഷേത്രം നിർമ്മിച്ചതിന്റെ പശ്ചാത്തലം വിഷയമാക്കി ബാലകുമാരൻ ഉടൈയർ എന്ന നോവൽ രചിച്ചു. [179]

രാജരാജ ചോളന്റെ ജീവിതത്തെ ആസ്പദമാക്കി 1950-കളിൽ പല നാടകങ്ങളും അരങ്ങേറി. 1973-ൽ, ശിവാജി ഗണേശൻ നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായ രാജരാജ ചോളനിൽ അഭിനയിച്ചു. അവലോൺ ഹിൽ നിർമ്മിക്കുന്ന, ലോകത്തിന്റെ ചരിത്രം എന്ന ബോർഡ് കളിയിലും ചോളർ പ്രതിപാദ്യമാകുന്നു.

ആയിരത്തിൽ ഒരുവൻ എന്ന ചലച്ചിത്രം ചോള പശ്ചാത്തലം വിഷയമാക്കിയെടുത്തതമിഴ് ചലച്ചിത്രമാണ്

അവലംബം

കൂടുതൽ വായനയ്ക്ക്

"https:https://www.search.com.vn/wiki/index.php?lang=ml&q=ചോഴസാമ്രാജ്യം&oldid=4029337" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്