പോൾ റോബ്സൺ

അമേരിക്കന്‍ ചലചിത്ര നടന്‍

പ്രമുഖ അഫ്രിക്കൻ-അമേരിക്കൻ ഗായകനും, നടനും, ആഫ്രിക്കൻ-അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു പോൾ ലിറോയ് റോബ്സൺ (Paul Leroy Robeson) (1898 ഏപ്രിൽ 9 - 1976 ജനുവരി 23). ബഹുമുഖ പ്രതിഭയായിരുന്ന ഇദ്ദേഹം സർവ്വകലാശാലാ പഠനസമയത്ത് മികച്ച ഫുട്ബോൾ കളിക്കാരനായിരുന്നു. പിന്നീട് ഗായകനായും സിനിമാ-നാടക അഭിനേതാവായും മാറി. ഇതിനിടയിൽ നിയമബിരുദം സമ്പാദിച്ച് അഭിഭാഷകനായും പ്രവർത്തിച്ചു. സ്പാനിഷ് ആഭ്യന്തര യുദ്ധം, ഫാസിസം, സാമൂഹ്യനീതി തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ രാഷ്ട്രീയ നിലപാടുകളെടുത്തതോടെ അദ്ദേഹം സാർവ ദേശീയ പ്രസിദ്ധിയാർജ്ജിച്ചു. സാമ്രാജ്യത്വത്തിനും അമേരിക്കൻ ഭരണകൂടത്തിനും എതിരായുള്ള നിലപാടുകളും കമ്മ്യൂണിസവുമായുള്ള ബന്ധവും മക്കാർത്തിസത്തിന്റെ കാലത്ത് അദ്ദേഹത്തെ കരിമ്പട്ടികയിൽപെടുത്തുന്നതിനിടയാക്കി. അനാരോഗ്യം നിമിത്തം സജീവ പ്രവർത്തനങ്ങളിൽ നിന്നും വിരമിക്കുമ്പോൾപ്പോലും തന്റെ നിലപാടകളോട് സന്ധിചെയ്യുവാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. [1] ,[2]

പോൾ റോബ്സൺ
ജനനം
പോൾ ലിറോയ് റോബ്സൺ

(1898-04-09)ഏപ്രിൽ 9, 1898
പ്രിൻസ്റ്റൺ, ന്യൂ ജെഴ്സി, അമേരിക്കൻ ഐക്യനാടുകൾ
മരണംജനുവരി 23, 1976(1976-01-23) (പ്രായം 77)
കലാലയംറട്ജേഴ്സ് സർവ്വകലാശാല (1919)
കൊളംബിയ ലോ സ്കൂൾ (1922)
തൊഴിൽഗായകൻ, നടൻ, സാമൂഹ്യപ്രവർത്തകൻ, അഭിഭാഷകൻ, കായികതാരം
ജീവിതപങ്കാളി(കൾ)എസ്ലാന്റ റോബ്സൺ (1921-1965)
കുട്ടികൾപോൾ റോബ്സൺ ജൂനിയർ

ജീവിതരേഖ

ജനനം, വിദ്യാഭ്യാസം

പോൾ റോബ്സണും യുടാ ഹോഗെനും , ഒഥെല്ലോയുടേയും ഡെസ്ഡിമോണയുടേയും വേഷത്തിൽ. ബ്രോഡ്വേ പ്രൊഡക്ഷൻ, 1943-44

ന്യൂജഴ്സിയിലെ പ്രിൻസ്റ്റൺ പ്രാന്തത്തിലെ പ്രിസ്ബിറ്റീരിയൻ പള്ളിയിലെ പാതിരി റെവറൻഡ് വില്യം റോബ്സണിന്റേയും പത്നി മരിയാ ലൂയിസയുടേയും ഇളയമകനായി 1898 ഏപ്രിൽ 9-ന് പോൾ റോബ്സൺ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നീഗ്രോ കുട്ടികൾക്കു മാത്രമായുള്ള സ്കൂളിലായിരുന്നു. എന്നാൽ ഹൈസ്കൂളിൽ വെളുത്തവരും കറുത്തവരും ഉണ്ടായിരുന്നു. പഠിത്തത്തിലും കായികരംഗത്തും മിടുക്കനായിരുന്ന പോളിനെ വെള്ളക്കാരനായ സ്കൂൾ പ്രിൻസിപ്പൾ ഏറെ വെറുത്തു.[3] റട്ട്ഗഴ്സ് കോളെജിൽ വിദ്യാർഥിയായി ചേർന്നപ്പോഴും പോളിന് ഏറെ ദുരിതം അനുഭവിക്കേണ്ടി വന്നു. കോളെജിലെ ഫുട്ബാൾ ടീമിൽ ചേരാനെത്തിയ പോളിനെ വെളളക്കാരായ സഹപാഠികൾ ദേഹോപദ്രവം ചെയ്തു[4]. പക്ഷെ പിന്മാറുന്ന പ്രകൃതക്കാരനായിരുന്നില്ല പോൾ[2],[5],[6]. വിശിഷ്ട ബഹുമതികളോടെ റട്ട്ഗഴ്സിൽ നിന്നു ബിരുദം നേടിയ പോൾ തന്റെ പ്രഭാഷണത്തിൽ സമത്വസുന്ദരമായ ലോകത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾ പങ്കു വെച്ചു[7]. 1919-ൽ ന്യൂയോർക്കിലെ കൊളംബിയ യൂണിവഴ്സിറ്റിയിൽ നിയമപഠനത്തിനു ചേർന്നു.

വിവാഹം, കുടുംബജീവിതം

കൊളംബിയ യൂണിവഴ്സിറ്റിയിൽ വെച്ചാണ് പോൾ, എസ്ലാൻഡാ ഗുഡിനെ പരിചയപ്പെട്ടത്. 1921-ൽ ഇരുവരും വിവാഹിതരായി[8]. വൈദ്യശാസ്ത്രത്തിൽ ബിരുദമെടുക്കണമെന്ന് എസ്ലാൻഡക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അഭിനയ-സംഗീത വേദികളിൽ പോളിന് തിരക്കു വർധിച്ചതിനാൽ ഭർത്താവിന്റെ മാനേജരും സെക്രട്ടറിയുമായിത്തീർന്നു എസ്ലാൻഡ. 1927-ൽ പുത്രൻ ജനിച്ചു. 1930-ൽ എസ്ലാൻഡ ഭർത്താവിനെക്കുറിച്ചൊരു പുസ്തകമെഴുതി പോൾ റോബ്സൺ, നീഗ്രോ എന്നായിരുന്നു പുസ്തകത്തിന്റെ പേര്[9]. ഭർത്താവിന്റെ വിവാഹേതരബന്ധങ്ങൾ തന്നെ അസ്വസ്ഥയാക്കിയിരുന്നതായി എസ്ലാൻഡ പുസ്തകത്തിൽ രേഖപ്പെടുത്തി. എന്നിരുന്നാലും നീണ്ട നാല്പത്തിനാലു വർഷം, എസ്ലാൻഡയുടെ മരണം വരെ ദാമ്പത്യബന്ധം നിലനിന്നു.

അഭിനയ ജീവിതം

നിയമവൃത്തങ്ങളിലെ വർണവിവേചനം കാരണം , ആ മേഖലയുപേക്ഷിച്ച് പോൾ അഭിനയരംഗത്തെത്തി[10]. സംഗീതത്തിലും അഭിനയത്തിലും പോളിനുള്ള അസാധാരണ കഴിവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചത് പത്നി എസ്ലാൻഡയായിരുന്നു[11]. ആയിരത്തി തൊള്ളായിരത്തി ഇരുപതുകളുടെ അവസാനത്തിൽ പോൾ കുടുംബസമേതം യൂറോപ്പിലേക്ക് താമസം മാറ്റി[12].

ഒഥെല്ലോ എന്ന വിശ്വവിഖ്യാതമായ ഷേക്സ്പിയർ നാടകത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രത്തിലും[13], പിന്നീട് ബ്രോഡ്വേ നാടകത്തിലും ഒഥെല്ലോയുടെ ഭാഗം അവതരിപ്പിച്ചു. ഒഥെല്ലോയെ അവതരിപ്പിച്ച പ്രഥമ ആഫ്രിക്കൻ- അമേരിക്കൻ നടനായിരുന്നു പോൾ റോബ്സൺ[14].

ബോഡി അന്ഡ് സോൾ( 1924),കാമിൽ,(1926), ബോർഡർലൈൻ (1930 ), ദി എംപറർ ജോൺസ്( 1933)സാൻഡേഴ്സ് ഓഫ് ദി റിവർ( 1935), ഷോബോട്ട്( 1936),സോംഗ് ഓഫ് ഫ്രീഡം(1936 ), ബിഗ് ഫെല്ലാ (1937), കിംഗ് സോളമൺസ് മൈൻസ് (1937), മൈ സോംഗ് ഗോസ് ഫോർത് (1937) ജെറീക്കോ( 1937) പ്രൗഡ് വാലി (1939 ), ടേൽസ് ഓഫ് മൻഹാട്ടൻ ( 1942),എന്നിവയൊക്കെ പോൾ അഭിനയിച്ച ചില ചിത്രങ്ങളാണ്. രണ്ടാം ആഗോളയുദ്ധം തുടങ്ങിയതോടെ പോളും കുടുംബവും അമേരിക്കയിൽ തിരിച്ചെത്തി. നാല്പതുകളുടെ അവസാനത്തോടെ ഹോളിവുഡിലെ വർണവിവേചനവും പോളിനെ അസ്വസ്ഥനാക്കാൻ തുടങ്ങി[15].

സംഗീതരംഗത്ത്

അഭിനേതാവെന്നതിലുപരി ഗായകൻ എന്ന നിലക്കാണ് പോൾ കൂടുതൽ പ്രസിദ്ധി നേടിയത്. ഘനഗംഭീരമായ ശബ്ദത്തിൽ , ഹൃദയസ്പർശിയായം വിധം പാടാനുള്ള കഴിവ് പോളിനുണ്ടായിരുന്നു. ആഫ്രിക്കൻ-അമേരിക്കൻ ജനതയുടെ അവസാനിക്കാത്ത ദുരിതങ്ങളെ മിസ്സിസ്സിപ്പി നദിയുടെ നിലക്കാത്ത ഒഴുക്കുമായി താരതമ്യം ചെയ്യുന്ന ഓൾ മാൻ റിവർ എന്ന ഗാനം ഉദാഹരണം[16]. താമസിയാതെ ഈ ഭൂതലത്തിലെ അടിച്ചമർത്തപ്പെട്ടവരേയും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരേയും പ്രതിനിധീകരിക്കുന്ന ശബ്ദമായി പോൾ റോബ്സണിന്റേത്[17].സങ്കുചിതമായ ദേശീയ കാഴ്ചപ്പാടുകളെ മറികടന്ന് ആഗോള തലത്തിൽ പൗരാവകാശ പ്രസ്ഥാനത്തിന് രൂപം കൊടുക്കേണ്ടതുണ്ടെന്ന് റോബ്സൺ മനസ്സിലാക്കി. [18],[19]. ഈയവസരത്തിലാണ് ആഫ്രിക്കൻ ഭക്തി സംഗീതവും മറുനാടൻ നാടോടിപ്പാട്ടുകളും റോബ്സണെ ആകർഷിച്ചത്. പുതിയ ഭാഷകൾ അതിവേഗം പഠിച്ചെടുക്കാൻ റോബ്സണു കഴിയുമായിരുന്നു.[20]. അതുകൊണ്ടുതന്നെ പാട്ടുകളുമായി താദാത്മ്യം പ്രാപക്കാനും കഴിഞ്ഞു[21].

1925 മുതൽ 1961 വരെയുള്ള മൂന്നര പതിറ്റാണ്ടുകളിൽ മുന്നൂറോളം ഗാനങ്ങൾ റോബ്സൺ റെക്കോഡു ചെയ്തു. പലതും ഒന്നിലധികം തവണ[22]. റോബ്സണിന്റെ പല ഗാനങ്ങളും മൊഴിമാറ്റം ചെയ്യപ്പെട്ട് കൂടുതൽ ജനപ്രിയത നേടി. . ഓൾ മാൻ റിവർ എന്ന ഗാനത്തിന്രെ ചുവടു പിടിച്ച് ഭൂപേൻ ഹസാരിക അസാമിയ ബംഗാളി ഭാഷകളിൽ, ബ്രഹ്മപുത്രയേയും ഗംഗയേയും സംബോധന ചെയ്തു പാടി[23].

പൗരാവകാശ പ്രസ്ഥാനം, രാഷ്ട്രീയച്ചായ്വുകൾ

ദി കൗൺസിൽ ഓൺ ആഫ്രിക്കൻ അഫയേഴ്സ്, റോബ്സൺ മുന്നിട്ടു നിന്ന് രൂപീകരിച്ച സംഘടനയായിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളുടെ സ്വാതന്ത്ര്യവും സമൂഹത്തിൽ തുല്യ നീതിയുമായിരുന്നു ഈ സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങൾ[24]. പല വിധത്തിലുമു ള്ള പൗരാവകാശ സംഘടനകളുമായി പോൾ റോബ്സൺ അടുത്തിടപഴകി[25]. ഇറ്റലിയുടെ എത്യോപ്യൻ ആക്രമണം, സ്പെയിനിലെ ഫാസിസ്റ്റ് വാഴ്ച, തെക്കെ ആഫ്രിക്കയിലെ വർണവിവേചനനയം, കൊളോണിയൽ ഭരണകൂടങ്ങൾ ഇവയ്ക്കെതിരായും റോബ്സൺ ശബ്ദമുയർത്തി. 1935-ലാണ് റോബ്സണും പത്നിയും ആദ്യമായി സോവിയറ്റ് റഷ്യ സന്ദർശിച്ചത്. അതിനുശേഷം വീണ്ടും പലതവണ ഇതാവർത്തിക്കുകയുണ്ടായി. റഷ്യയിലെ സാമൂഹ്യ-രാഷ്ട്രീയ സ്ഥിതി വിശേഷങ്ങൾ റോബ്സണെ ഏറെ സ്വാധീനിച്ചു[26]. സമൂഹത്തിൽ തുല്യനീതി നടപ്പാക്കുന്നതിന് മുതലാളിത്തവ്യവസ്ഥയേക്കാൾ, സോഷ്യലിസ്റ്റ് വ്യവസ്ഥയാണ് കൂടുതൽ അഭികാമ്യം എന്ന നിഗമനത്തിൽ ഈ സന്ദർശനങ്ങൾ റോബ്സണെ കൊണ്ടു ചെന്നെത്തിച്ചു. തന്റെ മകനെ മോസ്കോയിലെ സ്കൂളിൽ ചേർത്തു. തനിക്കനുഭവിക്കേണ്ടി വന്ന വർണവിവേചനം റഷ്യയിൽ തന്റെ മകന് അനുഭവിക്കേണ്ടി വരില്ലെന്ന പ്രസ്താവനയും നടത്തി[27]. തുടക്കത്തിൽ ഇത്തരം ധാരണകളെ ആരും തെറ്റായി വിവക്ഷിച്ചില്ല. എന്നാൽ യുദ്ധാനന്തരം രൂപപ്പെട്ട ശീതസമരത്തിന്റെ പശ്ചാത്തലത്തിൽ സോവിയറ്റ് റഷ്യയും കമ്യൂണിസവും അമേരിക്കയിൽ മക്കാർത്തിസത്തിനു വഴിതെളിച്ചു. സോവിയറ്റ് റഷ്യയോടുള്ള അനുകൂല നിലപാടു കാരണം പോൾ റോബ്സൺ കമ്യൂണിസ്റ്റ് ആണെന്ന അനുമാനം അമേരിക്കൻ ഗവർമെന്റിന്റെ സുരക്ഷാസംവിധാനമായ സി.ഐ.എ., എഫ്.ബി.ഐ. വൃത്തങ്ങളിൽ ശക്തിപ്പെട്ടു വന്നു[28],[29],[30],[31]. ബ്ലാക് സ്റ്റാലിൻ എന്ന വ്യംഗപ്പേരും പോളിനു ലഭിച്ചു[32].

റോബ്സൺ നേതൃത്വം നല്കിയ ദി അമേരിക്കൻ ക്രൂസേഡ് എഗെന്സ്റ്റ് ലിഞ്ചിംഗ്( 1946 ), നാഷണൽ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് കളേഡ് പീപ്പിൾ എന്നീ സംഘടനകൾ തുല്യനീതിക്കായി പൊരുതി[33],[34]. അമേരിക്കൻ സമൂഹത്തിലും അമേരിക്കൻ പട്ടാളക്കാമ്പുകളിലും ആഫ്രിക്കൻ-അമേരിക്കൻ വംശജരെ വെളുത്തവർ കൂട്ടം ചേർന്ന് കൊല്ലുന്ന വൃത്താന്തങ്ങൾ ലോകസമക്ഷം വെളിപെടുത്തി[35], അമേരിക്കൻ ഗവണ്മെന്റിന് ഇതു ഒട്ടും രുചിച്ചില്ല[28],[36],[37][38].

വിലക്കുകൾ

1949-ൽ പാരിസിൽ വെച്ചു നടന്ന ലോകസമാധാനസമ്മേളനത്തിൽ റോബ്സൺ നടത്തിയ പ്രഭാഷണത്തിലെ ചില ഭാഗങ്ങൾ വളച്ചൊടിക്കപ്പെട്ട് അമേരിക്കൻ പത്രങ്ങൾ പ്രസിദ്ധീകരിച്ചു[39]. ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. കമ്യൂണിസ്റ്റ് എന്ന് മുദ്രകുത്തപ്പെട്ട പലരും, റോബ്സണിന്റെ അടുത്ത സുഹൃത്തുക്കളടക്കം അറസ്റ്റു ചെയ്യപ്പെടുകയോ ആ ഭീഷണി നേരിടുകയോ ചെയ്തു. അമേരിക്കയിൽ തിരിച്ചെത്തിയ റോബ്സണു നേരേയും വിലക്കുകളുണ്ടായി, അമേരിക്കൻ വിരുദ്ധ പ്രവൃത്തികളെ നിരീക്ഷിക്കാൻ നിയുക്തമായ അൺഅമേരിക്കൻ ആക്റ്റിവിറ്റീസ് സമിതിയുടെ വക വിചാരണകളുണ്ടായി, റോബ്സണിന്റെ ആദായനികുതി വിവരങ്ങൾ പുനഃപരിശോധനക്കെടുത്തു.[40] എന്നാൽ റോബ്സൺ ഇവക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാരും പൗരസംഘടനകളും റോബ്സണെ പിന്തുണച്ചു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി നെഹറുവും ഐക്യരാഷ്ട്ര പ്രതിനിധി വിജയലക്ഷ്മി പണ്ഡിറ്റുമായി റോബ്സണിന് അടുത്ത സൗഹാർദ്ദം ഉണ്ടായിരുന്നു, ഇത് അമേരിക്കൻ ഗവർമെന്റിന് അസ്വസ്ഥതയുണ്ടാക്കി.[28],[41],

പീക്സ്കിൽ കലാപം:

1949 ഓഗസ്റ്റ് 27-ന് ന്യൂയോർക്കിലെ പീക്സ്കില്ലിൽ റോബ്സണിന്റെ സംഗീതമേള ഏർപാടാക്കിയിരുന്നു. ജാതി-വർണവിവേചനമെന്യെ തൊഴിലാളി സംഘടനകളും മറ്റു സമാധാനസംഘടനകളും ചേർന്ന് ഒരുക്കിയതായിരുന്നു ഈ പരിപാടി[42]. പരിപാടി കലാപത്തിൽ കലാശിച്ചു. കു ക്ലക്സ് ക്ലാൻ( കെകെകെ), അമേരിക്കൻ ലീജിയൺ എന്നീ വെളളമേൽക്കോയ്മ സംഘടനകൾ കൂട്ടുചേർന്ന് വേദിയിലേക്കും സദസ്സിലേക്കും കല്ലെറിയാൻ തുടങ്ങിയതോടെയാണ് കലാപം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. സംഗീതമേള റദ്ദാക്കേണ്ടി വന്നു. പക്ഷെ അതിനടുത്തയാഴ്ച റോബ്സൺ തിരിച്ചെത്തി. ഇരുപത്തി അയ്യായിരത്തോളം ശ്രോതാക്കൾ , തൊഴിലാളി സംഘടനകളിലെ അംഗങ്ങൾ വർണ വ്യത്യാസമെന്യെ പാട്ടു കേൾക്കാനെത്തി. രണ്ടായിരത്തോളം പേർ ഗായകനും ശ്രോതാക്കൾക്കും ചുറ്റും മനുഷ്യമതിൽ തീർത്തു.[28] . സംഗീതപരിപാടി വിജയിച്ചെങ്കിലും പരിപാടി കഴിഞ്ഞ് മടങ്ങുന്ന ശ്രോതാക്കൾക്കു നേരെ ആക്രമണമുണ്ടായി[43]. പോലീസ് കണ്ടു നിന്നതേയുള്ളു എന്ന് പലരും പിന്നീട് ആവലാതിപ്പെട്ടു[28]. അമേരിക്കൻ മാധ്യമങ്ങൾ പഴി ചാരിയത് റോബ്സണെയാണ്. അതോടെ റോബ്സണ് അവസരങ്ങൾ നഷ്ടപ്പെട്ടു തുടങ്ങി. ഹാളുകൾ നല്കാൻ ഉടമസ്ഥർ വിസമ്മതിച്ചു. ഭയം കാരണം പരിപാടികളിൽ നിന്ന് പൊതുജനങ്ങളും വിട്ടു നിന്നു. സംഗീത പരിപാടികൾ കുറഞ്ഞതോടെ പോളിന്റെ വരുമാനവും ഗണ്യമായ തോതിൽ കുറഞ്ഞു. വാർഷിക വരുമാനം 100,000 ഡോളറിൽ നിന്ന് വെറും 2000 ഡോളറായി ചുരുങ്ങി[44].

യാത്രാ വിലക്ക്

റോബ്സണിന്റെ വിദേശയാത്രകൾ തടയപ്പെട്ടു, പാസ്പോർട്ട് റദ്ദാക്കപ്പെട്ടു. കാനഡയിലേക്കും മെക്സിക്കോയിലേക്കും യാത്ര ചെയ്യാൻ അമേരിക്കൻ പൗരന്മാർക്ക് പാസ്പോർട്ടിന്റെ ആവശ്യമില്ലായിരുന്നു. എന്നാൽ ആ ആനുകൂല്യവും റോബ്സണ് നിഷേധിക്കപ്പെട്ടു. താൻ കമ്യൂണിസ്റ്റ് അല്ലെന്നു സാക്ഷ്യപത്രം ഒപ്പിട്ടു നല്കിയാലെ പാസ്പോർട്ട് തിരിച്ചു നല്കൂ എന്ന് ആഭ്യന്തര വകുപ്പ് നിലപാടെടുത്തു[45]. ഇതിനെതിരെ റോബ്സൺ കോടതിയെ സമീപിച്ചു. ഒരു പൗരനെന്ന നിലക്ക് തന്റെ രാഷ്ട്രീയനിലപാടുകൾ വ്യക്തമാക്കേണ്ടതില്ലെന്നും ആഭ്യന്തര വകുപ്പിന്റെ നിലപാട് ഭരണഘടനാവിരുദ്ധമാണെന്നും വിദേശയാത്രാവിലക്ക് റദ്ദാക്കണമെന്നും റോബ്സൺ കോടതിയോട് അഭ്യർഥിച്ചു. പക്ഷെ 1956-ൽ ഇത് കോടതി തള്ളി [46].

യാത്രാ വിലക്ക് നിലനിന്നപ്പോഴും റോബ്സണിന്റെ സംഗീതം ലോകമെമ്പാടും റെക്കോർഡുകളിലൂടേയും ടെലിഫോണിലൂടേയും റേഡിയോയിലൂടേയും ഒഴുകിപ്പരന്നു[47]. 1958 ഏപ്രിൽ 9-ന് , പോൾ റോബ്സണിന്റെ അറുപതാം പിറന്നാൾ ആഘോഷിക്കാൻ ഇന്ത്യൻ ജനത തീരുമാനിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നെഹറു ഈ ഉദ്യമത്തിന് പരിപൂർണ പിന്തുണ നല്കി. ആഘോഷക്കമ്മറ്റിയുടെ അധ്യക്ഷൻ ചീഫ് ജസ്റ്റിസ് എം.സി. ഛഗ്ലയും പ്രധാന ഭാരവാഹി ഇന്ദിരാ ഗാന്ധിയുമായിരുന്നു.ഈ പരിപാടി റദ്ദാക്കാൻ അമേരിക്കൻ ആഭ്യന്തര വകുപ്പ് ഏറെ ശ്രമിച്ചു, പക്ഷെ ഇന്ത്യൻ ഗവർമെന്റ് വഴങ്ങിയില്ല[48].[49],[50].


1958-ൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പിന് പാസ്പോർട്ട് തടഞ്ഞുവെക്കാൻ ഭരണഘടന അനുവദിക്കുന്നില്ലെന്ന വാദം കോടതി സ്ഥിരീകരിച്ചതോടെ റോബ്സണും കുടുംബത്തിനും പാസ്പോർട്ട് തിരികെ ലഭിച്ചു, യാത്രാ വിലക്ക് നീങ്ങി.[51],[52].

തിരിച്ചുവരവ്

പിന്നീടുള്ള രണ്ടു വർഷങ്ങൾ റോബ്സൺ ദമ്പതിമാർ യൂറോപ്പിലും മോസ്കോയിലുമായി ചെലവഴിച്ചു. തുടർച്ചയായ യാത്രകളും സംഗീതമേളകളും കാരണമാവാം ഈ സന്ദർഭത്തിലാണ് റോബ്സണിന്റെ ആരോഗ്യനില ആശങ്കജനകമാം വിധം മോശമാവാൻ തുടങ്ങിയത്[53]. അത് പിന്നീട് ഗുരുതരമായ ഉന്മാദ വിഷാദരോഗത്തിലേക്കും ആത്മഹത്യാ പ്രവണതയിലേക്കും നയിച്ചു. 1963-ൽ വൈദ്യപരിശോധനകളിലൂടെ എസ്ലാൻഡക്ക് സ്തനാർബുദമാണെന്നും തെളിഞ്ഞു[54]. 1965 ഡിസമ്പർ 14-ന് എസ്ലാൻഡ മരണമടഞ്ഞു[55].

പോൾ റോബ്സണിന്റെ ആരോഗ്യനില പടിപ്പടിയായി വഷളായതിനെക്കുറിച്ച് പല അഭിപ്രായങ്ങളും പൊന്തി വന്നു. തന്റെ പിതാവിന് മനഃപൂർവം അമിതമായ തോതിൽ മനോരോഗ മരുന്നുകൾ നല്കുകയാണെന്ന് പുത്രൻ പോൾ റോബ്സൺ ജൂനിയർ ആരോപണം നടത്തി. ഇതേക്കുറിച്ച് പിന്നീട് പോൾസണിന്റെ ജീവചരിത്രമെഴുതിയ ഡാബർമാൻ അന്വേഷണങ്ങൾ നടത്തുകയുണ്ടായി, സ്ഥീരീകരിക്കാനോ നിരാകരിക്കാനോ പര്യാപ്തമായ തെളിവുകളില്ലെന്ന് അഭിപ്രായപ്പെടുകയുണ്ടായി [56].

അവസാനത്തെ പത്തു വർഷങ്ങൾ

എസ്ലാൻഡയുടെ നിര്യാണത്തിനുശേഷം പോളിന്റെ ആരോഗ്യനില ഏറെ വഷളായി. സ്വയം ഉൾവലിഞ്ഞ്, പ്രതികരിക്കാൻ പോലും ശേഷിയില്ലാതെ സഹോദരിയുടെ ശുശ്രൂഷയിലാണ് പോൾ പിന്നീടുള്ള കാലം ചെലവിട്ടത്. 1975 ജനവരി 23-ന് പോൾ റോബ്സൺ അന്തരിച്ചു[57]

ബഹുമതികൾ, പുരസ്കാരങ്ങൾ

1945-ലെ സ്പിങ്ഗാൻ ബഹുമതിയും 1952-ലെ സ്റ്റാലിൻ പുരസ്കാരവും ഒഴിച്ചു നിർത്തിയാൽ മരണാനന്തര ബഹുമതികളാണ് ഏറേയും. 1998-ൽ ജന്മശതവാർഷികത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളിൽ ആയുഷ്കാല ഗ്രാമി അവാർഡു നല്കപ്പെട്ടു.[58] ഹോളിവുഡിലെ വാക് ഓഫ് ഫേയിമിൽ (walk of Fame) ഇടവും ലഭിച്ചു. 2004-ൽ അമേരിക്കൻ തപാൽ വകുപ്പ് റോബ്സൺ സ്റ്റാമ്പ് ഇറക്കി[59]. റട്ഗേഴ്സ് യൂണിവഴ്സിറ്റിയുടെ കാംഡൻ, ന്യൂവാർക് കാംപസുകളിലെ ലൈബ്രറികൾക്ക് പോൾ റോബ്സണിന്റെ പേരു നല്കപ്പെട്ടു.

ആത്മകഥ

Here I Stand, 1957-ൽ പോൾ റോബ്സൺ എഴുതിയ ഭാഗികമായ ആത്മകഥയാണ്[60]. ഇതിൽ തന്റെ രാഷ്ട്രീയ-സാമൂഹ്യ നിലപാടുകളെ റോബ്സൺ വിലയിരുത്തുന്നു. ഞാനൊരു നീഗ്രോയാണ്. ന്യൂയോർക് നഗരത്തിലെ ഹാർലെം എന്ന നീഗ്രോ ചേരിയിലാണ് എന്റെ താമസം. എന്ന ആമുഖത്തോടേയാണ് പുസ്തകം ആരംഭിക്കുന്നത്. അവസാനിക്കുന്നത് പാബ്ലോ നെരൂദയുടെ Let the Rail Splitter Awake എന്ന അർഥവത്തായ കവിതയോടെയാണ്[61].

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പോൾ_റോബ്സൺ&oldid=3988812" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്