ഹ്യൂസ്റ്റൺ (ടെക്സസ്)

അമേരിക്കൻ ഐക്യനാടുകളിലെ നഗരങ്ങളിൽ വച്ച് വലിപ്പത്തിൽ നാലാം സ്ഥാനത്തുള്ളതും ടെക്സസ് സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരവുമാണ്‌ ഹ്യൂസ്റ്റൺ (ഉച്ചാരണം /ˈhjuːstən/). 2006ലെ കണക്കെടുപ്പുപ്രകാരം ഈ നഗരത്തിൽ 600 ചതുരശ്രമൈൽ (1,600 കി.മീ²). പ്രദേശത്ത് 2.14 ദശലക്ഷം ആളുകൾ വസിക്കുന്നു. ഹാരിസ് കൗണ്ടിയുടെ ആസ്ഥാനവും 5.6 ദശലക്ഷം ജനങ്ങൾ വസിക്കുന്നതും അമേരിക്കയിലെ ഏറ്റവും വലിയ ആറാമത്തെ മഹാനഗര (മെട്രോപ്പോളിറ്റൻ) പ്രദേശവുമായ ഹ്യൂസ്റ്റൺ–ഷുഗർലാൻഡ്–ബേടൗൺ മെട്രോപ്പോളീറ്റൻ പ്രദേശത്തിന്റെ സാമ്പത്തിക കേന്ദ്രവുമാണ്‌ ഹ്യൂസ്റ്റൺ.

സിറ്റി ഓഫ് ഹ്യൂസ്റ്റൺ
Skyline of സിറ്റി ഓഫ് ഹ്യൂസ്റ്റൺ
പതാക സിറ്റി ഓഫ് ഹ്യൂസ്റ്റൺ
Flag
Official seal of സിറ്റി ഓഫ് ഹ്യൂസ്റ്റൺ
Seal
Nickname(s): 
സ്പേസ് സിറ്റി
ടെക്സസ് സംസ്ഥാനത്ത് ഹ്യൂസ്റ്റൺ നഗരത്തിന്റെ സ്ഥാനം
ടെക്സസ് സംസ്ഥാനത്ത് ഹ്യൂസ്റ്റൺ നഗരത്തിന്റെ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൗണ്ടികൾഹാരിസ്
ഫോർട്ട് ബെൻഡ്
മോണ്ഡ്ഗോമെറി
Incorporatedജൂൺ 5, 1837
ഭരണസമ്പ്രദായം
 • മേയർബിൽ വൈറ്റ്
വിസ്തീർണ്ണം
 • നഗരം[[1 E+9_m²|1,558 ച.കി.മീ.]] (601.7 ച മൈ)
 • ഭൂമി1,501 ച.കി.മീ.(579.4 ച മൈ)
 • ജലം57.7 ച.കി.മീ.(22.3 ച മൈ)
ഉയരം
13 മീ(43 അടി)
ജനസംഖ്യ
 (2006)[1][2]
 • നഗരം2,144,491 (നാലാമത്)
 • ജനസാന്ദ്രത1,471/ച.കി.മീ.(3,828/ച മൈ)
 • നഗരപ്രദേശം
3,822,509
 • മെട്രോപ്രദേശം
5,628,101 (ജനസംഖ്യാ വലിപ്പത്തിൽ ആറാമത്)
 • Demonym
Houstonian
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
ഏരിയ കോഡ്713, 281, 832
FIPS code48-35000[3]
GNIS feature ID1380948[4]
വെബ്സൈറ്റ്houstontx.gov

1836 ഓഗസ്റ്റ് 30ന്‌ സഹോദരന്മാരായ അഗസ്റ്റസ് ചാപ്പ്മാൻ അല്ലെനും ജോൺ കിർബി അല്ലെനും [5] ബഫല്ലോ ബയൂവിന്റെ തീരപ്രദേശങ്ങളിൽ ഹ്യൂസ്റ്റൻ സ്ഥാപിച്ചു. 1837 ജൂൺ 5ന്‌ ഇതൊരു നഗരമായി ഇൻകോർപ്പറേറ്റ് ചെയ്തു. ഈ അവസരത്തിൽ അന്നത്തെ ടെക്സസ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റും നഗരത്തിനു 25 മൈൽ (40 കി.മീ) കിഴക്കായി നടന്ന ജസീന്തോ യുദ്ധം നയിച്ച മുൻ ജനറലുമായ സാം ഹ്യൂസ്റ്റന്റെ നാമം നഗരത്തിനു നൽകുകയായിരുന്നു. അടിക്കടി വികാസം പ്രാപിച്ചുകൊണ്ടിരുന്ന തുറമുഖ, റെയിൽ വ്യവസായവും 1901-ലെ എണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയതും നഗരത്തിൽ ജനസംഖ്യാപ്രവാഹത്തിനു വഴിതെളിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആരോഗ്യസം‌രക്ഷണ-ഗവേഷണ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ടെക്സസ് മെഡിക്കൽ സെന്റർ, നാസയുടെ മിഷൻ കണ്ട്രോൾ സെന്റർ ജോൺസൺ സ്പേസ് സെന്റർ എന്നിവ ഹ്യൂസ്റ്റണിൽ സ്ഥാപിക്കപ്പെട്ടു.

ഹ്യൂസ്റ്റന്റെ സമ്പദ്‌വ്യവസ്ഥ, ഊർജ്ജ, നിർമ്മാണ, വ്യോമനിർമ്മാണ, സാങ്കേതികത തുടങ്ങിയ മേഖലകളിലുള്ള വിവിധതരം വ്യവസായങ്ങളിൽ അധിഷ്ഠിതമാണ്‌; ഹ്യൂസണിലുള്ളതിനേക്കാൾ ഫോർച്ച്യൂൺ 500 കമ്പനികൾ ന്യൂയോർക്കിൽ മാത്രമാണുള്ളത്. വാണിജ്യപരമായി, ഹ്യൂസ്റ്റൺ, ഗാമാ വേൾഡ് സിറ്റി എന്ന പേരിൽ അറിയപ്പെടുന്നു. എണ്ണപ്പാടത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രവുമാണ്‌ ഇത്. അമേരിക്കൻ ഐക്യനാടുകളിലെ തുറമുഖളിൽ വച്ച്, കൈകാര്യം ചെയ്യുന്ന ചരക്കിന്റെ ഭാരത്തിന്റെ മൊത്തക്കണക്കെടുത്താൽ ഏറ്റവുമധികം ടൺ കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ തുറമുഖവും, ജലമാർഗ്ഗമുള്ള അന്താരാഷ്ട്രകാർഗോ ഏറ്റവുമധികം കൈകാര്യം ചെയ്യുന്ന തുറമുഖവുമാണ്‌ ഹ്യൂസ്റ്റൺ തുറമുഖം.[6] അനേകം സംസ്കാരങ്ങളിൽനിന്നുള്ള ജനങ്ങളുള്ള ഈ നഗരം അനുദിനം വളരുന്ന ഒരു അന്താരാഷ്ട്ര സമൂഹത്തിനും വേദിയാണ്‌. ഇവിടെയുള്ള സാംസ്കാരിക സ്ഥാപനങ്ങൾ വർഷംതോറും 7 ദശലക്ഷം സന്ദർശകരെ ഹ്യൂസ്റ്റൺ മ്യൂസിക് ഡിസ്ട്രിക്റ്റിലേക്ക് ആകർഷിക്കുന്നു. ദൃശ്യകലകൾക്കും പ്രകടനകലകൾക്കുമുള്ള ഒരു സജീവവേദി മ്യൂസിക് ഡിസ്ട്രിക്റ്റിലുണ്ട്. വർഷം മുഴുവൻ പ്രധാന പ്രകടനകലകളിലെല്ലാം പ്രദർശനം നടത്തുന്ന ചുരുക്കം ചില അമേരിക്കൻ നഗരങ്ങളിലൊന്നാണ്‌ ഹ്യൂസ്റ്റൺ.[7]

ചരിത്രം

സാം ഹ്യൂസ്റ്റൺ

1836 ഓഗസ്റ്റിൽ ന്യൂയോർക്ക് സിറ്റിയിൽനിന്നുള്ള റിയൽ എസ്റ്റേറ്റ് സം‌രംഭകരായ ജോൺ കിർബി അല്ലെനും അഗസ്റ്റസ് ചാപ്മാൻ അല്ലെനും ഒരു നഗരം പടുത്തുയർത്തുക എന്ന ഉദ്ദേശത്തോടെ ബഫല്ലോ ബയൂവിന്റെ കരയിലുള്ള 6,642 ഏക്കർ (27 ച.കി.) സ്ഥലം വാങ്ങിച്ചു.[8] 1836 സെപ്റ്റംബറിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട, ജസീന്തോ യുദ്ധം നയിച്ചതിലൂടെ ടെക്സാസിലെ ജനങ്ങൾക്കു പ്രിയങ്കരനായിത്തീർന്ന ജനറൽ[8] സാം ഹ്യൂസ്റ്റണിന്റെ നാമം നഗരത്തിനു നൽകാൻ സഹോദരന്മാർ തീരുമാനിച്ചു.

1837 ജൂൺ 5ന്‌ ഹ്യൂസ്റ്റൺ ഔദ്യോഗികമായി രൂപം കൊള്ളപ്പെടുകയും ജെയിംസ് സാൻഡേഴ്സ് ഹോൾമാൻ നഗരത്തിന്റെ ആദ്യ മേയറായി ചുമതലയേൽക്കുകയും ചെയ്തു.[5] അതേ വർഷം തന്നെ ടെക്സസ് റിപ്പബ്ലിക്കിന്റെ താത്കാലിക തലസ്ഥാനവും ഹാരിസ്ബർഗ് കൗണ്ടിയുടെ (നിലവിൽ ഹാരിസ് കൗണ്ടി) ആസ്ഥാനവും ആയി.[9] 1840-ൽ ബഫല്ലോ ബയൂ വിൽ പുതുതായി സൃഷ്ടിച്ച തുറമുഖത്ത് അവിടുത്തെ ജനങ്ങൾ കപ്പൽഗതാഗതവും ജലമാർഗ്ഗമുള്ള വ്യാപാരവും പ്രോത്സാഹിപ്പിക്കാനായി‍ ഒരു ചേംബർ ഓഫ് കൊമേഴ്സ് സ്ഥാപിക്കുകയും ചെയ്തു.[10]

ഹ്യൂസ്റ്റൺ, 1873-ൽ ചുറ്റുവട്ടമുണ്ടായിരുന്ന പ്രദേശം

1860-ഓടുകൂടി ഹ്യൂസ്റ്റൺ പരുത്തി കയറ്റുമതിക്കുള്ള ഒരു വാണിജ്യ റെയിൽപാതാ കേന്ദ്രമായി വളർന്നുകഴിഞ്ഞിരുന്നു.[9] ടെക്സാസിലെ ഉൾപ്രദേശങ്ങളിൽനിന്നുള്ള റെയില്പാതകൾ ഹ്യൂസ്റ്റണിൽ സന്ധിക്കുകയും അവിടെനിന്ന് ഗാൽവെസ്റ്റണിലെയും ബേമോണ്ടിലെയും തുറമുഖങ്ങളിലേക്കുള്ള റെയിൽപാതകളുമായി ചേരുകയും ചെയ്തിരുന്നു. അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് ജനറൽ ജോൺ ബാങ്ക്‌ഹെഡ് മാഗ്രൂഡറുടെ ആസ്ഥാനമായിരുന്നു ഹ്യൂസ്റ്റൺ. അദ്ദേഹം അവിടം ഗാൽവെസ്റ്റൺ യുദ്ധത്തിനുള്ള സംഘടനാകേന്ദ്രമാക്കി മാറ്റി.[11] ആഭ്യന്തരയുദ്ധത്തിനുശേഷം, നഗരത്തിന്റെ ബയൂകൾ കൂടുതൽ വിപുലപ്പെടുത്താനും അങ്ങനെ ഉൾനഗരവും അടുത്ത തുറമുഖമായ ഗാൽവെസ്റ്റണും ഇടയ്ക്കുള്ള വാണിജ്യം വർദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങൾ ഹ്യൂസ്റ്റണിലെ വ്യവസായികൾ ആരംഭിച്ചു. 1890-ഓടുകൂടി ഹ്യൂസ്റ്റൺ, ടെക്സാസിലെ റെയില്പ്പാതാ കേന്ദ്രമായിത്തീർന്നു.

1900-ൽ ഗാൽവെസ്റ്റണിൽ വിനാശകാരിയായ ഒരു ചുഴലിക്കാറ്റ് നാശം വിതച്ചതോടുകൂടി ഹ്യൂസ്റ്റൺ നഗരത്തിനെ ഒരു ആഴജല തുറമുഖമായി വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം ലഭിച്ചു.[12] തൊട്ടടുത്ത വർഷം ബേമോണ്ടിനടുത്തുള്ള സ്പിൻഡിൽടോപ് എണ്ണപ്പാടത്ത് എണ്ണ നിക്ഷേപങ്ങൾ കണ്ടുപിടിച്ചതോടുകൂടി ടെക്സസ് എണ്ണവ്യവസായത്തിനും തുടക്കമായി.[13] 1902-ൽ അന്നത്തെ പ്രസിഡന്റ് തിയോഡോർ റൂസ്‌വെൽറ്റ് ഹ്യൂസ്റ്റൺ കപ്പൽച്ചാലിനായി ഒരു ദശലക്ഷം ഡോളർ അനുവദിച്ചു. 1910-ഓടുകൂടി നഗരത്തിന്റെ ജനസംഖ്യ മുൻ ദശബ്ദത്തിന്റേതിൽനിന്ന് ഇരട്ടിയായി, 78,800 ആയിത്തീർന്നു. നഗരത്തിന്റെ ഒരു അവിഭാജ്യഘടകമായ ആഫ്രിക്കൻ-അമേരിക്കക്കാർ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നോളം (23,929) ഉണ്ടായിരുന്നു. [14]

നിർമ്മാണം തുടങ്ങി ഏഴു വർഷത്തിനുശേഷം 1914-ൽ പ്രസിഡന്റ് വൂഡ്രോ വിൽസൺ ഔദ്യോഗികമായി ഹ്യൂസ്റ്റൺ തുറമുഖം തുറന്നുകൊടുത്തു. 1930-ഓടുകൂടി ഹ്യൂസ്റ്റൺ ടെക്സാസിലെ ഏറ്റവും ജനവാസമുള്ള നഗരവും ഹാരിസ് ഏറ്റവും ജനവാസമുള്ള കൗണ്ടിയുമായിത്തീർന്നു.[15]

ഹ്യൂസ്റ്റൺ കപ്പൽച്ചാൽ

രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതോടുകൂടി തുറമുഖത്ത് കച്ചവടം കുറയുകയും കപ്പൽഗതാഗതം നിർത്തിവക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും, യുദ്ധം നഗരത്തിനു വാണിജ്യപരമായി ഏറെ പ്രയോജനം നൽകി. പെട്രോളിയത്തിനും കൃത്രിമ റബ്ബറിനുമുള്ള ആവശ്യകത വർദ്ധിച്ചതിനാൽ കപ്പൽച്ചാലിന്റെ ഓരത്ത് ധാരാളം എണ്ണശുദ്ധീകരണശാലകളും വൻകിട നിർമ്മാണശാലകളും നിർമ്മിക്കപ്പെട്ടു.[16] ഒന്നാം ലോകമഹായുദ്ധകാലത്ത് നിർമ്മിക്കപ്പെട്ട എല്ലിംഗ്ടൺ ഫീൽഡ്, ബൊംബാർഡിയർമാർക്കും നാവിഗേറ്റർമാർക്കുമായുള്ള ഒരു പരിശീലനകേന്ദ്രമായി പുനഃസജ്ജീകരിച്ചു.[17] 1945ൽ എം.ഡി. ആൻഡേഴ്സൺ ഫൗണ്ടേഷൻ ടെക്സസ് മെഡിക്കൽ സെന്റർ സ്ഥാപിച്ചു. യുദ്ധത്തിനുശേഷം ഹ്യൂസ്റ്റൺ സമ്പദ്‌വ്യവസ്ഥ തുറമുഖാധിഷ്ഠിധമായിരുന്നു. 1948ൽ ഹ്യൂസ്റ്റൺടെ ചുറ്റുമുള്ള ചില പ്രദേശങ്ങൾക്കൂടി കൂട്ടിച്ചേർത്ത് സിറ്റിയുടെ വലിപ്പം ഇരട്ടിച്ചു.[5][18]

1950ൽ എയർകണ്ടീഷനിംഗിന്റെ ലഭ്യത കൂടുതൽ കമ്പനികളെ ഹ്യൂസ്റ്റണിലേക്ക് മാറാൻ പ്രേരിപ്പിക്കുകയും അത് നഗരത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കും അതുപോലെ നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥ ഊർജ്ജമേഖലയിലേക്ക് ഊന്നാനും ഹേതുവായി.[19][20]

ബോയിങ് 747 SCA സ്പേസ് ഷട്ടിൽ ചുമ്മന്നുകൊണ്ട് ജോൺസൺ സ്പേസ് സെന്ററിനു മുകളിലൂടെ പറക്കുന്നു

രണ്ടാം ലോകമഹായുദ്ധകാലത്തെ തദ്ദേശീയ കപ്പൽനിർമ്മാണവ്യവസായത്തിന്റെ പുരോഗതിയും നഗരത്തിലെ വ്യോമ-ബഹിരാകാശ വ്യവസായത്തിനു തറക്കല്ലിട്ടുകൊണ്ട് 1961-ൽ ആരംഭിച്ച നാസയുടെ "മാൻഡ് സ്പേസ്ക്രാഫ്റ്റ് സെന്റർ" എന്ന സ്ഥാപനവും (1973ൽ ലിൻഡൺ ബി. ജോൺസൺ സ്പേസ് സെന്റർ എന്നു പുനഃനാമകരണം ചെയ്തു) ഹ്യൂസ്റ്റൺ നഗരത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടി[21]. 1965-ൽ തുറന്ന, ലോകത്തിലെ ആദ്യത്തെ ഇൻഡോർ ഗോളകയുള്ള (Dome) കായിക സ്റ്റേഡിയമായ ആസ്ട്രോഡോം, "ലോകത്തിലെ എട്ടാമത്തെ മഹാദ്ഭുതം എന്നറിയപ്പെടുന്നു.[22]

1970കളുടെ അവസാനത്തോടെ റസ്റ്റ് ബെൽറ്റ് പ്രദേശത്തുനിന്നുള്ള ജനങ്ങൾ ടെക്സസിലേക്ക് കൂട്ടമായി കുടിയേറ്റം നടത്തിയതിന്റെ ഫലമായി ഹ്യൂസ്റ്റൺ ജനസംഖ്യ കുതിച്ചുയർന്നു.[23] അറബികളുടെ എണ്ണ ഉപരോധം മൂലം പുതുതായൈ സൃഷ്ടിക്കപ്പെട്ട പുതിയ തൊഴിലവസരങ്ങൾ തേടിയായിരുന്നു ഇവരുടെ ടെക്സാസിലേക്ക് കുടിയേറ്റം

1980 കളുടെ പകുതിയോടുകൂടി എണ്ണവില ഇടിഞ്ഞതോടുകൂടി ജനസംഖ്യാവർദ്ധനയും പെട്ടെന്നുതന്നെ നിന്നു. 1986-ലെ ചലഞ്ചർ ദുരന്തത്തോടുകൂടി ബഹിരാകാശവ്യവസായവും പ്രതിസന്ധിയിലായി. 1980-കളുടെ അവസാനം ഹ്യൂസ്റ്റണ്‌ സാമ്പത്തികത്തകർച്ചയുടേതായിരുന്നു.

മുൻപത്തെ സാമ്പത്തികത്തകർച്ചകളിൽനിന്ന് പാഠമുൾക്കൊണ്ട്, 1990 മുതൽ എണ്ണവ്യവസായത്തിലുള്ള ശ്രദ്ധ കുറച്ച് വ്യോമ-ബഹിരാകാശ മേഖലകളിലും ജൈവസാങ്കേതികതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് സമ്പദ്‌വ്യവസ്ഥ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങൾ ഹ്യൂസ്റ്റൺ തുടങ്ങി. 1997-ൽ ലീ പി. ബ്രൗൺ ഹ്യൂസ്റ്റണ്ടെ ആദ്യ ആഫ്രിക്കൻ അമേരിക്കൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടു.[24]


ജൂൺ 2001-ൽ ഉഷ്ണമേഖലാ കൊടുങ്കാറ്റ് ആലിസൺ 37 inches (940 mm) മഴ ഹ്യൂസ്റ്റണ്ടെ പ്രദേശങ്ങളിൽ ചൊരിഞ്ഞതുമൂലം നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമുണ്ടാവുകയും അതുമൂലം ടെക്സസിനു ശതകോടിക്കണക്കിനു ഡോളറിന്റെ നഷ്ടം ഉണ്ടാകുകയും ചെയ്തു. [25] 20 പേരുടെ മരണത്തിന്‌ ഇടയാക്കിയ പ്രസ്തുത കൊടുങ്കാറ്റിനുശേഷം അയല്പ്പക്കങ്ങളും സമൂഹങ്ങളും ഏറെ മാറി. അതേ വർഷം ഡിസംബർ അവസാനത്തോടുകൂടി ഹ്യൂസ്റ്റൺ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഊർജ്ജക്കമ്പനിയായ എൻറോൺ കമ്പനിപ്രവർത്തനത്തിലെ കൃത്രിമത്വങ്ങളെക്കുറിച്ചുള്ള അന്വേഷണമധ്യേ നിലം‌പതിച്ചു.

ഓഗസ്റ്റ് 2005-ൽ കത്രീന ചുഴലിക്കാറ്റിൽനിന്ന് ഏതാണ്ട് ഒന്നരലക്ഷം ന്യൂ ഓർലീൻസ് നിവാസികൾക്ക് ഹ്യൂസ്റ്റൺ അഭയം നൽകി.[26] ഒരു മാസത്തിനുശേഷം, ഏതാണ്ട് 2.5 ദശലക്ഷം ഹ്യൂസ്റ്റൺ നിവാസികൾ റീത്താ ചുഴലിക്കാറ്റ് ഭയന്ന് പലായനം ചെയ്തു. ഗൾഫ് തീരത്ത് ആഞ്ഞടിച്ച് ചുഴലിക്കാറ്റ് ഹ്യൂസ്റ്റൺ പ്രദേശത്ത് കാര്യമായ നാശനഷ്ടമൊന്നുമുണ്ടാക്കിയില്ലെങ്കിലും ഇതിന്റെ സമയത്തുണ്ടായ പലായനം അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഗരിക ഒഴിപ്പിക്കലായിരുന്നു. [27][28]

ഭൂമിശാസ്ത്രം

നിറം കൊണ്ടുള്ള അടയാളപ്പെടുത്തലോടുകൂടിയ ഹ്യൂസ്റ്റൺ നഗരത്തിന്റെ ചിത്രം

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, ഹ്യൂസ്റ്റൺന്റെ മൊത്തം വിസ്തീർണ്ണം 601.7 ചതുരശ്രമൈൽ ആണ്‌ (1,558.4 കി.മീ²); ഇതിൽ 579.4 ചതുരശ്ര മൈൽ (1,500.7 കി.മീ²) കരയും 22.3 ചതുരശ്ര മൈൽ (57.7 കി.മീ²) ജലവുമാണ്‌.

ഹ്യൂസ്റ്റണിലെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത് ഗൾഫ് തീരദേശ സമതലങ്ങളിലാണ്‌. ഇവിടെയുള്ള സസ്യജാലമേഖലകൾ മിതോഷ്ണ കാലാവസ്ഥാ പുല്പ്രദേശങ്ങളും വനങ്ങളുമാണ്‌. നഗരത്തിന്റെ ഭൂരിഭാഗവും നിർമ്മിച്ചത് വനം തെളിച്ച് അവിടെയും, ചതുപ്പുകൾക്കും പുല്പ്രദേശങ്ങൾക്കും മേലെയുമാണ്‌. ഹ്യൂസ്റ്റൺന്റെ ചുറ്റുപ്രദേശങ്ങളിൽ ഇത്തരം ഭൂപ്രദേശങ്ങൾ ഇന്നും കാണാൻ സാധിക്കും. പരന്ന ഭൂപ്രദേശവും നാഗരികതയുടെ പ്രസരവും മൂലം വെള്ളപ്പൊക്കത്തെ നേരിടുന്നത് ഇവിടെ ഒരു പതിവ് ദുഷ്കര പ്രവൃത്തിയാക്കി മാറിയിരിക്കുന്നു.[29] ഹ്യൂസ്റ്റൺ ഡൗണ്ടൗൺ സമുദ്രനിരപ്പിൽനിന്ന് 50 അടി (15 മീ) ഉയരത്തിൽ മാത്രമായാണ്‌ സ്ഥിതി ചെയ്യുന്നത്,[30] ഏറ്റവും ഉയർന്ന വടക്കുപടിഞ്ഞാറൻ ഹ്യൂസ്റ്റൺ 125 അടീ (38 മീ) ഉയരത്തിൽ മാത്രവും.[31][32] ഒരു കാലത്ത് ഹ്യൂസ്റ്റൺ ഭൂഗർഭജലത്തെ ആശ്രയിച്ചിരുന്നു, എന്നാൽ ഭൂമി താഴുന്നതിനാൽ ഹ്യൂസ്റ്റൺ തടാകത്തിൽനിന്നും കൊൺറോ തടാകത്തിൽനിന്നുമുള്ള ജലത്തെ ആശ്രയിക്കാൻ ഇന്ന് നഗരം നിർബന്ധിതമായിരിക്കുന്നു.[33][5]

ഹ്യൂസ്റ്റൺ നഗരത്തിലൂടെ നാലു ബയൂകൾ കടന്നുപോകുന്നുണ്ട്. ഇതിൽ ബഫല്ലോ ബയൂ ഡൗണ്ടൗണിലൂടെയും ഹ്യൂസ്റ്റൺ കപ്പൽച്ചാലിലൂടെയും കടന്നുപോകുന്നു. ഇതിനു മൂന്നു കൈവഴികളുണ്ട്: ഹൈറ്റ്സ് പ്രദേശത്തുനിന്ന് ഡൗണ്ടൗണിലേക്കൊഴുകുന്ന വൈറ്റ് ഓക്ക് ബയൂ; ടെക്സസ് മെഡിക്കൽ സെന്ററിന്റെ വശത്തുകൂടി ഒഴുകുന്ന ബ്രെയ്സ് ബയൂ; ദക്ഷിണ ഹ്യൂസ്റ്റണിലും ഡൗണ്ടൗൺ ഹ്യൂസ്റ്റണിലുമൊഴുകുന്ന സിംസ് ബയൂ. കപ്പൽച്ചാൽ ഗാൽവെസ്റ്റണും കടന്ന് ഗൾഫ് ഓഫ് മെക്സിക്കോയിലേക്ക് നീണ്ടിരിക്കുന്നു.


ഭൂഗർഭശാസ്ത്രം

കാലാവസ്ഥ

ജൂൺ 2001ലെ ഉഷ്ണമേഖലാ കൊടുങ്കാറ്റ് ആലിസൺ ആഞ്ഞടിച്ചശേഷം അലെൻസ് ലാൻഡിങ് പ്രദേശം

ഹ്യൂസ്റ്റണിലെ കാലാവസ്ഥയെ സദാ ഈർപ്പമുള്ള ഉപോഷ്ണമേഖലാ കാലാവസ്ഥ എന്നു തരംതിരിച്ചിരിക്കുന്നു. (കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതിയനുസരിച്ച് Cfa). വസന്തകാലത്തെ അശനിവർഷങ്ങൾ ഈ ഭാഗത്ത് ചുഴലിക്കാറ്റുകളെ ആകർഷിക്കുന്നു. ഇവിടെ സാധാരണയായി വീശുന്ന തെക്കൻകാറ്റും തെക്കുപടിഞ്ഞാറൻ കാറ്റും ഇങ്ങോട്ടേയ്ക്ക് മെക്സിക്കോ മരുഭൂമിയിൽനിന്ന് ചൂടും മെക്സിക്കോ ഉൾക്കടലിൽനിന്ന് ഈർപ്പവും കൊണ്ടുവരുന്നു.

വേനൽക്കാലത്ത് 90 °F (32 °C) നു മുകളിലുള്ള താപനില സാധാരണമാണ്‌. ശരാശരി 99 ദിവസം താപനില 90 °F (32 °C) നു മുകളിൽ രേഖപ്പെടുത്താറുണ്ട്.[34][35] എന്നാൽ അധികമായി നിലനിൽക്കുന്ന ഈർപ്പം ചൂട് കൂടുതൽ തോന്നിക്കാൻ ഇടവരുത്തുന്നു. വേനൽക്കാലത്ത് രാവിലെ ശരാശരി 90 ശതമാനവും ഉച്ചകഴിഞ്ഞ് 60 ശതമാനവും ആപേക്ഷിക ആർദ്രത രേഖപ്പെടുത്താറുണ്ട്.[36] ഇവിടെ വീശുന്ന ഇളംകാറ്റ് ചില തീരപ്രദേശങ്ങളിലൊഴിച്ച് മറ്റൊരിടത്തും ചൂടിൽനിന്ന് പ്രത്യേകിച്ചൊരു ആശ്വാസവും നൽകാറില്ല.[37] ചൂടുമായി രമ്യപ്പെടാൻ ആളുകൾ എല്ലാ വാഹനങ്ങളിലും വീടുകളിലും തന്നെ ശീതീകരണികൾ ഉപയോഗിക്കുന്നു. 1980ൽ ഹ്യൂസ്റ്റൺ "ലോകത്തിലെ ഏറ്റവും എയർകണ്ടീഷൻഡ് സിറ്റി" എന്ന് അറിയപ്പെട്ടിരുന്നു.[38] വേനൽക്കാലത്ത് ഉച്ചകഴിഞ്ഞ് ഇടയ്ക്കിടെ വീശുന്ന അശനിവർഷങ്ങൾ ഇവിടെ സാധാരണമാണ്‌. ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില രണ്ടായിരാമാണ്ട് സെപ്റ്റംബർ 4ആം തീയതി രേഖപ്പെടുത്തിയ 109 °F (43 °C) ആണ്‌.[39]

ഹ്യൂസ്റ്റണിൽ ശീതകാലത്ത് പൊതുവേ മിതോഷ്ണ കാലാവസ്ഥയാണ്‌‌. ഏറ്റവും തണുപ്പുള്ള ജനുവരി മാസത്തിലെ ശരാശരി ഉയർന്ന താപനില 63 °F (17 °C) ഉം ശരാശരി താഴ്ന്ന താപനില 45 °F (7 °C) ഉം ആണ്‌. മഞ്ഞുവീഴ്ച അപൂർവ്വമായേ ഉണ്ടാവാറുള്ളൂ. ഏറ്റവും അവസാനമായി ഇവിടെ മഞ്ഞുകാറ്റടിച്ചത് 2004 ഡിസംബർ 4ന്‌ ആയിരുന്നു. ഹ്യൂസ്റ്റണിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1940 ജനുവരി 23ന്‌ രേഖപ്പെടുത്തിയ 5 °F (−15 °C) ആണ്‌. [40] ഹ്യൂസ്റ്റണിൽ പ്രതിവർഷം ശരാശരി 54 ഇഞ്ച് മഴ ലഭിക്കാറുണ്ട്. മഴ പലപ്പോഴും നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കത്തിനു കാരണമാകാറുണ്ട്.

ഹ്യൂസ്റ്റണിലെ ഓസോൺ അളവ് വളരെ കൂടുതലാണ്‌. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ഓസോൺ മലിനീകൃത നഗരങ്ങളിലൊന്നായി ഹ്യൂസ്റ്റണെ ഗണിക്കുന്നു.[41] ഗ്രൗണ്ട്-ലെവൽ ഓസോൺ, അഥവാ സ്മോഗ്, ഹ്യൂസ്റ്റൺന്റെ പ്രധാന വായുമലിനീകരണ പ്രശ്നങ്ങളിലൊന്നാണ്‌. അമേരിക്കൻ ശ്വാസകോശ അസോസിയേഷൻ 2006ൽ നഗരത്തിലെ മെട്രോപ്പോളിറ്റൻ പ്രദേശത്തെ ഓസോൺ അളവിനെ അമേരിക്കയിലെ ഏറ്റവും മോശമായ ആറാമത്തെ എന്ന് കണക്കാക്കി.[42] ഹ്യൂസ്റ്റൺ കപ്പൽച്ചാലിനു സമീപത്തുള്ള വ്യവസായങ്ങളാണ്‌‍ മലിനീകരണത്തിനുള്ള പ്രധാന കാരണം.[43]


നഗരദൃശ്യം

ഹ്യൂസ്റ്റൺ 1837ൽ ഔദ്യോഗികമായി സ്ഥാപിതമായി. അന്ന് ഇന്നത്തെ ഒൻപത് സിറ്റി കൗൺസിൽ ഡിസ്ട്രിക്റ്റുകൾക്കു പകരം അന്ന് നഗരത്തെ പല വാർഡുകളായി വിഭജിച്ചിരുന്നു. ഹ്യൂസ്റ്റൺ പ്രദേശങ്ങളെ ഇന്റർസ്റ്റേറ്റ് 610 ലൂപ്പിൻ ഉള്ളിലുള്ള പ്രദേശങ്ങളെന്നും പുറത്തുള്ള പ്രദേശങ്ങളെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. സെണ്ട്രൽ ബിസിനസ് ഡിസ്ട്രിക്റ്റും രണ്ടാം ലോകമഹായുദ്ധകാലത്തിനുമുമ്പേയുള്ള പല അധിവാസകേന്ദ്രങ്ങളും ഉള്ളിലാണ്‌ സ്ഥിതി ചെയ്യുന്നത്. അടുത്തകാലത്തായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒട്ടനവധി പ്രദേശങ്ങൾ ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. ലൂപ്പിനു പുറത്ത് നഗരത്തിന്റെ പുറമ്പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നു. നഗരത്തിനു മറ്റൊരു 5 മൈൽ (8 കി.മീ) കൂടി പുറത്തേക്ക് മാറി ബെൽറ്റ്വേ 8 നഗരത്തെ വലയം ചെയ്യുന്നു.

അപ്‌ടൗണും ഡൗൺടൗണും
ഡൗണ്ടൗൺ ഹ്യൂസ്റ്റൺ സ്കൈലൈൻ പടിഞ്ഞാറുഭാഗത്തുനിന്നു നോക്കുമ്പോൾ
ഡൗണ്ടൗൺ ഹ്യൂസ്റ്റൺ സ്കൈലൈൻ തെക്കുഭാഗത്തുനിന്ന്

അമേരിക്കയിൽ നിശ്ചിത ആവശ്യത്തിനുള്ള നിർമ്മാണമേഖലകളായി ഒരു നഗരത്തെ നിശ്ചയിച്ച് തിരിക്കുന്ന സോണിങ്ങ് റെഗുലേഷനുകൾ ഇല്ലാത്ത ഏറ്റവും വലിയ നഗരം ഹ്യൂസ്റ്റണാണ്‌. എന്നിരുന്നാലും സൺബെൽറ്റിലെ മറ്റു നഗരങ്ങൾ വികസിച്ചതിനു സമാനമായ രീതിയിൽ ഹ്യൂസ്റ്റണും പുരോഗതി പ്രാപിച്ചു.[45]. താരതമ്യേന കുറച്ച് മാത്രം സർക്കാർ ഇടപെടലിലും മേൽനോട്ടത്തിലും ഉഭയസമ്മതപത്രങ്ങൾ മുഖേനയാണ്‌ ഇങ്ങനെ സോണിങ്ങിനു തുല്യമായ ആവശ്യങ്ങൾ നഗരത്തിൽ നടപ്പിലാക്കുന്നത്.[46] ഹ്യൂസ്റ്റണിലെ നഗരാസൂത്രണത്തിലെ പോരായ്മകൾ പലപ്പോഴും സോണിങ്ങിന്റെ അഭാവവുമായി കൂട്ടിക്കുഴയ്ക്കപ്പെടുത്താറുണ്ട്. നഗരത്തെ ജനാധിവാസമേഖലകളും വാണിജ്യമേഖലകളുമായി തിരിക്കാനുള്ള ശ്രമങ്ങൾ നഗരവാസികൾ 1948ലും 1962ലും 1993ലും വോട്ടിങ്ങിലൂടെ തള്ളിക്കളഞ്ഞു. നഗരത്തിന്റെ കേന്ദ്രമായ ഒരു ബിസിനസ് ഡിസ്ട്രിക്ട് എന്നതിനു പകരം അങ്ങനെ ഡൗണ്ടൗൺ കൂടാതെ പല ബിസിനസ് ഡിസ്ട്രിക്ടുകൾ രൂപപ്പെട്ടു. ഈസ്റ്റ് എൻഡ്, ടെക്സസ് മെഡിക്കൽ സെന്റർ, മിഡ്ടൗൺ, എനർജി കൊറിഡോർ, ഗ്രീൻവേ പ്ലാസാ, വെസ്റ്റ്‌ചേയ്സ്, ഗ്രീൻസ്പോയിന്റ് എന്നിവയാണവ.

ഭരണസം‌വിധാനവും രാഷ്ട്രീയവും

ഹ്യൂസ്റ്റൺ സിറ്റി ഹാൾ

ഹ്യൂസ്റ്റൺ നഗരത്തിൽ മേയറൽ ഭരണസം‌വിധാനമാണ്‌ നിലവിലുള്ളത്.[47] നഗരത്തിൽ കേന്ദ്രീകൃത ഭരണസം‌വിധാനമാണ്‌ പിന്തുടരുന്നത്. ഇതിലേക്കുള്ള തിരഞ്ഞെടുപ്പുകൾ പാർട്ടിരഹിതവും.[47][48] നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ മേയർ, സിറ്റി കണ്ട്രോളർ, സിറ്റി കൗൺസിലിലേയ്ക്കുള്ള 14 അംഗങ്ങൾ എന്നിവരാണ്‌.[49] 2007ലെ സ്ഥിതി പ്രകാരം നിലവിലുള്ള മേയർ വില്യം "ബിൽ" വൈറ്റ് ആണ്‌. ഇദ്ദേഹം ഒരു ഡെമോക്രാറ്റ് ആണെങ്കിലും പാർട്ടിയാതീത തിരഞ്ഞെടുപ്പിലൂടെയാണ്‌ അധികാരത്തിൽ വന്നത്. അദ്ദേഹം മേയറായിട്ട് ഇത് മൂന്നാമത്തെയും അവസാനത്തെയും(പരിധി മൂലം) പ്രാവശ്യമാണ്‌. ഹ്യൂസ്റ്റൺ മേയർ നഗരത്തിന്റെ ചീഫ് അഡ്മിനിസ്ട്രേറ്ററും എക്സിക്ക്യൂട്ടീവ് ഓഫീസറും ഔദ്യോഗിക പ്രതിനിധിയുമാണ്. പൊതുവേയുള്ള നഗരഭരണത്തിന്റെയും നിയമപാലനം ഉറപ്പുവരുത്തുന്നതിന്റെയും ചുമതല അദ്ദേഹത്തിനാണ്.[50] 1991ലെ ജനഹിതപരിശോധനാ പ്രകാരം ഹ്യൂസ്റ്റണിൽ മേയറെ രണ്ടുവർഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത്. ഒരു വ്യക്തിക്ക് പരമാവധി മൂന്നുവർഷത്തേക്ക് തുടർച്ചയായി മേയറാവാം.

നിലവിൽ ഹ്യൂസ്റ്റൺ സിറ്റി കൗൺസിലിൽ പതിനാല് അംഗങ്ങളാണുള്ളത്. ഇതിൽ ഒൻപതു പേർ ഒൻപതു ജില്ലകളെ പ്രതിനിധീകരിക്കുന്നു. മറ്റ് അഞ്ചുപേരെ ഹ്യൂസ്റ്റണിലെ ജനങ്ങളെല്ലാം ഒത്തുചേർന്നാണ്‌ തിരഞ്ഞെടുക്കുന്നത്. ഇവർ നഗരത്തെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്നു. ഈ സം‌വിധാനം 1979ൽ കറുത്ത വർഗക്കാരും ഹിസ്പാനിക്ക് വംശജരുമായ ന്യൂനപക്ഷങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കാനുദ്ദേശിച്ചുകൊണ്ടുള്ള കോടതിയുത്തരവിന്റെ ഫലമായാണ്‌ നടപ്പിൽവന്നത്.[51] [49] നഗരത്തിന്റെ നിലവിലുള്ള ചാർട്ടർ പ്രകാരം നഗരത്തിന്റെ ജനസംഖ്യ 2.1 ദശലക്ഷത്തിനു മീതെയായാൽ നിലവിലുള്ള ഒൻപതു സിറ്റി കൗൺസിൽ ഡിസ്ട്രിക്ടുകൾ വികസിപ്പിച്ച് രണ്ടെണ്ണം കൂടി കൂട്ടിച്ചേർക്കും.[52]

അമേരിക്കൻ ഐക്യനാടുകളിലെ 30 വൻനഗരങ്ങളിൽവച്ച് ഏറ്റവും മോശം പാഴ്വസ്തുപുനഃസംസ്കരണ പദ്ധതി നിലവിലുള്ള നഗരം എന്ന പേരിൽ ഹ്യൂസ്റ്റൺ വിമർശനവിധേയമായിട്ടുണ്ട്.[53] ഒക്ടോബർ 2008ൽ 90,000 ടൺ ജൈവ മാലിന്യങ്ങൾ പുനഃസംസ്കരിക്കുവാനുള്ള പദ്ധതിക്ക് നഗരം തുടക്കമിടും.[54]

കുറ്റകൃത്യങ്ങളും നിയമപാലനവും

ക്രിമിനൽ നിയമം നടപ്പിലാക്കുന്ന ചുമതല ഹ്യൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റിനാണ്‌. 2005ൽ അമേരിക്കയിലെ രണ്ടരലക്ഷത്തിനുമേൽ ജനസംഖ്യയുള്ള നഗരങ്ങളിലെ കൊലപാതകനിരക്കുകളിൽവച്ച് പതിനൊന്നാം സ്ഥാനത്താന്‌ ഹ്യൂസ്റ്റണിലേത്.[55] എന്നാൽ ഒരു ദശലക്ഷത്തിനുമേൽ ജനസംഖ്യയുള്ള നഗരങ്ങളിലെ നിരക്കുകളിൽവച്ച് മൂന്നാം സ്ഥാനമാണ്‌ ഹൂസ്റ്റൺ നഗരത്തിന്‌. ഇതാകട്ടെ ഹ്യൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റ് 2005ലെ കൊലപാതകങ്ങൾ കുറച്ച് എണ്ണി എന്ന തദ്ദേശീയ ടിവി വാർത്താ ഇൻവെസ്റ്റിഗേറ്ററായ മാർക്ക് ഗ്രീൻബ്ലാട്ടിന്റെ ആരോപണം നിലനിൽക്കെയാണ്‌. ഔദ്യോഗികമായി രണ്ടു കൊലപാതകങ്ങൾക്കൂടി ചേർത്തിരുന്നെങ്കിൽ നഗരത്തിന്റെ കൊലപാതകനിരക്ക് രണ്ടാം സ്ഥാനത്താകുമായിരുന്നു.[56].

കൊലപാതകങ്ങളല്ലാത്ത കുറ്റകൃത്യങ്ങൾ 2004നെ അപേക്ഷിച്ച് 2005ൽ 2% കുറഞ്ഞപ്പോൾ കൊലപാതകങ്ങൾ 23.5 ശതമാനം കണ്ടു വർദ്ധിച്ചു. [57] 2005നു ശേഷം ഹ്യൂസ്റ്റണിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുത്തനെ വർദ്ധിച്ചു. കത്രീനാ ചുഴലിക്കാറ്റുമൂലം ന്യൂ ഒർലീൻസിൽനിന്ന് കുടിയേറിപ്പാർത്ത അഭയാർത്ഥികൾ ഇതിനൊരു കാരണമാണ്.[58] കത്രീനാ ചുഴലിക്കാറ്റിനുശേഷം ഹ്യൂസ്റ്റണിലെ കൊലപാതകനിരക്ക് 2005 നവംബർ, ഡിസംബർ മാസങ്ങളിൽ 2004നെ അപേക്ഷിച്ച് 70 ശതമാനം വർദ്ധിച്ചു. 2004ലെ 272 കൊലപാതകങ്ങളെ[59] അപേക്ഷിച്ച് 2005ൽ 336 കൊലപാതകങ്ങൾ നഗരത്തിൽ അരങ്ങേറി.[57]

2006ൽ ഹ്യൂസ്റ്റണിലെ കൊലപാതകനിരക്ക് ഒരു ലക്ഷം നിവാസികൾക്ക് 17.24 എന്നതാണ്; 2005ൽ ഇത് 16.33 ആയിരുന്നു.[60] കൊലപാതകങ്ങൾ 2006ൽ 379 ആയി വർദ്ധിച്ചു.[57] 1996ൽ പ്രായപൂർത്തിയാകാത്ത ഏകദേശം 2,500 അംഗങ്ങളുൾപ്പെടെ 8,000 അംഗങ്ങളുള്ള ഏതാണ്ട് 380 ഗുണ്ടാസംഘങ്ങൾ ഹ്യൂസ്റ്റണിൽ ഉണ്ടായിരുന്നു.[61]

സമ്പദ്‌വ്യവസ്ഥ

citydata.com എന്ന സൈറ്റിൽനിന്നുള്ള വിവരങ്ങൾ[62]

ഊർജ്ജവ്യവസായത്തിനും - പ്രത്യേകിച്ച് എണ്ണ, പ്രകൃതിവാത ഖനന സംബന്ധമായ വ്യവസായത്തിനും - ബയോമെഡിക്കൽ ഗവേഷണത്തിനും, എയിറോനോട്ടിക്സിനും ലോകമൊട്ടാകെ പേരുകെട്ട നഗരമാണ് ഹ്യൂസ്റ്റൺ. കപ്പൽച്ചാലും ഹ്യൂസ്റ്റൺ സമ്പദ്‌വ്യവസ്ഥയ്ക്ക് അടിത്തറ പകരുന്നതിൽ വലിയൊരു പങ്കു വഹിക്കുന്നു. ഇവയൊക്കെക്കൊണ്ട് ഗ്ലോബലൈസേഷൻ ആൻഡ് വേൾഡ് സിറ്റീസ് സ്റ്റഡി ഗ്രൂപ്പ് ആൻഡ് നെറ്റ്‌വർക്ക് ഹ്യൂസ്റ്റണെ ഗാമാ വേൾഡ് സിറ്റി എന്ന നിയുക്തനാമം നൽകിയിരിക്കുന്നു.[63]

ആറിൽ അഞ്ചു സൂപ്പർമേജർ ഊർജ്ജ കമ്പനികളും ഹ്യൂസ്റ്റണിൽ വിപുലമായ പ്രവർത്തന അടിത്തറ സ്ഥാപിച്ചിരിക്കുന്നു. കൊൺകോഫിലിപ്സ് അന്താരാഷ്ട്ര ആസ്ഥാനം, എക്സൺ-മൊബീൽ യു.എസ്. പ്രവർത്തന ആസ്ഥാനം, നെതർലൻഡ്സിലെ ഹേഗ് ആസ്ഥാനമായുള്ള റോയൽ ഡച്ച് ഷെൽ കമ്പനിയുടെ അമേരിക്കൻ സബ്സിഡിയറിയായ ഷെൽ ഓയിലിന്റെ ആസ്ഥാനം എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു. എൻ‌റോൺ ആസ്ഥാനമാകേണ്ടിയിരുന്ന 40 നില കെട്ടിടം ഏറ്റെടുത്ത ഷെവ്‌റോണും[64] ഇംഗ്ലണ്ടിലെ ലണ്ടൺ ആസ്ഥാനമായുള്ള ബ്രിട്ടീഷ് പെട്രോളിയത്തിനുമാണ്‌ ഇവിടെ വൻ സാന്നിദ്ധ്യമുള്ളത്. ഷെൽ ഓയിൽ ആസ്ഥാനം വൺ ഷെൽ പ്ലാസായിൽ സ്ഥിതി ചെയ്യുന്നു. എക്സൺ-മൊബീൽ അതിന്റെ ചെറിയ അന്താരാഷ്ട്ര ആസ്ഥനം ടെക്സസിലെ ഇർവിങിൽ സ്ഥാപിച്ചിരിക്കുന്നെങ്കിലും മിക്ക ഓപ്പറേഷൻസ് ഡിവഷനുകളും ഹ്യൂസ്റ്റണിലാണ്‌ സ്ഥിതി ചെയ്യുന്നത്. ഷെവ്‌റോൺ സബ്സിഡിയറിയായ ഷെവ്‌റോൺ പൈപ്പ്ലൈൻ കമ്പനിയുടെ ആസ്ഥാനം ഹ്യൂസ്റ്റണിലാണ്‌; വർഷംതോറും കൂടുതൽ ഡിവിഷനുകൾ ഇങ്ങോട്ട് മാറ്റിക്കൊണ്ടിരിക്കുന്നുമുണ്ട്.[65] മാരത്തൺ ഓയിൽ കോർപ്പറേഷൻ, അപ്പാഷെ കോർപ്പറേഷൻ, സിറ്റിഗോ എന്നിവയുടെ ആസ്ഥാനവുമാണ്‌ ഹ്യൂസ്റ്റൺ.

എണ്ണപ്പാട ഉപകരണനിർമ്മാണത്തിൽ മുൻപന്തിയിലാണ്‌ ഗ്രേറ്റർ ഹ്യൂസ്റ്റൺ.[66] ഒരു പെട്രോകെമിക്കൽ കോമ്പ്ലക്സ് എന്ന നിലയിലുള്ള ഹ്യൂസ്റ്റണ്ടെ വിജയരഹസ്യം മനുഷ്യനിർമ്മിത കപ്പൽച്ചാലായ ഹ്യൂസ്റ്റൺ തുറമുഖമാണ്‌.[67] അന്താരാഷ്ട്ര വാണിജ്യത്തിന്റെ കാര്യത്തിൽ അമേരിക്കയിൽ ഒന്നാമത്തെ തുറമുഖവും, ലോകത്തെ പത്താമത്തെ ഏറ്റവും വലിയ തുറമുഖവുമാണ്‌ ഹ്യൂസ്റ്റൺ തുറമുഖം.[6][68] അനുദിനം ഉയരുന്ന എണ്ണവില, ലോകത്തെ മറ്റു പല പ്രദേശങ്ങളുടേതിൽ‍നിന്നും തീർത്തും വിപരീതമായി ഊർജ്ജവ്യവസായത്തിൽ അനേകർ ജോലി ചെയ്യുന്ന ഹ്യൂസ്റ്റണിലെ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്ക് ഏറെ സഹായമായിത്തീരുന്നു.[69]

ഹ്യൂസ്റ്റൺ-ഷുഗർലാൻഡ്-ബേടൗൺ എം.എസ്.ഏ യുടെ മൊത്തം ഏരിയാ ഉത്പാദനം (GAP) 2006ൽ 325.5 ശതകോടി അമേരിക്കൻ ഡോളറായിരുന്നു. [70] ഇത് ഓസ്ട്രിയയുടേതും പോളണ്ടിന്റേതും സൗദി അറേബ്യയുടേതും മൊത്ത ആഭ്യന്തര ഉത്പാദനത്തേക്കാളും (GDP) കൂടുതലാണ്‌. ഹ്യൂസ്റ്റൺ സമ്പദ്‌വ്യവസ്ഥ സ്വതന്ത്ര രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളുമായി തട്ടിച്ചു നോക്കിയാൽ അമേരിക്കയൊഴിച്ച് 21 രാജ്യങ്ങൾക്കു മാത്രമാണ്‌ ഹ്യൂസ്റ്റൺ പ്രാദേശിക മൊത്തം ഏരിയാ ഉത്പാദനത്തേക്കാൾ കൂടുതൽ ആഭ്യന്തര ഉത്പാദനമുള്ളത്.[70] ഹ്യൂസ്റ്റൺ സമ്പദ്‌വ്യവസ്ഥയുടെ 11% എണ്ണ, പ്രകൃതിവാതക പര്യവേഷണവും ഉത്പാദനവും ചേർന്ന ഖനിവ്യവസായമാണ്‌. ഇത് 1985ൽ സമ്പദ്‌വ്യവസ്ഥയുടെ 21% ആയിരുന്നു. എണ്ണ പ്രകൃതിവാതക വ്യവസായങ്ങളുടെ കുറഞ്ഞ സംഭാവന എഞ്ജിനീയറിംഗ് സേവന, ആരോഗ്യ സേവന, ഉത്പാദന മേഖലകളിൽ നഗരം നേടിയ തീവ്രവളർച്ചയിലേക്കാണ്‌ വിരൽച്ചൂണ്ടുന്നത്.[71]

അമേരിക്കലെ 10 ഏറ്റവും ജനവാസമേറിയ മെട്രോ പ്രദേശങ്ങളിൽവച്ച് തൊഴിലവസര വർദ്ധനാനിരക്കിൽ രണ്ടാമതായും നാമമാത്ര തൊഴിലവസര വർദ്ധനാനിരക്കിൽ നാലാമതായും ഹ്യൂസ്റ്റൺ നിലകൊള്ളുന്നു.[72] ഏപ്രിൽ 2008ൽ തൊഴിലില്ലായ്മാ നിരക്ക് എട്ടു വർഷത്തിലെ ഏറ്റവും കുറഞ്ഞ 3.8% ഉം തൊഴിൽവർദ്ധനാനിരക്ക് 2.8%ഉം ആയിരുന്നു.[73]

2006ൽ ഫോർബ്സ് നടത്തിയ സർവ്വേയിൽ "ബിസിനസിനും കരിയറിനും ഏറ്റവും യോജിച്ച സ്ഥലം" എന്ന വിഭാഗത്തിൽ ഹ്യൂസ്റ്റൺ ടെക്സസിൽ ഒന്നാമത്തെയും അമേരിക്കയിൽ‌വച്ച് മൂന്നാമത്തെയും മികച്ച സ്ഥലം എന്ന ബഹുമതി നേടി.[74] 48 വിദേശ സർക്കാരുകൾ ഇവിടെ വ്യാപാര വാണിജ്യ ഓഫീസുകൾ തുറന്നിട്ടുണ്ട്; 23 ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ട്രേഡ് സ്ഥാപനങ്ങൾ ഇവിടെ സജീവമാണ്‌.[75] 10 രാജ്യങ്ങളിൽനിന്നായി 28 വിദേശ ബാങ്കുകൾ ഇവിടെ പ്രവർത്തിക്കുന്നു.

2008ൽ പ്രാദേശിക സമ്പദ്‌വ്യവസ്ഥ, തൊഴിലവസരങ്ങൾ, ജീവിതച്ചെലവ്, ജീവിതസൗകര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന പട്ടികയായ കിപ്ലിംഗേഴ്സ് പഴ്സണൽ ഫിനാൻസ് "2008ലെ മികച്ച നഗരങ്ങൾ" റാങ്കിംഗിൽ ഹ്യൂസ്റ്റൺ ഏറ്റവും ഉയർന്ന സ്ഥാനം നേടി.[76] ഫോർബ്സ് മാസികയുടെ പതിനഞ്ചു വർഷം കൊണ്ട് നേടിയ തദ്ദേശീയ ഇന്നൊവേഷൻ ഗണത്തിൽ ഹ്യൂസ്റ്റൺ നാലാമതാണ്.[77]. അതേ വർഷം കമ്പനികളുടെ ആസ്ഥാനങ്ങളുടെ എണ്ണംവച്ചുള്ള നഗരങ്ങളുടെ ഫൊർച്ച്യൂൺ 500 പട്ടികയിൽ ഹ്യൂസ്റ്റൺ രണ്ടാമതെത്തുകയും [78] ഫോർബ്സ് "കോളേജ് പാസായവർക്കായുള്ള ഏറ്റവും മികച്ച നഗരങ്ങളിൽ" വച്ച് ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.[79]

ജനസംഖ്യാചരിത്രം

Historical population
CensusPop.
18502,396
18604,845102.2%
18709,33292.6%
188016,51377.0%
189027,55766.9%
190044,63362.0%
191078,80076.6%
19201,38,27675.5%
19302,92,352111.4%
19403,84,51431.5%
19505,96,16355.0%
19609,38,21957.4%
197012,32,80231.4%
198015,95,13829.4%
199016,30,5532.2%
200019,53,63119.8%
Est. 200722,08,180
ഹ്യൂസ്റ്റൺ വാർഷിക അന്ത്രാരാഷ്ട്ര ഉത്സവം ഓരോ വർഷവും ഓരോ സംസ്കാരത്തിലേക്ക് വെളിച്ചംവീശുന്നു

അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും ഉൾപ്പെട്ട ഹ്യൂസ്റ്റണിൽ വ്യത്യസ്ത വർഗ്ഗക്കാരും രാജ്യക്കാരുമായ അനേകം ജനങ്ങൾ വസിക്കുന്നു. നഗരത്തിൽ ഏതാണ്ട് 90 ഭാഷകൾ സംസാരിക്കപ്പെടുന്നു.[80] പ്രധാനമായും ടെക്സാസിലേക്കുള്ള കുടിയേറ്റം മൂലം[81] അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനസംഖ്യയുള്ള നഗരങ്ങളിലൊന്നാണ്‌ ഹ്യൂസ്റ്റൺ.[82][83][84] അമേരിക്കയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഹിസ്പാനിക് ജനസംഖ്യയും മൂന്നാമത്തെ വലിയ മെക്സിക്കൻ ജനസംഖ്യയും ഹ്യൂസ്റ്റണിലാണ്‌.[85] അമേരിക്കയിലെതന്നെ വലിയൊരു ദക്ഷിണേഷ്യൻ ജനസംഖ്യയും ഹ്യൂസ്റ്റണിലുണ്ട്.[86] "ഹാർവിൻ ഡിസ്ട്രിക്ട്" എന്നറിയപ്പെടുന്ന ഒരു "ലിറ്റിൽ ഇന്ത്യ" കമ്മ്യൂണിസ്റ്റ് ഹിൽക്രോഫ്റ്റ് റോഡിന്റെ വശങ്ങളിലായി സ്ഥിതി ചെയ്യുന്നു.[87]

ഏഷ്യയിലെ മറ്റു പ്രദേശങ്ങളിൽനിന്നും വലിയൊരു കൂട്ടം കുടിയേറ്റക്കാർ ഇവിടെ വസിക്കുന്നു. ടെക്സാസിലെ ഏറ്റവും വലുതും അമേരിക്കയിലെ മൂന്നാമത്തെ ഏറ്റവും വലുതുമായ വിയറ്റ്നാമീസ്-അമേരിക്കൻ ജനസംഖ്യ ഹ്യൂസ്റ്റണിലുണ്ട്. 2006ൽ ഏതാണ്ട് 85,000 ആളുകൾ വരുമായിരുന്നു ഇവർ.[88]വിയറ്റ്നാമീസ്, ചൈനീസ് ജനങ്ങൾ ധാരാളമായി വസിക്കുന്ന പ്രദേശങ്ങളിൽ ഇംഗ്ലീഷിനുപുറമേ ചൈനീസ്, വിയറ്റ്നാമീസ് ഭാഷകളിലും ട്രാഫിക്ക് ബോർഡുകൾ ഉണ്ട്. ഹ്യൂസ്റ്റണിൽ രണ്ടു ചൈനാടൗണുകൾ ഉണ്ട്; ഒരെണ്ണം ഡൗണ്ടൗണിലും താരതമ്യേന പുതിയ മറ്റൊന്ന് നഗരത്തിന്റെ തെക്കുപടിഞ്ഞാറായി ബെല്ലയർ ബൊളിവാർഡിലും.[89][90] കൂടാതെ മിഡ്ടൗണിൽ ഒരു ലിറ്റിൽ സൈഗോണും സ്ഥിതിചെയ്യുന്നു; തെക്കുപടിഞ്ഞാറൻ ഹ്യൂസ്റ്റണിലെ ചൈനാടൗണിൽ അനേകം വിയറ്റ്നാമീസ് കച്ചവടസ്ഥാപനങ്ങളും ഉണ്ട്. [91] ഏതാണ്ട് 400,000 അനധികൃത കുടിയേറ്റക്കാർ ഹ്യൂസ്റ്റണിൽ വസിക്കുന്നതായി കണക്കാക്കുന്നു.[92]

2000ലെ സെൻസസ്[3] പ്രകാരം ഹ്യൂസ്റ്റണിൽ 1,953,631 പേർ വസിക്കുന്നു. ജനസാന്ദ്രത മൈലിന്‌ 3,371.7 പേർ (1,301.8/ച.കി.മീ). നഗരത്തിലെ ജനസംഖ്യയിൽ 49.27 ശതമാനം വെള്ളക്കാരും 25.31 ശതമാനം കറുത്തവർഗ്ഗക്കാരും 5.31 ശതമാനം പേർ ഏഷ്യക്കാരും 0.44 ശതമാനം പേർ അമേരിക്കൻ ഇന്ത്യക്കാരും 0.06 ശതമാനം പേർ പസിഫിക്ക് ദ്വീപുകാരും 16.46 ശതമാനം പേർ മറ്റു വംശജരും 3.15 ശതമാനം പേർ രണ്ടോ അതിലധികമോ വംശത്തില്പ്പെട്ടവരുമാണ്‌. ഹിസ്പാനിക്ക് വംശപാരമ്പര്യമുള്ള ജനങ്ങൾ 37 ശതമാനവും ഹിസ്പാനിക്ക് വംശജരല്ലാത്ത വെള്ളക്കാർ 30.8 ശതമാനവും ആണ്‌.

ഹ്യൂസ്റ്റണിൽ വലിയൊരു മൊണ്ട്‌റോസ്, നിയർടൗൺ, ഹ്യൂസ്റ്റൺ ഹൈറ്റ്സ് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വലിയൊരു സ്വവർഗ്ഗരതി സമൂഹവും ഉണ്ട്. ഹ്യൂസ്റ്റൺ മെട്രോപ്പൊളീറ്റൻ ഏരിയയിൽ അമേരിക്കയിൽവച്ച് സ്വവർഗ്ഗരതിക്കാരായ ജനങ്ങളുടെ പന്ത്രണ്ടാമത്തെ ഏറ്റവും വലിയ സമൂഹം ഹ്യൂസ്റ്റണിലാണെന്ന് കണക്കാക്കപ്പെടുന്നു.[93]

സംസ്കാരം

ഇതും കാണുക: ഹ്യൂസ്റ്റണിൽ വളർന്ന വ്യക്തികളുടെ പട്ടിക, ഹ്യൂസ്റ്റണ്ടെ അപരനാമങ്ങൾ
ഹ്യൂസ്റ്റൺ ആർട്ട് കാർ പരേഡ്

അനേകം സംസ്കാരങ്ങൾ ഒത്തുചേർന്ന ഒരു നഗരമാണ്‌ ഹ്യൂസ്റ്റൺ. ഇവിടെ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വലിയൊരു അന്തർദ്ദേശീയ സമൂഹമുണ്ട്.[94] മെട്രോപ്പോളീറ്റൻ പ്രദേശത്തെ ഏതാണ്ട് 1.1 ദശലക്ഷം (21.4 ശതമാനം) ജനങ്ങൾ അമേരിക്കയ്ക്ക് പുറത്ത് ജനിച്ചവരാണ്‌, ഇവരിൽ മൂന്നിൽ-രണ്ടു പേരും അമേരിക്കൻ-മെക്സിക്കോ രാജ്യാന്തര അതിർത്തിക്കു തെക്കു ജനിച്ചവരും.[95] അമേരിക്കയ്ക്കു പുറത്തു ജനിച്ച ഹ്യൂസ്റ്റൺ നിവാസികളിൽ അഞ്ചിലൊരാൾ ഏഷ്യയിൽനിന്നുള്ളവരാണ്‌.[95] അമേരിക്കയിലെ മൂന്നാമത്തെ ഏറ്റവുമധികം നയതന്ത്രകാര്യാലയങ്ങളുള്ള നഗരമാണ്‌ ഹ്യൂസ്റ്റൺ. ഈ കാര്യാലയങ്ങൾ 86 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു.[96]

1967ൽ ഹ്യൂസ്റ്റണ്‌ "സ്പേസ് സിറ്റി" എന്ന അപരനാമം ഔദ്യോഗികമായി ലഭിക്കുകയുണ്ടായി. നാസയുടെ ലിൻഡൺ ബി. ജോൺസൺ സ്പേസ് സെന്റർ ഇവിടെ സ്ഥിതിചെയ്യുന്നതുമൂലമാണ്‌ ഇത്. തദ്ദേശവാസികൾ ഉപയോഗിക്കുന്ന മറ്റു പേരുകൾ "ബയൂ നഗരം,", "മഗ്നോളിയ നഗരം", ക്ലച്ച് നഗരം, "എച്ച്-ടൗൺ" മുതലായവയാണ്‌.

കലയും നാടകവേദിയും

ഡൗണ്ടൗൺ തിയേറ്റർ ഡിസ്ട്രിക്റ്റിലെ വോർത്താം സെന്റർ

ദൃശ്യകലകൾക്കും പ്രകടനകലകൾക്കും സജീവമായ ഒരു വേദിയാണ്‌ ഹ്യൂസ്റ്റൺ. ഡൗണ്ടൗണിൽ സ്ഥിതി ചെയ്യുന്ന തിയേറ്റർ ഡിസ്ട്രിക്ടിൽ ഒൻപത് പ്രകടനകലാസ്ഥാപനങ്ങളും ആറു കലാവേദികളുമുണ്ട്. അമേരിക്കൻ ഐക്യനാടുകളിൽ ഇത്തരുണത്തിൽ തിയേറ്ററുകൾ ഏറ്റവുമധികം കേന്ദ്രീകരിച്ചിരിക്കുന്ന രണ്ടാമത്തെ നഗരമാണ്‌ ഹ്യൂസ്റ്റൺ.[97][98][99] എല്ലാത്തരം പ്രകടനകലകളിലും — ഓപ്പറ, ബാലെ, സംഗീതം, തിയേറ്റർ — സ്ഥിരമായി പ്രഫഷണൽ റസിഡന്റ് കമ്പനികൾ ഉള്ള അമേരിക്കയിലെ ചുരുക്കം ചില നഗരങ്ങളിലൊന്നുമാണ്‌ ഹ്യൂസ്റ്റൺ.[7][100] പല നാടൻ കലാസംഘങ്ങൾക്കും കലാകാരന്മാരും ഇവിടെയുണ്ട്. [101] ഇവിടുത്തെ പല മേളകളിലേയ്ക്കും അനേകം കലാസ്വാദകർ സ്ഥിരമായി ആകർഷിക്കപ്പെടുന്നുണ്ട്.[102]

അമേരിക്കയിലെ ഏറ്റവും മികച്ച അഞ്ചു മേളകളിലൊന്നായി കണക്കാക്കപ്പെടുന്ന ബയൂ സിറ്റി ആർട്ട് ഫെസ്റ്റിവൽ ഹ്യൂസ്റ്റണിൽ ആണ്‌ നടത്തപ്പെടുന്നത്.[103][104]

ഹ്യൂസ്റ്റൺ മ്യൂസിയം ഡിസ്ട്രിക്ട് വർഷംതോറും 7 ദശലക്ഷത്തില്പ്പരം സന്ദർശകരെ ആകർഷിക്കുന്നു.[105][106] മ്യൂസിയം ഓഫ് ഫൈൻ ആർട്സ്, ഹ്യൂസ്റ്റൺ മ്യൂസിയം ഓഫ് നാച്ചുറൽ സയൻസ്, ഹ്യൂസ്റ്റൺ കണ്ടെമ്പൊററി ആർട്ട്സ് മ്യൂസിയം, ഹ്യൂസ്റ്റൺ ഹോളോകാസ്റ്റ് മ്യൂസിയം, ഹ്യൂസ്റ്റൺ മൃഗശാല എന്നിവ ഇവിടെയുള്ള ശ്രദ്ധേയമായ സ്ഥാപനങ്ങളാണ്‌.[107][108][109]

പ്രകടനകലകൾക്കായുള്ള ഹോബി സെന്റർ

മ്യൂസിയം ഓഫ് ഫൈൻ ആർട്ടിന്റെ കീഴിൽ റിവർ ഓക്സിൽ സ്ഥിതി ചെയ്യുന്ന ബയൂ ബെൻഡിൽ പതിനാൽ ഏക്കറിലായി അമേരിക്കയിലെ ഡെക്കൊറേറ്റീവ് ആർട്ട്, പെയിന്റിംഗുകൾ, ഫർണിച്ചറുകൾ എന്നിവയുടെ അമേരിക്കയിലെതന്നെ ഏറ്റവും മികച്ച ശേഖരങ്ങളിലൊന്ന് സജ്ജീകരിച്ചിരിക്കുന്നു[110]

ഹ്യൂസ്റ്റണിൽ അങ്ങിങ്ങായി റോക്ക്, ബ്ലൂസ്, കണ്ട്രി മ്യൂസിക്, ഹിപ്-ഹോപ്, തെജാനോ എന്നീ സംഗീത കലാരൂപങ്ങൾ പതിവായിത്തന്നെ അവതരിപ്പിക്കപ്പെടാറുണ്ട്. എന്നാലും ഇവിടെനിന്നും പേരെടുക്കുന്ന കലാകാരന്മാർ മറ്റിടങ്ങളിലേക്ക് ചേക്കുറന്ന കാഴ്ചയാണ്‌ സാധാരണം.[111] ഇതിനു ശ്രദ്ധേയമായ ഒരു അപവാദം ഹ്യൂസ്റ്റൺ ഹിപ്-ഹോപ് സംഗീതഗ്രൂപ്പ് ആണ്‌.[112]

കലാമേളകൾ

ഇതും കാണുക: ഹ്യൂസ്റ്റണിലെ കലാമേളകൾ

ഹ്യൂസ്റ്റണിലെ പല വാർഷിക മേളകളും അവിടുത്തെ സാംസ്കാരിക വൈവിധ്യം കൊണ്ടാടുന്നു. ഇവയിൽവച്ച് ഏറ്റവും വലുതും നീണ്ടതുമായ മേള വർഷംതോറും ഫെബ്രുവരി അവസാനം മുതൽ മാർച്ച ആദ്യവാരങ്ങൾ വരെ അരങ്ങേറുന്ന ഹ്യൂസ്റ്റൺ ലൈവ്സ്റ്റോക്ക് ഷോ ആൻഡ് റൊഡിയോ ആണ്‌. ഹ്യൂസ്റ്റൺ ഗ്രീക്ക് ഫെസ്റ്റിവൽ[113], ഹ്യൂസ്റ്റൺ ആർട്ട് കാർ പരേഡ്, ഹ്യൂസ്റ്റൺ ഓട്ടോ ഷോ, ഹ്യൂസ്റ്റൺ ഇന്റർനാഷണൽ ഫെസ്റ്റിവൽ എന്നിവയാണ്‌ മറ്റു പ്രധാന മേളകള[114]

ടൂറിസവും മനോരഞ്ജനവും

ഹെർമൻ ഉദ്യാനത്തിലെ പ്രതിബിംബക്കുളം

നാസയുടെ ലിൻഡൺ ബി. ജോൺസൺ സ്പേസ് സെന്റർ ഇവിടുത്തെ പ്രധാന വിനോദസഞ്ചാര ആകർഷണമാണ്‌. ഇവിടേയ്ക്കുള്ള ഔദ്യോഗിക സന്ദർശനകേന്ദ്രം സ്പേസ് സെന്റർ ഹ്യൂസ്റ്റൺ എന്നറിയപ്പെടുന്നു. ഇവിടെ ചന്ദ്രനിൽനിന്നുള്ള പാറക്കഷണങ്ങൾ, ഷട്ടിൽ സിമുലേറ്റർ, നാസയുടെ സ്പേസ് ഫ്ലൈറ്റ് പ്രോഗ്രാമിന്റെ ചരിത്രത്തെക്കുറിച്ചുള്ള പ്രസന്റേഷൻ മുതലായവ ഇവിടെ കാണാം.

പതിനേഴ് ബ്ലോക്കുകൾ വ്യാപിച്ചു കിടക്കുന്ന തിയേറ്റർ ഡിസ്ട്രിക്റ്റിൽ ബയൂ പ്ലേസ്, എന്റർടെയിന്മെന്റ് കോമ്പ്ലക്സ്, റെസ്റ്റോറന്റുകൾ, പാർക്കുകൾ, മുതലായവ ഉണ്ട്. റെസ്റ്റോറന്റുകൾ, ബാറുകൾ, സജീവ സംഗീതം, ബില്യാർഡ്സ്, ആർട്ട് ഹൗസ് ചലച്ചിത്രങ്ങൾ മുതലായവ ഉൾക്കൊള്ളുന്ന ഒരു ബഹുനിലക്കെട്ടിടമാണ്‌ ബയൂ പ്ലേസ്. വെറൈസൺ വയർലെസ് തിയേറ്ററിൽ നാടകപ്രദർശനങ്ങൾ, സംഗീതകച്ചേരികൾ, കോമഡി ഷോകൾ മുതലായവയും ആഞ്ജെലിക്കാ ഫിലിം സെന്ററിൽ ഏറ്റവും നൂതനമായ കലകളും അന്തർദേശീയവും സ്വതന്ത്രവുമായ ചലച്ചിത്രങ്ങളും പ്രദർഴിപ്പിക്കപ്പെടുന്നു.[115]

ഹ്യൂസ്റ്റണിൽ ഏതാണ്ട് 337 പൊതു ഉദ്യാനങ്ങളുണ്ട്. ഇവയിൽ ഹ്യൂസ്റ്റൺ മൃഗശാലയും ഹ്യൂസ്റ്റൺ മ്യൂസിയം ഓഫ് നാച്ചുറൽ സയൻസും ഉൾക്കൊള്ളുന്ന ഹെർമൻ പാർക്ക്, ടെറി ഹെർഷേ പാർക്ക്, ലേയ്ക്ക് ഹ്യൂസ്റ്റൺ പാർക്ക്, മെമ്മോറിയൽ പാർക്ക്, ട്രാങ്ക്വിലിറ്റി പാർക്ക്, സെസ്ക്വിസെന്റെന്റിയൽ പാർക്ക്, ഡിസ്കവറി ഗ്രീൻ, 1823നും 1905നും മദ്ധ്യേ പണികഴിക്കപ്പെട്ടതും പിന്നീട് നവീകരിച്ചതുമായ കെട്ടിടങ്ങൾ ഉൾക്കൊള്ളൂന്ന സാം ഹ്യൂസ്റ്റൺ പാർക്ക് എന്നിവ ശ്രദ്ധേയമാണ്‌.[116] അമേരിക്കയിലെ ജനവാസമേറിയ പത്തു നഗരങ്ങളിൽവച്ച് ഏറ്റവുമധികം ഉദ്യാനങ്ങളും പച്ചപ്പുമുള്ളത് (56,405 acres (228 km2)[117]) ഹ്യൂസ്റ്റണിലാണ്‌. 19,600 acres (79 km2) പരന്നുകിടക്കുന്ന 200ഓളം മറ്റു പച്ചപ്പുകളും നഗരം പരിപാലിക്കുന്നു.

ടെക്സാസിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ഗലേറിയ, ഓൾഡ് മാർക്കറ്റ് സ്ക്വയർ, ഡൗണ്ടൗൺ അക്വേറിയം, സ്പ്ലാഷ്ടൗൺ, സാം ഹ്യൂസ്റ്റൺ റേസ് പാർക്ക് എന്നിവയാണ്‌ മറ്റു ശ്രദ്ധേയമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ. ടെക്സസ് വിപ്ലവകാലത്തെ നിർണ്ണായകമായ സാൻ ജസീന്തോ യുദ്ധം യുദ്ധക്കളം ഹ്യൂസ്റ്റൺ കപ്പൽച്ചാലിന്റെ ഓരത്ത് നഗരത്തിന്റെ കിഴക്കായി സ്ഥിതി ചെയ്യുന്നു. ഈ സ്ഥലം ഉൾപ്പെടുന്ന സാൻ ജസീന്തോ ബാറ്റിൽഗ്രൗണ്ട് സ്റ്റേറ്റ് ഹിസ്റ്റോറിക്ക് സൈറ്റിൽ ഉള്ള പാർക്കിൽ മ്യൂസിയം ബാറ്റിൽഷിപ്പ് USS ടെക്സസ് (ബിബി-35)ഉം സ്ഥിതി ചെയ്യുന്നു.

കായികരംഗം

ഇതും കാണുക: ഹ്യൂസ്റ്റണിലെ മുൻ പ്രഫഷണൽ സ്പോർട്ട്സ് ടീമുകൾ
മിനട്ട് മെയ്ഡ് പാർക്ക്

മിക്ക പ്രഫഷണൽ കായിക ഇനങ്ങൾക്കും ഹ്യൂസ്റ്റൺ സ്വന്തം ടീമിനെ ഇറക്കുന്നു. മേജർ ലീഗ് ബേസ്ബോൾ (MLB) ടീമായ ഹ്യൂസ്റ്റൺ ആസ്ട്റോസ്, നാഷണൽ ഫുട്ബോൾ ലീഗ് (NFL)ടീമായ ഹ്യൂസ്റ്റൺ ടെക്സൻസ്, നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ (NBA) ടീമായ ഹ്യൂസ്റ്റൺ റോക്കറ്റ്സ്, മേജർ ലീഗ് സോക്കർ (MLS) ടീമായ ഹ്യൂസ്റ്റൺ ഡയനാമോ, വിമൻസ് നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ (WNBA) ടീമായ ഹ്യൂസ്റ്റൺ കോമറ്റ്സ്, അമേരിക്കൻ ഹോക്കി ലീഗ് (AHL) ടീമായ ഹ്യൂസ്റ്റൺ എയ്റോസ്, വേൾഡ് ടീം ടെന്നീസ് (WTT) ടീമായ ഹ്യൂസ്റ്റൺ വ്രാങ്ലേഴ്സ്, അമേരിക്കൻ ബാസ്കറ്റ്ബോൾ അസോസിയേഷൻ (ABA) ടീമായ ഹ്യൂസ്റ്റൺ ടേക്കേഴ്സ്, വിമൻസ് പ്രഫഷണൽ ഫുട്ബോൾ ലീഗ് (WPFL) ടീമായ ഹ്യുസ്റ്റൺ എനർജി എന്നിവ ഹ്യൂസ്റ്റണിലുണ്ട്.

മിനട്ട് മെയ്ഡ് പാർക്കും (ആസ്ട്രോസിന്റെ ഹോം) ടൊയോട്ട സെന്ററും (റോക്കറ്റ്സിന്റെയും എയിറോസിന്റെയും ഹോം) ഡൗണ്ടൗണിന്റെ പുതുക്കിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. നഗരത്തിലുള്ള റിലയന്റ് ആസ്ട്രോഡോം ലോകത്തിലെ ആദ്യത്തെ ഡോം (മേൽക്കൂരയുള്ള) സ്റ്റേഡിയമാണ്‌. അതുപോലെതന്നെ റിലയന്റ് സ്റ്റേഡിയം നാഷണൽ ഫുട്ബോൾ ലീഗിന്റെ നീങ്ങുന്ന മേല്ക്കൂരയുള്ള (retractable dome) ആദ്യ സ്റ്റേഡിയവുമാണ്‌. ഹോഫ്ഹെയിൻസ് പവിലിയൻ, റിലയന്റ് അറീന (കോമറ്റ്സിന്റെ ഹോം സ്റ്റേഡിയം), റോബർട്ട്സൺ സ്റ്റേഡിയം, റൈസ് സ്റ്റേഡിയം എന്നിവ ഹ്യൂസ്റ്റണിലെ ശ്രദ്ധേയമായ മറ്റു സ്റ്റേഡിയങ്ങളാണ്‌. അധികം ഉപയോഗിക്കപ്പെടാതെ കിടക്കുന്ന റിലയന്റ് ആസ്ട്രോഡോമിൽ വേൾഡ് വ്രെസ്ലിംഗ് എന്റർട്ടെയിന്മെന്റിന്റെ നേതൃത്തത്തിൽ 2001 ഏപ്രിൽ 1നു നടന്ന വ്രെസിൽമാണിയ എക്സ്-സെവനിൽ 67,925 കാണികൾ പങ്കെടുത്തത് ഒരു സർവ്വകാല റെക്കോഡായിരുന്നു. [118] 2009 ഏപ്രിൽ അഞ്ചിന്‌ റിലയന്റ് സ്റ്റേഡിയത്തിൽ വ്രെസിൽമാണിയ XXV അരങ്ങേറും.[119]

2004ലെ മേജർ ലീഗ് ബേസ്ബോൾ ഓൾ-സ്റ്റാർ ഗെയിം[120], 2000 ലെ ഐ.എച്ച്.എൽ ഓൾ-സ്റ്റാർ ഗെയിം, 2005 വേൾഡ് സീരീസ്, 2005 ബിഗ് 12 കോൺഫറൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഗെയിം, 2006 എൻ.ബി.എ. ഓൾ-സ്റ്റാർ ഗെയിം, 2001 മുതൽ 2006 വരെ യു.എസ്. പുരുഷ ക്ലേ-കോർട്ട് ചാമ്പ്യൻഷിപ്പുകൾ, 2003ലെയും 2004ലെയും ടെന്നീസ് മാസ്റ്റഴ്സ് കപ്പ്, വാർഷിക ഷെൽ ഹ്യൂസ്റ്റൺ ഓപ്പൺ ഗോൾഫ് ടൂർണമെന്റ് എന്നിവ ഉൾപ്പെടെ ഒട്ടേറെ കായികമേളകൾക്ക് ഹ്യൂസ്റ്റൺ വേദിയായിട്ടുണ്ട്. വർഷംതോറും ഫെബ്രുവരിയിൽ NCAA കോളേജ് ബാസ്കറ്റ്ബോൾ മിനട്ട് മെയ്ഡ് ക്ലാസിക്കിനും ഡിസംബറിൽ NCAA ഫുട്ബോളിലെ ടെക്സസ് ബൗളിനും ഹ്യൂസ്റ്റൺ വേദിയാണ്‌. സൂപ്പർ ബൗളിന്‌ ഹ്യൂസ്റ്റൺ രണ്ടുവർഷം വേദിയായിട്ടുണ്ട്. 1974ൽ റൈസ് സ്റ്റേഡിയത്തിൽവച്ച് അരങ്ങേറിയ സൂപ്പർ ബൗൾ VIIIഉം 2004ൽ റിലയന്റ് സ്റ്റേഡിയത്തിൽ അരങ്ങേറിയ സൂപ്പർ ബൗൾ XXXVIIIഉമാണവ.

മാദ്ധ്യമരംഗം‍

ഹ്യൂസ്റ്റണിൽ പരക്കെ പ്രചാരമുള്ള ഏക തദ്ദേശീയദിനപത്രം ഹ്യൂസ്റ്റൺ ക്രോണിക്കിൾ ആണ്‌. ഇത് ഹേഴ്സ്റ്റ് കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്നു. ഇതുകൂടാതെ നഗരത്തിൽ പ്രചാരമുള്ള ഏക പ്രസിദ്ധീകരണം 3 ലക്ഷത്തോളം വായനക്കാരുള്ള[121] സൗജന്യ ദൈവാരികയായ ഹ്യൂസ്റ്റൺ പ്രസ് ആണ്‌.

ഹ്യൂസ്റ്റൺ കമ്മ്യൂണിറ്റി പത്രങ്ങൾ അതതു സമൂഹങ്ങൾക്ക് പ്രാദേശികവാർത്തകൾ ലഭിക്കാനുള്ള ഒരു നല്ല മാർഗ്ഗമായി നിലകൊള്ളുന്നു. ആഴ്ചതോറും പ്രസിദ്ധീകരിക്കുന്ന 33 വർത്തമാനപത്രങ്ങളും 2 ദിനപത്രങ്ങളും ഉൾപ്പെടെ 35 പ്രാദേശിക വർത്തമാനപത്രങ്ങൾ ഹ്യൂസ്റ്റണിലുണ്ട്.[122]

വാസ്തുശൈലി

ടെക്സസിലെ ഏറ്റവും ഉയരമേറിയ കെട്ടിടം കൂടിയായ ജെ.പി.മോർഗൻ ചേസ് ടവർ.
ഇതും കാണുക: ഹ്യൂസ്റ്റണിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളുടെ പട്ടിക

ഹ്യൂസ്റ്റൺ സ്കൈലൈൻ അമേരിക്കയിലേതിൽവച്ച് നാലാമത്തെ ഏറ്റവും മികച്ചത് എന്ന് ഗണിക്കപ്പെടുന്നു [123] ഇത് അമേരിക്കയിലെ മൂന്നാമത്തെ ഏറ്റവും ഉയരമേറിയതും ലോകത്തിലെ ഏറ്റവും ഉയരമേറിയ പത്തിൽ പെടുന്നതുമാണ്‌.[124] ഹ്യൂസ്റ്റണിൽ ഏഴു മൈൽ (11 കി.മീ) ദൂരം വരുന്ന ടണലുകളും സ്കൈവാക്കുകളും ഉണ്ട്. വിവിധ വ്യാപാരസ്ഥാപനങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഇവ ഒരു കെട്ടിടത്തിൽനിന്ന് മറ്റൊരു കെട്ടിടത്തിലേയ്ക്കു നീങ്ങുമ്പോൾ അത്യുഷ്ണത്തിൽനിന്നും മഴയിൽനിന്നും സം‌രക്ഷണം നൽകുന്നു.

1960ൽ സാമാന്യം ഉയരമുള്ള കെട്ടിടങ്ങൾ മാത്രമുണ്ടായിരുന്ന ഹ്യൂസ്റ്റണിൽ 1970കളിലെ ഊർജ്ജവ്യവസായം മൂലമുണ്ടായ സാമ്പത്തിക അഭിവൃദ്ധിയുടെ ഫലമായി റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ കൂറ്റൻ കെട്ടിടങ്ങൾ പടുത്തുയർത്തി. റിയൽ എസ്റ്റേറ്റ് നിർമ്മാതാവായ ജെറാൾഡ് ഡി. ഹൈൻസ് അംബരചുംബികളുടെ ഒരു ശ്രേണി തന്നെ പടുത്തുയർത്തി. ഇവയിൽ ഏറ്റവും ഉയരുമുള്ളത് 1982ൽ നിർമ്മാണം പൂർത്തിയാക്കിയ 75 നിലകളും 1,002-foot (305 m) ഉയരവുമുള്ള ജെ.പി. മോർഗൻ ചേസ് ടവർ (മുൻ ടെക്സസ് കൊമേഴ്സ് ടവർ) ആണ്‌. ഇത് ടെക്സസിലെ ഏറ്റവും ഉയരമുള്ള കെട്ടിടവും അമേരിക്കയിലെ പത്താമത്തെ ഏറ്റവും ഉയരമുള്ള കെട്ടിടവും മേൽക്കൂരവരെയുള്ള പൊക്കം നോക്കിയാൽ ലോകത്തിലെ മുപ്പതാമത്തെ ഏറ്റവും ഉയരമേറിയ കെട്ടിടവും ആണ്‌. 1983ൽ 71 നിലകളും 992-foot (302 m) ഉയരവുമുള്ള വെൽസ് ഫാർഗോ ബാങ്ക് പ്ലാസാ പൂർത്തിയാക്കി. ഇത് ടെക്സസിലെയും ഹ്യൂസ്റ്റണിലേയും രണ്ടാമത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമായി നിലകൊള്ളുന്നു. മേൽക്കൂരവരെയുള്ള പൊക്കം വച്ചു നോക്കിയാൽ ഇത് അമേരിക്കയിലെ പതിമുന്നാമത്തെ ഏറ്റവും ഉയരമേറിയ കെട്ടിടവും ലോകത്തിലെ മുപ്പത്തിയാറാമത്തെ ഏറ്റവും ഉയരമേറിയ കെട്ടിടവും ആണ്‌. 2006ലെ കണക്കുപ്രകാരം ഡൗണ്ടൗൺ ഹ്യൂസ്റ്റണിൽ 43 ദശലക്ഷം ചതുരശ്ര അടി (4,000,000 m²) ഓഫീസ് പ്രദേശം ലഭ്യമാണ്.[125]

ഗതാഗതസം‌വിധാനം

ഡൗണ്ടൗണിനു സമീപമുള്ള അന്തർസംസ്ഥാനപാത 10ഉം അന്തർസംസ്ഥാനപാത 45ഉം

ഹ്യൂസ്റ്റണിലെ ഫ്രീവേ സം‌വിധാനം 575.5 miles (926.2 km) നീളം വരുന്ന ഫ്രീവേകളും എക്സ്പ്രസ്‌വേകളും പത്തു കൗണ്ടികളിൽപ്പെടുന്ന മെട്രോപ്പോളിറ്റൻ പ്രദേശത്ത് ഉൾക്കൊള്ളുന്നു.[126] ഇവിടെ നിലവിലുള്ളത് ഒന്നിലധികം ലൂപ്പുകൾ ബന്ധിപ്പിക്കുന്ന ഹബ്-ആൻഡ്-സ്പോക്ക് ഫ്രീവേ സം‌വിധാനമാണ്‌. ഏറ്റവും ഉള്ളിലത്തെ ലൂപ്പായ അന്തർസംസ്ഥാനപാത 610 ഡൗണ്ടൗൺ, മെഡിക്കൽ സെന്റർ മുതലായ 10-mile (16 km) വ്യാസത്തിൽ സ്ഥിതിചെയ്യുന്നു. ബെൽറ്റ്വേ 8ഉം സാം ഹ്യൂസ്റ്റൺ ടോള്വേയും 25 miles (40 km) വ്യാസം വരുന്ന മദ്ധ്യ ലൂപ്പായി നിലകൊള്ളുന്നു. ഭാവിയിൽ നിലവിൽ വന്നേക്കാവുന്ന സ്റ്റേറ്റ് ഹൈവേ 99 (ദി ഗ്രാൻഡ് പാർക്ക്‌വേ), ഹ്യൂസ്റ്റണു ചുറ്റും ഒരു മൂന്നാമത്തെ ലൂപ്പായി നിലകൊള്ളും. നിലവിൽ ഈ ഹൈവേയുടെ പൂർത്തിയായ ഭാഗം 1994ൽ പൂർത്തിയായ പടിഞ്ഞാറ് അന്തർസംസ്ഥാനപാത 10നു വടക്കോട്ടുള്ള ഭാഗം മുതൽ തെക്കുപടിഞ്ഞാറ് ഷുഗർലാൻഡിൽ യു.എസ്. ഹൈവേ 59 വരെയുള്ള ഭാഗം മാത്രമാണ്‌.

കാനഡ, അമേരിക്കയുടെ വ്യവസായവത്കൃത മദ്ധ്യപടിഞ്ഞാറൻ പ്രദേശങ്ങൾ, ടെക്സസ്, മെക്സിക്കോ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അന്തർസംസ്ഥാന പാത 69 നാഫ്ത സൂപ്പർഹൈവേയുടെ ഹ്യൂസ്റ്റണിലൂടെ കടന്നുപോകും. ഫോർട്ട് ബെൻഡ് പാർക്ക്‌വേ, ഹാർഡി ടോൾ റോഡ്, ക്രോസ്ബി ഫ്രീവേ, ആൽവിൻ ഫ്രീവേ എന്നിങ്ങനെ മറ്റു തീവ്രവേഗപാതകളും പദ്ധതിയിലുണ്ട്.

ഹ്യൂസ്റ്റൺ ഡൗണ്ടൗണിലെ മെട്രോ(METRO) ലൈറ്റ് റെയിൽ

ഹ്യൂസ്റ്റൺ അതിവേഗപാതകളുടെ മേൽനോട്ടം ഹ്യൂസ്റ്റൺ ട്രാൻസ്റ്റാർ എന്ന ഏജൻസിക്കാണ്‌. നാലു സർക്കാർ ഏജൻസികളുടെ സം‌യുക്തസം‌രംഭമായ ഈ ഏജൻസി ഗതാഗതസേവനവും മറ്റു അടിയന്തരസേവനങ്ങളും നൽകുന്നു. അതുപോലെ മെട്രോപ്പോളിറ്റൻ ട്രാൻസിറ്റ് അഥോരിറ്റി ഓഫ് ഹാരിസ് കൗണ്ടി (മെട്രോ - METRO) ബസുകൾ, ലിഫ്റ്റ് വാനുകൾ, ചെറു റെയിൽ എന്നിവ ഓടിക്കുന്നു. എന്നാൽ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ മെട്രോയുടെ സേവനം തുച്ഛമായേ ലഭ്യമായിട്ടുള്ളൂ.

മെട്രോ ലൈറ്റ് റെയിൽ സേവനം തുടങ്ങിയത് 2004 ജനുവരി ഒന്നിനാണ്‌. ആദ്യ ട്രാക്ക് ഡൗണ്ടൗൺ ഹ്യൂസ്റ്റൺ സർവ്വകലാശാലയെയും ("UHD") റിലയന്റ് പാർക്കിനെയും ബന്ധിപ്പിച്ചുകൊണ്ട് ടെക്സസ് മെഡിക്കൽ സെന്റർ വഴി കടന്നുപോകുന്ന ("റെഡ് ലൈൻ (ചുവന്ന പാത)") ആണ്‌. മെട്രോ അടുത്ത പത്തു വർഷത്തിനുള്ളിൽ അഞ്ചു പാതകൾ കൂടി കൂട്ടിച്ചേർക്കാനുള്ള ശ്രമത്തിലാണ്‌.[127]

ആംട്രാക്ക് എന്ന ദേശീയ റെയിൽഗതാഗത പ്രസ്ഥാനത്തിന്റെ സൺസെറ്റ് ലിമിറ്റഡ് (ലോസ് ആഞ്ചെലെസ്–ന്യൂ ഓർളീൻസ്) പാത ഹ്യൂസ്റ്റൺ വഴി കടന്നു പോകുന്നു. വടക്കേ ഡൗണ്ടൗണിലാണ്‌ ആംട്രാക്കിന്റെ ഹ്യൂസ്റ്റൺ സ്റ്റേഷൻ.

ജോർജ്ജ് ബുഷ് ഭൂഖണ്ഡാന്തര വിമാനത്താവളം

2007ൽ മൊത്തം 52 ദശലക്ഷം യാത്രക്കാരെ സേവിച്ച് രണ്ടു വാണിജ്യ വിമാനത്താവളങ്ങൾ ഹ്യൂസ്റ്റണിലുണ്ട്.[128] ഇവയിൽ വലിയ വിമാനത്താവളമായ ജോർജ്ജ് ബുഷ് ഭൂഖണ്ഡാന്തര വിമാനത്താവളം (IAH), യാത്രക്കാരുടെ കാര്യത്തിൽ അമേരിക്കൻ ഐക്യനാടുകളേതിൽവച്ച് ഒൻപതാമത്തെ ഏറ്റവും വലുതും ലോകത്തേതിൽവച്ച് പതിനേഴാമത്തെ ഏറ്റവും വലുതുമാണ്‌.[129] 182 സ്ഥലങ്ങളിലേയ്ക്ക് സർവീസുകളുള്ള ബുഷ് ഇന്റർകോണ്ടിനെന്റൽ നോൺ-സ്റ്റോപ്പ് ദേശീയ അന്തർദേശീയ ഫ്ലൈറ്റുകളുടെ കാര്യത്തിൽ അമേരിക്കയിൽ മൂന്നാമതാണ്‌.[130] 2006ൽ അമേരിക്കൻ ഗതാഗത‌വകുപ്പ് ജോർജ്ജ് ബുഷ് ഭൂഖണ്ടാന്തര വിമാനത്താവളത്തെ അമേരിക്കയിലെ ഏറ്റവും കൂടുതൽ വളരുന്ന വിമാനത്താവളമായി പ്രഖ്യാപിച്ചു.[131] കോണ്ടിനെന്റൽ എയർലൈൻസിന്റെ ആസ്ഥാനവും ഏറ്റവും വലിയ ഹബും ഹ്യൂസ്റ്റണാണ്‌. ഹ്യൂസ്റ്റണിൽനിന്ന് 700നു മേൽ ഫ്ലൈറ്റുകൾ വിമാനക്കമ്പനി നടത്തുന്നുണ്ട്.[132] 2007ന്റെ തുടക്കത്തിൽ ജോർജ്ജ് ബുഷ് ഭൂഖണ്ടാന്തര വിമാനത്താവളത്തെ അന്തർദേശീയ യാത്രികർക്കുള്ള മാതൃകാ "പോർട്ട് ഓഫ് എൻട്രി" ആയി യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പ്രഖ്യാപിക്കുകയുണ്ടായി.[133]

ഹ്യൂസ്റ്റണിലെ രണ്ടാമത്തെ വലിയ വാണിജ്യ വിമാനത്താവളം 1967 വരെ ഹ്യൂസ്റ്റൺ ഇന്റർനാഷണൽ എയർപ്പോർട്ട് എന്നറിയപ്പെട്ടിരുന്ന വില്യം പി. ഹോബി വിമാനത്താവളമാണ്‌. ചെറുതുമുതൽ ഇടത്തരം ദൂരം വരെ സഞ്ചരിക്കുന്ന ഫ്ലൈറ്റുകൾ ഇവിടെനിന്ന് പ്രവർത്തിക്കുന്നു. സൗത്ത്‌വെസ്റ്റ് എയർലൈൻസ്, ജെറ്റ്ബ്ലൂ എയർവെയ്സ് എന്നീ വിമാനക്കമ്പനികൾ സേവനം നൽകുന്ന ഹ്യൂസ്റ്റനിലെ ഏക വിമാനത്താവളവുമാണിത്. ഹോബി വിമാനത്താവളത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള പഴയ ടെർമിനൽ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന 1940 എയർ ടെർമിനൽ മ്യൂസിയം ഹ്യൂസ്റ്റണ്ടെ വ്യോമചരിത്രം വിശദീകരിക്കുന്നു.

സൈന്യവും, സർക്കാരും, നാസയും, പൊതുവ്യോമഗതാഗതത്തിനും ഉപയോഗിക്കുന്ന എല്ലിംഗ്‌ടൺ ഫീൽഡ് (ഒരു മുൻ യു. എസ്. വ്യോമസേനാത്താവളം) ആണ് ഇവിടെയുള്ള മറ്റൊരു വിമാനത്താവളം.

ഗ്രേഹൗണ്ട് ലൈൻസ് അന്തർസം‌സ്ഥാന ബസ് സർവീസുകൾ ഹ്യൂസ്റ്റണിലെ അഞ്ചു സ്റ്റേഷനുകളിൽനിന്നും പ്രാന്തപ്രദേശങ്ങളിലുള്ള മറ്റു സ്റ്റേഷനുകളിൽനിന്നും ലഭ്യമാണ്‌. മറ്റു ബസ് സർവീസുകൾ ഗ്രേഹൗണ്ടിന്റെ സ്റ്റേഷനുകളിൽനിന്നും മറ്റു സ്റ്റേഷനുകളിൽനിന്നും പ്രവർത്തിക്കുന്നു.

വൈദ്യസേവനരംഗം

ഇതും കാണുക: ടെക്സസിലെ ആശുപത്രികളുടെ പട്ടിക
ടെക്സസ് മെഡിക്കൽ സെന്റർ

അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ ഹ്യൂസ്റ്റണിലെ ടെക്സസ് മെഡിക്കൽ സെന്റർ ലോകത്തിൽ ഏറ്റവുമധികം ഗവേഷണ വൈദ്യസേവന സ്ഥാപനങ്ങളുള്ള സമുച്ചയമാണ്‌.[134] ടെക്സസ് മെഡിക്കൽ സെന്ററിലെ 45 സ്ഥാപനങ്ങൾ എല്ലാം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്നവയാണ്‌. രോഗപ്രതിരോധം, രോഗചികിത്സ, ഗവേഷണം, വിദ്യാഭ്യാസം എന്നീ വിവിധ മേഖലകളിൽ പ്രാദേശിക, ദേശീയ, അന്തർദേശീയ സമൂഹങ്ങളുടെ ക്ഷേമത്തിനായി ഇവ നിലകൊള്ളുന്നു. ഈ സ്ഥാപനങ്ങളിൽ 13 ആശുപത്രികൾ, 2 സ്പെഷ്യാലിറ്റി സ്ഥാപനങ്ങൾ, 2 മെഡിക്കൽ കോളേജുകൾ, 4 നഴ്സിങ് സ്കൂളുകൾ, ഡെന്റൽ കോളേജുകൾ തുടങ്ങി പൊതുആരോഗ്യം, ഫാർമസി മുതലായ എല്ലാ ആരോഗ്യമേഖലകളിലുമുള്ള വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾ പെടുന്നു. ലൈഫ് ഫ്ലൈറ്റ് എന്ന ലോകത്തിലെ ആദ്യത്തേതും ഇപ്പോഴും ഏറ്റവും വലുതുമായ വായുമാർഗ്ഗമുള്ള ഗതാഗതം പ്രയോജനപ്പെടുത്തുന്ന അത്യാഹിതസേവനം ഇവിടെയുണ്ട്. ലോകത്ത് മറ്റൊരിടത്തേക്കാളുമധികം ഹൃദയശസ്ത്രക്രിയകൾ ഇവിടെ നടക്കുന്നു.[135]

ബെയ്‌ലർ കോളേജ് ഓഫ് മെഡിസിൻ, ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഹെൽത്ത് സയൻസ് സെന്റർ അറ്റ് ഹ്യൂസ്റ്റൺ, ദി മെതഡിസ്റ്റ് ഹോസ്പിറ്റൽ, ടെക്സസ് ചിൽഡ്രൺസ് ഹോസ്പിറ്റൽ, ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് എം. ഡി. ആൻഡേഴ്സൺ കാൻസർ സെന്റർ എന്നീ അക്കാഡമിക്ക് ഗവേഷണ സ്ഥാപനങ്ങൾ ഇവിടെയാണ്‌. 1990 മുതൽ എല്ലാ വർഷവും ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് എം. ഡി. ആൻഡേഴ്സൺ കാൻസർ സെന്റർ കാൻസർ ശുശ്രൂഷയിൽ അമേരിക്കയിലെ ഏറ്റവും മികച്ച രണ്ടു സ്ഥാപനങ്ങളിലൊന്നായി യു.എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് ഗണിച്ചുവരുന്നു.[136]

ബെയ്‌ലർ കോളേജ് ഓഫ് മെഡിസിൻ, ദി മെതഡിസ്റ്റ് ഹോസ്പിറ്റൽ എന്നിവയോട് അനുബന്ധിച്ചു പ്രവർത്തിക്കുന്ന മെന്നിഞ്ജർ ക്ലിനിക്ക് എന്ന പ്രസിദ്ധമായ മാനസികചികിത്സാകേന്ദ്രവും ഹ്യൂസ്റ്റണിലാണ്‌.

വിദ്യാഭ്യാസരംഗം

ഹ്യൂസ്റ്റൺ സർവ്വകലാശാല

അൻപത്തഞ്ചിലധികം കോളേജുകളും സർവ്വകലാശാലകളും ഡസൺകണക്കിനു ഗവേഷണ സ്ഥാപനങ്ങളും ഹ്യൂസ്റ്റണിലുണ്ട്.

നാല്പതിലേറെ ഗവേഷണ സ്ഥാപനങ്ങൾ ഉൾപ്പെട്ട ഹ്യൂസ്റ്റൺ സർവ്വകലാശാല ("UH") ടെക്സാസിലെ മൂന്നാമത്തെ ഏറ്റവും വലിയ പൊതു ഗവേഷണ സർവ്വകലാശാലയാണ്‌. ഇവിടെ 130 രാജ്യങ്ങളിൽനിന്നുള്ള 36,000നു മേൽ വിദ്യാർത്ഥികൾ പഠിക്കുന്നു.[137] അമേരിക്കയിലെ ഏറ്റവും മികച്ച സർവ്വകലാശാലകളിലൊന്നായി ഗണിക്കപ്പെടുന്ന റൈസ് സർവ്വകലാശാലയും ഇവിടെയാണ്.[138] നഗരത്തിലുള്ള മറ്റു പൊതു ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ യൂണിവേഴ്സിറ്റി ഓഫ് ഹ്യൂസ്റ്റൺ–ക്ലിയർ ലേക്ക് ("UHCL"), യൂണിവേഴ്സിറ്റി ഓഫ് ഹ്യൂസ്റ്റൺ–ഡൗണ്ടൗൺ ("UHD"), and ടെക്സസ് സതേൺ യൂണിവേഴ്സിറ്റി ("TSU") എന്നിവയാണ്‌. ഹ്യൂസ്റ്റണിലെ കമ്മ്യൂണിറ്റി കോളേജ് സം‌വിധാനം അമേരിക്കയിലെ നാലാമത്തെ ഏറ്റവും വലിയ കമ്മ്യൂണിറ്റി കോളേജ് സം‌വിധാനമാണ്‌.[139]

റൈസ് സർവ്വകലാശാല

ടെക്സസിലെ നാലു പബ്ലിക്ക് ലോസ്കൂളുകളിൽ രണ്ടെണ്ണം ഹ്യൂസ്റ്റണിലാണ്‌: യൂണിവേഴ്സിറ്റി ഓഫ് ഹ്യൂസ്റ്റൺ ലോ സെന്റർ, തർഗുഡ് മാർഷൽ സ്കൂൾ ഓഫ് ലോ എന്നിവയാണവ. യൂണിവേഴ്സിറ്റി ഓഫ് ഹ്യൂസ്റ്റൺ ലോ സെന്റർ "യു.എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ടിന്റെ" ഏറ്റവും മികച്ച 100 ലോസ്കൂളുകളുടെ റാങ്കിങ്ങിൽ അറുപതാം സ്ഥാനത്തായിരുന്നു.[140] ട്രയൽ അഡ്‌വൊക്കസിയിൽ അമേരിക്കയിലെതന്നെ മികച്ച വിദ്യാഭ്യാസം നൽകുന്ന സൗത്ത് ടെക്സസ് കോളേജ് ഓഫ് ലോ എന്ന സ്വകാര്യസ്ഥാപനം നഗരത്തിലെ ഏറ്റവും പഴയ ലോ സ്കൂളുകളിലൊന്നാണ്‌.[141][142]നഗരത്തിൽ 17 സ്കൂൾ ഡിസ്ട്രിക്ടുകൾ ഉണ്ട്. ഹ്യൂസ്റ്റൺ ഇൻഡിപ്പെൻഡൻഡ് സ്കൂൾ ഡിസ്ട്രിക്ട് (HISD) അമേരിക്കയിലെ ഏഴാമത്തെ വലിയ സ്കൂൾ ഡിസ്ട്രിക്ട് ആണ്‌.[143] HISDയ്ക്ക് 112 ക്യാമ്പസുകൾ ഉണ്ട്. ഇതുകൂടാതെ സ്കൂൾ ഡിസ്ട്രിക്ടുകളുമായി അനുബന്ധിച്ചല്ലാതെ നടത്തുന്ന ചാർട്ടർ സ്കൂളുകളും ഉണ്ട്. ചില സ്കൂ ഡിസ്ട്രിക്ടുകൾക്ക അവയുടേതായ ചാർട്ടർ സ്കൂളുകളുമുണ്ട്.

ഹ്യൂസ്റ്റൺ പ്രദേശത്ത് 300ലധികം പ്രൈവറ്റ് സ്കൂളുകളുണ്ട്.[144][145][146] ഇവയിൽ ഏറെയും ടെക്സസ് പ്രൈവറ്റ് സ്കൂൾ അക്ക്രെഡിറ്റേഷൻ കമ്മീഷൻ (TEPSAC) അംഗീകരിച്ച ഏജൻസികൾ അക്ക്രെഡിറ്റേഷൻ നൽകിയവയാണ്‌. ഹ്യൂസ്റ്റൺ ഏരിയ ഇൻഡിപ്പെൻഡൻഡ് സ്കൂൾസ്, അഥവാ ഹൈസ്, മതപരവും മതേതരവുമായ പല വീക്ഷണങ്ങളിൽനിന്നുമുള്ള വിദ്യാഭ്യാസം നൽകുന്നു.[147] ഹ്യൂസ്റ്റൺ ഏരിയ കാത്തലിക്ക് സ്കൂളുകൾ ഗാൽവെസ്റ്റൺ-ഹ്യൂസ്റ്റൺ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്നു.

ജെസ്സി എച്ച്. ജോൺസ് ബിൽഡിംഗ്

നഗരത്തിലെ പൊതുവായനശാലാസം‌വിധാനം ഹ്യൂസ്റ്റൺ പബ്ലിക്ക് ലൈബ്രറി ആണ്‌. പ്രസ്തുത സിസ്റ്റം 1854ൽ ഹ്യൂസ്റ്റൺ ലൈസിയം എന്ന പേരിൽ സ്ഥാപിതമായി. ആൻഡ്രൂ കാർനീഷേയുടെ സംഭാവനകൾ കണക്കാക്കി ഇത് പിന്നീട് 1904ൽ ഹ്യൂസ്റ്റൺ ലൈസിയം ആൻഡ് കാർണീഷേ ലൈബ്രറി എന്ന് പുനഃനാമകരണം ചെയ്തു. അതിനുശേഷം 1926ൽ നിർമ്മിക്കപ്പെട്ട ഹ്യൂസ്റ്റൺ സെണ്ട്രൽ ലൈബ്രറി അദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്തു. ഈ വായനശാലാസം‌വിധാനത്തിൽ 36 നെയിബർഹുഡ് വായനശാലകൾ; 4 പ്രാദേശിക വായനശാലകൾ, മ്യൂസിയം ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന ദി ക്ലെയ്ടൺ ലൈബ്രറി സെന്റർ ഫോർ ജീനിയോളജിക്കൽ റിസർച്ച്, ഡൗണ്ടൗണിൽ സ്ഥിതി ചെയ്യുന്ന സെണ്ട്രൽ ലൈബ്രറി എന്നിവ പെടുന്നു. സെണ്ട്രൽ ലൈബ്രറി ജൂലിയ ഐഡിസൺ ബിൽഡിംഗ്, ജെസ്സി എച്ച്. ജോൺസ് ബിൽഡിംഗ് എന്നിവ ചേർന്നതാണ്‌. സേത്ത് ഇർവിൻ മോറിസ് നിർമ്മിച്ച ജോൺസ് ബിൽഡിംഗ് 1976 പൊതു‌ഉപയോഗത്തിനായി തുറന്നുകൊടുത്തു.[148]

സഹോദര നഗരങ്ങൾ

സിസ്റ്റർ സിറ്റീസ് ഇന്റർനാഷണൽ(SCI) അംഗത്വത്തിലൂടെ ഹ്യൂസ്റ്റണ്‌ പതിനാറ് സഹോദര നഗരങ്ങൾ ഉണ്ട്.[149] ഓരോ നഗരവുമായും പ്രസ്തുത ബന്ധം ആരംഭിച്ച വർഷം താഴെ ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നു.

അവലംബം

കൂടുതൽ വായനയ്ക്ക്

[[Image:|32x28px]]കവാടം:Houston

പുറം കണ്ണികൾ

29°45′N 95°21′W / 29.75°N 95.35°W / 29.75; -95.35

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്